Friday, December 30, 2011

വൈകിയെത്തിയ വണ്ടി - 6

തിജീവനം, അതു പ്രതിബന്ധങ്ങള്‍ എത്ര തന്നെ വലുതായാലും ചെറുതായാലും, ആ കഴിവ്‌ ആര്‍ജ്ജിച്ചെടുക്കാന്‍ മനുഷ്യരെ പര്യാപ്‌തരാക്കുന്നത്‌ മുഖ്യമായും അവരുടെ ജീവിതസാഹചര്യങ്ങളാണ്‌. താരതമ്യേന ഈസി ആയ പ്രകൃതിസാഹചര്യങ്ങളില്‍ ജീവിച്ചുവന്നതിനാലും ആയാസകരമായ പ്രവൃത്തികള്‍ ചെയ്‌തുശീലമില്ലാത്തിനാലും ഇപ്പോഴത്തെ ഈ ട്രെയിന്‍ യാത്ര പോലെയുള്ള സാഹചര്യങ്ങള്‍ ഭാര്യാജിയെ അല്‍പം പിന്നോട്ടടിക്കാറുണ്ട്‌. ഇവിടെയും അതു തന്നെ സംഭവിച്ചു. ഒപ്പം സ്ത്രീസഹജമായ അശക്തിയും. സ്വന്തം സീറ്റു വിട്ടുകൊടുക്കാന്‍ തയ്യാറായ ആ ചേട്ടനില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ആകെ കഷ്‌ടത്തിലായേനെ.

മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ അല്‍പമധികനേരം വണ്ടി നിര്‍ത്തിയിട്ടു. പത്തുപേര്‍ ഇറങ്ങുമ്പോള്‍ കയറുന്നത്‌ ഇരുപത്തഞ്ചുപേരാണ്‌. അതും വാതില്‍പ്പടിയില്‍ വരെ ആളുകള്‍ തിങ്ങി നിറഞ്ഞ കോച്ചില്‍. അകത്തിടമില്ല എന്നു പറഞ്ഞ്‌ കയറാന്‍ വരുന്നവരെ വാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ നിരുത്സാഹപ്പെടുത്തുന്നതു കേള്‍ക്കാമായിരുന്നു. തിങ്ങിഞ്ഞെരുങ്ങാന്‍ തുനിഞ്ഞിറങ്ങിയവര്‍, സ്ത്രീകളുള്‍പ്പടെ, തള്ളിക്കയറുന്നുണ്ടായിരുന്നു. ചിലരാകട്ടെ അകത്തു കയറിയപ്പോള്‍ മാത്രം മുന്‍പു കേട്ട ഉപദേശത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ട്‌ പുറത്തിറങ്ങാന്‍ ശ്രമിച്ചു. ഒടുക്കം അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയായി. പിന്നെ സഹിക്ക്യ തന്നെ എന്നു കരുതി ഇറങ്ങാന്‍ മുതിര്‍ന്നില്ല. ഭാര്യാജിയും മോളും എന്തായലും സ്വസ്ഥമായി ഒരിടത്തിരിക്കുകയാണ്‌. അതിനാല്‍ തിരക്ക്‌ അവരെ അധികം അലട്ടുന്നില്ല. അത്രയെങ്കിലും സമാധാനം.

