Friday, December 23, 2011

വൈകിയെത്തിയ വണ്ടി - 5

ഴക്കാഴ്‌ചകളും കുസൃതികളുമായി ശനിയാഴ്‌ച പകല്‍ അസ്‌തമിക്കാനൊരുങ്ങി. ഭാഗ്യവശാല്‍ ഭാര്യാജി നേരത്തെ ജോലികഴിഞ്ഞെത്തി. ഭാര്യാജിയുടെ സഹോദരിയും മോനും ഭര്‍ത്താവ്‌ സജിക്കൊപ്പം വൈകിട്ടു ജോയിന്‍ ചെയ്‌തു.

പിറ്റേന്നു ഞായര്‍. ടൈറ്റ്‌ ഷെഡ്യൂള്‍ ഉള്ള ദിവസമാണ്‌. അതിന്‌? വീട്ടുസാധനം വാങ്ങാന്‍ നീണ്ട ഒരു കുറിപ്പടി കിട്ടി. നേരം ഇരുട്ടിയിട്ടും മഴയ്‌ക്കു കുറവൊന്നുമില്ല. കടയില്‍പോക്ക്‌ പിറ്റേന്നു നടക്കില്ല എന്നതിനാല്‍ ഇപ്പോള്‍ത്തന്നെ പോകാം എന്നും തീരുമാനിച്ചു. റെയിന്‍ കോട്ട്‌ ധരിച്ച്‌ അന്തിനേരത്ത്‌ സ്‌കൂട്ടറുമെടുത്തിറങ്ങി. പിന്നില്‍ കുടയും പിടിച്ച്‌ സജിയും ഉണ്ട്‌. നേരേ ഓച്ചിറയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്‌ നോക്കി വിട്ടു. പലചരക്കു സാമനങ്ങളിന്മേല്‍ പ്രകടമായ വിലവ്യത്യാസം ലഭിക്കുന്ന സ്ഥലമാണിതെന്നു നമ്മുടെ നാട്ടില്‍ പലര്‍ക്കും അറിയാത്തതു കൊണ്ടാണോ എന്തോ അര്‍ഹിക്കുന്ന പരിഗണന സര്‍ക്കാര്‍ തരുന്ന ഈ സൗകര്യത്തിനു നാം കൊടുക്കുന്നില്ല എന്നാണ്‌ എന്റെ നിരീക്ഷണം. കയ്യില്‍ റേഷന്‍ കാര്‍ഡ്‌ കൂടി ഉണ്ടെങ്കില്‍ വന്‍ ഇളവുകളാണു ലഭിക്കുക. വിലക്കയറ്റത്തെ പഴിപറഞ്ഞ്‌ ഉടനെ കുത്തക സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ വണ്ടിയെടുത്ത്‌ ഇനി കുതിക്കാനൊരുങ്ങുമ്പോള്‍ സര്‍ക്കാര്‍ ഒരുക്കുന്ന പൊതു വിതരണ സംവിധാനത്തെ ഒന്നു പ്രയോജനപ്പെടുത്തി നോക്കാന്‍ ഇതുവായിക്കുന്ന എല്ലാ ഭാര്യമാരോടും ഭര്‍ത്താക്കന്മാരോടും ഈവക ഭാരങ്ങള്‍ തലയിലായിട്ടില്ലാത്ത ചെറുപ്പക്കാരോടും അഭ്യര്‍ത്ഥിക്കുന്നു.

