Friday, January 31, 2020

വൈകിയിറങ്ങുന്ന ചിലർ

പതിവുപോലെ ധൃതിയൊന്നുമില്ലാതെ ബാഗ് എടുത്ത് ഓഫീസിനു പുറത്തിറങ്ങി പഞ്ച് ചെയ്തതിനു ശേഷം ലിഫ്റ്റിനു നേരെ നടന്നു. നാലുനിലകളുടെ പടികൾ കയറി ഇറങ്ങുന്നത് ഈയിടെയായി കാൽമുട്ടുകളെ പിണക്കുന്നതുകൊണ്ടാണ്‌ ലിഫ്റ്റ് ഉപയോഗിക്കുന്നത്. മുകളിലെ നിലയിൽ നിന്നും ഊർന്നു വന്ന ലിഫ്റ്റിനു നിൽക്കാനും എന്നെ കയറ്റാനും മടിയുണ്ടോയെന്നു ഞാൻ സംശയിച്ചു. എന്നെക്കണ്ടപ്പോൾ ഉള്ളിൽ നിന്ന രണ്ടു യുവാക്കളുടെ സംസാരം ഒതുങ്ങി. അവരെ ഞാൻ ഓഫീസ് പരിസരങ്ങളിൽ പതിവായി കാണാറുള്ളതാണ്‌. ഞങ്ങൾ മൂന്നുപേർ മാത്രമാണ്‌ അതിനുള്ളിലുള്ളത് എങ്കിലും അവിടം ജനനിബിഡമാണെന്നും എന്നിട്ടും ഞങ്ങളെയാകെ ചൂഴ്ന്ന് ഒരു നിശബ്ദത തങ്ങി നിൽക്കുന്നുണ്ടെന്നും എനിക്കു തോന്നി.

താഴെ ലിഫ്റ്റ് വാതിൽ തുറന്നപ്പോൾ തെരുവിന്റെ ശബ്ദം നരിച്ചീറുകളെപ്പോലെ അതിനുള്ളിലേക്ക് ഇരച്ചുകയറി. എനിക്കു പിന്നാലെ പുറത്തു കടക്കവേ എന്നെക്കുറിച്ച് അവരെന്തെങ്കിലും അടക്കിപ്പിടിച്ചു സംസാരിക്കുണ്ടാകും. ഒരു പക്ഷേ അതിന്റെ സൗകര്യത്തിനു വേണ്ടിയാകണം പുറത്തിറങ്ങാൻ തിരക്കുകൂട്ടാതെ അവർ എനിക്കായി ക്ഷമിച്ചുനിന്നത്. അതിൽക്കവിഞ്ഞ് അവരെക്കുറിച്ചു യാതൊന്നും വിചാരിക്കാൻ മനസ്സിനെ അനുവദിക്കാതെ ഞാൻ ഇറങ്ങി നടന്നു.

നേരത്തെ അന്തിവെയിലിന്റെ ചൂട് അനുഭവിക്കേണ്ടി വരാറില്ലായിരുന്നു. ഈ പഞ്ചിങ്ങ് ഒരുതരം തളച്ചിടലാണ്‌. രണ്ട് വരകൾ അപ്പുറവും ഇപ്പുറവും വരച്ചിട്ട് ഓടിക്കളിക്കാൻ പരിധിവെയ്ക്കുന്ന ഒരു കളി പോലെ.. കാൽ നനച്ചു കുറുകെ നടന്നു പോകാവുന്ന ഒരു പുഴയ്ക്കുമീതെ മൂന്നടി വീതിയിലൊരു നടപ്പാലം പണിതപോലെ. ജോലിയുടെ ഒഴുക്കിനെ, സ്വാതന്ത്ര്യങ്ങളെ ഈ വരകൾക്കിടയിലേക്ക് പഞ്ചിങ്ങ് പരിമിതപ്പെടുത്തിക്കളഞ്ഞിട്ടുണ്ട്. ഞാനും അതിനോട് എങ്ങനെ പൊരുത്തപ്പെട്ടെന്ന് മനസ്സിലാകുന്നില്ല.

ഒന്നുമല്ലെങ്കിലും ഞാൻ കയറിച്ചെല്ലുന്ന നേരം അല്പം നേരത്തെയായല്ലോ എന്ന് ശ്രീമതി പറയാതെപറയുന്നുണ്ട്. അടുത്ത ക്വാർട്ടേഴ്സിലെ കുട്ടികൾ വന്നു തീർത്തില്ലായെങ്കിൽ ചില ദിവസങ്ങളിൽ കൗതുകത്തിനു അവളുണ്ടാക്കുന്ന നാലുമണിപ്പലഹാരങ്ങൾ രുചിക്കാൻ കിട്ടാറുണ്ട്. അടുത്തുള്ള രണ്ടു വീടുകളിലെയും കുട്ടികൾ കുടുംബമായി സിനിമ കാണാൻ പോയ ഒരു വൈകുന്നേരമാണ്‌ തണുത്തുപോയതെങ്കിലും അത്യന്തം രുചികരമായ പഴംപൊരി ആസ്വദിക്കാൻ സാധിച്ചത്. കാന്റീനിൽ നിന്നു കിട്ടുന്നതിനെക്കാൾ എന്തു ചേരുവ കൂടിയിട്ടാണ്‌ അതിത്ര രസികനാവുന്നത് എന്ന് അന്ന്‌ ഏറെ ഓർത്തിരുന്നു. വെളിച്ചെണ്ണയുടെയാകും.

ഇങ്ങനെ എന്തെല്ലാം കാര്യങ്ങളാവും ദൈനംദിന ജീവിതത്തിന്റെ രസമുകുളങ്ങളിൽ നിന്നും ഇക്കാലത്തിനിടെ അറ്റുപോയിട്ടുണ്ടാവുക. മുൻകാലങ്ങളിൽ ക്രമമായി സ്ഥാനക്കയറ്റങ്ങളും അതോടനുബന്ധിച്ചുള്ള യാത്രകളും പതിവായിരുന്നപ്പോൾ ഇങ്ങനെ നാനാവിധ രുചികൾ അറിയുവാൻ കഴിഞ്ഞിരുന്നു. ദേശങ്ങളുടെ, സംസ്കാരത്തിന്റെ, ഭാഷയുടെ, പെരുമാറ്റത്തിന്റെ, ഭക്ഷണത്തിന്റെ ഒക്കെ... ആ സമയമെല്ലാം ഇവളിതെവിടെ ആയിരുന്നു? ഇവൾക്കന്നു ശബ്ദമില്ലായിരുന്നോ? കുട്ടികളുടെ കലപിലകൾ ഞങ്ങൾക്കു ചുറ്റും ഇല്ലായിരുന്നപ്പോഴും? മൗനം ജനിപ്പിച്ച നിശബ്ദതയിൽ അവളുടെ നിശ്വാസം പോലും അലിഞ്ഞിരുന്നുവോ, മറഞ്ഞിരുന്നുവോ?


Picture Courtesy - https://enhues.bandcamp.com/

നഗരമാകട്ടെ വീടണയുന്ന ബഹളം നിറഞ്ഞ തിരക്കിലാണ്‌. തെരുവുകളിൽ ഇരുട്ടു പരക്കാൻ അനുവദിക്കാതെ കടകൾ പലനിറങ്ങളിൽ വെളിച്ചം നീട്ടിത്തുപ്പുന്നു. അവയെ ചവിട്ടിയരച്ചുകൊണ്ട് പായുന്ന മനുഷ്യരും വാഹനങ്ങളും. കൈകോർത്ത് പതിയെ നടക്കാമായിരുന്ന പാതയോരങ്ങൾക്കുപോലും ഇന്നെന്തൊരു വേഗമാണ്‌?! അതോ മുട്ടുവേദന എന്നെ പതുക്കെമാത്രം നടത്തുന്നതാണോ? കയ്യിൽ കോർത്തുപിടിക്കാൻ ഇപ്പോൾ ബാഗിന്റെ വള്ളി മാത്രമേയുള്ളെന്ന തിരിച്ചറിവാണോ? എന്തുതന്നെയായാലും എനിക്കു സാവധാനമേ നടക്കാനാവൂ.

മുപ്പതുകൊല്ലം മുൻപ്, ഡീസൽപ്പുകയുടെ മുഷിപ്പിക്കുന്ന മണം വഴിയിൽ നിറയുന്നതിനു മുൻപ് ഈ വഴികളിൽ ഉടനീളം നിരവധി മണങ്ങൾ ഉണ്ടായിരുന്നു. മണമില്ലാത്ത ഒരേയൊരു സ്ഥലം ലൈബ്രറിയുടെ പരിസരമായിരുന്നു. നല്ല ഗന്ധങ്ങളിൽ കേമം സ്വാമീസ് ഹോട്ടലിന്റെ സമീപത്തുകൂടി പോകുമ്പോൾ വന്നിരുന്ന നെയ്റോസ്റ്റിന്റെയും ഉഴുന്നുവടയുടെയും മണമാണ്‌. തെരുവോരങ്ങളിലെ ഉന്തുവണ്ടികളിൽ ആവികൊണ്ട് നിലക്കടല വേകുന്ന മണം. പാരാമൗണ്ടിൽ കോഴി മൊരിയുന്ന മണം. അമ്മൻകോവിലിലെ മഞ്ഞൾമണം. പിന്നെയും മണങ്ങൾ... മുല്ലപ്പൂവിന്റെയും അത്തറിന്റെയും അരിക്കടയുടെയും അനുസരണകെട്ട ഓടകളുടെയും വിയർത്തു തോർന്ന മനുഷ്യരുടെയും.

എനിക്കേതു മണമായിരുന്നിരിക്കണം? ദേഹമനങ്ങി ചന്തയിൽ പണിയുന്നവന്റെ വിയർപ്പു കുമിയുന്ന മണം ആവില്ലതന്നെ. അവൾ പറഞ്ഞതുവെച്ചു നോക്കുമ്പോൾ മുൻപെല്ലാം സിഗരറ്റിന്റെ മണമായിരുന്നു. എങ്കിലും അതിനിടയിൽ നിന്നും എന്റെ മീശയിലെ മണം അവൾ വേർതിരിച്ചെടുത്തിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവ്വമായി ആ ഗന്ധസ്മരണ അവൾ റീചാർജ്ജു ചെയ്യാറുണ്ടായിരുന്നു. അതോർത്തപ്പോൾ എനിക്ക് അറിയാതെ ചിരിവന്നു.

ഇരുപത്തഞ്ച് മിനിറ്റ് മാത്രം നടപ്പുദൂരമുള്ള ക്വാർട്ടേഴ്സിനെ ഇത്രയും കാലം മണിക്കൂറുകൾ അകലത്തേക്കു മാറ്റിനിർത്തിയത് എന്തായിരുന്നു? ഒന്നാം പ്രതി ലൈബ്രറി തന്നെ. ഭ്രമിപ്പിക്കുന്ന ഒരു ലോകം ഉള്ളിലൊളിപ്പിച്ച് തുറന്നിട്ട വാതിലുകളും ജാലകങ്ങളുമായി അത് വഴിയരികിൽ ഒരു ചെറിയ പുൽത്തകിടിക്കപ്പുറം നിന്നിരുന്നു. പിന്നെ മാർക്കറ്റും. പ്രത്യേകിച്ച് ആരോടും ബാധ്യത ഇല്ലാത്ത എന്നാൽ എല്ലാവരോടും സംവദിക്കുന്ന എല്ലാവരുടേതുമായ മാർക്കറ്റ് ഒരദ്ഭുതലോകമാണെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. സസ്യാഹാരിയുടെയും മാംസാഹാരിയുടെയും ധനികന്റെയും പട്ടിണിക്കാരന്റെയും എല്ലാമാണ്‌ മാർക്കറ്റ്. ഇന്ന് പച്ചക്കറികളോ മറ്റു സാമഗ്രികളോ വാങ്ങാനില്ലാത്തതിനാൽ ഗൂഢമായ സന്തോഷമുണ്ടായി എനിക്ക്.

കാക്കത്തൊള്ളായിരം ദൈവങ്ങളിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട നാലു പേരെ സ്വാർഥമായി തിരഞ്ഞുപിടിച്ച് ശ്രീമതി ചില്ലിട്ടു വെച്ചിരിക്കുന്ന പ്രേയർ ഏരിയായിൽ വിളക്കു തെളിയുന്നതിനു മുൻപേ ഞാൻ വീടെത്തി. ഇന്നും നേരത്തെ വന്നോയെന്ന് വാക്കുകളില്ലാത്ത ഒരന്വേഷണം വാതിൽക്കൽ വെച്ചു തന്നെ അവളുടെ മുഖത്തു നിന്നും വായിക്കാനൊത്തു. നിർഭാഗ്യവശാൽ ഇന്നത്തെ സായാഹ്നത്തിന്‌ പഴംപൊരിയുടെ മണം ഉണ്ടായിരുന്നില്ല. പകരം, പീറ്ററിന്റെ വീട്ടിൽ നിന്നു കൊടുത്തയച്ച കുമ്പിളപ്പം ഉണ്ടായിരുന്നു. ചൂടു ചായയും കൂട്ടി അതു കഴിക്കുമ്പോൾ മറന്നുപോയിരുന്ന ചില ബാല്യകാലഗന്ധങ്ങൾ പിന്നെയും മനസ്സിൽ മുളച്ചുപൊന്തി. രാത്രികളിൽ ഉച്ചത്തിൽ പ്രാർഥിക്കുന്ന പീറ്ററിനോടും കുടുംബത്തോടും ആദ്യമായി എനിക്കു സ്നേഹം തോന്നി. ഒപ്പം പഴംപൊരി ഉണ്ടാക്കുന്നതിനു പറ്റിയ ഏത്തപ്പഴം നാളെ ഉറപ്പായും വാങ്ങണമെന്ന് നിശ്ചയിക്കുകയും ചെയ്തു.

നുറുക്കുഗോതമ്പിന്റെ കഞ്ഞിയും കുടിച്ച് എന്നുമുള്ള ചാനൽ വാഗ്വാദങ്ങൾക്ക് അധികം ചെവി കൊടുക്കാതെ ഞാൻ കിടന്നു. മക്കൾ വിളിച്ചോ എന്നു മാത്രമാണ്‌ ഊണുമേശയിൽ വെച്ച് അവളോട് ഞാൻ അന്വേഷിച്ചത്. മകൻ വിളിച്ചിട്ടു രണ്ടും മകളോട് സംസാരിച്ചിട്ടു നാലും ദിവസമായെന്ന് അവൾ പറഞ്ഞപ്പോൾ മാത്രമേ ഞാനും അക്കാര്യം ശ്രദ്ധിച്ചുള്ളൂ. പക്ഷേ പേരക്കുട്ടികളുടെ നേഴ്സറി വിശേഷങ്ങളും കുട്ടിക്കളികളും അവൾക്കെന്നും പറയാനുണ്ട്.

കുറെ നാൾക്കകം എന്റെ ദിനചര്യകൾ ഇതിനെക്കാൾ ഒതുങ്ങിപ്പോകുമെന്ന ഓർമ്മയിൽ ഞാൻ ചെറുതായി നടുങ്ങി. നഗരത്തിരക്ക് വിട്ട് ഒരു വീട് വാടകയ്ക്ക് അന്വേഷിക്കുന്നുണ്ട്. അതിനേക്കാൾ എനിക്കിഷ്ടം വിശ്രമജീവിതത്തിനായി ദൂരെ എവിടെയെങ്കിലും ചെറിയ ഒരു വീടു വാങ്ങിക്കുകയാണ്‌. അവൾക്കും അതാവും ഇഷ്ടം.

ഇന്നെന്താ നേരത്തെ കിടന്നതെന്ന് ചോദിച്ചുകൊണ്ടാണ്‌ അവൾ കിടക്കയുടെ അരികിലേക്കു വന്നതും ഇരുന്നതും. ഞാൻ നേരത്തെ ഉറങ്ങിക്കളഞ്ഞെങ്കിലോ എന്നു ഭയന്നാവണം ഒരു കയ്യിൽ എന്നും കഴിക്കേണ്ട ഗുളികയും മറുകയ്യിൽ വെള്ളവുമായി അവൾ വന്നത്. വെള്ളം കുടിച്ച് ഗ്ലാസ് തിരികെ നൽകുമ്പോൾ എങ്ങുനിന്നോ ഉയർന്ന നറുനീണ്ടിയുടെ മണം അവളുടെ മുടിയുടെ മണത്തിനു വഴിമാറിക്കൊടുത്തു. പതിവുകൾ തെറ്റുന്നതിനു അടിവരയിട്ട് അവൾ എന്നോട് ഒന്നുകൂടി ചേർന്നിരുന്നു.

“നിന്റെ മാറിനു നിലാവിന്റെ കുളിരാണെന്ന് മകൾ പണ്ടു പറഞ്ഞിട്ടുണ്ട്.”

ഞാൻ അന്ന്‌ അതുവരെ.. അല്ലല്ല, ഏറെ നാളായിട്ട്‌.. അവൾക്കു മാത്രമായി എന്തെങ്കിലും പറഞ്ഞത്‌ ഇത്‌ മാത്രമായിരുന്നു. ഒരു വിസ്മയച്ചിരിയാണ്‌ ആ മുഖത്തു കണ്ടത്‌. പിന്നെയവൾ കിലുകിലെ ചിരിച്ചു. മകൾ പണ്ടെങ്ങോ പറഞ്ഞതിൽക്കവിഞ്ഞ്‌ ശ്രീമതിക്ക്‌ രാമച്ചത്തിന്റെ മണംകൂടി ഉണ്ടെന്ന്‌ ഞാനറിഞ്ഞു.

44 comments:

  1. സ്നേഹത്തിന്റെ രാമച്ചത്തിന് പിന്നെയും കുളിർമ്മ കൂടുതൽ. മടുപ്പിന്റെ വേലിയേറ്റത്തിൽ നിന്നും സ്നേഹത്തിന്റെ കുളിമയിലേക്കും.. രുചിയുടെ മുകുളങ്ങളിലേക്കും ഉള്ള ഒരു മനുഷ്യന്റെ യാത്ര വായിക്കാൻ രസകരം. തെരുവിന്റെ ശബ്ദത്തെ തന്നെ നരിച്ചീറുകളുടെയും , വീടണയലിന്റെയും ശബ്ദമായി രണ്ട് തരത്തിൽ പറഞ്ഞിരിക്കുന്നു. അതു പോലെ ഇത് വരെ ശ്രദ്ധിക്കാത്ത മടുപ്പിന്റെ ചിഹ്നങ്ങൾ കുറെഏറെ കഥയിൽ വരച്ചിട്ടുണ്ട്. ഇനിയും വായിക്കാൻ കാത്തിരിക്കുന്നു. സ്നേഹം സഹോ..വീണ്ടും എഴുതു

    ReplyDelete
    Replies
    1. വളരെ നന്ദി ശാരി ചേച്ചീ. മടുപ്പ്, മണം, രുചി ഇവയുടെ ശീലങ്ങൾ തന്നെ ആയിരുന്നു മനസ്സിൽ.

      Delete
  2. ഇന്നലെയും ഇന്നും നാളെയും,പ്രത്യേകിച്ച് പുതുമകളൊന്നുമില്ലാതെ ആരോ എഴുതി വെച്ച ക്രമത്തിൽ ജീവിച്ചു തീർക്കുന്ന,ജീവിതത്തിന്റെ മധ്യവയസ്സും പിന്നിട്ട ഒരു മനുഷ്യനെ ഇവിടെ കണ്ടു. അയാളുടെ നേരങ്ങൾക്കു നിറം നൽകുന്നത് ഗന്ധത്തിന്റെയും രുചിയുടെയും പുതുതായി ഉദ്ദീപിക്കപ്പെട്ട രസ മുകുളങ്ങളാണ്. പങ്കാളിയുടെ സാമീപ്യത്തിൽ പോലും പുതുതായി ചിലത് കണ്ടെടുക്കുന്ന ആ മാറ്റം ആശാവഹവും. അല്ലെങ്കിലും കുഞ്ഞു കാര്യങ്ങളിലുള്ള ശ്രദ്ധയും കരുതലുമാണ് ജീവിതത്തിന്റെ കാതൽ.കൈയ്യടക്കത്തോടെ എഴുതി, സാമാന്യ ജനത്തിന്റെ പ്രതിനിധിയായ ആ മനുഷ്യന്റെ സായാഹ്ന, സന്ധ്യാ, രാ'വിചാരങ്ങൾ ☺️

    ReplyDelete
    Replies
    1. നന്ദി അൽമിത്ര.
      കുഞ്ഞുകാര്യങ്ങളുടെ കരുതലിൽ മെല്ലെ മയപ്പെടുന്ന ജീവനിലല്ലേ ഭംഗിയുടെ സത്ത കുടികൊള്ളുന്നത്!

      Delete
  3. അതിമനോഹരമായി എഴുതിയിരിക്കുന്നു രാജ്.. കാലപ്പഴക്കം ചെല്ലുന്തോറും ജീവിത നൈരന്തര്യങ്ങൾ മനുഷ്യനെ നിർമമനാക്കുന്നു...അത്രമേൽ സ്നേഹിച്ചവർക്കിടയിൽ ഹർഷോന്മാദങ്ങൾ ഓർമകളിലേക്ക് പിൻവാങ്ങുന്നു.. അവയുടെ അയവിറക്കലാണ് ഓരോ മനുഷ്യന്റെയും വാർദ്ധക്യം.. വാക്കുകൾ നോട്ടങ്ങളാകുന്നു.. ചൂടുപിടിച്ച ചിന്തകളിൽ മൗനം കൂടു കൂട്ടുന്നു.. സാമീപ്യം ഗതകാല ഗന്ധങ്ങളുടെ ഊറിക്കൂടലുകളാകുന്നു.. അങ്ങനെയങ്ങനെ സ്നേഹിക്കുന്നവർ പരസ്പരം അലിഞ്ഞലിഞ്ഞൊന്നാകുന്നു.. നന്ദി ഈ ഓർമപ്പെടുത്തലിന്..

    ReplyDelete
    Replies
    1. വിരസമായ നൈരന്തര്യങ്ങൾക്കിടയിൽ വിരിയുന്ന കൊച്ചുപൂക്കളുടെ സുഗന്ധം നമുക്കു മറക്കാതിരിക്കാം.
      നന്ദി സൂര്യ.

      Delete
  4. ഒരാളുടെ ജീവിതത്തിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അടർത്തിമാറ്റി അവയെ മനോഹരമായ ഒരു കഥയായി വരച്ചിട്ടിരിക്കുന്നു. വിരസതയും സന്തോഷങ്ങളും രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന ഗന്ധങ്ങളും വായനക്കാരന് സമ്മാനിച്ചിരിക്കന്നു. സാധാരണക്കാർ ശ്രദ്ധിക്കാത്ത ഇടങ്ങളിലേക്കാണ് കഥാകാരൻ ഫോക്കസ്ചെ യ്തിരിക്കുന്നതു്..
    ആംശംസകൾ

    ReplyDelete
    Replies
    1. സാധാരണക്കാരായ നമ്മൾ ശ്രദ്ധിക്കാത്ത നമ്മുടെ തന്നെ പരിസരങ്ങളെ ഞാനും ഓർക്കുകയാണ് ഈ കഥയിലൂടെ. നന്ദി ഉദയപ്രഭൻ ചേട്ടാ!

