Thursday, February 21, 2013

വീട്ടിലേക്കുള്ള വഴി

യാത്ര ചെയ്യുമ്പോൾ സായം സന്ധ്യകൾ എത്ര മനോഹരങ്ങളാണ്‌? കാഴ്ചകളുടെ ത്വരിതമായ ഒരു സ്വഭാവമാറ്റം വരുന്ന നേരമാണ്‌ അസ്തമയവേളകൾ. പകൽവെളിച്ചത്തിന്റെ ധാരാളിത്തത്തിൽ നിന്നും ആദിത്യൻ എളിമയോടെ തലതാഴ്ത്തുന്നതും തുടർന്ന് ചാഞ്ഞു ചിതറിവീഴുന്ന പോക്കുവെയിലും സന്ധ്യാദീപ്തിയും പിന്നീട് ഇരുളും ചിലപ്പോൾ നിലാവും ഒന്നൊന്നായി വരുന്ന ഒന്നുരണ്ടു മണിക്കൂറുകൾ.

ഒരു പക്ഷേ, പകൽ മുഴുവൻ നാം ശീലിച്ച വെളിച്ചവും പ്രവർത്തനോന്മുഖതയും സായംകാലത്തിന്റെ ഈ മാറ്റത്തെ വളരെ ശ്രദ്ധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ടാവാം. ഒരുദിവസം കൂടി എരിഞ്ഞുതീരുകയായി എന്ന ബോദ്ധ്യം കുറെക്കൂടി നമ്മെ ആ നേരങ്ങളിൽ തിരക്കിട്ടോടാനും നിർബന്ധിക്കുന്നുണ്ടാവാം. ചേക്കേറാൻ കിളികൾ കൂടുന്ന കലപില വീടണയാനുള്ള ത്വരയായി മനുഷ്യനിൽ പരിണാമപ്പെടുന്നുണ്ടാവാം. അങ്ങനെയാവുമ്പോൾ സായാഹ്നങ്ങൾ ഗൃഹാതുരത്വത്തിന്റെ വിളഭൂമികളായും മാറുന്നു.

‘ഹോം സിൿനസ്’ ഞാൻ ആദ്യമായി അനുഭവിക്കുന്നത് എന്റെ ബാല്യത്തിൽ ഞാൻ ആസ്വദിച്ച അതിമനോഹരമായ ഒരു സൂര്യാസ്തമയവേളയിലാണ്‌. വിശാലമായ ഒരു കാൻവാസിൽ വരച്ചിട്ട ഒരു ജലച്ഛായാചിത്രം പോലെ ഒട്ടും ശോഭ ചോരാതെ ആ അസ്തമയക്കാഴ്ച എന്റെ മനസ്സിലുണ്ട്. ആ ദൃശ്യത്തിൽ കണ്ണീരുപോലെ തെളിഞ്ഞൊഴുകുന്ന ഒരു കൈത്തോടിനു കുറുകെ കെട്ടിയ ഒരു കലുങ്കിലാണ്‌ ഞാൻ ഇരിക്കുന്നത്. കപ്പയും പച്ചക്കറികളും വിളയുന്ന തോട്ടങ്ങൾ മുന്നിൽ. അതിനു വലതുവശത്ത് നെല്പാടം. അതിനുമപ്പുറം റബ്ബർത്തോട്ടങ്ങൾ. വിജനമായ റോഡിന്റെ ഭാഗമാണ്‌ ഈ കലുങ്ക്. വല്ലപ്പോഴും മാത്രം കടന്നുപോകുന്ന വാഹനങ്ങൾ. അവയിൽ യാത്ര ചെയ്യുന്നവർ ഏകനായി കലുങ്കിലിരിക്കുന്ന എന്നെ സംശയപൂർവ്വം നോക്കുന്നുണ്ട്.


എന്റെ പിന്നിൽ മുൻപു പറഞ്ഞ പാടത്തിന്റെ ബാക്കി. തോടിന്റെ ഒരു കരയോടു ചേർന്ന് നോക്കെത്താദൂരത്തോളം നീളത്തിൽ അതു പരന്നുകിടക്കുകയാണ്‌. എന്നാൽ, നേർത്ത ആ പാടശേഖരത്തിന്റെ ഇരുവശങ്ങളിലും റബ്ബറും തെങ്ങുമെല്ലാം വളരുന്ന തോട്ടങ്ങളാണ്‌. പാടവരമ്പത്ത് തലനീട്ടി നില്ക്കുന്ന തെങ്ങുകളുടെ ഓലകൾ പോക്കുവെയിലിൽ വാൾത്തല പോലെ വെട്ടിത്തിളങ്ങുന്നതു കാണാം. സ്വർണ്ണപ്പൊടി വാരിയെറിയുന്നതു പോലെയുള്ള വെയിലിൽ നെൽനാമ്പുകളുടെ ഹരിതാഭയ്ക്കു തിളക്കം കൂടിയിട്ടുണ്ട്. സുഖമുള്ള കാറ്റ് പാടത്തിനക്കരെനിന്നും പ്രത്യേകിച്ച് യാതൊരു ഗന്ധവുമില്ലാതെ എന്നെത്തലോടാൻ മാത്രം ഇതിലേ വന്നുപോകുന്നുണ്ട്. ഇടയ്ക്കെല്ലാം കടന്നുപോകുന്ന വാഹനങ്ങൾ പരത്തുന്ന പുക ‘യാത്ര’യുടെ മണമാണ്‌ എന്നിൽ നിറയ്ക്കുന്നത്.

