ഈ വര്‍ഷത്തെ ഫ്രണ്ട്ഷിപ് ഡേ കഴിഞ്ഞു. സൗഹൃദദിനത്തില്‍ ഞാന്‍ തനിച്ചായിരുന്നു. ഏതാനും ഫോണ്‍ വിളികളും SMSകളുമായി ഒരുപാട് ഓര്‍മ്മകള്‍ അയവിറക്കിയ ശാന്തമായ ഒരു ദിനം. ഉറങ്ങാന്‍ പോകുമ്പോഴാണ് ഞാന്‍ ആ മനുഷ്യനെപ്പറ്റി ഓര്‍ത്തത്- ബാബുച്ചേട്ടന്. അങ്ങനെയാണ് ഞാന്‍ പുള്ളിയെ വിളിച്ചിരുന്നത്. ഉദ്ദേശം ആറടി പൊക്കത്തില്‍ മെലിഞ്ഞ്, നെറ്റിയില്‍ നിന്നും തല അല്പം തെളിഞ്ഞ്, ചുരുണ്ട മുടിയുള്ള ഒരു ഇരുനിറക്കാരനായിരുന്നു ഞാന്‍ അറിയുന്ന ബാബുച്ചേട്ടന്. ഞങ്ങളുടെ പ്രദേശത്ത് ബാബുമാര്‍ ഒരുപാട് ഉണ്ടായിരുന്നതിനാലും ഒരല്പം 'അസുഖം' ഇദ്ദേഹത്തിനുണ്ടായിരുന്നതിനാലും വെറുതെ ബാബുച്ചേട്ടന് എന്നു പറഞ്ഞാല്‍ അറിയില്ല - വട്ടന്‍ ബാബു എന്നു പറയണം! എന്റെ കുടുംബവൃത്തങ്ങളില്‍ ഈ പേരുകൊണ്ടാണ് ബാബുച്ചേട്ടന് പരിചിതന്‍. ഈ കുറിപ്പ് ഇന്നെനിക്ക് അജ്ഞാത്നായ ഈ ബാബുച്ചേട്ടനെ പറ്റിയാണ്.
അടിസ്ഥാനപരമായി ബാബുച്ചേട്ടന് ഒരു ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് മെക്കാനിക്കായിരുന്നു. എന്റെ ഇളയച്ഛന്റെ കൂടെ കണ്ടാണ് എനിക്ക് ആദ്യ പരിചയ്ം. അന്നു ഞാന്‍ ഒരു പക്ഷേ ആറോ എട്ടോ വയസ്സുള്ള കുട്ടിയാണ്. ഞ്ങ്ങളുടെ തറവാട്ടുവീട് പുതുക്കിപ്പണിതപ്പോഴും വേറേ വീട് വെച്ച് താമസം മാറിയപ്പോഴും വയറിംഗ് ജോലികള്‍ക്ക് ബാബുച്ചേട്ടന് ഉണ്ടായിരുന്നു. ഇന്നും എന്റെ മനസ്സില്‍ ബാബുച്ചേട്ടന്റെ രൂപം വലിയ ചെക്ക് ഷര്‍ട്ടും ബ്രൗണ്‍ ലുങ്കിയും ധരിച്ച് ഇടതു കയ്യില്‍ സ്ക്രൂഡ്രൈവറും ടെസ്റ്റെറും പ്ലെയറും ഒക്കെയായി മുറ്റത്തേക്കു നടന്നു വരുന്ന കൃശഗാത്രനായ ആ മനുഷ്യനാണ്. വല്ലാത്തൊരു അടുപ്പത്തോടെ "എടാ...." എന്നു നീട്ടി വിളിച്ചുകൊണ്ടാണ് എന്നെ സമീപിക്കുക.
