Thursday, June 30, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 5

ഒരേഴര ആയിക്കാണും ഉറക്കം ഉണര്‍ന്നപ്പോള്‍. പല്ലുതേച്ചു ഒരു കട്ടനടിച്ചു. വാവ അപ്പോഴും മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു. പോയി അവന്റെ കൂടെ കുറെ നേരം കിടന്നു. പിന്നെ അവന്‌ എണീക്കാന്‍ ഭാവമില്ല എന്നു കണ്ടപ്പോള്‍ ചവിട്ടിക്കുത്തി എണീപ്പിച്ചു. ഏത്തയ്‌ക്ക ഉപ്പേരിക്കൊപ്പം ചായകുടി ഒക്കെ കഴിഞ്ഞു.

ഇന്നു സ്വസ്ഥമായി പറമ്പിലൊന്നു കറങ്ങണം, ഒപ്പം വാവയെയും കൂട്ടി. ഒരുപാടു നാളായി. കുടുംബവീട്‌ അടച്ചിട്ടിരിക്കുകയാണ്‌. പുതിയ വാടക്കക്കാര്‍ ഉടന്‍ വരുമെന്നു പറഞ്ഞിട്ടുണ്ട്‌. ആളും അനക്കവും ഇല്ലാതെ അതിങ്ങനെ കിടക്കുന്നതു കാണുമ്പോള്‍ ഒരു മന:പ്രയാസം. കഴിഞ്ഞ മാസം വരെ ഒരു കുടുംബം അവിടെ താമസം ഉണ്ടായിരുന്നു. ഒരു ചേട്ടനും ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന്‌ ആണ്മക്കളും. എന്റെ വീട്ടില്‍ നിന്നാല്‍ കേള്‍ക്കാം അവരുടെ ബഹളം. കളിയും ചിരിയും ഒച്ചപ്പാടും ഇടയ്‌ക്കെല്ലാം വഴക്കും കരച്ചിലും. ഒരിക്കല്‍ മാത്രമേ ആ വികൃതിരാമന്മാരുമായി ഞാന്‍ ഇടപെട്ടിട്ടുള്ളൂ. കുരങ്ങന്റെ സ്വഭാവമുള്ള അവന്മാര്‍ക്ക്‌ പറ്റിയ സ്ഥലം ആയിരുന്നു ആ വീടും പരിസരവും. ഇനി വരുന്നത്‌ എത്തരക്കാരാണോ ആവോ!

വീടിന്റെ പടിഞ്ഞാറുവശത്ത്‌ നിന്നിരുന്ന മരങ്ങളൊക്കെ കോതിയൊതുക്കി തെളിച്ചു കപ്പ നട്ടു. മഴയുടെ ഉശിരില്‍ കരിമ്പച്ച നിറമുള്ള തലപ്പുകളാട്ടി അരയൊപ്പം പൊക്കത്തില്‍ കിളിര്‍ത്തു കയറി നില്‍ക്കുന്നു. മൂവാണ്ടന്‍ മാവില്‍ നിറയെ മാങ്ങാ. ഇക്കൊല്ലം ആ മാവില്‍ മാത്രമേ കാര്യമായി മാങ്ങയുള്ളൂ. മൂന്നു നാലെണ്ണമേ കിട്ടിയുള്ളൂ. ഹൈറേഞ്ചില്‍ ജൂണിലേ മാങ്ങ നന്നായി പഴുക്കൂ. അടമഴ പിടിച്ചാല്‍ വെള്ളം കയറി മാങ്ങയുടെ രുചി കുറയും, മഴത്തണുപ്പില്‍ മാങ്ങ തിന്നാന്‍ രസവും പോരാ. ജീവിതത്തിലാദ്യമായി കാശുകൊടുത്തു ഞാന്‍ മാങ്ങാ വാങ്ങിച്ച(ബാംഗ്ലൂരില്‍ വെച്ച്‌) വര്‍ഷമാണിത്‌. അതിന്റെ ചൊരുക്ക്‌ ഉണ്ടായിരുന്നതിനാല്‍ കിട്ടിയ മാങ്ങ പോരാ എന്നു തോന്നി.

പരിസരത്തു തന്നെ കിടന്ന കല്ലും കമ്പും ഒക്കെ ശേഖരിച്ച്‌ ഏറുതുടങ്ങി. വാവയും കടുത്ത മല്‍സരം ഉയര്‍ത്തി. കുത്തനെ ഉയര്‍ന്നു വളര്‍ന്ന മാവ്‌ ആയതിനാല്‍ കേറാന്‍ പറ്റില്ല, തോട്ടിയും എത്തില്ല. അപ്പോള്‍ പിന്നെ ഏറുതന്നെ ശരണം. പടുപടാന്നു മാങ്ങാ വീണു. വീഴുന്ന ഓരോന്നും എടുത്തു ഞെക്കി നോക്കും, ഞെക്കു കൊണ്ടില്ലെങ്കില്‍ കടിച്ചു നോക്കും. പഴുക്കാത്ത ചെനച്ചു മഞ്ഞച്ച മാങ്ങയുടെ പുളിപ്പിന്റെ ലഹരിയില്‍ ആ മാങ്ങ കൊണ്ടു തന്നെ വീണ്ടും എറിയും. ഒരുവേള എറിഞ്ഞ കമ്പ്‌ മാവില്‍ തൊടുകപോലും ചെയ്യതെ കപ്പക്കാലായിലേക്കു പറപറന്നു. നല്ല കമ്പായിരുന്നതിനാല്‍ അതെടുക്കന്‍ ചെന്നപ്പോളാണ്‌ കിളിര്‍ത്തു നിന്ന ഒരു മൂട്‌ കപ്പയുടെ ഒരു തലപ്പ്‌ ഒടിച്ചും കൊണ്ടാണ്‌ ആ കൊഴി ലാന്‍ഡ്‌ ചെയ്‌തതെന്ന കയ്‌ക്കുന്ന യാഥാര്‍ഥ്യം മനസ്സിലായത്‌. അതും വഴിയരികില്‍ നില്‍ക്കുന്ന മൂട്‌. സൂത്രത്തില്‍ ഒടിഞ്ഞ ആ തലപ്പെടുത്ത്‌ ആരും കാണാതിരിക്കന്‍ താഴേക്ക്‌ എറിഞ്ഞു കളഞ്ഞു. ഭാഗ്യത്തിനു വേറൊരു തലപ്പ്‌ കുഴപ്പമൊന്നുമില്ലാതെ നില്‍പ്പുണ്ട്‌. 'നീ അതുകൊണ്ട്‌ ജീവിച്ചാ മതി' എന്നു കപ്പയോട്‌ പറഞ്ഞിട്ട്‌ കമ്പുമെടുത്ത്‌ സ്‌കൂട്ടായി. കുറേ എറിഞ്ഞിട്ടും പഴമൊന്നും കിട്ടാഞ്ഞതിനാല്‍ കിട്ടിയ മാങ്ങകള്‍ കയ്യിലെടുത്ത്‌ ഞങ്ങള്‍ തിരികെ നടന്നു.

വീടിന്റെ അരികില്‍ മാങ്ങകള്‍ വെച്ചിട്ട്‌ വീണ്ടും പറമ്പിലേക്കു പോയി. തെക്കേഭാഗത്ത്‌ ചാച്ചനും വെല്യമ്മച്ചിയും ഉറങ്ങുന്ന മണ്ണ്‌. ഒരു നിമിഷം കൊണ്ട്‌ ഒരുപാട്‌ ഓര്‍മ്മച്ചിത്രങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. വഴിമുടക്കി തലനീട്ടി നില്‍ക്കുന്ന കൊക്കോച്ചെടികള്‍ക്കും കാപ്പിച്ചെടികള്‍ക്കുമിടയിലൂടെ ഞങ്ങള്‍ പ്ലാവിന്‍ ചുവട്ടിലേക്കു നടന്നു. രണ്ട്‌ വ്യത്യസ്‌ത വരിക്ക പ്ലാവുകള്‍ ഉണ്ടവിടെ. ഒരെണ്ണം, വരിക്കപ്ലാവെന്നു ഞങ്ങള്‍ വിളിക്കുന്നത്‌, തവിട്ടുകലര്‍ന്ന മഞ്ഞ നിറമുള്ള ചക്കയും ഉള്ളില്‍ വെളുത്ത ചുളയും ഉള്ളത്‌. അതിന്റെ താഴത്തെ ഞെടുപ്പില്‍ മുഴുത്ത ഒരു ചക്ക പഴുത്തു ചീഞ്ഞുപോയി. അഴുകി പൊഴിഞ്ഞു വീണ ഒരെണ്ണം ഈച്ചയാര്‍ത്ത്‌ ചുവട്ടില്‍ കിടക്കുന്നു. മേലോട്ടു നോക്കി. കായ്‌ ഇഷ്‌ടം പോലെ ഉണ്ട്‌. ഒക്കെയും ഒത്തിരി പൊക്കത്തിലാ. ഇടയ്‌ക്കു കണ്ട ഒരെണ്ണം വിളഞ്ഞതാണെന്നു തോന്നി. അതും തോട്ടി പോലും എത്താത വിധം പൊക്കത്തിലാ. പിന്നെ അടുത്ത പ്ലാവ്‌. ഉരുണ്ട ചക്ക ഉണ്ടാവുന്നതിനാല്‍ ഉണ്ടപ്ലാവ്‌ എന്നാണ്‌ അതിന്റെ പേര്‌. നീണ്ട്‌ ഇളം മഞ്ഞ ചുളയാണതില്‍. പഴുത്ത ചുളയ്‌ക്കുള്ളിലെ തേനിന്‌ ഒരു വിശേഷപ്പെട്ട മധുരമാണ്‌. അതിലും പാകമൊത്ത ചക്ക ഒന്നും കണ്ടില്ല.

പണ്ടൊരിക്കല്‍ ഈ പ്ലാവില്‍ ചക്കയിടാന്‍ കയറി ഒരു പണി കിട്ടിയ അനുഭവം ഉണ്ടെനിക്ക്‌. ഏഴെട്ട്‌ വര്‍ഷം മുന്‍പാണ്‌. ഒരു ഒന്നരയാള്‍ പൊക്കത്തില്‍ തായ്‌ത്തടി കവരം (Y ആകൃതി) ആകുന്നു ഈ പ്ലാവില്‍. ആ കവരയില്‍ കയറിയാല്‍ കയ്യെത്തിച്ചു പറിക്കാന്‍ പാകത്തില്‍ ചക്ക ഉണ്ടായിരുന്നു അന്ന്‌. കയറി, ചക്കയിട്ടു, കത്തി താഴേക്കിട്ടു. ഇറങ്ങുകയാണ്‌. പിടിച്ചിറങ്ങാനുള്ള 'ഗ്രിപ്‌' ഒന്നും ഇല്ലാത്തതിനാല്‍ പാതി വരെ ഊര്‍ന്നിറങ്ങി അവിടുന്ന്‌ ചാടാമെന്നാണ്‌ എന്റെ കണക്കുകൂട്ടല്‍. പാതി ഇറങ്ങി, താഴേക്കു നോക്കി, അവിടെ കിടക്കുന്ന ചെരിപ്പില്‍ തന്നെ കാല്‍ വെയ്‌ക്കണം എന്നു വിചാരിച്ചു. പക്ഷേ സ്വന്തം ഭാരം കയ്യില്‍ നിന്നു പോകും എന്നു തോന്നിയപ്പോള്‍ അല്‍പം തിടുക്കത്തില്‍ ചാടി. ലക്ഷ്യം പിഴച്ചു. കാല്‍ കുത്തിയത്‌ ചെരിപ്പിലല്ല, വലത്തെ കാലിന്റെ ഉപ്പൂറ്റി അമര്‍ന്നത്‌ വെട്ടിക്കളഞ്ഞിട്ട്‌ മണ്ണില്‍ നിന്നും രണ്ടിഞ്ച്‌ പൊക്കത്തില്‍ പൊങ്ങി നിന്നിരുന്ന ഒരു കാപ്പിത്തൈയ്യുടെ കുറ്റിയില്‍! കുന്തമുന പോലെ അതു തുളഞ്ഞു കയറി, ഒപ്പം അഴുകി കമ്പോസ്റ്റ്‌ പരുവത്തില്‍ കിടക്കുന്ന കരിയിലത്തരികളും! പിന്നെ ഒരു വിധം ഞൊണ്ടിയും ചാടിയും വീട്ടില്‍ ചെന്നു, കാല്‍ കഴുകി നോക്കിയപ്പോള്‍ ഉള്ളിലേക്കുണ്ട്‌ മുറിവ്‌. പിന്നെ ആശുപത്രിയില്‍ പോയി. അടര്‍ന്നിരുന്ന തൊലി മുറിച്ചു കളഞ്ഞ നേഴ്‌സ്‌ പോലും "ശ്‌..ശ്‌.." എന്നു വെച്ചു. പല്ലുകടിച്ച്‌ ഞാനിരുന്നു. ഭാഗ്യത്തിനു മുറിവല്ലാതെ മറ്റുകേടൊന്നും ഉണ്ടായില്ല. ഒരാഴ്ച ഞണ്ടി നടന്നു. അടുത്ത ദിവസം തന്നെ പ്ലാവിന്‍ ചുവട്ടില്‍പ്പോയി ആ കാപ്പിക്കുറ്റി മൃഗീയവും പൈശാചികവുമായ രീതിയില്‍ പിഴുതുകളഞ്ഞ്‌ ഞാന്‍ പ്രതികാരം ചെയ്‌തു. ഇന്നും ആ പ്ലാവിനെ കുറിച്ചു പറയുമ്പോള്‍ അമ്മയും വാവയുടെ അമ്മയുമൊക്കെ കാപ്പിക്കുറ്റിയിലേക്കു ഞാന്‍ ചാടിയ സംഭവം പരാമര്‍ശിക്കാറുണ്ട്‌!

