Thursday, October 28, 2010

ബള്‍ബ്‌ ഫ്യൂസായി!

അന്തോണിയുടെ വീട്ടില്‍ അയാളും മൗനവും തമ്മില്‍ത്തല്ലി. അയല്‍കൂട്ടം അച്ചാമ്മ വിവരമറിഞ്ഞതിനു ശേഷമുള്ള നാല്‍പ്പത്തഞ്ചാമത്തെ നെടുവീര്‍പ്പ്‌ ഫിനിഷ്‌ ചെയ്തു. തൊഴുത്തിലെ കന്നുകാലികള്‍ അമറാതെ തലതാഴ്ത്തി നിന്നു. ഇളയമക്കള്‍ ആഭാസ്‌ കുമാറും കൊച്ചുറാണിയും ടിവി ഓഫ്‌ ചെയ്ത്‌ സ്വന്തം മുറിയില്‍ ചടഞ്ഞുകൂടി. ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ കൂട്ടില്‍ കിടന്നു രണ്ട്‌ അങ്കവാലന്‍ പൂങ്കോഴികള്‍ മാത്രം ആര്‍ത്തു കൂവി. മൂത്തവന്‍ ജോണിക്കുട്ടിയുടെ പൊടി പോലും കാണാനില്ല.

താടിക്കു കയ്യും കൊടുത്തിരുന്നാണെങ്കിലും അന്തോണി ഇടതടവില്ലാതെ മകന്‍ ജോണിക്കുട്ടിയെ പുലഭ്യം പറഞ്ഞു.

"വെളിവു കെട്ടവന്‍, അങ്ങനെ വേണം ... ഹല്ല പിന്നെ... പാലു കൊടുത്ത കൈക്കു തന്നെ തിരിഞ്ഞു കൊത്തീതല്ലേ... ആര്‍ക്കു പോയി? അന്തോണിക്കൊരു ചുക്കും ഇല്ല.... അവനിങ്ങു വരട്ടെ. കുറെ നാളായി അവന്‍ നേരാം വണ്ണം വീട്ടില്‍ ഒന്നുറങ്ങിയിട്ട്‌. കള്ളനെപ്പോലെ പാത്തും പതുങ്ങീമാ വരവ്‌..? എന്നതാ കാര്യം? കൊള്ളരുതാഴികയല്ലോ ചെയ്യുന്നെ. കാര്‍ന്നോന്മാരടെ മുന്നില്‍ പിന്നെ വരാമ്പറ്റുവോ? നന്ദി കെട്ടവന്‍.. ഫൂ!!"

അന്തോണി മടിയില്‍ നിന്നും ഒരു ജ്യോതിമാന്‍ ബീഡി കൂടി എടുത്ത്‌ തീ പിടിപ്പിച്ചു. ഒരു പുക ആഞ്ഞു വലിച്ചൂതി.

"എടിയെ.. എടീ.." അകത്തേക്കു നോക്കി ഭാര്യയെ വിളിച്ചു. അനക്കമൊന്നുമില്ല.

"എടിയേ നിനക്കെന്നാ വിളികേട്ടാല്‌?? ഏ? നീയെന്നാ പുഴുങ്ങിക്കോണ്ടിരിക്കുവാ അകത്ത്‌?"

എന്നിട്ടും അച്ചാമ്മ ഒരക്ഷരം മിണ്ടിയില്ല. കുടുംബശ്രീ യോഗങ്ങളില്‍ ഘോരഘോരം അലയ്ക്കുന്ന ആളാണ്‌ മൗനവ്രതത്തിലിരിക്കുന്നതെന്നു വായനക്കാരോര്‍ക്കണം.

"എടീ എവിടെപ്പോയെടീ നിന്റെ പുന്നാരമകന്‍? കോനിക്കുട്ടി..! മുടിയാനുണ്ടായവന്‍ എവിടെപ്പോയെന്നാ ചോദിച്ചത്‌..?"

കൂട്ടില്‍ കിടന്ന കൈസര്‍ 'ഒന്നു മിണ്ടാതിരിക്കാവോ' എന്നയര്‍ത്ഥത്തില്‍ അന്തോണിയുടെ നേരേ തലപൊക്കി ഒന്നു നോക്കി, വീണ്ടും കണ്ണടച്ചു കിടന്നു.

"എടീ അച്ചാമ്മേ, ആ നശിച്ചവനെന്തിയേന്ന്‌?"

"എനിക്കറിയത്തില്ലെന്ന്‌ ഞാനാദ്യമേ പറഞ്ഞു കെട്ടോ മനുഷ്യാ!!" അച്ചാമ്മയുടെ ശബ്ദം അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കു വന്നു. ഉണ്ടായ ഞെട്ടല്‍ മറയ്ക്കാന്‍ അന്തോണി ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ചിട്ട്‌ ആരോടോ അരിശം തീര്‍ക്കാനെന്നപോലെ വലിച്ചെറിഞ്ഞു.

"അവനിങ്ങു വരട്ടെ. ഇനിയിപ്പോ എങ്ങോട്ടാ എറങ്ങിപ്പുറപ്പെടുന്നേന്നു കാണണമല്ലോ. അവനു കുടുംബത്തിന്റെ പാരമ്പര്യം ധിക്കരിക്കാം. എരണം കെട്ടവന്‍. നന്നാവില്ല എന്ന് എനിക്കന്നേ അറിയാമാരുന്നു. കണ്ടില്ലെ. ഗൊണം പിടിക്കില്ലാന്ന്‌ നൂറുതരം പറഞ്ഞതാ.. എവടെ കേക്കാന്‍. അനുഭവിക്കണം അവന്‍!" അന്തോണിക്കരിശം തീരുന്നില്ല.

"ഇങ്ങനെ പ്‌രാകാതെ മനുഷ്യാ, ഒന്നുമല്ലേലും അതും നിങ്ങടെ മോന്‍ തന്നെയല്ലേ!"

"ഡീ, ഡീ, നീ കൂടുതലു വക്കാലത്തും കൊണ്ടു വരല്ലേ..! നീയൊറ്റ ഒരുത്തിയാ അവനെ ഇങ്ങനെ അഴിഞ്ഞാടാന്‍ വിട്ടത്‌. പെരയ്ക്കാത്തിരുന്ന റബര്‍ ഷീറ്റെടുത്ത്‌ വിക്കാന്‍ നീയല്ലേടീ ഒത്താശ ചെയ്തത്‌? ഇപ്പോ എന്നായെടീ.? മിണ്ടിപ്പോകരുത്‌ നീ.. അവനു വേണ്ടീട്ട്‌ ഒരുത്തീം ഇവിടെ വാദിക്കണ്ടാ.. ഹാ!"

അച്ചാമ്മ സ്വരമടക്കി. മകനൊരു ആവശ്യം പറഞ്ഞപ്പോള്‍ വീട്ടിലിരുന്ന ഷീറ്റെടുത്ത്‌ വിറ്റോളാന്‍ അനുമതി കൊടുക്കുകയും അപ്പനെക്കൊണ്ട്‌ സമ്മതിപ്പിച്ചോളാമെന്നു ഏല്‍ക്കുകയും ചെയ്തതാണ്‌ അച്ചാമ്മ. ഷീറ്റ്‌ മകന്‍ എടുത്തു വില്‍ക്കുകയും കാര്യമറിഞ്ഞപ്പോള്‍ അന്തോണി മറുകുറ്റി തിരിയുകയും ചെയ്തതോടെ അച്ചാമ്മ പ്രതിരോധത്തിലായി. മകനാകട്ടെ അപ്പന്റെ മുഖത്തു നോക്കാന്‍ കെല്‍പ്പില്ലാതാകുകയും ചെയ്തു.

"അവനും അവന്റെയൊരു ബള്‍ബും... മുടിക്കാനൊണ്ടായ സന്തതി!!" അന്തോണി ചീത്ത പറച്ചില്‍ തുടര്‍ന്നു.

"കള്ളുഷാപ്പ്‌ അവധിയല്ലാരുന്നേല്‍ ഇങ്ങേരു നാലെണ്ണം പൂശി എവിടെയെങ്കിലും ചാഞ്ഞേനെ. ഇതിപ്പോ അതിനും യോഗമില്ലല്ലോ ഈശോയേ..!" അച്ചാമ്മ പരിതപിച്ചു.

വേലിക്കപ്പുറത്തെ ഇടവഴിയിലൂടെ ഒരു സംഘമാളുകള്‍ ആര്‍ത്തിരമ്പി നീങ്ങി. അവര്‍ അലറി വിളിച്ചു.

"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ റിബലാണേ
അയ്യോ റിബലേ പേരെന്താ?
എന്നുടെ പേര്‌ ജോണിച്ചന്‍!
എന്നാ ജോണീ കരയുന്നേ?
ബെന്നിച്ചനെന്നെ തോല്‍പ്പിച്ചേ!!"

"പെട്ടീ പെട്ടീ ശിങ്കാരപ്പെട്ടീ
പെട്ടി തുറന്നപ്പോ ജോണിച്ചന്‍ പൊട്ടി
ഫ്യൂസായേ ബള്‍ബ്‌ ഫ്യൂസായേ
ജോണിച്ചന്റെ ബള്‍ബ്ബ്‌ ഫ്യൂസായെ
പൊട്ടിച്ചേ ബള്‍ബ്‌ പൊട്ടിച്ചേ
കൈപ്പത്തി ബള്‍ബിനെ പൊട്ടിച്ചേ"

അങ്ങനെ സിറ്റിങ്ങ്‌ മെംബര്‍ ജോണിച്ചന്‍ വേലിക്കല്ലില്‍ ഹൈക്കമാന്‍ഡിനോട്‌ ഇടഞ്ഞ്‌ റിബലായി വള്ളിക്കെട്ടുപാറ പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ ബള്‍ബ്‌ ചിഹ്നത്തില്‍ മല്‍സരിച്ച്‌ വെടിപ്പായി തോറ്റ് 'മുന്‍ മെംബര്‍' എന്ന സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. കൈലീം മടക്കിക്കുത്തി അന്തോണി ജാഥയ്ക്കൊപ്പം ചേര്‍ന്നു, കലിപ്പു തീരുമാറ്‌ മുദ്രാവാക്യം ഏറ്റുവിളിച്ചു -

"ആരാ ആരാ കരയുന്നെ?
ഞാനാ ഞാനാ ജോണിച്ചന്‍
എന്നാ എന്നാ കരയുന്നേ?
ബെന്നിയെന്നെ തോല്‍പ്പിച്ചേ!!"

പിറവി തന്ന നിറനിമിഷം!

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ഒന്‍പത്‌

സെപ്റ്റംബര്‍ ഇരുപത്‌. ഞാന്‍ ലീവിലായിട്ട്‌ ഒരാഴ്ച കഴിഞ്ഞു. പത്തൊന്‍പത്‌ ഞായറാഴ്ചയായതിനാലും അന്നു ഓച്ചിറയില്‍ ഉത്സവം കാരണം വഴിയൊക്കെ ബ്ലോക്കായതിനാലും ടൗണിലേക്കൊന്നിറങ്ങാന്‍ സാധിച്ചില്ല.

പിറ്റേന്ന്‌ ഞാനും ഭാര്യാജിയും കൂടി ഒരുങ്ങിയിറങ്ങി. അന്നുച്ചയ്ക്ക്‌ ഞങ്ങള്‍ കായംകുളത്ത്‌ 'മാതാ ഹോസ്പിറ്റല്‍' നടത്തുന്ന ഡോ. ബേബി ഐപ്പിന്റെ ആതിഥ്യം സ്വീകരിച്ചു. നേരത്തെ ഒന്നു രണ്ടു തവണ ഞാന്‍ അവിടെ ചെന്നിട്ടുണ്ട്‌. എന്നാലും ഏറെ നേരം തങ്ങുന്നത്‌ ആദ്യമായാണ്‌. എനിക്കല്ലേലും ഈ ആശുപത്രീം പരിസരങ്ങളും വല്ലാത്ത ഒരു വീര്‍പ്പുമുട്ടലാണു നല്‍കുന്നത്‌. ഹൈസ്കൂളില്‍ പഠിക്കുന്നകാലത്ത്‌ വയറിളക്കം പിടിച്ച്‌ ഒരു ദിവസം കട്ടപ്പനയിലെ ബാലാ ആശുപത്രിയിലും പിന്നെ 2003-ല്‍ വൈറല്‍ പനി പിടിച്ച്‌ മൂന്നു ദിവസം കട്ടപ്പനയിലെ തന്നെ സെന്റ്‌. ജോണ്‍സ്‌ ആശുപത്രിയിലും കിടന്ന ആശുപത്രി അനുഭവമേ ദൈവം സഹായിച്ച്‌ എനിക്കുണ്ടായിട്ടുള്ളൂ. അല്ലാതെ മുത്തച്ഛനു ഇടയ്ക്കിടെ ആസ്ത്മയും ഷുഗറും സഹിക്കാതാവുമ്പോഴൊക്കെ കൂട്ടിരിപ്പിനു പലപ്പോഴും പോയിട്ടുണ്ട്‌. രോഗിയായിട്ടാണെങ്കിലും കൂട്ടിരിപ്പിനാണെങ്കിലും ആശുപത്രിയില്‍ കഴിയുന്നത്‌ ഒരു തരം തടവുശിക്ഷപോലെയാണെന്നാണു ഞാന്‍ കരുതുന്നത്‌. അവിടുത്തെ ലോഷന്റെ മണവും മരുന്നുകളും വേദനയും കണ്ണീരും ഒരു തരം മനം മടുപ്പുണ്ടാക്കുന്നതാണെന്നതില്‍ സംശയമില്ല.

കാര്യം നേരായ വഴിക്കങ്ങട്‌ പറയാം. ഡോ. ബേബി ഐപ്പിന്റെ വിരുന്നുകാരനാവാന്‍ അങ്ങേരെന്റെ അമ്മാവനൊന്നുമല്ല. മറിച്ച്‌ പ്രഗല്‍ഭനായ ഗൈനക്കോളജിസ്റ്റും എന്റെ ഭാര്യ കണ്‍സള്‍ട്ട്‌ ചെയ്യുന്നയാളുമാണ്‌. കാര്യം പിടികിട്ടിക്കാണുമല്ലോ, ഒരു നീണ്ട അവധി എടുത്തു നാട്ടില്‍ ചെന്ന് ഭാര്യയുടെ ഒപ്പം കഴിഞ്ഞതിന്റെ കാരണം! നിറവയറുമായി അവളും പ്രതീക്ഷകളാല്‍ നിറഞ്ഞ മനസ്സുമായി ഞങ്ങള്‍ ഇരുവരും ആശുപത്രിയില്‍ ചെന്നു. രേവതി അഡ്മിറ്റായി.

