ബസ് യാത്രകള്‍ എഴുതിയെഴുതി എനിക്കും വായിച്ചു വായിച്ചു നിങ്ങള്‍ക്കും മടുത്തുകാണും. എന്നാലതുകൊണ്ടല്ല എറണാകുളത്തുനിന്നും കായംകുളത്തിനു ട്രെയിനില്‍ യാത്ര ചെയ്യാമെന്നു വെച്ചത്. കൂലി കുറവായതു കൊണ്ടും അല്ല! ഇക്കണ്ട കാലം വരെ വിരലിലെണ്ണാവുന്നത്ര തവണയേ ഞാന്‍ ട്രെയിനില്‍ കയറിയിട്ടുള്ളൂ എന്നതിന്റെ ഒരു ചളിപ്പ് മാറ്റാനാണ്! വിശ്വാസമായില്ലെങ്കില്‍ അല്‍പം പുരാണം കേള്‍ക്കാന്‍ തയ്യാറായിക്കോളൂ.
ഇടുക്കി ജില്ലയില്‍ ജനിച്ചു വളര്‍ന്ന് കോളേജ് വിദ്യാഭ്യാസം ഉള്‍പ്പടെ അതേ ജില്ലയില്‍ തീര്‍ത്ത ഒരുവനാണു ഞാന്‍. ബന്ധുവീടു സന്ദര്‍ശനങ്ങള്‍ക്കായുള്ള യാത്രകളേക്കാള്‍ കൂടുതലൊന്നും ചെറുപ്പത്തില്‍ ചെയ്‌തിട്ടില്ലാഞ്ഞ ഞാന്‍ ആദ്യമായി കൊച്ചി, നമ്മടെ എറണാകുളം നഗരം കണ്ടത് പ്ലസ്‌ടുവിനു പഠിക്കുമ്പോള്‍... ദേ.. ദേ.. മൂക്കത്തു വിരല്‍ വെയ്‌ക്കരുത്. പിന്നെ തീവണ്ടിയില്ലാത്ത ജില്ലയാണല്ലോ ഞങ്ങളുടേത്. അതുകൊണ്ട് ആ സാധനത്തേല്‍ ഈയടുത്ത കാലം വരെ, എന്നു പറഞ്ഞാല്‍ ഒരു 2005-06 കാലഘട്ടം വരെ കേറീട്ടില്ലായിരുന്നു. അന്നൊരിക്കല്‍ ഫൈനല്‍ സെം പ്രൊജക്റ്റിന്റെ ആവശ്യത്തിനായി എറണാകുളത്തുനിന്നും ഇതേ ഇന്റര്‍സിറ്റിയില്‍(അന്ന് ഇന്റര്‍സിറ്റി എറണാകുളം-തിരുവനന്തപുരം ആണ്, ഗുരുവായൂരിനു നീട്ടിയിട്ടില്ല) തലസ്ഥാനത്തേക്ക് യാത്ര ചെയ്‌തിട്ടുണ്ട്. അന്ന് കൊച്ചു വെളുപ്പാങ്കാലത്ത് കലൂര് ബസ്സിറങ്ങി സൗത്ത് വഴി പോകുന്ന ഒരു സിറ്റിബസ് പിടിച്ച് ഓടിയണച്ചു ചെന്നു ടിക്കറ്റെടുത്ത് അതുപോലെ തന്നെ ഓടി ട്രെയിനിനടുത്തെത്തി. സ്വസ്ഥമായി കേറിയിരുന്നു കഴിഞ്ഞ് പിന്നെയും നാലഞ്ചു മിനിറ്റ് വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്. അന്നാ വേളയില്‍ നെഞ്ചില്‍ നിന്നുയര്‍ന്ന ചൂടിന്നുമറിയാം. അപ്പോ അതിന്റെ സ്‌മരണേലാ തിരുമേനീ.....!