അപ്പോഴേക്കും വെയിൽ നന്നായി ചാഞ്ഞുകഴിഞ്ഞിരുന്നു. പോക്കുവെയിലിന്റെ ശോണിമ കൂടിക്കൂടിവന്നു. ദൂരെ ഒരു നേർത്ത നീലാനിറം കൊണ്ടു വരച്ചിട്ടപോലെ കാണുന്ന മലകൾക്കുമേൽ സൂര്യൻ ഒരു സിന്ദൂരച്ചെപ്പു പോലെ, കടും കുങ്കുമനിറമാർന്ന്, വട്ടത്തിൽ... ഹോ! ഞാൻ ആദ്യമായി കാണുകയായിരുന്നു അങ്ങനെയൊരു അസ്തമയസൂര്യനെ. അന്ന്, ആ നിമിഷം, അകലെയുള്ള വീട്ടിലേക്ക് എന്റെ മനസ്സുപാഞ്ഞു. മണിക്കൂറുകളോളം യാത്ര ചെയ്താൽ മാത്രം ചെന്നെത്താനാവുമായിരുന്ന വീട്ടിലേക്ക് ഒരു നിമിഷം കൊണ്ട് ഞാൻ പറന്നുചെന്നു. അവിടെയുള്ളവർ ഇപ്പോൾ എന്തുചെയ്യുകയാണെന്നും അവരെന്താണു കഴിച്ചതെന്നും എന്നെക്കുറിച്ച് അവർ ഓർക്കുന്നുണ്ടോയെന്നും തിരക്കിവന്നു. പിന്നെയും വളർന്നപ്പോൾ ഞാനറിഞ്ഞു, അന്ന് അനുഭവിച്ച ആ വികാരമായിരുന്നു ഗൃഹാതുരത്വമെന്ന്.

ഇന്നും യാത്രാവേളകളിൽ, സായംസന്ധ്യകളിൽ ഓടുന്ന വാഹനത്തിന്റെ ജാലകത്തിനപ്പുറത്ത് പിന്നോട്ടു പായുന്ന ഇരുൾ ഗ്രസിച്ചു തുടങ്ങിയ ചില കാഴ്ചകൾ അതിശക്തമായൊരു കാന്തം പോലെ വീട്ടിലേക്കു വലിച്ചടുപ്പിക്കാറുണ്ട്. റോഡരികിലെ ചെറിയ വേലിക്കപ്പുറത്തെ മരത്തിന്റെ അഴികളുള്ള ജനലുള്ള വീടിന്റെ ഉമ്മറത്ത് എരിയുന്ന സന്ധ്യാദീപം. വണ്ടിയുടെ വേഗത്തെ തോല്പ്പിച്ച് കാതിലെത്തുന്ന ഒരു പശുവിന്റെ കരച്ചിൽ. ഏതോ അടുക്കളയിൽ നിന്നുയരുന്ന പുകയിൽ കലർന്നുപരക്കുന്ന ഇഴപിരിച്ചെടുക്കാൻ വയ്യാത്ത ചില മിശ്രഗന്ധങ്ങൾ. എല്ലാത്തിനും മീതെ, ലോകത്തിനുമേലേ ഇരുൾ പരക്കുമ്പോൾ എനിക്കു തല ചായ്ക്കാനെന്നു കണ്ടിരിക്കുന്ന, ശീലിച്ചിരിക്കുന്ന എന്റെ വീടിന്റെ തണൽ. അതു തരുന്ന സുരക്ഷിതത്വം, അതു നല്കുന്ന സ്വസ്ഥത, അവയുടെ ഓർമ്മ. അവിടേക്കു വേഗം ഓടിയെത്താനുള്ള വെമ്പൽ. കൂടണയാനുള്ള കിളിയുടെ തിരക്കിട്ട പ്രയാണം. ഏതിരുട്ടിലും പിശകാതിരിക്കാൻ ഊട്ടിയുറപ്പിച്ച മനസ്സിലെ ലക്ഷ്യം. ഇങ്ങനെയെല്ലാം പ്രകൃതി നിന്റെ ഭവനത്തെ നിന്റെ ആത്മാവിനോട് വിളക്കിച്ചേർത്തു വെച്ചിരിക്കുകയാണ്‌. അറുത്തിടാൻ നോക്കിയാൽ ചോരചീറ്റുന്ന ഒരു ചേർപ്പ്.

