Tuesday, June 28, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 4

കുളിയും ചായയും കഴിഞ്ഞപ്പോഴേ ഫുള്‍ റീചാര്‍ജ്ജ്‌ ആയി. അകമ്പടിക്ക്‌ ഏത്തപ്പഴം പുഴുങ്ങിയതു കിട്ടി. ഈ ഏത്തപ്പഴം പുഴുങ്ങീത്‌ എന്റെ ഒരു ദൗര്‍ബ്ബല്യമാണ്‌. പ്രത്യേകിച്ചും വീട്ടില്‍ത്തന്നെ വിളയിച്ച കായാണെങ്കില്‍. അതിങ്ങനെ ആവി പറക്കുന്ന പരുവത്തില്‍ സ്‌പൂണ്‍ കൊണ്ട്‌ മുറിച്ച്‌ അണ്ണാക്കില്‍ ഒട്ടിപ്പിടിക്കുമോ എന്നു ഭയന്ന്‌ അക്ഷമനായി ആറാന്‍ കാത്തിരുന്ന്‌ അങ്ങനെ തിന്നണം. രണ്ട്‌ പഴം ശാപ്പിട്ടു. അടുക്കളയിലൊരു റൗണ്ട്‌സ്‌ പോയി. കപ്പ പൊളിച്ചു വെച്ചിരിക്കുന്നു! "അയ്യോ ഇനി കപ്പ ഉണ്ടാക്കുന്നുണ്ടോ? എന്നാപ്പിന്നെ ഞാന്‍ പഴം കഴിക്കില്ലായിരുന്നല്ലോ?" ഞാന്‍ വിഷണ്ണനായി.

"കറിയൊക്കെ ആകുമ്പോളേക്കും നേരം പിടിക്കും അതുവരെ നിക്കാനാ പഴം" അമ്മയുടെ മറുപടി. പിന്നെ പത്രം വായനയും ടി.വി. കാണലുമൊക്കെയായി അല്‍പനേരമിരുന്നു. ഇറച്ചി വേവുന്നതറിയിച്ച്‌ പ്രെഷര്‍ കുക്കറിന്റെ വിസിലുകള്‍ ഉയര്‍ന്നു കേട്ടു. എന്റെ പണി തുടങ്ങാറായെന്നു മനസ്സിലാക്കി പതുക്കെ ലുങ്കിയും മടക്കിക്കുത്തി അടുക്കളയില്‍ കടന്നു. ആദ്യം ചീനച്ചട്ടി എടുത്തു, പിന്നെ വെളുത്തുള്ളി, സവാള, കരിയാപ്പില, എണ്ണ, കടുക്‌, പെരുംജീരകം, പച്ചമുളക്‌... ഒക്കെ ലഭ്യമാണെന്നുറപ്പു വരുത്തി. വെളുത്തുള്ളി നാലല്ലി ചതച്ചെടുത്തത്‌, മുളക്‌ നെടുകെ പിളര്‍ന്നതു രണ്ടുമൂന്നെണ്ണം, അരടീസ്പൂണ്‍ പെരുംജീരകം, കരിയാപ്പില, സവാള 'കീറികീറി'യതിന്റെ മുക്കാല്‍ ഭാഗം(ബാക്കി വിളമ്പുമ്പം മോളീക്കൂടി വിതറാന്‍) - ഇവ ചീനച്ചട്ടിയില്‍ കടുകുവറുത്ത എണ്ണയിലിട്ട്‌ ഒന്നു മൂപ്പിച്ചു. ഇവയെല്ലാം ഇനി ഇടപെട്ടില്ലെങ്കില്‍ അയ്യോപാവേ പരുവം ആകും എന്ന ഘട്ടത്തില്‍ മസാല പുരണ്ട ഇറച്ചിക്കറി ന്യായത്തിനു ചാറു സഹിതം ചീനച്ചട്ടിയിലേക്കു പകര്‍ന്നു( അളവ്‌ ഒരു ഇരുനൂറ്റന്‍പതുഗ്രാം കണ്ടേക്കും). നിലവിലുണ്ടായിരുന്ന വറവലുമായി മീഡിയം തീയില്‍ നന്നായി ഇളക്കിച്ചേര്‍ത്തു വറ്റിച്ചു. എന്നിട്ട്‌ കുരുമുളകുപൊടി വിതറി കരിഞ്ഞു പിടിക്കാതെ ഇളംതവിട്ടു നിറമാകുന്നതു വരെ തുടര്‍ച്ചയായി ഇളക്കി. തീ കെടുത്തി ചീനച്ചട്ടിയുടെ വക്കില്‍ തവി രണ്ട്‌ കൊട്ടുകൊട്ടി പറ്റിപ്പിടിച്ചിരുന്ന മസാല ചട്ടിയിലേക്കു വീഴ്‌ത്തി. 'ഫ്രൈ റെഡ്യേയ്‌..' എന്നു വിളിച്ചു പറഞ്ഞുകൊണ്ട്‌ തിരിയുമ്പോള്‍ മറുഭാഗത്തു കപ്പ കുഴച്ച കലത്തില്‍ നിന്നുള്ള നവ്യസുഗന്ധം എന്നെത്തേടിയെത്തി.