ഞങ്ങളുടെ പുതിയ വീട്(ഏതാണ്ട് 20 വര്‍ഷം മുന്‍പ് :) ) വയറിംഗ് ചെയ്തപ്പോള്‍ പുതുതായി വാങ്ങിയ ആങ്കര്‍ സ്വിച്ചുകളും സോക്കറ്റുകളും സ്വിച്ച്ബോക്സുകളും എല്ലം അവരോടൊപ്പമിരുന്ന് പരിശോധിക്കുന്നത് എന്റെ ഒരു പതിവായിരുന്നു. വയറിംഗ് പൈപ്പുകള്‍, ജോയിന്റുകള്‍, ലാമ്പ് ഷേഡുകള്‍, ഇന്‍ഡിക്കേറ്ററുകള്‍, എന്നിവയെല്ലാം ആയിരുന്നു അന്ന് എന്റെ കളിപ്പാട്ടങ്ങള്‍. "അതൊക്കെ എടുത്തിട്ട് അതു പോലെ തന്നെ തിരിച്ചു വെച്ചേക്കണം കേട്ടൊ..!" എന്നൊരു താക്കീതിന്റെ തണലിലാണ് ഞാന്‍ ഈ വിനോദം നടത്തുക. ഈ സാമഗ്രികള്‍ വലിച്ചു വാരി ഇട്ടാല്‍ പിന്നീട് അവ ഉപയോഗിച്ച് കളിക്കാന്‍ എനിക്ക് അനുവാദം കിട്ടില്ല എന്ന് വ്യക്തമായി അറിയാവുന്നതിനാല്‍ ഞാന്‍ അവയെല്ലാം യഥാവിധി തിരികെ വെയ്ക്കുമായിരുന്നു. ഒരു ആവശ്യവുമില്ലാതെ അഴിച്ചു നോക്കുകയും ഉറപ്പിക്കാനുള്ള ആണികള്‍ എല്ലാ സ്വിച്ച്/സോക്കറ്റ്/ഹോള്‍ഡര്‍/ഇന്‍ഡിക്കേറ്റര്‍ പായ്ക്കറ്റുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ആയിരുന്നു ഞാന്‍ ചെയ്തു പോന്നിരുന്നത്.
മുനയന്‍, ഉളി തുടങ്ങി മൂര്‍ച്ചയുള്ള പണിയായുധങ്ങള്‍ എനിക്ക് നിഷിദ്ധമായിരുന്നു. എങ്കിലും ചെറിയ സ്ക്രൂഡ്രൈവര്‍ കൈകാര്യം ചെയ്യാന്‍ ബാബുച്ചേട്ടന് എന്നെ അനുവദിച്ചിരുന്നു. അതു കൊണ്ട് ഞാന്‍ ടു-പിന്നിലേക്ക് ചെറിയ വയര്‍ ഉപയോഗിച്ച് ഹോള്‍ഡര്‍ കണക്റ്റ് ചെയ്യുകയും അതു ശരിയാണെന്ന് ബാബുച്ചേട്ടനെക്കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തിരുന്നു. കറക്റ്റാണ് എന്നയര്‍ഥത്തില്‍ ബാബുച്ചേട്ടന് തല കുലുക്കുമ്പോള്‍ എന്തോ നേടിയ ഒരു വിജയഭാവം ആയിരുന്നിരിക്കണം എന്റെ മുഖത്ത്. പിന്നെ അത് അഴിക്കുക തിരികെ വെയ്ക്കുക. പിന്നെ അവര്‍ സ്വിച്ച് ബോര്‍ഡ് മുറിക്കുന്നതും മറ്റും നോക്കി ഇങ്ങനെ ഇരിക്കുക. അതിനിടെ ഓരോ സ്വിച്ച് ബോര്‍ഡ് മുറിക്കുമ്പോഴും അതില്‍ വേണ്ടുന്ന സ്വിച്ച്, ഇന്‍ഡിക്കേറ്റര്‍, സോക്കറ്റ് എന്നിവ മുന്നേ എടുത്തു വെയ്ക്കാന്‍ ഞാന്‍ ഉത്സാഹിച്ചിരുന്നു. അണ്ണാന്‍കുഞ്ഞും തന്നാലായത് എന്ന പോലെ. പണിയൊക്കെ നടക്കുന്നുണ്ടെങ്കിലും അന്നും വീട്ടില്‍ വൈദ്യുതി ബന്ധം കിട്ടിയിട്ടില്ല. എന്നു വേണമെങ്കിലും കണക്ഷന് കിട്ടാം എന്നതാണു സ്ഥിതി. എന്നില്‍ ഒരു ആശയം അപ്പോള്‍ ബലപ്പെട്ടു. അപ്രതീക്ഷിതമായി കരണ്ട് കിട്ടിയാല്‍ നമ്മള് എങ്ങനെ അറിയും? വഴിയും ഞാന്‍ തന്നെ കണ്ടെത്തി. ഒരു ബള്‍ബും ഹോള്‍ഡറും എടുത്തു, രണ്ട് കഷണം വയര്‍ എടുത്തു പ്ലഗില്‍ നിന്ന് ഹോള്‍ഡറിലേക്ക് കണക്റ്റ് ചെയ്തു. എന്നിട്ട് നേരെ മുന്നിലെ മുറിയിലുള്ള സോക്കറ്റില്‍ കൊണ്ടുപോയി കുത്തി, സ്വിച്ചും ഓണാക്കി ഇട്ടു. ഇനി കരണ്ട് വന്നാല്‍ അപ്പോഴേ ലൈറ്റ് കത്തുമല്ലോ.
പക്ഷേ എന്റെ സ്വപ്നങ്ങളെ എല്ലാം തച്ചുടച്ചു കൊണ്ട് ഈ സംവിധാനം കണ്ട മാത്രയില്‍ ബാബുച്ചേട്ടന് "ഇങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ! കരണ്ടടിക്കും" എന്നും പറഞ്ഞ് അതെല്ലാം വലിച്ചു പറിച്ചു കളഞ്ഞു. എനിക്കു ഫീലായെന്നു പറയേണ്ടതില്ലല്ലോ. പിന്നെ ഞാനൊന്നും പുറത്തു കാണിച്ചില്ല. വീട്ടിലെ വര്‍ക്ക് പൂര്‍ത്തിയാക്കിയത് ബാബുച്ചേട്ടന് അല്ലെന്നാണ് എന്റെ ഓര്‍മ്മ. എന്തായലും പിന്നെ കുറെ നാള് പുള്ളീടെ വിവരം ഒന്നും ഇല്ലായിരുന്നു. ഇളയച്ഛന് സകുടുംബം മറ്റൊരിടത്തേക്ക് താമസം മാറിയതിനാല്‍ അപൂര്‍വ്വമായി മാത്രം നടന്നിരുന്ന സന്ദര്‍ശനങ്ങള്‍ നിന്നതായിരുന്നു കാരണം. ഇടുക്കി ജില്ലയില്‍ തങ്കമണിയോ ചെമ്പകപ്പാറയോ - ആ പ്രദേശത്തെങ്ങോ ആയിരുന്നു പുള്ളീടെ വീട്. ഒരുപക്ഷേ അന്നാട്ടുകാര്‍ക്ക് ഇപ്പോഴും അറിയാമായിരിക്കാം.
വീട്ടില്‍ പണിയും മറ്റുമൊക്കെയായി കൂടിയിരുന്ന കാലത്ത് അച്ഛനും ഇളയച്ഛനുമൊക്കെ ബാബുച്ചേട്ടന്റെ അസുഖത്തിന്റെ ഡീറ്റയില്‍സ് നിര്‍ദ്ദോഷകരമായി അന്വേഷിക്കാറുണ്ടായിരുന്നു. എന്തു കൊണ്ടാ അങ്ങനെ ഉണ്ടാവുന്നത്, ഏതു ഡോക്ടറെയാണു കാണുന്നത് എന്നും മറ്റും. അതിനെല്ലാം നിര്‍വ്വികാരനായി മറുപടി പറയും ആശാന്. "എന്താണെന്നറിയില്ല എനിക്കു ഭയങ്കര ദേഷ്യം വരും" എന്നൊരിക്കല്‍ മൂപ്പിലാന് പറയുന്നതു കേട്ടത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അക്രമാസക്തനാവുന്ന അവസ്ഥ ഒന്നും ഉണ്ടാകാറില്ലായിരുന്നു. എങ്കിലും മൗനത്തിന്റെയും കെട്ടുപിണഞ്ഞ ചിന്തകളുടെയും തുരുത്തുകളില്‍ അയാള്‍ ഏകനായി കാണപ്പെടാറുണ്ടായിരിക്കണം. മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നം കാണുന്ന ഏതൊരു യുവാവിനെയും പോലെ ഇയാള്‍ക്കും കിനാവുകള്‍ ഉണ്ടായിരുന്നു. ഒരു കട (ഇലക്രോണിക് സര്‍വ്വീസിംഗ് സെന്റര്‍) തുടങ്ങണം എന്നും മറ്റും. റോസ് ബൊഗെന്‍വില്ലപ്പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന ഇടവഴിയില്‍ വെച്ച് ഒരു വേള, കളിയായും അല്പം കാര്യമായും, ബാബുച്ചേട്ടന് എന്നോട് പറഞ്ഞു: "വട്ടന്‍ബാബുചേട്ടനൊരു ജീപ്പു മേടിക്കും..!!" പിന്നെയെപ്പോഴോ ബാലിശമായ ഒരു കളിയാക്കലില്‍ ഞാന്‍ ഇതേ വാചകം തിരിച്ച് പറഞ്ഞപ്പോള്‍ "എടാ...!" എന്നു സ്നേഹപൂര്‍വ്വം ശാസിക്കാനും ബാബുച്ചേട്ടന് സ്വാതന്ത്ര്യം കാട്ടി. അറിഞ്ഞോ അറിയാതെയോ പിന്നീടൊരിക്കലും ആ വാക്കു ഞാന്‍ ബാബുച്ചേട്ടന്റെ അടുത്ത് ഉപയോഗിച്ചിട്ടില്ല.
