Friday, March 03, 2017

"മതത്തേൽ കേറി ചൊറിയരുത്!"

ഒരു വൈദികൻ അത്യന്തം മ്ലേച്ഛമായ ഒരു പീഡനക്കേസിൽ പിടിക്കപ്പെട്ടു. സോളാറും ലോ അക്കാഡമിയും നടിയെ ആക്രമിക്കലും കഴിഞ്ഞ് ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സെ‌ൻസേഷണൽ വിഭവം ഇതാണല്ലോ. വൈദികസമൂഹം മുഴുക്കനെ പീഡകരാണെന്നോ മറ്റോ ഒരു തെറ്റിദ്ധാരണ പടരാൻ അതിടയാക്കിയോ? സോഷ്യൽമീഡിയയിലും മറ്റ് മതാധിഷ്ഠിത കൂട്ടംചേരലുകളിലും അങ്ങനെയുള്ള പ്രചാരണത്തിനെതിരേയുള്ള വികാരപ്രകടനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും വന്നുകാണുന്നു.

ഒരാൾ പിഴ ചെയ്യുമ്പോൾ അവരുടെ വർഗ്ഗത്തെ അപ്പാടെ കുറ്റക്കാരാക്കുന്നത് നമ്മുടെ ഒരു തെറ്റായ രീതിയായിപ്പോയി. ഈ സാമാന്യവൽക്കരണം നമ്മുടെ മാധ്യമങ്ങളും സമൂഹവുമൊക്കെ അന്നും ഇന്നും ചെയ്തു പോരുന്നതാണ്. നാം ആദരവോടെ കാണുന്ന പുരോഹിത സമൂഹം ഒന്നാകെ അടച്ചാക്ഷേപിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്ക് വേദന തോന്നിയെങ്കിൽ അത്ഭുതമില്ല. പക്ഷേ അതോടൊപ്പം ഇനിപ്പറയുന്ന കാര്യങ്ങളുംകൂടി ഒന്ന് ആലോചിച്ചു നോക്കണം.

ഒരു രാഷ്ട്രീയ പ്രവർത്തകൻ അഴിമതി കാട്ടുമ്പോഴും ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുമ്പോഴും ഒരു സിനിമാ നടി അനാശാസ്യത്തിനു പിടിക്കപ്പെടുമ്പോഴും ഒരു‌ സെലിബ്രിറ്റി ഡിവോഴ്സാകുമ്പോഴും ഒരു യൂണിയൻ തൊഴിലാളി തല്ലുകൂടുമ്പോഴും അതാത് വർഗ്ഗം അടച്ചാണ് പഴികേൾക്കുന്നതും നാണം കെടുന്നതും. അല്ലേ?

രാഷ്ട്രീയക്കാരെല്ലാം ഒരു വക അഴിമതിക്കാര്‍,
സർക്കാർ ഉദ്യോഗസ്ഥർ ആരാ കൈക്കൂലി വാങ്ങാത്തത്,
സിനിമയിൽ കേറിയാൽ പെണ്ണുങ്ങൾ പെഴച്ചൂന്നു കൂട്ടിയാൽ മതി,
വെല്യവെല്യ ആൾക്കാർക്ക് കുടുംബ ജീവിതത്തിനു വല്ല വിലയുമുണ്ടോ,
ലോഡിങ്‌കാരുടെയത്ര ചന്തകൾ വേറേയുണ്ടോ‌
എന്നിങ്ങനെയുള്ള കമന്റുകളെല്ലാം നമ്മൾ അന്നും ഇന്നും പറയുന്നതാണ്.

നമ്മുടെ വീട്ടിൽ ഒരാൾ തലതെറിച്ചുപോയാൽ കുടുംബത്തിന്റെ മാനം പോയെന്ന് നമ്മൾ വിലപിക്കാറുണ്ട്. അതായത് ഒരാൾ ചെയ്യുന്ന കൊള്ളരുതായ്മ അയാൾ ഉൾപ്പെടുന്ന പ്രതിനിധീകരിക്കുന്ന സമൂഹത്തെകൂടി‌ ബാധിക്കുന്നുണ്ട് എന്നത് അംഗീകരിച്ചേ മതിയാകൂ.
സത്യസന്ധമായി ജോലി ചെയ്യുന്നവരെ അഴിമതിക്കാരായും മാർക്കറ്റിൽ അധ്വാനിച്ച് മാന്യമായി കുടുംബം പോറ്റുന്നവരെ തനി ചന്തയായും നാം വെറുതെയങ്ങ് മുദ്രകുത്തിയിട്ടില്ലേ?
ബൈക്കിൽ ചീറിപ്പായുന്ന ഫ്രീക്കന്മാരെല്ലാം കഞ്ചാവും മയക്കുമരുന്നും ആണെന്ന് ഒരു ധാരണ നമുക്കില്ലേ?
നാട്ടിലെ ഓട്ടോക്കാർ എല്ലാം വായ്നോക്കികളാണെന്ന് നമ്മളും കരുതിയിരുന്നതല്ലേ?
ഒറ്റപ്രാവശ്യം മോശം ഭക്ഷണം ലഭിച്ചതിന്റെ പേരിൽ ആ ഹോട്ടലിൽ ഒരിക്കലും നല്ല ഭക്ഷണം കിട്ടുകയില്ല എന്നു നാം വിധിയെഴുതാറില്ലേ?
ഒരു യാത്രയിൽ ഡ്രൈവർ കാട്ടിയ ഒന്നുരണ്ട് പിഴയുടെ പേരിൽ അവനു വണ്ടിയോടിക്കാനേ അറിയില്ല എന്നു നാം അടച്ചു പറഞ്ഞിട്ടില്ലേ?
ദുഷ്പേരു കേൾപ്പിച്ച ആൾക്കാരെ അവൻ/അവൾ ലോക'ഡാഷാ'ണെന്ന് ഒരു മയവും ഇല്ലാതെ നമ്മൾ വെച്ചുകാച്ചിയിട്ടില്ലേ?
ഒത്തിരി മിടുക്കരുള്ള ഒരു ക്ലാസ്സിലെ വിരലിലെണ്ണാവുന്ന തെമ്മാടികളുടെ പേരിൽ അതൊരു‌ കുഴപ്പം പിടിച്ച ക്ലാസാണെന്ന് നമ്മുടെ എത്രയോ അധ്യാപകർ വിധിയെഴുതിയിട്ടുണ്ടാവും?

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ... ഈ‌ സാമാന്യവൽക്കരണം പുരോഹിതരുടെ കാര്യത്തിലും സംഭവിച്ചു. എല്ലാവരുടെയും പേരു‌കളയാൻ എല്ലാവരും ചീത്തയാവണമെന്നില്ല.

ഒരു വിഭാഗത്തെ അടച്ചു കുറ്റപ്പെടുത്തുമ്പോൾ അവരിൽ ഉൾപ്പെട്ട നല്ലവരായ ആൾക്കാർക്കും എത്ര വേദനിച്ചിട്ടുണ്ടാവും എന്നോർക്കാൻ ഈ സംഭവം കാരണമാവട്ടെ.

മതത്തിലും പുരോഹിതന്മാരിലും മാത്രമല്ല എല്ലാ വിഭാഗം ആളുകളിലും നല്ലവരും അല്ലാത്തവരും ഉണ്ട്. അടച്ചാക്ഷേപിക്കപ്പെടുമ്പോൾ നീറുന്ന ഹൃദയം എല്ലാ മനുഷ്യർക്കുമുണ്ട്. അതു മനസ്സിലാക്കാതെ, സ്വന്തം മതമോ മതത്തിന്റെ ആളുകളോ മാത്രം പ്രതിസ്ഥാനത്ത് വരുമ്പോൾ പൊട്ടുന്ന കുരുവിന് ചികിൽസ പ്രത്യേകം ചെയ്തേ മതിയാകൂ.