Wednesday, February 20, 2013

വേനൽമഴ

ന്നലെയാണ്‌ ആ മഴ പെയ്തത്. വരണ്ടുണങ്ങിയ മണ്ണിനു മേലെ വീണുമരിച്ച ഇലകളെ ഒരു നേർത്ത കാറ്റു പോലും കരയിക്കുന്ന നേരത്ത്. കാത്തു കാത്തിരുന്ന ഒരു മുഹൂർത്തം പോലെ അന്നു മേഘങ്ങൾ കഥ പറയാൻ മാനത്ത് ഒത്തുകൂടി. ഇന്നെങ്കിലും ഒരു മഴ പെയ്തേക്കുമെന്ന് ഇങ്ങു താഴെയിരുന്ന് വേകുന്ന മനസ്സുകൾ കിനാവുകണ്ടു. ഉച്ചച്ചൂടിൽ പൊള്ളിയ മണ്ണിലേക്കാണ്‌ കുളിരായി മഴ പെയ്യുന്നത്. മുന്നോടിയായി കരിയിലകളെ പറത്തിമാറ്റിക്കൊണ്ട് തണുപ്പുള്ള കാറ്റിന്റെ നിലമൊരുക്കലുണ്ട്. ആ കാറ്റിന്റെ സ്വഭാവം നോക്കിയാൽ വരാൻ പോകുന്ന മഴ എത്ര ശക്തമാണെന്ന് ഗണിക്കാൻ കഴിയും.

മെയ് മാസത്തിന്റെ രണ്ടാം പകുതിയിലാണ്‌ ഇങ്ങനെയൊരു കാറ്റുണ്ടാകുന്നതെങ്കിൽ, വിളഞ്ഞു പഴുത്ത മാങ്ങകൾ ആ കാറ്റിൽ ‘ധപ്പ് ധപ്പ്’ ശബ്ദത്തോടെ പൊഴിഞ്ഞു വീഴുന്നതു കേൾക്കാം. മഴ ഉടൻ വരില്ലെങ്കിൽ ധൈര്യപൂർവ്വം മാവിൻചുവട്ടിലേക്ക് ഓടാം. കയ്യിലൊതുങ്ങുന്നത്ര മാങ്ങയും പെറുക്കി വരുമ്പോഴേക്കും അക്കരെ മലയിൽ നിന്നും മഴ ആർത്തലച്ചു വരുന്നതു കാണാം. ഒന്നാമത്തെ തുള്ളി മുറ്റത്തു വീഴുന്നതിനു മുൻപേ പെരയ്ക്കകത്തു കയറാം. അല്ലെങ്കിലും മഴയെ ഓടിത്തോല്പ്പിക്കുന്നതിനു രസം വേറെയാണ്‌. വേനൽമഴ നനയാൻ അനുവാദമുണ്ടാവില്ല. പനി പിടിക്കുമത്രേ. അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന രോഗാണുക്കളത്രയും വേനൽമഴയോടൊപ്പം മണ്ണിലേക്കും പെയ്തിറങ്ങുമത്രേ. അതെന്തായാലും കാറ്റ് പൊടിയൊഴിഞ്ഞും ഇലകൾ കുളിച്ചുതോർത്തി പച്ചപ്പ് തിരിച്ചു പിടിച്ചും ഒരു നവചൈതന്യം പൂണ്ടുനില്ക്കുന്നു, വേനൽമഴയ്ക്കു ശേഷം.

ആദ്യത്തെത്തുള്ളികൾ വീഴുന്ന നിമിഷം മുതൽ മണ്ണു പൂർണ്ണമായും നനയുന്നിടം വരെയാണ്‌ വേനൽമഴ ഏറ്റവും സുഖദമായ അനുഭൂതി കാത്തുവെച്ചിരിക്കുന്നത് - പുതുമണ്ണിന്റെ ഗന്ധവും പുതുമഴയുടെ താളവും. നമ്മുടെ മണ്ണിനുമാത്രം തരാൻ കഴിയുന്ന ഒന്നായി ദൈവം കരുതിവെച്ച ഒരു അപൂർവ്വാനുഭവമാണ്‌ ഇത്.