എന്നിരുന്നാലും ഈ ഇന്റര്‍സിറ്റി പ്രയാണം രണ്ടു തവണയേ ഇതിനകം നടന്നുള്ളൂ. ഒന്ന് ഒക്‌ടോബര്‍ മാസത്തിലും രണ്ടാമത്തേത് നവംബര്‍ 26നും. ചരിത്രം ആവര്‍ത്തിക്കുമെന്നു പറയുന്നതു ശരിയാവണം. ഇത് ഒക്‌ടോബര്‍ മാസത്തെ കഥ. അഞ്ചു നാല്‍പതെന്നു സമയം കണക്കുകൂട്ടി ബസ്‌സ്റ്റാന്‍ഡില്‍ നിന്നും സ്റ്റേഷനിലേക്കുള്ള കുറുക്കു ചാടി. അതു തന്നെ ആ നേരത്തൊരു റിസ്‌കാ. ചിലപ്പോഴേ അതുവഴി നടപ്പുകാരുണ്ടാകൂ. പ്ലാറ്റ്‌ഫോമിനടുത്തേത്തിയപ്പോള്‍ ഓടാന്‍ തുടങ്ങി. ടിക്കറ്റ് കൗണ്ടറില്‍ ചെന്നപ്പോള്‍ സമയം അഞ്ചര. മുടിഞ്ഞ ക്യൂ! ഈ ക്യൂ തീരാന്‍ നിന്നാല്‍ ഈ വണ്ടിക്കു പോക്കു നടക്കില്ല. ഒന്നുകില്‍ ടിക്കറ്റെടുക്കാതെ കേറണം, അല്ലെങ്കില്‍ തിരികെ പോയി മാന്യമായി ബസ്സിനു പോകണം. കള്ളവണ്ടി കേറിയതിനു പിടിക്കപ്പെടുന്നതിലും നല്ലത് 71 രൂ. മുടക്കി സൂപ്പര്‍ഫാസ്റ്റിനു കേറിപ്പോകുന്നതാ. എന്നാലും ഒരു കൈ നോക്കാമെന്നു വെച്ചു. നേരേ ക്യൂവിന്റെ മുന്നില്‍ ചെന്നു, ഏറ്റവും മുന്നില്‍ നിന്നിരുന്ന താടിയുള്ള ആ ചേട്ടനോട് "ഞാന്‍ ഒരു ടിക്കറ്റെടുത്തോട്ടേ, ഇന്റര്‍സിറ്റിക്കു പോകാനുള്ളതാ.." എന്നുപറഞ്ഞപ്പോള്‍ അയാള്‍ അനുഭാവപൂര്‍വ്വം ഒതുങ്ങി എന്നെ ടിക്കറ്റെടുക്കാന്‍ അനുവദിച്ചു. താമസിക്കാതിരിക്കാന്‍ പരമാവധി ചില്ലറ കൊടുത്ത് പിന്തിരിയുമ്പോള്‍ എനിക്കനുവാദം തന്നയാള്‍ തിരക്കിലായിരുന്നു. എറണാകുളത്തെ ആ സുമനസ്സിന് ഇവിടെ നന്ദി രേഖപ്പെടുത്തുന്നു. പിന്നീട് ഒരോട്ടമായിരുന്നു, അതു നാലാം നമ്പര്‍ പ്ലാറ്റ് ഫോമിലാണു നിന്നത്. കയറി ഒരു മിനിറ്റായില്ല വണ്ടിയെടുത്തു. എന്തായാലും അന്ന് ഒന്‍പത് മണിക്കു മുന്‍പേ വീടുപറ്റി. പണ്ടത്തെ ആ ഓട്ടം ഒന്നാവര്‍ത്തിച്ചു എന്നു മാത്രം.