ഉത്തരേന്ത്യന്‍ ഗ്രാമീണരുടെ മട്ടും ഭാവവുമുള്ള ഏതാനും വൃദ്ധര്‍ ഞാന്‍ നിന്നതിനു സമീപമുള്ള സീറ്റുകളില്‍ വല്ലവിധേനയും ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും തന്നെ അറുപതുകളില്‍ നില്‍ക്കുന്നവരാവണം. എനിക്കു മനസ്സിലാകാത്ത ഏതോ ഭാഷയാണ്‌ അവര്‍ സംസാരിക്കുന്നത്‌. എന്നാല്‍ത്തന്നെയും ഇടയ്‌ക്കെല്ലാം പരിചയമുള്ള ചില ഹിന്ദി വാക്കുകള്‍ അവര്‍ ഉപയോഗിക്കുന്നതു കേട്ടു. പാളത്തിനിരുവശവും തരിശുകിടക്കുന്ന നിലങ്ങളിലേക്കും ജലസമൃദ്ധിയൊഴുകുന്ന പുഴകളിലേക്കുമെല്ലാം കണ്ണുപായിച്ചുകൊണ്ട്‌ എന്തെല്ലാമോ അഭിപ്രായങ്ങള്‍ അവര്‍ പങ്കുവെച്ചു. കൃഷിചെയ്യാതെ സ്ഥലമൊക്കെ ഇങ്ങനെ ഇട്ടേക്കുന്നതിനെക്കുറിച്ചാ അവര്‍ പറയുന്നതെന്ന് ഒപ്പം നിന്നിരുന്ന ഒരു ചേട്ടന്‍ എന്നോടു പറഞ്ഞു. ഒരു പരിധിവരെയേ ആ വാക്കുകളെ ഞാന്‍ വിശ്വസിച്ചുള്ളൂ. ആറേഴുപേരുണ്ട്‌ ആ സംഘത്തില്‍. കുര്‍ത്തയും ദോത്തിയുമാണു മിക്കവരുടെയും വേഷം. ഒപ്പം തന്നെ കാണപ്പെട്ട നാലഞ്ചു പേരടങ്ങുന്ന യുവാക്കളുടെ ഒരു സംഘം സംസാരം കൊണ്ട്‌ ഇക്കൂട്ടത്തില്‍പ്പെട്ടവരാണെന്നു തോന്നിച്ചു. എന്നാല്‍ മുഷിഞ്ഞതെങ്കിലും ടിഷര്‍ട്ടും ട്രാക്‌ പാന്റ്‌സും കയ്യിലെ ടച്ച്‌സ്ക്രീന്‍ ഫോണും സോണി ഹാന്‍ഡിക്യാമുമെല്ലാം അവരെ ഈ സീനിയര്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ടു നിര്‍ത്തി. ഒരച്ചായന്‍ ആ ഇരിപ്പിലിരുന്ന്‌ തന്റെ കുപ്പായം ഊരി. അതിനുള്ളില്‍ ഇപ്പോ ഊരിയതു പോലെ വേറൊരെണ്ണം. അതും പുള്ളി ഊരി. ഉള്ളി പൊളിച്ചപോലെ അതിനുള്ളില്‍ കോളറില്ലാത്തത്‌ ഒന്നു കൂടി. എന്റെ അടുത്തു നിന്നിരുന്ന ചേട്ടനും ഞാനും അറിയാതെ പരസ്‌പരം നോക്കി, കണ്ണിറുക്കി. അച്ചായന്‍ ഇതൊക്കെ ചെയ്യുന്നത്‌ സീറ്റിലിരുന്നുകൊണ്ടുതന്നെയാണ്‌, മൂപ്പരോടൊപ്പം മറ്റൊരാള്‍ കൂടി ഇരിക്കുന്ന സിംഗിള്‍ സീറ്റിലിരുന്ന്‌. തീര്‍ന്നില്ല, ആ കുപ്പായം കൂടി ഊരി. അതിനുള്ളില്‍ തവിട്ടു നിറമുള്ള തുണികൊണ്ടു തയ്ച്ച ബനിയന്‍ പോലെ കയ്യില്ലാത്ത ഒരുടുപ്പ്‌! 'ചുമന്നോണ്ട്‌ നടക്കാന്‍ പറ്റാഞ്ഞിട്ട്‌ എല്ലാം കൂടി ഇട്ടോണ്ട്‌ നടക്കുവാ', 'കുളീം നനേം ഒന്നുമില്ലാത്ത പാര്‍ട്ടികളാണെന്നാ തോന്നുന്നെ' എന്നെല്ലാം ഞാനും സഹയാത്രികനും അടക്കം പറഞ്ഞു. ഒരു പരിചയവുമില്ലാത്ത ഒരാളോട്‌ ട്രെയിന്‍ യാത്രകളില്‍ നാം മുഖവുരകളില്ലാതെ സംസാരിച്ചു തുടങ്ങും എന്ന കേട്ടറിവുമാത്രമുള്ള സത്യം ഞാന്‍ അനുഭവിച്ചു. അച്ചായന്‍ തുടര്‍ന്ന് രണ്ടാമതു ഊരിയ കുപ്പായം ആ 'അടിവസ്ത്ര'ത്തിനു മേലേധരിച്ച്‌ മിച്ചം വന്ന രണ്ടു പീസും ചുരുട്ടിക്കൂട്ടി കയ്യിലെടുത്തു. സീറ്റിന്റെ ഒരു കോണില്‍ കാലുറപ്പിച്ചു കയറി നിന്ന്‌ തട്ടില്‍ വെച്ചിരിക്കുന്ന ഒരു ബാഗ്‌ കഷ്‌ടപ്പെട്ടു വലിച്ചു നീക്കി സിപ്‌ തുറന്ന്‌ അതിനുള്ളില്‍ തിരുകിക്കയറ്റി. ബാഗിന്റെ അകത്തളങ്ങളിലെവിടെയോ നിധിപോലെ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കുപ്പി വെള്ളമെടുത്തുകൊണ്ട്‌ താഴെയിറങ്ങി. അതില്‍ കുറെ കുടിച്ചു. ഒപ്പമിരുന്നയാളും എതിര്‍വശത്തിരുന്നയാളും വെള്ളം കുടിച്ചു.

