Friday, December 30, 2011

വൈകിയെത്തിയ വണ്ടി - 8

'ഇതെങ്കിലും വന്നല്ലോ, ഒള്ളതാട്ടെ' എന്നു വിചാരിച്ചു ബസ്സില്‍ക്കയറി. രണ്ടുക്ക്‌ രണ്ട്‌ രീതിയിലുള്ള സീറ്റുകളാണ്‌ ഗരുഡയിലെങ്കില്‍ മൂന്നുക്ക്‌ രണ്ട്‌ എന്നതാണ്‌ സൂപ്പര്‍ എക്സ്‌പ്രസ്സിലെ ക്രമം. അതിനാല്‍ സീറ്റുകള്‍ എനിക്കിരിക്കാനുള്ള സീറ്റില്‍ വേറൊരാള്‍ ഇരിക്കുന്നു. ഒഴിഞ്ഞു കിടന്ന മറ്റൊരു സീറ്റില്‍ ഞാനിരുന്നു.

കായംകുളത്തുനിന്നും ബസ്‌ പുറപ്പെട്ടപ്പോള്‍ സമയം എട്ടാകാറായി. യാത്ര പുറപ്പെട്ടുകഴിഞ്ഞാണ്‌ സംഗതികളുടെ യഥാര്‍ത്ഥചിത്രം എനിക്കു കിട്ടുന്നത്‌. വോള്‍വോയുടെ എ.സി. കേടായി. കൊല്ലത്തുവന്ന്‌ നന്നാക്കാന്‍ ശ്രമിച്കെന്നോ ഇല്ലെന്നോ... അവസാനം യാത്രക്കാരെല്ലാംകൂടി ബഹളംവെച്ചും അധികാരികളെ അലോസരപ്പെടുത്തിയും തിരുവനന്തപുരത്തുനിന്നും പകരം ഇപ്പോ വന്ന സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ വരുത്തുകയയിരുന്നു. ഞായറാഴ്‌ചയായതുകൊണ്ട്‌ വണ്ടി മുക്കാലും നിറഞ്ഞിരുന്നു. ഹരിപ്പാട്‌, ആലപ്പുഴ, വൈറ്റില, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നും ആള്‍ക്കാര്‍ കയറാനുമുണ്ടാവും.

അതിനിടെ കണ്ടക്‌ടര്‍ പറഞ്ഞു, ഈ ബസ്സിന്‌ ഇന്റര്‍സ്റ്റേറ്റ്‌ പെര്‍മിറ്റില്ല. അതിനാല്‍ തൃശൂര്‍ വരെ ഈ ബസ്സിലും തുടര്‍ന്ന് ബാംഗ്ലൂരിന്‌ വേറൊരു സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ ബസ്സിലും യാത്ര തുടരാം എന്നുമറിയിച്ചു.

ടിക്കറ്റിന്റെ കാര്യത്തിലാണ്‌ അടുത്ത കണ്‍ഫ്യൂഷന്‍. മിക്കവരും ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്‌തവരാണ്‌. (ഇനി വേറെ ടിക്കറ്റെടുക്കേണ്ടിവന്നാല്‍ എന്റെ കയ്യിലുള്ള പണം തികയുമെന്നും തോന്നുന്നില്ല. എ.ടി.എം.ഇല്‍ വണ്ടി നിര്‍ത്തിച്ചു കാശെടുക്കേണ്ടതായി വരും. അതു നമുക്കു പുതുമയുള്ള കാര്യവുമല്ലല്ലോ.) കണ്ടക്‌ടര്‍ അതിനും മാര്‍ഗ്ഗമുണ്ടാക്കി. കൊല്ലം മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള ദൂരത്തിനു സൂപ്പര്‍ എക്സ്പ്രസ്സ്‌ നിരക്കില്‍ യാത്രക്കൂലി ഈടാക്കിയശേഷം മിച്ചമുള്ള തുക മടക്കിത്തരും. ന്ന്വച്ചാ, കാശിങ്ങോട്ടു കിട്ടും ന്ന്‌. അതു കൊള്ളാം, അല്ലേ? അതിനു കണ്ടക്‌ടര്‍ക്കല്‍പം പണിയുണ്ടായിരുന്നു. ഈ ബസ്‌ തൃശൂരില്‍ ഏല്‍പ്പിക്കണം, ഞങ്ങളുടെ യാത്രക്കൂലി കഴിഞ്ഞുള്ള മിച്ചം തുക തിരികെത്തരാന്‍ കണക്കുകൊടുത്ത്‌ ഡിപ്പോയില്‍നിന്നു കാശുവാങ്ങണം. എ.സി. വോള്‍വോയുടെ ആഡംബരയാത്ര പ്രതീക്ഷിച്ചു വന്നിട്ട്‌ ഇപ്പോ ഒരു സാദാ സൂപ്പര്‍ ഫാസ്റ്റില്‍ പോകുന്നപോലത്തെ അവസ്ഥയായി. ഇപ്പോ യാത്ര പുറപ്പെട്ടതേയുള്ളൂ എന്ന വിവരം വീട്ടില്‍ വിളിച്ചറിയിച്ചു. ഒപ്പം നാളെ താമസിച്ചേ ബാംഗ്ലൂര്‍ ചെല്ലാന്‍ പറ്റൂ എന്ന ആശങ്കയും അറിയിച്ചു. ചങ്ങനാശ്ശേരിയില്‍ ട്രെയിന്‍ കാത്തു നിന്നപ്പോള്‍ എനിക്കുണ്ടായ വെപ്രാളവും, കായംകുളത്ത്‌ ഇറങ്ങി വീട്ടിലേക്കു പാഞ്ഞ്‌, ഒന്നു രണ്ടു മിനിറ്റിനുള്ളില്‍ തയ്യാറായി, മോള്‍ടെ ഒരുമ്മയും വാങ്ങി, നടന്നായാലും അഞ്ചേമുക്കാല്‍ കഴിയുമ്പോഴേക്കും ടൗണിലെത്തും എന്നുറപ്പിച്ചുള്ള വരവും ഒക്കെ എന്തിനായിരുന്നു? ഒക്കെയൊന്നോര്‍ത്തപ്പോള്‍ ഭൂതകാലം നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നതെങ്ങനെയാണെന്ന് ഒന്നുകൂടിയറിഞ്ഞു.

ബസ്‌ ആലപ്പുഴ കഴിഞ്ഞു. രണ്ടുമൂന്നു പേര്‍ അവിടെനിന്നു കയറാനുണ്ട്‌. അവരെയും കയറ്റി വണ്ടി പറപറന്നു. എന്തു പ്രയോജനം? ഇത്രയും വൈകിയ സ്ഥിതിക്ക്‌ ഒരു ലെയ്‌ലാന്‍ഡ്‌ ബസ്സിന്റെ നിലവാരം വെച്ച്‌ എത്ര പറന്നിട്ടും കാര്യമില്ല. വൈറ്റില കഴിഞ്ഞപ്പോള്‍ മുന്‍വശത്തെ വാതിലിന്റെ പിന്നിലെ സീറ്റില്‍ ചെമന്ന ടീഷര്‍ട്ടിട്ട ഒരാളെ കണ്ടു. ഇതവനാണോ? ആര്‌? മഹേഷ്‌ ഗോപന്‍. ചങ്ങനാശ്ശേരിക്കാരന്‍. ഗരുഡ ബസ്സിലെ പതിവു യാത്രക്കാരന്‍. ആലപ്പുഴ വഴിയാണ്‌ ഇഷ്‌ടന്റെ യാത്ര. തുടരെയുള്ള ബസുയാത്രകള്‍ എനിക്കു തന്ന ഒരു കൂട്ടുകാരന്‍. അതിന്റെ ഫ്ലാഷ്‌ ബാക്കിലേക്ക്‌.

ബാംഗ്ലൂര്‍ ഇലക്‌ട്രോണിക്‌ സിറ്റി ബോര്‍ഡിംഗ്‌ പോയിന്റാക്കി ഈ ഗരുഡയില്‍ ടിക്കറ്റു ബുക്കു ചെയ്‌തവര്‍ക്ക്‌ അറിയാമായിരിക്കും, സില്‍ക്‌ ബോര്‍ഡില്‍ നിന്നും ഇലക്‌ട്രോണിക്‌ സിറ്റിയിലേക്കുള്ള ഫ്ലൈ ഓവര്‍ വഴിയാണ്‌ അതു മിക്കവാറും സഞ്ചരിക്കുന്നത്‌. അതിനാല്‍ ഈ ബോര്‍ഡിംഗ്‌ പോയിന്റ്‌ വച്ചവരോട്‌ ടോള്‍ ഗേറ്റിനു സമീപം വന്നു നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെടാറു പതിവാണ്‌. അന്നൊരിക്കല്‍ ഇലക്‌ട്രോണിക്‌ സിറ്റിയില്‍ നിന്ന ആരെയോ കണ്ടക്‌ടര്‍ കാലേകൂട്ടി അറിയിച്ചിട്ടും ബസ്‌ വന്ന നേരത്ത്‌ ആളെ കാണാഞ്ഞു വീണ്ടും വിളിക്കുകയും തുടര്‍ന്നു ബസ്‌ അവിടെ നിര്‍ത്തിയിട്ടിട്ട്‌ ടിയാനെ കാത്തിരിക്കുകയുമാണ്‌. ജീവനക്കാര്‍ക്കൊപ്പം ചില യാത്രക്കാരും പുറത്തിറങ്ങിയതു കൊണ്ട്‌ ഞാനും ഇറങ്ങി നില്‍പാണ്‌. അപ്പോഴാണ്‌ ഒരാളെ അവിടെ ശ്രദ്ധിച്ചത്‌. മുന്‍പും ഇതേ ബസ്സിലെ യാത്രക്കാരനായി അയാളെ ഞാന്‍ കണ്ടിട്ടുണ്ട്‌. പൊടിക്കു വണ്ണമുള്ള, നെറ്റി ഉച്ചിയിലേക്കു കയ്യേറ്റം നടത്തിത്തുടങ്ങിയ ഒരു ഐ.ടി.ജീവനക്കാരനെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന, ചെമന്ന ടീഷര്‍ട്ടിട്ട വെളുത്ത ഒരാള്‍. ടോള്‍ ഗേറ്റെന്നു സ്ഥലമൊക്കെ പ്രത്യേകം പറഞ്ഞുകൊടുത്തിട്ടും വരേണ്ട സമയത്തിനു ശേഷവും ആളെകാണാഞ്ഞു വീണ്ടും കണ്ട്രാവി വിളിച്ചു. അഞ്ചിമിനിറ്റു നടക്കാനുള്ള ദൂരമേ ഉള്ളെങ്കിലും പെട്ടെന്നങ്ങെത്താന്‍ ഒരു ഓട്ടോ പിടിക്കാന്‍ നിന്നതാണ്‌ ആ വരവ്‌ ഇത്ര വൈകിക്കുന്നത്‌. ഒടുക്കം ഒരോട്ടോയില്‍ റോഡിനപ്പുറം വന്നിറങ്ങിയ ഒരാള്‍ ഭാരമുള്ള ബാഗും തൂക്കിപ്പിടിച്ച്‌ 'എന്നെക്കൂടി കൊണ്ടുപോണേ' എന്ന ദൈന്യഭാവത്തില്‍ അങ്ങോട്ടുവരുന്നതു കണ്ട്‌, സൂപ്പര്‍ സ്റ്റാര്‍ സിനിമയില്‍ നായകന്റെ ഇന്റ്രൊഡക്‌ഷന്‍ കാത്തിരുന്ന പ്രേക്ഷകരുടെ സന്തോഷമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. 'ഇതു തന്നെ കക്ഷി' എന്നുറപ്പിച്ച്‌ അവിടെ വീണ കമന്റിനു പിന്നാലെ ഉയര്‍ന്ന ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു. അക്ഷമരായി കാത്തിരുന്ന ബസ്‌ ജീവനക്കാര്‍ക്കു പക്ഷേ ദേഷ്യം കാണാനില്ലായിരുന്നു. ഫ്ലൈ ഓവര്‍ വഴി വന്നപ്പോള്‍ ലാഭിച്ച സമയവും കാത്തു നില്‍പ്പില്‍ നഷ്‌ടപ്പെട്ടതിലെ നിരാശയും ഗതികേടും കണ്ടക്‌ടര്‍ തമാശരൂപേണ പറഞ്ഞപ്പോള്‍ ഞാനും ഏറ്റുപിടിച്ചു. പെട്ടെന്നു രൂപപ്പെട്ട ആ അയഞ്ഞ അന്തരീക്ഷത്തില്‍ ചെമന്ന ടീഷര്‍ട്ടിട്ട അയാളെ പരിചയപ്പെട്ടു. പരസ്പരം കൈ കൊടുത്തു, മഹേഷ്‌ എന്നാണയാളുടെ പേര്‌. ഞങ്ങള്‍ നില്‍ക്കുന്നതിനു തൊട്ടെതിര്‍വശത്തുള്ള എച്ച്‌.സി.എല്‍. എന്ന സ്ഥാപനത്തിലാണു ജോലി. ഞങ്ങള്‍ക്കിടയില്‍ ഒരു പരിചയം ഉടലെടുക്കുന്നത്‌ അന്നാണ്‌. പതിവുള്ള യാത്രകളെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഒരു കാര്യം കൂടി വെളിപ്പെട്ടു, മഹേഷിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്‌. ഈ വസ്‌തുത വെച്ചു പറഞ്ഞാല്‍ ഇതു നടന്നത്‌ 2011 ആഗസ്റ്റ്‌ മാസം ആദ്യമോ അതിനു മുന്‍പോ ആയിരുന്നു.

പിന്നെയൊരിക്കല്‍ തിരികെ ബാംഗ്ലൂരിനുള്ള വരവില്‍, കറുകുറ്റിയിലെ ഭക്ഷണശാലയ്‌ക്കല്‍ ബസ്സു നിര്‍ത്തിയപ്പോള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറ്‌ ഒരുവറ്റു വിടാതെ വിഴുങ്ങിയ ശേഷം 'പരിസരവീക്ഷണം' നടത്തി നില്‍ക്കുന്ന വേളയില്‍ പഴയ ആ ചെമപ്പു ടീഷര്‍ട്ടുകാരനെ കാണ്ടു. നേരേ കേറി ഹെഡ്‌ ചെയ്‌തു, "മഹേഷ്‌ അല്ലേ?"

മൂപ്പരു ഞെട്ടിപ്പോയി. "ഓര്‍ക്കുന്നുണ്ടോ? ഇലക്ട്രോണിക്‌ സിറ്റി... കെ.എസ്‌.ആര്‍.ടി.സി. ??" ഞാന്‍ വീണ്ടും ചോദിച്ചു. അപ്പോള്‍ പുള്ളിക്കു കത്തി.

"ഓ! രാ.. രാജ്‌മോന്‍!" വണ്ടറടിച്ചു പോയി. ഒന്ന്‌, പെട്ടെന്നു പരിചയപ്പെടുന്ന ഒരാളുടെ മുഖം മിക്കവാറും ഓര്‍ത്തിരിക്കുമെങ്കിലും പേരു ഞാന്‍ പെട്ടെന്നങ്ങു മറക്കും. ഇവിടെ അങ്ങനെ ഒരു പ്രശ്‌നമേ ഉണ്ടായില്ല. മാത്രവുമല്ല, പുള്ളിയാകട്ടെ എന്റെ പേരും മറന്നിട്ടില്ല. ഞങ്ങളുടെ പരിചയപ്പെടല്‍ കഴിഞ്ഞിട്ട്‌ അപ്പോള്‍ ഏതാനും മാസങ്ങള്‍ കടന്നിരുന്നു. അയാളുടെ ഭാര്യയ്‌ക്കും എന്റേതു പോലെ നാട്ടിലാണു ജോലി! അന്നും മൂപ്പര്‌ വോള്‍വോയുടെ ആദ്യ നിരയിലാണ്‌ ഇരിപ്പ്‌. കാല്‍ നീട്ടിവെയ്‌ക്കാനുള്ള സൗകര്യത്തിനാണെന്ന ഗുട്ടന്‍സും പുള്ളി പറഞ്ഞു. അതിനൊപ്പം ബസുകാരുമായുണ്ടായ സൗഹൃദത്തെക്കുറിച്ചും. ആ യാത്ര അങ്ങനെ തുടര്‍ന്നു, പിറ്റേന്ന് ഞങ്ങള്‍ ഇരുവരും ഇ-സിറ്റിയില്‍ ഇറങ്ങി യാത്ര പറഞ്ഞു പിരിഞ്ഞു.

തിരികെ 'വൈകിവന്ന വണ്ടി'യിലേക്ക്‌. ഒന്നു നോക്കിക്കളയാം എന്നുറച്ച്‌ ചെന്നു നോക്കുമ്പോളുണ്ട്‌ മഹേഷ്‌ തന്നെ. പിന്നെ മൂപ്പര്‍ക്കൊപ്പം, അന്നത്തെ കാത്തു നില്‍പ്പിന്റെ പരിവേദനങ്ങളും പകലത്തെ തിരക്കിന്റെയും ഓട്ടത്തിന്റെയും കഥകളും പങ്കുവെച്ചിരുന്നു. അന്നാണു ഞങ്ങള്‍ ഫോണ്‍ നമ്പര്‍ കൈമാറുന്നത്‌. പൊതുവില്‍ പറയാനും പങ്കുവെയ്‌ക്കാനുമായി ഒരുപാടു വിഷയങ്ങള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍, റോഡ്‌, ട്രാഫിക്‌, ബാംഗ്ലൂര്‍ യാത്രകള്‍, സിനിമ, ബാംഗ്ലൂര്‍ ജീവിതം, വിവാഹചരിത്രം(എങ്ങനെ ചെന്നുചാടി എന്നതുതന്നെ!). മഹേഷിനു ഹൈറേഞ്ചില്‍ നിന്നു കിട്ടിയ ആദ്യ സുഹൃത്തായി ഞാന്‍. ഒരുപാടു കൂടിക്കാഴ്‌ചകളൊന്നുമില്ലെങ്കിലും ആ സൗഹൃദത്തെക്കുറിച്ച്‌ പിന്നീടൊരിക്കല്‍ വിശദമായി എഴുതാന്‍ ശ്രമിക്കാം. എന്തായാലും അന്നത്തെയാ വിരസമായ യാത്രയില്‍ വീണുകിട്ടിയ പിടിവള്ളിയായിരുന്നു മഹേഷ്‌ എന്നു പറയേണ്ടതില്ലല്ലോ!

കറുകുറ്റിയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്താറുള്ളതാണ്‌. നേരം വൈകിയിട്ടോ, അതോ ഇന്നിനി അത്താഴമില്ല എന്നുറപ്പിച്ചിട്ടോ എന്തോ, വണ്ടി നില്‍ക്കാതെയങ്ങു പോയി. ബാഗിനകത്തു ചോറുണ്ട്‌, ചോറുണ്ട്‌ എന്ന്‌ വയറെന്നെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പതിനൊന്നാകാറായി തൃശൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍. മാത്രവുമല്ല ആ റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ തൃശൂര്‍ ടൗണില്‍ കയറിയാല്‍ കുറഞ്ഞത്‌ അര മണിക്കൂര്‍ നഷ്‌ടമാണ്‌. സാധാരണ വോള്‍വോ തൃശൂര്‍ സ്റ്റാന്‍ഡില്‍ കയറാറില്ല. ഇന്നതും സഹിച്ചേ പറ്റൂ. വണ്ടി മാറണമല്ലോ.

സ്റ്റാന്‍ഡില്‍ ബസ്‌ ഒതുക്കിയിട്ടു. 'എപ്പഴത്തേക്കെത്തും സാറേ?' നീരസം കലര്‍ന്ന ഒരു ചോദ്യം, ഏതോ യാത്രക്കാരന്റെ വക. അതേതരം വണ്ടി ഒരെണ്ണം അടുത്തു തന്നെ ആളില്ലാതെ കിടക്കുന്നുണ്ട്‌. കാര്യങ്ങള്‍ തീരുമാനമാകാന്‍ വൈകുമെന്നതിനാല്‍ ആ ഗ്യാപ്പില്‍ ഞാന്‍ ബസ്സിലിരുന്നു പൊതിച്ചോറു കഴിച്ചു. എന്തായാലും അന്നത്തെ മീന്‍ വറുത്തതിനു മുടിഞ്ഞരുചിയായിരുന്നു!

ശാപ്പാടുകഴിഞ്ഞ്‌ പണ്ട്‌ ഏത്തപ്പഴം റോസ്റ്റ്‌ വാങ്ങിയ കടയില്‍ കയറി കയ്യൊക്കെ കഴുകി, കംഫര്‍ട്ട്‌ സ്റ്റേഷന്‍ ഒന്നുപയോഗിച്ച്‌, തിരിച്ചു വന്ന്‌ പിന്നേം ഒരു പത്തു മിനിട്ട്‌ നിന്നപ്പോഴേക്കും കണ്ടക്‌ടര്‍ എത്തി. അടുത്തുകിടക്കുന്ന വണ്ടി തിരിക്കുന്നുണ്ട്‌, അതില്‍ കയറിക്കോളാന്‍ പറഞ്ഞു. എന്തായാലും അതില്‍ കയറിയപ്പോള്‍ എല്ലാവരും ബുക്കിങ്ങിന്‌ അനുസരിച്ചുള്ള സീറ്റിലിരുന്നു. സ്വാഭാവികമായും മഹേഷ്‌ മുന്‍നിരയിലും ഞാന്‍ എതാണ്ടു മധ്യഭാഗത്തായുള്ള എന്റെ സീറ്റിലും. ഇരുന്നു കഴിഞ്ഞപ്പോള്‍ എല്ലാം ഭദ്രമാണോ എന്നറിയാന്‍ മഹേഷിന്റെ ഒരു നോട്ടം എന്നെത്തേടി വന്നു.