മനുഷ്യന്‍ പ്രവചിച്ച ജനനസമയം ഇന്നലേ കഴിഞ്ഞു പോയിരുന്നു. ഒരാഴ്ച അങ്ങോട്ടോ ഇങ്ങോട്ടോ മാറാം എന്നാണ്‌ അനുഭവസ്ഥരുടെ സിദ്ധാന്തം. പതിനെട്ടിനായിരുന്നു പിറവിയെങ്കില്‍ എനിക്കും കുഞ്ഞിനും ഒരേ ജന്മദിനം വന്നേനെ. പ്രവചിത തീയതി പിറ്റേന്ന്‌ - അതായത്‌ എന്റെ പിറന്നാള്‍ (സെപ്റ്റം. 19 നു തിരുവോണം ആയിരുന്നല്ലോ. അതു തന്നെയാണ്‌ എന്റെ പിറന്നാളെന്നാണ്‌ ഞാന്‍ ഇപ്പോഴും കരുതുന്നത്‌. കാരണം, ചിങ്ങത്തിരുവോണം കഴിഞ്ഞ്‌ ഒരു മാസം കഴിയുമ്പോഴാണ്‌ ഓച്ചിറയിലെ ഉത്സവം. ഇരുപത്തെട്ടാം ഓണം എന്നാ പറയുക. അപ്പോള്‍ സെപ്റ്റം. 19 നു ചിങ്ങത്തിരുവോണം കഴിഞ്ഞ്‌ ഒരു മാസമായി എന്നും ആയത്‌ എന്റെ പിറന്നാളാണെന്നും കരുതാമല്ലോ?). ഒരു കുടുംബത്തില്‍ ഒരേനാളുകാര്‍ ഉണ്ടാവുന്നത്‌ ഐശ്വര്യമാണെന്നൊരു വിശ്വാസം ഉണ്ടെന്നും ആരോ ഇതിനിടെ പറയുന്നതു കേട്ടു. എന്തായാലും പിറന്നാളോ ജന്മദിനമോ പങ്കിടാന്‍ എന്നെയും വാവയെയും ദൈവം അനുവദിച്ചില്ല. എനിക്കതിലൊട്ടു പരാതീം ഇല്ല കേട്ടോ :)

ഇരുപതാം തീയതി ചില പരിശോധനകള്‍ നടത്തി. ആവശ്യമെങ്കില്‍ രക്തം നല്‍കാന്‍ സന്നദ്ധനായ ആളെ വിളിച്ച്‌ അങ്ങേര്‍ വിളിപ്പുറത്തുണ്ട്‌ എന്നുറപ്പു വരുത്തി. കൊടുംകാറ്റിനു മുന്‍പുള്ള ശാന്തത പോലെ ഞാനും രേവതിയും മറ്റു ബന്ധുക്കളും കാത്തിരുന്നു. വാവ അപ്പോഴും രേവതിക്കുള്ളില്‍ കിടന്നു പതിവു ബഹളങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു, ചവിട്ടും തലകുത്തി മറിയലും - ഞാന്‍ ഇന്നും വരാന്‍ തയ്യാറല്ല എന്ന പോലെ.

എന്നോട്‌ പലരും ചോദിച്ചു - കുട്ടി ആണാണോ പെണ്ണാണോ വേണ്ടത്‌? എനിക്കാദ്യം ചിരിയാണു വന്നത്‌. കാരണം, കടയില്‍ പോയി ലൈഫ്ബോയിയോ സിന്തോളോ എന്നു തീരുമാനിച്ചു വാങ്ങുന്ന പോലല്ലല്ലോ ഇത്‌. ഞാന്‍ പറഞ്ഞു ദൈവം തരുന്നതെന്തോ അതു സ്വീകരിക്കുക. ഭാഗ്യവശാല്‍ രേവതിക്കും അത്തരം 'വാശികള്‍' ഒന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഞങ്ങളുടെ ഇടയിലേക്ക്‌ ഒരാള്‍ കൂടി വരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ എന്റെയുള്ളില്‍ ഒരു 'വാവമോളുടെ' നിനവുകള്‍ മാത്രമേ തെളിഞ്ഞിരുന്നുള്ളൂ. ആദ്യത്തെയാള്‍ ആണായിരുന്നെങ്കില്‍ എന്നൊരു ദുര്‍ബ്ബലചിന്ത ഇടയ്ക്കെല്ലാം വന്നു. അതെല്ലാം ഇളംവെയിലേറ്റ്‌ മഞ്ഞുമായുന്നതുപോലെ 'മോള്‍ മോള്‍' എന്ന അറിയാ കല്‍പനകളാല്‍ മറഞ്ഞു പോയി. പലരും പലതും പറഞ്ഞു. ലക്ഷണം നോക്കിയും ലൊടുക്കു ശാസ്ത്രം വെച്ചും. ഒരു മാമന്‍ പറഞ്ഞു, ഇത്‌ ആണു തന്നെ. മറ്റൊരു മാമന്‍ കണ്ടപാടെ തീര്‍ത്തു പറഞ്ഞു: "ഇതു പെണ്ണാടീ!". അത്രയ്ക്കു ഉറപ്പുള്ളവിധം. ഒരാന്റി ആദ്യമേ പറഞ്ഞു - ഇതു പെണ്ണാണ്‌. എന്റെ കുടുംബത്തിലെ എല്ലാവരുടെയും പ്രസവചരിത്രം കൊണ്ട്‌ അപ്പീലിനിടയില്ലാത്ത വിധം സമര്‍ഥിച്ചു. ഗര്‍ഭിണിയുടെ വയസ്സ്‌ ഒറ്റ സംഖ്യയാണെങ്കില്‍ പിറക്കുന്ന കുഞ്ഞ്‌ പെണ്ണായിരിക്കും. In other words, if the age of the pregnant woman is an odd number, baby will be female! And vice versa :P

ഇരുപത്തൊന്നാം തീയതിയായി. പ്രതീക്ഷിച്ച തീയതി കടന്നിട്ടും വാവയ്ക്കിങ്ങു വാരാനൊരു മടി. കാത്തിരിപ്പിന്റെ ഒരു ദിവസം കൂടി കഴിഞ്ഞു. പിറ്റേന്നു രാവിലെയും പ്രസവലക്ഷണങ്ങള്‍ കാണാഞ്ഞപ്പോള്‍ പിന്നെ അതിന്റെ പിന്നാലെയായി. ഉച്ചകഴിഞ്ഞിട്ടും വാവയുടെ വാശി മാറുന്നില്ല. വൈകാറായപ്പോള്‍ സിസേറിയന്‍ നടത്താനുള്ള വട്ടം കൂട്ടി. അനസ്തെതിസ്റ്റ്‌ വന്നെന്നും ഇല്ലെന്നു ഒക്കെ പറയുന്നതു കേട്ടു. മറ്റുബന്ധുക്കളൊക്കെ വരാന്തയില്‍ ആകാംക്ഷാപൂര്‍വ്വം കാത്തു നില്‍ക്കുന്നു. സജിയാണ്‌ എന്നോട്‌ വളരെ ലാഘവത്തോടെ ഇങ്ങനെ പറഞ്ഞത്‌ - "അല്ല, നമ്മളിവിടെ വെറുതെ നോക്കി നില്‍ക്കുന്നതില്‍ ഒരു കാര്യോമില്ല. വാ, നമുക്കൊരു ചായ കുടിച്ചിട്ടു വരാം." ഞങ്ങള്‍ ഇരുവരും പുറത്തിറങ്ങി. റോഡ്‌ മുറിച്ചു കടന്ന്‌ ബേക്കറിയില്‍ പോയി ചായ കുടിച്ചു. തിരികെ നടക്കുമ്പോള്‍ സജി പറഞ്ഞു - "ഇപ്പോള്‍ എല്ലാം കഴിഞ്ഞുകാണണം." പക്ഷേ കുഞ്ഞിന്റെ കരച്ചിലോ മറ്റു ബഹളങ്ങളോ കേട്ടില്ല.

പടികയറി ഞങ്ങള്‍ മുകളില്‍ ചെല്ലുമ്പോള്‍ ആകാംക്ഷ നിറഞ്ഞ മുഖങ്ങള്‍ കാണാനില്ലായിരുന്നു. ലോകം പതിയെപ്പതിയെ ചുരുങ്ങി വരുന്നതുപോലെ തോന്നി. കാരണം വെള്ളത്തുണിയില്‍ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ കയ്യിലെടുത്ത്‌ അവിടെ ആരോ നിന്നിരുന്നു! എന്റെ അമ്മ കുഞ്ഞിനെ കൈ നീട്ടി വാങ്ങി. അമ്മയുടെ വശം ചേര്‍ന്നു നിന്ന്‌ ഞാന്‍ എന്റെ വാവയെ കണ്ടു. കുഞ്ഞിവിരലുകള്‍ ഇറുക്കിപ്പിടിച്ച്‌, കണ്ണുകളടച്ച്‌ ഉറങ്ങുകയാണ്‌. ഒന്നുമറിയാതെ. അവിടെ നില്‍ക്കുന്നതാരെല്ലാമെന്നും ഇതേതു ലോകമാണെന്നും അറിയാന്‍ തെല്ലും താല്‍പര്യമില്ലാത്ത മട്ടില്‍ അലക്ഷ്യമായി, എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ഒരുറക്കം. ആര്‍ത്തു കരഞ്ഞ്‌ ഈ ലോകത്തേക്കുള്ള തന്റെ വരവറിയിച്ച ശേഷമുള്ള ഒരു വിശ്രമം. ഈ നേരമത്രയും കണ്ണെടുക്കാതെ ഞാന്‍ ആ മുഖത്തു തന്നെ നോക്കി നിന്നു. ഒന്നുമുരിയാടാതെ, ഒന്നും ചിന്തിക്കാതെ, മനസ്സില്‍ തിങ്ങി നിന്ന ഏതോ നവ്യാനുഭൂതിയുടെ നിറവില്‍ ആ മുഖം മാത്രം കണ്ണില്‍ നിറച്ച്‌ ഉറവപൊട്ടിയുണരുന്ന സ്നേഹത്തിന്റെ ഒരു തന്മാത്രയായി എത്രയോ നേരം ഞാന്‍ നിന്നു...!!!

മോളാണോ എന്നു ഞാന്‍ ആരോടും ചോദിച്ചില്ല. ആരോ പറഞ്ഞു, കേട്ടു. അമ്മ എന്റെ കയ്യിലേക്ക്‌ അവളെ തന്നു. അവളുടെ ദേഹത്തിന്റെ ഇളംചൂട്‌ ആ നേര്‍ത്ത പരുത്തിത്തുണിയും താണ്ടി എന്റെ കൈകളിലൂടെ സിരകളില്‍ ഒഴുകി ഉയിരില്‍ കലര്‍ന്നു. ഞാനും അവളും മാത്രം ഈ ലോകത്തു നിറഞ്ഞ, മറ്റെല്ലാം നിസ്സാരവും നിഷ്‌പ്രഭവുമായ നിമിഷങ്ങള്‍...!!

കുഞ്ഞിനെ കൈമാറി. രേവതിയെ കാണാനുള്ള അനുവാദം തല്‍ക്കാലമില്ല. ഇത്ര ശാന്തത നിറഞ്ഞ ഒരനുഭൂതി ആദ്യമാണ്‌. ഞാനെന്താണു തുള്ളിച്ചാടാതിരുന്നത്‌. എന്റെ അറിയാക്കിനാക്കളിലെ പോലെ തന്നെ മോളുണ്ടായിട്ടു ഞാനെന്താണ്‌ മനം നിറഞ്ഞൊന്നു ചിരിക്കാതിരുന്നത്‌? അറിയില്ല, പക്ഷേ, ഞാന്‍ സന്തോഷവാനായിരുന്നു, പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം. കുറേ സമയം കഴിഞ്ഞ്‌ അകത്തു കയറി രേവതിയെ കണ്ടു. തളര്‍ന്നുതൂങ്ങിയ കണ്ണുകളുമായി പരിക്ഷീണ മുഖത്തോടെ അവള്‍ കിടക്കുന്നു. നഴ്‌സ്‌ കുഞ്ഞിനെ അവളുടെ അരികിലേക്കു ചേര്‍ത്തുപിടിച്ചു. മോളുടെ നെറ്റിയില്‍ അവള്‍ ആര്‍ദ്രമായ ഒരു മുത്തം നല്‍കി. 2010 September 22, Wednesday, 05.20PM IST, പൂരുരുട്ടാതി നക്ഷത്രത്തില്‍ മോളുടെ ജനനം. ഞാന്‍ സ്വയം പറഞ്ഞു - ഞാന്‍ ഒരച്ഛനായിരിക്കുന്നു!

സെപ്റ്റംബറിലെത്തുന്ന വട്ടം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം എട്ട്‌

കാര്യം പറഞ്ഞാല്‍ സെപ്റ്റംബര്‍ പതിനെട്ട്‌ എന്റെ ജന്മദിനമാണ്. എനിക്കതു വെല്യ ആഘോഷവേളയൊന്നുമല്ല. എന്നാന്നുവെച്ചാ, കാര്യം പലതാ.