ആ, എതിര്‍വശത്തിരുന്ന വിദ്വാന്റെ കാര്യം പറഞ്ഞില്ലല്ലോ. മൂപ്പരും എതാണ്ടാ ക്ലാസ്സ്‌ തന്നെ, മുന്‍പത്തെ കാര്‍ന്നോരടെ അത്ര പ്രായം വരില്ല, പാന്റ്‌സ്‌ ആണുവേഷം. മേലെ മുഷിഞ്ഞതെന്നു പ്രത്യേകം പറയേണ്ടതില്ലാത്ത കുര്‍ത്ത. ഞാന്‍ അവിടെ നില്‍പ്‌ തുടങ്ങിയപ്പോള്‍ പാന്‍ പരാഗ്‌ പോലെ എന്തോ അയാള്‍ ചവച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ അതു തുപ്പിക്കളഞ്ഞിട്ട്‌, കയ്യിലിരുന്ന കിഴി പോലെ തോന്നിക്കുന്ന തുണികൊണ്ടുള്ള ഒരു കൊച്ചു സഞ്ചി അയാള്‍ തുറന്നു. അതില്‍ കളിയടയ്‌ക്ക പോലെയുള്ള എന്തോ സാധനം ഉണ്ടായിരുന്നു. അലസമായി പുറത്തേക്കു നോക്കിയിരുന്ന് അയാള്‍ അതു തിന്നാന്‍ തുടങ്ങി. അയാളുടെ ഇടതുവശത്തെ സീറ്റിന്റെ ഇങ്ങേയറ്റത്തുള്ള ആള്‍ക്ക്‌ അപ്പോള്‍ അനക്കം വെച്ചു. തീരെ മര്യാദകെട്ട രീതിയില്‍ അയാള്‍ തന്റെ മുട്ട്‌ മടക്കി ആ അഴുക്കുപിടിച്ച കാല്‍പാദം സ്വന്തം സീറ്റിലെടുത്തുവെച്ചു. അഞ്ചുപേര്‍ ഇരിക്കുന്ന സീറ്റിന്റെ അറ്റത്തിരുന്നാണ്‌ ഈ സര്‍ക്കസ്സുകളി. 'എന്തൊരു മനുഷ്യരാ ഇത്‌' എന്ന കഷ്‌ടം നിറഞ്ഞ ഒരു നോട്ടം എതിര്‍വശത്തിരിക്കുന്ന ഭാര്യാജിയില്‍ നിന്നും എന്നെത്തേടിവന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ അയാളും മുന്‍പത്തെ കാര്‍ന്നോര്‍ എണീറ്റപോലെ തന്നെ ഇരിപ്പിടത്തില്‍ നിന്നു പൊങ്ങി. മുകളിലെ തട്ടില്‍ രണ്ട്‌ അയ്യപ്പന്മാര്‍ ഇരിപ്പുണ്ട്‌, ഇടയില്‍ അവരുടെ ഭാണ്ഡങ്ങളും(അതിന്റെ എതിര്‍വശത്തെ തട്ടില്‍ രണ്ട്‌ അയ്യപ്പന്മാര്‍ ഇരുവശത്തേക്കും തലവെച്ച്‌ കള്ളയുറക്കത്തില്‍). ഇങ്ങേയറ്റത്ത്‌ ഒരു ബാഗ്‌ വെച്ചിട്ടുണ്ട്‌. കാര്‍ന്നോര്‍ അതില്‍ നിന്നും ഒരു പ്ലാസ്റ്റിക്‌ കവര്‍ ബദ്ധപ്പെട്ട്‌ വലിച്ചെടുത്തു. മിക്‌സ്‌ചര്‍ പോലെ എന്തോ ലോക്കല്‍ മറുനാടന്‍ വിഭവമായിരുന്നു അതില്‍. ഒരു അരക്കിലോ കാണും. അയാളതു പൊട്ടിച്ച്‌ തന്റെ സംഘാംഗങ്ങള്‍ക്കു നല്‍കി. ഇരു