Friday, May 20, 2011

'മോഡേണ്‍ മലയാളത്തിന്റെ മമ്മി' - 1

വിദ്യാഭ്യാസവും ജോലിസാഹചര്യവും ആണ്‌ ഇന്ന്‌ നമ്മുടെയെല്ലാം നാവിനെ ഭരിക്കുന്നത്‌. പറഞ്ഞുവരുന്നത്‌ (ഞാനുള്‍പ്പടെ) നമ്മുടെയെല്ലാം നാവിലുണരുന്ന സരസ്വതിയെക്കുറിച്ചാണ്‌. പദ്‌മത്തില്‍ വീണയുമേന്തി ദിവ്യമായ ചിരിയോടെ അനുഗ്രഹമരുളുന്ന സരസ്വതി, എന്റെ അമ്മ മലയാളം, ഇപ്പോള്‍ തിളങ്ങുന്ന ഷോര്‍ട്‌ ടോപ്പും ലോ വെയിസ്റ്റ്‌ ടോണ്‍ ജീന്‍സും ഇട്ട്‌ ഇലക്‌ട്രിക്‌ ഗിത്താറുമേന്തി മുടിയഴിച്ചാടുന്നു. എന്നാലും ഇടയ്ക്ക്‌, കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന പാട്ടും പാടുന്നുണ്ട്‌. ആകെപ്പാടെ ഒരു പന്തികേട്‌. പ്രത്യേകിച്ചും ടി.വി.യും എഫ്‌.എം. റേഡിയോയും ഒക്കെ നമ്മുടെ ചെവിയിലേക്ക്‌ ഇരച്ചു കയറുമ്പോള്‍!

കരിക്കിന്‍വെള്ളം പോലത്തെ മലയാളം. കോട്ടയംകാരന്റെ, പാലക്കാട്ടുകാരന്റെ, ആലപ്പുഴക്കാരന്റെ, തെക്കന്റെ, മലബാറുകാരന്റെ ഒക്കെ തനിമയും സംസ്കാരവും നിറഞ്ഞു നിന്ന, അതെല്ലാം അവന്‍ പോകുന്നിടത്തു വിളിച്ചറിയിച്ച മലയാളം. തനിമലയാളം. ജനറേഷന്‍ ഗ്യാപ്‌. എന്റെ മുത്തച്ഛന്‍ സംസാരിച്ചിരുന്നതു ഒന്നാംതരം കോട്ടയം ഭാഷ ആയിരുന്നു. എന്റെ മുകളിലുള്ള തലമുറ പറയുന്നത്‌ അല്‍പം കൂടി മയപ്പെട്ട, എഴുത്തുഭാഷയോട്‌ കുറേക്കൂടി അടുത്തു നില്‍ക്കുന്ന ഭാഷ. എന്നിരുന്നാലും പൊക്കിള്‍ക്കൊടി ബന്ധം മറക്കായ്കയാല്‍ നല്ല ഒന്നാംതരം കോട്ടയം ചുവയുള്ള ഭാഷ. ആള്‍ അല്‍പം വിദ്യാഭ്യാസമോ ജോലിയോ ഒക്കെയുള്ള കൂട്ടത്തിലാണെങ്കില്‍ ഇംഗ്ലീഷ്‌ പദങ്ങളുടെ കടന്നുകയറ്റം നന്നായിട്ടുണ്ടാവും. ഇനി എന്റെ തലമുറ - ചില നേരം ഏതു ഭാഷയാണു പറയേണ്ടതു എന്നറിയാതെ കുഴങ്ങിപ്പോകുന്ന ദുരവസ്ഥ (എനിക്കില്ലെങ്കിലും) എന്റെ തരപ്പടിക്കാരില്‍ പലരിലും കണ്ടിട്ടുണ്ട്‌. ഇംഗ്ലീഷ്‌ വാക്കുകളുടെ ആധിക്യമല്ല അതിലുപരി, ഇംഗ്ലീഷ്‌ വാചകങ്ങളും മലയാളവും മാറിമാറി ഉപയോഗിച്ചിട്ടും ഒരു കാര്യം പറഞ്ഞു ഫലിപ്പിക്കാനാവാതെ കുഴങ്ങുന്നു എന്റെ തലമുറ. എനിക്കു താഴെ, "യു ടോക്കിംഗ്‌ ഇന്‍ മലയാളം? ഷെയിം..!" എന്നു കൊഞ്ഞനം കുത്തുന്ന കുരുന്നുകളുടെ ലോകം. പലനാടുകളില്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമായി അലയുമ്പോള്‍ പല ഭാഷകള്‍ അറിയുന്നതു നല്ലതു തന്നെ. പക്ഷെ അതു മറ്റുള്ളവയുമായി കൂട്ടിക്കുഴയ്ക്കുന്നതെന്തിന്‌? അറിയില്ലാത്ത ഒരു ഭാഷ പ്രയോഗിക്കേണ്ടി വന്നാല്‍ അംഗീകരിക്കാം. കന്നട അറിയാത്ത ഒരുവന്‍ കടയില്‍ നിന്നു സാധനം വാങ്ങുമ്പോള്‍ അറിയാവുന്ന ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലും ഒക്കെ പയറ്റുന്നതു ന്യായം. പക്ഷേ, നല്ലോണമറിയുന്ന അറിയേണ്ടുന്ന മാതൃഭാഷയെ തനതു രൂപത്തില്‍ നമ്മുടെ നാവില്‍ സംരക്ഷിക്കേണ്ടതല്ലേ?

ഞങ്ങളുടെ നാട്ടില്‍ ഒരു പ്രയോഗമുണ്ട്‌. 'ചെത്തിച്ചെത്തി ചെങ്ങളം കാണുക' എന്ന്‌, ചെങ്ങളം കോട്ടയം ജില്ലയിലെ ഒരു സ്ഥലമാണ്‌. ഒരു കാര്യം ചെയ്തു ചെയ്ത്‌, അതു നില്‍ക്കേണ്ടിടത്തു തീരാതെ കുഴപ്പത്തിലാകുന്നതിനെ സൂചിപ്പിക്കാനാണ്‌ ഇതുപയോഗിക്കുന്നത്‌. മീശ ഭംഗിയാക്കന്‍ ശ്രമിച്ച്‌ അവസാനം മുഴുവന്‍ വടിച്ചു കളയേണ്ടി വരുന്ന ഗതികേട്‌ ഒരുദാഹരണമായി പറയാം. ഇതു പ്രാദേശികമായ ഒരു പ്രയോഗമാണ്‌. ഒരു നിശ്ചിത പ്രദേശത്തു മാത്രം ഒതുങ്ങി നില്‍ക്കുന്നതും. അല്‍പം കൂടി ഉയര്‍ന്ന തലത്തില്‍ ചിന്തിച്ചാല്‍ എളുപ്പം മനസ്സിലാകുന്ന ഒരുദാഹരണമാണ്‌ സുരാജ്‌ വെഞ്ഞാറമൂട്‌ എന്ന മിമിക്രി കലാകാരനിലൂടെ ലോകപ്രശസ്തമായ തിര്‌വന്തോരം ശൈലി. സിനിമ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ്‌ അത്‌ ഇത്ര മാത്രം പ്രചരിച്ചതെന്ന്‌ പറയേണ്ടതില്ലല്ലോ. സമാനസ്വഭാവമുള്ള സംസാരം നിറഞ്ഞ 'രാജമാണിക്യം' എന്ന ചിത്രം മെഗാഹിറ്റായതും ചരിത്രം. ഇന്ന്‌ ഏതു കൊച്ചു കുഞ്ഞിനും അറിയാം "വ്വാ.. തള്ളേ.." എന്ന പ്രയോഗം. മിമിക്രിക്കാരുടെ പൊലിപ്പിച്ചുകാട്ടല്‍ കൂടിയാകുമ്പോള്‍ രസമായി. കൊല്ലം മുതല്‍ തെക്കോട്ട്‌ സകല ഇരുകാലികളും ഈ രീതിയിലാണു സംസാരിക്കുന്നതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ്‌ ഇതിനു കിട്ടിയ പ്രചാരണം. അതങ്ങനെയല്ലെന്നു സുരാജ്‌ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്‌! ഒരു പ്രാദേശികശൈലിയെ ഇത്രയൊക്കെ എത്തിക്കാന്‍ കഴിയുന്നതാണു മാധ്യമങ്ങളുടെ സ്വാധീനവും വ്യാപ്തിയും.

മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല; ഇതെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ സംഭവിച്ചു പോകുന്നതാണെന്നു പറഞ്ഞൊഴിയാന്‍ വരട്ടെ. അവിടെയുമുണ്ട്‌ ചില പ്രശ്നങ്ങള്‍. ഇന്നും അച്ചടിമാധ്യമം ഏറെക്കുറെ സംശുദ്ധമലയാളം തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. കാലികമായ മാറ്റങ്ങള്‍ വാര്‍ത്തയുടെ അവതരണത്തിലും ലേഖനങ്ങളിലെ പ്രയോഗരീതികള്‍ക്കും കാണാമെങ്കിലും വരമൊഴിയില്‍ അധികമൊന്നും കലര്‍പ്പു ചേര്‍ന്നിട്ടില്ലെന്ന്‌ സമാധാനിക്കാം. കാതലായ മാറ്റം കാണുന്നത്‌ വാമൊഴി അഥവാ സംസാരഭാഷയിലാണ്‌. ഭാഷയുടെ, അതിന്റെ പ്രയോഗത്തിന്റെ ഉദ്ദേശം ആശയവിനിമയം ആണെന്നിരിക്കേ, ഇതിലെന്തു വ്യാകുലപ്പെടാന്‍ എന്ന്‌ ആരെങ്കിലുമൊക്കെ ചിന്തിച്ചേക്കാം. ഇതിലാണ്‌ വ്യാകുലപ്പെടേണ്ടത്‌. 'ആറു മലയാളിക്ക്‌ നൂറു മലയാളം' എന്നു നാം വാമൊഴി വൈവിദ്ധ്യത്തെക്കുറിച്ചു പറയാറുണ്ട്‌. ആ നൂറു മലയാളം ഇപ്പോള്‍ അന്യഭാഷകളുമായി, പ്രധാനമായും ഈംഗ്ലീഷുമായി, കടഞ്ഞു വേര്‍തിരിക്കാനാവാത്ത വിധം കലര്‍ന്ന്‌ മറ്റൊരു വാമൊഴിവഴക്കം തന്നെ രൂപപ്പെട്ടിരിക്കുന്നു. മലയാളി ചെല്ലാത്ത നാടില്ല, അവര്‍ നിലയുറപ്പിക്കാത്ത തൊഴില്‍ മേഖലകളില്ല എന്നു നാം വീമ്പു പറയുന്നു. അതോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ മനസ്സിലാവും, ഈ 'സൂര്യനെല്ലീകൃത മലയാളം' അഗോളവ്യാപകമായ ഒന്നാണെന്നും തെക്കനും വടക്കനും വിദേശമലയാളിക്കും ഒരുപോലെ മനസ്സിലാക്കാനും പ്രയോഗിക്കാനും പറ്റുന്ന ഒന്നാണെന്നും. ഇതെങ്ങനെ സംഭവിച്ചു?

