Thursday, June 23, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 1

കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലേക്ക്‌ വരാന്‍ തികഞ്ഞ ഉത്സാഹമായിരുന്നു. രണ്ടുമാസം കൂടി എന്റെ സ്വന്തം ഹൈറേഞ്ചിലേക്കൊരു യാത്ര. തിടുക്കം കൂട്ടിയാണെങ്കിലും പോകണമെന്നു നിനച്ചാല്‍ പിന്നെ ഒരിക്കലും തടുക്കാനാവാത്ത ഒരു ത്വരയായി അതുള്ളില്‍ വളരും. ഒരു തരം ലഹരിയായി. ആ ലഹരിക്കു കൊഴുപ്പേകാന്‍ ഇത്തവണ മഴയും മഴയ്ക്കൊപ്പം മാത്രം കിട്ടുന്ന മറ്റു ചില സൗഭാഗ്യങ്ങളും. ഇവിടെ ഞാന്‍ സഞ്ചരിച്ച വഴിയേ നിങ്ങളെയും കൂട്ടുന്നു, എന്റെ നാട്ടിലേക്ക്‌, കട്ടപ്പനയിലേക്ക്‌!

അഞ്ചുമണിയോടെ ഓഫീസില്‍ നിന്നു ബാഗുമെടുത്ത്‌ പുറത്തു കടന്നു. ഇലക്ട്രോണിക്‌ സിറ്റിയുടെ ആകാശം ഇരുണ്ടിരുന്നു. ബസ്സില്‍ കയറുന്ന വരെ മഴപെയ്യല്ലേ എന്നു മൗനമായി പ്രാര്‍ഥിച്ചുകൊണ്ട്‌ ഞാന്‍ സ്റ്റോപ്പിലേക്കു നടന്നു. ഹൊസൂരില്‍ നിന്നും ഏഴേകാലിനു പുറപ്പെടുന്ന ഒരു മധുര ബസ്സ്‌ ഉണ്ട്‌. അവനെ പിടിക്കണം. പ്രശ്നം അതല്ല, നേരത്തേ ചെന്നാലേ സീറ്റു കിട്ടൂ. പുറപ്പെടേണ്ട സമയത്തിനും ഒന്നുരണ്ടുമണിക്കൂര്‍ മുന്നേ തന്നെ ആള്‍ക്കാര്‍ കയറി ഇരിപ്പുറപ്പിക്കും. അതിനാണു കാലേകൂട്ടിയുള്ള ഈ യാത്ര. നാട്ടിലേക്കു പോകുമ്പോള്‍ റിസര്‍വ്വേഷനില്ലാത്ത യാത്രയാണു പതിവ്‌. അവയുടെ ഗുണവും ദോഷങ്ങളും വഴിയേ മനസ്സിലായിക്കൊള്ളും.