നിര്‍ഭാഗ്യം, വിശപ്പിന്റെ അഭാവം കാരണം വിളമ്പിയ കപ്പയില്‍ പാതി തിരിച്ചെടുപ്പിച്ചു. ഈ സെഷന്‍ കൂടി കഴിഞ്ഞപ്പോള്‍ വയറു ഫുള്ളായി. പിന്നെ പുറത്തിറങ്ങി പറമ്പില്‍ക്കൂടി രണ്ടു റൗണ്ട്‌സ്‌ അടിച്ചപ്പോഴേക്കും നേരം പതിനൊന്ന്‌.

"ഞാന്‍ കഞ്ഞിക്കുഴിക്കു പോവാ!" തിരികെ വന്നൊരു പ്രഖ്യാപനം നടത്തി.

"എന്നിട്ടെപ്പോ വരും?"

"വൈകുന്നേരം തന്നെ ഇങ്ങെത്തും."

ഇളയച്ഛനും കുടുംബവുമാണ്‌ കഞ്ഞിക്കുഴിയില്‍. യെസ്‌, നമ്മടെ വാവയുടെ ഫാമിലി. ഷര്‍ട്ട്‌ തേച്ചുകൊണ്ടു നിന്നപ്പോള്‍ എനിക്കൊരു വിളി വന്നു, കഞ്ഞിക്കുഴീന്നു തന്നെ. "എന്താ വന്നിട്ടു പ്രോഗ്രാം? ഇങ്ങോട്ടെങ്ങാനും ഇറങ്ങുന്നുണ്ടോ?"

"ഞാന്‍ അങ്ങോട്ടു വരാനായിട്ട്‌ ഷര്‍ട്ടു തേച്ചോണ്ടു നിക്കുവാ!" എന്നു കേട്ടപ്പോള്‍ അങ്ങേത്തലയ്‌ക്കല്‍ അത്ഭുതം നിറഞ്ഞു.

പന്ത്രണ്ടിനു മുന്നേ ഇറങ്ങി. ഭാഗ്യത്തിനു 'സിറ്റി'യില്‍ ചെന്നപ്പോള്‍ റിട്ടേണ്‍ ഓട്ടോ കിട്ടി. എന്തുനൊണ്ടോ അയാള്‍ അഞ്ചു രൂപയേ എടുത്തുള്ളൂ. ആറാണു നിരക്ക്‌. ബസ്‌സ്റ്റാന്‍ഡില്‍ ചെന്നപ്പോഴേക്കും ഒരു എറണാകുളം ലിമിറ്റഡ്‌ സ്റ്റോപ്‌ കെ.എസ്‌.ആര്‍.ടി.സി. വന്നു. ആളൊന്നും കയറുന്നില്ല. അപ്പുറത്തു പോയി നോക്കി. അടിമാലിക്കുള്ള ഒരു ബസ്സു കിടപ്പുണ്ട്‌. പക്ഷേ സീറ്റില്ല. അതില്‍ കേറുന്നില്ലെന്നു വെച്ചു. പന്ത്രണ്ടരയ്ക്കാണ്‌ ആനവണ്ടി പോകുന്നത്‌. പത്തിരുപതു മിനിറ്റ്‌ സമയം കൂടിയുണ്ട്‌. ഹൈറേഞ്ചിലൊക്കെ ഒരു ബസ്‌സ്റ്റാന്‍ഡ്‌ തന്നെ ആനവണ്ടികളും പ്രൈവറ്റ്‌ വണ്ടികളും പങ്കിടും കേട്ടോ.

