Friday, December 19, 2008

ഓലപ്പീപ്പി ബ്ലോഗിന്റെ ഒരുവര്‍ഷം

അടുത്തതായി രണ്ടുവാക്കു സംസാരിക്കുന്നതിനായി ഓലപ്പീപ്പി ഡോട് ബ്ലോഗ്‌സ്പോട്ട് ഡോട് കോമിനെ ക്ഷണിച്ചുകൊള്ളുന്നു

....

എന്റെ എല്ലാമെല്ലാമായ ശ്രീമാന്‍ എം.എസ്‌. രാജേ, പ്രിയപ്പെട്ട ബ്ലോഗു സഹോദരീ-സഹോദരന്മാരേ, അവരുടെ ഉടയോന്മാരായ ബ്ലോഗന്മാരെ, ബ്ലോഗനകളെ, ബഹുമാനപ്പെട്ട അഗ്രഗേറ്റര്‍മാരെ, ബൂലോകം, മലയാളം ബ്ലോഗേഴ്സ്‌, മറുമൊഴികള്‍ ഇത്യാദി ഓണ്‍ലൈന്‍ കൂട്ടായ്മകളേ, സ്നേഹം നിറഞ്ഞ ആസ്വാദകരേ,

മലയാളബ്ലോഗിംഗ്‌ രംഗത്തേക്ക്‌ വളരെ എളിയ രീതിയില്‍ കടന്നു വന്ന ഓലപ്പീപ്പി എന്നയെന്നെ വരവേറ്റ നിങ്ങളോടെല്ലാവരോടും ഹൃദ്യമായ നന്ദി ആദ്യം തന്നെ അറിയിച്ചുകൊള്ളട്ടെ. നിങ്ങള്‍ എനിക്കു നല്‍കിയ സ്നേഹവും പിന്തുണയും എക്കാലവും നന്ദിപൂര്‍വ്വം ഞാനോര്‍ക്കും. അതോടൊപ്പം, ഇക്കണ്ട ഒരു വര്‍ഷക്കാലം നിങ്ങളോടൊത്തു കഴിഞ്ഞതിന്റെ ചില ഓര്‍മ്മകള്‍ കൂടി പങ്കു വെയ്ക്കുവാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്‌.

ഇവിടെ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ചരിത്രപരമായ ചില കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തു പോവുകയാണ്‌. ഓഫീസിലെ വിരസമായ സായന്തനങ്ങളില്‍ ഒരിക്കല്‍ ഷബീര്‍ എന്ന ഒരു സഹപ്രവര്‍ത്തകന്‍ തന്ന ലിങ്കിലൂടെയാണ്‌ എന്റെ സ്രഷ്ടാവ്‌ ശ്രീമാന്‍ എം.എസ്‌. രാജ്‌ ആദ്യമായി ഒരു മലയാളബ്ലോഗിന്റെ തിരുനടയ്ക്കല്‍ എത്തുന്നത്‌. വിശാലമനസ്കന്റെ ഭാവനാവിശാലതയിലും നര്‍മ്മബോധത്തിലും ആണ്ടുപോയ രാജിന്റെ പിന്നീടുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗവേളകള്‍ കൊടകരപുരാണം എന്ന അസാധ്യ ബ്ലോഗുവായിക്കുന്നതിനായി ഉഴിഞ്ഞുവെയ്ക്കപ്പെട്ടു. തുടര്‍ന്ന്‌ സുഹൃദ്‌സദസ്സുകളില്‍ ബ്ലോഗിലെ തമാശകള്‍ ഒരു ചര്‍ച്ചാവിഷയമായപ്പോള്‍ ഏതാനും സുഹൃത്തുക്കള്‍ക്കു കൂടി ആ ലിങ്ക്‌ അദ്ദേഹം അയച്ചുകൊടുക്കുകയുണ്ടായി. അങ്ങനെയിരിക്കേയാണ്‌, മൂപ്പരുടെ സുഹൃത്തും നല്ല ഒരു കലാസ്വാദകനുമായ ശ്രീമാന്‍ സുത്തി മറ്റൊരു ലിങ്ക്‌ അയച്ചു കൊടുക്കുന്നത്‌. ആ കിട്ടിയതു മറ്റൊന്നുമായിരുന്നില്ല, ബ്ലോഗ്‌ ഉലകത്തെ മറ്റൊരു കൊടിപാറിച്ച ചക്രവര്‍ത്തി ശ്രീമാന്‍ അരവിന്ദിന്റെ 'മൊത്തം ചില്ലറ'! ആ ലിങ്ക്‌ കൈമാറുന്ന നേരം ശ്രീമാന്‍ സുത്തി പറയുകയുണ്ടായി, 'എടാ, നീയിതു വായിച്ചാല്‍, ഉറപ്പാണു മോനേ, നീയും തുടങ്ങും ഒരു ബ്ലോഗ്‌!'

സുഹൃത്തുക്കളേ, ഞാന്‍ ഒന്നു പറഞ്ഞുകൊള്ളട്ടേ, അന്നു ശ്രീമാന്‍ സുത്തി പറഞ്ഞ ആ വാക്കില്‍ ഇന്നു നിങ്ങളുടെ ഓരോരുത്തരുടെയും മുന്നില്‍ നിന്നു സംവദിക്കുന്ന എന്റെ ഭ്രൂണം ഉണ്ടായിരുന്നു, ഈ ഓലപ്പീപ്പി ബ്ലോഗിന്റെ വിത്തുണ്ടായിരുന്നു. ഒരാഴ്ച പോലും കഴിഞ്ഞില്ല, 2007 ഡിസംബര്‍ മാസം 18-ആം തീയതി ഇന്ത്യന്‍ സമയം രാത്രി 7:57 ന്‌ ആണ്‌ എം.എസ്‌. രാജിന്റെ ആദ്യ ബ്ലോഗ്‌ ആയി ഞാന്‍ രൂപമെടുക്കുന്നത്‌. "Namaskaar.." എന്ന തലക്കെട്ടോടെ "Welcome to my world of olapeeppi..." എന്ന ഒറ്റവരി പോസ്റ്റോടെയാണ്‌ ഞാന്‍ നിങ്ങളുടെ മുന്നിലെത്തിയത്‌. അതൊരു തുടക്കം മാത്രമായിരുന്നു. പാല്‍പ്പല്ലു പോലെ ആ പോസ്റ്റ്‌ പിന്നീട്‌ കൊഴിഞ്ഞുപോയി. എന്നാല്‍, പിറ്റേന്നു പോസ്റ്റിയ "Munnar yatra" ഇപ്പോഴും ആദ്യ പോസ്റ്റ്‌ ആയി നിലകൊള്ളുന്നു.

അതിനു ശേഷം എം.എസ്‌. രാജ്‌ എന്ന ബ്ലോഗറുടെ സ്വകാര്യജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഉണ്ടായിട്ടുള്ള നിറം പിടിപ്പിക്കാത്ത ഏതാനും കഥകളാണ്‌ ഞാന്‍ പറഞ്ഞത്‌. സാവധാനം ഭാവനയില്‍ വിരിഞ്ഞ കുട്ടിക്കവിതകള്‍ പോലെ ചില നുറുങ്ങുകളും കഥകളും വരികയായി. പിന്നീടു വന്ന പോസ്റ്റുകളെപ്പറ്റി ഞാന്‍ തന്നെ പറയുന്നത്‌ ആത്മപ്രശംസയാകും എന്നതിനാല്‍ അതിലേക്കു ഞാന്‍ കടക്കുന്നില്ല.

എന്നിരുന്നാലും, നിങ്ങളോരോരുത്തരും എന്റെ പേജുകളിലുനീളം സ്ക്രോള്‍ ചെയ്ത്‌ എന്നെ ഇക്കിളിയാക്കുമ്പോള്‍, ശ്രീമാന്‍ എം.എസ്‌. രാജിന്റെ മനോവികാരങ്ങളെ മനസ്സിലാക്കുന്ന, അവയുടെ പങ്കുപറ്റുന്ന ഒരു ബ്ലോഗ്‌ എന്ന നിലയില്‍ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുകയാണ്‌. ആദ്യമായി ഒരു നേര്‍ത്ത ചിരിയുടെ സ്പന്ദനമുണര്‍ത്തിയ ‍'എക്സ്റ്റന്‍ഷന്‍ നമ്പര്‍' എന്ന പോസ്റ്റു മുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏകദേശം നാല്‍പതു പോസ്റ്റുകളില്‍ ശ്രീമാന്‍ എം.എസ്‌. രാജിന്റെ ജീവിതവും, സ്മരണകളും, യാത്രകളും, നുറുങ്ങുതമാശകളും, ഭാവനയുമൊക്കെ നമുക്കു വായിച്ചെടുക്കാമെന്നതില്‍ സംശയമില്ല. ഒപ്പം, പലപ്പോഴായി നമ്മുടെ മനസ്സിലേക്കുകടന്നു വന്ന ചില കഥാപാത്രങ്ങളില്‍ അദ്ദേഹത്തിന്റെ തന്നെ മാനറിസങ്ങളും കടന്നുകൂടിയിട്ടുണ്ട്‌ എന്ന സത്യം, സുഹൃത്തുക്കളേ, നിങ്ങള്‍ക്കു പുതിയ ഒരറിവായിരിക്കും.

ഓര്‍മ്മയുറച്ച കാലത്തുകേട്ട ഗാനശകലങ്ങളില്‍ തുടങ്ങി, കുഞ്ഞുക്ലാസിലേക്കു പൂക്കുട ചൂടി പിച്ചവെച്ചു നടന്നതും, പിതാവിന്റെയും ഗുരുവിന്റെയും പക്കല്‍ നിന്നു ലഭിച്ച ശിക്ഷയും, ബാല്യത്തില്‍ വല്യച്ഛന്റെയും വല്യമ്മച്ചിയുടെയും ലാളനകളേറ്റു വളര്‍ന്നതുമെല്ലാം ഓലപ്പീപ്പിയിലൂടെ നാം കേട്ടു. സഹപ്രവര്‍ത്തകര്‍ക്കു പിണഞ്ഞ അബദ്ധങ്ങളിലൂടെ രാജിന്റെ സുഹൃത്തുക്കളായ ഡേവച്ചായനെയും സുത്തിയെയും ബിച്ചുവിനെയുമൊക്കെ നിങ്ങള്‍ അടുത്തറിഞ്ഞു. കട്ടപ്പനയെന്ന ഹൈറേഞ്ചു പട്ടണത്തെയും അതിനോടുചേര്‍ന്നു കിടക്കുന്ന കൊച്ചുതോവാള എന്ന ഗ്രാമത്തെയും അല്‍പമൊന്നറിയാനും എന്നിലൂടെ നിങ്ങള്‍ക്കു സാധിച്ചു എന്നതില്‍ എനിക്കു ചാരിതാര്‍ഥ്യമുണ്ട്‌.

എം.എസ്‌ രാജ്‌ എന്ന ബ്ലോഗറെക്കുറിച്ചു പറയുമ്പോള്‍, ഏതാനും ടെക്നിക്കല്‍ ബ്ലോഗുകളില്‍ അവിചാരിതമായി വന്നുപെട്ടിട്ടുണ്ട്‌ എന്നതല്ലാതെ ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ ഒന്നും തന്നെ അറിയുന്ന ഒരാളായിരുന്നില്ല അദ്ദേഹം. മുന്‍പു ഞാന്‍ പറഞ്ഞപോലെ മലയാളം ബ്ലോഗിങ്ങിന്റെ ആദ്യാക്ഷരം വളരെപ്പെട്ടെന്നു തന്നെ സ്വായത്തമാക്കി പലരെയും പോലെ ബ്ലോഗിലെ മഹാരഥന്മാരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ്‌ അദ്ദേഹവും കടന്നു വന്നത്‌.

ഓലപ്പീപ്പിയെന്ന എനിക്ക്‌ സന്ദര്‍ശകര്‍ കുറവാണ്‌ എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌. എന്നാല്‍ നന്ദകുമാര്‍, ശ്രീ, സ്മിത ആദര്‍ശ്‌ എന്നിങ്ങനെ തുടങ്ങുന്ന വളരെ ചെറിയ ഒരു സന്ദര്‍ശക വൃന്ദം ഈ യാത്രയില്‍ എന്നെ തനിച്ചല്ലാതാക്കുന്നു. ഇവരില്‍ ശ്രീയും നന്ദകുമാറും ദീപക് രാജും രാജിന്റെ അടുത്ത സുഹൃത്തുക്കളാണ്‌ എന്നതും ഓലപ്പീപ്പിയുടെ ഭാഗ്യമായി ഞാന്‍ കരുതുകയാണ്‌. ഇവരെക്കൂടാതെ കമന്റുകളിലൂടെയല്ലാതെ നിരന്തരം പ്രോല്‍സാഹിപ്പിക്കുന്ന ഒരു പിടി വായനക്കാരെയും ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

ഇതിനിടയില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചുപോന്ന എന്നെ എന്റെ ഒടേക്കാരനില്‍ നിന്നും പിരിക്കാനും ചില തല്‍പര കക്ഷികള്‍ ശ്രമിക്കുകയുണ്ടായി. കമ്പനിയിലെ ഫയര്‍വാള്‍ ആണ്‌ ഇതിലെ പ്രധാന വില്ലന്‍. എങ്കിലും, ഇന്റര്‍നെറ്റ്‌ കഫേകളിലെ പോപ്‌-അപ്‌ മെസേജുകള്‍ നിറഞ്ഞ ബ്രൗസര്‍ വിന്‍ഡോയിലൂടെ എന്നെ പരിപാലിക്കാന്‍ രാജ്‌ എന്നും ശ്രദ്ധ കാണിച്ചിരുന്നു എന്നത്‌ സന്തോഷം നല്‍കുന്ന കാര്യമാണ്‌. തുടര്‍ന്ന് എല്ലാ പ്രതിബന്ധങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട്‌ ഈയടുത്തകാലത്താണ്‌ ഞങ്ങള്‍ക്കിടയില്‍ തീമതിലുകളുടെ വിലക്കില്ലാത്ത ഒരു ബ്രോഡ്‌ബാന്‍ഡ്‌ ബന്ധം സ്ഥാപിതമായത്‌.

സുഹൃത്തുക്കളേ, ഞാന്‍ അധികം ദീര്‍ഘിപ്പിക്കുന്നില്ല. ഒരിക്കല്‍ക്കൂടി നിങ്ങള്‍ എന്നോടു കാട്ടിയ സ്നേഹത്തിന്‌ ആത്മാര്‍ഥമായ നന്ദി എന്റെ പേരിലും ശ്രീമാന്‍ രാജിന്റെ പേരിലും രേഖപ്പെടുത്തിക്കൊണ്ട്‌, എന്നിലര്‍പ്പിച്ച പ്രതീക്ഷകള്‍ ഞാന്‍ പാലിക്കുമെന്നു വാഗ്ദാനം ചെയ്തുകൊണ്ട്‌, നിങ്ങളുടെ ഏവരുടെയും സഹകരണം തുടര്‍ന്നും കാംക്ഷിച്ചുകൊണ്ട്‌ അടുത്ത പോസ്റ്റ്‌ അഥവാ കമന്റ്‌ വരെ ഓലപ്പീപ്പി ലോഗ്‌ ഓഫ്‌ ചെയ്തുകൊള്ളുന്നു.

നന്ദി, നമസ്കാരം, ജയ്‌ ബൂലോകം!

Thursday, December 18, 2008

കസ്റ്റമറുടെ സന്തോഷം ഞങ്ങളുടെ വിജയം!

“കസ്റ്റമറുടെ സന്തോഷമാണ് ഞങ്ങളുടെ വിജയം”

കൂടോത്രം v 1.0(Beta) യുടെ സംതൃപ്തനായ ഒരുപഭോക്താവ് ശ്രീ. ദീപക് രാജിന്റെ വാക്കുകള്‍!
കൂടുതല്‍ വിവരങ്ങള്‍ ദാ, ഇവിടെ!

Monday, December 08, 2008

ഒരു വിരല്‍ സ്പര്‍ശം

നേര്‍ത്ത നീലനിറം പൂശിയ ആ മുറിയുടെ ചുവരുകളെക്കാള്‍ പരിചിതം തവിട്ടുനിറമുള്ള ഓറിയന്റ്‌ ഫാന്‍ തൂക്കിയ സീലിങ്ങാണ്‌. ഇരുമ്പിന്റെ അഴികളുള്ള ജനലിലൂടെ നോക്കിയാല്‍ താഴെ ആശുപത്രിയുടെ പാര്‍ക്കിംഗ്‌ ഏരിയയിലേക്കു നീളുന്ന വഴിക്കരികെ വാകമരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നതു കാണാം. ആരൊക്കെയോ ആ മരങ്ങളുടെ ചുവട്ടില്‍ നിന്നു ഫോണില്‍ സംസാരിക്കാറുണ്ട്‌.

"ഈ വഴിയിലൂടെ അധികം വണ്ടിയൊന്നും വരാത്തതെന്താ? ഇത്ര തിരക്കുള്ള ആശുപത്രിയായിട്ടും?" ഫിനൈലിന്റെ മണമുള്ള മുറിയില്‍ തളംകെട്ടിനിന്ന നിശ്ശബ്ദതയിലേക്ക്‌ എന്റെ വാക്കുകള്‍ ഉതിര്‍ന്നു വീണു.

"ആ, ആര്‍ക്കറിയാം.." കട്ടിലിന്നരികെ ഇരിക്കുകയായിരുന്ന അമ്മയുടെ മറുപടിയില്‍ നിസ്സംഗത. ഓരോ സെക്കന്റിലും വാഹനം ആ വഴി കടന്നുപോയാലല്ലേ അല്‍പം തിരക്കുള്ളതായി തോന്നുകയുള്ളൂ എന്ന് അമ്മ വിചാരിച്ചു കാണണം.

വാതിലില്‍ ഒരു ചെറിയ മുട്ടുകേട്ടു. ഡോ. ജോണ്‍സണും നേഴ്സുമാരായ നീതയും ചെറിയും.

"ഗുഡ്‌ മോണിങ്ങ്‌, രജിത്‌..!" ഡോക്ടറുടെ വിഷിനു ചാരെ രണ്ടുമന്ദസ്മിതങ്ങള്‍.

"ഗുഡ്‌ മോണിങ്ങ്‌, ഡോക്ടര്‍" സിസ്റ്റര്‍മാര്‍ക്കു ചിരികൊണ്ടു മറുപടി.

"ഇന്നലെ എങ്ങനെ, നന്നായുറങ്ങിയോ?" ഡോ. ജോണ്‍സന്റെ ചിരി എന്നെ പലപ്പോഴും അരവിന്ദ്‌ സ്വാമിയെ ഓര്‍മ്മിപ്പിച്ചു.

"ഉറങ്ങാന്‍ വൈകി, എന്നാലും നന്നായുറങ്ങി, രാവിലെ വരെ." മറുപടി പറഞ്ഞത്‌ അമ്മയായിരുന്നു.

ഡോക്ടര്‍ സ്റ്റെത്‌ മൃദുവായി നെഞ്ചില്‍ അമര്‍ത്തി. കഴിഞ്ഞരാത്രിയും അമ്മ ഇമചിമ്മാതെ കൂട്ടിരുന്നിട്ടുണ്ടാവണം. പാവം അമ്മ. ഒരു ജലദോഷം വന്നാല്‍ നീ കൊച്ചുപിള്ളേരെക്കാളും കഷ്ടമാ എന്നു പറയും. ആവിപിടിക്കാന്‍ തുളസിയിട്ട വെള്ളം തിളപ്പിച്ചുതന്നും നെഞ്ചിലും കഴുത്തിലും വിക്സ്‌ തടവിയും മുതിര്‍ന്നശേഷവും അമ്മ രാ‍വെളുക്കോളം ഒപ്പമിരുന്നിട്ടുണ്ട്‌.

സിസ്റ്റര്‍മാര്‍ പനിയും പ്രഷറും അളന്നു. നേരിയ പനിയുണ്ടത്രെ. നീത ഡ്രിപ്പു നല്‍കാനുള്ള സെറ്റ്‌ തയ്യാറാക്കവേ ചെറി ഇന്‍ജെക്‍ഷന്‍ തന്നു. ഗ്ലൂക്കോസ്‌ ശരീരത്തിലേക്കു തണുപ്പായി അരിച്ചരിച്ചു കയറി. ഡോക്ടര്‍ അമ്മയോടെന്തോ സംസാരിക്കുന്നു.

"പരമാവധി റസ്റ്റ്‌ എടുക്കുക. ആരേലുവൊക്കെ വന്നു കാണുന്നേ കണ്ടോട്ടെ. പക്ഷേ അധികം സംസാരിപ്പിക്കണ്ട. തല എളകുന്നതു വല്യ അസ്വസ്ഥതയുണ്ടാക്കുവേ. ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടേല്‍ പറയണം. പക്ഷേ, സ്കാന്‍ റിപ്പോര്‍ട്ടില്‍ പുരോഗതിയൊന്നുമില്ല. എടയ്ക്കിടെ ഓര്‍മ്മകള്‍ മങ്ങുന്നത്‌ നല്ല ഒരു ലക്ഷണമല്ല. ഇന്‍ഫെക്‍ഷന്‍ സാരമായിട്ടുണ്ട്‌. മെനിന്‍ജറ്റിസ്‌ നില്‍ക്കുന്നതുകൊണ്ട്‌ അതിനെ ബേസ്‌ ചെയ്തുമാത്രമേ ചികില്‍സ തുടരാനാവത്തൊള്ളൂ. മാത്രോവല്ല, പനി ഇങ്ങനെ വന്നും പോയുമിരിക്കുന്നതും അത്ര....." സ്വരം പതുക്കെ നേര്‍ത്തു വരുന്നതുപോലെ തോന്നി, വലതുകയ്യിലെ ഗ്ലൂക്കോസിന്റെ തണുപ്പ്‌ അലോസരപ്പെടുത്തുന്നു. അമ്മ വന്ന് കൈത്തണ്ടയില്‍ തിരുമ്മിത്തന്നെങ്കില്‍... സാവധാനം കറങ്ങുന്ന ഫാനിന്റെ ചിത്രം ക്രമേണ അവ്യക്തമായി വന്നു. വിളിച്ചുവരുത്തിയ ഉറക്കം ഞരമ്പുകളെ പിടിച്ചുകെട്ടി.

പുതുമഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണം! ശ്വാസം ആ മണം എന്റേതുമാത്രമെന്ന മട്ടില്‍ ഉള്ളിലാക്കി. പറമ്പിലും വരണ്ടുണങ്ങിയ പാതയോരത്തെ മണ്ണിലും പുല്‍നാമ്പുകള്‍ ജീവന്റെ നിറവുമായി തല നീട്ടി. ആ വഴികളിലൂടെ തോളില്‍ സ്കൂള്‍ബാഗും തൂക്കി ഞാന്‍ പതിയെ നടന്നു. പൂക്കുടയില്‍ വീണ ഇല എടുത്തുകളയാന്‍ തുനിയവേ, കാറ്റിലുലഞ്ഞുപെയ്ത മരം എന്നെ നനയിച്ചു.

'ഹാ! മഴകൊള്ളാതെ! ജലദോഷം വരും..!' ആരുടെയോ ശാസന.

ഓര്‍മ്മകളുടെ കലണ്ടര്‍ത്താളുകളിലെ അക്കങ്ങള്‍ മാറിമാറിവന്നു. ഞാന്‍ ഒരു ബെഞ്ചില്‍ കിടക്കുന്നു.

'ഇതെന്താ ഈ കുട്ടിക്കു പറ്റിയെ?' ടീച്ചര്‍മാരാരോ ആണ്‌.

'തലവേദന കാരണം ഇവിടെ കിടത്തിയിരിക്കുന്നതാ' ആരുടെയോ മറുപടി.

'ആരാത്‌? രജിത്‌ ആണോ?'... 'മോനേ, രജിത്‌? എന്തു പറ്റി? ... രാവിലെ എന്നാ കഴിച്ചെ?' വീതിയില്‍ തിളങ്ങുന്ന ബോര്‍ഡറുള്ള സാരിയുടുത്ത ഒരു ടീച്ചറിന്റെ സ്നേഹം വാക്കുകളായി, നെറ്റിയില്‍ ഒരു തഴുകലായി...

'ഇടയ്ക്കൊക്കെ വരാറുള്ളതാ, കുറെ നേരം റസ്റ്റ്‌ എടുത്താല്‍ മാറും' ... 'കൊടിഞ്ഞി പോലെ എന്തെങ്കിലുമായിരിക്കും..' 'ഇതൊന്നും അത്ര കാര്യമാക്കാനില്ലെന്നേ..' 'ഓടീം ചാടീം നടക്കുന്ന ആമ്പിള്ളാരല്ലേ, വെയിലത്തൂടെ നടന്ന് ഒത്തിരി കുട്ടകളിച്ചേന്റെയാരിക്കും..' 'പത്താം ക്ലാസ്സില്‍ പഠിക്കുന്ന ചെറുക്കനാ, ഇങ്ങനെ ക്രിക്കറ്റേന്നും പറഞ്ഞ്‌ നടന്നാലെങ്ങനെയാ?' ... ആരൊക്കെയോ സ്‌മൃതികളില്‍ കടന്നുകയറി ബഹളം വെയ്ക്കുന്നതു പോലെ. വെയില്‍.. ചൂട്‌... പ്രകാശം..! ആ‍കെ അലോസരപ്പെടുത്തുന്നു.

ഒരു തണുത്ത കാറ്റു മുഖത്തു വീശിയപോലെ. പതിയെ കണ്ണുതുറന്നു നോക്കി. വാകമരങ്ങള്‍ക്കുമേലെ ആകാശം ഇരുണ്ടിരിക്കുന്നു. പതിയെ തല തിരിച്ചുനോക്കിയപ്പോള്‍ വെട്ടിപ്പിളര്‍ക്കുന്ന വേദന. കണ്ണിനു ചുറ്റും ചൂട്‌. കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കട്ടിലിനരികെ അമ്മയുണ്ട്‌.

'മഴ..? മഴ പെയ്തോ?'

'ഉം..' അമ്മ മൂളി.

'സമയം..?' എന്റെ സ്വരം വല്ലാതെ ഇടറിയും നേര്‍ത്തുമിരുന്നു.

'മൂന്നര കഴിഞ്ഞു.'

'ഞാന്‍ ഒത്തിരി ഉറങ്ങിപ്പോയി. ആ..! ഞാന്‍ ഉറക്കത്തില്‍ മഴ സ്വപ്നം കണ്ടു! അപ്പോഴായിരിക്കും പുറത്തും മഴ പെയ്തത്‌.' അമ്മ ചിരിക്കുന്നു. ഞാന്‍ കുഞ്ഞുകുട്ടിയെപ്പോലെ സംസാരിക്കുന്നുണ്ടായിരിക്കണം.

'മതി, ഒത്തിരി സംസാരിക്കണ്ട.' അമ്മ വിലക്കിയെങ്കിലും ഞാന്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നെങ്കില്‍ എന്ന് അമ്മ ആശിക്കുന്നുണ്ടാവണം. അമ്മ കവിളില്‍ പതിയെ തലോടി. എന്റെ ചുട്ടുപൊള്ളുന്ന നെറ്റിയില്‍ ഒരുമ്മയും.

'നീ മറന്നുപോകിലും, ഏറെ ദൂരെയാകിലും
എന്റെയുള്ളിന്നുള്ളില്‍ നീ
പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ
നീണാള്‍ വാഴേണം....'


അമ്മയാണോ പാടിയത്‌? അതോ ഞാനോര്‍ത്തതാണോ? വാല്‍സല്യം-ചിത്ര-കൈതപ്രം-എസ്‌ പി വെങ്കിടേഷ്‌ - ഏട്ടന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ പറഞ്ഞു വിസ്മയിപ്പിക്കാമായിരുന്നു. ഞാന്‍ പാട്ടിന്റെ ഡീറ്റെയില്‍സ്‌ ഓര്‍ത്തുവെയ്ക്കുന്നത്‌ ഏട്ടനെന്നും കൗതുകമാണല്ലോ. വീണ്ടും ഉറക്കം വരുന്നു.

തലയ്ക്കു കയ്യും കൊടുത്ത്‌ ഓഫീസ്‌ ടേബിളിലേക്കു കണ്ണും നട്ടിരിക്കുകയാണ്‌. രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ ഒരസ്വസ്ഥത. തിരക്കിന്റെയും ടെന്‍ഷന്റെയുമൊക്കെയാവാം. പൊടിയും പുകയുമേറ്റുള്ള ബൈക്ക്‌ യാത്രയുടെയും. രാവിലെ കഴിച്ച ദോശയും അത്ര പിടിച്ചില്ല. ഒരു ലോഡ്‌ പണി തീരാന്‍ കിടക്കുന്നു, അതിനിടെയാ തലയ്ക്ക്‌ ഈയൊരു പെരുപ്പ്‌. രാവിലെ തന്നെ ഇത്ര സ്ട്രെസ്സ്‌ വരണ്ട കാര്യമെന്താ? ഒഫീഷ്യല്‍ ഇ-മെയിലുകള്‍ നാലെണ്ണം വന്നുകിടപ്പുണ്ട്‌. ഒന്നും തുറന്നുപോലും നോക്കാന്‍ തോന്നുന്നില്ല. മോണിട്ടറിലേക്കു നോക്കുമ്പോള്‍ കാഴ്ച മങ്ങുന്നതുപോലെ. തലകുമ്പിട്ട്‌ കണ്ണടച്ച്‌ കുറേനേരം അങ്ങനെയിരുന്നപ്പോള്‍ ഫോണ്‍ അടിക്കുന്നു. ആരാണോ? പഴയ ഒരു സഹപ്രവര്‍ത്തകന്റെ വിളി. ഏതോ ഒരു ഡോക്യുമന്റ്‌ വേണമത്രേ. തപ്പിയെടുത്ത്‌ അപ്പോള്‍ത്തന്നെ അയച്ചുകൊടുത്തു. ഒപ്പം ഞാന്‍ ആ ടീമില്‍ നിന്നു മാറിയെന്ന വിവരവും പറഞ്ഞു. കസേരയിലേക്കു ചാഞ്ഞിരുന്നു. ദീര്‍ഘനിശ്വാസത്തിനു ചുടുചോരയുടെ മണം!!! നാസാദ്വാരങ്ങളില്‍ നനവ്‌! തിടുക്കത്തില്‍ പോക്കറ്റില്‍ നിന്നു തൂവാലയെടുത്ത്‌ മൂക്കൊപ്പി. പിങ്ക്‌ നിറമുള്ള തൂവാലയില്‍ പടരുന്ന കടുംചെമപ്പ്‌..!!! സാവധാനം എഴുന്നേറ്റ്‌ റെസ്റ്റ്‌റൂമില്‍ പോയി. ഭാഗ്യം, മറ്റാരുമില്ല. മൂക്കും മുഖവും നന്നായി കഴുകി. തൂവെള്ള വാഷ്ബേസിനിലെ വെള്ളത്തിലേക്ക്‌ അലിഞ്ഞൊഴുകുന്ന ചെമപ്പ്‌...