ഒന്നാമതായി അല്പം ചരിത്രം, വയസ്സു മൂന്നായപ്പോഴേക്കും ഞാന്‍ അക്ഷരം പഠിച്ചു. പിന്നെ അമ്മയ്ക്കൊരു 'ശല്യം' ആയതിനാലും 'എന്നാപ്പിന്നെ ഇവനെ നേഴ്സറീല്‍ വിടരുതോ' എന്നു പലരും ചോദിച്ചതിനാലും വീട്ടുകാര്‍ അവിടെ ചേര്‍ത്തു. വീട്ടില്‍ നിന്നും മാറിനില്‍ക്കാനുള്ള കലശലായ വിമുഖതയും അത്യാവശ്യം കുസൃതികളും ഒക്കെ ഉണ്ടായിരുന്നെങ്കിലും അവിടെ ഞാന്‍ തിളങ്ങിയെന്നതാണു നേര്‌. വീട്ടില്‍ നിന്നും ആരെയെങ്കിലും കണ്ടാല്‍ ഞാന്‍ വിഷയം ഉണ്ടാക്കുമെന്ന്‌ അറിയാവുന്നതു കൊണ്ട്‌ ഉച്ചയ്ക്കു ചോറ്റുപാത്രം നേഴ്സറി ക്ലാസിന്റെ ജനല്‍പ്പടിയില്‍ അമ്മ ഞാന്‍ കാണാതെ കൊണ്ടു വെച്ചിട്ട്‌ പോകും. ചില സഹപാഠികളുടെ അമ്മമാരും നേഴ്സറിയിലെ കന്യാസ്ത്രീ ടീച്ചര്‍മാരും ഇതിനു ക്രൂരമായ ഒത്താശ ചെയ്തുകൊടുത്തിരുന്നു എന്നു വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണു ഞാന്‍ അറിഞ്ഞത്‌. എന്നിരുന്നാലും ഉച്ചയ്ക്ക്‌ എനിക്കു ചൂടുള്ള ചോറുണ്ണാന്‍ അതിനാല്‍ സാധിച്ചിരുന്നു എന്നു പ്രസ്താവിക്കാതെ വയ്യ. ഇതിനിടയില്‍ ഞങ്ങളിരിക്കുന്ന ചൂരല്‍ക്കസേരയുടെ വട്ടത്തിലുള്ള ഫ്രെയിം (ആ വട്ടം ഇടതും വലതും ആവുമ്പോള്‍ ആം റെസ്റ്റായി) ഒടിച്ചതു ഞാനാണെന്ന ആരോപണം എന്റെ മേല്‍ കെട്ടിച്ചമച്ചു. ചെയ്യാത്ത കുറ്റത്തിനു ഞാന്‍ അന്നാദ്യമായി ശിക്ഷ ഏറ്റുവാങ്ങി. അടി കിട്ടിയതു പോട്ടെ, ബക്കിയുള്ളവരെല്ലാം കൂടി ചുറ്റും നിന്നു സന്തോഷിച്ചതു കണ്ടപ്പഴാ, എന്റെ ഉള്ളു കാളിപ്പോയത്‌. ഓ, എന്നാ ചെയ്യാനാ, അവിടെ ടീച്ചറല്ലേ പുലി, നമ്മളു പറയുന്നതിനൊക്കെ എന്തു വില!

പിന്നെ പച്ച നിറമുള്ള ഫ്ലാസ്കില്‍ നിന്നും പാലു കുടിച്ച ഒരോര്‍മ്മ. ഹൊ! മധുരമിട്ട പാല്‍, അതും തണുത്തുപോയത്‌. എന്നെ അതു കുടിപ്പിക്കണമെന്നു ടീച്ചറിനു വെല്യ നിര്‍ബന്ധം. പറഞ്ഞാല്‍ കുടിക്കാതിരിക്കാനാവുമോ? ടീച്ചറിന്റെ കയ്യിലെ വടി എന്നു വെച്ചാല്‍ ലോകം നിയന്ത്രിക്കാനുള്ള ഉപകരണമാണെന്ന മട്ടില്‍ പേടിയാ അന്നെന്നോര്‍ക്കണം. ഞാന്‍ കുടിച്ചു - ഒന്നു രണ്ടിറക്ക്‌. വയ്യ. പിന്നേം ടീച്ചറിനു നിര്‍ബന്ധം. കുടിച്ചിറക്കവേ ഇങ്ങോട്ടെടുത്തു പാല്‍. 'ഗ്വാ..' ഞാന്‍ ഒരോക്കാനം. സംഭവം പുറത്തു വന്നില്ല കേട്ടോ. ടീച്ചറൊരു കമന്റ്‌. 'പാലു കുടിക്കുമ്പം... ബ്വാ..!!' ക്ലാസ്‌ മുഴുവന്‍ കൂട്ടച്ചിരി. ഇളം മനമുരുകിപ്പോയെന്നു പറയണ്ടല്ലോ. ആ ഫ്ലാസ്ക്‌ ഈ അടുത്ത കാലം വരെ ഒരു വശം അല്‍പം ഉരുകി തറവാട്ടിലെ അടുക്കളയിലെ അലമാരയില്‍ ആ പാല്‍കുടി സംഭവം എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഇരിക്കുന്നുണ്ടായിരുന്നു. അങ്ങനെ നേഴ്സറിയില്‍ ഒരു വര്‍ഷം അര്‍മ്മാദിച്ചു.

അതേ, ദേ, പിന്നേം വിഷയം മാറി. ഇങ്ങനെ പോയാല്‍ ഈ പരമ്പര എന്നു തീരാനാ? ഏ? അപ്പോ അങ്ങനെയിങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു നാലാം വയസ്സില്‍ എന്നെക്കൊണ്ടെ സ്കൂളില്‍ ചേര്‍ത്തു. അന്നു കാര്യഗൗരവം ഉണ്ടായിരുന്നെങ്കില്‍ 'എനിക്കിതിനുള്ള പ്രായമൊന്നുമായില്ലെന്നേ' എന്നു വിളിച്ചു കാറാമായിരുന്നു. അങ്ങനെ ഞാന്‍ രേഖകള്‍ പ്രകാരം അഞ്ചു മാസം അനധികൃതമായി മുതിര്‍ന്ന്‌ ഒന്നാം ക്ലാസുകാരനായി. ന്ന്വച്ചാ, ജനനത്തീയതിയില്‍ ഇച്ചിരെ അഡ്‌ജസ്റ്റ്‌മന്റ്‌ കാണിച്ചു എന്നര്‍ഥം. എനിക്കിട്ട്‌ എന്റെ അധ്യാപകര്‍ തന്ന ആദ്യത്തെ പണി. പാവം എന്റെ അച്ഛനമ്മമാരാകട്ടെ, അതിനു കൂട്ടും നിന്നു. പിന്നേ, എന്റെ സ്കൂള്‍ കഥകള്‍ പറയാനല്ല ഇത്‌ എഴുതിയത്‌ എന്നതിനാല്‍ ഞാന്‍ കൂടുതല്‍ സംഭവങ്ങളിലേക്കു കടക്കുന്നില്ല.

ചുരുക്കത്തില്‍ ഒരു ബെര്‍ത്‌ഡേ(ഒഫീഷ്യല്‍)യും ഒരു ജന്മദിനവും(ആക്‌ച്വല്‍) ഒരു പിറന്നാളും(മലയാളമാസം അനുസരിച്ച്‌) ഉള്ള ഒരു വ്യക്തിയായി ഞാന്‍ പിന്നീടു ജീവിച്ചു. സ്കൂ‍ളില്‍ പഠിക്കുമ്പോള്‍ പോലും പിറന്നാളിനു മിഠായി വാങ്ങി നല്‍കുക, അന്നു കളര്‍ ഡ്രെസ്സ് ധരിക്കുക തുടങ്ങിയ സംഗതികളൊക്കെ അപൂര്‍വ്വമായിരുന്നു. ഞാനും മിഠായി വിതരണം നടത്തിയിട്ടുണ്ട് - ഒന്നോ രണ്ടോ തവണ. പിന്നെ വീട്ടിലെ ആഘോഷം- കേക്കുമുറിക്കുക, പുത്തനുടുപ്പ്, ബലൂണ്‍,പാര്‍ട്ടി ഏഹേ! നാളുനോ‍ക്കി സൌകര്യമൊത്താല്‍(അതായത് അവധിദിവസമോ മറ്റോ ആണെങ്കില്‍)ഒരൂ പായസം വെയ്ക്കും. അപ്രകാരം എനിക്കീ ബെര്‍ത്‌ഡേ എന്ന പ്രതിഭാസം, ഡോ. കലാം പറഞ്ഞതുപോലെ 'ഒരു ഓര്‍ബിറ്റ്‌' കൂടി പൂര്‍ത്തിയാക്കി എന്നതിന്റെ അളവുകോല്‍ മാത്രമായി. പിന്നെ എന്റെ ഒഫീഷ്യലും ആക്ച്വലും ഒന്നായതിനു ശേഷം ആ ദിവസം കുടുംബത്തോടൊപ്പം മാത്രമേ ചെലവിട്ടിട്ടുള്ളൂ ഞാന്‍. ചെറുപ്പത്തില്‍ നാളൊത്തു വരുന്ന ദിവസം വെല്യമ്മച്ചി അമ്പലത്തില്‍ കൊണ്ടുപോകുമായിരുന്നു. ആ പതിവൊക്കെ എപ്പഴേ നിന്നു. ലളിതമോ‍ നാമമാത്രമോ ആയ ആ പിറന്നാളുകള്‍ എന്നെ ബെര്‍ത്ഡേ ‘അടിച്ചുപൊളിക്കാത്ത’ ഒരാളാക്കി മാറ്റി. ചുരുക്കത്തില്‍ ആക്‌ച്വലോ ഒഫീഷ്യലോ എന്നെ കണ്‍ഫ്യൂഷനും ഞാന്‍ പഠിച്ചിടത്തൊന്നും ജന്മദിനാഘോഷങ്ങളും ബമ്പ്‌സ്‌,മുഖത്തു കേക്കു പൂശല്‍ തുടങ്ങിയ വിനോദങ്ങള്‍ ഇല്ലാതിരുന്നതുമൊക്കെ തകര്‍ത്താഘോഷിക്കാനുള്ളതാണു ജന്മദിനം എന്ന വിചാരത്തില്‍ നിന്നും എന്നെ അകറ്റി. അങ്ങനെ യാതൊരു ബഹളങ്ങളുമില്ലാതെ ഈ സെപ്‌. 18 ഉം കടന്നു പോയി. അടുത്തകാലത്ത് ബഹു. സെക്രട്ടറി ടു ദ കമ്മീഷണര്‍ ഫോര്‍ ഗവ. എക്സാമിനേഷന്‍സിന്റെ ഉത്തരവ്‌ നമ്പര്‍... പ്രകാരം ഞാന്‍ എന്റെ ഒഫീഷ്യല്‍ ബെര്‍ത്ഡേയും ജന്മദിനവും ഒന്നാക്കി.

നാളുനോക്കിയാല്‍ കന്നിത്തിരുവോണം സെപ്‌. 19നാണല്ലോ. ആ ധാരണയില്‍ അന്നു രാവിലെ കുളിച്ചൊരുങ്ങി കാവിമുണ്ടൊക്കെയുടുത്ത്‌ കുറക്കാവ്‌ അമ്പലത്തില്‍ തൊഴാന്‍ പോയി. തിരിച്ചുപോരുന്ന വഴിക്ക്‌ വീട്ടിലേക്ക്‌ ഇറച്ചിയും വാങ്ങിക്കൊണ്ടാണ്‌ പോന്നത്‌. പിന്നീടാരോ പറഞ്ഞു ഒരു മാസം രണ്ട്‌ തവണ നാള്‍ വന്നാല്‍ രണ്ടാമത്തെ നാളാണു പിറന്നാളിനു കണക്കാക്കുക എന്ന്‌. എന്തു ചെയ്യാന്‍, മനസ്സുകൊണ്ട്‌ പത്തൊമ്പതിനു ഞാന്‍ പിറന്നാള്‍ ആസ്വദിച്ചു പോയി. പിന്നീടു തിരുവോണം വരുന്നതെന്നാണെന്നു നോക്കിയുമില്ല. ഇപ്പോ ഇതെഴുതുന്നതിനിടയിലാണതു നോക്കിയതും ഒക്ടോ. 16,17 എന്നീ തീയതികളിലായി തിരുവോണം പരന്നു കിടക്കുകയാണെന്നു കണ്ടതും.

സെപ്റ്റംബര്‍ 19 കൊഴിഞ്ഞു വീണു. അന്നായിരുന്നു ഓച്ചിറയിലെ കാളകെട്ടുത്സവം. കാണാന്‍ പോയില്ല, പോകാനൊത്തില്ല. ഒരു ടെന്‍ഷന്‍ വീഴാറായ തെങ്ങിന്‍ മടലുപോലെ തലയ്ക്കു മുകളില്‍ നില്‍ക്കുന്നു... അപ്പോള്‍ ഞാനെങ്ങനെ ഉത്സവപ്പറമ്പില്‍ പോയി അലയും?

ഓര്‍മ്മകള്‍ക്കൊപ്പം നടക്കാം!

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ഏഴ്

രൂപേഷിന്റെ മരണം എന്നെ വല്ലാതെ മൂകനാക്കിക്കളഞ്ഞു. എന്തോ, ഞാന്‍ എന്റെ കൊക്കൂണില്‍ തന്നെ ഒതുങ്ങിക്കൂടി. ഇടയ്ക്കെന്തെങ്കിലും വായിച്ചും, ഈ അനുഭവങ്ങളെല്ലാം പോസ്റ്റാക്കണമെന്നു നിനച്ചും പിന്നെ ടി.വി. കണ്ടുമെല്ലാം...

ഭാര്യവീടിന്റെ ചുറ്റുമുള്ള 'അയ്യത്ത്‌' നിറയെ തുമ്പച്ചെടികളുണ്ട്‌. വൈകിട്ട്‌ അവ കുറെ പറിച്ചെടുത്ത്‌ കൂട്ടിയിട്ട്‌ കത്തിക്കും, ന്ന്വച്ചാ പുകയ്ക്കും. കൊതുകിനെ അകറ്റാന്‍ നല്ലതാണത്രേ. അവിടം പ്രത്യേകിച്ചു കൃഷിയൊന്നുമില്ലാതെ നില്‍ക്കുന്നു, അഞ്ചെട്ടു തെങ്ങുകളൊഴികെ. അയല്‍പക്കത്തുള്ള പശുക്കളെ അവിടെ കൊണ്ടുവന്നു കെട്ടാറുണ്ട്‌. പൊന്മാന്റെ പോലെ നീലനിറമുള്ള ചിറകുള്ള ഒരു വലിയ പക്ഷി അവിടെ സ്ഥിരതാമസക്കാരിയായിരുന്നു. ഒരു ഓലേഞ്ഞാലിക്കിളി, സ്ഥിരം, വരാന്തയിലെ അഴിക്കിടയിലൂടെ അകത്തു കടന്നു വരും. ലാക്കുനോക്കിയിരുന്നിട്ട്‌ നിലവിളക്കിലെ എണ്ണ കുടിച്ചിട്ട്‌ പോകും. അല്ലെങ്കില്‍ തിരി കൊത്തിക്കൊണ്ട്‌ പോകും! പിന്നെ ഒത്തിരി ശലഭങ്ങള്‍, തുമ്പികള്‍, ഉറുമ്പുകള്‍, വണ്ടുകള്‍. പിന്നെ കുറെ അണ്ണാന്മാര്‍, രണ്ട്‌ കീരികള്‍, കാക്കകളും മറ്റു കിളികളും. മതിലിന്റെ പുറത്ത്‌ ബ്രെഡോ മറ്റു പലഹാരമോ എടുത്തുവെച്ചാല്‍ ആരാവും ആദ്യം വന്നെടുക്കുക എന്നു നോക്കിയിരിക്കുന്നതു കൗതുകമുള്ള കാര്യമാണ്‌. അണ്ണാന്‍ വന്ന്‌ അതു രണ്ടു കയ്യും കൊണ്ടെടുത്ത്‌ കടിച്ചു കടിച്ചു തിന്നും - നമ്മുടെ കൈ തൊടാവുന്ന അകലത്തില്‍.