ഇത്തവണ, നവംബറിലെ യാത്രയില്‍, അതെന്തായാലും വേണ്ടിവന്നില്ല. സാവകാശമുണ്ടായിരുന്നു. ചെന്നപ്പോള്‍ പ്ലാറ്റ്‌ഫോമിലാകെ അയ്യപ്പന്മാര്‍. ഒരുവിധം അവരെ ചവിട്ടാതെ നടന്ന് കൗണ്ടറിലെത്തി. തെറ്റില്ലാത ക്യൂ. വേഗം നീങ്ങുന്നുമുണ്ട്. എന്റെ ഊഴമടുത്തുവരുന്നു. എന്റെ തൊട്ടു മുന്നില്‍ കുറെ അയ്യപ്പന്മാര്‍. അവര്‍ കര്‍ണാടകയിലെ ഏതോ സ്ഥലത്തേക്ക് ഏഴ് ടിക്കറ്റെടുക്കുന്നു, അഞ്ച് ഫുള്ളും രണ്ട് ഹാഫും. ആകെ കൂലി ആയിരത്തിഎഴുനൂറ്റി ചില്വാനം. സംഘത്തിലെ മൂന്നാലു പേരുണ്ട് കൗണ്ടറില്‍. ആദ്യം ആയിരം രൂപാ നീട്ടി. ക്ലര്‍ക്ക് അതു വാങ്ങി വെച്ചു. തുക ഒന്നൂടെ പറഞ്ഞു. സെവന്‍ ഹന്‍ഡ്രഡ് ആന്‍ഡ് നയന്റി എയിറ്റ് മോര്‍... അപ്പോ അവര്‍ അഞ്ഞൂറു കൂടി നല്‍കി. ഒരു സ്ത്രീയാണു ക്ലര്‍ക്ക്. അവര്‍ ഒന്നൂടെ തുക പറയുന്നു. കൗണ്ടറിനകത്തേക്കു കൈയ്യിട്ടു നില്‍ക്കുന്നവന്‍ പിന്നില്‍ അടുത്തു നില്‍ക്കുന്നവനെ നോക്കുന്നു. അവന്‍ പോക്കറ്റില്‍ നിന്നും വേറെ ഒരഞ്ഞൂറെടുത്തു കൊടുക്കുന്നു. പിന്നെ ക്ലര്‍ക്ക് മാഡം നോട്ടുകള്‍ പരിശോധിക്കുന്നു, ടിക്കറ്റുകള്‍ എണ്ണുന്നു, കാല്‍കുലേറ്ററില്‍ എന്തോ തൊട്ടുകൂട്ടുന്നു, ചില്ലറ പെറുക്കുന്നു.... തുക കേട്ടപ്പോളെ രണ്ടായിരം കൊടുത്താല്‍ ബാക്കിയെത്ര എന്നു ഞാന്‍ കണക്കുകൂട്ടി വെച്ചിരുന്നതാ. എന്നിട്ടാണിവര്‍ കാല്‍കുലേറ്ററും കൊടച്ചക്രവും കൊണ്ട്..! ധൃതി കാരണം എന്റെ കാലു നിലത്തുറയ്‌ക്കുന്നില്ല. വെറുതേ മനുഷ്യന്റെ നേരം കളയാനായിട്ട് ഉച്ചയ്‌ക്കെങ്ങാണ്ടുള്ള വണ്ടിക്ക് ഈ നേരം തന്നെ വന്നിവര്‍ക്കു ടിക്കറ്റെടുക്കണോ? ഒടുക്കം 34 രൂപയുടെ ടിക്കറ്റിനു 104 കൊടുത്ത് ബാക്കിയും വാങ്ങി ഞാന്‍ ക്യൂവില്‍ നിന്നു പുറത്തു കടന്നു. ഓര്‍ക്കണം, എന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ എന്നേക്കാള്‍ എത്രയോ അക്ഷമരായിരുന്നു. "... ഇല്‍ ഏതാനും നിമിഷങ്ങള്‍ക്കകം എത്തിച്ചേരുന്നു" എന്ന അറിയിപ്പിനൊപ്പം ഞാന്‍ പടി കയറാന്‍ തുടങ്ങി. എന്നോടൊപ്പം ഒരു വലിയ പുരുഷാരവും. കൃത്യം പ്ലാറ്റ്‌ഫോമിലെത്തിയപ്പോള്‍ വണ്ടിയും വന്നു.