സ്കാനര്‍മെഷീനിലേക്കു നിരങ്ങിനീങ്ങുന്ന ഞാന്‍. പിന്നെ ഡോക്ടറുടെ മുറി. ഇടത് അണ്ഡാകൃതിയിലുള്ള അനേകം ചിത്രങ്ങള്‍ തെളിയുന്ന ഒരു ഫിലിം. ടി.വി. കാണുന്ന കൗതുകം എന്റെ കണ്ണുകളില്‍ ഉണ്ടായിരുന്നിരിക്കണം. ആരാണു സംസാരിക്കുന്നത്‌?

എന്താണവര്‍ പറയുന്നത്‌? ഞാന്‍ ചെവിയോര്‍ത്തു: "... തലയ്ക്കുള്ളിലെ പ്രഷറിന്‌ ചിലപ്രത്യേക സാഹചര്യങ്ങളില്‍ വ്യതിയാനം വരുന്നു.. ഞരമ്പുകളില്‍ തന്നെ ആവണമെന്നില്ല.. തലവേദനയും മന്ദതയും മറ്റും അതുകൊണ്ടാണ്‌... എന്തെങ്കിലും അപകടം മൂലമുള്ള ആഘാതം കൊണ്ട്‌ ഒരുപക്ഷേ .. അത്തരം ഹിസ്റ്ററി ഒന്നുമില്ലാത്ത സ്ഥിതിക്ക്‌... കൂടുതലും ഇതുമാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കാം... പക്ഷേ, ഇയാളുടെ കാര്യത്തില്‍ എന്താണതിന്റെ കാരണമെന്നു വ്യക്തമാകുന്നില്ല... പണ്ട്‌ ഇടയ്ക്കിടെ ഉണ്ടാവാറുണ്ടായിരുന്ന തലവേദനയും മറ്റും ഈ അസുഖത്തിന്റെ തുടക്കമായിരുന്നിരിക്കാം.. ഓര്‍മ്മശക്തിയെയും മറ്റും ഇതു കാര്യമായിത്തന്നെ ബാധിച്ചേക്കാം.. ബ്രെയിനിലെ ചില ഭാഗങ്ങള്‍ക്ക്‌ വീക്കം ഉള്ളതായി കാണുന്നു, മാത്രമല്ല അതു പല സമയത്തും പലയിടത്തായിട്ടാണു കാണുന്നതും...."

നിദ്രയുടെയും സ്മരണകളുടെയും വരമ്പില്‍ക്കൂടി എന്നെ കുത്തിനോവിച്ചുകൊണ്ട്‌ ഒരു വേദന കൂടി! ഞാന്‍ സ്വപ്നം വിളയുന്ന കരിമണ്ണുഴുത വയലിലേക്ക്‌ കാലിടറി വീണു. ഇപ്പോള്‍ കാണുന്ന സ്വപ്നങ്ങളില്‍ കനത്ത ഇരുട്ടാണ്‌. നിശ്ശബ്ദമായ രാത്രിയില്‍ പരിചിതമല്ലാത്ത ഏതോ സ്ഥലത്തെ വിശാലമായ ഒരു മൈതാനത്തു നില്‍ക്കുന്നതായാണ്‌ തൊട്ടുമുന്‍പു കണ്ട സ്വപ്നം. എന്റെ മുന്നില്‍, അങ്ങകലെ, ചക്രവാളത്തില്‍ ഒരു പുലരി വിടര്‍ന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. പകല്‍ പരന്നെങ്കില്‍ വേഗം വഴികണ്ടെത്തി വീട്ടിലെത്താമായിരുന്നു എന്നും. ഉള്ളിലിരുന്ന്‌ ആരോ പറയുന്നു: "ഇല്ല, ഇനി നിനക്കു വീട്ടിലെത്താന്‍ പറ്റുമെന്നു തോന്നുന്നില്ല". സ്വപ്നം ആണെന്നറിഞ്ഞും ഞാനൊന്നു ഞെട്ടി.

"എന്താ മോനേ..? എന്തു പറ്റി?" അമ്മയുടെ ഉദ്വേഗം കലര്‍ന്ന സ്വരം.

"എയ്‌, ഒന്നുമില്ല."

ഞാന്‍ ഇന്നേറെ ക്ഷീണിതനാണെന്ന് സ്വയം തിരിച്ചറിഞ്ഞു. തല അനക്കാന്‍ പറ്റുന്നില്ല. കണ്ണിന്റെ ചുറ്റും തീക്കനലുകള്‍ പെറുക്കി വെച്ചിരിക്കുന്നതു പോലെ. തൊണ്ടയില്‍ എന്തോ തടയുന്നതായും ഓക്കാനം വരുന്നതായും തോന്നി. ശ്വാസം കഴിക്കാന്‍ വിഷമം. നെഞ്ചിലാരോ തടവുന്നു. അമ്മയായിരിക്കണം. അല്ലാതാര്‌? പനി സജലമാക്കിയ എന്റെ മിഴികള്‍ക്കപ്പുറത്ത്‌ അമ്മ! ഇടം കൈ കൊണ്ട്‌ കണ്ണുതുടച്ചും വലംകൈ കൊണ്ട്‌ എന്നെ തലോടിയും..! ഞാന്‍ ജലദോഷമുള്ള ആ ബാലന്‍ തന്നെയോ?

നേരെ മുന്നില്‍ നില്‍ക്കുന്നുണ്ട്‌ അച്ഛന്‍. അച്ഛന്റെ പ്രസരിപ്പെല്ലാം ഇല്ലാതായിരിക്കുന്നു. എനിക്കിഷ്ടമുള്ള നീലഷര്‍ട്ടാണ്‌ ഇട്ടിരിക്കുന്നത്‌. പോക്കറ്റില്‍ കിടന്ന ഫോണ്‍ ബെല്ലടിച്ചു. ആരുടെയോ മിസ്സ്ഡ്‌ കാള്‍. ഞാന്‍ അച്ഛനെ നോക്കി ചിരിച്ചു. അച്ഛനെന്താ ചിരിക്കാത്തത്‌?

"വന്നോ?" സ്വരം കിട്ടാന്‍ ഞാന്‍ പാടുപെട്ടു. നാവിളകുമ്പോള്‍ പോലും തലപിളരുന്ന വേദന.

"വരും, വരും."

ഞാന്‍ അവ്യക്തമായി എന്തെല്ലാമോ പറഞ്ഞിരിക്കണം. മുറിയില്‍ എന്റെ മുന്നിലും വശങ്ങളിലും ആളനക്കം. പ്രാണവായു ശ്വാസനാളത്തിലേക്ക്‌ മടുപ്പിക്കുന്ന ഗന്ധമായി ഇരച്ചുകയറി. ശരീരഭാരം കുറയുന്നു. മനസ്സില്‍ ഇരുട്ട്‌. വെളിയില്‍ നല്ല പ്രകാശം.

"ഇന്നലത്തേതുപോലെ മഴമൂടലില്ല അല്ലേ?" ഇന്ന് എന്റെ സ്വരത്തിനു അല്‍പം തെളിച്ചമുണ്ട്‌.

"അതിന്നലെയല്ലായിരുന്നു, മിനിയാന്നായിരുന്നു."

അപ്പോള്‍ ഒരു ദിവസം ഞാനെന്തു ചെയ്യുകയായിരുന്നു? അറിയില്ല. ഓര്‍മ്മയില്ല.

"വേണ്ടടാ, ബലമായിട്ടൊന്നും ഓര്‍ക്കാന്‍ ശ്രമിക്കണ്ട. ഞങ്ങളുണ്ടായിരുന്നു നിന്റെ കൂടെ എപ്പോഴും" അതു പറയുമ്പോള്‍ അച്ഛന്റെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞോ?

ഞാന്‍ തലയുയര്‍ത്തി താഴെയുള്ള റോഡിലേക്കു നോക്കാന്‍ ശ്രമിച്ചു. അച്ഛനും മുറിയിലുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്ന് എനിക്കു വഴി കാണാന്‍ പാകത്തില്‍ കട്ടിലിന്റെ തലയ്ക്കം ഉയര്‍ത്തിവെച്ചു. ആട്ടെ, ആരാണവര്‍? ഞാന്‍ മറന്നുപോയി.!!!

തലവേദന തീരെ ഇല്ല. അതോ ഞാന്‍ അറിയാത്തതാണോ? കട്ടിലിനരികെ മേശപ്പുറത്ത്‌ മൊബൈല്‍ ഫോണ്‍ ഇല്ല. എനിക്കിനിയും പാട്ടുകേള്‍ക്കാന്‍ തോന്നിയാല്‍..? മൊബൈല്‍ ആരുടെ കൈയ്യിലാണ്‌? മഴയില്‍ അടര്‍ന്നുവീണ ഇലകളും ചുള്ളിക്കമ്പുകളും മാറ്റി വൃത്തിയാക്കിയ വഴിയിലൂടെ അപരിചിതനെപ്പോലെ ഒരു കറുത്ത ഫോര്‍ഡ്‌ ഐക്കണ്‍ വരുന്നു. കാഴ്ചയില്‍ന്നിന്നൊളിച്ച്‌ പാര്‍ക്കിംഗ്‌ ഏരിയയിലെ ഏതെങ്കിലും ഒരു കോണിലേക്ക്‌ അതു പോയിട്ടുണ്ടാവണം.

എന്റെ ദേഹത്തിപ്പോള്‍ സൂചികളില്ല, തണുപ്പായി പടര്‍ന്നു കയറുന്ന ഡ്രിപ്പില്ല. രണ്ടുമൂകസാക്ഷികളെപ്പോലെ ഡ്രിപ്‌ സ്റ്റാന്‍ഡും ഓക്സിജന്‍ സിലിണ്ടറും കട്ടിലിന്റെ തലയ്ക്കല്‍ നിന്നു.

വീണ്ടുമൊരുമയക്കത്തില്‍ നിന്നുണരുമ്പോള്‍ വാതില്‍ക്കല്‍ അനക്കം. ആരോ കടന്നുവരുന്നത്‌ മഞ്ഞേറ്റുനിന്ന ചില്ലിലൂടെയെന്ന പോലെ കണ്ടു. അടുത്തു വന്നു നിന്നിരിക്കണം. കൊതിച്ച ഒരു സാമീപ്യം അറിയുന്നു. അജ്ഞതയുടെയും വിസ്‌മൃതിയുടെയും ഇരുട്ടില്‍ ഒരു വളകിലുക്കം!

"രജിത്‌.."

വിളി കേള്‍ക്കണമെന്നുണ്ട്‌. ഒച്ച പൊങ്ങുന്നില്ല. ഉള്ളില്‍ ആയിരം തവണ വിളി കേട്ടു. കണ്ണുകളില്‍ നിന്നു ലാവാപ്രവാഹം. നിര്‍ജ്ജീവമെന്നു തോന്നിപ്പിച്ച വലതുകൈയ്യിലൂടെ ഒരു തരംഗം പ്രസരിച്ചു. ഉടലു മുഴുക്കെ ഉണര്‍വ്വായി പടര്‍ന്നു. നിനവുകള്‍ ഉള്ളില്‍ ഇതള്‍ വിരിഞ്ഞു. മനസ്സിലെ ഇരുള്‍ നിറഞ്ഞ മൈതാനത്തിനപ്പുറം ചക്രവാളത്തില്‍ വെളിച്ചം പതിയെ പരന്നുതുടങ്ങി. അകലെ നിന്നെന്ന പോലെ വീണ്ടും കേട്ടു:

"രജിത്‌..."

ഇല്ല. വിളി കേള്‍ക്കാന്‍ നാവനങ്ങുന്നില്ല. കണ്ണീര്‍ ചെന്നി നനയിച്ചു പെയ്തിറങ്ങി. എന്റെ കൈത്തണ്ടയിലുണര്‍ന്ന പ്രണയത്തിന്റെ ചൂടിലേക്ക്‌ തേങ്ങലില്‍ കുതിര്‍ന്ന ഒരു ബാഷ്പബിന്ദു വീണുചിതറി. വളകിലുക്കങ്ങള്‍ക്കു പോലും തേങ്ങലിന്റെ ഈണം. എന്താണു ഞാന്‍ ഈ നിമിഷത്തേക്കു പറയാന്‍ കരുതി വെച്ചത്‌? തിരികെ വരുമെന്ന്.. അതെ! ഞാന്‍ തിരികെ വരുമെന്ന്!! എനിക്കു നിന്റെ പ്രണയം വേണമെന്ന്!!

"ഒന്നു പറയൂ, രജിത്‌..."

അതു ഞാന്‍ കേട്ട വാചകമാണോ അതോ വിചാരിച്ചതാണോ എന്നറിയില്ല. പക്ഷേ, പറയാനാവുന്നില്ല! കാല്‍വിരലുകളില്‍ ആരോ ഇക്കിളിയാക്കുന്നതു പോലെ. ഒരു മരവിപ്പ്‌. വിരലുകളല്ല, കാല്‍പാദം പോലും ഇല്ലാതാവുന്നോ? അരയ്ക്കുതാഴെ ശൂന്യതയാണോ? എന്റെ ഇടത്തു കൈ എവിടെ? നെഞ്ചിലെ താളം നിലയ്ക്കാന്‍ പോകുന്ന പിടച്ചില്‍. ശ്വാസനാളം വിശ്രമിക്കാനെന്നപോലെ ഒന്നുലഞ്ഞുയര്‍ന്നു. വലതുകൈ ഒഴികെ ശരീരം മുഴുവന്‍ തണുപ്പ്‌. ചിന്തയ്ക്കും ശരീരത്തിനുമിടയിലെ നൂലുകള്‍ വലിഞ്ഞു മുറുകുന്നു. അവളുടെ നേര്‍ത്ത വിരലുകള്‍ എന്റെ കൈത്തലത്തിലര്‍ന്നു. പ്രജ്ഞ യാത്ര ചോദിക്കവേ വിരലുകള്‍ തമ്മില്‍ ഗാഢം പുണര്‍ന്നു. കൈത്തലത്തില്‍ പതിഞ്ഞ ചുടുചുംബനങ്ങള്‍ ഏറ്റുവാങ്ങിയ നാഡികള്‍ പാതിവഴിയില്‍ പിടഞ്ഞുവീണു. 'ഇപ്പോള്‍ വരില്ല ഞാന്‍, ഞാന്‍ ഈ സ്നേഹസ്പര്‍ശത്തിലൊരുനിമിഷം കൂടി...'
നിനവിനും നിലതെറ്റി.

ഇരുട്ടുവീണ മൈതാനത്തു പൊടുന്നനെ വെളിച്ചമായി. തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും വ്യക്തമായിക്കണ്ടില്ല്ല. നീലനിറമുള്ള മുറിയില്‍ നിന്നും ഉയര്‍ന്നുകേട്ട ശബ്ദങ്ങള്‍ പെട്ടെന്നു നേര്‍ത്തുവന്നു. മുന്നില്‍ നെടുനീളത്തില്‍ ഒരു വഴി. അതിലേ ശാന്തമായി നീങ്ങി. വശങ്ങളില്‍ മഞ്ഞു വീണു പഞ്ഞിത്തുണ്ടുകള്‍ പോലെ കാണപ്പെട്ടു. തണുപ്പില്ലാത്ത മഞ്ഞ്‌!

Thursday, December 04, 2008

വന്ദേഹം ശ്രീശബരീശം


1) സ്വാമിയേയ്‌...
2) ഹരിഹര സുതനേ
3) അന്നദാന പ്രഭുവേ
4) ആരണ്യ വാസനേ
5) അരവണ പ്രിയനേ
6) അറിവില്ലാ പൈതങ്ങളാണു സ്വാമിയേ
7) ഭൂലോക നാഥനേ
8) ഭൂമിക്കുടയ നാഥനേ
9) ഭൂമിയില്‍ അവതരിച്ച ദേവനേ
10) ഭൂതാദി നാഥനേ
11) ഭൂതഗണ നാഥനേ
12) ദര്‍ശനം നല്‍കേണം സ്വാമിയേ
13) ധര്‍മ്മ സംസ്ഥാപന മൂര്‍ത്തിയേ
14) ദോഷങ്ങള്‍ അകറ്റേണം സ്വാമിയേ
15) എരുമേലി പേട്ടയേ
16) എരുമേലി ശാസ്താവേ
17) ഗുരുസ്വാമിയേ
18) ഹരിഹര നന്ദനേ
19) അപ്പാച്ചി മേടേ
20) ഇരുമുടിക്കെട്ടേ
21) ഇരുമുടിയേന്തണം സ്വാമിയേ
22) കാനന വാസനേ
23) കാണിക്ക കൈക്കൊള്ളണം സ്വാമിയേ
24) കാത്തു രക്ഷിക്കണം പൊന്നു ഭഗവാനേ
25) കലികാല മൂര്‍ത്തിയേ
26) കലിയുഗ വരദനേ
27) കണ്‍കണ്ട ദൈവമേ
28) കണ്ടു തൊഴാന്‍ കനിയണം സ്വാമിയേ
29) കരിമല കയറ്റമേ
30) കര്‍പ്പൂരപ്രിയനേ
31) കര്‍പ്പൂരാഴിയേ
32) കര്‍പ്പൂരദീപമേ
33) കഷ്ടങ്ങള്‍ പോക്കേണം സ്വാമിയേ
34) കൈവല്യദായക മൂര്‍ത്തിയേ
35) കെട്ടില്‍ കുടി കൊള്ളേണം സ്വാമിയേ
36) കെട്ടിനു കൂട്ടായി വരേണം സ്വമിയേ
37) കൊച്ചുകടുത്ത സ്വാമിയേ
38) മാളികമേല്‍ വാഴും ദേവിയേ
39) മാമലമേല്‍ വാഴുന്ന മൂര്‍ത്തിയേ
40) മഹിഷീ മോക്ഷകനേ
41) മകര ജ്യോതിയേ
42) മകര വിളക്കേ
43) മലരവില്‍ പ്രിയനേ
44) മാളികപ്പുറത്തമ്മ ദേവി ലോക മാതാവേ
45) മാമകര തിടമ്പേ
46) മാമലയേറ്റണം സ്വാമിയേ
47) മണികണ്ഠ സ്വാമിയേ
48) മോഹിനീസുതനേ
49) മോക്ഷദായകനേ
50) നാഗ രാജാവേ
51) നീലിമല കയറ്റമേ
52) നെഞ്ചിലെന്നും വാഴേണം സ്വാമിയേ
53) നെയ്യഭിഷേക പ്രിയനേ
54) നിത്യബ്രഹ്മചാരിയാം ഭഗവാനേ
55) ഒംകാരപൊരുളേ
56) ഒംകാരസ്വരൂപനേ
57) പടി തൊട്ടു തൊഴേണം സ്വാമിയേ
58) പമ്പയില്‍ ആറാട്ടേ
59) പമ്പ വിളക്കേ
60) പമ്പാ തീര്‍ഥമേ
61) പമ്പാവാസനേ
62) പമ്പയില്‍ ബലിയേ
63) പമ്പയില്‍ സ്നാനമേ
64) പമ്പാഗണപതിയേ
65) പമ്പാനദിയേ
66) പന്തള കുമാരനേ
67) പന്തള നന്ദനനേ
68) പന്തളത്തുണ്ണിയേ
69) പതിനെട്ടു മാമലകള്‍ക്കും നാഥനേ
70) പെരിയസ്വാമിയേ
71) പേട്ട കൊണ്ടാട്ടമേ
72) പൊന്നമ്പല മേടേ
73) പൊന്നമ്പല വാസനേ
74) പുലിവാഹനനേ
75) പുണ്യപാപ ചുമടുകളേ
76) സച്ചിന്മയരൂപനേ
77) ശനീശ്വരനേ
78) ശനികാലം പോക്കണം സ്വാമിയേ
79) സന്മാര്‍ഗ്ഗ ദീപമേ
80) ശരം കുത്തിയാലേ
81) സര്‍വ്വവേദാന്ത പൊരുളേ
82) സത്യമായ പൊന്നു പതിനെട്ടാം പടിയേ
83) ശ്രീ ശബരി നാഥനേ
84) ശ്രീഭൂതനാഥനേ
85) ശ്രീധര്‍മ്മ ശാസ്താവേ
86) ശ്രീമണികണ്ഠനേ
87) സ്വാമിയുടെ ഗുരുദക്ഷിണയേ
88) സ്വാമിയുടെ കാണിപ്പൊന്നേ
89) സ്വാമിയുടെ കന്നിക്കാരേ
90) സ്വാമിയുടെ പഴമക്കാരേ
91) സ്വാമിയുടെ നെയ്‌മുദ്രയേ
92) സ്വാമിയുടെ നെയ്യഭിഷേകമേ
93) സ്വാമിയുടെ പടിപൂജയേ
94) സ്വാമിയുടെ മുദ്രാമാലയേ
95) സ്വാമിയുടെ പൂങ്കാവനമേ
96) സ്വാമിയുടെ തീര്‍ഥങ്ങളേ
97) സ്വാമിയുടെ തിരുവാഭരണങ്ങളേ
98) തീര്‍ഥത്തില്‍ സ്നാനമേ
99) തൃപ്പടി താണ്ടണം സ്വാമിയേ
100) ഉത്രം നക്ഷത്ര ജാതനേ
101) വാജിവാഹനനേ
102) വാവരിന്‍ തോഴനേ
103) വാവരു സ്വാമിയേ
104) വലിയ കടുത്ത സ്വാമിയേ
105) വീരമണികണ്ഠനേ
106) വില്ലാളി വീരനേ
107) പാണ്ടി മഥുര മലയാളം കാശി രാമേശ്വരം അടക്കിവാഴും അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനേ
108) ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേയ്‌... ശരണമയ്യപ്പാ!!

Thursday, November 20, 2008

പാട്ടോര്‍മ്മകള്‍ - വീണ്ടും

പാട്ടുകള്‍ ഏതൊരാളിനെയും പോലെ എനിക്കും ഇഷ്ടമാണ്‌. ദൈനംദിന ജീവിതത്തോട്‌ ഇത്രയേറെ ഇഴചേര്‍ന്നു കിടക്കുന്ന മറ്റൊരു കലാരൂപം എനിക്കില്ല. എന്നും രാവിലെ സെല്‍ഫോണില്‍ മുഴങ്ങുന്ന അലാം സംഗീതം മുതല്‍ പാതിരാ കഴിയുന്ന നേരത്ത്‌ എന്നെ നിദ്രയുടെ ശാന്തതയിലേക്കു നയിക്കുന്ന ശ്രുതിമധുരമായ ഏതെങ്കിലുമൊരു ഗാനം വരെ പാട്ടുകള്‍ നിറഞ്ഞ ദിവസങ്ങളിലൂടെയാണ്‌ എന്റെ ജീവിതം. ചുണ്ടിലൂറുന്ന മൂളിപ്പാട്ടുകളും, എപ്പോഴും നിര്‍ത്താതെ പാടുന്ന മനസ്സിന്റെ പാട്ടുപെട്ടിയുടെ ഈണങ്ങളും സെല്‍ഫോണിലെ ഏതാണ്ട്‌ ഒന്നേകാല്‍ ജി.ബി. യും ഓഫീസ്‌ കമ്പ്യൂട്ടറിലെ ആറര ജി.ബി യും സ്വന്തം കമ്പ്യൂട്ടറിലെ പത്തിലേറെ ജി.ബി. എം.പി.ത്രീ ഫയലുകളും അനേകം സിഡികളും വീട്ടില്‍ പൊടി പിടിച്ചു കിടക്കുന്ന മുപ്പതോളം കസെറ്റുകളും പതിമൂന്നു വയസ്സാകാറായ ഒരു ടു-ഇന്‍-വണ്ണും ചേര്‍ന്നതാണ്‌ എന്റെ സംഗീതസാമ്രാജ്യം. ഞാന്‍ അതിലെ സന്തുഷ്ടനായ ചക്രവര്‍ത്തിയും.

ഗാനശേഖരത്തിന്റെ വലിപ്പം വെച്ചു നോക്കിയാല്‍ എന്റെ കയ്യിലുള്ളതു വളരെ ചെറിയ ഒരളവായിരിക്കാം. എന്നിരുന്നാലും പാട്ടുകള്‍ ശ്രദ്ധിച്ചു തുടങ്ങിയ കാലം തൊട്ടേ മനസ്സില്‍ പതിഞ്ഞവയെല്ലാം അവസരം കിട്ടുന്ന മുറയ്ക്ക്‌ സ്വരൂപിച്ചുണ്ടാക്കിയതാണിതെല്ലാം. മാത്രമല്ല, ഞാന്‍ കേള്‍ക്കുന്ന ഓരോ പാട്ടിനും ഓരോ കഥയും പറയാനുണ്ടാവും. ഓരോ പാട്ടും ഓര്‍മ്മകളുമായി അത്രയേറെ കെട്ടുപിണഞ്ഞു കിടക്കുന്നു. പാട്ടുവര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ അങ്ങനത്തെ ചില കഥകളും ഞാന്‍ പങ്കുവെയ്ക്കാം.

ഞാന്‍ ഒരു സംഗീതപ്രേമി ആണ്‌. പാട്ടുപഠിച്ചിട്ടില്ലെങ്കിലും പാട്ടു മൂളാറുണ്ട്‌. പഠിച്ചിട്ടില്ലെന്നു പറയാനും പറ്റില്ല, പഠിക്കാന്‍ ശ്രമിച്ചിരുന്നു, ഒരാറേഴു വര്‍ഷം മുന്‍പ്‌. പക്ഷേ തുടരാനായില്ല. അപ്പോ പാടാറില്ലേ എന്നു ചോദിച്ചാല്‍ പാടാറുണ്ട്‌ എന്നു തന്നെ പറയേണ്ടിവരും. ഓര്‍മ്മയുടെ അങ്ങേയറ്റത്തു നിന്നു തുടങ്ങാം.

ആദ്യം മനസ്സില്‍ പതിഞ്ഞ പാട്ടേതാണ്‌? കാക്കോത്തിക്കവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ 'കണ്ണാംതുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ' എന്ന പാട്ട്‌. ബാല്യത്തിന്റെ നൈര്‍മ്മല്യവും വിശുദ്ധിയും അറിയുന്നതിനും മുന്‍പേ തന്നെ അറിയാതെ പിഞ്ചുനാവില്‍ ഉറച്ചുപോയ ലളിതമായ ഒരു ഗാനം. ഇന്നും ആ ഗാനം ഇടയ്ക്കിടെ എന്റെ വാക്‍മാന്‍ ഫോണ്‍ കേള്‍പ്പിച്ചു തരുമ്പോള്‍ കാറ്റിന്റെ ചിറകില്‍ അലസമായിപ്പറക്കുന്ന അപ്പൂപ്പന്‍താടി പോലെ മനസ്സ്‌ ബാല്യത്തിലേക്ക്‌ യാത്രചെയ്യും.

ഒരു പാട്ടുമായി ഞാന്‍ നാലു പേരുടെ മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, മൂന്നാം ക്ലാസില്‍ വെച്ചായിരുന്നു. കൊച്ചുതോവാള സെന്റ്‌. ജോസഫ്സ്‌ എല്‍ പി സ്കൂളിന്റെ വരാന്തയില്‍ ഏതോ ഒരു വെള്ളിയാഴ്ച ദിവസം ചേര്‍ന്ന മീറ്റിങ്ങില്‍ (വെല്യ ആള്‍ക്കാര്‍ സാഹിത്യസമാജം എന്നൊക്കെപ്പറയും, ഞങ്ങള്‍ക്ക്‌ അതു മീറ്റിങ്ങായിരുന്നു.) ഞാന്‍ പാടിയ ഗാനം 'ഉണ്ണികളേ ഒരു കഥ പറയാം, ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം' ആയിരുന്നു. ഉറപ്പായും ഞാന്‍ അതു മുഴുവന്‍ പാടിയിട്ടുണ്ടാവില്ല, കാരണം ഇന്നും ആ പാട്ടുമുഴുവനായി എനിക്കറിയില്ല എന്നതു തന്നെ! രണ്ടാമതായി ഓര്‍മ്മയിലുള്ളതു ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലളിതഗാനമല്‍സരത്തിനു പങ്കെടുത്തതാണ്‌. എന്നെക്കാള്‍ നന്നായി പാടുന്ന ഒരാള്‍ ഉള്ളതുകൊണ്ട്‌ രണ്ടാം സ്ഥാനം ഉറപ്പിച്ചാണു ഞാന്‍ സ്റ്റേജില്‍ കയറിയത്‌. പക്ഷേ, എന്തുകൊണ്ടോ പാടാനുള്ള വരിമറന്ന ഞാന്‍ പാതിപാടി നിര്‍ത്തി. അന്നു പാടിയ പാട്ടേതായിരുന്നു? ഓര്‍മ്മയില്ല.

പിന്നെ ഞാന്‍ വെറുമൊരു കേള്‍വിക്കാരന്‍ മാത്രമായി ഒതുങ്ങി. എങ്കിലും മനസ്സിലെ പാട്ടിനോടുള്ള പ്രണയം ഒടുങ്ങിയിരുന്നില്ല. റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക്‌ ഒപ്പം പാടിയും മൂളിയും ഞാന്‍ യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയുമൊക്കെ വെല്ലുവിളിച്ചു നടന്നു.


അങ്ങനെയിരിക്കെ സൗദിയില്‍ നിന്നു വന്ന വിശ്വനമ്മാവന്‍ എനിക്കൊരു വാക്‍മാന്‍ കൊണ്ടുതന്നു. കസെറ്റിടുന്ന തരം- അന്നുപിന്നെ കസെറ്റല്ലാതെ സിഡിയും ഡിജിറ്റല്‍ സംഗീതവും ഐപോഡും ഒന്നുമില്ലല്ലോ. ഒരു ചെമന്ന വാക്‍മാന്‍! കുടുംബസുഹൃത്തും ഇലക്ട്രോണിക്‌ മെക്കാനിക്കുമായിരുന്ന ബാബു ചേട്ടനെക്കൊണ്ട്‌ അതിനൊരു എലിമിനേറ്ററും ഒപ്പം ഒരു ചെറിയ സ്പീക്കറും സംഘടിപ്പിച്ചു. നീലഗിരി എന്ന ചിത്രത്തിലെയും മറ്റും പാട്ടുകളാണ്‌ അന്നു ഞാന്‍ കേട്ടത്‌. ഈ സംഭവം ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്തു നടന്നതാവണം. പിന്നെ ഒരിക്കല്‍ എന്തോ ചെക്കു ചെയ്യാനാണെന്നു പറഞ്ഞ്‌ ബാബുചേട്ടന്‍ ആ സെറ്റ്‌ എടുത്തുകൊണ്ടു പോയതിനുശേഷം ഇന്നുവരെ ഞാന്‍ അതു കണ്ടിട്ടില്ല.