വീടിനു മുന്നിലെ റോഡിനപ്പുറം ചെറിയൊരു വെള്ളക്കെട്ടുണ്ട്‌. ഒത്തിരി പരല്‍മീനുണ്ടതില്‍. ചിലരൊക്കെ അവിടെ പശുക്കളെ കുളിപ്പിക്കുന്നതു കാണാം. നാനാവിധം കിളികള്‍ വരും അവിടെ. അതിന്റെ കരയില്‍ ഒരു കുഞ്ഞു പ്ലാവുണ്ട്‌. അതിന്റെ ചുവട്ടില്‍ പോയിരിക്കാന്‍ നല്ല രസമാണ്‌. മൂന്നു ഗ്രീന്‍ ബീ ഈറ്റര്‍ പക്ഷികള്‍ എന്നെപ്പോലെ തന്നെ ആയിടത്തെയും പതിവുകാരായിരുന്നു. അവരിങ്ങനെ കരണ്ടുകമ്പിയില്‍ വന്നിരിക്കും. അവിടെല്ലാം ഉല്ലസിച്ചു പറക്കും. ചുരുക്കത്തില്‍, ഒരു 'ഭൂമിയുടെ അവകാശികള്‍' സെറ്റപ്പ്‌.

ഇടയ്ക്ക്‌ പുറത്തുപോകണമെന്നു വല്ലാണ്ട്‌ കൊതി തോന്നും. അപ്പോ ഓച്ചിറയ്ക്കോ കായംകുളത്തിനോ ഒന്നിറങ്ങും. മന:പൂര്‍വ്വം പരമാവധി നടക്കും. ഹൈറേഞ്ചിലുള്ളവര്‍ക്ക്‌ നടപ്പൊരു പണിയേയല്ല. കാരണം ബഹുദൂരം നടന്നു ശീലിച്ചവരാണു ഞങ്ങളൊക്കെ. സ്കൂളിലൊക്കെ പോകുന്നകാലത്ത്‌ പ്രതിദിനം എട്ടു കിലോമീറ്ററെങ്കിലും ഞാന്‍ നടക്കുമായിരുന്നു. ഒരു കിലോമീറ്റര്‍ നടക്കാന്‍ പത്തു മിനിറ്റ്‌ എന്നതാണ്‌ അന്നത്തെ കണക്ക്‌. അതിന്റെ ഇരട്ടിയില്‍ കൂടുതല്‍ നടന്നു പഠിക്കാനെത്തുന്നവരും ഉണ്ടായിരുന്നു എന്നു കേട്ടാല്‍ നെറ്റി ചുളിക്കരുത്‌. ഇതു വെറും പത്തു പന്ത്രണ്ട്‌ വര്‍ഷം മുന്‍പത്തെ കഥയാണ്‌. ഇന്നിപ്പോ വാഹനങ്ങളും റോഡ്‌ സൗകര്യവും കൂടി, ആള്‍ക്കാരുടെ മടിയും കൂടി. അഞ്ചു മിനിറ്റത്തെ നടപ്പിനുപോലും ബൈക്കിനെയോ ഓട്ടോയെയോ ആശ്രയിക്കുന്നതായി രീതി. ഒരു അഞ്ചു വര്‍ഷം മുന്‍പു വരെ കട്ടപ്പന ടൗണിലേക്ക്‌ പോകാന്‍ എന്റെ ഗ്രാമത്തിലുള്ളവര്‍ക്ക്‌ മൂന്നര കി.മീ. നടക്കാന്‍ യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇന്നിപ്പോ ആരെങ്കിലും നടന്നുപോയാല്‍ അവനെന്തോ കുഴപ്പമുണ്ടെന്നാവും മറ്റുള്ളവര്‍ കരുതുക. എത്രയോ തവണ രാവേറെ വൈകി ടൗണില്‍ നിന്നും ഒറ്റയ്ക്ക്‌ ഒരു കൈത്തിരി പോലുമില്ലാതെ ഞാന്‍ വീട്ടിലേക്കു നടന്നിരിക്കുന്നു! ഭയക്കാനൊന്നുമില്ല. ഈ സിറ്റിയില്‍ പോലും ഇല്ലാത്ത ഒരു സുരക്ഷയുണ്ടവിടെ. നമ്മള്‍ പ്രൊട്ടക്ട്ടഡ്‌ ആണെന്നൊരു ഫീല്‍. ഉടനീളം വീടുകള്‍, മിക്കവാറും പരിചയക്കാര്‍. രാവേറെ വൈകിയാല്‍ മാത്രം വാഹനങ്ങള്‍ കുറവായിരിക്കും. എസ്‌.എന്‍. ജങ്‌ഷന്‍ കടന്നിങ്ങു പോരുമ്പോള്‍ വലതുവശത്ത്‌ തലയുയര്‍ത്തി നില്‍ക്കുന്ന കട്ടപ്പന കുരിശുമലയുടെ കിഴക്ക്‌ പാല്‍നിലാവുമായി അമ്പിളിമാമനുണ്ടെങ്കില്‍.... ഒരു മൂളിപ്പാട്ടും പാടി സ്വച്ഛന്ദമായി നടക്കാന്‍ എന്തു രസമാണെന്നോ! സാഗരാ തീയേറ്ററില്‍ ഒരു മലയാളം ഫസ്റ്റ്‌ ഷോ കൂടി കണ്ടതിനു ശേഷമാണീ നടപ്പെങ്കില്‍ ശേലായി... മുപ്പത്തഞ്ചു-നാല്‍പത്‌ മിനിറ്റുകൊണ്ട്‌ വീട്ടിലെത്താം. പിന്നെ, ചൂടുള്ള കഞ്ഞി തേങ്ങാച്ചമ്മന്തിയും കൂട്ടിക്കഴിച്ചിട്ട്‌ ഒറ്റയുറക്കത്തിനു നേരം വെളുപ്പിക്കാം!

ഓ.. ഞാന്‍ കാടുകയറി. ഞാനിപ്പോ ഹൈറേഞ്ചിലല്ലല്ലോ. ഇവിടെ നടപ്പിനു മറ്റൊരു മാനമാണ്‌. നമ്മുടെ നാടല്ലാത്തതു കൊണ്ട്‌ ആര്‍ക്കും നമ്മെ അറിയില്ല. നിരന്ന പ്രദേശം. കണ്ടുപഴകാത്ത വഴികള്‍. അതും ഒരു രസമാണ്‌. ഒരു പുതുമ.

മറ്റൊരുകാര്യം ഭക്ഷണമാണ്. സുലഭമായ മീന്‍!! വൗ!! എന്റെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നതുപോലെ, 'മല്‍സ്യപരമായി' സുവര്‍ണ്ണകാലമായിരുന്നു ഈ അവധിക്കാലം. ഇതിനിടയില്‍ ഒരു തവണ അച്ഛന്‍ അവിടെ വന്നു. പിറ്റേന്നു ഞണ്ടും കൊഞ്ചുമായിട്ട്‌ ആഘോഷമായിരുന്നു. ഹൈറേഞ്ചിലെ നോണ്‍-വെജ്‌ രീതിയില്‍ നിന്നും വേറിട്ട ഒരു നടത്തം.. ആഹഹ!

ദിവസങ്ങള്‍ ഒന്നൊന്നായി കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിനിടെ ആ ദിനം വന്നെത്തി. ഓരോ വര്‍ഷവും പതിവായി വന്ന് എന്റെ മുന്നില്‍ നിന്ന് ഒന്നു പുഞ്ചിരിച്ചകലുന്ന ആ ഒരു ദിവസം!

Saturday, October 09, 2010

ആ കോമാളി വന്നു, വീണ്ടും

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ആറ്

വടക്കന്‍ കേരളത്തില്‍ ഒരു രാഷ്ട്രീയകൊലപാതകം നടന്നു. ഏഴെട്ടുവര്‍ഷം മുന്‍പാണ്‌. അന്നത്തെ ഒരു പ്രവണത വെച്ച്‌ പിറ്റേന്നു ന്യായമായും കേരള ബന്ദ്‌ നടക്കേണ്ടതാണ്‌. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ഉദ്വേഗപൂര്‍വ്വം സിജോമോന്റെ റൂമില്‍ കൂടിയിരിക്കുന്നു. പിറ്റേന്നേതോ ലാബ്‌ എക്സാം ആണെന്നാണെന്റെ ഓര്‍മ്മ. എല്ലാ മുഖത്തും ഒരേയൊരാശങ്ക മാത്രം - നാളെ ഹര്‍ത്താലായിരിക്കുമോ?

ഓരോരുത്തരും അവരവരുടെ വാദഗതികള്‍ മുന്നോട്ടുവെച്ചു. ഏതാണ്ട്‌ ഉറപ്പാണ്‌ ഹര്‍ത്താലിന്റെ കാര്യം. എല്ലാവരേക്കാളും ഉറപ്പ്‌ രൂപേഷിനാണ്‌. വലതു കൈത്തലം മുഖത്തിനു മുന്നിലൂടെ നീട്ടിപ്പിടിച്ച്‌ സ്വതസിദ്ധമായ ഈണത്തില്‍ അവന്‍ പറഞ്ഞു :

"നീയിരി രാജ്‌മോനേ, നമുക്കൊരു കൈ നെരത്തീട്ടുമതി ഇനി.." അവന്‍ ചീട്ടുകശക്കി. ".. എന്നതായാലും നാളെ ഭാരത ബന്ദാ!"

ഞങ്ങളെതിര്‍ത്തു : "ഓ പിന്നെ, കേരളത്തില്‍ അടി ഒണ്ടായേന്‌ എന്നാത്തിനാ ഭാരതബന്ദ്‌?"

രൂപേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു - "എടാ, കേരളത്തിന്റെ ഒരു പ്രശ്നമെന്നു പറഞ്ഞാല്‍ അതിന്ത്യേടെ പ്രശ്നമാടാ..!!"

അവന്റെ തോലുരിക്കാന്‍ അതു ധാരാളം മതിയായിരുന്നു. അതെ, കേരളത്തിന്റെ ഒരു പ്രശ്നം എന്നത്‌ ഒരു ദേശീയപ്രശ്നമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച ധീരനായിരുന്നു രൂപേഷ്‌.

*** *** ***

ബാംഗ്ലൂരു നിന്നും കാഞ്ഞിരപ്പള്ളിക്കു യാത്ര നടത്തിയപ്പോഴെല്ലാം കോട്ടയത്തെത്തുമ്പോള്‍ രൂപേഷിനെ വിളിക്കാതിരുന്നിട്ടില്ല ഞാന്‍.

"ഡാ, നീയെവിടാ? ഞാന്‍ കോട്ടയത്തേക്കു വരുന്നുണ്ട്‌."

"അ! എവിടെത്തീടാ?"

"ഏറ്റുമാനൂര്‍, നീ ടൗണിലെങ്ങാനുമുണ്ടോ?"

"എടാ, ഞാന്‍ വൈക്കത്തിനു പൊക്കോണ്ടിരിക്കുവാ, നീയെന്നാ തിരിച്ചു പോകുന്നേ?"

"ഞാന്‍ നാളെത്തന്നെ പോകും."

"ആ ശെരി. എങ്കില്‍ നീ നാളെ ഇതുവഴി വരുമ്പം ഒന്നു വിളിക്ക്‌."

"പോ കോപ്പേ, നാളെ ഞാന്‍ വന്നിട്ട്‌ നേരെ ബസില്‍കയറി അങ്ങു പോകത്തേയുള്ളൂ. തങ്ങത്തില്ല."

"ഓ... എങ്കില്‍ ഓക്കെ. നമുക്ക്‌ വേറൊരു ദിവസം കാണാം. നീയിനി എന്നാ വരുന്നെ..?"

...
.........
..............

എന്തായാലും ഒരു ദിവസം ഞാന്‍ നാഗമ്പടത്തിറങ്ങി. രൂപേഷിനെ വിളിച്ചു. ഒരു ചേട്ടന്റെ ബൈക്കിനു പിന്നിലിരുന്ന്‌ അവന്‍ വരുന്നതു കണ്ട്‌ ഞാന്‍ വെയിറ്റിംഗ്‌ ഷെഡില്‍ നിന്നിറങ്ങി.

ആളല്‍പം തടിച്ചിരിക്കുന്നു. മീശ അല്പം കനത്തു. ബാക്കിയെല്ലാം അതുപോലെ തന്നെ. നെറ്റിയിലെ ആ സിന്ദൂരക്കുറിയും സംസാരരീതിയും.

"നീയെന്നാടാ കണ്ണാടി വെച്ചെ? ഓ! ഇതെന്നതാ ഇത്‌? ടച്ച്‌ സ്ക്രീന്‍ മൊബൈലോ!!" അദ്ഭുതത്തോടെ ഞാന്‍ ചോദിച്ചു.

"അതൊക്കെ നമ്മള്‍ എമ്പണ്ടേ...!"

അവനെന്റെ കരം കവര്‍ന്നു. വര്‍ഷങ്ങള്‍ കൂടി കണ്ടിട്ടും അവന്റെ കൈത്തലത്തിന്റെ തണുപ്പ്‌ വീണ്ടും ഞാനോര്‍മ്മിച്ചു.

ഓട്ടോയില്‍ കയറി, ബിവറേജസ്‌ കോര്‍പ്പറേഷന്റെ വെയര്‍ഹൗസിലെത്തി. അവിടെ അവന്റെ സഹപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. എല്ലവരെയും പരിചയപ്പെട്ടു. അവരുടെ ഒപ്പമിരുന്ന് സിന്‍സി വൈനും കിങ്ങ്‌ഫിഷര്‍ ബിയറും കഴിച്ചു. പിന്നെ, ഊണിനു നില്‍ക്കാതെ പിരിഞ്ഞു. പോകാന്‍ നേരം അവന്റെ ഓഫീസിലെ എല്ലാവരും തിങ്ങിക്കയറിയ ആള്‍ട്ടോയില്‍ അവന്‍ എന്റെ മടിയിലിരുന്നു യാത്ര ചെയ്തു. ഒരു മിനിറ്റ്‌. മെയിന്‍ റോഡിലെത്തി.

"ഇനീം കോട്ടയം വഴി വരുമ്പോഴൊക്കെ വിളിക്ക്‌, നമുക്കിതുപോലെ കാണാം."

"ഓക്കെഡാ.." സന്തോഷത്തോടെ ഞാന്‍ യാത്ര ചൊല്ലിപ്പിരിഞ്ഞു.