ഇ-സിറ്റിയില്‍ നിന്നും ഒരു ചിക്കന്‍ പഫ്‌സും കഴിച്ച്‌ സ്‌ലൈസ്‌ മാംഗോ ഡ്രിങ്കിന്റെ ഒരു കുഞ്ഞു കുപ്പിയും ഒരു ഹൈഡ്‌ ആന്‍ഡ്‌ സീക്‌ ബിസ്‌കറ്റും വാങ്ങി ബാഗിലിട്ടു. ഇന്നത്തേക്കുള്ള അത്താഴം. അതു വാങ്ങിച്ചോണ്ടു നിന്നപ്പോള്‍ മൂന്നു നാലു വണ്ടി കടന്നു പോയി. പിന്നെ സ്റ്റോപ്പിലേക്കു നടന്നു, അഞ്ചു മിനിറ്റിലേറെ നിന്നു. അപ്പോളൊന്നും ഒറ്റ വണ്ടി വരുന്നില്ല ഹൊസൂരിന്‌. ആവശ്യനേരത്തു നോക്കിയാല്‍ വണ്ടി കിട്ടില്ല. അതു ഹൊസൂരിനായാലും ശരി എങ്ങോട്ടായാലും ശരി എന്നതാണ്‌ എന്റെ അനുഭവം. ഇതിനെ പറ്റി പറയാന്‍ ഒരുപാടുണ്ട്‌. അതു പിന്നീടൊരിക്കല്‍ മറ്റൊരു പോസ്റ്റിലാവാം. അങ്ങനെ വിഷണ്ണനായി നില്‍ക്കേ ഒരു തിരുപ്പൂര്‍ വണ്ടി വന്നു. ഭാഗ്യം, എന്തായാലും സീറ്റും കിട്ടി. അല്ലെങ്കില്‍ ഹൊസൂര്‍ വരെ നില്‍ക്കാനും എനിക്കത്ര മടിയില്ല. ഇരുപത്തിമൂന്നു രൂപാ ടിക്കറ്റ്‌. ചന്ദാപുര കഴിഞ്ഞയുടന്‍ ചെറുതായി ഒന്നു മയങ്ങി. പിന്നെയുണര്‍ന്നതു വണ്ടി ഹൊസൂര്‍ എത്തിയപ്പോള്‍. സ്റ്റാന്‍ഡിലേക്കെത്തുന്നതിനു മുന്‍പേ മധുരയ്ക്കുള്ള ബസ്‌ കിടക്കുന്നതു ഇങ്ങേ റോഡില്‍ നിന്നു കണ്ടു. സമയം ആറേകാലാകുന്നു. സീറ്റുണ്ടായാല്‍ മതിയാരുന്നു.

ഹൊസൂര്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി, മധുര വണ്ടിയില്‍ കയറി. ഭാഗ്യം, സീറ്റുണ്ട്‌. സൗകര്യപ്രദമായ ഒരു ഐല്‍ സീറ്റില്‍ ബാഗ്‌ വെച്ചു. നടുക്കത്തെ സീറ്റിനുള്ള ഒരു ഗുണം ഇടയിലെ വെളിമ്പ്രദേശത്തേക്കു കാല്‍ നീട്ടിവെയ്ക്കാമെന്നതാണ്‌. ഇനിയും ഒരു മണിക്കൂര്‍ കാത്തു നില്‍ക്കണം. പുത്തിറങ്ങി ഒരു ചായയും ബണ്ണും കഴിച്ചു. മൂത്രപ്പുരയില്‍ ഒന്നു കയറി. ഒരു രൂപ കൊടുക്കുന്നതില്‍ വെല്യ തെറ്റില്ലെന്നു തോന്നും. ഒരു വയസ്സാകാറായ സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്കു സാമാന്യം വൃത്തിയുണ്ട്‌. ചിലടത്തുണ്ട്‌, ആ ടോയ്‌ലറ്റ്‌ ഉപയോഗിച്ചതിനു രണ്ടു രൂപാ നടത്തിപ്പുകാര്‍ നമുക്കിങ്ങോട്ട്‌ തരേണ്ടതാണെന്നു തോന്നും. ഭാഗ്യം കേരളത്തില്‍ ആ പരുവത്തിലുള്ളവ അധികം കണ്ടിട്ടില്ല.