ചക്ക കിട്ടില്ലെന്നറിഞ്ഞ്‌ മുന്തിരിക്കുലയ്‌ക്കു കൊതിച്ച കുറുക്കനെപ്പോലെ ഞാനും വാവയും തിരികെ നടന്നു. അപ്പോളതാ ഒരു കവുങ്ങിന്റെ ചോട്ടില്‍ പഴുക്കാ വീണു കിടക്കുന്നു. അവിടെ കിടന്ന ഒരു പാള എടുത്ത്‌ പഴുക്ക ഒന്നൊന്നായി പെറുക്കിക്കൂട്ടി. അതും കൊണ്ട്‌ വീട്ടില്‍ വന്ന്‌ മാങ്ങയും എടുത്ത്‌ തിരികെ എന്റെ വീട്ടിലേക്ക്‌. ആ പോക്കിലും രണ്ട്‌ കവുങ്ങിന്റെ ചോട്ടില്‍ നിന്നും പഴുക്കാ കിട്ടി. ആകെ ഇരുന്നൂറെണ്ണമെങ്കിലും കിട്ടിക്കാണും, മഴ നനഞ്ഞ്‌ എല്ലാത്തിന്റെയും തൊണ്ട്‌ ചീയാറായിരുന്നു. വെയിലുണ്ടായിരുന്നതു കൊണ്ട്‌ വീട്ടില്‍ വന്നപ്പോള്‍ ഒരു പ്ലാസ്റ്റിക്‌ ചാക്ക്‌ മുറ്റത്തു വിരിച്ച്‌ പാക്ക്‌ അതില്‍ തോരാനിട്ടു.

വൈകിട്ട്‌ വാവയ്‌ക്ക്‌ ട്യൂഷന്‍ ഉണ്ട്‌. ഉച്ച കഴിഞ്ഞപ്പോള്‍ ഊണും കഴിച്ചിട്ട്‌ അവന്‍ പോയി. മുത്ത്‌ തങ്ങി. നാലരയ്‌ക്കാണ്‌ കട്ടപ്പനയില്‍ നിന്നും കല്ലട ബാംഗ്ലൂരിനു പുറപ്പെടുന്നത്‌. ഇനി പോകാനുള്ള തയ്യാറെടുപ്പ്‌. അത്താഴം ഇലപ്പൊതി കെട്ടാന്‍ വാഴയില മുറിച്ചു വെച്ചു.

Tuesday, June 28, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 4

കുളിയും ചായയും കഴിഞ്ഞപ്പോഴേ ഫുള്‍ റീചാര്‍ജ്ജ്‌ ആയി. അകമ്പടിക്ക്‌ ഏത്തപ്പഴം പുഴുങ്ങിയതു കിട്ടി. ഈ ഏത്തപ്പഴം പുഴുങ്ങീത്‌ എന്റെ ഒരു ദൗര്‍ബ്ബല്യമാണ്‌. പ്രത്യേകിച്ചും വീട്ടില്‍ത്തന്നെ വിളയിച്ച കായാണെങ്കില്‍. അതിങ്ങനെ ആവി പറക്കുന്ന പരുവത്തില്‍ സ്‌പൂണ്‍ കൊണ്ട്‌ മുറിച്ച്‌ അണ്ണാക്കില്‍ ഒട്ടിപ്പിടിക്കുമോ എന്നു ഭയന്ന്‌ അക്ഷമനായി ആറാന്‍ കാത്തിരുന്ന്‌ അങ്ങനെ തിന്നണം. രണ്ട്‌ പഴം ശാപ്പിട്ടു. അടുക്കളയിലൊരു റൗണ്ട്‌സ്‌ പോയി. കപ്പ പൊളിച്ചു വെച്ചിരിക്കുന്നു! "അയ്യോ ഇനി കപ്പ ഉണ്ടാക്കുന്നുണ്ടോ? എന്നാപ്പിന്നെ ഞാന്‍ പഴം കഴിക്കില്ലായിരുന്നല്ലോ?" ഞാന്‍ വിഷണ്ണനായി.

"കറിയൊക്കെ ആകുമ്പോളേക്കും നേരം പിടിക്കും അതുവരെ നിക്കാനാ പഴം" അമ്മയുടെ മറുപടി. പിന്നെ പത്രം വായനയും ടി.വി. കാണലുമൊക്കെയായി അല്‍പനേരമിരുന്നു. ഇറച്ചി വേവുന്നതറിയിച്ച്‌ പ്രെഷര്‍ കുക്കറിന്റെ വിസിലുകള്‍ ഉയര്‍ന്നു കേട്ടു. എന്റെ പണി തുടങ്ങാറായെന്നു മനസ്സിലാക്കി പതുക്കെ ലുങ്കിയും മടക്കിക്കുത്തി അടുക്കളയില്‍ കടന്നു. ആദ്യം ചീനച്ചട്ടി എടുത്തു, പിന്നെ വെളുത്തുള്ളി, സവാള, കരിയാപ്പില, എണ്ണ, കടുക്‌, പെരുംജീരകം, പച്ചമുളക്‌... ഒക്കെ ലഭ്യമാണെന്നുറപ്പു വരുത്തി. വെളുത്തുള്ളി നാലല്ലി ചതച്ചെടുത്തത്‌, മുളക്‌ നെടുകെ പിളര്‍ന്നതു രണ്ടുമൂന്നെണ്ണം, അരടീസ്പൂണ്‍ പെരുംജീരകം, കരിയാപ്പില, സവാള 'കീറികീറി'യതിന്റെ മുക്കാല്‍ ഭാഗം(ബാക്കി വിളമ്പുമ്പം മോളീക്കൂടി വിതറാന്‍) - ഇവ ചീനച്ചട്ടിയില്‍ കടുകുവറുത്ത എണ്ണയിലിട്ട്‌ ഒന്നു മൂപ്പിച്ചു. ഇവയെല്ലാം ഇനി ഇടപെട്ടില്ലെങ്കില്‍ അയ്യോപാവേ പരുവം ആകും എന്ന ഘട്ടത്തില്‍ മസാല പുരണ്ട ഇറച്ചിക്കറി ന്യായത്തിനു ചാറു സഹിതം ചീനച്ചട്ടിയിലേക്കു പകര്‍ന്നു( അളവ്‌ ഒരു ഇരുനൂറ്റന്‍പതുഗ്രാം കണ്ടേക്കും). നിലവിലുണ്ടായിരുന്ന വറവലുമായി മീഡിയം തീയില്‍ നന്നായി ഇളക്കിച്ചേര്‍ത്തു വറ്റിച്ചു. എന്നിട്ട്‌ കുരുമുളകുപൊടി വിതറി കരിഞ്ഞു പിടിക്കാതെ ഇളംതവിട്ടു നിറമാകുന്നതു വരെ തുടര്‍ച്ചയായി ഇളക്കി. തീ കെടുത്തി ചീനച്ചട്ടിയുടെ വക്കില്‍ തവി രണ്ട്‌ കൊട്ടുകൊട്ടി പറ്റിപ്പിടിച്ചിരുന്ന മസാല ചട്ടിയിലേക്കു വീഴ്‌ത്തി. 'ഫ്രൈ റെഡ്യേയ്‌..' എന്നു വിളിച്ചു പറഞ്ഞുകൊണ്ട്‌ തിരിയുമ്പോള്‍ മറുഭാഗത്തു കപ്പ കുഴച്ച കലത്തില്‍ നിന്നുള്ള നവ്യസുഗന്ധം എന്നെത്തേടിയെത്തി.

നിര്‍ഭാഗ്യം, വിശപ്പിന്റെ അഭാവം കാരണം വിളമ്പിയ കപ്പയില്‍ പാതി തിരിച്ചെടുപ്പിച്ചു. ഈ സെഷന്‍ കൂടി കഴിഞ്ഞപ്പോള്‍ വയറു ഫുള്ളായി. പിന്നെ പുറത്തിറങ്ങി പറമ്പില്‍ക്കൂടി രണ്ടു റൗണ്ട്‌സ്‌ അടിച്ചപ്പോഴേക്കും നേരം പതിനൊന്ന്‌.

"ഞാന്‍ കഞ്ഞിക്കുഴിക്കു പോവാ!" തിരികെ വന്നൊരു പ്രഖ്യാപനം നടത്തി.

"എന്നിട്ടെപ്പോ വരും?"

"വൈകുന്നേരം തന്നെ ഇങ്ങെത്തും."

ഇളയച്ഛനും കുടുംബവുമാണ്‌ കഞ്ഞിക്കുഴിയില്‍. യെസ്‌, നമ്മടെ വാവയുടെ ഫാമിലി. ഷര്‍ട്ട്‌ തേച്ചുകൊണ്ടു നിന്നപ്പോള്‍ എനിക്കൊരു വിളി വന്നു, കഞ്ഞിക്കുഴീന്നു തന്നെ. "എന്താ വന്നിട്ടു പ്രോഗ്രാം? ഇങ്ങോട്ടെങ്ങാനും ഇറങ്ങുന്നുണ്ടോ?"

"ഞാന്‍ അങ്ങോട്ടു വരാനായിട്ട്‌ ഷര്‍ട്ടു തേച്ചോണ്ടു നിക്കുവാ!" എന്നു കേട്ടപ്പോള്‍ അങ്ങേത്തലയ്‌ക്കല്‍ അത്ഭുതം നിറഞ്ഞു.

പന്ത്രണ്ടിനു മുന്നേ ഇറങ്ങി. ഭാഗ്യത്തിനു 'സിറ്റി'യില്‍ ചെന്നപ്പോള്‍ റിട്ടേണ്‍ ഓട്ടോ കിട്ടി. എന്തുനൊണ്ടോ അയാള്‍ അഞ്ചു രൂപയേ എടുത്തുള്ളൂ. ആറാണു നിരക്ക്‌. ബസ്‌സ്റ്റാന്‍ഡില്‍ ചെന്നപ്പോഴേക്കും ഒരു എറണാകുളം ലിമിറ്റഡ്‌ സ്റ്റോപ്‌ കെ.എസ്‌.ആര്‍.ടി.സി. വന്നു. ആളൊന്നും കയറുന്നില്ല. അപ്പുറത്തു പോയി നോക്കി. അടിമാലിക്കുള്ള ഒരു ബസ്സു കിടപ്പുണ്ട്‌. പക്ഷേ സീറ്റില്ല. അതില്‍ കേറുന്നില്ലെന്നു വെച്ചു. പന്ത്രണ്ടരയ്ക്കാണ്‌ ആനവണ്ടി പോകുന്നത്‌. പത്തിരുപതു മിനിറ്റ്‌ സമയം കൂടിയുണ്ട്‌. ഹൈറേഞ്ചിലൊക്കെ ഒരു ബസ്‌സ്റ്റാന്‍ഡ്‌ തന്നെ ആനവണ്ടികളും പ്രൈവറ്റ്‌ വണ്ടികളും പങ്കിടും കേട്ടോ.

ബസില്‍ കയറാന്‍ നേരം മഴ ചാറി. മുന്നിലത്തെ വാതിലിലൂടെ അകത്തു കടന്നു. കയറുന്ന വഴിക്ക്‌ ആദ്യത്തെ നിരയില്‍ ഒരു പരിചിത മുഖം കണ്ടു. രജനി മാഡം! ഏറെയേറെ നാളായി കണ്ടിട്ട്‌. വളരെ ആകസ്‌മികമായ ഒരു കണ്ടുമുട്ടല്‍. അടുത്തുപോയി നിന്നു സംസാരിച്ചു വിശേഷങ്ങള്‍ പങ്കുവെച്ചു. വര്‍ഷം എട്ടായി, ഇപ്പോഴും കോണ്‍സ്റ്റബിള്‍ തന്നെ. അവരുടെ ബാച്ചിന്റെ പ്രൊമോഷനില്‍ എന്തോ തിരിമറി വന്നിട്ട്‌ കേസൊക്കെ കൊടുത്ത്‌ കാത്തിരിപ്പാണ്‌. പുള്ളിക്കാരി എസ്‌.പി. ഓഫീസില്‍ പോകുന്നവഴിക്കാണ്‌; ഓണ്‍ ഡ്യൂട്ടി. ഞാന്‍ പിന്നില്‍ പോയിരുന്നു. ചേലച്ചുവടിനു ടിക്കറ്റെടുത്തു.