*** *** ***

മുന്‍പോസ്റ്റുകളില്‍ ഞാന്‍ വിവരിച്ച യാത്ര എന്റെ ഭാര്യാസവിധത്തില്‍ പര്യവസാനിച്ച വിവരം ഓര്‍ക്കുമല്ലോ.

വൈകിയുള്ള ഊണും ഇറ്റ്‌ ഉറക്കവും കഴിഞ്ഞ്‌ ബോറടിച്ചിരുന്ന ഒരു ദിനം. നേരം നാലുമണിയാകുന്നു. അനിലിന്റെ കാള്‍. ഫോണെടുത്തു.

മറുതലയ്ക്കല്‍ അവന്റെ ഇടറുന്ന ശബ്ദം. "എടാ നീയറിഞ്ഞോടാ?"

അനില്‍ കരയുകയാണെന്നെനിക്കു തോന്നി. "എന്നതാടാ..? എന്നാ പറ്റി?"

"ഡാ.. നമ്മുടെ രൂപേഷു പോയെടാ..." ഞാന്‍ ഞെട്ടിത്തരിച്ചു. അനില്‍ മറുതലയ്ക്കല്‍ വിതുമ്പുന്നതുപോലെ.

മനസ്സിലാവാത്ത ഏതോ ഭാഷ പോലെ അനിലിന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങി. നെഞ്ചിലൊരു കനം തൂങ്ങി. എന്തു ചോദിക്കണം ഞാന്‍...?

അല്‍പമൊരിടവേളയ്ക്കു ശേഷം ഞാന്‍ ചോദിച്ചു - "എപ്പോ? എങ്ങനെയായിരുന്നു?"

"ആക്സിഡന്റാരുന്നെന്നാ കേട്ടത്‌. ഒന്നും കൃത്യമായിട്ട്‌ അറിയില്ലെടാ. ഇന്നു രാവിലെയോ മറ്റോ ആണ്‌. ബൈക്ക്‌ ഓടിച്ച്‌ പോയപ്പോ വേറെ ഏതോ വണ്ടിയില്‍ തട്ടി ലോറിക്കടിയില്‍ ഇവന്‍ വീണെന്നാ കേട്ടത്‌. അവന്റെ തലയിലൂടെ..."

ക്ഷമിക്കണം, എഴുതാനാവുന്നില്ല.

അല്‍പം കഴിഞ്ഞു ഞാന്‍ സിജോയെ വിളിച്ചു. അവന്‍ രൂപേഷിന്റെ തന്നെ ഫോണില്‍ വിളിച്ചത്രേ. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ എ.എസ്‌.ഐ ആണ്‌ അറ്റന്‍ഡ്‌ ചെയ്തത്‌. അദ്ദേഹം കാര്യം സ്ഥിരീകരിച്ചു
. ബോഡി പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള ഒരുക്കമാണ്‌.

പിന്നെ പല കാളുകള്‍. മെസ്സേജുകള്‍. എല്ലാം ആ ദുരന്തവാര്‍ത്ത ശരിവെച്ചു. ഇന്നു തന്നെ അടക്കുമെന്നു കേട്ടു. എവിടെവെച്ചാണ്‌ ചടങ്ങുകള്‍ ആര്‍ക്കും ഒന്നിനെപ്പറ്റിയും വ്യക്തമായ വിവരമില്ല. നേരമേറെ വൈകി. ഇനി പുറപ്പെട്ടാലും, സമയത്തിനു മുന്‍പേ അവിടെത്തുവാന്‍.. അനിലും അതു തന്നെ സംശയിച്ചു.

ഒരുപാട്‌ ഓര്‍മ്മകള്‍ അലതല്ലി വരുന്നു. ഡിഗ്രി പഠനകാലത്തെ സംഭവങ്ങള്‍. നെടുംകണ്ടത്തു നിന്നുള്ള യാത്രകള്‍. ചീട്ടുകളി. ക്ലാസ്സില്‍ ഒരിക്കല്‍ ഞാനും അവനും ഒരുമിച്ചു 'മൂവന്തിത്താഴ്‌വരയില്‍' എന്ന ഗാനം പാടിയത്‌. തൂക്കുപാലത്ത്‌ അവന്റെ കുഞ്ഞുവീട്ടിലെ കേറിത്താമസം. അവന്റെ അമ്മയുടെ മരണം. ഹൈറേഞ്ചില്‍ നിന്നും കോട്ടയത്തേക്കുള്ള പറിച്ചു നടല്‍.

പിന്നെ, സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു. അവനും ഒരു നല്ല ജോലിയില്‍ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയപ്പോള്‍....ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒരു തമാശ എസ്‌.എം.എസ്‌ ഫോര്‍വേഡ്‌ ചെയ്യുമ്പോള്‍ പോലും അവന്റെ നമ്പര്‍ കണ്ണിലുടക്കും. ദൈവം മണ്ണില്‍ നിന്നു മായ്ച്ചെങ്കിലും, സുഹൃത്തേ നിന്നെ....

"രാജുമോനേ..." നെറ്റിയിലെ സിന്ദൂരക്കുറിയും വലതു കൈയ്യുയര്‍ത്തിയുള്ള ശ്രദ്ധക്ഷണിക്കലും... നീ മരിക്കണ്ട രൂപേഷ്‌; കുറഞ്ഞപക്ഷം എന്റെ ഉള്ളിലെങ്കിലും....

Friday, October 08, 2010

റോസ്റ്റഡ് ഏത്തപ്പഴം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം അഞ്ച്

തൃശൂര്‍ ബസ്സ്റ്റാന്ഡില്‍ നിന്നും ഞാന്‍ കഴിച്ച ആ വെടിച്ചില്ലന്‍ ഏത്തപ്പഴം റോസ്റ്റിന്റെ സോഴ്സ് കോഡ് താഴെ പ്രസിദ്ധപ്പെടുത്തുന്നു...

വിളഞ്ഞു പഴുത്ത ഏത്തക്കായ്‌ - അഞ്ച്‌ എണ്ണം
മൈദ - 200 ഗ്രാം
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - അര ലിറ്റര്‍
എള്ള്‌ - അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍ (എള്ളും ജീരകവും ഇട്ടില്ലെങ്കിലും ആരും ഒരു കുറ്റോം പറയൂല)

അവല്‍ കുതിര്‍ത്തത്‌ - ഒരു കപ്പ്‌
തേങ്ങ - കാല്‍ കപ്പ്‌
ശര്‍ക്കര ചീകിയത്‌ - ഇല്ലോളം മതി (അഞ്ച്‌ സ്പൂണ്‍ ഇരുന്നോട്ടെ, മിച്ചം വന്നാല്‍ തിന്നാം)

അവസാനം പറഞ്ഞ മൂന്ന് ഐറ്റംസും ആദ്യം തന്നെ നന്നായി മിക്സ്‌ ചെയ്ത്‌ കുട്ടികള്‍ക്ക്‌ എത്താത്ത വിധം മൂടി വെയ്ക്കുക. ഇതിനെ നമ്മള്‍ 'മിഡില്‍ ടിയര്‍' എന്നു പറയും.

പിന്നീട്‌ മാവു പഞ്ചാരയും, മഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്‍ത്തു നന്നായി ഇളക്കുക. തുടക്കത്തില്‍ കുഴഞ്ഞു വരാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാവും. നിങ്ങള്‍ ഐ.ടി. രംഗത്തുള്ള ആളാണെങ്കില്‍ കഴിഞ്ഞ അപ്രൈസലില്‍ നല്ല റേറ്റിംഗ്‌ തരാതെ പാരവെച്ച / എന്നും ദുര്‍മ്മുഖം കാട്ടുന്ന ഒരു സീനിയറിനെ സ്മരിക്കുന്നത്‌ മാവു നന്നായി കുഴഞ്ഞു വരാന്‍ സഹായിക്കും. ഇടയ്ക്ക്‌ എള്ളും ജീരകവും കൂടി ഇട്ടേക്കണം. അല്ലെങ്കില്‍ പിന്നെ അവറ്റകളുടെ കാര്യം ആരു നോക്കും? ഇത്‌ അല്‍പം കുറുകി ഇരിക്കണം. ഇപ്പോള്‍ 'ഫ്രണ്ട്‌ എന്‍ഡ്‌' പേസ്റ്റ്‌ തയ്യാറായിക്കഴിഞ്ഞു.

ചീനച്ചട്ടി വിമ്മിട്ട്‌ നന്നായി കഴുകി വൃത്തിയാക്കി അടുപ്പത്തു വെച്ച്‌ എണ്ണയൊഴിച്ച്‌ ചൂടാക്കുക. ഇതാണ് ഡെവലപ്പ്മെന്റ് ഏരിയ. പെട്ടെന്നു വറ്റിപ്പോകുമെങ്കിലും വെളിച്ചെണ്ണയാണു ബെസ്റ്റ്‌ - മണത്തിനും തനതു രുചിക്കും. ഇനിയിപ്പൊ നിങ്ങള്‍ക്കത്ര ഇന്‍ട്രസ്റ്റില്ലെങ്കില്‍ പാമോയിലോ സൂര്യകാന്തിയെണ്ണയോ ഒഴിക്കാം. പാമോയില്‍ ഒഴിക്കുന്നതിനു മുന്‍പ്‌ 'ഓം കരുണാകരായ നമ' എന്ന മന്ത്രം മൂന്നു തവണ ഉരുവിടുക. പാമോയില്‍ കാരണം ഉണ്ടാവാന്‍ സാധ്യതയുള്ള പൊള്ളുന്ന അനുഭവങ്ങള്‍ മാറിപ്പോകാനും തൊലിക്കട്ടിക്കും അതു നല്ലതാണ്‌. പ്രത്യേകം ശ്രദ്ധിക്കുക, ഈ വിഭവത്തിനു 'ബായ്ക്ക്‌ എന്‍ഡ്‌' എന്നൊരു കമ്പോണെന്റ്‌ ഇല്ല.

എണ്ണ നല്ല 'ബളുബള' ശബ്ദത്തോടെ തിളച്ചുവരുമ്പോള്‍, പൊളിച്ചു വെച്ച ഏത്തപ്പഴം(പൊളിച്ചു വെക്കണമായിരുന്നു നേരത്തേതന്നെ, ഹല്ല പിന്നെ) ഒരെണ്ണം എടുത്ത്‌ അതിന്റെ ഉള്ളില്‍ ഒരു സ്വര്‍ണ്ണ നാണയം ഉണ്ടെന്ന് സങ്കല്‍പ്പിച്ച്‌ നെടുകെ കീറുക. ഈ രണ്ടു കഷണങ്ങളില്‍ ഒന്നിന്റെ പരന്ന ഭാഗത്ത്‌ അവല്‍ മിശ്രിതം അഥവാ മിഡില്‍ ടിയര്‍ നിരപ്പായി കാലിഞ്ചു കട്ടിയില്‍ വിതറുക. എന്നിട്ട്‌ മറ്റേ കഷണം അതിനു മുകളില്‍ ശ്രദ്ധാപൂര്‍വ്വം വെയ്ക്കുക. അവ രണ്ടും ചേര്‍ത്തു പിടിച്ച്‌ ഫ്രണ്ട്‌ എന്‍ഡ്‌ മിശ്രിതത്തില്‍ മുക്കുക. പഴത്തിന്റെ എല്ലാ വശത്തും പേസ്റ്റ്‌ നന്നായി പൊതിയത്തക്ക വിധം ഇതു ചെയ്യണം. എന്നിട്ട്‌ ഡെവലപ്പറെ ഓണ്‍സൈറ്റിലേക്കു മാനേജര്‍ തള്ളി വിടുന്നതുപോലെ സാവധാനം തിളയ്കുന്ന എണ്ണയിലേക്ക്‌ പകരുക. തല്‍സമയം കഷണങ്ങള്‍ വേര്‍പെട്ടാല്‍ തങ്കളുടെ പ്രൊജക്റ്റ്‌ മാനേജ്‌മന്റ്‌ മോശമായി എന്നര്‍ഥം, ആ റിസോഴ്സ്‌ എന്നെന്നേക്കുമായി കോഡും അടിച്ചോണ്ട്‌ പോയി എന്നു കരുതാം. ഇങ്ങനെ ഓരോന്നും പൊരിച്ചെടുക്കുക. പാകത്തില്‍ മൊരിയുമ്പോള്‍ കോരി വല്ല പേപ്പറിന്റേം പുറത്തിട്ട്‌ എണ്ണ വാര്‍ന്നുപോകാന്‍ (ക്ഷമയുണ്ടെങ്കില്‍) വെയ്ക്കാം.

മിതമായി ആറുമ്പോള്‍ ഒരു പീസെടുത്ത്‌ നടുവേ തുറന്നു നോക്കുക. വെന്ത പഴത്തിന്റെയും അവലിന്റെയും സമ്മിശ്രഗന്ധം വായില്‍ വെള്ളമൂറിക്കുന്നെങ്കില്‍ നിങ്ങള്‍ വിജയിച്ചിരിക്കുന്നു. ധൈര്യമായി തട്ടിക്കോളുക.

പിന്‍കുറിപ്പ്‌: ചൂടു നല്ലവണ്ണം ആറിയ ശേഷം മാത്രം തിന്നുക, അല്ലെങ്കില്‍ പിറ്റേദിവസം പല്ലുതേച്ചു കഴിയുമ്പോള്‍ അണ്ണാക്കിലെ തൊലി ഇളകി വരും.

ഉക്കടം ടു കായംകുളം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം നാല്

വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ കോവൈ മണ്ണില്‍ ഞാന്‍ കാലുകുത്തുന്നത്‌.

ഏതോ ഒരു സ്റ്റാന്‍ഡില്‍ എല്ലാ യാത്രക്കാര്‍ക്കുമൊപ്പം ഞാനും ഇറങ്ങി. ഇറങ്ങിയവരെല്ലാം ഒരേ ദിശയിലേക്കു നടക്കുന്നതു കണ്ടു. അടുത്ത ബസ്‌സ്റ്റാന്‍ഡിലേക്കാവണം. ഞാനും അവരുടെ ഒപ്പം നടന്നു. ലോക്കല്‍ ബസ്സുകള്‍ പുറപ്പെടുന്ന ഒരു സ്റ്റാന്‍ഡിലെത്തി. അവിടെ ബീഡിയും വലിച്ചുകൊണ്ടുനിന്ന ഒരു കണ്ടക്ടറോട്‌ പാലക്കാട്ടേക്കു ബസ്സ്‌ എവിടെ നിന്നു കിട്ടുമെന്നു തിരക്കി. തൊട്ടപ്പുറത്തൊരു ബസ്സ്റ്റാന്‍ഡുണ്ട്‌ അല്ലെങ്കില്‍ ഉക്കടം സ്റ്റാന്‍ഡില്‍ പോകണം എന്നയാള്‍ പറഞ്ഞു. എന്തൊരു സ്ഥലപ്പേരപ്പാ!