ഇനി മഴ പെയ്തു തീന്നാലോ, അന്യാദൃശമായ, സംഗീതാത്മകമായ ശാന്തത കാണാം. സംഗീതമെന്നത് ഇലത്തുമ്പുകളിൽ നിന്നുമൂർന്ന് താളം പിടിക്കുന്ന മഴത്തുള്ളികളുടെ സംഗീതം. പ്ലാവിലയിൽ വീഴുമ്പോൾ ഒരു നാദം. മണ്ണിലേക്കു പതിക്കുമ്പോൾ വേറൊന്ന്. വെള്ളത്തിലേക്കു വീഴുമ്പോൾ മറ്റൊന്ന്. മൗനമായിരുന്ന് മഴകൊണ്ട ശേഷം തൂവൽച്ചിറകുകൾ കുടഞ്ഞുതോർത്തുന്ന കിളികളുടെ പരിഭവങ്ങൾ. തെങ്ങിൻ മുകളിലെ കൂട്ടിൽ നിന്നും ആകാംക്ഷയോടെ താഴെയിറങ്ങി വന്ന് ഇവിടെന്തെല്ലാമാണ്‌ സംഭവിച്ചതെന്നു തിരക്കുന്ന അണ്ണാറക്കണ്ണൻ. ഞെട്ടറ്റുവീണതിന്റെ കണ്ണീരുണങ്ങാത്ത ഉണ്ടാപ്രികൾ - മൂവാണ്ടൻ മാങ്ങകൾ.

ഒരു നിമിഷം! ഞാൻ സ്വപ്നലോകത്തു നിന്നും തിരികെപ്പോരട്ടെ. എന്റെ ഇടതു വശത്തെ വലിയ ജനാലയ്ക്കപ്പുറം കരിനിഴൽ വീഴ്ത്തിക്കൊണ്ട് മേഘങ്ങൾ ഉരുണ്ടുകൂടിയിട്ടുണ്ട്. വീശിയടിക്കുന്ന കാറ്റിൽ ഓഫീസിലെ തിരശ്ശീലകൾ പാറിയുലയുന്നുണ്ട്. എവിടൊക്കെയോ തട്ടിത്തടഞ്ഞ് തണുപ്പിന്റെ മുനയൊടിഞ്ഞ കാറ്റിന്റെ കഷണങ്ങൾ എന്നെയും വന്നു മുട്ടുന്നുണ്ട്. ഉയർന്നു നില്ക്കുന്ന സിൽവർ ഓക്ക് മരങ്ങൾക്കപ്പുറം പുൽമേട്ടിൽ തെരുവപ്പുല്ലുകൾ മുടിയഴിച്ചാടുന്നത് അവ്യക്തമായിട്ടാണെങ്കിലും എനിക്കു കാണാം. എന്നാൽ കാറ്റിന്റെ മൂളൽ കേൾക്കാനില്ല. ഒന്നിരിക്കാനുള്ള ഇടം തേടി കലപില കൂട്ടുന്ന കിളികളുടെ ചിലപ്പും കേൾക്കാനില്ല. ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ ശബ്ദമില്ലാത്ത ചലച്ചിത്രം കാണുന്ന പ്രതീതി. അഥവാ, പ്രായമോ ജോലിയോ ഒക്കെ അവിടെ നമ്മെ തടവിലാക്കിയിരിക്കുന്നു, ബധിരനാക്കിയിരിക്കുന്നു, പ്രകൃതിയെ അറിയാനുള്ള ചില ഇന്ദ്രിയങ്ങളെ പൂട്ടി അടച്ചു വച്ചിരിക്കുന്നു.

ഞാനറിയാതെ എപ്പോഴോ മഴ പെയ്തുതീർന്നു. അപ്പോൾ, നനഞ്ഞു തുടങ്ങിയ ചിറകുകൾ കുടഞ്ഞ് കാട്ടുമഞ്ഞളരച്ച് കണ്ണെഴുതിയ മൈനകൾ പാടിയാർത്തിരിക്കാം. പുറത്തു വാരിവിതറിയ പൂഴിമേൽ നനവു പടരുന്ന സുഖത്തിൽ മതിമറന്നു കാട്ടാനകൾ ശാന്തം നിന്നിരിക്കാം. ആരറിയുന്നു?