മുന്നൂറ്റിചില്വാനം രൂപാ മടക്കിക്കിട്ടി. എയര്‍ സസ്‌പെന്‍ഷന്‍ എന്നു പുറത്ത്‌ എഴുതിവെച്ചിട്ടുണ്ടെങ്കിലും അത്രയ്‌ക്കങ്ങു പോരല്ലോ എന്നു തോന്നിപ്പിച്ചു, കുതിരാനിലെ കുഴികളിലൂടെ ബസ്‌ നീങ്ങുമ്പോള്‍. അതൊന്നും മോഹിക്കാന്‍ പാടില്ലാത്തതാണ്‌. ഒന്നാമത്‌, ഇന്നത്തെ അവസ്ഥ, പിന്നെ ബാംഗ്ലൂരു നിന്നും സാദാ പ്ലേറ്റിന്റെ സസ്‌പെന്‍ഷനുള്ള സൂപ്പര്‍ എക്‌സ്പ്രസ്സിന്‌ എറണാകുളത്തിനു പോകുന്നയാളല്ലേ ഞാന്‍. അലച്ചില്‍ മൂലമുള്ള ക്ഷീണം ആലത്തൂര്‍ വരെപ്പോലും ഉണര്‍ന്നിരിക്കാന്‍ എന്നെ അനുവദിച്ചില്ല. സമയം അപ്പോള്‍ പാതിരാവിന്‌ ഏതാനും മിനിറ്റുകള്‍ മാത്രമകലെ.

ഏതോ ഒരു ഹമ്പിലൂടെയുള്ള ബസ്സിന്റെ മൃദുലമായ കയറിയിറക്കമാണ്‌ എന്നെ ഉണര്‍ത്തിയത്‌. വെട്ടം വീണിരുന്നു. ഉറക്കച്ചടവുകാരണം സ്ഥലം പരിചയമായി വരാന്‍ അല്‍പം സമയമെടുത്തു, കൃഷ്‌ണഗിരി ടോള്‍ ഗേറ്റാണെന്നു കരുതി. ഉടനെ തന്നെ മനസ്സിലായി അല്ലായിരുന്നെന്ന്‌; തൊപ്പൂര്‍ ആയിരുന്നു. പിന്നെ, ഉറങ്ങാനൊത്തില്ല, എത്രയും വേഗം ബാംഗ്ലൂരെത്താനുള്ള ഒരു കാത്തിരിപ്പ്‌. ഭാഗ്യവശാല്‍ വണ്ടിക്ക്‌ സാമാന്യം വേഗമുണ്ട്‌. എന്നാലും പോരാ പോരെന്നു മനസ്സു പറയുന്നതു പോലെ. ഹൈവേയുടെ ഓരങ്ങളില്‍ രാവെളിച്ചത്തില്‍ മാത്രം കണ്ടിട്ടുള്ള പലതും അന്നൊരിക്കല്‍ കൂടി പകല്‍ വെളിച്ചത്തില്‍ കണ്ടു. പാടങ്ങളും തോപ്പുകളും ആ റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ പത്തിലൊന്നു വേഗമില്ലാത്ത അനേകം ഗ്രാമ്യജീവിതങ്ങളും.

എന്തുപറയാന്‍, ഒരുപ്രകാരത്തില്‍ രാവിലെ ഒന്‍പതരയായപ്പോള്‍ ഇങ്ങെത്തി. മഹേഷാണെങ്കില്‍ ഷിഫ്റ്റിനു കയറാനുള്ള സമയം ഒന്‍പതിനു കഴിഞ്ഞതിന്റെ അങ്കലാപ്പിലും സ്വതവേ താമസിച്ചുമാത്രം ഓഫീസിലെത്താറുള്ള ഞാന്‍ ഇന്നിനിയെന്താകുമെന്നു സങ്കല്‍പിക്കാനാവാതെയും ഇലക്‌ട്രോണിക്‌ സിറ്റിയില്‍ വണ്ടിയിറങ്ങി. 'നമുക്കെന്നാല്‍ ഇനിയും കാണാം' എന്നു വാക്കു നല്‍കിക്കൊണ്ട്‌ പിരിഞ്ഞു. ഓരോ യാത്രയും ചെന്നവസാനിക്കുന്നത്‌ മറ്റൊരു തുടക്കത്തിലാണെന്ന്‌ ഒരിക്കല്‍ക്കൂടി എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌!

(അവസാനിച്ചു.)

പിന്‍കുറിപ്പ്‌:
1) 2011 ഡിസംബര്‍ 24 ശനിയാഴ്ച. അവസാനം പറഞ്ഞ ആ ദിവസം അന്നായിരുന്നു. മഹേഷിനൊപ്പം ഒരു പകല്‍, ബാംഗ്ലൂരിന്റെ വീഥികളില്‍. യാത്ര പൊതു വാഹനത്തില്‍; ഇത്തവണ ബി.എം.ടി.സി. ആയിരുന്നെന്നു മാത്രം.
2) 2011 ഡിസംബര്‍ 12 തിങ്കളാഴ്ച ഓഫീസില്‍ വന്നപ്പോള്‍ 11:20. രാവിലത്തെ പത്രം വായന അങ്ങൊഴിവാക്കി. ചെന്നപാടെ കുളിച്ചൊരുങ്ങി ഇങ്ങുപോന്നു. ഓഫീസിലിരുന്നപ്പോള്‍ ദേഹമാകെ വേദന. തലേന്നത്തെ ഓട്ടത്തിന്റെ പലിശ!
3) അണിയറയിലപ്പോള്‍ അടുത്ത വാരാന്ത്യത്തില്‍ ഇതിലും വിശേഷപ്പെട്ട മറ്റൊരു യാത്രയ്‌ക്ക്‌ കളമൊരുങ്ങുകയായിരുന്നു. ഇന്നുവരെ നടത്തിയ യാത്രകളില്‍ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു യാത്രാനുഭവം.

വൈകിയെത്തിയ വണ്ടി - 7

വെയില്‍, അലച്ചില്‍, സദ്യ - ക്ഷീണത്തിനു കാരണം വേറെ തപ്പണ്ട. തെങ്ങണ മഹാദേവക്ഷേത്രത്തിലെ നമസ്‌കാരമണ്ഡപത്തിന്റെ അരമതിലില്‍ ഞങ്ങളിരുന്നു. വീട്ടില്‍ നിന്നും അമ്മ മാത്രമേ വിവാഹത്തില്‍ സംബന്ധിച്ചുള്ളൂ. വീടുനോട്ടം ഇന്നത്തേക്ക്‌ അച്ഛന്റെ തലയില്‍. പശു പ്രസവിച്ച കാര്യം മുന്‍പത്തെ ഒരു പരമ്പരയില്‍ സൂചിപ്പിച്ചിരുന്നത്‌ ഓര്‍ക്കുമല്ലോ. കറവയാണ്‌ മുടക്കാന്‍ പറ്റാത്ത പ്രധാന ഇടപാട്‌. ആടും പശുവും ഒക്കെയുള്ളതിനാല്‍ എപ്പോഴും ആരെങ്കിലും വീട്ടില്‍ ഉണ്ടായേ പറ്റൂ. അന്‍വിക്കു കുറുക്കുണ്ടാക്കാന്‍ ഏത്തയ്‌ക്കാ ഉണക്കിയതു കൊണ്ടുവന്നിരുന്നു അമ്മ. ഒപ്പം കുരുമുളകും. വീട്ടിലെ വാഴകളെല്ലാം തീര്‍ന്നു. അതിനാല്‍ കാ കടയില്‍ നിന്നു വാങ്ങേണ്ടിവന്നു. മഴ കാരണം അരിഞ്ഞു വെയിലത്തിട്ട്‌ ഉണക്കാന്‍ സാധിച്ചില്ല. പകരം ഏലക്കാ ഉണങ്ങുന്ന സ്റ്റോറില്‍ കൊടുത്ത്‌ ഉണക്കിയെടുത്തു.

രണ്ടേകാല്‍ കഴിഞ്ഞപ്പോള്‍ കല്യാണപ്പാര്‍ട്ടി കട്ടപ്പനയ്‌ക്കു പുറപ്പെട്ടു. പുതിയ ബന്ധുക്കളില്‍ അറിയാവുന്നവരോടൊക്കെ യാത്രപറഞ്ഞ്‌ ഞങ്ങളും കളം വിട്ടു. മൂന്നുമണിക്കു ചങ്ങനാശ്ശേരിയില്‍ നിന്നും കായംകുളത്തേക്ക്‌ പരശുറാമിനു പോകാനാണു പ്ലാന്‍. രണ്ടരയോടെ അവിടെത്തി ടിക്കറ്റൊക്കെ എടുത്തു സ്വസ്ഥമായി നിന്നു. 'പ്രതീക്ഷാ നിലയ'ത്തില്‍ കയറി ഫാനിനു കീഴെ സ്വസ്ഥമായി ഇരുന്നു. മോള്‍ ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ രേവതി അവളെ പാലൂട്ടി. മണി മൂന്നായി, മൂന്നേകാലായി, മൂന്നരയായി.. വണ്ടി മാത്രം വന്നില്ല. ഒരു ഓര്‍ഡിനറി ബസ്സിനു പോയാലും പരമാവധി രണ്ടു മണിക്കൂര്‍ കൊണ്ട്‌ എത്താമെന്നിരിക്കേ ഒരു മണിക്കൂറില്‍ത്താഴെ വേണ്ടുന്ന ട്രെയിന്‍ യാത്രയ്‌ക്ക്‌ അത്ര തന്നെ നേരം കാത്തിരിക്കുന്നത്‌ അസഹ്യമായിത്തോന്നി. എല്ലാം ട്രെയിന്‍ യാത്രയുടെ 'കംഫര്‍ട്ടിനു' വേണ്ടി. ഇനി ഒക്കെക്കഴിഞ്ഞ്‌ കംഫര്‍ട്ടും മോഹിച്ചു ചെല്ലുമ്പോള്‍ രാവിലത്തെ അവസ്ഥയെങ്ങാനും ആണെങ്കില്‍... ഹോ അചിന്ത്യം.

ഏതു നേരത്താണാവോ ഇങ്ങനെയൊരു തോന്നലു തോന്നീത്‌. ഞാന്‍ സ്വയം പഴിച്ചു. മൂന്നിനു പുറപ്പെട്ട്‌ നാലിനു മുന്നേ കായംകുളത്തെത്തി, വീടു പറ്റി, ഒന്നു റിലാക്‌സായിട്ടു വേണം വൈകിട്ട്‌ അഞ്ചേമുക്കാലോടെ ബാംഗ്ലൂരിനു ബസ്സുകയറാന്‍. അപ്പോളാണ്‌ മൂന്നിനു വരുമെന്നു പറഞ്ഞ ട്രെയിന്‍ മൂന്നേമുക്കാലായിട്ടും എന്നെയിങ്ങനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്‌.

രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ആ കാത്തുനില്‍പ്‌ കടന്നു പോകുന്ന ഓരോ മിനിറ്റിലും എന്നെ അസ്വസ്‌ഥനാക്കിക്കൊണ്ടിരുന്നു. രണ്ടര മുതല്‍ അഞ്ചേമുക്കാല്‍ വരെയുള്ള മൂന്നേകാല്‍ മണിക്കൂര്‍. അതില്‍ നിന്നും നല്ലൊരു ഭാഗം പാഴായിപ്പോകുന്നത്‌ എന്നെ കുറച്ചൊന്നുമല്ല വിഷമത്തിലാഴ്‌ത്തിയത്‌. വണ്ടി വരുന്നില്ലല്ലോ, ബസ്സിനു പോകാമായിരുന്നു, മുക്കാല്‍ മണിക്കൂറായി, ഒരു മണിക്കൂറായി എന്നിങ്ങനെയുള്ള എന്റെ പിരിമുറുക്കം നിറഞ്ഞ വാക്കുകള്‍ രേവതിയെ അധികം സ്‌പര്‍ശിച്ചതായിത്തോന്നിയില്ല. ഉടന്‍ വണ്ടി വരുമെന്നു കേട്ടതോടെ അടുത്ത അങ്കലാപ്പു തലയില്‍ക്കേറി. രാവിലത്തെപ്പോലെ ഇതിലും തിരക്കാണെങ്കില്‍?

വണ്ടി വന്നു, ഭാഗ്യവശാല്‍ തിരക്കില്ല. സ്വസ്ഥമായി ഇരിക്കാന്‍ സീറ്റു കിട്ടി. മൂന്ന് അന്‍പത്തഞ്ചിനു വണ്ടി സ്റ്റേഷന്‍ വിട്ടു. അഞ്ചു മണിക്ക്‌ കായംകുളത്തെത്തിയാലും പിന്നെയും ഒരോട്ടം നടത്തിയാലേ അഞ്ചേമുക്കാലിനു ബസ്സുപിടിക്കാന്‍ സാധിക്കൂ. തുടക്കത്തില്‍ തീവണ്ടിക്കു വേഗം പോരെന്നു തോന്നിയെങ്കിലും പിന്നെ ആ ധാരണ മാറി.

അന്‍വിക്ക്‌ ചിണുക്കം. അടങ്ങിയിരിക്കാന്‍ വയ്യ. മൂന്നുപേര്‍ വീതം മുഖാമുഖം ഇരിക്കുന്ന സീറ്റുകളില്‍ ഞങ്ങള്‍ക്കെതിര്‍വശത്ത്‌ ജനാലയ്‌ക്കരികിലായി മദ്ധ്യവയസ്സിനോടടുത്തു പ്രായമുള്ള ഒരാളും നടുവില്‍ തല നരച്ചു തുടങ്ങിയ ഒരു സ്ത്രീയും ഇങ്ങേയറ്റത്ത്‌ വിദ്യാര്‍ഥിയെന്നു തോന്നിക്കുന്ന ഒരു പയ്യനുമാണ്‌ ഇരുന്നത്‌. പാതിയുറക്കത്തില്‍ കുറെ നേരം അമ്മയുടെ മടിയിലും പിന്നെ എന്റെ മടിയിലും സീറ്റിലുമെല്ലാം അന്‍വി കിടന്നെങ്കിലും ആ വിശ്രമമമെല്ലാം അല്‍പനേരമേ നീണ്ടുള്ളൂ.

ഇടയ്‌ക്കു സീറ്റുകള്‍ക്കിടയില്‍ നിലത്തു നിര്‍ത്തിയപ്പോള്‍ മുന്നിലെ ആന്റിയുടെ പക്കലുണ്ടായിരുന്ന ഹാന്‍ഡ്‌ബാഗിന്റെ വള്ളിയിലും സിപ്പിലുമെല്ലാം തൊട്ടും പിടിച്ചും ഒപ്പം അവര്‍ക്കിതിഷ്‌ടപ്പെടുന്നുണ്ടോ എന്നറിയാനെന്നോണം അവരുടെ മുഖത്തേക്കു കൂടെക്കൂടെ നോക്കിയും സമയം പോക്കി. അതിനു ശേഷം ജനാലയ്‌ക്കല്‍ ഇരുന്ന ചേട്ടന്റെ നേരെ നീങ്ങി. ഒരു പൊലീസുദ്യോഗസ്ഥന്റെയോ മുരടനായ സര്‍ക്കാരുദ്യോഗസ്ഥന്റെയോ ഭാവമായിരുന്നു അയാള്‍ക്ക്‌. അന്‍വിയുടെ ശ്രദ്ധ ഉടക്കിയത്‌ തടിച്ച വിരലുകളിലൊന്നില്‍ അയാളണിഞ്ഞിരുന്ന മോതിരത്തിലാണ്‌. മുഷ്‌ടി ചുരുട്ടി മോതിരം കാണാന്‍ പാകത്തില്‍ അയാള്‍ കൈ നീട്ടിപ്പിടിച്ചു. സാകൂതം അയാളുടെ വിരലുകള്‍ പരിശോധിക്കുകയായി അവള്‍; കൈ മലര്‍ത്തിവെച്ച്‌ അയാളുടെ വിരലുകള്‍ ഒന്നൊന്നായി നിവര്‍ത്തിക്കൊണ്ട്‌. മോതിരവിരലിന്റെ കടഭാഗത്ത്‌ ഉണ്ടായിരുന്ന കട്ടിത്തഴമ്പില്‍ അവള്‍ വിരലമര്‍ത്തി പരിശോധിച്ചു. അപ്പോഴയാള്‍ കൈ ചുരുട്ടിക്കളഞ്ഞു. അന്‍വിയാകട്ടെ ആദ്യം മുതല്‍ വിരലുകള്‍ ഒന്നൊന്നായി വിടര്‍ത്താന്‍ തുടങ്ങി. അഞ്ചാമതായി ചെറുവിരലും നിവര്‍ത്തിക്കഴിയുമ്പോഴേക്കും അയാള്‍ വീണ്ടും മുഷ്‌ടിചുരുട്ടി അവളെ നിരാശപ്പെടുത്തും. കുറെ പ്രാവശ്യം ഈ കളി തുടര്‍ന്നപ്പോള്‍ താല്‍പര്യം നശിച്ച്‌ അവള്‍ വീണ്ടും ഞങ്ങളിലേക്കു തന്നെ തിരികെവന്നു. പരുക്കന്‍ ദേഹപ്രകൃതിയും ഭാവവുമുള്ള അയാള്‍ക്കുനേരെ ആ യാത്രയ്‌ക്കിടയില്‍ ഞാന്‍ ഒന്നു പുഞ്ചിരിച്ചുകൂടിയില്ല. എന്നാല്‍ സ്‌നേഹമുള്ള ഒരമ്മയെപ്പോലെ തോന്നിച്ച ആ ആന്റിക്കും എനിക്കും പരസ്പരം നോക്കിച്ചിരിക്കാവുന്ന ചെയ്‌തികളാണ്‌ അവള്‍ ചെയ്‌തുകൊണ്ടിരുന്നതും. പുറമേയുള്ള പ്രകൃതം തന്ന ധാരണകൊണ്ട്‌ ഒരു സഹയാത്രികനെ ഞാന്‍ അവഗണനയുടെ മൂലയ്‌ക്കു തള്ളിയപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞിന്‌ 'ലുക്‌സ്‌' ഒരു പ്രശ്‌നമേ അല്ല. മുതിരുന്നു എന്നു നാം ഭാവിക്കുമ്പോള്‍ അതിനൊപ്പം പടച്ചുണ്ടാക്കുന്ന ചില വേലിക്കെട്ടുകളെക്കുറിച്ച്‌ അന്‍വി അപ്പോഴെന്നെ ചിന്തിപ്പിച്ചു.

അഞ്ചുമണിക്ക്‌ കായംകുളം സ്റ്റേഷനിലിറങ്ങി. സ്‌കൂട്ടര്‍ പാര്‍ക്കുചെയ്‌തിരിക്കുന്ന ഭാഗം ലക്ഷ്യമാക്കി നടക്കുമ്പോള്‍ പ്ലാറ്റ്‌ഫോമിന്റെ നീളം അസഹ്യമായിത്തോന്നി. അഞ്ചേകാല്‍ കഴിഞ്ഞപ്പോള്‍ വീടുപറ്റി. രാത്രിയിലുണ്ണാനുള്ള ചോറ്‌ പൊതിഞ്ഞുവെയ്‌ക്കാന്‍ വിളിച്ചു പറഞ്ഞിരുന്നു. വേഗം ഡ്രസ്സുമാറി, ബാഗു തയ്യാറാക്കി പുറപ്പെടാനൊരുങ്ങി. ഭാര്യയുടെ സഹോദരി ഭര്‍തൃസമേതം വീട്ടിലുണ്ട്‌. മൂപ്പര്‌(സജി) നല്ല ഉറക്കം. രേവതിക്കാകട്ടെ കടുത്ത യാത്രാക്ഷീണം. നേരം വൈകിയവേളയാണെങ്കിലും ഹൈവേ വരെ എന്നെ കൊണ്ടുവിടാന്‍ ഇവരോടാരോടും ചോദിക്കാന്‍ എനിക്കു തോന്നിയില്ല.

നടക്കാം, ആഞ്ഞൊന്നു നടന്നാല്‍ എത്താവുന്നതേയുള്ളൂ. ഓട്ടോ വല്ലതും കിട്ടിയാല്‍ അതിനു പോകാം, അതല്ലെങ്കില്‍ വല്ല ബൈക്ക്‌ യാത്രികരോടും ലിഫ്റ്റ്‌ ചോദിക്കാം. ഇപ്പോള്‍ അഞ്ച്‌ ഇരുപത്‌, നടന്നായാലും അഞ്ചുനാല്‍പതിനു ഹൈവേയിലെത്താം. പെട്ടെന്നു വണ്ടികിട്ടിയാല്‍ അഞ്ചു പത്തു മിനിറ്റിനകം സ്റ്റാന്‍ഡിലുമെത്താം. തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടിലോടുന്ന കേരളാ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഗരുഡ(വോള്‍വോ) ആണെന്റെ ലക്ഷ്യം. അതു സാധാരണഗതിയില്‍ ആറുമണിയാകുമ്പോഴാണ്‌ കായംകുളം സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുക.

ആവശ്യപ്പെട്ടിറങ്ങിയാല്‍ ഒരു വണ്ടീം കാണാറില്ലെന്ന പതിവു ദുര്‍വ്വിധിയെ വെല്ലുവിളിച്ചു നടപ്പ്‌ ഓവര്‍ഡ്രൈവിലേക്കു മാറ്റുന്ന നേരത്താണ്‌ ഒരു ബൈക്ക്‌ അരികില്‍ വന്നു നിന്നത്‌. 'നടന്നങ്ങു പോവാണോ' എന്ന ചോദ്യവുമായി സജി. ചാടിക്കയറി; പത്തു മിനിറ്റു കൊണ്ട്‌ കായംകുളത്തെത്തി. ഒരു ചായയൊക്കെകുടിച്ച്‌ ബസ്സുകാത്തു നിന്നു.

'ഏതു വണ്ടിയാ?'

'വോള്‍വോ. വെള്ള ബസ്‌.'

പഴനിക്കുള്ള സൂപ്പര്‍ എക്‌സ്‌പ്രസ്‌ വരുന്നതു കണ്ടിട്ടാണു സജി അങ്ങനെ ചോദിച്ചത്‌. എന്റെ മറുപടികേട്ടപ്പോള്‍ 'ചെലപ്പോ അവന്മാരു വണ്ടി മാറ്റി വിടാറൊക്കെയുണ്ട്‌. കെ.എസ്‌.ആര്‍.ടി.സി.യുടെ കാര്യമാ. ഒന്നും പറയാന്‍ പറ്റില്ല.' എന്നു സജി കൂട്ടിച്ചേര്‍ത്തു.
കേരള വോള്‍വോയിലെ പതിവുകാരനായ എന്റെ അനുഭവത്തില്‍ അന്നുവരെ ഞാന്‍ നേരിട്ടിട്ടില്ലാത്തതും ഇത്രയേറെ മനുഷ്യപ്പറ്റുള്ള വണ്ടിക്കാരന്മാരെ അത്രയധികം കണ്ടിട്ടില്ലാത്തതിനാലും ആ പരാമര്‍ശം എന്നെ വല്ലാണ്ടാക്കി. അങ്ങനെയൊന്നും വരാറില്ലെന്നു പറഞ്ഞു ഞാനതിനു തടയിടുകയും ചെയ്‌തു. അല്‍പം കഴിഞ്ഞ്‌ സജി പോയി. മണി ആറും ആറേകാലും കടന്നു. ബാംഗ്ലൂര്‍ യാത്രികര്‍ എന്ന മട്ടും ഭാവവും ഉള്ള ആരെയും അവിടെ കണ്ടതുമില്ല. ഇനി ഇന്നു നേരത്തെയെങ്ങാനും വണ്ടി കടന്നു പോയോ? ഉള്ളില്‍ ഒരാന്തലുയര്‍ന്നു. എന്തെങ്കിലും വ്യത്യാസമോ മറ്റോ ഷെഡ്യൂളിലുണ്ടായാല്‍ ടിക്കറ്റ്‌ ബുക്കുചെയതയാളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന നമ്പരില്‍ ഇവര്‍ വിളിക്കുക പതിവാണ്‌. അങ്ങനെ വല്ലതും സംഭവിച്ചാല്‍ അറിയാനായി ഉടന്‍ തന്നെ ഞാന്‍ ഫോണില്‍ കര്‍ണാടക സിം എടുത്തിട്ടു. കാത്തിരിപ്പു തുടരുന്നതല്ലാതെ വണ്ടി വരുന്നില്ല. ഓഫീസില്‍ ചോദിക്കാമെന്നു വച്ചു. അവിടെയാകട്ടെ, ഈ ബസ്സിന്റെ ടൈം കീപ്പുചെയ്യാറില്ല എന്ന മറുപടിയാണ്‌ എനിക്കു കിട്ടിയത്‌. എന്നാലും ബസ്സില്‍ ഉണ്ടാകാറുള്ള ഫോണ്‍ നമ്പര്‍ കിട്ടി. ഉദ്വേഗപൂര്‍വ്വം അതില്‍ വിളിച്ചു, എവിടെയെത്തിയെന്നറിയാന്‍. നേരം ആറേമുക്കാലായപ്പോഴും 'വണ്ടി കൊല്ലത്താണ്‌, കായംകുളം സ്റ്റാന്‍ഡില്‍ തന്നെ നിന്നോളൂ' എന്നെനിക്കു മറുപടി കിട്ടി.


മമ്‌താ മോഹന്‍ദാസിന്റെ വിവാഹനിശ്ചയം കവര്‍ ചെയ്‌തിരിക്കുന്ന ചിത്രഭൂമി വാങ്ങി ഒന്നു മറിച്ചു നോക്കി അവിടിരുന്നു. ഒരുമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ 'BANGALORE' എന്നു മത്തങ്ങാമുഴുപ്പില്‍ ബോര്‍ഡുവെച്ച ഒരു സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ ബസ്‌ സ്റ്റാന്‍ഡിലേക്കു പ്രവേശിച്ചു. വോള്‍വോയില്‍ വെയ്‌ക്കാറുള്ള അതേ ബോര്‍ഡ്‌. ആരൊക്കെയോ ബസില്‍ നിന്നിറങ്ങുന്നു. അവരുടെ അടുത്തു ചെന്ന്‌ 'ഇത്‌ വോള്‍വോയ്‌ക്കു പകരം വന്ന ബസ്സാണോ' എന്നു ചോദിച്ചു. അതെയെന്ന മറുപടികേട്ടു ഞാന്‍ ഞെട്ടി. ഇപ്പോള്‍ത്തന്നെ രണ്ടുമണിക്കൂര്‍ വൈകി. ഇനി ഈ വണ്ടിയില്‍ നാളെ ബാംഗ്ലൂരെത്തുമ്പോള്‍ ഉച്ചയാകുമോ?

വൈകിയെത്തിയ വണ്ടി - 6

തിജീവനം, അതു പ്രതിബന്ധങ്ങള്‍ എത്ര തന്നെ വലുതായാലും ചെറുതായാലും, ആ കഴിവ്‌ ആര്‍ജ്ജിച്ചെടുക്കാന്‍ മനുഷ്യരെ പര്യാപ്‌തരാക്കുന്നത്‌ മുഖ്യമായും അവരുടെ ജീവിതസാഹചര്യങ്ങളാണ്‌. താരതമ്യേന ഈസി ആയ പ്രകൃതിസാഹചര്യങ്ങളില്‍ ജീവിച്ചുവന്നതിനാലും ആയാസകരമായ പ്രവൃത്തികള്‍ ചെയ്‌തുശീലമില്ലാത്തിനാലും ഇപ്പോഴത്തെ ഈ ട്രെയിന്‍ യാത്ര പോലെയുള്ള സാഹചര്യങ്ങള്‍ ഭാര്യാജിയെ അല്‍പം പിന്നോട്ടടിക്കാറുണ്ട്‌. ഇവിടെയും അതു തന്നെ സംഭവിച്ചു. ഒപ്പം സ്ത്രീസഹജമായ അശക്തിയും. സ്വന്തം സീറ്റു വിട്ടുകൊടുക്കാന്‍ തയ്യാറായ ആ ചേട്ടനില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ആകെ കഷ്‌ടത്തിലായേനെ.

മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ അല്‍പമധികനേരം വണ്ടി നിര്‍ത്തിയിട്ടു. പത്തുപേര്‍ ഇറങ്ങുമ്പോള്‍ കയറുന്നത്‌ ഇരുപത്തഞ്ചുപേരാണ്‌. അതും വാതില്‍പ്പടിയില്‍ വരെ ആളുകള്‍ തിങ്ങി നിറഞ്ഞ കോച്ചില്‍. അകത്തിടമില്ല എന്നു പറഞ്ഞ്‌ കയറാന്‍ വരുന്നവരെ വാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ നിരുത്സാഹപ്പെടുത്തുന്നതു കേള്‍ക്കാമായിരുന്നു. തിങ്ങിഞ്ഞെരുങ്ങാന്‍ തുനിഞ്ഞിറങ്ങിയവര്‍, സ്ത്രീകളുള്‍പ്പടെ, തള്ളിക്കയറുന്നുണ്ടായിരുന്നു. ചിലരാകട്ടെ അകത്തു കയറിയപ്പോള്‍ മാത്രം മുന്‍പു കേട്ട ഉപദേശത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ട്‌ പുറത്തിറങ്ങാന്‍ ശ്രമിച്ചു. ഒടുക്കം അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയായി. പിന്നെ സഹിക്ക്യ തന്നെ എന്നു കരുതി ഇറങ്ങാന്‍ മുതിര്‍ന്നില്ല. ഭാര്യാജിയും മോളും എന്തായലും സ്വസ്ഥമായി ഒരിടത്തിരിക്കുകയാണ്‌. അതിനാല്‍ തിരക്ക്‌ അവരെ അധികം അലട്ടുന്നില്ല. അത്രയെങ്കിലും സമാധാനം.

ഉത്തരേന്ത്യന്‍ ഗ്രാമീണരുടെ മട്ടും ഭാവവുമുള്ള ഏതാനും വൃദ്ധര്‍ ഞാന്‍ നിന്നതിനു സമീപമുള്ള സീറ്റുകളില്‍ വല്ലവിധേനയും ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും തന്നെ അറുപതുകളില്‍ നില്‍ക്കുന്നവരാവണം. എനിക്കു മനസ്സിലാകാത്ത ഏതോ ഭാഷയാണ്‌ അവര്‍ സംസാരിക്കുന്നത്‌. എന്നാല്‍ത്തന്നെയും ഇടയ്‌ക്കെല്ലാം പരിചയമുള്ള ചില ഹിന്ദി വാക്കുകള്‍ അവര്‍ ഉപയോഗിക്കുന്നതു കേട്ടു. പാളത്തിനിരുവശവും തരിശുകിടക്കുന്ന നിലങ്ങളിലേക്കും ജലസമൃദ്ധിയൊഴുകുന്ന പുഴകളിലേക്കുമെല്ലാം കണ്ണുപായിച്ചുകൊണ്ട്‌ എന്തെല്ലാമോ അഭിപ്രായങ്ങള്‍ അവര്‍ പങ്കുവെച്ചു. കൃഷിചെയ്യാതെ സ്ഥലമൊക്കെ ഇങ്ങനെ ഇട്ടേക്കുന്നതിനെക്കുറിച്ചാ അവര്‍ പറയുന്നതെന്ന് ഒപ്പം നിന്നിരുന്ന ഒരു ചേട്ടന്‍ എന്നോടു പറഞ്ഞു. ഒരു പരിധിവരെയേ ആ വാക്കുകളെ ഞാന്‍ വിശ്വസിച്ചുള്ളൂ. ആറേഴുപേരുണ്ട്‌ ആ സംഘത്തില്‍. കുര്‍ത്തയും ദോത്തിയുമാണു മിക്കവരുടെയും വേഷം. ഒപ്പം തന്നെ കാണപ്പെട്ട നാലഞ്ചു പേരടങ്ങുന്ന യുവാക്കളുടെ ഒരു സംഘം സംസാരം കൊണ്ട്‌ ഇക്കൂട്ടത്തില്‍പ്പെട്ടവരാണെന്നു തോന്നിച്ചു. എന്നാല്‍ മുഷിഞ്ഞതെങ്കിലും ടിഷര്‍ട്ടും ട്രാക്‌ പാന്റ്‌സും കയ്യിലെ ടച്ച്‌സ്ക്രീന്‍ ഫോണും സോണി ഹാന്‍ഡിക്യാമുമെല്ലാം അവരെ ഈ സീനിയര്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ടു നിര്‍ത്തി. ഒരച്ചായന്‍ ആ ഇരിപ്പിലിരുന്ന്‌ തന്റെ കുപ്പായം ഊരി. അതിനുള്ളില്‍ ഇപ്പോ ഊരിയതു പോലെ വേറൊരെണ്ണം. അതും പുള്ളി ഊരി. ഉള്ളി പൊളിച്ചപോലെ അതിനുള്ളില്‍ കോളറില്ലാത്തത്‌ ഒന്നു കൂടി. എന്റെ അടുത്തു നിന്നിരുന്ന ചേട്ടനും ഞാനും അറിയാതെ പരസ്‌പരം നോക്കി, കണ്ണിറുക്കി. അച്ചായന്‍ ഇതൊക്കെ ചെയ്യുന്നത്‌ സീറ്റിലിരുന്നുകൊണ്ടുതന്നെയാണ്‌, മൂപ്പരോടൊപ്പം മറ്റൊരാള്‍ കൂടി ഇരിക്കുന്ന സിംഗിള്‍ സീറ്റിലിരുന്ന്‌. തീര്‍ന്നില്ല, ആ കുപ്പായം കൂടി ഊരി. അതിനുള്ളില്‍ തവിട്ടു നിറമുള്ള തുണികൊണ്ടു തയ്ച്ച ബനിയന്‍ പോലെ കയ്യില്ലാത്ത ഒരുടുപ്പ്‌! 'ചുമന്നോണ്ട്‌ നടക്കാന്‍ പറ്റാഞ്ഞിട്ട്‌ എല്ലാം കൂടി ഇട്ടോണ്ട്‌ നടക്കുവാ', 'കുളീം നനേം ഒന്നുമില്ലാത്ത പാര്‍ട്ടികളാണെന്നാ തോന്നുന്നെ' എന്നെല്ലാം ഞാനും സഹയാത്രികനും അടക്കം പറഞ്ഞു. ഒരു പരിചയവുമില്ലാത്ത ഒരാളോട്‌ ട്രെയിന്‍ യാത്രകളില്‍ നാം മുഖവുരകളില്ലാതെ സംസാരിച്ചു തുടങ്ങും എന്ന കേട്ടറിവുമാത്രമുള്ള സത്യം ഞാന്‍ അനുഭവിച്ചു. അച്ചായന്‍ തുടര്‍ന്ന് രണ്ടാമതു ഊരിയ കുപ്പായം ആ 'അടിവസ്ത്ര'ത്തിനു മേലേധരിച്ച്‌ മിച്ചം വന്ന രണ്ടു പീസും ചുരുട്ടിക്കൂട്ടി കയ്യിലെടുത്തു. സീറ്റിന്റെ ഒരു കോണില്‍ കാലുറപ്പിച്ചു കയറി നിന്ന്‌ തട്ടില്‍ വെച്ചിരിക്കുന്ന ഒരു ബാഗ്‌ കഷ്‌ടപ്പെട്ടു വലിച്ചു നീക്കി സിപ്‌ തുറന്ന്‌ അതിനുള്ളില്‍ തിരുകിക്കയറ്റി. ബാഗിന്റെ അകത്തളങ്ങളിലെവിടെയോ നിധിപോലെ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കുപ്പി വെള്ളമെടുത്തുകൊണ്ട്‌ താഴെയിറങ്ങി. അതില്‍ കുറെ കുടിച്ചു. ഒപ്പമിരുന്നയാളും എതിര്‍വശത്തിരുന്നയാളും വെള്ളം കുടിച്ചു.

ആ, എതിര്‍വശത്തിരുന്ന വിദ്വാന്റെ കാര്യം പറഞ്ഞില്ലല്ലോ. മൂപ്പരും എതാണ്ടാ ക്ലാസ്സ്‌ തന്നെ, മുന്‍പത്തെ കാര്‍ന്നോരടെ അത്ര പ്രായം വരില്ല, പാന്റ്‌സ്‌ ആണുവേഷം. മേലെ മുഷിഞ്ഞതെന്നു പ്രത്യേകം പറയേണ്ടതില്ലാത്ത കുര്‍ത്ത. ഞാന്‍ അവിടെ നില്‍പ്‌ തുടങ്ങിയപ്പോള്‍ പാന്‍ പരാഗ്‌ പോലെ എന്തോ അയാള്‍ ചവച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ അതു തുപ്പിക്കളഞ്ഞിട്ട്‌, കയ്യിലിരുന്ന കിഴി പോലെ തോന്നിക്കുന്ന തുണികൊണ്ടുള്ള ഒരു കൊച്ചു സഞ്ചി അയാള്‍ തുറന്നു. അതില്‍ കളിയടയ്‌ക്ക പോലെയുള്ള എന്തോ സാധനം ഉണ്ടായിരുന്നു. അലസമായി പുറത്തേക്കു നോക്കിയിരുന്ന് അയാള്‍ അതു തിന്നാന്‍ തുടങ്ങി. അയാളുടെ ഇടതുവശത്തെ സീറ്റിന്റെ ഇങ്ങേയറ്റത്തുള്ള ആള്‍ക്ക്‌ അപ്പോള്‍ അനക്കം വെച്ചു. തീരെ മര്യാദകെട്ട രീതിയില്‍ അയാള്‍ തന്റെ മുട്ട്‌ മടക്കി ആ അഴുക്കുപിടിച്ച കാല്‍പാദം സ്വന്തം സീറ്റിലെടുത്തുവെച്ചു. അഞ്ചുപേര്‍ ഇരിക്കുന്ന സീറ്റിന്റെ അറ്റത്തിരുന്നാണ്‌ ഈ സര്‍ക്കസ്സുകളി. 'എന്തൊരു മനുഷ്യരാ ഇത്‌' എന്ന കഷ്‌ടം നിറഞ്ഞ ഒരു നോട്ടം എതിര്‍വശത്തിരിക്കുന്ന ഭാര്യാജിയില്‍ നിന്നും എന്നെത്തേടിവന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ അയാളും മുന്‍പത്തെ കാര്‍ന്നോര്‍ എണീറ്റപോലെ തന്നെ ഇരിപ്പിടത്തില്‍ നിന്നു പൊങ്ങി. മുകളിലെ തട്ടില്‍ രണ്ട്‌ അയ്യപ്പന്മാര്‍ ഇരിപ്പുണ്ട്‌, ഇടയില്‍ അവരുടെ ഭാണ്ഡങ്ങളും(അതിന്റെ എതിര്‍വശത്തെ തട്ടില്‍ രണ്ട്‌ അയ്യപ്പന്മാര്‍ ഇരുവശത്തേക്കും തലവെച്ച്‌ കള്ളയുറക്കത്തില്‍). ഇങ്ങേയറ്റത്ത്‌ ഒരു ബാഗ്‌ വെച്ചിട്ടുണ്ട്‌. കാര്‍ന്നോര്‍ അതില്‍ നിന്നും ഒരു പ്ലാസ്റ്റിക്‌ കവര്‍ ബദ്ധപ്പെട്ട്‌ വലിച്ചെടുത്തു. മിക്‌സ്‌ചര്‍ പോലെ എന്തോ ലോക്കല്‍ മറുനാടന്‍ വിഭവമായിരുന്നു അതില്‍. ഒരു അരക്കിലോ കാണും. അയാളതു പൊട്ടിച്ച്‌ തന്റെ സംഘാംഗങ്ങള്‍ക്കു നല്‍കി. ഇരു കൈത്തലങ്ങളും പാത്രം പോലെ ചേര്‍ത്തു പിടിച്ച്‌ ഒന്നു രണ്ടുപേര്‍. മറ്റു രണ്ടുപേരാകട്ടെ തങ്ങളുടെ മേല്‍മുണ്ടിന്റെ ഒരു തല നീട്ടിപ്പിടിച്ചു. എല്ലാവര്‍ക്കും ഒന്നുരണ്ടു പിടിവീതം പലഹാരം നല്‍കി. മുണ്ടില്‍ നിന്നും കയ്യില്‍ നിന്നുമായി ഓരോരുത്തരും അതു കൊറിച്ചുകൊണ്ടിരുന്നു. 'ഇവനൊക്കെ തിന്നാന്‍ മാത്രമാണോ വണ്ടിയില്‍ കേറുന്നത്‌?' ഞാന്‍ ചിന്തിച്ചുപോയി. അവരാകട്ടെ മറ്റാരെയും ഗൗനിക്കാതെ താന്താങ്ങളുടെ ലോകങ്ങളില്‍ മുങ്ങി.

നില്‍പ്പും തിരക്കും ചുറ്റും തിങ്ങി നില്‍ക്കുന്ന അസ്വസ്ഥതയും എന്നെ ബോറടിപ്പിച്ചു, അല്ല, ട്രെയിനിനു വേഗം പോരെന്നു തോന്നിപ്പിച്ചു. കന്യാകുമാരി മുതല്‍ മുംബൈ സി.എസ്‌.ടി. വരെ പോകുന്ന ആ ട്രെയിനില്‍ ചങ്ങനാശ്ശേരി വരെയല്ലേ ഞാനുള്ളൂ എന്നതായിരുന്നു എന്റെ ഏക ആശ്വാസം.

ചെങ്ങന്നൂര്‍ ആയിരുന്നു ശരിയായ തിരക്ക്‌. പ്ലാറ്റ്‌ഫോമില്‍ മത്തിയടുക്കിയപോലെയാണു സ്വാമിമാര്‍ കിടക്കുന്നത്‌. തിരക്കിട്ടും കലപിലകൂട്ടിയും ഒറ്റയ്‌ക്കും കൂട്ടായും നീങ്ങുന്നവര്‍ വേറെ. വിയര്‍പ്പിന്റെയും നെയ്യിന്റെയും അഴുക്കിന്റെയും തീക്ഷ്‌ണഗന്ധം പേറുന്ന സ്വാമിമാര്‍. വ്രതനിഷ്‌ഠകളില്‍ പറയുന്ന രണ്ടുനേരം കുളിയും വൃത്തിയുള്ള വസ്ത്രവും ഇവരില്‍ കാണുക ദുര്‍ലഭം. വണ്ടി നിര്‍ത്തിയപ്പോള്‍ ചക്കപ്പഴത്തില്‍ ഈച്ച പൊതിയുന്നതുപോലെയാണു ജനം അടുത്തത്‌. പക്ഷേ അതില്‍ പാതിയേ കയറിയുള്ളോ എന്നു സംശയിച്ചു വണ്ടി പുറപ്പെട്ടപ്പോള്‍. ഞാന്‍ നിന്നിരുന്ന ബോഗിയില്‍ പ്രധാനമായും രണ്ടു സംഘങ്ങളാണു കയറിയത്‌. ഒരു കൂട്ടര്‍ രണ്ടായിപ്പിരിഞ്ഞ്‌ മുന്നിലെയും പിന്നിലെയും വാതിലിലൂടെ അകത്തു കയറിപ്പറ്റി. മുന്നില്‍ നിന്നു കയറിയ ഒരു വിദ്വാന്‍ നടുക്കു വന്ന് പിന്നിലെ വാതിലിലൂടെ കയറിയവരെ അയാള്‍ നില്‍ക്കുന്നിടത്തേക്കു വിളിച്ചു. വാതില്‍ക്കലും ഇടനാഴിയിലുമായി കൂടി നില്‍ക്കുന്നവരുടെ ഇടയിലൂടെ അവര്‍ക്ക്‌ കൂട്ടാളി നില്‍ക്കുന്നിടത്തേക്കു വരാനാവുന്നില്ല. രണ്ടുപേര്‍ എങ്ങനെയൊക്കെയോ എത്തി. സീറ്റിനു മുകളിലെ ബാഗിരിക്കുന്നയിടമാണ്‌ അയാളുടെ നോട്ടം. സ്വയം അങ്ങോട്ട്‌ പ്രതിഷ്‌ഠിക്കാനുള്ള ആദ്യപടിയായി അവിടെയിരുന്ന ബാഗ്‌ അയാല്‍ അല്‍പം അകത്തേക്കു തള്ളിവെച്ചു. അതിനപ്പുറം ഇരുന്ന സ്വാമിമാര്‍ ഇരുവരും അതിനെ അനങ്ങാതെ അവിടെത്തന്നെ ഇരുന്നുകൊണ്ടു പ്രതിരോധിച്ചു. ചെങ്ങന്നൂര്‍ സ്വാമി അല്‍പം കൂടി ബലമായി തള്ളി. ഇരുന്ന സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. ആദ്യം ഒരു നോട്ടം. പിന്നെ ഒറ്റവാക്കില്‍ എന്തോ ഒരു പറച്ചില്‍. തെലുങ്കോ കന്നടയോ എന്തോ! എന്തായലും താഴത്തെ സ്വാമി ആഞ്ഞു തള്ളി. മേലേത്തെ സ്വാമി 'എന്താടോ ഈ കാണിക്കുന്നത്‌? ഇവിടെങ്ങും ഇടമില്ല' എന്നു പറഞ്ഞിരിക്കണം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ തമ്മില്‍ വാഗ്വാദമായി. എതിര്‍ത്തട്ടിലെ ഉറക്കസ്വാമികളും മേലേത്തെ സ്വാമികളുടെ പക്ഷം പിടിച്ചു. അതിനപ്പുറത്തെ തട്ടിലെ സ്വാമികളും ഇടയ്‌ക്കുള്ള വലമറയിലൂടെ പിന്തുണയേകി. ചുരുക്കത്തില്‍ ആകെ ബഹളം. താഴത്തെ സ്വാമി വലിഞ്ഞങ്ങു കയറാനും തുടങ്ങി. മോന്തയ്‌ക്കു തേമ്പുമെന്ന ഘട്ടം വരെ തര്‍ക്കം മൂര്‍ച്‌ഛിച്ചു. ഇവിടെ കാല്‍ കുത്താനിടമില്ലാതെ നാട്ടുകാര്‍ നില്‍ക്കുമ്പോള്‍ സ്വാമിമാര്‍ തമ്മില്‍ ഇരിപ്പിടത്തിനു വഴക്ക്‌. അവിടെ ഇടപെടാന്‍ തൊട്ടപ്പുറത്തു നിന്ന ഒരു കൗമാരക്കാരന്‍ ധൈര്യം കാട്ടി. 'മിണ്ടാതിരിയെടാ അവിടെ!' എന്നവന്‍ ഒച്ചപ്പാടുണ്ടാക്കുന്നവരോട്‌ ആക്രോശിച്ചു. അതിലൊന്നും അടങ്ങിയില്ല വഴക്കിടുന്നവര്‍. ചെറുക്കന്‍ നനായങ്ങു റെയ്‌സായി. 'ഡാ... മിണ്ടാതിരിക്കാന്‍ നിന്നോടല്ലേ പറഞ്ഞത്‌?' അനന്തരം ഇപ്പുറത്തെ തട്ടിലിരുന്നു താഴത്തെ സ്വാമിയോട്‌ കയര്‍ക്കുന്നവന്മാരോട്‌ 'നീയെവിടെപ്പോവാ, അവിടിരിയെടാ!' എന്നലറി. ഇത്രയുമായപ്പോള്‍ മറ്റു യാത്രക്കാരും ഇടപെട്ടു. 'അലമ്പുണ്ടാക്കതെടാ!' പല ദിക്കില്‍ നിന്നും ശാസനകള്‍. ഇതിനിടെ നമ്മടെ അച്ചായന്റെ ബാഗ്‌ താഴെ വീഴാറായി. അങ്ങേര്‍ തന്നെ അതങ്ങെടുത്തു. അത്രയും സ്ഥലം ഒഴിവായപ്പോള്‍ താഴത്തെ സ്വാമി മേലോട്ട്‌ കേറി. അയാള്‍ അവിടിരുന്നു അല്‍പം അകലെ നില്‍ക്കുന്ന ആരേയോ ഉച്ചത്തില്‍ വിളിച്ചെന്തോ പറയുനു. ഭാണ്ഡം തരാനോ, അങ്ങാട്ടു ചെല്ലാനോ മറ്റോ ആയിരിക്കണം. 'സീറ്റു കിട്ടിയല്ലോ, താനിനി അവിടെ മിണ്ടാതിരി' എന്നു പയ്യന്‍സ്‌ അയാളെയും ശാസിച്ചു വായടപ്പിച്ചു. സംഗതി അല്‍പം കാടത്തം ആയിരുന്നെങ്കിലും പയ്യന്‍സിന്റെ നടപടി എനിക്കെന്തായാലും ഇഷ്‌ടപ്പെട്ടു. പക്ഷേ അവന്റെ മട്ടും ഭാവവും കൊള്ളാനും കൊടുക്കാനും തയ്യാറായ മാതിരി ആയിരുന്നു. ബാക്കിയുള്ളവന്‍ ഇവിടെ നേരാംവണ്ണം നിന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുമ്പോളാ സ്വാമിമാര്‍ തമ്മില്‍ ഇരിക്കാനായി ഉടക്ക്‌. ഈ വിഷയത്തില്‍ പലപക്ഷം ഉണ്ടാവാം. എന്തയാലും രംഗം തണുത്തു. ചെങ്ങന്നൂര്‍ സ്വാമി അടുത്തുവന്ന കൂട്ടാളിക്കളുടെ കയ്യില്‍ നിന്നും സഞ്ചിയും ഭാണ്ഡവുമൊക്കെ വാങ്ങി വലകൊണ്ടുള്ള വേലിയില്‍ കെട്ടിയിട്ടു.

തിരുവല്ലയില്‍ നിന്നും ആളു പിന്നെയും കയറി. ചങ്ങനാശ്ശേരിയില്‍ ഇറങ്ങാന്‍ ആളധികം ഉണ്ട്‌. അകത്തേക്കു വരാന്‍ വാതില്‍ക്കല്‍ തിരക്കുകൂട്ടുന്നവരെ അവിടെയുള്ളവര്‍ തന്നെ തടഞ്ഞു. 'അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനാളുണ്ട്‌, അപ്പോ സ്ഥലം കിട്ടും. തല്‍ക്കാലം അവിടെത്തന്നെ നില്ല്‌.' ആ തിരക്കിനിടയിലും എന്റെ പിന്നില്‍ നിന്നിരുന്ന ഒരുവന്‍ ഫോണിലൂടെ തന്റെ 'സുഹൃത്തിനെ' അവിടേക്കു വിളിച്ചുവരുത്തി. പിന്നെ അവനും അവളും ചേര്‍ന്നുനിന്നു ലോകകാര്യം പറയാന്‍ തുടങ്ങി. എനിക്കിത്രയും മനസ്സിലായി - അവള്‍ അവനെ എറണാകുളത്തിനു ചെല്ലാന്‍ നിര്‍ബന്ധിക്കുകയാണ്‌. 'അനിയാ സൂക്ഷിച്ചോണേ' എന്നവനെ ഞാന്‍ മനസ്സുകൊണ്ട്‌ ഉപദേശിച്ചു.

വണ്ടി ചങ്ങനാശ്ശേരി അടുക്കാറായി. അടുത്തു നിന്നിരുന്ന ഒരു സ്വാമി എന്നോട്‌ എവിടെയാണിറങ്ങുന്നതെന്നു ചോദിച്ചു. ഭാര്യാജി ഇരിക്കുന്ന സീറ്റില്‍ അയാള്‍ക്കു നോട്ടമുണ്ടെന്നു ഞാന്‍ ഊഹിച്ചു. 'ചങ്ങനാസ്സരിയാ? കൊട്ടായമാ?' എന്നിങ്ങനെ അയാള്‍ എന്നോട്‌ ആരാഞ്ഞു. ഞാന്‍ അവ്യക്തമായി ഒന്നു തലയാട്ടിയതല്ലാതെ കൃത്യമായ ഒരു മറുപടി അയാള്‍ക്കു കൊടുത്തില്ല. രേവതിക്കു സീറ്റു നല്‍കിയ ആ മനുഷ്യന്‍ അപ്പോഴും അവിടെ നില്‍പ്പാണ്‌. അയാള്‍ക്ക്‌ ആ സീറ്റ്‌ തിരികെ നല്‍കേണ്ടതു നമ്മുടെ ചുമതലയല്ലേ? ഞാന്‍ ആ ചേട്ടനെ വിളിച്ചിട്ടു രഹസ്യമായി ഞങ്ങളുടന്‍ ഇറങ്ങുമെന്നും ഇരുന്നോളാനും പറഞ്ഞു. സ്റ്റേഷനെത്തുന്നതിനും അല്‍പം മുന്‍പേ, രേവതിയെ ഒന്നാംഗ്യം കാണിച്ചപ്പോള്‍ അവളെഴുന്നേല്‍ക്കാനൊരുമ്പെട്ടു. ആ നല്ലമനുഷ്യന്‍ പറഞ്ഞു, 'ഇരുന്നോളൂ, ഇപ്പഴേ എഴുന്നേല്‍ക്കണ്ട.' സ്റ്റേഷനായാല്‍ തിരക്കു കൂടുമെന്നും വാതില്‍ക്കലേക്കു നീങ്ങിനില്‍ക്കാനുമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ രേവതി എഴുന്നേറ്റപാടെ അദ്ദേഹം ആ സ്ഥാനം വീണ്ടെടുത്തു. നന്ദിനിറഞ്ഞ ഒരു പുഞ്ചിരിയോടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. കയറിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇടിയാണ്‌ ഇടനാഴിയില്‍. എന്റെ മുന്നില്‍ നില്‍ക്കുന്നവരും അവിടെത്തന്നെ ഇറങ്ങാനുള്ളവര്‍. അതിനാല്‍ അങ്ങനെ തന്നെ നില കൊണ്ടു. വണ്ടി നിന്നു. ഞെരുങ്ങാതെയും എങ്ങും തട്ടാതെയും മുട്ടതെയും മോളെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചു. ഭാര്യാജിയെ മുന്നില്‍ നടത്തി. വഴിക്കു നിന്നവരോട്‌ ഒതുങ്ങിത്തരാന്‍ ആവശ്യപ്പെട്ടു. വാതില്‍ക്കല്‍ നില്‍ക്കുന്നതു പെണ്‍കുട്ടികളാണ്‌, അഞ്ചാറുപേര്‍. അവരവിടെ പാറ പോലെ നില്‍ക്കുകയാണ്‌, ഒന്നിറങ്ങി നിന്നാല്‍, അല്ലെങ്കില്‍ പറ്റാവുന്നപോലെ ഒന്നൊതുങ്ങിനിന്നാല്‍ എന്താണു കുഴപ്പം? അനങ്ങാതെ നില്‍പാണ്‌. ഇറങ്ങാനും പറ്റുന്നില്ല അനങ്ങാനും പറ്റുന്നില്ല. അതിനിടെ കയറാനുള്ളവര്‍ അതിനൊരുമ്പെടുന്നു. പിന്നാലെ വരുന്നവരുടെ തള്ളല്‍ വേറെ. ഇത്തവണ റെയ്‌സായതു ഞാനായിരുന്നു. പ്രദേശം കിടുങ്ങുന്ന കാര്‍ക്കശ്യത്തോടെ വഴിവിടാന്‍ പറഞ്ഞു. കൈ നീട്ടി കയറാന്‍ വന്നവരെ തടഞ്ഞു. പടിയില്‍ അപ്പോഴേക്കും കയറിക്കഴിഞ്ഞവരെ നിര്‍ബ്ബന്ധിച്ചും ആജ്ഞാപിച്ചും ഇറക്കിനിര്‍ത്തി. ഒട്ടൊക്കെ മാറ്റമുണ്ടായി. ബീ ദ ചേഞ്ച്‌ യു വാണ്ട്‌ ടു സീ എന്നാണല്ലോ. അതുകൊണ്ട്‌ തുറന്നുവെച്ച വാതിലിനും അവിടെ കൂടി നിന്നവര്‍ക്കും ഇടയിലൂടെ വല്ലവിധേനയും വഴുതിയിറങ്ങി. ഒരു വാഗണ്‍ ട്രാജഡിയില്‍ നിന്നു രക്ഷപ്പെട്ട പ്രതീതിയായിരുന്നു അപ്പോള്‍.

മോള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയിരുന്നു. അവള്‍ക്കു വല്ലതും പറ്റിയോ എന്ന്‌ വെറുതേ ഭയന്നു. ബഹളവും തിരക്കും അസ്വസ്ഥയാക്കിയതാണ്‌. ഒരല്‍പം കൊഞ്ചിക്കലും തുറസ്സായ സ്ഥലവും കാറ്റും അവളെ വേഗം സാന്ത്വനിപ്പിച്ചു. തേച്ചു വെടിപ്പാക്കിയ ഷര്‍ട്ടും മുണ്ടും(ഓ! അതവിടെത്തന്നെയുണ്ട്‌!) നനഞ്ഞ തൂവാല പോലെയായി. അങ്ങനെയൊന്നും എന്റെ മുണ്ട്‌ പോവില്ല എന്ന ആത്മവിശ്വാസം ഒരു പടികൂടി കയറിനിന്നു. എന്നിട്ട്‌ അതുറപ്പിക്കാനായി ഒന്നുകൂടി അഴിച്ചുകുത്തി. പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയ്‌ക്കു താഴെ ഒരു ബെഞ്ചില്‍ അല്‍പനേരം സ്വസ്ഥമായിരുന്നു. രേവതിയുടെ സാരിയുടെ മുന്‍ഭാഗത്ത്‌ രണ്ടിഞ്ചോളം നീളത്തില്‍ കീറിയത്‌ അപ്പോഴാണു ശ്രദ്ധയിപ്പെട്ടത്‌. രണ്ടാമത്തെ ഉടുക്കലില്‍ തന്നെ അതുകീറിയല്ലോ എന്ന സങ്കടവും, ഞാനായിട്ട്‌ സമ്മാനിച്ച സാരിയാണല്ലോ എന്ന ഓര്‍മ്മയും വണ്ടിയിലെ തിരക്കിനോടുള്ള അമര്‍ഷവും ഒരു നിമിഷത്തേക്ക്‌ എന്നെ ഭ്രാന്തനാക്കി. 'ഡോറിലെങ്ങാനും ഉടക്കിക്കീറിയതാവും' എന്നു താഴ്‌ന്ന സ്വരത്തില്‍ പറഞ്ഞും 'ഇതൊക്കെ ചാര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണ്ടേ?' എന്ന ദേഷ്യവും നിരാശയും കലര്‍ന്ന ചോദ്യത്തെ തൊണ്ടയ്‌ക്കു താഴെവെച്ചു കൊന്നും ഞാനതില്‍ നിന്നു മുക്തനായി. വെള്ളം കുടിച്ചു. മോള്‍ക്ക്‌ ആഹാരം നല്‍കി. മുഖം കഴികിച്ചു. കണ്ണെഴുതിച്ചു, പൗഡറിട്ടു. ഉടുപ്പുമാറ്റി. വളയും മാലയുമണിയിച്ചു. ക്ഷീണമെല്ലാം മാറി അവള്‍ മിടുക്കിയായപ്പോള്‍ എന്റെ ഉള്ളും നിറഞ്ഞു.

അപ്പോള്‍ നേരം പതിനൊന്നര. പന്ത്രണ്ടു മണിയോടെ വിവാഹസ്ഥലത്തെത്തി. മുഹൂര്‍ത്തം ഒരുമണിക്കായിരുന്നതു കൊണ്ട്‌ ആദ്യം ശാപ്പാട്‌, പിന്നെ കെട്ട്‌ എന്നതായിരുന്നു ക്രമം. ഏതാണ്ട്‌ മൂന്നു വര്‍ഷംകൂടിയാണു രതീഷിനെ കാണുന്നത്‌. എല്ലാം മംഗളമായി നടന്നു. രതീഷിന്‌ തൃക്കൊടിത്താനംകാരി സൗമ്യ ജീവിതസഖിയായി. താലികെട്ടിയ നിമിഷം എന്റെ ക്യാമറയുടെ കൃത്യം മുന്നിലേക്ക്‌ ഏതോ ഒരുവന്‍ മൊബൈലും നീട്ടിപ്പിടിച്ചു നിന്നതിനാല്‍ കെട്ടിന്റെ ദൃശ്യം കാണണമെങ്കില്‍ ഫോട്ടോയില്‍ പതിഞ്ഞ മൊബൈലിന്റെ സ്ക്രീനിലേക്കു നോക്കണമെന്നു വന്നു!

Friday, December 23, 2011

വൈകിയെത്തിയ വണ്ടി - 5

ഴക്കാഴ്‌ചകളും കുസൃതികളുമായി ശനിയാഴ്‌ച പകല്‍ അസ്‌തമിക്കാനൊരുങ്ങി. ഭാഗ്യവശാല്‍ ഭാര്യാജി നേരത്തെ ജോലികഴിഞ്ഞെത്തി. ഭാര്യാജിയുടെ സഹോദരിയും മോനും ഭര്‍ത്താവ്‌ സജിക്കൊപ്പം വൈകിട്ടു ജോയിന്‍ ചെയ്‌തു.

പിറ്റേന്നു ഞായര്‍. ടൈറ്റ്‌ ഷെഡ്യൂള്‍ ഉള്ള ദിവസമാണ്‌. അതിന്‌? വീട്ടുസാധനം വാങ്ങാന്‍ നീണ്ട ഒരു കുറിപ്പടി കിട്ടി. നേരം ഇരുട്ടിയിട്ടും മഴയ്‌ക്കു കുറവൊന്നുമില്ല. കടയില്‍പോക്ക്‌ പിറ്റേന്നു നടക്കില്ല എന്നതിനാല്‍ ഇപ്പോള്‍ത്തന്നെ പോകാം എന്നും തീരുമാനിച്ചു. റെയിന്‍ കോട്ട്‌ ധരിച്ച്‌ അന്തിനേരത്ത്‌ സ്‌കൂട്ടറുമെടുത്തിറങ്ങി. പിന്നില്‍ കുടയും പിടിച്ച്‌ സജിയും ഉണ്ട്‌. നേരേ ഓച്ചിറയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്‌ നോക്കി വിട്ടു. പലചരക്കു സാമനങ്ങളിന്മേല്‍ പ്രകടമായ വിലവ്യത്യാസം ലഭിക്കുന്ന സ്ഥലമാണിതെന്നു നമ്മുടെ നാട്ടില്‍ പലര്‍ക്കും അറിയാത്തതു കൊണ്ടാണോ എന്തോ അര്‍ഹിക്കുന്ന പരിഗണന സര്‍ക്കാര്‍ തരുന്ന ഈ സൗകര്യത്തിനു നാം കൊടുക്കുന്നില്ല എന്നാണ്‌ എന്റെ നിരീക്ഷണം. കയ്യില്‍ റേഷന്‍ കാര്‍ഡ്‌ കൂടി ഉണ്ടെങ്കില്‍ വന്‍ ഇളവുകളാണു ലഭിക്കുക. വിലക്കയറ്റത്തെ പഴിപറഞ്ഞ്‌ ഉടനെ കുത്തക സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ വണ്ടിയെടുത്ത്‌ ഇനി കുതിക്കാനൊരുങ്ങുമ്പോള്‍ സര്‍ക്കാര്‍ ഒരുക്കുന്ന പൊതു വിതരണ സംവിധാനത്തെ ഒന്നു പ്രയോജനപ്പെടുത്തി നോക്കാന്‍ ഇതുവായിക്കുന്ന എല്ലാ ഭാര്യമാരോടും ഭര്‍ത്താക്കന്മാരോടും ഈവക ഭാരങ്ങള്‍ തലയിലായിട്ടില്ലാത്ത ചെറുപ്പക്കാരോടും അഭ്യര്‍ത്ഥിക്കുന്നു.