ലിസ്റ്റ്‌ വലുതായിരുന്നു എന്നാദ്യമേ സൂചിപ്പിച്ചല്ലോ. എസ്‌.ബി.ടി. എ.ടി.എമ്മില്‍ നിന്നു പണമെടുത്തു സപ്ലൈകോയിലെത്തി. വേണ്ടുന്ന സാധനങ്ങളെല്ലാം കുട്ടകളില്‍ നിറച്ചു ബില്ലടിച്ചു. ചെറിയ ഒരു പ്ലാസ്റ്റിക്‌ ചാക്ക്‌ കരുതിയിരുന്നു. അതില്‍ എല്ലാം നിറച്ചു. അരി മാത്രം അവിടെ നിന്നു കിട്ടിയില്ല. പൊതുവിപണിയുടേതില്‍ നിന്നും കിലോയ്‌ക്ക്‌ ഒന്നോ രണ്ടോ രൂപയെങ്കിലും വ്യത്യാസമുണ്ട്‌ സപ്ലൈകോയില്‍ അരിക്ക്‌. അതു മറ്റൊരു കടയില്‍ നിന്നു വാങ്ങി. സ്‌കൂട്ടറിന്റെ വിടവില്‍ ആദ്യം വാങ്ങിയ സാമാനങ്ങളും ഈ അരിയും കൂടി തിരുകിവെച്ചു. മൊത്തം ഒരു ഇരുപത്തഞ്ചു കിലോയെങ്കിലുമുണ്ട്‌, തിങ്ങിഞ്ഞെരുങ്ങി അതവിടെ ഇരുന്നപ്പോള്‍ വണ്ടിക്കു നല്ല 'സ്റ്റെബിലിറ്റി' ഉള്ളതായി അനുഭവപ്പെട്ടു.

അഗലാ കാര്യക്രം? മഴയാണ്‌, ടൂ വീലറാണ്‌, ആകെ നനഞ്ഞിട്ടുണ്ട്‌, തണുപ്പാണ്‌. ചൂടാക്കാനിത്തിരി മരുന്നു വാങ്ങാമെന്നു ക്ഷണനേരം കൊണ്ടാണു തീരുമാനമായത്‌. ഓച്ചിറയില്‍ വൃശ്ചികം പന്ത്രണ്ടിന്റെ ഉത്സവമാണ്‌. ആയതിനാല്‍ ബീവറേജ്‌ അവധി. എന്നാല്‍ ശരി ബാറില്‍ നിന്നു വാങ്ങാം ഐറ്റം എന്നു കരുതി അങ്ങോട്ടു വെച്ചു പിടിച്ചു. ബീവറേജ്‌ അവധിയായിരിക്കുന്ന ഡ്രൈ ഡേകളില്‍ ബാറിനായിട്ട്‌ എന്തോന്നിളവെന്ന്‌ ഞങ്ങളത്ര ചിന്തിച്ചില്ല. ബാറിന്റെ മതിലകത്തുകൂടി ക്രോസ്സ്‌ ചെയ്‌ത്‌ ഹൈവേയില്‍ കയറി. ഇനിയെന്തുവേണം എന്ന്‌ അല്‍പനേരം നിന്നാലോചിച്ചു. കായംകുളത്തോ കറ്റാനത്തോ പോയാല്‍ സാധനം കിട്ടും. വേണോ? ഒരു മടി. എന്തായാലും ആശിച്ചു, ഇനി നടത്തിയിട്ടു തന്നെ കാര്യം. വണ്ടി കായംകുളം ലക്ഷ്യമാക്കിപ്പോയി.

ഓച്ചിറയിലെ ദാഹമുള്ള ആള്‍ക്കാരെല്ലാം അവിടെ ഹാജരുണ്ട്‌. ആ ക്യൂവിന്റെ ഇങ്ങേത്തലയ്‌ക്കല്‍ നിന്നാല്‍ ഐറ്റം കിട്ടുമ്പോഴേക്കും അരമണിക്കൂറെങ്കിലും കഴിയും. കുട മടക്കി 'ഞാനൊന്നു നോക്കട്ടെ' എന്നു പറഞ്ഞു സജി ക്യൂവിനെ ലക്ഷ്യമാക്കി നീങ്ങി. ഇരുചക്രവാഹനങ്ങളുടെ ലോക്കല്‍ സമ്മേളനം നടക്കുന്ന അവിടെയിട്ട്‌ ആ സ്‌കൂട്ടറൊന്നു തിരിച്ചിടാന്‍ ഞാനൊന്നു കഷായിച്ചു. അല്‍പം കഴിഞ്ഞ്‌ സജി വന്നു, എന്തു സാധനമാ എടുക്കേണ്ടതെന്നും ചോദിച്ച്‌. തണുപ്പിനു നല്ലതു റമ്മായതു കൊണ്ട്‌ അതാവട്ടെയെന്നായി തീരുമാനം. ഉദ്ദേശം കാശും വാങ്ങി സജി വീണ്ടും ക്യൂവിലെങ്ങോ പോയി അലിഞ്ഞു. രണ്ടു മിനിറ്റു കഴിഞ്ഞില്ല, മുഖത്തൊരു വിടര്‍ന്ന ചിരിയും കയ്യില്‍ കുപ്പിയും മറുകയ്യില്‍ ബാക്കി പൈസയുമായി ഇഷ്‌ടന്‍ തിരിച്ചെത്തി. വ്യക്തിബന്ധങ്ങള്‍ മദ്യശാലയിലെ ക്യൂവിലും തുണയാകുന്ന സൗഹൃദത്തിന്റെ അനന്തമായ പ്രയോജനങ്ങളിലെ എഴുതപ്പെടാത്ത മറ്റൊരു ഏട്‌!