ഈ ബസ്‌? ഇതു തന്നെയല്ലേ ആ ബസ്‌? ഉള്ളില്‍ കയറിയപ്പോള്‍ ഒരു സംശയം. അതേ ഡി.വി.ഡി.പ്ലേയര്‍. അതേ ഇന്റീരിയര്‍! അതെ ഇതു തന്നെയാണെന്നു തോന്നുന്നു. കഴിഞ്ഞ തവണം സഞ്ചരിച്ച ബസ്‌. സേലത്തിനു കുറേയിപ്പുറം എട്ടു സ്പീഡ്‌ ബ്രേക്കറുകള്‍ തുടര്‍ച്ചയായി വരുന്ന സ്ഥലത്തെ ആദ്യ സ്പീഡ്‌ ബ്രേക്കറില്‍ വെച്ച്‌ വേഗം കുറയ്ക്കാതെ പോയിട്ട്‌ മുന്നിലുണ്ടായിരുന്ന 407നെ ഉമ്മ വെച്ച ബസ്‌. 407 തുള്ളിത്തുള്ളി മുന്നോട്ടു പോയപ്പോള്‍ പാളി വലതുവശം ഡിവൈഡറില്‍ കയറി ആകെയൊന്നാടിയുലഞ്ഞ്‌ പിന്നേം റോഡിലേക്കു തിരികെയിറങ്ങി നിന്ന ബസ്‌. എന്നിട്ടു മധുര വരെ മുന്നിലെ ചില്ലില്ലാതെ പോയ ബസ്‌? അതെ , നമ്പര്‍ 780. ഞാന്‍ മുന്നില്‍ ചെന്നു നോക്കി. അന്നു പൊട്ടിയ ചില്ലു മാറ്റിയിട്ടുണ്ട്‌. പോറലില്ലാത്ത വിന്‍ഡ്‌ സ്ക്രീന്‍. വൈപ്പറിന്റെ പ്രവര്‍ത്തനം ഒരു ചാപം വരച്ചിരിക്കുന്നതൊഴിച്ചാല്‍. അന്നു ചളുങ്ങിയ മുന്നിലത്തെ പാളികള്‍ ഒക്കെ തല്ലി നിവര്‍ത്തി വെച്ചിട്ടുണ്ട്‌.

മധുരയ്ക്കുള്ള ബസാണെങ്കിലും ഡിണ്ടിഗലിലാണ്‌ എനിക്കിറങ്ങേണ്ടത്‌. കൂലി 112 രൂപ. അന്നത്തെ കണ്ടക്ടര്‍ തന്നെയാണ്‌ ഇന്നും. ഏഴുമണികഴിഞ്ഞപ്പൊല്‍ യാത്ര ആരംഭിച്ചു. തുടക്കത്തില്‍ തന്നെ ഏതോ പടം ഇടാനുള്ള കണ്ടക്ടറുടെ പൂതി അടിക്കടി നിന്നുപോകുന്ന ഡി.വി.ഡി. പ്ലെയര്‍ തല്ലിക്കെടുത്തി. ഒരു കണക്കിനു നന്നായി എന്നു ഞാനും കരുതി. പിന്നെ ഉറക്കം വന്നില്ല. വെറുതെ മുന്നില്‍ കാണുന്ന വഴിയിലേക്കു കണ്ണു നട്ടിരുന്നു. സ്പീഡ്‌ ബ്രേക്കറുള്ള സ്ഥലം വന്നപ്പോള്‍ ഞാന്‍ ഒന്നു ജാഗരൂകനായി. എന്തായാലും എട്ടു കടമ്പകളും കഴിഞ്ഞപ്പോള്‍ ഒന്നു നിശ്വസിച്ചു. ഉടനെ തന്നെ കഴിക്കാന്‍ നിര്‍ത്തി. ഞാന്‍ മാങ്ങാ ജൂസും ബിസ്‌കറ്റും കഴിച്ചു. ഏഴുരൂപ പരമാവധി വിലയുള്ള സാധനം പത്തുരൂപയ്ക്കു വില്‍ക്കുന്ന ഇവിടങ്ങളിലെ ആര്‍ത്തിപിടിച്ച കച്ചവടക്കാരുടെ പിടിയിലാകാതിരിക്കാനാണ്‌ ഞാന്‍ ബാംഗ്ലൂരുനിന്നു തന്നെ ഈവകകള്‍ വാങ്ങിയത്‌. മുന്‍പേ പറഞ്ഞ മാതിരി കംഫര്‍ട്ട്‌ സ്റ്റേഷനാണ്‌ അവിടെ ഉള്ളത്‌ എന്നതിനാല്‍ ഹൈവേയുടെ ഓരത്തു പോയി മൂത്രമൊഴിച്ചു. ഏകദേശം 11 മണിയോടെ ബസ്‌ സേലം ബൈപാസ്‌ പിന്നിട്ടു. പരിസരത്തെ അതിരൂക്ഷമായ ദുര്‍ഗന്ധം മൂലം ആ നേരമത്രയും ശ്വാസം അടക്കിയിരിക്കാന്‍ ഇക്കാലം കൊണ്ട്‌ ഞാന്‍ പരിശീലിച്ചിട്ടുണ്ട്‌. പിന്നെയും വിരസമായ ഹൈവേയിലൂടെ ബസ്‌ ഓടിക്കൊണ്ടിരുന്നു. ഒരു മയക്കം വിട്ടുണര്‍ന്നപ്പോള്‍ ബസ്‌ നാമക്കല്‍ സ്റ്റാന്‍ഡില്‍ ഒന്നു തലകാണിച്ചു പുറത്തേക്കിറങ്ങുന്നു. മുന്നിലെ സീറ്റിലിരുന്ന തള്ള ഒരു തുണി വിരിച്ച്‌ ബസ്സിലെ തറയില്‍ കിടന്നുറങ്ങുന്നു! അതു കൊണ്ട്‌ എന്റെ കാല്‍ മുന്നിലെ സീറ്റിനടിയിലേക്കു ചുരുട്ടിവെയ്ക്കേണ്ടിവന്നു. അത്ര സുഖകരമായ സീറ്റൊന്നും അല്ലെങ്കിലും 112 രൂപയ്ക്ക്‌ 'ചാറു കൂട്ടി നക്കിയാ മതി' എന്നമട്ടിലുള്ള സൗകര്യങ്ങളല്ലേ കിട്ടൂ. പിന്നെയെപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി.

കണ്ടക്ടര്‍ ഉറക്കെ സ്ഥലപ്പേരു ചൊല്ലുന്നതു കേട്ടാണ്‌ ഞാന്‍ ഗാഢനിദ്രയില്‍ നിന്നുണര്‍ന്നത്‌. ബസ്‌ ഡിണ്ടിഗല്‍ ടൗണിലേക്കു കയറുന്നു. പോക്കറ്റില്‍ പഴ്‌സും ഫോണുമെല്ലാമുണ്ടെന്നുറപ്പു വരുത്തി തട്ടിലിരുന്ന ബാഗ്‌ ഞാന്‍ എടുത്തു. രണ്ടേമുക്കാലോടെ ഞാന്‍ അവിടെ ഇറങ്ങി. ഉറക്കം വിട്ടതിന്റെ ഒരു അസ്വസ്ഥത എന്നെ ചൂഴ്‌ന്നുനിന്നു. ഇനി കമ്പത്തിനുള്ള ബസ്‌ വേണം പിടിക്കാന്‍. ഒരെണ്ണം വന്നു. അതില്‍ ചക്കപ്പഴത്തില്‍ ഈച്ച പൊതിയുന്നതു പോലെ ആള്‍ കയറി. ചിലരൊക്കെ നിരാശരായി ഇറങ്ങി. കയറിയാല്‍ സ്വസ്ഥമായി നിന്നു യാത്ര ചെയ്യാന്‍ ഇടമുണ്ട്‌. വത്തലഗുണ്ട്‌, പെരിയകുളം, തേനി എന്നിവിടങ്ങളില്‍ ഒക്കെ ആളുകള്‍ ഇറങ്ങിയേക്കാം, സീറ്റും കിട്ടും അപ്പോള്‍. ഉറക്കച്ചടവില്‍ നിന്നു യാത്ര ചെയ്‌ത്‌ ആ ഭാഗ്യപരീക്ഷണത്തിനു മുതിരാതെ കാത്തുനിന്നു. സ്റ്റാന്‍ഡിന്റെ ഓരത്തുള്ള ഓടയിലെ മൂത്രച്ചൂര്‌ അസഹനീയം തന്നെ.

അധികം നില്‍ക്കേണ്ടിവന്നില്ല, ചെന്നൈയില്‍ നിന്നുള്ള ഒരു എസ്‌.ഇ.ടി.സി. വന്നു. അവിടെ കൂടി നിന്ന മറ്റുള്ളവരെപ്പോലെ ഞാനും ബസിനടുത്തേക്ക്‌ ഓടി. ഞാന്‍ ചെന്ന ഇടത്തേക്കാണ്‌ ബസ്‌ വന്നു നിന്നത്‌. ആള്‍ക്കാര്‍ ഇറങ്ങിത്തുടങ്ങുന്നതേയുള്ളൂ. കമ്പത്തിനുള്ളവര്‍ മാത്രം കേറിയാല്‍ മതിയെന്നും അഞ്ചുസീറ്റുകള്‍ മാത്രമേയുള്ളൂവെന്നും കണ്ടക്ടര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. യാത്രക്കാര്‍ ഇറങ്ങവേ ആ അഞ്ചില്‍ ഒരുവനാവണം എന്നു തന്നെ ഞാന്‍ ഉറച്ചു. തിരക്കുണ്ടാക്കാതെ എങ്ങനെ ബസ്സില്‍ കയറിപ്പറ്റാം എന്നതു പണ്ടൊരു പോസ്റ്റില്‍ ഞാന്‍ വിശദമാക്കിയതാണ്‌. ആ സിദ്ധാന്തമനുസരിച്ച്‌ ഞാന്‍ എന്നെ ഉത്തമമായ ഒരു പൊസിഷനില്‍ നിര്‍ത്തി. ഫലത്തില്‍ മൂന്നാമനായി ഞാന്‍ ബസിനുള്ളിലെത്തി. നമ്മുടെ ആവേശമല്ല, പിന്നില്‍ നില്‍ക്കുന്നവന്റെ ആക്രാന്തമാണ്‌ ഈ തത്വപ്രകാരം നമ്മെ ബസ്സിലേറ്റുന്നത്‌!

ആദാമിന്റെ കാലത്തെ ബസ്‌! കമ്പികള്‍ കൊണ്ടുള്ള ഫ്രെയിമില്‍ പൗരാണികമായ പുഷ്ബാക്ക്‌ സീറ്റ്‌. ഇതിനെയാണോ ഈശ്വരാ ഇവന്മാര്‍ അള്‍ട്രാ ഡീലക്സ്‌ ക്ലാസ്സില്‍പ്പെടുത്തി ഓടിക്കുന്നത്‌ എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു. ഓടിത്തുടങ്ങിയപ്പോള്‍ പ്രതീക്ഷയ്ക്കു വിരുദ്ധമയി ഒന്നു രണ്ടു കാര്യങ്ങള്‍ വ്യക്തമായി. വണ്ടി പഴയതാണെങ്കിലും എഞ്ചിന്‍ അധികം പഴയതല്ലെന്നു തോന്നുന്നു. യാതൊരു അലമ്പുമില്ല, സാമാന്യം സ്പീഡും ഉണ്ട്‌. രണ്ടാമത്‌, മൂട്ട ഇല്ല. പൊതുവേ എസ്‌.ഇ.ടി.സി.കള്‍ മൂട്ടകളുടെ മെട്രോനഗരങ്ങളാണ്‌.

