Monday, November 28, 2011

ക്ഷേമാന്വേഷണം

"മാഷേ നിങ്ങള്‍ എവിടത്തുകാരനാ?" ഒന്നു നിര്‍ത്തിയിട്ട്‌, "... അല്ല, നേരത്തേ ചോദിച്ചിട്ടുണ്ടോ എന്നറിയില്ല, എന്നാലും?"

"പെരുമ്പാവൂര്‍."

"ആ, അപ്പോ നമ്മടെ അടുത്തൊക്കെ തന്നെ! ജയറാമിനെ ഒക്കെ അറിയുമോ? എന്നു വെച്ചാ നേരിട്ടു പരിചയം ഉണ്ടോ?"

"ജയറാമിനെ... നേരിട്ടു പരിചയം ഇല്ല. പുള്ളീടെ വീടു കണ്ടിട്ടുണ്ട്‌."

"ഓ, അതു ശരി."

"അനന്യയെ അറിയാം! പിന്നെ മിത്ര എന്റെ സിസ്‌റ്ററിന്റെ സ്‌കൂള്‍ മേറ്റ്‌ ആയിരുന്നു."

"ഓഹോ! അനന്യയും ആയി എങ്ങനെ?"

"അത്ര നല്ല റിലേഷന്‍ അല്ല!"

"ഒരുപാട്‌ അടുക്കാന്‍ പോകാത്തതാ നല്ലത്‌. ഞാന്‍ ഇവരൊക്കെയായി ഒരു ഡിസ്‌റ്റന്‍സ്‌ ഇട്ടു നിക്കുന്നത്‌ അതുകൊണ്ടാ!"

"സത്യം, പിന്നല്ലാതെ!"

"ഈ നയന്‍താരയുമായി ഫ്രണ്ട്ഷിപ്പിനു ഒരു പരിധി വെച്ചത്‌ ഇപ്പോ മറ്റേ ഇഷ്യു ഒക്കെ വന്നപ്പോള്‍ എത്ര നന്നായി എന്നു മനസ്സിലായി. അല്ലെങ്കില്‍ കാണുന്നോരെല്ലാം നമ്മളോട്‌ ചോദിക്കില്ലേ?"

"പിന്നല്ലാതെ.."

"വെറുതെ എന്തിനാ നമ്മള്‍ അവരുടെ പ്രൈവറ്റ്‌ ലൈഫിനെ കുറിച്ച്‌ അഭിപ്രായം പറയുന്നേ!"

"അനന്യ ഫീല്‍ഡില്‍ വരുന്നേനു മുന്നേ എന്റ്‌ ഫ്രണ്ടാരുന്നു."

"അതെയോ?"

"ഇപ്പോ വന്‍ ജാഡയാ. സിസ്‌റ്ററിന്റെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്‌. ഇപ്പോ തീരെ ടച്ചില്ല."

"എന്നെ പിന്നെ മിക്കവരും വല്ലപ്പോഴുമൊക്കെ വിളിക്കും."

"അതു ശരി! ആരൊക്കെ?"

"ലാലൊന്നും ഇപ്പോ വിളിക്കില്ല. ചാക്കോച്ചന്‍, ജയസൂര്യ, സുരാജ്‌ ഒക്കെ ആഴ്‌ചയില്‍ ഒന്നെങ്കിലും വിളിക്കും. കല്‍പനച്ചേച്ചിയെ ഓണത്തിന്റെ സമയത്തു നേരിട്ടു കണ്ടിരുന്നു. അമ്പിളിച്ചേട്ടന്‍ ഇനി ആ വഴിക്കു വരുമ്പോള്‍ വീട്ടില്‍ കേറാമെന്നാ പറഞ്ഞേക്കുന്നേ. പുള്ളി പഴമ്പുരാണം പറയാന്‍ തുടങ്ങിയാല്‍ നമ്മളിരുന്നുപോകും കെട്ടോ!"

"തന്നേ?"

"ആന്നെന്നേ! എല്ലാരും ഒരുപാടു തിരക്കൊക്കെ ഉള്ളവരായതുകൊണ്ട്‌ ഞാന്‍ അങ്ങോട്ട്‌ കേറി വിളിക്കാനും മറ്റും പോകില്ല. എന്നാലെന്നാ, എല്ലാരും തന്നെ നല്ല സ്‌നേഹമുള്ള കൂട്ടത്തിലാ കേട്ടോ! നല്ല കെയര്‍ ആണ്‌! ആര്‌ എന്നു വിളിച്ചാലും ആദ്യം ചോദിക്കുന്നത്‌ ഒരേ കാര്യമാ.."

"അതെന്തോന്ന്‌?"

"അസുഖം ഒക്കെ ഇപ്പോള്‍ കുറവുണ്ടോന്ന്‌!"

Friday, November 25, 2011

ഒരു യാത്ര കൂടി - മൂന്നാം ഭാഗം

ചിലരൊക്കെ പറഞ്ഞുതുടങ്ങി. ഇവനെന്നും ഈ കട്ടപ്പന യാത്രകളുടെ പുരാണം മാത്രമേ പറയാനുള്ളോ എന്ന്‌. എഴുതുന്ന എനിക്കു ബോറടിച്ചില്ലെങ്കിലും വായിക്കുന്നവര്‍ക്കു ബോറടിക്കുമെന്നു ചിന്തിക്കാമായിരുന്നില്ലേ? എന്നും തമിഴ്‌നാടുവഴി കട്ടപ്പനയ്‌ക്കൊരു പോക്ക്‌, വണ്ടിക്കൂലിയുടെ കണക്ക്‌, തണുപ്പ്‌, ചായകുടി, മൂത്രമൊഴിക്കല്‍, കപ്പ, മീന്‍ കറി, തീറ്റ, കുടി ഇതൊക്കെയല്ലാതെ ഒന്നുമില്ലേ രാജേ??

തെളിച്ച വഴിയേ അല്ലേ ഓടാന്‍ പറ്റൂ സുഹൃത്തേ!


ഒരു ഓഫ്‌ടോപിക്കില്‍ നമുക്ക്‌ തുടങ്ങിയിട്ട്‌ കഴിഞ്ഞ ഭാഗത്തു നിര്‍ത്തിയിടത്തേക്കു വരാം. ഒരു പെണ്ണിനോട്‌ ഇഷ്‌ടം തോന്നിയാല്‍ ഒരാണിന്റെ മനസ്സാക്ഷിയുടെ പാതി പണയം വെച്ചെന്നാണ്‌ അര്‍ഥം. അവളുടെ മുഖം മനസ്സിലുടക്കിയപ്പോളും അതു തന്നെയാണ്‌ ഒരു പരിധി വരെയെങ്കിലും എനിക്കു സംഭവിച്ചത്‌. ആ പ്രസന്നമായ മുഖഭാവം, അതു ചൊരിയുന്ന ഒരു പോസിറ്റീവ്‌ എനര്‍ജ്ജി ഒക്കെയാണ്‌ എനിക്കു പിടിച്ചുപോയത്‌. എത്താന്‍ പറ്റാത്ത ഉയരങ്ങളില്‍ നിന്നെന്നെ അവള്‍ കൊതിപ്പിച്ചു. സല്‍മാന്‍ ഖാനും വിവേക്‌ ഓബ്‌റോയിയും ഒക്കെ അവളുമായി കമ്പനി കൂടിയപ്പോഴും പരാതികളൊന്നുമില്ലാതെ ആ സൗന്ദര്യത്തെ മനസ്സാ ആരാധിച്ചു പോന്നതാണ്‌. പറഞ്ഞുവന്നത് ആരെപ്പറ്റിയാണെന്നു മനസ്സിലായല്ലോ? ഒക്കെക്കഴിഞ്ഞ്‌ കൊച്ചു ബച്ചനെ കെട്ടിയപ്പോഴും 'അളിയാ എന്നാലും അവളങ്ങനെ ചെയ്‌തു കളഞ്ഞല്ലോ' എന്നൊന്നു പരിതപിച്ച്‌ 'ഇനി ബസ്സു വരില്ല' എന്നുറപ്പിച്ചു യാത്ര മുടങ്ങിയ ആള്‍ തിരികെപ്പോണമാതിരി നമ്മളു സ്റ്റാന്‍ഡ്‌ വിട്ടു. കുഴിച്ചുമൂടിയാലും ആ ഇഷ്‌ടത്തിന്റെ അല്‍പം പൊട്ടും പൊടിയും എവിടൊക്കെയോ കിടന്നിരിക്കണം. അവള്‍ അമ്മയാവാന്‍ പോകുന്നു എന്നറിഞ്ഞതും എല്ലാത്തിനും ഫുള്‍‌സ്റ്റോപ്പിട്ട്‌ അതൊരു അടഞ്ഞ അധ്യായമായി, എനിക്കും എന്നെപ്പോലെ മറ്റു പലര്‍ക്കും. ഇനി അവളായി, അവള്‍ടെ പുള്ളാരായി, കുടുമ്മമായി! അല്ലാതെ 'ഇതൊരു വെല്യ വാര്‍ത്തയാക്കി ആഘോഷിക്കരുതെ'ന്ന്‌ ബിഗ്‌ ബി പറഞ്ഞതുകൊണ്ടൊന്നുമല്ല എനിക്ക്‌ ആഷിന്റെ പ്രസവം ഒരു വിഷയമേ അല്ലാതെ പോയത്‌ എന്നു മനസ്സിലായില്ലേ?

11/11/11 കടന്നു പോയിടത്താണല്ലോ നാം നിര്‍ത്തിയിരുന്നത്‌. പിറ്റേന്നു വൈകിട്ടാണ്‌ അവള്‍ക്ക്‌ എന്തെല്ലാമോ ഏനക്കേടുകള്‍ തുടങ്ങുന്നപോലെ തോന്നിയത്‌. ഉച്ചയുറക്കവും നേരംതെറ്റിയ ഊണും കഴിഞ്ഞുള്ള അങ്കലാപ്പ്‌ ഒന്നു മാറാന്‍ ഞാന്‍ ഒരു കുളി പാസാക്കാന്‍ പോയി. ആറുമണിയായിക്കാണും. തിരികെ വന്നപ്പോള്‍ എതാണ്ട്‌ ആറേകാല്‍. എല്ലാം അതിനോടകം നടന്നു കഴിഞ്ഞു. അതെ, വീട്ടിലെ പശു പ്രസവിച്ചു. ദിവസങ്ങള്‍ നീണ്ട കണ്‍ഫ്യൂഷനു വിരാമമിട്ടുകൊണ്ട്‌ കൂടുതലും വെളുത്ത്‌ ഇടയ്‌ക്കെല്ലാം കറുത്ത പാണ്ടുകളോടെയുള്ള ഒരു മൂരിക്കുട്ടന്‍ ഇതാ പിറന്നു വീണിരിക്കുന്നു!

പുതുലോകം കണ്ട അന്ധാളിപ്പില്‍ തല്‍ക്കാലം ഒന്നിനുമാകാതെ അവന്‍ ചാക്കുവിരിച്ച തറയില്‍ അങ്ങനെ കിടപ്പാണ്‌. അവന്റെ അമ്മ പ്രസവത്തിന്റെ ക്ഷീണമേതും കാട്ടാതെ അവനെ ആകെ നക്കിത്തുടയ്‌ക്കുന്നു. കന്നാലിക്കൂടിന്റെ വാതിലും ചാണകം തള്ളിവിടുന്ന പൊത്തുകളും പലകകൊണ്ട്‌ അടച്ചു വെച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവന്‍ എഴുന്നേറ്റു നില്‍ക്കാനൊക്കെ ശ്രമം തുടങ്ങി. വഴുക്കലുള്ള തറയും ബലം വെയ്‌ക്കാത്ത കാലുകളിലെ ഉറപ്പില്ലാത്ത കുളമ്പുകളും കാരണം ഓരോ തവണയും അവന്‍ വഴുതി വീണുകൊണ്ടിരുന്നു. അവസാനം മടുത്ത്‌ തണുപ്പുള്ള തറയില്‍ വിരിച്ച ചാക്കില്‍ത്തന്നെ ചുരുണ്ടുകൂടിക്കിടന്നു.

പിറ്റേന്ന്‌ ഒരു ചേട്ടന്‍, രതീഷിന്റെ കല്യാണനിശ്ചയം ആണ്‌. അതിനായിരുന്നു ഈ വരവു തന്നെ. മുടി വെട്ടണമെന്ന്‌ ഓര്‍ത്തത്‌ അപ്പോഴാണ്‌. നാളെ രാവിലത്തേക്കു മാറ്റിവെയ്‌ക്കാന്‍ പറ്റില്ലെന്നതിനാല്‍ ഉടന്‍ തന്നെ കൊച്ചുതോവാളയ്‌ക്കു പുറപ്പെട്ടു. വിനോദിന്റെ ബാര്‍ബര്‍ ഷോപ്പില്‍ നല്ല തിരക്കായിരുന്നു ശനിയാഴ്ചയായിട്ട്‌. ഒന്നു വായിച്ചതാണെങ്കിലും പത്രം ഒരിക്കല്‍കൂടി വിശദമായ വായനയ്‌ക്കെടുത്തു. നാലഞ്ചു പേര്‍ എനിക്കുമുന്നേ ഊഴം കാത്തിരിപ്പുണ്ടായിരുന്നു. ചില ടിപ്പിക്കല്‍ ബാര്‍ബര്‍ ഷോപ്പ്‌ വര്‍ത്തമാനങ്ങളില്‍ ഞാനും പങ്കുകൊണ്ടു. മുപ്പത്തഞ്ച്ചു രൂപയുടെ സര്‍വ്വീസിന് എന്നോ‍ടു മുപ്പതു രൂപ മാത്രം വാങ്ങുന്നതു സ്നേഹം കൊണ്ടാവാം, അല്ലെങ്കില്‍ എന്റെ കേശസമ്പത്തില്‍ ബാര്‍ബര്‍ക്കുള്ള മതിപ്പു കൊണ്ടാവാം! ഉവ്വ! പണി എളുപ്പമാണെങ്കില്‍ കൂലി ഇളവുചെയ്യുന്നതിലെന്താ തെറ്റ്?