      Delete
  5. ഒരു സാധാരണക്കാരന്റെ ജീവിതം, നോക്കി കണ്ടു ഈ എഴുത്തിൽ. പഴം പൊരിയുടെ രുചിയും, നഗരത്തിന്റെ ശബ്ദങ്ങളും, ഓഫീസിലെ പഞ്ചിങ്ങ് കൊണ്ടുള്ള എടങ്ങേറും ഒക്കെ നന്നായി വിവരിച്ചിരിക്കുന്നു.
    ഇഷ്ടം
    ആശംസകൾ

    ReplyDelete
    Replies
    1. പഞ്ചിങ് കൊണ്ട് അയാളുടെ ജോലിസമയം ചെറുതാകുകയാണു ചെയ്തതെങ്കിലും ചെറിയ കാര്യങ്ങൾ നിറഞ്ഞ വലിയൊരു ലോകം അയാൾക്കു തുറന്നു കിട്ടി. നല്ല വാക്കു കൾക്കു നന്ദി ആദീ!

      Delete
  6. ഒരു മനുഷ്യന്റെ മുഷിഞ്ഞ/മടുത്തതുപോലെയുള്ള ജീവിതത്തിലൂടെ ആണ് പറയുന്നതെങ്കിലും അതീവ ഹൃദ്യമായ ഒരു കഥ ...

    നഗരമാകട്ടെ വീടണയുന്ന ബഹളം നിറഞ്ഞ തിരക്കിലാണ്‌. തെരുവുകളിൽ ഇരുട്ടു പരക്കാൻ അനുവദിക്കാതെ കടകൾ പലനിറങ്ങളിൽ വെളിച്ചം നീട്ടിത്തുപ്പുന്നു. അവയെ ചവിട്ടിയരച്ചുകൊണ്ട് പായുന്ന മനുഷ്യരും വാഹനങ്ങളും. // ഈയൊരു വരികൾ വളരെയിഷ്ടമായി .!!!

    ReplyDelete
    Replies
    1. നരച്ചു വിരസമായ അയാൾക്കും ജീവിതമധുരങ്ങളും മണവും തിരികെക്കിട്ടിയെങ്കിൽ ഹൃദ്യമായതെന്തെല്ലാം നമ്മുടെ കൺവെട്ടത്തുണ്ടാവും?
      ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. നന്ദി!

      Delete
  7. പ്രകൃതി അങ്ങനെയാണ്. സായന്തനത്തിൽ വാടിത്തളർന്നിരിക്കുമ്പോൾ എവിടെയൊക്കെയോ അലഞ്ഞെത്തുന്ന മന്ദമാരുതന്റെ തലോടലിൽ ഉന്മേഷഭരിതയായി ആലസ്യംപൂണ്ടു കിടക്കുന്ന പ്രകൃതി.

    ജീവിത സായന്തനത്തിന്റെ മടുപ്പിനും, അസ്വസ്ഥതകൾക്കും ഇടയിൽ ആ രാമച്ചത്തിന്റെ മണം കണ്ടെടുക്കാനുള്ള മനസ്സാണ് അവർക്ക് ജീവനും ജീവിതവുമുണ്ടാക്കിക്കൊടുക്കുന്നത്.

    എഴുത്തിനോടിഷ്ടം.
    നന്ദി രാജ്.

    ReplyDelete
    Replies
    1. മിച്ചമൊരല്പം രാമച്ചമണം.
      ജീവനും ജീവിതവും കണ്ടെത്താൻ നാമിനിയും പഠിക്കേണ്ടതുണ്ടെന്ന ഒരോർമ്മക്കുറിപ്പ്.

      നന്ദി, സ്നേഹം സമാന്തരൻ ചേട്ടാ!

      Delete
  8. രാജ് നല്ല പോലെ ആസ്വദിച്ചു വായിച്ച പോസ്റ്റ്.
    നിഴലും വെയിലും ഇടകലർന്ന് വീണുകിടക്കുന്ന ജീവിതത്തിലെ അനേകം ഇടങ്ങളിലൊന്ന് രാജ് ഭംഗിയായി എഴുതിയിട്ടു.
    സലാം

    ReplyDelete
    Replies
    1. ഒന്നും പറയാനില്ല.. സന്തോഷം. നന്ദി. സ്നേഹം, മാധവൻ!

      Delete
  9. രാമച്ചത്തിന്റെ മണം കൂടിയുള്ള ശ്രീമതി ...

    ReplyDelete
    Replies
    1. അമൂല്യമായ സാന്നിധ്യം കൊണ്ടനുഗ്രഹിക്കുന്ന ബിലാത്തിച്ചേട്ടൻ :)
      നന്ദി !

      Delete
  10. രാജ്,


    തകർപ്പൻ കഥ.

    ഈശ്വരാ... പ്രായം കടന്നു പൊക്കോണ്ടിരിക്കുവാണല്ലോന്ന് ഓർക്കുമ്പോൾ..

    ഇപ്പോൾ ആസ്വദിച്ചുകൊണ്ടിരിക്കുന്ന സകലതും പൊയ്പോകുമല്ലോന്ന് ഓർക്കുമ്പോൾ പിന്നേം ഒരിത്.

    ReplyDelete
    Replies
    1. നന്ദി സുധീ!

      ചിലതു പോകും. ചിലതു വരും. പോയ ചിലതു തിരികെയും വരും. രാമച്ചം തൊടിയിലിപ്പോഴും കാണും !

      Delete
  11. ജീവിതത്തിന്റെ ഗന്ധം പലപ്പോഴും ഇങ്ങനെയാണ്... ചിലതൊക്കെ മണക്കാനും ചിലതൊക്കെ രുചിക്കാനും നമ്മൾ വിട്ടുപോകും.. പക്ഷെ അതിന്റെ നഷ്ടം എന്നെങ്കിലുമൊരിക്കൽ അവിചാരിതമായി തിരിച്ചറിയും.. അന്ന് നമ്മൾ ആലോചിക്കും.. ഓഹ് എത്ര നഷ്ടങ്ങളാണ്
    എനക്കുണ്ടായിരിക്കുന്നത്..

    മടുത്തു മടുത്തു മുന്നോട്ട് പോകുമ്പോഴും നമ്മൾ സൗകര്യപൂർവം ഇത്തരം കാര്യങ്ങൾ മറക്കുന്നു..

    നല്ല കഥ.. ഒരുപാടൊന്നും ഉണ്ടെന്നു തോന്നുന്നില്ല എങ്കിലും ഇതിലുള്ള വിഷയം ഗൗരവമേറിയതാണ്... വിട്ടുപോകുന്ന ഓരോ മണവും രുചിയും നമ്മൾ കൂടെ കൊണ്ടു പോകണം...

    ReplyDelete
    Replies
    1. വായനയ്ക്കും കമന്റിനും ഏറെ നന്ദി ആനന്ദ്. സ്നേഹം :)

      Delete
  12. കാലാനുസൃതമായ മാറ്റങ്ങളുൾകൊണ്ടേ മതിയാകൂ! മനോഹരമായ ബിംബത്തിളക്കത്തോടെ വാർത്തെടുത്ത നിലാവിന്റെ കുളിരും രാമച്ചത്തിന്റെ മണവുമുള്ള കഥ. ആശംസകൾ

    ReplyDelete
    Replies
    1. വളരെ സന്തോഷം തങ്കപ്പൻ സർ.
      വായിച്ചതിനും കമന്റിയതിനും നന്ദി ! :)

      Delete
  13. വത്യസ്തവുമായ ഒരു കഥയും എഴുത്തും … പ്രായമാകുന്നത് മനുഷ്യ ശരീരത്തിനാണ് , മനസ്സിനല്ലെന്ന തിരിച്ചറിവോടെ …. എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. വളരെ നന്ദി ഷഹീം... വായനയ്ക്കും അഭിപ്രായത്തിനും!!

      Delete
  14. പതിയെപ്പതിയെ നിറങ്ങളും മണങ്ങളും കെട്ടുപോകുന്ന ജീവിതത്തിൽ ഓർത്തെടുക്കാൻ ഇങ്ങനെ ചില രാമച്ച മണങ്ങൾ എങ്കിലും വേണമല്ലോ അല്ലേ?

    നന്നായെഴുതി രാജ് !

    ReplyDelete
    Replies
    1. മറവിയിലാണ്ട മണങ്ങൾ നവവസന്തങ്ങളുമായി തിരികെ വരട്ടെ. നന്ദി :)

      Delete
  15. ജീവിതം നിറയുന്ന കഥ. ഇതിൽ എടുത്ത് പറയാൻ എന്താണുള്ളത്? പ്രത്യേകിച്ച് ഒന്നുമില്ല. എന്നാലോ? ഒരു സാധാരണ ദിവസത്തെ, അസാധാരണമായ നിരീക്ഷണത്തോടെ അടയാളപ്പെടുത്തിയിരിക്കുന്നു. തെരുവിലെ വിവിധ ഗന്ധങ്ങളും നഗരത്തിന്റെ സ്വഭാവവും എല്ലാം വളരെ മിഴിവോടെ നിൽക്കുന്നു. കുടുംബത്തെയും ഏകാന്തതയെയും സ്നേഹത്തെയും എല്ലാമെല്ലാം ഭംഗിയായി എഴുതിയിരിക്കുന്നു. വായിച്ചു തീരുമ്പോൾ, സമ്മിശ്രമായ ചില വികാരനുഭവങ്ങൾ ബാക്കിയാവുന്നു. കഥയേക്കാൾ, ക്രാഫ്ട്മാൻഷിപ് ആണ് അഭിനന്ദനം അർഹിക്കുന്നത്. ഇഷ്ടം.

    ReplyDelete
    Replies
    1. മനസ്സു നിറഞ്ഞ നന്ദി; സ്നേഹത്തോടെ.😊😊😊

      Delete
  16. നല്ല എഴുത്ത്. അയാളുടെ ദിവസത്തെ നന്നായി വരച്ചു കാട്ടുന്നുണ്ട്.