പിന്നീട്‌ പാട്ടുകേള്‍ക്കുന്ന ഒരു യന്ത്രം വേണമെന്നു തോന്നിത്തുടങ്ങുന്നത്‌ ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയപ്പോഴാണ്‌. പിനെ ഊണിലും ഉറക്കത്തിലും അതിനെപ്പറ്റി മാത്രമായി ചിന്ത. പത്രത്തില്‍ വരുന്ന ടേപ്പ്‌ റെക്കോര്‍ഡറിന്റെ പരസ്യങ്ങള്‍ വെട്ടിയെടുത്തു രഹസ്യമായി സൂക്ഷിച്ചു. പോക്കറ്റ്‌ മണി എന്ന പേരില്‍ കിട്ടുന്ന അഞ്ചും പത്തുമെല്ലാം ചെലവാക്കാതെ കരുതി വെച്ചു. ആ നോട്ടുകള്‍ വൃത്തിയായി അടുക്കി മേശവലിപ്പിനുള്ളില്‍ വിരിച്ചിരുന്ന പേപ്പറിന്റെ അടിയില്‍ ഒളിപ്പിച്ചു വെച്ചു. ഇക്കണക്കിനു പോയാല്‍ എന്ന് ഞാന്‍ ടേപ്പു വാങ്ങാന്‍ പാകത്തില്‍ ധനികനാവും എന്നു കിനാവുകണ്ടു. തരം കിട്ടുമ്പോഴെല്ലാം ആ പണം എടുത്തെണ്ണി പാട്ടുപെട്ടിസ്വപ്നത്തിന്റെ കസെറ്റ്‌ തിരിച്ചും മറിച്ചും ഞാന്‍ പ്ലേ ചെയ്തു.

കാര്യങ്ങള്‍ തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ മുഖത്തൊരു കൗശലം നിറഞ്ഞ ചിരിയുമായി പിതാജി മുന്നില്‍. "എന്തിനാടാ നീ കാശു സൂക്ഷിക്കുന്നെ?" എന്നൊരു ചോദ്യം. ഞാന്‍ കുടുങ്ങിയില്ലേ. സ്കൂളില്‍ പഠിക്കുന്ന ചെറുക്കന്റെ കയ്യില്‍ അപ്രതീക്ഷിതമായി നാനൂറ്റിചില്വാനം രൂപ കണ്ടാല്‍ ഏതൊരപ്പനും ചോദിക്കും ഇതിന്റപ്പുറത്തെ ചോദ്യം. ഇന്നയാവശ്യത്തിനാണെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അച്ചായിയുടെ ചിരി ഒന്നു കൂടി വികസിച്ചു. ഞാന്‍ എന്തോ ഒരപകടം വരാന്‍ പോകുന്നതു മുന്‍കൂട്ടിക്കണ്ടു. ദേ, വന്നുകഴിഞ്ഞു- "ടേപ്പല്ലേ, അതു നമുക്കു മേടിക്കാം. മുളകു പറിക്കുമ്പോഴാട്ടെ. അപ്പ്പ്പൊ നമുക്കൊരെണ്ണമങ്ങു മേടിച്ചു കളയാം." ബാക്കിയൊന്നും വ്യക്തമായി ഓര്‍ക്കുന്നില്ലെങ്കിലും ഞാന്‍ സ്വരുക്കൂട്ടിയ പണം മേല്‍പ്പറഞ്ഞ വാക്കിന്റെ ഉറപ്പില്‍ അച്ചായിക്കു നല്‍കേണ്ടതായിവന്നു. പദ്ധതിക്കു അംഗീകാരമായി, ഇനി കാര്യങ്ങള്‍ നടത്തുകയേ വേണ്ടൂ എന്നതിനാല്‍ മുളകു പറിക്കേണ്ട സമയമായപ്പോഴേക്കും ഞാന്‍ ഉഷാറായി വിളവെടുപ്പിനിറങ്ങി. കൊടിയുടെ ചുവട്ടില്‍ ഉതിര്‍ന്നു വീഴുന്ന മണികള്‍ പെറുക്കിയെടുത്തുകൊള്ളാനാണ്‌ അനുവാദമെങ്കിലും അതും നോക്കിയിരുന്നാല്‍ കാര്യം നടക്കില്ല എന്നു മനസ്സിലാക്കാനുള്ള എസ്റ്റിമേറ്റിംഗ്‌ സ്കില്ലൊക്കെ എനിക്കുണ്ടായിരുന്നു. ആകയാല്‍ വര്‍ദ്ധിതോല്‍സാഹത്തോടെ നല്ല മുളകുള്ള കൊടിയില്‍ ഏണി വച്ചു കയറിയും കുറെയൊക്കെ ചുവട്ടില്‍ നിന്നും പറിച്ചും ടേപ്പുവാങ്ങുന്നതിനുള്ള കുരുമുളകു സംഭരണം ഞാന്‍ ഉജ്ജ്വലമാക്കി. ലക്ഷ്യപ്രാപ്തിക്കു പ്രധാനം മാര്‍ഗ്ഗമാകയാല്‍ ഇടയ്ക്കിടെ പ്രൊഫഷണല്‍ പണിക്കാര്‍ പറിക്കുന്ന മുളകിന്റെ ചാക്കില്‍ നിന്നും ഒന്നും രണ്ടും പിടി മുളക്‌ സ്വന്തം അക്കൗണ്ടിലേക്കു രഹസ്യമായി ട്രാന്‍സ്ഫര്‍ ചെയ്തു. ഇപ്രകാരം ഒപ്പിച്ച മുളകെല്ലാം പ്രത്യേകം മെതിച്ചുണങ്ങി സൂക്ഷിച്ചു.

ഇടയ്ക്കൊക്കെ തൂക്കിയും നോക്കി. കമ്പോളവില വെച്ചു മതിപ്പു കണക്കാക്കി തികഞ്ഞോ തികഞ്ഞോ എന്ന് ഉദ്വേഗപൂവ്വം അന്വേഷിച്ചു. ഏതാണ്ടു തികഞ്ഞു എന്നായപ്പോള്‍ എരികേറ്റി പര്‍ച്ചേസിനു പുറപ്പെടുകയായി. കട്ടപ്പന ടൗണില്‍ കൊണ്ടുപോയി മുളകുവിറ്റു കാശാക്കി. ഏതാണ്ട്‌ ആയിരത്തിയിരുനൂറുരൂപയ്ക്കുള്ള മുളകുണ്ടായിരുന്നു. അങ്ങനെ 1996 ഫെബ്രുവരി മാസം ഒന്നാം തീയതി ഒരു ഒനിഡ മോണോ വാങ്ങി. അന്നു തന്നെ ഒരു കസെറ്റും വാങ്ങി. ടിപ്സ്‌ മ്യൂസികിന്റെ ബര്‍സാത്‌ എന്ന ഹിന്ദി ചിത്രത്തിലെ ഗാനങ്ങളായിരുന്നു അതില്‍. ഞാന്‍ വാങ്ങിയ ആദ്യ കസെറ്റ്‌- വില 28 രൂപ. അന്നു രാത്രി അച്ചായിയുടെ ഒപ്പം യുദ്ധം ജയിച്ചു വരുന്ന ചക്രവര്‍ത്തിയെപ്പോലെ വീട്ടിലെത്തി.

ബര്‍സാത്തിന്റെ കസെറ്റിലൂടെ വീട്ടില്‍ അന്നു സംഗീതമഴ മണിക്കൂറുകളോളം പെയ്തു. പിറ്റേന്നൊരു തോന്നല്‍- മോണോ പോരാ, സ്റ്റീരിയോ തന്നെ വേണം. വൈകുന്നേരം പൊതിഞ്ഞെടുത്തോണ്ടു പോയി വീണ്ടും കട്ടപ്പനയ്ക്ക്‌. തലേന്നു വാങ്ങിയ സാധനം പിറ്റേന്നു ചെന്നു മാറ്റിയെടുത്തു, നഷ്ടമൊന്നുമില്ല, സ്റ്റീരിയോയ്ക്കു കൂടുതല്‍ പണം വേണ്ടിവന്നതല്ലാതെ. അങ്ങനെ, 1996 ഫെബ്രുവരി മാസം രണ്ടാം തീയതി വിഡിയൊകോണ്‍ എസ്‌എഫ്‌15 എന്ന മോഡല്‍ ടു-ഇന്‍-വണ്‍ എന്റെ കുടുംബാംഗമായി. അന്നും വാങ്ങി ഒരു കസെറ്റ്‌. കെ.എസ്‌. ചിത്രയുടെ തിരഞ്ഞെടുത്ത പാട്ടുകള്‍. 'എന്റെ ഇഷ്ടഗാനങ്ങള്‍' എന്ന പേരില്‍ ഓഡിയൊട്രാക്‍സ്‌ പുറത്തിറക്കിയ ആ കസെറ്റ്‌ കാലത്തിന്റെ അവശതകളോടെ ഇന്നും വര്‍ക്കിംഗ്‌ കണ്ടീഷനില്‍ വീട്ടിലുണ്ട്‌. 'വരുവാനില്ലാരുമീ വിജനമാമീ വഴിക്കറിയാം അതെന്നാലുമെന്നും' എന്നായിരുന്നു ചിത്ര പാടിത്തുടങ്ങിയിരുന്നത്‌.

പിന്നെയിങ്ങോട്ട്‌ കൂട്ടുകാരുടെ കസെറ്റുകള്‍ പങ്കിട്ടും ഇടയ്ക്കിടെ റെക്കോര്‍ഡ്‌ ചെയ്യിച്ചും എന്റെ പ്രിയപ്പെട്ട ഗാനലോകം ഞാന്‍ വിപുലപ്പെടുത്തി. അവധിദിനങ്ങളില്‍ ആകാശവാണിയില്‍ ഉച്ചയ്ക്കു 2.10നുള്ള ചലച്ചിത്രഗാനങ്ങള്‍ക്കായി റെക്കോര്‍ഡ്‌ ബട്ടണില്‍ വിരല്‍ വെച്ചു കാതോര്‍ത്തിരുന്നു. അങ്ങനെയാണു വിദ്യാസാഗറിന്റെ ഈണമായി പ്രണയമണിത്തൂവല്‍ പൊഴിയിച്ച പവിഴമഴയും പുന്നമടക്കായലില്‍ വീണ വെണ്ണിലാച്ചന്ദനക്കിണ്ണവും എന്റെ കൂട്ടുകാരായത്‌. യാദൃശ്ചികമാവണം, എല്ലാ വരിയിലും മഴയുള്ള പ്രണയമണിത്തൂവല്‍ പൊഴിയിച്ച പാട്ടു ഞാന്‍ ഒരു വിലകുറഞ്ഞ പ്ലെയിന്‍ കസെറ്റില്‍ റെക്കൊര്‍ഡ്‌ ചെയ്യുമ്പോള്‍ പുറത്ത്‌ ഇടിവെട്ടി മഴ തകര്‍ക്കുകയായിരുന്നു. ഇടിമിന്നല്‍ കര്‍കറ്‌ര്‍ ശബ്ദമായി റേഡിയോയിലൂടെ വന്നെന്റെ പാട്ടിന്റെ റെക്കോര്‍ഡിംഗ്‌ നിലവാരത്തെ സാരമായി അന്നു ബാധിച്ചു. ഷോര്‍ട്ട്‌വേവ്‌ ബാന്‍ഡില്‍ പേരറിയാത്ത ഏതോ വിദൂരസ്റ്റേഷനുകളില്‍ നിന്നും വരുന്ന ലതാ മങ്കേഷ്ക്കറുടെയും, എസ്‌പിബിയുടെയും, കുമാര്‍ സാനുവിന്റെയും സ്വരങ്ങളെ ഞാന്‍ നെഞ്ചേറ്റി. കാറ്റില്‍ ഉലയുന്ന ഒരു ദീപനാളം പോലെയാണു പാട്ടു കേള്‍ക്കുക. തെല്ലിട വ്യക്തമായും പിന്നെ പതുക്കെ മങ്ങിമങ്ങി വീണ്ടും തെളിഞ്ഞും... അന്നത്തെ ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങള്‍.

മലയണ്ണാര്‍ക്കണ്ണന്‍ മാര്‍ഗഴിത്തുമ്പിയെ മണവാട്ടിയാക്കിയതും മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിന്റെ മാധുര്യമറിഞ്ഞതും പൊന്നാമ്പല്‍ പുഴയിറമ്പത്തു കണ്ട ഓര്‍മ്മ പങ്കിട്ടതും ആ ടു ഇന്‍ വണ്ണിലൂടെയായിരുന്നു. ആറ്റിറമ്പിലെ കൊമ്പിലിരുന്ന തത്തമ്മമാര്‍ കൊഞ്ചിയതും മിഴികൊണ്ടു മിഴികളില്‍ പ്രണയമുഴിയാന്‍ കെല്‍പുള്ള ഇളയരാജായിശൈ മനസ്സില്‍ വേരുപിടിച്ചതും അക്കാലത്തായിരുന്നു. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞ ആരോ പിന്നെയും പിന്നെയും കിനാവിന്റെ പടികടന്നു വന്ന് എന്നെ പാടിയുറക്കി. ചിലപ്പോഴെല്ലാം പ്രാണനിലുണരുന്ന ഗാനം ആത്മാവില്‍ ചിറകുകുടഞ്ഞ പ്രിയയ്കായി ഗന്ധര്‍വ്വന്‍ പാടുമ്പോള്‍ എന്റെ ഉള്ളും അറിയാതെ നൊന്തു. അരയാല്‍ക്കൊമ്പിലിരുന്ന അലയുംകാറ്റിന്റെ ഹൃദയവേദന ഞാനും പങ്കിട്ടു. നെഞ്ചിലെ തീര്‍ത്ഥം വാര്‍ന്നുപോയിരുന്നില്ലെങ്കിലും സൂര്യകിരീടം വീണുടയുന്ന നൊമ്പരഗാനം എന്റെയുള്ളിലും ഏതെല്ലാമോ നൊമ്പരങ്ങള്‍ നിറച്ചു. ശോകഗാനങ്ങളെയും മെലഡികളെയും അറിയാതെ ഇഷ്ടപ്പെട്ടുപോയ ഒരു കാലം..!

വിലപ്പെട്ട സമ്മാനങ്ങളായി രണ്ടു കസെറ്റുകള്‍ എന്റെ പക്കലുണ്ട്‌. ഡിഗ്രി അവസാനവര്‍ഷം പഠിക്കുമ്പോള്‍ ക്രിസ്‌മസ്‌ ഫ്രണ്ടായിരുന്ന എനിക്കു സഹപാഠി തന്ന കസെറ്റാണ്‌ ഒന്ന്. ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഏതാനും ഗാനങ്ങള്‍ എന്നെത്തേടിവന്നതുപോലെ. ജിം മാത്യുവിനു വേണ്ടി ആ കസെറ്റ്‌ തെരഞ്ഞെടുത്തുനല്‍കിയത്‌ അജീഷ്‌ ഗോപാല്‍ ആയിരുന്നു. വൈശാഖസന്ധ്യയും ഇലപൊഴിയും ശിശിരവും നീള്‍മിഴിപ്പീലിയിലെ നീര്‍മണിയുമെല്ലാം ആ കസെറ്റ്‌ എനിക്കുനല്‍കി. പിന്നത്തെ ഗാനോപഹാരം, എണ്‍പതുകളിലെ കുറെ പാട്ടുകള്‍ തിരഞ്ഞെടുത്തു പിടിപ്പിച്ച ഒരു കസെറ്റ്‌. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തു രൂപപ്പെട്ട സൗഹൃദത്തിന്‌ ആ കസെറ്റ്‌ പകരമാവുമായിരുന്നില്ലെങ്കിലും കാലം പോകെപ്പോകെ രജനി മാഡത്തിന്റെ സൗഹൃദത്തിന്റെ വിലയെന്ന പോലെ ആ പാട്ടുകളുടെയും മാധുര്യം ഞാനറിഞ്ഞു. ആലുവാപ്പുഴയെ അഴകുള്ള ഒരു പെണ്ണായി മനസ്സില്‍ തെളിയിച്ച്‌, തേനും വയമ്പും നാവിലുള്ള വാനമ്പാടിയുടെ ശ്രീരാഗവുമായി ആ കസെറ്റിലൂടെ വീണ്ടും എന്നില്‍ നിറഞ്ഞ രവീന്ദ്രസംഗീതം ഞാന്‍ നിധി പോലെ സൂക്ഷിക്കുന്നു, ആരാധിക്കുന്നു. ആ കസെറ്റിലെ ഗാനങ്ങള്‍ മനസ്സിലൊട്ടിയതിനു ശേഷമാണ്‌ എന്റെ ഇഷ്ടഗാനങ്ങളില്‍ പലതും രവീന്ദ്രന്‍ മാഷിന്റെ ഈണങ്ങളായിരുന്നെന്നു ഞാനറിഞ്ഞതു തന്നെ. ഗോപികാവസന്തവും പ്രമദവനവും കളിപ്പാട്ടവും നീലക്കടമ്പുകളും ഒറ്റക്കമ്പിനാദവും അഹവും സൂര്യഗായത്രിയും ആത്മാവിന്‍ പുസ്തകത്താളും രാമായണക്കാറ്റും രാക്കിളിപ്പൊന്മകളുമെല്ലാം പ്രിയങ്കരമായത്‌ അതു രവീന്ദ്രന്‍ മാഷ്‌ എന്ന അതുല്യപ്രതിഭയുടെ ഗാനങ്ങളാണെന്നറിയാതെയായിരുന്നു. ഹരിമുരളീരവം ഒരു വന്‍സംഭവമായിരുന്നതു കൊണ്ട്‌ അതു മാഷിന്റേതാണെന്നു അന്നെ അറിയാമായിരുന്നു. സോഫ്റ്റ്‌വെയര്‍ ട്രെയിനിങ്ങിലായിരുന്ന കാലത്ത്‌ എന്നും ഓഫീസില്‍ വന്നാല്‍ പ്രമദവനം ആദ്യം കേള്‍പ്പിക്കുന്നതരത്തില്‍ ഒരു പ്ലേലിസ്റ്റ്‌ എനിക്കുണ്ടായിരുന്നു. പിന്നീടാണ്‌ രവീന്ദ്രസംഗീതത്തെ പ്രത്യേകം ശേഖരിക്കുകയും തരംതിരിച്ചു സൂക്ഷിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയത്‌. ഇപ്പോഴും എന്റെ ശേഖരം പൂര്‍ണ്ണമല്ല കേട്ടോ.

ചില പാട്ടുകള്‍ തരുന്നത്‌ യാത്രയുടെ ഓര്‍മ്മയാണ്‌. അടുത്തകാലത്തുള്ള ദീപ്തമായ ഒരോര്‍മ്മ ഓണത്തിനു നാട്ടില്‍ പോയതാണ്‌. പന്ത്രണ്ടുദിവസത്തെ അവധിക്കായി ഓണത്തിനു പോകുമ്പോള്‍ അടുത്തിടെ ശ്രീ(ശ്രീശോഭിന്‍)യില്‍നിന്നു കിട്ടിയ ദൂരെയാണു കേരളവും ഡൗണ്‍ലോഡ്‌ ചെയ്തെടുത്ത പൊന്നോണ തരംഗിണിയും ആവണിപ്പൂക്കളും നിറച്ച്‌ ഫുള്‍ചാര്‍ജ്ജുമായി മൊബൈല്‍ കൂട്ടിനുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ്‌ ചീറിപ്പായുമ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ആ പാട്ടുകള്‍ എന്നെ വല്ലാതെ നീറ്റുന്നുണ്ടായിരുന്നു. 'ദൂരെയാണു കേരളം' കേട്ടപ്പോള്‍ പ്രത്യേകിച്ചും. ചന്ദ്രലേഖയിലെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍ക്കുന്നത്‌ ഹൈസ്കൂള്‍ പഠനകാലത്ത്‌ കട്ടപ്പന-ഇരട്ടയാര്‍ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തിയിരുന്ന 'ഗ്രാന്‍ഡ്‌' ബസ്സില്‍ നടത്തിയ ഒരു യാത്രയും. ബസ്സില്‍ നന്നേ തിരക്കുണ്ടായിരുന്നതിനാല്‍ ഹൈറേഞ്ചുവഴിയിലെ ദുര്‍ഘടമായ യാത്രയില്‍ ആലംബം ആ പാട്ടുമാത്രമായിരുന്നതിനാലാണ്‌ ഇന്നും അതോര്‍ത്തിരിക്കുന്നത്‌. കൊച്ചുകൊച്ചു സന്തോഷങ്ങളിലെ കോടമഞ്ഞില്‍ താഴ്‌വരയില്‍ എന്ന ഗാനം കേള്‍ക്കുമ്പോളെല്ലാം രാജകുമാരി എന്‍.എസ്‌.എസ്‌ കോളേജില്‍ പഠിക്കുന്ന കാലത്ത്‌, ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ്‌ വീട്ടില്‍വന്നുമടങ്ങിയ പോക്കാണ്‌. മേല്‍പ്പറഞ്ഞ പാട്ടുകേള്‍ക്കുമ്പോള്‍ മഞ്ഞുമൂടിയ ഏലത്തോട്ടങ്ങളിലൂടെ 'ശക്തി' ബസ്‌ ശാന്തന്‍പാറയിലേക്കു നീങ്ങുകയായിരുന്നു. പാലായിലെ ഒരു സ്ഥാപനത്തില്‍ അവസാനസെമസ്റ്ററിലെ പ്രോജക്ട്‌ ചെയ്യാന്‍ അവിടെ താമസിക്കുന്ന കാലത്തിന്റെ ഓര്‍മ്മകളാണ്‌ 'രസതന്ത്ര'ത്തിലെ ഗാനങ്ങള്‍ ഉണര്‍ത്തുക. അക്കാലത്തെ പതിവാണ്‌ മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള ഗോപുരം ഹോട്ടലിലെ ശാപ്പാട്‌. 'ഉണക്കമീനും വാഴയ്ക്കയും ചാറ്‌' അവരുടെ പ്രത്യേകതയാണ്‌, അതു മാത്രം മതി ഒരില ചോറുണ്ണാന്‍. പിന്നെ കപ്പ-വറ്റക്കറി, പൊറോട്ട-ചിക്കന്‍, പിടി-പോത്ത്‌... ഞനൊന്നും പറയുന്നില്ല.

പാട്ടുകഥ പറഞ്ഞു പറഞ്ഞ്‌ ശാപ്പാടിലെത്തിയപ്പോഴാണ്‌ എനിക്കു വിശക്കുന്നെന്ന ഭീകരമായ സത്യം ഞാനറിയുന്നത്‌. തല്‍ക്കാലം നിര്‍ത്താം. പിന്നെയുമുണ്ട്‌ പാട്ടോര്‍മ്മകളേറെ. ഇനിയും വരാം അവയുമായി.

Thursday, October 16, 2008

ഓര്‍മ്മകളുടെ സുഗന്ധം

ഇന്നാണ്‌ ആ ദിവസം.

മറ്റൊരു വാരത്തിന്റെ തിരക്കുകളിലേക്ക്‌ സ്വസ്ഥമായുണരാന്‍ ഈ ഞായറാഴ്ച കിടക്കുമ്പോഴാണ്‌ ഒക്ടോബര്‍ പതിനാറിന്റെ പ്രത്യേകത ഓര്‍ത്തത്‌. എന്റെ വെല്യമ്മച്ചി(അച്ഛന്റെ അമ്മ)യുടെ ഓര്‍മ്മദിനം. സ്നേഹത്തിന്റെ ആ ആള്‍രൂപം എന്റെ മുന്നില്‍ നിന്നു മറഞ്ഞിട്ട്‌ പന്ത്രണ്ടുവര്‍ഷം.

"Precious Pearls" എന്ന പോസ്റ്റിലൂടെ പണ്ടൊരിക്കല്‍ പങ്കുവെച്ച ആ സ്നേഹം ഞാന്‍ വീണ്ടും പ്രകടിപ്പിക്കുകയാണ്‌. പന്ത്രണ്ടാം ചരമവാര്‍ഷികം എന്ന തലക്കെട്ടില്‍ ഒരു പത്രത്താളില്‍ പല ചിത്രങ്ങളിലൊന്നായി വെല്യമ്മച്ചിയുടെ പടം വരുന്നതിലും ശ്രേഷ്ഠം ഇതാണെന്നു ഞാന്‍ കരുതുന്നു. ഒരുപക്ഷേ, ഇതൊരു സ്വകാര്യമായ അഥവാ വ്യക്തിപരമായ വികാരപ്രകടനമായേക്കാം. തെറ്റാണെങ്കില്‍ സദയം ക്ഷമിക്കുക.

ചാച്ചനും വെല്യമ്മച്ചിക്കും കൂടി ആറുമക്കളിലായി ഞങ്ങള്‍ പതിനേഴു പേരക്കുട്ടികളാണ്‌ ഉണ്ടായിരുന്നത്‌. ആ പതിനേഴില്‍ ചാച്ചനും വെല്യമ്മച്ചിക്കും ഏറ്റവും പ്രിയപ്പെട്ട ആള്‍ ഞാനായിരുന്നു. കാരണം, ആണ്‍മക്കളുടെ ആണ്‍മക്കളില്‍ ഏറ്റവും മൂത്തയാളായ ഞാനായിരുന്നു എന്നും ആ ലാളനകള്‍ക്കു കീഴ്‌പ്പെട്ട്‌ അവരോടൊപ്പമുണ്ടായിരുന്നത്‌. ഈയടുപ്പമാണ്‌ എന്നെ വെല്യമ്മച്ചിയുടെ സന്തതസഹചാരിയാക്കിയത്‌. എത്രയെത്ര യാത്രകള്‍, സന്ദര്‍ശനങ്ങള്‍, പരിചയക്കാര്‍..!

അന്നു ഞാന്‍ കുട്ടിയാണ്‌- പ്രൈമറി സ്കൂളില്‍ പഠിക്കുന്നു. അവധിയാകാന്‍ കാത്തിരിക്കും. ഒരവധിക്കാലത്ത്‌ ഒരു സര്‍ക്കീട്ടെങ്കിലും ഉറപ്പാണ്‌. ഞാനും വെല്യമ്മച്ചിയും തനിയെ. മിക്കവാറും രക്തബന്ധങ്ങള്‍ തേടിയുള്ള യാത്രകള്‍. കാലേകൂട്ടി എല്ലാം ആസൂത്രണം ചെയ്തു വെയ്ക്കും, എന്നു പോകണം, എവിടെല്ലാം പോകണം-എന്നിട്ട്‌ അതിനുവേണ്ട പണമൊക്കെ സമാഹരിക്കും. അവിടെയും ഇവിടെയുമൊക്കെയായി സൂക്ഷിച്ചുവെച്ചിരിക്കുന്ന പഴയ കലം, കുട്ട, സഞ്ചി ഒക്കെ തപ്പിനോക്കിയാല്‍ അറിയാം വെല്യമ്മച്ചിയുടെ വരുമാനസ്രോതസ്സുകള്‍. കൊട്ടപ്പാക്ക്‌, ഗ്രാമ്പൂവിന്റെ തണ്ട്‌, ചൊള്ള്‌, ചീര്‌, കുരുമുളക്‌(കൊടിയുടെ ചുവട്ടില്‍ നിന്നു പെറുക്കിയെടുത്തത്‌), അരിമുളക്‌(തൊലി കളഞ്ഞ കുരുമുളക്‌) എന്നിവയൊക്കെയായിരുന്നു അവയ്ക്കുള്ളിലെ സമ്പാദ്യങ്ങള്‍. കൂടാതെ അടുക്കളയിലെ ഭിത്തിയലമാരയുടെ വലതു വശത്തു തൂക്കിയിട്ടിരുന്ന കിറ്റിന്റെ ചെറിയ അറയില്‍ സൂക്ഷിച്ചിരുന്ന ഏതാനും നോട്ടുകളും, മരുന്നുകള്‍ വെച്ചിരുന്ന അലമാരയിലെ ടിന്നിലെ കുറെ നാണയങ്ങളും!!

അങ്ങനെ ഒരവധിക്കാലം തുടങ്ങും- ഞങ്ങള്‍ ഇരുവരും പ്ലാനുകള്‍ തയ്യാറാക്കും-എന്നിട്ടോ? ചാച്ചനോട്‌ പറഞ്ഞ്‌ അന്തിമാനുവാദം വാങ്ങേണ്ടത്‌ എന്റെ ചുമതലയാണ്‌. ആ നയതന്ത്രദൗത്യം എന്നും ഭംഗിയായിത്തന്നെ ഞാന്‍ നിര്‍വ്വഹിച്ചുപോന്നു. ഒപ്പം കേന്ദ്രത്തില്‍ നിന്നും സാമ്പത്തികസഹായവും ഞാന്‍ തരപ്പെടുത്തിക്കൊടുത്തിരുന്നു.

പിന്നെയൊരു പോക്കാണ്‌- കട്ടപ്പനയിലെത്തുന്നു, കോട്ടയത്തിനു പോകുന്ന ഒരു വണ്ടി പിടിക്കുന്നു. ഉച്ചയോടെ കൊടുങ്ങൂരെത്തി അവിടുന്നാണ്‌ ഊണ്‌. കൊടുങ്ങൂര്‍ കവലയില്‍ തന്നെ ഉള്ള സോമഗിരി എന്നു പേരുള്ള ഒരു ഹോട്ടലിലായിരുന്നു പതിവായി ഞങ്ങളുടെ ഊണ്‌. ഇലയിലാണ്‌ അവിടെ ചോറുവിളമ്പുക. ഊണും കഴിഞ്ഞ്‌ ഇറങ്ങുമ്പോള്‍ പള്ളിക്കത്തോടിനുള്ള ബസ്സ്‌ കിടപ്പുണ്ടാവും. പേര്‌ - യുവരാജ്‌ എന്നാണെന്നു തോന്നുന്നു. പള്ളിക്കത്തോടുനിന്ന് ഞങ്ങള്‍ക്കു പോകേണ്ട ആനിക്കാട്‌ - കവുങ്ങും പാലം ഭാഗത്തേക്ക്‌ അന്ന് എപ്പോഴുമൊന്നും ബസ്സില്ല. ആ രണ്ടുമൂന്നു കിലോമീറ്റര്‍ ഞങ്ങളങ്ങു നടക്കും! വഴിയിലെല്ലാം വല്യമ്മച്ചിയുടെ പരിചയക്കാരാണ്‌. എല്ലാരോടും തമാശയൊക്കെ പറഞ്ഞ്‌, ക്ഷേമമന്വേഷിച്ച്‌, നിരയൊത്ത പല്ലുകള്‍ കാട്ടി ഉറക്കെച്ചിരിച്ച്‌.. കുറെ നേരം യാത്ര ചെയ്തതിന്റെ ക്ഷീണമൊക്കെ പമ്പ കടക്കും. ആവഴിക്കീവഴിക്ക്‌ എന്നൊക്കെപ്പറഞ്ഞു ബന്ധമൊക്കെ പറഞ്ഞു തരും, ആ! എനിക്കതൊന്നും മൊത്തം മനസ്സിലാകില്ല. എന്നാലും എല്ലാം കേട്ടും കണ്ടും ഞങ്ങളങ്ങനെ നടക്കും.