ജോലികഴിഞ്ഞു പുറത്തിറങ്ങുമ്പോൾ, മണ്ണിന്റെ ചൂടിലേക്കു പെയ്തിറങ്ങിയ മഴ നീരാവിയായി ഉയിർത്തെഴുന്നേൽക്കുന്നുണ്ടായിരുന്നു. സിൽവർ ഓക്ക് മരങ്ങൾക്കപ്പുറം പുൽമേട്ടിലെ കാഴ്ചകൾ മറച്ചുകൊണ്ട് കോടമഞ്ഞ് ഒരു വലിയ പന്തലിട്ടിട്ടുണ്ടായിരുന്നു. പൈൻ മരത്തിന്റെ നൂലുപോലത്തെ ഉണക്കിലകൾ വാഹനങ്ങളുടെ ചില്ലിൽ വീണ്‌ മഴവെള്ളത്തെപ്പുണർന്നു കിടക്കുന്നുണ്ടായിരുന്നു. ഉറുമ്പുകളുടെ കൊട്ടാരങ്ങൾ ഇടിഞ്ഞുതാണിരുന്നു. മാളങ്ങൾ മഴവെള്ളത്തിൽ ഒലിച്ചുവന്ന മണ്ണുകൊണ്ട് നിറഞ്ഞിരുന്നു. മഴ മണ്ണിലെ വിണ്ടുകീറലുകൾ സ്നേഹം നിറച്ച് അടച്ചിരുന്നു. ഈ പുതുഭൂമികയിലേക്ക് ഓരോ ആത്മാവിനെയും വരവേല്ക്കാനെന്നവണ്ണം വഴികൾ വൃത്തിയായിക്കിടന്നിരുന്നു. വെള്ളമൊഴുകിയ പാടുകളാവട്ടെ, ഭൂമിയുടെ മാറിൽ നാളെ മാഞ്ഞേക്കാവുന്ന ചില നഖചിത്രങ്ങൾ കോറിയിട്ടിരുന്നു. കാപ്പിപ്പൂക്കളിൽ പരാഗരേണുക്കൾ വിയർപ്പാറ്റി മയങ്ങിക്കിടന്നിരുന്നു.

അന്നത്തെ സന്ധ്യയ്ക്ക് പതിവുവിട്ട ഒരു സുഖമുണ്ടായിരുന്നു. കാണുന്ന മുഖങ്ങളിലെല്ലാം സന്തോഷമുണ്ടായിരുന്നു. നഗരവീഥികളിൽ തിരക്കു കുറഞ്ഞു കാണപ്പെട്ടു. ചെങ്കിരണങ്ങൾ വിതറാതെയും യാത്ര ചോദിക്കാതെയും മൗനമായി സൂര്യൻ പടിഞ്ഞാറു ചാഞ്ഞു. ആ സായാഹ്നത്തിൽ സുന്ദരമായതെല്ലാറ്റിനെയും പറ്റി സംസാരിച്ചുകൊണ്ട് ആ നേരമത്രയും മനോജ് സാർ എന്നോടൊപ്പമുണ്ടായിരുന്നു- മഴകൊണ്ടുമാത്രം മുളയ്ക്കുന്ന സർഗ്ഗാത്മകതയുടെ ചില വിത്തുകൾക്ക് വെള്ളം തേകിയും ബൈക്കിന്റെ സീറ്റിൽ ഈറൻ കോരിയിടാൻ പോന്ന മഞ്ഞിന്റെ കാഠിന്യത്തെ മനഃപൂർവ്വം മറന്നും. സുന്ദരമായ ഒരു വേനൽമഴ നമുക്കെന്തെല്ലാമാണ്‌ കൊണ്ടുതരുന്നത് എന്ന് നിങ്ങളും ഒന്നാലോചിച്ചു നോക്കൂ. മണ്ണിന്റെയും മനുഷ്യന്റെയും ആത്മാവിൽ മഴ പെയ്യട്ടെ! വേനലിൽ വരണ്ടുണങ്ങിയ മനസ്സിന്റെ വിള്ളലുകളിലേക്ക് സ്നേഹം ഒഴുകി മുറിവുകളെ മായ്ക്കട്ടെ! ലോകം തളിർത്തു കയറട്ടെ!!

Thursday, February 14, 2013

എന്റെ പ്രിയപ്പെട്ട മനുവിന്‌...

(BASED ON A TRUE INCIDENT)

ഞാൻ കുറെ നാളായി ആലോചിക്കുകയായിരുന്നു, ബർത്‌ഡേയ്ക്ക് മനുവിന്‌ എന്തു സമ്മാനം കൊടുക്കണമെന്ന്‌. ഏതായാലും അതൊരു സർപ്രൈസ്‌ ഗിഫ്റ്റ് ആയേ തീരൂ. മനു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്‌. അങ്ങനെ, ഞാൻ വളരെക്കാലം നീണ്ട ആലോചനകൾക്കു ശേഷമാണ്‌ ഒരു സൺഗ്ലാസ് വാങ്ങാമെന്ന് തീരുമാനിച്ചത്.

