Friday, December 12, 2014

സ്വർഗ്ഗത്തിലെ ജനാലയ്ക്കൽ നിന്ന്‌...

ഞാൻ സ്വർഗ്ഗത്തിലിരുന്നാണ്‌ ഇതെഴുതുന്നത്. സ്വർഗ്ഗമെന്നു കരുതിയിരുന്ന മറ്റൊരിടത്തായിരുന്നു ഇന്നലെ വരെ ഞാൻ. കഥ പറയുന്നതിനു മുൻപേ ഞാൻ ആരെന്നു പറയാം. എന്റെ പേര്‌ ലക്ഷ്മി. ഒന്നര വർഷം മുൻപാണ്‌ ഊരും പേരുമറിയാത്ത ആ നാട്ടിലേക്കു ഞാൻ വന്നത്. എനിക്കു ഒത്തിരി സ്നേഹവും കരുതലും ഞാൻ കൊതിച്ച സ്വാതന്ത്ര്യവും എല്ലാം എനിക്കാവോളം കിട്ടിയ ആ വീട്ടിൽ ഞാൻ വന്നത്...

എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നതൊന്നുമല്ല കേട്ടോ..!! വിലയ്ക്കു വാങ്ങിക്കൊണ്ടു വന്നതാണ്‌.. എന്താ ഞെട്ടിയോ ?? ഞാൻ നിങ്ങൾ വിചാരിക്കുന്നതു പോലെ മനുഷ്യസ്ത്രീയല്ല. ലക്ഷ്മി എന്നു സുന്ദരമായ പേരൊക്കെ ഉണ്ടെങ്കിലും(ഉണ്ടായിരുന്നെങ്കിലും) ഞാൻ ഒരു കുതിരയാണ്‌ - ആ! കുതിര!!

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കാണ്‌ എന്നെ ഓമനിച്ചു കൊണ്ടുവന്നത്. കുളനട പുതുവാതുക്കൽ തടത്തിൽ വീട്ടിലേക്ക്. പൂനെയിലെ, അനേകം കുതിരകളെ പൂട്ടിയ, യാന്ത്രികതയും വിരസതയും നിറഞ്ഞ ഒരു ജയിലിൽ നിന്നുമുള്ള നിത്യമായ മോചനമായിരുന്നു എനിക്കു ദൈവത്തിന്റെ നട്ടിലേക്കുള്ള വരവ്. പലതിലൊന്നായി എവിടെയോ ഒതുങ്ങിപ്പോകുമായിരുന്ന ഞാൻ ഒരു കൂട്ടം സുമനസ്സുകളുടെ നടുവിലേക്ക് ഒരു താരത്തെപ്പോലെ, ഒരു രാജകുമാരിയെപ്പോലെ, ഒരു ഭൂലോകസുന്ദരിയെപ്പോലെ വന്നെത്തുകയായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു എനിക്ക്. പൂനെയുടെ ഊഷരതയിൽ നിന്നും പൊടിനിറമുള്ള പ്രകൃതിയിൽ നിന്നും ഉഷ്ണത്തിൽ നിന്നുമെല്ലാം മഴയും തണുപ്പും തണലും പച്ചപ്പും സ്നേഹിക്കാൻ ആളുമുള്ള നാട്ടിൽ 2014 ഡിസംബർ രണ്ടാം തീയതി വരെ ഞാൻ സ്വർഗ്ഗം എന്തെന്നറിയുകയായിരുന്നു.

അന്നാണ്‌ എന്റെ വിധി മാറിമറിഞ്ഞത്. ഒരു പക്ഷേ എനിക്കത്രയൊന്നും ആശിക്കാനോ അഹങ്കരിക്കാനോ എനിക്ക് അർഹതയില്ലാഞ്ഞിട്ടാവാം. അതങ്ങനെയവാൻ എന്തു തെറ്റ് ഞാൻ ചെയ്തെന്നും എനിക്കറിഞ്ഞുകൂടാ. ഞാൻ ഇവിടെയിരുന്നു കൊണ്ട്, വെണ്മേഘങ്ങൾ അതിരിടുന്ന ഈ ജാലകത്തിലൂടെ എനിക്ക് ഞാൻ കഴിഞ്ഞിരുന്നയിടം കാണാം. എന്നെ സ്നേഹിച്ചവരൊഴികെ ബാക്കിയെല്ലാം അവിടെ പതിവുപോലെ നീങ്ങുന്നു. എന്റെ അസാന്നിദ്ധ്യം ഏറ്റം നിർവ്വികാരമായി ഞാൻ കാണുന്നു. എന്റെ അഭാവം പൊഴിക്കുന്ന ശോകം നിസ്സഹായയായി ഞാനറിയുന്നു.

അന്നു രാത്രിയിൽ, ഇരുളിന്റെ മറപറ്റി എന്റെ വീട്ടിൽ ആരെല്ലാമോ കടന്നു വന്നു. നേർത്ത മഞ്ഞിന്റെ സുഖദമായ തണുപ്പിൽ ഞാൻ മയങ്ങി നില്ക്കുകയായിരുന്നു. പെട്ടെന്ന്, തലയിൽ ഒരു മിന്നല്പ്പിണർ വീണതുപോലെ, ശക്തമായ ഒരു താഡനത്തിൽ, അസഹ്യമായ അതിന്റെ വേദനയിൽ ഒരു നിമിഷം എന്റെ പ്രജ്ഞ മരവിച്ചു. ഒന്നു കരയാൻ പോലും ഞാൻ മറന്നു. ഉടലാകെ വേദനയുടെ പൂത്തിരികൾ പൊട്ടിച്ചിതറുന്നതു ഞാനറിഞ്ഞു. എന്റെ പിൻകാലിന്റെ അസ്ഥികൾ നുറുങ്ങിയമരുകയും അടിതെറ്റി നിന്നിടത്തു ഞാൻ വീഴുകയും ചെയ്തു. മഴത്തുള്ളികൾ പെയ്തുപതിക്കുന്നതു പോലെ മർദ്ദനങ്ങളും മുറിവുകളും എന്റെമേൽ വീണുകൊണ്ടിരുന്നു. വേദനയറിയാത്ത ഒരണുപോലും എന്റെ ദേഹത്തില്ലായിരുന്നു. എന്റെ ശരീരം എനിക്കു താങ്ങാനാവാത്ത ഭാരമാണെന്നും ഞരമ്പുകളിലൂടെ അഗ്നിയാണു പ്രസരിക്കുന്നതെന്നും വീണുള്ള കിടപ്പില്പ്പോലും എനിക്കു തോന്നി. എന്റെ കണ്മുന്നിൽ മനുഷ്യരൂപം പൂണ്ട നിഴലുകൾ സംഹാരനൃത്തം ചെയ്തു. അവരുടെ പാദപതനം പോലും എനിക്കു മുറിവുകളും നോവുകളും മാത്രം സമ്മാനിച്ചു. ഒന്നു കരയാൻ പോലുമാവാതെ ഞാൻ അവിടെ വീണുകിടന്നതും അബോധത്തിന്റെ ഏതോ ആഴങ്ങളിലേക്ക് പറന്നിറങ്ങിയതും ഇപ്പോൾ ഓർമ്മയുണ്ട്.

പിറ്റേന്നു മുതൽ വിവിധ ആശുപത്രികളിലായി ഞാൻ ചികിൽസിക്കപ്പെട്ടു. ബോധാബോധങ്ങളുടെ ഏതോ അതിർവരമ്പുകളിൽ വെച്ച് ഒരു യന്ത്രം കൊണ്ട് എന്നെയെടുത്തുയർത്തുന്നതും നഗരങ്ങളുടെ തിരക്കുകളിലൂടെയും രാജവീഥികളിലൂടെയും സൗഖ്യം തേടിച്ചെയ്ത യാത്രകളും ഞാനറിഞ്ഞു. പിന്നെയെപ്പോഴെല്ലാമോ, എന്നെ സ്നേഹിക്കാൻ മാത്രമറിയാവുന്ന കരങ്ങളുടെ സാന്ത്വനമേകുന്ന, ഇടർച്ചകലർന്ന തലോടലുകളും. അപ്പോഴെല്ലാം എനിക്കു പറയണമെന്നുണ്ടായിരുന്നു, എനിക്കിനി തിരികെ വരാനാവില്ല എന്ന്, എന്നോടിത്ര നാൾ കാട്ടിയ സ്നേഹത്തിനു ഇനിയൊരുപാടു ജന്മം കൂടെ നിന്നാലും കടം തീരില്ലയെന്ന്, എനിക്കു തിരികെ വരാനാവില്ലയെന്ന്‌. ഞാൻ വെറുമൊരു ‘മിണ്ടാപ്രാണി’യാണല്ലോ! അപ്പോഴും കനമില്ലാത്ത ഏതോ പ്രതീക്ഷകളിൽ മനസ്സർപ്പിച്ച് എന്റെ ജീവനെ തകർന്ന ശരീരത്തിൽ പിടിച്ചു നിർത്താൻ അവർ ശ്രമിച്ചുകൊണ്ടേയിരുന്നു.