"കെഴക്കൂന്നുള്ളോരിങ്ങെത്തിയല്ലോ! ഞങ്ങളിന്നലെക്കൂടെ പറഞ്ഞതേയുള്ളൂ." പത്താമുദയമഹോല്‍സവത്തിന്റെ പന്തലൊരുക്കുന്നതിനിടയില്‍ റോഡിലൂടെ നടന്നു വരുന്ന ഞങ്ങളെക്കണ്ട ആരോ ഒരാള്‍ വിളിച്ചുപറഞ്ഞത്‌ ഇന്നും എന്റെ കാതിലുണ്ട്‌. പത്താമുദയവും മണ്ഡലകാലത്തെ ഉത്സവവും ഒരിക്കലും വിട്ടിരുന്നില്ല. അവിടെയുള്ള സകലമാന അമ്മാവന്മാരുടെ വീട്ടിലും കയറിയിറങ്ങി ഒരു മൂന്നാലു ദിവസം എല്ലാം മറന്നൊരു നടപ്പാണ്‌. ഉത്സവഘോഷയാത്രയുടെ കൂടെ കൂടി ആ തിരക്കിലലിഞ്ഞ്‌ ആനയും മേളവും തീവെട്ടിയും താലപ്പൊലിയുമെല്ല്ലാം ചേര്‍ന്നു രാവു പകലാക്കിയ മേടം പത്തുകള്‍. ഇതിലേക്ക്‌ വെല്യമ്മച്ചി പതിവായി സംഭാവനയും നല്‍കാറുണ്ടായിരുന്നു. മണ്ഡലസമാപനത്തിനു വൈകുന്നേരം കേളി, തുടര്‍ന്ന് ഭജന, മതപ്രസംഗം പിന്നെ രാവേറെ വൈകി ബാലെ. ഇതിനൊക്കെ കൂട്ടായി വെല്യമ്മച്ചിയും.

അതുപോലെതന്നെ എത്രയോ ക്ഷേത്രദര്‍ശനങ്ങള്‍! ഞായറാഴ്ചകളില്‍ തൊപ്പിപ്പാള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള പതിവുയാത്രകള്‍. കയ്യില്‍ കരുതിയ കര്‍പ്പൂരവും ചന്ദനത്തിരിയും എന്നെക്കൊണ്ടു നടയ്ക്കു വെയ്പിക്കുമ്പോള്‍ എന്തിനാണ്‌ അങ്ങനെ ചെയ്യുന്നതെന്നു പോലും എനിക്കറിഞ്ഞുകൂടായിരുന്നു.

എന്റെ ബാല്യത്തില്‍ ഞാന്‍ എന്റെ പെറ്റമ്മയ്ക്കൊപ്പം ഉറങ്ങിയതിനെക്കാള്‍ കൂടുതല്‍ ഉറങ്ങിയിട്ടുള്ളത്‌ വെല്യമ്മച്ചിയുടെ കൂടെയാണ്‌. ചാച്ചന്റെ കമ്പിളിയുടെ ചൂടുപറ്റി വെല്യമ്മച്ചിയോട്‌ ചേര്‍ന്നുകിടന്ന തണുപ്പുള്ള രാത്രികളും, കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വീശുപാള നല്‍കിയ സുഖത്തിലുറങ്ങിയ രാവുകളും സ്‌മൃതിനാശം വന്നാലും മറക്കാനൊക്കില്ല. ആ കിടപ്പില്‍ അസംഖ്യം റേഡിയോ നാടകങ്ങള്‍ക്കു ഞങ്ങള്‍ കാതോര്‍ത്തിരുന്നു. രാവിലെ ഉറക്കമുണര്‍ത്തുന്നത്‌ ആലപ്പുഴനിലയം ട്യൂണ്‍ ചെയ്തു വെച്ചിരിക്കുന്ന റേഡിയോയിലെ സുഭാഷിതവും പിന്നെ വരുന്ന ഉദയഗീതങ്ങളും. ഇടയ്ക്കെപ്പൊഴോ എത്തുന്ന ഡല്‍ഹി റിലേ ഇംഗ്ലീഷ്‌ വാര്‍ത്തയെ തെല്ലൊരീര്‍ഷ്യയോടെ ചാച്ചന്‍ ഓഫാക്കിക്കളയുന്നതും ഞാനോര്‍ക്കുന്നു. കിടക്ക വിട്ടെണീക്കുമ്പോള്‍ തെളിഞ്ഞുകത്തുന്ന നിലവിളക്കാവും വന്ദനം പറയുക. പിന്നെ പ്രഭാതഭേരിയും പ്രിന്‍സ്‌ മൈദയുടെ പരസ്യവുമെല്ലാം കഴിഞ്ഞ്‌ പ്രാദേശികവാര്‍ത്തകള്‍ കോഴിക്കോട്‌ റിലേ.

മലയാളമാസം ഒന്നാം തീയതി വീട്ടില്‍ ആദ്യം കേറുന്നതു ഞാനായിരിക്കണമെന്ന ഒരു നിര്‍ബ്ബന്ധവും വെല്യമ്മച്ചിക്കുണ്ടായിരുന്നു. തലേദിവസം സമീപത്തു തന്നെയുള്ള സ്വന്തം വീട്ടില്‍ കിടന്നിട്ട്‌ രാവിലെയാണ്‌ ഈ ഒന്നാം തീയതികേറ്റം. ഈ ഐശ്വര്യദാനത്തിനുള്ള പ്രതിഫലമെന്നോണം ഒരുകുറ്റി പുട്ട്‌ (മിക്കവാറും ഉണ്ടാക്കാറുള്ളതു പുട്ടാണ്‌) ആവിപറത്തി, പഴത്തിന്റെയും പഞ്ചസാരയുടെയും കൂടെ എന്നെക്കാത്തിരിക്കുന്നുണ്ടാവും ഞാന്‍ എത്തുമ്പോള്‍.

എപ്പോഴും എല്ലാത്തിനോടും സംസാരിച്ചു നടക്കുന്ന ആളായിരുന്നു വെല്യമ്മച്ചി. അതു ചിലപ്പോ പാത്രങ്ങളോടാവാം, വീട്ടിലെ മൃഗങ്ങളോടാവാം. ചിലപ്പോള്‍ പറമ്പിലെ മരത്തിലിരുന്നു ചിലയ്ക്കുന്ന പക്ഷിയോടാവാം. ഒരിക്കല്‍ അങ്ങനെ ചിലച്ചുകൊണ്ടിരുന്ന പക്ഷി 'മോഹനാ..' എന്നാണു വിളിക്കുന്നതെന്നും പറഞ്ഞ്‌ അതിനോട്‌ 'മോഹനനിന്നലെ പോയി' എന്നു പലവട്ടം എന്നെക്കൊണ്ട്‌ മറുപടി പറയിപ്പിച്ചിട്ടുണ്ട്‌(അച്ഛന്റെ അനിയന്റെ പേരു മോഹനന്‍ എന്നാണ്‌!). നടന്നുപോയവഴിയില്‍ അറിയാതെ കാല്‍തട്ടിയ ഒരു കല്ലിനെ 'നീയെന്തിനാ കോപ്പേ ഇവിടെയിപ്പൊ വന്നു കിടന്നെ?' എന്നു ഗുണദോഷിക്കാന്‍ വെല്യമ്മച്ചിക്ക്‌ ഒരു മടിയും ഒരുകാലത്തുമുണ്ടായിട്ടില്ല.

പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന തെങ്ങിന്റെയും മാവിന്റെയും പേരില്‍ ഓരോ കഥയെങ്കിലും പറയാനുണ്ടായിരുന്നു വെല്യമ്മച്ചിക്ക്‌. 'ചാച്ചന്‍ നിന്റെ അപ്പനെക്കൊണ്ടു വെയ്പ്പിച്ചതാ ആ തെങ്ങ്‌ !' എന്നു പറഞ്ഞു ചൂണ്ടിക്കാണിച്ചു തരും. ഞങ്ങള്‍ക്കിടയില്‍ ഒരുപാടു തമാശകളും സംഭവിക്കാറുണ്ടായിരുന്നു. പണ്ടു നെല്ലും കരിമ്പും കൃഷിയുണ്ടായിരുന്ന കാലത്തെ ഓര്‍മ്മകളും വികൃതിയിലും എന്റെ അപ്പനായ അപ്പന്റെ ചെയ്തികളും വെന്താല്‍ പുട്ടുപോലെ പൊടിയുന്ന കപ്പയുടെയും ചേമ്പിന്റെയും നീലക്കാച്ചിലിന്റെയും പുരാണങ്ങളും കൊണ്ട്‌ ഞങ്ങളുടെ വേളകള്‍ സമ്പുഷ്ടമായിരുന്നു.

ഒരിക്കലൊരു കരിക്കു വെട്ടിത്തന്നുകൊണ്ട്‌ വിളിച്ചത്‌ നാക്കു പിഴച്ച്‌ ഇങ്ങനെയായിപ്പോയി: "ഇന്നാടാ, മാക്രി വെള്ളാത്ത മുള്ളം!!" ചൊറിച്ചുമല്ലലും കല്‍ക്കട്ട ന്യൂസ്‌ എന്ന സിനിമയില്‍ മീരാ ജാസ്മിന്റെ കഥാപാത്രം 'അയ്‌നങ്ങനെ പയ്‌നറയുന്ന' കുസൃതിയുമൊക്കെ എമ്പണ്ടേ ഞങ്ങളുടെ കമ്പനിക്കു രസമേറ്റിയിരുന്നു!

പിന്നെയൊരു സംഗതിയുള്ളത്‌ ഞങ്ങളൊന്നിച്ചുള്ള ഷോപ്പിങ്ങാണ്‌. ഷോപ്പിങ്ങെന്നു പറഞ്ഞാല്‍ ഒരുപാടു പരിഷ്കാരമായിപ്പോകും- ചന്തയ്ക്കു പോക്ക്‌ എന്നു വേണം പറയാന്‍. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക ഓര്‍മ്മിപ്പിക്കലും ഓട്ടോ വിളിക്കലും മറ്റുമാണ്‌ എന്റെ ചുമതല. വാതത്തിന്റെയും മറ്റും അസ്കിതകളൊക്കെ അല്‍പമുണ്ടായിരുന്നു. കട്ടപ്പന സന്തോഷ്‌ തീയേറ്ററിനടുത്തുള്ള, രാഘവന്‍ വൈദ്യരുടെ വൈദ്യശാലയില്‍ നിന്നാണ്‌ മരുന്നു വാങ്ങുക. ചാച്ചന്റെ ചുമയെകരുതി വാങ്ങുന്ന ഡാബര്‍ ലേഹ്യത്തില്‍ നിന്നും ഒരു ഞോണ്ട്‌ തിന്നുന്നത്‌ എന്റെയൊരു വീക്‍നെസ്‌ ആയിരുന്നു. അന്നു പതിവായി വാങ്ങുന്ന ഒരു സ്‌നാക്സ്‌ ഐറ്റമാണു പൊരിക്കടല. പിന്നെ ചന്തയില്‍ നിന്നും അത്യാവശ്യസാധനങ്ങളും വാങ്ങി മടക്കം. പരിചയമുള്ള ഒരു ഓട്ടോ മടക്കയാത്രയ്ക്കു വിളിക്കുന്നത്‌ എന്റെ പൂര്‍ണ്ണഉത്തരവാദിത്വമാണ്‌. അക്കാലത്ത്‌ പ്രതീകം എന്നു പേരുള്ള ഒരോട്ടോ ഉണ്ട്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അതിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ KL 7 D 4998 എന്നായിരുന്നു. പ്രതീകം ഓട്ടോ ഓടിക്കുന്ന ജോസുചേട്ടന്‍ 'പ്രതീകം ജോസ്‌' എന്നാണറിയപ്പെട്ടിരുന്നത്‌. നാട്ടുകാര്യങ്ങളൊക്കെപ്പറഞ്ഞ്‌ ഞങ്ങളങ്ങനെ പോരും.

ഒരിക്കലും മറക്കാനാവാത്ത വിലപ്പെട്ട ഒരു സമ്മാനം വെല്യമ്മച്ചി എനിക്കു തന്നിട്ടുണ്ട്‌. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിവിറ്റും പോസ്റ്റ്‌ ഓഫീസ്‌ ചിട്ടികൂടിയുമൊക്കെ വാങ്ങിത്തന്ന കഷ്ടിച്ച്‌ ഒരു പവന്‍ തൂക്കമുള്ള ഒരു താരമാല! അത്‌ ഇടയ്ക്കൊന്നു തൂക്കം കൂട്ടി മാറ്റി എടുത്തിരുന്നുവെങ്കിലും വെല്യമ്മച്ചിയോടുള്ള വാക്കുകള്‍ക്കതീതമായ ആത്മബന്ധത്തിന്റെ സാക്ഷിയായി ഇപ്പോഴും എന്റെ കഴുത്തില്‍.


സ്നേഹത്തിന്റെ ആ ആള്‍രൂപം

എഴുതിയെഴുതി ഒരുപാടായോന്നൊരു സംശയം. എത്രയെഴുതിയാലും തീരില്ല. എങ്ങനെയെഴുതിയാലും എനിക്കതു വരച്ചുകാട്ടാനാവില്ല. ആ സ്നേഹമിന്നും നെഞ്ചിലുണ്ട്‌. ഏതെങ്കിലും കഥാപുസ്തകത്തില്‍ മുഴുകിയിരിക്കുന്ന എന്നെത്തേടി വരുന്ന പേരെടുത്തുള്ള രണ്ടുവിളികളെയും ഞാന്‍ അറിയാതെ അവഗണിക്കുമായിരുന്നു. അവസാനം അറ്റകൈക്കാണ്‌ "ഡാ, വേട്ടോനെ.." എന്നു വിളിക്കുന്നത്‌. അറിയാതെ വിളി കേട്ടുപോകും. ഓടിച്ചെല്ലുമ്പോള്‍ എന്തെങ്കിലും കിട്ടും, കേട്ടോ! ആ സാന്നിദ്ധ്യമാണ്‌ നഷ്ടമായത്‌. പിരിഞ്ഞ നേരത്ത്‌ ഒരിറ്റുകണ്ണീരു ഞാന്‍ വീഴ്‌ത്തിയില്ലെങ്കിലും പിന്നെയെന്നും ഓര്‍ക്കുമ്പോള്‍ അറിയാതെ ഒരു ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങിയും, ഒരുമാത്ര ശ്വാസം ഉടക്കിയും, ഒന്നുകൂടി കണ്ണ്‌ ഈറനണിഞ്ഞും...

വളരണ്ടായിരുന്നു, ആര്‍ക്കും ആരെയും പിരിയേണ്ടി വരരുതായിരുന്നു...

Thursday, October 09, 2008

ശശിയേട്ടന്റെ ശീലം

"നിങ്ങളുടെ ഉറക്കം കെടുത്തുന്നതെന്താണ്‌? ജോലിസംബന്ധിച്ച പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ സാമ്പത്തികബാദ്ധ്യതകളോ ആണോ? ഇവയൊന്നുമില്ലാത്തവര്‍ക്കു പോലും ശശി എന്ന മറുനാടന്‍ മലയാളി ഒരു ശല്യമായതെങ്ങനെ? ഇന്നത്തെ ഹാസ്യനെറ്റ്‌ സ്പെഷ്യല്‍ ലൈവുമായി ഭോപ്പാലില്‍ നിന്നും ഞങ്ങളുടെ പ്രതിനിധി അശാന്ത്‌ പരവേശം നമ്മോടൊപ്പമുണ്ട്‌. അശാന്ത്‌ ... അശാന്ത്‌..??"

"ആഹ്‌, എടാ കിച്ചുവേ, കുരുക്ഷേത്ര റിലീസായോടാ?"

"അശാന്ത്‌ നാമിപ്പോ എയറിലാണ്‌..!!"

"എന്റെ പൊന്നേടാവ്വേ, പറയണ്ടേ!?? എം..മ്‌.. കിഷോര്‍..?"

"അശാന്ത്‌? കേള്‍ക്കാമോ?"

"കേള്‍ക്കാം, കിഷോര്‍"

"അശാന്ത്‌, ഭോപ്പാലുകാരനായ ശ്രീമാന്‍ ശശിയുടെ ശീലക്കേടുകളെപ്പറ്റി എന്താണ്‌ കൂടുതല്‍ വിവരങ്ങള്‍?"

അശാന്ത്‌: "കിഷോര്‍, ഭോപ്പാലിലുള്ള ഒരു ചെറുകിട സ്റ്റീല്‍പ്ലാന്റിലെ ജോലിക്കാരനാണ്‌ കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയായ ശശി. ശശി ഇവിടെ ജോലി നോക്കാന്‍ തുടങ്ങിയിട്ട്‌ രണ്ടു വര്‍ഷത്തിലേറെയായി. സഹപ്രവര്‍ത്തകരുടെ ഇടയില്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്ന ശ്രീ ശശി എങ്ങനെ അയല്‍ക്കാരുടെ ഇടയില്‍ ഒരു ഉറക്കം കെടുത്തുന്ന വ്യക്തിയായി മാറി എന്നതിന്റെ പൊരുള്‍ അന്വേഷിച്ച്‌ ഞങ്ങള്‍ എത്തിപ്പെട്ടത്‌ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിലാണ്‌. സ്വന്തം ജീവിതത്തെപ്പറ്റി ശശിക്കു പറയാനുള്ളത്‌: "

ശശി: "ഞാന്‍ ഇവിടെ പണിക്കു വന്ന കാലം മുതല്‍ ഈ ഫ്ലാറ്റിലാണു താമസം. നാട്ടിലുള്ള ഭാര്യയെയും സ്കൂളില്‍ പഠിക്കുന്ന മക്കളേം ഓര്‍ത്ത്‌ സ്വന്തമായി ആഹാരം പാകം ചെയ്തു കഴിച്ചും ഉറങ്ങിയും ഇവിടെ ഞാന്‍ ജീവിക്കുന്നൂന്നല്ലാതെ ആര്‍ക്കും ഒരുപദ്രവോം ചെയ്യാന്‍ ഞാന്‍ പോയിട്ടില്ല. മിക്കവാറും എനിക്കു നൈറ്റ്‌ ഷിഫ്റ്റാരിക്കുവേ. അപ്പോ വൈകിട്ട്‌ ആറുമണിക്കു കേറിയാ വെളുക്കാപ്പൊറത്തു മൂന്നു മണിയോടെ ഞാന്‍ റൂമിലോട്ടു തിരിച്ചു വരും. വന്നുകഴിഞ്ഞാല്‍ വേഗം വേഷം മാറി ഒന്നു കുളിച്ച്‌ കിടക്കാറാണു പതിവ്‌..."

കിഷോര്‍: "നന്ദി അശാന്ത്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി വീണ്ടും ബന്ധപ്പെടാം. ശശിയുടെ സ്വദേശമായ മുണ്ടക്കയത്തുനിന്നും കൂടുതല്‍ വിവരങ്ങളുമായി ആന്റോ മാത്യു നമ്മോടൊപ്പമുണ്ട്‌. ആന്റോ ശശിയെപ്പറ്റി എന്താണു കൂടുതല്‍ വിവരങ്ങള്‍?"

ആന്റോ: "കിഷോര്‍, തികച്ചും അധ്വാനിയായ ദു:ശ്ശീലങ്ങളില്ലാത്ത കുടുംബത്തിനായി പ്രയത്നിക്കുന്ന ഒരാളാണു ശശി എന്നാണ്‌ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്‌. നമുക്ക്‌ ശശിയുടെ ഭാര്യ ശ്രീമതി രമണിയോടു ചോദിക്കാം...."

രമണി: "ശശിയേട്ടന്‌ എന്നും നൈറ്റ്ഷിഫ്റ്റാ. വെളുപ്പിനെ മൂന്നുമണിയാകുമ്പഴാ വരുന്നെ. ഫാക്ടറീടെ അടുത്തു തന്നെയാ താമസം കേട്ടോ. സൈക്കളേലാ പോക്കും വരവും. ഫര്‍ണസിനടുത്തു നിന്നോണ്ടുള്ള പണിയായകൊണ്ട്‌ ഭയങ്കര ക്ഷീണവാന്നേ. പാവം മടുത്തുകുത്തിയാ വന്നുകേറുന്നെ കെട്ടോ. പക്ഷേ ഒറ്റയ്ക്കല്ലേ താമസം? അതുകൊണ്ട്‌ എപ്പോ വന്നുകേറിയാലും എപ്പോ ഇറങ്ങിപ്പോയാലും ആര്‍ക്കും ഒരു ശല്യവുമില്ല. പൈസാ ഒക്കെ മാസാമാസം അയച്ചു തരും കേട്ടോ. ദൂരെയാന്നേലും എന്നോടും പിള്ളേരോടും നല്ല സ്നേഹവാ. പൂജേടെ അവതിക്കു വരുമെന്നാ പറഞ്ഞേക്കുന്നെ."

കിഷോര്‍: "വളരെ നന്ദി, ആന്റോ. നമ്മുടെ കഥാനായകനായ ശ്രീമാന്‍ ശശിയുടെ ഭാര്യ രമണി നല്‍കിയ വിവരണമാണ്‌ നിങ്ങള്‍ ഇപ്പോള്‍ കേട്ടത്‌. തികച്ചും അധ്വാനിയും പ്രയത്നശാലിയും കുടുംബത്തോടു സ്നേഹവുമുള്ളവനാണു ശശി എന്നാണു നമുക്കു കിട്ടിയിരിക്കുന്ന വിവരം. വീണ്ടും ഭോപ്പാലിലേക്ക്‌... അശാന്ത്‌? ശശിയെപ്പറ്റി അവിടുത്തുകാരുടെ അഭിപ്രായം എന്താണ്‌?

അശാന്ത്‌: "കിഷോര്‍, ശശിയുടെ അയല്‍ക്കാരനായ ശ്രീ ഔസേപ്പച്ചനാണു നമുക്കായി വിവരങ്ങള്‍ നല്‍കുന്നതിന്‌ എന്നൊടൊപ്പമുള്ളത്‌. ഔസേപ്പച്ചന്‍, എന്താണു ശശി സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നം? ഒന്നു വിശദീകരിക്കാമോ?"

ഔസേപ്പച്ചന്‍: "ഓ, യെന്നാ പറയാനാ? ശശി വളരെ മര്യാദക്കാരനായ ഒരു മനുഷ്യനാന്നേ. പക്ഷേങ്കി, അയാളു കാരണം കെടക്കപ്പൊറുതി ഇല്ലാണ്ടായേക്കുവാ. മുതുപാതിരാത്രി കഴിഞ്ഞു കൊച്ചുവെളുപ്പാങ്കാലമാകുമ്പോളേക്കും അങ്ങേരു കേറി വരും. വരുമ്പളേ അറിയാം. ആറാറരയടിപ്പൊക്കോം അതിനൊത്ത വണ്ണോമൊള്ള മനുഷേനല്ലിയോ. ആ കമ്പനി ഷൂസിട്ടു മേലോട്ടു പടി കേറിപ്പോകുമ്പോത്തന്നെ ഈ ബില്‍ഡിങ്ങു മുഴുവന്‍ കെടന്നു കുലുങ്ങാന്‍ തൊടങ്ങും. അതു പോട്ടെ, മണ്ടേലേ, ഹാ, അയാള്‍ടെ റൂമീച്ചെന്നിട്ടേ, ഷൂസു രണ്ടുമൂരി ഒറ്റയേറാ. ഒന്നു വടക്കേ മൂലയ്ക്കോട്ടും അടുത്തെ തെക്കെ മൂലയ്ക്കോട്ടും. എന്റെ താമസം അതിന്റെ തൊട്ടുതാഴത്തല്ലിയോ. ആ കുന്ത്രാണ്ടം എന്റേം പെണ്ണുമ്പിള്ളേടേം കൂടെ മേത്തോട്ടാ വീഴുന്നേന്നൊരു തോന്നലാ. ഒറക്കം പോക്കാന്നേ."

അശാന്ത്‌: "ഔസേപ്പച്ചന്റെ ഭാര്യ ശോശാമ്മ എന്തുപറയുന്നു എന്നു നോക്കാം."

ശോശാമ്മ: "ഉയ്യോ, എന്റെ കൊച്ചേ, ഇതിയാന്‌, ആര്‍ക്കാ? എന്റെ കെട്ടിയോന്‌ ഫയങ്കര ഒറക്കവാ. ആ ശശിയൊണ്ടല്ലോ, ഡൂട്ടി കഴിഞ്ഞുവന്നേച്ച്‌ ഷൂസൂരിയേറാ പരുവാടി. ഞങ്ങള്‍ക്കു താഴെക്കെടന്നൊറങ്ങണ്ടായോ? ഒരു ദിവസം ഞാനങ്ങേരെ കണ്ടപ്പൊ കാര്യം അങ്ങു പറഞ്ഞേച്ചു- ദേയിതിങ്ങനെ പോയാപ്പറ്റത്തില്ലാ, നിങ്ങളു കഷ്ടപ്പെടുന്നൊണ്ടാരിക്കും, കുടുമ്മം നോക്കുന്നുണ്ടാരിക്കും, അതൊന്നും ഇവിടത്തെ ബാക്കി താമസക്കാരടെ ഒറക്കം കളഞ്ഞോണ്ടു വേണ്ട ശശിയേ! കര്‍ത്താവിനെ ഓര്‍ത്ത്‌ രാത്രി വന്നേച്ച്‌ ഷൂസൂരിയെറിയുന്ന ആ പരുവാടിയൊണ്ടല്ലോ അതങ്ങു നിര്‍ത്തിയേക്കണേന്ന്. "

അശാന്ത്‌: "വീണ്ടും ശശിയിലേക്ക്‌.. ശശി, ഇങ്ങനെ ഒരു താക്കീത്‌ അല്ലെങ്കില്‍ ഭീഷണി അല്ലെങ്കില്‍ മുന്നറിയിപ്പ്‌ ഔസേപ്പച്ചന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നുണ്ടായതാണോ? ആണെങ്കില്‍ എങ്ങനെയാണു താങ്കള്‍ അതിനോടു പ്രതികരിച്ചത്‌?"

ശശി: "അവര്‍ അങ്ങനെ പറഞ്ഞു എന്നതു നേരാ. അങ്ങനെ പറഞ്ഞേന്റെ പിറ്റേ ദിവസം ഞാന്‍ ജോലി കഴിഞ്ഞ്‌ വന്നപ്പോ പെട്ടെന്നീ കാര്യം മറന്നു പോയി. ആദ്യത്തെ ഷൂസ്‌ ഊരിയെറിഞ്ഞു കഴിഞ്ഞപ്പോഴാ ശോശാമ്മച്ചേടത്തി പറഞ്ഞകാര്യം ഞാനോര്‍ത്തെ. ഏതാണ്ടു രണ്ടൂന്നുകൊല്ലമായിട്ടൊള്ള ശീലവാ. പെട്ടെന്നു നിര്‍ത്താമ്പറ്റിയില്ല. രണ്ടാമത്തെ ഷൂ ഊരി ഞാന്‍ പതുക്കെയാ നെലത്തു വച്ചെ. അപ്പോ ഏതാണ്ടു മൂന്നേകാലായിക്കാണും. പിന്നെപ്പോയി ഡ്രെസ്സുമാറ്റി കുളിച്ചേച്ചു വന്നുകെടന്നു. അതുകഴിഞ്ഞ്‌ ഏതാണ്ട്‌ നാലുനാലരയായിക്കാണും, ഈപ്പറഞ്ഞ ഔസേപ്പച്ചന്റെ നേതൃത്വത്തില്‍ ഈ ബില്‍ഡിങ്ങീ താമസിക്കുന്ന ഒരു പത്തിരുപത്തഞ്ചു കുടുമ്മക്കാരു വന്ന് എന്റെ വാതിലീ മുട്ടി. എന്നാ കാര്യവെന്നു ചോദിച്ചപ്പോ അവരു പറയുവാ- എടാ, മുണ്ടക്കയംകാരന്‍ മുണ്ടാ, മറ്റവനേ മറിച്ചവനേ, എത്ര നേരവാന്നുവെച്ചാടാ കാത്തിരിക്കുന്നേ? ആ രണ്ടാമത്തെ ഷൂ കൂടി ഒന്നെറിയുവാരുന്നേല്‍ വേണ്ടുകേലാരുന്നൂന്ന്..."

Saturday, October 04, 2008

എ ക്വസ്റ്റിന്‍ ടു ദ്‌ ഗോഡ്‌ - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും-3

കഴിഞ്ഞ കഥ
"ഹ്ം.. അതേടാ, ആക്കാലത്ത്‌ അങ്ങനെയൊക്കെ തോന്നും. ഇന്നു നിനക്കു തോന്നുന്നുണ്ടോ? ഇല്ലല്ലോ? ഇസ്‌ യുവര്‍ ലൈഫ്‌ എ ബിഗ്ഗ്ഗ്ഗ്‌ ക്വസ്റ്റിന്‍ മാര്‍ക്‌ നൗ?"

അവന്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഓര്‍മ്മകളില്‍ കലണ്ടര്‍ താളുകള്‍ മറിഞ്ഞു. മേലെ മേഘം മറയ്ക്കാനൊരുങ്ങുന്ന നിലാവേറ്റ്‌ അവന്‍ ടെറസ്സില്‍ മലര്‍ന്നു കിടന്നു.

"അല്ലെടാ. അല്ല. എല്ലാം തീരുമെന്നും അഴുക്കുചാലിലെ പെരുച്ചാഴിയെപ്പോലെ നരകിച്ചു ജീവിക്കേണ്ടി വരുമെന്നും കരുതിയിരുന്നിടത്തു നിന്നു നീ പിടിച്ചു കേറിയില്ലേ? അന്നു നീയില്ലെന്നു പറഞ്ഞതെല്ലാം പടവെട്ടി നേടിയില്ലേ?"

"നേടി. അന്നില്ലാതിരുന്നതൊക്കെ നേടി. ജീവിതസൗകര്യങ്ങള്‍, നല്ല വീട്‌, സുഹൃത്തുക്കള്‍, നല്ല ജോലി, സാമ്പത്തികം, വണ്ടി -എല്ലാം. പക്ഷേ ഇതിനെല്ലാമിടയില്‍ വെച്ചു നഷ്ടപ്പെട്ടുപോയ ഒന്നുണ്ട്‌ - ഇന്നു നേടിയതെന്ന് പറഞ്ഞതെല്ലാം കൊടുത്താലും തിരിച്ചു കിട്ടാത്ത ഒന്ന്. അവള്‍..! അതൊരു തീരാത്ത നഷ്ടമാടാ!" ഒന്നു നിര്‍ത്തി അവന്‍ പാടി:

"അമ്മാടിയോ നീതാന്‍..
ഇന്നും സിറുപിള്ളൈ...
താങ്കാതമ്മാ നെഞ്ചം...
നീയും സൊന്ന സൊല്ലൈ..
പൂന്തേനേ നീ താനേ
സൊല്ലില്‍ വെയ്ത്തായ്‌ മുള്ളൈയ്‌..."


