Sunday, February 02, 2020

അതിവായന

എഴുതപ്പെടാത്ത വരികൾ വായിക്കാനുള്ള തിരക്കിൽ
നീ കാണാതെപോയ സ്നേഹാക്ഷരങ്ങളുണ്ട്.
ഒരു മാത്രയിൽ ഉയിരറ്റുപോയ സ്വരങ്ങളും
ഖരാദികളുടെ കടുപ്പംപേറിയ വ്യഞ്ജനങ്ങളും
അകമ്പടിക്കൊരുപിടി കൂട്ടക്ഷരങ്ങളും, പിന്നെ
വാശി മൂത്തു നീയെറിഞ്ഞുടച്ച ചില്ലുകളും.
നമ്മൾ-ലെ ചില്ലാണ് ആദ്യമുടഞ്ഞത്.
അവസാനത്തെ ഉമ്മയിൽ മ്മയും നിന്റെ സ്വന്തം.
ശേഷിച്ചതു നായാണ്.
നിന്റെ ശരികളുടെ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കേ
ലോകം ആ കുളിരിൽ മയങ്ങി നിൽക്കേ
പെയ്യുന്ന നിലാവിൽ പൊള്ളലേറ്റ്
വേദനകൊണ്ട് കുരയ്ക്കുന്ന നായ.

എന്ന്,
വരികൾക്കിടയിൽ വായിക്കാതിരിക്കാൻ
ഒറ്റവരിയിൽ സ്വയം തളച്ച ഞാൻ.




picture courtesy : askideas.com

28 comments:

  1. വരികൾക്കിടയിൽ വായിച്ചെടുക്കാൻ ധാരാളം സാധ്യതകൾ തുറന്നിട്ടുകൊണ്ട്,

    "വരികൾക്കിടയിൽ വായിക്കാതിരിക്കാൻ
    ഒറ്റവരിയിൽ സ്വയം തളച്ച ഞാൻ."

    എന്നെഴുതിയ കവിയുടെ ലാളിത്യമാണ് പോസ്റ്റിനേക്കാൾ ഇഷ്ടപ്പെട്ടത് ;-)

    ReplyDelete
    Replies
    1. റിസ്ക് എടുക്കണ്ടല്ലോന്ന്... യ്യെത്?!! 😀😀

      Delete
  2. ഒറ്റവരിയിൽ സ്വയം തളച്ചിട്ടിരിക്കുന്ന ഒരാൾ  ...

    ReplyDelete
    Replies
    1. അതെ. അത്രയും എഴുതായിട്ടാണ് മുകളിലെ വരികളത്രയും. ഗതികേട്. കമന്റിനു നന്ദി ☺

      Delete
  3. ഒറ്റവരി വിപ്ലവം തന്നെ നടത്തിരിക്കുന്നു.

    ReplyDelete
    Replies
    1. ആ ഒറ്റവരിയിൽ നിന്നാണ് ബാക്കി ഉണ്ടായത്. നന്ദി സുധീ.

      Delete
  4. ആരാണ് ശരി?
    വരികൾക്കിടയിൽ വായിക്കാനനുവദിക്കാതെ കുര ശബ്ദം മാത്രമാകുമോ?

    ReplyDelete
    Replies
    1. കുരകൾക്കിടയിലെ ഒറ്റവരി😀 മാത്രം ആണു ശരി.

      നന്ദി ബിപിൻ സർ

      Delete
  5. എന്റെ തലേല് ഒന്നൂല്ലാന്ന് ഇപ്പോ... മനസ്സിലായി.. ഒറ്റവരീല് ഒരുപാടു് വരികൾ ...
    ഞാൻ പോണു..

    ReplyDelete
    Replies
    1. വന്നല്ലോ! സന്തോഷം വീകെ ചേട്ടാ.😊

      Delete
  6. ആ ഒറ്റവരിക്ക് മുകളിലെ പലവരികളിൽ തീർത്ത ഉടഞ്ഞ നമ്മൾ ലിലെ ചില്ലും കൂട്ടും ഇല്ലാതായി തീരുമ്പോൾ ഉണ്ടാവുന്ന ന യെ ഹൃദയം വിട്ടൊഴിഞ്ഞുപോകാത്ത നായയുടെ കൂറുപോലത്തേ സ്നേഹത്തെ വാക്കുകൾ വരച്ചത് നന്നായി...

    നല്ല ചിന്തകൾ...
    നല്ല വരികൾ....
    നല്ലെഴുത്തിന് നന്മകൾ നേരുന്നു....

    ReplyDelete
    Replies
    1. കുട്ടത്തേ.. ആ നന്മകളെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു.

      Delete
  7. നന്നായെഴുതി രാജ്... അവസാനവരി ഒറ്റ വരിയല്ല... ഓരായിരം വരിയാണ്... നല്ലെഴുത്ത് 😇

    ReplyDelete
  8. ശേഷിച്ചത് നായാണ് , ഞാനാണ്.

    -സാക്ഷ്യം.

    രാജ്, സുന്ദരമായ വരികൾ

    ReplyDelete
    Replies
    1. ഓൺലൈൻ - ഓഫ്‌ലൈൻ പ്രതികരണങ്ങൾക്ക് സ്നേഹപൂർവ്വം നന്ദി 😊

      Delete
  9. പ്രണയത്തിന്റെ സ്വാഭാവിക പരിണതിയല്ലേ ഇത്. വായിക്കപ്പെടാത്ത ഇടങ്ങൾ തെളിഞ്ഞു കിട്ടുക ഏറെ വൈകിയാവും. എഴുത്ത് ഗംഭീരം.

    ReplyDelete
    Replies
    1. പ്രണയത്തിന്റെ അതിവായനകൾ കൊണ്ട് നൊമ്പരങ്ങളല്ലേ കൂടുതലുണ്ടാവുക? 😉

      Delete
  10. വരികൾക്കിടയിൽ നിറയെ ഞാൻ വായിച്ചു പോയല്ലോ എന്ത് ചെയ്യും

    ReplyDelete
    Replies
    1. വരികൾക്കിടയിലെ വായനകൾ വാശി
      നിറയ്ക്കാതിരിക്കട്ടെ!

      Delete
  11. എന്താ പറയുക. സൂപ്പർ

    ReplyDelete
  12. നിന്റെ ശരികളുടെ പൂർണ്ണചന്ദ്രൻ ഉദിച്ചു നിൽക്കേ
    ലോകം ആ കുളിരിൽ മയങ്ങി നിൽക്കേ
    പെയ്യുന്ന നിലാവിൽ പൊള്ളലേറ്റ്
    വേദനകൊണ്ട് കുരയ്ക്കുന്ന നായ.

    സൂപ്പർ ആണ് സൂപ്പർ .!!
    വരികൾക്കിടയിൽ വായിക്കാതിരിക്കാൻ കുറേ കൊനഷ്ട് ഒപ്പിച്ചു വച്ചതിനൊപ്പം ഇത്തിരി സ്പേസും പാരഗ്രാഫ് തിരിച്ചും ആക്കിയിരുന്നെങ്കിൽ കൂടുതൽ ഗംഭീരം ആയേനെ ....

    ReplyDelete
    Replies
    1. നന്ദി കല്ലോലിനീ.
      ഒരു അഴിച്ചുപണി നടത്താം പറഞ്ഞതുപോലെ.

      Delete
  13. രാജ് ചില്ലെറിഞ്ഞുടച്ച കവിതക്ക് കട്ട സലാം. ഒരു കാര്യം പറയാതെ വയ്യ.വല്ലാത്തൊരു ഹാസ്യമുണ്ടിതില്.ചെറുവരികളിലായേറെ പറഞ്ഞു വെച്ചിട്ട് വാ പൊത്തി നിൽക്കുന്ന ഒരു ഒറ്റവരിയിൽ,തലമാത്രം പൂഴ്ത്തി ഒളിച്ചുനിൽക്കുന്ന രാജിനെ കാണുന്നു..
    കവിത കിടുക്കാച്ചിയായി

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'