ഒടുക്കം, അറിയാത്ത ഏതോ കാരണങ്ങളാൽ ആക്രമണത്തിനിരയായ ഞാൻ മരണത്തിനു കീഴടങ്ങി. ഞാൻ ഒരു കുതിരയായിരുന്നു. പേപ്പട്ടിക്കുപോലും വിധിക്കപ്പെടാത്ത ദാരുണമായ അന്ത്യമാണ്‌ എന്റെ വീട്ടിന്റെ വേലിക്കെട്ടിനുള്ളിലേക്ക് എന്നെ തേടിവന്നത്. ഞാൻ ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല. എനിക്കൊരേയൊരു സങ്കടമേയുള്ളൂ, എന്റെ യജമാനനോട് എന്റെയുള്ളിൽത്തോന്നിയ സ്നേഹത്തെ ഒരിക്കല്ക്കൂടി അറിയിച്ചുവിടവാങ്ങാൻ എനിക്കു വിധിയുണ്ടായില്ല.

സ്വർഗ്ഗത്തിന്റെ ജനാലയ്ക്കൽ ഇരുന്നു നോക്കുമ്പോൾ എനിക്കെല്ലാം കാണാം, കേൾക്കാം, അറിയാം. എന്നെ പരിക്കേല്പ്പിച്ചവർക്ക് അതിലൂടെ എന്തെങ്കിലും സന്തോഷമോ, നേട്ടമോ ലഭിച്ചതായി കാണാനേ പറ്റുന്നില്ല. പകരം, മനസ്സിന്റെ അടിത്തട്ടിൽ ഉയർന്നു വരുന്ന ഏതോ കുറ്റബോധം മറയ്ക്കാനും ഒന്നുമില്ല ഒന്നുമില്ല എന്നു നടിക്കാനും അവർ ശ്രമിക്കുന്നതു നന്നായി കാണാം. ദൈവം അല്പം കഴിയുമ്പോൾ ഈ വഴി വരുന്നുണ്ട്. എനിക്കുള്ള ഉത്തരങ്ങൾ അപ്പോൾ ലഭിക്കുമായിരിക്കും. താഴെ ഭൂമിയിൽ എന്നെ ഉപദ്രവിച്ചവർക്ക് സമാധാനവും എന്നെ സ്നേഹിച്ചവർക്ക് സന്തോഷവും നല്കണമെന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നുണ്ട്. പിന്നെ ഇതു വായിക്കുന്ന നിങ്ങൾ അവരോടെല്ലാം പറയണം, ഒരു മിണ്ടാപ്രാണി അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്‌. നിർത്തട്ടെ.

Sunday, November 16, 2014

ചൂടുള്ള വാർത്ത!


ജോലി കഴിഞ്ഞ് വീട്ടിലേക്കു വണ്ടി കയറാൻ ഓടുമ്പോഴാണ്‌ ബസ് സ്റ്റാൻഡിൽ മൂന്നുപേർ അടിപിടി കൂടുന്നതു കണ്ടത്. അടിയെന്നു പറഞ്ഞാൽ ചുമ്മാ ഉന്തും തള്ളുമോ കുത്തിനു പിടിക്കലോ ഒന്നുമല്ല. അങ്ങോട്ടുമിങ്ങോട്ടും നല്ല പുഴുത്ത തെറി, ചെകിട്ടത്തടി, കൂമ്പിനിടി, ഒന്നാമൻ രണ്ടാമന്റെ അടിനാഭിക്ക് മുട്ടു കയറ്റുന്നു, രണ്ടാമൻ മൂന്നാമനെ നിലത്തിട്ടു ചവിട്ടുന്നു, മൂന്നാമൻ ഒന്നാമന്റെ ചെവി കടിച്ചു പറിക്കുന്നു, മൂവരുടെയും പൂർവ്വപിതാക്കന്മാർ കല്ലറയിൽ നിന്നും എണീറ്റു വരത്തക്കവിധം തന്തയ്ക്കുവിളി നടക്കുന്നു.... കപടസദാചാരം, വയ്ക്തിസ്വാതന്ത്ര്യം, സംസ്കാരം എന്നിവരായിരുന്നു ആ മൂന്നു പേർ.

അടച്ചിട്ട മുറിക്കു പുറത്തു വന്നപ്പോൾ പൊതു ജനം കാത്തു നില്ക്കുന്നുണ്ടായിരുന്നു. ചിലർക്ക് ഉമ്മ വേണം. ചിലർക്ക് ഒരാശ്ലേഷം മതി. ചിലർക്ക് ഇതൊന്നും വേണ്ടെങ്കിലും ‘കാര്യങ്ങളൊക്കെ’ ഒന്നു കണ്ടാൽ മതി. പ്രത്യേകിച്ച് അഭിപ്രായം ഇല്ലാത്ത കുറെപ്പേർ ഏറ്റവും കൂടുതൽ മെഗാപിക്സൽ ഉള്ള ഫോൺ ക്യാമറകൾ ഓൺ ചെയ്ത് കയ്യില്പ്പിടിച്ചു. ഉമ്മവെക്കാൻ വന്ന പോരാളികൾ പെഴച്ചുണ്ടായതാണോ പെഴച്ചു ജീവിക്കുന്നതാണോ എന്നൊക്കെ അറിയാൻ ചിലർ സ്കൂളിൽ പോലും ചെയ്യാത്ത വിധം ചരിത്രം ചികയാനിറങ്ങി. ഒട്ടൊക്കെ വിജയിച്ചപ്പോൾ മുന്നേ എടുത്ത മെഗാ പിക്സലിന്റെ ചുവട്ടിൽ അക്ഷരം കൊണ്ട് കാർക്കിച്ചു തുപ്പി. എന്നിട്ട് നാട്ടുകാരെല്ലാം നാണമില്ലാതെ മുണ്ടുംപൊക്കി നിന്നു മൂത്രമൊഴിക്കുന്ന ഫേസ്ബൂക്കിന്റെ ഭിത്തിയിൽ കൊണ്ടെ മൈദാപ്പശയും സ്വന്തം ആത്മരതിയുടെ രേതസ്സും സമാസമം ചേർത്തങ്ങ് ഒട്ടിച്ചു! പിന്നാലെ വന്ന സംസ്കാരസമ്പന്നരും സ്വാതന്ത്ര്യവാദികളും സദാചാരരംഗത്തെ പ്രമുഖരും പ്രതിലോമവാദികളും പ്രതിക്രിയാവാദികളും അതിനു കീഴെ താംബൂലചർവ്വണം നടത്തിയിട്ട് ചെഞ്ചോര നിറത്തിൽ തുപ്പി വെച്ചു.

ദൂരെ ദൂരെയെങ്ങോ അരണ്ട വെളിച്ചമുള്ള ഒരു എ.സി. മുറിയുടെ മൂലയ്ക്കിരുന്ന് സരിത മാഡം ഒരു ഏമ്പക്കം വിട്ടു, പിന്നാലെ ആശ്വാസത്തിന്റെ ഒരു നിശ്വാസവും. മനസ്സൊന്നു തണുത്തപ്പോൾ ചാനലിൽ പോയി ഒരു ഷോ നടത്തി. പണ്ടു പണ്ട് ഒരു സാറ്റലൈറ്റ് ചാനലിൽ ഷക്കീലാന്റിയുടെ കിന്നാരത്തുമ്പികൾ പ്രീമിയറായി പാറിനടന്ന ദിവസത്തെ ഓർമ്മിപ്പിച്ച് അന്നും നഗരങ്ങളിൽ വൈകിട്ട് ട്രാഫിക് കുറഞ്ഞു. അന്നു കേബിൾ തകരാറുണ്ടായപ്പോൾ ജീവിതത്തിലാദ്യമായി രാജാക്കാട്ട് കേബിൾ നെറ്റ്വർക്ക് നടത്തുന്ന ജോർജ്ജുകുട്ടി സ്വന്തം തന്ത ആരാണെന്നു പലവുരു കേട്ടറിഞ്ഞു. കിട്ടിയ റേറ്റിങ്ങ് കണ്ടപ്പോൾ ചാനലു മൊതലാളി ഇരുന്ന കസേരേന്നു പൊങ്ങിപ്പോയി. താഴെ വന്നത് ഇവളെ സ്ഥിരം വാർത്ത വായിക്കാൻ ഇരുത്തിയാലോ എന്ന മഹനീയ ചിന്തയുമായാണ്‌. ആ ഷോയുടെ അടങ്കൽ പിടിക്കാൻ വയ്യായിരുന്നോടാവ്വേ എന്നും ചോദിച്ച് കോണ്ടം കമ്പനിയുടെ മുതലാളി മാർക്കറ്റിങ്ങ് വിഭാഗത്തിന്റെ പപ്പും പൂടേം പറിച്ചു കാറ്റിൽ പറത്തി.