എന്റെ കണ്ണു മിഴിഞ്ഞു. "വൗ.. എത്ര നാളു കൂടിയാടാ നീ പാടുന്നതു കേള്‍ക്കുന്നെ? ഹും... പക്ഷേ, കിട്ടാന്‍ പോകുന്നത്‌ അതിലും നല്ല ബന്ധമല്ലേ?"

പ്രദീപ്‌ കുറച്ചു കൂടി വെള്ളം കുടിച്ചു. മുഖത്തിന്റെ ഇടതുവശം കൊണ്ടൊന്നു ചിരിച്ചു. "നീ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കണോ? കൗമാരം മുതല്‍ കാത്തുവെച്ച സ്വപ്നം. മുതിര്‍ന്നപ്പോള്‍, ജീവിതത്തോടു പടവെട്ടാന്‍ തുടങ്ങിയപ്പോള്‍ പരസ്പരം കൈമാറിയ സ്വപ്നം. കുടുംബം നല്‍കിയ ഉത്തരവാദിത്വത്തിനു മേല്‍ പ്രചോദനമായി നിന്ന സ്വപ്നം. ഐ ലോസ്റ്റ്‌ ദാറ്റ്‌ ഡ്രീം ഫോര്‍ എവര്‍! അതു ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം നിനക്കൊന്നു സങ്കല്‍പ്പിക്കാമോ? ഒണ്‍ലി ഇഫ്‌ യു ഹവ്‌ എവര്‍ - ഐ മീന്‍ എവര്‍- ബീന്‍ ഇന്‍ ദ ഫീലിങ്ങ്‌ കാള്‍ഡ്‌ ലവ്‌!"

"ഞാന്‍ തകര്‍ന്നോ? നീ പറഞ്ഞപോലെ നിരാശാകാമുകനായി നടന്നോ? ഇല്ല. എന്നാലും എന്റെ ജീവിതം എന്താണെന്നും എന്തിനാണെന്നും ഈ ലോകത്ത്‌ ഏറ്റവും നന്നായി അറിയുന്നവളായിരുന്നു അവള്‍. ആ അവള്‍ എന്നോട്‌ ഉറപ്പു ചോദിച്ചു - എന്നവള്‍ക്കൊരു ജീവിതം കൊടുക്കാനൊക്കുമെന്ന്. ബോംബെയില്‍ ഒരു നിഷ്ഠൂരമാര്‍വാഡീടെ എക്സ്‌പോര്‍ട്ടിങ്ങിന്റെ കണക്കെഴുത്താ അന്ന്. രാത്രി പത്തും പന്ത്രണ്ടും വരെ ജോലി ചെയ്യുന്ന കാലം. ഇരുപത്തഞ്ചു പൈസാ പോലും അനാവശ്യമായി ചെലവാക്കാതെ കടിച്ചു പിടിച്ചു ജീവിക്കുകാ. വീട്ടിലൊരാള്‍ക്കു പനി വന്നാല്‍ മതി, എല്ലാം കൊഴയാന്‍. ഇതീന്നൊക്കെ കരകേറുന്ന കാലത്ത്‌ അവളും എന്റെ കൂടെക്കാണുമെന്ന് ഞാന്‍ സ്വപ്നം കണ്ടു. അവള്‍ക്കറിയാമായിരുന്നു ഇതെല്ലാം. എന്നിട്ടും അവളെന്നോടു ചോദിച്ചു- എന്നു ജീവിതം കൊടുക്കാന്‍ പറ്റുമെന്ന്... എന്തു ജീവിതം? സ്വന്തമായി പ്രതീക്ഷ പോലുമില്ലാത്തവന്‍ എങ്ങനെയാടോ ഒരു പെണ്ണിനു ജീവിതം കൊടുക്കുക? സ്നേഹം കഴുകി അടുപ്പത്തിട്ടാ ചോറാകുവോ? അന്നാടാ ഞാന്‍ തിരിച്ചറിഞ്ഞത്‌, പ്രണയിക്കാന്‍ നടക്കുന്നവന്‍ ഒന്നുകില്‍ ഫുള്‍ സെറ്റപ്പിലായിരിക്കണം അല്ലെങ്കില്‍ ഗട്‌സ്സ്‌ വേണം, എന്നാത്തിനാ? വിശ്വസിച്ച പെണ്ണിനേം കൊണ്ട്‌ പൊട്ടക്കുളത്തിലേക്കു ചാടാന്‍. ഇതൊന്നുമില്ലാത്തവന്‍ പഴത്തൊലിയെറിയുന്ന പോലെ എറിഞ്ഞോണം - അവന്റെ ഉള്ളിന്റെയുള്ളില്‍ കാത്തുവെച്ച മോഹമെല്ലാം..."

പ്രദീപ്‌ ഒരു ഞൊടി നിര്‍ത്തി. "... പെണ്ണുങ്ങള്‍ എപ്പളും സേഫര്‍ സൈഡേ നോക്കത്തൊള്ളടാ. അതവളും ചെയ്തു- ഞാന്‍ പ്രതീക്ഷിച്ചതല്ലേലും. നമ്മളോ അതെല്ലാം മറന്ന് സ്വന്തം വിധിയോടു പടവെട്ടണം. എന്നിട്ട്‌ എന്നെങ്കിലും രക്ഷപ്പെടുന്ന നാള്‍ ഇങ്ങനെ സ്വന്തം കൂട്ടുകാരന്റെ ടെറസ്സില്‍ വന്നിരുന്ന് അന്നിതെല്ലാം ഉണ്ടായിരുന്നെങ്കില്‍ എന്നു വെറുതെ ആശിക്കണം. ഹാ..ഹ്ഹാ...!! ഒരു തരത്തില്‍ പറഞ്ഞാല്‍ ജീവിതം നമ്മളെ എന്നതെല്ലാം കോലം കെട്ടിക്കുന്നു. ഒരു വേള എല്ലാം പിടിച്ചു വെയ്ക്കുന്നു, പിന്നെ ഇന്നാടാ ഉവ്വേന്നും പറഞ്ഞ്‌ എല്ലാം വെച്ചുനീട്ടുന്നു. എന്തിനോ എന്തോ!"

എനിക്കു പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ശാന്തമായി അവന്‍ എന്റെ നേരെ നോക്കിയിരുന്നു.

"ഇനിയെന്ത്‌? വരുന്നതിന്റെ ബാക്കി നോക്കുക. നല്ല കുടുംബ ജീവിതം നയിക്കുക. അല്ലാതെ പിന്നെ? വാ, നേരം ഒരുപാടായി, പതുക്കെ താഴേക്കു നീങ്ങാം?"

"അല്ലാതെന്ത്‌? നാലു നാളികേരം പോയാ നാരായണനു തേങ്ങയാ എന്ന്" പ്രദീപ്‌ വീണ്ടും ഉഷാറായി. "എന്നാലും ഈ സ്നേഹവും ബന്ധവുമൊക്കെ പിരിഞ്ഞുപോകുക എന്നു പറയുന്നത്‌ അല്‍പം ദെണ്ണമൊള്ള കാര്യമാടാ. പ്രത്യേകിച്ചും, നമുക്ക്‌ ഒത്തിരിയിഷ്ടപ്പെട്ട ചിലതൊക്കെ ചങ്കീന്നു പറിഞ്ഞു പോകുമ്പോ... " അവന്റെ വാക്കുകള്‍ മുറിഞ്ഞു.

"... എടാ, ഈ ലോകത്ത്‌ ആത്മാര്‍ഥമായി പ്രണയിക്കാന്‍ പറ്റുന്നവന്‍ ഭാഗ്യവാനാടാ. അത്‌ ലൈഫുമൊത്തം കാക്കാന്‍ പറ്റുന്നവനോ അതിലും ഭാഗ്യവാന്‍." അവന്റെ സ്വരത്തില്‍ ഒരു യാത്രാമൊഴിയുടെ ഈര്‍പ്പം.

എന്റെ കൈ അവന്റെ തോളില്‍ അമര്‍ന്നു. "യേയ്‌... ഫീലാകാതെടാ.. ഞാനില്ലേ? ഏഹ്‌? എനിക്കറിയില്ലേ എല്ലാം? ഒരു തരത്തില്‍ പറഞ്ഞാല്‍ അവള്‍ പോയതിന്റെ ദു:ഖത്തില്‍ കയറിനിന്നല്ലേ നീയിത്ര വളര്‍ന്നത്‌? ഒന്നു ചീഞ്ഞു, വേറൊന്നിനു വളമായി എന്നു കരുതിയാ മതി. ആഹ്‌.. തിരിഞ്ഞു നോക്കുമ്പോ ജീവിതത്തില്‍ കല്ലും മുള്ളുമൊന്നുമില്ലെങ്കില്‍ ഒരു പക്ഷേ ദൈവത്തിനു പോലും ഈ പ്രദീപിനോടസൂയ തോന്നിയാലോ..! അല്ലേടാ ഉവ്വേ?" ഞാന്‍ ഒരു മറുപടിക്കു വേണ്ടി അവനെ ഒന്നുലച്ചു.

അവനൊന്നു ചിരിച്ചെന്നു തോന്നി.

"പിന്നെ, ഭാഗ്യവാന്മാരും ഭാഗ്യവതികളും പ്രണയിക്കട്ടെ. നമുക്കത്താഴം മുടക്കാന്‍ പറ്റുവോ?"

ഞാന്‍ അനുസാരികളുടെ അവശിഷ്ടങ്ങളൊക്കെ പെറുക്കിക്കൂട്ടവേ പ്രദീപ്‌ പതുക്കെ എഴുന്നേറ്റ്‌ ചെറുതായൊന്നു വേച്ച്‌, രണ്ടു കൈകളും ആകാശത്തേക്കുയര്‍ത്തി, ഉറക്കെ വിളിച്ചു ചോദിച്ചു: "വെല്‍, ആര്‍ യു ജെലസ്‌ ഒഫ്‌ ദിസ്‌ പുവര്‍ ചാപ്‌, ഡിയര്‍ ഗോഡ്‌ ആള്‍മൈറ്റി??"

കഥ തീരുന്നില്ല!

Sunday, September 28, 2008

കളം മൂത്തു - ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും - 2

കഴിഞ്ഞ കഥ
"അയ്യേ, നീയിതെന്നതാ ഈപ്പറയുന്നെ?" ഞാന്‍ കളിയാക്കി.

"ഹതേടാ, എനിക്കെന്നാലും അവളെ അങ്ങു മറക്കാനൊക്കുന്നില്ല". ദാണ്ടെ പെഗ്ഗടിച്ചിരിക്കുന്ന പുറത്ത്‌ ഫീലടിച്ചുകഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ കൈമറിയും. കെട്ടാന്‍ പോകുന്ന ഒരു ബാച്ചിലറെ കുറച്ചൂടെ അനുഭാവപൂര്‍വ്വം കൈകാര്യം ചെയ്യണം.

"കാലമെത്രയായെടാ നീയവളേം പേറി നടക്കുന്നു? വട്ടാണോ നിനക്ക്‌? പശൂം ചത്തു, മോരിലെ പുളീം കെട്ടു. ഇപ്പോ ദേ, പുതിയൊരു ജീവിതത്തിലേക്കു കാലെടുത്തു വെയ്ക്കാന്‍പോവ്വാ നീ.. "

"പശു ചത്തെങ്കിലും മോരിലെ പുളി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്‌ മാഷെ"

ഇതൊരു നടയ്ക്കു തീരില്ല! ഞാന്‍ അക്ഷമനായി.

"എന്നതായാലും എനിക്കീ പറച്ചിലത്ര പിടിക്കുന്നില്ല, കെട്ടോ! എടോ ഇതു പഴയ കാലമൊന്നുമല്ല. ഒരു പെണ്ണിനേം ഓര്‍ത്തോണ്ടു നടക്കുന്ന നിരാശാകാമുകന്മാരൊക്കെ മണ്ണടിഞ്ഞു. ഇത്തരം സോഫ്റ്റ്‌ ഫീലിങ്ങൊന്നും ഇപ്പോള്‍ ഓടില്ല."

"എടാ, കോപ്പെ, ഇതതല്ലെടാ. നിനക്ക്‌ തോന്നുന്നുണ്ടോ ഞാന്‍ ഒരു സോ കോള്‍ഡ്‌ നിരാശാകാമുകനായി നടന്നെന്ന്? എന്നെങ്കിലും ഞാനങ്ങനെ ഒരുവനായി നടന്നു ജീവിതം തുലയ്ക്കുമെന്നു നീ കരുതിയിട്ടുണ്ടോ? ഹാവ്‌ യു എവര്‍ തോട്ട്‌ ലൈക്‌ ദാറ്റ്‌?"

"ഓക്കെ, നീ നിരാശാകാമുകനായി നടന്നിട്ടുമില്ല, നിനക്കവളെ മറക്കാനൊട്ടു പറ്റത്തുമില്ല. കുഞ്ഞേ, നീ ഒത്തിരി കഴിച്ചോടാ?"

"നോട്‌ ബികോസ്‌ ഒഫ്‌ ദിസ്‌ ഹോളിഷിറ്റ്‌, ബട്‌ ഐ കാന്റ്‌ ഹെല്‍പിറ്റ്‌!!"

ഹീശ്വരാ.. ഇംഗ്ലീഷ്‌ വന്നു തുടങ്ങി. വീലായാലും ഫീലായാലും ഇംഗ്ലീഷ്‌ വരും എന്നൊരു മാരകരോഗമുണ്ടിവന്‌. വീലു പഞ്ചറാകുന്നതു വരെ അല്ലെങ്കില്‍ ഫീലു ഫേഡാവുന്നതു വരെ അതിനി ഒഴുകിക്കൊണ്ടേയിരിക്കും. (ഈ സ്വഭാവം അറിയുന്നവരെല്ലാം അവനോട്‌ പറയുമായിരുന്നു- ഇന്റര്‍വ്യൂവിനും പ്രസന്റേഷനുമൊക്കെ കേറുമ്പോള്‍ ചെറുതു രണ്ടെണ്ണം അടിച്ചിട്ടു കേറിയാ മതീന്ന്. )

"നീ കാര്യം പറയ്‌, എന്നതാ നിന്റെ പ്രശ്നം?"

"എഡാ, നിനക്കറിയാമല്ലോ കാര്യങ്ങളൊക്കെ? ഒരുഗതീം പരഗതീമില്ലാതെ ഡപ്പാംകുത്തു ബീക്കോമുമായി ഞാന്‍ നടന്ന കാലം തൊട്ടു നീയെന്നെ കാണുന്നതാ. ബസ്സിലെ ക്ലീനറായി ഞാന്‍ ജോലി ചെയ്തിട്ടുണ്ട്‌. ബാനറുകെട്ടാന്‍ ഇലക്ട്രിക്‌ പോസ്റ്റുമ്മെ വലിഞ്ഞുകേറീട്ടൊണ്ട്‌. കേറ്ററിങ്ങുകാരുടെ കൂടെ വിളമ്പാന്‍ പോയിട്ടൊണ്ട്‌. ഡയറക്റ്റ്‌ മാര്‍ക്കറ്റിങ്ങിനു ബാഗും തൂക്കി വീടു വീടാന്തരം കേറിയെറങ്ങീട്ടൊണ്ട്‌. ഇതിനൊക്കെ അവസാനം ഞാന്‍ എന്റെ ഈ ജീവിതതിന്റെ തുടക്കമിട്ടത്‌ എവിടാന്നറിയാവോ?"

"ഉം.."

"എടാ, അറിയാവോന്ന്? അറിയാവെങ്കി അറിയാവെന്നു പറ, ഇല്ലെങ്കി ഇല്ലെന്നു പറ!"

"അറിയാം"

"അപ്പോ, നീയറിയുന്നതുപോലെ ഞാനാദ്യം അക്കൗണ്ടന്റാവുന്നത്‌- മാസം എണ്ണൂറുരൂപയ്ക്ക്‌ ഞാന്‍ കണക്കെഴുതി. ഓഫീസു കെട്ടിടത്തിന്റെ മണ്ടേലുള്ള കുടുസ്സുമുറീല്‍ ഞങ്ങള്‌ കൊറെ സ്റ്റാഫ്‌ ഉണ്ടും ഉറങ്ങീം ജീവിച്ചു. നിനക്കറിയാവോ, അന്നു കിട്ടുന്ന എണ്ണൂറു രൂപായീന്ന് നൂറ്റന്‍പതുരൂപ കൊടുത്ത്‌ വാങ്ങി ധരിക്കുന്ന ആ ഷര്‍ട്ടിടുമ്പൊഴത്തെ ഒരു സുഖമൊണ്ടല്ലോ- അല്ലെങ്കി, സാലറി കിട്ടുന്ന ദിവസം അടുത്തുള്ള ചായക്കടേന്നു വരുത്തിക്കഴിക്കുന്ന ഏത്തക്കാബോളീടെ രസമൊണ്ടല്ലോ - ആ സുഖമൊന്നും ദൂരെയൊരു ദേശത്തു കിടന്ന് പതിനായിരങ്ങളു വാങ്ങിക്കൂട്ടീട്ട്‌ ഒരു വാന്‍ ഹ്യൂസന്‍ ഷര്‍ട്ട്‌ വാങ്ങിച്ചിട്ടാലോ കെന്റക്കി ചിക്കന്‍ വാങ്ങി വിഴുങ്ങിയാലോ കിട്ടില്ലടോ!" പ്രദീപ്‌ ഒരു കഷണം മീന്‍ നുള്ളിയെടുത്തു വായിലിട്ടു.

"കുരുമുളകു വീട്ടീന്നു കൊണ്ടുവന്നതായിരിക്കും, അല്ലേ?"

എനിക്കു പിന്നേം ചിരി വന്നു. "അല്ലാതെ പിന്നെ കാശു കൊടുത്തു മേടിക്കാനോ?"

"കൊള്ളാം, ഈ പണി പോയാലും നീ ഇവിടെ ഒരു മല്ലൂ റെസ്റ്റോറന്റിട്ടാ മതി. നല്ല ബിസിനസ്സായിരിക്കും. ഒരു മധ്യതിരുവിതാംകൂര്‍ സ്പെഷ്യല്‍ ചായക്കട! ആ, അപ്പോ, പറഞ്ഞു വന്നതു കാശിന്റെ കാര്യം. ചെല അവന്മാരു പറയും കാശിലൊന്നും ഒരു കാര്യവുമില്ലെന്ന്. എനിക്കിന്നുവരെ അത്രയ്ക്കങ്ങു തോന്നീട്ടില്ല കെട്ടോ. ന്ന്വച്ചാ, മണി ഇസ്‌ നോട്‌ എവ്‌രിതിങ്ങ്‌, പക്ഷേ മണിക്കു മണി തന്നെ വേണം. പണ്ടേതോ പയ്യന്‍ പറഞ്ഞപോലെ, ഇത്തരം കൂതറ തത്ത്വഞ്ജാനം വെളമ്പുന്നേനു മുന്‍പു സ്വന്തം കൈവശം ആവശ്യത്തിനു പണം ഉണ്ടെന്നുറപ്പു വരുത്തണം. "

"പെണ്ണുകേസല്ലേ പറഞ്ഞു വന്നത്‌? അതിപ്പോ എക്കണൊമിക്സിലെത്തിയല്ലോ" കത്തീടെ ചാലുമാറിയെന്നു ശങ്കിച്ചു ഞാന്‍ തട്ടിവിട്ടു.

"അതു തന്നെയാ പറഞ്ഞു വരുന്നെ. ദേ, കാശുകൊടുത്തു സന്തോഷം വാങ്ങാമ്പറ്റില്ല, മനസ്സമാധാനം വാങ്ങാമ്പറ്റില്ല എന്നൊക്കെ ചിലവമ്മാരു ആളെ വടിയാക്കാന്‍ പറയും. ലെമ്മീ അസ്ക്‌ വണ്‍ തിങ്ങ്‌. എടോ, കാശു കൊടുക്കാനുണ്ടേല്‍ നമ്മടെ നാട്ടില്‍ പലരുടേയും സങ്കടം തീരും. കൊടുക്കാനുള്ളതു ചെലപ്പോ ബാങ്കിലാരിക്കും, ആശൂത്രീലാരിക്കും, മോള്‍ടെ ആമ്പ്രന്നോനാരിക്കും. അവരടെ ആവശ്യത്തിനു കാശു കിട്ടിയാ അവരടെ മനസ്സമാധാനക്കേടു തീരും, സങ്കടം തീരും. ആം ഐ റൈറ്റ്‌?"

"ആന്നേ..!"

"അപ്പോ ഈപ്പറഞ്ഞ സോ കോള്‍ഡ്‌ തത്ത്വഞ്ജാനത്തിനു പാവപ്പെട്ടവന്റെ മുന്നില്‍ ഒരു വിലയുമില്ലെടോ! പതിറ്റാണ്ടായി പാടത്തു കൃഷി ചെയ്യുന്നവനു ഇന്നതു ചെയ്യാന്‍ നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടോ? അവനു കഴിവുണ്ടോ? കൂലി കൊടുക്കാന്‍ ത്രാണിയുണ്ടോ? കൂലി കൊടുക്കാമെങ്കി തന്നെ പണിയാനാളുണ്ടോ? അതു വിട്‌, അത്തരക്കാരനു മനസ്സമാധാനം കാശുകൊടുത്താല്‍ കിട്ടില്ല. അതു ഞാന്‍ സമ്മതിക്കും. നീ കൊറച്ച്‌ വെള്ളമിങ്ങൊഴിച്ചേ .." അവന്‍ ഗ്ലാസ്‌ നീട്ടി.

ഞാന്‍ പതുക്കെ ഒഴിച്ചു കൊടുത്തു.

"ആങ്ങ്‌.. മതി. പക്ഷേ, ലെമ്മീ സേ ദിസ്‌ ആള്‍സൊ. എന്റെ വീട്ടില്‍ കടബാദ്ധ്യത ഉണ്ടെങ്കില്‍, എന്റെ അപ്പന്റേം അമ്മേടേം ചെലവിനും മരുന്നിനും ഞാനാണു കൊടുക്കേണ്ടതെങ്കില്‍, എനിക്കൊരു പ്രാരബ്ദ്ധക്കാരനായിരിക്കാന്‍ പറ്റുവോ? ഇല്ലല്ലോ? അന്നാരം ഞാന്‍ പണമൊക്കെ വെറും മ**ണെന്നൊക്കെ പറഞ്ഞോണ്ടിരുന്നാല്‍ നുമ്പേ പറഞ്ഞ സോ കോള്‍ഡ്‌ തത്ത്വഞ്ജാനികള്‍ വന്ന് ഒലത്തുവോ? ഇല്ല. അതുകൊണ്ടാടാ നല്ല പ്രായം മുഴുവന്‍ നാട്ടിലും ബോംബേലും കെടന്നു നരകിച്ച്‌ ഇത്രേമൊണ്ടാക്കീത്‌. എന്നിട്ടോ? എനിക്കറിയാം, നാട്ടില്‍ ചെല ഗുണാപ്പന്മാരു പറയുന്നത്‌ - ഹൊ! അവനങ്ങ്‌ കള്‍ഫീപ്പോയി നല്ലേ നെലേലൊക്കെ ആയി, കാശൊണ്ടാക്കി, വീടു വെച്ചു, ഇപ്പോ ദേ അങ്ങു തെക്കൂന്നെങ്ങാണ്ടു വെല്യ മുഴുത്തേടത്തൂന്നു കെട്ടാന്‍ പോണൂന്ന്- എനിക്കു പുച്ഛമാടാ ഇമ്മാതിരി നാറികളെ. ഇന്നീ സൗകര്യമെല്ലാമുണ്ടാകുന്നേനു മുന്‍പ്‌ നീറി നീറി കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു എനിക്ക്‌. എനിക്കെന്നു പറയുന്നതെന്നാത്തിനാ, നമക്ക്‌! എന്നിട്ടൊരുത്തന്‍ കഷ്ടപ്പെട്ട്‌ രക്ഷപ്പെട്ടു വരുന്നതു കാണുമ്പോ തീങ്കുത്തെടുക്കുന്ന വര്‍ഗ്ഗം ഈ പരട്ടമലയാളികള്‍ മാത്രമാടാ."

ഒന്നു നിര്‍ത്തി, വെറുതെ ചുറ്റുമൊന്നു കണ്ണോടിച്ച്‌, ഇടയ്ക്കു വാച്ചിലുമൊന്നു നോക്കി അവന്‍ പറഞ്ഞു- "ഒന്നൂടെയൊഴി!"

"ഏയ്‌, വേണ്ടടാ, ഇപ്പോത്തന്നെ ആവശ്യത്തിനായി. മതി, ശാപ്പാടു കഴിക്കാന്‍ കെടക്കുന്നു."

"ഒരു ചെറുതൊഴിയെടാ മ**, നിന്റെ പെണ്ണുമ്പിള്ളേ വേണേ ഞാന്‍ പറഞ്ഞുനിര്‍ത്തിക്കോളാം." എന്നിട്ടവനൊരു ചിരി.

"എന്റെ പൊന്നു പാര്‍ട്ടീ, അതൊന്നുമല്ല. ഇതൊത്തിരിയായി. ദേ, ഒരു തെര്‍ട്ടി. ലാസ്റ്റ്‌!"

"ഓക്കെ. എന്നിട്ട്‌ അങ്ങനെ കഷ്ടപ്പെടുന്നവനൊണ്ടല്ലോ, ആ കഷ്ടപ്പാടില്‍ നിന്നു മോചിതനാവുന്ന വരെ അവന്‍ വെറും കഴുതയാടോ! ഹീ ഇസ്‌ ജസ്റ്റ്‌ എ ജാക്‌ ആസ്സ്‌. ഐ ഹഡ്‌ തോട്ട്‌ ലൈക്‌ ദിസ്‌... ദറ്റ്‌ തിസ്‌ ഫ** ലൈഫ്‌ ഇസ്‌ സച്‌ എ ബിഗ്ഗ്ഗ്ഗ്‌.."- രണ്ടു കൈയ്യും കൊണ്ട്‌ പ്രദീപ്‌ വായുവില്‍ ഒരു വലിയ വട്ടം വരച്ചു-"...ക്വസ്റ്റിന്‍ മാര്‍ക്‌ ഇന്‍ ഫ്രണ്ട്‌ ഒഫ്‌ മീീ.."

( ബാക്കി അടുപ്പത്താ, വേകട്ടെ..!)

Friday, September 26, 2008

ഒരു സന്ദര്‍ശനവും ചില വാക്യങ്ങളും - 1

നിലാവേ വാ.. സെല്ലാതേ വാ..
എന്നാളും ഉന്‍ പൊന്‍വാനം നാന്‍
എനൈ നീ താന്‍ പിരിന്താലും
നിനൈവാലേ അണൈത്തേന്‍..


ഒരു പാട്ട്‌ എവടെയെങ്കിലുംവെച്ച്‌ ഒന്നു ചെവിയില്‍ കയറിക്കഴിഞ്ഞാല്‍ അത്‌ പിന്നെ ചുണ്ടത്തൂടെ ഇങ്ങനെ ഒലിച്ചോണ്ടിരിക്കും. ഇതു പ്രദീപ്‌ തന്നേച്ചു പോയതാണ്‌.

ഈ ശനിയാഴ്ച വൈകുന്നേരത്തെ ബാംഗ്ലൂര്‍ നിരത്തുകളിലെ ഒരു ട്രാഫിക്ക്‌! ഒരുത്തന്‍ ആപ്പിള്‍ പോലത്തെ ഒരു പെണ്ണിനേം പിന്നില്‍ വെച്ചോണ്ട്‌ എന്‍റെ കാറിന്‍റെ ഇടത്തെ റിയര്‍വ്യൂ മിററില്‍ മുട്ടി-മുട്ടിയില്ല എന്നും പറഞ്ഞു പാഞ്ഞു പോയി. അവന്‍റെയൊരു ആക്രാന്തം! ഞാന്‍ ഉള്ളില്‍ ചിരിച്ചു.

അപ്പോഴും ഞാന്‍ പ്രദീപിന്‍റെ പാട്ട്‌ മൂളി.

***

ഇന്നലെ ഉച്ചതിരിഞ്ഞ്‌ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രദീപിനെ പിക്കുചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുതല്‍ മനസ്സു നൊസ്റ്റാള്‍ജിയയില്‍ വീര്‍പ്പുമുട്ടുകയാണ്‌. വര്‍ഷങ്ങള്‍ കൂടി പഴയ കൂട്ടുകാരനെ കണ്ടപ്പോഴുണ്ടായ സന്തോഷം എയര്‍പോര്‍ട്ടില്‍ വച്ച്‌ അല്‍പ്പം അതിരുകടന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ഓഹ്‌.. പിന്നേ, അവര്‍ക്കറിയാമോ ഞങ്ങള്‍ തമ്മിലുള്ള ബന്ധം?

ഫോറിന്‍ പെര്‍ഫ്‌യൂമിന്റെ മണവുമായി അവന്‍ ഉദ്യാനനഗരത്തിന്റെ കാഴ്ചകളാസ്വദിക്കുമ്പോള്‍ ഞാന്‍ വീണ്ടും പഴയൊരു നല്ല കാലം ഓര്‍ത്തു. നടുവില്‍ ഇലക്ടിക്‌ പോസ്റ്റുള്ള നടപ്പാതകളിലൂടെ തോളോടു തോള്‍ ചേര്‍ന്നു നടന്ന, ഒരു ചിക്കന്‍ ഷവര്‍മ്മ വാങ്ങി പങ്കിട്ടു തിന്ന, കുറുകിയ ഒരു ഷാര്‍ജ്ജാ ഷേയ്ക്കിന്റെ മരവിപ്പ്‌ നിറുക മരവിപ്പിച്ച കാലം.

"കോപ്പേ, വണ്ടിയെടടാ" ആക്രോശം കേട്ടാണു ഞാന്‍ ഞെട്ടിയുണര്‍ന്നത്‌.

"തെണ്ടീ, അതിനു ഗ്രീന്‍ സിഗ്നല്‍ ആയില്ലല്ലോ?" ചുമ്മാ ഞെട്ടല്‍ മൂടാന്‍വേണ്ടി ചോദിച്ചു.

"അല്ല, നീയെന്താ ഇത്ര സ്വപ്നം കാണാന്‍?" ഞാന്‍ അവനെ നോക്കി ഒന്നു കണ്ണിറുക്കി, തോളുകൂട്ടി കനത്തില്‍ ഒരിടി കൊടുത്തു. അവന്‍ എന്നെ ഇടിക്കാന്‍ ഓങ്ങിയപ്പോളേക്കും ഗ്രീന്‍ വന്നു, ഞാന്‍ രക്ഷപ്പെട്ടു.

