Friday, December 02, 2011

വൈകിയെത്തിയ വണ്ടി - 1

വീണ്ടും ഒരു യാത്രാനുഭവവും കൊണ്ടാണീ വരവ്‌. ഇത്തവണ പോക്ക്‌ കായംകുളത്തേക്കായിരുന്നു. 2011 നവംബര്‍ 25 ആം തീയതി വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചരകഴിഞ്ഞ്‌ ഇലക്‌ട്രോണിക്‌ സിറ്റി ബസ്‌സ്റ്റോപ്പില്‍ നിന്നും എറണാകുളത്തിനുള്ള കേരളാ ട്രാന്‍സ്‌പോര്‍ട്ടിന്റെ സൂപ്പര്‍ എക്‌സ്പ്രസ്സ്‌ ബസ്സിനു കാത്തു നില്‍ക്കുകയാണു ഞാന്‍. വണ്ടി വരട്ടെ, കയറിക്കഴിഞ്ഞു പുരാണം പറയാം.

ഭാഗ്യം, അധികം കാത്തിരിക്കാതെ തന്നെ വണ്ടി വന്നു. ടിക്കറ്റ്‌ കണ്ടക്‌ടറെ കാണിച്ചു പതിപ്പിച്ചു. മനസ്സിലായില്ലേ, ടിക്കറ്റില്‍ കണ്ടക്‌ടര്‍ ശൂ വെച്ചെന്ന്‌! ഇനിഷ്യല്‍ ഇടുക എന്നു ഔദ്യോഗികമായി പറയും. ബസ്സു നിറയെ ആളുണ്ട്‌. കയറിയ ഉടനെ ഭാര്യാജിയെ വിളിച്ചു പുറപ്പെട്ടെന്ന വിവരം അറിയിച്ചു. റോമിങ്ങില്‍ ആയാല്‍ പിന്നെ കാള്‍ പോകുന്നതും വരുന്നതും എനിക്കൊരുതരം അലര്‍ജ്ജിയാണ്‌. അതു പരമാവധി ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്‌ കാലേകൂട്ടിയുള്ള ഈ അറിയിപ്പ്‌. എങ്കിലും ഭക്ഷണശേഷം ഒരു വിളി കൂടി, ആഹാരം കഴിച്ചെന്ന്‌ അറിയിക്കാനും, എത്തുന്ന ഏകദേശസമയം പറയാനും, പതിവുള്ളതാണ്‌.

അപ്പോ ഞാന്‍ എറണാകുളത്തിനുള്ള ബസ്സിലാണു കയറിയത്‌. ഹൊസൂരങ്ങു കഴിഞ്ഞപ്പോ മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര. അപ്പോഴേ അല്‍പാല്‍പം മഴയും പൊടിക്കുന്നുണ്ട്‌. നിര്‍ത്തിയും ഇഴഞ്ഞും ഒന്നു രണ്ടു കി.മീ. പോയിരിക്കണം. അതിനിടെ സര്‍വ്വീസ്‌ റോഡിലൂടെ എന്‍.എച്ച്‌.എ.ഐ.(നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യ)യുടെ റിക്കവറി വാന്‍ സൈറണ്‍ മുഴക്കി കടന്നുപോയി. അപകടം വല്ലതും നടന്നു കാണും! ശരിയായിരുന്നു, സേലത്തേക്കു പോകുന്ന ദിശയില്‍ റോഡിനിടതുവശത്തെ ഓടയിലേക്കിറങ്ങി ഒരു ടി.എന്‍.എസ്‌.ടി.സി. ബസ്‌ കിടക്കുന്നു. സംഭവം നടന്നിട്ട്‌ അധികനേരം ആയില്ല എന്നു വേണം കരുതാന്‍. എങ്ങനെ സംഭവിച്ചു എന്നും സ്ഥലം കണ്ടിട്ട്‌ ഒരു പിടിയും കിട്ടിയില്ല. വശത്തെ ജനാലയിലൂടെ നോക്കിയപ്പോള്‍ റോഡില്‍ എന്തോ ദ്രാവകം കിടക്കുന്നതു പോലെ തോന്നി. വെളിച്ചം പോരാഞ്ഞതു കൊണ്ട്‌ എന്തെന്നു വ്യക്തമായില്ല. മഴവെള്ളമാവാം, രക്തമാവാം, ഓയിലാവാം. ആ ബസ്സിനെ ഞങ്ങളുടെ ബസ്‌ മറികടന്നു പോയപ്പോള്‍ എന്റെ ബസിലെ ഡ്രൈവറും കണ്ടക്‌ടറും തമ്മിലെ സംസാരത്തില്‍ നിന്ന്‌ ഒരു വാചകം കേട്ടത്‌ എന്നെ ഞെട്ടിച്ചു: "തീര്‍ന്നിട്ടുണ്ടാവും അല്ലേ?" പിന്നെ കൂടുതല്‍ പുറംകാഴ്‌ച കാണാന്‍ എനിക്കു ധൈര്യം വന്നില്ല, കാരണം മണിക്കൂറുകള്‍ നീളുന്ന മറ്റൊരു യാത്രയുടെ ആദ്യപാദത്തിലാണു ഞാന്‍. അപ്പോള്‍ മനസ്സില്‍ വെറുതെ അസുഖകരമായ ചിന്തയും കാഴ്‌ചയും നിറയ്‌ക്കേണ്ട എന്നു കരുതി.