ഇനി എന്റെ അമ്മപെങ്ങന്മാരും മക്കളും വായിച്ചറിയുന്നതിന്‌ - ഇങ്ങനത്തെ അബദ്ധം ഇനിയാർക്കെങ്കിലും പറ്റിയാൽ, ആരെങ്കിലും ഭീഷണി മുഴക്കിയാൽ മൈൻഡ് ചെയ്യരുതെന്നും, സ്വന്തം സ്വകാര്യ അവയവങ്ങളുടെ പടമോ സിലുമയോ യേതെങ്കിലും തരത്തിൽ സോഷ്യൽ മീഡിയയിൽ വന്നാൽ കൂടിയാൽ ഒരു മാസമങ്ങു ക്ഷമിച്ചാൽ മതിയെന്നും നവമാധ്യമ ലോകത്തിലെ പുതിയ വിശുദ്ധ ചാനൽ പ്രസംഗത്തിന്റെ ഒന്നാമദ്ധ്യായത്തിൽ അഞ്ചാം വാക്യമായി അരുളിചെയ്തു. മാനം പോയിട്ടും (മനഃപൂർവ്വമോ അല്ലാതെയോ) ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്ക്കുന്നതോടെ ദൈവം തമ്പ്രാനു പോലും പിന്നെ നമ്മളെ ഒന്നും ചെയ്യാനാവില്ല എന്നു പാഠം. ആകെ മുങ്ങിയാൽ കുളിരില്ല എന്നൊരു മട്ട്. ഓന്തോടിയാൽ വേലിക്കൽ വരെ. ചെമ്മീൻ ചാടിയാൽ മുട്ടോളം. കണ്ടോ കണ്ടോ ഒരു ന്യായീകരണം കണ്ടെത്താൻ മലയാളിക്ക് പഴഞ്ചൊല്ലുകൾ കാക്കത്തൊള്ളായിരം.

ഇതും പറഞ്ഞു ചിരിച്ചോണ്ട് വണ്ടിയോടിച്ചു പോയ ഒരുതതൻ വഴിയരികിൽ നിന്ന ഏതോ ഒരു ഇരുകാലിയെ തട്ടിയിട്ടേച്ച് നീട്ടി ഒരു ഹോണുമടിച്ച് ഒരൊറ്റ പോക്ക്. അവനെ എങ്ങനെയും ഓവർടേക്ക് ചെയ്യണം എന്നുകരുതി പിന്നാലെ പാഞ്ഞു വന്നവരെല്ലാം റോഡിലെ കുണ്ടിനെയും കുഴികളെയും പ്രാകി. വീണുകിടന്നയാളുടെ ദേഹം ചമ്മന്തിയായതാണെന്ന് എഫ്.എം.ലെ പെണ്ണിന്റെ ഒലിപ്പീരും കേട്ടിരുന്നതുകൊണ്ട് തിരിഞ്ഞില്ല. ആയിടയ്ക്ക്, ഒരു പാവം പെണ്ണ്‌, പേര്‌ എന്നതാണോ എന്തോ, ഏതോ ആശുപത്രീടെ മുകളിൽ നിന്നു ചാടിയെന്നോ, വീണെന്നോ, മരിച്ചെന്നോ ആ എന്നതാണോ..! പിന്നെ കിഴക്കെങ്ങാണ്ട് അണക്കെട്ടു നിറഞ്ഞെന്നോ, ഷട്ടർ തുറക്കുമെന്നോ... ഓ! പിന്നേ... തലയ്ക്കു മീതെ വെള്ളം വന്നാൽ അതിനെ മീതെ തോണി! ദെ, വാട്സ്ആപ്പിൽ എന്തോ പുതിയ ആപ്പു വന്നിട്ടുണ്ട്, സീ യു ഡാ!

Wednesday, September 17, 2014

ചെസ്സ് നമ്പർ 437

ണവും തുടർന്നു വന്ന അവധികളും ഒക്കെക്കാരണം കുറെ ദിവസം വൈകിയാണ്‌ ആ വർത്ത ഞങ്ങളറിഞ്ഞത് - തോമാച്ചൻ അപ്പനായി! വാട്‌സ്ആപ്പിൽ ഇതു കേട്ടപാടെ അനുമോദിച്ചുകൊണ്ട് വന്ന ഒരു സന്ദേശത്തിന്റെ തുടക്കത്തിൽ ചെസ്സ് നമ്പർ 437 എന്നൊരു ശ്രദ്ധക്ഷണിക്കൽ ഉണ്ടായിരുന്നു. അതെന്താണെന്നു ചോദിക്കവേയാണ്‌ ഈ ആഫീസ് കഥ ഞാൻ കേൾക്കാനിടയായത്.

തോമാച്ചൻ ഞങ്ങളുടെ സഹപ്രവർത്തകനാണ്‌. ഈ കഥയാകട്ടെ കുറെ വർഷം മുൻപ് നടന്നതും.

ഒരിക്കൽ ആഫീസിൽ നിന്നും തോമാച്ചൻ അല്പം നേരത്തേ പോയി. പോകാൻ തയ്യാറാകവേ ആ റൂട്ടിലേക്കുള്ള പതിവു സഹയാത്രികർ പറഞ്ഞു - “തോമാച്ചാ നിക്ക്, നാലരയ്ക്കു തൊടുപുഴയ്ക്ക് (ഓഫീസിലെ) വണ്ടിയുണ്ട്. അതിനു പോകാം..?”

ഡോക്ടറെ കാണണമെന്നും എന്തോ അത്യാവശ്യകാര്യമുണ്ടെന്നും ഒക്കെ പറഞ്ഞ് തോമാച്ചൻ ധൃതികൂട്ടി ഓഫീസ് വിട്ടു.

തൊടുപുഴക്കാരായ സഹപ്രവർത്തകർ മുൻപേ പറഞ്ഞ വണ്ടിക്ക് സ്ഥലത്തെത്തി. അങ്ങനെ നടക്കുമ്പോൾ അതാ, ശരീര സൗന്ദര്യ മൽസരം!! എന്നാൽ വെറുതേ അതൊന്നു കണ്ടുകളയാം എന്നുറച്ച് ഈ ചങ്ങാതിമാർ മൽസരം കാണാൻ കയറി.

പ്രഭാപൂരത്തിൽ മുങ്ങിയ സ്റ്റേജിൽ അപ്പോളതാ വിളിച്ചു പറയുകയാണ്‌ :

ചെസ്സ് നമ്പർ നാനൂറ്റി മുപ്പത്തേഴ്‌!

പിന്നാലെ ദാ വരുന്നു... മസ്സിലും പെരുപ്പിച്ച്, ഉടലാകെ ഉരുട്ടിയുരുട്ടി നീല ഷഡ്ഡിയുമിട്ട് നമ്മടെ തോമാച്ചൻ!!


courtesy - bodybuilding.com

കണ്ടുനിന്ന സഹ അപ്പീസർമാർ അദ്ഭുതത്താൽ വായും പൊളിച്ചു നിന്നു!

തോമാച്ചൻ വേദിയുടെ മുന്നിലേക്കു വന്നു സദസ്സിലേക്കു കണ്ണോടിച്ചതും ദാ നിക്കുന്നു കൂട്ടുകാർ. അപ്പത്തന്നെ “ഡാ തോമാച്ചാ...” ന്ന്‌ അവർ ഒരു വിളി..!!

എന്തു പറയാൻ, ബലൂൺ പോലെ വീർത്തു നിന്നിരുന്ന തോമാച്ചന്റെ മസ്സിലൊക്കെ ഉപ്പിലിട്ട മാങ്ങാ പോലെ ചുളുങ്ങിപ്പോയി.


സോ, ചെസ്സ് നമ്പർ 437, തോമാച്ചനും കുടുംബത്തിനും വാവയ്ക്കും ആശംസകൾ!

Wednesday, August 13, 2014

പതിമൂന്നാന്തീ!

ചില ദിവസങ്ങൾ അങ്ങനെയാണ്‌. വമ്പൻ പ്രതീക്ഷകളോടെയും എളിയ ശ്രമങ്ങളോടെയും തുടങ്ങിയിട്ട് അവസാനം ഒരു കിഴവൻ കഴുതയെപ്പോലെ ഞരങ്ങി ഞരങ്ങിത്തീരും. അങ്ങനത്തെ ഒരു ദിവസത്തെപ്പറ്റിയാണ്‌ ഈ കുറിപ്പ്. ഇന്നത്തെ എന്റെ മൂഡോഫുകളുടെ കഥയിലേക്ക് സ്വാഗതം.

രാവിലെ പതിവിലും നേരത്തെ ഉണർന്നതിനു കാരണം മൂന്നു നാലു ദിവസമായിട്ടും മരുന്നു കഴിച്ചിട്ടും മാറാത്ത ചുമ നല്കിയ അലോസരമാണ്‌. ഹൈറേഞ്ചിലെ മഴക്കാലക്കുളിര്‌ രൂക്ഷമാണ്‌. ഇതിൽ നിന്നു രക്ഷപ്പെടാൻ കമ്പിളി കൊണ്ട് മൂടിപ്പുതച്ചും മങ്കിക്യാപ് ധരിച്ചുമാണ്‌ ഉറക്കം. എന്നിട്ടും രാവിലെ കഫം തൊണ്ടയിൽ കൂട്ടുകൂടി കഷ്ടപ്പെടുത്തിയപ്പോൾ എഴുന്നേറ്റു.