"ഇവനൊന്നും പെണ്ണുകെട്ടിയാലും കൈത്തരിപ്പു മാറില്ലേ, പാറേപ്പള്ളി മാതാവേ!"

'പട്ടി'യില്‍ തുടങ്ങി 'മോനേ'യില്‍ അവസാനിക്കുന്ന ഉദ്ദേശം 40 അക്ഷരങ്ങളുള്ള മലയാളം കണ്ടതില്‍ വച്ചേറ്റവും വലിയ ഒറ്റവാക്കുകളിലൊന്നുച്ചരിച്ച്‌ ഞാന്‍ വീണ്ടും ഡ്രൈവിങ്ങില്‍ത്തന്നെ ശ്രദ്ധിച്ചു.

***

ചായയും കുളിയും ഇറ്റുറക്കവും കഴിഞ്ഞ്‌ നായകന്‍ വരുമ്പോള്‍ ഞാനും നല്ലപാതിയും അത്താഴത്തിന്റെ പണിയിലായിരുന്നു. മണം പരത്തി മൊരിയുന്ന അയലയെ ചുമ്മാ ഞാന്‍ ചട്ടുകം കൊണ്ടു കുത്തിക്കൊണ്ടു നിന്നു. പത്നി സവാള അരിയലാണ്‌. അവളുടെ കണ്ണു നനയുന്നതു കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, "കരയണ്ടടീ, നാളെ മുതല്‍ വീണ്ടും കഞ്ഞീം പയറും തന്നാ. ഇവന്‍ നാളെ ഉച്ചയ്ക്കു പോകും!. കേട്ടോടാ, പ്രദീപേ, വെറും കഞ്ഞി വെയ്ക്കാന്‍ പോലും അറിയില്ലാത്ത ഒരു ഭാര്യയെയാടാ എനിക്കു കിട്ടിയെ. ഒന്നു വീടു നോക്കാവുന്ന പരുവത്തിലാക്കിയെടുക്കാന്‍ എത്ര കഷ്ടപ്പെട്ടെന്നറിയാവോ? ദൈവകൃപയാല്‍ വയറിളക്കം പിടിക്കാതെ ജീവിക്കുന്നു!"

"ഡയലോഗു സൂക്ഷിച്ചു വിട്‌, ഇതേയ്‌, കോളേജില്‍ നിന്റെ മുന്നില്‍ ചൂളി നിന്ന മറ്റേ ബീസിയേക്കാരി പെണ്‍കിടാവല്ല. നാളേം കൂടെ വേണ്ട ഭാര്യയെന്ന ഭാരമാ!"

"ഡാ മോനേ, ഒരു നിറയ്ക്കു രണ്ടു വെടിയാണോടാ പൊട്ടിക്കുന്നെ?"

"അല്ലെടാ, ഇതേയ്‌ ഇരട്ടക്കുഴല്‍ തോക്കാ!" ഞാന്‍ പിന്നെയും ചമ്മിയോ?

"അതേയ്‌, ഞാന്‍ ദേ ഈ ചോറുകൂടി വാര്‍ത്തിട്ടേച്ചും വരാം, ഒരഞ്ചു മിനിറ്റ്‌" ടെറസിലേക്കു കണ്ണുകാണിച്ചു ഞാന്‍ പറഞ്ഞു.

"അയ്യോ, ദേ, ആ മീനെല്ലാം എടുത്തോണ്ടു പോവ്വാന്നോ?" -പോകാന്‍ നേരം നല്ലപാതിയുടെ ടെന്‍ഷന്‍ നിറഞ്ഞ വാക്യം.

"ആ, നീയതീക്കൊറച്ചു വെളമ്പിയാ മതി".

"താഴെ ഞാനുണ്ടെന്നോര്‍ക്കണേ!"

"നിന്റകത്തുള്ളയാള്‍ ഇതൊന്നും കണ്ടു പഠിക്കാതിരിക്കാനല്ലിയോ ഞാന്‍ ടെറസിലേക്കു പോണെ" മാക്സിമം ഉത്തരവാദിത്വബോധവും ശൃംഗാരവും ചാലിച്ചൊരു സുഖിപ്പിക്കല്‍. അതേലവള്‍ വീണു!

'എന്റെ മണര്‍കാട്ടു പാപ്പാ, നീയിതൊന്നും കാണുന്നില്ലേ?'

***

"മാഷേ, കൊള്ളാമല്ലോ, കുടുമ്മമായിട്ടു താമസിച്ചാല്‍, ഐസ്ക്യൂബും, മീന്‍വറുത്തതും മാങ്ങാ അച്ചാറുമൊക്കെയായി വെള്ളമടി കൊഴുപ്പിക്കാം എന്നൊരു മെച്ചമുണ്ടല്ലേ?"

"പോടേയ്‌.. പെണ്ണുമ്പിള്ളേടെ പരിഭവവും പരാതിയും കേക്കുമ്പോത്തന്നെ പാതി കെട്ടെറങ്ങും. ഒരാഴ്ച്ചത്തെ പണീം കഴിഞ്ഞു വന്നു രണ്ടേ രണ്ടു ചെറുതു വിട്ടാല്‍പ്പറയും' അതേയ്‌, ഈയിടെ നല്ല പോളിങ്ങാണല്ലോന്ന്‌'. അക്കണക്കിനു നോക്കിയാല്‍ പച്ചവെള്ളമൊഴിച്ചു നിപ്പനടിച്ച്‌ റൂമില്‍ വന്നു ബോധംകെട്ടുറങ്ങുന്ന ബാച്ചിലറിന്റെ സുഖം വേറൊരുത്തനുമില്ല. ആഹ്‌, നിനക്കിതൊക്കെ മനസ്സിലായിക്കോളും. 'മീനത്തില്‍ താലികെട്ട്‌' ഒന്നു കഴിഞ്ഞോട്ടെ."

"ഉം..."

വിമാനം കയറിവന്ന ഒരു ജോണിവാക്കറിന്റെ കഴുത്തില്‍ വൈകുന്നേരത്തെ വേനല്‍മഴയുടെ ഈറന്‍ മാറാത്ത ആകാശം സാക്ഷിയാക്കി പ്രദീപ്‌ പിടിമുറുക്കി. 'എത്ര വര്‍ഷം കൂടിയുള്ള ഒരു കമ്പനിയാണെടാ കള്ളക്കഴു...തേ'യെന്നുപറഞ്ഞായിരുന്നു അവന്‍റെ ചിയേഴ്സടി.

ജോണിച്ചായനും ഐസ്ക്യൂബും ചേര്‍ന്നു അകം ആദ്യമൊന്നു മരവിപ്പിച്ചെങ്കിലും ഓര്‍മ്മകള്‍ക്കു പതുക്കെ ചൂടുവരാന്‍ തുടങ്ങി. പഠനം കഴിഞ്ഞ കാലത്ത്‌ ഒന്നു ചുവടുറപ്പിക്കാന്‍ പ്രദീപ്‌ കാണിച്ചു കൂട്ടിയ പരാക്രമങ്ങളും അവസാനം ഇന്ന്‌ അബുദാബിയിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗവും. പ്രദീപ്‌ തീയില്‍ക്കുരുക്കുമ്പോഴാണ്‌ ഞങ്ങള്‍ പരസ്പരം കണ്ടതും അറിഞ്ഞതും.

"എടാ കോപ്പേ, നിനക്കൊരു കാര്യമറിയാമോ? ഞാനീ ലിക്വറുകഴിക്കുന്നതിപ്പോ എത്ര നാളുകൂടിയാണെന്നു എനിക്കു തന്നെ നല്ല പിടിയില്ല."

അവന്‍റെ കണ്ണുകള്‍ അദ്ഭുതംകൊണ്ട്‌ വിടര്‍ന്നു. "അതെന്നാടാ നീ കല്യാണമൊക്കെക്കഴിച്ചപ്പോഴേക്കും അങ്ങു മാന്യനായിപ്പോയോ?"

"യേയ്‌, അങ്ങനെയൊന്നുമില്ല." എന്നു ഞാന്‍ പറഞ്ഞൊഴിഞ്ഞെങ്കിലും അതിലും അല്‍പം കാര്യമില്ലാതിരുന്നില്ല. അതവനും മനസ്സിലായി.

"ഡാ, പിന്നേ, നിന്റെ പണ്ടത്തെ വിഷമമൊക്കെ മാറിയോ?"

'എന്നാ വെഷമം' എന്നൊരു മറുചോദ്യം പ്രതീക്ഷിച്ചുകൊണ്ടാണ്‌ അങ്ങനെയൊരു ചോദ്യം ഞാന്‍ എറിഞ്ഞത്‌. അവന്‍ പെട്ടെന്നൊന്നു മുഖമുയര്‍ത്തി നോക്കിയിട്ടു വിരല്‍ വീണ്ടും കടുകുമാങ്ങാ അച്ചാറിന്റെ ചാറില്‍ ഒന്നുകൂടി മുക്കിയെടുത്തു. അവന്‍ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നെന്നും അതിനെപ്പറ്റി അവനിനിയും എന്തോ പറയാനുണ്ടെന്നും വ്യക്തമായി.

അത്യാവശ്യം മൂഡായിരുന്നതിനാലും കാര്യമായ വര്‍ത്താനം ഇനിയാണു നടക്കാന്‍ പോകുന്നത്‌ എന്നറിഞ്ഞും ഞാന്‍ പതുക്കെ കുപ്പി ഒരരികിലേക്കുമാറ്റി വച്ചു. പ്രദീപ്‌ ഗ്ലാസില്‍ മിച്ചമുണ്ടായിരുന്നതു കൂടി മൊത്തിക്കുടിച്ചിട്ട്‌ ഇടംകൈ കൊണ്ടു ചിറിതുടച്ചു. എന്റെ മുഖത്തു വീണ്ടും ഒരു നിശ്ശബ്ദചിരി പടര്‍ന്നു. അഭുദാഫീലെ അക്കൗണ്ട്സ്‌ ആപ്പീസറാണേലെന്നാ, ഇവന്‍റെ രീതിക്കന്നുമിന്നും ഒരു മാറ്റവുമില്ലല്ലോ എന്നു ഞാനതിശയിച്ചു. പണ്ടു ഞാനിങ്ങനെ ചിരിക്കുന്നതു കാണുമ്പോള്‍ ഈ പഹയന്‍ ചോദിക്കുന്നതെന്നതായിരുന്നെന്നോ- "എന്നാ കോപ്പു കണ്ടിട്ടാടാ മൈഗുണേശാ കിണിക്കുന്നെ?" എന്ന്‌. മനപ്പൂര്‍വ്വം ചിരിയടക്കി, ഞാന്‍ വിഷയത്തിലേക്കു കടന്നു:

"ആ, പറ മാഷേ, ചുമ്മാ ഷോ കാണിക്കാതെ!"

"എടാ എനിക്കവളെ മറക്കാന്‍ കഴിയുന്നില്ലടാ..!"

എടുപിടീന്നായിരുന്നു മറുപടി!

( ബാക്കി പിന്നെ...)

Wednesday, September 17, 2008

കേള്‍ക്കാതെ പോയ സംഗീതം

ബസ്സില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. രാവിലെയായതിനാല്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും എല്ലാവരുമുണ്ട്‌. ചിലര്‍ വെറുതെ കാഴ്ചകണ്ടിരിക്കുന്നു, മറ്റു ചിലര്‍ രാഷ്ട്രീയം പറയുന്നു, കുറെ കോളേജുപിള്ളേര്‍ സിനിമയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. ഒരുപാടുകാലം കൂടി കേരളത്തിലൂടെ ഒരു ലോങ്ങ്‌ ട്രിപ്പടിക്കുന്നതിന്റെ ത്രില്ലില്‍ ഞാന്‍ ഇതെല്ലാം കണ്ടും കേട്ടുമിരുന്നു യാത്ര ആസ്വദിച്ചു.

ഞാനിരിക്കുന്നതിന്റെ നേരെയുള്ള ഇടത്തെ നിരയിലെ സീറ്റിന്റെ മുന്നിലത്തെ നിരയില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്‌. കിടിലന്‍ ഒരു ടി-ഷര്‍ട്ടും പൊളപ്പന്‍ ജീന്‍സും പശു നക്കിയതുപോലെയുള്ള മുടിയും. ആകെക്കൂടി ഒരു അള്‍ട്രാ മോഡേണ്‍ ബാംഗ്ലൂര്‍ മലയാളി ലുക്ക്‌. കയ്യില്‍ മുന്തിയ ഒരു സെല്‍ഫോണുമുണ്ട്‌.

മൂപ്പര്‍ കുറെ നേരമായി ഇയര്‍ഫോണും ചെവിയില്‍ തിരുകി പാട്ടു കേള്‍ക്കലോടു തന്നെ പണി. ഇടയ്ക്കിടെ ഇഷ്ടന്‍ ഫോണ്‍ പോക്കറ്റില്‍ നിന്നെടുക്കും, എന്തൊക്കെയോ കുത്തുകയും ഞോണ്ടുകയും ചെയ്യും, തിരിച്ചുവീണ്ടും പോക്കറ്റില്‍ നിക്ഷേപിക്കും. ഒപ്പം മുന്നിലെ സീറ്റിന്റെ കമ്പിയില്‍ വിരല്‍ കൊണ്ടു താളമിടുന്നുമുണ്ട്‌. പിന്നെ താളത്തില്‍ തലയാട്ടലും.

അങ്ങനെ യാത്ര തുടരവേ ബസ്സൊരു സ്റ്റോപ്പില്‍ നിര്‍ത്തി. നമ്മുടെ ചുള്ളന്‍ പാട്ടില്‍ത്തന്നെ മുഴുകിയിരിക്കവേ മൂപ്പരുടെ ദഹനേന്ദ്രിയവ്യൂഹത്തില്‍ രൂപപ്പെട്ട ഒരു ഉച്ചമര്‍ദ്ദമേഖല പതിയെ താഴോട്ടു സഞ്ചരിച്ച്‌ ഇടിമുഴക്കം പോലൊരു ശബ്ദത്തോടെ ബഹിര്‍ഗ്ഗമിച്ചു!

"((((#%@%$))))"

കക്ഷി സംഗീതസാഗരത്തില്‍ നീരാടുകയായിരുന്നതിനാല്‍ സംഭവം നടന്നതു നിശ്ശബ്ദമായിട്ടാണെന്നു ധരിച്ച്‌ ഒന്നും അറിയാത്തമട്ടില്‍ പാട്ടില്‍ മുഴുകിയിരുന്നു. ചുറ്റും ചിരി പടരുന്നതും വിവിധഭാവങ്ങള്‍ നിറഞ്ഞ നോട്ടങ്ങള്‍ തന്നെ തേടിയെത്തുന്നതുമറിയാതെ ടിയാന്‍ കലാലോകത്തു വ്യാപരിക്കവേ പാട്ടു മാറ്റാനോ മറ്റോ ആവണം പുള്ളി ഫോണെടുത്തു. അപ്പോള്‍ ഞൊടി നേരത്തേക്കയാള്‍ പാട്ടു നിര്‍ത്തിയിട്ടുണ്ടാവണം, അല്ലെങ്കില്‍ തൊട്ടു പിന്നിലിരുന്ന യാത്രക്കാരന്‍ പറഞ്ഞത്‌ അയാള്‍ കേള്‍ക്കാന്‍ ഇടയില്ല. "പാവം പയ്യന്‍, നമ്മളാരും ഒന്നും അറിഞ്ഞില്ലെന്നു കരുതിക്കാണും!!"

പക്ഷേ ഈ കമന്റ്‌ പയ്യന്‍ കേട്ടു!

Wednesday, September 10, 2008

Saturday, August 30, 2008

എഡീ, എവിടെപ്പോയി?

പത്താം ക്ലാസ് പാസ്സായതിനു ശേഷം നല്ല മലയാളം എന്നെ പഠിപ്പിച്ചത് വെട്ടിപ്പുറം ആണ്. വെട്ടിപ്പുറം എന്നു വച്ചാല്‍ വെട്ടിപ്പുറം മുരളി. പത്തനംതിട്ടയിലെ വെട്ടിപ്പുറം സ്വദേശി. തൊഴില്‍ പത്രപ്രവര്‍ത്തനം. ഞാന്‍ കട്ടപ്പനയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്ന കാലത്താണു ഞങ്ങള്‍ പരിചയപ്പെടുന്നത്. സഹോദരസ്ഥാപനമായ മാസികയുടെ എഡിറ്ററാണു വെട്ടിപ്പുറം. എഡിറ്റര്‍ എന്നതു ചുരുക്കി ‘എഡീ’ എന്നു വിളിക്കുന്നത് മൂപ്പര്‍ക്കത്ര ഇഷ്ടമുള്ള കാര്യമല്ല കേട്ടോ.

ആളെങ്ങനെ? പ്രായം ഏതാണ്ട് മുപ്പത്തെട്ടുവയസ്സ്. കറുത്ത് പൊക്കം അല്‍പം കുറഞ്ഞ മനുഷ്യന്‍. വെള്ള ഷര്‍ട്ടും ഡബിള്‍ മുണ്ടും വേഷം. എഡിറ്ററായതു കൊണ്ട് പോക്കറ്റില്‍ എപ്പോഴും രണ്ടു പേന കാണും. പതിഞ്ഞ സംസാരം. ശാന്തപ്രകൃതം. വേഷത്തിലും നടപ്പിലും സംസാരത്തിലും ഭാവത്തിലും ഇത്രയേറെ അടക്കവും ഒതുക്കവുമുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല ഞാന്‍. ആകെക്കൂടി ഒരു സന്ന്യാസിയുടെ മട്ട്, എന്നാലോ മൌനമൊട്ടില്ലതാനും. . ആളുടെ അച്ചടക്കം ഡെസ്കില്‍ നോക്കിയാലറിയാം. ജോലി കഴിഞ്ഞ് മേശപ്പുറത്തെ സാമാനങ്ങള്‍ അടുക്കിവെയ്ക്കുന്നത് വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍!

അക്കാലത്ത് അദ്ദേഹം വിമന്‍സ് എറ, ചമ്പക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതാറുണ്ടായിരുന്നു. മുന്‍പ് കേരളകൌമുദി, ഈനാട് തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നതു നോക്കിനില്‍ക്കുന്നതു കൌതുകമുള്ള കാര്യമാണ്. പേപ്പറിനെ നോവിക്കാതെ അയത്നലളിതമായാണ് എഴുത്ത്. ഒരൊറ്റ വെട്ടുതിരുത്തില്ലാതെ. എന്നാല്‍ എഡിറ്റുചെയ്യേണ്ട ഡ്രാഫ്റ്റുകളോ വെട്ടിത്തിരുത്തിയിളക്കിയിണക്കി ഒരു പരുവമാക്കിക്കളയും. നാം വെറുതേ എഴുതുന്ന ഒരു വാക്യത്തിലെ ന്യൂനതകള്‍ വളരെ വ്യക്തമായും വിശദമായും പറഞ്ഞുകാണിച്ചുതരും. എന്നുവച്ചാല്‍ തെറ്റുതിരുത്തുകയല്ല, മറിച്ച് കൂടുതല്‍ ശരിയാക്കുകയാണു ചെയ്യുന്നത്. എഡിറ്റിങ്ങെന്നു പറഞ്ഞാല്‍ ഇതാണെന്നു ഞാന്‍ കാണുന്നത് അന്നാണ്.
സംസാരിക്കുന്നതു കേട്ടാല്‍ എം.എയും ബി.എഡും സെറ്റും ജേണലിസം ഡിപ്ലോമയുമുള്ള ഒരാളാണെന്ന് തോന്നുകേയില്ല. അത്ര ലളിതമായണു സംസാരിക്കുന്നത്. ഇംഗ്ലീഷ് വളരെ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളായിട്ടും അനാവശ്യമായി ഒരൊറ്റ ഇംഗ്ലീഷ് വാക്കുപോലും അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നു വരില്ല. ഒരു മധ്യതിരുവിതാംകൂര്‍ ചുവ ഉണ്ടെന്നതൊഴിച്ചാല്‍ പറയുന്നത് നല്ല കരിക്കിന്‍‌വെള്ളം പോലത്തെ ശുദ്ധമലയാളം. അതില്‍ നിന്നും പ്രചോദനം കൊണ്ട് ഞാനും ശുദ്ധമലയാളം സംസാരിക്കാന്‍ ഒരു ശ്രമം നടത്തി. എന്റെ സംസാരത്തില്‍ ഒരു കൃത്രിമം വന്നതുകൂടാതെ എഴുതിവായിക്കുന്നതു പോലെ ഒരു അനുഭവവും. നല്ല മലയാളം പറഞ്ഞും എഴുതിയും വായിച്ചും ശീലമാക്കിയതാണ് വെട്ടിപ്പുറത്തിന്റെ ഈ അനായാസതയ്ക്കു കാരണം എന്നു ഞാന്‍ മനസ്സിലാക്കി. നല്ല വായനയാണു നല്ല ഭാഷയിലേക്കുള്ള വഴി എന്നായിരുന്നു മൂപ്പരെനിക്കു നല്‍കിയ സന്ദേശം.

സൂര്യനു കീഴെയുള്ള ഏതു കാര്യത്തെക്കുറിച്ചും സംശയം ചോദിക്കാം. ഭാഷയോ തത്വചിന്തയോ ജീവിതപ്രശ്നങ്ങളോ സംസ്കാരമോ ആയുര്‍വേദമോ എന്തുമാവട്ടെ, വെട്ടിപ്പുറത്തിന് ഉത്തരമുണ്ട്. വീണ്ടും കടപ്പാട് വായനയോട്. വെറും വായനയല്ല, പഠനമാണ് . റഫറന്‍സിനുവേണ്ടി ‘ലെഗസി ഓഫ് ചരകയും’ ‘ആയുര്‍വേദവിജ്ഞാനകോശവും’ വായിച്ചിരിക്കുന്നതുകണ്ടാല്‍ ഏകാഗ്രതയോടെ, ഭക്തിയോടെ പഠിക്കുന്ന ഒരു സ്കൂള്‍ വിദ്യാര്‍ഥിയെന്നുതോന്നും. വെട്ടിപ്പുറം എന്തുകൊണ്ട് ഒരധ്യാപകനായില്ല എന്നത് പലവട്ടം എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ഓരോ കാര്യങ്ങള്‍ പറഞ്ഞു തരുമ്പോള്‍ അതൊരു ചലച്ചിത്രം പോലെ മനസ്സില്‍ തെളിയുകയാണ് . ഏറ്റവും ഫലപ്രദമായ പദപ്രയോഗം കൊണ്ട് ശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നതിനു പുറമേ ചിത്രം വരയ്ക്കാനും ഫോട്ടോയെടുക്കാനും വെട്ടിപ്പുറത്തിനറിയാം. കൂടാതെ അല്പസ്വല്പം കൊട്ടും പാട്ടും കൂടി അറിയാം.

അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു ലൈബ്രറി സന്ദര്‍ശനം. വൈകുന്നേരം അഞ്ചരയോടടുപ്പിച്ച് കട്ടപ്പന പബ്ലിക് ലൈബ്രറിയിലേക്ക് അദ്ദേഹം നടക്കും. പത്രക്കാരനായതു കൊണ്ട് ലോകത്തു നടക്കുന്ന സംഭവങ്ങളെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടായിരുന്നു. പല പത്രങ്ങള്‍ വായിക്കുന്നതുകൊണ്ട് മാധ്യമങ്ങളെപ്പറ്റിയും അവരുടെ താല്പര്യങ്ങളെപ്പറ്റിയും നല്ല കാഴ്ചപ്പാടും ഉണ്ടായിരുന്നു. തിങ്കളാഴ്ച കട്ടപ്പന ലൈബ്രറി അവധിയായതിനാല്‍ അന്ന് അമ്പലക്കവലയ്ക്കാണു നടത്തം. വിഭവങ്ങള്‍ കുറവാണെങ്കിലും ഒരു റൌണ്ട് വായനയ്ക്കുള്ളത് അവിടുത്തെ ലൈബ്രറിയില്‍ കിട്ടും. വായനയൊക്കെ കഴിഞ്ഞ് ഏകദേശം ഏഴുമണിയോടെ തിരികെ പോരുന്ന വഴിക്കാണ് അത്താഴം കഴിക്കുക. പൊലീസ് സ്റ്റേഷന്‍ കാന്റീനില്‍ നിന്നും കഞ്ഞി. കുറെ തവണ ഞാനും കമ്പനി കൊടുത്തിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റൊരു അദ്ധ്യാപകനായിരുന്ന ഗിരീഷ് ആയിരുന്നു കഞ്ഞികുടിയില്‍ വെട്ടിപ്പുറത്തിന്റെ സ്ഥിരം കൂട്ട്. താമസസ്ഥലത്തേക്കുള്ള യാത്രയില്‍ വല്ലപ്പോഴും ഒരു വെറ്റിലമുറുക്ക് വെട്ടിപ്പുറത്തിനു ഹരമാണ്. കുടിയും വലിയുമില്ലാത്ത, എന്തിന് ഒച്ചയെടുത്തൊന്നു സംസാരിക്കുകപോലുമില്ലാത്ത ഇങ്ങേരിതെന്തിനാ മുറുക്കുന്നത് എന്ന എന്റെ സംശയത്തിനു കിട്ടിയ മറുപടി ‘അതു വായിലെ അരുചി ഇല്ലാതാക്കാനാണ് ‘ എന്നായിരുന്നു. വെറ്റിലയും പുകയിലയും ചേര്‍ന്നാല്‍ നേരിയ തോതില്‍ അണുനാശിനി പോലെ വര്‍ത്തിക്കുമെന്നും കേട്ടപ്പോള്‍ അതു ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാഞ്ഞ മറുപടിയായി. അദ്ദേഹം ദിനവും യോഗ ചെയ്തിരുന്നു. ഉപവാസം തുടങ്ങിയ ചില ശീലങ്ങളും ഉണ്ടായിരുന്നു.

മറ്റൊരു പ്രത്യേകത പുള്ളിക്കാരന്റെ സംബോധനകളാണ്. നാം സാധാരണയായി എടോ, മാഷേ, ടീമേ എന്നൊക്കെ വിളിക്കുന്ന സ്ഥാനത്ത് വെട്ടിപ്പുറം വിളിക്കുന്നത് ദേ, മനുഷ്യാ, ആത്മാവേ എന്നൊക്കെയാണ്! ചില സമ്പ്രദായങ്ങളോടും കീഴ്‌വഴക്കങ്ങളോടും വെട്ടിപ്പുറത്തിനു താല്പര്യമില്ലായിരുന്നു. അതറിഞ്ഞപ്പോള്‍ അങ്ങേരൊരു കമ്മ്യൂണിസ്റ്റാണോ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്. വാര്‍ത്താപരമായി മാത്രമേ മൂപ്പര്‍ക്കു രാഷ്ട്രീയത്തില്‍ താല്പര്യമുണ്ടായിരുന്നുള്ളൂ.
കട്ടപ്പനയിലെ ഒരു ചെറുകിടപ്രസ്ഥാനത്തില്‍ തന്റെ മാധ്യമജീവിതം തളച്ചിടാന്‍ വെട്ടിപ്പുറം തയ്യാറല്ലായിരുന്നു. മാത്രമല്ല കട്ടപ്പനയിലെ ജീവിതസാഹചര്യങ്ങള്‍ വെട്ടിപ്പുറത്തിനു പിടിച്ചുമില്ല. കട്ടപ്പനജീവിതത്തിനു ചെലവു കൂടുതലും സൌകര്യങ്ങള്‍ കുറവും ആണെന്നതായിരുന്നു പ്രധാന പരാതികള്‍. പച്ചക്കറിയ്ക്കും മീനും ഹോട്ടല്‍ ഭക്ഷണത്തിനും വരെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു വില കൂടുതലാ‍ണെന്നു വെട്ടിപ്പുറം നിരീക്ഷിച്ചു. മറ്റു സ്ഥലങ്ങളിലും ഇത്തരം സാധനങ്ങള്‍ക്കൊക്കെ വില ഇതുപോലെ തന്നെയല്ലേ? അപ്പോള്‍ വെട്ടിപ്പുറം പറയുന്നു "കുഞ്ഞേ, അതങ്ങനെയല്ല. കോട്ടയത്തോ എറണാകുളത്തോ ചെന്നാലും സാധാരണ കടകളില്‍ ചായയ്ക്കു രണ്ടര രൂപയും ഊണിനു പതിനഞ്ച് രൂപയും ദോശയ്ക്കു രണ്ടു രൂപയും തന്നെ ആയിരിക്കും. എങ്കിലും അവിടെ ചില കേന്ദ്രങ്ങളിലെങ്കിലും രണ്ടു രൂപയ്ക്കു ചായയും പത്തുരൂപയ്ക്ക് ഊണും ഒന്നരരൂപയ്ക്ക് ദോശയൂം കിട്ടും. അത്തരമൊരു സാ‍ഹചര്യം കട്ടപ്പനയിലെന്നല്ല ഹൈറേഞ്ചില്‍ ഒരിടത്തും ഇല്ല." അപ്പോ വെട്ടിപ്പുറത്തിന്റെ അഭിപ്രായത്തില്‍ എല്ലാം തികഞ്ഞ സിറ്റി ഏതാ? "ചെന്നൈ" എന്നായിരുന്നു വെട്ടിപ്പുറത്തിന്റെ മറുപടി.

ഡല്‍ഹിയിലോ മുംബൈയിലോ ബാംഗ്ലൂരിലോ ഉള്ള കൊടിവച്ച അച്ചടിമാദ്ധ്യമങ്ങളിലൊന്നില്‍ ജോലി നോക്കാന്‍ ശ്രമിക്കാതെ എന്തുകൊണ്ട് ചെന്നൈ തെരഞ്ഞെടുത്തു? പുള്ളി നിരത്തിയത് ഒരു നീണ്ട ലിസ്റ്റായിരുന്നു. സര്‍വ്വോപരി ചെന്നൈ അദ്ദേഹത്തിന്റെ സ്വപ്നനഗരവുമായിരുന്നു. പിന്നീടെല്ലാം വെട്ടിപ്പുറം ഹൈറേഞ്ചിന്റെ കുറവുകള്‍ നിരത്തുമ്പോള്‍ ഞങ്ങള്‍ പ്രത്യാക്രമണം നടത്തുന്നത് മൂപ്പിലാന്റെ ഈ ചെന്നൈ പ്രണയം കൊണ്ടാണ്.
പിന്നീടൊരുനാള്‍ വെട്ടിപ്പുറം ആ സ്ഥാപനത്തോടു വിടപറഞ്ഞു. മുന്‍പേ തന്നെ ഞാന്‍ എന്റെ അഡ്രസും ഫോണ്‍ നമ്പരുമൊക്കെ കൊടുത്തെങ്കിലും വെട്ടിപ്പുറത്തിന്റെതായി ഒരന്വേഷണവും എന്നെ തേടിവന്നില്ല. ഞാന്‍ പുള്ളിയെ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഗൂഗിള്‍ ഇത്രയും തന്നു.