കൂടുതല്‍ ആലോചിക്കാന്‍ നിക്കാതെ ആദ്യം കണ്ട ഉക്കടത്തിനുള്ള ബസ്സില്‍ കയറി. അഞ്ചു രൂപ! അവിടെ ചെന്നപ്പോള്‍ സ്റ്റാന്‍ഡ്‌ ഏതാണ്ട്‌ ശൂന്യം. അങ്ങേമൂലയ്ക്ക്‌ ഒരു ബസ്‌ കിടക്കുന്നു. തൃശൂര്‍ ബോര്‍ഡും വെച്ചിട്ടുണ്ട്‌. ആഹഹ!! കയറിയപ്പോള്‍ സീറ്റുമുണ്ട്‌. ഇരുന്നു കഴിഞ്ഞപ്പോഴാണ്‌ ഇങ്ങനെ ഒരാശയം തോന്നിയത്‌. നേരം ആറുമണിയോടടുക്കുന്നു. ഇപ്പോ നടന്നാല്‍ നടന്നു, താമസിച്ചാല്‍ ചിലപ്പോ കുഴപ്പമാകും. പറഞ്ഞുവന്നത്‌ മൂത്രശങ്കയെപ്പറ്റി. അടുത്തിരുന്ന ആളോട്‌ ചോദിച്ചു ടോയ്‌ലറ്റ്‌ എവിടാന്ന്‌. പുള്ളി സ്റ്റാന്‍ഡിനു പുറത്തേക്കു വിരല്‍ ചൂണ്ടി. ഞാന്‍ ബാഗ്‌ സീറ്റില്‍ വെച്ച്‌ പുറത്തിറങ്ങി. ചുറ്റും നോക്കിയിട്ട്‌ 'കട്ടണ കഴിപ്പിടം' എന്നൊരു ബോര്‍ഡ്‌ കാണാനില്ല. നോക്കുമ്പോഴുണ്ട്‌ റോഡിനരികില്‍ ടെലിഫോണ്‍ ബൂത്ത്‌ പോലെ ഒരു സംവിധാനം. മനുഷ്യന്റെ അരഭാഗം മറയാന്‍ വിധത്തില്‍ നിന്നുകൊണ്ട്‌ മൂത്രസഞ്ചിയിലെ പ്രെഷര്‍ തീര്‍ക്കാനുള്ള എക്സ്‌ക്ലൂസീവ്‌ പ്ലേസ്‌! പരിപാടി നടത്തി സ്റ്റാന്‍ഡില്‍ തിരികെ കയറുമ്പോള്‍ ബസ്‌ നീങ്ങിത്തുടങ്ങിയിരുന്നു. അനായാസം ഓടിക്കയറി സീറ്റിലിരുന്നപ്പോള്‍ ഉദ്വേഗമടക്കാനാവാതെ അടുത്തിരുന്നയാള്‍ ചോദിച്ചു: 'ടോയ്‌ലെറ്റില്‍ പോയോ?'
'പോയി' ആശ്വാസത്തോടെ ഞാന്‍ മറുപടി പറഞ്ഞു.

തൃശൂര്‍ ബോര്‍ഡുണ്ടായിരുന്നെങ്കിലും പാലക്കാട്ടേക്കേ ടിക്കറ്റ്‌ തന്നുള്ളൂ. എന്നിട്ട്‌ ഒറ്റയുറക്കം, ഒന്നരമണിക്കൂര്‍. പാലക്കാട്‌. വാളയാറില്‍ ബ്ലോക്കുണ്ടായിരുന്നെന്ന്‌ സഹയാത്രികന്‍ പറഞ്ഞു.

അവിടിറങ്ങി തൃശൂരിനുള്ള ഒരു ടൗണ്‍-ടു-ടൗണ്‍ ബസ്സില്‍ കയറി ഇരുന്നു. അതു പോകാന്‍ തുടങ്ങിയപ്പോള്‍ കോട്ടയംവഴി തിരുവനന്തപുരത്തിനുള്ള ഒരു സൂപ്പര്‍ എക്സ്പ്രസ്സ്‌ വന്നു. കേറിയിരുന്ന വണ്ടിയില്‍ നിന്നിറങ്ങി ഞാന്‍ ആ ബസ്സില്‍ കയറി. ഏഴരയ്ക്ക്‌ ബസ്‌ പുറപ്പെട്ടു.

വടക്കാഞ്ചേരി സബ്‌ ഡിപ്പോയില്‍ ബസ്സിന്റെ 'പിന്‍കാഴ്ച്ചക്കണ്ണാടിയുടെ' നട്ടു മുറുക്കാന്‍ കയറി ഒരു പതിനഞ്ചു മിനിട്ട്‌ താമസിച്ചു. എങ്കിലും മറ്റേ ബസിനു മുന്‍പുതന്നെ ഇവന്‍ തൃശൂരെത്തി. സീറ്റില്‍ എന്റൊപ്പമുള്ളതൊരു സീനിയര്‍ സിറ്റിസണ്‍. ഇടയ്ക്ക്‌ അദ്ദേഹത്തിനൊരു കാള്‍ വന്നു. "പപ്പാ ഒരു പത്തരയാവുമ്പോ അങ്ങെത്തും കേട്ടോ!" എന്നു സ്നേഹം നിറഞ്ഞ അറിയിപ്പ്‌.

ഇദ്ദേഹവുമായി ഞാന്‍ മുട്ടി. കക്ഷീടെ പേരു വര്‍ക്കി. കോട്ടയത്തിനടുത്ത്‌ പള്ളത്താണു വീട്‌. പറഞ്ഞുപിടിച്ചു വന്നപ്പോ മൂപ്പീന്നും എന്നെപ്പോലെ പല വണ്ടി മാറിക്കേറി ബാംഗ്ലൂരു നിന്നും വരുവാണ്‌. അദ്ദേഹത്തിന്റെ തൊണ്ടയ്ക്കു സുഖമില്ലത്രേ. ബാംഗ്ലൂരില്‍ ആശുപത്രിയില്‍ ചെക്കപ്പ്‌ കഴിഞ്ഞു വരുന്നതാണ്‌. എന്നിട്ടാണ്‌ ഈ കാറ്റും പൊടീമടിച്ച്‌... എനിക്കു കഷ്ടം തോന്നി. എങ്കിലും അദ്ദേഹവുമായി സംസാരിച്ചിരിക്കാന്‍ നല്ല രസമായിരുന്നു. എന്നോടു ചോദിച്ചു- സര്‍വ്വീസിലാണോ? ഞാന്‍ ഒന്നു അന്തിച്ചു. ഒരുപക്ഷേ, പറ്റെ വെട്ടിയ എന്റെ മുടി കണ്ടിട്ടാവണം. അല്ല, ഞാന്‍ ഐ.ടി.യിലാ. അദ്ദേഹം ചിരിച്ചു. പുള്ളി സര്‍വ്വീസിലായിരുന്നു! വീണ്ടും കേരളത്തിന്റെ ആനുകാലികപ്രശ്നങ്ങളിലേക്ക്‌ ഞങ്ങള്‍ കടന്നു. നാട്ടിലെയും അന്യസംസ്ഥാനങ്ങളിലെയും റോഡുകള്‍, കൃഷിത്തകര്‍ച്ച, വിദ്യാഭ്യാസരംഗം അങ്ങനെയങ്ങനെ. പ്രായത്തിന്റെ അന്തരമില്ലാതെ ഒരു നാട്ടുവര്‍ത്തമാനം. തൃശൂരെത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി, അദ്ദേഹം കോട്ടയത്തിനുള്ള പ്രയാണം തുടര്‍ന്നു.

കംഫര്‍ട്ട്‌ സ്റ്റേഷനില്‍ പോയി കൈകാല്‍മുഖമൊക്കെ കഴുകി ഉന്മേഷവാനായി വന്നു. തിരുവനന്തപുരത്തിനു രണ്ട്‌ ബസുകള്‍ കിടക്കുന്നു - ഒരു ഏ.സി. ബസും ഒരു സൂപ്പര്‍ ഫാസ്റ്റും. ഏതാണാദ്യം പോകുന്നതെന്നു കൗണ്ടറില്‍ തിരക്കി. ഏസി ആദ്യം പോകുമെന്നു കേട്ട്‌ അതില്‍ കയറാമെന്നു തീരുമാനിച്ചു. അടുത്തുള്ള കടയില്‍ നിന്നും ഒരു ഏത്തപ്പഴം റോസ്റ്റ്‌ പൊതിഞ്ഞു വാങ്ങി. പന്ത്രണ്ടര രൂപ! എന്തുമാകട്ടെ, പക്ഷേ, ചില്ലറ തപ്പിയപ്പോള്‍ പന്ത്രണ്ടേയുള്ളൂ. 'പന്ത്രണ്ട്‌ മതിയാവുമോ ചേട്ടാ' എന്നു ചോദിച്ചപ്പോള്‍ എന്തരോ എന്തോ കടക്കാരന്‍ അംഗീകരിച്ചു. ബ്രേക്ക്ഫാസ്റ്റ്‌ ഓവര്‍.

കാര്യം ഏസിയുള്ള ആനവണ്ടികളെ ഫ്രീസറെന്നും പിന്നെ വണ്ടിയെ വിളിക്കാന്‍ കൊള്ളാത്ത അശുഭകരമായ പേരൊക്കെയാണു വിളിക്കുന്നത്‌. ഇനി വെന്റില്‍ നിന്നും അകന്നിരുന്നതുകൊണ്ടാണോ എന്തോ, എനിക്കന്ന് ആ തണുപ്പങ്ങു സുഖിച്ചു. അല്‍പം മയങ്ങി. പിന്നെ റേഡിയോ ‘മാങ്ങാ’യും കേട്ടിരുന്നു.

ഏസി ക്ഷീണമൊക്കെ പമ്പകടത്തിയിരുന്നു. രണ്ടരയ്ക്കു മുന്നേ വണ്ടി കായംകുളത്തെത്തി. മൂന്നുമണിക്ക്‌ വീട്ടിലും. പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ നേരത്തെ.

അടുത്ത ഭാഗം വരുന്നു..

കൊളോക്യലി, പോസ്റ്റാവുകാന്നു പറയും

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം മൂന്ന്‌

ഹൊസൂര്‍ പുതിയ സ്റ്റാന്‍ഡിനൊരു പ്രത്യേകതയുണ്ട്‌, കുറഞ്ഞ പക്ഷം സേലത്തിനു പോകുന്ന ബസ്സുകളുടെ കാര്യത്തിലെങ്കിലും - പ്ലാറ്റ്‌ഫോമില്‍ നിന്നാല്‍ ബസ്സില്‍ സീറ്റ്‌ കിട്ടില്ല. സ്റ്റാന്‍ഡിന്റെ മൂലയ്ക്ക്‌ അതാതു പ്ലാറ്റ്‌ഫോമിലേക്കു ബസുകള്‍ എത്തുന്നതിനു മുന്നേ നിര്‍ത്തിയിടുന്ന ഒരിടമുണ്ട്‌. അവിടെ ചെന്നാല്‍ ടേണില്‍ കിടക്കുന്ന ബസ്സുകള്‍ ഉണ്ടാവും. സീറ്റുള്ളതില്‍ കയറി ഇരിക്കാം. എന്നാല്‍ അന്നു ഞാന്‍ ചെല്ലുമ്പോള്‍ ഒരൊറ്റ ബസില്ല സേലത്തിന്‌! തപ്പിത്തേടി ചെന്നപ്പോഴുണ്ട്‌ ഒരു കോവൈ(കോയമ്പത്തൂര്‍) വണ്ടി കിടക്കുന്നു. നാലു ബസ്സിനു പോകാനുള്ള ആള്‍ അതിനു ചുറ്റും നില്‍പ്പുണ്ട്‌. ബസ്സിന്റെ മുന്നില്‍ നിന്ന്‌ ഒരു കണ്ടക്ടര്‍ ടിക്കറ്റ്‌ കൊടുക്കുന്നു. റിസര്‍വ്വേഷനിലൂടെ മാത്രമേ സീറ്റുള്ളൂ എന്നു വ്യക്തം. ഞാന്‍ തിരിഞ്ഞു നടന്നു.

പത്തു പതിനഞ്ചു മിനിറ്റായിക്കാണും ഞാന്‍ അങ്ങനെ നില്‍ക്കുന്നു. ബാംഗ്ലൂരു നിന്നു വരുന്ന സേലം ബസ്സുകളെല്ലാം സ്റ്റാന്‍ഡിന്റെ വാതില്‍ക്കല്‍ വന്നു തലകാണിച്ചശേഷം വിട്ടടിച്ചു പോകുകയാണ്‌. ഇന്നു ഹൊസൂര്‍ സ്റ്റാന്‍ഡില്‍ കിടന്നുറങ്ങേണ്ടി വരുമോ ആവോ!

ഞാന്‍ ബസുകള്‍ വന്നുചേരുന്ന ഭാഗത്തേക്കു നീങ്ങി നിന്നു. ഹും! ഒരു പത്തു ബസ്സിനുള്ള ആള്‍ അവിടെ പറ്റിക്കൂടി നില്‍പ്പുണ്ട്‌. ഒരു സേലം ബസ്‌ വന്നു, അതില്‍ നിറയെ ആള്‍ക്കാര്‍. എങ്കിലും അതില്‍ കയറിപ്പറ്റാനായി ചിലര്‍ ഓടുന്നു. ബസ്‌ നിര്‍ത്താതെ പോയി. എനിക്കും ഇന്ന് ഈ ഗതി തന്നെ എന്നുറപ്പിച്ചു. ഉടനെ അടുത്ത സേലം ബസ്സ്‌ വന്നു. ബസ്‌ വേഗം കുറച്ചപ്പോള്‍ തന്നെ ഓടിയവരുടെ ഒപ്പം ഞാന്‍ ചേര്‍ന്നു. ഒരു അന്‍പതു മീറ്റര്‍ ഓടിക്കഴിഞ്ഞപ്പോഴേക്കും ഓട്ടക്കാരുടെ എണ്ണം പാതി കുറഞ്ഞു. ബസ്‌ നിര്‍ത്തില്ലേ എന്ന സംശയത്താല്‍ ഞാന്‍ ഓട്ടം മതിയാക്കാനൊരുങ്ങുമ്പോള്‍ അതാ അല്‍പം മാറി ബസ്‌ നില്‍ക്കുന്നു. ഒരു കുഞ്ഞു പോലും അതില്‍ നിന്നും ഇറങ്ങുന്നില്ല, എന്നു മാത്രമല്ല, ആള്‍ക്കാര്‍ കയറാനും നോക്കുന്നു.