'അയ്യോ! ഒരു കാര്യം മറന്നു പോയി! ചിക്കന്‍ വാങ്ങണം!' ഇടയ്‌ക്ക്‌ വിളി വന്നപ്പോള്‍ ചിക്കന്‍ വാങ്ങിക്കുമോ എന്ന്‌ വീട്ടുകാരത്തി ചോദിച്ചിരുന്നു. വാങ്ങുമെന്നു ഞാനും പറഞ്ഞു. ഇനി വാങ്ങിക്കാതെ ചെല്ലാനും വയ്യ. കാരണം അവര്‍ സവാള അരിയാന്‍ തുടങ്ങിയിരിക്കുന്നു! രണ്ടുമൂന്നു കടകളില്‍ പരതിയിട്ടും കിട്ടാത്ത ചിക്കന്‍ ചന്തയിലെ ഒരു കടയില്‍ നിന്നും, അതും കടക്കാരനെ സമീപത്തു തന്നെയുള്ള വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുവന്നിട്ട്‌ വാങ്ങിച്ചു. അന്നുതന്നെ ചാകണമെന്നായിരുന്നു ആ കോഴിയുടെ വിധി. മഴ പിന്നെയും തുടര്‍ന്നു. റെയിന്‍ കോട്ടിനെ ഭേദിച്ച്‌ തുടയുടെ ഭാഗത്ത്‌ ലുങ്കി നനഞ്ഞൊട്ടി. അതു പിടിച്ചിടാന്‍ നോക്കിയപ്പോള്‍ നാലഞ്ച്‌ ഇഞ്ചു നീളത്തില്‍ 'ക്‌ര്‍..' എന്നങ്ങു കീറി. 'നാശം! എന്തു പഴന്തുണിയാണോ ആവോ!' ദേഷ്യം വന്നു. മഴയും ഇരുട്ടും മറ തന്നു. ഒരു ബെഡ്‌ഷീറ്റ്‌ വാങ്ങണമായിരുന്നു. അക്കൂട്ടത്തില്‍ ഒരു പുതിയ കാവി മുണ്ട്‌ വാങ്ങി. (എന്തോ, കാവിമുണ്ടിനോട്‌ എനിക്ക്‌ ഭയങ്കര ഇഷ്‌ടമാണ്‌. ഇപ്പോള്‍ ബാംഗ്ലൂരിലും നാട്ടിലും ഭാര്യവീട്ടിലും ഓരോ കാവിമുണ്ട്‌ ഉണ്ട്‌. ശബരിമല സീസണ്‍ ആയതിനാല്‍ വില അല്‍പം കൂടിയിട്ടുണ്ട്‌. അതേകാരണം കൊണ്ട്‌ എല്ലാ കടകളിലും നല്ല സ്റ്റോക്കും ഉണ്ട്‌.)