ബസില്‍ കയറാന്‍ നേരം മഴ ചാറി. മുന്നിലത്തെ വാതിലിലൂടെ അകത്തു കടന്നു. കയറുന്ന വഴിക്ക്‌ ആദ്യത്തെ നിരയില്‍ ഒരു പരിചിത മുഖം കണ്ടു. രജനി മാഡം! ഏറെയേറെ നാളായി കണ്ടിട്ട്‌. വളരെ ആകസ്‌മികമായ ഒരു കണ്ടുമുട്ടല്‍. അടുത്തുപോയി നിന്നു സംസാരിച്ചു വിശേഷങ്ങള്‍ പങ്കുവെച്ചു. വര്‍ഷം എട്ടായി, ഇപ്പോഴും കോണ്‍സ്റ്റബിള്‍ തന്നെ. അവരുടെ ബാച്ചിന്റെ പ്രൊമോഷനില്‍ എന്തോ തിരിമറി വന്നിട്ട്‌ കേസൊക്കെ കൊടുത്ത്‌ കാത്തിരിപ്പാണ്‌. പുള്ളിക്കാരി എസ്‌.പി. ഓഫീസില്‍ പോകുന്നവഴിക്കാണ്‌; ഓണ്‍ ഡ്യൂട്ടി. ഞാന്‍ പിന്നില്‍ പോയിരുന്നു. ചേലച്ചുവടിനു ടിക്കറ്റെടുത്തു.

പോകുന്നവഴിക്ക്‌ കാഴ്ചകള്‍ കണ്ടിരുന്നു. പ്രത്യേകിച്ചു മാറ്റമൊന്നുമില്ല സ്ഥലങ്ങള്‍ക്കൊന്നും. കാല്‍വരി മൗണ്ട്‌. മനോഹരമായ സ്ഥലം. ഇടുക്കിയിലേക്കു പോകുന്ന ദിശയില്‍ വലതു ഭാഗത്ത്‌ അടുക്കടുക്കായി കാണുന്ന മലനിരകള്‍. മഞ്ഞോ ഭൂമിയുടെ മാറിന്റെ ചൂടേറ്റ മഴവെള്ളത്തിന്റെ ആവിയോ വെള്ളപ്പുകപോലെ പൊങ്ങുന്നു. അതിനിടയിലൂടെ കരിനീല നിഴലുകളായി അപ്പുറത്തെ മലനിരകള്‍ വീണ്ടും തെളിയുന്നു. അടുത്ത നിര അല്‍പം കൂടി ഇരുണ്ട്‌.. അങ്ങനെയങ്ങനെ ചക്രവാളത്തില്‍ ലയിക്കുന്നു. ഇടതുവശം കുത്തനെയുള്ള കുന്ന്‌. ആ കുന്നിന്റെ നിറുകയില്‍ ഒന്നൊന്നര കി.മീ. കയറ്റം കയറി എത്തിയാല്‍ ഇടുക്കി ഡാം റിസര്‍വ്വോയറിന്റെയും സമീപത്തെ നിബിഢവനത്തിന്റെയും ഒരാകാശക്കാഴ്‌ച കിട്ടും. താഴെ നിന്നും മാലിന്യം തീണ്ടാത്ത ശുദ്ധമായ കുളിരുള്ള കാറ്റ്‌. ദൂരെ വനത്തില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്ന കിളികളുടെ ചിലപ്പും പിന്നെ അസ്‌പഷ്‌ടമായ ചില വന്യശബ്‌ദങ്ങളും കാറ്റിന്റെ നിര്‍ത്താതുള്ള ചൂളംവിളിയും മലയുടെ ഉച്ചിയിലെ ആ നില്‍പ്പിനെ ഒരു വിശേഷാനുഭവമാക്കി മാറ്റും. ഇടുക്കി ഡാമിന്റെ ഓരത്തെ ഹെയര്‍പിന്‍ വളവു താണ്ടിയപ്പോള്‍ ആ ഭീമന്‍ നിര്‍മ്മിതിയെ സാകൂതം നോക്കി. എത്ര തവണ കണ്ടാലും ആദ്യം കാണുന്ന അതേ കൗതുകമാണ്‌ ആര്‍ച്ച്‌ ഡാം കാണുമ്പോള്‍. താഴെ ഇടുക്കി എന്ന ചെറിയ കവല താണ്ടി ബസ്‌ നീങ്ങിയപ്പോള്‍ പിന്നെയും തിരിഞ്ഞുനോക്കി.

