Monday, February 15, 2010

കോര്‍പ്പറേറ്റ് കംഫര്‍ട്ട്

കഴിഞ്ഞയാഴ്ച ഓഫീസില്‍ കസ്റ്റമേഴ്സിന് ഒരു സെഷന്‍ എടുക്കാന്‍ ഞാന്‍ നിയുക്തനായി. പൂനെയില്‍ നിന്നും ചെന്നൈയില്‍ നിന്നും മൂന്നാലുപേര്‍ ടെലി-കോണ്‍ഫറന്‍സില്‍, നാലു കണ്‍സല്‍ട്ടന്റുമാര്‍ എന്റെയും രണ്ടു സഹപ്രവര്‍ത്തകരുടെയും ഒപ്പം കോണ്‍ഫറന്‍സ്‌ റൂമില്‍.

കണ്‍സല്‍ട്ടന്റുമാര്‍ എത്താന്‍ അല്‍പം വൈകുമെന്ന് അറിഞ്ഞതിനാല്‍ 9.15 നു ആരംഭിക്കേണ്ട വധത്തിന്‌ അല്‍പം വൈകിയാണ്‌ വട്ടം കൂട്ടിയത്‌. ഒന്‍പതരയോടെ കോണ്‍ഫറന്‍സ്‌ കോളും പ്രസന്റേഷനും പ്രൊജക്ടറുമൊക്കെ തയ്യാറാക്കി. മറ്റു സ്ഥലങ്ങളിലുള്ളവര്‍ കാതുകൂര്‍പ്പിച്ചു കാത്തിരിക്കുന്നു. അപ്പോള്‍ ടീമിലെ സീനിയറിന്റെ സ്വരം: "അവര്‍ പതുക്കെ എത്തട്ടെ, നമുക്ക്‌ തുടങ്ങാം..."

എന്റെ മുഖത്ത്‌ എന്തോ ഒരങ്കലാപ്പ്‌. അതെ ഒരു വെളിപാട്‌! എന്തോ ഒരു ധര്‍മ്മസങ്കടം. പോകണോ വേണ്ടയോ? അതെ, കൊളോക്യലായി പറയുവാണെങ്കില്‍ ഒന്നു വെളിക്കിറങ്ങണമെന്ന തോന്നല്‍. ആദ്യത്തെ കണ്‍ഫ്‌യൂഷനൊക്കെ മാറി ഇപ്പോ നല്ല ശക്തമായ തോന്നലുണ്ട്‌. അതു ഓരോ സെക്കന്റിലും കൂടി വരികയും ചെയ്യുന്നു. അതെ ഉപേക്ഷിക്കാനാവാത്ത ഒരു വിളി. ഇന്‍ സോഫ്റ്റ്‌വെയര്‍ മെയിന്റനന്‍സ്‌ റ്റേം ഷോ-സ്റ്റോപ്പര്‍ ടിക്കറ്റ്‌!!!

സീനിയറിനോട്‌ ഒതുക്കതില്‍ ഒരെക്സ്‌ക്യൂസ്‌മീ, ഐ വില്‍ ബീ ബാക്കിനെ മിനിറ്റ്‌ എന്നു പറഞ്ഞ്‌ പുറത്തിറങ്ങി. ഗര്‍ഭിണിയെ അര്‍ജന്റായി ആശുപത്രിയില്‍ കൊണ്ടോവുമ്പോ 'റോഡുപണി നടക്കുന്നു, വഴിമാറിപോവുക' എന്ന ബോര്‍ഡ്‌ കണ്ട കെട്ട്യോന്റെ അവസ്ഥയായി എനിക്ക്‌. കാര്യമെന്താ? റെസ്റ്റ്‌റൂമിന്റെ അണ്ടര്‍വേ മെയിന്റനന്‍സ്‌! വേറെ സ്ഥലം നോക്കാന്‍ വാതില്‍ക്കല്‍ ബോര്‍ഡ്‌!

അടുത്ത സ്വീകരണസ്ഥലം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. അപ്പോഴും മനസ്സിലെ ചോദ്യം: എന്നാലുമെന്താ ഇപ്പോഴിങ്ങനെ? ഒന്നും ആലോചിക്കാ‍ന്‍ സമയമുണ്ടായിരുന്നില്ല. പാന്റിട്ട ചേട്ടന്‍ നില്‍ക്കുന്ന പടം ഒട്ടിച്ചുവെച്ച ആദ്യ ആശ്വാസപ്പുരയില്‍ കയറി.ശഠപഠേന്നു CMM level 5 നിലവാരമുള്ള ഒരെപ്പിസോഡ്‌ നടത്തി. (അങ്ങനെ വേണമല്ലോ. നമ്മള്‍ വെകിയാല്‍ കസ്റ്റമര്‍ ഡിലൈറ്റ്‌ കാക്ക കൊണ്ടോവില്ലേ?).

അടുത്ത സ്റ്റെപ്പ്‌, ഏരിയാ ക്ലീനാക്കി, സിസ്റ്റം ഷട്ട്‌ ഡൗണ്‍ ചെയ്യണമല്ലോ? നമ്മള്‍ ഇന്ത്യാക്കാര്‍ക്ക്‌ ഷട്ട്‌ ഡൗണ്‍ ചെയ്യണമെന്നതു നിര്‍ബ്ബന്ധമുള്ള കാര്യാണേ. ചുമ്മാ വാള്‍പ്പേപ്പര്‍ കൊണ്ട്‌ സ്ക്രീന്‍ ലോക്ക്‌ ചെയ്താല്‍ പോരാ. ആ പീച്ചാംകുഴലെടുത്തു ഞെക്കി. ഏഹേ...! പാനി നഹി! ഹമ്മേ!! ദെന്തൂട്ട്‌ ട ശവി? ഇതെന്നതാടാ ഉവ്വേ? അപ്പീ കന്നംതിരിവുകള്‌ മ്മടടുത്തു വേണ്ട ട്ടാ? പല സ്ലാങ്ങില്‍ പറഞ്ഞുനോക്കി. ഒരു നിമിഷം കോണ്‍ഫറന്‍സിലിരിക്കുന്ന പയലുകളുടെ ഇ-മെയില്‍ ഐഡികള്‍ മനസ്സില്‍ മിന്നിമറഞ്ഞു ( മുഖം മനസ്സില്‍ വരാന്‍ അവരെ ആരേം നാം നേരിട്ടു കാണാറില്ലല്ല്!).

എന്തായാലും അല്ലറ ചില്ലറ അപശബ്ദങ്ങള്‍ക്കു ശേഷം പൊടുന്നനെ പാനി വന്നു. ഇത്തവണ പറ്റിയ അബദ്ധം മറ്റൊന്ന്. പാന്റ്സിലും ഷൂസിലുമൊക്കെ വെള്ളം. ഒരുപ്രകാരത്തില്‍ ടിഷ്യു പേപ്പര്‍ കൊണ്ട്ട് തുടച്ച് ഉണക്കി എല്ലാം ശുഭകരമാക്കി, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ തിരികെ കോണ്‍ഫറന്‍സ്‌ റൂമില്‍ ചെന്നു കയറി. എല്ലാവരും പ്രസന്ററെ കാത്തിരിക്കുവാ. അന്നേരവൊണ്ട്‌ സീനിയര്‍ പറയുന്നു: "ഞങ്ങളോര്‍ത്തു നീ മുങ്ങിയെന്ന്"

പറയാന്‍ തോന്നിയതാ- മുങ്ങാന്‍ പറ്റിയില്ലേലും ആകെ നനഞ്ഞെന്ന്! പിന്നെ കോര്‍പറേറ്റ്‌ എത്തിക്വറ്റ്‌ ഓര്‍ത്ത്‌ ഒരു ദീര്‍ഘനിശ്വാസവും വിട്ട്‌ സെഷനിലേക്ക്‌ കടന്നു.