സ്വന്തം സ്വപ്നം പോലെ, ചെന്നൈയില്‍ ഏതെങ്കിലും മീഡിയാ‍ഓഫീസില്‍ തന്റെ ഡെസ്കിലെ എഴുത്തുപകരണങ്ങളും മറ്റും ഒതുക്കിവെച്ച് ഐശ്വര്യമോളുടെ അടുത്തേക്കു ചെല്ലാന്‍ വെട്ടിപ്പുറം ഇപ്പോഴും ഇറങ്ങുന്നുണ്ടാവണം. വഴിയില്‍ നിന്നും ഒരു മുറുക്കാനും ചവച്ച്...

എഡീ, ഐ മിസ്സ് യൂ!

Sunday, August 10, 2008

പുതുവത്സരസമ്മാനം

തൊണ്ണൂറുകളിലെ ഒരു പുതുവര്‍ഷദിനം. ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്കൂള്‍. ഗ്രൌണ്ട് ഫ്ലോ‍ര്‍. അങ്ങേയറ്റത്തെ മുറി. പത്ത് എ മറ്റൊരു അധ്യയനദിവസത്തിലേക്ക് ഉണരുകയാണ്.

ഞാന്‍ അന്നു വാങ്ങിയ പുതിയ നോട്ട്ബുക്കിന്റെ രണ്ടാം താളില്‍ പേര്, ക്ലാസ്, റോള്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ടിരിക്കുന്നു. പേജിന്റെ ഒത്ത നടുക്ക് വിലങ്ങനെ വിഷയത്തിന്റെ പേരുകൂടി എഴുതി അടിയില്‍ നെടുനീളത്തില്‍ ഒരു വര കൂടി ഇട്ടു. ന്യൂ ഇയറല്ലേ, ഇതു കൂടി ഇരിക്കട്ടെ എന്നു വിചാരിച്ച് ആ പേജിന്റെ നെറ്റിയില്‍ "ഹാപ്പി ന്യൂ ഇയര്‍" എന്നു ഭംഗിയായി എഴുതി അതിനു ചുറ്റും കലാവാസന കൊണ്ട് ഒരു വേലിയും തീര്‍ത്തു. ബുക്ക് അല്പം അകറ്റിപ്പിടിച്ച് അതിന്റെ ഭംഗി ഒന്നുകൂടി ആസ്വദിച്ചു.

ആഴ്ചയിലെ എല്ലാ ദിവസവും ആദ്യപീരീഡ് ക്ലാസ്സ് ടീച്ചര്‍ കൂടിയായ പോള്‍ ജോസഫ് സാറിന്റെ മലയാളം ക്ലാസ്സ് ആണ്. ക്ലാസില്‍ എത്ര നേരത്തെ വന്നാലും എല്ലാവരും മിണ്ടാതിരുന്നു പഠിച്ചുകൊള്ളണമെന്നാണ് ഉത്തരവ്. ആയത് അതീവശ്രദ്ധയോടെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എസ്.എസ്.എല്‍.സി. പരീക്ഷ അടുത്തതോടെ നിയമങ്ങള്‍ വളരെ കര്‍ക്കശമാ‍ണ്. അതു പത്ത് എ-യിലാവുമ്പോള്‍ അതീവഗൌരവമാകും. അന്ന് എന്റെ അടുത്തിരുന്നു ഡോണി ഏതോ പാഠപുസ്തകത്തിന്റെ താളുകള്‍ ധൃതിയില്‍ മറിക്കുന്നു. അവനു പഠിക്കാന്‍ അങ്ങനെ താള്‍ മറിച്ചാല്‍ മതി.
അജയ്‌മോന്‍ എതോ ബുക്കിലേക്കു തല കുമ്പിട്ടിരിക്കുന്നു. പഠിക്കുവൊന്നുമല്ല, എങ്കിലും സാര്‍ വരുമ്പോള്‍ തെറ്റിദ്ധരിക്കണമല്ലോ! ഞാന്‍ പിന്നിലേക്കു നോക്കി ക്ലാസ്സ് ലീഡര്‍ ജോബിയുടെ മുന്നില്‍ നിയമം ലംഘിക്കുന്നവരുടെ പേരെഴുതുന്ന കടലാസ് ഉണ്ടോയെന്നും നോക്കി. ഇല്ലല്ലോ! അതെന്തു പറ്റി? അവനെ എന്നെ നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി. ഇന്നെന്നാ അവനൊരു ജാഡ? ഓ... ആരന്വേഷിക്കുന്നു? മൂപ്പരു ചിലപ്പോള്‍ നല്ല ഒന്നാംതരം പിന്‍ബെഞ്ചുകാരനാവും, മറ്റു ചിലപ്പോള്‍ മര്യാദക്കാരനും നീതിമാനും നിയമപാലകനുമായ ലീഡറായി മാറും. ഇന്നു ലീഡറാണെന്നു തോന്നുന്നു.

പെട്ടെന്ന്‍ പോള്‍ സാര്‍ ക്ലാസ്സിലേക്ക് കടന്നുവന്നു. ഇടതുകയ്യില്‍ മലയാളപാഠാവലിയും ഹാജര്‍ബുക്കും കണ്ണട സൂക്ഷിക്കുന്ന പെട്ടിയും പിടിച്ച്, തേച്ചു മടക്കിയ ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് ഗംഭീരമായ ഒരു വരവ്. ആര്‍ക്കും ആദരം തോന്നിപ്പോവുന്ന അദ്ധ്യാപകന്‍. കൃഷ്ണഗാഥയും ‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി‘യുമൊക്കെ നല്ല ഈണത്തില്‍ ചൊല്ലിയാണു പോള്‍ സാര്‍ പഠിപ്പിക്കുക. ഒപ്പം സാറിന്‍‌റെ കാര്‍ക്കശ്യം, ചിട്ട, ശിക്ഷ എന്നിവയും പേരുകേട്ടതാണ്.

സാര്‍ വന്നപാടെ എല്ലാവരുംകൂടി ആഞ്ഞൊരു ഗുഡ്മോര്‍ണിങ് വീശി. തിരിച്ചും കിട്ടി ഒരെണ്ണം. ഒപ്പം നവവത്സരാശംസകളും. എനിക്കുള്ള ഗിഫ്റ്റ് വരാനിരിക്കുന്നതേയുള്ളൂ എന്ന് അപ്പോളൊന്നും ഞാനറിഞ്ഞിരുന്നില്ല.

എന്നിട്ടു പതിവുപോലെ ഹാജരെടുത്തു. അതും കഴിഞ്ഞ് പതുക്കെ കസേരയില്‍ നിന്നെണീറ്റു. ക്ലാസിലെ പ്രധാന അനൌണ്‍സ്മെന്‍‌റുകള്‍ അപ്പോഴാണുണ്ടാവുക. പരീക്ഷകള്‍, അച്ചടക്കം, പിരിവുകള്‍ എന്നീ ഔദ്യോഗിക വിഷയങ്ങളും ക്രമസമാധാനപ്രശ്നങ്ങള്‍, കൌമാരചാപല്യങ്ങള്‍ ഇത്യാദി അസുഖങ്ങള്‍ക്കൊക്കെയുള്ള ചികിത്സാവിധികളും ഈയവസരത്തിലാണു നടക്കുക.

എന്തായാലും അന്നെണീറ്റപാടെ സാര്‍ വടിയാണന്വേഷിച്ചത്. ഉത്സാഹവാനായി ജോബി മുന്നിലേക്കു ചെന്ന്‍ ബ്ലാക്ക്ബോര്‍ഡിനു പിന്നില്‍ വച്ചിരുന്ന വടി എടുത്ത് സാറിനു നല്‍കി. കയ്യിലിട്ടൊന്നു പുളച്ച് സാര്‍ വടിയെ ഉറക്കത്തില്‍ നിന്നുണര്‍ത്തി. എന്നിട്ടു ജോബിയെ നോക്കി ചോദിച്ചു: "ഇന്നലെ ഇംഗ്ലീഷിന്റെ പീരിഡില്‍ ക്ലാസ്സില്‍ ബഹളം വെച്ചതാരൊക്കെയാടാ?"

ഒരു നിമിഷം ഞാന്‍ ഭൂമിയിലുമല്ല ആകാശത്തിലുമല്ല എന്നു തോന്നിപ്പോയി. ‘പെട്ടു മോനേ, പെട്ടു‘ - അകത്തിരുന്നു എ‌ന്‍‌റെ സ്വരത്തില്‍ ആരോ എന്നോടു പറഞ്ഞു.

അഞ്ചിന്ദ്രിയങ്ങളും മിന്നല്‍പ്പണിമുടക്കു നടത്തിയ ആ വേളയിലും ജോബിയുടെ കണ്ഠനാളത്തില്‍ നിന്നും പോള്‍ സാറിന്‌റെ ചെവി ലക്ഷ്യമാക്കിപ്പാഞ്ഞ സന്ദേശത്തിന്‍‌റെ ഒരു കോപ്പി എന്‍‌റെ ഇന്‍ബോക്സിലും കിട്ടി. ദ് മെസേജ് റീഡ്‌സ്- "രാജ്, ഡോണി, അജയ് !!"

കര്‍ത്താവേ..! ഞാന്‍ വീണ്ടും ഞെട്ടി! ഞങ്ങള്‍ മൂന്നുപേര്‍ മാത്രം! ഇന്നലെയും അതിനു മുന്‍പും ഇംഗ്ലീഷ് ക്ലാസ്സില്‍ ഞങ്ങള്‍ കാണിച്ച കോപ്രായങ്ങള്‍ക്കെല്ലാം വലിയൊരളവു വരെ ഓശാന പാടിയവനാണു ഞങ്ങള്‍ക്കെതിരേ ഇന്നു സാക്ഷി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഇന്നലെ ഈ ക്ലാസ്സില്‍ അലമ്പുകാട്ടിയ മറ്റുള്ളവര്‍ (ഞങ്ങള്‍ ചെയ്തയത്ര വരില്ലെങ്കിലും) എല്ലാവരും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ മൂന്നുപേര്‍ക്കുമിടയിലുള്ള മുടിഞ്ഞ സൌഹൃദം ഇവനു സുഖിക്കാത്തതാന്നോ ഈ ഒറ്റിനു കാരണം? ഇന്നലെ വൈകുന്നേരം ഇവന് ഇംഗ്ലീഷ് ടീച്ചറിനോട് അന്നുവരെയില്ലാ‍ത്ത ഒരു സഹതാപം തോന്നാന്‍ മാത്രം എന്നാ സംഭവിച്ചെ?

തനി അച്ചായന്‍ സ്റ്റൈലിലാണു പോള്‍ സാര്‍ സംസാരിക്കുക. "ഇങ്ങെറങ്ങി വരിനെടാ!!!"

ഒരുപാടു ചിന്തിക്കാന്‍ സമയമില്ലായിരുന്നു. കമാന്‍ഡ് കിട്ടിക്കഴിഞ്ഞു.അവിടെത്തന്നെ നിന്നുകളഞ്ഞാലെങ്ങനെയാ, സാറു വിളിച്ചിട്ടു ചെന്നില്ലെങ്കില്‍ മോശമല്ലേ?

ബെഞ്ചിന്റെ വശത്തിരുന്നവര്‍ ഞങ്ങള്‍ക്കു കടന്നുപോകാന്‍ ഭവ്യതയോടെ വഴിയൊരുക്കിത്തന്നു. നമ്രശിരസ്കരായി ഞങ്ങള്‍ മുന്നിലേക്കു ചെന്നു. ക്ലാസ്സില്‍ പിന്‍ഡ്രോപ്പ് സൈലന്‍സ്.

"ഹിങ്ങു മാറി നില്ലെഡാ.!"

‘സ്ഥലം എസ്.ഐ. തേങ്ങാക്കള്ളനോട് കാട്ടുന്ന മാതിരി ഒരു ട്രീറ്റ്മെന്റാണല്ലോ ഈശ്വരാ, രാവിലെ!'
ഈശ്വരന്‍: ‘അല്ലെഡാ, നിന്നെയൊക്കെ മാലയിട്ടു സ്വീകരിക്കാം, ദേ, എന്നെക്കൊണ്ടൊന്നും പറയിക്കണ്ട!’

തൊട്ടുമുന്‍പു കിട്ടിയ ആജ്ഞയുടെ ആഘാതത്തില്‍ അജയ് അല്പം പിന്നോട്ടു മാറിയതിനാലും, ആള്‍‌റെഡി ഡോണിയുടെ നില്‍പ്പ് അല്പം പമ്മി പിന്നിലായിരുന്നതിനാലും ആദ്യ ഇര ഞാനായി. ആല്ഫബെറ്റിക് ഓര്‍ഡറില്‍ അടി വീഴുമെന്ന എന്റെ പ്രതീക്ഷയുടെ ശവപ്പെട്ടിയിലെ അവസാനത്തെ സ്‌ക്രൂ!

"നിനക്കൊക്കെ ക്ലാസ്സില്‍ മര്യാദയ്ക്കിരുന്നാ എന്നതാടാ?" എന്നൊരു ചോദ്യത്തോടെ ദേഷ്യം കൊണ്ട് വിറയ്ക്കുന്ന മുഖത്തോടെ സാര്‍ എന്നെ സമീപിച്ചു. മുഖഭാവം പരമാവധി നിര്‍വ്വികാരമാക്കാന്‍ ശ്രമിച്ച് ഞാന്‍ നിശ്ചലനായി നിന്നു. എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അടി സ്വീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തി. ശരീരത്തിലെ രക്തം മുഴുവന്‍ ചന്തി മുതല്‍ തുട ഉടനീളം കുതിച്ചൊഴുകി. മനസ്സില്‍ ആംബുലന്‍സുകള്‍ അലമുറയിട്ടു. "പരേ...ഡ്, സാവ്‌ധാന്‍!" എന്നു കേട്ടതുപോലാണു ക്ലാസ്സിന്‍‌റെ ആകെ അവസ്ഥ.

അലക്കിത്തേച്ച വെളുത്ത ഷര്‍ട്ടും കറുത്ത പാ‌ന്‍‌റ്സുമിട്ട് അള്‍ത്താരബാലനെപ്പോലെ ഞാന്‍ നില്ക്കവേ, സാര്‍ എന്റെ ഷര്‍ട്ടിന്റെ തുമ്പിലും പാന്റ്സിന്റെ പ്ലീറ്റിലും ചേര്‍ത്തുവലിച്ചു പിടിച്ചു - പ്രസരണനഷ്ടം കൂടാതെ അടി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള വിദ്യ.

റ്റൈമര്‍ സീറോയിലേക്കടുക്കുന്നു. സാറിന്റെ വലതു കൈ വായുവിലുയര്‍ന്നു. "റെഡ് അലര്‍ട്ട്!!!" അകത്തെ രാജ് അലറി. ഞാന്‍ ശ്വാസം പിടിച്ചു നിര്‍ത്തി. ഇട്ടിരിക്കുന്ന ജെട്ടിയുടെ കനത്തില്‍ വെല്യ വിശ്വാസം തോന്നിയില്ല.

"വ്യൂശ്..പ്റ്റഖ്..!!!"

സൂപ്പര്‍! അന്നുവരെ പോള്‍ സാര്‍ കാഴ്ചവച്ചിട്ടില്ലാത്ത പ്രകടനം!

"ഹ്ശ്ശ്ശ്..!" ശബ്ദമുയര്‍ന്നതു എന്റെ വായില്‍ നിന്നല്ല, ക്ലാസില്‍ നിന്ന്.
പെണ്ണുങ്ങളൊക്കെയായിരിക്കണം. സത്യം പറയാല്ലോ, അപ്പോള്‍ അല്പം തിരക്കായിരുന്നതു കൊണ്ട് ആരൊക്കെയായിരുന്നു എന്നു ശ്രദ്ധിക്കാന്‍ പറ്റിയില്ല.

ജെട്ടിക്കൊന്നും രക്ഷിക്കാന്‍ പറ്റുമായിരുന്നില്ല. ചന്തിയിലല്ല, എന്നാലങ്ങൊത്തിരി താഴെയുമല്ല. കമ്പി പഴുപ്പിച്ചു വെച്ച പോലെ ഒരു ഫീലിങ്, അനുഭൂതി, നിര്‍വൃതി... മാങ്ങാത്തൊലി!

സെക്കന്റു വൈകിയില്ല, അടുത്തതും വീണുകഴിഞ്ഞു- "വ്യൂശ്..പ്റ്റഖ്..!!!"

മുന്‍പ് ആക്രമണമേറ്റതിന്റെ സമീപപ്രദേശത്തു തന്നെ. എഫക്റ്റ് സെയിം ആസ് എബോവ്.

കഴിഞ്ഞു!! ഞാന്‍ ശ്വാസകോശത്തിനേര്‍പ്പെടുത്തിയ ഉപരോധം പിന്‍‌വലിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതിലേറെ ഞെട്ടിച്ചു കൊണ്ട് സെല്ലോഫേന്‍ ടേപ്പു ചുറ്റിയ ചൂരല്‍ ഒരിക്കല്‍ക്കൂടി എന്റെ തുടയില്‍‌ ആഞ്ഞുപതിച്ചു. പ്രത്യേകിച്ചു തയ്യാറെടുപ്പൊന്നുമില്ലായിരുന്നതുകൊണ്ട് മുന്‍പത്തെ രണ്ടെണ്ണത്തെക്കാള്‍ മികച്ചതായി ഇത്തവണത്തേത്. ത്രീ ഇന്‍ എ റോ!! തേര്‍ഡ് ഹിറ്റ്
എങ്ങനെ വിശദീകരിക്കണം എന്നെനിക്കറിഞ്ഞുകൂടാ.

ഞാന്‍ നടന്നുനീങ്ങുന്ന വഴി ‘വണ്‍, ടൂ, ത്രീ........... വണ്‍, ടൂ, ത്രീ’ എന്നു മനസ്സില്‍ എണ്ണി. നമ്മുടെ കൂട്ടുകാരുടെ ഷെയറേ! പുതുവര്‍ഷദിനത്തില്‍ ഞങ്ങള്‍ക്കു ഹാട്രിക്ക്, സാറിനു ട്രിപ്പിള്‍ ഹാട്രിക്ക്. ഒരു പക്ഷേ ആ സ്കൂളിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിരിക്കും.

"യേയ്... വേദനയോ? എനിക്കോ?" എന്ന മുഖഭാവത്തോടെ ബെഞ്ചില്‍ വന്നിരുന്നു. ബുക്കിലെ ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന വാചകം എന്നെ നോക്കി കൊഞ്ഞനം കുത്തി. ബെഞ്ചില്‍ ഇരുന്നപ്പോഴാണ് അടിയുടെ ചൂട് എന്ന വാക്കിന്റെ അര്‍ഥം മനസ്സിലായത്. അല്‍പ്പനേരം ഭാവനാക്കസേരയിലിരുന്നു. പാന്റ്സിനു പുറമേകൂടി പതിയെ തുടയില്‍ വിരലോടിച്ചു, അടിയുടെ തടിപ്പ് അറിയാം. സാവധാനം അമര്‍ന്നിരുന്നു. എന്നിട്ടും ഇരിപ്പുറച്ചില്ല. ഞങ്ങള്‍ മൂന്നു പേരെയും മൂന്നു ബെഞ്ചുകളിലാക്കി അന്നു തന്നെ പിരിച്ചു. ഞാനും ‘സഹവഷളന്മാരും‘ പര‍സ്പരം മുഖത്തു നോക്കിയില്ല. ഇതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആരാണെന്നു ഞങ്ങള്‍ക്കു പക്ഷേ മനസ്സിലായിക്കഴിഞ്ഞിരുന്നു.

എങ്കിലും, ഞങ്ങള്‍ എപ്പോഴും അലമ്പന്മാരല്ലായിരുന്നു. ക്രിസ്റ്റീന റ്റീച്ചറിന്റെ കണക്കുപീരീഡില്‍ ഞങ്ങള്‍ മൂന്നു പേരും വാശിയോടെ മത്സരിച്ചു കണക്കു ചെയ്തിരുന്നു. ട്രിഗ്ണോമെട്രിയിലെ ചില കണക്കുകള്‍ ചെയ്യാന്‍ കണ്ടെത്തിയ കുറുക്കുവഴിക്ക് ‘റാഡ് (രാജ്-അജയ്-ഡോണി)തിയറി’ എന്നു പേരുനല്‍കി സ്വയം കുഞ്ഞു ശാസ്ത്രജ്ഞന്മാരെന്നു ഭാവിച്ചിരുന്നു. ഒരുവന്‍ തെറ്റിയാല്‍ മറ്റു രണ്ടുപേരും സഹായിച്ചിരുന്നു. ഡിക്ഷ്ണറി തപ്പിത്തിരഞ്ഞ് രസകരമായ വാക്കുകള്‍ കണ്ടെത്തി പരസ്പരം കൈമാറിയിരുന്നു. ഉദാ:‘ബൂസ്സ്‘ എന്ന വാക്ക് എന്നെ പഠിപ്പിച്ചത് അജയ് ആണ്. അതേസമയം, പത്ത് ബിയിലെയും സിയിലെയും സുന്ദരികളെ ഒരുമിച്ചു വായില്‍ നോക്കിയിരുന്നു. പരസ്പരം ഇരട്ടപ്പേരുകള്‍ വിളിച്ചും പെണ്‍കുട്ടികളുടെ പേരു ചേര്‍ത്തു കളിയാക്കിയും പോരടിച്ചിരുന്നു. എല്ലാം ഒരുദിവസം കൊണ്ട് പെട്ടെന്ന് ഇല്ലാതായ പോലെ.

സാറിന്റെ പീരീഡു കഴിഞ്ഞപ്പോള്‍ പലരും വന്നു ഞങ്ങളെ ആശ്വസിപ്പിച്ചു. കിട്ടേണ്ടതു ഞങ്ങള്‍ക്കു കിട്ടി. സഹതപിക്കുന്നവരോടും മാറിനില്‍ക്കുന്നവരോടും പ്രത്യേകിച്ചു ഞങ്ങള്‍ക്കു ഭേദമില്ല. പക്ഷേ, ലീഡറേ, ഇതു വെല്യ ചതിയായിപ്പോയി. ഇന്നലെ ഞങ്ങള്‍ ക്ലാസ്സില്‍ കാട്ടിയ തമാശകള്‍ - നര്‍മ്മം നിറച്ച കുറിപ്പുകള്‍ കൈമാറുന്നതും ഗോഷ്ടി കാണിക്കുന്നതും അടുത്തിരിക്കുന്നവനെ ചിരിപ്പിക്കാന്‍ നടത്തുന്ന ഏതു ശ്രമവും നീയും ആസ്വദിച്ചിരുന്നു. ഒരു മുന്നറിയിപ്പു പോലും തരാതെ നീയിന്നലെപ്പോയി പോള്‍ സാറിനോടു റിപ്പോര്‍ട്ടുചെയ്തു. രാവിലെ ക്ലാസില്‍ വന്നു നീ പൂച്ചക്കുട്ടിയെപ്പോലെ ഇരുന്നു. ക്ലാസ്സ് ലീഡറെ തെരഞ്ഞെടുക്കുന്ന കാലത്ത് നിനക്കെതിരേ ഈ ഞാന്‍ നിന്നിരുന്നെങ്കില്‍ ഈ ജാഡ കാണിക്കാന്‍ നീ ലീഡര്‍ സ്ഥാനത്തുണ്ടാവുമായിരുന്നില്ല. വെറുതേ ഓരോരോ വള്ളിക്കെട്ടു പിടിക്കണ്ട എന്നും കരുതി അന്ന്‍ ഉപേക്ഷ വിചാരിച്ചു. ആഹ്, ഇപ്പോള്‍ ഞാന്‍ എന്തിനതു ചിന്തിക്കണം? പോട്ടെ! അന്ന് ക്ലാസ്സ് ലീഡറുടെ പ്രവൃത്തിയെ അപലപിക്കുകയും എന്റെ വ്യക്തിപരമായ ദുഃഖത്തില്‍ എന്നോട് അനുതപിക്കുകയും ചെയ്ത സുമോദ്. എന്‍, സന്തോഷ് പി. കെ, രതീഷ് എം. എസ്. എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. ബഹുമാനപ്പെട്ട ലീഡറിന്റെ പക്ഷപാതപരവും ദുരുദ്ദേശപരവുമായ പ്രവൃത്തി മൂലം താരതമ്യേന പഠിക്കാന്‍ മിടുക്കരും പൊതുവേ അത്ര ശല്യക്കാരല്ലാത്തവരുമായ മൂ‍ന്നു വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി ശിക്ഷിക്കപ്പെട്ടുവെന്ന സത്യം എല്ലാവരും മനസ്സിലാക്കി.

പതിനൊന്നരയ്ക്കുള്ള ഇന്‍‌റര്‍വെല്ലില്‍ ഞങ്ങള്‍ മൂവരും മീറ്റു ചെയ്തു. ഞങ്ങളുടേതായ എല്ലാ വിനോദങ്ങളിലും ഏര്‍പ്പെട്ടു. എങ്കിലും ക്ലാസ്സിനകത്തെ ഞങ്ങളുടെ ഐക്യം നഷ്ടപ്പെട്ടിരുന്നു. ഞങ്ങളെ ശിക്ഷിച്ചതില്‍ പോള്‍ സാറിനോട് വിദ്വേഷമോ അന്നത്തെ കുസൃതിത്തരങ്ങളുടെ കൂട്ടുകാരായിരുന്നിട്ടും ശിക്ഷിക്കപ്പെടാതെ പോയ സഹപാഠികളോട് കെറുവോ എനിക്കില്ല. പക്ഷേ, ഇതിനു ശേഷം ജോബിക്ക് ഞങ്ങളോട് പൊതുവേ ഒരകല്‍ച്ച ഉണ്ടായതായി ഞങ്ങള്‍ മനസ്സിലാക്കി. ഞങ്ങളൊന്നും ചെയ്തിട്ടല്ലല്ലോ! ആ അകല്‍ച്ചയുടെ ലാഞ്ഛന പോലുമില്ലാതെയാണു ഞങ്ങള്‍ അവനോട് പെരുമാറിയത്.

ഈ സംഭവം കൊണ്ടുണ്ടായ ഗുണങ്ങള്‍: എനിക്കു കുറച്ചു കൂടി ഉത്തര‍വാദിത്വബോധം വന്നു. അദ്ധ്യപനപരിചയം കുറവായ ആ പാവം ഇംഗ്ലീഷ് ടീച്ചറുടെ ക്ലാസ്സില്‍ ആരും തന്നെ വേലത്തരങ്ങള്‍ കാണിക്കാതായി. ഞങ്ങള്‍ മൂന്നു പേരും പ്രത്യേകിച്ചും. റിവിഷനും മറ്റും മുറയ്ക്കു നടന്നു. പയ്യെപ്പയ്യെ പോള്‍ സാര്‍ എന്റെ ഏറ്റവും ബഹുമാനപ്പെട്ട അദ്ധ്യാപകരില്‍ ഒരാളായി. ധര്‍മ്മരാജാ‍ എന്ന ഉപപാഠപുസ്തകത്തില്‍ നിന്നും ഏതാനും ഉപന്യാസങ്ങള്‍ അദ്ദേഹത്തിന്‍‌റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിക്കൊടുത്തപ്പോള്‍ കിട്ടിയ അഭിനന്ദനം എസ്.എസ്.എല്‍.സിക്കു കിട്ടിയ മാര്‍ക്കിനെക്കാള്‍ വിലപ്പെട്ടതാണ്. എന്തോ, അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ വേണ്ടപ്പെട്ട ആരോടോ സംസാരിക്കുന്നതു പോലെ ഒരു ബോധം മനസ്സില്‍ വന്നുതുടങ്ങി. ഞങ്ങള്‍ എല്ലാവരും സാമാന്യം നല്ല മാര്‍ക്കോടെ പരീക്ഷ പാസ്സായി (എനിക്കു നാല്പതില്‍ കൂടുതല്‍ മാര്‍ക്കു ലഭിച്ച പേപ്പറുകള്‍ മലയാളം മാത്രമാണ്). പിന്നീടു കാണുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കരുതലും സ്നേഹവും ഒരു അനുഗ്രഹം പോലെ ലഭിച്ചു. ജന്മത്തിലെ ഏറ്റവും ഭാഗ്യമായ ജോലിയില്‍ ജോയിന്‍ ചെയ്യാന്‍ പോയ വഴിക്കും അദ്ദേഹത്തെ കാണാനും ആ ശുഭദര്‍ശനത്തിന്റെ ധന്യതയില്‍ എന്റെ ആദ്യ ഔദ്യോഗിക ഒപ്പുചാര്‍ത്താനും ഗുരുത്വമുണ്ടായി.

എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയതിന് തുട പൊള്ളിച്ച ചൂരല്‍ക്കഷായത്തിനോടും അതിലുപരി ആ നല്ല മനസ്സിനോടും ഈ ജന്മം കടപ്പെട്ടിരിക്കുന്നു, പ്രിയപ്പെട്ട പോള്‍ ‍സര്‍!

Wednesday, July 16, 2008

കഷ്ടം, കര്‍ക്കിടകം!

അന്തോണിക്ക് എന്നും കഷ്ടകാലമാണ്. എന്നും എന്നു പറഞ്ഞാല്‍ പോരാ എപ്പോഴും. കയ്യബദ്ധങ്ങളും മണ്ടത്തരങ്ങളും വന്നു കൂടുന്ന ദുരിതങ്ങളും പാരകളുമെല്ലാമായി അന്തോണി സ്വസ്ഥതയെന്തെന്നറിയാതെ കഴിഞ്ഞുകൂടി.

കൂനിന്മേല്‍ കുരുവെന്ന പോലെ കര്‍ക്കിടകം വറുതി ചൊരിഞ്ഞെത്തി. നല്ലൊന്നാന്തരം വരിക്കച്ചക്കപ്പഴം കണ്ടപ്പോള്‍ തിന്നാതെ വിടുന്നതെങ്ങനെ? ഇത്ര തേനൂറുന്ന സ്വാദുള്ളപ്പോള്‍ അല്‍പം മാത്രം കഴിച്ചു നിര്‍ത്തുന്നതെങ്ങനെ? അരമുറിച്ചക്ക ഇഷ്ടന്‍ ഒറ്റയിരിപ്പിനു തിന്നു തീര്‍ത്തുകളഞ്ഞു. പിറ്റേന്നു വെളുപ്പിനെ വയറ്റിലെന്തെല്ലാമോ അസ്വസ്ഥതകള്‍. ന്യൂനമര്‍ദ്ദവും ഉഷ്ണജലപ്രവാഹവും തിരയിളക്കവും. കോഴികൂവും‌മുന്‍പേ ഉറക്കം നഷ്ടപ്പെട്ട അന്തോണി തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കാന്‍ നോക്കിയിട്ടും രക്ഷയില്ല.