ടെന്‍ഷനില്ലാതെ വണ്ടി കയറാന്‍ ഒരു കാലത്തും വിധിയില്ലേ എന്നൊരു സംശയമുണ്ടായെങ്കിലും ദൈവത്തിനു നന്ദി പറഞ്ഞ് ഒരു സീറ്റിലിരുപ്പായി. മനോഹരമായ പ്രഭാതം. ആടിയാടിയും കുതിച്ചും പാളം വിറപ്പിച്ചു കൂകിപ്പായുന്ന വണ്ടി. തീവണ്ടി. അല്ല, കരണ്ടു വണ്ടി! ചേര്‍ത്തല കഴിഞ്ഞപ്പോള്‍ ഒന്നു മയങ്ങി. മുന്നോട്ടു കുനിഞ്ഞിരുന്ന് പിണച്ചു വെച്ച കൈകള്‍ക്കുമേലെ തല വെച്ച്. വണ്ടിയുടെ താളത്തില്‍ ഒരു താരാട്ടുതൊട്ടിലിലെന്നപോലെ.
പെട്ടെന്നൊരോര്‍മ്മയില്‍ ഉണര്‍ന്നു. ജനാലയിലൂടെ പുറത്തേക്കു നോക്കി. മഴയില്ല. ഒരു പരിചയവുമില്ലാത്ത പ്രദേശം. നേരം എട്ടേമുക്കാലാകുന്നു. ഞാന്‍ ഉറങ്ങുമ്പോള്‍ വണ്ടിക്ക് അത്യാവശ്യം വേഗമുണ്ടായിരുന്നു. കഴിഞ്ഞ തവണ ഈ നേരമായപ്പോള്‍ കായംകുളത്തെത്തിയാരുന്നു എന്നാണോര്‍മ്മ. ഈശ്വരാ, കായംകുളം കഴിഞ്ഞോ? പുരത്തെ കാഴ്‌ചകളിലേക്കു കണ്ണു പായിച്ചു. ഒരു പിടുത്തവും കിട്ടുന്നില്ല. ആരോടെങ്കിലും ചോദിച്ചാലോ? ഓ! ചോദിച്ചിട്ടെന്തിനാ, കായംകുളം കഴിഞ്ഞാല്‍ ഇനി നിര്‍ത്തുന്ന സ്റ്റേഷനില്‍ ഇറങ്ങാം. എന്നിട്ടു ബസ്സിനു കേറി തിരിച്ചു വിടാം. പറ്റിയ അക്കിടി എന്തിനാ വല്ലോരെയും വിളിച്ചറിയിക്കുന്നെ! ഞാന്‍ അവിടെയിരുന്നു. ഹല്ല പിന്നെ, തലയ്‌ക്കു മീതെ വെള്ളം വന്നാല്‍ അതിനുമീതെ ഹൗസ്‌ബോട്ട്!
രാജ് എവിടെയാണിറങ്ങിയത്? ഏതു വണ്ടിയാണു വൈകി വന്നത്? ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുക.
(ഇതും രണ്ടിലും മൂന്നിലും തീരില്ല...)
ആടിയാടിയും കുതിച്ചും പാളം വിറപ്പിച്ചു കൂകിപ്പായുന്ന വണ്ടി. തീവണ്ടി. അല്ല, കരണ്ടു വണ്ടി! ചേര്‍ത്തല കഴിഞ്ഞപ്പോള്‍ ഒന്നു മയങ്ങി. മുന്നോട്ടു കുനിഞ്ഞിരുന്ന് പിണച്ചു വെച്ച കൈകള്‍ക്കുമേലെ തല വെച്ച്. വണ്ടിയുടെ താളത്തില്‍ ഒരു താരാട്ടുതൊട്ടിലിലെന്നപോലെ.
ReplyDelete