തിരികെയെത്തുമ്പോള്‍ മണി എട്ടാകാറായിരുന്നു. മൂരിക്കുട്ടന്‍ അപ്പോഴും എഴുന്നേല്‍ക്കാനുള്ള തത്രപ്പാടിലാണ്‌. പക്ഷേ നോ രക്ഷ! കൊതുകുശല്യം കുറയ്‌ക്കാന്‍ ചകിരിത്തൊണ്ടും ചിന്തേരുപൊടിയുമൊക്കെ ഒരു പഴയ അലുമിനിയം ബക്കറ്റില്‍ ഇട്ടു പുകച്ചു. തൊഴുത്തിലെ ലൈറ്റ്‌ ആ രാത്രി കെടാതെ നിന്നു.

Cardamom - The Queen of Spices

രാത്രി കുറെ ഏലക്ക തരം തിരിക്കാനുണ്ടായിരുന്നു. പൊടിക്കായൊക്കെ വേര്‍തിരിച്ച്‌ കേടുള്ളതും നിറമില്ലാത്തുമൊക്കെ മാറ്റി വലുപ്പമുള്ളതും നല്ല പച്ച നിറത്തോടുകൂടിയതുമായ കായ്‌ക്കാണു മുന്തിയ വില കിട്ടുക. എങ്കിലും പത്രത്തില്‍ കൂടിയ വില എന്നു കാണുന്ന വിലയില്‍ നിന്നും കിലോയ്‌ക്ക്‌ പത്തോ ഇരുപതോ ഒക്കെ കുറവേ കര്‍ഷകനു ലഭിക്കാറുള്ളൂ. നമ്മുടെ അപ്രൈസലിന്റെ കാര്യം പറഞ്ഞതു പോലെ ആണ്‌. വില്‍ക്കാന്‍ കൊണ്ടുചെല്ലുന്നത്‌ അപ്രൈസല്‍ മീറ്റിംഗ്‌ ആണെന്നു സങ്കല്‍പ്പിക്കുക. എത്ര നല്ല കായാണെങ്കിലും എന്തെങ്കിലും ഒക്കെ കുറ്റം കണ്ടുപിടിക്കാന്‍ നോക്കും മിക്കകടക്കാരും. ഒന്നോ രണ്ടോ ചൊറിപിടിച്ച കായെങ്ങാനും കണ്ടാല്‍ വില ഒരു ലെവല്‍ താഴുമെന്ന്‌ ഉറപ്പാണ്‌. അപ്പോള്‍ പിന്നെ അതിനിടവരുത്താതിരിക്കാന്‍ ശ്രമിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അന്നത്തെ ഉയര്‍ന്ന വിലയായ കിലോയ്‌ക്ക്‌ 600 രൂപയോളം തന്നെ ഈ കായ്‌ക്കും കിട്ടുമെന്നാണു പ്രതീക്ഷ. പേറ്റലും പെറുക്കലും കഴിഞ്ഞ്‌ ആ പ്രതീക്ഷകളെയെല്ലാം ഈര്‍പ്പം തട്ടാത്ത ചാക്കുകളില്‍ ഭദ്രമായി ഞങ്ങള്‍ കെട്ടിവെച്ചു. നാളെ ധരിക്കാനുള്ള ഷര്‍ട്ടും മുണ്ടും തേച്ചിട്ടിട്ട്‌ കാലേകൂട്ടി നിശ്ചയത്തിനു പോകണമെന്നെല്ലാം കണക്കുകൂട്ടി കിടക്കുമ്പോള്‍ നേരം പതിനൊന്നര കഴിഞ്ഞിരുന്നു.

പിറ്റേന്നു രാവിലെ മുതല്‍ തിരക്ക്‌. കല്യാണനിശ്ചയമൊക്കെ ഭംഗിയായി നടന്നു. ചെറുക്കനും പെണ്ണും ഇല്ലാതെ വരന്റെ വീട്ടിലായിരുന്നു ചടങ്ങ്‌. മണവാളന്‍ കുവൈറ്റില്‍ നിന്നും ഇടയ്‌ക്കിടെ ഫോണില്‍ വിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. അപ്പോഴെല്ലാം എത്രയും വേഗം ഫോട്ടോയൊക്കെ മെയില്‍ ചെയ്യണമെന്ന് എന്നെ ഓര്‍മ്മിപ്പിക്കാനും മറന്നില്ല. വിളമ്പലും, കലവറയില്‍ നിന്നു സാധനങ്ങള്‍ എടുക്കലും, ആള്‍ക്കാരെ പരിചയപ്പെടലും, ,ഉന്‍പ്‌ കണ്ടിട്ടുള്ളവരുമായി പരിചയം പുതുക്കലും ഒക്കെയായി ആകെ ജകപൊകയായിരുന്നു.

തിരികെ വീട്ടിലേക്കു പോകുമ്പോള്‍ കട്ടപ്പനയില്‍ വെച്ച്‌ പ്രിയ സുഹൃത്ത്‌ ഷിജുമോനെ കണ്ടു.
Raj and Shiju
ഞാനും ഷിജുവും

ഇദ്ദേഹം കഥകളുടെ ഒരു കലവറയാണ്. കഥകള്‍ അവതരിപ്പിക്കാന്‍ ഞാന്‍ മിടുക്കനാണെന്നറിഞ്ഞ് ഒരുപാടു പ്രോത്സാഹനം നല്‍കുന്ന ഇവ്വന്‍ പക്ഷേ ഇന്നുവരെ ഞാനെഴുതിയ ഒരു ബ്ലോഗ്‌പോസ്റ്റ് വായിച്ചിട്ടില്ലെന്നത് കൌതുകമായിരിക്കും. പക്ഷേ ഇവന്‍ നല്‍കുന്ന പിന്തുണ എന്നും എന്റെയൊപ്പമുണ്ട്, ഒരു പാര്‍ക്കര്‍ പേനയുടെ രൂപത്തില്‍. എല്ലാത്തവണയും ഇവനിലേക്ക് എന്റെ പോസ്റ്റുകള്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുമെങ്കിലും സമയമാകുമ്പോള്‍ നടക്കില്ല. ആശാന്‍ നല്ല ഒരു ഗായകനാണെന്നും അറിയുക. ഷിജുവിന്റെ കഥകള്‍ എന്ന ലേബലില്‍ ചിലതു(ചിലതുമാത്രം!) പിന്നീടു പോസ്റ്റുചെയ്യാം.

നേരം നാലിനോടടുക്കുന്നു. നാലരയ്‌ക്കാണു കല്ലട പുറപ്പെടുന്നത്‌. തിടുക്കത്തില്‍ ഓട്ടോവിളിച്ച്‌ കൊച്ചുതോവാളയിലെത്തി, നടക്കുകയുമല്ല ഓടുകയുമല്ല എന്നെ പരുവത്തില്‍ വീട്ടിലും. അപ്പോഴേക്കും നേരം നാലേകാലയി. കല്ലട ഓഫീസില്‍ നിന്നു അതിനോടകം തന്നെ വിളി വന്നിരുന്നു. തിരികെ വിളിച്ച്‌ നാലരയ്‌ക്കു തന്നെയാണല്ലോ ബസ്സു പോകുന്നതെന്നുറപ്പുവരുത്തി. ആളു വരുന്നുണ്ടെന്നു പറഞ്ഞാല്‍ അവര്‍ അല്‍പമൊക്കെ കാത്തു നിന്നോളും! ഉടുമുണ്ട്‌ ഊരിയെറിഞ്ഞ്‌ പഠേന്നു ജീന്‍സ്‌ ധരിച്ചു. രാത്രിയില്‍ കഴിക്കാനുള്ള ചോറും വെള്ളവും ബാഗിലുണ്ട്‌. പിന്നെ ഒരുപൊതി ഏലക്കായും കുറച്ചു കാപ്പിപ്പൊടിയും. വേണ്ടുന്ന ഡ്രസ്സും അനുസാരികളുമെല്ലാം എടുത്തിട്ടപ്പോഴേക്കും നല്ല ഭാരം. പേഴ്‌സിലുണ്ടായിരുന്ന വലിയ നോട്ടുകള്‍ അമ്മയുടെ കയ്യിലേല്‍പ്പിച്ച്‌ ഇങ്ങനെ പറഞ്ഞു: "ഇതു നാലായിരമുണ്ട്‌. പോരാത്തതും കൂടി ഇട്ട്‌ എല്‍.ഐ.സി. പ്രീമിയം എത്രയും വേഗന്ന്‌ ഒന്നടച്ചേക്കണം. ഒക്‌ടോബറില്‍ അടയ്‌ക്കേണ്ടതാരുന്നു, ഇച്ചിരെ പലിശകൂടി വരും!!" തിരക്കിട്ട്‌ ബാഗെടുത്ത്‌ ഒറ്റവാക്കില്‍ യാത്ര പറഞ്ഞ്‌ സിറ്റിയിലേക്ക്‌ ഓടി.

ബിന്‍ഗോ! ഒരൊറ്റ വണ്ടിയില്ല!! അധികം നില്‍ക്കേണ്ടി വന്നില്ല. പണ്ടും ഈ ബ്ലോഗിലൂടെ ഓട്ടോയോടിച്ചിട്ടുള്ള സുനിലിന്റെ വണ്ടി വന്നു. ഇടശ്ശേരിക്കവലയിലിറങ്ങുമ്പോള്‍ സമയം 4:35. കാശുകൊടുക്കാന്‍ പേഴ്‌സെടുത്തപ്പോഴാണ്‌ അടുത്ത അക്കിടി മനസ്സിലായത്‌. കയ്യിലാകെ ഇരുനൂറ്റി ചില്വാനം രൂപയേ ഉള്ളൂ. ബസ്‌ കാത്തു കിടപ്പുണ്ട്‌. സമീപത്തു തന്നെ സ്റ്റേറ്റ്‌ ബാങ്കിന്റെ എ.ടി.എം. ഉണ്ട്‌. അങ്ങോട്ടു പാഞ്ഞു. കഷ്‌ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചപ്പോ കല്ലുമഴ പെയ്‌തൂന്നു പറഞ്ഞപോലെ... ആ എ.ടി.എം.ഇല്‍ ട്രാന്‍സാക്‌ഷന്‍ 'ടൈം ഔട്ട്‌' ആകുന്നു. വണ്ടിയുടെ ഓഫീസിലെ സോണിച്ചേട്ടന്‍ വിളിക്കുന്നു. റോഡ്‌ കുറുകെ കടന്നു പുള്ളീടെ അടുത്തു ചെന്നു കാര്യം പറഞ്ഞു. കുമളിയില്‍ ചെല്ലുമ്പോള്‍ കാശ്‌ എ.ടി.എം.ഇല്‍ നിന്നെടുത്ത്‌ കണ്ടക്‌ടറെ ഏല്‍പ്പിച്ചേക്കാം എന്നു പറഞ്ഞു. അവിടെയുള്ള എല്ലാ എ.ടി.എം.കളും തകരാറിലായാല്‍ തെണ്ടിപ്പോകുമല്ലോ എന്നു ഭയന്നു. എന്തായാലും ടിക്കറ്റുകാശു കടം പറഞ്ഞ്‌ യാത്ര പുറപ്പെട്ടു. പുറ്റടി ഫെഡറല്‍ ബാങ്കിന്റെ മുന്നില്‍ ബസ്‌ എനിക്കായി നിന്നു. പുറത്തിറങ്ങുന്ന എന്നെ മറ്റു യാത്രക്കാര്‍ ഇവനിതെവിടെപ്പോകുന്നെടാ എന്ന ഭാവത്തില്‍ നോക്കി. രൂപ 540 എണ്ണിക്കൊടുത്ത ശേഷമാണ്‌ ടിക്കറ്റ്‌ കയ്യില്‍ക്കിട്ടിയത്‌!

വെകിളിയെടുത്ത്‌ തുടങ്ങിയ ആ യാത്രയ്‌ക്കൊടുവില്‍ നവം. 14 തിങ്കളാഴ്‌ച രാവിലെ അഞ്ചേകാലിന്‌ ബാംഗ്ലൂര്‍ ഇലക്‌ട്രോണിക്‌ സിറ്റിയില്‍ ബസ്സിറങ്ങി.

വാലുകള്‍:
- അടുത്തതവണ വീട്ടില്‍ ചെല്ലുമ്പോള്‍ മില്‍മ പാലിന്റെ കവര്‍ കാണേണ്ടി വരില്ല. ബക്കറ്റിലേക്കു പാല്‍ ചീറ്റി വീഴുന്ന ഒച്ച കേള്‍ക്കുമ്പോള്‍ വയറിനോടു പറയാം 'ചായ കുടിക്കാറായി വരുന്നു' എന്ന്‌!
- 'സന്തോഷമായെടാ എനിക്ക്‌.' തിങ്കളാഴ്‌ച കുവൈറ്റില്‍ നിന്നും രതീഷിന്റെ ഇ-മെയിലിലെ ഈ ഒരൊറ്റ വാചകം മതിയായിരുന്നു ഈ യാത്രയെ സഫലമാക്കാന്‍.

(അവസാനിച്ചു)

Thursday, November 24, 2011

ഒരു യാത്ര കൂടി - രണ്ടാം ഭാഗം

നേരത്തെ നാട്ടിലെത്തി എന്നത്‌ അതിരറ്റ സന്തോഷമാണു തന്നത്‌. സ്‌കൂളിനു മുന്നിലെ വഴിയിലൂടെ നടക്കുമ്പോള്‍ എന്നെ ശകതമായി ചുമയ്‌ക്കുന്നുണ്ടായിരുന്നു. മഞ്ഞും തണുപ്പും കാരണം പുലിവാലായോ എന്നു പേടിച്ചു. അധികമാരെയും വഴിയില്‍ കണ്ടില്ല. വഴിയരികില്‍ നിര്‍ത്തിയിട്ട്‌ ഓട്ടോ കഴുകുന്ന ഒരാളെയല്ലാതെ. ബാംഗ്ലൂരു നിന്നുള്ള വരവാണോ എന്ന ചോദ്യം ചോദിക്കാന്‍ അയാളെ വിധി അവിടെ കൊണ്ടു നിര്‍ത്തിയതാവാനേ തരമുള്ളൂ!