പോകുന്നവഴിക്ക്‌ കാഴ്ചകള്‍ കണ്ടിരുന്നു. പ്രത്യേകിച്ചു മാറ്റമൊന്നുമില്ല സ്ഥലങ്ങള്‍ക്കൊന്നും. കാല്‍വരി മൗണ്ട്‌. മനോഹരമായ സ്ഥലം. ഇടുക്കിയിലേക്കു പോകുന്ന ദിശയില്‍ വലതു ഭാഗത്ത്‌ അടുക്കടുക്കായി കാണുന്ന മലനിരകള്‍. മഞ്ഞോ ഭൂമിയുടെ മാറിന്റെ ചൂടേറ്റ മഴവെള്ളത്തിന്റെ ആവിയോ വെള്ളപ്പുകപോലെ പൊങ്ങുന്നു. അതിനിടയിലൂടെ കരിനീല നിഴലുകളായി അപ്പുറത്തെ മലനിരകള്‍ വീണ്ടും തെളിയുന്നു. അടുത്ത നിര അല്‍പം കൂടി ഇരുണ്ട്‌.. അങ്ങനെയങ്ങനെ ചക്രവാളത്തില്‍ ലയിക്കുന്നു. ഇടതുവശം കുത്തനെയുള്ള കുന്ന്‌. ആ കുന്നിന്റെ നിറുകയില്‍ ഒന്നൊന്നര കി.മീ. കയറ്റം കയറി എത്തിയാല്‍ ഇടുക്കി ഡാം റിസര്‍വ്വോയറിന്റെയും സമീപത്തെ നിബിഢവനത്തിന്റെയും ഒരാകാശക്കാഴ്‌ച കിട്ടും. താഴെ നിന്നും മാലിന്യം തീണ്ടാത്ത ശുദ്ധമായ കുളിരുള്ള കാറ്റ്‌. ദൂരെ വനത്തില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്ന കിളികളുടെ ചിലപ്പും പിന്നെ അസ്‌പഷ്‌ടമായ ചില വന്യശബ്‌ദങ്ങളും കാറ്റിന്റെ നിര്‍ത്താതുള്ള ചൂളംവിളിയും മലയുടെ ഉച്ചിയിലെ ആ നില്‍പ്പിനെ ഒരു വിശേഷാനുഭവമാക്കി മാറ്റും. ഇടുക്കി ഡാമിന്റെ ഓരത്തെ ഹെയര്‍പിന്‍ വളവു താണ്ടിയപ്പോള്‍ ആ ഭീമന്‍ നിര്‍മ്മിതിയെ സാകൂതം നോക്കി. എത്ര തവണ കണ്ടാലും ആദ്യം കാണുന്ന അതേ കൗതുകമാണ്‌ ആര്‍ച്ച്‌ ഡാം കാണുമ്പോള്‍. താഴെ ഇടുക്കി എന്ന ചെറിയ കവല താണ്ടി ബസ്‌ നീങ്ങിയപ്പോള്‍ പിന്നെയും തിരിഞ്ഞുനോക്കി.

ഓണത്തിനും ക്രിസ്‌ത്‌മസ്സ്‌-ന്യൂ ഇയറിനും ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാറുണ്ട്‌. പൈനാവ്‌ ജില്ലാ ആശുപത്രിയുടെ സമീപത്തു കൂടിയുള്ള വഴിയേ ചെറുതോണി ഡാമിനു മുകളില്‍ പ്രവേശിച്ച്‌ ഇപ്പുറത്തെത്താം. മലയിലെ പാറ വെട്ടിയുണ്ടാക്കിയ റോഡിലൂടെ വരുമ്പോള്‍ ഇടതുവശത്ത്‌ ഇടുക്കി, ചെറുതോണി എന്നീ ടൗണുകളും പിന്നെ അടുക്കടുക്കായിനില്‍ക്കുന്ന മലനിരകളും കാണം. ഒരല്‍പം സാഹസം കാട്ടാന്‍ സന്നദ്ധരായവര്‍ക്ക്‌ മലയിലൂടെ വലിഞ്ഞു കയറി 'വൈശാലി ഗുഹ'(വൈശാലി സിനിമയില്‍ കാണിക്കുന്ന ഗുഹ ആയതിനാലാണ്‌ ആ പേര്‌)യിലൂടെ അപ്പുറത്തേത്തു ഡാമിന്റെ ഉള്‍ഭിത്തിയുടെ ഭാഗം കാണാം (ഇവിടെ ചെല്ലുന്നത്‌ വല്ലാതെ അപകടം പിടിച്ച പണിയാണ്‌, കൃത്യമായ വഴിയൊന്നുമില്ല, ഉള്ള വഴിയില്‍ വഴുക്കലും വീഴ്ചയും സാധാരണം, ജലാശയത്തിന്റെ വക്കില്‍ പോകുന്നത്‌ അത്യന്തം അപകടകരം). ആര്‍ച്ച്‌ ഡാമിന്റെ മുകളില്‍ നിന്നാല്‍ ഇരുവശവും ഭീതി നിറഞ്ഞ കൗതുകക്കാഴ്‌ചകളാണു സമ്മാനിക്കുക. ഡാമിന്റെ വളവ്‌ പതിറ്റാണ്ടുകള്‍ മുന്‍പുള്ള എഞ്ജിനീയറിംഗ്‌ മികവുകൊണ്ട്‌ നമ്മെ അത്ഭുതപ്പെടുത്തുന്നു. ചെമ്പന്‍ കൊലുമ്പന്‍ എന്ന ആദിവാസി നിമിത്തമായ ഈ വന്‍ നിര്‍മ്മിതിയാണ്‌ കേരളത്തിന്റെ ഒരു സുപ്രധാന ഊര്‍ജ്ജ സ്രോതസ്സ്‌. ഇതിന്റെ നിര്‍മ്മാണ കാലത്ത്‌ നാട്ടില്‍ ഒരു പാട്‌ കഥകള്‍ പരന്നിരുന്നു. സിമന്റ്‌ കൊണ്ടുപോകുന്ന ഭീമന്‍ ട്രക്കുകള്‍ക്കുള്ളില്‍ ( മാക്ക്‌ എന്നാണ്‌ അതിനു പറഞ്ഞിരുന്നത്‌) സ്‌കൂള്‍ കുട്ടികളെ പിടിച്ചിട്ടു കൊണ്ടുപോകുമെന്നും ഡാമിന്റെ ബലത്തിനു തൊഴിലാളികളെ ബലികൊടുത്ത്‌ ചോരവീഴ്‌ത്തിയെന്നും മറ്റും. അവിടം സന്ദര്‍ശിക്കുകയാണെങ്കില്‍ ഡാം ടോപ്പില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരോട്‌ ചങ്ങാത്തം കൂടുക, ഒരുപാട്‌ കൗതുകവാര്‍ത്തകള്‍ കേള്‍ക്കാം!

ആര്‍ച്ച്‌ ഡാം കടന്നു കഴിഞ്ഞാല്‍ ഇടുക്കി ടൗണിനു ഇപ്പുറം, ഞാന്‍ മുന്‍പ്‌ സൂചിപ്പിച്ച ഹെയര്‍ പിന്‍ വളവിനും മുന്‍പാണ്‌ എത്തുക - ഡാം ടോപ്‌ എന്നണു സ്റ്റോപ്പിന്റെ പേര്‌. കട്ടപ്പനയ്‌ക്കുള്ള റൂട്ടില്‍ ഒന്നു രണ്ട്‌ സ്റ്റോപ്പ്‌ കൂടി നീങ്ങിയാല്‍ മെയിന്‍ റോഡിനു താഴേക്ക്‌ കുന്നിറങ്ങിപ്പോകുന്ന ഒരു റോഡുണ്ട്‌. അതു ചെന്നവസാനിക്കുന്നത്‌ ഒരു തോടിന്റെ അരികിലാണ്‌. ആ തോട്‌ അവിടെ വെച്ച്‌ ഒരു തുരങ്കമായി മാറുന്നു. ഏഴെട്ട്‌ അടി മാത്രമാണ്‌ തുരങ്കത്തിന്റെ പൊക്കം. ഒരുകിലോമീറ്ററിലധികം നീളമുണ്ട്‌. വെള്ളം മുട്ടൊപ്പമൊക്കെയേ കാണൂ. ആ മലയുടെ വയറു തുരന്ന ആ തുരങ്കത്തിലൂടെ നടന്നാല്‍ അക്കരെ വനത്തിലെത്താം. പിന്നെയും അല്‍പം കുന്നിറങ്ങിയാല്‍ ജലനിരപ്പിലും! മൂന്നു തവണ ഞാന്‍ പോയിട്ടുണ്ട്‌ ആ തുരങ്കത്തിലൂടെ! കൂര്‍ത്തു മൂര്‍ത്ത പാറയായതിനാല്‍ നടപ്പ്‌ ദുഷ്‌കരമാണ്‌. ടോര്‍ച്ച്‌ / പന്തം കൂടിയേ തീരൂ. പാമ്പും കാണാന്‍ സാധ്യത ഉണ്ട്‌. വവ്വാലുകള്‍ മുഖത്തു തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പറക്കും തുരങ്കത്തില്‍. അവയെ അകറ്റാന്‍ ഉച്ചത്തില്‍ കൂവിയാര്‍ത്താണു പോവുക. അക്കരെ ചെന്നാല്‍ സമയം നല്ലതാണെങ്കില്‍ സൊയമ്പന്‍ നെല്ലിക്കായ്‌കള്‍ കിട്ടും. ഡയറക്റ്റ്‌ ഫ്രം നേച്ചര്‍!

പിന്നെ കാല്‍വരി മൗണ്ട്‌. അന്യ ജില്ലകളില്‍ നിന്നു ഡാം സന്ദര്‍ശിക്കന്‍ വരുന്നവര്‍ ഈ സ്ഥലം കാണാന്‍ മെനക്കെടാറില്ല. കൊടിയ നഷ്‌ടം എന്നു മാത്രം പറഞ്ഞു കൊണ്ട്‌ തുടരട്ടെ.

ചെറുതോണിയില്‍ രജനി മാഡം ഇറങ്ങും. എന്നെ വിളിച്ചു, എന്നിട്ട്‌ അവിടിറങ്ങുവാണെങ്കില്‍ ഊണു സ്പോണ്‍സര്‍ ചെയ്യാമെന്നു പറഞ്ഞു. താല്‍പര്യമുണ്ടായിരുന്നെങ്കിലും പോകേണ്ടതുള്ളതിനാല്‍ മാത്രം നിരസിച്ചു. ചേലച്ചുവടു നിന്നും കഞ്ഞിക്കുഴിക്കുള്ള ബസ്‌ മാറിക്കയറി. ആലപ്പുഴ ജില്ലയിലും കഞ്ഞിക്കുഴി എന്നൊരു പഞ്ചായത്ത്‌ ഉള്ളതിനാല്‍ സര്‍ക്കാര്‍ രേഖകളില്‍ ഈ സ്ഥലത്തിനെ ഇടുക്കി-കഞ്ഞിക്കുഴി എന്നാണു പൊതുവേ പരാമര്‍ശിച്ചു കണ്ടിരിക്കുന്നത്‌. കോട്ടയം ടൗണിലും കഞ്ഞിക്കുഴി എന്നൊരു സ്ഥലമുള്ളതു മറക്കുന്നില്ല. ക്ലാസ്‌മേറ്റ്‌സ്‌ സിനിമയിലെ സതീശന്‍ കഞ്ഞിക്കുഴി അവിടത്തുകാരനാവാനാണു സാധ്യത. ആള്‍ കോങ്ക്രസ്സുകാരനും ആണല്ലോ.

ഞാന്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. ടൗണിനാകെ ഒരു മൗനം പോലെ! കഴിഞ്ഞയിടെ അവിടൊരു സംഭവം നടന്നു. പഞ്ചായത്തില്‍ നിന്ന് കശുമാവിന്‍ തൈ വിതരണം നടക്കുന്നു. എന്തിനെച്ചൊല്ലിയോ ബഹളം ഉണ്ടായി. ബഹളം ശമിപ്പിക്കാന്‍ വന്ന പൊലീസിനെ നാട്ടുകാരില്‍ ചിലര്‍ കൈകാര്യം ചെയ്‌തു. ഇക്കൂട്ടത്തില്‍പ്പെട്ട ഒരാളുടെ സഹോദരനെ പൊലീസ്‌ പൊക്കി. മൂപ്പീന്നിനെ ശരിക്കു പൂശിയെന്നാണു ജനസംസാരം. ഇങ്ങേര്‌ ഒരു വ്യാപാരി ആയിരുന്നു. ഞാന്‍ ചെന്ന അന്ന് കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിച്ചു പൂശുക എന്ന പൊലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ അവിടെ ഹര്‍ത്താല്‍ ആയിരുന്നു. ഭാഗ്യത്തിനു ബസ്സും ഏതാനും ഓട്ടോകളും ഓടുന്നുണ്ടായിരുന്നു.