ഒടുക്കം ഈ ഓട്ടമെല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തിയപ്പോഴേക്കും മണി ഒന്‍പതാകാറായിരുന്നു. ചിക്കന്‍ വേകണം അത്താഴമുണ്ണാന്‍. അതിനിടെ ഓരോന്നു വീശി. നാളെ രതീഷിന്റെ കല്യാണമാണ്‌, ചങ്ങനാശ്ശേരിയില്‍ വെച്ച്‌. ഷര്‍ട്ടും മുണ്ടും തേച്ചിട്ടു. ഡബിള്‍ മുണ്ട്‌ നിവര്‍ത്തിയലക്കിയതിനാല്‍ മടക്കിയിട്ടപ്പോള്‍ കര തമ്മില്‍ ചേരാനല്‍പം പാട്‌. മാത്രവുമല്ല, രണ്ടു പാളികളും വെവ്വേറെ കിടക്കുന്നു, നിന്നോടു കൂട്ടില്ല എന്ന മട്ടില്‍. മോളുടെ പിറന്നാളിനുടുത്ത അതേ മുണ്ടാണ്‌. അലക്കിയതു മമ്മിയാവാനേ തരമുള്ളൂ എന്ന അനുമാനം ശരിയായിരുന്നു. ചെയ്‌തുകിട്ടിയ ഉപകാരത്തെ തള്ളിപ്പറയാന്‍ പാടില്ലാത്തതു കൊണ്ട്‌ 'ദയവു ചെയ്‌ത്‌ ഇനി ഇതലക്കുമ്പോള്‍ നിവര്‍ത്തിയിട്ട്‌ അലക്കല്ലേ' എന്നൊന്നു ഭാര്യാജിയെ ഓര്‍മ്മിപ്പിച്ചു. 'സാരിയാണെന്ന ഓര്‍മ്മയിലാരിക്കും അലക്കിയത്‌' എന്നൊരു ആത്മഗതത്തില്‍ ഉണ്ടായ കലിപ്പെല്ലാം ഒതുക്കി. അതിനിടെ ഒരു അഡീഷണല്‍ ടാസ്ക്‌ കൂടി വന്നു. ഭാര്യാജിയുടെ സാരി. നല്ല ചിക്കന്‍ കറി കിട്ടേണ്ടുന്നതു എന്റെ കൂടി ആവശ്യമായതിനാല്‍ മറുത്തൊരക്ഷരം പറയാതെ, വഴുതിവഴുതി മേശമേല്‍ ഉരുളുന്ന പട്ടുസാരിയെ ഒന്നുപോലും ശകാരിക്കാതെ... യു നോ! അതങ്ങു വെടിപ്പാക്കി. റഗുലര്‍ യൂസ്‌ മെഡിസിന്‍(RUM) ഉള്ളില്‍ കത്തിപ്പിടിക്കാന്‍ തുടങ്ങിയപ്പോള്‍ അത്താഴവും തയ്യാറായി. ചിക്കന്‍ കറിയില്‍ മസാല അല്‍പം ഏറിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ മുളകുപൊടി. ചക്കിക്കൊത്ത ചങ്കരനായി റമ്മും. അവരങ്ങനെ ഓരോ രക്തലോമികകളിലൂടെയും തണുപ്പിന്റെ കണങ്ങളെ അലിയിച്ചുകൊണ്ട്‌ ഒഴുകിത്തുടങ്ങി.

സംഭവബഹുലമായ ആ ശനിയാഴ്ച അങ്ങനെ വിടവാങ്ങി. അലസമായ ഒരു ഞായര്‍. മടങ്ങിപ്പോകാനുള്ള ദിവസം. രാവിലെ എഴുന്നേറ്റപ്പോള്‍ നേരം ഒന്‍പതര. ഭാര്യാജി വല്ലാതെ അലോസരപ്പെടുത്തിയില്ലായിരുന്നെങ്കില്‍ കുറെ നേരം കൂടി ഉറങ്ങാമായിരുന്നു! വൈകിട്ട്‌ പതിവുപോലെ കെട്ടും കെട്ടി കെ.എസ്‌.ആര്‍.ടി.സി.യുടെ ഗരുഡയ്‌ക്കു കായംകുളത്തു നിന്നും കയറി ഇങ്ങുപോന്നു.