ഇതെന്താപ്പാ ഇത്ര മഞ്ഞ്‌ എന്നു വിചാരിച്ചു നടക്കവേ അന്നും പിറ്റേന്നും ചെയ്യാനുള്ള കാര്യങ്ങള്‍ ഒന്നുകൂടി ഞാന്‍ മനസ്സിലിട്ടുരുട്ടി. സ്‌കൂളിനു മുന്നിലെ ടാറിട്ട വഴിയും കഴിഞ്ഞും ഞാന്‍ മുന്നോട്ടു നടന്നു. ഏതാനും വര്‍ഷം മുന്‍പു സോളിങ്ങ്‌ നടത്തിയ റോഡില്‍ ഇപ്പോ അല്‍പമൊക്കെയേ ആ ഗുണം ശേഷിക്കുന്നുള്ളൂ. സ്ഥിരമായി ആപേകള്‍ ഓടുന്നതിന്റെ മൂന്നു ചാലുകള്‍ വഴിയില്‍ തെളിഞ്ഞു നിന്നു. അവ്യക്തമായ വരുംകാലം പോലെ മുന്നിലെ വഴിയും അല്‍പം മാത്രം തെളിഞ്ഞു നിന്ന്‌ ദൂരെയുള്ള കാഴ്‌ചകളെ മറച്ചു.



പറമ്പിനോടു ചേര്‍ന്നുള്ള കശാപ്പുശാലയില്‍ വെട്ടലും മുറിക്കലും തകൃതി. ഇന്നു ശനിയാഴ്‌ചയാണല്ലോ, പിന്നെന്താ ഇന്നു വെട്ട്‌? നാളെ വല്ല വിശേഷദിവസവുമാണോ അല്ലല്ലോ? സംശയത്തെ ഉള്ളിലൊതുക്കി ഞാന്‍ ഞാന്‍ വലത്തേക്കുള്ള വഴി തിരിഞ്ഞ്‌ എന്റെ സ്വന്തം മണ്ണിലേക്കു നടന്നു. അപ്പോള്‍ പ്ലാസ്റ്റിക്‌ കവറുകള്‍ തൂക്കിയിട്ട ആ കൊടിയില്‍(കുരുമുളകു ചെടി) പത്രം ഇരിക്കുന്നു. ഒന്നല്ല രണ്ടെണ്ണം. ഒന്നു വീട്ടിലേക്കുള്ളതായിരിക്കുമെന്നു കരുതി എടുത്തു.

വീട്ടിലേക്കുള്ള വഴിയില്‍ ഒരിടത്തു മണ്ണിടിഞ്ഞു വീണു കിടന്നിരുന്നു. അതു കോരി മാറ്റാഞ്ഞതിനാല്‍ ആ കൂനയ്‌ക്കു മീതെ പുല്ലു വളര്‍ന്നു. വഴിയുടെ വിശാലതയിലേക്ക്‌ ഏലത്തലപ്പുകള്‍ തലനീട്ടി ചാഞ്ഞു നിന്നു. മരവിപ്പിക്കുന്ന തണുപ്പുള്ള മഞ്ഞിന്‍കണങ്ങള്‍ അവയെ പൊതിഞ്ഞു നിന്നു. ജീന്‍സിന്റെ പോക്കറ്റില്‍ രക്ഷതേടിയിരുന്ന കൈത്തലം അറിയാതെ വന്ന്‌ അവയെ തൊട്ടു. അസുഖകരമായ തണുപ്പ്‌ വിരലുകളെ തുളച്ചുകയറുമ്പോഴും പിറന്നമണ്ണിന്റെ ചൂടുള്ള വാല്‍സല്യം മനസ്സില്‍ നിറഞ്ഞു.



ഇലകള്‍ കൊഴിഞ്ഞ കുരങ്ങാട്ടി മരം തലയുയര്‍ത്തി കിഴക്കുനിന്നെങ്ങാനും ഇളംചൂടുള്ള ഒരു സൂര്യകിരണം വരുമെന്നു കാത്തു വിറച്ചു നിന്നു.

വീട്ടിലെത്തിയപ്പോള്‍ പത്രം നേരത്തെ തന്നെ എടുത്തു കൊണ്ടു വന്നിട്ടുണ്ട്‌. അച്ഛന്‍ താഴേക്കു പോയപ്പോള്‍ ഞാന്‍ കൊണ്ടുവന്നതു തിരികെ കൊടുത്തു വിട്ടു. നേരത്തെ വീട്ടിലെത്തിയതിന്റെ മറുവശം എന്ന നിലയില്‍ തെറ്റിയ ടൈംടേബിളിന്റെ അസ്വാരസ്യം എന്നെ ചൂഴ്‌ന്നു നിന്നു. ഭാഗ്യവശാല്‍ വന്നിറങ്ങിയപ്പോഴത്തെ ചുമ എങ്ങോട്ടെന്നില്ലാതെ പോയ്‌മറഞ്ഞു. പല്ലുതേച്ചു, ഒരു കട്ടന്‍കാപ്പി കുടിച്ചു. സാധാരണ വന്നാലുടനെ കുളി പതിവുള്ളതാണ്‌. ഇന്നതു തോന്നിയില്ല. പത്രം ഒന്നോടിച്ചു നോക്കി. ടി.വി.യില്‍ ഭക്തിഗാനങ്ങള്‍. അല്‍പനേരം ന്യൂസ്‌ ചാനലുകളിലും ഒരോട്ടപ്രദക്ഷിണം നടത്തി. വാര്‍ത്തകളെക്കാള്‍ ചാനലുകളില്‍ നിറയുന്നതു വര്‍ത്തമാനങ്ങളെന്നു കണ്ട്‌ അതും വിട്ടു. കട്ടിലില്‍ പോയി അല്‍പനേരം വെറുതേ കിടന്നു.

ഉറക്കം പോകുകേം ചെയ്‌തു, ഒപ്പം നല്ല ക്ഷീണവും. അടുക്കളയിലൊന്നു കറങ്ങി. അപ്പം വേകുന്നു. ചൂടു പാറുന്ന അപ്പം ഒന്നൊന്നായി പാത്രത്തിലേക്കു വീഴുന്നു. മൂന്നെണ്ണം പഞ്ചസാര കൂട്ടിത്തിന്നു. അപ്പത്തിന്‌ ഉദ്ദേശിച്ചത്ര മയം ഇല്ല. പിന്നെ വിശക്കുമ്പോള്‍ ഇതിനൊക്കെ എവിടെ സ്ഥാനം? ഒരു സിനിമയും ഇല്ലാത്തപ്പോള്‍ നിലവാരമില്ലാത്ത പടവും സൂപ്പര്‍ഹിറ്റാകുമല്ലോ! മില്‍മയുടെ കവര്‍ പാല്‍ അച്ഛന്‍ കൊണ്ടു വന്നിരുന്നു. ചായയും കുടിച്ചു. തലേന്നത്തെ വിശപ്പു പിന്നെയും ബാക്കി നില്‍ക്കുന്നു. ഇറച്ചി കഷണങ്ങളാകുന്നതേയുള്ളൂ. ഇടക്കാലാശ്വാസം മാത്രം ഇപ്പോള്‍. കുടിശ്ശിഖ തീര്‍ക്കുന്നതു കറി വെന്തിട്ടാവാം എന്നു കരുതി.



മുറ്റത്തിന്റെ ഓരത്ത്‌ ബെന്തി എന്നു വിളിക്കുന്ന പൂക്കള്‍ നിരനിരയായി വിരിഞ്ഞു നില്‍ക്കുന്നു. ഉയരത്തില്‍ കുടചൂടി നില്‍ക്കുന്ന ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഓരോ പ്രകാശദണ്ഡുകള്‍ മുറ്റത്തേക്കും ഏലച്ചെടികള്‍ക്കിടയിലേക്കും ചാഞ്ഞു വീണു.

ബ്രേക്‌ക്‍ഫാസ്റ്റു കൂടാതെ പന്ത്രണ്ടു മണിയോടെ രണ്ടാംബ്രേക്ക്‌ ഫാസ്റ്റും ആഘോഷമായിത്തന്നെ നടത്തി. ഉച്ചയ്‌ക്ക്‌ സുഖമായൊന്നു കിടന്നുറങ്ങി. ഒരു പകലുറക്കം തന്ന എല്ലാ കണ്‍ഫ്യൂഷനുകളുമായി നാലര കഴിഞ്ഞപ്പോള്‍ പതുക്കെ ഉണര്‍ന്നു. വിശന്നു, നന്നായിട്ട്‌. നേരം തെറ്റിയ ഒരൂണ്‌. ആകെ ഒരു പ്രസരിപ്പില്ലായ്‌മ. കട്ടപ്പനയ്‌ക്കു പോകണമായിരുന്നെന്നും എല്‍.ഐ.സി. പ്രീമിയം അടയ്‌ക്കണമായിരുന്നെന്നും അപ്പോഴാണ്‌ ഓര്‍ത്തത്‌. നാളെ ഞായറാഴ്‌ച - ഒന്നും നടക്കില്ല. എന്നാലും ഉറക്കത്തെ പഴിചാരാന്‍ തോന്നിയില്ല.

അപ്പോഴേക്കും 11/11/11 എന്ന അപൂര്‍വ്വ ദിനം ചരിത്രമായി മണിക്കൂറുകള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ലോകം മുഴുവന്‍ ഐശ്വര്യാ റായിയുടെ പ്രസവവാര്‍ത്ത കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു. പക്ഷേ ഞങ്ങളും ഇതുപോലെ ഒരു സദ്‌വാര്‍ത്തയ്‌ക്കായി കാത്തിരിക്കുകയാണ്‌. ഓരോ ദിവസം പോകുന്തോറും ആശങ്കയുയരുന്ന മനസ്സോടെ!!

(തുടരും)

Wednesday, November 16, 2011

ഒരു യാത്ര കൂടി - ഒന്നാം ഭാഗം

രു പാടു വിവരിച്ച എന്റെ കട്ടപ്പനയാത്രകളുടെ പട്ടികയിലേക്ക്‌ ഒന്നു കൂടി.

നവംബര്‍ 11 ആം തീയതി വൈകിട്ട്‌ അഞ്ചേമുക്കാലിനു ബാംഗ്ലൂര്‍ ഇലക്‌ട്രോണിക്‌ സിറ്റിയില്‍ നിന്നു വണ്ടി കയറി. ആറേകാല്‍ കഴിഞ്ഞപ്പോള്‍ ഹൊസൂര്‍ ബസ്‌സ്റ്റാന്‍ഡിലെത്തി. നമ്മുടെ സ്ഥിരം വാഹനം മധുര ബസ്‌ അവിടെയുണ്ട്‌. കയറി സ്വസ്ഥമായിരുന്നു. ഏഴിനു മുന്‍പേ വണ്ടി പുറപ്പെടുമ്പോള്‍ ഡിണ്ടിഗലെത്താന്‍ പുലര്‍ച്ചെ രണ്ടരയെങ്കിലും ആവുമെന്നു കണക്കുകൂട്ടി.

ബസില്‍ ടി.വി. ഇല്ല എന്നത്‌ ഒരളവുവരെ സന്തോഷിപ്പിച്ചെങ്കിലും യാത്ര അല്‍പനേരം കഴിഞ്ഞപ്പോഴേക്കും വിരസമായി. ഒരിക്കലും ബോറടി ഇല്ലാത്ത യാത്രകള്‍ എന്ന സ്വന്തം വാചകം തിരിഞ്ഞു കൊത്തുകയാണോ എന്നു ഭയന്നു. നാലു വര്‍ഷം പ്രായമായ ഫോണിന്റെ ബാറ്ററി പണ്ടേ പോലെ അത്ര സ്ട്രോങ്ങല്ല. പോരാഞ്ഞ്‌ ഇയര്‍ഫോണ്‍ ഒന്നേ കേള്‍ക്കൂ എന്നതിനാല്‍ കുറേനാള്‍ മുന്‍പ്‌ അതുമുപേക്ഷിച്ചു. എട്ടുമണിക്കൂര്‍ വരെ ഒരു മടുപ്പുമില്ലാതെ ആശാന്‍ ഒരു കാലത്ത്‌ തുടര്‍ച്ചയായി എനിക്കു വേണ്ടി പാടിയിട്ടുള്ളതാണ്‌. പ്രോസസ്സിങ്ങിന്‌ ഇന്നും യുവത്വമാണെങ്കിലും ജരാനരകള്‍ അതിനെയും വല്ലാതെ പിടികൂടിയിരിക്കുന്നു.

ഈ മാസം തന്നെ ഒരു എം.പി.3 പ്ലേയര്‍ വാങ്ങണം. മനസ്സിലുള്ള വിഷ്‌ ലിസ്റ്റില്‍ നിന്നും സാംസങ്ങ്‌ ടച്ച്‌ സ്ക്രീന്‍ ഫോണിനെ താഴോട്ടിറക്കിയിട്ട്‌ അവിടെ സോണി വാക്‌മാനെ കുടിയിരുത്തി. ഒന്നൊന്നര മണിക്കൂര്‍ ഉറങ്ങി. ബാക്കി നേരമത്രയും മുന്നിലെ റോഡിലേക്ക്‌ എത്തി നോക്കിക്കൊണ്ടിരുന്നു.