മനു എന്റെ ലവർ ആണെന്നു കരുതിയോ. എന്നാൽ ആണ്‌. പോരാഞ്ഞ്, എന്റെ ഭർത്താവും ഞങ്ങളുടെ കുഞ്ഞുവാവ ധ്രുവിന്റെ കുറുമ്പനായ അച്ഛനും ആണ്‌. അടുത്ത ആഴ്ചയാണു കേട്ടോ മനുവിന്റെ ബർത്‌ഡേ. എന്തായാലും ഞാൻ ഇങ്ങനെയൊരു ഗിഫ്റ്റ് കൊടുക്കുന്നുണ്ടെന്ന്‌ മനുവിനു യാതൊരു ക്ലൂവും കിട്ടരുത്. 2000 രൂപയാണ്‌ എന്റെ ബഡ്ജറ്റ്. ഗിഫ്റ്റ് വാങ്ങുന്നതും മനു അറിയാതെ വേണം. അതുകൊണ്ട് ആ ആഴ്ച്ചത്തെ വീക്കെന്റ് ഷോപ്പിങ്ങിൽ പോലും ഞാൻ ആ പർചേസ് വേണ്ടെന്നു വെച്ചു. പക്ഷേ ഷോപ്പിങ്ങ് മാളിലെ സൺഗ്ലാസ്സുകൾ നിരത്തി വച്ചിരിക്കുന്ന ഭാഗത്തു ചെന്നപ്പോൾ ഞാനല്പം ചുറ്റിപ്പറ്റി നിന്നത് മനു ശ്രദ്ധിച്ചിട്ടുണ്ടാവുമോ ആവോ?

ഓഫീസിൽ ഫ്രീടൈം തീരെക്കുറവാണിപ്പോൾ. എങ്കിലും ഇല്ലാത്ത സമയം ഉണ്ടാക്കി ഫാസ്ട്രാക്കിന്റെ ചില മോഡലുകളൊക്കെ നോക്കി വെച്ചു. ഏത് ആകൃതിയിലുള്ള ഗ്ലാസ് വേണം, ഏതു നിറത്തിലുള്ള ഗ്ലാസ് വേണം, വാങ്ങിക്കൊടുക്കുന്നതു മനുവിന്‌ ഇഷ്ടപ്പെടുമോ എന്നുതുടങ്ങി പിന്നെയും ചിന്തകൾ എന്നിൽ വന്നു നിറഞ്ഞുകൊണ്ടിരുന്നു. ദിവസം ഇങ്ങടുക്കും തോറും അതു വാങ്ങാൻ പറ്റാത്തതിലുള്ള ആധിയും എന്നെ പൊതിയുന്നുണ്ടായിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ ഈ മൂന്നു ദിവസങ്ങളുണ്ട് ഇനി. വ്യാഴാഴ്ച രാവിലെ തന്നെ അതു നല്കുകയും വേണം.

ഐ.ടി.ലോകത്തിന്റെ തിരക്കുകളെ ഞാൻ അത്രയധികം ശപിച്ചുപോയത് തിങ്കളഴ്ചയായിരുന്നു. മൂന്നു മണിക്കെങ്കിലും പണി തീർത്ത് ഇറങ്ങി കോറമംഗലയിൽ പോയി സാധനം വാങ്ങി പതിവു സമയത്ത് വീട്ടിലെത്താമായിരുന്നു, മനുവിന്‌ ഒരു സംശയത്തിനും ഇട നല്കാതെ. അവിചാരിതമായി വന്ന തിരക്കുകൾ കാരണം അന്നു നേരത്തെ ഓഫീസ് വിടാൻ സാധിച്ചില്ല. ഞാൻ അന്ന് വളരെ ഗ്ലൂമിയായിരുന്നെന്ന് മനുവിനു തോന്നിയോ എന്തോ!