എന്തു ചെയ്യണം? മനസ്സില്‍ ഈ ചോദ്യം പൊന്തി വന്നു.
"സ്റ്റാന്‍ഡിംഗ്‌ മട്ടും, സാര്‍!" കണ്ടക്ടര്‍ ഉറക്കെപ്പറഞ്ഞു.
അങ്ങനെ ഒരു നിമിഷം കൊണ്ട്‌, 'നിന്നു യാത്ര ചെയ്യാം' എന്ന ധീരമായ തീരുമാനം ഞാന്‍ എടുത്തു!

ബസില്‍ കയറി. ഏറ്റവും മുകളിലെ ചവിട്ടു പടിയില്‍ ഞാന്‍ നില്‍പായി. ബാഗ്‌ ഫുട്ബോര്‍ഡിനും അതിനു മുന്നിലത്തെ സീറ്റിനും ഇടയിലായി തിരുകി വെച്ചു. എനിക്കു താഴെ മറ്റു രണ്ടുപേര്‍ കൂടി നില്‍ക്കുന്നു. യാത്ര തുടങ്ങി. ഒരു ചൊക്കടാ വണ്ടി ആണെങ്കിലും അത്യാവശ്യം വേഗമുണ്ട്‌. അരമണിക്കൂറായില്ല, നില്‍പ്‌ ബോറടിച്ചു തുടങ്ങി.

കൃഷ്ണഗിരി വരെ ആടിയും തൂങ്ങിയും നിന്നു. ബസുകള്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം ഭക്ഷണം കഴിക്കാനായും മറ്റും നിര്‍ത്തുന്ന ഒരിടത്തു നിര്‍ത്തി. പുറത്തെ കാഴ്ചകളൊക്കെ നോക്കി നിന്നു. ജനാലയിലൂടെ ഊളിയിട്ടുവരുന പാതിരാക്കാറ്റ്‌ ആവോളമാസ്വദിച്ചു.

വീണ്ടും നില്‍പ്‌. ഒരു അഞ്ചു മിനിറ്റ്‌ മുന്നോട്ട്‌ നോക്കും, പിന്നെ അഞ്ചു മിനിറ്റ്‌ പിന്നോട്ട്‌ നോക്കി നില്‍ക്കും, പിന്നൊരു പത്തു മിനിറ്റ്‌ പുറത്തേക്കു നോക്കി നില്‍ക്കും, കുറച്ചുനേരം ഇടത്തെ കൈ കമ്പിയില്‍ പിടിക്കും, പിന്നെ കുറെ നേരം വലത്ത്‌... നേരം കൊല്ലാന്‍ ഞാന്‍ പലവഴികള്‍ നോക്കി.

ബസ്‌ ഹൈവേയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു. അവന്മാര്‍ക്കു ഹാജരു വെയ്ക്കാന്‍ കൃഷ്ണഗിരി ബസ്‌സ്റ്റാന്‍ഡില്‍ കയറണം. ഇനി കുറേ ആള്‍ക്കാര്‍ അവിടുന്നു കൂടി തള്ളിക്കയറിയാല്‍ ശേലായി. സ്റ്റാന്‍ഡില്‍ കയറിയ പാടെ കണ്ട്രാവി ഇറങ്ങി. സൈന്‍ പോട്ടിട്ടു വരാം, ഡോര്‍ ഓപ്പണ്‍ പണ്ണകൂടാത്‌ എന്നൊക്കെ വാതില്‍ക്കല്‍ നിന്നവനെ ശട്ടംകെട്ടി പുള്ളി പോയി. ബസ്‌ സ്റ്റാന്‍ഡ്‌ ചുറ്റി മുന്നില്‍ വന്നു നിന്നപ്പോഴേക്കും ഒരു പതിനഞ്ചു പേരെങ്കിലും വാതിലിനു നേരേ ഇടിച്ചു വന്നു. നിയുക്തകിളി ഡോര്‍ തുറക്കില്ല എന്നു പിടിവാശി കാണിച്ചെങ്കിലും കയറാന്‍ വന്നവര്‍ ബലമായിട്ടു തന്നെ വാതില്‍ തുറപ്പിച്ചു. മുന്നിലെ വാതിലിലൂടെ അഞ്ചു പേരുള്ള ഒരു കുടുംബം ഇടിച്ചു കയറി വന്നു. കെട്ടും കെടയും ഒക്കെയുണ്ട്‌. 'അകത്ത്‌ ഇടമുണ്ടല്ലോ, പിന്നെന്താ' എന്ന വാദവുമായി വന്നതാണ്‌. പക്ഷേ കയറിക്കഴിഞ്ഞപ്പോള്‍ മുന്നോട്ടും പോകാന്‍ വയ്യ, പിന്നോട്ടും മാറാന്‍ വയ്യ. ഇറങ്ങാനും മേല. സമാധാനമായി ഇത്രേം നേരം നിന്നാണെങ്കിലും യാത്ര ചെയ്തുപോന്ന ഞങ്ങള്‍ക്കാണെങ്കില്‍ നിന്നു തിരിയാനിടയില്ലാത്തുപോലെ അസൗകര്യവുമായി. 'അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്‌' എന്നുറക്കെ പാടാന്‍ തോന്നി.

പിന്നേം അരമണിക്കൂര്‍ കഴിഞ്ഞുകാണും. മുന്‍പു കയറിയ കൂട്ടത്തിലുള്ള പെണ്ണിനേം തള്ളിക്കൊണ്ട്‌ കാര്‍ന്നോര്‍ വാതില്‍ക്കലേക്ക്‌. പൊടുന്നന്നെ, വാതിലിനു മുകളിലൂടെ തല പുറത്തേക്കിട്ട്‌ പെണ്ണങ്ങു വാളുവെപ്പ്‌ തുടങ്ങി. തള്ളേ കലിപ്പ്‌! ഒരു യാത്രയുടെ രസം മുഴുവന്‍ കൊല്ലുന്ന ഒരേര്‍പ്പാടാണ്‌ വാളുവെക്കുന്നതും വാളുകാണുന്നതും. ആയതിനാല്‍ ഞാന്‍ ആ ഭാഗത്തു നിന്നും കണ്ണുകള്‍ പിന്‍വലിച്ചു. കാവടിയാട്ടം കഴിഞ്ഞോ എന്നറിയാന്‍ ഇടയ്ക്കു നോക്കിയപ്പോഴുണ്ട്‌, ആ പെണ്ണ്‌ തലയില്‍ ചൂടിയ മുല്ലപ്പൂ എടുത്തു മണപ്പിക്കുന്നു. ദൈവമേ! മുല്ലപ്പൂവിന്റെ കുഴഞ്ഞ മണം എനിക്കാണെങ്കില്‍ മനംപിരട്ടലുണ്ടാക്കുന്നതാ! ആ കൊച്ചിനു ദേ, അതു റെമഡി!

പിന്നെ ധര്‍മ്മപുരി സ്റ്റാന്‍ഡിലും ബസ്‌ കയറി കട്ടനടിക്കാനുള്ളത്ര സമയം നിര്‍ത്തിയിട്ടു. ഈ സമയം കൊണ്ട്‌ എന്റെ തിളച്ചു നിന്ന 'നിശ്ചയദാര്‍ഢ്യം' എതിലേപോയെന്നു കണ്ടില്ല. നനഞ്ഞിറങ്ങിയതല്ലേ, ഇനി കുളിച്ചേ കയറാന്‍ പറ്റൂ എന്നെനിക്കറിയാമായിരുന്നു.

അങ്ങനെ അവസാനം, നാലേകാല്‍ മണിക്കൂര്‍ നിന്നും ആ നില്‍പിനിടയില്‍ മയങ്ങിയും യാത്ര ചെയ്ത്‌ രാത്രി രണ്ടരയ്ക്ക്‌ ഞാന്‍ സേലം സ്റ്റാന്‍ഡിലിറങ്ങി. എന്റെ തളരാത്ത കാലുകള്‍ക്ക്‌ നന്ദി പറഞ്ഞും കോയമ്പത്തൂരിനു സീറ്റുള്ള വണ്ടിയിലേ കയറൂ എന്നു വാശി പിടിച്ചും പ്ലാറ്റ്‌ഫോമിലേക്കു നടന്നു, ഒന്നു മൂത്രമൊഴിക്കാന്‍ പോലും മെനക്കെടാതെ. ഒരു കോവൈ വണ്ടി പോകാന്‍ തയ്യാറായി നില്‍ക്കുന്നു, കണ്ട്രാവി ആളെ വിളിച്ചു കയറ്റുകയാണ്‌. ഭാഗ്യം സീറ്റുണ്ടായിരുന്നു. അങ്ങനെ സേലം സ്റ്റാന്‍ഡില്‍ ഒരു മിനിറ്റുപോലും ചെലവഴിക്കാതെ ഞാന്‍ കോവൈ യാത്ര ആരംഭിച്ചു.

ബസ്സിലെ ടിവിയില്‍ 'വില്ല്' ഓടുന്നു. അന്‍പത്തഞ്ചു ചില്ലറ കൊടുത്ത്‌ ടിക്കറ്റ്‌ വാങ്ങി. നേരം വല്ലാത്ത നേരമാണെങ്കിലും ഉറക്കം വന്നില്ല, വില്ലിന്റെ അവസാന അരമണിക്കൂര്‍ ഞാന്‍ കണ്ടുകാണണം. വീണ്ടും പടം ഓടുമെന്ന മട്ടുകണ്ട്‌ വേഗം ഞാന്‍ ഉറക്കത്തിലേക്കു കൂപ്പുകുത്തി.

ഇടയ്ക്കെപ്പോഴോ ഉണര്‍ന്നു. ഒരു സ്വപ്നത്തിലെന്നപോലെ ഇടയ്ക്ക്‌ പരിചയമുള്ള ഏതൊക്കെയോ ഈണങ്ങള്‍ കാതില്‍ പൊഴിഞ്ഞുവീണു. കണ്ണുതുറന്നപ്പോള്‍ 'പയ്യാ' ഓടുന്നു. അതു കുറെ നേരം കണ്ടിരുന്നു. ഏതോ നഗരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഇടതു വശത്ത്‌ കോയമ്പത്തൂര്‍ വിമാനത്താവളത്തിന്റെ കമാനം കണ്ടു. സ്റ്റാന്‍ഡെത്താന്‍ കാത്തിരിപ്പ്‌.

റമസാന്‍ അവധി ദിനത്തില്‍, രാവിലെ അഞ്ചര കഴിഞ്ഞപ്പോള്‍ ഞാന്‍ കോവൈയില്‍ ബസ്സിറങ്ങി.

ഇനി പാലക്കാട്ടേക്ക്‌!

യാത്ര : പുനരാരംഭം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം രണ്ട്‌

ഫ്രൈഡ്‌ റൈസ്‌ ഇട്ടിട്ടു പോകാനോ? ഇട്ടിട്ട്‌ എങ്ങോട്ട്‌ പോകാന്‍ ? അതുകൊണ്ട് തീറ്റ പൂര്‍ത്തിയാക്കിയിട്ടേ ഉള്ളൂ ഇനി എന്തും.

ബസിപ്പോ ഹൊസൂര്‍ കടന്നു കാണും. ഇനി വണ്ടി മാറിക്കേറി പോയാലോ? എന്തായാലും തുനിഞ്ഞിറങ്ങിയതല്ലേ? ഞാന്‍ ബസ്‌ സ്റ്റോപ്പിലേക്കു നടന്നു. അവിടാണേല്‍ ഒരു പൂരത്തിനുള്ള ആളുണ്ട്‌. മിനിമം ഒരു നാനൂറു പേരെങ്കിലും. നിന്നാല്‍ ഇവിടെ നിന്നു വേരുമുളയ്ക്കത്തേയുള്ളൂ. ഇനി യാത്ര നാളെയെങ്ങാനും ആക്കാം എന്ന ചിന്തയില്‍ തലേം താഴ്ത്തി ഞാന്‍ തിരിച്ചു നടന്നു.

മാട്ടേലിരുന്ന തേങ്ങാ പോലെ ആയിരുന്നു ആ ടിക്കറ്റ്‌, ലക്കിനു കിട്ടീതാ. അതു ദാണ്ടെ ഇല്ലാണ്ടാക്കി. ഉറുപ്പിക 317 ഗോവിന്ദ! എതോ ഒരു ഭാഗ്യവാന്‌ ആ സീറ്റില്‍ യാത്ര ചെയ്യാനൊത്തു, അത്ര തന്നെ. പിന്നെ കേയെസ്സാര്‍ടീസീക്ക്‌ എന്റെ വക ദെമ്പിടി റംസാന്‍ സമ്മാനം.

ഭാര്യാജിയെ വിളിച്ചു കാര്യം പറഞ്ഞു. അവള്‍ ഒന്നും പറഞ്ഞില്ലെന്നേയുള്ളൂ. പക്ഷേ പറഞ്ഞതുപോലൊക്കെ തന്നെ ആയിരുന്നു. 'ഇത്രയ്ക്കു വെളിവില്ലേ?' എന്നു ചോദിച്ചില്ലെങ്കിലും അതും അതിലപ്പുറവും അവള്‍ ചിന്തിച്ചിട്ടുണ്ടെന്നു വ്യക്തം.

ഇ-സിറ്റി കര്‍ണാടക ട്രാന്‍സ്പോര്‍ട്‌ ബുക്കിംഗ്‌ സെന്ററില്‍ നിന്നുള്ള വെളിച്ചം റോഡിലേക്കു ചാഞ്ഞു വീണു, അല്‍പം എന്റെ മനസ്സിലും. അവിടെ കയറി നാളെ എറണാകുളത്തിനു വല്ല ടിക്കറ്റും ഉണ്ടോന്നു തപ്പി. ഒരെണ്ണം നാളെ ഉണ്ടത്രേ, അതും മൈസൂര്‍-കോഴിക്കോട്‌ റൂട്ടില്‍. വെല്യ താല്‍പര്യം തോന്നിയില്ല. ഞാന്‍ അവിടുന്നിറങ്ങി.