ഒന്നിരിക്കേണ്ട നേരമടുത്തെന്ന് ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അടിവയറ്റില്‍ നിന്നും ഒരു പുളകം സുഷുമ്നാ നാഡി വഴി അന്തോണിയുടെ തലച്ചോറിലെത്തി സഡന്‍ ബ്രേക്കിട്ടുനിന്നു. പുതച്ചിരുന്ന കമ്പിളി വലിച്ചെറിഞ്ഞ് കര്‍ക്കിടകപ്പെയ്ത്തില്‍ കുഴഞ്ഞ വഴിയിലൂടെ ഇരുട്ടില്‍ വീഴാതെയും എന്നാല്‍ പരമാവധി വേഗത്തിലും അഭയസ്ഥാനം ലക്ഷ്യമാക്കി പാഞ്ഞു. ഓട്ടത്തിനിടയില്‍ ഗോഡ്‌ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് പറയുന്ന “ആഞ്ജനേയാ, കണ്ട്രോളു തരണേ” എന്ന വാക്യം അറിയാതെ ഓര്‍ത്തു.

പ്രിന്‍സ് മൈദയുടെ ചാക്കുകൊണ്ടു മറച്ച ആ ദുരിതാശ്വാസകേന്ദ്രത്തിന്റെ ഉള്ളില്‍ കടന്ന് തുണിബന്ധങ്ങളഴിക്കാന്‍ തനിക്കു കിട്ടിയ മൂന്നാലു സെക്കന്റുകള്‍ പാഴാക്കാതെ അണ്ടര്‍വെയറിന്റെ വള്ളിയില്‍ പിടിച്ച് ആഞ്ഞുവലിച്ചതും......കടുംകെട്ടു വീണു!!!!! ഒരു നിമിഷത്തെ മൌനത്തിനുശേഷം ആകാശത്തേക്കുറ്റുനോക്കി അന്തോണി ഭക്തിപൂര്‍വ്വം ചോദിച്ചു:

“കര്‍ത്താവേ, അവിടുന്നെന്നെ കക്കൂസിലും പരീക്ഷിക്കുവാന്നോ?”

Saturday, June 21, 2008

ഒരവധിക്കാലം കൂടി

ഈ ചൊവ്വാഴ്ചക്കായി കാത്തിരിക്കുകയായിരുന്നു. നേരത്തെ ഓഫീസില്‍ വന്നു. നേരത്തെ വന്നാലല്ലേ നേരത്തെ പോകാന്‍ പറ്റൂ? അതാണു കാരണം.എന്തായാലും നാലരയോടെ ഓഫീസ് വിട്ടു. താമസസ്ഥലത്തു വന്നു ഒരു കുളിയും പാസ്സാക്കി തയ്യാറാക്കി വച്ചിരുന്ന ബാഗില്‍ ഒരുവട്ടം കൂടി പരിശോധന നടത്തി പതുക്കെ വേഷം മാറി ഇറങ്ങി. അടുത്തുള്ള മലയാളിബേക്കറിയില്‍ നിന്നും വാങ്ങിയ ഒരു ചിക്കന്‍ പഫ്സ് ബാഗിലുണ്ട്- അതാണിന്നത്തെ അത്താഴം. മിക്കവാറും സേലത്തു ചെല്ലുമ്പോള്‍.
എന്‍‌റെ യാത്രയെപറ്റി- ലക്ഷ്യം വീട്. കയ്യില്‍ മുന്‍‌കൂട്ടി ബുക്കു ചെയ്ത ലക്ഷ്വറി ബസ്സിലെ ടിക്കറ്റൊന്നുമില്ല. കിട്ടുന്ന വണ്ടിക്കു പോകുകയെന്നതാണ് ശീലം. പല വണ്ടി മാറിക്കേറേണ്ടി വരുമെങ്കിലും ലക്ഷ്വറിബസിനു ചെലവാക്കുന്നതിന്‌റെ പകുതിക്കാശിനു വീട്ടിലെത്താം. റൂട്ട് ഇങ്ങനെ- ബാംഗ്ലൂരില്‍ നിന്ന് ഹൊസൂര്‍ വഴി സേലം. അവിടുന്നു ദിണ്ടിഗല്‍, തേനി വഴി കമ്പം. കമ്പത്തു നിന്നും കുമളി വഴി കട്ടപ്പന.

കൃത്യം അഞ്ചരയ്ക്കു തന്നെ ഇലക്ട്രോണിക്സ് സിറ്റിയില്‍ നിന്നും ഹൊസൂരിലേക്ക് ഒരു വണ്ടി കിട്ടി. ഇടദിവസമായതു കൊണ്ട് സീറ്റ് കിട്ടുമെന്ന പ്രതീക്ഷ തെറ്റി. വണ്ടിയില്‍ നിന്നു യാത്ര ചെയ്യാന്‍ ഏറെപ്പേര്‍. ഓഹ്ഹ്.. ഒരു മണിക്കൂറിന്‍‌റെ കേസല്ലേയുള്ളൂ, ഇന്നാണെങ്കില്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെയാണു ട്രിപ്പ് തുടങ്ങിയിരിക്കുന്നത്. സാധാരണ ഹൊസൂരില്‍ നിന്നു സേലത്തേക്കു യാത്ര തിരിക്കുമ്പോള്‍ എട്ടുമണിയാകാറുണ്ട്. പന്ത്രണ്ടുമണി കഴിഞ്ഞ് കമ്പത്തേക്കു നേരിട്ട് ഒരു വണ്ടിയുണ്ട്.അതാണു ലക്ഷ്യം. ഇന്നേതായാലും അതിനുമുന്‍പേ സേലത്തെത്തുമെന്നുറപ്പാണ്.

ഹൊസൂര്‍ റോഡില്‍ ചന്ദാപ്പുര കഴിഞ്ഞപ്പോള്‍ മുതല്‍ ഭയങ്കര ബ്ലോക്ക്. നോക്കെത്താദൂരത്തോളം നിരന്നു കിടക്കുന്ന വാഹനങ്ങള്‍. ഇഴഞ്ഞിഴഞ്ഞുള്ള യാത്ര. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തൂങ്ങിപ്പിടിച്ചുള്ള നില്‍പ്പ് ബോറായിത്തുടങ്ങി. നില്‍ക്കാതെ വയ്യല്ലോ! നിന്നു. പ്രതീക്ഷിച്ചതിലും അര മണിക്കൂര്‍ താമസിച്ച് ഹൊസൂരിലെത്തി. നേരത്തെയിറങ്ങിയതിന്‍‌റെ പേരില്‍ കിട്ടിയ ഒരു മണിക്കൂറില്‍ പാതി നഷ്ടം. റോഡുപണിയായതു കൊണ്ടാണ്. പിന്നീടൊരുകാലത്തു സൌകര്യമാകുമല്ലോ എന്നോര്‍ത്തപ്പോള്‍ വല്യ വിഷമം തോന്നിയില്ല. സ്റ്റാന്‍‌റില്‍ നോക്കി, സേലം വണ്ടി വല്ലോം ഉണ്ടോന്ന്. ഒന്നും കണ്ടില്ല. അപ്പോഴതാ ഒരു മധുര വണ്ടി കിടക്കുന്നു. സേലം ദിണ്ടിഗല്‍ വഴി മധുര. എനിക്കതില്‍ ദിണ്ടിഗല്‍ വരെ പോകാം. ഒറ്റയിരിപ്പില്‍ ഏകദേശം എട്ടുമണിക്കൂര്‍. സണ്‍ ടിവി കണ്ട് അല്പസ്വല്‍പ്പം തമിഴ് വായിക്കാന്‍ പഠിച്ചത് ഉപകാരമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
കയറിനോക്കി. ആകപ്പാടെ ഒരു പത്തു പതിനഞ്ചുപേര്‍ കാണും വണ്ടിയില്‍. ഇതിപ്പോഴൊന്നും പോകുന്നതല്ലേ എന്നു സംശയിച്ചെങ്കിലും സൌകര്യമായ ഒരു സീറ്റ് നോക്കി ഇരിപ്പുറപ്പിച്ചു. തുണിയും മറ്റവശ്യസാധനങ്ങളുമടങ്ങിയ ബാഗ് തട്ടില്‍ കാണാവുന്നിടത്തു വച്ചു. എന്‍‌റെ പുതിയ കളിപ്പാട്ടം - ലാപ്ടോപ് - മടിയില്‍ തന്നെ സൂക്ഷിച്ചു. അതകറ്റി വെയ്ക്കാന്‍ മനസുവന്നില്ല.
ബസ്സിലെ ടിവിയില്‍ തമിഴ് പടം ഇട്ടിട്ടുണ്ട്. ഓരോ പ്രാവശ്യവും തമിഴ്നാടു ട്രാന്‍സ്പോര്‍ട്ടിന്‌റെ ബസ്സില്‍ കയറുമ്പോള്‍ പ്രാര്‍ഥിക്കും- ദൈവമേ പടം ഇടുവാണേല്‍ അതു ഫ്രണ്ട്സോ കാക്ക കാക്കയോ ആകല്ലേയെന്ന്. ഈ രണ്ടു പടങ്ങളും നാലു തവണ വീതമെങ്കിലും ബസ്സില്‍ നിന്നു മാത്രം കണ്ടിട്ടുണ്ട് ഞാന്‍. അവസാനത്തെ തവണ ഫ്രണ്ട്സ് പ്രദര്‍ശിപ്പിച്ചതു സഹിക്കാന്‍ പറ്റാണ്ട് സെല്‍ഫോണില്‍ നല്ല വോളിയത്തില്‍ പാട്ടിട്ട് ഇയര്‍ഫോണ്‍ ചെവിയില്‍തിരുകി ഉറക്കം നടിച്ചാണു സമയം പോക്കിയത്. ഇന്നൊരു പഴയ വിജയകാന്ത് പടമാണ്. അങ്ങേരുടെ പുതിയ പടമായിരുന്നെങ്കില്‍ പഴയ രക്ഷപെടല്‍ മാര്‍ഗ്ഗം തന്നെ അവലംബിക്കേണ്ടിവന്നേനേ. ഹൊസൂരില്‍ നിന്നു സേലത്തെത്താന്‍ നാലു മണിക്കൂറെടുക്കും. പന്ത്രണ്ടെങ്കിലുമാകാതെ ഉറക്കം വരില്ലെന്നതിനാല്‍ ആ ഷോ ആസ്വദിക്കാറാണു പതിവ്. നായകകഥാപാത്രത്തിന്‍‌റെ പേര് ചിന്നമണി. പടത്തിന്‍‌റെ പേരും അതുതന്നെ. പാട്ടു കേട്ടപ്പോഴേ തോന്നി ഇളയരാജയുടെ ഈണമാണെന്ന്. ആ പഴയ ഫോര്‍മുല തന്നെ. പണക്കാരി നായിക, പാവപ്പെട്ട നായകന്‍-പാട്ടുകാരന്‍ യുവാവ്. നായകനെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന നായിക. നായികയുടെ അഹങ്കാരം തീര്‍ക്കാന്‍ നായകന്‍. ഒരു പ്രത്യേക നിമിഷത്തില്‍ പ്രണയം വരുന്നു...


ഒരു ബഹളം കേട്ടാണ് എന്‍‌റെ ശ്രദ്ധ ബസ്സിന്‍‌റെ പിന്‍ഭാഗത്തേക്കു തിരിഞ്ഞത്. ഒരു ചേച്ചി ഒരു അണ്ണന്‍‌റെ നേരെ തട്ടിക്കയറുന്നു. ചേച്ചി ബസ്സിനുള്ളില്‍ എണീറ്റ് പിന്നോട്ടു തിരിഞ്ഞുനിന്ന് ചൂടാവുകയാണ്. അണ്ണനിരിക്കുന്നത് ചേച്ചിയുടെ സീറ്റിനു തൊട്ടുപിന്നിലായതിനാല്‍ പ്രശ്നമെന്താണെന്ന് പെട്ടെന്നു തന്നെ മനസ്സിലായി. അയാളെ ആ സ്ത്രീ ശുദ്ധമായതെറി ഒഴികെ എല്ലാ രീതിയിലും ചീത്ത പറഞ്ഞു. ഒരു കൂസലുമില്ലാതെ ആ പുള്ളിക്കാരന്‍ അവിടെ നിന്നെഴുന്നേറ്റ് പിന്നിലുള്ള മറ്റൊരു സീറ്റില്‍ പോയിരുന്നു. ഇത്രേം ബഹളം നടന്നിട്ടും കണ്ടക്ടര്‍ ഇടപെടുകയോ കുറഞ്ഞത് ബസ്സിലെ ലൈറ്റ് തെളിച്ച് ഒന്നന്വേഷിക്കുകയോ പോലും ചെയ്യാഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി. ‘അപ്പോള്‍ ഇതെല്ലായിടത്തും ഉള്ളതാ, ല്ലേ‘ എന്നൊരു കൌതുകത്തോടെ ഞാന്‍ വീണ്ടും വിജയകാന്തിനെ അലട്ടുന്ന പ്രണയത്തിനു കാതോര്‍ത്തു. ഇടയ്ക്കു വണ്ടി നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഒരു ‘ഓപ്പണ്‍ എയര്‍ മൂത്രമൊഴിക്കല്‍‘ നടത്തി കംഫര്‍ട്ടായി.


ചിന്നമണി തീര്‍ന്നതോടെ അടുത്ത ഡിവിഡി ലോഡുചെയ്യപ്പെട്ടു. പുതുപുത്തന്‍ പടം - സന്തോഷ് സുബ്രഹ്മണ്യം. സര്‍ക്കാരു വണ്ടിയില്‍ വ്യാജ സിഡി പ്രദര്‍ശനം. (ഞാന്‍ വണ്ടറടിക്കാന്‍ യോഗ്യനല്ല. കാരണം ഞാനും ഈ പടം ആള്‍‌റെഡി കണ്ടുകഴിഞ്ഞു!) ഭാഗ്യമോ നിര്‍ഭാഗ്യമോ ആ സിഡി ഇടുമ്പോള്‍ മാത്രം സൌണ്ട് കേള്‍ക്കാനില്ല. പിന്നെ കണ്ടക്ടറണ്ണന്‍ വേറൊരു ഡിവിഡിയിട്ടു. ഇത്തവണയും വിജയകാന്ത് തന്നെ. നായികാറോളില്‍ സുകന്യ. പടം ‘ചിന്നഗൌണ്ടര്‍‘. സംഗീതം ഇളയരാജ. ഈ സിനിമ ഞാന്‍ ശരിക്കും ആസ്വദിച്ചു. പ്രത്യേകിച്ചും ‘മുത്തുമണിമാല എന്നൈ തൊട്ടു തൊട്ടു താലാട്ട്’ എന്ന പാട്ട്. അതിന്‍‌റെ താളം എനിക്കു ഭയങ്കര ഇഷ്ടമാണ്.


പതിനൊന്നരയോടെ സേലത്തെത്തി. ഞാന്‍ എന്‍‌റെ അത്താഴം കഴിച്ചു. കയ്യില്‍ വെള്ളം ഇത്തവണ കരുതിയിരുന്നില്ല. കുടിവെള്ളം എടുക്കുന്നതിനുള്ള ടാപ്പില്‍ നിന്നു വെള്ളമെടുത്ത് മുഖമൊന്നു കഴുകി. ഒരിറക്കു വെള്ളം കുടിച്ചു. എന്തോ ഒരു വല്ലായ്മ. വേണ്ട, ഇതു കുടിക്കാന്‍ മനസ്സു വരുന്നില്ല. അടുത്തുള്ള ഒരു കടയില്‍ നിന്നും ഒരു കുപ്പി കോള വാങ്ങി. ആവശ്യത്തിന് കുടിച്ചു, കുപ്പി ശരിക്കും അടച്ചു സീറ്റിനിടയില്‍ തിരുകി.


ഏകദേശം പന്ത്രണ്ടുമണിയോടെ സേലത്തുനിന്നും ബസ്സ് പുറപ്പെട്ടു. ഇനി ദിണ്ടിഗലെത്താന്‍ നാലു മണിക്കൂറെങ്കിലും എടുക്കും. ഇതു പി.പി.(പോയിന്‍‌റ് ടു പോയി‌ന്‍‌റ്) ബസ്സാണ്. നമ്മുടെ നാട്ടിലെ ടൌണ്‍ ടു ടൌണ്‍ പോലെ. നല്ല വേഗവുമുണ്ട്. അതിനാല്‍ ഒരു പക്ഷേ അല്പം നേരത്തെയെത്താനും മതി. ഞാന്‍ വീണ്ടും ചിന്നഗൌണ്ടറില്‍ മുഴുകിയിരുന്നു.
അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ബസ്സിനുള്ളില്‍ അതിരൂക്ഷമായ ദുര്‍ഗ്ഗന്ധം നിറഞ്ഞു. ശ്വാസം പിടിച്ചുനിര്‍ത്തി അതിനെ നേരിടാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയെങ്കിലും ഫലവത്തായില്ല. കാരണം അപ്പോഴും നാറ്റം വമിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആരെങ്കിലും ഒരു തീപ്പെട്ടിയുരച്ചാല്‍ ആകമാനം തീപ്പിടീത്തമുണ്ടാകുമെന്നെനിക്ക് തോന്നി. കര്‍ച്ചീഫെടുത്ത് മൂക്കുപൊത്തി. എല്ലാ യാത്രികരും അതേ പോസില്‍ ചുളിഞ്ഞ മുഖത്തോടെ മൂക്കു പൊത്തിയിരിക്കുന്ന കാഴ്ച ഞാന്‍ കണ്ടു.


ഗൌണ്ടറുടെ പടം തനി ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒന്നായിരുന്നു. ഇമ്മാതിരി പടങ്ങള്‍ ഇനി ഒരു കാലത്തും ഉണ്ടാവില്ലായിരിക്കും. അതുപോലെ നിര്‍മ്മലമായ ഒരു ചിത്രവും ഇമ്പമാര്‍ന്ന ഗാനങ്ങളും. ഗൌണ്ടറെ ശുഭപര്യവസായിയാക്കി ഞാന്‍ ഉറങ്ങാനാരംഭിച്ചു.


കരൂര്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ ഒന്നുണര്‍ന്നു. പിന്നെ വീണ്ടും നിദ്രയിലേക്കു തെന്നിവീണു. പിന്നെ ഉണരുന്നത് ഏകദേശം മൂന്നു മണിയായപ്പോഴാണ്. അരികിലുള്ള ജനാലയിലൂടെ പുറത്തേക്കുറ്റു നോക്കി. അതിശീഘ്രം പാഞ്ഞുപോകുന്ന ട്രക്കുകള്‍. സ്ഥലം ഏതാണെന്ന് ഒരു പിടിയുമില്ല. റഫറന്‍സിനു പോലും ഒരു പരസ്യബോര്‍ഡു കാണാനില്ല. വിജന‍പ്രദേശം. ദിണ്ടിഗല്‍ കഴിഞ്ഞോ അതോ എത്തുന്നതേയുള്ളോ? ആ, ആര്‍ക്കറിയാം? ആരോടാ ഒന്നു ചോദിക്കുക? എന്‍‌റെ അടുത്തിരിക്കുന്നവന്‍-ഒരു ഇരുപത്തിരണ്ടു വയസുകാണും, തമിഴനാണ്- ഇടയ്ക്കിടെ ഉറക്കത്തില്‍ എന്‍‌റെ തോളിലേക്കു ചായുന്നുണ്ട്. രണ്ടു മൂന്നു തവണയായപ്പോള്‍ എനിക്കരിശം വരാന്‍ തുടങ്ങി. ‘എടാ, എപ്പോഴുമിങ്ങോട്ട് തല ചായ്ക്കാന്‍ ഇതു നിന്‍‌റെ അണ്ണന്‍‌റെ തോളൊന്നുമല്ലല്ലോ‘ എന്നു ചോദിക്കണമെന്നു തോന്നിയെങ്കിലും അടക്കി. ഇവിടെ മനുഷ്യന്‍ ഇറങ്ങേണ്ട സ്റ്റോപ്പായോ എന്ന കണ്‍ഫ്യൂഷനില്‍ ഇരിക്കുമ്പോഴാ അവന്‍‌റെയൊരു തോളില്‍ക്കയറ്റം. രണ്ടുമൂന്നു തവണ അവന്‍‌‌റെ തല എന്‍‌‌റെ നേരേ നീണ്ടുവന്നപ്പോള്‍ ഞാന്‍ വളരെ സമര്‍ഥമായി ഒഴിഞ്ഞുമാറി. തലയുടെ ബാലന്‍സുതെറ്റി അവന്‍‌‌റെ ഉറക്കം മുറിയുന്നത് ക്രൂരമായ ഒരാനന്ദത്തോടെ ഞാന്‍ ആസ്വദിച്ചു. പണ്ടു ഞാനും ഇമ്മാതിരി ഉറങ്ങാറുണ്ടായിരുന്നു. തൊടുപുഴയില്‍ നിന്നും കട്ടപ്പനയ്ക്കു വന്ന ഒരു യാത്രയില്‍ സഹയാത്രികന്‍ എന്നെ വിളിച്ചുണര്‍ത്തി "നേരേയിരുന്നൊറങ്ങ്" എന്ന് ഈര്‍ഷ്യയോടെ പറഞ്ഞതില്‍പ്പിന്നെ ആ രോഗം നിശ്ശേഷം മാറി. അറിയാത്ത ഭാവത്തില്‍ തിക്കിയും ഞെരുക്കിയും ഞാന്‍ സഹയാത്രികനെ എന്‍‌റെ നേരെയുള്ള കടന്നുകയറ്റത്തില്‍ നിന്നു പിന്തിരിപ്പിച്ചു. വിജയിച്ചെന്നായപ്പോള്‍ എന്‍‌റെ മന‍സ്സില്‍ തോന്നിയതിതാണ് - ‘മോനേ, ഞാനൊരു മലയാളിയാ, ട്ടോടാ. ഞങ്ങളെക്കഴിഞ്ഞേ പാര വയ്ക്കാന്‍ ആളുള്ളൂ.’


ഛെ, സ്ഥലമൊട്ടു മനസിലാകുന്നുമില്ല. ഒന്നു ചോദിക്കാനാണെങ്കില്‍ ഉണര്‍ന്നിരിക്കുന്ന ഒറ്റ യാത്രക്കാരനും അടുത്തില്ല. ഇന്നു മധുരയില്‍ ചെന്നേ ഇറക്കമുണ്ടാകുവൊള്ളോ എന്തോ? ദൈവമേ, ലാഭിച്ച സമയമൊക്കെ കൊളമാകും. അടുത്ത സ്റ്റോപ്പു വരട്ടെ. ആരോടെങ്കിലും ചോദിക്കാം. ഇപ്പോള്‍ ടിവിയൊക്കെ ഓഫാണ്. അറുപഴഞ്ചന്‍ തമിഴ് പാട്ട് ഡ്രൈവറുടെ കാബിനില്‍ നിന്നു കേള്‍ക്കാം. പതിയെപ്പതിയെ ഓരോ തുണിമില്ലുകളൊക്കെ കണ്ടുതുടങ്ങി. ബോര്‍ഡിലെ സ്ഥലപ്പേരു വായിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ബസ്സിലാകെ ഒരിളക്കം. ആരൊക്കെയോ ഇറങ്ങാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു. എതിര്‍‌വശത്തെ സീറ്റിലിരുന്ന ഒരാള്‍ എഴുന്നേല്‍ക്കുന്നതുകണ്ട് അങ്ങേര്‍ എവിടാ ഇറങ്ങുന്നതെന്നു ചോദിച്ചു. അയാളിറങ്ങുന്നതു ദിണ്ടിഗല്‍ ആണത്രേ. ഓ.. അപ്പോള്‍ സ്ഥലം ആകുന്നതേയുള്ളൂ. ‘പേടിക്കേണ്ട രാജേ‘. ആരോ അകത്തിരുന്നു സമാധാനിപ്പിച്ചു. കൊച്ചുവെളുപ്പാന്‍‌കാലത്ത് സ്റ്റോപ്പെത്താന്‍ ഏതാണ്ട് ഒരു മണിക്കൂറ് കാത്തിരുന്ന്‍ ടെന്‍ഷനടിച്ച ശേഷം നാലുമണിക്ക് ഞാന്‍ ദിണ്ടിഗല്‍ സ്റ്റാന്‍ഡിലിറങ്ങി. ഒരുമിനിറ്റു പോലും കാത്തുനില്‍ക്കേണ്ടിവന്നില്ല. നേരെ കുമളിക്കുള്ള വണ്ടി മുന്നില്‍ വന്നു. അല്‍പ്പം കോള കൂടി വിഴുങ്ങി. വണ്ടിയില്‍ കയറി, ഇരുന്നു, ടിക്കറ്റെടുത്തു, ഉറക്കവും തുടങ്ങി.


ഏതാണ്ട് ഏഴുമണിയോടെ കമ്പത്തെത്തി. വണ്ടിക്കുള്ളില്‍ തന്നെ ചടഞ്ഞിരുന്നു. അവിടെ നിന്നും പുറപ്പെടാന്‍ താമസമൊന്നുമുണ്ടായില്ല. കുമളിയിലേക്കുള്ള ഹെയര്‍പിന്‍ വളവുകള്‍ സമര്‍ഥമായി വണ്ടി താണ്ടുമ്പോള്‍ ഞാന്‍ അടുത്ത മയക്കത്തില്‍ നിന്നും ഉണരുകയായിരുന്നു. തമിഴ്നാട് അതിര്‍ത്തിക്കുള്ളില്‍ നിര്‍ത്തിയ ബസ്സില്‍നിന്ന് ഇറങ്ങി വില്‍പ്പനനികുതി ചെക്ക്പോസ്റ്റും കടന്നു മലയാളമണ്ണില്‍ കാലുവച്ചപ്പോള്‍ മറ്റൊരു ടെന്‍ഷനും കൂടി പൂര്‍ണ്ണമായും മാറി. കയ്യില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന ബാഗില്‍ സുഖമായി മയങ്ങുന്ന ഒരു കുപ്പി വിസ്കിയെപ്പറ്റിയുള്ള ആശങ്ക(പിതാജി കേ ലിയേ).

കുമളി സ്റ്റാ‍ന്‍ഡില്‍ നിന്ന് കട്ടപ്പനയ്ക്കുള്ള അല്‍ഫോന്‍സ ബസ്സില്‍ കയറി. കേരളത്തില്‍ കാലുകുത്തിയപ്പോള്‍ അതിശക്തമായ മഴ പ്രതീക്ഷിച്ചെങ്കിലും നല്ല തെളിഞ്ഞ കാലവസ്ഥയായിരുന്നു. ഇടയ്ക്ക് ചെറിയ മഴ പെയ്തു. ബസില്‍ നിറയെ സ്കൂള്‍ കുട്ടികള്‍ ഉണ്ടായിരുന്നു. ബാഗും കുടയും തിക്കും തിരക്കും ബഹളവും. മഴ മാറിയപ്പോള്‍ ഒരു ഷട്ടര്‍ ഉയര്‍ത്താന്‍ നീണ്ടുചെന്നത് എട്ടോളം കൈകള്‍! എല്ലാവരും വണ്ടന്‍‌മേട് സ്കൂളിലെ വിദ്യാര്‍ഥികളാണ്. ജലസംരക്ഷണത്തിനുള്ള മനോരമയുടെ പലതുള്ളി പുരസ്കാരം ഈ സ്കൂളിനു ലഭിച്ച കാര്യം ഞാനോര്‍ത്തു. ഒപ്പം വര്‍ഷങ്ങള്‍ക്കുമുന്‍പ് അവിടെ കമ്പ്യൂട്ടര്‍ സര്‍വ്വീസിങ്ങിനു പോയതും.


ബസ്സിലെ ചെമ്പൂവേ പൂവേ എന്ന പാട്ട് എപ്പോഴോ നിന്നിരുന്നു. വണ്ടന്മേടും ആമയാറും പുളിയന്മലയും താണ്ടി കൃത്യം ഒന്‍പതു പത്തിന് കട്ടപ്പന സ്റ്റാന്‍ഡില്‍ ബസ്സെത്തി. ഇടയ്ക്കു വീട്ടിലേക്കുവിളിച്ച് ഉടനെ നമ്മുടെ റൂട്ടില്‍ ബസ്സുവല്ലതുമുണ്ടോന്നു തിരക്കി. ഒന്‍പതരയ്ക്ക് ഒരു സെന്‍‌റ് മാത്യൂസ് ഉണ്ടത്രേ. റോമിങ്ങില്‍ ലോക്കല്‍ ഔട്ട്ഗോയിങ്ങ് ഒരു രൂപ എന്നത് എന്നെ സന്തോഷിപ്പിച്ചു. നേരത്തെ ഒന്നുനാല്‍പ്പത് ആയിരുന്നു. ഇന്‍‌കമിങ്ങും ഒരു രൂപ തന്നെ. അതു നേരത്തെ ഒന്ന് എഴുപത്തഞ്ചായിരുന്നു. ബേക്കറിയില്‍ നിന്നും കുറച്ചുപലഹാരവും വാങ്ങി. കാത്തുനിന്നു ബസ്സില്‍ കയറി. വളരെവളരെക്കാലം കൂടിയാണു കട്ടപ്പനയില്‍നിന്നു വീട്ടിലേക്കു ബസ്സില്‍ പോകുന്നത്. അല്ലെങ്കില്‍ ട്രിപ്പടിക്കുന്ന ഓട്ടോകളാണ് ആശ്രയം. മൂന്നരരൂപ ടിക്കറ്റില്‍ കൊച്ചുതോവാളയില്‍ ഇറങ്ങി നേരെ വീട്ടിലേക്കു വെച്ചുപിടിച്ചു. സ്വന്തം പറമ്പിലേക്കു കാലെടുത്തുവെച്ചതും മാതൃവിദ്യാലയത്തിലെ ഒന്നാം മണി മുഴങ്ങി. സമയം ഒന്‍പതുനാല്‍പ്പത്. ബാംഗ്ലൂരില്‍ നിന്നും വീട്ടില്‍ വരെയെത്താന്‍ യാത്രാചെലവ് രൂപ 191.50 മാത്രം.


വീട്ടില്‍ വന്നപ്പോള്‍ മഴയില്ല. വളരെ പ്രശാന്തസുന്ദരമായ കാലാവസ്ഥ. ഞാന്‍ വീണ്ടും പഴയ കൊച്ചുതോവാളക്കാരനായി. ദിനചര്യകള്‍ കഴിഞ്ഞുവരുമ്പോള്‍ ചൂടുകപ്പപ്പുഴുക്കും മീന്‍‌കറിയും തയാറായിരുന്നു.