Sunday, December 13, 2015

സത്യവാൻ കള്ളൻ

പണ്ടുപണ്ടൊരിടത്ത് നല്ലവനായ ഒരു രാജാവുണ്ടായിരുന്നു. പാവങ്ങൾക്ക് രാജാവ് ഒരുപാടു നന്മകൾ ചെയ്തു പോന്നിരുന്നു. പണക്കാർക്കും രാജാവ് ഒത്തിരി സഹായങ്ങൾ ചെയ്തുപോന്നു. എന്നാൽ രാജാവിന്‌ നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു. ഇവരെല്ലാം തരം കിട്ടുമ്പോൾ രാജാവിനെ സിംഹാസനത്തിൽ നിന്നും ചാടിക്കാൻ ആവതെല്ലാം പയറ്റിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കേ അന്നാട്ടിൽ ഒരു പെരുങ്കള്ളൻ പിടിയിലായി. പണ്ടൊക്കെ ഒരുപാടുപേരെ പറ്റിച്ചും വെട്ടിച്ചും അവരുടെ പണമെല്ലാം കട്ടെടുത്ത ഒരുത്തനായിരുന്നു അവൻ. അതു മാത്രമോ, സ്വന്തം ഭാര്യയെവരെ കുരുതി കൊടുത്ത മഹാദുഷ്ടനായിരുന്നു കള്ളൻ.

പിടിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി കള്ളൻ ഒരു സൂത്രം പ്രയോഗിച്ചു. തന്റെ മോഷണത്തിനെല്ലാം രാജാവിന്റെ ഒത്താശയുണ്ടെന്നും രാജാവിന്റെ അറിവോടെയാണ്‌ ഈ മോഷണമെല്ലാം നടത്തുന്നതെന്നും എന്തിനേറെ കളവുമുതലിന്റെ നല്ലൊരു പങ്കും രാജാവിനു കൊടുത്തിട്ടുണ്ടെന്നുമൊക്കെ പറഞ്ഞതാണ്‌ കള്ളന്റെ തന്ത്രം.

അതു കൂടാതെ, കള്ളന്റെ കൂട്ടാളിയായി ഒരു പെരുങ്കള്ളി കൂടി ഉണ്ടായിരുന്നു. നുണ പറച്ചിലാണ്‌ അവളുടെ പ്രധാന വിനോദം. കണ്ണിൽ കാണുന്നവരെപ്പറ്റിയെല്ലാം നുണക്കഥകളുണ്ടാക്കി പറഞ്ഞിട്ട് അവരെ നാണം കെടുത്തുമെന്നു പറഞ്ഞിട്ട് അങ്ങനെ ചെയ്യാതിരിക്കാൻ അവൾ അവരുടെയടുത്തു നിന്നും കാശു തട്ടിച്ചെടുക്കുകയും ചെയ്തു പോന്നു. എന്നാൽ കള്ളനും കള്ളിയും പിടിയിലായതോടെ ഇവരുടെ വേലത്തരങ്ങൾക്കെല്ലാം അറുതിവന്നു.

അങ്ങനെ ശിക്ഷിക്കപ്പെടുമെന്നു വന്നപ്പോഴാണ്‌ കള്ളൻ മുന്നേ പറഞ്ഞ ആരോപണങ്ങളുമായി രംഗത്തു വന്നത്. അപ്പോൾ രാജാവിനെ ഇഷ്ടമല്ലാതിരുന്ന സഭാംഗങ്ങൾ എല്ലാവരും കൂടി രാജാവിനെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതുകേട്ട രാജാവ് പ്രശ്നത്തിൽ വിധി കല്പ്പിക്കാൻ ഒരു ന്യായാധിപനെ ചുമതലപ്പെടുത്തി.

ന്യാധിപൻ ചോദിച്ചപ്പോഴും കള്ളൻ മുൻപു പറഞ്ഞതെല്ലാം ആവർത്തിച്ചു. കൂടാതെ, കള്ളിയുമായി രാജാവ് സംസാരിച്ചിട്ടുണ്ടെന്നും കള്ളിയും രാജാവും തമ്മിൽ വല്യ കൂട്ടാണെന്നും രാജാവിനൊപ്പം കള്ളി നാടകം കളിച്ചിട്ടുണ്ടെന്നും കള്ളൻ പറഞ്ഞു. അങ്ങനെ ഒരു നാടകമുണ്ടെങ്കിൽ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്കു പൊയ്ക്കൊള്ളാം എന്ന് രാജാവ് കള്ളനെ വെല്ല്ലുവിളിച്ചു. അപ്പോൾ ആ നാടകം എവിടെയെന്ന്‌ ന്യായാധിപൻ കള്ളനോട് അന്വേഷിച്ചു. നാടകമെഴുതിയ താളിയോലക്കെട്ട് ഭദ്രമായി ഒരിടത്തു വെച്ചിട്ടുണ്ടെന്നു കള്ളൻ പറഞ്ഞു.

എങ്കിൽ അതെടുത്തോണ്ട് വരീന്നായി ന്യായാധിപൻ. ഈ നേരമെല്ലാം രാജാവ് “ഞാൻ കള്ളമൊന്നും ചെയ്തില്ല, എന്തു വന്നാലും കാണാം” എന്നൊക്കെ പറഞ്ഞ് ഒരേയിരിപ്പ്. ന്യായാധിപൻ കള്ളനെ കുറേ ഭടന്മാരെയും കൂട്ടി താളിയോല കണ്ടെടുക്കാൻ അയച്ചു. ഇതറിഞ്ഞ പ്രജകളും ദൂതന്മാരും കവികളുമെല്ലാം കള്ളന്റെയും ഭടന്മാരുടെയും പിന്നാലെ വച്ചലക്കി. നദികളും മലകളും ദേശങ്ങളും താണ്ടി അവർ യാത്ര തുടർന്നു. ഒടുക്കം കള്ളൻ പറഞ്ഞ സ്ഥലത്ത് അവരെത്തി. കള്ളൻ താളിയോല എടുക്കാൻ വരുന്നതറിഞ്ഞ് നൂറുകണക്കിന്‌ ആൾക്കാർ കള്ളൻ ചെന്നിടത്തു തടിച്ചുകൂടി. കള്ളനും ഭടന്മാരും കൂടിച്ചേർന്ന്‌ താളിയോല വച്ചിരുന്നിടം അരിച്ചു പെറുക്കി. തേടിത്തേടി എല്ലാവരും മടുത്തപ്പോൾ കള്ളന്റെ ഒരു കൂട്ടാളി ഒരു ഭാണ്ഡവുമായി രംഗത്തു വന്നു. അതിലാകട്ടെ താളിയോല പോയിട്ട് ഒരു താളു പോലും ഇല്ലായിരുന്നു.

കള്ളന്റെ കഴുത്തിനു പിടിച്ച് ഭടന്മാർ താളിയോലയെവിടെ എന്നു തിരക്കി. അപ്പോൾ കള്ളൻ പറഞ്ഞു താളിയോല മറ്റേതെങ്കിലും കള്ളൻ കൊണ്ടുപോയിക്കാണുമെന്ന്‌. അതു കേട്ട് രാജാവു പൊട്ടിച്ചിരിച്ചു. പ്രജകളും ദൂതന്മാരും രാജാവിന്റെ ശത്രുക്കളും ഇളിഭ്യരായി. ഒടുക്കം ഭടന്മാർ കള്ളനെ ന്യായാധിപന്റെ അടുക്കലേക്ക് തിരികെച്ചെന്നു. നാട്ടുകാർ അവരുടെ ‘ചുവരു’കളിലെല്ലാം “താളിയോല കള്ളൻ, കള്ളൻ താളിയോല” എന്നെല്ലാം എന്തൊക്കെയോ അക്ഷരത്തെറ്റോടെ എഴുതി വെച്ചു.

കഥ ഇത്രയും പറഞ്ഞപ്പോൾ അന്തോണിയുടെ മടിയിലിരുന്ന കൊച്ചുറാണിക്കൊച്ച് ചാടിയെഴുന്നേറ്റു.

“ഞാനീ സിലുമാ ഈയിടെ ടീവിയിൽ കണ്ടതാണല്ലോ” എന്നും പറഞ്ഞ് അപ്പനെ കൊഞ്ഞനം കാണിച്ചിട്ട് അവൾ അടുക്കളയിലേക്കോടിക്കളഞ്ഞു.

Monday, August 24, 2015

ആഘോഷങ്ങളുടെ അതിരുകൾ


തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഓണാഘോഷപരിപാടിക്കിടെ ജീപ്പ് അപകടത്തിൽ ഒരു വിദ്യാർഥിനി പരിക്കേറ്റ് മരിച്ചത് അറിയാനിടയായി. അടൂർ മണക്കാല എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർഥികൾ ഫയർ എഞ്ചിനും ക്രെയിനും ട്രാക്ടറും ഉപയോഗിച്ചും അവയിൽ അപകടകരമാം വിധം യാത്ര ചെയ്തും നടത്തിയ ഓണാഘോഷവും വാർത്തയിൽ നിറഞ്ഞു. ഈ രണ്ടു സംഭവങ്ങൾ എന്നിലുയർത്തിയ ചിന്തകളാണ്‌ ഏറെക്കാലത്തിനു ശേഷം ഇവിടെ ഒരു കുറിപ്പെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരത്തുകളും പൊതു സ്ഥലങ്ങളാണ്‌. നിങ്ങൾ ഒരു ഉൽസവത്തിന്‌ എത്ര പണം ചെലവാക്കണമെന്ന്‌, എങ്ങനെ ആഘോഷിക്കണമെന്ന്‌, അത് എത്രകണ്ട് നിയന്ത്രിക്കണമെന്ന് ഒരു സർക്കാരും നിബന്ധന വയ്ക്കുന്നില്ല. പക്ഷെ പൊതുസ്ഥലങ്ങളിൽ നമ്മുടെ ആഘോഷങ്ങൾക്ക് നാം അതിർവരമ്പുകൾ വയ്ക്കേണ്ടിയിരിക്കുന്നു എന്നതിൽ സംശയമില്ല. അവിടെല്ലാം നാം അറിയുകയും പാലിക്കുകയും ചെയ്യേണ്ടുന്ന ഒന്നുണ്ട് - അച്ചടക്കം. ആവേശലഹരിയിൽ ഈ വിദ്യാർഥികളും ആഘോഷങ്ങൾക്ക് അനുമതി നല്കിയ അദ്ധ്യാപകരും പൊതുജീവിതത്തിന്റെ അച്ചടക്കം ഉറപ്പാക്കേണ്ടിയിരുന്ന പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥരും ആഘോഷങ്ങൾ അതിരു കടക്കുന്നതു നിയന്ത്രിച്ചില്ല; സാമൂഹ്യമായ അച്ചടക്കം പാലിച്ചില്ല.

പണമാണ്‌ ആഘോഷത്തിന്റെ അടിസ്ഥാന ശില, സോഷ്യൽ മീഡിയയാണ്‌ അതിന്റെ പാത, പ്രശസ്തിയാണ്‌ അതിന്റെ ഫലം. അല്ലെങ്കിൽ, എന്നാണ്‌ അപകടകരമായി വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് ഓണാഘോഷത്തിന്റെ ഭാഗമായത്? അഗ്നിശമനവാഹനം പൊതു സുരക്ഷയ്ക്കായുള്ളതാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാനായി ഉപയോഗിക്കേണ്ടത്. ആ വാഹനം ഓണാഘോഷ പ്രദർശനത്തിന്‌ ഉപയോഗിച്ചതിന്റെ യുക്തി എന്തുകൊണ്ടും പിടി കിട്ടുന്നില്ല. അതിലുമപ്പുറം ആ വാഹനത്തിന്റെ മുകളിലും പിന്നിലും അനേകം വിദ്യാർഥികൾ കയറി നിന്ന്‌ പൊതുനിരത്തിലൂടെ യാത്ര ചെയ്യുന്നതും അങ്ങേയറ്റം അപലപനീയമാണ്‌. എല്ലാറ്റിലും ഉപരി ഫയർ എഞ്ചിനിൽ നിന്നും വെള്ളം ചീറ്റിച്ച് മഴ പെയ്യിച്ച് തുള്ളിത്തിമിർത്തതിന്‌ നാടൻ ഭാഷയിൽ മെണപ്പ് എന്നേ പറയാനൊക്കൂ. അതിനായി ഫയർ എഞ്ചിന്‌ 10000/- രൂപയും വെള്ളം ചീറ്റിച്ച വകയിൽ 2000/- രൂപയും ട്രഷറിയിൽ അടച്ചു പോലും. ചെലവാക്കാൻ പണം ഉണ്ടെന്നു കരുതി ഇത്രയൊന്നും പോകരുത്. അതല്ലെങ്കിൽ നാളെ ഈ വിദ്യാർഥികളെക്കാൾ ക്രയശേഷിയുള്ളവർ പൂന്തോട്ടം നനയ്ക്കാനും പട്ടിയെ കുളിപ്പിക്കാനും വാട്ടർ തീം പാർക്ക് നടത്താനും നിത്യേനയെന്നോണം ഫയർ എഞ്ചിൻ വാടകയ്ക്കെടുത്താൽ നെറ്റി ചുളിക്കരുത്. ബീക്കൺ ലൈറ്റും കത്തിച്ച് മണിയും സൈറണും മുഴക്കി അഗ്നിശമന വാഹനങ്ങൾ പായുമ്പോൾ എന്തോ അപായം പിണഞ്ഞെന്ന്‌ ആധി കൊള്ളുന്നവർക്ക് ഏതോ ഈച്ചപ്പൻ മുതലാളിയുടെ പുൽത്തകിടി നനയ്ക്കാനാണ്‌ ഈ നെട്ടോട്ടം എന്ന ചിന്ത കാലക്രമേണ വന്നോളും.

പിന്നെ ട്രാക്ടറും ക്രെയിനും. അതിന്റെ മുതുകത്തും നെഞ്ചത്തും കയറി നിന്ന്‌ ആർത്തുല്ലസിച്ച് ആൺ-പെൺ ഭേദമെന്യേ പിള്ളേർ ഓണം ആഘോഷിച്ചതു കണ്ടപ്പോൾ മെതിയടിയിട്ടു വന്ന മാവേലിത്തമ്പുരാൻ പേടിച്ചിട്ടാണോ ആവോ, അടുത്തുള്ള വെയിറ്റിങ്ങ് ഷെഡ്ഡിൽ അഭയം തേടി. ഇനി കെ.എസ്.ആർ.ടി.സി.യുടെ കാര്യം. എന്തു ചെയ്തിട്ടും കര പറ്റാൻ ഗതിയില്ല്ലാതെ ആ സ്ഥാപനം പണ്ടേ തന്നെ സ്വകാര്യ യത്രകൾക്ക് ബസ് വാടകയ്ക്കു നല്കുന്നതാണ്‌. ആ സ്ഥിതിക്ക് ഓണം മാത്രമാക്കണ്ട, കോളേജ് ബസ് ആയിട്ട് പതിവായിത്തന്നെ ഒരെണ്ണം വാടകയ്ക്കെടുത്ത് ഓടിച്ചു കൂടേ? ഒന്നുമില്ലെങ്കിലും സ്ഥിരമായി നിശ്ചിത തുക കിട്ടുന്ന ഒരു സർവ്വീസ് എങ്കിലും മരണാസന്നമായ കോർപറേഷനു കിട്ടട്ടെ.

ഓണം ആഘോഷിക്കുന്നത് പൂക്കളമിട്ടും ഊഞ്ഞാലാടിയും നാടൻ കളികളിൽ ഏർപ്പെട്ടും സദ്യ ഉണ്ടുമൊക്കെ ആയിരുന്നെങ്കിൽ ഇപ്പോൾ അതങ്ങനെ അല്ലാതായെന്നു വേണം കരുതാൻ. ഭ്രാന്തമായി ക്യാമ്പസ്സിലൂടെ വാഹനമോടിച്ചും പൊതുമുതൽ വില നല്കി ദുരുപയോഗം ചെയ്തും റോഡു നിയമങ്ങൾ നഗ്നമായി ലംഘിച്ചും അപകടങ്ങൾ ഉണ്ടായേക്കുമെന്നറിഞ്ഞുകൊണ്ട് വാഹനങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്തും... അതിന്‌ നമ്മൾ പകരം നല്കിയത് തെസ്നിയുടെ ചോരയാണ്‌, ജീവനാണ്‌.

ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു? ആരുടെ മുന്നിൽ ഹീറോയാകാൻ വേണ്ടിയായിരുന്നു? കൈ നിറയെ പണം , കരുത്തും ചേലുമുള്ള അല്ലെങ്കിൽ ശ്രദ്ധ കവരുന്ന വാഹനങ്ങൾ, സിരകളിൽ ലഹരി, ശരീരമാകെ കരുത്ത്, മനസ്സു നിറയെ തോന്ന്യാസവും. - ഇത്രയുമാണ്‌ അതു ചെയ്തതും ചെയ്യിപ്പിച്ചതും.

ഒരുകാലത്ത് കല്യാണസൊറ എന്ന വിവാഹ റാഗിങ്ങ് ആയിരുന്നു കേരളത്തെ പിടിച്ചു കുലുക്കിയ സാംസ്കാരിക അധഃപതനം. അതേ നാണയത്തിലും എന്നാൽ അതിലേറെ വ്യാപ്തിയിലുമാണ്‌ ഈ ആഘോഷാഭാസങ്ങൾ ഇവിടെ നടമാടുന്നത്. വിദ്യാർഥികളെയും യുവാക്കളെയും തെറ്റായ ആഘോഷങ്ങളിലേക്കും ശീലങ്ങളിലേക്കും നയിക്കുന്ന അവസ്ഥ ഇല്ലാതാവാൻ മാർഗ്ഗം ഒന്നേയുള്ളൂ. അതുപോലും ഞാൻ കടമെടുക്കുന്നത് അഗ്നിശമന സേനയുടെ തന്നെ ഒരു തീയണയ്ക്കൽ വിദ്യയിൽ നിന്നുമാണ്‌ - Cut the source. മേല്പ്പറഞ്ഞ വിധം വിദ്യാർഥികൾക്ക് ആവശ്യത്തിലധികം പണവും മറ്റു സൗകര്യങ്ങളും വന്നു ചേരുന്ന മാർഗ്ഗങ്ങൾ അടയ്ക്കുക. ആദ്യം കുടുംബത്തിൽ നിന്ന്‌, പിന്നെ കുടുംബത്തിനു പുറത്തു നിന്നും.

പിന്നെ ‘പ്രേമം’ സിനിമയെക്കുറിച്ച്. നിങ്ങൾ പ്രേമം സിനിമയിലെപ്പോലെ വേഷം ധരിച്ചതു കൊണ്ടോ ട്രെൻഡി ആയ പാട്ടുകളെ ഇഷ്ടപ്പെട്ടതുകൊണ്ടൊ ഇവിടെ ആരും കലിതുള്ളുന്നില്ല. പക്ഷേ ഹിറ്റാകുന്നതെല്ലാം അനുകരണീയമാണ്‌ എന്നൊരു അവസ്ഥ വരുന്നുണ്ട്, അതിലാണ്‌ അപകടം ഒളിഞ്ഞിരിക്കുന്നത്; അങ്ങനെ ഒരിടത്തും പഠിപ്പിക്കുന്നില്ലെങ്കിലും. Nothing is illegal if one hundred businessmen decide to do it എന്നു പറയാറുണ്ട്. കൂട്ടായ ഒരു പ്രവൃത്തി അത് എന്തു തന്നെയായാലും സ്വയം സധൂകരിക്കപ്പെടുന്ന ദുരവസ്ഥ. അത്യന്തം സാധാരണമായ ഒരു മുഖവും എന്നാൽ ശ്രദ്ധ കവരാൻ ഏറെ സവിശേഷതകളുമുള്ള ഒരു അദ്ധ്യാപികയെ പ്രണയിക്കാൻ ഇന്നാട്ടിലെ യുവാക്കൾക്ക് വച്ചു നീട്ടിയതിലൂടെ ‘പ്രേമം’ സിനിമ ചെയ്തത് അരുതാത്തതു ചെയ്യുവാനുള്ള കൗമാരത്തിന്റെ സഹജ വാസനയെ ഇളക്കിവിടുക തന്നെ. പിന്നെ മറ്റൊന്ന്‌ യുക്തി രഹിതവും പ്രഹസനവുമായ ഹിംസ. വിദ്യാർഥി ഗുരുവിനെ പ്രണയിക്കുന്നതും എന്നാൽ അതേ ടീച്ചറെപ്പറ്റി അശ്ലീലം പറഞ്ഞ പ്യൂണിനിട്ട് ഒന്നു പൊട്ടിച്ചിട്ട് അതേ വിദ്യാർഥി ‘മാത പിതാ ഗുരു ദൈവം’ എന്ന ആപ്തവാക്യം ഓതുകയും ചെയ്യുന്നിടത്ത് ആ യുക്തി രാഹിത്യവും പ്രഹസനസ്വഭാവവും തെളിയുന്നു(നിരീക്ഷണത്തിനും വാക്കുകൾക്കും കടപ്പാട്‌ ടി.പി. രാജീവൻ 24/08/2015-ൽ മലയാള മനോരമ ദിനപത്രത്തിൽ എഴുതിയ ലേഖനം). വില്ലനെ ആളറിയിക്കാതെയും അതുകൊണ്ടു തന്നെ താൻ ചെയ്ത കുറ്റമെന്തെന്നു ബോധ്യപ്പെടുത്താതെയും നായകനും കൂട്ടാളികളും മർദ്ദിക്കുന്നതും പുതിയ കാലത്തിന്റെ നായകവീര്യമാവാം. കുറഞ്ഞ പക്ഷം കലോൽസവ സ്റ്റേജിനടിയിൽ ബോംബു വെയ്ക്കുന്ന സാഹസമെങ്കിലും ‘പ്രേമം’ സിനിമ മൂലം പഠിതാക്കൾ ചെയ്യാതിരിക്കട്ടെ എന്നാശിക്കാം.

‘ഇവിടെ തുപ്പരുത്’ എന്നെഴുതിയ ഇടത്തു തന്നെ കാർക്കിച്ചു തുപ്പുന്നതു പോലെ നിയമങ്ങളെ, സാമാന്യ ശീലങ്ങളെ നിഷേധിക്കാനുള്ള ത്വരയ്ക്ക് അനല്പമായ പ്രേമത്തിന്റെ മാധുര്യം നല്കിയപ്പോൾ അതു തിരി കൊളുത്തിയത് ഒരുപാട് അരുതാഴികകളെ അധികം ആലോചനകൾക്കു പോലും വിധേയമാക്കാതെ പൊളിച്ചെഴുതാനുള്ള നീക്കങ്ങൾക്കായിരുന്നു. പെൺകുട്ടികൾ മുണ്ടുടുത്ത്‌ കോളേജിൽ വരുന്നതും ഇതിനാൽ അല്ലെന്നു പറയാനാവുമോ? കാരണം കലയല്ല ഭരിക്കുന്നത്, ട്രെൻഡാണ്‌!

നഷ്ടം എന്നും നഷ്ടപ്പെട്ടവർക്കു മാത്രമാണ്‌, അത് ആഘോഷമായാലും, ഹർത്താലായാലും. അതിനാൽ തെസ്നിയോട്‌ കേരളത്തിന്റെ മനഃസാക്ഷി മാപ്പു ചോദിക്കട്ടെ.

അരുതാഴികകൾ ആഘോഷമാകുമ്പോൾ പണവും സംഘബലവും ചേരുന്ന ഒരു കരിങ്കുപ്പായവും നന്മയെ മറയ്ക്കുന്ന ഒരു കറുത്ത കണ്ണടയും ഉണ്ടെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താം. ഖേദപൂർവ്വം ഓണാശംസകൾ!

Wednesday, March 18, 2015

സന്തോഷം

“സന്തോഷം തരുന്ന ഒരു കാര്യം എന്താണ്‌?”

“ഹ്ം..... നമുക്ക്, നമുക്കേ ഇഷ്ടമുള്ള ആളുമൊത്ത് പോയിട്ടില്ലാത്ത ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നത്..!”

“ആട്ടെ, ഏറ്റവും സന്തോഷം തരുന്ന കാര്യമോ??”

“നമുക്ക് ഇഷ്ടമുള്ള ആളും ഇതു തന്നെ പറയുന്നത്!”