Wednesday, May 25, 2011

പിള്ളാരടെ ഒരു കാര്യം!

അനിയത്തിക്കൊച്ച്‌ അന്ന് പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം. ആ, നമ്മടെ വാവേടെ ചേച്ചി! മുത്ത്‌! ഒരു മല്‍സരപ്പരീക്ഷയില്‍ പങ്കെടുക്കാനായി കുറെ പൊതുവിജ്ഞാനവുമൊക്കെയായി അവള്‍ മല്ലടിക്കുകയാണ്‌. അവളോട്‌ ചോദ്യങ്ങള്‍ ചോദിച്ച്‌ ഉത്തരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടത്‌ എന്റെ കടമയാണല്ലോ. പുസ്തകം വാങ്ങി മലയാളസാഹിത്യം സംബന്ധിച്ച ചോദ്യങ്ങള്‍ ഒന്നൊന്നായി ഞാന്‍ മുത്തിനോട്‌ ചോദിച്ചു കൊണ്ടിരുന്നു. അന്നു ടി.വി.യും കൊടയാന്റിനായും ഒന്നും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സകല കുടുംബാംഗങ്ങളും മോള്‍ടെ പഠനം കാണാന്‍ ഒപ്പമുണ്ട്‌.

"മാമ്പഴം എന്ന കവിത എഴുതിയതാര്‌?"

"വൈലോപ്പിള്ളി"

"സ്നേഹഗായകന്‍ എന്നറിയപ്പെട്ട കവി ആര്‌?"

"കുമാരനാശാന്‍"

"നളിനി ആരുടെ കൃതി ആണ്‌?"

"നീലന്‍!!!!!!"

വീടുകുലുങ്ങുന്ന ചിരിക്കിടയില്‍ ഞാന്‍ പുസ്തകം മടക്കി. ഇത്രേം ജീക്കെയുള്ള കൊച്ചിനെ ഞാനിനി എന്തിനു പരീക്ഷിക്കണം?

വാല്‍ക്കഷണം: മുത്ത്‌ പരീക്ഷ അസ്സലായി ജയിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!

Saturday, May 21, 2011

'മോഡേണ്‍ മലയാളത്തിന്റെ മമ്മി' -2

കോളേജ്‌ വിദ്യാര്‍ഥികളും മറ്റും ഇപ്പോള്‍ സംസാരിക്കുന്നത് ചാനലുകളിലെ വി.ജെ.മാര്‍ പറയുന്ന അവിയല്‍ ഭാഷ തന്നെ. ഇവിടെ ഞാന്‍ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെയാണ്‌. ഭാഷ ഉരുത്തിരിഞ്ഞു വന്ന കാലത്തില്ലാത്ത പലതും പിന്നീടു ജീവിതത്തിന്റെ ഭാഗം ആകുമ്പോള്‍ ഉണ്ടാവുന്ന കടംകൊള്ളലുകളെ അംഗീകരിക്കാം. എഴുത്തച്ഛന്റെയോ മറ്റ്‌ പുരാതന കവികളുടെയൊ കാലത്ത്‌ സ്വിച്ചും ബസും കാറും ഒന്നും ഇല്ലായിരുന്നു. പക്ഷേ ഇന്നുണ്ട്‌. തമിഴില്‍ ബസ്സിനു പേരുന്ത്‌ എന്നു പറയും. മലയാളത്തില്‍ ബസെന്നുതന്നെ പറയണം. അവരുടെ ഔദ്യോഗിക വിനിമയങ്ങളില്‍ ഇത്തരം വാക്കുകളുടെ പ്രയോഗം സ്വാഭാവികവും സാധാരണവുമാണ്‌. അതു കൊണ്ട്‌ തത്തുല്യപദങ്ങള്‍ ഇല്ലാത്തിടത്തോളം മലയാളം അന്യഭാഷാപദങ്ങളുടെ വരവ്‌ അംഗീകരിച്ചേ പറ്റൂ.

ന്യായം ഇതായിരിക്കേ, ഇന്നു നമ്മളൊക്കെ ഒരു നിസ്സാരകാര്യം പറയാന്‍ പോലും അനേകം ഇംഗ്ലീഷ്‌ വാക്കുകളെ അനാവശ്യമായി ആശ്രയിക്കുന്നുണ്ട്‌. കടയില്‍ ചെന്നു ഷുഗര്‍ വേണം എന്നു പറയുന്നു. തീപ്പെട്ടിക്കു പകരം മാച്‌ ബോക്സ്‌ എന്നു പറയുന്നു, ടീ/കോഫീ.... നിത്യജീവിതത്തില്‍ ഇംഗ്ലീഷ് എത്ര മാത്രം വലിയ കടന്നുകയറ്റമാണു നടത്തുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? പ്രാതല്‍ - ബ്രേക്ക്‌ ഫാസ്റ്റ്‌-ന്റെ മലയാള വാക്കാണ്‌. എന്റെ മുത്തശ്ശി അതു ഉപയോഗിക്കുന്നതു കേട്ടിട്ടുണ്ട്‌. ഇന്ന് ആരും ഉപയോഗിക്കാറില്ല. കാപ്പികുടി എന്നോ ബ്രേക്ക്‌ ഫാസ്റ്റ്‌ എന്നോ പറയും. ഈ വാക്കൊക്കെ അന്യം നിന്നു പോകും. തമിഴിലാണെങ്കില്‍ ഓരോ ഓഫീസും സ്ഥാനങ്ങളും വരെ തമിഴിലാക്കിയാണു പറച്ചില്‍. അവര്‍ അതു പറയുമ്പോള്‍ സ്വാഭാവികം ആണു താനും. സംവിധായകന്‌ 'ഇയക്കുനര്‍' എന്നു പറയും അവിടെ, പരമാവധി- നമ്മളോ, സംവിധായകന്‍ എന്നു പോലും പറയാന്‍ മെനക്കെടാതെ 'ഡയറക്ടര്‍' എന്നു പറഞ്ഞുകളയും. നമ്മള്‍ക്ക്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കാന്‍ ഒരു ത്വര ഉണ്ട്‌. ഇംഗ്ലീഷ്‌ സംസാരിക്കാനറിയാമെന്നത്‌ അറിവിന്റെ മറ്റൊരു അളവുകോലാകുന്ന നാട്ടില്‍ അതറിയാവുന്നവര്‍ സ്ഥാനത്തും അസ്ഥാനത്തും അതു പ്രയോഗിച്ചതോടെയാണ്‌ സംസാരഭാഷയില്‍ ഇത്രമാത്രം ഇംഗ്ലീഷ്‌ പദങ്ങളുടെ തള്ളിക്കയറ്റം ഉണ്ടായത്‌. ഇതൊഴിവാക്കാന്‍ ആരും ശ്രമം നടത്തുന്നില്ല, അല്ലെങ്കില്‍ ഇതു നല്ല പ്രവണതയല്ല എന്നു തന്നെ വിചാ‍രിക്കുന്നില്ല. നല്ലരീതിയില്‍ സഹായിക്കാന്‍ പറ്റുന്ന മാധ്യമങ്ങളാവട്ടെ, ഇതാണു മനോഹരം എന്ന കണക്കെയാണ്‌ വികലമലയാളത്തെ സംപ്രേഷണം ചെയ്യുന്നത്‌. ആത്മാര്‍ഥമായിപ്പറഞ്ഞാല്‍ നമ്മുടെ ചാനലുകളിലെ പല പരിപാടികളിലെയും അവതരണഭാഷ കേട്ടാല്‍ ഞാന്‍ ചാനല്‍ മാറ്റുകയാണ്‌ പതിവ്‌.