    ഒന്നു രണ്ടു കാര്യങ്ങൾ.
    തുടക്കത്തിൽ lift ൽ ഉള്ളവർ അയാളെ സംശയിക്കുന്നതും ആ വിവരണങ്ങളും എന്തിനാണെന്ന് മനസിലാകുന്നില്ല.

    അന്ന് - അന്നിന് എന്താണ് പ്രത്യേകത എന്ന് മനസിലായില്ല. എന്നോ പോലെ അന്നും. വല്ല റിട്ടയർമെന്റോ മറ്റോ ആയിരുന്നെങ്കിൽ.

    ദിനചര്യകൾ വീണ്ടും ചുരുങ്ങുമല്ലോ എന്ന ആലോചന - അത് മാത്രം കഥയെ സാധൂകരിക്കുന്നു.

    ReplyDelete
    Replies
    1. ബിപിൻ സർ,
      അത് അല്പം കൂടി വിശദമാക്കാനിരുന്നതാണ്. പിന്നെ വേണ്ടെന്ന് വെച്ചു. എന്നും ഒതുങ്ങിക്കഴിയുന്ന ഒരു ബോറൻ സീനിയറിനോട് അയൽ ആഫീസുകളിലെ ചുള്ളൻ ചെക്കന്മാർക്കുള്ള അവജ്ഞ ആയി മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.

      പിന്നെ, എന്നോ പോലെ തന്നെ അന്നും‌. അന്നത്തെ രാത്രിക്ക് രാമച്ചത്തിന്റെ മണം തിരികെക്കിട്ടിയതാണു പ്രത്യേകത. എന്നു വേണമെങ്കിലും ആകാമായിരുന്നു. അത് അന്നാണ് ആയത്.

      വിശദമായ വായനയ്ക്കും അനാലിസിസിനും നന്ദി. പെരുത്ത് ഇഷ്ടം ☺

      Delete
  17. വളരെ ഇഷ്ടപ്പെട്ടു രാജ്.....

    പലപ്പോഴും നാം ജീവിതത്തിരക്കിനിടയിൽ മറന്നു പോയ ഗന്ധവും രുചിയും തിരിച്ചെത്തിയെന്നു നമ്മൾക്ക് തിരിച്ചറിവുണ്ടാവുമ്പോൾ എല്ലാ നല്ലപാതിക്കും പതിന്മടങ്ങ് സൗന്ദര്യം കൂടും.അവുടെ ചിരി നിലാവ് പടർത്തും.

    വളരെ നന്നായി എഴുതി രാജ്.....
    നന്മകൾ നേരുന്നു

    ReplyDelete
  18. ജീവിത സായാഹ്നം... അതൊരു ചോദ്യചിഹ്നം തന്നെ പലർക്കും... പ്രതീക്ഷകൾ അറ്റവർക്ക് ഇനിയെന്ത് എന്ന നിരാശത... എന്നാൽ നമ്മുടെ കഥാനായകൻ ശുഭാപ്തി വിശ്വാസത്തോടെ തന്റെ സായാഹ്നം മനോഹരമാക്കുന്നു...

    ReplyDelete
  19. പഞ്ചിംഗ് കഥകള്‍ നിരവധി ഉണ്ട്. 2013ല്‍ എന്റെ ഓഫീസില്‍ ആദ്യമായി പഞ്ചിംഗ് വന്നപ്പോള്‍ എഴുതിയത് ഈ ലിങ്കിലുണ്ട്. https://abidiba.blogspot.com/2013/07/blog-post_4.html

    ReplyDelete
    Replies
    1. അതു കൊള്ളാമല്ലോ അരീക്കോടൻ മാഷേ.

      ലിങ്കിൽ ഒന്ന് നോക്കട്ടെ. :)

      Delete
  20. രാവിലെ 7 മണിക്ക് ഫിംഗർ പഞ്ചിങിനായി ഓടികിതച്ചു പോകുന്ന എന്നെതന്നെ ഓർമ്മ വന്നു.. നാട്ടിലും വിദേശത്തും ഒക്കെ ജീവിതം ഒരു പോലെ തന്നെ..എഴുത്ത് ഇഷ്ടമായി.. ആശംസകൾ

    ReplyDelete
  21. വാർദ്ധക്യത്തിനോടടുത്ത ദിനങ്ങളിലെ മനസ്സിലെ ചിന്തകൾ . ഒരാളുടെ ഒരു ദിവസത്തെ കാഴ്ചകൾ ... ചിന്തകൾ ... മണങ്ങൾ ... എല്ലാം ഭംഗിയായി പകർത്തി. അവസാനം തിരിച്ചറിയുന്ന രാമച്ചത്തിന്റെ ഗന്ധം കൂടിയായപ്പോൾ കഥ മനോഹരം. ആശംസകൾ രാജ്

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'