കൈത്തലങ്ങളും പാത്രം പോലെ ചേര്‍ത്തു പിടിച്ച്‌ ഒന്നു രണ്ടുപേര്‍. മറ്റു രണ്ടുപേരാകട്ടെ തങ്ങളുടെ മേല്‍മുണ്ടിന്റെ ഒരു തല നീട്ടിപ്പിടിച്ചു. എല്ലാവര്‍ക്കും ഒന്നുരണ്ടു പിടിവീതം പലഹാരം നല്‍കി. മുണ്ടില്‍ നിന്നും കയ്യില്‍ നിന്നുമായി ഓരോരുത്തരും അതു കൊറിച്ചുകൊണ്ടിരുന്നു. 'ഇവനൊക്കെ തിന്നാന്‍ മാത്രമാണോ വണ്ടിയില്‍ കേറുന്നത്‌?' ഞാന്‍ ചിന്തിച്ചുപോയി. അവരാകട്ടെ മറ്റാരെയും ഗൗനിക്കാതെ താന്താങ്ങളുടെ ലോകങ്ങളില്‍ മുങ്ങി.

നില്‍പ്പും തിരക്കും ചുറ്റും തിങ്ങി നില്‍ക്കുന്ന അസ്വസ്ഥതയും എന്നെ ബോറടിപ്പിച്ചു, അല്ല, ട്രെയിനിനു വേഗം പോരെന്നു തോന്നിപ്പിച്ചു. കന്യാകുമാരി മുതല്‍ മുംബൈ സി.എസ്‌.ടി. വരെ പോകുന്ന ആ ട്രെയിനില്‍ ചങ്ങനാശ്ശേരി വരെയല്ലേ ഞാനുള്ളൂ എന്നതായിരുന്നു എന്റെ ഏക ആശ്വാസം.

ചെങ്ങന്നൂര്‍ ആയിരുന്നു ശരിയായ തിരക്ക്‌. പ്ലാറ്റ്‌ഫോമില്‍ മത്തിയടുക്കിയപോലെയാണു സ്വാമിമാര്‍ കിടക്കുന്നത്‌. തിരക്കിട്ടും കലപിലകൂട്ടിയും ഒറ്റയ്‌ക്കും കൂട്ടായും നീങ്ങുന്നവര്‍ വേറെ. വിയര്‍പ്പിന്റെയും നെയ്യിന്റെയും അഴുക്കിന്റെയും തീക്ഷ്‌ണഗന്ധം പേറുന്ന സ്വാമിമാര്‍. വ്രതനിഷ്‌ഠകളില്‍ പറയുന്ന രണ്ടുനേരം കുളിയും വൃത്തിയുള്ള വസ്ത്രവും ഇവരില്‍ കാണുക ദുര്‍ലഭം. വണ്ടി നിര്‍ത്തിയപ്പോള്‍ ചക്കപ്പഴത്തില്‍ ഈച്ച പൊതിയുന്നതുപോലെയാണു ജനം അടുത്തത്‌. പക്ഷേ അതില്‍ പാതിയേ കയറിയുള്ളോ എന്നു സംശയിച്ചു വണ്ടി പുറപ്പെട്ടപ്പോള്‍. ഞാന്‍ നിന്നിരുന്ന ബോഗിയില്‍ പ്രധാനമായും രണ്ടു സംഘങ്ങളാണു കയറിയത്‌. ഒരു കൂട്ടര്‍ രണ്ടായിപ്പിരിഞ്ഞ്‌ മുന്നിലെയും പിന്നിലെയും വാതിലിലൂടെ അകത്തു കയറിപ്പറ്റി. മുന്നില്‍ നിന്നു കയറിയ ഒരു വിദ്വാന്‍ നടുക്കു വന്ന് പിന്നിലെ വാതിലിലൂടെ കയറിയവരെ അയാള്‍ നില്‍ക്കുന്നിടത്തേക്കു വിളിച്ചു. വാതില്‍ക്കലും ഇടനാഴിയിലുമായി കൂടി നില്‍ക്കുന്നവരുടെ ഇടയിലൂടെ അവര്‍ക്ക്‌ കൂട്ടാളി