Sunday, December 13, 2015

സത്യവാൻ കള്ളൻ

പണ്ടുപണ്ടൊരിടത്ത് നല്ലവനായ ഒരു രാജാവുണ്ടായിരുന്നു. പാവങ്ങൾക്ക് രാജാവ് ഒരുപാടു നന്മകൾ ചെയ്തു പോന്നിരുന്നു. പണക്കാർക്കും രാജാവ് ഒത്തിരി സഹായങ്ങൾ ചെയ്തുപോന്നു. എന്നാൽ രാജാവിന്‌ നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു. ഇവരെല്ലാം തരം കിട്ടുമ്പോൾ രാജാവിനെ സിംഹാസനത്തിൽ നിന്നും ചാടിക്കാൻ ആവതെല്ലാം പയറ്റിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കേ അന്നാട്ടിൽ ഒരു പെരുങ്കള്ളൻ പിടിയിലായി. പണ്ടൊക്കെ ഒരുപാടുപേരെ പറ്റിച്ചും വെട്ടിച്ചും അവരുടെ പണമെല്ലാം കട്ടെടുത്ത ഒരുത്തനായിരുന്നു അവൻ. അതു മാത്രമോ, സ്വന്തം ഭാര്യയെവരെ കുരുതി കൊടുത്ത മഹാദുഷ്ടനായിരുന്നു കള്ളൻ.

പിടിക്കപ്പെട്ടു കഴിഞ്ഞപ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി കള്ളൻ ഒരു സൂത്രം പ്രയോഗിച്ചു. തന്റെ മോഷണത്തിനെല്ലാം രാജാവിന്റെ ഒത്താശയുണ്ടെന്നും രാജാവിന്റെ അറിവോടെയാണ്‌ ഈ മോഷണമെല്ലാം നടത്തുന്നതെന്നും എന്തിനേറെ കളവുമുതലിന്റെ നല്ലൊരു പങ്കും രാജാവിനു കൊടുത്തിട്ടുണ്ടെന്നുമൊക്കെ പറഞ്ഞതാണ്‌ കള്ളന്റെ തന്ത്രം.

അതു കൂടാതെ, കള്ളന്റെ കൂട്ടാളിയായി ഒരു പെരുങ്കള്ളി കൂടി ഉണ്ടായിരുന്നു. നുണ പറച്ചിലാണ്‌ അവളുടെ പ്രധാന വിനോദം. കണ്ണിൽ കാണുന്നവരെപ്പറ്റിയെല്ലാം നുണക്കഥകളുണ്ടാക്കി പറഞ്ഞിട്ട് അവരെ നാണം കെടുത്തുമെന്നു പറഞ്ഞിട്ട് അങ്ങനെ ചെയ്യാതിരിക്കാൻ അവൾ അവരുടെയടുത്തു നിന്നും കാശു തട്ടിച്ചെടുക്കുകയും ചെയ്തു പോന്നു. എന്നാൽ കള്ളനും കള്ളിയും പിടിയിലായതോടെ ഇവരുടെ വേലത്തരങ്ങൾക്കെല്ലാം അറുതിവന്നു.

അങ്ങനെ ശിക്ഷിക്കപ്പെടുമെന്നു വന്നപ്പോഴാണ്‌ കള്ളൻ മുന്നേ പറഞ്ഞ ആരോപണങ്ങളുമായി രംഗത്തു വന്നത്. അപ്പോൾ രാജാവിനെ ഇഷ്ടമല്ലാതിരുന്ന സഭാംഗങ്ങൾ എല്ലാവരും കൂടി രാജാവിനെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതുകേട്ട രാജാവ് പ്രശ്നത്തിൽ വിധി കല്പ്പിക്കാൻ ഒരു ന്യായാധിപനെ ചുമതലപ്പെടുത്തി.

ന്യാധിപൻ ചോദിച്ചപ്പോഴും കള്ളൻ മുൻപു പറഞ്ഞതെല്ലാം ആവർത്തിച്ചു. കൂടാതെ, കള്ളിയുമായി രാജാവ് സംസാരിച്ചിട്ടുണ്ടെന്നും കള്ളിയും രാജാവും തമ്മിൽ വല്യ കൂട്ടാണെന്നും രാജാവിനൊപ്പം കള്ളി നാടകം കളിച്ചിട്ടുണ്ടെന്നും കള്ളൻ പറഞ്ഞു. അങ്ങനെ ഒരു നാടകമുണ്ടെങ്കിൽ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്കു പൊയ്ക്കൊള്ളാം എന്ന് രാജാവ് കള്ളനെ വെല്ല്ലുവിളിച്ചു. അപ്പോൾ ആ നാടകം എവിടെയെന്ന്‌ ന്യായാധിപൻ കള്ളനോട് അന്വേഷിച്ചു. നാടകമെഴുതിയ താളിയോലക്കെട്ട് ഭദ്രമായി ഒരിടത്തു വെച്ചിട്ടുണ്ടെന്നു കള്ളൻ പറഞ്ഞു.

എങ്കിൽ അതെടുത്തോണ്ട് വരീന്നായി ന്യായാധിപൻ. ഈ നേരമെല്ലാം രാജാവ് “ഞാൻ കള്ളമൊന്നും ചെയ്തില്ല, എന്തു വന്നാലും കാണാം” എന്നൊക്കെ പറഞ്ഞ് ഒരേയിരിപ്പ്. ന്യായാധിപൻ കള്ളനെ കുറേ ഭടന്മാരെയും കൂട്ടി താളിയോല കണ്ടെടുക്കാൻ അയച്ചു. ഇതറിഞ്ഞ പ്രജകളും ദൂതന്മാരും കവികളുമെല്ലാം കള്ളന്റെയും ഭടന്മാരുടെയും പിന്നാലെ വച്ചലക്കി. നദികളും മലകളും ദേശങ്ങളും താണ്ടി അവർ യാത്ര തുടർന്നു. ഒടുക്കം കള്ളൻ പറഞ്ഞ സ്ഥലത്ത് അവരെത്തി. കള്ളൻ താളിയോല എടുക്കാൻ വരുന്നതറിഞ്ഞ് നൂറുകണക്കിന്‌ ആൾക്കാർ കള്ളൻ ചെന്നിടത്തു തടിച്ചുകൂടി. കള്ളനും ഭടന്മാരും കൂടിച്ചേർന്ന്‌ താളിയോല വച്ചിരുന്നിടം അരിച്ചു പെറുക്കി. തേടിത്തേടി എല്ലാവരും മടുത്തപ്പോൾ കള്ളന്റെ ഒരു കൂട്ടാളി ഒരു ഭാണ്ഡവുമായി രംഗത്തു വന്നു. അതിലാകട്ടെ താളിയോല പോയിട്ട് ഒരു താളു പോലും ഇല്ലായിരുന്നു.

കള്ളന്റെ കഴുത്തിനു പിടിച്ച് ഭടന്മാർ താളിയോലയെവിടെ എന്നു തിരക്കി. അപ്പോൾ കള്ളൻ പറഞ്ഞു താളിയോല മറ്റേതെങ്കിലും കള്ളൻ കൊണ്ടുപോയിക്കാണുമെന്ന്‌. അതു കേട്ട് രാജാവു പൊട്ടിച്ചിരിച്ചു. പ്രജകളും ദൂതന്മാരും രാജാവിന്റെ ശത്രുക്കളും ഇളിഭ്യരായി. ഒടുക്കം ഭടന്മാർ കള്ളനെ ന്യായാധിപന്റെ അടുക്കലേക്ക് തിരികെച്ചെന്നു. നാട്ടുകാർ അവരുടെ ‘ചുവരു’കളിലെല്ലാം “താളിയോല കള്ളൻ, കള്ളൻ താളിയോല” എന്നെല്ലാം എന്തൊക്കെയോ അക്ഷരത്തെറ്റോടെ എഴുതി വെച്ചു.

കഥ ഇത്രയും പറഞ്ഞപ്പോൾ അന്തോണിയുടെ മടിയിലിരുന്ന കൊച്ചുറാണിക്കൊച്ച് ചാടിയെഴുന്നേറ്റു.

“ഞാനീ സിലുമാ ഈയിടെ ടീവിയിൽ കണ്ടതാണല്ലോ” എന്നും പറഞ്ഞ് അപ്പനെ കൊഞ്ഞനം കാണിച്ചിട്ട് അവൾ അടുക്കളയിലേക്കോടിക്കളഞ്ഞു.