ഒന്നുറങ്ങി, നല്ല ടൈറ്റായിട്ട്‌. കൂടിയാല്‍ ഒരുമണിക്കൂര്‍ ഉറങ്ങിക്കാണും, പക്ഷേ ബോധം കെട്ട ഒരുറക്കം.

സംഗീതമില്ലാത്ത യാത്രകള്‍. അല്ല സംഗീതം സ്വന്തം ബസിന്റെ എഞ്ചിനോശൈ തന്നെ. സ്ഥായിയേറിയും താണും ഇടയ്‌ക്കു മുരടനക്കിയും, ഇഴഞ്ഞും പാഞ്ഞും തനിയാവര്‍ത്തനപ്പെരുക്കം മുഴക്കിയുമെല്ലാം... ഹൈവേയില്‍ പായുകയും ഇഴയുകയും ചെയ്യുന്ന ട്രക്കുകളുടെ മ്യൂസിക്കല്‍ എയര്‍ ഹോണുകള്‍ ചില സമയം കൗതുകം പകരും, പലപ്പോഴും വെറുപ്പിക്കും. രാത്രി നേരത്തു ഇങ്ങനെ ഹോണടിക്കുന്നവനെ ഒക്കെ പിടിച്ചു നിര്‍ത്തി ചെകിട്ടത്തു ചൂടോടെ പൊട്ടിക്കണമെന്നു തോന്നിയിട്ടുണ്ട്‌. പൊന്തിവരുന്ന കലിപ്പ്‌ ഡ്രൈവറുടെ പേരന്റ്‌സിനോ ഇന്‍ലാസിനോ ഡെഡിക്കേറ്റ്‌ ചെയ്‌തു ഞാനതങ്ങു ശമിപ്പിക്കും. ഹൈവേയിലെന്നല്ല എവിടെയും. സിറ്റിയിലെ ബ്ലോക്കില്‍ പെട്ടു വണ്ടികള്‍ നിശ്ചലമായി കിടക്കുമ്പോളും ചിലര്‍ വിചാരിക്കുന്നതു ഹോണടിച്ചാല്‍ എല്ലാം ഇപ്പോള്‍ തെളിഞ്ഞു കിട്ടുമെന്നാണ്‌. ശുംഭന്മാര്‍, ക്ഷമിക്കണം, പൊട്ടന്മാര്‍! ട്രക്കുകളേക്കുറിച്ചുള്ള മറ്റൊരു പരാതി ലെയ്‌നും വേഗവും തമ്മിലുള്ള പൊരുത്തക്കേടാണ്‌. എടുത്താല്‍ പൊങ്ങാത്ത ഭാരവും പേറി കരിപ്പുകതുപ്പി ഏങ്ങിയലറി ഉള്ളിലെ ലെയ്‌നിലൂടെ പത്തേ പതിനഞ്ചേ എന്നും പറഞ്ഞൊരു പോക്കാണ്‌. ഇതിനിടയിലൂടെയാണു പാഞ്ഞുപോകുന്ന പരശതം ചെറുവാഹങ്ങള്‍. ഒക്കേത്തിനും ഇടയിലൂടെ നമ്മുടെ ആനവണ്ടി കുതിച്ചും നിരങ്ങിയും ഇടതുമാറിയും വലതുചാഞ്ഞും ഒക്കെ പോകും. എത്രയോ മാന്യന്മാരാണു നമ്മുടെ ഡ്രൈവര്‍മാര്‍ എന്നു തോന്നിയിട്ടുണ്ട്‌ പ്രത്യേകിച്ചും ലെയ്‌ന്‍ കാക്കുന്നതിലും സിഗ്നല്‍ കൊടുക്കുന്നതിലും. അപകടകരമായി തോന്ന്യാസം കാണിച്ച ചില ട്രക്ക്‌ ഡ്രൈവര്‍മാരെ നല്ല പുളിച്ച ഭാഷ അവര്‍ പറയുന്നതും കേട്ടിട്ടുണ്ട്‌ ഞാന്‍. ഒരു തെറ്റും തോന്നീട്ടുമില്ല അതില്‍. എണ്‍പതു കി.മീ. വേഗത്തില്‍ പോകുമ്പോള്‍ ഡിവൈഡറിനിപ്പുറം ഒരു ലോറി നേര്‍ക്കുനേര്‍ റോങ്ങ്‌ സൈഡ്‌ വരികയും നല്ലൊരു ചവിട്ടിന്റെ അവസാനം ലോറിയുടെ രണ്ടോ മൂന്നോ മീ. മാത്രം മുന്നില്‍ വണ്ടി നില്‍ക്കുകയുമൊക്കെ ചെയ്‌താല്‍ ആരായാലും ഒന്നു കയര്‍ത്തു പോകില്ലേ? ഓര്‍ക്കണം, ബസ്സിനുള്ളില്‍ ബ്ലോഗര്‍ രാജും അതു പോലെ പല പ്രമുഖരും ഇരിപ്പുണ്ട്‌!