നേരേ പോയി ഇന്റര്‍നെറ്റ്‌ കഫെയില്‍ കയറി. കല്ലട ട്രാവല്‍സിന്റെ സൈറ്റില്‍ നോക്കി. നാളെ ഒരു ഗുദാമിലോട്ടും സീറ്റില്ല. പത്തനംതിട്ട ബസില്‍ ഒരു സീറ്റുണ്ട്‌. ഉം.. വേണമെങ്കില്‍ അങ്കമാലി വരെ പോകാം. പിന്നെ വൈഫ്‌ജിയുടെ നാട്ടിലേക്ക്‌(കായംകുളം) വേറേം ബസു കേറണം. നോക്കണോ? തീരുമാനം എടുക്കേണ്ടി വന്നില്ല അതിനും മുന്‍പെ ആ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യപ്പെട്ടു.ന്ന്വച്ചാ ഞാന്‍ ഒന്നൂടെ നോക്കിയപ്പൊ ആ സീറ്റ്‌ ബുക്ക്ഡ്‌ ആയി. അപ്പോ ദേ, കിടക്കുന്നു കട്ടപ്പനയ്ക്ക്‌ ഒരു സീറ്റ്‌! ആവശ്യമുള്ളനേരത്തു നോക്കിയാല്‍ ഇതൊന്നും കാണില്ല. എനിക്കു സ്വദേശത്തേക്കല്ല പോകേണ്ടത് എന്ന് സിസ്റ്റത്തിന് അറിയില്ലല്ലോ. ഞാന്‍ അവിടുന്നും ഇറങ്ങി റൂമിലേക്കു നടന്നു.

ഒരു 600 മില്ലി പെപ്സി വാങ്ങിയാലോ? എന്തായാലും ഈ ദിവസത്തിന്റെ ഫുള്ള്‌ മൂഡും പോയി. എന്നാപ്പിന്നെ ഓള്‍ഡ്‌ മങ്ക്‌ രണ്ട്‌ ലാര്‍ജും വിട്ട്‌ സുഖമായി ഉറങ്ങാം. ഓ മങ്കും മങ്കീം ഒന്നും വേണ്ട. അതിനും മനസ്സു വന്നില്ല.

നേരം എട്ടുമണി. തിരികെ റൂമിലെത്തി. തുണിമാറി നീണ്ടു നിവര്‍ന്നൊന്നു കിടന്നു.

ഞാന്‍ തിരിച്ചു പോന്നതു ശെരിയായോ?
ഓ.. ഉവ്വ, അവിടെ നിന്നിരുന്നേല്‍ നിന്റെ അമ്മാവന്‍ കോണ്ടസ്സായും കൊണ്ടു വന്നു നിന്നെ കായംകുളത്തേക്ക്‌ എഴുന്നള്ളിച്ചേനെ..

എന്നാലും, എത്ര തവണ കട്ടപ്പനയ്ക്ക്‌ ബസ്‌ മാറിക്കയറി പോയിരിക്കുന്നു?
ഹൊസൂരിനു പോലും വണ്ടി കിട്ടാതെ നൂറുകണക്കിനു ജനം അവിടെ കുറ്റിയടിച്ചു നിപ്പാ, അപ്പോഴ അവന്റൊരു..

എങ്കില്‍ നാളെ രാവിലെ പോയാലോ?
പാതിരാത്രി കഴിയും അങ്ങെത്താന്‍, കൂടാതെ പകല്‍ യാത്ര ചെയ്താല്‍ ഒരു പരുവമാകും അവിടെ ചെല്ലുമ്പോഴേക്കും.

മനസ്സ്‌ ചിന്തകളുടെ യുദ്ധക്കളമായി.

ഒരു ഫ്രണ്ടിനെ വിളിച്ചു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ബാംഗ്ലൂര്‍ - സേലം - കോയമ്പത്തൂര്‍ റൂട്ടില്‍ ഒരുപാടു യാത്ര ചെയ്യുന്ന ആളാണ്‌. 'സേലത്തിനു വണ്ടി ഇഷ്ടം പോലെ കിട്ടും. പക്ഷെ ഇ-സിറ്റിയില്‍ നിന്നാല്‍ സീറ്റുകിട്ടില്ല. അല്ലെങ്കില്‍ പിന്നെ ഹൊസൂരിനു പോകണം. അവിടുന്ന് എപ്പോഴും സേലം വണ്ടി കിട്ടും. 24 ബൈ 7. സേലത്തു ചെന്നാല്‍ എപ്പോഴും കോയമ്പത്തൂരിനു ബസ്സുണ്ട്‌.' കാര്യം പറഞ്ഞാല്‍ കേട്ടതില്‍ പുതുമ ഒന്നും ഇല്ലായിരുന്നെങ്കിലും രാത്രിയില്‍ തന്നെയങ്ങു പോയാലോ എന്നൊരു ചിന്തയുടെ കയറൂരിവിടാന്‍ ആ സംസാരം മതിയായിരുന്നു.

'അപ്പൊ ഞാന്‍ ഒന്‍പതു മണിയോടെ പുറപ്പെടുന്നു.' ധര്‍മ്മപത്നിയെ വിവരം ധരിപ്പിച്ചു.

എട്ടുനാല്‍പതായപ്പോള്‍ ഇ-സിറ്റി സ്റ്റോപ്പില്‍ വീണ്ടും ഞാനെത്തി. പൂരം കഴിഞ്ഞിരിക്കുന്നു. എന്നാലും ചെറുപൂരങ്ങള്‍ ഇപ്പോഴും ഉണ്ട്‌. മിനിമം ഒരു 150 പേരെങ്കിലും ഉണ്ടവിടെ.

മണി ഒന്‍പതേകാല്‍ കഴിഞ്ഞു. 'ഒസ്സുര്‍ ഒസ്സുര്‍' എന്നു ജീവനക്കാര്‍ നിലവിളിക്കുന്ന ഒരു പ്രൈവറ്റ്‌ ബസ്‌ വന്നു. മൂന്നാമനായി ആ ബസ്സില്‍ കയറിപ്പറ്റാന്‍ എന്നെ സഹായിച്ചത്‌ 'ഇന്നു പോയിട്ടേ ഉള്ളൂ' എന്ന നിശ്ചയദാര്‍ഢ്യവും പിന്നെ ബസ്‌ നില്‍ക്കുമെന്നു തോന്നിയ സ്ഥലം ലക്ഷ്യമാക്കി ഓടിയതും. ഭാഗ്യം സീറ്റും കിട്ടി. ഇരുപത്‌ രൂപാ ടിക്കറ്റ്‌. അങ്ങനെ ഞാന്‍ യാത്ര തുടങ്ങി.

ഹൊസൂരെത്തും മുന്‍പെ ബസ്‌ നിന്നു. എല്ലാരും ഇറങ്ങുന്നു. അവിടെ വരെയേ ബസ്സുള്ളൂവത്രേ. ബസ്സുകാരോട്‌ തര്‍ക്കിക്കാന്‍ നിന്നാല്‍ കാര്യമില്ല എന്നു കണ്ട്‌ മനസ്സില്‍ അവന്മാരെ കുറെ തെറീം പറഞ്ഞ്‌ അത്തിബെലെ കവലയില്‍ ഞാന്‍ നില്‍പായി. അപ്പോ തമിഴ്‌നാടിന്റെ ഒരു നീളന്‍ ബസ്‌(നടുവശം ഒടിഞ്ഞ ബസ്സില്ലേ, അതു തന്നെ) വരുന്നു. സമയോചിതമായ ഇടപെടല്‍ ആ ബസ്സിലും സീറ്റ്‌ കിട്ടാന്‍ എന്നെ സഹായിച്ചു. ഐ മീന്‍, ആള്‍ക്കാര്‍ തള്ളിവരുമ്പോള്‍ ഒപ്പം ഒന്നു നിന്നു കൊടുത്താല്‍ മതി, കൈയ്യും കാലും എവിടെ എങ്ങനെ വെക്കണമെന്നൊരു ചെറിയ കണക്കുക്കൂട്ടല്‍ നിങ്ങളെ സുരക്ഷിതമായി വണ്ടിക്കുള്ളില്‍ എത്തിക്കും.(ഇത്‌ സ്ത്രീകള്‍, കയ്യില്‍ ഒത്തിരി ലഗേജുള്ളവര്‍, വസ്ത്രം മുഷിയുമെന്നു ഭയക്കുന്നവര്‍, മൂത്രശങ്ക ഉള്ളവര്‍, അയഞ്ഞമുണ്ട്‌ അരയിലുള്ളവര്‍, തിരക്കിനിടയില്‍ പേഴ്സ്‌ ശ്രദ്ധിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ അനുവര്‍ത്തിക്കരുത്‌). അഞ്ചു രൂപ - ഹൊസൂരെത്തി.

ഞാന്‍ മുന്‍പു പറഞ്ഞ ആ സാധനം നിശ്ചയദാര്‍ഢ്യം - ഡിറ്റര്‍മിനേഷന്‍ - ആ സുനാപ്പി വല്ലാതെ വേണ്ടപ്പെട്ട സമയമായിരുന്നു പിന്നീട്‌.

അതേപ്പറ്റി അടുത്ത തവണ.

തുടക്കം അഥവാ മുടക്കം

ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം ഒന്ന്

സെപ്റ്റംബര്‍ ഒന്‍പതാം തീയതി വ്യാഴാഴ്ച(റംസാന്‍ തലേന്ന്) നാട്ടില്‍ പോകണം. കാര്യം നേരത്തെ ആലോചിച്ചു വെച്ചിരുന്നതാണെങ്കിലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനൊത്തില്ല. പിന്നെ നോക്കിയപ്പോ ഒന്നു പോലും മിച്ചമില്ല.

അവസാനം കടിച്ചു പിടിച്ച്‌ ആറാം തീയതി ബാംഗ്ലൂരു നിന്നും എറണാകുളത്തിനുള്ള കേരളാ ട്രാന്‍സ്പോര്‍ട്ട്‌ സൂപ്പര്‍ എക്സ്പ്രസ്സ്‌ ബസിന്റെ അവസാനത്തെ സീറ്റ്‌ ഒരെണ്ണം ഒഴിവു കണ്ട്‌ കയ്യോടെ വ്യാഴാഴ്ചത്തേക്കു ബുക്കുചെയ്തു.

വ്യാഴാഴ്ചയായി. ബാഗും ഒക്കെ വരിഞ്ഞു കെട്ടി ഇങ്ങ്‌ ആപ്പീസിലെത്തി. സീനിയര്‍ അവധിയിലാണ്‌. കൊല പണി. ഉച്ചയായപ്പോഴേ നീളമുള്ള വാരാന്ത്യത്തിന്റെ ലക്ഷണങ്ങള്‍ ഓഫീസില്‍ കണ്ടു തുടങ്ങി. തികഞ്ഞ ശാന്തത. നല്ലൊരുഭാഗം ആള്‍ക്കാരും കലമ്പിയാച്ച്‌. ബസ് വൈകിട്ട് ആറേകാലിനല്ലേ. അതു സാറ്റലൈറ്റ്‌ സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട്‌ ബാംഗ്ലൂര്‍ ട്രാഫിക്‌ നീന്തിക്കയറി ഇ-സിറ്റിയില്‍ എത്തുമ്പോള്‍ മണി എട്ടായേക്കും. എന്നാലും ആറാകുമ്പോള്‍ ഇറങ്ങാം. ശാപ്പാടൊക്കെ കഴിച്ചു റെഡി ആയി നില്‍ക്കാം.

എന്നാലല്‍പം നേരത്തെ - ഒരഞ്ചുമണിക്ക്‌ ഇറങ്ങിയാലോ? അപ്പോ ദേ, ഉച്ച കഴിഞ്ഞ്‌ വീണ്ടും തിരക്ക്‌. ഇഷ്യു തന്നെ ഇഷ്യു. അതൊക്കെ ഒരു വഴിക്കാക്കിയിട്ട്‌ പോരാമെന്നു കരുതി അതിനു പുറത്തിരുന്ന് ചൊറിഞ്ഞ്‌ ചൊറിഞ്ഞ്‌ നേരമങ്ങു പോയി.

ഒടുവില്‍ ആറുമണി കഴിഞ്ഞ്‌ എഴുന്നേറ്റു. ഔട്ട്‌ലുക്കില്‍ 'ഔട്ട്‌ ഒഫ്‌ ഓഫീസ്‌' ഒക്കെ ക്രമീകരിച്ചിട്ടുണ്ട്‌ എന്നുറപ്പാക്കി. ലീവെടുത്തതല്ലേ!

റസ്റ്റ്‌ റൂമില്‍ പോയി പാന്റ്‌സ്‌ മാറ്റി ജീന്‍സിട്ടു, ഷൂസ്‌ മാറ്റി ചെരുപ്പിട്ടു. ഇട്ടിരുന്ന ഷൂസ്‌ ലോക്കറില്‍ കൊണ്ടെ പൂട്ടിവെച്ചു.

എന്തായാലും പുറപ്പെട്ടിറങ്ങിയപ്പോള്‍ മണി ആറ്‌ ഇരുപത്തഞ്ചും കഴിഞ്ഞു. ഇ-സിറ്റിയിലേക്കു ഞാന്‍ ധൃതിയില്‍ നടന്നു. 'ഇ-സിറ്റി സാഗര്‍' റെസ്റ്റാറന്റില്‍ കേറി ഒരു 'മുട്ട വറുത്ത ചോറ്‌' വാങ്ങി തീറ്റ തുടങ്ങി.

അപ്പോളാണൊരു ഉള്‍വിളി. എന്തോ പിശകില്ലേ?

പോക്കറ്റില്‍ നിന്നും പേഴ്സെടുത്തു. ടിക്കറ്റെടുത്തു നോക്കി.

മനസ്സ്‌ നിമിഷനേരം കൊണ്ട്‌ ശൂന്യമായി!

DATE OF JOURNEY : 09-09-2010 16:15

അപ്പോ സമയം ഏഴോടടുക്കുന്നു. സിമ്പിള്‍ - യാത്ര മുടങ്ങീന്ന്‌. മുടിഞ്ഞ ഡെസ്പ്. ഇന്നുവരെ, മോനേ, ഇന്നുവരെ ഇങ്ങനെ ഒരു അബദ്ധം പറ്റീട്ടില്ല. ശീലം കൊണ്ട് ഓര്‍ത്തു വെച്ചിരുന്ന ടൈമാണ്. അഞ്ചിനിറങ്ങാനുള്ള ആലോചന നടന്നിരുന്നെങ്കില്‍ ഉറപ്പായും.. ഇനി പറഞ്ഞിട്ടെന്താ..?
പിന്നെ ഉണ്ടായ ശങ്ക ഇതാണ്‌ : കഴിച്ചു പാതിയാക്കിയ ഫ്രൈഡ്‌ റൈസ്‌ ഇട്ടിട്ടുപോണോ അതോ തീര്‍ത്തിട്ട്‌ പോണോ?