ഒരു വൻ യുദ്ധത്തിനൊടുവിൽ കണ്ഠത്തിലുടക്കിയ കഫത്തെ പറ്റുന്നത്ര ഗെറ്റൗട്ടടിച്ചിട്ട് പല്ലു തേപ്പും ഷേവിങ്ങും കഴിഞ്ഞപ്പോൾ ഇന്നത്തെ ദിനം നേരത്തെ തുടങ്ങിയെന്നോർത്ത് സന്തോഷിച്ചു. ആ അധികനേരത്ത് ബൈക്ക് കഴുകാമെന്നു വെച്ചു. വഴിയിലെ ചെളി മുഴുവൻ ചൂടി ഒരാഴ്ചയായി ഓടുകയാണ്‌ കുടുകുടുവണ്ടി. വാരാന്ത്യത്തിൽ വണ്ടി കഴുകാൻ പറ്റാഞ്ഞതിന്റെ കുറ്റം ഇന്നു തീർത്തു.

അത്യാവശ്യമുള്ള ചില ബാങ്കിടപാടുകൾ തീർക്കുന്നതിന്‌ അച്ഛനെ ഏർപ്പാടാക്കി. ബാങ്കിലടയ്ക്കാനുള്ള തുകയുടെ ചെക്ക് എഴുതി. നാളെ ഞാനും ബാങ്കിൽ നേരിട്ടു ചെല്ലണം. ഇത്രയൊക്കെയായപ്പോഴേക്കും സമയമായി. ഷർട്ട് നേരത്തെ ഇസ്തിരിയിട്ടു വെച്ചിട്ടുണ്ട്, അപ്പോൾ ആ പണി ഒഴിവായി. ഇന്നു പുതിയ പാന്റ്സ് ആണു ധരിക്കുന്നത്. അതിന്റെ ഒരു സന്തോഷവും ഉണ്ട്.

കുളിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും മഴയായി. ഭക്ഷണം കഴിച്ച് കൃത്യ സമയത്തുതന്നെ ഇറങ്ങി. മഴയ്ക്ക് കാഠിന്യം കുറവാണ്‌. ടൗണിൽ പതിവു സ്ഥലത്ത് ബൈക്ക് പാർക്ക് ചെയ്തിട്ട് പതിവു ബസ്സിൽ ഓഫീസിലേക്ക് പോയി. പുറപ്പെട്ട ശേഷമാണ്‌ ആ സത്യം ഞാൻ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ എടുക്കാൻ മറന്നിരിക്കുന്നു!! മനസ്സിൽ ഒരു ചില്ലുകൊട്ടാരം ഉടഞ്ഞുവീണൂ. ഇന്നു ബുധനാഴ്ച. ഓഫീസിൽ വലിയ തിരക്കുള്ള ദിവസമാണ്‌. പലയിടത്തു നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് വിളി വരും. ബസ്സിൽ നിന്നും ഇറങ്ങി തിരികെ വീട്ടിൽ വന്ന്‌ മൊബൈൽ എടുത്താലോ എന്നു വരെ ചിന്തിച്ചുപോയി.

ബെസ്റ്റ്!! പത്തരയ്ക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ ഒരു മീറ്റിങ്ങ് ഉണ്ട്. ബന്ധപ്പെട്ട സെക്‌ഷനിലെ ആൾ ലീവായതുകൊണ്ട് പകരം ഞാൻ കയറണം. അതുകൊണ്ട് ഇന്നെന്തായാലും താമസിച്ച് ഓഫീസിലെത്താൻ പറ്റില്ല. ഫോൺ ഇല്ലാതെ തന്നെ യാത്ര തുടരാൻ നിശ്ചയിച്ചു. ഓഫീസിൽ വന്നയുടനെ വീട്ടിൽ വിളിച്ച് ഞാൻ ഫോൺ എടുത്തിട്ടില്ലെന്ന്‌ അറിയിച്ചു. അച്ഛൻ ബാങ്കിൽ പോകുന്ന സമയത്ത് എന്തെങ്കിലും ആവശ്യം വന്നാൽ ഓഫീസ് നമ്പറിൽ വിളിച്ചാൽ മതിയെന്ന്‌ ശട്ടം കെട്ടി.

രണ്ടു മൂന്നു ദിവസമായി ചെയ്യാൻ പറ്റാതിരുന്ന ഒരു ഓർഡർ തയ്യാറാക്കി ഒപ്പിടുവിച്ച് അയക്കണം. അതിന്‌ അവലംബമായ അപേക്ഷ ഇന്നലെ മുതൽ തിരയുന്നതാണ്‌. അവസാനം സ്കാൻ ചെയ്തതിന്റെ പ്രിന്റ് എടുത്ത് ഫയൽ എഴുതി വെക്കാമെന്നു നിനച്ചു. പക്ഷേ പ്രിന്ററിന്റെ ടോണർ നിറയ്ക്കാനായി ഇന്നലെ കൊടുത്തിരിക്കുകയാണ്‌. മറ്റൊരു പ്രിന്ററിലെ കാട്രിഡ്ജ്‌ തല്ക്കാലത്തേക്ക് എടുത്ത് പ്രിന്റെടുത്തു ഫയലാക്കി. അപ്പോഴേക്കും മീറ്റിങ്ങിനു പോകാറായി.

ഇടുക്കി മെഡിക്കൽ കോളേജ് രൂപീകരണം സംബന്ധിച്ച യോഗമാണ്‌. മെഡിക്കൽ കോളേജിന്റെ സ്പെഷ്യൽ ഓഫീസറും പ്രിൻസിപ്പലും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കളക്ടറുടെ അധ്യക്ഷതയിൽ കൂടിയിരിക്കുകയാണ്‌. ആ യോഗത്തിൽവെച്ചു ഞാൻ അനിയന്ത്രിതമായി ചുമയ്ക്കാൻ തുടങ്ങി. ഒരു റൗണ്ട് കഴിയുമ്പോൾ തുടങ്ങും അടുത്തത്. ഇറങ്ങിപ്പോകാനും വയ്യ, ഇരിക്കാനും വയ്യ, അടക്കിവെക്കാനും വയ്യ! ചുമച്ചു തുമച്ച്‌ എന്റെ കണ്ണു നിറഞ്ഞു. ഭാഗ്യത്തിന്‌ അപ്പോൾ ചായ എത്തി. ചൂടു ചായ രണ്ടു കവിൾ മൊത്തിക്കുടിച്ചപ്പോൾ തൊണ്ടയിലെ കിരുകിരുപ്പും ചുമയും ശമിച്ചു. പിന്നീട് യോഗത്തിൽ എന്റെ സാന്നിദ്ധ്യം ശാന്തമായിരുന്നു.

യോഗം കഴിഞ്ഞിറങ്ങിയപ്പോൾ കാല്പാദത്തിന്റെ ഒരു വശത്ത് ചോര ഒലിക്കുന്നു. അട്ട! ഓഫീസിന്റെ പരിസരത്തും റോഡരികിലുമെല്ലാം മഴയായാൽ അട്ടയുടെ എട്ടുകളിയാണ്‌. രാവിലെ ബസ്സിറങ്ങി ഓഫീസിലേക്കു നടന്നു വരുന്ന വഴി എപ്പോഴോ കയറിപ്പറ്റിയതായിരുന്നു ഈ അട്ട. ആശാൻ പണ്ടേ ആവശ്യത്തിനു ചോര മോന്തി സ്ഥലം കാലിയാക്കിയിരുന്നു. പുത്തൻ പാന്റ്സിന്റെ അടിഭാഗത്ത് അല്പം ചോര പറ്റിയിട്ടുണ്ടെങ്കിലും ഇരുണ്ട നിറമുള്ള തുണിയായതിനാൽ ഒന്നും കാണാനില്ല. തുടർന്ന് ഞാൻ കാൽ കഴുകാൻ പോയി.

സീറ്റിൽ ചെന്നപ്പോൾ അവിടെ പൂരത്തിനുള്ള ആൾ. ഓരോ അപേക്ഷയും വാങ്ങി അതിനുള്ള മറുപടിയും പറഞ്ഞു. ഇന്നു തന്നെ തയ്യാറാക്കേണ്ട റിപ്പോർട്ടുകൾക്കുള്ള പേപ്പറുകൾ ശരിയാക്കൻ ഏർപ്പാടുണ്ടാക്കി. രാവിലെ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഓർഡർ ഡ്രാഫ്റ്റ് ചെയ്ത് വേഗം തന്നെ സാങ്ക്‌ഷനാക്കി അയയ്ക്കാൻ ഏല്പ്പിച്ചു. സമയം 12.45! അതിനിടയിൽക്കൂടി തുരുതുരെ ഫോൺ കാളുകൾ(ഓഫീസ് ഫോണിൽ). ഊണുകഴിക്കാൻ പോകുമ്പോളും ഇന്നു തയ്യാറാക്കാനുള്ള റിപ്പോർട്ടുകളുടെ മൂന്നു ഫയലുകളിൽ തൊടാൻ പോലും നേരം കിട്ടിയില്ല.