നില്‍ക്കുന്നിടത്തേക്കു വരാനാവുന്നില്ല. രണ്ടുപേര്‍ എങ്ങനെയൊക്കെയോ എത്തി. സീറ്റിനു മുകളിലെ ബാഗിരിക്കുന്നയിടമാണ്‌ അയാളുടെ നോട്ടം. സ്വയം അങ്ങോട്ട്‌ പ്രതിഷ്‌ഠിക്കാനുള്ള ആദ്യപടിയായി അവിടെയിരുന്ന ബാഗ്‌ അയാല്‍ അല്‍പം അകത്തേക്കു തള്ളിവെച്ചു. അതിനപ്പുറം ഇരുന്ന സ്വാമിമാര്‍ ഇരുവരും അതിനെ അനങ്ങാതെ അവിടെത്തന്നെ ഇരുന്നുകൊണ്ടു പ്രതിരോധിച്ചു. ചെങ്ങന്നൂര്‍ സ്വാമി അല്‍പം കൂടി ബലമായി തള്ളി. ഇരുന്ന സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ടില്ല. ആദ്യം ഒരു നോട്ടം. പിന്നെ ഒറ്റവാക്കില്‍ എന്തോ ഒരു പറച്ചില്‍. തെലുങ്കോ കന്നടയോ എന്തോ! എന്തായലും താഴത്തെ സ്വാമി ആഞ്ഞു തള്ളി. മേലേത്തെ സ്വാമി 'എന്താടോ ഈ കാണിക്കുന്നത്‌? ഇവിടെങ്ങും ഇടമില്ല' എന്നു പറഞ്ഞിരിക്കണം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവര്‍ തമ്മില്‍ വാഗ്വാദമായി. എതിര്‍ത്തട്ടിലെ ഉറക്കസ്വാമികളും മേലേത്തെ സ്വാമികളുടെ പക്ഷം പിടിച്ചു. അതിനപ്പുറത്തെ തട്ടിലെ സ്വാമികളും ഇടയ്‌ക്കുള്ള വലമറയിലൂടെ പിന്തുണയേകി. ചുരുക്കത്തില്‍ ആകെ ബഹളം. താഴത്തെ സ്വാമി വലിഞ്ഞങ്ങു കയറാനും തുടങ്ങി. മോന്തയ്‌ക്കു തേമ്പുമെന്ന ഘട്ടം വരെ തര്‍ക്കം മൂര്‍ച്‌ഛിച്ചു. ഇവിടെ കാല്‍ കുത്താനിടമില്ലാതെ നാട്ടുകാര്‍ നില്‍ക്കുമ്പോള്‍ സ്വാമിമാര്‍ തമ്മില്‍ ഇരിപ്പിടത്തിനു വഴക്ക്‌. അവിടെ ഇടപെടാന്‍ തൊട്ടപ്പുറത്തു നിന്ന ഒരു കൗമാരക്കാരന്‍ ധൈര്യം കാട്ടി. 'മിണ്ടാതിരിയെടാ അവിടെ!' എന്നവന്‍ ഒച്ചപ്പാടുണ്ടാക്കുന്നവരോട്‌ ആക്രോശിച്ചു. അതിലൊന്നും അടങ്ങിയില്ല വഴക്കിടുന്നവര്‍. ചെറുക്കന്‍ നനായങ്ങു റെയ്‌സായി. 'ഡാ... മിണ്ടാതിരിക്കാന്‍ നിന്നോടല്ലേ പറഞ്ഞത്‌?' അനന്തരം ഇപ്പുറത്തെ തട്ടിലിരുന്നു താഴത്തെ സ്വാമിയോട്‌ കയര്‍ക്കുന്നവന്മാരോട്‌ 'നീയെവിടെപ്പോവാ, അവിടിരിയെടാ!' എന്നലറി. ഇത്രയുമായപ്പോള്‍ മറ്റു യാത്രക്കാരും ഇടപെട്ടു. 