ജൂണ്‍ പത്ത്‌ വാവയുടെ ജന്മദിനം ആയിരുന്നു. അവന്‌ പതിനഞ്ചു വയസ്സു പൂര്‍ത്തിയായി എന്നു വിശ്വസിക്കാന്‍ അല്‍പം പ്രയാസം ഉള്ളതു പോലെ. സ്വരം കനത്തു, മൂക്കിനു കീഴെ രോമം പൊടിച്ചു, ഇനി വാവ എന്ന വിളിപ്പേരുമാറില്ല. ഞാന്‍ ചെന്നയന്നായിരുന്നു പായസം വെയ്ക്കല്‍. പായസം കുടിച്ചു, ചോറുണ്ടു. ഋതു സിനിമയുടെ ആദ്യഭാഗം കുറെ കണ്ടു. നാലരയോടെ മുത്തിനെയും വാവയെയും കൂട്ടി ഞാന്‍ കട്ടപ്പനയ്‌ക്കു തിരിച്ചു. ഏഴുമണിയോടെ തിരികെ വീട്ടിലെത്തി. ഒരു പത്തു പതിനഞ്ച്‌ വയസ്സ്‌ കുറഞ്ഞപോലെ തോന്നി. എന്താ? വീട്ടില്‍ വന്നിട്ട്‌ വാവയുമായി ഗുസ്‌തി തന്നെ ഗുസ്‌തി!

Saturday, June 25, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 3

കരുണാപുരം എത്തുന്നതിനു മുന്നേ തന്നെ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിട്ട്‌ സിം മാറ്റി കേരളാ സിം എടുത്തിട്ടു. ബി.എസ്‌.എന്‍.എല്‍. ലാന്‍ഡ്‌ഫോണിന്റെ വകയില്‍ ഫ്രീ കിട്ടിയ സെല്‍വണ്‍. ബസ്‌ കാത്തു നിന്നപ്പോള്‍ ഭാര്യാജിയെ വിളിച്ചു. അങ്ങനെ നിക്കുമ്പോളാണ്‌ നീലപ്പെയിന്റടിച്ച നമ്മുടെ സെന്റ്‌. ജോസഫ്‌ ബസ്‌ വന്നത്‌. അങ്ങു കയറിക്കഴിഞ്ഞപ്പോളാണ്‌ അക്കിടി മനസ്സിലായത്‌. തോട്ടം മേഖലയിലൂടെ പോകുന്ന ഒരു ബസ്സില്‍ അതിരാവിലെ ഇടയ്‌ക്കത്തെ ഒരു സ്റ്റോപ്പില്‍ നിന്നും കയറിയാല്‍ സീറ്റു കിട്ടില്ല എന്ന സംഗതി. ബാഗ്‌ എടുത്തു തട്ടിന്‍പുറത്തു വെച്ചിട്ട്‌ വെടിപ്പായി നിന്നു. ഒരു നാല്‍പതാളുകളെങ്കിലുമുണ്ട്‌ നിന്നു യാത്ര ചെയ്യാന്‍. പുറത്തു മഴ ചാറുന്നു. എല്ലാവരും ഷട്ടറിട്ടു. രണ്ടു വാതിലുകളുടെയും ഭാഗത്തു കൂടി കടക്കുന്ന വെളിച്ചം മാത്രം ഉള്ളില്‍. ലൈറ്റ്‌ കത്തുന്നില്ലത്രേ. മുന്നിലാണെങ്കില്‍ കിളിയുമില്ല. ബെല്ലടിയുള്‍പ്പടെ കണ്ടക്‌ടറാണു കൈകാര്യം ചെയ്യുന്നത്‌. പിന്നെ ഏതോ യാത്രക്കാരന്‍ ആ പണി സ്വമേധയാ ഏറ്റെടുത്തു (കോളേജില്‍ പഠിക്കുന്ന കാലത്തൊക്കെ പിന്‍വാതിലിലെ കിളിപ്പണി ഞാനും ചെയ്‌തിട്ടുണ്ട്‌). ബാലഗ്രാം-കട്ടപ്പന ഒന്‍പതു രൂപ. ഇതിനിടെ കണ്ടക്‍ടര്‍ കയ്യിലടുക്കിപ്പിടിച്ചിരുന്ന നോട്ടുകള്‍ താഴെ വീണു. യാത്രക്കാര്‍ മൊബൈല്‍ ടോര്‍ച്ച്‌ തെളിച്ച്‌ അതെടുക്കാന്‍ അങ്ങരെ സഹായിച്ചു.

സന്യാസിയോട എന്ന സ്ഥലത്തു ചെന്നപ്പോള്‍ സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്തു നിന്നൊരു ബഹളം. ആരോ അലറുന്നോ, കരയുന്നോ.. ആകെ ബഹളം. ബസ്‌ ഓരം ചേര്‍ത്തു നിര്‍ത്തി. എന്താ കാര്യമെന്നു വെച്ചാല്‍ ഒരു സ്ത്രീ ഛര്‍ദ്ദിച്ചതാണ്‌. അതാരുടെയൊക്കെയോ ദേഹത്തു വീണത്രേ. പിന്നാലെ അവര്‍ കുഴഞ്ഞു വീഴുകയും ചെയ്‌തു. അവരെ കുറെ ചേച്ചിമാര്‍ കൂടി താങ്ങിയെഴുന്നേല്‍പ്പിച്ചു. ആരോ വെള്ളം നല്‍കി. ഇതിനിടെ 'ബസ്‌ തിരിച്ച്‌ ആശുപത്രീലോട്ടു വിട്‌' എന്നാരോ പറഞ്ഞു. "ഉവ്വ, നല്ല കളിയായി!" അസാധ്യമായ ഒരു കാര്യം കേട്ടപോലെ ആരുടെയോ പ്രതികരണം. രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് ആ ചേച്ചിയെ ബസ്സില്‍ നിന്നിറക്കി. വഴിയരികിലെ വീട്ടുകാര്‍ വരാന്തയില്‍ ഒരു കസേര കൊണ്ടുവന്നിട്ടു. അവരെ അതില്‍ ഇരുത്തി. ഒരു ചേട്ടന്‍ ഫോണില്‍ ഓട്ടോ വിളിച്ചു. ഒന്നുരണ്ടുപേര്‍ ആ സ്ത്രീയുടെ ഒപ്പം നിന്നു. മറ്റുയാത്രക്കാരുമായി വണ്ടി മുന്നോട്ടു നീങ്ങി. അപ്പോള്‍ വീണ്ടും അവര്‍ അവിടെ നിന്നു ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നു. "ഇല്ലാത്ത അസുഖങ്ങളൊന്നും കാണില്ലെന്നേ. പ്രഷറും ഷുഗറും കൊളസ്‌ട്രോളും.." ചില നാടന്‍ ആത്മഗതങ്ങള്‍ ഉയര്‍ന്നു കേട്ടു.

പുളിയന്മലയിലേക്കുള്ള വളഞ്ഞു പുളഞ്ഞ കയറ്റം. മാമ്മൂട്‌ എന്ന സ്റ്റോപ്പ്‌ (ചങ്ങനാശേരിക്കടുത്ത്‌ മാമ്മൂട്‌ എന്നു പേരുള്ള മറ്റൊരു സ്ഥലമുണ്ട്‌) കഴിഞ്ഞ്‌ കുത്തനെയുള്ള കയറ്റത്തില്‍ ഫസ്റ്റ്‌ഗിയറിട്ടു വണ്ടി ഇഴഞ്ഞു കയറി. ടൈമിംഗ്‌ ഒന്നു തെറ്റിയാല്‍ പിന്നാക്കം പോയി ഒന്നേന്നു തുടങ്ങേണ്ടിവരും ഈ കയറ്റം കയറിക്കിട്ടാന്‍. മഴ നിന്നു. കുറെക്കൂടി കഴിഞ്ഞ്‌, 'ട' തിരിച്ചിട്ട മാതിരി ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും ഹെയര്‍പിന്‍ വളവുള്ള ഒരു കയറ്റമുണ്ട്‌. ഏന്തിവലിഞ്ഞ്‌ രണ്ടാമത്തെ വളവു തിരിഞ്ഞു കയറുമ്പോള്‍ ദാ മുന്നിലൊരു ഒമ്‌നി. അവനവിടെ നിന്നു പോയി; വളവുമുക്കാലും തിരിഞ്ഞ്‌ കയറ്റപ്പുറത്ത്‌ ബസും നിര്‍ത്തേണ്ടിവന്നു. തെറി ഇപ്പോ വീഴുമെന്നു ഞാന്‍ ഓര്‍ത്തു. ഭാഗ്യം ഒന്നും ഉണ്ടായില്ല. ഒമ്‌നിയുടെ ഡ്രൈവറെ ബസുകാരന്‍ ചോദ്യരൂപത്തില്‍ കൈ മലര്‍ത്തി "എന്നതാടാ ഉവ്വേ?" എന്നെങ്കിലും ചോദിച്ചു കാണണം. ഒമ്‌നി റിവേഴ്‌സെടുത്ത്‌ റോഡിനു പുറത്തേക്കിറക്കി നിര്‍ത്തി. ബസ്സു നിന്ന നില്‍പ്പില്‍ ഫസ്റ്റിട്ട്‌ അല്‍പം ആയാസപ്പെട്ടാണെങ്കിലും കയറിപ്പോയി. താഴേന്നൊരു വണ്ടിവരുമെന്നു പ്രതീക്ഷിക്കാതെ വന്നതാവണം ഒമ്‌നിക്കാരന്‍, എന്തായാലും ദുഷ്‌കരമായ ഡ്രൈവിങ്ങ്‌ സാഹചര്യങ്ങളില്‍ ഉണ്ടാവേണ്ട ഒരു പരസ്‌പരധാരണ അവിടെ ലംഘിക്കപ്പെട്ടു.

ബസ്‌ പുളിയന്മലയിലെത്തി. നാലു പ്രധാന റോഡുകള്‍ സംഗമിക്കുന്ന സ്ഥലം. കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലേക്ക്‌ പടിഞ്ഞാറ്‌ കട്ടപ്പനയില്‍ ഇന്നു വരുന്ന റോഡും കിഴക്ക്‌ തൂക്കുപാലം ഭാഗത്തു നിന്നും വരുന്ന റോഡും(ഞാന്‍ വന്ന വഴി) സംഗമിക്കുന്നു. ആ ദിശയില്‍ വരുമ്പോള്‍ വലത്തേക്കു വട്ടം തിരിഞ്ഞാല്‍, ഞാന്‍ വന്ന വഴിക്കു സമാന്തരമായി കുമളി-മൂന്നാര്‍ റോഡ്‌ പമ്പാടുംപാറ-നെടുംകണ്ടം റൂട്ടില്‍ നീളുന്നു. നേരെ മുന്നിലേക്ക്‌ കുമളി. റോഡ്‌ കട്ട്‌ ചെയ്‌തു കയറിയാല്‍ കട്ടപ്പനയ്‌ക്ക്‌. സീറ്റ്‌ അപ്പോഴും കിട്ടിയില്ല. നില്‍ക്കാന്‍ തീരെ ബുദ്ധിമുട്ട്‌ തോന്നിയുമില്ല.

പുളിയന്മലയില്‍ നിന്നു കട്ടപ്പനയ്‌ക്ക്‌ ആറു കി.മീ. ആണു ദൂരം. ഹില്‍ടോപ്പും താണ്ടി ഹെയര്‍പിന്‍ വളവുകള്‍ ഒന്നൊന്നായി പിന്നിട്ട്‌ ബസ്‌ മലയിറങ്ങുന്നു. പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ക്കേ ഇവ ഒറ്റയടിക്കു വളച്ചെടുക്കാനാവൂ. രണ്ടു വളവുകളില്‍ വെച്ച്‌ കട്ടപ്പന പട്ടണത്തിന്റെ വിദൂരദൃശ്യം ഒരാകാശക്കാഴ്‌ചയിലെന്നപോലെ ലഭിക്കും. 'എത്തിപ്പോയെടാ' എന്നു മനസ്സുപറയും. പച്ചച്ചു മെഴുത്ത ഏലച്ചെടികളെ തഴുകിവരുന്ന മഴ നനഞ്ഞ മഞ്ഞ്‌ ദേഹവും മനസ്സും ഒരു പോലെ കുളിര്‍പ്പിച്ചു. എന്റെ നാട്‌. അവിടത്തെ ആ കാറ്റ്‌! കമ്പംമെട്ട്‌ മുതല്‍ ഇങ്ങുവരെയുള്ള യാത്ര ഒരു ജലദോഷച്ചുവ തന്നെങ്കിലും ഞാന്‍ ആ തണുപ്പാസ്വദിച്ചു. ആ ശ്വാസം ആഞ്ഞു നുകര്‍ന്നു. പാറക്കടവ്‌ സ്റ്റോപ്പില്‍ ബസിന്റെ മലയിറക്കം തീര്‍ന്നു. വീടെത്താനുള്ള എന്റെ വെമ്പലറിഞ്ഞതുപോലെ താഴ്‌വരയിലൂടെ ബസ്‌ ശീഘ്രം പാഞ്ഞു. പാലം ബസ്‌ സ്റ്റോപ്പില്‍ വണ്ടി നിന്നു. അവിടെ നിന്നു വലത്തേക്കു തിരിയുന്ന വഴി സാഗരാ തീയേറ്ററിനു മുന്നിലൂടെ എസ്‌.എന്‍.കവലയും താണ്ടി എന്റെ ഗ്രാമത്തിലേക്കു നീളുന്നു. തൊട്ടടുത്ത ഇടശ്ശേരി ബാറിനു സമീപം ഞങ്ങളുടെ ഭാഗത്തേക്കുള്ള ഓട്ടോ സ്റ്റാന്‍ഡ്‌. അടുത്ത സ്റ്റോപ്പായ അശോകാ ജംക്‌ഷനില്‍ ഇറങ്ങാമെന്നു ഞാന്‍ കരുതി. ചന്തയില്‍ പോകണം, നോണ്‍ ഐറ്റം എന്തെങ്കിലും വാങ്ങണം. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ ബസ്‌ ഇടത്തേക്കു തിരിഞ്ഞു. അതെ! പുതിയ ബസ്‌ സ്റ്റാന്‍ഡിലേക്ക്‌! ഇതു പ്രവര്‍ത്തനം തുടങ്ങിയോ? കൊള്ളാല്ലോ! അവിടെ സ്റ്റാന്‍ഡ്‌മാഷ്‌ ബെന്നി കളപ്പുരയ്‌ക്കലിന്റെ പരിചിതശബ്‌ദം മുഴങ്ങുന്നു. കട്ടപ്പന സ്റ്റാന്‍ഡിന്റെ ജിഹ്വ! നേരം ഏഴ്‌ ഇരുപത്‌. മുക്കാല്‍ പണിക്കൂര്‍ നേരത്തെ കമ്പത്തെത്തിയ ഞാന്‍ കട്ടപ്പനയിലെത്തിയപ്പോള്‍ മുന്നേറ്റം ഇരുപതുമിനിറ്റായി ചുരുങ്ങി.

ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു തിരികെ നടന്നു ഇടശ്ശേരി ജംക്‌ഷനിലെത്തി. സ്റ്റാന്‍ഡില്‍ ഓട്ടോ ഒന്നും ഇല്ല ഇത്ര രാവിലെ. സുഹൃത്തായ മിഥുന്‍ കൃഷ്ണനെ വിളിച്ചു. വെറുതെ നാട്ടിലെത്തിയ ഒരു സന്തോഷം പങ്കിടാന്‍. ആശാന്‍ രാവിലെ സവാള വാങ്ങാന്‍ കടയില്‍ പോയതാണ്‌. കാള്‍ പുരോഗമിക്കവേ ഇറച്ചിക്കടയിലേക്കു നടന്നു. "ഒന്നരക്കിലോ, നെയ്യില്ലാതെ!" എന്തോ, ഭാഗ്യവശാല്‍ ഞാന്‍ എന്നു ചെന്നാലും നല്ല ഇറച്ചി തന്നെ കിട്ടും. മിക്കവാറും ഒറ്റപ്പീസ്‌. ഇരുനൂറു രൂപ നീട്ടി. "മുപ്പതും കൂടെ" കടക്കാരന്‍ പറഞ്ഞു. ഒന്നരക്കിലോ ബീഫിന്‌ ഇരുനൂറ്റിമുപ്പതു രൂപയോ! എന്നുവെച്ചാ ഒരു കിലോയ്ക്ക്‌ നൂറ്റന്‍പത്‌! ഉം, കൊള്ളാം. ക്ഷീണമൊന്നും തോന്നിയില്ല, അതിനാല്‍ മൂന്നാലു കി.മീ. നടക്കാമെന്നു വെച്ചു. രണ്ടുമാസമായി ഇവിടെ വന്നിട്ട്‌, ഇതിലേ നടന്നിട്ട്‌ അതിലുമേറെയായി. സാഗരാ തീയേറ്ററിനു സമീപമുള്ള കുറുക്കുവഴിയിലൂടെ ഞങ്ങളുടെ റോഡിലെത്തി. വെയില്‍ വീണു തുടങ്ങിയില്ല. കാറുമൂടിയ ആകാശം. മഴയൊഴിഞ്ഞ അന്താരീക്ഷവും നേരിയ തണുപ്പും നടപ്പ്‌ സുഖമാക്കി. എസ്‌.എന്‍. കവല കഴിഞ്ഞപ്പോള്‍ കട്ടപ്പനയിലെ ആദ്യകാല ഓട്ടോ ഡ്രൈവര്‍മാരിലൊരാളായ 'പ്രതീകം' ജോസ്‌ ചേട്ടന്‍ വരുന്നു. ഞാന്‍ കൊച്ചുകുട്ടിയായിരിക്കുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ കസ്റ്റമറാണ്‌. അല്‍പനേരം നിന്ന്‌ ഒരു സൗഹൃദ സംഭാഷണം.

"ഒരോട്ടോ ഒക്കെ വിളിച്ചു പോകാന്‍ മേലാരുന്നോ?"

"നടക്കാമെന്നു വെച്ചു. കുറെ ഇരുന്നു വന്നതല്ലേ, ഒന്നുണരട്ടെ!" ഞാന്‍ കളി പറഞ്ഞു. മൂപ്പര്‍ ഇപ്പോള്‍ പെയിന്റിംഗ്‌ ജോലിയാണ്‌. പണിക്കുപോകുന്ന വഴിയാണ്‌.

നിരപ്പേല്‍ക്കട കഴിഞ്ഞു കുത്തനെയുള്ള ഇറക്കമിറങ്ങി. താഴെയെത്തിയപ്പോള്‍ നമ്മുടെ സുത്തിയെ വിളിക്കാനൊരാഗ്രഹം. ശനിയാഴ്ചയല്ലേ, വീട്ടില്‍ കാണുമെന്നു കണക്കുകൂട്ടി. ആളെ ഫോണില്‍ കിട്ടുന്നതിനു മുന്നേ ഒരു ഓട്ടോ വന്നു. സ്കൂളില്‍ ജൂനിയര്‍ ആയിരുന്ന സുനിലാണ്‌ ഓടിക്കുന്നത്‌, അവന്‍ നിര്‍ത്തി. കാള്‍ നിര്‍ത്തി ഓട്ടോയില്‍ കയറിയപ്പോള്‍ ഉള്ളില്‍ മൂന്നുകന്നാസുകള്‍ നിറന്നിരിക്കുന്നു, വക്കില്‍ എണ്ണ പുരണ്ടിരിക്കുന്നു.

"നീ അങ്ങൂന്നു വരുന്ന വഴിയാണോ?"

"അതെ"

"ലീവുണ്ടോ?"

"ഓ ഇല്ല, നാളെത്തന്നെ ഞാന്‍ പോകും."

"ഇതെന്നാ ഡീസലാണോടാ?"

"ആ, തോപ്രാംകുടീലോട്ടാ. മൊബൈല്‍ ടവറിന്‌"

കൂട്ടുകാരന്റെ ലിഫ്റ്റിനു നന്ദിസൂചകമായി യാത്ര പറഞ്ഞ്‌ കൊച്ചുതോവാള സിറ്റിയിലിറങ്ങി. സുത്തിയെ രണ്ടാമതും വിളിച്ചു. ഉറക്കമൊക്കെ കഴിഞ്ഞ്‌ മൂപ്പര്‍ ചുമ്മാ കിടക്കുവാണ്‌.

"പെണ്ണുമ്പിള്ള എന്തിയേടാ?"

"അവളു താഴെയുണ്ട്‌!"

"നിനക്കെഴുന്നേക്കാറായില്ലേ?"

"ഉം, എണീക്കാന്‍ തുടങ്ങുവാരുന്നു. ചായ കുടിക്കാന്‍ വിളി തുടങ്ങി."

"ബെഡ്‌ കോഫീ ഒന്നുമില്ലേ?"

"അങ്ങനൊരു പരിപാടി പണ്ടേയില്ല."

പശ്ചാത്തലത്തില്‍ ദേവദൂതനിലെ ഗാനം.
"നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ.."

"ഇനിയിപ്പോ യാത്രയൊക്കെ അറിയിച്ചു മാത്രമേ നടത്താവൂട്ടോ!"

"എന്തോന്നാ..??!!"

"അല്ല, പാട്ടു കേട്ടില്ലേ, നീയറിയാ യാത്രയുണ്ടോന്ന്‌!!"

"ഓ അത്‌!! എഫ്‌ഫെമ്മാ." :)

"എറണാകുളത്തൂന്നുള്ളതാ?"

"ആ.. മൂന്നാലെണ്ണം കിട്ടും."

"ഓഫീസില്‍ വെച്ചു വിളിച്ചാലും പിങ്ങ്‌ ചെയ്‌താലുമൊന്നും നിന്നെ കിട്ടില്ല. അതാ വീട്ടിലാരിക്കുന്ന നേരത്ത്‌ വിളിച്ചെ."

"അതു നന്നായി."

"എന്നാ ശരി. നീ പോയി ചായ കുടി. സ്നേഹം കൊണ്ട്‌ വിളിച്ചതാ!"

"ഓ...! ശരീടാ." ചിരിച്ചുകൊണ്ട്‌ അവന്‍ കട്ട്‌ ചെയ്തു.

ആറു മിനിറ്റോളം നീണ്ട ഈ സംഭാഷണം തീരുമ്പോള്‍ ഞാന്‍ വീട്ടിലേക്കുള്ള കയറ്റം കയറുകയായിരുന്നു. രണ്ടു മിനിറ്റുകൂടി. ഞാന്‍ വീട്ടിലെത്തി. അച്ഛന്‍ പത്രം വായിച്ചിരിക്കുന്നു. അമ്മ രാവിലത്തെ പണികളില്‍. (നല്ലപാതിയും മോളും ഭാര്യവീട്ടിലാണ്‌).

ഫോണിനും പഴ്‌സിനുമൊപ്പം പോക്കറ്റില്‍ കിടന്ന ടിക്കറ്റുകളെല്ലാം എടുത്തു മേശപ്പുറത്തു വെച്ചു. ബാംഗ്ലൂര്‍ ടു കട്ടപ്പന 23+112+45+11+9=200. പതിമൂന്നര മണിക്കൂര്‍. ഒന്നു കുളിക്കാന്‍ വട്ടം കൂട്ടി.

Friday, June 24, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 2

കമ്പത്തു നിന്നും നെടുംകണ്ടത്തിനുള്ള ബസ്സില്‍ കയറിയിരിക്കുകയാണല്ലോ ഞാന്‍. അല്‍പം നേരത്തെ എത്തിയത്‌ ഉറക്കച്ചടവായി എന്നെ അലോസരപ്പെടുത്തുന്നുണ്ട്‌. എങ്കിലും ഇങ്ങനെ ഒരു ചിന്ത പോയി, കമ്പംമെട്ട്‌ തൂക്കുപാലം വഴിയാണല്ലോ ബസ്‌ നെടുംകണ്ടത്തിനു പോകുക. മുന്‍പൊക്കെ മെട്ടിലിറങ്ങിയാല്‍ ആറേമുക്കാലിനുള്ള കട്ടപ്പന ബസ്സിനാണു പോകാറ്‌. ആ ബസ്‌ കട്ടപ്പനയില്‍ ചെല്ലുമ്പോള്‍ ഏഴര കഴിയും. ഇന്നു ഞാന്‍ ആറുമണിക്കു മുന്‍പ്‌ മെട്ടില്‍ ചെല്ലുമെന്നുറപ്പ്‌. പിന്നെ മുക്കാല്‍ മണിക്കൂര്‍ ബസ്‌ കാത്തു നില്‍ക്കുന്നതു ഒരു സുഖമില്ലാത്ത പരിപാടി ആണല്ലോ. ആറിനും ആറേമുക്കാലിനും ഇടയ്ക്ക്‌ ബസുണ്ടോ എന്നറിയില്ല. എങ്കില്‍ ഒരു കാര്യം ചെയ്യാം, നേരെ ബാലഗ്രാമിനു ടിക്കറ്റെടുക്കാം, അവിടെ നിന്നാല്‍ നെടുംകണ്ടത്തു നിന്നും കട്ടപ്പനയ്ക്കു വരുന്ന ബസുകള്‍ എപ്പോഴും ഉണ്ട്‌. അപ്പോളങ്ങനെ തന്നെ എന്നുറച്ച്‌ ബാലഗ്രാമിനു ടിക്കറ്റെടുത്തു. പതിനൊന്നു രൂപ! കമ്പംമെട്ടിനുള്ളതിന്റെ ഇരട്ടി ചാര്‍ജ്ജോ? അപ്പോ ദൂരവും ഇരട്ടിയായിരിക്കുമോ? എന്തായാലും എടുത്തത്‌ അങ്ങനെ തന്നെ. ഇന്നു ബാലഗ്രാം വഴി തന്നെ യാത്ര എന്നുറപ്പിച്ചു. ഒരു കുഞ്ഞു മയക്കത്തിനു കൂടി തയ്യാറെടുത്തു.