തൊപ്പൂരില്‍ ബസ്‌ നിര്‍ത്തിയപ്പോള്‍ ബ്രെഡ്‌ കഴിച്ചു. ഒപ്പം കരുതിയിരുന്ന ചിക്കന്‍ പഫ്‌സ്‌ ഹൊസൂരില്‍ വെച്ചു തന്നെ അകത്താക്കിയിരുന്നു. ആവശ്യത്തിനു മാത്രം വെള്ളം മോന്തി. ഇടവേളയ്‌ക്കു ശേഷം പിന്നെയും യാത്ര. സേലം ബൈപാസ്‌ കഴിയുന്നതു വരെ പിന്നെയും റോഡിലേക്കു തന്നെ നോക്കിയിരുന്നു. സൈഡു തരാത്ത ലോറിക്കാരന്മാരെയെല്ലാം ഞാന്‍ മനസ്സില്‍ ചീത്ത പറഞ്ഞു. കിട്ടുന്ന സൈഡിലൂടെ കുതിച്ചുകയറിപ്പായുന്ന ഇന്നൊവകളെയും സ്വിഫ്റ്റുകളെയും വല്ലപ്പോഴും മാത്രം കാണുന്ന മുന്തിയ എസ്‌.യു.വി.കളെയും അസൂയയോടെ നോക്കിയിരുന്നു. സേലം ബൈപാസ്‌ കടന്ന് ഏറെ നീരമായി. എപ്പോഴോ അറിയാതെ ഒരുറക്കം വന്നെന്റെ കണ്ണുകളില്‍ നിഴല്‍ വീഴ്‌ത്തി. തലയ്‌ക്കു മുകളില്‍ കത്തി നില്‍ക്കുന്ന ബസ്സിലെ ഏക സി.എഫ്‌.എല്‍. ലൈറ്റിനെ വെല്ലുവിളിച്ചു ഞാനുറങ്ങി.

ഇടയ്‌ക്കുണര്‍ന്നോ എന്നു പോലും ഓര്‍മ്മയില്ല. ഒരു ബഹളത്തില്‍ ഞാനുണര്‍ന്നു. ഡിണ്ടിഗല്‍ ബസ്‌സ്റ്റാന്‍ഡിലാണു വണ്ടി ഇപ്പോള്‍. ബാഗുമെടുത്ത്‌ ഞാനുമിറങ്ങി. സമയം പുലര്‍ച്ചെ 1:40. കമ്പത്തിനുള്ള ഒരു എസ്‌.ഇ.ടി.സി. പോകാന്‍ തയ്യാറായി കിടക്കുന്നു. പോകരുത്‌ എന്നു ഡ്രൈവറോട്‌ ആംഗ്യം കാണിച്ച്‌ ബസ്സിനു നേര്‍ക്കു നീങ്ങി. മൂട്ടയുണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ ഒരു സീറ്റിലിരുന്നു. ചെന്നൈയില്‍ നിന്നുള്ള ബസാണ്‌. ടിക്കറ്റെടുത്തു - 65 രൂപ. അല്‍പം കൂടിയോ എന്നൊരു സംശയം. ഇടയ്‌ക്കെല്ലാം അര്‍ദ്ധബോധത്തിലുണര്‍ന്ന ഒരുറക്കം കൂടി. തേനി എത്തിയപ്പോഴേക്കും തണുപ്പു തോന്നി. ബാഗില്‍ നിന്നും ജാക്കറ്റെടുത്തു ധരിച്ചു. ആ ഉറക്കത്തിനവസാനം കമ്പത്ത്‌ ഇറങ്ങുമ്പോള്‍ സമയം നാലേകാല്‍.

എന്റെ ഒപ്പം ബസിറങ്ങിയവരില്‍ കാഞ്ഞിരപ്പള്ളിക്കുപോകേണ്ട ഒരു അച്ചായനും ഉണ്ടായിരുന്നു. ഇനി കുമളിക്കെപ്പോളാ ബസെന്ന്‌ അയാള്‍ അവിടെ നിന്നവരോടു ചോദിച്ചു. 'എവിടെപ്പോകാനാ?' എന്നു കേട്ടയാളുടെ മറുചോദ്യം. 'കാഞ്ഞിരപ്പള്ളി' എന്നു അച്ചായന്‍(അങ്ങനെയാണു ഞാനും അതറിഞ്ഞത്‌). 'ചങ്ങനാശേരിക്കുള്ള ബസ്സൊരെണ്ണം ഇപ്പോ പോയതേയുള്ളൂ' എന്നയാള്‍. കുമളി വണ്ടി ഇപ്പോ വരും എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. കമ്പംമെട്ട്‌ വഴി ആദ്യ ബസ്‌ ആറുമണിക്കായതു കൊണ്ട്‌ ഞാനും കുമളി ബസിനു കാത്തു. വണ്ടി വന്നു. തണുപ്പൊഴിവാക്കന്‍ ആദ്യനിര സീറ്റിലിരുന്നു. 23 കി.മീ. നീളുന്ന ആ യാത്രയ്‌ക്ക്‌ ടി.എന്‍.എസ്‌.ടി.സി. വാങ്ങിയത്‌ 8 രൂപ.

കൃത്യം 4.55 നു കുമളിയിലെത്തി. ചെക്ക്‌ പോസ്റ്റിനിപ്പുറം നിന്ന് രാവിലത്തെ ടെന്‍ഷനെല്ലാം ഒന്നൊഴുക്കി വിട്ടിട്ട്‌ സ്റ്റാന്‍ഡിലേക്കു നടന്നു. കോട്ടയത്തിനുള്ള ഒരു ആനവണ്ടി സ്റ്റാന്‍ഡില്‍ നിന്നിറങ്ങുന്നു. അനവധി കടകള്‍ സജീവം. ഒരു സ്ട്രോങ്ങ്‌ ചായക്ക്‌ ഓര്‍ഡര്‍ കൊടുത്തപ്പോള്‍ ബാങ്കുവിളി മുഴങ്ങി. കനത്ത മഞ്ഞും കുളിരും. ചെവി മൂടുന്ന ഒരു തൊപ്പിയുണ്ടായിരുന്നെകില്‍ ജോറായേനെ. മേശമേല്‍ നിരത്തി വെച്ചിരിക്കുന്ന ലോട്ടറികള്‍. ശനിയാഴ്‌ച നറുക്കെടുക്കുന്ന 50 രൂ. വിലയുള്ള ഒന്നില്‍ എന്റെ കണ്ണുടക്കി. എങ്ങാനും ലോട്ടറി അടിച്ചില്ലെങ്കിലോ എന്നു ഭയന്ന്‌ ഉള്ളം കയ്യില്‍ ചൂടു പകര്‍ന്ന് ചായ കുടിച്ചു തീര്‍ത്ത്‌ കാശും കൊടുത്തു സ്റ്റാന്‍ഡിനുള്ളിലേക്കു കയറി. കട്ടപ്പന ബോര്‍ഡുവെച്ച മൂന്നു ബസുകള്‍ മൂലയ്‌ക്കു കിടക്കുന്നു.

KL 06 D 6226

ആദ്യം പോകുന്ന 'കളിത്തോഴ'നു കയറി. അഞ്ചേകാലിനു ബസ്‌ പുറപ്പെട്ടു. ഇരുപത്താറു രൂപ കട്ടപ്പനയ്‌ക്കു ചാര്‍ജ്ജ്‌. ജാക്കറ്റിനുള്ളിലേക്കു നൂണ്ടിറങ്ങി സീറ്റില്‍ ചുരുണ്ടു കൂടിയിരുന്നു ഞാനുറങ്ങി. മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റ്‌ പൂര്‍ണ്ണമായും എന്റേതാക്കിക്കൊണ്ട്‌. ആറേകാല്‍ കഴിഞ്ഞപ്പോള്‍ കട്ടപ്പന സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. തണുപ്പും മഞ്ഞും ഒട്ടും കുറയാതെ ഇവിടെയും.

അല്‍പം കാത്തു നിന്ന്‌ ഒരോട്ടോ വിളിച്ച്‌ കൊച്ചുതോവാളയിലിറങ്ങി. താഴ്‌വരയാകെ കോടമഞ്ഞ്‌.

ഇന്നു ഞാന്‍ വളരെ നേരത്തെ വന്നു!! പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂര്‍ നേരത്തെ. ബസ്സു കൂലി 236 രൂപ, ഓട്ടോക്കൂലി 40 ഉം. പിന്നെയാണു 35 ആണു നിരക്കെന്നറിഞ്ഞത്‌. സ്വാഗതം രാജേ! സ്കൂളിന്റെ മുന്നിലേക്കു നീണ്ടു കിടക്കുന്ന വഴിയില്‍ ഉറക്കം നടിച്ചു കിടന്ന മഞ്ഞു പറഞ്ഞു. ആ മഞ്ഞിലേക്ക് ഇലക്ട്രിക് ലൈനുകള്‍ അലിഞ്ഞു നിന്നു.


സ്കൂളിന്റെ മുന്നിലേക്കു നീണ്ടു കിടക്കുന്ന വഴി



കയ്‌പന്‍ പൂക്കള്‍

ഓരത്ത്‌ കയ്‌പന്‍ പൂക്കള്‍ ഹിമകണം ചൂടി കുളിര്‍ന്നു നിന്നു.

(ഒരെപ്പിസോഡ്‌ കൂടി ഉണ്ട്‌)

Friday, November 11, 2011

ഉപതെരഞ്ഞെടുപ്പും ചില അപായമണികളും

ടിവെട്ടിയവനെ കടിക്കാന്‍ പാമ്പു പത്തിവിരിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞതു പോലെയാണു കേരളത്തിലെ ഭരണ മുന്നണിയിലെ അവസ്ഥ. കടിക്കുമോ, കടിച്ചാല്‍ വിഷം കേറുമോ, കേറിയാല്‍ ആളു തീരുമോ എന്നതൊക്കെ പിന്നത്തെ കാര്യം. ആര്‍ക്കും തെറ്റു പറയാനില്ലാതിരുന്ന പ്രഗല്‍ഭനായ ഒരു നേതാവാണ്‌ നിനച്ചിരിക്കാതെ രംഗമൊഴിഞ്ഞത്‌. പറയാനിത്തിരി ഭൂരിപക്ഷവും പാളയത്തില്‍ത്തന്നെ പന്തം കൊളുത്തിപ്പടയുമുള്ള യു.ഡി.എഫ്‌. അധികാരത്തില്‍ വന്നപ്പോഴേ ഒരു മുഴം മുന്‍പേയെറിയാന്‍ പാങ്ങുള്ള നാട്ടുകാരും പിന്നെ ചില ദോഷൈകദൃക്കുകളും അന്നേ പറഞ്ഞു, യെവനെങ്കിലും ഒരുത്തന്‍ അലമ്പിയാല്‍ ഈ കബഡി കളി കൈവിട്ടു പോകുമെന്ന്‌. സംഭവിച്ചതു വിധിയുടെ വിളയാട്ടമാണെങ്കിലും 'ഭരണത്തിലാ' എന്നു നെഗളിക്കുന്ന സകല മലയാളിമക്കളുടേം നട്ടെല്ലിലൂടെ മുകളിലേക്ക്‌ അല്‍പാല്‍പമായി ഒരു തരിപ്പ്‌ ഇപ്പോ കേറുന്നുണ്ട്‌.

Count the chicken before they hatch
പണ്ടൊരു ഉപതെരുഞ്ഞെടുപ്പിനു മുന്നേ ഒരാളെ വൈദ്യുതിമന്ത്രിയാക്കി വാഴിച്ചു. കയ്യിലിരിപ്പും തലേവരയും നന്നായിരുന്നെകില്‍ ചെറുപ്രായത്തിലേ മുഖ്യമന്ത്രി ആകേണ്ടവനായിരുന്നു. ഇതെഴുതുന്ന ഞമ്മള് മന്ത്രീം നേതാവും ഒന്നും ആയിട്ടില്ല, അങ്ങനെ പലരും ആയതായി കേട്ടിട്ടുണ്ട്‌. കാരണം ഭഗവാന്‍ കഴിഞ്ഞാല്‍ പിന്നെയുള്ള ആശ്രിതവല്‍സലന്‍ ആയിരുന്നു തലയ്‌ക്കല്‍. ഉപതെരഞ്ഞെടുപ്പില്‍ പൊട്ടി, മന്ത്രി ത്രിവര്‍ണ്ണബോര്‍ഡര്‍ ഉള്ള ടവ്വല്‍ വിരിച്ച കസേരയില്‍ നിന്നെഴുന്നേറ്റ്‌ ഇടത്തോട്ടും വലത്തോട്ടും ഒന്നു നോക്കി ആസനത്തിലെ പൊടീം തട്ടി എനിക്കൊന്നും പറ്റീല്ലേയ്‌ എന്നും പറഞ്ഞൊരു പോക്കും പോയി.

ഇപ്പോ ലവരും ലതാ പറയുന്നത്‌. എം.എല്‍.എ. ആകുമോ ഇല്ലയോ.. ഏഹേ! അതൊക്കെ പിന്നത്തെ കാര്യം, ദേ, ഈ നിക്കുന്ന പയ്യനെ ആദ്യമങ്ങു മന്ത്രിയാക്കു മാഷമ്മാരേ! ഇരുത്തം വന്ന ചില കാരണവന്മാരു പറഞ്ഞു, അതങ്ങു പള്ളീപ്പോയി പറഞ്ഞാ മതി, ആദ്യം അങ്കം ജയിച്ചു വാ. എന്നിട്ടാകാം മന്ത്രിപ്പണി എന്ന്‌. നിലവില്‍ പൂവന്‍ കൊത്തിയ മുട്ട റെഡി. ഇനി അടവെച്ചു വിരിയിക്കണം. എന്നിട്ടാവാം കോയിക്കുഞ്ഞുങ്ങളെ എണ്ണുന്നതും ബിരിയാണി ബെയ്‌ക്കുന്നതും.

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍
നാട്ടില്‍ ബസില്‍ യാത്ര ചെയ്യുന്നതു പോലെയാ. സ്റ്റാന്‍ഡിംഗ്‌ യാത്രക്കാര്‍ ഒത്തിരിയുള്ള ബസാണ്‌. എല്ലാര്‍ക്കും ഒരു സീറ്റുകിട്ടിയാല്‍ ഒന്നിരിക്കാമെന്ന ആഗ്രഹവും കലശലായുണ്ട്‌. ആരെങ്കിലും ഒന്നെഴുന്നേറ്റാല്‍ നാലഞ്ചു പേര്‍ ഇടിച്ചു വരും ആ സീറ്റു കയ്യടക്കാന്‍. അതിപ്പോ കണ്ടക്‌ടറുടെ സീറ്റാണോ, വികലാംഗന്റെയാണൊ, വൃദ്ധന്റെയാണോ, സ്‌ത്രീകളുടെയാണോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. എനിക്കിരിക്കണം എന്ന ത്വര ഉണ്ടെങ്കില്‍ എല്ലാത്തിനും ന്യായമായി. ഇവിടേം ചിലര്‍ മണത്തും തക്കം പാര്‍ത്തും വന്നു. അതേലിപ്പോ ആരും ഇരിക്കണ്ട എന്നു കണ്ടക്‌ടര്‍ പറഞ്ഞു, ഡ്രൈവര്‍ ഒരു വിധം വണ്ടി തള്ളിത്തള്ളി കൊണ്ടുപോകുന്നു. അതിവേഗം, ബഹുദൂരം.