'അലമ്പുണ്ടാക്കതെടാ!' പല ദിക്കില്‍ നിന്നും ശാസനകള്‍. ഇതിനിടെ നമ്മടെ അച്ചായന്റെ ബാഗ്‌ താഴെ വീഴാറായി. അങ്ങേര്‍ തന്നെ അതങ്ങെടുത്തു. അത്രയും സ്ഥലം ഒഴിവായപ്പോള്‍ താഴത്തെ സ്വാമി മേലോട്ട്‌ കേറി. അയാള്‍ അവിടിരുന്നു അല്‍പം അകലെ നില്‍ക്കുന്ന ആരേയോ ഉച്ചത്തില്‍ വിളിച്ചെന്തോ പറയുനു. ഭാണ്ഡം തരാനോ, അങ്ങാട്ടു ചെല്ലാനോ മറ്റോ ആയിരിക്കണം. 'സീറ്റു കിട്ടിയല്ലോ, താനിനി അവിടെ മിണ്ടാതിരി' എന്നു പയ്യന്‍സ്‌ അയാളെയും ശാസിച്ചു വായടപ്പിച്ചു. സംഗതി അല്‍പം കാടത്തം ആയിരുന്നെങ്കിലും പയ്യന്‍സിന്റെ നടപടി എനിക്കെന്തായാലും ഇഷ്‌ടപ്പെട്ടു. പക്ഷേ അവന്റെ മട്ടും ഭാവവും കൊള്ളാനും കൊടുക്കാനും തയ്യാറായ മാതിരി ആയിരുന്നു. ബാക്കിയുള്ളവന്‍ ഇവിടെ നേരാംവണ്ണം നിന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുമ്പോളാ സ്വാമിമാര്‍ തമ്മില്‍ ഇരിക്കാനായി ഉടക്ക്‌. ഈ വിഷയത്തില്‍ പലപക്ഷം ഉണ്ടാവാം. എന്തയാലും രംഗം തണുത്തു. ചെങ്ങന്നൂര്‍ സ്വാമി അടുത്തുവന്ന കൂട്ടാളിക്കളുടെ കയ്യില്‍ നിന്നും സഞ്ചിയും ഭാണ്ഡവുമൊക്കെ വാങ്ങി വലകൊണ്ടുള്ള വേലിയില്‍ കെട്ടിയിട്ടു.

തിരുവല്ലയില്‍ നിന്നും ആളു പിന്നെയും കയറി. ചങ്ങനാശ്ശേരിയില്‍ ഇറങ്ങാന്‍ ആളധികം ഉണ്ട്‌. അകത്തേക്കു വരാന്‍ വാതില്‍ക്കല്‍ തിരക്കുകൂട്ടുന്നവരെ അവിടെയുള്ളവര്‍ തന്നെ തടഞ്ഞു. 'അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനാളുണ്ട്‌, അപ്പോ സ്ഥലം കിട്ടും. തല്‍ക്കാലം അവിടെത്തന്നെ നില്ല്‌.' ആ തിരക്കിനിടയിലും എന്റെ പിന്നില്‍ നിന്നിരുന്ന ഒരുവന്‍ ഫോണിലൂടെ തന്റെ 'സുഹൃത്തിനെ' അവിടേക്കു വിളിച്ചുവരുത്തി. പിന്നെ അവനും അവളും ചേര്‍ന്നുനിന്നു ലോകകാര്യം പറയാന്‍ തുടങ്ങി. എനിക്കിത്രയും മനസ്സിലായി - അവള്‍ അവനെ എറണാകുളത്തിനു ചെല്ലാന്‍ നിര്‍ബന്ധിക്കുകയാണ്‌. 'അനിയാ സൂക്ഷിച്ചോണേ' എന്നവനെ ഞാന്‍ മനസ്സുകൊണ്ട്‌ ഉപദേശിച്ചു.