ഓണത്തിനും ക്രിസ്‌ത്‌മസ്സ്‌-ന്യൂ ഇയറിനും ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാറുണ്ട്‌. പൈനാവ്‌ ജില്ലാ ആശുപത്രിയുടെ സമീപത്തു കൂടിയുള്ള വഴിയേ ചെറുതോണി ഡാമിനു മുകളില്‍ പ്രവേശിച്ച്‌ ഇപ്പുറത്തെത്താം. മലയിലെ പാറ വെട്ടിയുണ്ടാക്കിയ റോഡിലൂടെ വരുമ്പോള്‍ ഇടതുവശത്ത്‌ ഇടുക്കി, ചെറുതോണി എന്നീ ടൗണുകളും പിന്നെ അടുക്കടുക്കായിനില്‍ക്കുന്ന മലനിരകളും കാണം. ഒരല്‍പം സാഹസം കാട്ടാന്‍ സന്നദ്ധരായവര്‍ക്ക്‌ മലയിലൂടെ വലിഞ്ഞു കയറി 'വൈശാലി ഗുഹ'(വൈശാലി സിനിമയില്‍ കാണിക്കുന്ന ഗുഹ ആയതിനാലാണ്‌ ആ പേര്‌)യിലൂടെ അപ്പുറത്തേത്തു ഡാമിന്റെ ഉള്‍ഭിത്തിയുടെ ഭാഗം കാണാം (ഇവിടെ ചെല്ലുന്നത്‌ വല്ലാതെ അപകടം പിടിച്ച പണിയാണ്‌, കൃത്യമായ വഴിയൊന്നുമില്ല, ഉള്ള വഴിയില്‍ വഴുക്കലും വീഴ്ചയും സാധാരണം, ജലാശയത്തിന്റെ വക്കില്‍ പോകുന്നത്‌ അത്യന്തം അപകടകരം). ആര്‍ച്ച്‌ ഡാമിന്റെ മുകളില്‍ നിന്നാല്‍ ഇരുവശവും ഭീതി നിറഞ്ഞ കൗതുകക്കാഴ്‌ചകളാണു സമ്മാനിക്കുക. ഡാമിന്റെ വളവ്‌ പതിറ്റാണ്ടുകള്‍ മുന്‍പുള്ള എഞ്ജിനീയറിംഗ്‌ മികവുകൊണ്ട്‌ നമ്മെ അത്ഭുതപ്പെടുത്തുന്നു. ചെമ്പന്‍ കൊലുമ്പന്‍ എന്ന ആദിവാസി നിമിത്തമായ ഈ വന്‍ നിര്‍മ്മിതിയാണ്‌ കേരളത്തിന്റെ ഒരു സുപ്രധാന ഊര്‍ജ്ജ സ്രോതസ്സ്‌. ഇതിന്റെ നിര്‍മ്മാണ കാലത്ത്‌ നാട്ടില്‍ ഒരു പാട്‌ കഥകള്‍ പരന്നിരുന്നു. സിമന്റ്‌ കൊണ്ടുപോകുന്ന ഭീമന്‍ ട്രക്കുകള്‍ക്കുള്ളില്‍ ( മാക്ക്‌ എന്നാണ്‌ അതിനു പറഞ്ഞിരുന്നത്‌) സ്‌കൂള്‍ കുട്ടികളെ പിടിച്ചിട്ടു കൊണ്ടുപോകുമെന്നും ഡാമിന്റെ ബലത്തിനു തൊഴിലാളികളെ ബലികൊടുത്ത്‌ ചോരവീഴ്‌ത്തിയെന്നും മറ്റും. അവിടം സന്ദര്‍ശിക്കുകയാണെങ്കില്‍ ഡാം ടോപ്പില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരോട്‌ ചങ്ങാത്തം കൂടുക, ഒരുപാട്‌ കൗതുകവാര്‍ത്തകള്‍ കേള്‍ക്കാം!

ആര്‍ച്ച്‌ ഡാം കടന്നു കഴിഞ്ഞാല്‍ ഇടുക്കി ടൗണിനു ഇപ്പുറം, ഞാന്‍ മുന്‍പ്‌ സൂചിപ്പിച്ച ഹെയര്‍ പിന്‍ വളവിനും മുന്‍പാണ്‌ എത്തുക - ഡാം ടോപ്‌ എന്നണു സ്റ്റോപ്പിന്റെ പേര്‌. കട്ടപ്പനയ്‌ക്കുള്ള റൂട്ടില്‍ ഒന്നു രണ്ട്‌ സ്റ്റോപ്പ്‌ കൂടി നീങ്ങിയാല്‍ മെയിന്‍ റോഡിനു താഴേക്ക്‌ കുന്നിറങ്ങിപ്പോകുന്ന ഒരു റോഡുണ്ട്‌. അതു ചെന്നവസാനിക്കുന്നത്‌ ഒരു തോടിന്റെ അരികിലാണ്‌. ആ തോട്‌ അവിടെ വെച്ച്‌ ഒരു തുരങ്കമായി മാറുന്നു. ഏഴെട്ട്‌ അടി മാത്രമാണ്‌ തുരങ്കത്തിന്റെ പൊക്കം. ഒരുകിലോമീറ്ററിലധികം നീളമുണ്ട്‌. വെള്ളം മുട്ടൊപ്പമൊക്കെയേ കാണൂ. ആ മലയുടെ വയറു തുരന്ന ആ തുരങ്കത്തിലൂടെ നടന്നാല്‍ അക്കരെ വനത്തിലെത്താം. പിന്നെയും അല്‍പം കുന്നിറങ്ങിയാല്‍ ജലനിരപ്പിലും! മൂന്നു തവണ ഞാന്‍ പോയിട്ടുണ്ട്‌ ആ തുരങ്കത്തിലൂടെ! കൂര്‍ത്തു മൂര്‍ത്ത പാറയായതിനാല്‍ നടപ്പ്‌ ദുഷ്‌കരമാണ്‌. ടോര്‍ച്ച്‌ / പന്തം കൂടിയേ തീരൂ. പാമ്പും കാണാന്‍ സാധ്യത ഉണ്ട്‌. വവ്വാലുകള്‍ മുഖത്തു തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പറക്കും തുരങ്കത്തില്‍. അവയെ അകറ്റാന്‍ ഉച്ചത്തില്‍ കൂവിയാര്‍ത്താണു പോവുക. അക്കരെ ചെന്നാല്‍ സമയം നല്ലതാണെങ്കില്‍ സൊയമ്പന്‍ നെല്ലിക്കായ്‌കള്‍ കിട്ടും. ഡയറക്റ്റ്‌ ഫ്രം നേച്ചര്‍!

പിന്നെ കാല്‍വരി മൗണ്ട്‌. അന്യ ജില്ലകളില്‍ നിന്നു ഡാം സന്ദര്‍ശിക്കന്‍ വരുന്നവര്‍ ഈ സ്ഥലം കാണാന്‍ മെനക്കെടാറില്ല. കൊടിയ നഷ്‌ടം എന്നു മാത്രം പറഞ്ഞു കൊണ്ട്‌ തുടരട്ടെ.