ശരിക്കും പറഞ്ഞാൽ ഗിഫ്റ്റ് സെലക്ടു ചെയ്യാൻ പോകുമ്പോൾ ആരെയെങ്കിലും ഒപ്പം കൂട്ടാനും ഞാൻ ആലോചിച്ചു. സജിനിക്ക് നേരത്തെ ഇറങ്ങാൻ പറ്റില്ല. സജിത്തിനും അതു തന്നെയാണു സ്ഥിതി. അവനാണെങ്കിൽ ബ്രാൻഡിനെപ്പറ്റിയൊക്കെ നല്ല വിവരമുണ്ട്‌. ഇവർ രണ്ടുപേരുമല്ലാതെ കോറമംഗല വരെ എന്റെ ഒപ്പം വരാൻ പറ്റുന്ന മറ്റാരും ജ്യൂസ് ടീമിലില്ല(ലഞ്ച് ടീമാണെങ്കിലും ലഞ്ചിനു ശേഷം പതിവായി കുടിക്കുന്ന ജ്യൂസാണു ഞങ്ങളുടെ ഫ്രണ്ട്സ് സർക്കിളിനെ വിളിക്കാൻ ഞങ്ങൾ യൂസ് ചെയ്യുന്നത്). ശരിക്കും പറഞ്ഞാൽ ജ്യൂസ് ടീമിൽ ഇതൊരു ചർച്ചയൊന്നും ആയില്ല. ഷിജോയും രാജും ഇടയ്ക്കിടെ ‘വാങ്ങിച്ചോ, വാങ്ങിച്ചോ’ എന്ന്‌ അന്വേഷിച്ചുകൊണ്ടിരുന്നു. ഞാനാണെങ്കിൽ ഇതിനെപ്പറ്റി അത്ര എക്സൈറ്റഡ് ആണെന്ന് ഭാവിച്ചുമില്ല. എങ്ങാനും അങ്ങനെയൊക്കെ രാജിനു തോന്നിയാൽ ഇല്ലാത്തതൊക്കെ പറഞ്ഞ് കളിയാക്കിക്കൊല്ലും. ആക്ച്വലി, ഓഫീസ് കമ്പ്യൂട്ടറിൽ മനുവിന്റെ പലതരം ഫോട്ടോയെടുത്തുവെച്ച് ഏതു തരം ഗ്ലാസാണ്‌ മൂപ്പർക്കു യോജിക്കുക എന്നെല്ലാം സ്സങ്കല്പ്പിച്ചു നോക്കി. ശരിക്കും മനു ഡ്രൈവ് ചെയ്യുമ്പം അതു വെച്ചാലാവും സ്റ്റൈൽ.

തിടുക്കം സഹിക്കവയ്യാഞ്ഞ്, വല്ലവിധേനയും വർക്ക് തീർത്ത് മൂന്നു മണിക്ക് ഓഫീസിൽ നിന്നും ഇറങ്ങി. ഷോപ്പേഴ്സ് സ്റ്റോപ്പിൽ പോയി. മുക്കാൽ മണിക്കൂർ തപ്പിയിട്ടാണ്‌ മനസ്സിനു പിടിച്ച ഒരെണ്ണം കണ്ടുപിടിച്ചത്. എന്നിട്ടും ചില കൺഫ്യൂഷനുകൾ. അവസാനം ഒരെണ്ണം ഉറപ്പിച്ച് ബില്ലാക്കി ഇറങ്ങിയപ്പോൾ സന്ധ്യയായി എന്നു പറഞ്ഞാൽ മതിയല്ലോ!

വീട്ടിൽ ചെന്ന പാടെ സംഗതി ഹാൻഡ് ബാഗിൽ നിന്നും എടുത്ത് വാർഡ്രോബിന്റെ മൂലയ്ക്ക് ഒളിപ്പിച്ചു. മടിയൻ മനു അതിലൊന്നും നോക്കില്ല, എങ്കിലും ഒരു സസ്പെൻസ് സംരക്ഷിക്കാൻ എന്തും ചെയ്യണമല്ലോ.

അവസാനം ബുധനാഴ്ച രാത്രിയായി. നാളെ രാവിലെ സംഭവം പൊട്ടിക്കണം. മനുവിനെ ഞെട്ടിക്കണം. മനുവിനെ കൂളിങ്ങ് ഗ്ലാസ് അണിയിച്ചു കൂളാക്കുന്ന പ്രഭാതം സ്വപ്നം കണ്ടുറങ്ങി. ശരിക്കും തലപൊട്ടുന്ന തിരക്കാണു മനുവിന്‌. അതുകൊണ്ട് പാതിരാത്രി വരെ ഉറങ്ങാതെ കാത്തിരുന്ന് ‘ഹാപ്പി ബർത്‌ഡേ’ പറയുന്ന പരിപാടിയൊന്നും ഉണ്ടായില്ല. പക്ഷേ, രാവിലെ ഉണർന്ന പാടെ ‘സ്നേഹപൂർവ്വം’ ആ കർമ്മമങ്ങു നടത്തി.

അന്നിടാൻ കാത്തുവെച്ചിരുന്ന ടീ ഷർട്ടും ജീൻസും അണിഞ്ഞ് കണ്ണാടിക്കു മുന്നിൽ മുന്നിൽ ഗ്ലാമർ സെറ്റു ചെയ്തു കൊണ്ടു നിന്നപ്പോൾ നമ്മുടെ ബ്രഹ്മാസ്ത്രം ‘ടണ്ടടേം.....’ എന്നൊരു മ്യൂസിക്കിന്റെ അകമ്പടിയോടെ ഞാൻ എടുത്ത് അവതരിപ്പിച്ചു. അത്ഭുതസ്തബ്ധനായി മനു നില്ക്കെ ഞാൻ പ്ലാൻ ചെയ്ത പടി മനുവിനെ അതണിയിച്ചു. ഞെട്ടൽ മാറാതെ, മനു അത് മുഖത്തു നിന്നും എടുത്ത് തിരിച്ചും മറിച്ചും നോക്കി.