അങ്ങനെയിരിക്കെ ഇരട്ടയാറ്റില്‍ ബാബുച്ചേട്ടന് ഒരു കട തുടങ്ങി. നാലുവശവും പലക മറച്ച ഒരു കട. സോള്‍ഡറിംഗ് ഫ്ലക്സ് ഉരുകുന്ന മണമുള്ള ആ കുടുസുമുറിയില്‍ ഏതാനും റേഡിയോകള്‍ നിരന്നിരിപ്പുണ്ടായിരുന്നു. എന്റെ കൈ പിടിച്ച് ബാബുച്ചേട്ടന് പുറത്തു കൊണ്ടുപോയി. അടുത്തുള്ള കടയില്‍ നിന്നും മിഠായി വാങ്ങി തന്നു - പച്ച പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ പാരീസ് മിഠായി('പ്യാരി' മുട്ടായി എന്നാണ് അതറിയപ്പെട്ടിരുന്നത്). അക്കാലത്ത് എനിക്കൊരു വാക്മാന് ഉണ്ടായിരുന്നു - കസെറ്റിടുന്ന തരം. അച്ഛന്റെ ഇടപെടലിന് പ്രകാരം ആ വാക്മാന് ബാബുച്ചേട്ടന് കൊണ്ടു പോകുകയും എതാനും നാളുകള്‍ക്ക് ശേഷം ഒരു AC അഡാപ്റ്ററും കുഞ്ഞു സ്പീക്കറും സഹിതം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. എന്റെ പ്രത്യേക താല്പര്യാര്ഥം 2 മീറ്റര്‍ നീളമുള്ള വയറാണ് ആ (അന്നത്തെ ഭാഷയില്‍) എലിമിനേറ്ററിന് ഉണ്ടായിരുന്നത്. ആ സ്പീക്കറിലൂടെ 'നീലഗിരി' എന്ന സിനിമയിലെ പാട്ട് കേള്‍ക്കുന്നത് ഇന്നും ഓര്‍ക്കുന്നു. പിന്നീടൊരിക്കല്‍ വാക്മാനുമായി പോയിട്ട് ബാബുച്ചേട്ടന് തിരിച്ചു കൊണ്ടുവന്നില്ല. കടയില്‍ പാട്ടു കേള്‍ക്കാന്‍ ഒന്നുമില്ലാഞ്ഞതുകൊണ്ട് കൊണ്ടുപോയതാ എന്നാണ് എന്നൊട് അച്ഛന് പറഞ്ഞത്. ഒരു വല്ലാത്ത നഷ്ടപ്പെടല്‍ ആയിരുന്നു അത്. ഇന്നും ഇടയ്ക്കെല്ലാം ആ ചെമന്ന വാക്മാനെ ഓര്‍മ്മിപ്പിച്ച് കീരവാണിയുടെ സംഗീതത്തില്‍ 'തുമ്പീ നിന് മോഹം..' എന്ന പാട്ട് എന്റെ സെല്‍ഫോണില്‍..
ഇടയ്ക്കൊക്കെ ഞാന്‍ കേട്ടു - ബാബുച്ചേട്ടന് പാളം തെറ്റിയ മനസ്സുമായി ആശുപത്രിയിലായിരുന്നു എന്നും ഷോക്ക് അടിപ്പിച്ചെന്നും ഒക്കെ. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഷോക്ക് ട്രീറ്റ്മെന്റുകള്‍ ഞാന്‍ അറിയുന്ന ബാബുച്ചേട്ടന് ഏറ്റുവാങ്ങുന്നത് സങ്കല്പ്പിക്കാന് അന്നെനിക്ക് കഴിവില്ലായിരുന്നോ? എന്തായാലും നന്നായി. പിടിവിട്ടോടുന്ന മനസ്സുള്ള ഒരാളായി ആ പാവത്തിനെ എന്റെ മനസ്സില്‍ ദൈവം കാണിക്കാഞ്ഞതാവാം. അതിനിടയില്‍ വര്‍ഷങ്ങള്‍ മറഞ്ഞു പോയി. ഞാനും വളര്‍ന്നു - ചെമന്ന വാക്‍മാനെക്കാള്‍ വലിയ നേട്ടങ്ങളിലും നഷ്ടങ്ങളിലും മനസ്സുടക്കി. കാലം തിരശീലയിട്ടു മറച്ച പരിചയമായി മാറി ബാബുച്ചേട്ടനും. കല്യാണം കഴിച്ചതായി കേട്ടു. കൂടുതല്‍ ഒന്നും അറിയില്ല.
പിന്നീട് ഒരിക്കല്‍ എന്റെ ഗ്രാമത്തില്‍ മുഷിഞ്ഞ വസ്ത്രങ്ങളുമായി വന്ന അസ്വസ്ഥനായ ഒരാളെപ്പറ്റി അച്ഛന് പറയുന്നതു കേട്ടു. അതെ, ബാബുച്ചേട്ടന്. ഭാര്യ പിണങ്ങി വീട്ടില്‍ പോയി എന്നും ആരോ പറഞ്ഞറിഞ്ഞു. നിലതെറ്റിയ ചിന്തകളുമായി അദ്ദേഹം കടന്നു വന്നത് എന്റെ അച്ഛനെ അന്വേഷിച്ചായിരുന്നു. ആ മനസ്സില്‍ നിന്നും എന്റെ വീട്ടിലേക്കുള്ള വഴി എന്നോ മാഞ്ഞു പോയിരുന്നു. അവിടുള്ള കടകളില്‍ 'എനിക്ക് സോമന് ചേട്ടന്റെ വീടൊന്നു കാണിച്ചു തരുമോ?' എന്ന് ദൈന്യമായി അന്വേഷിച്ചു നടന്ന ഒരു ഭ്രാന്തന്! അയാളുടെ അസ്വസ്ഥമായ പെരുമാറ്റവും അലസമായ വേഷവും കാരണം ആരും അയാളെ എന്റെ അച്ഛന്റെ അടുത്തേക്ക് പറഞ്ഞു വിട്ടില്ല. പരിക്ഷീണനായ ആ മനുഷ്യന് ഒരു കടക്കാരന് അലിവു തോന്നി നാരങ്ങവെള്ളം കൊടുത്തു. ഈ സംഭവം അച്ഛന് അറിഞ്ഞശേഷം, വീട്ടില്‍ സഹതാപപൂര്‍വ്വം ബാബുച്ചേട്ടനെപ്പറ്റി സംസാരിക്കുന്നതും ഞാന്‍ കേട്ടു. അതും പക്ഷേ മൂന്നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ്. ആ കൂട്ടുകാരന് ഇപ്പോള്‍ എവിടെയാണ്? അയാളുടെ അസുഖം ഭേദപ്പെട്ടിട്ടുണ്ടാവുമോ? നഷ്ടമായ കുടുംബജീവിതം തിരികെ കിട്ടിയിട്ടുണ്ടാവുമോ? ബാബുച്ചേട്ടന് എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവണേ എന്നാണ് എന്റെ പ്രാര്‍ഥന.
പണ്ടു ഞങ്ങള്‍ നിന്ന വഴിയിലെ ബോഗന്‍ വില്ല ഇപ്പോഴില്ല. പ്യാരി മുട്ടായിയും അരങ്ങൊഴിഞ്ഞു. കാലവും വിധിയും ജീവിതങ്ങള്‍ മാറ്റിമറിച്ചു. ഇന്നും മായാതെ നില്ക്കുന്നതു ദീപ്തമായ ഈ ഓര്‍മ്മകളും പ്യാരി മിഠായിയുടെ ഇത്തിരി മധുരവും.
Olapeeppi is back!
ReplyDeleteസസ്നേഹം,
എം. എസ്. രാജ്
ഉള്ളില്‍ ഒരിത്തിരി നൊമ്പരവുമായാണീ പ്യാരീ മിഠായി നുണഞ്ഞത്. വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞിരിക്കുന്നു, സീരിയല്‍ നിലവാരങ്ങളുടെ സെന്റിമെന്റ്സില്ലാതെ തന്നെ. കുറഞ്ഞ വാക്കുകളില്‍ നിന്റെയുള്ളില്‍ നില്ക്കുന്ന കനത്ത ഭാരവും നീറ്റലും അനുവാചകനു വായിച്ചെടൂക്കാം.
ReplyDeleteനൊമ്പരമുണര്‍ത്തുന്ന ഒരോര്‍മ്മയായി..ഈ പോസ്റ്റും.
അബദ്ധങ്ങളും ഉപമകളും കലര്‍ന്ന പൊട്ടിച്ചിരികള്‍ വായിക്കുന്നതിനിടക്ക് ഇത്തരത്തില്‍ ജീവിതം പേറൂന്ന ചില പോസ്റ്റുകള്‍ കാണുന്നതും വായിക്കുന്നതും ഒരു സുഖം തന്നെ.
നന്ദനാണ് എന്നെ ഇവിടെയ്ക്ക് കൊണ്ടുവന്നത്.
ReplyDeleteഅതെ ഇത്തരം ജീവിക്കുന്ന ദു:ഖചിന്തകള്‍, ഏതൊരു മനുഷ്യന്റെയും നൊമ്പരമായിരിക്കും.
ആ കൂട്ടുകാരന് ഇപ്പോള്‍ എവിടെയാണ്? അയാളുടെ അസുഖം ഭേദപ്പെട്ടിട്ടുണ്ടാവുമോ? നഷ്ടമായ കുടുംബജീവിതം തിരികെ കിട്ടിയിട്ടുണ്ടാവുമോ? ബാബുച്ചേട്ടന് എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവണേ എന്നാണ് എന്റെ പ്രാര്‍ഥന.
ReplyDeleteസൗഹൃദദിനത്തില്‍ .ഇതിലും നല്ലതായി വേറെ എന്ത് ചെയാന്‍ കഴിയും . ?''പ്യാരി മധുരം''വായിച്ചത് അതേ രുചിയോടെ തന്നെ .വളരെ നല്ല അവതരണം .വേദന വായിച്ച എന്നിലും തോന്നി . നമ്മള് ചിന്തിക്കുന്ന പോലെ ത്തനെ ചിന്തിക്കുന്നവര്‍ ലോകത്തില്വേറെയും ഉണ്ടെന്ന് അറിയുന്നതും സന്തോഷം തന്നെ .ഒരുപാട് എഴുതുവാനും കഴിയട്ടെ ,ആശംസകള്‍ .........
രാജ്,
ReplyDeleteപ്യാരി മിട്ടായിയുടെ മധുരം നാവിലിപ്പോഴുമുണ്ട്. നീണ്ട പച്ച നിറത്തിലെ പ്യാരി.
ഓപ്പം, എന്റെ നാട്ടിലെ കോയക്കയും. മെയിലുകളോളം മീൻകൊട്ട ചുമന്ന്, കൂക്കിവിളിച്ചോടിപോവുന്ന കോയാക്ക.
വ്യത്യസ്ഥമായ അവതരണം, നല്ല ഭാഷ, വായനക്കാരനിൽ നിങ്ങളുടെ നോവ് പകർത്തുവാൻ കഴിഞ്ഞു.
"ബാബുച്ചേട്ടന് എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവണേ എന്നാണ് എന്റെ പ്രാര്‍ഥന.
"
ആശംസകൾ.
ഓര്‍മ്മകളിലെ ഈ പ്യാരീ മിഠായിയുടെ മധുരമെങ്കിലും എന്നെന്നും നില നില്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു, ആത്മാര്‍ത്ഥമായും.
ReplyDeletegood writing..
ReplyDeleteപ്യാരീ മിഠായി pole madhuram
നന്ദേട്ടാ,
ReplyDeleteപ്രോത്സാഹനത്തിനും പിന്തുണയ്ക്കും ഹൃദ്യമായ നന്ദി അര്‍പ്പിക്കുന്നു.
വളരെ നന്ദി, നട്ടപിരാന്താ !!
സിയാ,
നൊമ്പരങ്ങളും വിങ്ങലുകളും കൂടി ഓരോ ആഘോഷവും നമുക്ക് കൊണ്ടു തരുന്നുണ്ട്. അറിയാതെ മനസ്സില്‍ പൊടിഞ്ഞു വീണ ഒരു ചിന്തയാണ് ഈ ബാബുച്ചേട്ടനെ ഓര്‍മ്മിപ്പിച്ചത്. കമന്റിനു നന്ദി.
സുല്‍ത്താന്‍,
ഈ മധുരമുള്ള ഓര്‍മ്മകള്‍ പങ്കിടാനായി വന്നതിനു നന്ദി.
ശ്രീ,
എല്ലാ സ്നേഹബന്ധങ്ങളും മധുരതരമാണ്. അല്ലേ :)
പൌര്‍ണമി,
നന്ദി , വീണ്ടും വരിക. :)
വളരെയധികം ഉള്ളില്‍ തട്ടി തന്നെ പറഞ്ഞിരിക്കുന്നു.
ReplyDelete..
ReplyDeleteഈ വഴി കാട്ടിയ പ്രിയസിയയ്ക്ക് നന്ദി.
രണ്ട് പ്രാവശ്യം വായിച്ച് നോക്കി, പറയാന്‍ എന്തേലും കുറ്റം കണ്ട് പിടിക്കാനായിരുന്നു ;)
കാരണം ആദ്യവായനയില്‍ എവിടെയോ ഒരു സ്റ്റോപ്-സ്റ്റാര്‍ട്ട് അനുഭവപ്പെട്ടു. കഷ്ടംന്ന് പറയാതെന്ത്, ഒന്നും കിട്ടിയില്ല.
ചില ഓര്‍മ്മകള്‍ അങ്ങനെയാണ്, ഈ ഓര്‍മ്മയ്ക്കൊപ്പം നടത്തിയതിന് നന്ദി. അരങ്ങൊഴിയാന് ഓര്‍മ്മകളാവാന്‍ ഇനിയും എത്രയോ..
ആശംസകളോടെ
..
സ്വപ്നത്തില്‍ നിന്നുണരുന്നതിനു മുന്‍പ് വായന ഇടയ്കൊക്കെ നിറുത്തേണ്ടി വന്നു അല്പം കുRuങ്ങി ചിരിക്കാന്‍ ,വേറൊന്നില്‍ ബാബുവേട്ടന് എന്നെ നോക്കി ജഡ പിടിച്ച താടി തടവികൊണ്ട് ചിരിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ വല്ലാതെ നിറഞ്ഞ് അക്ഷരങ്ങളെ മായ്ചു ,ഒരുപാട് ബാബുവേട്ടന്മാര് തെരുവില്‍ നിന്നും നമ്മെ നോകി ചിരിക്കുന്നു നമ്മില്‍ നിന്നും എത്രയോ അകലെ നിന്ന്,ഹ്ര്ദയത്തെ തൊട്ടതിന് നന്ദി.
ReplyDeleteമനോരാജ്,
ReplyDeleteകമന്റിനു നന്ദി.
രവി,
ആ കടുംവായനയ്ക്ക് പ്രത്യേക നന്ദി. എന്റെ മാത്രമായിരുന്ന ഈ ഓര്‍മ്മകള്‍ക്കൊപ്പം നടക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
അഹമ്മദ്,
ബാബുച്ചേട്ടന് ഇപ്പോഴും ചിരിക്കുന്നുന്ടാവണം, സ്വബോധത്തോടെ. അല്ലെങ്കില്‍ അങ്ങനെ ആവണേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
Kollam raaj......
ReplyDeletekollam chetayi,
ReplyDeletevava
മനസ്സ് ശെരിക്കും നൊന്തു.
ReplyDeleteജീവിതത്തിലെ ഒരേട് ഭംഗിയായി പകർത്തിയിരിക്കുന്നു ☺️ കീരവാണിയുടെ ആ പാട്ട് എന്റെയും സുഖമുള്ള നൊസ്റ്റാൾജിയ ആണ്.
ReplyDelete