തമിഴ്‌നാട്ടിലെ വഴികളില്‍ സേലത്തിനു മുന്‍പ്‌ അല്‍പം ചാറിയതല്ലാതെ മഴ തീരെ ഉണ്ടായിരുന്നില്ല. ഇരുട്ടിന്റെ കരിമ്പടം പുതച്ച്‌ പടിഞ്ഞാറുറങ്ങുന്ന സഹ്യനിരകള്‍ക്കപ്പുറം കേരളത്തില്‍ തിമിര്‍ത്തു പെയ്യുകയാവും മഴയിപ്പോള്‍. കേരളത്തിലെ എസ്റ്റേറ്റുകളില്‍ പണിയെടുക്കാന്‍ പോകുന്ന തൊഴിലാളികളാണ്‌ ബസിലെ യാത്രക്കാരില്‍ അധികവും. പ്ലാസ്റ്റിക്‌ വള്ളികള്‍ കൊണ്ട്‌ നെയ്‌തെടുത്ത സഞ്ചികളില്‍ കഴിക്കാനുള്ള ആഹാരവുമായാണ്‌ യാത്ര. എക്കാലവും ഈ സമയത്തു തമിഴ്‌നാട്ടിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നും ഇടുക്കിജില്ലയിലേക്കു യാത്ര ചെയ്യുമ്പോള്‍ അസംഖ്യം ജീപ്പുകള്‍ ഇങ്ങനെ തൊഴിലാളികളെയും കൊണ്ട്‌ കേരളം നോക്കി കുതിക്കുന്നതു കാണാം. വിജനമായ അതിര്‍ത്തിക്കാട്ടിലൂടെ വളഞ്ഞു പുളഞ്ഞു കയറുന്ന ഇടുങ്ങിയ സുന്ദരന്‍ റോഡിലൂടെ ബസ്‌ സെക്കന്‍ഡ്‌ ഗിയറില്‍ കിതച്ചു കയറുമ്പോള്‍ ഉണ്ടക്കണ്ണുകളുള്ള മഹീന്ദ്രാ ജീപ്പുകള്‍ ഉശിരോടെ കുതിച്ചുകയറിവരുന്നതു ഞാന്‍ കൗതുകപൂര്‍വ്വം നോക്കിയിരിക്കാറുണ്ട്‌. ഹൈറേഞ്ചിന്‌ ഇത്രയും പോന്ന മറ്റൊരുവാഹനം ഇനി ജനിക്കേണ്ടിയിരിക്കുന്നു. കൗമാരത്തിന്റെ ആദ്യകാലത്ത്‌ എനിക്കും ഇതുപോലെ ഒരു ജീപ്പുഡ്രൈവറാകണം എന്നു കൊതിച്ചുപോയതില്‍ അത്ഭുതമില്ല. 'ജീപ്പേല്‍‍ പഠിച്ചാല്‍ ഏതു വണ്ടീം ഓടിക്കാം' എന്നൊരു തത്വം തന്നെയുണ്ട്‌. ഇന്നും ജീപ്പില്‍ത്തന്നെ പഠിക്കണം എന്നാവശ്യപ്പെട്ട്‌ ഡ്രൈവിംഗ്‌ സ്കൂളുകാരെ സമീപിക്കുന്നവരും ഉണ്ട്‌.

മലയുടെ താഴ്‌വാരത്തെ തമിഴ്‌ ചെക്ക്‌പോസ്റ്റില്‍ ബസ്‌ നിന്നു. ബസ്‌ നിര്‍ത്തി പരിശോധന ഞാന്‍ ആദ്യം കാണുകയാണ്‌. സ്റ്റാന്‍ഡില്‍ നിന്നു ബസ്‌ എടുക്കുന്നതിനു മുന്‍പെ കണ്ടക്‌ടര്‍ എല്ലാവരുടെയും സഞ്ചികള്‍ പരിശോധിക്കും. അരി ഉണ്ടോ എന്നറിയാനാണ്‌. ചിലര്‍ നാലഞ്ച്‌ കിലോ അരി സഞ്ചിയിലാക്കി രാവിലെ വണ്ടികേറി കേരളത്തിലേക്കു പണിക്ക്‌ പോകും. ഒപ്പം ഈ അരി അവിടെ വില്‍ക്കും (കുറഞ്ഞ നിരക്കില്‍ തമിഴ്‌നാട്ടില്‍ കിട്ടുന്ന അരിയാവാം ഇത്‌). അരിയുമായി യാത്ര ചെയ്യുന്നവരെ ബസില്‍ നിന്നിറക്കി വിട്ടിട്ടേ വണ്ടി പുറപ്പെടൂ. അന്നു പക്ഷേ സ്റ്റാന്‍ഡില്‍ പരിശോധന കണ്ടില്ല. എന്നാല്‍ ചെക്ക്‌പോസ്റ്റില്‍ വണ്ടി നിര്‍ത്തിച്ചു. ഒരു ഗാര്‍ഡ്‌ ഉള്ളില്‍ കയറി വന്നിട്ട്‌ അങ്ങുമിങ്ങുമെല്ലാം എത്തിനോക്കിയിട്ടു പോയി. ഞാന്‍ സാവധാനം ഉറക്കത്തിലേക്കു വീണു. പിന്നീടുണര്‍ന്നപ്പോള്‍ വണ്ടി മെട്ട്‌ അടുക്കാറായിരുന്നു. പകുതിയോളം യാത്രക്കാര്‍ അവിടെ ഇറങ്ങി. ചിലര്‍ പള്ള വീര്‍ത്ത സഞ്ചികളുമായി പോകുന്നതു കണ്ടു. പേരിനു നടത്തിയ പരിശോധനയില്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ടവര്‍!

കമ്പംമെട്ട്‌ അതിര്‍ത്തി കടന്ന്‌ ബസ്‌ വലത്തേക്കു തിരിഞ്ഞു. മലനാടിന്റെ നിറുകയിലൂടെ ബസ്‌ ഇരമ്പി നീങ്ങി. വലതു വശം പച്ചപ്പു പുതച്ച കാട്‌, കുന്നുകള്‍, അതിനപ്പുറം തമിഴ്‌ താഴ്‌വര. ഇടതുവശം ചെറിയ കൃഷിയിടങ്ങള്‍, വീടുകള്‍ - കേരളം. മഞ്ഞിന്റെയോ അതോ മഴയുടെയോ ഈറന്‍ ചൂടി നില്‍ക്കുന്ന കയ്പ്പനും കൊങ്ങിണിപ്പടര്‍പ്പും റോഡിലേക്കെത്തി നോക്കുന്നു. ഇടയ്ക്കിടെ പുതുപുത്തന്‍ വീടുകള്‍. മുന്നില്‍ കാറും പൂന്തോട്ടവുമൊക്കെയായി. നനഞ്ഞു നില്‍ക്കുന്ന കുരുമുളകും ഏലച്ചെടികളും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പതാകകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചെറുകവലകള്‍. ഞാന്‍ ആദ്യമായിട്ടാണ്‌ മെട്ട്‌-ബാലഗ്രാം റൂട്ടില്‍ യാത്ര ചെയ്യുന്നത്‌. ഒരു ഗ്രാമത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കച്ചവട സ്ഥാപനങ്ങളുള്ള കവലയെ ഹൈറേഞ്ചില്‍ സിറ്റി എന്നാണു പറയുക. അങ്ങനെ കണ്ട അടുത്ത സിറ്റി ആണു കരുണാപുരം. സ്കൂളും പള്ളിയും അമ്പലവുമെല്ലാമായി കിഴക്കേയറ്റത്തുള്ള ഗ്രാമം. കവലകളില്‍ ആളനക്കം ആയിത്തുടങ്ങിയിട്ടില്ല.

മുന്നോട്ടു പോയപ്പോള്‍ ലേശം വിഷമം പിടിച്ച ഒരു 'ട' വളവു കണ്ടു. പിന്നെ സെക്കന്‍ഡ്‌ ഗിയറില്‍ ഇറങ്ങാന്‍ പാകത്തിനുള്ള ഒരു ഇറക്കവും. അതു ചെന്നവസാനിക്കുന്നതു കൂട്ടാര്‍ എന്ന സിറ്റിയിലാണ്‌. അവിടെ നിന്നും വലത്തേക്കു തിരിഞ്ഞ്‌ ബസ്‌ നീങ്ങി. അടുത്ത സ്ഥലത്തിന്റെ പേര്‌ തേര്‍ഡ്‌ ക്യാമ്പ്‌ എന്നാണ്‌. എന്തൊരു സ്ഥലപ്പേര്‌ അല്ലേ? 2004-ല്‍ ഇവിടെ ഒരു തവണ ഞാന്‍ വന്നിട്ടുണ്ട്‌. 'ബാലന്‍ പിള്ള സിറ്റി' എന്നൊരു സ്ഥലം ഉള്ളത്‌ ഇതിനടുത്തു തന്നെയാണ്‌. 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന സിനിമയില്‍ പറയുന്നതുപോലെ തന്നെ ബാലന്‍പിള്ള എന്നൊരാളുടെ കട സ്ഥിതി ചെയ്ത സ്ഥലംതന്നെയാണ്‌ ആ പേരില്‍ അറിയപ്പെട്ടത്‌. നേരം ആറേകാല്‍ കഴിഞ്ഞു. മാനം കാറുമൂടിക്കിടന്നു. റോഡരികിലെല്ലാം മഴയുടെ ഊര്‍ജ്ജം കൊണ്ട പുല്‍ക്കൊടികളും പൊന്തയും വളര്‍ന്നു തലനീട്ടി നിന്നു. അരികിലെ തിട്ടകളില്‍ നിന്നും മണ്ണുകലര്‍ന്ന വെള്ളം റോഡിലേക്കിറങ്ങിയൊഴുകി. എന്താ ബാലഗ്രാമാകാത്തെ? ഞാന്‍ ആശങ്കപ്പെട്ടു. ഒരു ചെറിയ ഇറക്കമിറങ്ങുമ്പോള്‍ അടുത്തിരുന്ന ചേട്ടന്‍ എണീക്കാന്‍ വട്ടം കൂട്ടി. മുന്നില്‍ ഒരു സിറ്റിയുടെ ലക്ഷണങ്ങള്‍ കണ്ടു. അടുത്തിരുന്നയാള്‍ ബാലഗ്രാമിനാണു ടിക്കറ്റെടുത്തത്‌ എന്ന ഓര്‍മ്മയില്‍ ഞാനും എണീക്കാന്‍ തയ്യാറായി. "ബാലഗ്രാം" കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.

അങ്ങനെ ബാലഗ്രാമിന്റെ മലയാളമണ്ണില്‍ ഞാന്‍ കാലുകുത്തി. ഒരു ചായക്കട ഇപ്പോള്‍ തുറന്നതേയുള്ളൂ. മുന്നിലെ റോഡ്‌ വലത്തോട്ടുള്ളത്‌ തൂക്കുപാലം വഴി നെടുംകണ്ടത്തിനും ഇടത്തോട്ടുള്ളത്‌ പുളിയന്മലയ്‌ക്കും. ഒന്നു രണ്ട്‌ ആപേ ഓട്ടോകള്‍ പാഞ്ഞു പോയി. ഹൈറേഞ്ചിലെ സര്‍വ്വവ്യാപിയായ ടാക്‌സി ആണ്‌ ആപേ ഓട്ടോകള്‍. തൊഴിലാളികളെയും കൊണ്ട്‌ എതാനും ജീപ്പുകളും കടന്നു പോയി. അവിടെ ബസിറങ്ങിയ ഞങ്ങള്‍ രണ്ടുപേരും പിന്നെ അവിടെ നിന്നിരുന്ന നാലുപേരും. ചെറിയ ചാറ്റല്‍ മഴയുണ്ട്‌. തോടിനുകുറുകെയുള്ള പലത്തിനപ്പുറം ചെന്ന്‌ രാവിലത്തെ 'ശങ്ക' തീര്‍ത്തു. തിരികെ വന്ന് കോണ്‍ഗ്രസ്സിന്റെയും സി.പി.എം.ന്റെയും ബി.ജെ.പി.യുടെയും കൊടിമരങ്ങള്‍ക്കരികെ ഞാന്‍ നിന്നപ്പോള്‍ മറ്റേ മൂവര്‍ സംഘം ഒരു രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചിരുന്നു. ഒരു മൂപ്പിലാന്‍ തന്റെ ചെറുപ്പത്തിലെ സാമൂഹ്യസ്ഥിതി വിവരിക്കുകയാണ്‌. "എനിക്കേ, എഴുപത്തഞ്ചു വയസ്സായി. എന്റെ ചെറുപ്പത്തില്‍ പണി ചെയ്‌താല്‍ കൂലി ചോദിക്കാന്‍ പാടില്ല. കിട്ടുന്നതു മേടിച്ചോണം. ഇന്നങ്ങനെ വല്ലോമാണോ? അന്നു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തൊഴിലാളികളെയൊക്കെ ബോധവല്‍ക്കരിക്കുന്ന കാലമാ. പണിയാന്‍ വരുന്നവന്‍ ചൊമന്ന അണ്ടര്‍വെയറിടും. ഇത്‌ കാണുന്ന മുതലാളിമാര്‍ക്കു പിടിക്കുവേല. ആണുങ്ങള്‍ മീശ വെയ്ക്കാന്‍ പാടില്ലെന്നാ അന്നത്തെ ഒരു വെപ്പ്‌. ഞാന്‍ കണ്ടിട്ടുണ്ട്‌ പൊലീസുകാര്‍ മീശ പറിച്ചെടുക്കുന്നത്‌! എസ്‌.ഐ. വന്നു മീശയിലിങ്ങനെ തിരുമ്മിക്കോണ്ട്‌ നിക്കും. ആഹാ, നിന്റെ മീശ കൊള്ളാല്ലോടാ എന്നൊക്കെ പറഞ്ഞുംകൊണ്ട്‌. അതിനിടെ ഒരു പൊലീസുകാരന്‍ വന്ന് ആ.. വിട്‌ സാറേ എന്നും പറഞ്ഞ്‌ ഒരൊറ്റ തട്ടാ. എസ്‌.ഐ.യുടെ പിടി നല്ല ബലത്തിനായിരിക്കുവേ. തട്ടുന്ന തട്ടിന്‌ മീശ പച്ചയ്‌ക്കു പറിഞ്ഞുപോകും.. ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാ. പിന്നെ, ജാതീ താണവന്‌ അമ്പലത്തില്‍ കേറാന്‍ ഒക്കുകേല. പെണ്ണുങ്ങള്‍ക്ക്‌ മാറു മറയ്‌ക്കാന്‍ പറ്റത്തില്ലാരുന്നല്ലോ പണ്ട്‌!..." കാര്‍ന്നോര്‍ അങ്ങനെ വിവരിച്ച്‌ ശ്രീ നാരായണഗുരുവിന്റെ പ്രതിഷ്‌ഠാകര്‍മ്മവുമൊക്കെയായി മുന്നേറി.