പണ്ടുള്ള അദ്ധ്യാപകരെ നോക്കൂ. എത്ര കടുത്ത പാഠഭാഗവും വായിച്ച്‌ അതേ ഭാഷയില്‍ത്തന്നെ ലളിതമായി വിശദീകരിച്ചു തരാന്‍ അവര്‍ക്കാകുമായിരുന്നു. അവരുടെ പദസമ്പത്തും ഭാഷ ഉപയോഗിച്ചുള്ള തഴക്കവും തന്നെയാണ്‌ ആ സിദ്ധിയുടെ പിന്‍ബലം. എന്നാലിന്നു സംഭവിക്കുന്നതോ? മലയാളത്തില്‍ ഒരു സംഭവം പറഞ്ഞുപിടിപ്പിക്കുന്നതിനിടയില്‍ എത്രയെത്ര ഇംഗ്ലീഷ്‌ വാക്കുകളാണ്‌ നാം കുത്തിത്തിരുകുന്നത്‌? ചിലപ്പോഴെല്ലാം ഹിന്ദിയും! ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു - മലയാളിയായ ഒരു പെണ്‍കുട്ടി ഓണാഘോഷപരിപാടിക്കു തന്റെ ആശയം പറഞ്ഞപ്പോള്‍ ആ വാക്യത്തില്‍ ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പടെ മൂന്നുഭാഷകള്‍ കലര്‍ന്നിരുന്നു. രണ്ടുകാര്യങ്ങളെ കൂട്ടി യോജിപ്പിക്കാന്‍ അവള്‍ ഉപയോഗിച്ചതു ഹിന്ദിയിലെ കി എന്ന പദം. കേട്ടവര്‍ക്ക്‌ എന്തോ ഒരു അസ്കിത തോന്നി. കൂട്ടത്തില്‍ ഇതു പ്രത്യേകം ശ്രദ്ധിച്ച എന്റെ സുഹൃത്ത്‌ ചിരിയടക്കാന്‍ പാടുപെട്ടു. ഇടയ്ക്ക്‌ ഈ പെണ്‍കുട്ടി ഒരു ഫോണ്‍ വിളി വന്നിട്ട്‌ പുറത്തു പോയപ്പോള്‍ അതുവരെ ആഘോഷപരിപാടികള്‍ ആലോചിച്ചിരുന്നവര്‍ ഒന്നിച്ചൊന്നു ചിരിച്ചു. മറ്റൊരവസരത്തില്‍, മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഒരു മലയാളി, ഞാന്‍ മലയാളിയാണെന്നു കണ്ട്‌ എന്നോട്‌ മാതൃഭാഷാസ്നേഹം പുറത്തെടുത്തു. സഹികെട്ട്‌, ഞാന്‍ ഒടുക്കം 'സര്‍, യു മേ സ്പീക്‌ ഇന്‍ ഇംഗ്ലീഷ്‌, ഐ കാന്‍ അണ്ടര്‍സ്റ്റാന്‍ഡ്‌ ഇറ്റ്‌ ബെറ്റര്‍ ദാന്‍ യുവര്‍ മലയാളം' എന്നു പറയേണ്ടിവന്നു‌. മറുനാടന്‍ മലയാളികളുടെ ഒരു ഗതികേട് നല്ല മലയാളം സംസാരിക്കാന്‍ ആശയുണ്ടെങ്കിലും പറ്റാതെ പോകുന്നതാണ്. ഇക്കാര്യത്തില്‍ അതാതു നാട്ടിലെ മലയാളി സംഘടനകള്‍ക്കു സഹായിക്കാവുന്നതാണ്‌; മലയാളം പഠിപ്പിക്കാന്‍ പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിച്ചും മലയാളപുസ്തകങ്ങളും ആനുകാലികങ്ങളും പ്രോല്‍സാഹിപ്പിച്ചും മറ്റും.

കേരളത്തിലേക്കു വരാം. ആദ്യം പറഞ്ഞതു പോലെ, ടീനേജുകാരുടെയും മറ്റും സ്ലാങ്ങ്‌ പത്തു വര്‍ഷം മുന്‍പ്‌ കേരളത്തില്‍ കേട്ടുകൊണ്ടിരുന്ന വാമൊഴിയില്‍ നിന്നും ഒരുപാടു ചേഞ്ച്‌ ആയിട്ടുണ്ട്‌. ഈ അവിയല്‍ മലയാളത്തിന്റെ പ്രചാരത്തിന്‌ ഇത്രയും സപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ഇന്നത്തെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളാണ്‌. ഒന്നാം ഭാഗത്തില്‍ പറഞ്ഞ തിരുവനന്തപുരം ശൈലിയുടെ പ്രചാരം തന്നെ മികച്ച ഉദാഹരണം. അന്നും ഇന്നും ഒരു കണ്ട്രോളുമില്ലാത്ത ഒരു മാധ്യമമാണു ടി.വി. അതുപോലെ തന്നെയാണ്‌ അതിലെ പ്രോഗ്രാമുകളും പ്രസന്റേഷനും എന്തിന്‌, ന്യൂസ്‌ വരെ. അതിലൂടെ കാണുന്നതാണു ലോകം എന്നു ധരിക്കാന്‍ തക്ക മണ്ടന്മാരൊന്നുമല്ല എല്ലാവരും, എന്നിരുന്നാലും പതിയെപ്പതിയെ ആ സ്റ്റൈലൊക്കെ ഓരോരുത്തരിലും വേരുറയ്ക്കുന്നു എന്നതാണു നേര്‌.

(മുകളില്‍ പറഞ്ഞിരിക്കുന്ന ഭാഷയാണ്‌ സമകാലിക മലയാള വാമൊഴി. അതിന്റെ മറ്റൊരു രൂപം ചുവടെ ചേര്‍ക്കുന്നു.

കേരളത്തിലേക്കു വരാം. ആദ്യം പറഞ്ഞതു പോലെ, കൗമാരക്കാരുടെയും മറ്റും സംസാരശൈലി എന്നത്‌ പത്തു വര്‍ഷം മുന്‍പ്‌ കേരളത്തില്‍ കേട്ടുകൊണ്ടിരുന്ന വാമൊഴിയില്‍ നിന്നും ഒരുപാടു മാറിപ്പോയിട്ടുണ്ട്‌. ഈ അവിയല്‍ മലയാളത്തിന്റെ പ്രചാരത്തിന്‌ ഇത്രയും വളം വെച്ചു കൊടുക്കുന്നത്‌ ഇന്നത്തെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളാണ്‌. ഒന്നാം ഭാഗത്തില്‍ പറഞ്ഞ തിരുവനന്തപുരം ശൈലിയുടെ പ്രചാരം തന്നെ മികച്ച ഉദാഹരണം. അന്നും ഇന്നും ഒരു നിയന്ത്രണവുമില്ലാത്ത ഒരു മാധ്യമമാണു ടി.വി. അതുപോലെ തന്നെയാണ്‌ അതിലെ പരിപാടികളും അവതരണവും എന്തിന്‌, വാര്‍ത്തകള്‍ വരെ.)


സൂക്ഷിച്ചു നോക്കിയെങ്കില്‍ മാത്രമേ ആദ്യത്തെ ഖണ്ഡികയില്‍ ഇടയ്ക്കെല്ലാം മിന്നിമറയുന്ന ഇംഗ്ലീഷ്‌ വാക്കുകളെ നാം ശ്രദ്ധിക്കൂ. അത്രയ്ക്കു സ്വാഭാവികതയാണ്‌ മായം കലര്‍ന്ന ആ മലയാളത്തിലും നമുക്കു തോന്നുക. അപ്പോള്‍ അറിഞ്ഞിട്ടും തിരുത്താത്ത ഉത്തരവാദിത്വപ്പെട്ടവരെ, തിരുത്തിയിട്ടും കൂട്ടാക്കാത്ത പൊതുജനത്തെ, സ്വയം തിരിച്ചറിയാത്ത വ്യക്തികളെയൊക്കെ ഇതു ചൂണ്ടിക്കാട്ടാനാണ്‌ ഈ കുറിപ്പ്‌.

കേരളത്തില്‍ ഇന്നേറ്റവും പ്രശസ്തമായ ടീവി പരിപാടിയാണ്‌ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍. (പകിട്ടു പോരാ! റിയാലിറ്റി ഷോ എന്നു തന്നെ പറയണം.) അതിന്റെ അവതാരക, രഞ്ജിനി ഹരിദാസ്‌ തന്നെ ആവണം ഇന്നു മലയാളത്തിലെ ഏറ്റവും പ്രശസ്തയായ ടിവി താരവും. കാരണം ഒരൊറ്റ അവാര്‍ഡ്‌ നിശയും ഈ സ്ത്രീയുടെ അവതരണചാതുരിയില്ലാതെ ഭൂമിമലയാളത്തില്‍ അരങ്ങേറില്ല എന്ന അവസ്ഥയായിരിക്കുന്നു. അംഗഭംഗം വന്ന മലയാളഭാഷയെ ഈ നാട്‌ ഇത്രമാത്രം നെഞ്ചേറ്റിവെയ്ക്കാന്‍ ഈ സ്ത്രീയുടെ ജനപ്രീതി കുറച്ചൊന്നുമല്ല സഹായിച്ചത്‌. എത്ര ഗുണഗണങ്ങള്‍ നിരത്തിക്കോളൂ, എല്ലാറ്റിനെയും ഇല്ലാതാക്കുന്ന തരം ജീവനറ്റ, തരംതാണ, സങ്കരയിനം മലയാളമാണ്‌ ഗ്ലാമറിന്റെ മിന്നലാട്ടങ്ങള്‍ക്കിടയിലൂടെ അവര്‍ വിതറിവിടുന്നത്‌. അവരുടെ ഇംഗ്ലീഷ്‌ സംസാരം, പതിവ്‌ അവതാരകരില്‍ കാണാന്‍ കിട്ടാത്തവിധം സമ്പന്നമായിരിക്കാം. വേദി കയ്യടക്കാനുള്ള കഴിവ്‌ മെച്ചം തന്നെ. ഏതു വേഷവും കെട്ടാനുള്ള തന്റേടം മറ്റൊരു ചര്‍ച്ചയ്ക്കു തന്നെ വിഷയമാക്കാവുന്നതാണ്‌. പ്രസന്നവും ചുറുചുറുക്കുള്ളതുമായ പെരുമാറ്റം, മല്‍സരാര്‍ത്ഥികളുടെയും വിധികര്‍ത്താക്കളുടെയും മദ്ധ്യവര്‍ത്തി എന്നനിലയിലെ പ്രവര്‍ത്തനം, എല്ലാം ഒന്നാം തരം തന്നെ. പക്ഷേ, ഇത്ര വിലകെട്ട മലയാളം പറയുന്ന ഒരാള്‍ക്കുവേണ്ടി മലയാളക്കരയൊന്നാകെ കയ്യടിക്കുന്നതു കാണുമ്പോള്‍ എനിക്കു അല്‍പം വിഷമമുണ്ട്‌. കാരണം, ഇവര്‍ പറയുന്നതാണു 'സ്റ്റൈലിഷ്‌ ലാങ്ങ്വേജ്‌' എന്നും ഇങ്ങനെയാണു 'ബോള്‍ഡ്‌' ആയ ആള്‍ക്കാര്‍ എന്നുമൊക്കെ നിനയ്ക്കുന്ന, അതുപോലെയാകാന്‍ ശ്രമിക്കുന്ന പലരുമുണ്ടിവിടെ. ഇത്രയും ജനപ്രീതിയുള്ള ഒരു പരിപാടിക്കുള്ള സാമൂഹികവും സാംസ്കാരികവുമായ കടമയും ഉത്തരവാദിത്വവും മറന്നുകൊണ്ടാണ്‌ രഞ്ജിനിയുടെ ഞൊണ്ടിമലയാളം പ്രേക്ഷകനിലേക്ക്‌ ഏഷ്യനെറ്റും കൂട്ടരും എത്തിക്കുന്നത്‌.

സംശുദ്ധമലയാളം പോലും ആംഗലേയവല്‍ക്കരിച്ച്‌ പറയുന്നതാണു സ്റ്റൈലിഷ്‌ എങ്കില്‍ രഞ്ജിനിക്കു ഞാന്‍ ശിഷ്യപ്പെടാം. എം.ജി. ശ്രീകുമാര്‍ എന്ന ശ്രീയേട്ടന്‍ രഞ്ജിനിയുടെ രസനയില്‍ 'ശ്ഴീയേട്ടനും' ശരത്‌ സര്‍ 'ശഴത്‌ സറും' ചിത്രച്ചേച്ചി 'ചിത്ഴച്ചേച്ചി'യുമൊക്കെ ആകുന്നതോടൊപ്പം അമ്പലപ്പുഴ എന്നവള്‍ പറയുന്നതിലെ ഴ എഴുതിഫലിപ്പിക്കാന്‍ ഞാന്‍ പഠിച്ച അക്ഷരമാല മതിയാവാതെ വരുന്നു. ചില നേരം ഈ പരിപാടി മലയാളത്തിലാണോ ഇംഗ്ലീഷിലാണോ അവതരിപ്പിക്കപ്പെടുന്നതെന്ന സംശയവുമുണ്ടാകും. നന്നായി ഇംഗ്ലീഷ്‌ ഉപയോഗിക്കാനറിയാമെങ്കില്‍ അത്‌ അങ്ങനെയുള്ളിടത്തുവേണം പ്രയോഗിക്കാന്‍. നേരാംവണ്ണം ഭാഷ ഉപയോഗിക്കാനറിഞ്ഞുകൂടാഞ്ഞിട്ടൊന്നും അല്ലല്ലോ. പല ഭാഷകള്‍ അറിയാമെന്നത്‌ ഏതെങ്കിലും ഒരു ഭാഷയെ മലീമസപ്പെടുത്തുന്നതിനു എങ്ങനെ കാരണമാകും? ഞാനോ താങ്കളോ ഇംഗ്ലീഷ്‌ സംസാരിക്കുമ്പോള്‍ അതിനിടെ മലയാളപദങ്ങളോ വാക്യങ്ങളോ തിരുകിവെയ്ക്കാറുണ്ടോ? ഇല്ലല്ലോ! അപ്പോള്‍പ്പിന്നെ മലയാളം സംസാരിക്കുമ്പോള്‍ എന്തിന്‌ (കുറഞ്ഞപക്ഷം)നല്ല മലയാളം അറിയാവുന്ന ഒരാളുടെ ഭാഷയില്‍ അന്യഭാഷ കടന്നു കയറണം?

രഞ്ജിനി തന്നെ നല്‍കിയ ഒരു വിശദീകരണം ഉണ്ട്‌. വര്‍ഷങ്ങളോളം തുടര്‍ച്ചയായി വിദേശത്തായിരുന്നതിനാല്‍, മലയാളത്തിലെ പ്രാവീണ്യം കുറഞ്ഞു എന്ന്‌. എത്ര സുന്ദരമായ ന്യായം. മാതൃഭാഷ അത്രയ്ക്കങ്ങു മറക്കാന്‍ ഈ കാലഘട്ടം കൊണ്ടാണോ അവരുടെ നാവുറച്ചത്‌? അതോ ഇവര്‍ മലയാളം കേള്‍ക്കാനും പറയാനും വായിക്കാനും കുറഞ്ഞപക്ഷം ഓര്‍ക്കാന്‍ കൂടി സൗകര്യമില്ലാതിരുന്ന എവിടെങ്കിലുമാണോ കഴിഞ്ഞിരുന്നത്‌? അങ്ങനെയെങ്കില്‍ കുറേക്കാലംകൂടി കഴിഞ്ഞായിരുന്നു സ്വദേശത്തു വരാന്‍ അവര്‍ക്കു തരപ്പെട്ടിരുന്നതെങ്കില്‍, ഒരു നാടന്‍ പ്രയോഗം കടമെടുത്താല്‍, 'അപ്പനെക്കേറി ഔസേപ്പുകുട്ടീ എന്നു വിളിക്കുന്ന' പരുവത്തില്‍ ഇവര്‍ മാറിപ്പോയേനേമല്ലോ? പിന്നെ, വേറൊരാള്‍ ദീദി. ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ട്‌ എന്നു പറഞ്ഞപോലെ. ദീദിക്കു മലയാളവും ഇംഗ്ലീഷും ഹിന്ദിയും തമിഴും നന്നായി അറിയാം. മിക്കവാറും മലയാളികള്‍ മാത്രം കാണുന്ന ഈ പരിപാടിയിലിരുന്ന്‌ അവര്‍ ഈ നാലുഭാഷയും പറയും. "യുവര്‍ പെര്‍ഫോമന്‍സ്‌ വസ്‌, ഫന്റാസ്റ്റിക്‌, മാര്‍വെലസ്‌, റൊംബ നല്ലാ ഇരുന്തത്‌, വസ്‌ സോ ഗുഡ്‌, ശ്രുതി ഇടയ്ക്കു പോയി, ആനാലും നീങ്ക റൊമ്പ നല്ല പെര്‍ഫോം ചെയ്തു...." ആസകലം പെരുത്തുവരും! ഇതൊക്കെ കേട്ട്‌ വായ്‌ ആറിഞ്ചുനീളത്തില്‍ വിടര്‍ത്തിച്ചിരിച്ച്‌ അടുത്ത അവിയല്‍ ഡയലോഗ്‌ "നെക്സ്റ്റ്‌ പെര്‍ഫോമന്‍സിനായി നമ്മുടെയെല്ലാവരുടെയും പ്ഴിയപ്പെട്ട കുറ്റപ്പനെ ക്ഷണിക്കുന്നു.. കുറ്റപ്പന്‍ ഫ്രം ഖൊയിലാന്റി...!" മനസ്സിലിട്ടുരുട്ടി നമ്മുടെ നായിക നില്‍പ്പുണ്ടാവും. മോഡേണ്‍ മലയാളത്തിന്റെ ആള്‍രൂപമായിട്ട്‌! അതെ, മോഡേണ്‍ മലയാളത്തിന്റെ മമ്മി! (എഴുത്തച്ഛന്‍ എന്നോടു പൊറുക്കട്ടെ!)

ആദ്യമൊന്നും അത്ര സ്വീകാര്യമല്ലാതിരുന്ന ഈ മലയാളം 'ഇരുളും മെല്ലെ വെളിച്ചമായ്‌ വരും' എന്ന തത്വപ്രകാരം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതാണ്‌. ഇടയ്ക്ക്‌ രഞ്ജിനി മാറിക്കഴിഞ്ഞ്‌ പരിപാടിയുടെ ജനപ്രീതി തിരിച്ചു പിടിക്കാനായി അവരെത്തന്നെ തിരികെ അവതാരകയാക്കുകയും ചെയ്തു. നല്ലതല്ല എന്നറിഞ്ഞിട്ടും ഉള്ളിലാക്കുന്നതിനെ ആരു ചെറുക്കും? അവരുടെ മലയാളം പറച്ചിലാവില്ല അവരുടെ താരപരിവേഷത്തിനു കാരണം എന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

അടുത്തിടെ ശ്രദ്ധിച്ച ഒരു നല്ല കാര്യം കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. ശ്രേയ ഘോഷാല്‍ എന്ന മറുനാടന്‍ ഗായിക ഇപ്പോള്‍ മലയാളത്തില്‍ പേരെടുത്തുകഴിഞ്ഞു. ഇന്ത്യയിലെ പലഭാഷകളിലും പാടിയ കഴിവുറ്റ ആ കലാകാരി പാടിയ മലയാളഗാനങ്ങള്‍ കേട്ടാല്‍ ഗായിക മലയാ‍ളിയല്ല എന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നാം. ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു: “പാട്ട് ഏതുഭാഷയിലാണെങ്കിലും അതിന്റെ ഓരോവരിയിലുമുള്ള അര്‍ഥം മനസ്സിലാക്കി പാടാനാണു ഞാന്‍ ശ്രമിക്കുക. മലയാളത്തില്‍ പാടാനെത്തിയപ്പോള്‍ ശരിക്കു ബുദ്ധിമുട്ടി. മറ്റുഭാഷകള്‍ പോലെയല്ല മലയാളം. ഓരോവരിയിലും ചെറിയൊരു ഹമ്മിങ്ങില്‍ പോലും ഭാവം ക്രമീകരിച്ചു വേണം പാടാന്‍. ഉച്ചാരണശുദ്ധിയും എളുപ്പമല്ല. വളരെ കഷ്ടപ്പെട്ടിട്ടാണ് മലയാളത്തില്‍ പാടാന്‍ കഴിഞ്ഞത്.” മൂന്നുനാലുവര്‍ഷം മുന്‍പ് അവര്‍ പാടിയ ഒരു മലയാളഗാനവും അടുത്തിടെ ഇറങ്ങിയ ഒന്നും ഒരുമിച്ചു കേട്ടാല്‍ അവരുടെ പുരോഗതി നേരിട്ടറിയാന്‍ സാധിക്കും. അര്‍പ്പണബോധവും പരിശ്രമവുമാണ് ഇത്ര ഉച്ചാരണശുദ്ധിയോടെ പാടുവാന്‍ അവരെ പ്രാപ്തയാക്കുന്നത്. ഓരോ വാക്കിന്റെയും അര്‍ത്ഥം മനസ്സിലാക്കി മണിക്കൂറുകള്‍ സമയമെടുത്ത് പാട്ടു മുഴുവന്‍ പഠിച്ചെടുത്ത ശേഷമാണ് ശ്രേയ പാടുന്നതെന്ന് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാളികള്‍ക്കു പോലും താല്പര്യമില്ലാത്ത ഒരു സമര്‍പ്പണമനോഭാവം.