പൂവാലശല്യം, വാക്കേറ്റം, കുത്തിനുപിടി ഇത്യാദി അതിക്രമങ്ങള്‍
ബസ്സില്‍ മാത്രമല്ല, സ്റ്റാന്‍ഡിലും സ്റ്റോപ്പിലും റൂട്ടിലുമെല്ലാം ഇതു തന്നെയേ കേള്‍ക്കാനുള്ളൂ. എഞ്ജിനീയറിംഗ്‌ വിദ്യാര്‍ത്ഥിയെ വാഴിക്കല്‍, വീഴിക്കല്‍ തുടര്‍ന്ന്‌ പൊലീസിന്റെ തലയില്‍‌ കലം തല്ലിപ്പൊട്ടിക്കല്‍, കെ.എസ്‌.ആര്‍.ടി.സി. ബസ്സിന്റെ ചില്ലിന്റെ ബലം പരീക്ഷിക്കല്‍, പി.ഡബ്ലിയു.ഡി. സ്‌പോണ്‍സേഡ്‌ ഷോട്‌ പുട്ട്‌ യൂസിങ് മെറ്റല്‍ എന്നീ പതിവു കലാപരിപാടികള്‍. ഒരു കാക്കിപ്പിള്ള നാലു പടക്കം പൊട്ടിച്ചു. പിന്നെയുള്ളതു ചീറ്റിപ്പോയില്ലാരുന്നെങ്കില്‍... അടുത്ത ഇരുപത്തഞ്ചു വര്‍ഷത്തേക്കുള്ള ധീരരക്‌തസാക്ഷികള്‍ വെടിയുണ്ടയോടു കൂടിയത്‌ നാല്‌. എന്നാപ്പിന്നെ കുഞ്ഞൂഞ്ഞിന്‌ പുതുപ്പള്ളീല്‍ പോയി വല്ല റബ്ബര്‍ ഷീറ്റും ഉണക്കി വിറ്റു ജീവിക്കാമായിരുന്നു.

പിറ്റേന്ന്‌ സഭയില്‍ ചോരപുരണ്ട മുണ്ടുകാണിക്കല്‍, ഇപ്പുറത്തൂന്നൊരാള്‍ മുണ്ടു പൊക്കിക്കാണിക്കല്‍. ഒറ്റ വാക്യത്തില്‍പ്പറഞ്ഞാല്‍ എഴുപതു പേരുടെ ഒരു കൂട്ടത്തെ വേറെ എഴുപതു പേര്‍ വാക്കുകള്‍ കൊണ്ട്‌ പരസ്പരം ആക്രമിക്കുന്നു. ആവേശം മൂത്തു നടുത്തളത്തിലിറങ്ങുന്നു. സ്പീക്കറെ ഭയങ്കര ഇഷ്‌ടമായതു കൊണ്ട്‌ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ പോവ്വാരുന്നു. വാച്ച്‌ ആന്‍ഡ്‌ വാര്‍ഡ്‌ ഇടയ്‌ക്കു കേറി. ആ കൊച്ചിനതിന്റെ വല്ല കാര്യോമൊണ്ടോ? കാണാവതല്ലിത്തൊഴിലെന്നകാണ്ഡേ.... ക്യാമറ കണ്‍ ചിമ്മി. കൊച്ച്‌ ആദ്യം പിടിച്ചു നിന്നു, പിന്നെ സംഭവത്തിന്റെ രാഷ്‌ട്രീയമാനം കണ്ടിട്ടോ എന്തോ പെട്ടെന്നങ്ങവശയായി. രഹസ്യമായും പരസ്യമായും ടേപ്പ്‌ തിരിച്ചും മറിച്ചും നോക്കിയിട്ടും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വീഡിയോയില്‍ തെളിഞ്ഞില്ല. പുറത്തു നിന്നാരോ മുദ്രാവാക്യം വിളിച്ചു: അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍... പതറാത്ത ആ പാരമ്പര്യം ചാനല്‍ ക്യാമറകളുടെ മുന്നില്‍ വലിയവായില്‍ കരഞ്ഞുകൂവി.

ഇച്ചിരെ കഴിഞ്ഞപ്പോള്‍ എം.എല്‍.എ.യുടെ കാറിനു കൈ കാണിച്ചാല്‍, ആ നമ്പരൊന്നു കുറിച്ചെടുത്താല്‍ എന്താവും ഗതിയെന്നു ചില പൊലീസുകാര്‍ക്കും മനസ്സിലായി.

വാളകത്തുനിന്നൊരു ഇടിവാള്‍
വാളകത്ത്‌ ഒരു കക്ഷി വാളുവെച്ചു കിടക്കുന്നു എന്നാണ്‌ ആദ്യം കേട്ടത്‌. അല്ലെന്നു മനസ്സിലായത്‌ അടുത്തു ചെന്നു നോക്കിയപ്പളാ. പ്രദേശത്തെ മാടമ്പിയുടെ കുടിയാനാണു കക്ഷി എന്നും ലവരു തമ്മില്‍ അത്ര രസത്തിലല്ലെന്നും അറിഞ്ഞതോടെ കക്ഷീടെ ചോര ചെങ്കൊടിയുടെ നിറത്തോടു സാഹോദര്യം പൂകി. മനുഷ്യശരീരത്തിലെ വളരെ ഗോപ്യമായ ഭാഗങ്ങള്‍ വരെ മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിക്കുന്ന വിധം ജഗപൊകയായി എന്നു കേട്ടു. ആരാ, എന്തിനാ, എപ്പോഴാ ചെയ്‌തെ എന്നതിന്‌ നാലു സെറ്റോളം കഥകള്‍ നമ്മുടെ ഇര പറഞ്ഞു. പെണ്‍പിള്ളേര്‍ അക്കുകളിക്കുന്നതു പോലെ ഇര കളം മാറിച്ചാടുന്നതു കണ്ട പ്രതിപക്ഷം ഇരയെ കൈവിട്ടു. പകരം അതിലെ ക്രൈമില്‍ മാത്രം താല്‍പര്യപ്പെട്ടു. പ്ലേ സേഫ്‌. അന്നാട്ടില്‍ വെള്ള ആള്‍ടോ കാര്‍ ഉള്ളവന്മാരെല്ലാം വിവരമറിഞ്ഞു. ഇനിയൊരിക്കല്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ അങ്ങേര്‌ 'എനിക്കു പരാതി ഇല്ല' എന്നു പറഞ്ഞാലും 'സംഭവം ഒതുക്കി' എന്നു പറയാന്‍ പ്രതിപക്ഷത്തിനു സ്കോപ്‌ ഉണ്ട്‌. മിക്കവാറും അതു തന്നെ സംഭവിക്കും എന്നാണ്‌ ഈയുള്ളവനു തോന്നുന്നത്‌. പാതിരാത്രീല്‍ എവിടെപ്പോയതാ സാറേ എന്ന ചോദ്യത്തിനു കൊള്ളാവുന്ന ഒരുത്തരം ഇപ്പോഴും സാറു തപ്പുന്നുണ്ടെന്നാ കേട്ടത്‌.

പിള്ളാച്ചനും തടവും മൊബൈലും
ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ സ്വാറി, ഹോസ്പിറ്റലില്‍ കിടപ്പ്‌. തടവെന്നാണു പറച്ചില്‍. മൊബൈലില്‍ ആരാന്നറിയാതെ വന്ന ഒരു കാള്‍ എടുത്തു പോയി. മറുപടി പറഞ്ഞാല്‍ ശരിയാകില്ലെന്നു പറഞ്ഞും പോയി. ‘പ്രതികരിക്കുന്നില്ല’ എന്നതാണ്‌ ഏറ്റവും നല്ല പ്രതികരണം എന്നു കണ്ട റിപ്പോര്‍ട്ടര്‍ അതു വാര്‍ത്ത, വീണ്ടും സ്വാറി, വിവാദം ആക്കി. മറ്റു ചില ജയിലുകളില്‍ തടവുകാരുടെ അടിവസ്‌ത്രത്തിനകത്തു നിന്നും സിം കാര്‍ഡും, ചാര്‍ജ്ജറും, ബാറ്ററീം ഒക്കെ പൊക്കിയതും ഈ നാട്ടില്‍ത്തന്നെ. ഇനി ജയിലിലെ ജാമര്‍ തകര്‍ത്തതും പിള്ളേച്ചനാണെന്നു വരുമോ? എന്തായാലും കേരളപ്പിറവിക്കു "കേരളം കേരളം" എന്ന പാട്ടും പാടി പിള്ള എറങ്ങി ഒരു പോക്കങ്ങു പോയി. അച്ചുമാമനു വീണ്ടും തലവേദന.

ഒരു മാപ്പു പറച്ചില്‍ മല്‍സരം കൂടി നടന്നു ഇതിനിടെ. ഖേദപ്രകടനവും വിഷമമുണ്ടാവലും തമ്മില്‍ എന്തു വ്യത്യാസമെന്നു കഴിഞ്ഞ നിയമസഭാസമ്മേളനം പഠിപ്പിച്ചു തന്നു. നടന്‍മന്ത്രി വിളിച്ച വിശേഷണം കേട്ട അച്ചുമാമന്റെ വരെ ചെവി പുളിച്ചുകാണണം. ലവനും മാപ്പുപറഞ്ഞു. പി.സി. ജോര്‍ജ്ജിനു മാപ്പ്‌ പറയാന്‍ കാരണം എത്രവേണം?

പലവക
പറയാനാണെങ്കില്‍ ഒരു പാടുണ്ട്‌. പോക്കറ്റടിച്ചെന്നും പറഞ്ഞ്‌ ഒരുത്തന്നെ പൊലീസുകാരന്‍ തന്നെ തല്ലിക്കൊന്നു. ചെലവു കാശു തരാമെന്നു പറഞ്ഞാലും അപകടത്തില്‍ പെട്ടു കിടക്കുന്നവന്റെ പടമെടുക്കനല്ലാതെ മലയാളി അവനെ ആസ്‌പത്രീലോട്ടെടുക്കില്ല. ഓരോ താലൂക്കിലും പെണ്‍വാണിഭവും പീഡനവും. 'ഉരുപ്പടി ഏതാ?' എന്നു ചോദിച്ചാല്‍ 'എന്റെ മകളാ' എന്ന മറുപടികേട്ടു ഞെട്ടുന്ന കേരളം. ആദ്യം ഞാന്‍ സെഞ്ചുറി അടിക്കും എന്ന വിഷയത്തില്‍ ഇന്ധനവിലയും സച്ചിനും മല്‍സരം(സച്ചിന്‍ പ്രതീക്ഷ കൈവിട്ടു). അന്‍പതു രൂപയ്ക്കു പച്ചക്കറി വാങ്ങിച്ചാല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഇട്ടോണ്ട്‌ പോകാം എന്നൊരു സൗകര്യമായി. നഗരങ്ങള്‍ മാലിന്യത്താല്‍ വീര്‍പ്പു മുട്ടുന്നു. ശബരിമല സീസണ്‍ തുടങ്ങാറായിട്ടും പുതുതായി ഇറക്കുമെന്നു കേട്ട 500 ബസുകള്‍ ഇങ്ങു കണ്ടില്ല. പി.സി. ജോര്‍ജ്ജിനിട്ട്‌ വിപ്പ്‌ പ്രയോഗിച്ച്‌ സഭേലെ കസേരയില്‍ കൊണ്ടെയിരുത്താന്‍ ആരുമില്ല.

അച്ചുമാമനും കൂട്ടരും അര്‍മ്മാദിക്കൂ, അടിച്ചു കസറൂ.

എനിക്കിനി പ്രതീക്ഷ ഇടതിലും വലതിലുമല്ല. കാവിയിലുമല്ല. ഇനി കേരളത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പാതയില്‍ നടത്താന്‍ ഒരാള്‍ക്കേ കഴിയൂ... അവന്‍ വരുന്നു, വന്നു... ഇതാ.... സന്തോഷ്‌ പണ്ഡിറ്റ്‌.... ഡും..ഡും..ഡുണ്ടുഡുണ്ടുഡുണ്ടു...ഡും!!

Sunday, November 06, 2011

അര്‍ത്ഥം തേടുന്ന പ്രയാണം - 3

തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കട്ടപ്പന ടൗണിലെ ഇടശ്ശേരി ജങ്ങ്‌ഷനില്‍ നിന്ന്‌ ഇടത്തേക്കു തിരിയുന്ന വഴി. ഇടശ്ശേരി കോവിലകം എന്നു കുറേ വര്‍ഷം മുന്‍പു വരെ ഞങ്ങളുടെ സൗഹൃദക്കൂട്ടം പരാമര്‍ശിച്ചിരുന്ന ഇടശ്ശേരി റിസോര്‍ട്‌സ്‌ എന്ന ബാര്‍ ഹോട്ടലാണ്‌ ഈ കവലയുടെ പേരിനു നിദാനം. അവിടെ നിന്നും ഇരുനൂറു മീറ്റര്‍ മാറിയാല്‍ കയറ്റം തുടങ്ങുന്നിടത്ത്‌ സാഗരാ തീയേറ്റര്‍. ഈ കയറ്റത്തിന്റെ ഉച്ചിയില്‍ കയറിയെത്തുപോള്‍ നീ കണ്ടതൊന്നും കയറ്റമല്ല കുഞ്ഞേ എന്നു നമ്മളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ കരിമ്പാറ നിറത്തില്‍ വലതുവശത്ത്‌ കട്ടപ്പന കുരിശുമല.