തിരുവനന്തപുരം ദൂര്‍ദര്‍ശനിലെയും ആകാശവാണിയിലെയും പല പരിപാടികളിലും ഇന്നും അന്യഭാഷകളുടെ അതിപ്രസരമില്ലാത്ത മലയാളം കേള്‍ക്കാം. എന്റെ ഒരു ഗുരുനാഥനെ ഓര്‍ത്തുപോകുന്നു. അദ്ദേഹത്തിന്റെ പേര്‌ വെട്ടിപ്പുറം മുരളി എന്നാണ്‌. ഏതാണ്ട്‌ രണ്ട്‌ വര്‍ഷക്കാലം ഒരു മീഡിയയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്‌. ഭാഷയുടെ ഭംഗി എന്നു പറഞ്ഞാല്‍ എന്താണെന്ന്‌ ഞാന്‍ പഠിച്ചത്‌ അദ്ദേഹത്തില്‍ നിന്നാണ്‌. എം.എ. യും ബി.എഡും ജേണലിസം ഡിപ്ലോമയും ഒക്കെ കയ്യിലുണ്ട്‌. എംഗ്ലീഷും മലയാളവും നല്ല ഒഴുക്കോടെ കൈകാര്യം ചെയ്യും. ചമ്പകിലൊക്കെ അദ്ദേഹം കഥകള്‍ എഴുതാറുണ്ട്‌. സംഗതി എന്തെന്നാല്‍, ഇദ്ദേഹം സംസാരിക്കുമ്പൊല്‍ അനാവശ്യമായ ഒരൊറ്റ ഇംഗ്ലീഷ്‌ വാക്ക്‌.. ഏഹേ! ഒട്ടു കൃത്രിമവുമില്ലാതെ അയത്നലളിതമായി അദ്ദേഹം ശുദ്ധമലയാളത്തില്‍ സംസരിക്കും. നല്ല ഭാഷ എന്നത്‌ (അത്‌ എഴുത്തായാലും പറച്ചിലായാലും) ഒരു ശീലമാണെന്ന്‌ അദ്ദേഹത്തിലൂടെയാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌.


'സ്റ്റൈലിഷ്‌' ആകാനായി മനപൂര്‍വ്വം ഇംഗ്ലീഷ്‌ കലര്‍ത്തി സംസാരിക്കുന്നവരുണ്ട്‌. കൂടാതെ ഇതു സ്വാഭാവികമായി വന്നു പോകുന്നതാണെന്നു ന്യായീകരിക്കുന്നവരും ഉണ്ട്‌. ഒരു പരിധി വരെ ഞാനും അത്‌ അംഗീകരിക്കാം. എത്രയോ നാളായി നാം 'അഡ്ജസ്റ്റ്‌' ചെയ്യുന്നു. നിന്നെ എനിക്കു 'മിസ്സ്‌' ചെയ്യുന്നു എന്നു പറഞ്ഞാലേ അതിന്റെ ഒരു 'ഫീല്‍' വരൂ! മറ്റൊന്ന്‌, ലൈംഗികത എന്ന വാക്ക്‌ ഉപയോഗിക്കാന്‍ ഒരല്‍പം ചളിപ്പ്‌ ഉണ്ട്‌. 'സെക്സ്‌' എന്നാകുമ്പോള്‍ സൗകര്യമായി, അതിന്റെ ഏതര്‍ഥത്തില്‍ പ്രയോഗിക്കാനും അത്ര മടി തോന്നില്ല. ശരിയല്ലേ? ആരുടെ മുന്നിലും, ഉദാഹരണത്തിന്‌, മൊബൈല്‍ ഹാന്‍ഡ്‌സെറ്റിനെപ്പോലും 'സെക്സി' എന്നു വിശേഷിപ്പിക്കുന്നതു കേട്ടിരിക്കുന്നു! അന്യഭാഷകള്‍ തരുന്ന ചില സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും!

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'