**** **** ****

ടുത്ത യാത്ര ഡിസം. 9 നു ആണ്‌. ഞായറാഴ്‌ച (ഡിസം.11 ന്‌) ആണ്‌ കസിന്‍ രതീഷിന്റെ കല്യാണം. ചങ്ങനാശ്ശേരി തെങ്ങണ മഹാദേവക്ഷേത്രത്തില്‍ വെച്ച്‌. എറണാകുളത്തിനുള്ള സൂപ്പര്‍ എക്‌സ്പ്രസ്സ്‌ ബസ്‌ ഏറെക്കുറെ കാലിയായിരുന്നു യാത്രയ്‌ക്ക്‌ ഒരാഴ്‌ച മുന്‍പ്‌ ഞാന്‍ നോക്കുമ്പോള്‍. അതുകൊണ്ട്‌ ടിക്കറ്റ്‌ ബുക്കിംഗ്‌ പിന്നീടാകാമെന്നു കരുതി. പക്ഷേ പിന്നീടു നോക്കിയപ്പോള്‍ ആ വണ്ടി സൈറ്റില്‍ ലിസ്റ്റ്‌ ചെയ്യുന്നുപോലുമില്ല. ആ റൂട്ട്‌ നിര്‍ത്തലാക്കിയോ? ഒരു പിടിയുമില്ല. വേറെ ഒരു വാഹനത്തിലും തൃശൂരിനുപോലും സീറ്റുമില്ല. കുടുങ്ങിയല്ലോ മാതാവേ എന്നു കരുതി കല്ലടയുടെ സൈറ്റില്‍ നോക്കി. സമയം ഒക്കുന്ന പാകത്തില്‍ ഒരു വണ്ടിയില്‍ സീറ്റുണ്ട്‌. കയ്യോടെ ബുക്കുചെയ്യാന്‍ നോക്കിയെങ്കിലും തുടര്‍ച്ചയായി ട്രാന്‍സാക്‍ഷന്‍ ഫൈയിലായി.

ഹതാശനായി ഇരിക്കുമ്പോളാണ്‌ തിരുവനന്തപുരത്തിനുള്ള കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടിന്റെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ(ഐരാവത്‌ ക്ലബ്‌ ക്ലാസ്‌)യില്‍ ഒരു സീറ്റ്‌ മിച്ചം കാണുന്നത്‌. ആരോ കാന്‍സല്‍ ചെയ്‌തതാവണം. ഭാഗ്യവശാല്‍ അതെനിക്കു പറഞ്ഞുവെച്ചിരുന്ന സീറ്റായിരുന്നു. ശഠേന്നു ടിക്കറ്റ്‌ ബുക്കുചെയ്‌തു. ആ വെപ്രാളത്തില്‍ ഇറങ്ങേണ്ട സ്ഥലം കായംകുളത്തിനു പകരം എറണാകുളം എന്നു കൊടുത്തു. അല്‍പം സ്ലോ ആയിരുന്നെങ്കിലും നാലേമുക്കാലോടെ എറണാകുളത്തെത്തി. തിരുവനന്തപുരത്തിനുള്ള വല്ല സൂപ്പര്‍ ഫാസ്റ്റും ഉണ്ടോ എന്നു നോക്കി, ഒന്നും കണ്ടില്ല. ആയതിനാല്‍ കായംകുളം വരെ ഇതില്‍ത്തന്നെ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. കൂലി 151 രൂപ(ഓര്‍മ്മ ശരിയാണെങ്കില്‍). സൂപ്പര്‍ ഫാസ്റ്റിനു വെറും 71 രൂപ കൂലിയുള്ളപ്പോഴാണീ ആര്‍ഭാടത്തിനു ഞാന്‍ മുതിര്‍ന്നത്‌. എന്നിട്ടോ, യാത്രാ സമയത്തില്‍ വലിയ കുറവൊന്നും ഉണ്ടായുമില്ല. എട്ടുമണിയോടെ വീട്ടില്‍ച്ചെന്നു. പറയത്തക്ക മറ്റു സംഗതികളൊന്നുമില്ലാതെ ആ ദിവസം കടന്നുപോയി. നാളെ സകുടുംബം ചങ്ങനാശ്ശേരിയില്‍. രതീഷിന്റെ അവസാന ബാച്ചി രാത്രി. മണവാളനെ വിളിച്ച്‌ ആശംസകള്‍ നേര്‍ന്നു.

**** **** ****

കുഞ്ഞുകുട്ടിപരാധീനങ്ങളുമായി ഒരു വഴിക്ക്‌ ഒരുങ്ങിയിറങ്ങുക എന്നു പറഞ്ഞാല്‍, പ്രത്യേകിച്ചും ഭര്‍ത്താവിനേക്കാള്‍ സൗന്ദര്യവും സൗന്ദര്യബോധവും കൂടുതലുള്ളയാളാണു ഭാര്യയെങ്കില്‍(ഈ വാചകത്തിനു തളത്തില്‍ ദിനേശന്‍ കോംപ്ലക്‌സ്‌ അഥവാ ടി.ഡി.സി.യുമായി യാതൊരു ബന്ധവും ഇല്ല എന്നതു പ്രത്യേകം സൂചിപ്പിച്ചുകൊള്ളട്ടെ). പത്തിന്റെ ട്രെയിനാണു നോട്ടം. ഒന്‍പത്‌ നാല്‍പതായപ്പോള്‍ ഇറങ്ങി. പത്തിനു മുന്‍പേ സ്റ്റേഷനിലെത്തി. ഞാന്‍ സ്‌കൂട്ടര്‍പാര്‍ക്കു ചെയ്യുന്ന നേരംകൊണ്ട്‌ പോയി ക്യൂവില്‍ നിന്നോ എന്നു ഭാര്യയെ ചട്ടംകെട്ടി. പാര്‍ക്കു ചെയ്‌തിട്ട്‌ ചെന്നപ്പോള്‍ കക്ഷി ചങ്ങനാശേരിക്ക്‌ രണ്ട്‌ ജനറല്‍ ടിക്കറ്റും എടുത്ത്‌ നില്‍പാണ്‌. അക്കിടിയായല്ലോ എന്നോര്‍ത്തു. കാരണം ചെങ്ങന്നൂര്‍ സ്റ്റേഷന്‍ വഴിക്കാണ്‌. അയ്യപ്പന്മാര്‍ ഇടിച്ചു കയറും. ആ തിരക്കില്‍ ഈ കൊച്ചിനേം കൊണ്ട്‌...!!

വണ്ടി അല്‍പം താമസിച്ചാണു വന്നത്‌. പ്ലാറ്റ്‌ഫോമില്‍ നല്ല തിരക്ക്‌. കമ്പാര്‍ട്ട്‌മന്റ്‌ കണ്ടപ്പോള്‍ ഇനി അയ്യപ്പന്മാരെന്തിന്‌ എന്നൊരു ചോദ്യമാണു മനസ്സിലുയര്‍ന്നത്‌. അത്ര തിരക്കുണ്ട്‌. എന്തായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറാം എന്നുവെച്ചു. ഒരു വിധത്തില്‍ ഇടിച്ചു കയറി. മോളെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചു. തിരക്കിനിടയിലൂടെ നൂണ്ട്‌ ഒരുവിധം ഉള്ളിലെത്തി. ഇതിനിടെ കുഞ്ഞിനെ ശ്രദ്ധിക്കണം, ഭാര്യയെ സംരക്ഷിക്കണം, ഒതുങ്ങി നില്‍ക്കാന്‍ ആള്‍ക്കാരോടപേക്ഷിക്കണം, പോക്കറ്റടി ഉണ്ടാവാതെ പെണ്ണുമ്പിള്ളേടെ കയ്യിലെ ബാഗില്‍ ഒരു കണ്ണു വേണം, സര്‍വ്വോപരി സ്വന്തം മുണ്ട്‌ അരയില്‍ നിന്നു പോകാതെ നോക്കണം. എല്ലാത്തിനുമായി മനസ്സും ശരീരവും വീതിച്ചുനല്‍കി, വാതിലിനും ടോയ്‌ലറ്റിനുമിടയില്‍ തിങ്ങി നിന്നവരില്‍ ചിലരുടെ അനുഭാവപൂര്‍വ്വമുള്ള സഹകരണം കൊണ്ട്‌ ഞങ്ങള്‍ കമ്പാര്‍ട്ട്‌മെന്റിന്റെ മദ്ധ്യഭാഗത്തെത്തി. ശ്വാസം വിടാനും സ്വസ്ഥമായി നില്‍ക്കാനും അവിടെ എന്തായാലും സ്ഥലമുണ്ട്‌.

ഒരു മണിക്കൂര്‍ ഈ നില്‍പു തുടരണം. ഹൊസൂര്‍ മുതല്‍ സേലം വരെ നാലേകാല്‍ മണിക്കൂറും, വെളുപ്പിനെ കട്ടപ്പന മുതല്‍ കാഞ്ഞിരപ്പള്ളി വരെ മൂന്നു മണിക്കൂറും ബസ്സില്‍ നിന്നു യാത്ര ചെയ്‌തു പരിചയമുള്ള എനിക്ക്‌ ഒരിക്കലും ഇതൊരു ബുദ്ധുമുട്ടേ അല്ല. കുഞ്ഞിനെ മാറി മാറി എടുക്കുകയുമാവാം. പക്ഷേ, അല്‍പം കഴിഞ്ഞപ്പോള്‍ മോള്‍ കരയാന്‍ തുടങ്ങി. അമ്മയുടെ കയ്യിലിരുന്നേ മതിയാവൂ. ഓകേ, അങ്ങോട്ടു വിട്ടു. പിന്നെയിങ്ങോട്ടു വരാന്‍ പുള്ളിക്കാരിക്കു താല്‍പര്യമേയില്ല. വിഷമവൃത്തത്തിലായതു രേവതി. എന്തായാലും അവിടത്തെ സീറ്റിലിരുന്ന ഒരു ചേട്ടന്‍ അവര്‍ക്ക്‌ ഇരിപ്പിടം നല്‍കി. തന്റെ ചുറ്റും നില്‍ക്കുന്ന അപരിചിതരെ സാകൂതം വീക്ഷിച്ചും ഇടയ്‌ക്കൊക്കെ തൊട്ടുതലോടിയും 'ഇതെങ്ങാട്ടപ്പാ ദീപ്പോണേ' എന്നൊരു ഭാവത്തോടെ താളത്തിലാടി തന്റെ കന്നിത്തീവണ്ടിയാത്ര ആസ്വദിച്ചു. ഈ ഒരു മണിക്കൂര്‍ യാത്രയെപ്പറ്റി ഒരുപാടു പറയേണ്ടതുണ്ട്‌, നിങ്ങള്‍ക്കു ബോറാകില്ലെങ്കില്‍.

കുറിപ്പ്‌: ശരിക്കും വൈകി വന്ന വണ്ടി നവംബര്‍ 26 നു ഞാന്‍ കായംകുളത്തു വന്ന ഇന്‍സ്റ്റര്‍സിറ്റി എക്‌സ്പ്രസ്സ്‌ ആണ്‌. ആ വൈകല്‍ അത്രയേറേ വലിയ ഒരു വൈകല്‍ ആണോ എന്നെനിക്ക്‌ അറിയില്ലെങ്കിലും അന്നത്തെ എന്റെ പിരിമുറുക്കവും അങ്കലാപ്പും നല്‍കിയ ഒരു വിഭ്രാന്തികൊണ്ട്‌ ഇപ്പോഴും അതൊരു വൈകലായി മാത്രമേ എനിക്കു കാണാന്‍ സാധിക്കുന്നുള്ളൂ. അതു ചിലപ്പോ എന്റെ ഒരു വൈകല്യമാ‍യിരിക്കാം.

പിന്നീടു ഡിസംബര്‍ മാസം ആദ്യം നടത്തിയ യാത്രയിലും വണ്ടികളുടെ വൈകലുള്ളതുകൊണ്ട്‌ മറ്റൊരു പരമ്പരയാക്കാതെ ഞാന്‍ ആ യാത്രയിലേക്കു നേരിട്ടുകടക്കുകയാണ്‌ ഇതേ പോസ്റ്റില്‍ നിന്നും. ഈ പോസ്റ്റ്‌ പ്രസിധീകരി‍ച്ചിട്ട്‌ പിന്നീടു വരുത്തിയ മാറ്റമാണ്‌ ഇതെന്ന്‌ അറിയിച്ചുകൊള്ളുന്നു.

No comments: