Thursday, November 20, 2008

പാട്ടോര്‍മ്മകള്‍ - വീണ്ടും

പാട്ടുകള്‍ ഏതൊരാളിനെയും പോലെ എനിക്കും ഇഷ്ടമാണ്‌. ദൈനംദിന ജീവിതത്തോട്‌ ഇത്രയേറെ ഇഴചേര്‍ന്നു കിടക്കുന്ന മറ്റൊരു കലാരൂപം എനിക്കില്ല. എന്നും രാവിലെ സെല്‍ഫോണില്‍ മുഴങ്ങുന്ന അലാം സംഗീതം മുതല്‍ പാതിരാ കഴിയുന്ന നേരത്ത്‌ എന്നെ നിദ്രയുടെ ശാന്തതയിലേക്കു നയിക്കുന്ന ശ്രുതിമധുരമായ ഏതെങ്കിലുമൊരു ഗാനം വരെ പാട്ടുകള്‍ നിറഞ്ഞ ദിവസങ്ങളിലൂടെയാണ്‌ എന്റെ ജീവിതം. ചുണ്ടിലൂറുന്ന മൂളിപ്പാട്ടുകളും, എപ്പോഴും നിര്‍ത്താതെ പാടുന്ന മനസ്സിന്റെ പാട്ടുപെട്ടിയുടെ ഈണങ്ങളും സെല്‍ഫോണിലെ ഏതാണ്ട്‌ ഒന്നേകാല്‍ ജി.ബി. യും ഓഫീസ്‌ കമ്പ്യൂട്ടറിലെ ആറര ജി.ബി യും സ്വന്തം കമ്പ്യൂട്ടറിലെ പത്തിലേറെ ജി.ബി. എം.പി.ത്രീ ഫയലുകളും അനേകം സിഡികളും വീട്ടില്‍ പൊടി പിടിച്ചു കിടക്കുന്ന മുപ്പതോളം കസെറ്റുകളും പതിമൂന്നു വയസ്സാകാറായ ഒരു ടു-ഇന്‍-വണ്ണും ചേര്‍ന്നതാണ്‌ എന്റെ സംഗീതസാമ്രാജ്യം. ഞാന്‍ അതിലെ സന്തുഷ്ടനായ ചക്രവര്‍ത്തിയും.

ഗാനശേഖരത്തിന്റെ വലിപ്പം വെച്ചു നോക്കിയാല്‍ എന്റെ കയ്യിലുള്ളതു വളരെ ചെറിയ ഒരളവായിരിക്കാം. എന്നിരുന്നാലും പാട്ടുകള്‍ ശ്രദ്ധിച്ചു തുടങ്ങിയ കാലം തൊട്ടേ മനസ്സില്‍ പതിഞ്ഞവയെല്ലാം അവസരം കിട്ടുന്ന മുറയ്ക്ക്‌ സ്വരൂപിച്ചുണ്ടാക്കിയതാണിതെല്ലാം. മാത്രമല്ല, ഞാന്‍ കേള്‍ക്കുന്ന ഓരോ പാട്ടിനും ഓരോ കഥയും പറയാനുണ്ടാവും. ഓരോ പാട്ടും ഓര്‍മ്മകളുമായി അത്രയേറെ കെട്ടുപിണഞ്ഞു കിടക്കുന്നു. പാട്ടുവര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ അങ്ങനത്തെ ചില കഥകളും ഞാന്‍ പങ്കുവെയ്ക്കാം.

ഞാന്‍ ഒരു സംഗീതപ്രേമി ആണ്‌. പാട്ടുപഠിച്ചിട്ടില്ലെങ്കിലും പാട്ടു മൂളാറുണ്ട്‌. പഠിച്ചിട്ടില്ലെന്നു പറയാനും പറ്റില്ല, പഠിക്കാന്‍ ശ്രമിച്ചിരുന്നു, ഒരാറേഴു വര്‍ഷം മുന്‍പ്‌. പക്ഷേ തുടരാനായില്ല. അപ്പോ പാടാറില്ലേ എന്നു ചോദിച്ചാല്‍ പാടാറുണ്ട്‌ എന്നു തന്നെ പറയേണ്ടിവരും. ഓര്‍മ്മയുടെ അങ്ങേയറ്റത്തു നിന്നു തുടങ്ങാം.

ആദ്യം മനസ്സില്‍ പതിഞ്ഞ പാട്ടേതാണ്‌? കാക്കോത്തിക്കവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ 'കണ്ണാംതുമ്പീ പോരാമോ എന്നോടിഷ്ടം കൂടാമോ' എന്ന പാട്ട്‌. ബാല്യത്തിന്റെ നൈര്‍മ്മല്യവും വിശുദ്ധിയും അറിയുന്നതിനും മുന്‍പേ തന്നെ അറിയാതെ പിഞ്ചുനാവില്‍ ഉറച്ചുപോയ ലളിതമായ ഒരു ഗാനം. ഇന്നും ആ ഗാനം ഇടയ്ക്കിടെ എന്റെ വാക്‍മാന്‍ ഫോണ്‍ കേള്‍പ്പിച്ചു തരുമ്പോള്‍ കാറ്റിന്റെ ചിറകില്‍ അലസമായിപ്പറക്കുന്ന അപ്പൂപ്പന്‍താടി പോലെ മനസ്സ്‌ ബാല്യത്തിലേക്ക്‌ യാത്രചെയ്യും.

ഒരു പാട്ടുമായി ഞാന്‍ നാലു പേരുടെ മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്‌, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, മൂന്നാം ക്ലാസില്‍ വെച്ചായിരുന്നു. കൊച്ചുതോവാള സെന്റ്‌. ജോസഫ്സ്‌ എല്‍ പി സ്കൂളിന്റെ വരാന്തയില്‍ ഏതോ ഒരു വെള്ളിയാഴ്ച ദിവസം ചേര്‍ന്ന മീറ്റിങ്ങില്‍ (വെല്യ ആള്‍ക്കാര്‍ സാഹിത്യസമാജം എന്നൊക്കെപ്പറയും, ഞങ്ങള്‍ക്ക്‌ അതു മീറ്റിങ്ങായിരുന്നു.) ഞാന്‍ പാടിയ ഗാനം 'ഉണ്ണികളേ ഒരു കഥ പറയാം, ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം' ആയിരുന്നു. ഉറപ്പായും ഞാന്‍ അതു മുഴുവന്‍ പാടിയിട്ടുണ്ടാവില്ല, കാരണം ഇന്നും ആ പാട്ടുമുഴുവനായി എനിക്കറിയില്ല എന്നതു തന്നെ! രണ്ടാമതായി ഓര്‍മ്മയിലുള്ളതു ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലളിതഗാനമല്‍സരത്തിനു പങ്കെടുത്തതാണ്‌. എന്നെക്കാള്‍ നന്നായി പാടുന്ന ഒരാള്‍ ഉള്ളതുകൊണ്ട്‌ രണ്ടാം സ്ഥാനം ഉറപ്പിച്ചാണു ഞാന്‍ സ്റ്റേജില്‍ കയറിയത്‌. പക്ഷേ, എന്തുകൊണ്ടോ പാടാനുള്ള വരിമറന്ന ഞാന്‍ പാതിപാടി നിര്‍ത്തി. അന്നു പാടിയ പാട്ടേതായിരുന്നു? ഓര്‍മ്മയില്ല.

പിന്നെ ഞാന്‍ വെറുമൊരു കേള്‍വിക്കാരന്‍ മാത്രമായി ഒതുങ്ങി. എങ്കിലും മനസ്സിലെ പാട്ടിനോടുള്ള പ്രണയം ഒടുങ്ങിയിരുന്നില്ല. റേഡിയോയില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക്‌ ഒപ്പം പാടിയും മൂളിയും ഞാന്‍ യേശുദാസിനെയും എം.ജി. ശ്രീകുമാറിനെയുമൊക്കെ വെല്ലുവിളിച്ചു നടന്നു.


അങ്ങനെയിരിക്കെ സൗദിയില്‍ നിന്നു വന്ന വിശ്വനമ്മാവന്‍ എനിക്കൊരു വാക്‍മാന്‍ കൊണ്ടുതന്നു. കസെറ്റിടുന്ന തരം- അന്നുപിന്നെ കസെറ്റല്ലാതെ സിഡിയും ഡിജിറ്റല്‍ സംഗീതവും ഐപോഡും ഒന്നുമില്ലല്ലോ. ഒരു ചെമന്ന വാക്‍മാന്‍! കുടുംബസുഹൃത്തും ഇലക്ട്രോണിക്‌ മെക്കാനിക്കുമായിരുന്ന ബാബു ചേട്ടനെക്കൊണ്ട്‌ അതിനൊരു എലിമിനേറ്ററും ഒപ്പം ഒരു ചെറിയ സ്പീക്കറും സംഘടിപ്പിച്ചു. നീലഗിരി എന്ന ചിത്രത്തിലെയും മറ്റും പാട്ടുകളാണ്‌ അന്നു ഞാന്‍ കേട്ടത്‌. ഈ സംഭവം ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്തു നടന്നതാവണം. പിന്നെ ഒരിക്കല്‍ എന്തോ ചെക്കു ചെയ്യാനാണെന്നു പറഞ്ഞ്‌ ബാബുചേട്ടന്‍ ആ സെറ്റ്‌ എടുത്തുകൊണ്ടു പോയതിനുശേഷം ഇന്നുവരെ ഞാന്‍ അതു കണ്ടിട്ടില്ല.

പിന്നീട്‌ പാട്ടുകേള്‍ക്കുന്ന ഒരു യന്ത്രം വേണമെന്നു തോന്നിത്തുടങ്ങുന്നത്‌ ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയപ്പോഴാണ്‌. പിനെ ഊണിലും ഉറക്കത്തിലും അതിനെപ്പറ്റി മാത്രമായി ചിന്ത. പത്രത്തില്‍ വരുന്ന ടേപ്പ്‌ റെക്കോര്‍ഡറിന്റെ പരസ്യങ്ങള്‍ വെട്ടിയെടുത്തു രഹസ്യമായി സൂക്ഷിച്ചു. പോക്കറ്റ്‌ മണി എന്ന പേരില്‍ കിട്ടുന്ന അഞ്ചും പത്തുമെല്ലാം ചെലവാക്കാതെ കരുതി വെച്ചു. ആ നോട്ടുകള്‍ വൃത്തിയായി അടുക്കി മേശവലിപ്പിനുള്ളില്‍ വിരിച്ചിരുന്ന പേപ്പറിന്റെ അടിയില്‍ ഒളിപ്പിച്ചു വെച്ചു. ഇക്കണക്കിനു പോയാല്‍ എന്ന് ഞാന്‍ ടേപ്പു വാങ്ങാന്‍ പാകത്തില്‍ ധനികനാവും എന്നു കിനാവുകണ്ടു. തരം കിട്ടുമ്പോഴെല്ലാം ആ പണം എടുത്തെണ്ണി പാട്ടുപെട്ടിസ്വപ്നത്തിന്റെ കസെറ്റ്‌ തിരിച്ചും മറിച്ചും ഞാന്‍ പ്ലേ ചെയ്തു.

കാര്യങ്ങള്‍ തകിടം മറിഞ്ഞതു പെട്ടെന്നായിരുന്നു. ഒരു ദിവസം ഞാന്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നപ്പോള്‍ മുഖത്തൊരു കൗശലം നിറഞ്ഞ ചിരിയുമായി പിതാജി മുന്നില്‍. "എന്തിനാടാ നീ കാശു സൂക്ഷിക്കുന്നെ?" എന്നൊരു ചോദ്യം. ഞാന്‍ കുടുങ്ങിയില്ലേ. സ്കൂളില്‍ പഠിക്കുന്ന ചെറുക്കന്റെ കയ്യില്‍ അപ്രതീക്ഷിതമായി നാനൂറ്റിചില്വാനം രൂപ കണ്ടാല്‍ ഏതൊരപ്പനും ചോദിക്കും ഇതിന്റപ്പുറത്തെ ചോദ്യം. ഇന്നയാവശ്യത്തിനാണെന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അച്ചായിയുടെ ചിരി ഒന്നു കൂടി വികസിച്ചു. ഞാന്‍ എന്തോ ഒരപകടം വരാന്‍ പോകുന്നതു മുന്‍കൂട്ടിക്കണ്ടു. ദേ, വന്നുകഴിഞ്ഞു- "ടേപ്പല്ലേ, അതു നമുക്കു മേടിക്കാം. മുളകു പറിക്കുമ്പോഴാട്ടെ. അപ്പ്പ്പൊ നമുക്കൊരെണ്ണമങ്ങു മേടിച്ചു കളയാം." ബാക്കിയൊന്നും വ്യക്തമായി ഓര്‍ക്കുന്നില്ലെങ്കിലും ഞാന്‍ സ്വരുക്കൂട്ടിയ പണം മേല്‍പ്പറഞ്ഞ വാക്കിന്റെ ഉറപ്പില്‍ അച്ചായിക്കു നല്‍കേണ്ടതായിവന്നു. പദ്ധതിക്കു അംഗീകാരമായി, ഇനി കാര്യങ്ങള്‍ നടത്തുകയേ വേണ്ടൂ എന്നതിനാല്‍ മുളകു പറിക്കേണ്ട സമയമായപ്പോഴേക്കും ഞാന്‍ ഉഷാറായി വിളവെടുപ്പിനിറങ്ങി. കൊടിയുടെ ചുവട്ടില്‍ ഉതിര്‍ന്നു വീഴുന്ന മണികള്‍ പെറുക്കിയെടുത്തുകൊള്ളാനാണ്‌ അനുവാദമെങ്കിലും അതും നോക്കിയിരുന്നാല്‍ കാര്യം നടക്കില്ല എന്നു മനസ്സിലാക്കാനുള്ള എസ്റ്റിമേറ്റിംഗ്‌ സ്കില്ലൊക്കെ എനിക്കുണ്ടായിരുന്നു. ആകയാല്‍ വര്‍ദ്ധിതോല്‍സാഹത്തോടെ നല്ല മുളകുള്ള കൊടിയില്‍ ഏണി വച്ചു കയറിയും കുറെയൊക്കെ ചുവട്ടില്‍ നിന്നും പറിച്ചും ടേപ്പുവാങ്ങുന്നതിനുള്ള കുരുമുളകു സംഭരണം ഞാന്‍ ഉജ്ജ്വലമാക്കി. ലക്ഷ്യപ്രാപ്തിക്കു പ്രധാനം മാര്‍ഗ്ഗമാകയാല്‍ ഇടയ്ക്കിടെ പ്രൊഫഷണല്‍ പണിക്കാര്‍ പറിക്കുന്ന മുളകിന്റെ ചാക്കില്‍ നിന്നും ഒന്നും രണ്ടും പിടി മുളക്‌ സ്വന്തം അക്കൗണ്ടിലേക്കു രഹസ്യമായി ട്രാന്‍സ്ഫര്‍ ചെയ്തു. ഇപ്രകാരം ഒപ്പിച്ച മുളകെല്ലാം പ്രത്യേകം മെതിച്ചുണങ്ങി സൂക്ഷിച്ചു.

ഇടയ്ക്കൊക്കെ തൂക്കിയും നോക്കി. കമ്പോളവില വെച്ചു മതിപ്പു കണക്കാക്കി തികഞ്ഞോ തികഞ്ഞോ എന്ന് ഉദ്വേഗപൂവ്വം അന്വേഷിച്ചു. ഏതാണ്ടു തികഞ്ഞു എന്നായപ്പോള്‍ എരികേറ്റി പര്‍ച്ചേസിനു പുറപ്പെടുകയായി. കട്ടപ്പന ടൗണില്‍ കൊണ്ടുപോയി മുളകുവിറ്റു കാശാക്കി. ഏതാണ്ട്‌ ആയിരത്തിയിരുനൂറുരൂപയ്ക്കുള്ള മുളകുണ്ടായിരുന്നു. അങ്ങനെ 1996 ഫെബ്രുവരി മാസം ഒന്നാം തീയതി ഒരു ഒനിഡ മോണോ വാങ്ങി. അന്നു തന്നെ ഒരു കസെറ്റും വാങ്ങി. ടിപ്സ്‌ മ്യൂസികിന്റെ ബര്‍സാത്‌ എന്ന ഹിന്ദി ചിത്രത്തിലെ ഗാനങ്ങളായിരുന്നു അതില്‍. ഞാന്‍ വാങ്ങിയ ആദ്യ കസെറ്റ്‌- വില 28 രൂപ. അന്നു രാത്രി അച്ചായിയുടെ ഒപ്പം യുദ്ധം ജയിച്ചു വരുന്ന ചക്രവര്‍ത്തിയെപ്പോലെ വീട്ടിലെത്തി.

ബര്‍സാത്തിന്റെ കസെറ്റിലൂടെ വീട്ടില്‍ അന്നു സംഗീതമഴ മണിക്കൂറുകളോളം പെയ്തു. പിറ്റേന്നൊരു തോന്നല്‍- മോണോ പോരാ, സ്റ്റീരിയോ തന്നെ വേണം. വൈകുന്നേരം പൊതിഞ്ഞെടുത്തോണ്ടു പോയി വീണ്ടും കട്ടപ്പനയ്ക്ക്‌. തലേന്നു വാങ്ങിയ സാധനം പിറ്റേന്നു ചെന്നു മാറ്റിയെടുത്തു, നഷ്ടമൊന്നുമില്ല, സ്റ്റീരിയോയ്ക്കു കൂടുതല്‍ പണം വേണ്ടിവന്നതല്ലാതെ. അങ്ങനെ, 1996 ഫെബ്രുവരി മാസം രണ്ടാം തീയതി വിഡിയൊകോണ്‍ എസ്‌എഫ്‌15 എന്ന മോഡല്‍ ടു-ഇന്‍-വണ്‍ എന്റെ കുടുംബാംഗമായി. അന്നും വാങ്ങി ഒരു കസെറ്റ്‌. കെ.എസ്‌. ചിത്രയുടെ തിരഞ്ഞെടുത്ത പാട്ടുകള്‍. 'എന്റെ ഇഷ്ടഗാനങ്ങള്‍' എന്ന പേരില്‍ ഓഡിയൊട്രാക്‍സ്‌ പുറത്തിറക്കിയ ആ കസെറ്റ്‌ കാലത്തിന്റെ അവശതകളോടെ ഇന്നും വര്‍ക്കിംഗ്‌ കണ്ടീഷനില്‍ വീട്ടിലുണ്ട്‌. 'വരുവാനില്ലാരുമീ വിജനമാമീ വഴിക്കറിയാം അതെന്നാലുമെന്നും' എന്നായിരുന്നു ചിത്ര പാടിത്തുടങ്ങിയിരുന്നത്‌.

പിന്നെയിങ്ങോട്ട്‌ കൂട്ടുകാരുടെ കസെറ്റുകള്‍ പങ്കിട്ടും ഇടയ്ക്കിടെ റെക്കോര്‍ഡ്‌ ചെയ്യിച്ചും എന്റെ പ്രിയപ്പെട്ട ഗാനലോകം ഞാന്‍ വിപുലപ്പെടുത്തി. അവധിദിനങ്ങളില്‍ ആകാശവാണിയില്‍ ഉച്ചയ്ക്കു 2.10നുള്ള ചലച്ചിത്രഗാനങ്ങള്‍ക്കായി റെക്കോര്‍ഡ്‌ ബട്ടണില്‍ വിരല്‍ വെച്ചു കാതോര്‍ത്തിരുന്നു. അങ്ങനെയാണു വിദ്യാസാഗറിന്റെ ഈണമായി പ്രണയമണിത്തൂവല്‍ പൊഴിയിച്ച പവിഴമഴയും പുന്നമടക്കായലില്‍ വീണ വെണ്ണിലാച്ചന്ദനക്കിണ്ണവും എന്റെ കൂട്ടുകാരായത്‌. യാദൃശ്ചികമാവണം, എല്ലാ വരിയിലും മഴയുള്ള പ്രണയമണിത്തൂവല്‍ പൊഴിയിച്ച പാട്ടു ഞാന്‍ ഒരു വിലകുറഞ്ഞ പ്ലെയിന്‍ കസെറ്റില്‍ റെക്കൊര്‍ഡ്‌ ചെയ്യുമ്പോള്‍ പുറത്ത്‌ ഇടിവെട്ടി മഴ തകര്‍ക്കുകയായിരുന്നു. ഇടിമിന്നല്‍ കര്‍കറ്‌ര്‍ ശബ്ദമായി റേഡിയോയിലൂടെ വന്നെന്റെ പാട്ടിന്റെ റെക്കോര്‍ഡിംഗ്‌ നിലവാരത്തെ സാരമായി അന്നു ബാധിച്ചു. ഷോര്‍ട്ട്‌വേവ്‌ ബാന്‍ഡില്‍ പേരറിയാത്ത ഏതോ വിദൂരസ്റ്റേഷനുകളില്‍ നിന്നും വരുന്ന ലതാ മങ്കേഷ്ക്കറുടെയും, എസ്‌പിബിയുടെയും, കുമാര്‍ സാനുവിന്റെയും സ്വരങ്ങളെ ഞാന്‍ നെഞ്ചേറ്റി. കാറ്റില്‍ ഉലയുന്ന ഒരു ദീപനാളം പോലെയാണു പാട്ടു കേള്‍ക്കുക. തെല്ലിട വ്യക്തമായും പിന്നെ പതുക്കെ മങ്ങിമങ്ങി വീണ്ടും തെളിഞ്ഞും... അന്നത്തെ ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങള്‍.

മലയണ്ണാര്‍ക്കണ്ണന്‍ മാര്‍ഗഴിത്തുമ്പിയെ മണവാട്ടിയാക്കിയതും മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിന്റെ മാധുര്യമറിഞ്ഞതും പൊന്നാമ്പല്‍ പുഴയിറമ്പത്തു കണ്ട ഓര്‍മ്മ പങ്കിട്ടതും ആ ടു ഇന്‍ വണ്ണിലൂടെയായിരുന്നു. ആറ്റിറമ്പിലെ കൊമ്പിലിരുന്ന തത്തമ്മമാര്‍ കൊഞ്ചിയതും മിഴികൊണ്ടു മിഴികളില്‍ പ്രണയമുഴിയാന്‍ കെല്‍പുള്ള ഇളയരാജായിശൈ മനസ്സില്‍ വേരുപിടിച്ചതും അക്കാലത്തായിരുന്നു. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞ ആരോ പിന്നെയും പിന്നെയും കിനാവിന്റെ പടികടന്നു വന്ന് എന്നെ പാടിയുറക്കി. ചിലപ്പോഴെല്ലാം പ്രാണനിലുണരുന്ന ഗാനം ആത്മാവില്‍ ചിറകുകുടഞ്ഞ പ്രിയയ്കായി ഗന്ധര്‍വ്വന്‍ പാടുമ്പോള്‍ എന്റെ ഉള്ളും അറിയാതെ നൊന്തു. അരയാല്‍ക്കൊമ്പിലിരുന്ന അലയുംകാറ്റിന്റെ ഹൃദയവേദന ഞാനും പങ്കിട്ടു. നെഞ്ചിലെ തീര്‍ത്ഥം വാര്‍ന്നുപോയിരുന്നില്ലെങ്കിലും സൂര്യകിരീടം വീണുടയുന്ന നൊമ്പരഗാനം എന്റെയുള്ളിലും ഏതെല്ലാമോ നൊമ്പരങ്ങള്‍ നിറച്ചു. ശോകഗാനങ്ങളെയും മെലഡികളെയും അറിയാതെ ഇഷ്ടപ്പെട്ടുപോയ ഒരു കാലം..!

വിലപ്പെട്ട സമ്മാനങ്ങളായി രണ്ടു കസെറ്റുകള്‍ എന്റെ പക്കലുണ്ട്‌. ഡിഗ്രി അവസാനവര്‍ഷം പഠിക്കുമ്പോള്‍ ക്രിസ്‌മസ്‌ ഫ്രണ്ടായിരുന്ന എനിക്കു സഹപാഠി തന്ന കസെറ്റാണ്‌ ഒന്ന്. ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച ഏതാനും ഗാനങ്ങള്‍ എന്നെത്തേടിവന്നതുപോലെ. ജിം മാത്യുവിനു വേണ്ടി ആ കസെറ്റ്‌ തെരഞ്ഞെടുത്തുനല്‍കിയത്‌ അജീഷ്‌ ഗോപാല്‍ ആയിരുന്നു. വൈശാഖസന്ധ്യയും ഇലപൊഴിയും ശിശിരവും നീള്‍മിഴിപ്പീലിയിലെ നീര്‍മണിയുമെല്ലാം ആ കസെറ്റ്‌ എനിക്കുനല്‍കി. പിന്നത്തെ ഗാനോപഹാരം, എണ്‍പതുകളിലെ കുറെ പാട്ടുകള്‍ തിരഞ്ഞെടുത്തു പിടിപ്പിച്ച ഒരു കസെറ്റ്‌. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന കാലത്തു രൂപപ്പെട്ട സൗഹൃദത്തിന്‌ ആ കസെറ്റ്‌ പകരമാവുമായിരുന്നില്ലെങ്കിലും കാലം പോകെപ്പോകെ രജനി മാഡത്തിന്റെ സൗഹൃദത്തിന്റെ വിലയെന്ന പോലെ ആ പാട്ടുകളുടെയും മാധുര്യം ഞാനറിഞ്ഞു. ആലുവാപ്പുഴയെ അഴകുള്ള ഒരു പെണ്ണായി മനസ്സില്‍ തെളിയിച്ച്‌, തേനും വയമ്പും നാവിലുള്ള വാനമ്പാടിയുടെ ശ്രീരാഗവുമായി ആ കസെറ്റിലൂടെ വീണ്ടും എന്നില്‍ നിറഞ്ഞ രവീന്ദ്രസംഗീതം ഞാന്‍ നിധി പോലെ സൂക്ഷിക്കുന്നു, ആരാധിക്കുന്നു. ആ കസെറ്റിലെ ഗാനങ്ങള്‍ മനസ്സിലൊട്ടിയതിനു ശേഷമാണ്‌ എന്റെ ഇഷ്ടഗാനങ്ങളില്‍ പലതും രവീന്ദ്രന്‍ മാഷിന്റെ ഈണങ്ങളായിരുന്നെന്നു ഞാനറിഞ്ഞതു തന്നെ. ഗോപികാവസന്തവും പ്രമദവനവും കളിപ്പാട്ടവും നീലക്കടമ്പുകളും ഒറ്റക്കമ്പിനാദവും അഹവും സൂര്യഗായത്രിയും ആത്മാവിന്‍ പുസ്തകത്താളും രാമായണക്കാറ്റും രാക്കിളിപ്പൊന്മകളുമെല്ലാം പ്രിയങ്കരമായത്‌ അതു രവീന്ദ്രന്‍ മാഷ്‌ എന്ന അതുല്യപ്രതിഭയുടെ ഗാനങ്ങളാണെന്നറിയാതെയായിരുന്നു. ഹരിമുരളീരവം ഒരു വന്‍സംഭവമായിരുന്നതു കൊണ്ട്‌ അതു മാഷിന്റേതാണെന്നു അന്നെ അറിയാമായിരുന്നു. സോഫ്റ്റ്‌വെയര്‍ ട്രെയിനിങ്ങിലായിരുന്ന കാലത്ത്‌ എന്നും ഓഫീസില്‍ വന്നാല്‍ പ്രമദവനം ആദ്യം കേള്‍പ്പിക്കുന്നതരത്തില്‍ ഒരു പ്ലേലിസ്റ്റ്‌ എനിക്കുണ്ടായിരുന്നു. പിന്നീടാണ്‌ രവീന്ദ്രസംഗീതത്തെ പ്രത്യേകം ശേഖരിക്കുകയും തരംതിരിച്ചു സൂക്ഷിക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയത്‌. ഇപ്പോഴും എന്റെ ശേഖരം പൂര്‍ണ്ണമല്ല കേട്ടോ.

ചില പാട്ടുകള്‍ തരുന്നത്‌ യാത്രയുടെ ഓര്‍മ്മയാണ്‌. അടുത്തകാലത്തുള്ള ദീപ്തമായ ഒരോര്‍മ്മ ഓണത്തിനു നാട്ടില്‍ പോയതാണ്‌. പന്ത്രണ്ടുദിവസത്തെ അവധിക്കായി ഓണത്തിനു പോകുമ്പോള്‍ അടുത്തിടെ ശ്രീ(ശ്രീശോഭിന്‍)യില്‍നിന്നു കിട്ടിയ ദൂരെയാണു കേരളവും ഡൗണ്‍ലോഡ്‌ ചെയ്തെടുത്ത പൊന്നോണ തരംഗിണിയും ആവണിപ്പൂക്കളും നിറച്ച്‌ ഫുള്‍ചാര്‍ജ്ജുമായി മൊബൈല്‍ കൂട്ടിനുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ഹൈവേയിലൂടെ ബസ്‌ ചീറിപ്പായുമ്പോള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ആ പാട്ടുകള്‍ എന്നെ വല്ലാതെ നീറ്റുന്നുണ്ടായിരുന്നു. 'ദൂരെയാണു കേരളം' കേട്ടപ്പോള്‍ പ്രത്യേകിച്ചും. ചന്ദ്രലേഖയിലെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍ക്കുന്നത്‌ ഹൈസ്കൂള്‍ പഠനകാലത്ത്‌ കട്ടപ്പന-ഇരട്ടയാര്‍ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തിയിരുന്ന 'ഗ്രാന്‍ഡ്‌' ബസ്സില്‍ നടത്തിയ ഒരു യാത്രയും. ബസ്സില്‍ നന്നേ തിരക്കുണ്ടായിരുന്നതിനാല്‍ ഹൈറേഞ്ചുവഴിയിലെ ദുര്‍ഘടമായ യാത്രയില്‍ ആലംബം ആ പാട്ടുമാത്രമായിരുന്നതിനാലാണ്‌ ഇന്നും അതോര്‍ത്തിരിക്കുന്നത്‌. കൊച്ചുകൊച്ചു സന്തോഷങ്ങളിലെ കോടമഞ്ഞില്‍ താഴ്‌വരയില്‍ എന്ന ഗാനം കേള്‍ക്കുമ്പോളെല്ലാം രാജകുമാരി എന്‍.എസ്‌.എസ്‌ കോളേജില്‍ പഠിക്കുന്ന കാലത്ത്‌, ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ്‌ വീട്ടില്‍വന്നുമടങ്ങിയ പോക്കാണ്‌. മേല്‍പ്പറഞ്ഞ പാട്ടുകേള്‍ക്കുമ്പോള്‍ മഞ്ഞുമൂടിയ ഏലത്തോട്ടങ്ങളിലൂടെ 'ശക്തി' ബസ്‌ ശാന്തന്‍പാറയിലേക്കു നീങ്ങുകയായിരുന്നു. പാലായിലെ ഒരു സ്ഥാപനത്തില്‍ അവസാനസെമസ്റ്ററിലെ പ്രോജക്ട്‌ ചെയ്യാന്‍ അവിടെ താമസിക്കുന്ന കാലത്തിന്റെ ഓര്‍മ്മകളാണ്‌ 'രസതന്ത്ര'ത്തിലെ ഗാനങ്ങള്‍ ഉണര്‍ത്തുക. അക്കാലത്തെ പതിവാണ്‌ മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള ഗോപുരം ഹോട്ടലിലെ ശാപ്പാട്‌. 'ഉണക്കമീനും വാഴയ്ക്കയും ചാറ്‌' അവരുടെ പ്രത്യേകതയാണ്‌, അതു മാത്രം മതി ഒരില ചോറുണ്ണാന്‍. പിന്നെ കപ്പ-വറ്റക്കറി, പൊറോട്ട-ചിക്കന്‍, പിടി-പോത്ത്‌... ഞനൊന്നും പറയുന്നില്ല.

പാട്ടുകഥ പറഞ്ഞു പറഞ്ഞ്‌ ശാപ്പാടിലെത്തിയപ്പോഴാണ്‌ എനിക്കു വിശക്കുന്നെന്ന ഭീകരമായ സത്യം ഞാനറിയുന്നത്‌. തല്‍ക്കാലം നിര്‍ത്താം. പിന്നെയുമുണ്ട്‌ പാട്ടോര്‍മ്മകളേറെ. ഇനിയും വരാം അവയുമായി.