Tuesday, July 17, 2018

ട്രീറ്റ്മെന്റ്

ഇപ്പോൾ ശ്രമിച്ചിട്ട് ഓർത്തെടുക്കാ‌ൻ കഴിയാത്ത ഏതോ‌ സ്വപ്നത്തിന്റെ അവസാനമാണ് ഞാൻ ഇന്നുണർന്നത്. ആരും എന്നോടൊന്നും സംസാരിക്കുന്നില്ലെന്നും ആരോടും ഒന്നും സംസാരിക്കാൻ എനിക്കാവുന്നില്ലെന്നും തോന്നിത്തുടങ്ങിയിട്ടുണ്ട്. വായിൽ വരണ്ടു കിടക്കുന്ന ഒരു‌ മാംസക്കഷണമായി മാറിയോ നാവെന്നുപോലും സംശയിച്ചു തുടങ്ങിയിരിക്കുന്നു.

മങ്ങിയ മഞ്ഞനിറമുള്ള ആശുപത്രിച്ചുവരുകളും മടുപ്പിക്കുന്ന തണുപ്പുള്ള ടൈലുകളും ഒട്ടും ഉന്മേഷം തരുന്നില്ല. മുൻപ് അറിഞ്ഞിട്ടില്ലാത്ത തരം ഏതെല്ലാമോ വേദനകൾ ശരീരത്തിൽ വിള്ളൽ തീർക്കുന്നുണ്ട്. അവ കൈകാലുകളിൽ നിന്നും ഉദരത്തിന്റെ ഉള്ളറകളിൽ നിന്നും ചെറുസംഘങ്ങളായി വന്ന് തലയ്ക്കുള്ളിൽ തീമഴ പെയ്യിക്കുന്നു. അവ ദേഹമാകെ പെയ്തു നിറയുന്നു.

ഇന്ന് കാര്യമായ പരിശോധനയോ‌ മറ്റോ ഉണ്ട്. ഇന്നലെയും ഉണ്ടായിരുന്നു. ആഘോഷപൂർവ്വം വന്നു രക്തമെടുത്തുകൊണ്ടുപോയത് മാത്രം ഞാനറിഞ്ഞു. അയഞ്ഞു വീര്യം കെട്ട പേശികൾക്കിടയിൽ നിന്നും നോവുതിന്ന് രക്തം ചുരത്താനായി‌മാത്രം ഒരു ഞരമ്പിനെ ഉയർത്തിയെടുത്തു. അബോധത്തിന്റെ ഇടവേളകളിൽ വീണുകിട്ടുന്ന സത്യത്തിന്റെ ചില‌ വെളിപാടുകൾ.

സിനിമകളിൽ കേൾക്കാറുള്ള സ്ട്രെച്ചറിന്റെ കരകരശബ്ദം എന്റെ യാത്രയിൽ കൂട്ടിനു വരാഞ്ഞത് ആധിയുടെ ആഘാതം തെല്ലൊന്നുമല്ല കുറച്ചത്. ഒപ്പം നടക്കുന്ന ഹോസ്പിറ്റൽ സ്റ്റാഫിന്റെയും കൂട്ടിരിപ്പുകാരുടെയും അസ്പഷ്ടമായ സംസാരം എനിക്കു നീരസമുണ്ടാക്കി.

പരിശോധനാ മുറിയിൽ വെച്ച് ഡോക്ടർ സംസാരിച്ചത് കൂടുതലും അവിടുത്തെ സ്റ്റാഫിനോടും പിന്നെ എന്റെ കൂട്ടിരിപ്പുകാരോടുമാണ്. ഇടയ്ക്കിടെ എന്നെ നോക്കുകയും മൃദുവായ കൈകൾ കൊണ്ട് എന്റെ ശരീരഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ട് എന്തൊക്കെയോ‌ പരിശോധിക്കുകയും ചെയ്തു.

വലുതെന്തോ ആണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കു മനസ്സിലായി.
"ഡോണ്ട് ടേയ്ക് ടെൻഷൻ, ഇറ്റ്സ് ജസ്റ്റ് എ പ്രൊസീജ്യർ"
മൃദുവായ കൈകളുള്ള ഡോക്ടറുടെ സ്വരത്തിൽ അത്ര മൃദുത്വം ഇല്ലായിരുന്നു.

നേർമ്മയുള്ള ഒരു‌മയക്കത്തിനവസാനം ആ മുറിയിൽ നിന്നും എന്നെ പുറത്തിറക്കി.
"വൈകുന്നേരത്തേക്ക് റിസൾട്ടാകും. ബാക്കി അപ്പോൾ സംസാരിക്കാം" ഡോക്ടർ പറഞ്ഞു നിർത്തുന്നത് വ്യക്തമായും ഞാൻ കേട്ടു.

തിരികെ എന്നെ കൊണ്ടുപോകുമ്പോൾ ഇടനാഴിയുടെ  ദൂരം കൂടിയ പോലെ. മേൽക്കൂരയിലെ ചെറിയ ലൈറ്റുകൾ എന്റെ കണ്ണിന്റെ പിന്നിലേക്ക് വേഗത്തിൽ ഓടി മാറുന്നതായി തോന്നി. ഈ ഒരു പകൽ കൂടി കഴിഞ്ഞാൽ ഔദ്യോഗികമായി  ഞാൻ മരിച്ചുതുടങ്ങുകയാണെന്നും.

Sunday, December 17, 2017

ഈശ്വരന്റെ വിധി

ഒരു ശവപ്പറമ്പിലാണു താൻ ഇരിക്കുന്നതെന്ന് അയാൾക്ക് ഇടയ്ക്കെല്ലാം തോന്നാറുണ്ട്. ചുറ്റുമുള്ള ഫയലുകൾ ശവങ്ങളാണെന്നും. ഈയിടെയായി ഈ ഭ്രാന്തൻ ചിന്തകൾ കൂടുതലായി തികട്ടിവരുന്നതായി അയാൾ തിരിച്ചറിയുന്നുണ്ട്. അതിന്റെ ചുഴിയിൽപ്പെട്ട് അസ്വസ്ഥനാകുന്നതായും അയാൾക്കറിയാം. ഇന്ന് അതെല്ലാം കടന്ന്, സെക്ഷനിലെ ഫയലുകളെപ്പറ്റി തിരക്കുന്ന മേലുദ്യോഗസ്ഥർ ശവങ്ങളെ കൊത്തിപ്പറിക്കാൻ വരുന്ന കഴുകന്മാർ ആണെന്നും അവർ ശവങ്ങളിൽ നിന്നും വേർപെട്ട ആത്മാക്കളുടെ പുതിയ രൂപങ്ങൾ ആണെന്നും തോന്നിത്തുടങ്ങി.

ശ്മശാനത്തിൽ അങ്ങിങ്ങ് മുൾച്ചെടികൾ പടർന്നു തുടങ്ങിയിട്ടുള്ളതായും ഓഫീസിലെ എട്ടുകാലികൾ അവയിലാണു രാപാർക്കുന്നതെന്നും ഉറക്കം മുഖത്തു നിന്നും തട്ടിക്കളയാൻ ശ്രമിച്ചു കൊണ്ടിരുന്ന ഒരു മൂന്നുമണിക്കാണ്‌ ആ ഗുമസ്തൻ കണ്ടെത്തിയത്. ശ്മശാനം സൂക്ഷിപ്പുകാരൻ എന്ന നിലയ്ക്ക് അവയ്ക്കു തന്നോട് ബഹുമാനം ഉണ്ടെന്നറിഞ്ഞത് അയാളെ സന്തോഷിപ്പിച്ചു. അവരുടെ സ്വൈര്യജീവിതത്തിന്‌ ഏറ്റവും ഭീഷണിയാകുന്നത് ഓഫീസ് വൃത്തിയാക്കാനെന്ന പേരിൽ നിത്യവും മാരകായുധങ്ങളുമായി വരുന്ന പാർട്ട് ടൈം സ്വീപ്പർമാരാണ്‌.

ആ കുബുദ്ധികൾ വന്നുപോയശേഷം സംസ്കാരം കാത്തു കിടക്കുന്ന ഫയലുകളിൽ ശവഭോഗം നടന്നിട്ടുണ്ടോ എന്നയാൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാറുണ്ട്. പ്രായാധിക്യത്തിന്റെ മഞ്ഞളിപ്പ് ബാധിച്ച വെള്ളക്കടലാസുകൊണ്ട് മൂടിയ മൃതമുഖങ്ങളിൽ പൊടിയകന്നു കണ്ടാൽ ആ കാപാലികരുടെ വിരൽപ്പാടുകളോ, ഡസ്റ്ററോ ബ്രഷോ കൊണ്ട് രഹസ്യഭാഗങ്ങളിൽ ഏൽപ്പിച്ച പരിക്കുകളോ തിരയും. തിളങ്ങുന്ന ശവക്കച്ചകളിലും നെയ്ത്തുപശ മങ്ങാത്ത കോടിത്തുണിയിലും ഉലച്ചിൽ ഇല്ലെന്ന് കണ്ട് സ്വസ്ഥനാകുകയും ചെയ്യും.

സഹപ്രവർത്തകർ അയാളെ മിക്കവാറും ഉപദേശിക്കാറുണ്ട് - ഫയലുകൾ ഇങ്ങനെ വെച്ചുസൂക്ഷിക്കരുതെന്നും എല്ലാം സമയം വൈകും മുൻപേ ക്ലോസു ചെയ്യണമെന്നും. പക്ഷേ ഉറ്റവർ ആരൊക്കെയോ ദൂരദേശങ്ങളിൽ നിന്നും ദേഹങ്ങളെ കാണാനെത്തും എന്ന പ്രതീക്ഷ അയാൾ കളഞ്ഞിട്ടില്ല. അങ്ങനെ ആരും കാത്തിരിക്കാനില്ലാത്തത് അയാളെ മുൻകാലങ്ങളിൽ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. എന്തായാലും താൻ മൂലം ആ വ്യഥ ആർക്കും വരരുതെന്ന് ആഗ്രഹിച്ചാൽ എന്താണു തെറ്റ്. ചേതനയറ്റതെങ്കിലും മൃതരുടെ മുഖം ഒരുവട്ടം കൂടി കാണുന്നതിലൂടെ ഉറ്റവരുടെ അവകാശങ്ങളാനു ഉറപ്പാക്കുന്നത്.

ഞെട്ടിക്കുന്ന പ്രതിഭാസം മറ്റൊന്നാണ്‌. മരിച്ചു മരവിച്ചു കിടക്കുന്ന ഫയലുകൾക്ക് പൊടുന്നനെ അനക്കം വെയ്ക്കുന്നതും ചീഞ്ഞു തുടങ്ങിയ ഏടുകളിൽ പൊടുന്നനെ മഷി പരന്നൊഴുകുന്നതും കയ്യും കാലും ജീവൻ തിരിച്ചുപിടിച്ചു സെക്ഷനുകളിൽ നിന്നും സെക്ഷനുകളിലേക്ക് ചാടിച്ചാടിപ്പോകുന്നതും. മനസ്സോടെയല്ലെങ്കിലും ആ വേലിചാട്ടങ്ങൾക്ക് മുറുമുറുത്തുകൊണ്ട് ചൂട്ടുപിടിക്കാനേ അയാൾക്കാവൂ. അപ്പോഴും ഇന്നല്ലെങ്കിൽ നാളെ ജീവനറ്റു വീഴുന്ന വെറും ശരീരങ്ങളായി മാത്രമേ അവയെ കാണാൻ കഴിയൂ. നിങ്ങൾ എന്റെ കാൽച്ചുവട്ടിൽ തന്നെ തിരികെ വന്നു മരവിച്ചു കിടക്കാനുള്ളവരാണ്‌ എന്ന ഗൂഢവും ക്രൂരവുമായ വിചാരത്തോടെ പറമ്പിന്റെ ഒരരികിൽ അയാളിരിക്കും.

എത്രനേരത്തേക്കെന്നറിയാതെ ഉഴറിയുള്ള ആ ഇരിപ്പിൽ ഫയലുകളെപ്പോലെ തന്നെ സ്വന്തം ജീവിതത്തെപ്പറ്റിയും ആലോചിക്കാറുണ്ട്. ഫയലുകളേതിലും എന്തുകൊണ്ടും ഉൽകൃഷ്ടമാണ്‌ സ്വന്തം ജീവിതമെന്നാണ്‌ അയാൾ സിദ്ധാന്തിക്കുന്നത്. കാരണം ഫയലുകളുടെ ജീവിതം ഏതാണ്ട് പൂർണ്ണമായും തന്റെ സ്വന്തം കൈപ്പിടിയിലാണല്ലോ. ഫയൽ പിറന്നു കഴിഞ്ഞാൽ മരണം വരെ അവയെ വഴിനടത്തുക തന്റെ കർത്തവ്യമാണെന്നും അവയുടെ സംഹാരമൂർത്തിയും താൻ തന്നെയെന്നും ഭാവിക്കുന്നുണ്ട്. ആകയാൽ താൻ ഫയലുകളെക്കാൾ ഉൽകൃഷ്ടജീവിയും അപ്രകാരം ഈശ്വരതുല്യനും ആണെന്നതിൽ സംശയമില്ല.

മനുഷ്യർ ഇഹലോകത്തിൽ തെറ്റു ചെയ്യുന്നതുപോലെ, ഈശ്വരന്‌ അഹിതമായ കൃത്യങ്ങൾ ചെയ്യുന്നതുപോലെ, ചിലപ്പോഴെല്ലാം സെക്ഷനിൽ നിന്നും തുടിച്ചുതുള്ളിയിറങ്ങിപ്പോയ ഫയലുകൾ ചില ഉത്തരവുകളുടെ ഭാരവും പേറി വരാറുണ്ട്. അവയെയെല്ലാം കഠിനമായി ശകാരിച്ചും സെക്ഷനിൽ തലങ്ങും വിലങ്ങും കണക്കറ്റ് അലയാൻ വിട്ടും തരംപോലെ ശിക്ഷിക്കാറുണ്ട്. അവസാനം മാറാവ്യാധിയാൽ ശയ്യാവലംബിയെപ്പോലെ മരണക്കിടക്കയിൽ തളച്ചിടാറുണ്ട്. മരുഭൂമി പോലത്തെ ആ ശവപ്പറമ്പിൽത്തന്നെ മരണം കാത്തു കിടക്കുമ്പോഴും അവർക്കുള്ളിലെ വിചാരങ്ങളും വികാരങ്ങളും തെല്ലും അയാളൊട്ട് മനസ്സിലാക്കാൻ ശ്രമിക്കാറില്ല.

‘ഞാൻ നിങ്ങളുടെ നാഥൻ ആകായാൽ നിങ്ങൾ ചോദ്യങ്ങളില്ലാതെ എന്നെ അനുസരിച്ചുകൊള്ളുക’ എന്നാണ്‌ നിർജ്ജീവദേഹങ്ങളിലെ പറക്കാൻ കൊതിക്കുന്ന ആത്മാക്കൾക്ക് അയാൾ നല്കിയിട്ടുള്ള കല്പന. സ്വന്തമായി ആത്മാവ് അഥവാ മനസ്സ് എന്നൊന്നില്ലെന്നും അഥവാ ഉണ്ടെങ്കിൽത്തന്നെ മറ്റെങ്ങോ ഇരുന്നുകൊണ്ട് തങ്ങൾക്കായി പ്രാർഥിക്കുന്ന ഉടയവർക്ക് മാത്രമേ തങ്ങളോട് കരുണയുള്ളൂവെന്നും ഫയലുകളും കരുതുന്നു. അയാൾ കൂടുതൽ സ്വേച്ഛാധിപതി ആകുന്തോറും നാസ്തികരായി ഫയലുകളും പ്രതിഷേധിക്കുകയാണ്‌.

ശവപ്പറമ്പിൽ ഓരോ ദേഹവും കത്തിയെരിയുമ്പോൾ തെല്ലുഭാരം ഒഴിഞ്ഞ നിർവൃതി അയാളുടെ മുഖത്തുകാണാം. നിശബ്ദമായ നെടുവീർപ്പുകൾക്കിടെ, ഒരുനാൾ വരാനിരിക്കുന്ന സമാനഗതിയോർത്ത് ആരും സാന്ത്വനം നല്കാനിലാത്ത കടലാസുകെട്ടുകൾ നാളെണ്ണിയിരിക്കും. ശ്മശാനം കാവല്ക്കാരൻ അപ്പോഴുമേതെല്ലാമോ ഭ്രാന്തൻ കനവുകളുടെ പിടിയിൽ ആലോചനപൂണ്ടീരിക്കും.

കാലം പോകെ ഗുമസ്തന്റെ മുഖത്തും നിരാശകൾ വരവീഴ്ത്തിത്തുടങ്ങി. കണ്ടും കേട്ടും ശീലിച്ച മനോവ്യാപാരങ്ങളിൽ നിന്ന് സെക്ഷനിലെ അടിമകളും ആ മുഖഭാവങ്ങളുടെ അർഥങ്ങൾ ചികഞ്ഞെടുത്തു. അവർ മനസ്സിലാക്കിയത് തങ്ങളുടെ ഈശ്വരനും മരണമുണ്ടെന്നും മറ്റേതോ ശവപ്പറമ്പിൽ ഈ ദിവ്യനെയും കാത്തിരിക്കുന്ന ആരോ ഉണ്ടെന്നുമാണ്‌. കലണ്ടർത്താളുകൾ മറിഞ്ഞ ചെലവിൽ ജീവൻ താല്ക്കാലികമായി തിരിച്ചു കിട്ടിയപ്പോൾ സഞ്ചാരം തരപ്പെട്ടിട്ട് മടങ്ങി വന്ന ചില പ്രജകൾ പലതും പറഞ്ഞു. നമ്മുടെ നാഥൻ മരിക്കാൻ പോകുന്നെന്ന് ഉറപ്പായി പോലും. ചീഞ്ഞളിഞ്ഞ ശവങ്ങളെ, തണുത്തു വിറങ്ങലിച്ച മാംസക്കൊള്ളികളെ അല്പപ്രാണനിൽ പിടഞ്ഞുണരുന്ന വ്യവഹാരത്താളുകളെ അക്കാലമായപ്പോഴേക്കും അയാൾ തൊടാനറച്ചു. ആശ്വസിക്കാൻ വകയില്ലാഞ്ഞിട്ടും ആസന്നമായ മരണത്തിൽ നിന്നും രക്ഷയില്ലാഞ്ഞിട്ടും അവർ നെടുവീർപ്പിട്ടു. വിധിക്ക് ആരും അതീതരെല്ലെന്നതിന്‌ ഫയൽത്താളുകളിൽ പരസ്പരം പോരടിച്ചു പോന്ന ഹർജ്ജിക്കാരും ഏകസ്വരത്തിൽ പറഞ്ഞു.

ഒടുക്കം ആ നാൾ വന്നു. നിസ്സംഗനായി ഇത്ര നാളും ശവങ്ങൾക്കു കാവലിരുന്ന അയാൾ കാല്പാദങ്ങളിൽ വന്നുമൂടിയ ചരിത്രത്തിന്റെ പുറ്റു തട്ടിയുടച്ചിട്ട് പൊടിയും തട്ടി എഴുന്നേറ്റു. ഇന്നിന്റെ മരണമായ സായാഹ്നത്തെ നോക്കി ഒന്നു കോട്ടുവായിട്ടു മൂരി നിവർന്നു. ശവങ്ങളെയും കബന്ധങ്ങളെയും തൊടാൻ അറച്ചുകൊണ്ടുതന്നെ ശ്മശാനത്തിന്റെ കവാടം കടന്ന് തിരിഞ്ഞുനോക്കാതെ സാവധാനം നടന്നുപോയി. അയാളുടെ യാത്രയിൽ സമയമായിട്ടില്ലാത്ത സഹപ്രവർത്തകരും തലതാഴ്ത്തി അനുഗമിച്ചു. അന്യശ്മശാനങ്ങളിൽ പോയിവന്നവർ പറഞ്ഞു ഗുമസ്തൻ അടുത്തൂൺ പറ്റിയെന്ന്. ഈശ്വരന്റെ കാലാവധി തീർന്നത്രേ.

അധികം കഴിയാതെ ശ്മശാനത്തിനു പുതിയ സൂക്ഷിപ്പുകാരൻ വന്നു. അയാളിരിക്കുന്നിടത്ത്, കാല്പാദങ്ങൾക്ക് കീഴെ നിന്ന് പുതിയ ഒരു പുറ്റ് മുളച്ചു തുടങ്ങുന്നതായും തങ്ങളുടെ വിധിക്ക് മാറ്റമൊന്നുമില്ലെന്നും പാവം ഫയലുകൾ തിരിച്ചറിഞ്ഞു.