ചെറുതോണിയില്‍ രജനി മാഡം ഇറങ്ങും. എന്നെ വിളിച്ചു, എന്നിട്ട്‌ അവിടിറങ്ങുവാണെങ്കില്‍ ഊണു സ്പോണ്‍സര്‍ ചെയ്യാമെന്നു പറഞ്ഞു. താല്‍പര്യമുണ്ടായിരുന്നെങ്കിലും പോകേണ്ടതുള്ളതിനാല്‍ മാത്രം നിരസിച്ചു. ചേലച്ചുവടു നിന്നും കഞ്ഞിക്കുഴിക്കുള്ള ബസ്‌ മാറിക്കയറി. ആലപ്പുഴ ജില്ലയിലും കഞ്ഞിക്കുഴി എന്നൊരു പഞ്ചായത്ത്‌ ഉള്ളതിനാല്‍ സര്‍ക്കാര്‍ രേഖകളില്‍ ഈ സ്ഥലത്തിനെ ഇടുക്കി-കഞ്ഞിക്കുഴി എന്നാണു പൊതുവേ പരാമര്‍ശിച്ചു കണ്ടിരിക്കുന്നത്‌. കോട്ടയം ടൗണിലും കഞ്ഞിക്കുഴി എന്നൊരു സ്ഥലമുള്ളതു മറക്കുന്നില്ല. ക്ലാസ്‌മേറ്റ്‌സ്‌ സിനിമയിലെ സതീശന്‍ കഞ്ഞിക്കുഴി അവിടത്തുകാരനാവാനാണു സാധ്യത. ആള്‍ കോങ്ക്രസ്സുകാരനും ആണല്ലോ.

ഞാന്‍ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. ടൗണിനാകെ ഒരു മൗനം പോലെ! കഴിഞ്ഞയിടെ അവിടൊരു സംഭവം നടന്നു. പഞ്ചായത്തില്‍ നിന്ന് കശുമാവിന്‍ തൈ വിതരണം നടക്കുന്നു. എന്തിനെച്ചൊല്ലിയോ ബഹളം ഉണ്ടായി. ബഹളം ശമിപ്പിക്കാന്‍ വന്ന പൊലീസിനെ നാട്ടുകാരില്‍ ചിലര്‍ കൈകാര്യം ചെയ്‌തു. ഇക്കൂട്ടത്തില്‍പ്പെട്ട ഒരാളുടെ സഹോദരനെ പൊലീസ്‌ പൊക്കി. മൂപ്പീന്നിനെ ശരിക്കു പൂശിയെന്നാണു ജനസംസാരം. ഇങ്ങേര്‌ ഒരു വ്യാപാരി ആയിരുന്നു. ഞാന്‍ ചെന്ന അന്ന് കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിച്ചു പൂശുക എന്ന പൊലീസ്‌ നടപടിയില്‍ പ്രതിഷേധിച്ച്‌ അവിടെ ഹര്‍ത്താല്‍ ആയിരുന്നു. ഭാഗ്യത്തിനു ബസ്സും ഏതാനും ഓട്ടോകളും ഓടുന്നുണ്ടായിരുന്നു.

ജൂണ്‍ പത്ത്‌ വാവയുടെ ജന്മദിനം ആയിരുന്നു. അവന്‌ പതിനഞ്ചു വയസ്സു പൂര്‍ത്തിയായി എന്നു വിശ്വസിക്കാന്‍ അല്‍പം പ്രയാസം ഉള്ളതു പോലെ. സ്വരം കനത്തു, മൂക്കിനു കീഴെ രോമം പൊടിച്ചു, ഇനി വാവ എന്ന വിളിപ്പേരുമാറില്ല. ഞാന്‍ ചെന്നയന്നായിരുന്നു പായസം വെയ്ക്കല്‍. പായസം കുടിച്ചു, ചോറുണ്ടു. ഋതു സിനിമയുടെ ആദ്യഭാഗം കുറെ കണ്ടു. നാലരയോടെ മുത്തിനെയും വാവയെയും കൂട്ടി ഞാന്‍ കട്ടപ്പനയ്‌ക്കു തിരിച്ചു. ഏഴുമണിയോടെ തിരികെ വീട്ടിലെത്തി. ഒരു പത്തു പതിനഞ്ച്‌ വയസ്സ്‌ കുറഞ്ഞപോലെ തോന്നി. എന്താ? വീട്ടില്‍ വന്നിട്ട്‌ വാവയുമായി ഗുസ്‌തി തന്നെ ഗുസ്‌തി!

No comments: