Thursday, August 19, 2010

അന്തോണിയുടെ സ്വാഗതപ്രസംഗം

"നീയാ നോട്ടീസൊന്നൂടെ വായിച്ചേ" അന്തോണി ഇളയപുത്രന്‍ ആഭാസ്‌കുമാറിനോട്‌ പറഞ്ഞു.

അടുക്കളയില്‍ തേങ്ങാച്ചമ്മന്തിക്ക്‌ മുളക്‌ ചുട്ടുകൊണ്ടിരുന്ന അച്ചാമ്മ പിറുപിറുത്തു. "ഇങ്ങേര്‍ക്കിത്‌ എന്തിന്റെ കേടാ? ഇതിപ്പോ മൂന്നാമത്തെ തവണയാ ആ ചെക്കനെക്കൊണ്ട്‌ നോട്ടീസ്‌ വായിപ്പിക്കുന്നെ. ഇങ്ങനെയുണ്ടോ ഒരു.."

"നീ മിണ്ടാതിരിയെഡീ..!" അതൊരു ആജ്ഞയായിരുന്നു. ആഭാസ്‌കുമാര്‍ നോട്ടീസ്‌ വായിച്ചു.

"വള്ളിക്കെട്ടുപാറ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു. പി. സ്കൂള്‍ രജതജൂബിലി ആഘോഷവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും

ബഹുമാന്യരെ, വള്ളിക്കെട്ടുപാറയുടെ തിലകക്കുറിയായ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്കൂള്‍ രൂപീകൃതമായിട്ട്‌ മഹത്തായ ഇരുപത്തഞ്ച്‌ വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വിവരം അറിവുള്ളതാണല്ലോ. നമ്മുടെ നാടിന്റെ അക്ഷരദീപമായ വിദ്യാലയം രജതജൂബിലി എന്ന നാഴികക്കല്ലു പിന്നിടുന്ന ഈ അവസരം സമുന്നതമായി കൊണ്ടാടാന്‍ മാനേജ്‌മെന്റും അദ്ധ്യാപക രക്ഷകര്‍തൃസമിതിയും സംയുക്തമായി തീരുമാനിച്ചിരിക്കുന്നു. രണ്ടായിരത്തൊമ്പത് ജനുവരി മാസം മുപ്പതാം തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌ ഒന്നു മുപ്പതിന് സ്കൂള്‍ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ രജതജൂബിലി ആഘോഷങ്ങളും സ്മാരകമന്ദിര ഉദ്ഘാടനവും നടത്തപ്പെടുന്നതാണ്‌. നമ്മുടെ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ റവ..... “

"ആ... മതി, മതി." അന്തോണി ഇടയ്ക്കു കയറി. "ഇനി നീയാ 'കാര്യപരിപാടി' എന്ന ഭാഗം വായിച്ചേ..!"

"കാര്യപരിപാടി.. ഒന്നു മുപ്പത്‌ പി.എം. ഈശ്വരപ്രാര്‍ഥന... സ്വാഗത പ്രസംഗം... ശ്രീ ആന്റണി വേലിക്കല്ലില്‍ ബ്രായ്ക്കറ്റില്‍ പി.റ്റി.എ. പ്രസിഡന്റ്‌..."

കേട്ട പാടെ അന്തോണി കസേരയില്‍ ഒന്നു ഞെളിഞ്ഞിരുന്നു. ആഭാസ്‌ വായന തുടര്‍ന്നു...

"അദ്ധ്യക്ഷ പ്രസംഗം ശ്രീ. കെ. വി. ഇട്ടിയവിരാ, സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍.. ജൂബിലി ദിന സന്ദേശം - റവ. ഫാ..."

"ആ... മതി മതി!" അന്തോണി വീണ്ടും ഇടയ്ക്കു കയറി. "നിനക്കു പഠിക്കാനൊന്നുമില്ലേ? പോയിരുന്നു വല്ലോം പഠിക്കെടാ.. അവന്റെ ഒരു നോട്ടീസു വായന!"

അനന്തരം അന്തോണി ഒരു ബീഡിക്കു തീ കൊളുത്തി അത്താഴത്തിനുള്ള വിളിക്ക്‌ കാതോര്‍ത്ത്‌ ചാരുകസേരയില്‍ മലര്‍ന്നു കിടന്നു.

**** **** ****

"എന്നാ മനുഷേനെ, ഇതു വരെ ഉറങ്ങിയില്ലേ? നിങ്ങക്കിതെന്നാ പറ്റി? "

പാതിരാ കഴിഞ്ഞിട്ടും കിടക്കയില്‍ ഉരുണ്ടുകളിക്കുന്ന കാന്തനെ നോക്കി അച്ചാമ്മ പ്രണയപൂര്‍വ്വം ചോദിച്ചു.

"അല്ലെടീ, ഞാനോര്‍ക്കുവാരുന്നു..."

"എന്നതാ ഇച്ചായാ..? നന്ദിനിപ്പശൂന്റെ പേറിന്റെ കാര്യമാണോ? അതിനിനി ഒരാഴ്ചകൂടി എടുക്കും!"

"ശ്ശെ, അതല്ലെടീ മൂശേട്ടേ.. എന്നാലും ആ ഒരു പറച്ചിലു വേണ്ടാരുന്നു."

"എന്നതാ മനുഷേനേ..? ഒന്നു തെളിച്ചുപറ."

"ആ തിലകന്‍ പ്രയോഗമേ, നോട്ടീസിലെ! അതൊരു സുമാറില്ലാത്ത വാക്കായിപ്പോയി. ആ സിലുമാ ഭ്രാന്തന്‍ എബി സാറാ നോട്ടീസടിക്കാന്‍ കൊടുത്തത്‌. അപ്പൊഴേ തോന്നിയതാ അവനെന്തേലും എടങ്ങേറൊപ്പിക്കുമെന്ന്‌. അവന്റെ ഒരു തിലകനും സംയുക്തേം!"

"ദേ.. എന്റെ വായീന്നു നല്ലതു കേക്കണ്ടങ്കി വേഗം കെടന്നൊറങ്ങിക്കോ!! ഇതിയാന്റെ ഒരു തിലകന്‍!"

**** **** ****

മൈക്കിലൂടെ അനൗണ്‍സ്‌മന്റ്‌ മുഴങ്ങി: "യോഗനടപടികളില്‍ ഇനി സ്വാഗത പ്രസംഗം. അതിനായി പൗരപ്രമുഖനും സര്‍വ്വോപരി അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റുമായ ശ്രീ. ആന്റണി വേലിക്കല്ലില്‍-നെ വേദിയിലേക്ക്‌ ക്ഷണിച്ചുകൊള്ളുന്നു..."

സൈഡ്‌ കര്‍ട്ടനു പിന്നില്‍ നിന്ന അന്തോണി പോലും അപ്പോഴാണറിഞ്ഞത്‌, താന്‍ പൗരപ്രമുഖനാണെന്ന്. അച്ചാമ്മ തേച്ചു മിനുക്കിയ ക്രീം കളര്‍ ടെര്‍ലിന്‍ ഷര്‍ട്ടും പോളിസ്റ്റര്‍ ഡബിള്‍ മുണ്ടും ഉടുത്ത ശ്രീമാന്‍ അന്തോണി വിറതാങ്ങിയുടെ(പ്രസംഗപീഠം) അടുത്തെത്തി. മൈക്കിന്റെ കഴുത്തിനു പിടിച്ചൊന്നു പൊക്കി.

"കൂ......................ഉം...."

ആള്‍ക്കാരല്ല, മൈക്കാണു കൂവിയത്‌. ഒന്നു ശങ്കിച്ചെങ്കിലും വേദിയിലുള്ള വി.ഐ.പികളെയും സദസ്സിന്റെ ഇടയില്‍ ഓറഞ്ചു നിറത്തിലുള്ള സാരി ധരിച്ച്‌ കാതു കൂര്‍പ്പിച്ചിരിക്കുന്ന പ്രിയതമയെയും കണ്ടതോടെ അന്തോണിയുടെ ടെന്‍ഷന്‍ മാറി. ഒന്നു മുരടനക്കി ആശാന്‍ നല്ല ബാസില്‍ തന്നെ ആരംഭിച്ചു...

"വേദിയിലിരിക്കുന്ന വിശിഷ്ടാതിഥികളേ, സദസ്സിലുള്ള നാട്ടുകാരേ, പ്രിയപ്പെട്ട വിദ്യാര്‍ഥീ വിദ്യാര്‍ഥിനികളേ...

വള്ളിക്കെട്ടുപാറ സ്കൂളിന്റെ രശത ജൂബിലി ആഗോഷങ്ങള്‍ക്കുവേണ്ടിയാണ്‌ നാം ഇവിടെ കൂടിയിരിക്കുന്നത്‌. നമ്മുടെ നാട്ടിലെ അനേകമനേകം കുട്ടിഗള്‍ഖ്‌ അറിവിന്റെ അക്ഷരാമൃതം പകര്‍ന്നു കൊഡുത്തിട്ടുള്ള ഒരു ഒരു അക്ഷയ ഖനിയാണീ വിധ്യാലയം. ആകയാല്‍ ഈ സമ്മേളനത്തില്‍ സ്വാഗതം പറയാന്‍ എനിക്കു കിട്ടിയ ഈ അവസരം വളരെ വിലപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. "

എന്നിട്ട്‌ അന്തോണി സ്റ്റേജിലിരിക്കുന്ന സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഇട്ടിയവിര സാറിന്റെ മുഖത്തേക്കൊന്നു നോക്കി. 'കൊള്ളാം, നല്ല തുടക്കം' എന്ന് അദ്ദേഹം തലയാട്ടി.

'ദേ, രജത ജൂബിലി സ്മാരക മന്ദിരം എന്നു മാത്രമേ പ്രസംഗത്തില്‍ പറയാവൂ. 'കഞ്ഞിപ്പെര' എന്നു മിണ്ടിപ്പോയേക്കരുത്‌. പിന്നെ അരമനേന്നു പൈസ കുമുകുമാന്നു തന്നതുകൊണ്ടാ ഇതൊക്കെ ഒപ്പിക്കാനായത്‌. മെത്രാനെ നല്ലോണം ഒന്നു പുകഴ്ത്തിയേക്കണം. അല്ലെങ്കി പിതാവ്‌ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ്‌ ഉടനെ സ്ഥലം വിടും. മെത്രാന്‍ വന്നതു കൊണ്ടാ ഇത്രേം അമ്മച്ചിമാരും പെണ്ണുങ്ങളും വന്നേക്കുന്നത്‌. അതോര്‍ത്തോണം!' ഹെഡ്‌മാസ്റ്ററുടെ വാക്യങ്ങള്‍ അന്തോണിയുടെ തലയില്‍ അലയടിച്ചു.

"...ആദ്യമായി സ്വാഗതം ആശംസിക്കുന്നത്‌ യോഗാധ്യക്ഷന്‍ ബഹുമാന്യനായ നമ്മുടെയെല്ലാം എഡ്‌മാഷ്‌ ശ്രീ ഇട്ടിയവിരാ സാറിനാണ്‌..."

"... ഇട്ടിയവിരാ സാറിനെക്കുറിച്ചു പറയുകയാണെങ്കില്‍, ഈ വിധ്യാലയത്തിനെ നന്മയ്ക്കും ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരാള്‍. അച്ചടക്കവും ചിട്ടയായ പഠനവുമാണ്‌ നല്ല വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കുന്നത്‌ എന്നദ്ദേഹം എപ്പോഴും പറയാറുണ്ട്‌. അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിനുള്ള നിഷ്കര്‍ഷ എനിക്ക്‌ എന്റെ മകന്‍ മുഖേന അറിവുള്ളതാണ്‌. ബഹുമാന്യനായ ഇട്ടിയവിര സാറിനെ ഞാന്‍ ഈ വേദിയിലേക്ക്‌ സ്വാഗതം ചെയ്തു കൊള്ളുന്നു."

ബലേ ഭേഷ്‌. നിലയ്ക്കാത്ത കയ്യടി. അന്തോണി സാറിനെ ഒന്നു പാളി നോക്കി, സാര്‍ സദസ്സിനു നേരേ കൈ കൂപ്പി. സ്കൂള്‍ ലീഡര്‍ നീന പൗലോസ്‌ സാറിനു പൂച്ചെണ്ട്‌ നല്‍കി. മുന്‍നിരയില്‍ ഇരുന്ന് അക്കുത്തിക്കു കളിക്കുന്ന പയ്യന്മാരുടെ നേരെ സാര്‍ കയ്യോങ്ങി.

"... അടുത്തതായി സ്വാഗതം ആശംസിക്കേണ്ടുന്നത്‌ നമ്മുടെയിടയിലേക്ക്‌ ഇന്നു കടന്നു വന്ന് ഈ വേദിയെ അനുഗ്രഹീതമാക്കിയ ആരാധ്യനായ രൂപതാ മെത്രാനാണ്‌. "

അന്തോണിയുടെ പാളി നോട്ടം. പിതാവ്‌ ഞാനിതെത്ര കേട്ടിരിക്കുന്നു എന്ന ഭാവത്തില്‍ ഇരിക്കുന്നു.

"നമുക്കെല്ലാവര്‍ക്കും അറിയാം, നമ്മുടെ ഇടവകയുടെയും സ്കൂളിന്റെയുമൊക്കെ കാര്യത്തില്‍ തിരുമേനിക്കുള്ള താല്‍പര്യം."

അരമനയില്‍ നാലുതവണ പോയിട്ടാണ്‌ പുള്ളിയെ ഒന്നുകാണാന്‍ കൂടി ഒത്തത്‌ എന്ന വിവരം പ്രാസംഗികന്‍ വിഴുങ്ങി.

"വന്ദ്യ പിതാവ്‌ ആദ്യം തന്നെ പറഞ്ഞു, ഈ ഇടവകയിലെ കുഞ്ഞാടുകളുടെ കാര്യത്തില്‍ തനിക്ക്‌ അങ്ങേയറ്റം താല്‍പര്യമുണ്ട്‌. ആയതു കൊണ്ട്‌, എത്രയും വേഗം ജൂബിലി സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം. പിന്നീടും പല അവസരങ്ങളില്‍ അതിനായിട്ട്‌ ഞങ്ങള്‍ സമീപിച്ചപ്പോഴെല്ലാം നിറഞ്ഞ സ്നേഹത്തോടെയേ വന്ദ്യപിതാവ്‌ ഞങ്ങളെ സ്വീകരിച്ചിട്ടുള്ളൂ..."

ആദ്യമുണ്ടായിരുന്ന ബാസൊക്കെ പോയെങ്കിലും അന്തോണി കത്തിക്കയറി.

"വന്ദ്യപിതാവിനെക്കുറിച്ച്‌ കൂടുതലായിട്ടു പറയുവാണെങ്കില്‌, അദ്ദേഹത്തിനു നമ്മുടെ രൂപതയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള താല്‍പര്യം പ്രസിദ്ധമാണ്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, തൊള്ളായിരത്തി എണ്‍പത്തി ഒന്‍പതില്‍, അദ്ദേഹം പിതാവാകുന്നേനൊക്കെ വളരെ മുന്നേ, അദ്ദേഹം നമ്മുടെ കൊച്ചുഗ്രാമത്തില്‍ വരികയും അന്നു ശൈശവ ദശയിലായിരുന്ന ഈ സ്കൂളിന്റെ പ്രവര്‍ത്തനം കണ്ട്‌ തൃപ്തനായി മടങ്ങുകയും ചെയ്തിട്ടുള്ളതാണ്‌. അന്നു മുതല്‍ ഇവിടുത്തെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വന്ദ്യപിതാവിനുള്ള സത്വരശ്രദ്ധ ഞാന്‍ ഓര്‍മ്മിച്ചുപോവുകയാണ്‌."

സദസ്സില്‍ അങ്ങിങ്ങു അടക്കിയ ചിരികള്‍ പൊട്ടുന്നതു അന്തോണി അറിഞ്ഞു. 'ഹെയ്‌, ഞാന്‍ കാരണം ആയിരിക്കില്ല' എന്നു കരുതി പ്രസംഗം വര്‍ദ്ധിതവീര്യത്തോടെ തുടര്‍ന്നു.

"വന്ദ്യപിതാവിന്റെ ഈ ഇടവകയിലെ കുഞ്ഞുങ്ങളോടുള്ള നിസ്വാര്‍ഥ സ്നേഹത്തിന്റെ പ്രതീകമായി ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കെട്ടിടം മാറും എന്നതില്‍ തര്‍ക്കമില്ല. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി പ്രത്യേകം പ്രസ്താവ്യമാണ്‌."

അന്തോണി പിതാവിന്റെ ഐശ്വര്യം തുളുമ്പുന്ന മുഖമൊന്നു കാണാനായി തല തിരിച്ചു. മെത്രാന്‍ ദാണ്ടെ പാവയ്ക്കാനീരു കുടിച്ചപോലത്തെ മുഖഭാവത്തോടെ ഇരിക്കുന്നു!

"അഭിവന്ദ്യപിതാവ്‌ രൂപതയിലുടനീളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ നാടിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമായി മാറുമെന്ന് എനിക്കു സംശയമില്ല..."

സദസ്സിലെ ചിരി ഒന്നു കൂടി പരന്നു. ഏതാണ്ടെല്ലാവരുടെയും മുഖത്ത്‌ ഒരു ആക്കിയ ചിരി കാണാം. കണ്‍ഫ്യൂഷിതനായ അന്തോണി ഇട്ടിയവിരാ സാറിനെ ഒന്നു ചാഞ്ഞു നോക്കി.

തല ചെരിച്ച്‌ താടി തന്റെ നേരേ നീട്ടിയെറിഞ്ഞ്‌ സാര്‍ തുടര്‍ന്നോളാന്‍ ആംഗ്യം കാട്ടി. എന്നാല്‍ 'വേഗം തീര്‍ത്തിട്ടു പോടോ' എന്നാണ്‌ സാര്‍ ഉദ്ദേശിച്ചതെന്നു പാവം അന്തോണിക്കു മനസ്സിലായില്ല.

"...ആകയാല്‍ ഇനി മേലിലും ഇന്നാട്ടിലെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭാസ മേഖലകളില്‍ വന്ദ്യപിതാവിന്റെ... "

പിന്നില്‍ നിന്ന് ആരോ തോണ്ടിയതിനാല്‍ അന്തോണിയുടെ കോണ്‍സണ്ട്രേഷന്‍ തെറ്റി. നോക്കുമ്പോ ഇട്ടിയവിരാ സാര്‍. സാറിന്റെ മുഖം ആപ്പിള്‍ പോലെ തുടുത്തിരിക്കുന്നു. "എന്നാ സാറേ??"

"എടോ കാലമാടാ, ഇനിയെങ്കിലും മെത്രാനെ 'വന്ധ്യപിതാവ്‌' എന്നു വിളിക്കുന്നതൊന്നു നിര്‍ത്തെടോ!!!"

"കൂ...................ഉം.." മൈക്കും നാട്ടുകാരും ഒന്നിച്ചു കൂവി.

Thursday, August 05, 2010

ബ്ലോഗര്‍ മാട്രിമോണി ഡോട്‌ കോം

കശാപ്പുകാരന്‍ വിലപറയുന്നതിനു മുന്‍പ്‌ മാടിനെ നോക്കുന്നതുപോലെ എന്റെ കസിനെ അയാള്‍ നോക്കി. 'എന്തോരു മനുഷ്യനാടോ ഇയാള്‍, ആളെ കണ്ടിട്ടില്ലാത്തു പോലെ ഇത്ര നോക്കാന്‍?' ചോദിക്കണമെന്നുണ്ടായിരുന്നു. അരുണിന്റെ മുഖത്തെ അങ്കലാപ്പും അസ്വസ്ഥതയും എനിക്കു വായിച്ചെടുക്കാമായിരുന്നു. പെണ്ണിന്റെ അപ്പന്‍ മിലിട്ടറിക്കാരനാണ്‌. കേട്ടപ്പോഴേ ഇതു വല്ല കൂതറകേസും ആയിരിക്കുമെന്ന്‌ ഞാന്‍ പറഞ്ഞതാ.

"ചുമ്മാ ഇരിക്കാതെ ഇതൊക്കെ എടുത്തു കഴിക്ക്‌.." ഇങ്ങേരടെ ഒരു സൗണ്ട്‌! ഞാന്‍ വീണ്ടും ഞെട്ടി. ആദ്യം ഞെട്ടിയത്‌ 10 മിനിറ്റ്‌ മുന്‍പായിരുന്നു. അല്‍പം എയറൊക്കെ എടുത്തു പിടിച്ച്‌ സുസ്മേരവദനരായി അരുണിനെ ഒപ്പം നടത്തി ഗേറ്റ്‌ കടന്നു വന്ന വരവിന്‌ കൂട്ടില്‍ കിടന്ന അല്‍സേഷ്യന്‍ നായ - ആ നായിന്റെ മോന്‍ ഒരു കുര. ഒന്നല്ല, ഒരൊന്നൊന്നര കുര. വെറുതെ ഞെട്ടീന്നു പറഞ്ഞാല്‍ പോരാ. പെണ്ണു വീട്‌ എത്തുന്നതിനു 10 മിനിറ്റ്‌ മുന്‍പ്‌ NH-212ന്റെ സൈഡില്‍ വണ്ടി നിര്‍ത്തി മൂത്രശങ്ക തീര്‍ത്തതുകൊണ്ട്‌ പുതിയ ലൂയി ഫിലിപ്പ്‌ നനയാതെ കഴിഞ്ഞു. ഈ അല്‍സേഷ്യനും മിലിട്ടറി ആണെന്നാ തോന്നുന്നത്‌ - എന്തൊരു ശൂരത്വം!. നിര്‍ത്താതെ കുര. ഇടിവെട്ടുന്ന ബാസ്‌. കൂടും പൊളിച്ചു പണ്ടാരമെങ്ങാനും ചാടി വീണാല്‍ കോടി പുതപ്പിച്ചു കിടത്താന്‍ വീട്ടുകാര്‍ക്ക്‌ പല്ലും നഖോം പോലും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. ഉടനെ വന്നു രണ്ടാമത്തെ വെടിശബ്ദം.

"കോട്ടയത്തൂന്നു രാവിലെ വിളിച്ച..??" വീണ്ടും ഞെട്ടി.'റിട്ടയേഡ്‌ കേണല്‍ രാഘവന്‍ സര്‍ അല്ലേ' എന്ന് ചോദിക്കാന്‍ മനസ്സില്‍ കരുതിയിരുന്നത് ആവിയായി. നോക്കിയപ്പോള്‍ ആജാനുബാഹുവായ ഒരു മനുഷ്യന്‍ സിറ്റൗട്ടില്‍. വീട്ടില്‍ മീന്‍കറി വെക്കുന്ന മണ്‍ചട്ടിയുടെ നിറം. പട്ടാളത്തില്‍ വെടിമരുന്ന് ഇടി ആയിരുന്നിരിക്കണം ഡ്യൂട്ടി. തവിട്ടു നിറം കലര്‍ന്ന കണ്ണുകള്‍. ആളെ കൊല്ലുന്ന മീശ. അല്ല, ഈ റിട്ടയേഡ്‌ മിലിട്ടറിക്കാരന്മാര്‍ക്കെല്ലാവര്‍ക്കും കപ്പടാമീശ വെച്ചിരിക്കണം എന്നു നിയമം വല്ലോം ഉണ്ടോ? ഇതിനിടയില്‍ കൂടി ഇയാള്‍ക്ക്‌ ആവശ്യമായ ഓക്സിജന്‍ എങ്ങനെ അകത്തെത്തുന്നു? അതോ ഇനി വീരപ്പന്റെ വല്ല..? ഏയ്, മൂപ്പര്‍ നമ്മടെ ജാതി ആവാന്‍ വഴിയില്ലല്ലോ. എന്റെ ചിന്തകള്‍ കാടു കയറി.

"കേറിവാ... " വീണ്ടും പെണ്ണിന്റപ്പന്റെ സിംഹഗര്‍ജ്ജനം. അതൊരു ക്ഷണമായിട്ടല്ല ആക്രോശമായിട്ടാണ്‌ അരുണിനും തോന്നിയതെന്ന്‌ അവന്‍ ഇടതു കയ്യിലെ വിരലുകള്‍ തെരുതെരെ കൂട്ടിപ്പിടിക്കുന്നതു കണ്ടതോടെ എനിക്കുറപ്പായി. ‘വിട്ടോടാ, ഈ ബന്ധം നമുക്കു വേണ്ട’ എന്നു വിളിച്ചു കൂവി തിരിഞ്ഞോടാന്‍ തോന്നി. അങ്ങനെ ഓടിയാല്‍ പിന്നെ ഒപ്പം ഓടിപ്പോകുന്നത്‌ എന്റെ മാനം കൂടി ആയിരിക്കും. കാരണം അരുണിന്റെ മുന്നില്‍ അനേകം പെണ്ണുകാണല്‍ നടത്തി എക്സ്‌പീരിയന്‍സ്ഡ്‌ ആയ ആളാണു ഞാന്‍. പിന്നെ അവന്റെ ചേട്ടന്‍ സ്ഥാനത്ത്‌ നില്‍ക്കുന്നതിന്റെ ഒരു ഗെറ്റപ്പ്‌ നമ്മള്‍ വിടരുതല്ലോ.

ഹും.. എന്തെല്ലാം പെര്‍ഫോമന്‍സായിരുന്നു? മലപ്പുറം കത്തി, മാങ്ങാത്തൊലി... എന്താന്നോ? ആദ്യമായി പെണ്ണുകാണാന്‍ പോവല്ലേ എന്നോര്‍ത്തപ്പോ രാവിലെ അവനൊരു പൂതി. കാര്‍ ഒന്നു പുതിയതാക്കണം. അതിനു കാര്‍ പുതിയതാണല്ലോ. 1000കി.മീ. പോലും ഓടിയിട്ടില്ല. അവനപ്പോ അതു പോര. അത്രേ ഓടീട്ടുള്ളു എന്നു നാട്ടുകാര്‍ക്ക്‌ പ്രത്യേകിച്ച്‌ പെണ്ണുവീട്ടുകാര്‍ക്ക്‌ അറിയില്ലല്ലോ. അതു കൊണ്ട്‌ ഒരു ഇമ്പ്രഷന്‍ സ്റ്റെപ്പെന്ന നിലയില്‍ കഴിഞ്ഞയാഴ്ച മാത്രം കിട്ടിയ നമ്പര്‍ പതിപ്പിച്ച പ്ലേറ്റ്‌ രണ്ടും അഴിച്ചുമാറ്റി. താല്‍ക്കാലിക നമ്പര്‍ അപ്പോഴും ഗ്ലാസിലുണ്ടായിരുന്നതിനാല്‍ വണ്ടി പുതുപുത്തന്‍ തന്നെ. അരുണ്‍ തന്നെയാണ്‌ രാവിലെ കാര്‍ വാഷൊക്കെ ഇട്ടു കുളിപ്പിച്ച്‌ കുട്ടപ്പനാക്കി ഇട്ടതും. അല്ലെങ്കില്‍ സിനിമാ കാണാനും മീന്‍ വാങ്ങാന്‍ പോകാനുമൊക്കെ വണ്ടി എടുത്തോണ്ടു പോയിട്ട് എയറുപോലും നോക്കുകേലാത്തവനാ. ഇത്രേം കേട്ടപ്പോ ഈ കാര്‍ Audi Q7 ആണെന്നു വിചാരിച്ചു പോയാല്‍ തെറ്റി. വെറും സാദാ Alto.

പെണ്ണുകാണലിലേക്കു തിരികെ വരാം. മൊത്തത്തില്‍ സെറ്റപ്പ് കൊള്ളാം(വീട്ടുകാരനൊഴികെ). നല്ല വീട്.‌ സുന്ദരമായി ഒരുക്കിയിരിക്കുന്ന സ്വീകരണ മുറി. പതുപതുത്ത സോഫയില്‍ ഞാനും മണവാളപരമായ വിനയത്തോടെ 'ഹാഫ്‌-സീറ്റ്‌' പൊസിഷനില്‍ അരുണും ഇരുന്നു. ഒരു പൊണ്ണന്‍ ടിവി. ഹോം തീയേറ്റര്‍ സിസ്റ്റം. ഇവിടെ കമ്പ്ലീറ്റ്‌ ഒച്ചപ്പാടിന്റെ ആള്‍ക്കാരാണോ? അപ്പോളാണ്‌ വേറൊരു സാധനം കണ്ടത്‌. ഭിത്തിയില്‍ തൂങ്ങുന്ന ഒരു തോക്ക്‌!!

ഥള്ളേ..!

'പട്ടാളത്തിലെ ജോലി തീര്‍ന്നെങ്കിലും അമ്മാവന്‍ വെടിവെപ്പ്‌ നിര്‍ത്തീട്ടില്ല, അല്ലിയോ' എന്നു 'ലേലം' സിനിമയില്‍ മെത്രാനോട്‌ എം.ജി. സോമന്‍ ചോദിക്കുന്ന ഈണത്തില്‍ ഒരു വാചകം പൊന്തി വന്നതാ. ആയുസ്സിനെ കരുതി അതു വിഴുങ്ങി. ആദ്യം പട്ടി, പിന്നെ അപ്പന്‍, ഇപ്പോ ദേ തോക്കും. ഇക്കണക്കിന് വാ‍യിനോക്കിക്കൊണ്ട് ഒരുത്തനും ഈ പഞ്ചായത്ത് വാര്‍ഡില്‍പോലും വരാന്‍ സാധ്യതയില്ല.

പൊന്നുമോനെ അരുണേ, വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്നേ നീയെന്നതാ പറഞ്ഞെ? പെണ്ണിന്റെ അപ്പന്‍ മിലിട്ടറി ആയതുകൊണ്ട് കാര്യങ്ങള്‍ എല്ലാം നല്ലപടിക്ക്‌ നടന്നാല്‍ അവന്‍ മിലിട്ടറി റമ്മില്‍ നീന്തും പോലും. ഇയാള്ടെ ലക്ഷണം കണ്ടിട്ട്‌ ക്വാട്ട കിട്ടുന്നതു മുഴുവന്‍ കാന്റീനില്‍ വെച്ചു തന്നെ തീര്‍ക്കുന്ന ഇനം ആണെന്നു തോന്നുന്നു.

"ശ്രീലതേ..." വീണ്ടും ആക്രോശം. അരുണിന്റെ നോട്ടത്തിന്റെ അര്‍ഥം എനിക്കറിയാം - പെണ്ണിനെ ആണോ പെണ്ണിന്റെ അമ്മയെ ആണോ വിളിച്ചതെന്ന്‌. സംശയത്തിനു വിരാമമിട്ടുകൊണ്ട്‌ ഒരു ട്രേയില്‍ പലഹാരവുമായി വൈകുന്നേരം 7.30 നു കാണിക്കുന്ന സീരിയലിലെ ഒരു കഥാപാത്രത്തെ പോലെ പെണ്ണിന്റെ അമ്മ കടന്നു വന്നു. പെണ്ണ് അപ്പന്റെ ഷേപ്പ് ആവരുതേ എന്നൊരു പ്രാര്‍ഥന അരുണിന്റെ കണ്ണില്‍ തെളിഞ്ഞു നിന്നു.

അപ്പന്‍ അന്വേഷണം തുടര്‍ന്നു: "ഇതാരാന്നാ പറഞ്ഞെ?"

ചോദ്യം ആരോടാണെന്ന ഒരു കണ്‍ഫ്‌യൂഷന്‍ ഉണ്ടായെങ്കിലും മൂത്തോരടെ സ്ഥാനത്ത്‌ ചെന്ന ആളായതിനാല്‍ ആ വള്ളിയില്‍ ഞാന്‍ തന്നെ കയറിയങ്ങു പിടിച്ചു.

"എന്റെ പേര്‌ രാജ്‌. ഇതെന്റെ കസിനാണ്‌. ന്നു പറഞ്ഞാല്‍ അച്ഛന്റെ പെങ്ങടെ മോന്‍. പേര്‌ അരുണ്‍. ബാംഗ്ലൂരിലാണ്‌ ജോലി."

അരുണിന്റെ മുഖത്തെ ചിരിയുടെ വോള്‍ട്ടേജ്‌ 10v കൂടി പെണ്ണിന്റെ അച്ഛന്റെയും അമ്മയുടെയും നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ വീണ്ടും പഴയ വോള്‍ട്ടതയിലേക്ക്‌ വന്നു. അപ്പോള്‍ ബോണ്‍വിറ്റ ഭരണിക്ക്‌ കയ്യും കാലും മുളച്ച ഷേപ്പുള്ള ഒരു പന്ത്രണ്ടുകാരന്‍ പയ്യനും വന്ന് കേണലിന്റെ സൈഡില്‍ ഇരുന്നു. അവന്റെ കെട്ടും മട്ടും കണ്ടാല്‍ കയ്യിലിരിക്കുന്ന PSPക്ക്‌ വെളിയില്‍ ഒരു ലോകമുണ്ടെന്ന വിചാരമുള്ളതായി തോന്നുന്നില്ല. കണ്ടിട്ട്‌ ഒരു കുഞ്ഞളിയന്‍ മട്ടുണ്ട്‌ കെട്ടോടാ അരുണേ. മൂപ്പിലാന്റെ പരിചയപ്പെടുത്തല്‍ അതു ശരിവെച്ചു.

"എന്നാ പരുവാടി പയ്യന്‌?" വീണ്ടും ഗര്‍ജ്ജനം. പിന്നില്‍ പുഞ്ചിരിക്കുന്ന മുഖവുമായി ആ സ്ത്രീ നില്‍ക്കുന്നതു കൊണ്ട്‌ മനസ്സാനിധ്യം വിടാതെ എനിക്ക്‌ സംസാരിക്കാന്‍ പറ്റുന്നുണ്ട്‌.

"സോഫ്റ്റേറ്‌ എഞ്ചിനീയറാ. എന്നെപ്പോലെ തന്നെ.(ആ സെന്റന്‍സ്‌ വേണ്ടാരുന്നെന്ന്‌ തോന്നി - എങ്ങാനും എന്നെ കണ്ടിട്ട്‌ അങ്ങേര്‍ക്ക്‌ വല്ല വശപ്പെശകും തോന്നിയാലോ? അല്ല, അതിനു സാധ്യത ഏറേ ആണേ.) ഇപ്പോ മൂന്നു വര്‍ഷമായി അവിടെ."

അല്‍പം നേരം മൗനം. ഗ്യാപ്‌ ഫില്‍ ചെയ്യാനായി ഞാന്‍ വീണ്ടും പറഞ്ഞു തുടങ്ങി - "ഇവന്റെ വീട്ടില്‍ മൂന്നു പിള്ളേരാ. മൂത്തതു രണ്ട്‌ പെങ്ങമ്മാരാ. രണ്ട്‌ പേരുടേം കല്യാണം കഴിഞ്ഞു..." ഹൊ! അതങ്ങു പറഞ്ഞു തീര്‍ന്നപ്പോ തള്ളേടെ മുഖത്തെ സന്തോഷം ഒന്നു കാണണാരുന്നു. അവരുടെ വീടിന്റെ മുന്നില്‍ വരെ സൂനാമി വന്നിട്ട്‌ തിരിച്ചു പോയപോലെ!! ഓരോരോ മെന്റാലിറ്റികളേ.. ഞാനും അപ്പനും പരസ്പരം കുടുംബപുരാണം പങ്കുവെച്ച്‌ കളിച്ച്‌ ഒരു അഞ്ചെട്ട്‌ മിനിറ്റും കൂടി അങ്ങു പോയി.

മുന്നിലെ ടീപ്പോയില്‍ കുഴലപ്പം, ഞാലിപ്പൂവന്‍ പഴം, കായ വറുത്തത്‌, ലഡു എന്നിവ നിരന്നു. കുഴലപ്പം, ലഡു എന്നീ പലഹാരങ്ങള്‍ കാരണം എന്റെ ജീവിതത്തില്‍ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതാകയാല്‍(അവ മറ്റൊരിക്കല്‍ പറയാം) ഞാന്‍ മറ്റ്‌ ഇനങ്ങളിലേക്ക്‌ നോക്കി. ഈ കര്‍ക്കടമാസത്തില്‍ തണുപ്പും പിടിച്ച്‌ അങ്ങേരടെ ഒരു പഴം എന്നു ചിന്തിച്ച്‌ ഒരു ഉപ്പേരിക്കഷണം(ആദ്യ വാരല്‍ ആയതു കൊണ്ട്‌ 'എനിക്കിതൊന്നും ഇഷ്ടമല്ല സാറെ' എന്ന ഭാവത്തില്‍ ഒന്നേയൊന്നു മാത്രം) ഞാന്‍ എടുത്തു കടിച്ചു. തല്‍സമയം ബസ്‌സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്കു മുന്നില്‍ ക്യൂ നിക്കുന്നവന്റെ മാതിരി ഒരക്ഷമാഭാവം അരുണിന്റെ മുഖത്ത്‌ നിഴലിക്കുന്നതു ഞാന്‍ കണ്ടു. 'ഒന്നടങ്ങി ഇരിക്കെടാ, അവള്‍ അകത്ത്‌ ഒരുങ്ങുന്നതേ ഉള്ളൂ' ഞാന്‍ അവനെ കണ്ണു കൊണ്ട്‌ കാണിച്ചു. ആദ്യത്തെ പെണ്ണുകാണല്‍ അല്ലേ? പെണ്ണു കാണുന്നതും ബാറില്‍ കേറുന്നതും ഒരു പോലാ. ആദ്യത്തെ ഒന്നു രണ്ട്‌ തവണ ഭയങ്കര ടെന്‍ഷനും ചളിപ്പും ഒക്കെ ആയിരിക്കും. പിന്നെ എല്ലാം സ്മൂത്ത്‌ ആണെന്നേ.

കാലമാടന്‍ കേണല്‍ വിടാന്‍ ഭാവമില്ല. "എഞ്ചിനീയറു പണി അല്ലാതെ വേറെന്നാ വകുപ്പൊക്കെ ഒണ്ട്‌ അരുണിന്‌?"

മൂപ്പരെന്താ ഉദ്ദേശിച്ചത്‌? അധിക വരുമാനത്തിനുള്ള സ്രോതസ്സോ അതോ ഇവന്റെ ഹോബികളോ? അതോ ഇവന്റെ ബാംഗ്ലൂര്‍ ജീവിതത്തെക്കുറിച്ച്‌ വല്ല ഹിന്റും ഒപ്പിച്ചെടുക്കാനുള്ള ചൂണ്ടയുമാണോ? ഉവ്വ. കൊത്തീതു തന്നെ. അരുണ്‍ കേറി പിടിക്കുന്നതിനു മുന്നെ ഞാന്‍ ഇടപെട്ടു.

"ആ, അതു പിന്നെ നേരമ്പോക്കിനാണേല്‍ അത്യാവശ്യം ഷെയറൊക്കെ ഉണ്ട്‌. പിന്നെ കൊറച്ച്‌ മ്യൂച്ചല്‍ ഫണ്ട്‌. പിന്നെ ബാംഗ്ലൂരല്ലേ ജീവിതച്ചെലവു കൂടുതലാ. ഇവന്‍ താമസിക്കുന്നത്‌ ഫ്രണ്ട്‌സിനൊപ്പമാ. പിന്നെന്നാ, രണ്ടൂന്നു ബ്ലോഗ്‌ ഉണ്ട്‌. അതും കുറെ കലാപ്രവര്‍ത്തനോം ഒക്കെയായി ഇങ്ങനെ ഒതുങ്ങിക്കഴിയുന്നു."

കാടും പടലും തല്ലി ഒരു വിധത്തില്‍ ഞാന്‍ പറഞ്ഞു നിര്‍ത്തി. 'അലക്കി ഇഷ്ടാ' എന്ന അഭിനന്ദനം ഒരു നോട്ടമായി അരുണില്‍ നിന്നും എന്റെ നേര്‍ക്ക്‌ നീണ്ടുവന്നു. കലാകാരന്മാരായ ആണുങ്ങളെ പെണ്ണുങ്ങള്‍ക്ക്‌ പൊതുവെ ഇഷ്ടമാണെന്ന് തളത്തില്‍ ദിനേശന്‍ വഴിക്ക്‌ അരുണിന്‌ അറിവു കിട്ടിയിട്ടുള്ളതാകുന്നു. പക്ഷേ ഇതു പറയുമ്പോ എന്തായിരുന്നു എന്റെ മനസ്സില്‍ എന്ന് എനിക്കറിയാം.

ഒന്ന്‌ : ഷെയറ്‌, ഞാന്‍ പറയണ്ടല്ലോ... വല്ലവിധേനയും ഒരു അക്കൗണ്ട്‌ ഒക്കെ ഒപ്പിച്ച്‌ ഓഹരിവ്യാപരം തുടങ്ങി. ഒരു മാസം കൊണ്ട്‌ വാങ്ങുന്ന ശമ്പളത്തിന്റെ ഇരട്ടി കടമായപ്പോ ആ കട പൂട്ടി.

രണ്ട്‌ : മ്യൂച്ചല്‍ ഫണ്ട്‌, ഓഫീസിലെ എക്സ്റ്റന്‍ഷന്‍ ഫോണില്‍ വന്ന ഒരു വിളിയിലെ കിളിനാദവുമായി സൊള്ളി സൊള്ളി മുപ്പതിനായിരം കൊടുത്ത്‌ ഒരു മ്യൂച്ചല്‍ ഫണ്ടില്‍ ചേര്‍ന്നു. പിന്നെ ആ വഴിക്ക്‌ തിരിഞ്ഞു നോക്കീട്ടില്ല.

മൂന്ന്‌ : ജീവിതച്ചെലവ്‌, ഒരു കുപ്പി ബിയറിനെന്താ വില.. വിസ്കിയും ബ്രാന്‍ഡീം പറയേം വേണ്ട. അവസാനം വന്നു വന്ന്‌ ഓള്‍ഡ്‌ മങ്ക്‌ റമ്മില്‍ എത്തി നിക്കുന്നു ജീവിത നിലവാരം. കൂട്ടുകാരുടെ കൂടെ താമസം. ഞാന്‍ കൂടുതല്‍ വിവരിക്കേണ്ടല്ലോ.

നാല്‌ : കലാപ്രവര്‍ത്തനം. പ്ലസ്‌-ടുവിനു പഠിക്കുമ്പോള്‍ ക്ലാസ്സില്‍ ഇരുന്ന് ടീച്ചറിന്റെ കാര്‍ട്ടൂണ്‍ വരച്ചതിനു പിടിക്കപ്പെട്ട അന്നു തുടങ്ങിയതാ. ഫോട്ടോഗ്രാഫി എന്നൊക്കെ പറഞ്ഞാല്‍ മരിക്കും. സകല സമയോം നെറ്റിലാ. 'നല്ല നല്ല ചിത്രങ്ങള്‍' തേടിപ്പിടിക്കാന്‍ മിടുക്കനാ. അതെന്നിട്ട്‌ ലോകത്തിന്റെ നാലു മൂലയ്ക്കുമുള്ള കൂട്ടുകാര്‍ക്ക്‌ മെയിലയയ്ക്കും.

"ഈ ബ്ലോഗൊക്കെ അത്ര നല്ല ഏര്‍പ്പാടാണോ?" തൊലച്ചു - അതിയാന്റെ ഒരന്വേഷണം. ഇയാളു ചുമ്മാ വെടിപറഞ്ഞിരിക്കാതെ പെണ്ണിനെ വിളിക്കു കൂവേ!

"ആ, കുഴപ്പമില്ല. മാസം ഒരു അഞ്ചെട്ട്‌ പോസ്റ്റെങ്കിലും വരും. രണ്ട്‌ ബ്ലോഗ്‌ പുറത്തും ഒരെണ്ണം കമ്പനി നെറ്റ്‌വര്‍ക്കിലുമാ. കമന്റ്‌ കിട്ടുന്നതിന്‌ അനുസരിച്ചിരിക്കും. ഫീല്‍ഡ്‌ ഇപ്പൊ അല്‍പം ഡള്ളാ. റിസഷനൊക്കെ അല്ലാരുന്നോ? ഇപ്പോ മാറിവരുന്ന ലക്ഷണം കാണുന്നുണ്ട്‌. നമ്മള്‍ അതില്‍ എത്രമാത്രം നമ്മുടെ ടൈം ഇന്‍വെസ്റ്റ്‌ ചെയ്യുന്നൂന്ന് അനുസരിച്ചിരിക്കും അവിടുന്നുള്ള റിട്ടേണ്‍. രാജേട്ടനും ഉണ്ടായിരുന്നു - ഫോട്ടോബ്ലോഗുള്‍പ്പടെ. കല്യാണം ഒക്കെ കഴിഞ്ഞ്‌ തിരക്കായപ്പോ മെയിന്റയിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായി. ഇപ്പോ വെറുതെ കിടക്കുവാ."

ഇത്തവണ അരുണ്‍ കേറിയങ്ങു കൊഴുപ്പിച്ചു. അത്രയ്ക്കു വേണാരുന്നോടാ എന്നയര്‍ഥത്തില്‍ കാച്ചിയ എന്റെ നോട്ടം അവന്‍ ഡിസ്മിസ്‌ ചെയ്തു.

"ഓഹ്‌ അതു ശരി. അല്ലേലുമതെ, ഒരു പ്രസ്ഥാനമാകുമ്പം നമ്മളത്‌ നേരെ ചൊവ്വേ നടത്തിക്കൊണ്ട്‌ പോയില്ലേലേ... അല്ലിയോ?"

കെഴങ്ങന്‍ കേണലേ ഇയാളെന്നാ ധരിച്ചു വെച്ചേക്കുന്നെ. മൂന്നു ബ്ലോഗെന്നു പറഞ്ഞാല്‍ ബാംഗ്ലൂര്‌ വാടകയ്ക്കു കൊടുക്കാന്‍ പാകത്തില്‍ കിടക്കുന്ന മൂന്നുനില കെട്ടിടം ആണെന്നോ?

ഉള്ളില്‍ ഒരു ചിരി പൊന്തി വന്നു. മോനെ അരുണേ, നിന്റെ ഒണക്കബ്ലോഗില്‍ പൊട്ടിച്ച ഉണ്ടയില്ലാ വെടി കേണലിന്റെ സൈന്യത്തെ കീഴടക്കിയെടാ. മിലിട്ടറി റം കിനാവുകള്‍ യാഥാര്‍ഥ്യമാകുമോടാ ഗൊച്ചു ഗള്ളാ..! എന്റെ മനസ്സില്‍ For CSD supply only എന്ന വാക്യം മിന്നി മറഞ്ഞു.

അതു വരെ മിണ്ടാതിരുന്ന പയ്യന്‍ PSP താഴെ വെച്ചിട്ട്‌ അരുണിന്റെ നേരെ നോക്കി - "അങ്കിള്‍, അങ്കിളിന്റെ ബ്ലോഗിന്റെ പേരെന്നാ?"

സംശയപൂര്‍വ്വം ഞാന്‍ കേണലിന്റെ മുഖത്തു നോക്കി. പുള്ളിക്കാരനു വല്ലോം കത്തിയോ? ഇല്ലെന്നു തോന്നുന്നു. രണ്ടും കല്‍പ്പിച്ച്‌ അരുണ്‍ പേരു പറഞ്ഞു - അവന്റെ സ്വന്തം ഫാക്ടറീടെ പേരുപറയുന്നമട്ടില്‍.

"എത്ര ബ്ലോഗ്‌ ഉണ്ടെന്നാ പറഞ്ഞെ..?" ഈ ചോദ്യം കൊച്ചുണ്ടാപ്രി വക. അപ്പന്റെ ക്രോസ്‌ വിസ്താരം ഈ ഫാസ്റ്റ്‌ ഫുഡ്‌ കണ്ടെയ്‌നര്‍ ഏറ്റെടുത്ത ലക്ഷണമാടാ അരുണേ!

"മൂ... അല്ല രണ്ട്‌." അരുണിന്റെ ശബ്ദം ഇടറുന്നു.

"എന്നും അതില്‍ വര്‍ക്കു ചെയ്യുമോ?" ഉണ്ടാപ്രി തുടര്‍ന്നു.

"ഇല്ല, വല്ലപ്പോഴും മാത്രം."

"ആവറെജ്‌ ഫീഡ്ബായ്ക്ക്‌?" അവന്റെ...!!

അരുണ്‍ നിന്നുവെട്ടി വിയര്‍ത്തു. "പെ.. പെര്‍ പോസ്റ്റ്‌, ഒരു ആറ്‌ ഏഴ്‌..!"

ഉണ്ടാപ്രി PSPയും പൊക്കിപ്പിടിച്ചോണ്ട് ചാടിത്തുള്ളി. "അയ്യേ....!! പപ്പാ പപ്പാ... എനിക്കു പോലും നാലു ബ്ലോഗൊണ്ട്‌! ഒരു റ്റിന്റുമോന്‍ തമാശ പോസ്റ്റ്‌ ചെയ്താല്‍ എനിക്കു കിട്ടും മിനിമം അന്‍പതു കമന്റ്‌... ഈ അങ്കിളിന്‌ ഒന്നും അറിയൂല്ലാ...!! ഹ ഹ..!!"

മിലിട്ടറി മാമന്‍ ഇരിപ്പിടത്തില്‍ നിന്നു സാവധാനം എണീറ്റു. മൂപ്പിലാന്റെ മുഖത്ത്‌ ഒരു ഡ്രാക്കുളച്ചിരി. തോക്കെടുക്കാനുള്ള ഭാവമെന്നു മനസ്സിലാക്കിയ ഞാനും അരുണും സോഫയില്‍ നിന്നും ചാടി എഴുന്നേറ്റു. ചിപ്സ്‌ നിരത്തിയ ട്രേ തട്ടി മറിഞ്ഞു.

"ഓടിക്കോടാ..." ഞാന്‍ അരുണിനോട്‌ അലറി. മുന്നിലോടി വാതില്‍ക്കലെത്തിയ അരുണ്‍ സഡന്‍ബ്രേക്കിട്ടു നിന്നു. മുന്നില്‍ അല്‍സേഷ്യന്‍.

"ഭും..." വെടിയാണോ പട്ടിയുടെ കുരയാണോ. പതാ നഹി. എടുത്തിട്ടു കുടഞ്ഞപോലെ ഞാന്‍ ഞെട്ടി.

പതിയെ എല്ലാം വ്യക്തമായി വന്നു. "ചേട്ടാ എണീക്ക്‌, എത്ര നേരമാ ഈ ഉറങ്ങുന്നെ. ഇന്ന് അരുണിനു പെണ്ണു കാണാന്‍ പോകുന്ന കാര്യം മറന്നോ? അവന്‍ ദേ ഒന്‍പതാകുമ്പോ റെഡി ആകുമെന്ന്."

"പെണ്ണു കാണാനും പോകുന്നില്ല ഒരു $&#@*8%@!~നും പോകുന്നില്ല. ആ കോപ്പനോട്‌ വേണെങ്കി കുഞ്ഞമ്മാവനെയും കൂട്ടി പൊക്കോളാന്‍ പറ. ഹല്ല പിന്നെ."

പത്നി എന്നെ ഒരു നിമിഷം മിഴിച്ചു നോക്കി.

'കൊച്ചുവെളുപ്പാങ്കാലം വരെ ബ്ലോഗിനകത്തു കേറി അങ്ങിരിക്കും, എന്നിട്ട്‌ ഉറക്കത്തില്‍ മൊത്തം പിച്ചും പേയും പറച്ചിലും ഞെട്ടലും. ഒരു ദിവസം കമ്പ്യൂട്ടറും കുന്ത്രാണ്ടോം എല്ലാം കൂടെ ഞാനെടുത്തു ചുടും....' എന്നൊരു ഹാര്‍ഷ്‌ കമന്റും പോസ്റ്റ്‌ ചെയ്തിട്ട്‌ ഭാര്യാജി അടുക്കളയിലേക്കു തിരിച്ചുനടന്നു.

Monday, August 02, 2010

പ്യാരി മധുരം

ഈ വര്‍ഷത്തെ ഫ്രണ്ട്ഷിപ്‌ ഡേ കഴിഞ്ഞു. സൗഹൃദദിനത്തില്‍ ഞാന്‍ തനിച്ചായിരുന്നു. ഏതാനും ഫോണ്‍ വിളികളും SMSകളുമായി ഒരുപാട്‌ ഓര്‍മ്മകള്‍ അയവിറക്കിയ ശാന്തമായ ഒരു ദിനം. ഉറങ്ങാന്‍ പോകുമ്പോഴാണ്‌ ഞാന്‍ ആ മനുഷ്യനെപ്പറ്റി ഓര്‍ത്തത്‌- ബാബുച്ചേട്ടന്‍. അങ്ങനെയാണ്‌ ഞാന്‍ പുള്ളിയെ വിളിച്ചിരുന്നത്‌. ഉദ്ദേശം ആറടി പൊക്കത്തില്‍ മെലിഞ്ഞ്‌, നെറ്റിയില്‍ നിന്നും തല അല്‍പം തെളിഞ്ഞ്‌, ചുരുണ്ട മുടിയുള്ള ഒരു ഇരുനിറക്കാരനായിരുന്നു ഞാന്‍ അറിയുന്ന ബാബുച്ചേട്ടന്‍. ഞങ്ങളുടെ പ്രദേശത്ത്‌ ബാബുമാര്‍ ഒരുപാട്‌ ഉണ്ടായിരുന്നതിനാലും ഒരല്‍പം 'അസുഖം' ഇദ്ദേഹത്തിനുണ്ടായിരുന്നതിനാലും വെറുതെ ബാബുച്ചേട്ടന്‍ എന്നു പറഞ്ഞാല്‍ അറിയില്ല - വട്ടന്‍ ബാബു എന്നു പറയണം! എന്റെ കുടുംബവൃത്തങ്ങളില്‍ ഈ പേരുകൊണ്ടാണ്‌ ബാബുച്ചേട്ടന്‍ പരിചിതന്‍. ഈ കുറിപ്പ്‌ ഇന്നെനിക്ക്‌ അജ്ഞാത്നായ ഈ ബാബുച്ചേട്ടനെ പറ്റിയാണ്‌.

അടിസ്ഥാനപരമായി ബാബുച്ചേട്ടന്‍ ഒരു ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌ മെക്കാനിക്കായിരുന്നു. എന്റെ ഇളയച്ഛന്റെ കൂടെ കണ്ടാണ്‌ എനിക്ക്‌ ആദ്യ പരിചയ്ം. അന്നു ഞാന്‍ ഒരു പക്ഷേ ആറോ എട്ടോ വയസ്സുള്ള കുട്ടിയാണ്‌. ഞ്ങ്ങളുടെ തറവാട്ടുവീട്‌ പുതുക്കിപ്പണിതപ്പോഴും വേറേ വീട്‌ വെച്ച്‌ താമസം മാറിയപ്പോഴും വയറിംഗ്‌ ജോലികള്‍ക്ക്‌ ബാബുച്ചേട്ടന്‍ ഉണ്ടായിരുന്നു. ഇന്നും എന്റെ മനസ്സില്‍ ബാബുച്ചേട്ടന്റെ രൂപം വലിയ ചെക്ക്‌ ഷര്‍ട്ടും ബ്രൗണ്‍ ലുങ്കിയും ധരിച്ച്‌ ഇടതു കയ്യില്‍ സ്ക്രൂഡ്രൈവറും ടെസ്റ്റെറും പ്ലെയറും ഒക്കെയായി മുറ്റത്തേക്കു നടന്നു വരുന്ന കൃശഗാത്രനായ ആ മനുഷ്യനാണ്‌. വല്ലാത്തൊരു അടുപ്പത്തോടെ "എടാ...." എന്നു നീട്ടി വിളിച്ചുകൊണ്ടാണ്‌ എന്നെ സമീപിക്കുക.

ഞങ്ങളുടെ പുതിയ വീട്‌(ഏതാണ്ട്‌ 20 വര്‍ഷം മുന്‍പ്‌ :) ) വയറിംഗ്‌ ചെയ്തപ്പോള്‍ പുതുതായി വാങ്ങിയ ആങ്കര്‍ സ്വിച്ചുകളും സോക്കറ്റുകളും സ്വിച്ച്ബോക്സുകളും എല്ലം അവരോടൊപ്പമിരുന്ന് പരിശോധിക്കുന്നത്‌ എന്റെ ഒരു പതിവായിരുന്നു. വയറിംഗ്‌ പൈപ്പുകള്‍, ജോയിന്റുകള്‍, ലാമ്പ്‌ ഷേഡുകള്‍, ഇന്‍ഡിക്കേറ്ററുകള്‍, എന്നിവയെല്ലാം ആയിരുന്നു അന്ന് എന്റെ കളിപ്പാട്ടങ്ങള്‍. "അതൊക്കെ എടുത്തിട്ട്‌ അതു പോലെ തന്നെ തിരിച്ചു വെച്ചേക്കണം കേട്ടൊ..!" എന്നൊരു താക്കീതിന്റെ തണലിലാണ്‌ ഞാന്‍ ഈ വിനോദം നടത്തുക. ഈ സാമഗ്രികള്‍ വലിച്ചു വാരി ഇട്ടാല്‍ പിന്നീട്‌ അവ ഉപയോഗിച്ച്‌ കളിക്കാന്‍ എനിക്ക്‌ അനുവാദം കിട്ടില്ല എന്ന്‌ വ്യക്തമായി അറിയാവുന്നതിനാല്‍ ഞാന്‍ അവയെല്ലാം യഥാവിധി തിരികെ വെയ്ക്കുമായിരുന്നു. ഒരു ആവശ്യവുമില്ലാതെ അഴിച്ചു നോക്കുകയും ഉറപ്പിക്കാനുള്ള ആണികള്‍ എല്ലാ സ്വിച്ച്‌/സോക്കറ്റ്‌/ഹോള്‍ഡര്‍/ഇന്‍ഡിക്കേറ്റര്‍ പായ്ക്കറ്റുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ആയിരുന്നു ഞാന്‍ ചെയ്തു പോന്നിരുന്നത്‌.

മുനയന്‍, ഉളി തുടങ്ങി മൂര്‍ച്ചയുള്ള പണിയായുധങ്ങള്‍ എനിക്ക്‌ നിഷിദ്ധമായിരുന്നു. എങ്കിലും ചെറിയ സ്ക്രൂഡ്രൈവര്‍ കൈകാര്യം ചെയ്യാന്‍ ബാബുച്ചേട്ടന്‍ എന്നെ അനുവദിച്ചിരുന്നു. അതു കൊണ്ട്‌ ഞാന്‍ ടു-പിന്നിലേക്ക്‌ ചെറിയ വയര്‍ ഉപയോഗിച്ച്‌ ഹോള്‍ഡര്‍ കണക്റ്റ്‌ ചെയ്യുകയും അതു ശരിയാണെന്ന് ബാബുച്ചേട്ടനെക്കൊണ്ട്‌ പരിശോധിപ്പിക്കുകയും ചെയ്തിരുന്നു. കറക്റ്റാണ്‌ എന്നയര്‍ഥത്തില്‍ ബാബുച്ചേട്ടന്‍ തല കുലുക്കുമ്പോള്‍ എന്തോ നേടിയ ഒരു വിജയഭാവം ആയിരുന്നിരിക്കണം എന്റെ മുഖത്ത്‌. പിന്നെ അത്‌ അഴിക്കുക തിരികെ വെയ്ക്കുക. പിന്നെ അവര്‍ സ്വിച്ച്‌ ബോര്‍ഡ്‌ മുറിക്കുന്നതും മറ്റും നോക്കി ഇങ്ങനെ ഇരിക്കുക. അതിനിടെ ഓരോ സ്വിച്ച്‌ ബോര്‍ഡ്‌ മുറിക്കുമ്പോഴും അതില്‍ വേണ്ടുന്ന സ്വിച്ച്‌, ഇന്‍ഡിക്കേറ്റര്‍, സോക്കറ്റ്‌ എന്നിവ മുന്നേ എടുത്തു വെയ്ക്കാന്‍ ഞാന്‍ ഉത്സാഹിച്ചിരുന്നു. അണ്ണാന്‍കുഞ്ഞും തന്നാലായത്‌ എന്ന പോലെ. പണിയൊക്കെ നടക്കുന്നുണ്ടെങ്കിലും അന്നും വീട്ടില്‍ വൈദ്യുതി ബന്ധം കിട്ടിയിട്ടില്ല. എന്നു വേണമെങ്കിലും കണക്ഷന്‍ കിട്ടാം എന്നതാണു സ്ഥിതി. എന്നില്‍ ഒരു ആശയം അപ്പോള്‍ ബലപ്പെട്ടു. അപ്രതീക്ഷിതമായി കരണ്ട്‌ കിട്ടിയാല്‍ നമ്മള്‍ എങ്ങനെ അറിയും? വഴിയും ഞാന്‍ തന്നെ കണ്ടെത്തി. ഒരു ബള്‍ബും ഹോള്‍ഡറും എടുത്തു, രണ്ട്‌ കഷണം വയര്‍ എടുത്തു പ്ലഗില്‍ നിന്ന് ഹോള്‍ഡറിലേക്ക്‌ കണക്റ്റ്‌ ചെയ്തു. എന്നിട്ട്‌ നേരെ മുന്നിലെ മുറിയിലുള്ള സോക്കറ്റില്‍ കൊണ്ടുപോയി കുത്തി, സ്വിച്ചും ഓണാക്കി ഇട്ടു. ഇനി കരണ്ട്‌ വന്നാല്‍ അപ്പോഴേ ലൈറ്റ്‌ കത്തുമല്ലോ.

പക്ഷേ എന്റെ സ്വപ്നങ്ങളെ എല്ലാം തച്ചുടച്ചു കൊണ്ട്‌ ഈ സംവിധാനം കണ്ട മാത്രയില്‍ ബാബുച്ചേട്ടന്‍ "ഇങ്ങനെ ഒന്നും ചെയ്യരുത്‌ കേട്ടോ! കരണ്ടടിക്കും" എന്നും പറഞ്ഞ്‌ അതെല്ലാം വലിച്ചു പറിച്ചു കളഞ്ഞു. എനിക്കു ഫീലായെന്നു പറയേണ്ടതില്ലല്ലോ. പിന്നെ ഞാനൊന്നും പുറത്തു കാണിച്ചില്ല. വീട്ടിലെ വര്‍ക്ക്‌ പൂര്‍ത്തിയാക്കിയത്‌ ബാബുച്ചേട്ടന്‍ അല്ലെന്നാണ്‌ എന്റെ ഓര്‍മ്മ. എന്തായലും പിന്നെ കുറെ നാള്‍ പുള്ളീടെ വിവരം ഒന്നും ഇല്ലായിരുന്നു. ഇളയച്ഛന്‍ സകുടുംബം മറ്റൊരിടത്തേക്ക്‌ താമസം മാറിയതിനാല്‍ അപൂര്‍വ്വമായി മാത്രം നടന്നിരുന്ന സന്ദര്‍ശനങ്ങള്‍ നിന്നതായിരുന്നു കാരണം. ഇടുക്കി ജില്ലയില്‍ തങ്കമണിയോ ചെമ്പകപ്പാറയോ - ആ പ്രദേശത്തെങ്ങോ ആയിരുന്നു പുള്ളീടെ വീട്‌. ഒരുപക്ഷേ അന്നാട്ടുകാര്‍ക്ക്‌ ഇപ്പോഴും അറിയാമായിരിക്കാം.

വീട്ടില്‍ പണിയും മറ്റുമൊക്കെയായി കൂടിയിരുന്ന കാലത്ത്‌ അച്ഛനും ഇളയച്ഛനുമൊക്കെ ബാബുച്ചേട്ടന്റെ അസുഖത്തിന്റെ ഡീറ്റയില്‍സ്‌ നിര്‍ദ്ദോഷകരമായി അന്വേഷിക്കാറുണ്ടായിരുന്നു. എന്തു കൊണ്ടാ അങ്ങനെ ഉണ്ടാവുന്നത്‌, ഏതു ഡോക്ടറെയാണു കാണുന്നത്‌ എന്നും മറ്റും. അതിനെല്ലാം നിര്‍വ്വികാരനായി മറുപടി പറയും ആശാന്‍. "എന്താണെന്നറിയില്ല എനിക്കു ഭയങ്കര ദേഷ്യം വരും" എന്നൊരിക്കല്‍ മൂപ്പിലാന്‍ പറയുന്നതു കേട്ടത്‌ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അക്രമാസക്തനാവുന്ന അവസ്ഥ ഒന്നും ഉണ്ടാകാറില്ലായിരുന്നു. എങ്കിലും മൗനത്തിന്റെയും കെട്ടുപിണഞ്ഞ ചിന്തകളുടെയും തുരുത്തുകളില്‍ അയാള്‍ ഏകനായി കാണപ്പെടാറുണ്ടായിരിക്കണം. മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കാണുന്ന ഏതൊരു യുവാവിനെയും പോലെ ഇയാള്‍ക്കും കിനാവുകള്‍ ഉണ്ടായിരുന്നു. ഒരു കട (ഇലക്രോണിക്‌ സര്‍വ്വീസിംഗ്‌ സെന്റര്‍) തുടങ്ങണം എന്നും മറ്റും. റോസ്‌ ബൊഗെന്‍വില്ലപ്പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന ഇടവഴിയില്‍ വെച്ച്‌ ഒരു വേള, കളിയായും അല്‍പം കാര്യമായും, ബാബുച്ചേട്ടന്‍ എന്നോട്‌ പറഞ്ഞു: "വട്ടന്‍ബാബുചേട്ടനൊരു ജീപ്പു മേടിക്കും..!!" പിന്നെയെപ്പോഴോ ബാലിശമായ ഒരു കളിയാക്കലില്‍ ഞാന്‍ ഇതേ വാചകം തിരിച്ച്‌ പറഞ്ഞപ്പോള്‍ "എടാ...!" എന്നു സ്നേഹപൂര്‍വ്വം ശാസിക്കാനും ബാബുച്ചേട്ടന്‍ സ്വാതന്ത്ര്യം കാട്ടി. അറിഞ്ഞോ അറിയാതെയോ പിന്നീടൊരിക്കലും ആ വാക്കു ഞാന്‍ ബാബുച്ചേട്ടന്റെ അടുത്ത്‌ ഉപയോഗിച്ചിട്ടില്ല.

അങ്ങനെയിരിക്കെ ഇരട്ടയാറ്റില്‍ ബാബുച്ചേട്ടന്‍ ഒരു കട തുടങ്ങി. നാലുവശവും പലക മറച്ച ഒരു കട. സോള്‍ഡറിംഗ്‌ ഫ്ലക്സ്‌ ഉരുകുന്ന മണമുള്ള ആ കുടുസുമുറിയില്‍ ഏതാനും റേഡിയോകള്‍ നിരന്നിരിപ്പുണ്ടായിരുന്നു. എന്റെ കൈ പിടിച്ച്‌ ബാബുച്ചേട്ടന്‍ പുറത്തു കൊണ്ടുപോയി. അടുത്തുള്ള കടയില്‍ നിന്നും മിഠായി വാങ്ങി തന്നു - പച്ച പ്ലാസ്റ്റിക്‌ കടലാസില്‍ പൊതിഞ്ഞ പാരീസ്‌ മിഠായി('പ്യാരി' മുട്ടായി എന്നാണ്‌ അതറിയപ്പെട്ടിരുന്നത്‌). അക്കാലത്ത്‌ എനിക്കൊരു വാക്‍മാന്‍ ഉണ്ടായിരുന്നു - കസെറ്റിടുന്ന തരം. അച്ഛന്റെ ഇടപെടലിന്‍ പ്രകാരം ആ വാക്‍മാന്‍ ബാബുച്ചേട്ടന്‍ കൊണ്ടു പോകുകയും എതാനും നാളുകള്‍ക്ക്‌ ശേഷം ഒരു AC അഡാപ്റ്ററും കുഞ്ഞു സ്പീക്കറും സഹിതം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. എന്റെ പ്രത്യേക താല്‍പര്യാര്‍ഥം 2 മീറ്റര്‍ നീളമുള്ള വയറാണ്‌ ആ (അന്നത്തെ ഭാഷയില്‍) എലിമിനേറ്ററിന്‌ ഉണ്ടായിരുന്നത്‌. ആ സ്പീക്കറിലൂടെ 'നീലഗിരി' എന്ന സിനിമയിലെ പാട്ട്‌ കേള്‍ക്കുന്നത്‌ ഇന്നും ഓര്‍ക്കുന്നു. പിന്നീടൊരിക്കല്‍ വാക്‍മാനുമായി പോയിട്ട്‌ ബാബുച്ചേട്ടന്‍ തിരിച്ചു കൊണ്ടുവന്നില്ല. കടയില്‍ പാട്ടു കേള്‍ക്കാന്‍ ഒന്നുമില്ലാഞ്ഞതുകൊണ്ട്‌ കൊണ്ടുപോയതാ എന്നാണ്‌ എന്നൊട്‌ അച്ഛന്‍ പറഞ്ഞത്‌. ഒരു വല്ലാത്ത നഷ്ടപ്പെടല്‍ ആയിരുന്നു അത്‌. ഇന്നും ഇടയ്ക്കെല്ലാം ആ ചെമന്ന വാക്‍മാനെ ഓര്‍മ്മിപ്പിച്ച്‌ കീരവാണിയുടെ സംഗീതത്തില്‍ 'തുമ്പീ നിന്‍ മോഹം..' എന്ന പാട്ട്‌ എന്റെ സെല്‍ഫോണില്‍..

ഇടയ്ക്കൊക്കെ ഞാന്‍ കേട്ടു - ബാബുച്ചേട്ടന്‍ പാളം തെറ്റിയ മനസ്സുമായി ആശുപത്രിയിലായിരുന്നു എന്നും ഷോക്ക്‌ അടിപ്പിച്ചെന്നും ഒക്കെ. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഷോക്ക്‌ ട്രീറ്റ്‌മെന്റുകള്‍ ഞാന്‍ അറിയുന്ന ബാബുച്ചേട്ടന്‍ ഏറ്റുവാങ്ങുന്നത്‌ സങ്കല്‍പ്പിക്കാന്‍ അന്നെനിക്ക്‌ കഴിവില്ലായിരുന്നോ? എന്തായാലും നന്നായി. പിടിവിട്ടോടുന്ന മനസ്സുള്ള ഒരാളായി ആ പാവത്തിനെ എന്റെ മനസ്സില്‍ ദൈവം കാണിക്കാഞ്ഞതാവാം. അതിനിടയില്‍ വര്‍ഷങ്ങള്‍ മറഞ്ഞു പോയി. ഞാനും വളര്‍ന്നു - ചെമന്ന വാക്‍മാനെക്കാള്‍ വലിയ നേട്ടങ്ങളിലും നഷ്ടങ്ങളിലും മനസ്സുടക്കി. കാലം തിരശീലയിട്ടു മറച്ച പരിചയമായി മാറി ബാബുച്ചേട്ടനും. കല്യാണം കഴിച്ചതായി കേട്ടു. കൂടുതല്‍ ഒന്നും അറിയില്ല.

പിന്നീട്‌ ഒരിക്കല്‍ എന്റെ ഗ്രാമത്തില്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി വന്ന അസ്വസ്ഥനായ ഒരാളെപ്പറ്റി അച്ഛന്‍ പറയുന്നതു കേട്ടു. അതെ, ബാബുച്ചേട്ടന്‍. ഭാര്യ പിണങ്ങി വീട്ടില്‍ പോയി എന്നും ആരോ പറഞ്ഞറിഞ്ഞു. നിലതെറ്റിയ ചിന്തകളുമായി അദ്ദേഹം കടന്നു വന്നത്‌ എന്റെ അച്ഛനെ അന്വേഷിച്ചായിരുന്നു. ആ മനസ്സില്‍ നി‍ന്നും എന്റെ വീട്ടിലേക്കുള്ള വഴി എന്നോ മാഞ്ഞു പോയിരുന്നു. അവിടുള്ള കടകളില്‍ 'എനിക്ക്‌ സോമന്‍ ചേട്ടന്റെ വീടൊന്നു കാണിച്ചു തരുമോ?' എന്ന് ദൈന്യമായി അന്വേഷിച്ചു നടന്ന ഒരു ഭ്രാന്തന്‍! അയാളുടെ അസ്വസ്ഥമായ പെരുമാറ്റവും അലസമായ വേഷവും കാരണം ആരും അയാളെ എന്റെ അച്ഛന്റെ അടുത്തേക്ക്‌ പറഞ്ഞു വിട്ടില്ല. പരിക്ഷീണനായ ആ മനുഷ്യന്‌ ഒരു കടക്കാരന്‍ അലിവു തോന്നി നാരങ്ങവെള്ളം കൊടുത്തു. ഈ സംഭവം അച്ഛന്‍ അറിഞ്ഞശേഷം, വീട്ടില്‍ സഹതാപപൂര്‍വ്വം ബാബുച്ചേട്ടനെപ്പറ്റി സംസാരിക്കുന്നതും ഞാന്‍ കേട്ടു. അതും പക്ഷേ മൂന്നാല്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌. ആ കൂട്ടുകാരന്‍ ഇപ്പോള്‍ എവിടെയാണ്‌? അയാളുടെ അസുഖം ഭേദപ്പെട്ടിട്ടുണ്ടാവുമോ? നഷ്ടമായ കുടുംബജീവിതം തിരികെ കിട്ടിയിട്ടുണ്ടാവുമോ? ബാബുച്ചേട്ടന്‍ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവണേ എന്നാണ്‌ എന്റെ പ്രാര്‍ഥന.

പണ്ടു ഞങ്ങള്‍ നിന്ന വഴിയിലെ ബോഗന്‍ വില്ല ഇപ്പോഴില്ല. പ്യാരി മുട്ടായിയും അരങ്ങൊഴിഞ്ഞു. കാലവും വിധിയും ജീവിതങ്ങള്‍ മാറ്റിമറിച്ചു. ഇന്നും മായാതെ നില്‍ക്കുന്നതു ദീപ്തമായ ഈ ഓര്‍മ്മകളും പ്യാരി മിഠായിയുടെ ഇത്തിരി മധുരവും.