സേലം റൂട്ടില്‍ വീതികൂട്ടല്‍ തകൃതി. രണ്ടാഴ്ച മുന്‍പ്‌ ഇതു വഴി പോയപ്പോള്‍ ഈ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നോ എന്നൊരു സംശയം. ആ, ഇവിടെങ്കിലും നല്ല റോഡുകള്‍ വരട്ടെ!

*******

ഇനി ഉറങ്ങാന്‍ താമസിക്കും. കഴിഞ്ഞ ദിവസം വാളയാര്‍ അതിര്‍ത്തിക്കു സമീപം ആസിഡ്‌ മാലിന്യം കൊണ്ടെ തള്ളിയതായും ആ പ്രദേശം മൊത്തം ഭയങ്കര ദുര്‍ഗ്ഗന്ധമാണെന്നും പത്രത്തില്‍ വായിച്ചിരുന്നു. എന്നാലതൊന്നു കണ്ടുകളയാമെന്ന്‌ കരുതിക്കൊണ്ടാണ്‌ ഉറങ്ങാതിരുന്നത്‌. എന്നാല്‍ കോയമ്പത്തൂര്‍ നഗരത്തിലെ സ്റ്റാന്‍ഡില്‍ ബസ്‌ കയറിയിറങ്ങിക്കഴിഞ്ഞ ശേഷം എനിക്കു വെളിവുവീഴുന്നത്‌ അമൃത വിശ്വവിദ്യാപീഠത്തിന്റെ സമീപമുള്ള കവലയില്‍ നിര്‍ത്തിയപ്പോഴാണ്‌. അതിര്‍ത്തിക്കു തൊട്ടു മുന്‍പുള്ള ഈ സ്ഥലത്തിന്റെ പേരെനിക്കറിയില്ല, പക്ഷേ ഈ റൂട്ടില്‍ യാത്ര ചെയ്യുന്ന പല ബസ്സുകളുടെയും ഒരു ഇടത്താവളമാണ്‌ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന അവിടത്തെ ബേക്കറി.