“നോക്കണ്ട മനൂ, അത് ഒറിജിനലു തന്നെയാ...” എനിക്കങ്ങു ശുണ്ഠി വന്നു.

“ഇഷ്ടായോ....??”

“ഉം.... ഇഷ്ടമാകാതെ... ഇതേ പോലൊരെണ്ണം വാങ്ങണമെന്നു തന്നെ ഞാൻ കരുതിയിരിക്കുവാരുന്നു. ”

മനു അതു ധരിച്ചു കണ്ണാടിയിൽ നോക്കി. അതെടുത്തു മാറ്റിയിട്ടു നോക്കി. പിന്നെ എന്നെയൊന്നു നോക്കി. പിന്നെയും കണ്ണാടിയിൽ നോക്കി. എനിക്കെന്തോ ഒരിത്...!!!

“എന്നാ നോക്കുന്നെ?”

“എടീ മണ്ടൂസേ, എന്റെ കണ്ണിനു പവർ ഉണ്ടെന്നും ഞാൻ സ്പെക്ട്സ് ഉപയോഗിക്കുന്നതാണെന്നും നീ ഒട്ടും ഓർത്തില്ല അല്ലേ?”

_________________________
വാല്ക്കഷണം : പിന്നീട്, ജ്യൂസ് ടീം ആ കണ്ണട ലേലം വിളിച്ചു. അൻപതിൽ വിളി തുടങ്ങി. മൽസരിച്ച് ഇരുനൂറ്റൻപത് രൂപ വരെ മോഹവില പറഞ്ഞെങ്കിലും നമ്മുടെ നായിക ശക്തിയുക്തം പ്രഖ്യാപിച്ചു: “ഞാനതു വില്ക്കുന്നില്ലാ..!!”

അന്നു മനു ഭാര്യയ്ക്ക് അബദ്ധം മനസ്സിലാക്കി കൊടുത്തനേരത്ത്, ‘പറ്റിയല്ലോ അക്കിടി’ എന്ന ഭാവത്തിൽ അവൾ നിന്ന ആ നിമിഷമുണ്ടല്ലോ; ആ നിമിഷത്തിനപ്പുറം ഏതു ഗിഫ്റ്റിനാണു വില??

Friday, February 01, 2013

തിരിച്ചറിവുകൾ

കരിച്ചായം മേലെ ഉരുണ്ടുകൂടിയ
ഒഴുക്കില്ലാത്ത നദിയാണു റോഡ്.

കുഴിയിൽ നിന്നും കരേറാൻ വെമ്പി വെമ്പിത്തോറ്റ്
ഇന്നും മരിക്കാതെ കഴിയുന്നവളാണ്‌ കടൽ.

ഓരോ നെന്മണിയുടെയും വിധിയാണ്‌ ഓരോ ബ്രോയ്‌ലർ കോഴിക്കും.

മരിച്ചുകിടക്കുന്ന മനുഷ്യൻ
പൂജാബിംബത്തെക്കാൾ കൂടുതൽ പട്ടു പുതയ്ക്കുമ്പോൾ മാത്രം
മാനവികത ദൈവികതയെ മറികടക്കുന്നു.

മനസ്സിന്റെ മഴത്തുള്ളിയാണു കണ്ണുനീർ.

ഹൃദയത്തിന്റെ വിളിക്കു പുറം തിരിഞ്ഞു നിന്ന്‌
ഭൗതികതയിലേക് ആണ്ടിറങ്ങി
പില്ക്കാലം പരിതപിക്കുന്നവൻ
പ്രത്യേകിച്ച് ആത്മഹത്യ ചെയ്യേണ്ടതില്ല.

നൂറു നന്മകളുടെ പെരുക്കപ്പട്ടികയെക്കാൾ ഉപയോഗിക്കപ്പെടുന്നത്
കുറ്റത്തിന്റെ ഒരു സമവാക്യമാണ്‌.

തലച്ചോറും ഹൃദയവും പോരടിക്കുന്ന കളത്തിലെ
സ്കോർബോർഡിന്റെ പേരാണു ജീവിതം.

കാറ്റ് നാസാരന്ധ്രങ്ങളിലൂടെ ഒരു കുരുക്കിട്ട് നിന്നെ
അന്തരീക്ഷത്തോടു കെട്ടി നിർത്തിയിരിക്കയാണ്‌.