'ആറേകാലിന്റെ ബസ്‌ പോയി. അതിനൊരു സ്ഥിരതയില്ല, ചെലപ്പോ നേരത്തെ വരും, ചെലപ്പോ താമസിക്കും.' ആരുടെയോ ആത്മഗതം. എന്തായാലും നേരിയ വ്യത്യാസത്തില്‍ ഒരു ബസ്‌ കിട്ടാതെ പോയി എന്നെനിക്കു മനസ്സിലായി. കാത്തു നില്‍പ്പ്‌ തുടരവേ ബാലഗ്രാം റൂട്ട്‌ തെരഞ്ഞെടുത്തത്‌ വിനയായോ എന്നൊരു ശങ്ക മനസ്സില്‍ പൊങ്ങിവന്നു. എന്തായാലും അഞ്ചു മിനിറ്റു കഴിഞ്ഞില്ല കട്ടപ്പനയ്ക്കുള്ള സെന്റ്‌. ജോസഫ്‌ ട്രാവല്‍സ്‌ ഹോണടിച്ചെത്തി.

Thursday, June 23, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 1

കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലേക്ക്‌ വരാന്‍ തികഞ്ഞ ഉത്സാഹമായിരുന്നു. രണ്ടുമാസം കൂടി എന്റെ സ്വന്തം ഹൈറേഞ്ചിലേക്കൊരു യാത്ര. തിടുക്കം കൂട്ടിയാണെങ്കിലും പോകണമെന്നു നിനച്ചാല്‍ പിന്നെ ഒരിക്കലും തടുക്കാനാവാത്ത ഒരു ത്വരയായി അതുള്ളില്‍ വളരും. ഒരു തരം ലഹരിയായി. ആ ലഹരിക്കു കൊഴുപ്പേകാന്‍ ഇത്തവണ മഴയും മഴയ്ക്കൊപ്പം മാത്രം കിട്ടുന്ന മറ്റു ചില സൗഭാഗ്യങ്ങളും. ഇവിടെ ഞാന്‍ സഞ്ചരിച്ച വഴിയേ നിങ്ങളെയും കൂട്ടുന്നു, എന്റെ നാട്ടിലേക്ക്‌, കട്ടപ്പനയിലേക്ക്‌!

അഞ്ചുമണിയോടെ ഓഫീസില്‍ നിന്നു ബാഗുമെടുത്ത്‌ പുറത്തു കടന്നു. ഇലക്ട്രോണിക്‌ സിറ്റിയുടെ ആകാശം ഇരുണ്ടിരുന്നു. ബസ്സില്‍ കയറുന്ന വരെ മഴപെയ്യല്ലേ എന്നു മൗനമായി പ്രാര്‍ഥിച്ചുകൊണ്ട്‌ ഞാന്‍ സ്റ്റോപ്പിലേക്കു നടന്നു. ഹൊസൂരില്‍ നിന്നും ഏഴേകാലിനു പുറപ്പെടുന്ന ഒരു മധുര ബസ്സ്‌ ഉണ്ട്‌. അവനെ പിടിക്കണം. പ്രശ്നം അതല്ല, നേരത്തേ ചെന്നാലേ സീറ്റു കിട്ടൂ. പുറപ്പെടേണ്ട സമയത്തിനും ഒന്നുരണ്ടുമണിക്കൂര്‍ മുന്നേ തന്നെ ആള്‍ക്കാര്‍ കയറി ഇരിപ്പുറപ്പിക്കും. അതിനാണു കാലേകൂട്ടിയുള്ള ഈ യാത്ര. നാട്ടിലേക്കു പോകുമ്പോള്‍ റിസര്‍വ്വേഷനില്ലാത്ത യാത്രയാണു പതിവ്‌. അവയുടെ ഗുണവും ദോഷങ്ങളും വഴിയേ മനസ്സിലായിക്കൊള്ളും.

ഇ-സിറ്റിയില്‍ നിന്നും ഒരു ചിക്കന്‍ പഫ്‌സും കഴിച്ച്‌ സ്‌ലൈസ്‌ മാംഗോ ഡ്രിങ്കിന്റെ ഒരു കുഞ്ഞു കുപ്പിയും ഒരു ഹൈഡ്‌ ആന്‍ഡ്‌ സീക്‌ ബിസ്‌കറ്റും വാങ്ങി ബാഗിലിട്ടു. ഇന്നത്തേക്കുള്ള അത്താഴം. അതു വാങ്ങിച്ചോണ്ടു നിന്നപ്പോള്‍ മൂന്നു നാലു വണ്ടി കടന്നു പോയി. പിന്നെ സ്റ്റോപ്പിലേക്കു നടന്നു, അഞ്ചു മിനിറ്റിലേറെ നിന്നു. അപ്പോളൊന്നും ഒറ്റ വണ്ടി വരുന്നില്ല ഹൊസൂരിന്‌. ആവശ്യനേരത്തു നോക്കിയാല്‍ വണ്ടി കിട്ടില്ല. അതു ഹൊസൂരിനായാലും ശരി എങ്ങോട്ടായാലും ശരി എന്നതാണ്‌ എന്റെ അനുഭവം. ഇതിനെ പറ്റി പറയാന്‍ ഒരുപാടുണ്ട്‌. അതു പിന്നീടൊരിക്കല്‍ മറ്റൊരു പോസ്റ്റിലാവാം. അങ്ങനെ വിഷണ്ണനായി നില്‍ക്കേ ഒരു തിരുപ്പൂര്‍ വണ്ടി വന്നു. ഭാഗ്യം, എന്തായാലും സീറ്റും കിട്ടി. അല്ലെങ്കില്‍ ഹൊസൂര്‍ വരെ നില്‍ക്കാനും എനിക്കത്ര മടിയില്ല. ഇരുപത്തിമൂന്നു രൂപാ ടിക്കറ്റ്‌. ചന്ദാപുര കഴിഞ്ഞയുടന്‍ ചെറുതായി ഒന്നു മയങ്ങി. പിന്നെയുണര്‍ന്നതു വണ്ടി ഹൊസൂര്‍ എത്തിയപ്പോള്‍. സ്റ്റാന്‍ഡിലേക്കെത്തുന്നതിനു മുന്‍പേ മധുരയ്ക്കുള്ള ബസ്‌ കിടക്കുന്നതു ഇങ്ങേ റോഡില്‍ നിന്നു കണ്ടു. സമയം ആറേകാലാകുന്നു. സീറ്റുണ്ടായാല്‍ മതിയാരുന്നു.

ഹൊസൂര്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി, മധുര വണ്ടിയില്‍ കയറി. ഭാഗ്യം, സീറ്റുണ്ട്‌. സൗകര്യപ്രദമായ ഒരു ഐല്‍ സീറ്റില്‍ ബാഗ്‌ വെച്ചു. നടുക്കത്തെ സീറ്റിനുള്ള ഒരു ഗുണം ഇടയിലെ വെളിമ്പ്രദേശത്തേക്കു കാല്‍ നീട്ടിവെയ്ക്കാമെന്നതാണ്‌. ഇനിയും ഒരു മണിക്കൂര്‍ കാത്തു നില്‍ക്കണം. പുത്തിറങ്ങി ഒരു ചായയും ബണ്ണും കഴിച്ചു. മൂത്രപ്പുരയില്‍ ഒന്നു കയറി. ഒരു രൂപ കൊടുക്കുന്നതില്‍ വെല്യ തെറ്റില്ലെന്നു തോന്നും. ഒരു വയസ്സാകാറായ സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്കു സാമാന്യം വൃത്തിയുണ്ട്‌. ചിലടത്തുണ്ട്‌, ആ ടോയ്‌ലറ്റ്‌ ഉപയോഗിച്ചതിനു രണ്ടു രൂപാ നടത്തിപ്പുകാര്‍ നമുക്കിങ്ങോട്ട്‌ തരേണ്ടതാണെന്നു തോന്നും. ഭാഗ്യം കേരളത്തില്‍ ആ പരുവത്തിലുള്ളവ അധികം കണ്ടിട്ടില്ല.

ഈ ബസ്‌? ഇതു തന്നെയല്ലേ ആ ബസ്‌? ഉള്ളില്‍ കയറിയപ്പോള്‍ ഒരു സംശയം. അതേ ഡി.വി.ഡി.പ്ലേയര്‍. അതേ ഇന്റീരിയര്‍! അതെ ഇതു തന്നെയാണെന്നു തോന്നുന്നു. കഴിഞ്ഞ തവണം സഞ്ചരിച്ച ബസ്‌. സേലത്തിനു കുറേയിപ്പുറം എട്ടു സ്പീഡ്‌ ബ്രേക്കറുകള്‍ തുടര്‍ച്ചയായി വരുന്ന സ്ഥലത്തെ ആദ്യ സ്പീഡ്‌ ബ്രേക്കറില്‍ വെച്ച്‌ വേഗം കുറയ്ക്കാതെ പോയിട്ട്‌ മുന്നിലുണ്ടായിരുന്ന 407നെ ഉമ്മ വെച്ച ബസ്‌. 407 തുള്ളിത്തുള്ളി മുന്നോട്ടു പോയപ്പോള്‍ പാളി വലതുവശം ഡിവൈഡറില്‍ കയറി ആകെയൊന്നാടിയുലഞ്ഞ്‌ പിന്നേം റോഡിലേക്കു തിരികെയിറങ്ങി നിന്ന ബസ്‌. എന്നിട്ടു മധുര വരെ മുന്നിലെ ചില്ലില്ലാതെ പോയ ബസ്‌? അതെ , നമ്പര്‍ 780. ഞാന്‍ മുന്നില്‍ ചെന്നു നോക്കി. അന്നു പൊട്ടിയ ചില്ലു മാറ്റിയിട്ടുണ്ട്‌. പോറലില്ലാത്ത വിന്‍ഡ്‌ സ്ക്രീന്‍. വൈപ്പറിന്റെ പ്രവര്‍ത്തനം ഒരു ചാപം വരച്ചിരിക്കുന്നതൊഴിച്ചാല്‍. അന്നു ചളുങ്ങിയ മുന്നിലത്തെ പാളികള്‍ ഒക്കെ തല്ലി നിവര്‍ത്തി വെച്ചിട്ടുണ്ട്‌.