വീണ്ടും ഉറങ്ങിയതും അതിര്‍ത്തി കടന്നതും പാലക്കാടു താണ്ടിയതും തൃശൂര്‍ എത്തിയതും ഒന്നും അറിഞ്ഞില്ല. ഇടയ്‌ക്കു കുതിരാന്‍ പ്രദേശമായെന്ന് ഉറങ്ങുന്ന മനസ്സിനെ റോഡിലെ കുഴികള്‍ അറിയിച്ചതൊഴിച്ചാല്‍. ആ ഉറക്കത്തിന്റെ അവസാനം കണ്ണുതുറക്കുമ്പോള്‍ അങ്കമാലി ബസ്‌സ്റ്റാന്‍ഡില്‍ നമ്മടെ വണ്ടി വട്ടം കറങ്ങിത്തിരിയുകയാണ്‌. ആ കറക്കത്തിനിടയ്‌ക്കു കണ്ണു തുറന്ന ഞാന്‍ മങ്ങിയ നിലാവുള്ള ഒരു രാത്രിയില്‍(തെരുവുവിളക്കുകള്‍) പുരാതന റോമിലെ കൊളോസിയത്തിന്റെ(പുതിയ ഷോപ്പിങ്ങ്‌ കോംപ്ലക്‌സേ!) ഒത്ത നടുക്കു നിന്ന്‌ ചുറ്റും കണ്ണോടിക്കുന്ന ഒരു കൊച്ചു വിഭ്രാന്തിയില്‍ മുങ്ങി! അതിനിടെ ഞാന്‍ കണ്ടു, ഒരു ഡബിള്‍ ഡക്കര്‍ ബസ്സ്‌! അതേന്ന്‌ രണ്ടുനില ബസ്സ്‌! ശ്ശെടാ! ഒള്ളതു തന്നെയോ? സ്വന്തം സംശയം മാറ്റാനായി ബസ്സു തിരിഞ്ഞു വന്നപ്പോള്‍ ഒന്നൂടെ നോക്കി. അതെ, സത്യം തന്നെ. അങ്ങനെ ജീവിതത്തില്‍ ആദ്യമായി രണ്ടുനില ബസ്സ്‌ അന്നു കെ.എസ്‌.ആര്‍.ടി.സി. എന്നെ കാണിച്ചുതന്നു. പിന്നെ ഉറങ്ങിയില്ല. അഞ്ചേകാലോടെ എറണാകുളം സ്റ്റാന്‍ഡില്‍ ഇറങ്ങി. ഒന്നു 'ഉഷാറു വരുത്തി' (ഇക്കാര്യം പരാമര്‍ശിക്കാതെ എനിക്കു പോകാനാവില്ലെന്നു തോന്നുന്നു!) നേരെ സൗത്ത്‌ സ്റ്റേഷനിലേക്ക്‌. ഇന്റര്‍സിറ്റി പിടിക്കാന്‍.

******

സൗത്തിലെത്തുന്നതിനു മുന്‍പ്‌, ഒരു ഓഫ്‌ ടോപ്പിക്‌: എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ സ്റ്റാന്‍ഡിലെ പൊതുശൗചാലയത്തെക്കുറിച്ച്‌. സ്ഥലപരിമിതി ധാരാളമുണ്ടെങ്കിലും സാമാന്യം വൃത്തിയുള്ള ഇടം. പറഞ്ഞു വന്നത്‌ അതല്ല. അവിടത്തെ ഭിത്തികളില്‍ കാണുന്ന ലിഖിതങ്ങളെക്കുറിച്ചാണിത്‌. ഞാന്‍ അവയുടെ ആരാധകനോ രചയിതാവോ ഇത്തരം ചുവരെഴുത്തുകളെ പ്രോല്‍സാഹിപ്പിക്കുന്ന ആളോ അല്ല. എന്നാലും പ്രത്യേകിച്ചു 'മറ്റൊന്നും' ചെയ്യാനില്ലാതെ/ആവാതെ നില്‍ക്കുന്ന ചില സമയങ്ങളില്‍ ഈ ചുവരെഴുത്തുകള്‍ കണ്ണിലുടക്കിപ്പോവാറുണ്ട്‌. പലതും ഒരു മൊബൈല്‍ നമ്പരില്‍ ചെന്നവസാനിക്കുന്ന മ്ലേച്ഛമായ ഒരു പരസ്യവാചകമാവും. പക്ഷേ ഒരിക്കല്‍ വിചിത്രമായ ഒരു വിളംബരം അവിടെ കണ്ടു: 'ജയസൂര്യ മൂത്രം ഒഴിച്ച സ്ഥലം'. അജ്ഞാതനും സരസനുമായ ആ ജയസൂര്യ എന്നില്‍ പലപ്പോഴും ഒരു പുഞ്ചിരി നിറച്ചിട്ടുണ്ട്‌.

(വണ്ടി വൈകിയെത്തുന്നതു പിന്നീട്..)

1 comment:

എം.എസ്. രാജ്‌ | M S Raj said...

ഞാന്‍ മങ്ങിയ നിലാവുള്ള ഒരു രാത്രിയില്‍ പുരാതന റോമിലെ കൊളോസിയത്തിന്റെ ഒത്ത നടുക്കു നിന്ന്‌ ചുറ്റും കണ്ണോടിക്കുന്ന ഒരു കൊച്ചുവിഭ്രാന്തിയില്‍ മുങ്ങി!