അഞ്ചേകാലോടെ കമ്പം സ്റ്റാന്‍ഡില്‍ ഇറങ്ങി. അടുത്തിരുന്ന ഒരാള്‍ വിളിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. കണ്ണും തിരുമ്മി പുറത്തു കടന്നപ്പോള്‍ ഓര്‍ത്തു, നേരത്തെയാണല്ലോ. സാധാരണ ആറുമണിയോടെയണ്‌ ഇവിടെയെത്താറ്‌. അപ്പോഴാണെങ്കില്‍ കമ്പംമെട്ട്‌ വഴി കട്ടപ്പനയ്ക്കു ഒരു ആനവണ്ടി ഉണ്ട്‌. സൗകര്യപ്രദമായ കേസാണ്‌. ഈ കമ്പംമെട്ട്‌ എന്നു പറയുന്ന സ്ഥലം ഇടുക്കിജില്ലയിലെ ഒരു വാളയാറാണ്‌ എന്നു പറയാം. കേരളത്തില്‍ത്തന്നെയുള്ള അതിര്‍ത്തി ഗ്രാമമാണ്‌. ഇരു സംസ്ഥാനങ്ങളുടെയും ചെക്ക്‌പോസ്റ്റുകള്‍ ഉണ്ട്‌. അവയില്‍ തന്നെ വാണിജ്യനികുതി വകുപ്പിന്റെയും വനം വകുപ്പിന്റെയും ഒക്കെയുണ്ട്‌.അതിരില്‍ തന്നെയാണ്‌ ഇവകളുടെ ഓഫീസും പൊലീസ്‌ സ്റ്റേഷനുമെല്ലാം. ഒരു കുന്നിന്റെ നിറുകയാണ്‌. ഒരു വശം തമിഴ്‌നാട്‌, മറുവശം കേരളം. ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ തമിഴ്‌നാട്ടിലേക്ക്‌ കള്ളക്കടത്തു നടത്തുന്നതിന്റെ പേരില്‍ കുപ്രസിദ്ധമാണ്‌ ഈ സ്ഥലം. കമ്പത്തു മുക്കാല്‍ മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട കാര്യമില്ലാത്തതിനാല്‍ കമ്പംമെട്ടിനുള്ള ബസുണ്ടെങ്കില്‍ കയറാമെന്നു വെച്ചു. നോക്കുമ്പോ അതുവഴി നെടുംകണ്ടത്തിനുള്ള ഒരു തമിഴ്‌നാട്‌ ബസ്‌ കിടക്കുന്നു. ചാടിക്കയറി അതില്‍ ഇരിപ്പുറപ്പിച്ചു.

നമ്മുടെ കവി ദിലീപിന്റെ സുഹൃത്തായ വിനോദ്‌ ഈ വഴിക്കൊക്കെ വരാറുള്ള ആളാണ്‌. ഞാന്‍ ഏതുവഴിക്കാണു യാത്ര എന്നൊരിക്കല്‍ അദ്ദേഹം അന്വേഷിച്ചപ്പോള്‍ കമ്പത്തു നിന്നു കുമളി വഴി കട്ടപ്പനയ്ക്കു വരും എന്നു പറഞ്ഞു. അപ്പോള്‍ അങ്ങേരാണ്‌ മെട്ടു വഴി വരുന്നതാവില്ലേ എളുപ്പം എന്നു ചോദിച്ചത്‌. പിറ്റേ തവണ വന്നപ്പോള്‍ മെട്ടിനുള്ള ബസ്സിനു കയറുകയും അങ്ങനെ കമ്പത്തു നിന്നും കട്ടപ്പനയ്ക്ക്‌ ഒന്നേമുക്കാല്‍ മണിക്കൂറില്‍ എത്തുകയും ചെയ്തു. കുമളി വഴി വരുമ്പോള്‍ 30.50 യാത്രക്കൂലി വേണ്ടുന്നിടത്ത്‌ മെട്ടിലിറങ്ങി കട്ടപ്പനയ്ക്കുള്ള ബസ്സിനു കയറിയാല്‍ 17 രൂപയ്ക്കു കാര്യം നടക്കും, അര മണിക്കൂറും ലാഭം. പണ്ട്‌ കുമളി വഴി പോയിരുന്നത്‌ തിരിച്ചുള്ള ടിക്കറ്റ്‌ അവിടത്തെ എസ്‌.ഇ.ടി.സി. കൗണ്ടറില്‍ ബുക്ക്‌ ചെയ്യാനായിരുന്നു. എസ്‌.ഇ.ടി.സി. യിലെ യാത്ര നിന്നിട്ടും കുമളിവഴി വരുന്ന പതിവാണ്‌ വിനോദിന്റെ ശുപാര്‍ശയിന്മേല്‍ ഇല്ലാതായത്‌. ഇത്തവണ അല്‍പം കൂടി കടന്ന കൈ പ്രയോഗിക്കാന്‍ തീരുമാനിച്ചു. റൂട്ടിലൊരു ചെറിയ മാറ്റം! അക്കഥ പിന്നാലെ.

1 comment:

  1. hmmm.......sadharana yathra vivaranam pole...ozhukkund...

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'