പിന്നെ ഒരു കുഞ്ഞിറക്കം. വലതു ഭാഗത്ത്‌ കൃപാലയ എന്നറിയപ്പെടുന്ന പള്ളി. വടക്കു പടിഞ്ഞാറു ദിശയിലേക്കു തുറക്കുന്ന വിശാലമായ ആകാശം. കുരിശുമലയുടെ മറവില്‍ നിന്നും ആനകുത്തി മേട്‌ ആരംഭിക്കുന്നു, അതു ദൈവം കെട്ടിയകോട്ട പോലെ കിഴക്കോട്ടു വളഞ്ഞ്‌, 'പൂവേഴ്‌സ്‌ മൗണ്ട്‌'(Poor's Mount) എന്നറിയപ്പെടുന്ന പ്രദേശമായി പടിഞ്ഞാറേക്കൊടിഞ്ഞ്‌ വലിയതോവാള-മന്നാക്കുടി ഭാഗത്തേക്കിറങ്ങി നില്‍ക്കുന്നു. അവിടെ നിന്നു നോക്കിയാല്‍ മലമുകളിലെ അമ്പലത്തിന്റെ ഒരു ഭാഗം കാണാം. വൃശ്ചികരാവുകളില്‍ താഴ്‌വരയിലേക്കും ഇക്കരെ മലകളിലേക്കും ഭജനഗീതങ്ങളും ശരണംവിളികളും കുളിരുള്ള കാറ്റിനൊപ്പം ഇങ്ങു പറന്നുവരും. ഇപ്പുറം നമ്മള്‍ നില്‍ക്കുന്നിടത്തു തുടങ്ങുന്ന ശൃംഗം എതാണ്ടു പടിഞ്ഞാറുദിശയിലേക്ക്‌ അതേ ഉയരത്തില്‍ നീണ്ട്‌ വലിയപാറ, പുഞ്ചിരിക്കവല എന്നൊക്കെ അറിയപ്പെട്ട്‌ കൊച്ചുതോവാള ഗ്രാമത്തിന്റെ വടക്കേപ്പുറത്ത്‌ അലിഞ്ഞു തീരുന്നു. തെക്കുനിന്നു പുറപ്പെട്ട്‌ കിഴക്കു ചുറ്റി വടക്കുപടിഞ്ഞാറു തീരുന്ന ആദ്യത്തെ മലനിരയും പിന്നെ ഇതും ചേരുമ്പോള്‍ താഴ്‌വര, കൊച്ചുതോവാള ഗ്രാമം പ്ലാവില കോട്ടിവെച്ചതു പോലെ ഒരു പ്രദേശമാകുന്നു. റോഡ്‌ എസ്‌.എന്‍. കവലയിലെത്തുന്നു. ഗുരുദേവക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. വലത്തേക്കു തുടരുന്ന പ്രധാനറോഡിലൂടെ ഇറക്കവും നീളുന്നു. പിന്നീടുള്ള കാല്‍ കി.മീ. ദൂരം നിരപ്പ്‌. അടുത്തു കാണുന്ന കവലയ്‌ക്ക്‌ അതിനാല്‍ നിരപ്പേല്‍കട എന്നു പേര്‌.

ഇവിടം കഴിഞ്ഞാല്‍ കുപ്രസിദ്ധമായ കൊച്ചുതോവാള ഇറക്കം(കയറ്റം) ആരംഭിക്കുന്നു. ഒരു കിലോമീറ്ററിലധികം നീളുന്ന ഈ ഭാഗത്ത്‌ മുക്കാലും കുത്തനെയുള്ള ചെരിവാണ്‌. നാട്ടുകാര്‍ ഒരുപാട്‌ മുറവിളി കൂട്ടിയിട്ടും പണ്ടുകാലങ്ങളില്‍ കരുത്തിന്റെ ഗര്‍ജ്ജനം മുഴക്കിയ ലെയ്‌ലാന്‍ഡ്‌ ബസ്സുകള്‍ ഈ കയറ്റത്തെ വല്ലാതെ ഭയപ്പെട്ടിരുന്നതിനാല്‍ ഈ റൂട്ടില്‍ ബസ്‌ സര്‍വ്വീസുകള്‍ അല്‍പായുസ്സുകളായി. 99-2000 കാലയളവില്‍ റോഡ്‌ വീതികൂട്ടി വികസിപ്പിച്ചതിന്റെ ഭാഗമായി കയറ്റം തുടങ്ങുന്ന ഭാഗം മണ്ണിട്ടുയര്‍ത്തി കുത്തനെയുള്ള തുടക്കം പരമാവധി ചെരിച്ചെടുത്തു. ഇപ്പോള്‍ കയറ്റം തുടങ്ങുമ്പോഴത്തെ പഴയ ആ ചക്രശ്വാസം വലി ഇല്ല. അതുകൊണ്ടു തന്നെ അത്യാവശ്യം ബസ്സുകളും ഉണ്ട്‌.

പിന്നെയും അത്ര വലുതല്ലെങ്കിലും ഇറക്കം തന്നെ. അങ്ങനെ വരുമ്പോഴുള്ള അടുത്ത സ്റ്റോപ്പാണ്‌ അത്തിക്കയം. റോഡ്‌ വീതികൂട്ടിപ്പണിയുന്നതിനു മുന്‍പ്‌ ഭയങ്കരന്‍ ഒരു അത്തിമരം അവിടെ ഉണ്ടായിരുന്നു. പലപ്പോഴും നിറയെ കുലകുലയായി കായ്ച്ചു കിടക്കുന്ന ആ പഴങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‌. വികസനത്തിന്റെ മഴു വീണ്‌ ആ മരം ഓര്‍മ്മയായി. ഒരു കട പോലും ഇല്ലാത്ത ആ സ്റ്റോപ്പിന്‌ അത്തിക്കയം എന്നു പേരു വീണെങ്കിലും ഇപ്പോളാരെങ്കിലും ആ പേര്‌ ഉപയോഗിക്കുന്നുണ്ടോ എന്നറിഞ്ഞുകൂടാ.

പിന്നെ ഒരു പത്തു മിനിറ്റു നടക്കാനുള്ള ദൂരം കൂടി. കൊച്ചുതോവാള 'സിറ്റി' ആയി. സ്ഥലനാമങ്ങളെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ തോവാള എന്നാല്‍ മലകള്‍ക്കിടയിലുള്ള പ്രദേശം എന്നര്‍ഥം കണ്ടു. അക്ഷരംപ്രതി ശരിയാണ്‌ കൊച്ചുതോവാളയും പിന്നെ വലിയതോവാളയും. പൂക്കള്‍ക്കു പ്രസിദ്ധമായ കന്യാകുമാരിയിലെ തോവാള കഴിഞ്ഞാല്‍ പിന്നെ ഇതാണ്‌ കേട്ടിട്ടുള്ള തോവാളകള്‍. അവിടെവന്ന് തോവാള എന്നു മാത്രം പറഞ്ഞാല്‍ വലിയതോവാള എന്നര്‍ഥം. കൊച്ചുതോവാളയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ മുഴുവനും പറയണം. ആദ്യം കാണുന്നതു പള്ളിയാണ്‌, വലതു വശത്ത്‌ പടിഞ്ഞാറു ദര്‍ശനമായി യൗസേപ്പിതാവിന്റെ പേരിലുള്ള പള്ളി. പിന്നെ ചായക്കടകളും പലചരക്കുകടയും റേഷന്‍ കടയും തപാലാപ്പീസും വായനശാലയുമൊക്കെയുള്ള സിറ്റി. പ്രമാണങ്ങളില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ കട്ടപ്പന വില്ലേജില്‍(പഞ്ചായത്തും അതു തന്നെ) കൊച്ചുതോവാള കര എന്നും എഴുത്തുകുത്തുകളില്‍ 685510 എന്ന ബ്രാഞ്ച്‌ ഓഫീസ്‌ പിന്‍ നമ്പരാലും എഴുതപ്പെടുന്നയിടം. വലത്തേക്കു റോഡിന്റെ ഒരു കൈവഴി തിരിഞ്ഞ്‌ സ്‌കൂളിന്റെ ഓരത്തുകൂടി പലവഴി പിരിയുന്നു. ഞാന്‍ ആ വഴിക്കു തിരിയുന്നു. ടൗണില്‍ നിന്നും കറങ്ങിത്തുടങ്ങിയ ഓഡോമീറ്റര്‍ നാലു കി.മീ. കുറിക്കുന്നതിനു മുന്‍പേ.

പ്രധാനവഴി ഉപ്പുകണ്ടം വഴി ഇരട്ടയാറിനും വലിയതോവാള, എഴുകുംവയല്‍, കവുന്തി, ചേമ്പളം, കല്ലാര്‍ വഴി നെടുംകണ്ടത്തിനും നീളുന്നു.

*****

തിരികെ വിളിക്കുന്നുണ്ടവള്‍. എന്നും എപ്പോഴും പരിഭവമാണ്‌. എനിക്കതറിയാം. ഞാന്‍ അവളുടെ അരികിലേക്കു ചെല്ലണം പോലും. എപ്പോളെന്നു ചോദിച്ചാല്‍ കുപ്പിവളകളണിഞ്ഞ കൈകള്‍ നീട്ടി ഇപ്പോ എന്നു പറഞ്ഞുകളയും കുസൃതിക്കാരി. പരാതി ഒന്നും പറയാറില്ലെങ്കിലും എനിക്കറിയാം ആ മനസ്സ്‌. എന്നെ എത്ര മാത്രം കൊതിക്കുന്നുണ്ടെന്ന്‌. അവള്‍ക്കുമറിയാം, എനിക്കവളെ പിരിയാനാവില്ലെന്ന്‌. എന്റെ മനസ്സെപ്പോഴും അവളോട്‌ ചേര്‍ന്നാണിരിക്കുന്നതെന്ന്‌. ഒരു പക്ഷേ, അവള്‍ പരാതി പറയാത്തതിന്റെ കാരണവും അതാവാം. എവിടെപ്പോകാന്‍, എന്നായാലും ഇങ്ങോട്ടു തന്നെ വരാനുള്ളതല്ലേ എന്നൊരു കുഞ്ഞഹങ്കാരം. പിരിഞ്ഞു കഴിഞ്ഞപ്പോള്‍, കാലം കുറെ കടന്നപ്പോഴാണ്‌ ആ ഇഴയടുപ്പം തെളിഞ്ഞത്‌. എന്റെ സന്തോഷത്തിലും സങ്കടത്തിലും അഭിമാനത്തിലും ജാള്യതകളിലുമെല്ലാം മൂകസാക്ഷിയായവള്‍. ആടിയും പാടിയും കൂട്ടുചേര്‍ന്നു കളിച്ചും അമ്മയും തോഴിയുമായവള്‍, ചിലപ്പോഴെല്ലാം എന്നെ വേദനിപ്പിച്ചവള്‍. എന്റെ ഗ്രാമമേ, നിന്നെ ഞാന്‍ എങ്ങനെ സ്നേഹിക്കാതിരിക്കും?

വിടുവായന്‍ തവളകള്‍ കരയാന്‍ നടവരമ്പില്ലാത്ത, പാടവും പുഴയുമില്ലാത്ത, അമ്പലവും അരയാല്‍ത്തറയുമില്ലാത്ത ഒരു ഗ്രാമം. അവിടെ ഞങ്ങള്‍ ഉള്ളവയെ ഇല്ലാത്തതിനു പകരം വെച്ചു. ഏതു വേണമെന്നു പറഞ്ഞാല്‍ അതു വിളയിച്ചു തരുന്ന സുഗന്ധവിളത്തോട്ടങ്ങളുണ്ടാക്കി. സ്വന്തം പുരയിടത്തിലെ കാപ്പിക്കുരു കൊണ്ട്‌ കട്ടനുണ്ടാക്കി കുടിക്കുന്നു. കാഡ്ബറി കമ്പനിക്ക്‌ ക്വിന്റലുകണക്കിനു കൊക്കോ വാരാന്ത്യങ്ങളില്‍ നല്‍കി. മാലോകര്‍ക്കു മുറുക്കാന്‍ അടയ്‌ക്കാ(പാക്ക്‌) ചാക്കുകണക്കിന്‌. കൊല - നല്ലൊന്നാന്തരം വാഴക്കുല, നാനാവിധം. പനകളില്‍ നിന്നു നുരയുന്ന കള്ള്‌. ഇവിടെ തീരെ കൃഷി ചെയ്യാത്തത്‌ നെല്ല്‌. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ നെല്ലു വിളഞ്ഞിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ വിളയുന്നതു വാഴയും കപ്പയും ഏലവും. പച്ചക്കറി കൃഷിയാകട്ടെ ചില അടുക്കളത്തോട്ടങ്ങളില്‍ ഒതുങ്ങുന്നു.

മഴയിലും മഞ്ഞിലും കുളിരുമ്പോള്‍ ഒരു നെരിപ്പോടു തട്ടിക്കൂട്ടി ഈ ഗ്രാമം ചൂടു കൊണ്ടു. വേനല്‍ കനത്താലും പച്ചവിരിപ്പിട്ട ഈ സഹ്യാദ്രിത്തുണ്ട്‌ ചൂടാറ്റുന്ന കാറ്റു തന്നു. മേയ്യവസാനവാരം വേനലിനെ ശകാരിച്ചു. പിറ്റേയാഴ്‌ച അടമഴയെ വെറുത്തു. ചറുപിറെ ചറുപിറെ നിലയ്‌ക്കാതെ മയത്തില്‍ പെയ്യുന്ന മഴകള്‍ക്ക്‌ ഇനം തിരിച്ചു നമ്പരിട്ടു - നാല്‍പതാം നമ്പര്‍ മഴയെന്നും മറ്റും വിളിച്ചു. വിരുന്നുകാര്‍ക്ക്‌ ഞങ്ങള്‍ വീട്ടിലെ പശുവിന്റെ പാല്‍ കൊണ്ടുണ്ടാക്കിയ ചായ നല്‍കി. പാലില്ലാത്ത അസമയങ്ങളില്‍ ചൂടന്‍ കടുംകാപ്പി നല്‍കി. ഏലക്കായും ഗ്രാമ്പൂവും കുരുമുളകും കാപ്പിക്കുരുവുമൊക്കെ പൊതിഞ്ഞേല്‍പ്പിച്ച്‌ വിരുന്നുവന്നവരോട്‌ യാത്ര ചൊല്ലി. വഴിയില്‍ കണ്ടവരോടെല്ലാം കുശലം ചൊല്ലി. പണ്ടെല്ലാം മാര്‍ച്ചുമാസത്തിലും അടുത്തിടെയായി അല്‍പം നേരത്തെയും വരുന്ന പള്ളിപ്പെരുനാള്‍ നാടിന്റെ മുഴുവന്‍ ഉത്സവമായി. കട്ടപ്പന കമ്പോളത്തിലെ മലഞ്ചരക്കു വിലയുടെ പ്രതിഫലനം നാട്ടുകാരുടെ മുഖങ്ങളില്‍ തെളിയും(ഇവിടെ ബാംഗ്ലൂര്‍ എഡിഷന്‍ പത്രത്തിലും അതുവരുന്നതുകൊണ്ട്‌ ഞാനും അപ്ഡേറ്റഡ്‌ ആണ്‌). കടത്തിണ്ണകളില്‍ സ്ട്രോങ്ങ്‌ ചായയുടെ ഉന്മേഷമുള്ള ചര്‍ച്ചകളില്‍ കമ്യൂണിസവും മാര്‍ക്‌സിസവും വലതും അതിന്റെ കഷണങ്ങളും കീറിമുറിക്കപ്പെട്ടു. ആ നാടു വിളിക്കുന്നു.

*****

ഇനി നാട്ടില്‍ പോകുമ്പോള്‍ കട്ടപ്പനയില്‍ നിന്നൊന്നു നടക്കണം വീട്ടിലേക്ക്‌. ഒരുപക്ഷേ സാഗരയിലെ ഫസ്റ്റ്‌ ഷോ കഴിഞ്ഞ്‌. ഈ വഴിയെ, കയ്‌പ്പന്‍ പടര്‍പ്പു നിറഞ്ഞ ഓരമുള്ള, പകലിന്റെ ചൂടു തിരികെ വമിപ്പിച്ചു രാത്രിയെ പുണരുന്ന, വാഹനത്തിരക്കു ശ്വാസം മുട്ടിക്കാത്ത എന്റെ വഴിയേ... നടക്കാത്ത മോഹമൊന്നുമല്ലെങ്കിലും, ആഗ്രഹിക്കാനും കൊതിച്ചതു നേടാനുമുള്ള ഒരു ഇഷ്‌ടം കൊണ്ട്‌. പിന്നെ, എനിക്ക്‌ എന്റെ ഗ്രാമത്തെയും അവിടത്തെ രാത്രികളെയും ഇഷ്‌ടമായതുകൊണ്ട്‌.

പക്ഷേ അപ്പോഴും, ഇരുട്ടില്‍ നിന്നുയരുന്ന നെടുവീര്‍പ്പ്‌ ഒരിളം കാറ്റിന്റെ സീല്‍ക്കാരത്തില്‍ മറച്ച്‌, കയ്യിലെ കുപ്പിവളകള്‍ കലപില കൂട്ടാതെ എന്നെ അവളുടെ മാറില്‍ നിന്നുയരുന്ന ചൂടു പകര്‍ത്തി, നിഷേധിക്കാനാവാത്ത ഒരാലിംഗനത്തില്‍ എന്നെക്കുരുക്കി അവള്‍ ചോദിക്കും: "ഈ ഓട്ടമൊക്കെ തീര്‍ത്ത്‌, എന്നാണ്‌ എന്നും എന്റേതാകാനുള്ള വരവ്‌?"

ശരീരം ഈ ചോദ്യം കേട്ടില്ലെന്നു നടിച്ചുകൊണ്ട്‌ ഗ്രാമപ്പെണ്ണിന്റെ പ്രണയച്ചൂടിലും കുളിരണിയും. മനസ്സിന്റെ കര്‍ണ്ണനാളത്തില്‍ മാത്രം ഈ ചോദ്യം നിര്‍ത്താതെ അലയടിക്കും. എന്നും ജീവിതം തന്നിട്ടുള്ള ഓപ്ഷന്‍സ്‌. എന്റെ കാഴ്ചപ്പാടില്‍ ധര്‍മ്മസങ്കടം. എന്തു ജയിക്കും? എന്നും ഉള്ളിലൊരു വിങ്ങലായി, ഇതു വായിക്കുന്ന ഓരോരുത്തരിലും എന്റെ ഗ്രാമത്തിന്റെ ചിത്രമായി വിരിയുന്ന എന്റെ ഗൃഹാതുരത്വമോ അതോ ഒരിടത്തരക്കാരന്റെ കിതപ്പുയരുന്ന ഈ ഓട്ടമോ? ഉത്തരം പറയാന്‍ കാലത്തിന്‌ ഈ ചോദ്യമെറിഞ്ഞ്‌, ഈ കുറിപ്പിവിടെ തീര്‍ത്ത്‌ ഞാന്‍ പ്രയാണം തുടരുന്നു.

അര്‍ത്ഥം തേടുന്ന പ്രയാണം - 2

"അങ്ങൂന്നു വരുന്ന വഴിയാണോ?"

"അതെ"

"കുറെ നാള്‍ ലീവൊണ്ടോ?"

"ഏയ്‌.. ഇല്ല, മറ്റന്നാളു പോകും."

ഇത്രേം പറഞ്ഞു കഴിയുമ്പോള്‍ ഞങ്ങള്‍ പരസ്‌പരം കടന്നുപോയ്‌ക്കഴിയും. ഇനി പിന്നെയും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയാതെ സംഭവിക്കുന്ന ഒരണ്ടര്‍സ്റ്റാന്റിംഗ്‌ നിമിത്തം ഒപ്പത്തിനൊപ്പം എത്തുമ്പോള്‍ ഇരുവരും അഭിമുഖമായി നില്‍ക്കും. അല്ലെങ്കില്‍,

"എങ്ങോട്ടാ കടയ്‌ക്കലേക്കാ?" (സിറ്റിക്കാണോ എന്നര്‍ഥം)

"ആ... വെറുതേ.."

പ്രത്യേകിച്ച്‌ ഒരര്‍ഥവുമില്ലാത്ത ഇത്തരം സംഭാഷണങ്ങള്‍ക്ക്‌ ഗ്രാമ്യജീവിതത്തിന്റെ ഇടവഴികളിലെ പരിചയങ്ങളും സ്‌നേഹബന്ധങ്ങളും ടോപ്‌-അപ്‌ ചെയ്യുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്‌. ഞാന്‍ നടപ്പു തുടര്‍ന്നു. എട്ടുമണിയുടെ ഇളവെയില്‍ കൊച്ചുതോവാളയുടെ മേല്‍ വെള്ളിനിറം വീശി.

സ്‌കൂളിന്റെ ഓരത്തു കൂടിയുള്ള വഴി ടാറിട്ടിരിക്കുന്നു. ബാക്കിയെല്ലാം പണ്ടത്തേതു പോലെ. അടപ്പുള്ള തൂക്കുപാത്രങ്ങളില്‍ പാലുമായി മില്‍മ(സൊസൈറ്റി)യിലേക്കു പോകുന്നവര്‍. ടൗണില്‍ ജോലിക്കു പോകുന്നവര്‍. സ്‌കൂള്‍ ബസിനു വൈകുമെന്ന ഭയത്താല്‍ വലിയ ബാഗേന്തി തിരക്കിട്ടോടുന്ന കുട്ടികള്‍. ഘഡ്‌ ഘഡ്‌ ശബ്ദം മുഴക്കി ഓടുന്ന ആപേ ഡീസല്‍ ഓട്ടോകള്‍.

വളത്തിന്റെ, ചാണകത്തിന്റെ, മണ്ണിന്റെ, പരശതം മരങ്ങളുടെ, കീടനാശിനിയുടെ, പുകയുടെ, ഭക്ഷണം വേകുന്നതിന്റെ എല്ലാം മണം കലര്‍ന്ന കാറ്റ്‌. ഒരിക്കലും മുഷിപ്പിക്കാത്ത അലോസരപ്പെടുത്താത്ത കാറ്റ്‌. പൊങ്ങിവളര്‍ന്ന കവുങ്ങിന്‍ തലപ്പുകള്‍ ആ കാറ്റില്‍ ആസ്വദിച്ചു തലയാട്ടുന്നു. ഏതോ പറമ്പില്‍ നിന്നും ആരോ ഉച്ചത്തില്‍ സംസാരിക്കുന്നു. മണ്ണിലൂര്‍ന്നുവീഴുന്ന വിയര്‍പ്പുതുള്ളികളെ കണ്ടില്ലെന്നു നടിക്കാന്‍ നാട്യമറിയാത്ത പണിയാളന്റെ വര്‍ത്തമാനം.

*****

"ണിം...ണിം...ണിം...ണിം...ണിം...ണിം...ണിം...... ണിം!"

ഫസ്റ്റ്‌ ബെല്‍. നേരമെത്രയായെന്നറിയാന്‍ സ്‌കൂളിലെ ഈ മണിമുഴക്കം മതിയായിരുന്നു ഒരു കാലത്ത്‌. ഒന്‍പതേ മുക്കാല്‍. ഇപ്പോള്‍ സ്‌കൂള്‍ സമയം മാറി. എന്റെ മാതൃവിദ്യാലയത്തിലെ മണിയൊച്ച കേട്ടാല്‍ സമയമെത്രയെന്നു പറയാനുള്ള അറിവുപോലും എനിക്കില്ലാതെയായി. നാലുമണിക്ക്‌ മുഴങ്ങുന്ന നാലു മണികള്‍. ഒരു ദിവസത്തെ പഠനവും കളിയും ശകാരവും ശിക്ഷയും കഴിഞ്ഞു മുഴങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ ചിലമ്പൊലി.

ആ നാലുമണികള്‍ ഒരു ദിവസം അല്‍പം നേരത്തെ കേട്ടാല്‍ 'ഇന്നു നേരത്തെ നാലുമണി വിട്ടോ?' എന്നു സംശയിച്ചിരുന്നവര്‍. എന്തിനെന്നില്ലാതെ തിരക്കിട്ടു പോകുന്ന കുട്ടികളെ നോക്കി ആരോടെന്നില്ലാതെ ഒരു ചോദ്യമെറിയുന്ന തല നരച്ച ഒരാള്‍.

"എന്നാ പിള്ളാരേ ഇന്നു നേരത്തെ പള്ളിക്കൂടം വിട്ടത്‌?"

"ഇന്നു മീറ്റിങ്ങാരുന്നു.." എന്നു മാത്രം വിളിച്ചു പറങ്ങു സ്വന്തം കൂട്ടത്തിന്റെ ബഹളങ്ങളിലേക്കു മടങ്ങുന്ന കുട്ടി. ഇന്ന്‌ അവന്റെ നെഞ്ചില്‍ നിന്ന്‌ പേരുവിവരങ്ങളടങ്ങിയ ഐ.ഡി. കാര്‍ഡ്‌ തൂങ്ങുന്നു. ഞാന്‍ പഠിച്ചപ്പോള്‍ എന്തായിരുന്നു ഞങ്ങളുടെയൊക്കെ ഐഡന്റിറ്റി? ഉണ്ടായിരുന്നോ ഞങ്ങള്‍ക്ക്‌ അങ്ങനെയൊന്ന്‌?

എന്തോന്നു മീറ്റിങ്ങെന്ന്‌ ആലോചിച്ചു തല പുണ്ണാക്കാതെ നടപ്പു തുടരുന്നു മുടി നരച്ചയാള്‍. അയാളുടെ പേരക്കുട്ടി ഒരു പക്ഷേ പട്ടണത്തില്‍ നിന്നു നാലര കഴിഞ്ഞു വരുന്ന സ്‌കൂള്‍ ബസ്സിലാവും വന്നിറങ്ങുക.

*****

ഇന്നലെകളുടെ പിന്നാലെയോടാന്‍ നാളെകള്‍ കാത്തു നില്‍ക്കുന്നു. വിടരാന്‍ നില്‍ക്കുന്ന പൂവു പോലെ, അമ്മയുടെ ഹൃദയതാളം ഏറ്റുപിടിക്കുന്ന ഗര്‍ഭസ്ഥശിശുവിനെപ്പോലെ. ഇന്നുകള്‍ മാത്രമാണു നമുക്കു ജീവിക്കാനുള്ളത്‌. ഇന്നലെകള്‍ പോയ്‌മറഞ്ഞുകഴിഞ്ഞു. നിനക്കോടിയെത്താന്‍ പറ്റാത്തത്ര ദൂരം. കവലയില്‍ നിന്നും കിഴക്കോട്ട്‌ പള്ളിക്കും പള്ളിക്കൂടത്തിനുമിടയിലൂടെ നീണ്ടുകിടക്കുന്ന വഴിയേ ഉച്ചവെയിലില്‍ ആരോ ഓടുന്നു.

ചങ്ങനാശ്ശേരിക്കു പോകുന്ന കൊണ്ടോടി ബസ്സിലെ പിന്നിലെ സീറ്റിലിരുന്ന്‌ ഒരാള്‍ വിളിച്ചു പറയുന്നു: "ആളോട്ടത്തില്‍.."

മുരണ്ടുതുടങ്ങിയ ബസ്‌ ഒരു മണിയൊച്ച കേട്ടു കാത്തു നില്‍ക്കുന്നു. ഒരു നന്ദിവാക്കു പോലും കേള്‍ക്കാനാശിക്കാതെ പിന്‍സീറ്റിലെ ആ യാത്രക്കാരനും. മര്യാദയ്‌ക്ക്‌ ഔപചാരികതയുടെ മുഖംമൂടിയില്ലാത്ത ലോകം. ഇവിടെ മണിയൊച്ചകളില്ല. ആരും ആരെയും കാത്തിരിക്കുന്നുമില്ല. നാം കൊതിക്കാതെതന്നെ റിങ്ങ്‌ടോണുകളും അലര്‍ട്ടുകളും റിമൈന്‍ഡറുകളും നമ്മേ വഴി നടത്തുന്നു. പള്ളിയുടെ പടിക്കെട്ടുകള്‍ക്കു നടുവിലെ ചില്ലുകൂട്ടില്‍ കരുണാമയിയായ ദൈവമാതാവ്‌ വലതുകയ്യുയര്‍ത്തി അനുഗ്രഹിക്കുന്നു. ഒരു പിടി എനിക്കും, അതില്‍ പാതി നിനക്കും.

"ഏറെ ദൂരം പോക, സുരക്ഷിതനായിരിക്ക, നാളെ തിരിച്ചു വരിക!"

ഇന്നത്തെ ഓട്ടമവസാനിപ്പിക്കാന്‍ കൊണ്ടോടിക്ക്‌ 120-ല്‍പ്പരം കിലോമീറ്ററുകള്‍ താണ്ടണം. എന്റെയും ഓഡോമീറ്ററില്‍ അക്കങ്ങള്‍ മാറി വരുന്നു.

(തുടരും)

അര്‍ത്ഥം തേടുന്ന പ്രയാണം - 1

ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോളത്തെ ഒരു അവധിക്കാലത്താണ്‌ റോഡിന്നരികിലെ സ്ഥലത്ത്‌ ആ കുളം കുത്തിയത്‌. നാലഞ്ചു പണിക്കാരുണ്ട്‌ അതിന്‌. ഒപ്പം അച്ഛനും ഞാനും.

കുഴിച്ചുകൊണ്ടിരുന്നപ്പോളാണ്‌ എറ്റവും മികച്ച റോള്‍ എനിക്കുണ്ടായിരുന്നത്‌. റബ്ബര്‍കുട്ട കയറില്‍ കെട്ടി താഴേക്കിറക്കി കൊടുക്കും. കുഴിക്കുന്നവര്‍ അതില്‍ മണ്ണു നിറയ്‌ക്കും. കുട്ട നിറഞ്ഞുകഴിയുമ്പോള്‍ കപ്പിവഴി വലിച്ചു കയറ്റും. മണ്ണും കല്ലും ചെളിയും കലര്‍ന്ന മിശ്രിതം നിറച്ച കുട്ടയ്‌ക്ക്‌ നല്ല ഭാരമാണ്‌. കുട്ട താഴേക്കിറക്കിക്കഴിഞ്ഞാല്‍ നിറയ്‌ക്കുന്നതു വരെയുള്ള സമയം വിശ്രമിക്കാം. അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു വേണം പിന്നത്തെ വലി. കുടിക്കാന്‍ കരിങ്ങാലി വെള്ളവും ഉപ്പിട്ട കഞ്ഞിവെള്ളവും. രാവിലെ മുതല്‍ വൈകിട്ടുവരെ ഇതു തന്നെ പണി, വലിയെടാ വലി.

നാലരയാകുമ്പോള്‍ പണി തീരും. കയര്‍ വലിച്ചു വലിച്ച്‌ ആദ്യ ദിവസങ്ങളില്‍ ഉള്ളംകൈ കുമിളച്ചു പൊന്തി. രണ്ടുമൂന്നു ദിവസങ്ങള്‍ കൊണ്ട്‌ അതു മാറി. അവിടത്തെ തൊലിക്കു കട്ടി കൂടി തഴമ്പിച്ചു.ദേഹം മുഴുവന്‍ മണ്ണും ചെളിയും പുരണ്ടിരിക്കും. കൈകളില്‍, കാലില്‍, പുരത്തെ പേശികള്‍ക്ക്‌ അസഹ്യമായ വേദന. രണ്ടുമൂന്നു ദിവസം കൊണ്ട്‌ അതും മാഞ്ഞു. ദിവസേന കുളത്തിന്റെ ആഴം കൂടി. പണിക്കാര്‍ പറയുന്ന നാട്ടുവര്‍ത്തമാനങ്ങള്‍ക്കു ഞാനും കാതോര്‍ത്തു. അവരുടെ തമാശകളില്‍ മുങ്ങി.

കുഴിച്ചു ചെല്ലവേ മണ്ണില്‍ നിന്നും കുറെ തെള്ളി കിട്ടി. അതു കഴുകിയെടുത്ത്‌ ഉണക്കി. സന്ധ്യകളില്‍ പുകച്ചു.

പതിയെ ഭൂമിയുടെ മാറു ചുരന്നു. ചെളിമണം ഉയര്‍ത്തി തണുപ്പുള്ള വെള്ളം മണ്ണിന്റെ സിരകളില്‍ നിന്നും അല്‍പാല്‍പം ഊറി വന്നു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ കുളത്തിന്റെ വശം കുറെ ഇടിഞ്ഞുവീണിരിക്കുന്നു. അതു കോരി മാറ്റലായി അന്നത്തെ ജോലി. പിന്നെ അടിയില്‍ പാറ കണ്ടു. പാറ തുരന്നു വെടി വെച്ചു കല്ലു പൊട്ടിച്ചു മാറ്റി. ഉറവ ശക്തിപൂണ്ടു. പ്രകൃതിയുടെ കനിവു തുള്ളിക്കുതിച്ചൊഴുകിയെത്തി. മണ്ണുകലര്‍ന്ന ആ വെള്ളം കൊണ്ട്‌ കയ്യും മുഖവും കഴുകി. ദേഹത്തും മനസ്സിലും ആ ജലത്തിന്റെ തണുപ്പു പടര്‍ന്നു.

പിന്നെ കല്ലുപയോഗിച്ച്‌ കുളത്തിന്റെ ഭിത്തി കെട്ടി. അപ്പോഴെല്ലാം പമ്പുപയോഗിച്ച്‌ വെള്ളം തേകിക്കളഞ്ഞു. വശം ഇടിഞ്ഞതിനാല്‍ ചില ഭാഗത്ത്‌ നാലടി വരെ കെട്ടിനു വീതി വന്നു. അത്രേം കൂടി വെള്ളം നിന്നോളും എന്നൊരു ഗുണം കണ്ടു. ഒടുക്കം തറനിരപ്പില്‍ കല്‍ക്കെട്ടു നിര്‍ത്തി ഏതാണ്ടു തീര്‍പ്പാക്കി. പിന്നെ ആഘോഷമായി കുളം തേകിവൃത്തിയാക്കി.

*****

ആ ഓരോ നാളുകളിലും എന്തൊരു സുഖമായിരുന്നു ഉറങ്ങാന്‍? നാളെയെക്കുറിച്ചുള്ള അല്ലലില്ലാതെ, ഇന്നു ചെയ്‌ത ജോലിയുടെ തൃപ്‌തിയില്‍ മുഴുകി, അതിന്റെ ക്ഷീണം തരുന്ന ആലസ്യത്തില്‍ ഒരുറക്കം. പേക്കിനാവുകളും നിദ്രാഭംഗവുമില്ലാതെ ഓരോ രാത്രികളും. ഒരു പക്ഷേ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ നീലവിരിയുള്ള ജനാലയ്‌ക്കപ്പുറത്തുനിന്ന് കുളിരുള്ള നിലാവൊന്നെത്തി നോക്കിയേക്കാം, മോഹിപ്പിക്കുന്ന ഒരു പ്രണയിനിയെപ്പോലെ. 'ഇനി ഞാനുറങ്ങട്ടെ' എന്ന് അവളെ നിരാശപ്പെടുത്തി ഇമപൂട്ടുമ്പോള്‍ ശാന്തിയുടെ താഴ്‌വരയിലേക്ക്‌ പറന്നിറങ്ങുന്ന ഒരപ്പൂപ്പന്‍ താടിയായി, ബഷീര്‍ വാഴ്‌ത്തിയ ആ ചെറുമരണത്തിനു വേഗം കീഴ്‌പ്പെട്ടു ഞാനും. ആ വേഗത്തിനാക്കം കൂട്ടാന്‍ ചിലപ്പോള്‍ യേശുദാസിന്റെയും ചിത്രയുടെയും സുജാതയുടെയും മായികമന്ത്രങ്ങളും.

*****

വൈകുന്നേരങ്ങളില്‍, നല്ല ഫ്രഷ്‌ ചാണകം ബക്കറ്റില്‍ കോരി ബയോഗ്യാസ്‌ പ്ലാന്റിന്റെ മിക്‌സറില്‍ ഇട്ടിട്ട്‌, തൊഴുത്തിന്റെ പിന്നിലെ ടാങ്കില്‍ നിറഞ്ഞു കിടക്കുന്ന ഗോമൂത്രം രണ്ടു ബക്കറ്റ്‌ കോരി അതിലൊഴിക്കും. പരമാവധി ദേഹത്തു വീഴാതെ നോക്കണം, മൂത്രം കോരുമ്പോള്‍. എളുപ്പമൊന്നും ദേഹത്തു നിന്നും ദുര്‍ഗ്ഗന്ധം മാറില്ല, പ്രത്യേകിച്ചും അത്‌ ദേഹത്തുവീണു വലിഞ്ഞു തീര്‍ന്നാല്‍(ഉണങ്ങിപ്പോയാല്‍). തുടക്കത്തില്‍ മിക്‌സറിലെ റോട്ടര്‍ കറക്കാന്‍ വലിയ പ്രയാസമാണ്‌. ബലം പിടിച്ചൊന്നു തിരിച്ച്‌ ഒരു വട്ടം കറങ്ങുമ്പോളേക്കും കട്ടപിടിച്ചുകിടന്ന ചാണകത്തിന്റെ വാശി ഒന്നയയും. പിന്നെ അവതമ്മില്‍ കലര്‍ന്ന്‌ കറങ്ങും. മിക്‌സറിന്റെ ഒരു വശത്തുകൂടി ടാങ്കിലേക്കുള്ള കുഴല്‍, അവിടെ ഒരു പലക കൊണ്ട്‌ ഷട്ടര്‍. ഷട്ടറിന്റെ കവാടത്തില്‍ ഒരു വല. നന്നായി കലങ്ങിക്കഴിയുമ്പോള്‍ പലക ഷട്ടര്‍ പൊക്കും. തുള്ളിക്കുതിച്ച്‌ മിശ്രിതം ടാങ്കിലേക്ക്‌. ഇടയ്‌ക്കൊക്കെ ഉടയാതെ ചില ചാണകക്കട്ടകള്‍ വലയില്‍ തങ്ങി അവിടെക്കിടക്കും. കമ്പു കൊണ്ടോമറ്റോ ഇടിച്ചു പൊടിച്ച്‌ അല്‍പം വെള്ളവും കലര്‍ത്തി അവരെയും ടാങ്കിലേക്ക്‌ അയയ്‌ക്കും. പിറ്റേന്ന് നീലനിറത്തില്‍ ആളുന്ന ജ്വാലയായി അവര്‍ അടുക്കളയിലെത്തും.

*****

വിശപ്പറിഞ്ഞിട്ട്‌ ചോറുണ്ട നാളുകള്‍. ക്ഷീണമറിഞ്ഞിട്ടു വിശ്രമിച്ച വേളകള്‍. വിയര്‍ത്തു തോര്‍ന്നിട്ടു കുളിച്ചുതോര്‍ത്തിയ സന്ധ്യകള്‍.

(ജീവിതം - തുടരും)

Saturday, November 05, 2011

വിധിയെഴുതുന്നതാര്‌?

മഷിപുരളാത്തെ നിയതിയുടെ താളുകള്‍
ലഭിക്കുന്ന സ്ഥലം തേടി ഞാന്‍ അലഞ്ഞു.
അങ്ങനെയൊന്നു കിട്ടില്ലെന്നു പലരും പറഞ്ഞു.
എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ അത്‌
അച്ചടിച്ചു മാത്രം വില്‍ക്കുന്നതാണെന്നു മറുപടി.
മറ്റുചിലര്‍ പറഞ്ഞു - അതിലെഴുതാന്‍
ദൈവത്തിനു മാത്രമേ കഴിയൂ!
ഇവ ഞാന്‍ വിശ്വസിച്ചില്ല.
കാവിധരിച്ചവനെ കാട്ടിത്തന്നിട്ട്‌ ഒരുവന്‍ പറഞ്ഞു
ഇയാളുടെ പക്കല്‍ ഒരുപക്ഷേ ആ വെള്ളക്കടലാസ്‌ കണ്ടേക്കാം.
ചിലര്‍ നീളന്‍ വെള്ളക്കുപ്പായക്കാരെയും താടിവളര്‍ത്തി
തൊപ്പി ധരിച്ചവരെയും കാട്ടിത്തന്നു.
ഞാന്‍ ചോദിച്ചു, എന്റെ നിയതി സ്വയമെഴുതാന്‍
നിങ്ങളുടെ പക്കല്‍ കടലാസുണ്ടോ?
അച്ചടിച്ച താളുകളില്‍ നിന്നാണത്രേ
അവരും വായിക്കുന്നത്‌.
ഇതുപറഞ്ഞിട്ടവര്‍ അധികാരത്തിലേക്കുള്ള വഴി തേടി;
അധികാരികളെ വിരല്‍ത്തുമ്പുകൊണ്ട്‌ പന്താടിക്കൊണ്ട്‌.
എങ്കിലധികാരികളെക്കാണാമെന്നു ഞാന്‍ കരുതി.
"അധികാരീ, നിനക്കു ശക്തിയുണ്ടല്ലോ അല്ലേ?"
സാഭിമാനം അയാള്‍ പറഞ്ഞു - "ഉണ്ട്‌."
"ഈശ്വരന്റെ സ്വത്ത്‌ ആരെടുക്കും എന്നു
തീരുമാനിക്കുന്നത്‌ നീയല്ലേ?
ആ നീ ഈശ്വരനേക്കാള്‍ വലിയവനാണോ?"
"അതു തീരുമാനിക്കുന്നതു ഞാനല്ല, നിയമമാണ്‌."
"നിയമമുണ്ടാക്കുന്നത്‌ ആരാണ്‌?"
"അതു ഞാന്‍ തന്നെയാണ്‌."
"അതിനു നിനക്കവകാശവും ചുമതലയും
തന്നയൊരാളില്ലേ? അയാളാവില്ലേ പരമാധികാരി?
അയാളാരെന്നു പറയൂ?"
അധികാരി എന്റെ നേരെ വിരല്‍ ചൂണ്ടി.
"അത്‌ നീയാകുന്നു."
തത്ത്വമസി.