മധുരയ്ക്കുള്ള ബസാണെങ്കിലും ഡിണ്ടിഗലിലാണ്‌ എനിക്കിറങ്ങേണ്ടത്‌. കൂലി 112 രൂപ. അന്നത്തെ കണ്ടക്ടര്‍ തന്നെയാണ്‌ ഇന്നും. ഏഴുമണികഴിഞ്ഞപ്പൊല്‍ യാത്ര ആരംഭിച്ചു. തുടക്കത്തില്‍ തന്നെ ഏതോ പടം ഇടാനുള്ള കണ്ടക്ടറുടെ പൂതി അടിക്കടി നിന്നുപോകുന്ന ഡി.വി.ഡി. പ്ലെയര്‍ തല്ലിക്കെടുത്തി. ഒരു കണക്കിനു നന്നായി എന്നു ഞാനും കരുതി. പിന്നെ ഉറക്കം വന്നില്ല. വെറുതെ മുന്നില്‍ കാണുന്ന വഴിയിലേക്കു കണ്ണു നട്ടിരുന്നു. സ്പീഡ്‌ ബ്രേക്കറുള്ള സ്ഥലം വന്നപ്പോള്‍ ഞാന്‍ ഒന്നു ജാഗരൂകനായി. എന്തായാലും എട്ടു കടമ്പകളും കഴിഞ്ഞപ്പോള്‍ ഒന്നു നിശ്വസിച്ചു. ഉടനെ തന്നെ കഴിക്കാന്‍ നിര്‍ത്തി. ഞാന്‍ മാങ്ങാ ജൂസും ബിസ്‌കറ്റും കഴിച്ചു. ഏഴുരൂപ പരമാവധി വിലയുള്ള സാധനം പത്തുരൂപയ്ക്കു വില്‍ക്കുന്ന ഇവിടങ്ങളിലെ ആര്‍ത്തിപിടിച്ച കച്ചവടക്കാരുടെ പിടിയിലാകാതിരിക്കാനാണ്‌ ഞാന്‍ ബാംഗ്ലൂരുനിന്നു തന്നെ ഈവകകള്‍ വാങ്ങിയത്‌. മുന്‍പേ പറഞ്ഞ മാതിരി കംഫര്‍ട്ട്‌ സ്റ്റേഷനാണ്‌ അവിടെ ഉള്ളത്‌ എന്നതിനാല്‍ ഹൈവേയുടെ ഓരത്തു പോയി മൂത്രമൊഴിച്ചു. ഏകദേശം 11 മണിയോടെ ബസ്‌ സേലം ബൈപാസ്‌ പിന്നിട്ടു. പരിസരത്തെ അതിരൂക്ഷമായ ദുര്‍ഗന്ധം മൂലം ആ നേരമത്രയും ശ്വാസം അടക്കിയിരിക്കാന്‍ ഇക്കാലം കൊണ്ട്‌ ഞാന്‍ പരിശീലിച്ചിട്ടുണ്ട്‌. പിന്നെയും വിരസമായ ഹൈവേയിലൂടെ ബസ്‌ ഓടിക്കൊണ്ടിരുന്നു. ഒരു മയക്കം വിട്ടുണര്‍ന്നപ്പോള്‍ ബസ്‌ നാമക്കല്‍ സ്റ്റാന്‍ഡില്‍ ഒന്നു തലകാണിച്ചു പുറത്തേക്കിറങ്ങുന്നു. മുന്നിലെ സീറ്റിലിരുന്ന തള്ള ഒരു തുണി വിരിച്ച്‌ ബസ്സിലെ തറയില്‍ കിടന്നുറങ്ങുന്നു! അതു കൊണ്ട്‌ എന്റെ കാല്‍ മുന്നിലെ സീറ്റിനടിയിലേക്കു ചുരുട്ടിവെയ്ക്കേണ്ടിവന്നു. അത്ര സുഖകരമായ സീറ്റൊന്നും അല്ലെങ്കിലും 112 രൂപയ്ക്ക്‌ 'ചാറു കൂട്ടി നക്കിയാ മതി' എന്നമട്ടിലുള്ള സൗകര്യങ്ങളല്ലേ കിട്ടൂ. പിന്നെയെപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി.

കണ്ടക്ടര്‍ ഉറക്കെ സ്ഥലപ്പേരു ചൊല്ലുന്നതു കേട്ടാണ്‌ ഞാന്‍ ഗാഢനിദ്രയില്‍ നിന്നുണര്‍ന്നത്‌. ബസ്‌ ഡിണ്ടിഗല്‍ ടൗണിലേക്കു കയറുന്നു. പോക്കറ്റില്‍ പഴ്‌സും ഫോണുമെല്ലാമുണ്ടെന്നുറപ്പു വരുത്തി തട്ടിലിരുന്ന ബാഗ്‌ ഞാന്‍ എടുത്തു. രണ്ടേമുക്കാലോടെ ഞാന്‍ അവിടെ ഇറങ്ങി. ഉറക്കം വിട്ടതിന്റെ ഒരു അസ്വസ്ഥത എന്നെ ചൂഴ്‌ന്നുനിന്നു. ഇനി കമ്പത്തിനുള്ള ബസ്‌ വേണം പിടിക്കാന്‍. ഒരെണ്ണം വന്നു. അതില്‍ ചക്കപ്പഴത്തില്‍ ഈച്ച പൊതിയുന്നതു പോലെ ആള്‍ കയറി. ചിലരൊക്കെ നിരാശരായി ഇറങ്ങി. കയറിയാല്‍ സ്വസ്ഥമായി നിന്നു യാത്ര ചെയ്യാന്‍ ഇടമുണ്ട്‌. വത്തലഗുണ്ട്‌, പെരിയകുളം, തേനി എന്നിവിടങ്ങളില്‍ ഒക്കെ ആളുകള്‍ ഇറങ്ങിയേക്കാം, സീറ്റും കിട്ടും അപ്പോള്‍. ഉറക്കച്ചടവില്‍ നിന്നു യാത്ര ചെയ്‌ത്‌ ആ ഭാഗ്യപരീക്ഷണത്തിനു മുതിരാതെ കാത്തുനിന്നു. സ്റ്റാന്‍ഡിന്റെ ഓരത്തുള്ള ഓടയിലെ മൂത്രച്ചൂര്‌ അസഹനീയം തന്നെ.

അധികം നില്‍ക്കേണ്ടിവന്നില്ല, ചെന്നൈയില്‍ നിന്നുള്ള ഒരു എസ്‌.ഇ.ടി.സി. വന്നു. അവിടെ കൂടി നിന്ന മറ്റുള്ളവരെപ്പോലെ ഞാനും ബസിനടുത്തേക്ക്‌ ഓടി. ഞാന്‍ ചെന്ന ഇടത്തേക്കാണ്‌ ബസ്‌ വന്നു നിന്നത്‌. ആള്‍ക്കാര്‍ ഇറങ്ങിത്തുടങ്ങുന്നതേയുള്ളൂ. കമ്പത്തിനുള്ളവര്‍ മാത്രം കേറിയാല്‍ മതിയെന്നും അഞ്ചുസീറ്റുകള്‍ മാത്രമേയുള്ളൂവെന്നും കണ്ടക്ടര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. യാത്രക്കാര്‍ ഇറങ്ങവേ ആ അഞ്ചില്‍ ഒരുവനാവണം എന്നു തന്നെ ഞാന്‍ ഉറച്ചു. തിരക്കുണ്ടാക്കാതെ എങ്ങനെ ബസ്സില്‍ കയറിപ്പറ്റാം എന്നതു പണ്ടൊരു പോസ്റ്റില്‍ ഞാന്‍ വിശദമാക്കിയതാണ്‌. ആ സിദ്ധാന്തമനുസരിച്ച്‌ ഞാന്‍ എന്നെ ഉത്തമമായ ഒരു പൊസിഷനില്‍ നിര്‍ത്തി. ഫലത്തില്‍ മൂന്നാമനായി ഞാന്‍ ബസിനുള്ളിലെത്തി. നമ്മുടെ ആവേശമല്ല, പിന്നില്‍ നില്‍ക്കുന്നവന്റെ ആക്രാന്തമാണ്‌ ഈ തത്വപ്രകാരം നമ്മെ ബസ്സിലേറ്റുന്നത്‌!

ആദാമിന്റെ കാലത്തെ ബസ്‌! കമ്പികള്‍ കൊണ്ടുള്ള ഫ്രെയിമില്‍ പൗരാണികമായ പുഷ്ബാക്ക്‌ സീറ്റ്‌. ഇതിനെയാണോ ഈശ്വരാ ഇവന്മാര്‍ അള്‍ട്രാ ഡീലക്സ്‌ ക്ലാസ്സില്‍പ്പെടുത്തി ഓടിക്കുന്നത്‌ എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു. ഓടിത്തുടങ്ങിയപ്പോള്‍ പ്രതീക്ഷയ്ക്കു വിരുദ്ധമയി ഒന്നു രണ്ടു കാര്യങ്ങള്‍ വ്യക്തമായി. വണ്ടി പഴയതാണെങ്കിലും എഞ്ചിന്‍ അധികം പഴയതല്ലെന്നു തോന്നുന്നു. യാതൊരു അലമ്പുമില്ല, സാമാന്യം സ്പീഡും ഉണ്ട്‌. രണ്ടാമത്‌, മൂട്ട ഇല്ല. പൊതുവേ എസ്‌.ഇ.ടി.സി.കള്‍ മൂട്ടകളുടെ മെട്രോനഗരങ്ങളാണ്‌.

അഞ്ചേകാലോടെ കമ്പം സ്റ്റാന്‍ഡില്‍ ഇറങ്ങി. അടുത്തിരുന്ന ഒരാള്‍ വിളിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. കണ്ണും തിരുമ്മി പുറത്തു കടന്നപ്പോള്‍ ഓര്‍ത്തു, നേരത്തെയാണല്ലോ. സാധാരണ ആറുമണിയോടെയണ്‌ ഇവിടെയെത്താറ്‌. അപ്പോഴാണെങ്കില്‍ കമ്പംമെട്ട്‌ വഴി കട്ടപ്പനയ്ക്കു ഒരു ആനവണ്ടി ഉണ്ട്‌. സൗകര്യപ്രദമായ കേസാണ്‌. ഈ കമ്പംമെട്ട്‌ എന്നു പറയുന്ന സ്ഥലം ഇടുക്കിജില്ലയിലെ ഒരു വാളയാറാണ്‌ എന്നു പറയാം. കേരളത്തില്‍ത്തന്നെയുള്ള അതിര്‍ത്തി ഗ്രാമമാണ്‌. ഇരു സംസ്ഥാനങ്ങളുടെയും ചെക്ക്‌പോസ്റ്റുകള്‍ ഉണ്ട്‌. അവയില്‍ തന്നെ വാണിജ്യനികുതി വകുപ്പിന്റെയും വനം വകുപ്പിന്റെയും ഒക്കെയുണ്ട്‌.അതിരില്‍ തന്നെയാണ്‌ ഇവകളുടെ ഓഫീസും പൊലീസ്‌ സ്റ്റേഷനുമെല്ലാം. ഒരു കുന്നിന്റെ നിറുകയാണ്‌. ഒരു വശം തമിഴ്‌നാട്‌, മറുവശം കേരളം. ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ തമിഴ്‌നാട്ടിലേക്ക്‌ കള്ളക്കടത്തു നടത്തുന്നതിന്റെ പേരില്‍ കുപ്രസിദ്ധമാണ്‌ ഈ സ്ഥലം. കമ്പത്തു മുക്കാല്‍ മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ലാത്തതിനാല്‍ കമ്പംമെട്ടിനുള്ള ബസുണ്ടെങ്കില്‍ കയറാമെന്നു വെച്ചു. നോക്കുമ്പോ അതുവഴി നെടുംകണ്ടത്തിനുള്ള ഒരു തമിഴ്‌നാട്‌ ബസ്‌ കിടക്കുന്നു. ചാടിക്കയറി അതില്‍ ഇരിപ്പുറപ്പിച്ചു.

നമ്മുടെ കവി ദിലീപിന്റെ സുഹൃത്തായ വിനോദ്‌ ഈ വഴിക്കൊക്കെ വരാറുള്ള ആളാണ്‌. ഞാന്‍ ഏതുവഴിക്കാണു യാത്ര എന്നൊരിക്കല്‍ അദ്ദേഹം അന്വേഷിച്ചപ്പോള്‍ കമ്പത്തു നിന്നു കുമളി വഴി കട്ടപ്പനയ്ക്കു വരും എന്നു പറഞ്ഞു. അപ്പോള്‍ അങ്ങേരാണ്‌ മെട്ടു വഴി വരുന്നതാവില്ലേ എളുപ്പം എന്നു ചോദിച്ചത്‌. പിറ്റേ തവണ വന്നപ്പോള്‍ മെട്ടിനുള്ള ബസ്സിനു കയറുകയും അങ്ങനെ കമ്പത്തു നിന്നും കട്ടപ്പനയ്ക്ക്‌ ഒന്നേമുക്കാല്‍ മണിക്കൂറില്‍ എത്തുകയും ചെയ്തു. കുമളി വഴി വരുമ്പോള്‍ 30.50 യാത്രക്കൂലി വേണ്ടുന്നിടത്ത്‌ മെട്ടിലിറങ്ങി കട്ടപ്പനയ്ക്കുള്ള ബസ്സിനു കയറിയാല്‍ 17 രൂപയ്ക്കു കാര്യം നടക്കും, അര മണിക്കൂറും ലാഭം. പണ്ട്‌ കുമളി വഴി പോയിരുന്നത്‌ തിരിച്ചുള്ള ടിക്കറ്റ്‌ അവിടത്തെ എസ്‌.ഇ.ടി.സി. കൗണ്ടറില്‍ ബുക്ക്‌ ചെയ്യാനായിരുന്നു. എസ്‌.ഇ.ടി.സി. യിലെ യാത്ര നിന്നിട്ടും കുമളിവഴി വരുന്ന പതിവാണ്‌ വിനോദിന്റെ ശുപാര്‍ശയിന്മേല്‍ ഇല്ലാതായത്‌. ഇത്തവണ അല്‍പം കൂടി കടന്ന കൈ പ്രയോഗിക്കാന്‍ തീരുമാനിച്ചു. റൂട്ടിലൊരു ചെറിയ മാറ്റം! അക്കഥ പിന്നാലെ.