അന്‍പതു പേര്‍ ഈ ലേഖനം വായിച്ചിട്ട്‌ അവരില്‍ മുപ്പതു പേര്‍ക്ക്‌ തിരിച്ചറിവുണ്ടാവുകയും നല്ല മലയാളം സംസാരിക്കാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്താല്‍ ഈ ലേഖനം ഫലം കണ്ടു എന്നു പറയാം. അതു മറ്റുള്ളവരിലേക്കു പകരാന്‍ കൂടി നിങ്ങള്‍ക്കു കഴിഞ്ഞാല്‍ വളരെ നല്ലത്‌. നല്ല മലയാളം സംസാരിച്ചു എന്നതു കൊണ്ട്‌ നിങ്ങളുടെ ഇംഗ്ലീഷ്‌ ചീത്തയാവില്ല, മാത്രമല്ല മലയാളത്തിന്റെ ഇടയില്‍ ഇംഗ്ലീഷ്‌ പദങ്ങള്‍ തിരുകി വെച്ചതു കൊണ്ട്‌ നിങ്ങളുടെ ഇംഗ്ലീഷ്‌ നന്നാവാനും പോണില്ല. രണ്ടും അതിന്റെതായ രീതിയില്‍ നന്നായി ഉപയോഗിച്ചു പഠിക്കണം. മലയാളം പറയേണ്ടിടത്തു നല്ല മലയാളവും ഇംഗ്ലീഷ്‌ പറയേണ്ടിടത്തു നല്ല ഇംഗ്ലീഷും പറയൂ, അതാണു ഭാഷാശുദ്ധി. ചെമ്മനം ചാക്കോയുടെ ഒരു കവിത പണ്ട്‌ പഠിച്ചതോര്‍ക്കുന്നു. മരിക്കാന്‍ കിടക്കുന്ന മുത്തശ്ശിക്ക്‌ അന്ത്യശ്വാസം വലിക്കുന്നതിനു മുന്‍പേ മക്കളും കൊച്ചുമക്കളുമൊക്കെ മാതൃഭാഷയില്‍ തന്നെ വിളിക്കുന്നതൊന്നു കേള്‍ക്കണം. കവി പണ്ടെഴുതിയതാണെങ്കിലും സത്യമായി വരുമെന്നതില്‍ സംശയമില്ല. ഇംഗ്ലീഷ്‌ കോള കുടിച്ചോളൂ, പക്ഷേ നമ്മുടെ കരിക്കിന്‍ വെള്ളം ഉപേക്ഷിക്കരുത്‌. മാത്രവുമല്ല, അതു താഴേത്തട്ടിലേക്കു ശുദ്ധമായി പകര്‍ന്നു നല്‍കുകയും വേണം.

Related read : Images 7 - 12 of keralakaumudi June-12, 2010

Friday, May 20, 2011

'മോഡേണ്‍ മലയാളത്തിന്റെ മമ്മി' - 1

വിദ്യാഭ്യാസവും ജോലിസാഹചര്യവും ആണ്‌ ഇന്ന്‌ നമ്മുടെയെല്ലാം നാവിനെ ഭരിക്കുന്നത്‌. പറഞ്ഞുവരുന്നത്‌ (ഞാനുള്‍പ്പടെ) നമ്മുടെയെല്ലാം നാവിലുണരുന്ന സരസ്വതിയെക്കുറിച്ചാണ്‌. പദ്‌മത്തില്‍ വീണയുമേന്തി ദിവ്യമായ ചിരിയോടെ അനുഗ്രഹമരുളുന്ന സരസ്വതി, എന്റെ അമ്മ മലയാളം, ഇപ്പോള്‍ തിളങ്ങുന്ന ഷോര്‍ട്‌ ടോപ്പും ലോ വെയിസ്റ്റ്‌ ടോണ്‍ ജീന്‍സും ഇട്ട്‌ ഇലക്‌ട്രിക്‌ ഗിത്താറുമേന്തി മുടിയഴിച്ചാടുന്നു. എന്നാലും ഇടയ്ക്ക്‌, കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന പാട്ടും പാടുന്നുണ്ട്‌. ആകെപ്പാടെ ഒരു പന്തികേട്‌. പ്രത്യേകിച്ചും ടി.വി.യും എഫ്‌.എം. റേഡിയോയും ഒക്കെ നമ്മുടെ ചെവിയിലേക്ക്‌ ഇരച്ചു കയറുമ്പോള്‍!

കരിക്കിന്‍വെള്ളം പോലത്തെ മലയാളം. കോട്ടയംകാരന്റെ, പാലക്കാട്ടുകാരന്റെ, ആലപ്പുഴക്കാരന്റെ, തെക്കന്റെ, മലബാറുകാരന്റെ ഒക്കെ തനിമയും സംസ്കാരവും നിറഞ്ഞു നിന്ന, അതെല്ലാം അവന്‍ പോകുന്നിടത്തു വിളിച്ചറിയിച്ച മലയാളം. തനിമലയാളം. ജനറേഷന്‍ ഗ്യാപ്‌. എന്റെ മുത്തച്ഛന്‍ സംസാരിച്ചിരുന്നതു ഒന്നാംതരം കോട്ടയം ഭാഷ ആയിരുന്നു. എന്റെ മുകളിലുള്ള തലമുറ പറയുന്നത്‌ അല്‍പം കൂടി മയപ്പെട്ട, എഴുത്തുഭാഷയോട്‌ കുറേക്കൂടി അടുത്തു നില്‍ക്കുന്ന ഭാഷ. എന്നിരുന്നാലും പൊക്കിള്‍ക്കൊടി ബന്ധം മറക്കായ്കയാല്‍ നല്ല ഒന്നാംതരം കോട്ടയം ചുവയുള്ള ഭാഷ. ആള്‍ അല്‍പം വിദ്യാഭ്യാസമോ ജോലിയോ ഒക്കെയുള്ള കൂട്ടത്തിലാണെങ്കില്‍ ഇംഗ്ലീഷ്‌ പദങ്ങളുടെ കടന്നുകയറ്റം നന്നായിട്ടുണ്ടാവും. ഇനി എന്റെ തലമുറ - ചില നേരം ഏതു ഭാഷയാണു പറയേണ്ടതു എന്നറിയാതെ കുഴങ്ങിപ്പോകുന്ന ദുരവസ്ഥ (എനിക്കില്ലെങ്കിലും) എന്റെ തരപ്പടിക്കാരില്‍ പലരിലും കണ്ടിട്ടുണ്ട്‌. ഇംഗ്ലീഷ്‌ വാക്കുകളുടെ ആധിക്യമല്ല അതിലുപരി, ഇംഗ്ലീഷ്‌ വാചകങ്ങളും മലയാളവും മാറിമാറി ഉപയോഗിച്ചിട്ടും ഒരു കാര്യം പറഞ്ഞു ഫലിപ്പിക്കാനാവാതെ കുഴങ്ങുന്നു എന്റെ തലമുറ. എനിക്കു താഴെ, "യു ടോക്കിംഗ്‌ ഇന്‍ മലയാളം? ഷെയിം..!" എന്നു കൊഞ്ഞനം കുത്തുന്ന കുരുന്നുകളുടെ ലോകം. പലനാടുകളില്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമായി അലയുമ്പോള്‍ പല ഭാഷകള്‍ അറിയുന്നതു നല്ലതു തന്നെ. പക്ഷെ അതു മറ്റുള്ളവയുമായി കൂട്ടിക്കുഴയ്ക്കുന്നതെന്തിന്‌? അറിയില്ലാത്ത ഒരു ഭാഷ പ്രയോഗിക്കേണ്ടി വന്നാല്‍ അംഗീകരിക്കാം. കന്നട അറിയാത്ത ഒരുവന്‍ കടയില്‍ നിന്നു സാധനം വാങ്ങുമ്പോള്‍ അറിയാവുന്ന ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലും ഒക്കെ പയറ്റുന്നതു ന്യായം. പക്ഷേ, നല്ലോണമറിയുന്ന അറിയേണ്ടുന്ന മാതൃഭാഷയെ തനതു രൂപത്തില്‍ നമ്മുടെ നാവില്‍ സംരക്ഷിക്കേണ്ടതല്ലേ?

ഞങ്ങളുടെ നാട്ടില്‍ ഒരു പ്രയോഗമുണ്ട്‌. 'ചെത്തിച്ചെത്തി ചെങ്ങളം കാണുക' എന്ന്‌, ചെങ്ങളം കോട്ടയം ജില്ലയിലെ ഒരു സ്ഥലമാണ്‌. ഒരു കാര്യം ചെയ്തു ചെയ്ത്‌, അതു നില്‍ക്കേണ്ടിടത്തു തീരാതെ കുഴപ്പത്തിലാകുന്നതിനെ സൂചിപ്പിക്കാനാണ്‌ ഇതുപയോഗിക്കുന്നത്‌. മീശ ഭംഗിയാക്കന്‍ ശ്രമിച്ച്‌ അവസാനം മുഴുവന്‍ വടിച്ചു കളയേണ്ടി വരുന്ന ഗതികേട്‌ ഒരുദാഹരണമായി പറയാം. ഇതു പ്രാദേശികമായ ഒരു പ്രയോഗമാണ്‌. ഒരു നിശ്ചിത പ്രദേശത്തു മാത്രം ഒതുങ്ങി നില്‍ക്കുന്നതും. അല്‍പം കൂടി ഉയര്‍ന്ന തലത്തില്‍ ചിന്തിച്ചാല്‍ എളുപ്പം മനസ്സിലാകുന്ന ഒരുദാഹരണമാണ്‌ സുരാജ്‌ വെഞ്ഞാറമൂട്‌ എന്ന മിമിക്രി കലാകാരനിലൂടെ ലോകപ്രശസ്തമായ തിര്‌വന്തോരം ശൈലി. സിനിമ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ്‌ അത്‌ ഇത്ര മാത്രം പ്രചരിച്ചതെന്ന്‌ പറയേണ്ടതില്ലല്ലോ. സമാനസ്വഭാവമുള്ള സംസാരം നിറഞ്ഞ 'രാജമാണിക്യം' എന്ന ചിത്രം മെഗാഹിറ്റായതും ചരിത്രം. ഇന്ന്‌ ഏതു കൊച്ചു കുഞ്ഞിനും അറിയാം "വ്വാ.. തള്ളേ.." എന്ന പ്രയോഗം. മിമിക്രിക്കാരുടെ പൊലിപ്പിച്ചുകാട്ടല്‍ കൂടിയാകുമ്പോള്‍ രസമായി. കൊല്ലം മുതല്‍ തെക്കോട്ട്‌ സകല ഇരുകാലികളും ഈ രീതിയിലാണു സംസാരിക്കുന്നതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ്‌ ഇതിനു കിട്ടിയ പ്രചാരണം. അതങ്ങനെയല്ലെന്നു സുരാജ്‌ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്‌! ഒരു പ്രാദേശികശൈലിയെ ഇത്രയൊക്കെ എത്തിക്കാന്‍ കഴിയുന്നതാണു മാധ്യമങ്ങളുടെ സ്വാധീനവും വ്യാപ്തിയും.

മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല; ഇതെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ സംഭവിച്ചു പോകുന്നതാണെന്നു പറഞ്ഞൊഴിയാന്‍ വരട്ടെ. അവിടെയുമുണ്ട്‌ ചില പ്രശ്നങ്ങള്‍. ഇന്നും അച്ചടിമാധ്യമം ഏറെക്കുറെ സംശുദ്ധമലയാളം തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. കാലികമായ മാറ്റങ്ങള്‍ വാര്‍ത്തയുടെ അവതരണത്തിലും ലേഖനങ്ങളിലെ പ്രയോഗരീതികള്‍ക്കും കാണാമെങ്കിലും വരമൊഴിയില്‍ അധികമൊന്നും കലര്‍പ്പു ചേര്‍ന്നിട്ടില്ലെന്ന്‌ സമാധാനിക്കാം. കാതലായ മാറ്റം കാണുന്നത്‌ വാമൊഴി അഥവാ സംസാരഭാഷയിലാണ്‌. ഭാഷയുടെ, അതിന്റെ പ്രയോഗത്തിന്റെ ഉദ്ദേശം ആശയവിനിമയം ആണെന്നിരിക്കേ, ഇതിലെന്തു വ്യാകുലപ്പെടാന്‍ എന്ന്‌ ആരെങ്കിലുമൊക്കെ ചിന്തിച്ചേക്കാം. ഇതിലാണ്‌ വ്യാകുലപ്പെടേണ്ടത്‌. 'ആറു മലയാളിക്ക്‌ നൂറു മലയാളം' എന്നു നാം വാമൊഴി വൈവിദ്ധ്യത്തെക്കുറിച്ചു പറയാറുണ്ട്‌. ആ നൂറു മലയാളം ഇപ്പോള്‍ അന്യഭാഷകളുമായി, പ്രധാനമായും ഈംഗ്ലീഷുമായി, കടഞ്ഞു വേര്‍തിരിക്കാനാവാത്ത വിധം കലര്‍ന്ന്‌ മറ്റൊരു വാമൊഴിവഴക്കം തന്നെ രൂപപ്പെട്ടിരിക്കുന്നു. മലയാളി ചെല്ലാത്ത നാടില്ല, അവര്‍ നിലയുറപ്പിക്കാത്ത തൊഴില്‍ മേഖലകളില്ല എന്നു നാം വീമ്പു പറയുന്നു. അതോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ മനസ്സിലാവും, ഈ 'സൂര്യനെല്ലീകൃത മലയാളം' അഗോളവ്യാപകമായ ഒന്നാണെന്നും തെക്കനും വടക്കനും വിദേശമലയാളിക്കും ഒരുപോലെ മനസ്സിലാക്കാനും പ്രയോഗിക്കാനും പറ്റുന്ന ഒന്നാണെന്നും. ഇതെങ്ങനെ സംഭവിച്ചു?

തിരുവനന്തപുരം ദൂര്‍ദര്‍ശനിലെയും ആകാശവാണിയിലെയും പല പരിപാടികളിലും ഇന്നും അന്യഭാഷകളുടെ അതിപ്രസരമില്ലാത്ത മലയാളം കേള്‍ക്കാം. എന്റെ ഒരു ഗുരുനാഥനെ ഓര്‍ത്തുപോകുന്നു. അദ്ദേഹത്തിന്റെ പേര്‌ വെട്ടിപ്പുറം മുരളി എന്നാണ്‌. ഏതാണ്ട്‌ രണ്ട്‌ വര്‍ഷക്കാലം ഒരു മീഡിയയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്‌. ഭാഷയുടെ ഭംഗി എന്നു പറഞ്ഞാല്‍ എന്താണെന്ന്‌ ഞാന്‍ പഠിച്ചത്‌ അദ്ദേഹത്തില്‍ നിന്നാണ്‌. എം.എ. യും ബി.എഡും ജേണലിസം ഡിപ്ലോമയും ഒക്കെ കയ്യിലുണ്ട്‌. എംഗ്ലീഷും മലയാളവും നല്ല ഒഴുക്കോടെ കൈകാര്യം ചെയ്യും. ചമ്പകിലൊക്കെ അദ്ദേഹം കഥകള്‍ എഴുതാറുണ്ട്‌. സംഗതി എന്തെന്നാല്‍, ഇദ്ദേഹം സംസാരിക്കുമ്പൊല്‍ അനാവശ്യമായ ഒരൊറ്റ ഇംഗ്ലീഷ്‌ വാക്ക്‌.. ഏഹേ! ഒട്ടു കൃത്രിമവുമില്ലാതെ അയത്നലളിതമായി അദ്ദേഹം ശുദ്ധമലയാളത്തില്‍ സംസരിക്കും. നല്ല ഭാഷ എന്നത്‌ (അത്‌ എഴുത്തായാലും പറച്ചിലായാലും) ഒരു ശീലമാണെന്ന്‌ അദ്ദേഹത്തിലൂടെയാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.


'സ്റ്റൈലിഷ്‌' ആകാനായി മനപൂര്‍വ്വം ഇംഗ്ലീഷ്‌ കലര്‍ത്തി സംസാരിക്കുന്നവരുണ്ട്‌. കൂടാതെ ഇതു സ്വാഭാവികമായി വന്നു പോകുന്നതാണെന്നു ന്യായീകരിക്കുന്നവരും ഉണ്ട്‌. ഒരു പരിധി വരെ ഞാനും അത്‌ അംഗീകരിക്കാം. എത്രയോ നാളായി നാം 'അഡ്ജസ്റ്റ്‌' ചെയ്യുന്നു. നിന്നെ എനിക്കു 'മിസ്സ്‌' ചെയ്യുന്നു എന്നു പറഞ്ഞാലേ അതിന്റെ ഒരു 'ഫീല്‍' വരൂ! മറ്റൊന്ന്‌, ലൈംഗികത എന്ന വാക്ക്‌ ഉപയോഗിക്കാന്‍ ഒരല്‍പം ചളിപ്പ്‌ ഉണ്ട്‌. 'സെക്സ്‌' എന്നാകുമ്പോള്‍ സൗകര്യമായി, അതിന്റെ ഏതര്‍ഥത്തില്‍ പ്രയോഗിക്കാനും അത്ര മടി തോന്നില്ല. ശരിയല്ലേ? ആരുടെ മുന്നിലും, ഉദാഹരണത്തിന്‌, മൊബൈല്‍ ഹാന്‍ഡ്‌സെറ്റിനെപ്പോലും 'സെക്സി' എന്നു വിശേഷിപ്പിക്കുന്നതു കേട്ടിരിക്കുന്നു! അന്യഭാഷകള്‍ തരുന്ന ചില സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും!

Thursday, May 19, 2011

മായുന്ന മലയാളം

എസ്‌.എസ്‌.എല്‍.സി ബുക്കില്‍ മലയാളത്തില്‍ പേരു രേഖപ്പെടുത്തുന്ന സമ്പ്രദായം ഇക്കൊല്ലം മുതല്‍ ഇല്ലെന്നു വാര്‍ത്ത. ഇംഗ്ലീഷില്‍ മാത്രം പേരു നല്‍കിയാല്‍ മതിയെന്നാണ്‌ വിശദീകരണം.

ഇനിയിപ്പോ മലയാളത്തില്‍ പേരുകാണുന്ന ഔദ്യോഗികരേഖകള്‍ ജനന സര്‍ട്ടിഫിക്കറ്റ്‌, വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌ എന്നിവ മാത്രമായിരിക്കും(?). മറ്റു വിദ്യാഭ്യാസരേഖകളില്‍ ഒന്നും തന്നെ മലയാളത്തില്‍ പേരു രേഖപ്പെടുത്തുന്ന പതിവില്ലാത്തതു കൊണ്ട്‌ ഒരാളുടെ വിദ്യാഭ്യാസ രേഖകളില്‍ നിന്നും മാതൃഭാഷ പാടേ പടിയിറങ്ങിപ്പോകുന്നതായിക്കാണാം. ആധുനിക കാലത്ത്‌ മലയാളത്തിലുള്ള ഔദ്യോഗിക എഴുത്തുകുത്തുകള്‍(ജോലി സംബന്ധമായും മറ്റും) കുറവാണെങ്കിലും ഒരു അടിസ്ഥാന രേഖ എന്ന നിലയില്‍ ഈ ഒരു വിവരം എസ്‌.എസ്‌.എല്‍.സി ബുക്കില്‍ നിലനിര്‍ത്തണമെന്ന്‌ എനിക്കഭിപ്രായമുണ്ട്‌. കാരണം ഭാവിയിലെ പല കാര്യങ്ങള്‍ക്കും (വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖയ്ക്ക്‌ അപേക്ഷിക്കുന്നതുള്‍പ്പടെ) എസ്‌.എസ്‌.എല്‍.സി ബുക്ക്‌ മാനദണ്ഡമാകുന്നു എന്നതിനാല്‍ അതിലെ വിവരങ്ങള്‍ക്ക്‌ കൃത്യതയും പൂര്‍ണ്ണതയും നല്‍കേണ്ടത്‌ ആവശ്യമാണ്‌. ഒരേ സ്പെല്ലിങ്ങില്‍ പല ഉച്ചാരണങ്ങള്‍ സാധ്യമായ പേരുകള്‍ ഉള്ളവര്‍ക്ക്‌ ആ ആശയക്കുഴപ്പം ദൂരീകരിക്കുന്നതിനും മാതൃഭാഷയില്‍ പേരുള്ളത്‌ സഹായകമാവും (ഉദാ: ശൈലജ/ഷൈലജ).

Monday, May 16, 2011

കേരളാ ടുഡേ

ഉമ്മനും രമേശനും തമ്മിലുള്ള പഞ്ചഗുസ്തി മല്‍സരം കാഴ്ചക്കാര്‍ ഉണ്ടാകില്ലെന്ന ഭയം മൂലം ഉപേക്ഷിച്ചു. ഉമ്മനെ വിജയിയായി പ്രഖ്യാപിച്ചുകൊള്ളാന്‍ രമേശന്‍ രഫറിയോട്‌ ആവശ്യപ്പെട്ടു.

ജോസഫും കുഞ്ഞാലിയും ഇനി മൂത്രമൊഴിക്കണമെങ്കില്‍ പോലും മുന്‍കൂര്‍ നോട്ടീസ്‌ നല്‍കി സഭയില്‍ അനുമതി തേടിയിരിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ യോഗം

നേതാക്കന്മാര്‍ പൊതുവേദികളില്‍ ഇംഗ്ലീഷ്‌ പറയുന്നതിനു മുന്‍പ്‌ യുട്യൂബ്‌ ഒന്നു നോക്കുന്നതു നന്നായിരിക്കുമെന്ന് ഹൈക്കമാന്‍ഡിന്റെ ശുപാര്‍ശ

അച്ചുമാമന്‍ എഫക്റ്റ്‌ എന്നൊരു സാധനമേ ഇല്ല എന്നു പാര്‍ട്ടി നേതാക്കള്‍.

അച്ചുമാമന്‍ എഫക്റ്റിന്റെ അഭാവത്തിലും ഇടതുമുന്നണിക്ക്‌ ഇത്രയും സീറ്റ്‌ കിട്ടിയതിന്റെ കാരണം പഠിക്കാന്‍ കേന്ദ്ര സമിതിയെ വെയ്ക്കണമെന്ന്‌ കീഴ്ഘടകങ്ങള്‍ ആവശ്യപ്പെട്ടു.

ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പ്രതിപക്ഷത്തിന്റെ വരാനിരിക്കുന്ന സമരമുഖങ്ങളെ പരിഗണിച്ച്‌ റേഷന്‍ കടകളിലൂടെ ചീളുകല്ല്‌, പെട്രോള്‍ ബോംബ്‌, സ്റ്റീല്‍ ബോംബ്‌, വടിവാള്‍ എന്നിവ വിതരണം ചെയ്യണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടും.

നിയമസഭാഹാളിന്റെ കവാടങ്ങളും പടിക്കെട്ടുകളും വലുതാക്കല്‍ പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നു. ഇറങ്ങിപ്പോക്ക്‌ വേളകളില്‍ തിക്കും തിരക്കും മൂലം മറ്റൊരു പുല്ലുമേട്‌ ദുരന്തം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണു നടപടി.

നേരിയ ഭൂരിപക്ഷത്തിനുമാത്രം യു.ഡി.എഫ്‌ ജയിച്ചതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷം ഖദര്‍ വസ്ത്രങ്ങള്‍ക്കുണ്ടാവാറുള്ള വമ്പിച്ച ഡിമാന്‍ഡ്‌ ഇത്തവണ ഉണ്ടാകില്ലെന്ന്‌ ഖാദി ബോര്‍ഡ്‌ ചെയര്‍മാന്‍

രമേശ്‌ ആദ്യമായി സെക്രട്ടേറിയറ്റിലേക്കു വിളിച്ചത്‌ അവിടെ ഹെലിപാഡ്‌ ഉണ്ടോ എന്നറിയാനാണെന്ന്‌ അഭ്യൂഹം

ഭരണപക്ഷത്തിന്റെ രാഷ്ട്രീയ ഭാവിക്കു വേണ്ടി ചില നേതാക്കള്‍ക്ക്‌ വിമാനയാത്ര, ശീതഭക്ഷണപാനീയങ്ങള്‍ എന്നിവയ്ക്‌ വിലക്കേര്‍പ്പെടുത്തും

വകുപ്പ്‌ വിഭജനം : ഘടക കക്ഷികളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക്‌ പാര്‍ലമെന്ററികാര്യ വകുപ്പിന്റെ ചുമതല മാത്രം നല്‍കാമെന്ന്‌ ധാരണ

ഉദ്ഘാടന വകുപ്പ്‌ രൂപീകരണം ആദ്യ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും; ഇതിലേക്ക്‌ ഹെലികോപ്റ്റര്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിക്കും.

അരുണാചല്‍ / ആന്ധ്ര കോപ്റ്റര്‍ അപകടങ്ങള്‍ : ഉദ്ഘാടന വകുപ്പ്‌ ഏറ്റെടുക്കാന്‍ നിയുക്ത മന്ത്രിമാര്‍ക്ക്‌ വിമുഖത; ആര്‍ക്കെന്ന്‌ നറുക്കിട്ട്‌ തീരുമാനിക്കുമെന്ന്‌ ഹൈക്കമാന്‍ഡ്‌

വേരുറപ്പിക്കാന്‍ ചെളിയില്ലാത്തതിനാലാണു കേരളത്തില്‍ താമര വിരിയാത്തതെന്നു ഇടത്‌-വലത്‌ സംയുക്ത പ്രസ്താവന

പൊന്മോതിരത്തിന്റെ ബിസിനസ്‌ ശക്തിപ്പെടുത്താന്‍ ആലോചിക്കുന്നതായി വെള്ളാക്കള്ളി

പ്രതിപക്ഷ/ഭരണപക്ഷ വിഭാഗങ്ങള്‍ കമ്പിവേലി കെട്ടി വേര്‍തിരിക്കണമെന്ന്‌ സെക്രട്ടേറിയറ്റ്‌ എന്‍ജിനീയറിങ്‌ വിഭാഗത്തിനു ഭരണപക്ഷ എം.എല്‍.എ മാരുടെ നിവേദനം

തലസ്ഥാനത്തെ പൊലീസ്‌ സംവിധാനം ശക്തിപ്പെടുത്തും; പുതിയ ബാരിക്കേഡുകള്‍ പണിയുന്നത്‌ വെല്‍ഡര്‍ വേലായുധന്റെ ലെയ്ത്തില്‍; ലാത്തി വരുന്നത്‌ ബീഹാറില്‍ നിന്നും; പ്രക്ഷോഭകാരികള്‍ കരയാന്‍ കൂട്ടാക്കില്ല എന്നതിനാല്‍ കണ്ണീര്‍ വാതകം ഇനി തുടരില്ല; ജല പീരങ്കിയില്‍ ഇനി എന്‍ഡോസള്‍ഫാന്‍-കോള മിശ്രിതം

'വാഹനം വാങ്ങല്‍ - വീടു മോടിപിടിപ്പിക്കല്‍ മഹാമഹം' നിയുക്ത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന്‌ യു.ഡി.എഫ്‌ യോഗം

വടക്കന്‍ ജില്ലകളിലെ സ്കൂളുകളില്‍ നിന്ന്‌ തലസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ക്ക്‌ ക്ഷണക്കത്തുകളുടെ പ്രവാഹം

പ്രതിവാരഹര്‍ത്താല്‍ ഏതു ദിവസം ആയിരിക്കുമെന്ന പ്രഖ്യാപനം പിബിയുടെ അഭിപ്രായം കൂടി ആരാഞ്ഞതിനു ശേഷം

തേക്കിന്‍കാട്‌ മൈതാനത്തിന്റെ ഇടതുവശത്തും വലതുവശത്തും പൊട്ടാതെ കിടക്കുന്ന ഗുണ്ടുകള്‍ ഇനിയും ഉണ്ടാവാം എന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൂരക്കമ്മിറ്റിക്കാര്‍ മുന്നറിയിപ്പു നല്‍കുന്നു.