ഊണുകഴിഞ്ഞു വന്നപ്പോൾ ബാങ്കിൽ നിന്നും വിളി വന്നിരുന്നു. തിരിച്ചു വിളിച്ചു. എഴുതിക്കൊടുത്ത ചെക്ക് അവിടെ മാറാൻ പറ്റില്ലെന്ന്‌. തിരിച്ചടവ്‌ ഒരു ദിവസം കൂടി വൈകും. അങ്ങനെ ഇന്നത്തെ കാര്യം അവിടെയും ഗോവിന്ദ!

വരുന്നവഴി വരാന്തയിലെ ബെഞ്ചിൽ ഒരു മുഖം കണ്ടപ്പോൾ ഒന്നു ഞെട്ടി. ഇയാൾ ഇന്നും വന്നോ!!? കക്ഷി ഒരു ശല്യക്കാരൻ വ്യവഹാരിയാണ്‌. സാവധാനം അയാളുടെ കാര്യം തീരുമാനമാക്കാം എന്ന്‌ പറഞ്ഞാൽ കേൾക്കില്ല. കൊടുക്കുന്ന മറുപടികൾ ഒരു ചെവീൽ കൂടി കയറ്റി മറ്റേ ചെവിയിൽ കൂടി പുറത്തു കളയും. സീറ്റിനു സമീപം തോക്കുപോലെ വന്നു നിൽക്കും, എന്നിട്ട് മോണിട്ടറിലേക്കു നോക്കിക്കൊണ്ട് നിൽപാണ്‌. അങ്ങനെ കക്ഷികൾ നിന്നാൽ എനിക്ക് കംഫർട്ടബിളായി ജോലി ചെയ്യാൻ സാധിക്കില്ല. നമ്മൾ നിരീക്ഷിക്കപ്പെടുന്നു എന്നൊരു തോന്നൽ അറിയാതെ അലട്ടിക്കൊണ്ടിരിക്കും. ഇത് ജോലിയുടെ ഒഴുക്കിനെ ബാധിക്കുമെന്നതിനാൽ അങ്ങനെ നിൽക്കുന്നവരെ ഞാൻ മാറ്റി നിർത്താറുണ്ട്. ഇയാളോടും മറുപടി പറഞ്ഞ ശേഷം ഞാൻ ജോലിയിൽ മുഴുകി. അപ്പോഴും ഇങ്ങേർ ഈ നിൽപാണ്‌. അര മണിക്കൂർ കഴിഞ്ഞു കാണും, അയാൾ സ്വയം പിൻവാങ്ങി (സർക്കാരിനെ കബളിപ്പിക്കുന്നതു തൊഴിലാക്കിയ ആളായതുകൊണ്ടാണു കെട്ടോ ഈ സമീപനം). പക്ഷേ, ഒന്നുറപ്പ് - അയാൾ മൂന്നു പ്രവൃത്തി ദിവസങ്ങൾക്കകം വീണ്ടും വരും.

രണ്ടു റിപ്പോർട്ടുകൾ അയച്ചു. ഇനി ഒന്നു കൂടി. അതിന്റെ പണി തുടങ്ങുന്ന നേരത്ത് ‘കാതു കുത്തിയവൻ പോയപ്പോൾ കടൂക്കനിട്ടവൻ വന്നു’ എന്നു പറയുന്ന പോലെ ഒരു കടുംവെട്ട് കക്ഷി വന്നു. ഇതും നമ്മുടെ ഒരു സ്ഥിരം ക്ലയന്റാണ്‌. ഇയാളുടെ അപേക്ഷയിലെ സർക്കാർ ഉത്തരവു സംബന്ധിച്ച് ഒരു തർക്കമുണ്ട്. അതിന്റെ റിപ്പോർട്ടു കിട്ടാതെ ഇങ്ങേരുടെ പ്രശ്നം പരിഹരിക്കാനാവില്ല എന്ന വിവരം എനിക്കറിയാവുന്ന എല്ല ഭാവത്തിലും വികാരത്തിലും അയാളുടെ മുഖത്തു നോക്കിയും ആവർത്തിക്കേണ്ടി വന്നപ്പോൾ സ്ക്രീനിൽ നിന്നു കണ്ണെടുക്കാതെയും അയാളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. പത്തുപതിനഞ്ചു മിനിറ്റ് വേണ്ടിവന്നു അയാളെയും വല്ലവിധേനയും ഒന്നു സമാധാനിപ്പിച്ചു വിടാൻ. ധൃതി കൂട്ടി റിപ്പോർട്ട് പ്രിന്റെടുത്തു. അപ്പോൾ അതിൽ ഒരു പിശക്‌. ഏറ്റവും അത്യാവശ്യമായി എന്നെല്ലാം ഡ്രാഫ്റ്റ് തയ്യാറാക്കിയോ അന്നെല്ലാം അതിൽ അറ്റകുറ്റപ്പണി വേണ്ടിവന്നിട്ടുണ്ട്. ഇന്നും വിഭിന്നമല്ല. ഡ്രാഫ്റ്റ് റെഡിയായപ്പോൾ ഫയലിൽ ഒപ്പിടേണ്ട ഏമാൻ സീറ്റിലില്ല. കളക്ടറുമായി സംസാരിക്കുന്നു. കാത്തു നിന്നുനിന്ന്‌ ഒരു ഇരുപത്തഞ്ചു മിനിറ്റും പതിവായി പോകുന്ന ബസ്സും കടന്നുപോയി. അവസാനം കക്ഷിയുടെ കൈവശം റിപ്പോർട്ട് കൊടുത്തയച്ചപ്പോൾ നേരം ഏറെ വൈകി. അതിനിടെ, റിപ്പോർട്ടു കൈപ്പറ്റി എന്നെഴുതി ഒപ്പിട്ടു തരാൻ പറഞ്ഞപ്പോൾ ‘കയ്യിൽ പറ്റി’ എന്നയാൾ എഴുതിവെച്ചത് പിന്നീട് ചിരിക്കാനും വകനല്കി. വാലിനു തീപിടിച്ചതുപോലെ തിരക്കിട്ട് കാര്യങ്ങൾ നടത്തേണ്ടി വന്ന മറ്റൊരു ദിനം കൂടി.

തിരികെ പോരുമ്പോൾ ഉടനീളം മഴ. കട്ടപ്പനയ്ക്കുള്ള വഴിയിൽ നിറയെ മഞ്ഞ്. ബസ്സിലിരുന്ന്‌ അതികഠിനമായി ചുമച്ചു. അത് ഏറിയപ്പോൾ എനിക്ക് എന്നോടു തന്നെ ഈർഷ്യ തോന്നി. ഭാഗ്യവശാൽ അല്പം കഴിഞ്ഞപ്പോൾ ശമനമുണ്ടായി. ടൗണിൽ നിന്നും വീട്ടിലേക്കു ബൈക്കിൽ വരുമ്പോഴും മഴ. ചുരുക്കത്തിൽ രാവിലെ വണ്ടി കഴുകിയതിന്റെ ഗുണം തീർന്നുകിട്ടി. ഒരു ദിവസം തികച്ച് വൃത്തിയായിട്ടിരിക്കാൻ വണ്ടിക്ക് യോഗമില്ലെന്നു തോന്നുന്നു.

സകല പ്രസരിപ്പും വറ്റി ചുമച്ചു പൊട്ടിയ തൊണ്ടയും മഴയേറ്റു വിറങ്ങലിക്കുന്ന ശരീരവുമായി നാളെയെങ്കിലും നന്നാവുമെന്ന പ്രതീക്ഷയോടെ!


PS : നാളെ നന്നാവാനേ തരമുള്ളൂ. കാരണം ഞാൻ ഒരു ഓഫ് എടുക്കുകയാണു നാളെ!

Monday, July 14, 2014

റവന്യൂ മീറ്റ്

ലിംകുമാർ എന്ന ഓഫീസ് അറ്റൻഡന്റിനെ സലിയച്ചൻ എന്നാണ്‌ എല്ലാവരും വിളിക്കുന്നത്. ഇന്ത്യാക്കർ നാലു വർഷം കൂടുമ്പോൾ കെട്ടും കെടയുമെടുത്തു ഒളിമ്പിക്സിനു പോകുന്നതു പോലെ പണ്ടൊരിക്കൽ സലിയച്ചനും മറ്റ്‌ കുറേ വിദ്വാന്മാരും കൂടി തിരുവനന്തപുരത്തു പോയി - റവന്യൂ കായികമേളയിൽ പങ്കെടുക്കാൻ. അന്നു വീണ ഒരു ഡയലോഗിനെപ്പറ്റിയാണ്‌ ഈ കഥ.

ഓഫീസിലെ പതിവു ജോലികളും (ജോലിയില്ലായ്മയും) ഇടയ്ക്കൊക്കെ വന്നു വീഴുന്ന ഔദ്യോഗികയാത്രകളും കഴിഞ്ഞാൽ ഇങ്ങനെ അടിച്ചു പൊളിക്കാൻ പറ്റിയ അവസരങ്ങൾ സർക്കാർ സർവ്വീസിൽ കുറവാണ്‌. ട്രാക്കും ഫീൽഡും സ്കൂൾ പഠനകാലത്തുപോലും കാണാത്തവരും സർക്കാർ ഉദ്യോഗസ്ഥരുടെ മൽസരങ്ങൾക്കു പോകുന്നതിന്റെ ഒരു കാരണം ഈ അടിച്ചുപൊളിക്കൽ തന്നെയാണ്‌. ഇടുക്കിയിൽ നിന്നും പണ്ടൊരു ടീം വോളിബോൾ കളിക്കാൻ പോയിട്ട് കപ്പടിക്കാൻ പറ്റണേ എന്നല്ല പ്രാർഥിച്ചത്. മറിച്ച്, ആദ്യത്തെ റൗണ്ടിൽ തന്നെ ഔട്ടാകണേ എന്നാണ്‌. എങ്കിൽ പിന്നെ മീറ്റിന്റെ ശേഷിച്ച ദിവസങ്ങൾ പരിസരങ്ങളിലൊക്കെ കറങ്ങി ലാലാ പാടി നടക്കാമല്ലോ!

കഥാനായകൻ സലിയച്ചന്റെ ഐറ്റം ഓട്ടമായിരുന്നു. ദീർഘദൂരൻ. ആളു സ്പോർട്സ്മാൻ ആണോ അതോ ഇനി പട്ടി ഓടിക്കുമ്പോൾ മാത്രമേ ഓടാറുള്ളോ എന്നൊന്നും അറിയാന്മേല. മദ്യപാനശീലത്തിനു കുപ്രശസ്തിയുള്ള ഡിപ്പാർട്ട്മെന്റിന്റെ നല്ല സാമ്പിളായിരുന്നു ഈ സംഘം. പകലുമുഴുവൻ കോർട്ടിലെ മൽസരം.സന്ധ്യ കഴിഞ്ഞാൽ കുപ്പീം ഗ്ലാസ്സും കൊണ്ട് മൽസരം. അങ്ങനെ കലാപരിപാടികൾ മുറയ്ക്കു നടന്നു, മൽസരദിവസം സലിയച്ചൻ ട്രാക്കിലിറങ്ങി. സഹപ്രവർത്തകർ അങ്ങുമിങ്ങുമായി മൽസരം കാണാൻ നില്ക്കുന്നുണ്ട്.

ഓട്ടക്കാർ നിരന്നു. വിസിൽ മുഴങ്ങി. സലിയച്ചനെ അനായാസം പിന്തള്ളി മിടുക്കന്മാർ അതിവേഗം ബഹുദൂരം മുന്നേറി. മൽസരം തീർന്നു.

പിന്നീടു കണ്ടപ്പോൾ സഹപ്രവർത്തകൻ ക്ലർക്ക് ശ്രീ.കഠിനംകുളം കുഞ്ഞുമോൻ സലിയച്ചനോട് ഒരു വിവരം അന്വേഷിച്ചു. സലിയച്ചൻ കുഞ്ഞുമോൻ സാറിനെ ഊടുപാട് തെറി. സലിയച്ചനോട് ഇപ്പോ അക്കാര്യം തിരക്കിയാലും അന്നു കുഞ്ഞുമോൻ സാറിനു കിട്ടിയതിന്റെ വീതം നമുക്കും കിട്ടും. പക്ഷേ ചോദിക്കുമ്പോൾ കുഞ്ഞുമോൻ സാറിന്റെ തിരുവനന്തപുരം ശൈലിയിൽ തന്നെ ചോദിക്കണം - “ടേയ് സലീ... നീയ്യൊരു യേഴു പേരെയും ഓട്ടിച്ചോണ്ടു പോണ കണ്ടല്ലാടേയ്!! അതെന്തരായിര്‌ന്ന്‌ ??”

Sunday, May 04, 2014

ഇടവേളയ്ക്കു ശേഷം

ആഫീസ് കഥകളുടെ ഗണത്തിലേക്ക് ഒന്നു കൂടി...

ടുക്കി ജില്ലയിലെ ഒരു വില്ലേജ് ആഫീസാണു രംഗം. നേരം രാവിലെ ഒൻപതേ മുക്കാലാകുന്നു. എന്റെ സുഹൃത്തായ ഒരു വില്ലേജ് അസിസ്റ്റന്റ് ആണ്‌ സീനിൽ. ചെയ്തു തീർക്കാൻ പണി അധികമുള്ളതുകൊണ്ട് നേരത്തെ വന്ന്‌ ഓഫീസ് തുറന്ന് ഓരോ എഴുത്തുകുത്തുകൾ നടത്തുകയാണ്‌. ഇടപാടുകാരൊക്കെ വരുന്ന നേരമാകുന്നതേയുള്ളൂ. അപ്പോൾ, കാലേകൂട്ടി വന്ന ഒരു സ്ത്രീ ആഫീസ് മുറിയിലേക്കു കടന്നു വന്നു. സ്വസ്ഥമായി പണി ചെയ്യുന്നതിനായി നേരത്തെ വന്നിരിക്കുന്ന നേരത്ത് കയറിവന്നിരിക്കുന്ന ഈ സ്ത്രീയെ ഒരു ശല്യമായാണ്‌ അയാൾക്കു തോന്നിയത്. എന്തയാലും വന്നതല്ലേ, അവരുടെ മുഖത്തു പോലും നോക്കാതെ ഇരിക്കാൻ പറഞ്ഞു. മേശയ്ക്കു മുന്നിലെ കസേരയിൽ അവർ ഇരുന്നു. അയാൾ അപ്പോഴും രജിസ്റ്ററിൽ നിന്നും കണ്ണെടുക്കാതെ എഴുത്തു തുടർന്നു.


കുറെ നേരമായിട്ടും അവർ ഒന്നും മിണ്ടാതിരുന്നപ്പോൾ അയാൾ ചോദിച്ചു. - “എന്താ വന്ന കാര്യം..?”

“സാറെ, കരമടയ്ക്കാനായിരുന്നു..” അവരുടെ മറുപടിയിൽ ഒരു സംശയഭാവം നിഴലിച്ചിരുന്നു.

ഭൂനികുതി സ്വീകരിച്ച് രസീതു കൊടുക്കുന്നത് പത്തുമണിക്കു ശേഷമേ ചെയ്യൂ എന്നതാണു കീഴ്വഴക്കം. എന്തായാലും മറ്റു വിവരങ്ങൾ ചോദിച്ചു.

“പഴയ രസീതു കൊണ്ടുവന്നിട്ടുണ്ടോ?”

“ഇല്ല. പഴയ രസീതൊന്നും കൈയ്യിലില്ല.” പഴയ രസീതുണ്ടെങ്കിൽ വില്ലേജ് റിക്കാർഡിൽ ഭൂവുടമയുടെ തണ്ടപ്പേർ നമ്പർ കണ്ടെത്താൻ എളുപ്പമാണ്‌. അതിനായി കരമടയ്ക്കാൻ ചെല്ലുന്നവരോട് മുൻപു കരമടച്ച രസീത് ആവശ്യപ്പെടുക പതിവുണ്ട്. ഇവരുടെ പക്കൽ അതില്ലെന്നറിഞ്ഞതോടെ എന്റെ കൂട്ടുകാരൻ അല്പം നിരാശനായി.

“ആധാരം... ഉണ്ടോ?” അടുത്ത ചോദ്യം.

“ഇല്ല.”

“ആട്ടെ, തണ്ടപ്പേർ നമ്പർ അറിയാമോ?”

“അറിയില്ല!”

“സർവ്വേ നമ്പരോ..?”

“അറിയില്ല.” തുടർന്ന് സ്ഥലം സ്ഥിതി ചെയ്യുന്നത് ഏതു പ്രദേശത്താണെന്നു വിവരിച്ചുതന്നു. റീസർവ്വേ കഴിഞ്ഞ സ്ഥലമാണ്‌. പഴയ സർവ്വേ നമ്പരല്ല നിലവിൽ ഉപയോഗിക്കുന്നത്.

“സർവ്വേ നമ്പരെങ്കിലും അറിയാതെ കാര്യമില്ലല്ലോ. ഉം... എത്രനാളായി കരമടച്ചിട്ട്..??”

“കുറെ നാളായി...” വർഷങ്ങളായി എന്നു ചുരുക്കം. രാവിലെ തന്നെ ഒരു വള്ളിക്കേസ് വന്നു കേറി എന്നുറപ്പിച്ചെങ്കിലും അപ്പോഴും ഇയാൾ മുഖമുയർത്തി ആ സ്ത്രീയെ നോക്കിയില്ല.

“നിങ്ങളിത്രേം നാൾ എവിടെയായിരുന്നു??” അയാളുടെ സ്വരത്തിൽ നേരിയ പുച്ഛം കലർന്നിരുന്നു. പക്ഷേ അതിന്‌ ആ സ്ത്രീ തന്ന മറുപടി അയാളെ ഞെട്ടിച്ചുകളഞ്ഞു :

“ഞാൻ ജയിലിലാരുന്നു സാറെ!”

അപ്പോൾ മാത്രമാണ്‌ അയാൾ അവരെ ശ്രദ്ധിച്ചത്. ഏകദേശം അൻപതു വയസ്സു പ്രായമുണ്ടാവും അവർക്ക്. അവരുടെ സ്വരത്തിലും മുഖത്തും തികഞ്ഞ നിസ്സംഗതയായിരുന്നു.

“നി..നിങ്ങളെന്തിനാ ജയിലിൽ..??”

“കൊലപാതകമായിരുന്നു സാറെ!!” അതുകൂടി കേട്ടതോടെ അയാൾ പേന താഴെ വെച്ചു. അതു പറയുമ്പോഴും അവരിൽ അതേ നിസ്സംഗത നിറഞ്ഞു നിന്നു. സാധാരണ വണ്ണവും പൊക്കവും മാത്രമുള്ള ഒരു വീട്ടമ്മ. അവരെ കണ്ടാൽ ഒരു കൊലപാതകക്കുറ്റത്തിനു ജയിൽ ശിക്ഷ കഴിഞ്ഞയാളിന്റെ യാതൊരു ലക്ഷണവും പറയാനുമില്ല.

“ആരെയാ കൊന്നത്??”

ഇടനേരത്തെ മൗനത്തിനു ശേഷം അവർ പറഞ്ഞു : “പുള്ളിക്കാരനെക്കൊണ്ട് ഭയങ്കര ശല്യമാരുന്നു സാറെ. എന്നും കുടീം ബഹളോം. അന്ന്‌... അന്നെനിക്ക് അങ്ങനെ ചെയ്യാനേ തോന്നിയുള്ളൂ.. സഹികെട്ടപ്പഴാ, ഞാൻ ആ കൊച്ചിനേം എടുത്തോണ്ട് പോയി പുഴേലോട്ട് ചാടി... ആരാണ്ടൊക്കെക്കൂടി എന്നെ രക്ഷപ്പെടുത്തി. പക്ഷെ കൊച്ച് ഒഴുകിപ്പോയി. കുറെ കഴിഞ്ഞപ്പോ കൊച്ചിന്റെ ശവം കിട്ടി. പൊലീസു വന്നു. ഞാൻ കൊലപാതകി ആയി.”

ബാക്കി കഥ ഇങ്ങനെ ചുരുക്കിപ്പറയാം. ആ സ്ത്രീ അകത്തായി. കേസ് നടത്താൻ പോലും ആരും ഇവരെ സഹായിച്ചില്ല. ഒടുക്കം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഈ ലോകത്ത് തികച്ചും ഏകയാണെന്ന് അവർക്കു മനസ്സിലായി. ഭർത്താവ് മറ്റൊരു സ്ത്രീയുമായി പണ്ടേക്കുപണ്ടേ ജീവിതം തുടങ്ങിയിരുന്നു. അമ്മയും അച്ഛനും മരിച്ചു. സ്വന്തമെന്നു പറയാൻ ആരുമില്ലാതായി. ശിക്ഷ കഴിഞ്ഞുവന്ന് ഇവർ സമീപത്തുള്ള ഒരു കന്യാസ്ത്രീ മഠത്തിൽ അല്ലറചില്ലറ പണികളൊക്കെ ചെയ്തു കഴിയുന്നു.

മാതാപിതാക്കളിൽ നിന്നും ഇവർക്കു ലഭിച്ചതായിരുന്നു കരമടയ്ക്കാനായി ഇവർ സൂചിപ്പിച്ച സ്ഥലം. നിലവിൽ അതു ഭർത്താവാണ്‌ കൈവശം വച്ചിരിക്കുന്നത്. സത്യത്തിൽ അത് ഈ സ്ത്രീയുടെ പേരിൽത്തന്നെ ഉണ്ടായിരുന്ന സ്ഥലമാണ്‌. അതൊന്നു കരമടച്ചു കിട്ടാൻ വല്ല വഴിയുമുണ്ടോ എന്നറിയാൻ വന്നതായിരുന്നു അവർ.

ഹതാശയായ ആ സ്ത്രീക്ക് ആ സ്ഥലം പിടിച്ചുവാങ്ങിച്ചിട്ട് ഒന്നും നേടാനില്ലായിരുന്നു. അതിന്‌ അവർ പറഞ്ഞത് ഇങ്ങനെയാണ്‌ : “എനിക്ക് എന്റെ അപ്പനമ്മമാരായിട്ട് തന്ന സ്ഥലമായതുകൊണ്ടാ സാറെ.. ഇനി അല്ലേത്തന്നെ അതു കിട്ടിയാലും എനിക്കതുകൊണ്ട് വെല്യ പ്രയോജനമൊന്നും ഇല്ല. എനിക്കു പോകാൻ മറ്റൊരിടവുമില്ല. അതുകൊണ്ടാ...”

അവരെ സഹായിക്കണമെന്നുണ്ടായിരുന്നു അയാൾക്ക്. അവരുടെ സ്ഥലത്തിന്റെ അടുത്തുള്ള പുരയിടത്തിന്റെ സർവ്വേ നമ്പർ കണ്ടുപിടിക്കാൻ പറഞ്ഞേല്പ്പിച്ചിട്ട് അവരെ അന്നു യാത്രയാക്കി. അതിനു ശേഷം പരിസരങ്ങളിൽ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞതെല്ലാം സത്യമായിരുന്നെന്നും മഠത്തിലാണ്‌ അവർ കഴിഞ്ഞുകൂടുന്നതെന്നും അറിയാനും പറ്റി.

പിന്നീട് ഒരു വർഷത്തോളം ഇദ്ദേഹം ആ ആഫീസിൽ ഉണ്ടായിരുന്നു. അക്കാലത്തൊന്നും കൈവിട്ടുപോയ ഭൂസ്വത്ത് തിരികെപ്പിടിക്കാൻ ആ സ്ത്രീ വീണ്ടും വില്ലേജ് ആഫീസിന്റെ പടികയറി വന്നില്ല. എല്ലാം നഷ്ടപ്പെട്ട ജീവിതം ആ കന്യാസ്ത്രീമഠത്തിന്റെ അടുക്കളയിൽ അവർ ഒതുക്കിക്കളഞ്ഞുകാണണം.

Wednesday, March 12, 2014

എൻക്വയറി റിപ്പോർട്ട്


ആമുഖം - ഇത് ഒരു സഹപ്രവർത്തകൻ പറഞ്ഞ കഥയാണ്‌. ആഫീസ് കഥകൾ എന്ന് ഈ യഥാർഥ സംഭവങ്ങളെ വർഗ്ഗീകരിക്കുമ്പോൾ തന്നെ മിക്കതും ഞാൻ ജോലി ചെയ്യുന്ന റവന്യൂ വകുപ്പിൽ ഉണ്ടായിട്ടുള്ള സംഭവങ്ങളാണ്‌. ജനങ്ങളോട് അടുത്തിടപഴകുന്ന ഒരു വകുപ്പ് എന്ന നിലയിൽ ജീവിത ഗന്ധിയായ അനേകം സംഭവങ്ങൾക്ക് റവന്യൂ ഡിപ്പാർട്ട്മെന്റിലെ, പ്രത്യേകിച്ചും വില്ലേജാഫീസിലെ, ജീവനക്കാർ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെയുള്ളവയിൽ ഞാൻ കേട്ട ഒരു കഥ എന്റെ വാക്കുകളിൽ..

ഇടുക്കി ജില്ലയിലെ ഒരു മലമ്പ്രദേശത്തെ വില്ലേജതിർത്തിയിലാണ്‌ ഈ സംഭവം നടക്കുന്നത്. തിരക്കുകൾ മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ലാത്ത ഒരിടമാണ്‌ വില്ലേജാഫീസ്. അതിനാൽ ഓഫീസിലെ പതിവു പണികൾക്കു മുടക്കം വരാത്തവിധം അഞ്ചു മണിക്കുശേഷമാണ്‌ ഞാൻ അപേക്ഷകളിലും പരാതികളും സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കു പോവാറ്‌. അന്ന്‌ വില്ലേജാഫീസർ എന്നെ ഏല്പ്പിച്ചത് ഒരാളുടെ മരണത്തിന്റെ പിന്നാലെ ഉയർന്ന പരാതിയുടെ അന്വേഷണമാണ്‌.

കെ.എസ്.ഇ.ബി.വക സ്ഥലത്ത് പുല്ലുചെത്താൻ പോയ ഒരാൾ പൊട്ടിക്കിടന്നിരുന്ന ലൈനിൽ നിന്നോ മറ്റോ ഷോക്കേറ്റു മരിച്ചു. ഇയാളുടെ കുടുംബത്തിനു സർക്കാരിൽ നിന്നും യാതൊരു വിധത്തിലുള്ള ധനസഹായവും ലഭിച്ചില്ല. വൈദ്യുതി ബോർഡിൽ നിന്നും ഒരു തുക ഇവർക്കു നഷ്ടപരിഹാരമായി കിട്ടാൻ അർഹതയുണ്ടത്രേ. എന്നാൽ, ബോർഡ് വക സ്ഥലത്ത് അതിക്രമിച്ചു കടന്നു എന്നൊരു ന്യായം പറഞ്ഞ് ആ തുക നല്കാൻ അവർ കൂട്ടാക്കുന്നില്ല എന്ന്‌ പരേതന്റെ ഭാര്യ നല്കിയ പരാതിയിലാണ്‌ അന്വേഷണം നടത്തേണ്ടത്.

അങ്ങനെ വൈകിട്ട് ഒരു വില്ലേജ്മാനെയും സഹായത്തിനു കൂട്ടി ഞാൻ പരാതിക്കാരിയുടെ വാസസ്ഥലത്തേക്കു പോവുകയാണ്‌. ഏറെ ദൂരം നടന്നും കുന്നു കയറിയും നേരം മയങ്ങിയപ്പോൾ ആ ഒറ്റമുറി വീട്ടിൽ ഞങ്ങൾ എത്തി. വീട്ടിലുള്ളത് പരാതിക്കാരിയും അമ്മായിയമ്മയും മൂന്നോ നാലോ വയസ്സു പ്രായമുള്ള ഒരു മകളും. കുടുംബത്തിന്റെ അവസ്ഥ ഒറ്റ നോട്ടത്തിൽ മനസ്സിലാകുമായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന ഗൃഹനാഥന്റെ മരണം ഈ കുടുംബത്തെ തകർത്തിരിക്കുന്നു. അമ്മയ്ക്കു പണിയെടുത്തു ജീവിക്കാനുള്ള പ്രയം കടന്നു. അമ്മയുടെയും മകളുടെയും ചുമതല പൂർണ്ണമായും ഇരുപത്തഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഈ വിധവയുടെ ചുമലിലായി. അധ്വാനിച്ചു കിട്ടുന്നതു കൊണ്ട് പൊന്നു പോലെ കുടുംബം നോക്കിയിരുന്നു, ഭർത്താവ്. ഇവൾക്കു പണിക്കൊന്നും ഇതുവരെ പോകേണ്ടി വന്നിട്ടില്ല. ഇപ്പോൾ വല്ലപ്പോഴും മാത്രം കിട്ടുന്ന പണിക്കു പോയി ഒപ്പിക്കുന്ന കൂലി കൊണ്ട് അരിഷ്ടിച്ചു ജീവിക്കുന്നു എന്നതാണു സ്ഥിതി.

വിവരങ്ങളെല്ലം ചോദിച്ചറിയുന്നതിനിടെ ആ അമ്മ ഒരു രഹസ്യം പോലെ എന്നോടു പറഞ്ഞ വാചകം കേട്ട് ഞാൻ സ്തബ്ധനായിപ്പോയി.

“അതേ, സാറെ, പൈസാ വല്ലോം കിട്ടുന്ന കാര്യമാണെങ്കി അത്‌ എന്റെ പേരിൽ കിട്ടുന്നതു പോലെ എഴുതിക്കോണേ...”

ഓ... സ്വന്തം മകൻ മരിച്ചതിനു കിട്ടിയേക്കാവുന്ന പണത്തിന്റെ മേൽ ഇവർക്കിങ്ങനെ ഒരു ഗൂഢതാല്പര്യമോ! എന്തെങ്കിലുമാകട്ടെ, അവരുടെ വീടിനകം കൂടി ഒന്നു കണ്ടേക്കാമെന്നു വെച്ച് ഞാൻ കയറിനോക്കി. മുൻപ് പറഞ്ഞതു പോലെ ഒറ്റമുറി. ഇരിക്കാനും കിടക്കാനും ഭക്ഷണം പാകം ചെയ്യാനും അവിടം മാത്രം. അയയിൽ തുണികളൊക്കെ തൂക്കിത്തൂക്കിയിട്ടിരിക്കുന്നു. മുറിയുടെ മൂലയ്ക്ക് ഒരു പായയിൽ ആ പെൺകുഞ്ഞു കിടന്നുറങ്ങുന്നു. ഭക്ഷണം പാകം ചെയ്യുന്നിടത്ത് ഒരു കലത്തിൽ വെള്ളം വെട്ടിത്തിളയ്ക്കുന്നു. വെള്ളം മാത്രം!

പരേതന്റെ ഭാര്യയെ കണ്ട് കാര്യങ്ങൾ പറഞ്ഞു. ഊഹിച്ചതിനെക്കാൾ മോശമായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ. ഇന്നു പണിയില്ലായിരുന്നു. വീട്ടിലാണെങ്കിൽ ഒരു സാധനമില്ല. ദൈന്യം വിവരിക്കുന്നതിനിടയിൽ അവർ പറഞ്ഞ ഒരു കാര്യം മുള്ളുപോലെ എന്റെ ഉള്ളിൽ കൊളുത്തിവലിച്ചു.

“എന്റെ സാറെ, ഇവിടെയാണെങ്കിൽ ഒരു മണി അരിയില്ല. വിശന്നിട്ട് ആ കൊച്ചു കിടന്നു കരയുവാരുന്നു ഇത്രേം നേരം. ഞാൻ അതിനെ ഒരു വിധത്തിൽ സമാധാനിപ്പിച്ചു കിടത്തിയേക്കുവാ..”

കാര്യം ശരിയാണ്‌. ഒന്നുമില്ലാത്ത ആ വീട്ടിൽ വെറും വെള്ളം മാത്രം തിളയ്ക്കുന്ന കലം ഞാൻ കണ്ടതുമാണ്‌. ഒരു വശത്ത് സർക്കാർ അനുവദിച്ചേക്കാവുന്ന സഹായം സ്വന്തം പേരിൽ വരണമ്മെന്നാഗ്രഹിക്കുന്ന അമ്മ. ഇപ്പുറം, വിശന്നു തളർന്ന് ഉറങ്ങുന്ന കുഞ്ഞ് ഉണരുന്ന നിമിഷത്തെ ഏതു നിമിഷവും പ്രതീക്ഷിച്ച് വെറുംകയ്യോടെ കാത്തിരിക്കുന്ന വേറൊരമ്മ. ഇന്നു രാത്രിയിൽ ഇവർ മൂന്നു പേർക്കും ഒരേ വിധിയാണ്‌ - മുഴുപ്പട്ടിണി!

ഈ ദാരിദ്ര്യം ആ പെണ്ണിനെ നാളെ ഇതേ സമയം കവലയിൽ ഇരുട്ടു പറ്റി നില്ക്കുന്ന ഒരു ശരീരം മാത്രമാക്കിയേക്കാം. ഇന്നത്തെ പട്ടിണി താഴെ കിടന്നുറങ്ങുന്ന പിഞ്ചു പെൺജീവന്റെ ഭാവി എന്നെന്നേക്കുമായി ഇരുളടഞ്ഞതാക്കാം. വിവരങ്ങൾ ശേഖരിച്ചു പുറത്തിറങ്ങുന്നവഴിക്ക് കണ്ണീരണിഞ്ഞ, നിസ്സഹായയായ ആ അമ്മയുടെ കയ്യിൽ ഞാൻ ഒരു നൂറു രൂപ വെച്ചു കൊടുത്തു. ഒന്നും പറയാനോ കേൾക്കാനോ കാണാനോ ആവാതെ ഞാൻ ആ ഇടവഴിയിറങ്ങി നടന്നു. വഴിയിൽ ഇരുട്ടു വീണുകഴിഞ്ഞിരുന്നു അപ്പോൾ.

വില്ലേജ്മാൻ എന്റെയൊപ്പം നടന്നെത്താൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. പാതി ഓടിയും കിതച്ചും അയാൾ ഒപ്പം വന്നുകൊണ്ട് എന്നോടു പറഞ്ഞു - “എന്നാലും സാർ എന്നാ പണിയാ ആ കാണിച്ചെ? സാറെന്തിനാ അവർക്കു കാശു കൊടുത്തത്?? സാറിന്റെ ആരാ അവര്‌? സാറെ, അതൊന്നും നമ്മടെ പണിയല്ല. അവർക്ക് സർക്കാരിൽ നിന്നും വല്ല കാശും കിട്ടാനുണ്ടെങ്കിൽ നമ്മളു വാങ്ങിച്ചു കൊടുക്കണം... അല്ലാതെ നമ്മടെ കയ്യിലെ കാശെടുത്ത് അങ്ങോട്ടു കൊടുക്കേണ്ട കാര്യമെന്താ....??? സാറെ, നമ്മളൊണ്ടല്ലോ, വല്ലോം ഇങ്ങോട്ടു കിട്ടിയാൽ മേടിക്കാനുള്ളവരാ! അല്ലാതെ...“

അയാൾ ഈ വർത്തമാനം വഴി നീളെ തുടർന്നുകൊണ്ടിരുന്നു. അതൊന്നും എന്റെ ചെവിക്കപ്പുറത്തേക്കു നീണ്ടില്ല.

പിറ്റേന്നു രാവിലെ ആഫീസിൽ ചെന്ന് വില്ലേജാഫീസറെ സത്യാവസ്ഥകൾ ബോധ്യപ്പെടുത്തി. ഉടൻ തന്നെ പരേതന്റെ ഭാര്യയുടെ പേർക്ക് ഏറ്റവും അനുകൂലമായ ഒരു റിപ്പോർട്ട് സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്തു. ദൈവം കരുണ ചെയ്തിട്ടുണ്ടെങ്കിൽ ഞാനിതെഴുതുന്ന ഈ രാത്രിയിൽ ആ പെൺകുഞ്ഞ് ഒരു പക്ഷേ എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് പഠിക്കുകയായിരിക്കും.