ലിസ്റ്റ്‌ വലുതായിരുന്നു എന്നാദ്യമേ സൂചിപ്പിച്ചല്ലോ. എസ്‌.ബി.ടി. എ.ടി.എമ്മില്‍ നിന്നു പണമെടുത്തു സപ്ലൈകോയിലെത്തി. വേണ്ടുന്ന സാധനങ്ങളെല്ലാം കുട്ടകളില്‍ നിറച്ചു ബില്ലടിച്ചു. ചെറിയ ഒരു പ്ലാസ്റ്റിക്‌ ചാക്ക്‌ കരുതിയിരുന്നു. അതില്‍ എല്ലാം നിറച്ചു. അരി മാത്രം അവിടെ നിന്നു കിട്ടിയില്ല. പൊതുവിപണിയുടേതില്‍ നിന്നും കിലോയ്‌ക്ക്‌ ഒന്നോ രണ്ടോ രൂപയെങ്കിലും വ്യത്യാസമുണ്ട്‌ സപ്ലൈകോയില്‍ അരിക്ക്‌. അതു മറ്റൊരു കടയില്‍ നിന്നു വാങ്ങി. സ്‌കൂട്ടറിന്റെ വിടവില്‍ ആദ്യം വാങ്ങിയ സാമാനങ്ങളും ഈ അരിയും കൂടി തിരുകിവെച്ചു. മൊത്തം ഒരു ഇരുപത്തഞ്ചു കിലോയെങ്കിലുമുണ്ട്‌, തിങ്ങിഞ്ഞെരുങ്ങി അതവിടെ ഇരുന്നപ്പോള്‍ വണ്ടിക്കു നല്ല 'സ്റ്റെബിലിറ്റി' ഉള്ളതായി അനുഭവപ്പെട്ടു.

അഗലാ കാര്യക്രം? മഴയാണ്‌, ടൂ വീലറാണ്‌, ആകെ നനഞ്ഞിട്ടുണ്ട്‌, തണുപ്പാണ്‌. ചൂടാക്കാനിത്തിരി മരുന്നു വാങ്ങാമെന്നു ക്ഷണനേരം കൊണ്ടാണു തീരുമാനമായത്‌. ഓച്ചിറയില്‍ വൃശ്ചികം പന്ത്രണ്ടിന്റെ ഉത്സവമാണ്‌. ആയതിനാല്‍ ബീവറേജ്‌ അവധി. എന്നാല്‍ ശരി ബാറില്‍ നിന്നു വാങ്ങാം ഐറ്റം എന്നു കരുതി അങ്ങോട്ടു വെച്ചു പിടിച്ചു. ബീവറേജ്‌ അവധിയായിരിക്കുന്ന ഡ്രൈ ഡേകളില്‍ ബാറിനായിട്ട്‌ എന്തോന്നിളവെന്ന്‌ ഞങ്ങളത്ര ചിന്തിച്ചില്ല. ബാറിന്റെ മതിലകത്തുകൂടി ക്രോസ്സ്‌ ചെയ്‌ത്‌ ഹൈവേയില്‍ കയറി. ഇനിയെന്തുവേണം എന്ന്‌ അല്‍പനേരം നിന്നാലോചിച്ചു. കായംകുളത്തോ കറ്റാനത്തോ പോയാല്‍ സാധനം കിട്ടും. വേണോ? ഒരു മടി. എന്തായാലും ആശിച്ചു, ഇനി നടത്തിയിട്ടു തന്നെ കാര്യം. വണ്ടി കായംകുളം ലക്ഷ്യമാക്കിപ്പോയി.

ഓച്ചിറയിലെ ദാഹമുള്ള ആള്‍ക്കാരെല്ലാം അവിടെ ഹാജരുണ്ട്‌. ആ ക്യൂവിന്റെ ഇങ്ങേത്തലയ്‌ക്കല്‍ നിന്നാല്‍ ഐറ്റം കിട്ടുമ്പോഴേക്കും അരമണിക്കൂറെങ്കിലും കഴിയും. കുട മടക്കി 'ഞാനൊന്നു നോക്കട്ടെ' എന്നു പറഞ്ഞു സജി ക്യൂവിനെ ലക്ഷ്യമാക്കി നീങ്ങി. ഇരുചക്രവാഹനങ്ങളുടെ ലോക്കല്‍ സമ്മേളനം നടക്കുന്ന അവിടെയിട്ട്‌ ആ സ്‌കൂട്ടറൊന്നു തിരിച്ചിടാന്‍ ഞാനൊന്നു കഷായിച്ചു. അല്‍പം കഴിഞ്ഞ്‌ സജി വന്നു, എന്തു സാധനമാ എടുക്കേണ്ടതെന്നും ചോദിച്ച്‌. തണുപ്പിനു നല്ലതു റമ്മായതു കൊണ്ട്‌ അതാവട്ടെയെന്നായി തീരുമാനം. ഉദ്ദേശം കാശും വാങ്ങി സജി വീണ്ടും ക്യൂവിലെങ്ങോ പോയി അലിഞ്ഞു. രണ്ടു മിനിറ്റു കഴിഞ്ഞില്ല, മുഖത്തൊരു വിടര്‍ന്ന ചിരിയും കയ്യില്‍ കുപ്പിയും മറുകയ്യില്‍ ബാക്കി പൈസയുമായി ഇഷ്‌ടന്‍ തിരിച്ചെത്തി. വ്യക്തിബന്ധങ്ങള്‍ മദ്യശാലയിലെ ക്യൂവിലും തുണയാകുന്ന സൗഹൃദത്തിന്റെ അനന്തമായ പ്രയോജനങ്ങളിലെ എഴുതപ്പെടാത്ത മറ്റൊരു ഏട്‌!

'അയ്യോ! ഒരു കാര്യം മറന്നു പോയി! ചിക്കന്‍ വാങ്ങണം!' ഇടയ്‌ക്ക്‌ വിളി വന്നപ്പോള്‍ ചിക്കന്‍ വാങ്ങിക്കുമോ എന്ന്‌ വീട്ടുകാരത്തി ചോദിച്ചിരുന്നു. വാങ്ങുമെന്നു ഞാനും പറഞ്ഞു. ഇനി വാങ്ങിക്കാതെ ചെല്ലാനും വയ്യ. കാരണം അവര്‍ സവാള അരിയാന്‍ തുടങ്ങിയിരിക്കുന്നു! രണ്ടുമൂന്നു കടകളില്‍ പരതിയിട്ടും കിട്ടാത്ത ചിക്കന്‍ ചന്തയിലെ ഒരു കടയില്‍ നിന്നും, അതും കടക്കാരനെ സമീപത്തു തന്നെയുള്ള വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുവന്നിട്ട്‌ വാങ്ങിച്ചു. അന്നുതന്നെ ചാകണമെന്നായിരുന്നു ആ കോഴിയുടെ വിധി. മഴ പിന്നെയും തുടര്‍ന്നു. റെയിന്‍ കോട്ടിനെ ഭേദിച്ച്‌ തുടയുടെ ഭാഗത്ത്‌ ലുങ്കി നനഞ്ഞൊട്ടി. അതു പിടിച്ചിടാന്‍ നോക്കിയപ്പോള്‍ നാലഞ്ച്‌ ഇഞ്ചു നീളത്തില്‍ 'ക്‌ര്‍..' എന്നങ്ങു കീറി. 'നാശം! എന്തു പഴന്തുണിയാണോ ആവോ!' ദേഷ്യം വന്നു. മഴയും ഇരുട്ടും മറ തന്നു. ഒരു ബെഡ്‌ഷീറ്റ്‌ വാങ്ങണമായിരുന്നു. അക്കൂട്ടത്തില്‍ ഒരു പുതിയ കാവി മുണ്ട്‌ വാങ്ങി. (എന്തോ, കാവിമുണ്ടിനോട്‌ എനിക്ക്‌ ഭയങ്കര ഇഷ്‌ടമാണ്‌. ഇപ്പോള്‍ ബാംഗ്ലൂരിലും നാട്ടിലും ഭാര്യവീട്ടിലും ഓരോ കാവിമുണ്ട്‌ ഉണ്ട്‌. ശബരിമല സീസണ്‍ ആയതിനാല്‍ വില അല്‍പം കൂടിയിട്ടുണ്ട്‌. അതേകാരണം കൊണ്ട്‌ എല്ലാ കടകളിലും നല്ല സ്റ്റോക്കും ഉണ്ട്‌.)

ഒടുക്കം ഈ ഓട്ടമെല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോഴേക്കും മണി ഒന്‍പതാകാറായിരുന്നു. ചിക്കന്‍ വേകണം അത്താഴമുണ്ണാന്‍. അതിനിടെ ഓരോന്നു വീശി. നാളെ രതീഷിന്റെ കല്യാണമാണ്‌, ചങ്ങനാശ്ശേരിയില്‍ വെച്ച്‌. ഷര്‍ട്ടും മുണ്ടും തേച്ചിട്ടു. ഡബിള്‍ മുണ്ട്‌ നിവര്‍ത്തിയലക്കിയതിനാല്‍ മടക്കിയിട്ടപ്പോള്‍ കര തമ്മില്‍ ചേരാനല്‍പം പാട്‌. മാത്രവുമല്ല, രണ്ടു പാളികളും വെവ്വേറെ കിടക്കുന്നു, നിന്നോടു കൂട്ടില്ല എന്ന മട്ടില്‍. മോളുടെ പിറന്നാളിനുടുത്ത അതേ മുണ്ടാണ്‌. അലക്കിയതു മമ്മിയാവാനേ തരമുള്ളൂ എന്ന അനുമാനം ശരിയായിരുന്നു. ചെയ്‌തുകിട്ടിയ ഉപകാരത്തെ തള്ളിപ്പറയാന്‍ പാടില്ലാത്തതു കൊണ്ട്‌ 'ദയവു ചെയ്‌ത്‌ ഇനി ഇതലക്കുമ്പോള്‍ നിവര്‍ത്തിയിട്ട്‌ അലക്കല്ലേ' എന്നൊന്നു ഭാര്യാജിയെ ഓര്‍മ്മിപ്പിച്ചു. 'സാരിയാണെന്ന ഓര്‍മ്മയിലാരിക്കും അലക്കിയത്‌' എന്നൊരു ആത്മഗതത്തില്‍ ഉണ്ടായ കലിപ്പെല്ലാം ഒതുക്കി. അതിനിടെ ഒരു അഡീഷണല്‍ ടാസ്ക്‌ കൂടി വന്നു. ഭാര്യാജിയുടെ സാരി. നല്ല ചിക്കന്‍ കറി കിട്ടേണ്ടുന്നതു എന്റെ കൂടി ആവശ്യമായതിനാല്‍ മറുത്തൊരക്ഷരം പറയാതെ, വഴുതിവഴുതി മേശമേല്‍ ഉരുളുന്ന പട്ടുസാരിയെ ഒന്നുപോലും ശകാരിക്കാതെ... യു നോ! അതങ്ങു വെടിപ്പാക്കി. റഗുലര്‍ യൂസ്‌ മെഡിസിന്‍(RUM) ഉള്ളില്‍ കത്തിപ്പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അത്താഴവും തയ്യാറായി. ചിക്കന്‍ കറിയില്‍ മസാല അല്‍പം ഏറിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ മുളകുപൊടി. ചക്കിക്കൊത്ത ചങ്കരനായി റമ്മും. അവരങ്ങനെ ഓരോ രക്തലോമികകളിലൂടെയും തണുപ്പിന്റെ കണങ്ങളെ അലിയിച്ചുകൊണ്ട്‌ ഒഴുകിത്തുടങ്ങി.

സംഭവബഹുലമായ ആ ശനിയാഴ്ച അങ്ങനെ വിടവാങ്ങി. അലസമായ ഒരു ഞായര്‍. മടങ്ങിപ്പോകാനുള്ള ദിവസം. രാവിലെ എഴുന്നേറ്റപ്പോള്‍ നേരം ഒന്‍പതര. ഭാര്യാജി വല്ലാതെ അലോസരപ്പെടുത്തിയില്ലായിരുന്നെങ്കില്‍ കുറെ നേരം കൂടി ഉറങ്ങാമായിരുന്നു! വൈകിട്ട്‌ പതിവുപോലെ കെട്ടും കെട്ടി കെ.എസ്‌.ആര്‍.ടി.സി.യുടെ ഗരുഡയ്‌ക്കു കായംകുളത്തു നിന്നും കയറി ഇങ്ങുപോന്നു.

**** **** ****

ടുത്ത യാത്ര ഡിസം. 9 നു ആണ്‌. ഞായറാഴ്‌ച (ഡിസം.11 ന്‌) ആണ്‌ കസിന്‍ രതീഷിന്റെ കല്യാണം. ചങ്ങനാശ്ശേരി തെങ്ങണ മഹാദേവക്ഷേത്രത്തില്‍ വെച്ച്‌. എറണാകുളത്തിനുള്ള സൂപ്പര്‍ എക്‌സ്പ്രസ്സ്‌ ബസ്‌ ഏറെക്കുറെ കാലിയായിരുന്നു യാത്രയ്‌ക്ക്‌ ഒരാഴ്‌ച മുന്‍പ്‌ ഞാന്‍ നോക്കുമ്പോള്‍. അതുകൊണ്ട്‌ ടിക്കറ്റ്‌ ബുക്കിംഗ്‌ പിന്നീടാകാമെന്നു കരുതി. പക്ഷേ പിന്നീടു നോക്കിയപ്പോള്‍ ആ വണ്ടി സൈറ്റില്‍ ലിസ്റ്റ്‌ ചെയ്യുന്നുപോലുമില്ല. ആ റൂട്ട്‌ നിര്‍ത്തലാക്കിയോ? ഒരു പിടിയുമില്ല. വേറെ ഒരു വാഹനത്തിലും തൃശൂരിനുപോലും സീറ്റുമില്ല. കുടുങ്ങിയല്ലോ മാതാവേ എന്നു കരുതി കല്ലടയുടെ സൈറ്റില്‍ നോക്കി. സമയം ഒക്കുന്ന പാകത്തില്‍ ഒരു വണ്ടിയില്‍ സീറ്റുണ്ട്‌. കയ്യോടെ ബുക്കുചെയ്യാന്‍ നോക്കിയെങ്കിലും തുടര്‍ച്ചയായി ട്രാന്‍സാക്‍ഷന്‍ ഫൈയിലായി.

ഹതാശനായി ഇരിക്കുമ്പോളാണ്‌ തിരുവനന്തപുരത്തിനുള്ള കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടിന്റെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ(ഐരാവത്‌ ക്ലബ്‌ ക്ലാസ്‌)യില്‍ ഒരു സീറ്റ്‌ മിച്ചം കാണുന്നത്‌. ആരോ കാന്‍സല്‍ ചെയ്‌തതാവണം. ഭാഗ്യവശാല്‍ അതെനിക്കു പറഞ്ഞുവെച്ചിരുന്ന സീറ്റായിരുന്നു. ശഠേന്നു ടിക്കറ്റ്‌ ബുക്കുചെയ്‌തു. ആ വെപ്രാളത്തില്‍ ഇറങ്ങേണ്ട സ്ഥലം കായംകുളത്തിനു പകരം എറണാകുളം എന്നു കൊടുത്തു. അല്‍പം സ്ലോ ആയിരുന്നെങ്കിലും നാലേമുക്കാലോടെ എറണാകുളത്തെത്തി. തിരുവനന്തപുരത്തിനുള്ള വല്ല സൂപ്പര്‍ ഫാസ്റ്റും ഉണ്ടോ എന്നു നോക്കി, ഒന്നും കണ്ടില്ല. ആയതിനാല്‍ കായംകുളം വരെ ഇതില്‍ത്തന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. കൂലി 151 രൂപ(ഓര്‍മ്മ ശരിയാണെങ്കില്‍). സൂപ്പര്‍ ഫാസ്റ്റിനു വെറും 71 രൂപ കൂലിയുള്ളപ്പോഴാണീ ആര്‍ഭാടത്തിനു ഞാന്‍ മുതിര്‍ന്നത്‌. എന്നിട്ടോ, യാത്രാ സമയത്തില്‍ വലിയ കുറവൊന്നും ഉണ്ടായുമില്ല. എട്ടുമണിയോടെ വീട്ടില്‍ച്ചെന്നു. പറയത്തക്ക മറ്റു സംഗതികളൊന്നുമില്ലാതെ ആ ദിവസം കടന്നുപോയി. നാളെ സകുടുംബം ചങ്ങനാശ്ശേരിയില്‍. രതീഷിന്റെ അവസാന ബാച്ചി രാത്രി. മണവാളനെ വിളിച്ച്‌ ആശംസകള്‍ നേര്‍ന്നു.

**** **** ****

കുഞ്ഞുകുട്ടിപരാധീനങ്ങളുമായി ഒരു വഴിക്ക്‌ ഒരുങ്ങിയിറങ്ങുക എന്നു പറഞ്ഞാല്‍, പ്രത്യേകിച്ചും ഭര്‍ത്താവിനേക്കാള്‍ സൗന്ദര്യവും സൗന്ദര്യബോധവും കൂടുതലുള്ളയാളാണു ഭാര്യയെങ്കില്‍(ഈ വാചകത്തിനു തളത്തില്‍ ദിനേശന്‍ കോംപ്ലക്‌സ്‌ അഥവാ ടി.ഡി.സി.യുമായി യാതൊരു ബന്ധവും ഇല്ല എന്നതു പ്രത്യേകം സൂചിപ്പിച്ചുകൊള്ളട്ടെ). പത്തിന്റെ ട്രെയിനാണു നോട്ടം. ഒന്‍പത്‌ നാല്‍പതായപ്പോള്‍ ഇറങ്ങി. പത്തിനു മുന്‍പേ സ്റ്റേഷനിലെത്തി. ഞാന്‍ സ്‌കൂട്ടര്‍പാര്‍ക്കു ചെയ്യുന്ന നേരംകൊണ്ട്‌ പോയി ക്യൂവില്‍ നിന്നോ എന്നു ഭാര്യയെ ചട്ടംകെട്ടി. പാര്‍ക്കു ചെയ്‌തിട്ട്‌ ചെന്നപ്പോള്‍ കക്ഷി ചങ്ങനാശേരിക്ക്‌ രണ്ട്‌ ജനറല്‍ ടിക്കറ്റും എടുത്ത്‌ നില്‍പാണ്‌. അക്കിടിയായല്ലോ എന്നോര്‍ത്തു. കാരണം ചെങ്ങന്നൂര്‍ സ്റ്റേഷന്‍ വഴിക്കാണ്‌. അയ്യപ്പന്മാര്‍ ഇടിച്ചു കയറും. ആ തിരക്കില്‍ ഈ കൊച്ചിനേം കൊണ്ട്‌...!!

വണ്ടി അല്‍പം താമസിച്ചാണു വന്നത്‌. പ്ലാറ്റ്‌ഫോമില്‍ നല്ല തിരക്ക്‌. കമ്പാര്‍ട്ട്‌മന്റ്‌ കണ്ടപ്പോള്‍ ഇനി അയ്യപ്പന്മാരെന്തിന്‌ എന്നൊരു ചോദ്യമാണു മനസ്സിലുയര്‍ന്നത്‌. അത്ര തിരക്കുണ്ട്‌. എന്തായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറാം എന്നുവെച്ചു. ഒരു വിധത്തില്‍ ഇടിച്ചു കയറി. മോളെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചു. തിരക്കിനിടയിലൂടെ നൂണ്ട്‌ ഒരുവിധം ഉള്ളിലെത്തി. ഇതിനിടെ കുഞ്ഞിനെ ശ്രദ്ധിക്കണം, ഭാര്യയെ സംരക്ഷിക്കണം, ഒതുങ്ങി നില്‍ക്കാന്‍ ആള്‍ക്കാരോടപേക്ഷിക്കണം, പോക്കറ്റടി ഉണ്ടാവാതെ പെണ്ണുമ്പിള്ളേടെ കയ്യിലെ ബാഗില്‍ ഒരു കണ്ണു വേണം, സര്‍വ്വോപരി സ്വന്തം മുണ്ട്‌ അരയില്‍ നിന്നു പോകാതെ നോക്കണം. എല്ലാത്തിനുമായി മനസ്സും ശരീരവും വീതിച്ചുനല്‍കി, വാതിലിനും ടോയ്‌ലറ്റിനുമിടയില്‍ തിങ്ങി നിന്നവരില്‍ ചിലരുടെ അനുഭാവപൂര്‍വ്വമുള്ള സഹകരണം കൊണ്ട്‌ ഞങ്ങള്‍ കമ്പാര്‍ട്ട്‌മെന്റിന്റെ മദ്ധ്യഭാഗത്തെത്തി. ശ്വാസം വിടാനും സ്വസ്ഥമായി നില്‍ക്കാനും അവിടെ എന്തായാലും സ്ഥലമുണ്ട്‌.

ഒരു മണിക്കൂര്‍ ഈ നില്‍പു തുടരണം. ഹൊസൂര്‍ മുതല്‍ സേലം വരെ നാലേകാല്‍ മണിക്കൂറും, വെളുപ്പിനെ കട്ടപ്പന മുതല്‍ കാഞ്ഞിരപ്പള്ളി വരെ മൂന്നു മണിക്കൂറും ബസ്സില്‍ നിന്നു യാത്ര ചെയ്‌തു പരിചയമുള്ള എനിക്ക്‌ ഒരിക്കലും ഇതൊരു ബുദ്ധുമുട്ടേ അല്ല. കുഞ്ഞിനെ മാറി മാറി എടുക്കുകയുമാവാം. പക്ഷേ, അല്‍പം കഴിഞ്ഞപ്പോള്‍ മോള്‍ കരയാന്‍ തുടങ്ങി. അമ്മയുടെ കയ്യിലിരുന്നേ മതിയാവൂ. ഓകേ, അങ്ങോട്ടു വിട്ടു. പിന്നെയിങ്ങോട്ടു വരാന്‍ പുള്ളിക്കാരിക്കു താല്‍പര്യമേയില്ല. വിഷമവൃത്തത്തിലായതു രേവതി. എന്തായാലും അവിടത്തെ സീറ്റിലിരുന്ന ഒരു ചേട്ടന്‍ അവര്‍ക്ക്‌ ഇരിപ്പിടം നല്‍കി. തന്റെ ചുറ്റും നില്‍ക്കുന്ന അപരിചിതരെ സാകൂതം വീക്ഷിച്ചും ഇടയ്‌ക്കൊക്കെ തൊട്ടുതലോടിയും 'ഇതെങ്ങാട്ടപ്പാ ദീപ്പോണേ' എന്നൊരു ഭാവത്തോടെ താളത്തിലാടി തന്റെ കന്നിത്തീവണ്ടിയാത്ര ആസ്വദിച്ചു. ഈ ഒരു മണിക്കൂര്‍ യാത്രയെപ്പറ്റി ഒരുപാടു പറയേണ്ടതുണ്ട്‌, നിങ്ങള്‍ക്കു ബോറാകില്ലെങ്കില്‍.

കുറിപ്പ്‌: ശരിക്കും വൈകി വന്ന വണ്ടി നവംബര്‍ 26 നു ഞാന്‍ കായംകുളത്തു വന്ന ഇന്‍സ്റ്റര്‍സിറ്റി എക്‌സ്പ്രസ്സ്‌ ആണ്‌. ആ വൈകല്‍ അത്രയേറേ വലിയ ഒരു വൈകല്‍ ആണോ എന്നെനിക്ക്‌ അറിയില്ലെങ്കിലും അന്നത്തെ എന്റെ പിരിമുറുക്കവും അങ്കലാപ്പും നല്‍കിയ ഒരു വിഭ്രാന്തികൊണ്ട്‌ ഇപ്പോഴും അതൊരു വൈകലായി മാത്രമേ എനിക്കു കാണാന്‍ സാധിക്കുന്നുള്ളൂ. അതു ചിലപ്പോ എന്റെ ഒരു വൈകല്യമാ‍യിരിക്കാം.

പിന്നീടു ഡിസംബര്‍ മാസം ആദ്യം നടത്തിയ യാത്രയിലും വണ്ടികളുടെ വൈകലുള്ളതുകൊണ്ട്‌ മറ്റൊരു പരമ്പരയാക്കാതെ ഞാന്‍ ആ യാത്രയിലേക്കു നേരിട്ടുകടക്കുകയാണ്‌ ഇതേ പോസ്റ്റില്‍ നിന്നും. ഈ പോസ്റ്റ്‌ പ്രസിധീകരി‍ച്ചിട്ട്‌ പിന്നീടു വരുത്തിയ മാറ്റമാണ്‌ ഇതെന്ന്‌ അറിയിച്ചുകൊള്ളുന്നു.

Thursday, December 08, 2011

വൈകിയെത്തിയ വണ്ടി - 4

ദ്യമായാണ്‌ ഞാനും മോളും മാത്രമാകുന്ന ഒരു സാഹചര്യം ഉണ്ടാവുന്നത്‌. കൊച്ചിനുള്ള ആഹാരം, പാല്‍ എന്നിവ നേരത്തേ തയ്യാറാക്കി വെച്ചിരുന്നു. അതൊക്കെ സമയാസമയം എടുത്തുകൊടുക്കണം എന്നതായിരുന്നു എനിക്കു കിട്ടിയ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്‌. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്‌ ഉറക്കം. വീടിനകത്തു കൂടി നടന്നു കുരുത്തക്കേടൊന്നും ഒപ്പിക്കാതെ നോക്കുക എന്നതാണു മറ്റൊന്ന്‌. ഇതിനായി എപ്പോഴും പിന്നാലെ നടക്കണം. അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ ചെപ്പടിവിദ്യ കാണിച്ച്‌ കൊച്ചിനെ എപ്പോഴും കൂടെത്തന്നെ നിര്‍ത്തണം. രണ്ടാമത്തെ വഴിയാവും മെച്ചം എന്നു ഞാന്‍ കരുതി.

വന്നപാടേ തന്നെ ഞാന്‍ കുളിച്ചു. അല്‍പനേരം പത്രം വായിച്ചു, ടിവിക്കു മുന്നിലിരുന്നു. പിന്നെ ദോശയും സാമ്പാറും ഒരു തട്ടു തട്ടി. ഇടയ്‌ക്ക്‌ മോള്‍ വന്നപ്പോള്‍ അവളുടെ വായിലും അല്‍പം വെച്ചു കൊടുത്തു. മടിയിലിരുത്താന്‍ ശ്രമിച്ചപ്പോള്‍ കുതറിയിറങ്ങി. വീണ്ടും ദോശ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവളും 'ഒരു തട്ടു തട്ടി'. 'ഞാനെന്നും ഇതേ ദോശയാണപ്പാ കഴിക്കുന്നേ' എന്നായിരിക്കണം അതിനര്‍ത്ഥം. അപ്പോഴേ ഒരുകാര്യം പിടികിട്ടി, ഇവളെ വല്ലോം കഴിപ്പിക്കുക എന്നത്‌ ഒരു വിഷമം പിടിച്ചപണിയാണെന്ന്.

ഞാനും അന്‍വിയും തനിച്ചായി. മഴയൊതുങ്ങി. വീടിനു ചുറ്റും വിശാലമായി സ്ഥലമുണ്ട്‌. മുറ്റത്തുകൂടി അവളെ ഇരുകയ്യും പിടിച്ചു നടത്തിച്ചു. ഇഷ്‌ടമാണ്‌, അവള്‍ക്കു നടക്കാന്‍. ഓരോ ചുവടുവെയ്‌പിലും പാദസരത്തിലെ മണികള്‍ കുടുകുടെ ചിരിച്ചു. മുറ്റത്തെ മണല്‍ത്തരികളില്‍, മഴവെള്ളം കൊണ്ട് ഈറനായ സിമന്റ്‌ കുഴയ്‌ക്കാനുണ്ടാക്കിയ തറയില്‍, കുഞ്ഞിക്കാല്‍ നോവിക്കുന്ന കൂര്‍ത്ത കല്ലുകള്‍ പമ്മിക്കിടക്കുന്ന മണ്ണില്‍, മൃദുലമായ മണല്‍വിരിപ്പിലെല്ലാം അവള്‍ക്കൊപ്പം ഞാനും നടന്നു. ഉറുമ്പുകളുടെ കൂട്ടത്തില്‍ നിന്നു വഴിമാറ്റിയും അവള്‍ക്കഭിമുഖമായി നിന്നു പിന്നോട്ടുനടന്നും മുന്നിലെ വഴികാണിച്ചു പിന്നില്‍ നിന്നു കൈ പിടിച്ചും.... ഒരു കാലിടറി വീഴാനാഞ്ഞപ്പോഴെല്ലാം നിസ്സാരമായി ആ കുഞ്ഞുകൈകളിലെ പിടുത്തം കൊണ്ട്‌ ഞാന്‍ താങ്ങി. ഉറപ്പിച്ച മറുകാല്‍ നിലത്തൂന്നി പിശകിയ ചുവടുതിരുത്തി അവള്‍ നടക്കുന്നതിനൊപ്പം ഞാനും. അങ്ങനെയല്‍പനേരം കഴിഞ്ഞപ്പോള്‍ രണ്ടു കയ്യിലുമുള്ള പിടി അവള്‍ക്കങ്ങു ദഹിക്കാത്തതു പോലെ.

ഒരു സപ്പോര്‍ട്ടില്ലാതായാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ സ്വയം ഒരു അരക്ഷിതാവസ്ഥ തോന്നുമായിരിക്കാം. ഒറ്റയ്‌ക്കു വിട്ടാല്‍ അടുത്തു നിന്നു മാറാതെ നില്‍ക്കും, അല്‍പം മാറിയാലും കൂടെക്കൂടെ തിരിഞ്ഞു നോക്കും. ചിലപ്പോള്‍ ഒപ്പം തന്നെ നിന്ന്‌ ഒരു കൈ കൊണ്ട്‌ ലുങ്കിയില്‍ മുറുകെപ്പിടിക്കും. കയ്യൊന്നു നീട്ടിയാല്‍ അവളും തിരികെ നീട്ടും. ഒരു വാക്കും പറയാതെ, ഒരു നോക്കുപോലും വേണ്ടാത്ത ചില നിസ്സാര ആശയവിനിമയങ്ങള്‍. പാല്‍മണമുള്ള അമ്മയുടെ നെഞ്ചിലേക്കു മുഖം അമര്‍ത്തുന്നതെല്ലാം ഇതിനുമെത്രമേലെ!. നമുക്കറിയാത്ത, കുരുന്നുമനസ്സിലെ പ്രവൃത്തികളുടെ വിത്തുകള്‍, മുളച്ചുപൊന്തി ഒന്നും രണ്ടുമായി ഇല വിരിഞ്ഞുവരുന്നു. സ്‌നേഹവെളിച്ചത്തില്‍, കുസൃതിക്കാറ്റില്‍ തലയാട്ടുന്നു. എന്റെ വലതു ചൂണ്ടുവിരലിനെ അവള്‍ കുഞ്ഞിക്കൈത്തലം കൊണ്ട്‌ ചുറ്റിപ്പിടിച്ചു. പിണയുന്ന തളിര്‍വിരലുകള്‍ക്കുമീതെ മൃദുവായി അമരുന്ന എന്റെ പെരുവിരല്‍. ഒരു ചുവടിടറി വേച്ചാലും നിന്റെ കൈകളെ എന്റേതിനോടു ചേര്‍ത്തു വെയ്‌ക്കാനുള്ള എന്റെ കരുതല്‍...!

മഴ ചാറുമെന്നു തോന്നി. ക്രമേണ വേഗം കൂട്ടിയ ഒരു നടപ്പിനൊടുവില്‍ ഒരപ്പൂപ്പന്‍ താടി കാറ്റിലുയരുന്നതുപോലെ ഞാനവളെ കോരിയെടുത്തു. ഉള്ളിലെ, എനിക്കളവറിയാത്ത ഏതോ ഹര്‍ഷത്താല്‍ കണ്ണുകള്‍ ഇറുക്കിയടച്ചു വാതുറന്നവള്‍ ചിരിച്ചു. ഇളംകാല്‍പാദങ്ങളില്‍ മണ്ണും മണലും പുരണ്ടിരിക്കുന്നു. ഇടംകൈ കൊണ്ട്‌ അവളെ താങ്ങിപ്പിടിച്ച്‌ ടാപ്പിനു കീഴിലേക്കു കാല്‍നീട്ടി കഴുകിക്കൊടുത്തു. മണ്‍തരികള്‍, അനുഭവങ്ങള്‍, ഓര്‍മ്മയിലേക്കൊഴുകിയലിഞ്ഞു. അവളുടെ ചിരിപോലെ ഇളംറോസുനിറത്തില്‍ ഉള്ളംകാല്‍ തെളിഞ്ഞു വന്നു. അകത്തുപോയി വെള്ളം തുടച്ചു.

കുറുക്കു ചൂടാക്കി, പാലു കലര്‍ത്തി കൊടുക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തി. ഏഹേ...! എന്തു ചെയ്‌തിട്ടും കഴിക്കാന്‍ കൂട്ടാക്കുന്നില്ല. 'ഇല്ല ഇല്ലാ, തോറ്റുതരില്ല' എന്ന ഭാവത്തില്‍ അല്‍പം ബലം ഞാന്‍ പിടിച്ചുനോക്കിയെങ്കിലും ആളു വഴങ്ങിയില്ല. അരമണിക്കൂറോളം പുറത്തു ചെലവഴിക്കുകയും നടക്കുകയുമൊക്കെ ചെയ്‌തിട്ടും ഇവള്‍ക്കു വിശപ്പായില്ലേ എന്നു ഞാന്‍ അദ്ഭുതപ്പെട്ടു. ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ചുമ്മാ കുറച്ചു വെള്ളം കൊടുത്തു. ഇതെങ്കിലും അകത്താക്കിക്കോ എന്ന മട്ടില്‍. അതു അല്‍പം കുടിച്ചു.

പിന്നെയങ്ങോട്ട്‌ തുടങ്ങി. അങ്ങോട്ടു പോകുന്നു, ഇങ്ങോട്ടു പോകുന്നു, ഇരിക്കുന്നു കിടക്കുന്നു, ഷെല്‍ഫില്‍ നിന്നും കണ്ടതൊക്കെ വലിച്ചു ചാടിക്കുന്നു ആകെ ബഹളം. ടിവിയില്‍ ഹരികൃഷ്‌ണന്‍സ്‌ സിനിമ ഓടുന്നു. ഒട്ടും ശ്രദ്ധിക്കാന്‍ പറ്റിയില്ല. പിന്നെ ഞാനെന്തു ചെയ്‌തു, 'പോയവഴിയേ അടിച്ചില്ലെങ്കില്‍ അടിച്ച വഴിയേ പോകുക' എന്ന തത്വപ്രകാരം ഇപ്പരിപാടിക്കെല്ലാം ഞാനും മൊത്തമായങ്ങു സഹകരിച്ചു! എനിക്കും സന്തോഷം, അവള്‍ക്കും സന്തോഷം!

ഒരു പായ്‌ക്കറ്റ്‌ 'ഗുഡ്‌ ഡേ' ബിസ്‌കറ്റ്‌ ഉണ്ടായിരുന്നു കയ്യില്‍. തലേന്നു ബസ്സിലിരുന്നു കഴിക്കാന്‍ വാങ്ങിയതാണ്‌, പക്ഷേ കഴിച്ചില്ല. അതിലൊരെണ്ണമെടുത്തു കൊടുത്തു. അതും തിന്നാന്‍ മേല. പാലില്‍ മുക്കി കുതിര്‍ത്തു കൊടുത്തു. ഏഹേ.. എന്നിട്ടും വേണ്ട. "നിനക്കു വേണ്ടെങ്കില്‍ പോയി പണിനോക്ക്‌, ദേ, ഞാന്‍ തിന്നുവാ!" എന്നും പറഞ്ഞു സ്വയം കഴിക്കാന്‍ തുടങ്ങി. അവളുടെ ഭാഗത്തു നിന്നും "തിന്നോ! എനിക്കെന്താ!" എന്നമട്ടിലൊരു നോട്ടം മാത്രം. ഓരോ ബിസ്‌കറ്റിലും അതു തിന്നേണ്ടയാളുടെ പേരെഴുതീട്ടുണ്ടാവും എന്നല്ലേ? ആ പായ്‌ക്കറ്റിലെ എല്ലാ ബിസ്‌കറ്റിലും എന്റെ പേരുണ്ടായിരുന്നിരിക്കണം!

പുറത്തു മഴ കനത്തു. അവള്‍ വാതില്‍ക്കല്‍ പോയി നിന്നു മഴയത്തേക്കു നോക്കി നിന്നു. അരികില്‍ ഞാന്‍ ചെന്നപ്പോള്‍ പുറത്തേക്കു വലതു കൈ നീട്ടിപ്പിടിച്ചു. ഞാന്‍ കൈ നീട്ടി ഊര്‍ന്നു വീഴുന്ന മഴത്തുള്ളികല്‍ ഏറ്റുവാങ്ങി. അനന്തരം അന്‍വിയെ എടുത്ത്‌ അവളുടെ കൈത്തണ്ടയിലും മഴ വീഴ്‌ത്തി. മഴ കാണാന്‍ അവള്‍ക്കും ഇഷ്‌ടമാവണം. ആ മൂഡില്‍ കുറേ ഫോട്ടോയെടുത്തു. റ്റാറ്റാ തരുന്നതും ഉമ്മ തരുന്നതും ഫ്‌ളയിങ്ങ്‌ കിസ്സ്‌ തരുന്നതുമെല്ലാം വീഡിയോയിലാക്കി.


ഇടയ്‌ക്കു ഭാര്യാജിയെ ഫോണില്‍ വിളിച്ചു. "എടീ ഇവളൊന്നും കഴിക്കുന്നില്ലല്ലോ! ഭയങ്കര നിര്‍ബ്ബന്ധം." ഉറങ്ങാനാവുമെന്ന് അവളുടെ മറുപടി. തൊട്ടിലില്‍ കിടത്തിയാട്ടി. മുന്‍പൊക്കെ തൊട്ടിലില്‍ കിടത്തി ആട്ടം തുടങ്ങുമ്പോള്‍ സ്വയം വാവാവോ പാടി ഉറങ്ങുന്ന ആളാണ്‌. ഇന്നു

'അപ്പന്റെ പാട്ടൊന്നു കേക്കട്ടെ' എന്ന മട്ടില്‍ കണ്ണും മിഴിച്ചു കിടക്കുന്നു. അവസാനം ഞാന്‍ താരാട്ടും പാടി. പയ്യെപ്പയ്യെപ്പയ്യെയാണെങ്കിലും അവളുറങ്ങിയപ്പോള്‍ എന്റെ സംഗീതവാസനയില്‍ അന്നുവരെയില്ലാത്ത അഭിമാനം അപ്പോള്‍ തോന്നി!

അവളുറങ്ങുന്നതുകൊണ്ട്‌ പുറത്തേക്കൊന്നിറങ്ങാനാവാതെ വിഡ്ഢിപ്പെട്ടിയിലും പത്രത്താളുകളിലും സ്വയമര്‍പ്പിച്ച്‌ അറുബോറായി കുറേനേരം. ഒടുക്കം തൊട്ടിലിന്റെ ഒരു പിടച്ചില്‍. താഴെ തളംകെട്ടി നില്‍ക്കുന്ന പുണ്യാഹം(അതു പറഞ്ഞില്ലല്ലോ, അന്നേദിവസം എന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നപ്പോള്‍ അതു നാലഞ്ചു തവണ നടന്നു, ഒരിക്കലും റിസീവിങ്ങ്‌ എന്‍ഡില്‍ ഞാനില്ലായിരുന്നു). സംഗതി കണ്ട്‌ ഞാന്‍ മുന്നില്‍ ചെല്ലുമ്പോള്‍ ആളുണര്‍ന്നു വരികയാണ്‌, ഒരു നനവിന്റെ അസ്വസ്ഥതയില്‍ കുതിര്‍ന്ന്‌. വാരിയെടുക്കവേ ഊറിവന്ന കണ്ണീരുമായി ഒരു കരച്ചില്‍ വേര്‍പിരിഞ്ഞു. ഉടുപ്പുമാറ്റിക്കഴിഞ്ഞ്‌ ഉണര്‍വ്വുവന്നപ്പോള്‍ എന്റെ അന്‍വിവാവ മിടുക്കിയായി കുറുക്കു മൊത്തം കഴിച്ചു! പിന്നെ അച്ച ഊണു കഴിച്ചപ്പോള്‍ ആ കൂടെ ചോറും ചെറുപയര്‍ പുഴുങ്ങീതും സാമ്പാറും അതിലെ മത്തങ്ങായുടെ പീസും മാറി മാറി കുഴച്ചു ശാപ്പിട്ടു.

"ആരാ പറഞ്ഞേ, അന്‍വിവാവച്ച്‌ മാമുണ്ണാന്‍ മടിയാണെന്ന്‌?"

(വൈകിയെത്തുമെന്നു പറഞ്ഞ വണ്ടി ഇനീം വൈകും)

വൈകിയെത്തിയ വണ്ടി - 3

ചുമയും പ്രേമവും അധികകാലം അടക്കിവെയ്‌ക്കാന്‍ പറ്റില്ല എന്നൊരു ചൊല്ലുണ്ട്‌. ഞാന്‍ ജിജ്ഞാസയും കൂടി ആ പട്ടികയിലേക്കു ചേര്‍ക്കുന്നു. അതെ, എത്തും പിടീം കിട്ടാത്ത ആ പോക്ക്‌ ശരിയാകില്ല എന്നുകണ്ട്‌ ഞാന്‍ തന്നെ ഒരാളോട്‌ ചോദിച്ചു. പക്ഷേ അല്‍പം തന്ത്രപൂര്‍വ്വമാണെന്നു മാത്രം.

കായംകുളം താണ്ടിയോ ഇല്ലയോ, താണ്ടിയെങ്കില്‍ ഇനി അടുത്ത നടപടിയെന്ത്‌, പറ്റിയ അബദ്ധം വീട്ടില്‍ പറയണോ വേണ്ടയോ, അഥവാ പറഞ്ഞാല്‍ തന്നെ ഈ ചളിപ്പ്‌ മാറിയിട്ട്‌(കുറെ ദിവസം കഴിഞ്ഞിട്ട്‌) പറഞ്ഞാല്‍ പോരേ... എന്നിങ്ങനെ കുഴങ്ങിയ ചിന്തകളുമായി ഞാന്‍ അഞ്ചു മിനിറ്റോളം ഇരുന്നു കാണും. എന്തു നല്ല സ്ഥലം എന്ന ഭാവത്തില്‍ വെളിമ്പ്രദേശങ്ങളൊക്കെ കണ്ട്‌ 'ഏതപ്പാ കോതമംഗലം' എന്ന ഉള്‍ക്കിടിലമൊന്നും പുറത്തു കാട്ടാതെയിരുന്നിട്ട്‌ ഇരിപ്പുറയ്‌ക്കാഞ്ഞ്‌ വാതില്‍ക്കല്‍ ചെന്നു നിന്നു. അപ്പോഴുണ്ട്‌ ഒരു ചേട്ടന്‌ അല്‍പം അനക്കം വെയ്‌ക്കുന്നു. അതെ, ഇറങ്ങാനുള്ള സന്നാഹം തന്നെ. ഏതോ സ്റ്റേഷനാകാറായി എന്നു മനസ്സിലാക്കിയ ഞാന്‍ 'എനിക്കിറങ്ങേണ്ടതു തിരുവന്തോരത്താ' എന്ന ഭാവേന വളരെ നിസ്സാരമയി 'എവെടെറങ്ങാനാ' എന്നു ചോദിച്ചു. കായംകുളം എന്നു പറഞ്ഞ്‌ തന്റെ ഭാരമുള്ള ബാഗെടുത്ത്‌ അയാള്‍ വാതില്‍ക്കലേക്കു നീങ്ങി. എന്റെ ടെന്‍ഷനെല്ലാം ശൂ...ന്നങ്ങലിഞ്ഞു പോയി. സ്റ്റേഷനെത്തുന്നതിനു മുന്‍പായി നേരത്തെ കണ്ടു പരിചയമുള്ള ഒരു സ്കൂള്‍ കണ്ടതോടെ തട്ടിന്‍പുറത്ത്‌ വെച്ചിരുന്ന ബാഗും എടുത്ത്‌ മുന്‍പേ ഇറങ്ങാന്‍ എണീറ്റ ചേട്ടന്റെ പിന്നാലെ ഞാനുമിറങ്ങി. നേരം ഒന്‍പതാകുന്നു. വേഗം സ്‌റ്റേഷനു പുറത്തു കടന്ന്‌ മെയിന്‍ റോഡിലേക്കു നടന്നു. ഓഫീസ്‌ സമയം എന്നു നാട്ടുഭാഷയില്‍ പറയുന്ന നേരത്തിന്റെ തിരക്കാണ്‌ സര്‍വ്വത്ര. റോഡില്‍ അവിടവിടെ ചെളിക്കുഴികള്‍. മഴ ഒഴിഞ്ഞു നിന്നിട്ടും മാനം കറുത്തു തന്നെ കാണപ്പെട്ടു. ഇന്നൊരു മഴദിവസം തന്നെയായിരിക്കുമെന്നു കണക്കുകൂട്ടി.

മെയിന്‍റോഡിലെത്തി ആദ്യം വന്ന ഒരു സ്വകാര്യബസ്സില്‍ കയറി. മുനിസിപ്പല്‍ ജംക്‌ഷനില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങി. ഒരു പത്രം വാങ്ങിക്കണം, അല്‍പം പിന്നോട്ടു നടന്നാല്‍ ഒരു കടയുണ്ട്‌. ഭാര്യയെ പ്രസവത്തിന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നാളുകളില്‍ സ്ഥിരം പത്രം വാങ്ങിക്കൊണ്ടിരുന്ന കട. ആ! അതും ഒരു സ്‌മരണ! മനോരമ കിട്ടാഞ്ഞതു കൊണ്ട്‌ മാതൃഭൂമി വാങ്ങി തിരികെ നടക്കുമ്പോള്‍ തെക്കോട്ടു തിരിയുന്ന വഴിക്ക്‌ ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ കിടക്കുന്നതു കണ്ടു. ഒന്നോടിയാല്‍ പിടിക്കാം. ഒരു ശങ്കയുമില്ല, ഓടി, എത്ര ബസ്സു നമ്മളോടി പിടിച്ചിരിക്കുന്നു, അതുപോലെതന്നെ ഇതും. ഇങ്ങനെയോരൊന്നു ചെയ്യുമ്പോള്‍, എന്നു വെച്ചാല്‍ ഇങ്ങനെയോരോ കുഞ്ഞു കുഞ്ഞു വിജയങ്ങള്‍ ഉണ്ടാവുമ്പോള്‍ കിട്ടുന്ന ആ പൊടിസുഖം ഒന്നു വേറെയാണ്‌. പറഞ്ഞു വന്നത്‌ അതല്ല, ആളു കയറാനുണ്ടായിരുന്നതുകൊണ്ടും കൂടിയാണ്‌ ബസ്സു നിന്നത്‌. അവസാനത്തെ ആളായി ഞാനതിലേക്കു കയറാന്‍ കാലെടുത്തു വെയ്‌ക്കുമ്പോഴുണ്ട്‌ വേറൊരു ആനവണ്ടി പിന്നില്‍ വന്നു നില്‍ക്കുന്നു. ബോര്‍ഡ്‌ വായിച്ചപ്പോള്‍ വീടിന്റെ തൊട്ടുമുന്നിലൂടെ പോകുന്ന വണ്ടി. ആദ്യം കയറാനൊരുമ്പെട്ട ബസ്സിനെ നിഷ്‌കരുണം അവഗണിച്ച്‌ ഞാന്‍ രണ്ടാമത്തെ ബസ്സില്‍ കയറി. ആ സമയം മനസ്സിന്റെ ഭിത്തിയില്‍ ഒന്നെഴുതിവച്ചു. 'ഈ നേരത്തൊരു ബസ്സുണ്ട്‌.'

ഭാര്യാജിയെ വിളിച്ചു. നേരിട്ടുള്ള ബസ്സിനാണു വരുന്നതെന്നും വഴിക്കു നിന്ന് ഇന്നൊന്നും വാങ്ങാന്‍ നിവൃത്തിയില്ല എന്നും പറഞ്ഞു(പതിവായി ഈ പോക്കിലാണ്‌ മീന്‍ വാങ്ങിക്കുന്നതെന്നറിയുമ്പോഴേ ഇക്കാര്യത്തില്‍ എനിക്കുള്ള നഷ്‌ടം എന്താണെന്നു വായനക്കാര്‍ക്കു പിടികിട്ടൂ!). ലെവല്‍ ക്രോസ്സില്‍ അല്‍പം കാത്തുനില്‍പ്‌. പ്രദേശവാസിയായ ബസ്‌ ഡ്രൈവര്‍ സമീപത്തെ ചായക്കടക്കാരനോട്‌ കുശലം പറയുന്നു. വിഷയം സ്ഥലക്കച്ചവടം. ഏതോ ഒരു വസ്‌തു വിറ്റുപോയോ എന്നന്വേഷണം. ഇല്ലെന്നു കടക്കാരന്‍. ഒന്നു നാല്‍പതിനാണെങ്കില്‍ താന്‍ വാങ്ങിക്കൊള്ളാമെന്നും വാക്കുറപ്പിച്ച്‌ പത്തു 'ദെവസിക്കുള്ളില്‍' എഴുതിക്കാമെന്നും ഉടമയോട്‌ പറഞ്ഞേക്കാന്‍ ഡ്രൈവര്‍ കടക്കാരനെ ചട്ടം കെട്ടി. ഒരു വ്യാപാരാലോചന ഇത്ര ഉച്ചത്തില്‍ നടക്കുന്നത്‌ ഞാനാദ്യം കേള്‍ക്കുകയാണ്‌.

അഞ്ചുരൂപാ ടിക്കറ്റില്‍ സ്റ്റോപ്പിലിറങ്ങി ചാറ്റല്‍ മഴയ്‌ക്കൊരു കുടമറ പിടിച്ചു നടന്നു. ഇന്നല്‍പം താമസിച്ചല്ലോ എന്നൊരു കുഞ്ഞുനിരാശ ഉണ്ടായിരുന്നു. ഒന്‍പതു മണിക്ക്‌ ഓഫീസിലെത്തേണ്ടുന്നതും എന്നാല്‍ പതിവായി ഒന്‍പതേകാലോടെ മാത്രം ചെന്നുചേരുകയും ചെയ്യുന്ന ഭാര്യാജി ഒന്‍പതരയോടടുത്തിട്ടും പുറപ്പെടുന്നതേയുള്ളൂ. ഞാന്‍ ചെന്നുകേറിയ ഉടനെ മഴക്കോട്ടിന്റെ ബലത്തില്‍ അവള്‍ സ്‌കൂട്ടറോടിച്ചു പോയി.

അന്‍വിക്ക്‌ ഇപ്പോള്‍ പഴയ ആ അമ്പരപ്പും കരച്ചിലും ഒന്നുമില്ല. എന്നുംകൊണ്ട്‌ കാണുന്നപാടേ ഓടിവന്ന്‌ കെട്ടിപ്പിടിച്ച്‌ 'ഡാഡ്‌ വേര്‍ വേര്‍ യു ഓള്‍ ദീസ്‌ ഡേയ്‌സ്‌' എന്നൊന്നും ചോദിക്കത്തുമില്ല. ദിവസങ്ങള്‍കൂടി കാണുമ്പോള്‍ എനിക്കുണ്ടാവുന്ന ആ ആവേശവും ആഹ്‌ളാദവും അവളില്‍ നിന്നു ഒട്ടുംകുറയാതെ ഇങ്ങോട്ടും. മഴ കനത്തു വരാന്‍ തുടങ്ങി. മമ്മി പത്തരയോടെ സ്വദേശത്തേക്കു പോയി, ഡാഡി ദിവസങ്ങള്‍ക്കു മുന്‍പേയും; ഉത്സവമാണത്രേ. ചറുപിറെ മഴപെയ്യുന്ന ഈ പകല്‍ എനിക്കും അന്‍വിക്കും മാത്രം സ്വന്തം. അവളുടെ പുത്തന്‍ കൊലുസിലെ അനേകം വെള്ളിമണികള്‍ കുടുകുടെ ചിരിച്ചു!!!

( ഒരു വയസ്സുള്ള കുഞ്ഞിന്റെ ഒപ്പം ഒരു പകല്‍ - റിസ്‌കുകള്‍ എന്തെല്ലാം?
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുക!!!)

Wednesday, December 07, 2011

വൈകിയെത്തിയ വണ്ടി - 2

സ്‌ യാത്രകള്‍ എഴുതിയെഴുതി എനിക്കും വായിച്ചു വായിച്ചു നിങ്ങള്‍ക്കും മടുത്തുകാണും. എന്നാലതുകൊണ്ടല്ല എറണാകുളത്തുനിന്നും കായംകുളത്തിനു ട്രെയിനില്‍ യാത്ര ചെയ്യാമെന്നു വെച്ചത്‌. കൂലി കുറവായതു കൊണ്ടും അല്ല! ഇക്കണ്ട കാലം വരെ വിരലിലെണ്ണാവുന്നത്ര തവണയേ ഞാന്‍ ട്രെയിനില്‍ കയറിയിട്ടുള്ളൂ എന്നതിന്റെ ഒരു ചളിപ്പ്‌ മാറ്റാനാണ്‌! വിശ്വാസമായില്ലെങ്കില്‍ അല്‍പം പുരാണം കേള്‍ക്കാന്‍ തയ്യാറായിക്കോളൂ.

ഇടുക്കി ജില്ലയില്‍ ജനിച്ചു വളര്‍ന്ന്‌ കോളേജ്‌ വിദ്യാഭ്യാസം ഉള്‍പ്പടെ അതേ ജില്ലയില്‍ തീര്‍ത്ത ഒരുവനാണു ഞാന്‍. ബന്ധുവീടു സന്ദര്‍ശനങ്ങള്‍ക്കായുള്ള യാത്രകളേക്കാള്‍ കൂടുതലൊന്നും ചെറുപ്പത്തില്‍ ചെയ്‌തിട്ടില്ലാഞ്ഞ ഞാന്‍ ആദ്യമായി കൊച്ചി, നമ്മടെ എറണാകുളം നഗരം കണ്ടത്‌ പ്ലസ്‌ടുവിനു പഠിക്കുമ്പോള്‍... ദേ.. ദേ.. മൂക്കത്തു വിരല്‍ വെയ്‌ക്കരുത്‌. പിന്നെ തീവണ്ടിയില്ലാത്ത ജില്ലയാണല്ലോ ഞങ്ങളുടേത്‌. അതുകൊണ്ട്‌ ആ സാധനത്തേല്‍ ഈയടുത്ത കാലം വരെ, എന്നു പറഞ്ഞാല്‍ ഒരു 2005-06 കാലഘട്ടം വരെ കേറീട്ടില്ലായിരുന്നു. അന്നൊരിക്കല്‍ ഫൈനല്‍ സെം പ്രൊജക്റ്റിന്റെ ആവശ്യത്തിനായി എറണാകുളത്തുനിന്നും ഇതേ ഇന്റര്‍സിറ്റിയില്‍(അന്ന്‌ ഇന്റര്‍സിറ്റി എറണാകുളം-തിരുവനന്തപുരം ആണ്‌, ഗുരുവായൂരിനു നീട്ടിയിട്ടില്ല) തലസ്ഥാനത്തേക്ക്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. അന്ന്‌ കൊച്ചു വെളുപ്പാങ്കാലത്ത്‌ കലൂര്‌ ബസ്സിറങ്ങി സൗത്ത്‌ വഴി പോകുന്ന ഒരു സിറ്റിബസ്‌ പിടിച്ച്‌ ഓടിയണച്ചു ചെന്നു ടിക്കറ്റെടുത്ത്‌ അതുപോലെ തന്നെ ഓടി ട്രെയിനിനടുത്തെത്തി. സ്വസ്ഥമായി കേറിയിരുന്നു കഴിഞ്ഞ്‌ പിന്നെയും നാലഞ്ചു മിനിറ്റ്‌ വൈകിയാണ്‌ ട്രെയിന്‍ പുറപ്പെട്ടത്‌. അന്നാ വേളയില്‍ നെഞ്ചില്‍ നിന്നുയര്‍ന്ന ചൂടിന്നുമറിയാം. അപ്പോ അതിന്റെ സ്‌മരണേലാ തിരുമേനീ.....!

എന്നിരുന്നാലും ഈ ഇന്റര്‍സിറ്റി പ്രയാണം രണ്ടു തവണയേ ഇതിനകം നടന്നുള്ളൂ. ഒന്ന്‌ ഒക്‌ടോബര്‍ മാസത്തിലും രണ്ടാമത്തേത്‌ നവംബര്‍ 26നും. ചരിത്രം ആവര്‍ത്തിക്കുമെന്നു പറയുന്നതു ശരിയാവണം. ഇത്‌ ഒക്‌ടോബര്‍ മാസത്തെ കഥ. അഞ്ചു നാല്‍പതെന്നു സമയം കണക്കുകൂട്ടി ബസ്‌സ്റ്റാന്‍ഡില്‍ നിന്നും സ്റ്റേഷനിലേക്കുള്ള കുറുക്കു ചാടി. അതു തന്നെ ആ നേരത്തൊരു റിസ്‌കാ. ചിലപ്പോഴേ അതുവഴി നടപ്പുകാരുണ്ടാകൂ. പ്ലാറ്റ്‌ഫോമിനടുത്തേത്തിയപ്പോള്‍ ഓടാന്‍ തുടങ്ങി. ടിക്കറ്റ്‌ കൗണ്ടറില്‍ ചെന്നപ്പോള്‍ സമയം അഞ്ചര. മുടിഞ്ഞ ക്യൂ! ഈ ക്യൂ തീരാന്‍ നിന്നാല്‍ ഈ വണ്ടിക്കു പോക്കു നടക്കില്ല. ഒന്നുകില്‍ ടിക്കറ്റെടുക്കാതെ കേറണം, അല്ലെങ്കില്‍ തിരികെ പോയി മാന്യമായി ബസ്സിനു പോകണം. കള്ളവണ്ടി കേറിയതിനു പിടിക്കപ്പെടുന്നതിലും നല്ലത്‌ 71 രൂ. മുടക്കി സൂപ്പര്‍ഫാസ്റ്റിനു കേറിപ്പോകുന്നതാ. എന്നാലും ഒരു കൈ നോക്കാമെന്നു വെച്ചു. നേരേ ക്യൂവിന്റെ മുന്നില്‍ ചെന്നു, ഏറ്റവും മുന്നില്‍ നിന്നിരുന്ന താടിയുള്ള ആ ചേട്ടനോട്‌ "ഞാന്‍ ഒരു ടിക്കറ്റെടുത്തോട്ടേ, ഇന്റര്‍സിറ്റിക്കു പോകാനുള്ളതാ.." എന്നുപറഞ്ഞപ്പോള്‍ അയാള്‍ അനുഭാവപൂര്‍വ്വം ഒതുങ്ങി എന്നെ ടിക്കറ്റെടുക്കാന്‍ അനുവദിച്ചു. താമസിക്കാതിരിക്കാന്‍ പരമാവധി ചില്ലറ കൊടുത്ത്‌ പിന്തിരിയുമ്പോള്‍ എനിക്കനുവാദം തന്നയാള്‍ തിരക്കിലായിരുന്നു. എറണാകുളത്തെ ആ സുമനസ്സിന്‌ ഇവിടെ നന്ദി രേഖപ്പെടുത്തുന്നു. പിന്നീട്‌ ഒരോട്ടമായിരുന്നു, അതു നാലാം നമ്പര്‍ പ്ലാറ്റ്‌ ഫോമിലാണു നിന്നത്‌. കയറി ഒരു മിനിറ്റായില്ല വണ്ടിയെടുത്തു. എന്തായാലും അന്ന്‌ ഒന്‍പത്‌ മണിക്കു മുന്‍പേ വീടുപറ്റി. പണ്ടത്തെ ആ ഓട്ടം ഒന്നാവര്‍ത്തിച്ചു എന്നു മാത്രം.

ഇത്തവണ, നവംബറിലെ യാത്രയില്‍, അതെന്തായാലും വേണ്ടിവന്നില്ല. സാവകാശമുണ്ടായിരുന്നു. ചെന്നപ്പോള്‍ പ്ലാറ്റ്‌ഫോമിലാകെ അയ്യപ്പന്മാര്‍. ഒരുവിധം അവരെ ചവിട്ടാതെ നടന്ന്‌ കൗണ്ടറിലെത്തി. തെറ്റില്ലാത ക്യൂ. വേഗം നീങ്ങുന്നുമുണ്ട്‌. എന്റെ ഊഴമടുത്തുവരുന്നു. എന്റെ തൊട്ടു മുന്നില്‍ കുറെ അയ്യപ്പന്മാര്‍. അവര്‍ കര്‍ണാടകയിലെ ഏതോ സ്ഥലത്തേക്ക്‌ ഏഴ്‌ ടിക്കറ്റെടുക്കുന്നു, അഞ്ച്‌ ഫുള്ളും രണ്ട്‌ ഹാഫും. ആകെ കൂലി ആയിരത്തിഎഴുനൂറ്റി ചില്വാനം. സംഘത്തിലെ മൂന്നാലു പേരുണ്ട്‌ കൗണ്ടറില്‍. ആദ്യം ആയിരം രൂപാ നീട്ടി. ക്ലര്‍ക്ക്‌ അതു വാങ്ങി വെച്ചു. തുക ഒന്നൂടെ പറഞ്ഞു. സെവന്‍ ഹന്‍ഡ്രഡ്‌ ആന്‍ഡ്‌ നയന്റി എയിറ്റ്‌ മോര്‍... അപ്പോ അവര്‍ അഞ്ഞൂറു കൂടി നല്‍കി. ഒരു സ്ത്രീയാണു ക്ലര്‍ക്ക്‌. അവര്‍ ഒന്നൂടെ തുക പറയുന്നു. കൗണ്ടറിനകത്തേക്കു കൈയ്യിട്ടു നില്‍ക്കുന്നവന്‍ പിന്നില്‍ അടുത്തു നില്‍ക്കുന്നവനെ നോക്കുന്നു. അവന്‍ പോക്കറ്റില്‍ നിന്നും വേറെ ഒരഞ്ഞൂറെടുത്തു കൊടുക്കുന്നു. പിന്നെ ക്ലര്‍ക്ക്‌ മാഡം നോട്ടുകള്‍ പരിശോധിക്കുന്നു, ടിക്കറ്റുകള്‍ എണ്ണുന്നു, കാല്‍കുലേറ്ററില്‍ എന്തോ തൊട്ടുകൂട്ടുന്നു, ചില്ലറ പെറുക്കുന്നു.... തുക കേട്ടപ്പോളെ രണ്ടായിരം കൊടുത്താല്‍ ബാക്കിയെത്ര എന്നു ഞാന്‍ കണക്കുകൂട്ടി വെച്ചിരുന്നതാ. എന്നിട്ടാണിവര്‍ കാല്‍കുലേറ്ററും കൊടച്ചക്രവും കൊണ്ട്‌..! ധൃതി കാരണം എന്റെ കാലു നിലത്തുറയ്‌ക്കുന്നില്ല. വെറുതേ മനുഷ്യന്റെ നേരം കളയാനായിട്ട്‌ ഉച്ചയ്‌ക്കെങ്ങാണ്ടുള്ള വണ്ടിക്ക്‌ ഈ നേരം തന്നെ വന്നിവര്‍ക്കു ടിക്കറ്റെടുക്കണോ? ഒടുക്കം 34 രൂപയുടെ ടിക്കറ്റിനു 104 കൊടുത്ത്‌ ബാക്കിയും വാങ്ങി ഞാന്‍ ക്യൂവില്‍ നിന്നു പുറത്തു കടന്നു. ഓര്‍ക്കണം, എന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ എന്നേക്കാള്‍ എത്രയോ അക്ഷമരായിരുന്നു. "... ഇല്‍ ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരുന്നു" എന്ന അറിയിപ്പിനൊപ്പം ഞാന്‍ പടി കയറാന്‍ തുടങ്ങി. എന്നോടൊപ്പം ഒരു വലിയ പുരുഷാരവും. കൃത്യം പ്ലാറ്റ്‌ഫോമിലെത്തിയപ്പോള്‍ വണ്ടിയും വന്നു.

ടെന്‍ഷനില്ലാതെ വണ്ടി കയറാന്‍ ഒരു കാലത്തും വിധിയില്ലേ എന്നൊരു സംശയമുണ്ടായെങ്കിലും ദൈവത്തിനു നന്ദി പറഞ്ഞ്‌ ഒരു സീറ്റിലിരുപ്പായി. മനോഹരമായ പ്രഭാതം. ആടിയാടിയും കുതിച്ചും പാളം വിറപ്പിച്ചു കൂകിപ്പായുന്ന വണ്ടി. തീവണ്ടി. അല്ല, കരണ്ടു വണ്ടി! ചേര്‍ത്തല കഴിഞ്ഞപ്പോള്‍ ഒന്നു മയങ്ങി. മുന്നോട്ടു കുനിഞ്ഞിരുന്ന്‌ പിണച്ചു വെച്ച കൈകള്‍ക്കുമേലെ തല വെച്ച്‌. വണ്ടിയുടെ താളത്തില്‍ ഒരു താരാട്ടുതൊട്ടിലിലെന്നപോലെ.

പെട്ടെന്നൊരോര്‍മ്മയില്‍ ഉണര്‍ന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കി. മഴയില്ല. ഒരു പരിചയവുമില്ലാത്ത പ്രദേശം. നേരം എട്ടേമുക്കാലാകുന്നു. ഞാന്‍ ഉറങ്ങുമ്പോള്‍ വണ്ടിക്ക്‌ അത്യാവശ്യം വേഗമുണ്ടായിരുന്നു. കഴിഞ്ഞ തവണ ഈ നേരമായപ്പോള്‍ കായംകുളത്തെത്തിയാരുന്നു എന്നാണോര്‍മ്മ. ഈശ്വരാ, കായംകുളം കഴിഞ്ഞോ? പുരത്തെ കാഴ്‌ചകളിലേക്കു കണ്ണു പായിച്ചു. ഒരു പിടുത്തവും കിട്ടുന്നില്ല. ആരോടെങ്കിലും ചോദിച്ചാലോ? ഓ! ചോദിച്ചിട്ടെന്തിനാ, കായംകുളം കഴിഞ്ഞാല്‍ ഇനി നിര്‍ത്തുന്ന സ്റ്റേഷനില്‍ ഇറങ്ങാം. എന്നിട്ടു ബസ്സിനു കേറി തിരിച്ചു വിടാം. പറ്റിയ അക്കിടി എന്തിനാ വല്ലോരെയും വിളിച്ചറിയിക്കുന്നെ! ഞാന്‍ അവിടെയിരുന്നു. ഹല്ല പിന്നെ, തലയ്‌ക്കു മീതെ വെള്ളം വന്നാല്‍ അതിനുമീതെ ഹൗസ്‌ബോട്ട്‌!

രാജ് എവിടെയാണിറങ്ങിയത്? ഏതു വണ്ടിയാണു വൈകി വന്നത്? ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുക.
(ഇതും രണ്ടിലും മൂന്നിലും തീരില്ല...)

Friday, December 02, 2011

വൈകിയെത്തിയ വണ്ടി - 1

വീണ്ടും ഒരു യാത്രാനുഭവവും കൊണ്ടാണീ വരവ്‌. ഇത്തവണ പോക്ക്‌ കായംകുളത്തേക്കായിരുന്നു. 2011 നവംബര്‍ 25 ആം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചരകഴിഞ്ഞ്‌ ഇലക്‌ട്രോണിക്‌ സിറ്റി ബസ്‌സ്റ്റോപ്പില്‍ നിന്നും എറണാകുളത്തിനുള്ള കേരളാ ട്രാന്‍സ്‌പോര്‍ട്ടിന്റെ സൂപ്പര്‍ എക്‌സ്പ്രസ്സ്‌ ബസ്സിനു കാത്തു നില്‍ക്കുകയാണു ഞാന്‍. വണ്ടി വരട്ടെ, കയറിക്കഴിഞ്ഞു പുരാണം പറയാം.

ഭാഗ്യം, അധികം കാത്തിരിക്കാതെ തന്നെ വണ്ടി വന്നു. ടിക്കറ്റ്‌ കണ്ടക്‌ടറെ കാണിച്ചു പതിപ്പിച്ചു. മനസ്സിലായില്ലേ, ടിക്കറ്റില്‍ കണ്ടക്‌ടര്‍ ശൂ വെച്ചെന്ന്‌! ഇനിഷ്യല്‍ ഇടുക എന്നു ഔദ്യോഗികമായി പറയും. ബസ്സു നിറയെ ആളുണ്ട്‌. കയറിയ ഉടനെ ഭാര്യാജിയെ വിളിച്ചു പുറപ്പെട്ടെന്ന വിവരം അറിയിച്ചു. റോമിങ്ങില്‍ ആയാല്‍ പിന്നെ കാള്‍ പോകുന്നതും വരുന്നതും എനിക്കൊരുതരം അലര്‍ജ്ജിയാണ്‌. അതു പരമാവധി ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്‌ കാലേകൂട്ടിയുള്ള ഈ അറിയിപ്പ്‌. എങ്കിലും ഭക്ഷണശേഷം ഒരു വിളി കൂടി, ആഹാരം കഴിച്ചെന്ന്‌ അറിയിക്കാനും, എത്തുന്ന ഏകദേശസമയം പറയാനും, പതിവുള്ളതാണ്‌.

അപ്പോ ഞാന്‍ എറണാകുളത്തിനുള്ള ബസ്സിലാണു കയറിയത്‌. ഹൊസൂരങ്ങു കഴിഞ്ഞപ്പോ മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര. അപ്പോഴേ അല്‍പാല്‍പം മഴയും പൊടിക്കുന്നുണ്ട്‌. നിര്‍ത്തിയും ഇഴഞ്ഞും ഒന്നു രണ്ടു കി.മീ. പോയിരിക്കണം. അതിനിടെ സര്‍വ്വീസ്‌ റോഡിലൂടെ എന്‍.എച്ച്‌.എ.ഐ.(നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ)യുടെ റിക്കവറി വാന്‍ സൈറണ്‍ മുഴക്കി കടന്നുപോയി. അപകടം വല്ലതും നടന്നു കാണും! ശരിയായിരുന്നു, സേലത്തേക്കു പോകുന്ന ദിശയില്‍ റോഡിനിടതുവശത്തെ ഓടയിലേക്കിറങ്ങി ഒരു ടി.എന്‍.എസ്‌.ടി.സി. ബസ്‌ കിടക്കുന്നു. സംഭവം നടന്നിട്ട്‌ അധികനേരം ആയില്ല എന്നു വേണം കരുതാന്‍. എങ്ങനെ സംഭവിച്ചു എന്നും സ്ഥലം കണ്ടിട്ട്‌ ഒരു പിടിയും കിട്ടിയില്ല. വശത്തെ ജനാലയിലൂടെ നോക്കിയപ്പോള്‍ റോഡില്‍ എന്തോ ദ്രാവകം കിടക്കുന്നതു പോലെ തോന്നി. വെളിച്ചം പോരാഞ്ഞതു കൊണ്ട്‌ എന്തെന്നു വ്യക്തമായില്ല. മഴവെള്ളമാവാം, രക്തമാവാം, ഓയിലാവാം. ആ ബസ്സിനെ ഞങ്ങളുടെ ബസ്‌ മറികടന്നു പോയപ്പോള്‍ എന്റെ ബസിലെ ഡ്രൈവറും കണ്ടക്‌ടറും തമ്മിലെ സംസാരത്തില്‍ നിന്ന്‌ ഒരു വാചകം കേട്ടത്‌ എന്നെ ഞെട്ടിച്ചു: "തീര്‍ന്നിട്ടുണ്ടാവും അല്ലേ?" പിന്നെ കൂടുതല്‍ പുറംകാഴ്‌ച കാണാന്‍ എനിക്കു ധൈര്യം വന്നില്ല, കാരണം മണിക്കൂറുകള്‍ നീളുന്ന മറ്റൊരു യാത്രയുടെ ആദ്യപാദത്തിലാണു ഞാന്‍. അപ്പോള്‍ മനസ്സില്‍ വെറുതെ അസുഖകരമായ ചിന്തയും കാഴ്‌ചയും നിറയ്‌ക്കേണ്ട എന്നു കരുതി.

ഒന്നുറങ്ങി, നല്ല ടൈറ്റായിട്ട്‌. കൂടിയാല്‍ ഒരുമണിക്കൂര്‍ ഉറങ്ങിക്കാണും, പക്ഷേ ബോധം കെട്ട ഒരുറക്കം.

സംഗീതമില്ലാത്ത യാത്രകള്‍. അല്ല സംഗീതം സ്വന്തം ബസിന്റെ എഞ്ചിനോശൈ തന്നെ. സ്ഥായിയേറിയും താണും ഇടയ്‌ക്കു മുരടനക്കിയും, ഇഴഞ്ഞും പാഞ്ഞും തനിയാവര്‍ത്തനപ്പെരുക്കം മുഴക്കിയുമെല്ലാം... ഹൈവേയില്‍ പായുകയും ഇഴയുകയും ചെയ്യുന്ന ട്രക്കുകളുടെ മ്യൂസിക്കല്‍ എയര്‍ ഹോണുകള്‍ ചില സമയം കൗതുകം പകരും, പലപ്പോഴും വെറുപ്പിക്കും. രാത്രി നേരത്തു ഇങ്ങനെ ഹോണടിക്കുന്നവനെ ഒക്കെ പിടിച്ചു നിര്‍ത്തി ചെകിട്ടത്തു ചൂടോടെ പൊട്ടിക്കണമെന്നു തോന്നിയിട്ടുണ്ട്‌. പൊന്തിവരുന്ന കലിപ്പ്‌ ഡ്രൈവറുടെ പേരന്റ്‌സിനോ ഇന്‍ലാസിനോ ഡെഡിക്കേറ്റ്‌ ചെയ്‌തു ഞാനതങ്ങു ശമിപ്പിക്കും. ഹൈവേയിലെന്നല്ല എവിടെയും. സിറ്റിയിലെ ബ്ലോക്കില്‍ പെട്ടു വണ്ടികള്‍ നിശ്ചലമായി കിടക്കുമ്പോളും ചിലര്‍ വിചാരിക്കുന്നതു ഹോണടിച്ചാല്‍ എല്ലാം ഇപ്പോള്‍ തെളിഞ്ഞു കിട്ടുമെന്നാണ്‌. ശുംഭന്മാര്‍, ക്ഷമിക്കണം, പൊട്ടന്മാര്‍! ട്രക്കുകളേക്കുറിച്ചുള്ള മറ്റൊരു പരാതി ലെയ്‌നും വേഗവും തമ്മിലുള്ള പൊരുത്തക്കേടാണ്‌. എടുത്താല്‍ പൊങ്ങാത്ത ഭാരവും പേറി കരിപ്പുകതുപ്പി ഏങ്ങിയലറി ഉള്ളിലെ ലെയ്‌നിലൂടെ പത്തേ പതിനഞ്ചേ എന്നും പറഞ്ഞൊരു പോക്കാണ്‌. ഇതിനിടയിലൂടെയാണു പാഞ്ഞുപോകുന്ന പരശതം ചെറുവാഹങ്ങള്‍. ഒക്കേത്തിനും ഇടയിലൂടെ നമ്മുടെ ആനവണ്ടി കുതിച്ചും നിരങ്ങിയും ഇടതുമാറിയും വലതുചാഞ്ഞും ഒക്കെ പോകും. എത്രയോ മാന്യന്മാരാണു നമ്മുടെ ഡ്രൈവര്‍മാര്‍ എന്നു തോന്നിയിട്ടുണ്ട്‌ പ്രത്യേകിച്ചും ലെയ്‌ന്‍ കാക്കുന്നതിലും സിഗ്നല്‍ കൊടുക്കുന്നതിലും. അപകടകരമായി തോന്ന്യാസം കാണിച്ച ചില ട്രക്ക്‌ ഡ്രൈവര്‍മാരെ നല്ല പുളിച്ച ഭാഷ അവര്‍ പറയുന്നതും കേട്ടിട്ടുണ്ട്‌ ഞാന്‍. ഒരു തെറ്റും തോന്നീട്ടുമില്ല അതില്‍. എണ്‍പതു കി.മീ. വേഗത്തില്‍ പോകുമ്പോള്‍ ഡിവൈഡറിനിപ്പുറം ഒരു ലോറി നേര്‍ക്കുനേര്‍ റോങ്ങ്‌ സൈഡ്‌ വരികയും നല്ലൊരു ചവിട്ടിന്റെ അവസാനം ലോറിയുടെ രണ്ടോ മൂന്നോ മീ. മാത്രം മുന്നില്‍ വണ്ടി നില്‍ക്കുകയുമൊക്കെ ചെയ്‌താല്‍ ആരായാലും ഒന്നു കയര്‍ത്തു പോകില്ലേ? ഓര്‍ക്കണം, ബസ്സിനുള്ളില്‍ ബ്ലോഗര്‍ രാജും അതു പോലെ പല പ്രമുഖരും ഇരിപ്പുണ്ട്‌!

സേലം റൂട്ടില്‍ വീതികൂട്ടല്‍ തകൃതി. രണ്ടാഴ്ച മുന്‍പ്‌ ഇതു വഴി പോയപ്പോള്‍ ഈ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നോ എന്നൊരു സംശയം. ആ, ഇവിടെങ്കിലും നല്ല റോഡുകള്‍ വരട്ടെ!

*******

ഇനി ഉറങ്ങാന്‍ താമസിക്കും. കഴിഞ്ഞ ദിവസം വാളയാര്‍ അതിര്‍ത്തിക്കു സമീപം ആസിഡ്‌ മാലിന്യം കൊണ്ടെ തള്ളിയതായും ആ പ്രദേശം മൊത്തം ഭയങ്കര ദുര്‍ഗ്ഗന്ധമാണെന്നും പത്രത്തില്‍ വായിച്ചിരുന്നു. എന്നാലതൊന്നു കണ്ടുകളയാമെന്ന്‌ കരുതിക്കൊണ്ടാണ്‌ ഉറങ്ങാതിരുന്നത്‌. എന്നാല്‍ കോയമ്പത്തൂര്‍ നഗരത്തിലെ സ്റ്റാന്‍ഡില്‍ ബസ്‌ കയറിയിറങ്ങിക്കഴിഞ്ഞ ശേഷം എനിക്കു വെളിവുവീഴുന്നത്‌ അമൃത വിശ്വവിദ്യാപീഠത്തിന്റെ സമീപമുള്ള കവലയില്‍ നിര്‍ത്തിയപ്പോഴാണ്‌. അതിര്‍ത്തിക്കു തൊട്ടു മുന്‍പുള്ള ഈ സ്ഥലത്തിന്റെ പേരെനിക്കറിയില്ല, പക്ഷേ ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന പല ബസ്സുകളുടെയും ഒരു ഇടത്താവളമാണ്‌ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അവിടത്തെ ബേക്കറി.

വീണ്ടും ഉറങ്ങിയതും അതിര്‍ത്തി കടന്നതും പാലക്കാടു താണ്ടിയതും തൃശൂര്‍ എത്തിയതും ഒന്നും അറിഞ്ഞില്ല. ഇടയ്‌ക്കു കുതിരാന്‍ പ്രദേശമായെന്ന് ഉറങ്ങുന്ന മനസ്സിനെ റോഡിലെ കുഴികള്‍ അറിയിച്ചതൊഴിച്ചാല്‍. ആ ഉറക്കത്തിന്റെ അവസാനം കണ്ണുതുറക്കുമ്പോള്‍ അങ്കമാലി ബസ്‌സ്റ്റാന്‍ഡില്‍ നമ്മടെ വണ്ടി വട്ടം കറങ്ങിത്തിരിയുകയാണ്‌. ആ കറക്കത്തിനിടയ്‌ക്കു കണ്ണു തുറന്ന ഞാന്‍ മങ്ങിയ നിലാവുള്ള ഒരു രാത്രിയില്‍(തെരുവുവിളക്കുകള്‍) പുരാതന റോമിലെ കൊളോസിയത്തിന്റെ(പുതിയ ഷോപ്പിങ്ങ്‌ കോംപ്ലക്‌സേ!) ഒത്ത നടുക്കു നിന്ന്‌ ചുറ്റും കണ്ണോടിക്കുന്ന ഒരു കൊച്ചു വിഭ്രാന്തിയില്‍ മുങ്ങി! അതിനിടെ ഞാന്‍ കണ്ടു, ഒരു ഡബിള്‍ ഡക്കര്‍ ബസ്സ്‌! അതേന്ന്‌ രണ്ടുനില ബസ്സ്‌! ശ്ശെടാ! ഒള്ളതു തന്നെയോ? സ്വന്തം സംശയം മാറ്റാനായി ബസ്സു തിരിഞ്ഞു വന്നപ്പോള്‍ ഒന്നൂടെ നോക്കി. അതെ, സത്യം തന്നെ. അങ്ങനെ ജീവിതത്തില്‍ ആദ്യമായി രണ്ടുനില ബസ്സ്‌ അന്നു കെ.എസ്‌.ആര്‍.ടി.സി. എന്നെ കാണിച്ചുതന്നു. പിന്നെ ഉറങ്ങിയില്ല. അഞ്ചേകാലോടെ എറണാകുളം സ്റ്റാന്‍ഡില്‍ ഇറങ്ങി. ഒന്നു 'ഉഷാറു വരുത്തി' (ഇക്കാര്യം പരാമര്‍ശിക്കാതെ എനിക്കു പോകാനാവില്ലെന്നു തോന്നുന്നു!) നേരെ സൗത്ത്‌ സ്റ്റേഷനിലേക്ക്‌. ഇന്റര്‍സിറ്റി പിടിക്കാന്‍.

******

സൗത്തിലെത്തുന്നതിനു മുന്‍പ്‌, ഒരു ഓഫ്‌ ടോപ്പിക്‌: എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ സ്റ്റാന്‍ഡിലെ പൊതുശൗചാലയത്തെക്കുറിച്ച്‌. സ്ഥലപരിമിതി ധാരാളമുണ്ടെങ്കിലും സാമാന്യം വൃത്തിയുള്ള ഇടം. പറഞ്ഞു വന്നത്‌ അതല്ല. അവിടത്തെ ഭിത്തികളില്‍ കാണുന്ന ലിഖിതങ്ങളെക്കുറിച്ചാണിത്‌. ഞാന്‍ അവയുടെ ആരാധകനോ രചയിതാവോ ഇത്തരം ചുവരെഴുത്തുകളെ പ്രോല്‍സാഹിപ്പിക്കുന്ന ആളോ അല്ല. എന്നാലും പ്രത്യേകിച്ചു 'മറ്റൊന്നും' ചെയ്യാനില്ലാതെ/ആവാതെ നില്‍ക്കുന്ന ചില സമയങ്ങളില്‍ ഈ ചുവരെഴുത്തുകള്‍ കണ്ണിലുടക്കിപ്പോവാറുണ്ട്‌. പലതും ഒരു മൊബൈല്‍ നമ്പരില്‍ ചെന്നവസാനിക്കുന്ന മ്ലേച്ഛമായ ഒരു പരസ്യവാചകമാവും. പക്ഷേ ഒരിക്കല്‍ വിചിത്രമായ ഒരു വിളംബരം അവിടെ കണ്ടു: 'ജയസൂര്യ മൂത്രം ഒഴിച്ച സ്ഥലം'. അജ്ഞാതനും സരസനുമായ ആ ജയസൂര്യ എന്നില്‍ പലപ്പോഴും ഒരു പുഞ്ചിരി നിറച്ചിട്ടുണ്ട്‌.

(വണ്ടി വൈകിയെത്തുന്നതു പിന്നീട്..)