വണ്ടി ചങ്ങനാശ്ശേരി അടുക്കാറായി. അടുത്തു നിന്നിരുന്ന ഒരു സ്വാമി എന്നോട്‌ എവിടെയാണിറങ്ങുന്നതെന്നു ചോദിച്ചു. ഭാര്യാജി ഇരിക്കുന്ന സീറ്റില്‍ അയാള്‍ക്കു നോട്ടമുണ്ടെന്നു ഞാന്‍ ഊഹിച്ചു. 'ചങ്ങനാസ്സരിയാ? കൊട്ടായമാ?' എന്നിങ്ങനെ അയാള്‍ എന്നോട്‌ ആരാഞ്ഞു. ഞാന്‍ അവ്യക്തമായി ഒന്നു തലയാട്ടിയതല്ലാതെ കൃത്യമായ ഒരു മറുപടി അയാള്‍ക്കു കൊടുത്തില്ല. രേവതിക്കു സീറ്റു നല്‍കിയ ആ മനുഷ്യന്‍ അപ്പോഴും അവിടെ നില്‍പ്പാണ്‌. അയാള്‍ക്ക്‌ ആ സീറ്റ്‌ തിരികെ നല്‍കേണ്ടതു നമ്മുടെ ചുമതലയല്ലേ? ഞാന്‍ ആ ചേട്ടനെ വിളിച്ചിട്ടു രഹസ്യമായി ഞങ്ങളുടന്‍ ഇറങ്ങുമെന്നും ഇരുന്നോളാനും പറഞ്ഞു. സ്റ്റേഷനെത്തുന്നതിനും അല്‍പം മുന്‍പേ, രേവതിയെ ഒന്നാംഗ്യം കാണിച്ചപ്പോള്‍ അവളെഴുന്നേല്‍ക്കാനൊരുമ്പെട്ടു. ആ നല്ലമനുഷ്യന്‍ പറഞ്ഞു, 'ഇരുന്നോളൂ, ഇപ്പഴേ എഴുന്നേല്‍ക്കണ്ട.' സ്റ്റേഷനായാല്‍ തിരക്കു കൂടുമെന്നും വാതില്‍ക്കലേക്കു നീങ്ങിനില്‍ക്കാനുമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ രേവതി എഴുന്നേറ്റപാടെ അദ്ദേഹം ആ സ്ഥാനം വീണ്ടെടുത്തു. നന്ദിനിറഞ്ഞ ഒരു പുഞ്ചിരിയോടെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. കയറിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇടിയാണ്‌ ഇടനാഴിയില്‍. എന്റെ മുന്നില്‍ നില്‍ക്കുന്നവരും അവിടെത്തന്നെ ഇറങ്ങാനുള്ളവര്‍. അതിനാല്‍ അങ്ങനെ തന്നെ നില കൊണ്ടു. വണ്ടി നിന്നു. ഞെരുങ്ങാതെയും എങ്ങും തട്ടാതെയും മുട്ടതെയും മോളെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചു. ഭാര്യാജിയെ മുന്നില്‍ നടത്തി. വഴിക്കു നിന്നവരോട്‌ ഒതുങ്ങിത്തരാന്‍ ആവശ്യപ്പെട്ടു. വാതില്‍ക്കല്‍ നില്‍ക്കുന്നതു പെണ്‍കുട്ടികളാണ്‌, അഞ്ചാറുപേര്‍. അവരവിടെ പാറ പോലെ നില്‍ക്കുകയാണ്‌, ഒന്നിറങ്ങി നിന്നാല്‍, അല്ലെങ്കില്‍ പറ്റാവുന്നപോലെ ഒന്നൊതുങ്ങിനിന്നാല്‍ എന്താണു കുഴപ്പം? അനങ്ങാതെ നില്‍പാണ്‌. ഇറങ്ങാനും പറ്റുന്നില്ല അനങ്ങാനും പറ്റുന്നില്ല. അതിനിടെ കയറാനുള്ളവര്‍ അതിനൊരുമ്പെടുന്നു. പിന്നാലെ വരുന്നവരുടെ തള്ളല്‍ വേറെ. ഇത്തവണ റെയ്‌സായതു ഞാനായിരുന്നു. പ്രദേശം കിടുങ്ങുന്ന കാര്‍ക്കശ്യത്തോടെ വഴിവിടാന്‍ പറഞ്ഞു. കൈ നീട്ടി കയറാന്‍ വന്നവരെ തടഞ്ഞു. പടിയില്‍ അപ്പോഴേക്കും കയറിക്കഴിഞ്ഞവരെ നിര്‍ബ്ബന്ധിച്ചും ആജ്ഞാപിച്ചും ഇറക്കിനിര്‍ത്തി. ഒട്ടൊക്കെ മാറ്റമുണ്ടായി. ബീ ദ ചേഞ്ച്‌ യു വാണ്ട്‌ ടു സീ എന്നാണല്ലോ. അതുകൊണ്ട്‌ തുറന്നുവെച്ച വാതിലിനും അവിടെ കൂടി നിന്നവര്‍ക്കും ഇടയിലൂടെ വല്ലവിധേനയും വഴുതിയിറങ്ങി. ഒരു വാഗണ്‍ ട്രാജഡിയില്‍ നിന്നു രക്ഷപ്പെട്ട പ്രതീതിയായിരുന്നു അപ്പോള്‍.

മോള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയിരുന്നു. അവള്‍ക്കു വല്ലതും പറ്റിയോ എന്ന്‌ വെറുതേ ഭയന്നു. ബഹളവും തിരക്കും അസ്വസ്ഥയാക്കിയതാണ്‌. ഒരല്‍പം കൊഞ്ചിക്കലും തുറസ്സായ സ്ഥലവും കാറ്റും അവളെ വേഗം സാന്ത്വനിപ്പിച്ചു. തേച്ചു വെടിപ്പാക്കിയ ഷര്‍ട്ടും മുണ്ടും(ഓ! അതവിടെത്തന്നെയുണ്ട്‌!) നനഞ്ഞ തൂവാല പോലെയായി. അങ്ങനെയൊന്നും എന്റെ മുണ്ട്‌ പോവില്ല എന്ന ആത്മവിശ്വാസം ഒരു പടികൂടി കയറിനിന്നു. എന്നിട്ട്‌ അതുറപ്പിക്കാനായി ഒന്നുകൂടി അഴിച്ചുകുത്തി. പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയ്‌ക്കു താഴെ ഒരു ബെഞ്ചില്‍ അല്‍പനേരം സ്വസ്ഥമായിരുന്നു. രേവതിയുടെ സാരിയുടെ മുന്‍ഭാഗത്ത്‌ രണ്ടിഞ്ചോളം നീളത്തില്‍ കീറിയത്‌ അപ്പോഴാണു ശ്രദ്ധയിപ്പെട്ടത്‌. രണ്ടാമത്തെ ഉടുക്കലില്‍ തന്നെ അതുകീറിയല്ലോ എന്ന സങ്കടവും, ഞാനായിട്ട്‌ സമ്മാനിച്ച സാരിയാണല്ലോ എന്ന ഓര്‍മ്മയും വണ്ടിയിലെ തിരക്കിനോടുള്ള അമര്‍ഷവും ഒരു നിമിഷത്തേക്ക്‌ എന്നെ ഭ്രാന്തനാക്കി. 'ഡോറിലെങ്ങാനും ഉടക്കിക്കീറിയതാവും' എന്നു താഴ്‌ന്ന സ്വരത്തില്‍ പറഞ്ഞും 'ഇതൊക്കെ ചാര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണ്ടേ?' എന്ന ദേഷ്യവും നിരാശയും കലര്‍ന്ന ചോദ്യത്തെ തൊണ്ടയ്‌ക്കു താഴെവെച്ചു കൊന്നും ഞാനതില്‍ നിന്നു മുക്തനായി. വെള്ളം കുടിച്ചു. മോള്‍ക്ക്‌ ആഹാരം നല്‍കി. മുഖം കഴികിച്ചു. കണ്ണെഴുതിച്ചു, പൗഡറിട്ടു. ഉടുപ്പുമാറ്റി. വളയും മാലയുമണിയിച്ചു. ക്ഷീണമെല്ലാം മാറി അവള്‍ മിടുക്കിയായപ്പോള്‍ എന്റെ ഉള്ളും നിറഞ്ഞു.

അപ്പോള്‍ നേരം പതിനൊന്നര. പന്ത്രണ്ടു മണിയോടെ വിവാഹസ്ഥലത്തെത്തി. മുഹൂര്‍ത്തം ഒരുമണിക്കായിരുന്നതു കൊണ്ട്‌ ആദ്യം ശാപ്പാട്‌, പിന്നെ കെട്ട്‌ എന്നതായിരുന്നു ക്രമം. ഏതാണ്ട്‌ മൂന്നു വര്‍ഷംകൂടിയാണു രതീഷിനെ കാണുന്നത്‌. എല്ലാം മംഗളമായി നടന്നു. രതീഷിന്‌ തൃക്കൊടിത്താനംകാരി സൗമ്യ ജീവിതസഖിയായി. താലികെട്ടിയ നിമിഷം എന്റെ ക്യാമറയുടെ കൃത്യം മുന്നിലേക്ക്‌ ഏതോ ഒരുവന്‍ മൊബൈലും നീട്ടിപ്പിടിച്ചു നിന്നതിനാല്‍ കെട്ടിന്റെ ദൃശ്യം കാണണമെങ്കില്‍ ഫോട്ടോയില്‍ പതിഞ്ഞ മൊബൈലിന്റെ സ്ക്രീനിലേക്കു നോക്കണമെന്നു വന്നു!

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'