Friday, January 31, 2020

വൈകിയിറങ്ങുന്ന ചിലർ

പതിവുപോലെ ധൃതിയൊന്നുമില്ലാതെ ബാഗ് എടുത്ത് ഓഫീസിനു പുറത്തിറങ്ങി പഞ്ച് ചെയ്തതിനു ശേഷം ലിഫ്റ്റിനു നേരെ നടന്നു. നാലുനിലകളുടെ പടികൾ കയറി ഇറങ്ങുന്നത് ഈയിടെയായി കാൽമുട്ടുകളെ പിണക്കുന്നതുകൊണ്ടാണ്‌ ലിഫ്റ്റ് ഉപയോഗിക്കുന്നത്. മുകളിലെ നിലയിൽ നിന്നും ഊർന്നു വന്ന ലിഫ്റ്റിനു നിൽക്കാനും എന്നെ കയറ്റാനും മടിയുണ്ടോയെന്നു ഞാൻ സംശയിച്ചു. എന്നെക്കണ്ടപ്പോൾ ഉള്ളിൽ നിന്ന രണ്ടു യുവാക്കളുടെ സംസാരം ഒതുങ്ങി. അവരെ ഞാൻ ഓഫീസ് പരിസരങ്ങളിൽ പതിവായി കാണാറുള്ളതാണ്‌. ഞങ്ങൾ മൂന്നുപേർ മാത്രമാണ്‌ അതിനുള്ളിലുള്ളത് എങ്കിലും അവിടം ജനനിബിഡമാണെന്നും എന്നിട്ടും ഞങ്ങളെയാകെ ചൂഴ്ന്ന് ഒരു നിശബ്ദത തങ്ങി നിൽക്കുന്നുണ്ടെന്നും എനിക്കു തോന്നി.

താഴെ ലിഫ്റ്റ് വാതിൽ തുറന്നപ്പോൾ തെരുവിന്റെ ശബ്ദം നരിച്ചീറുകളെപ്പോലെ അതിനുള്ളിലേക്ക് ഇരച്ചുകയറി. എനിക്കു പിന്നാലെ പുറത്തു കടക്കവേ എന്നെക്കുറിച്ച് അവരെന്തെങ്കിലും അടക്കിപ്പിടിച്ചു സംസാരിക്കുണ്ടാകും. ഒരു പക്ഷേ അതിന്റെ സൗകര്യത്തിനു വേണ്ടിയാകണം പുറത്തിറങ്ങാൻ തിരക്കുകൂട്ടാതെ അവർ എനിക്കായി ക്ഷമിച്ചുനിന്നത്. അതിൽക്കവിഞ്ഞ് അവരെക്കുറിച്ചു യാതൊന്നും വിചാരിക്കാൻ മനസ്സിനെ അനുവദിക്കാതെ ഞാൻ ഇറങ്ങി നടന്നു.

നേരത്തെ അന്തിവെയിലിന്റെ ചൂട് അനുഭവിക്കേണ്ടി വരാറില്ലായിരുന്നു. ഈ പഞ്ചിങ്ങ് ഒരുതരം തളച്ചിടലാണ്‌. രണ്ട് വരകൾ അപ്പുറവും ഇപ്പുറവും വരച്ചിട്ട് ഓടിക്കളിക്കാൻ പരിധിവെയ്ക്കുന്ന ഒരു കളി പോലെ.. കാൽ നനച്ചു കുറുകെ നടന്നു പോകാവുന്ന ഒരു പുഴയ്ക്കുമീതെ മൂന്നടി വീതിയിലൊരു നടപ്പാലം പണിതപോലെ. ജോലിയുടെ ഒഴുക്കിനെ, സ്വാതന്ത്ര്യങ്ങളെ ഈ വരകൾക്കിടയിലേക്ക് പഞ്ചിങ്ങ് പരിമിതപ്പെടുത്തിക്കളഞ്ഞിട്ടുണ്ട്. ഞാനും അതിനോട് എങ്ങനെ പൊരുത്തപ്പെട്ടെന്ന് മനസ്സിലാകുന്നില്ല.

ഒന്നുമല്ലെങ്കിലും ഞാൻ കയറിച്ചെല്ലുന്ന നേരം അല്പം നേരത്തെയായല്ലോ എന്ന് ശ്രീമതി പറയാതെപറയുന്നുണ്ട്. അടുത്ത ക്വാർട്ടേഴ്സിലെ കുട്ടികൾ വന്നു തീർത്തില്ലായെങ്കിൽ ചില ദിവസങ്ങളിൽ കൗതുകത്തിനു അവളുണ്ടാക്കുന്ന നാലുമണിപ്പലഹാരങ്ങൾ രുചിക്കാൻ കിട്ടാറുണ്ട്. അടുത്തുള്ള രണ്ടു വീടുകളിലെയും കുട്ടികൾ കുടുംബമായി സിനിമ കാണാൻ പോയ ഒരു വൈകുന്നേരമാണ്‌ തണുത്തുപോയതെങ്കിലും അത്യന്തം രുചികരമായ പഴംപൊരി ആസ്വദിക്കാൻ സാധിച്ചത്. കാന്റീനിൽ നിന്നു കിട്ടുന്നതിനെക്കാൾ എന്തു ചേരുവ കൂടിയിട്ടാണ്‌ അതിത്ര രസികനാവുന്നത് എന്ന് അന്ന്‌ ഏറെ ഓർത്തിരുന്നു. വെളിച്ചെണ്ണയുടെയാകും.

ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാവും ദൈനംദിന ജീവിതത്തിന്റെ രസമുകുളങ്ങളിൽ നിന്നും ഇക്കാലത്തിനിടെ അറ്റുപോയിട്ടുണ്ടാവുക. മുൻകാലങ്ങളിൽ ക്രമമായി സ്ഥാനക്കയറ്റങ്ങളും അതോടനുബന്ധിച്ചുള്ള യാത്രകളും പതിവായിരുന്നപ്പോൾ ഇങ്ങനെ നാനാവിധ രുചികൾ അറിയുവാൻ കഴിഞ്ഞിരുന്നു. ദേശങ്ങളുടെ, സംസ്കാരത്തിന്റെ, ഭാഷയുടെ, പെരുമാറ്റത്തിന്റെ, ഭക്ഷണത്തിന്റെ ഒക്കെ... ആ സമയമെല്ലാം ഇവളിതെവിടെ ആയിരുന്നു? ഇവൾക്കന്നു ശബ്ദമില്ലായിരുന്നോ? കുട്ടികളുടെ കലപിലകൾ ഞങ്ങൾക്കു ചുറ്റും ഇല്ലായിരുന്നപ്പോഴും? മൗനം ജനിപ്പിച്ച നിശബ്ദതയിൽ അവളുടെ നിശ്വാസം പോലും അലിഞ്ഞിരുന്നുവോ, മറഞ്ഞിരുന്നുവോ?


Picture Courtesy - https://enhues.bandcamp.com/

നഗരമാകട്ടെ വീടണയുന്ന ബഹളം നിറഞ്ഞ തിരക്കിലാണ്‌. തെരുവുകളിൽ ഇരുട്ടു പരക്കാൻ അനുവദിക്കാതെ കടകൾ പലനിറങ്ങളിൽ വെളിച്ചം നീട്ടിത്തുപ്പുന്നു. അവയെ ചവിട്ടിയരച്ചുകൊണ്ട് പായുന്ന മനുഷ്യരും വാഹനങ്ങളും. കൈകോർത്ത് പതിയെ നടക്കാമായിരുന്ന പാതയോരങ്ങൾക്കുപോലും ഇന്നെന്തൊരു വേഗമാണ്‌?! അതോ മുട്ടുവേദന എന്നെ പതുക്കെമാത്രം നടത്തുന്നതാണോ? കയ്യിൽ കോർത്തുപിടിക്കാൻ ഇപ്പോൾ ബാഗിന്റെ വള്ളി മാത്രമേയുള്ളെന്ന തിരിച്ചറിവാണോ? എന്തുതന്നെയായാലും എനിക്കു സാവധാനമേ നടക്കാനാവൂ.

മുപ്പതുകൊല്ലം മുൻപ്, ഡീസൽപ്പുകയുടെ മുഷിപ്പിക്കുന്ന മണം വഴിയിൽ നിറയുന്നതിനു മുൻപ് ഈ വഴികളിൽ ഉടനീളം നിരവധി മണങ്ങൾ ഉണ്ടായിരുന്നു. മണമില്ലാത്ത ഒരേയൊരു സ്ഥലം ലൈബ്രറിയുടെ പരിസരമായിരുന്നു. നല്ല ഗന്ധങ്ങളിൽ കേമം സ്വാമീസ് ഹോട്ടലിന്റെ സമീപത്തുകൂടി പോകുമ്പോൾ വന്നിരുന്ന നെയ്റോസ്റ്റിന്റെയും ഉഴുന്നുവടയുടെയും മണമാണ്‌. തെരുവോരങ്ങളിലെ ഉന്തുവണ്ടികളിൽ ആവികൊണ്ട് നിലക്കടല വേകുന്ന മണം. പാരാമൗണ്ടിൽ കോഴി മൊരിയുന്ന മണം. അമ്മൻകോവിലിലെ മഞ്ഞൾമണം. പിന്നെയും മണങ്ങൾ... മുല്ലപ്പൂവിന്റെയും അത്തറിന്റെയും അരിക്കടയുടെയും അനുസരണകെട്ട ഓടകളുടെയും വിയർത്തു തോർന്ന മനുഷ്യരുടെയും.

എനിക്കേതു മണമായിരുന്നിരിക്കണം? ദേഹമനങ്ങി ചന്തയിൽ പണിയുന്നവന്റെ വിയർപ്പു കുമിയുന്ന മണം ആവില്ലതന്നെ. അവൾ പറഞ്ഞതുവെച്ചു നോക്കുമ്പോൾ മുൻപെല്ലാം സിഗരറ്റിന്റെ മണമായിരുന്നു. എങ്കിലും അതിനിടയിൽ നിന്നും എന്റെ മീശയിലെ മണം അവൾ വേർതിരിച്ചെടുത്തിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവ്വമായി ആ ഗന്ധസ്മരണ അവൾ റീചാർജ്ജു ചെയ്യാറുണ്ടായിരുന്നു. അതോർത്തപ്പോൾ എനിക്ക് അറിയാതെ ചിരിവന്നു.

ഇരുപത്തഞ്ച് മിനിറ്റ് മാത്രം നടപ്പുദൂരമുള്ള ക്വാർട്ടേഴ്സിനെ ഇത്രയും കാലം മണിക്കൂറുകൾ അകലത്തേക്കു മാറ്റിനിർത്തിയത് എന്തായിരുന്നു? ഒന്നാം പ്രതി ലൈബ്രറി തന്നെ. ഭ്രമിപ്പിക്കുന്ന ഒരു ലോകം ഉള്ളിലൊളിപ്പിച്ച് തുറന്നിട്ട വാതിലുകളും ജാലകങ്ങളുമായി അത് വഴിയരികിൽ ഒരു ചെറിയ പുൽത്തകിടിക്കപ്പുറം നിന്നിരുന്നു. പിന്നെ മാർക്കറ്റും. പ്രത്യേകിച്ച് ആരോടും ബാധ്യത ഇല്ലാത്ത എന്നാൽ എല്ലാവരോടും സംവദിക്കുന്ന എല്ലാവരുടേതുമായ മാർക്കറ്റ് ഒരദ്ഭുതലോകമാണെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. സസ്യാഹാരിയുടെയും മാംസാഹാരിയുടെയും ധനികന്റെയും പട്ടിണിക്കാരന്റെയും എല്ലാമാണ്‌ മാർക്കറ്റ്. ഇന്ന് പച്ചക്കറികളോ മറ്റു സാമഗ്രികളോ വാങ്ങാനില്ലാത്തതിനാൽ ഗൂഢമായ സന്തോഷമുണ്ടായി എനിക്ക്.

കാക്കത്തൊള്ളായിരം ദൈവങ്ങളിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട നാലു പേരെ സ്വാർഥമായി തിരഞ്ഞുപിടിച്ച് ശ്രീമതി ചില്ലിട്ടു വെച്ചിരിക്കുന്ന പ്രേയർ ഏരിയായിൽ വിളക്കു തെളിയുന്നതിനു മുൻപേ ഞാൻ വീടെത്തി. ഇന്നും നേരത്തെ വന്നോയെന്ന് വാക്കുകളില്ലാത്ത ഒരന്വേഷണം വാതിൽക്കൽ വെച്ചു തന്നെ അവളുടെ മുഖത്തു നിന്നും വായിക്കാനൊത്തു. നിർഭാഗ്യവശാൽ ഇന്നത്തെ സായാഹ്നത്തിന്‌ പഴംപൊരിയുടെ മണം ഉണ്ടായിരുന്നില്ല. പകരം, പീറ്ററിന്റെ വീട്ടിൽ നിന്നു കൊടുത്തയച്ച കുമ്പിളപ്പം ഉണ്ടായിരുന്നു. ചൂടു ചായയും കൂട്ടി അതു കഴിക്കുമ്പോൾ മറന്നുപോയിരുന്ന ചില ബാല്യകാലഗന്ധങ്ങൾ പിന്നെയും മനസ്സിൽ മുളച്ചുപൊന്തി. രാത്രികളിൽ ഉച്ചത്തിൽ പ്രാർഥിക്കുന്ന പീറ്ററിനോടും കുടുംബത്തോടും ആദ്യമായി എനിക്കു സ്നേഹം തോന്നി. ഒപ്പം പഴംപൊരി ഉണ്ടാക്കുന്നതിനു പറ്റിയ ഏത്തപ്പഴം നാളെ ഉറപ്പായും വാങ്ങണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

നുറുക്കുഗോതമ്പിന്റെ കഞ്ഞിയും കുടിച്ച് എന്നുമുള്ള ചാനൽ വാഗ്വാദങ്ങൾക്ക് അധികം ചെവി കൊടുക്കാതെ ഞാൻ കിടന്നു. മക്കൾ വിളിച്ചോ എന്നു മാത്രമാണ്‌ ഊണുമേശയിൽ വെച്ച് അവളോട് ഞാൻ അന്വേഷിച്ചത്. മകൻ വിളിച്ചിട്ടു രണ്ടും മകളോട് സംസാരിച്ചിട്ടു നാലും ദിവസമായെന്ന് അവൾ പറഞ്ഞപ്പോൾ മാത്രമേ ഞാനും അക്കാര്യം ശ്രദ്ധിച്ചുള്ളൂ. പക്ഷേ പേരക്കുട്ടികളുടെ നേഴ്സറി വിശേഷങ്ങളും കുട്ടിക്കളികളും അവൾക്കെന്നും പറയാനുണ്ട്.

കുറെ നാൾക്കകം എന്റെ ദിനചര്യകൾ ഇതിനെക്കാൾ ഒതുങ്ങിപ്പോകുമെന്ന ഓർമ്മയിൽ ഞാൻ ചെറുതായി നടുങ്ങി. നഗരത്തിരക്ക് വിട്ട് ഒരു വീട് വാടകയ്ക്ക് അന്വേഷിക്കുന്നുണ്ട്. അതിനേക്കാൾ എനിക്കിഷ്ടം വിശ്രമജീവിതത്തിനായി ദൂരെ എവിടെയെങ്കിലും ചെറിയ ഒരു വീടു വാങ്ങിക്കുകയാണ്‌. അവൾക്കും അതാവും ഇഷ്ടം.

ഇന്നെന്താ നേരത്തെ കിടന്നതെന്ന് ചോദിച്ചുകൊണ്ടാണ്‌ അവൾ കിടക്കയുടെ അരികിലേക്കു വന്നതും ഇരുന്നതും. ഞാൻ നേരത്തെ ഉറങ്ങിക്കളഞ്ഞെങ്കിലോ എന്നു ഭയന്നാവണം ഒരു കയ്യിൽ എന്നും കഴിക്കേണ്ട ഗുളികയും മറുകയ്യിൽ വെള്ളവുമായി അവൾ വന്നത്. വെള്ളം കുടിച്ച് ഗ്ലാസ് തിരികെ നൽകുമ്പോൾ എങ്ങുനിന്നോ ഉയർന്ന നറുനീണ്ടിയുടെ മണം അവളുടെ മുടിയുടെ മണത്തിനു വഴിമാറിക്കൊടുത്തു. പതിവുകൾ തെറ്റുന്നതിനു അടിവരയിട്ട് അവൾ എന്നോട് ഒന്നുകൂടി ചേർന്നിരുന്നു.

“നിന്റെ മാറിനു നിലാവിന്റെ കുളിരാണെന്ന് മകൾ പണ്ടു പറഞ്ഞിട്ടുണ്ട്.”

ഞാൻ അന്ന്‌ അതുവരെ.. അല്ലല്ല, ഏറെ നാളായിട്ട്‌.. അവൾക്കു മാത്രമായി എന്തെങ്കിലും പറഞ്ഞത്‌ ഇത്‌ മാത്രമായിരുന്നു. ഒരു വിസ്മയച്ചിരിയാണ്‌ ആ മുഖത്തു കണ്ടത്‌. പിന്നെയവൾ കിലുകിലെ ചിരിച്ചു. മകൾ പണ്ടെങ്ങോ പറഞ്ഞതിൽക്കവിഞ്ഞ്‌ ശ്രീമതിക്ക്‌ രാമച്ചത്തിന്റെ മണംകൂടി ഉണ്ടെന്ന്‌ ഞാനറിഞ്ഞു.

Sunday, January 19, 2020

പേരറിയാത്തവർ

പണ്ട് വല്ലപ്പോഴുമൊക്കെ പോകാറുണ്ടായിരുന്ന ഒരു കടയുണ്ട്. എന്നും അടഞ്ഞു മാത്രം കാണപ്പെടാറുള്ള നാലഞ്ച് ഷട്ടർ മുറികൾ നിരന്നിരിക്കുന്ന ഒരു കെട്ടിടത്തിലെ ഇടയ്ക്കുള്ള ഒരു മുറി. പച്ചക്കറിയും പലചരക്കും വിൽക്കുന്ന ഒറ്റഷട്ടർ മുറിയും അതിനു മുന്നിൽ വരാന്തയിലൂടെ മുറ്റം വരെ ഗ്രില്ലിട്ട് നീട്ടിയെടുത്തിരിക്കുന്നതുമായ ഒരു നാടൻ കട. ഗ്രില്ലിട്ട ഭാഗത്ത് പലവിധം പച്ചക്കറികൾ വില്പനയ്ക്കായി വെച്ചിരിക്കും. ഉള്ളിൽ പലചരക്കും.

ആ കടക്കാരന്റെ പേര് എനിക്കറിയില്ല. ആളൊരു മുസൽമാൻ ആണ്. മുൻപ് ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ ഏറ്റവും അടുത്ത് മാവേലി സ്റ്റോർ കഴിഞ്ഞാൽ ഉണ്ടായിരുന്ന കട ഇതാണ്. പലതവണയായി അവിടുന്നു സാധനങ്ങൾ വാങ്ങിയ കൂടെ അയാൾ എന്നെയും പരിചയപ്പെട്ടു. വീട്ടുകാരെ ഒക്കെ അങ്ങേർക്ക് അറിയാം. അപ്പോളൊന്നും പേരു ചോദിക്കാൻ ഞാനും ശ്രദ്ധിച്ചില്ല. നാട്ടുകാര്യങ്ങളും അതിന്റെ കമന്റും ഒക്കെയായി സംസാരിക്കാറുണ്ടെങ്കിലും എന്റെയുള്ളിൽ അയാൾ വെറുമൊരു കടക്കാരൻ മാത്രമായി നിലകൊണ്ടു. എനിക്കു വിളിക്കേണ്ടപ്പോൾ ഇക്കാ എന്ന് മാത്രം ഞാനയാളെ വിളിച്ചു.
മറ്റുകടകളിൽ പൊതുവേ പലവ്യഞ്ജനം പ്ലാസ്റ്റിക് കൂടുകളിലും മറ്റും കെട്ടി തരുമ്പോൾ ഇയാൾ പരമ്പരാഗത രീതിയിൽ കടലാസ് കുമ്പിളിൽ സാധനം പൊതിഞ്ഞ് ചണനൂൽ കൊണ്ട് കെട്ടി തന്നിരുന്നു.

അലങ്കോലമെന്ന് തോന്നിക്കുന്ന കടയിൽ നിന്നും ഓരോ കിടുപിടി സാധനങ്ങൾ അയാൾ കൃത്യമായി എടുത്ത് തരുന്നത് എന്നെ വിസ്മയിപ്പിച്ചിരുന്നു. അല്പം കഷണ്ടിയും അങ്ങിങ്ങു നരകളുമുള്ള അയാളുടെ മീശയും മുഖവും ഞാൻ മറന്നിരിക്കുന്നു. മുകളിലെ കുടുക്കുകളിടാത്ത അയഞ്ഞ ഫുൾകൈ ഷർട്ടും ധരിച്ച് അലസമായി ഉടുത്ത ലുങ്കിയിലാണ് ഇരുണ്ട നിറമുള്ള അയാളെ ഞാൻ കാണാറ്. ഇടയ്ക്കെല്ലാം എരിയുന്ന ഒരു സിഗരറ്റും ചുണ്ടിലുണ്ടായിരുന്നു എന്ന് ഓർമ്മിക്കുന്നു. പച്ചക്കറി അടുക്കിയ ഗ്രില്ലിട്ട ഭാഗം കടന്ന് ഷട്ടർ വരമ്പിന്റെ അടുത്തിട്ടിട്ടുള്ള മേശയ്ക്കു സമീപം നമുക്ക് നിൽക്കാം. മച്ചിൽ നിന്നും കെട്ടിത്തൂക്കിയ തുലാസിൽ ആടിക്കളിക്കുന്ന ഭാരക്കട്ടികളും കടലാസുകുമ്പിളുകളും എന്നെ ബാല്യത്തിലെ ഏതോ വ്യാപാരക്കാഴ്ചകളിലേക്ക് അന്നെല്ലാം എടുത്തെറിയുന്നുണ്ടാവണം.
ഒരിക്കൽ ഒരു സന്ധ്യാവേളയിൽ ഞാൻ സാധനങ്ങൾ വാങ്ങാനായി ചെല്ലുമ്പോൾ മേശയ്ക്കൽ അയാൾ പരിക്ഷീണിതനായി തലകുമ്പിട്ട് ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ അമ്മയെന്നു തോന്നിക്കുന്ന നന്നേ മെലിഞ്ഞ ഒരു വൃദ്ധയും കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. അയാളുടെ അതേ നിറമായിരുന്നു ആ അമ്മയ്ക്കും. പ്രായം പൊള്ളിച്ച ആ മുഖത്തെ കണ്ണുകൾ രണ്ടു കുഴികളിലേക്ക് ആണ്ടിരുന്നു. എന്നാൽ ചാരനിറം പടർന്ന ആ കണ്ണുകളിൽ ഒരു തിളക്കം കാണാമായിരുന്നു. ഞാൻ സാധങ്ങൾ ആവശ്യപ്പെട്ടപ്പോൾ അയാളെ ഒന്നു രണ്ടു വട്ടം വിളിച്ച് നിരാശയായ ആ ഉമ്മ അവ ഒന്നൊന്നായി എടുത്തു തന്നുതുടങ്ങി.

മുൻപെല്ലാം നല്ല തകൃതത്തോടെ സാധനങ്ങൾ തന്നിരുന്ന അയാൾക്ക് പകരം ഈ ഉമ്മ എടുത്തുതന്നാൽ നേരം കുറെ പിടിക്കുമല്ലോ എന്നെല്ലാം ഞാൻ വിചാരിച്ചു. എന്റെ മനസ്സു വായിച്ചിട്ടെന്നോണം, കടയിലെ അനക്കങ്ങൾ അറിഞ്ഞിട്ടാവാം, ബോധശൂന്യനെ പോലെ മേശയിൽ തലവെച്ചു കിടന്ന അയാൾ സാവധാനം എഴുന്നേറ്റു. അഴിഞ്ഞു പോകാറായ ലുങ്കി ഉടുത്ത് നന്നേ ക്ലേശിച്ച് അയാൾ നേരേ നിന്നു. എന്നോട് പഴയ പരിചയഭാവമൊന്നും കാണിക്കാതെ ഉമ്മയുടെ നേരേ തിരിഞ്ഞ് എന്തെടുക്കുവാ എന്നൊക്കെ ശബ്ദമുയർത്തി ചോദിച്ചു. അയാൾ മദ്യപിച്ചിട്ടുണ്ടാവണം. പാവം ആ ഉമ്മ ഒന്നും പറയാതെ ജോലി തുടർന്നു. ഉമ്മയോട് 'അങ്ങു മാറി നിൽക്ക് , മാറി നിൽക്കാനല്ലേ പറഞ്ഞത്' എന്നെല്ലാം ഉറക്കച്ചടവാർന്ന സ്വരത്തിൽ ഉച്ചത്തിൽ പറഞ്ഞിട്ട് എനിക്കു വേണ്ടുന്ന സാധനങ്ങൾ അയാൾ എടുത്തു തരുവാൻ തുടങ്ങി. ഉമ്മയാകട്ടെ മറുത്തൊന്നും പറയാതെ അയാളെ നീരസത്തോടെ നോക്കിക്കൊണ്ട് സൗകര്യപൂർവ്വം മാറിനിന്നുകൊടുത്തു. ഭാഗ്യത്തിനു കുറച്ചുമാത്രം വസ്തുക്കളേ എനിക്കന്ന് വാങ്ങാനുണ്ടായിരുന്നുള്ളൂ. ശേഷം അയാൾ കണക്കു കൂട്ടിയപ്പോൾ അയാളുടെ അവസ്ഥമൂലം എനിക്കു നഷ്ടം ഉണ്ടാകരുതെന്ന് കണ്ട് ഞാൻ മേശയ്ക്കരികിൽ ജാഗ്രതയോടെ നിന്നു. പണം കൊടുത്ത് അന്നു ഞാൻ പോന്നശേഷം വർഷങ്ങളായി അപൂർവ്വം അവസരങ്ങളിലേ ആ കടയിൽ കയറിയിട്ടുള്ളൂ.

ഇന്നലെ, വൈകിട്ട് ആ വഴി യാത്ര ചെയ്തപ്പോൾ അത്യാവശ്യം വേണ്ടുന്ന പച്ചക്കറിയും മറ്റും വാങ്ങാനായി ഞാൻ അവിടെ വണ്ടി നിർത്തി ഇറങ്ങി. എന്നെ നിരാശനാക്കിക്കൊണ്ട് അവിടെ എനിക്കു വേണ്ടുന്ന പച്ചക്കറികളൊന്നും ഇല്ലായിരുന്നു. പണ്ടേ വലിയ പകിട്ടില്ലാത്ത ആ കടയ്ക്ക് നന്നായി നോക്കിനടത്താത്തതിന്റെ എല്ലാ ഭംഗികേടും ഞാൻ കണ്ടു. പകുതിയോളം കാലിയാണ്. ഫ്രഷ് പച്ചക്കറി ഒന്നുമില്ല. കൂടുതൽ നാൾ ഇരിക്കുന്നതരം കുറെ കായ്കളും കിഴങ്ങുകളും ഉള്ളിയും മറ്റും ആണുള്ളത്. കറിപ്പൊടിക്കമ്പനിയുടെ ക്യു ആർ കോഡുള്ള ഒരു സ്റ്റിക്കർ കാണാവുന്ന ഒരിടത്ത് ഒട്ടിച്ചിട്ടുണ്ട്. അതിൽ 'ചങ്ങാതി സ്റ്റോഴ്സ്' എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു. ആ കടയ്ക്ക് ഒരു പേരുണ്ട് എന്നത് ഞാൻ അന്നു വരെ ശ്രദ്ധിച്ചിരുന്നില്ല. കയറിച്ചെന്നപ്പോൾ അന്നു കണ്ട ഉമ്മയാണ് കടയിലുള്ളത്. എന്റെ ഓർമ്മയിലെ ചിത്രത്തിനെക്കാൾ അല്പം കൂടി അവരുടെ അവസ്ഥ മോശമായിട്ടുണ്ട്. അവരുടെ കണ്ണിലെ വെള്ളിത്തിളക്കം നല്ലതോ ചീത്തയോ എന്നെനിക്ക് അപ്പോഴും മനസ്സിലായില്ല.

"ഇക്കാ എന്ത്യേ.?" ഇക്കയുടെ മിടുക്കുള്ള സപ്ലൈ ആണെങ്കിൽ വേഗമാകുമല്ലോ കാര്യങ്ങൾ എന്നോർത്ത് ഞാൻ തിരക്കി.
കഷ്ടിച്ചു മാത്രം കേൾക്കാവുന്ന സ്വരത്തിൽ ആ ഉമ്മാ അവ്യക്തമായ ഒരാംഗ്യം കലർത്തി എന്നോട് പറഞ്ഞു : ".. പോയി.."

നന്നായി കേൾക്കാഞ്ഞതു കൊണ്ടും കൂടിയാണ്; ഞാൻ ചോദിച്ചു - "എവിടെ പോയി?"

വല്ലാതെ ഇടറിയ സ്വരത്തിൽ മറുപടി അവർ പറയാൻ ആഞ്ഞപ്പോഴാണ് ഞാൻ അവരുടെ മുഖത്ത് നോക്കിയതും അവരുടെ ഭാവം എന്നെ സ്തബ്ധനാക്കിയതും അവരുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞതും - "മരിച്ചുപോയി!!"

ഒരു നിമിഷം ഞാൻ ഷോക്കടിച്ചതുപോലെ നിന്നു. അവരുടെ വാക്ക് അവസാനിക്കുമ്പോൾ ഉയരാൻ കെല്പില്ലാത്ത ഒരു തേങ്ങലിന്റെ സ്വരം ഞാൻ കേട്ടു. അജ്ഞാതമായ തിളക്കമുള്ള കുഴിഞ്ഞ കണ്ണുകളിൽ നീർ പൊടിയുന്നതുപോലെ. എന്റെ കയ്യും കാലും ഒരു നിമിഷം മരച്ചു. സാധനം വാങ്ങാൻ വന്നതാണെന്ന് ഞാൻ മറന്നു.

"അയ്യോ.. ഞാൻ അറിഞ്ഞില്ലായിരുന്നു.. എന്തു പറ്റി.. എന്ന്.. എത്ര നാളായി...."
എന്നിങ്ങനെ മൂന്നുനാലു ചോദ്യങ്ങൾ അവിവേകിയായ എന്റെ പാഴ്നാവിൽ നിന്നും പിന്നെയും വീണു.

"മഞ്ഞപ്പിത്തമായിരുന്നു.. ഒരു മാസം.. പെട്ടെന്ന്..."

അടർന്നടർന്നു വീണ മറുപടികൾ. അവ പിന്നെയും നീറുന്ന ഓർമ്മകളിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോയിരിക്കാം. അവരുടെ കണ്ണുകൾ സജലങ്ങളായി, നീർമണികളാവാതെ, പൊഴിയാതെ വിങ്ങിവിങ്ങി നിന്നു.

എനിക്കവരെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. ഞാനോ? ആ പാവം വൃദ്ധയുടെ മുന്നിൽ നിഷ്പ്രഭനായ നിസ്സാരനായ ഒരു മൊണ്ണയായി നിന്നു. എനിക്കറിയാവുന്ന ക്ഷമാവാക്യങ്ങളൊന്നും അവരുടെ മുന്നിൽ ഏശില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു.

"ഒ.. ഒരു ചിക്കൻ മസാല" എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു.

അവരെ അഭിമുഖീകരിക്കാനാവാതെ, അതിന്റെ വില നൽകിയിട്ട്, ഇപ്പോഴും എന്തെന്ന് വിവേചിക്കാനാവാത്ത ഒരു മാനസികാവസ്ഥയിൽ ഞാൻ ആ പടിയിറങ്ങി.

പേരറിയാത്ത ആ കടക്കാരൻ എന്റെ ആരുമല്ല. എന്നിട്ടും ഞാൻ കരുതുന്നു എന്റെ ആരുമല്ല അയാളെങ്കിൽ പിന്നെ...?

© MS Raj 13/10/2019

Friday, January 17, 2020

മഴത്തുള്ളി

ചില സങ്കടങ്ങൾ മായ്ച്ചു കളയാൻ ചില സൗഹൃദങ്ങൾക്ക് ആകും.
മായ്ക്കാനാകാത്ത ചില സങ്കടങ്ങൾ തിളയ്ക്കുമ്പോൾ നിസ്സഹായതയോടെ നോക്കി നിൽക്കാനേ ചിലപ്പോൾ കഴിഞ്ഞെന്നും വരൂ. കനിവിറ്റുന്ന ഒരു വാക്കു തിരിച്ചു പറയാനാവാതെ, ഒരു നിമിഷത്തേക്കെങ്കിലും നിന്നെ പുണരാനാവാതെ, ശ്വാസം വിലങ്ങി ഞാൻ നിന്നിട്ടുണ്ട്. ചൂഴ്ന്നു നിന്ന നോവിൽ നിന്നും നിന്നെ പുറത്തെത്തിക്കാൻ എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. എനിക്ക് ആകെ ഉള്ളത് നിന്നോടുള്ള സ്നേഹമാണ്. പ്രണയമാണ്. അഭിനിവേശമാണ്. അടങ്ങാത്ത കൊതിയും ദാഹവുമാണ്. എനിക്കു പെയ്തിറങ്ങാനും ആയിരം പച്ചനാമ്പുകളായി തളിർത്തുയരാനുമുള്ള ഭൂമീ, ഞാൻ ഉതിരുന്നത് നിനക്കായി മാത്രമാണ്. നിന്നിൽ പെയ്തു കുതിർന്നു പടരുന്നതാണെന്റെ ജന്മസാഫല്യം.

Wednesday, January 08, 2020

ഡെസ്റ്റിനി

രാത്രി വൈകിയപ്പോഴേക്കും തീരം തീർത്തും വിജനമായി. ബീച്ചിന്റെ ഇങ്ങേയറ്റത്തെ നേർത്ത മണൽത്തിട്ടയ്ക്കിപ്പുറം നാട്ടിയ അനേകം കനത്ത തൂണുകൾ പോലെ തെങ്ങുകൾ വരിയായി നിന്നു. അവയുടെ തലപ്പുകൾക്കിടയിലൂടെ തെളിഞ്ഞ ആകാശം ചോർന്നുവീണു. ഒപ്പം കുറെ നക്ഷത്രങ്ങളും. തണുപ്പുള്ള കാറ്റ് ഓലകളെ തൊടാതെ നിലംപറ്റിയൊഴുകി. അവൻ ആകാശത്തേക്കു തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. "ഈ.. ആശയറ്റവര്.. ചിലപ്പോ ഒരു നക്ഷത്രത്തെ നോക്കി പറയില്ലേ, സ്റ്റാർ ഓഫ് ഹോപ് എന്നൊക്കെ.. പ്രത്യാശയുടെ താരകം? നമ്മൾ ദുഃഖത്തിലാകുമ്പോൾ നമ്മെ നോക്കി സാന്ത്വനിപ്പിക്കുന്നുവെന്നും കണ്ണു ചിമ്മുന്നെന്നുമൊക്കെ..?"

"ഉം.. അതിനു്?"

"അതൊക്കെ ചുമ്മാ.. കളിപ്പിക്കാൻ വെറുതെ പറയുന്നതാ!"

"സില്ലി. ഓർക്കാൻ തന്നെ രസമുള്ള കല്പനയല്ലേ അതൊക്കെ? ദൂരെ.. അങ്ങ് ദൂരെ നിന്നും പ്രത്യാശയുടെ ഒരു കിരണം വരുന്നു!"

"നമ്മെ നോക്കി ചിരിക്കുന്നതൊന്നുമല്ല മാഷേ. മറ്റാരെയോ നോക്കി ചിരിച്ചു. പ്രകാശവർഷങ്ങൾ താണ്ടി ഈ ദുനിയാവിലെത്തിയപ്പോ ആകാശോം നോക്കി, ഡെസ്പായി വായും പൊളിച്ചു നിന്നതു സാഹചര്യവശാൽ നമ്മളായിപ്പോയി എന്നല്ലേയുള്ളൂ? ന്നിട്ടാ നമ്മള് പറയുന്നെ റേ ഓഫ് കോപ്പെന്ന്!"


image courtesy : motaen.com

"ഹെയ് പെസ്സിമിസ്റ്റ് പുലീ.. എല്ലാം പാസ്റ്റിൽ നിന്നും വരുന്നതാണ്. ആ നക്ഷത്രം നിനക്കായി മിന്നിയതാണെന്ന് ഉറപ്പുണ്ടെങ്കിൽ, നീയറിയുന്നതിനു മുൻപ് ഈ റേ ഓഫ് ഹോപ് പണ്ടേ യാത്ര പുറപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണു വിചാരിക്കേണ്ടത്. നീയിപ്പോൾ കേട്ട എന്റെ ശബ്ദം പോലും ഞാൻ പറഞ്ഞു കഴിഞ്ഞ് നിന്റെ ചെവിയിലെത്താൻ കുറെ മില്ലിസെക്കന്റ് എങ്കിലും എടുത്തിട്ടുണ്ടാവില്ലേ? നിന്റെ കാലിനെ തൊട്ട തിരയും, നിന്റെ വിയർപ്പാറ്റിയ കാറ്റും നിനക്കു പോകാൻ സ്റ്റോപ്പിലെത്തുന്ന ബസ്സും ഒക്കെ അങ്ങനെയാണ്. എവ്‌രിതിങ് ഇസ് അൻ എക്സ്റ്റെൻഷൻ ഓഫ്... ഓർ കണ്ടിന്യുവേഷൻ ഓഫ് ദി പാസ്റ്റ്. വി ആൾ ജസ്റ്റ് ഹാപ്പൻ ടു ബീ അ പാർട്ട് ഒഫ് ദെം. ഇന്നു നിന്നെ കാണുക, അറിയുക എന്നതൊക്കെ എന്റെ നിയോഗമായിരിക്കാം. ദാറ്റ്സ് വാട്ട് വീ കാൾ ഡെസ്റ്റിനി."

അവനെ വിശ്വസിപ്പിക്കാൻ പ്രയാസമാണ് എന്നെനിക്കറിയാമെങ്കിലും അതാണ് സത്യം. ഇന്നവനെ കണ്ടുമുട്ടാൻ എത്രയോ വർഷങ്ങൾക്കു മുൻപേ പുറപ്പെട്ടുപോന്ന ഒരു കിരണമല്ലേ ഞാനും?