Saturday, June 25, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 3

കരുണാപുരം എത്തുന്നതിനു മുന്നേ തന്നെ മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തിട്ട്‌ സിം മാറ്റി കേരളാ സിം എടുത്തിട്ടു. ബി.എസ്‌.എന്‍.എല്‍. ലാന്‍ഡ്‌ഫോണിന്റെ വകയില്‍ ഫ്രീ കിട്ടിയ സെല്‍വണ്‍. ബസ്‌ കാത്തു നിന്നപ്പോള്‍ ഭാര്യാജിയെ വിളിച്ചു. അങ്ങനെ നിക്കുമ്പോളാണ്‌ നീലപ്പെയിന്റടിച്ച നമ്മുടെ സെന്റ്‌. ജോസഫ്‌ ബസ്‌ വന്നത്‌. അങ്ങു കയറിക്കഴിഞ്ഞപ്പോളാണ്‌ അക്കിടി മനസ്സിലായത്‌. തോട്ടം മേഖലയിലൂടെ പോകുന്ന ഒരു ബസ്സില്‍ അതിരാവിലെ ഇടയ്‌ക്കത്തെ ഒരു സ്റ്റോപ്പില്‍ നിന്നും കയറിയാല്‍ സീറ്റു കിട്ടില്ല എന്ന സംഗതി. ബാഗ്‌ എടുത്തു തട്ടിന്‍പുറത്തു വെച്ചിട്ട്‌ വെടിപ്പായി നിന്നു. ഒരു നാല്‍പതാളുകളെങ്കിലുമുണ്ട്‌ നിന്നു യാത്ര ചെയ്യാന്‍. പുറത്തു മഴ ചാറുന്നു. എല്ലാവരും ഷട്ടറിട്ടു. രണ്ടു വാതിലുകളുടെയും ഭാഗത്തു കൂടി കടക്കുന്ന വെളിച്ചം മാത്രം ഉള്ളില്‍. ലൈറ്റ്‌ കത്തുന്നില്ലത്രേ. മുന്നിലാണെങ്കില്‍ കിളിയുമില്ല. ബെല്ലടിയുള്‍പ്പടെ കണ്ടക്‌ടറാണു കൈകാര്യം ചെയ്യുന്നത്‌. പിന്നെ ഏതോ യാത്രക്കാരന്‍ ആ പണി സ്വമേധയാ ഏറ്റെടുത്തു (കോളേജില്‍ പഠിക്കുന്ന കാലത്തൊക്കെ പിന്‍വാതിലിലെ കിളിപ്പണി ഞാനും ചെയ്‌തിട്ടുണ്ട്‌). ബാലഗ്രാം-കട്ടപ്പന ഒന്‍പതു രൂപ. ഇതിനിടെ കണ്ടക്‍ടര്‍ കയ്യിലടുക്കിപ്പിടിച്ചിരുന്ന നോട്ടുകള്‍ താഴെ വീണു. യാത്രക്കാര്‍ മൊബൈല്‍ ടോര്‍ച്ച്‌ തെളിച്ച്‌ അതെടുക്കാന്‍ അങ്ങരെ സഹായിച്ചു.

സന്യാസിയോട എന്ന സ്ഥലത്തു ചെന്നപ്പോള്‍ സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്തു നിന്നൊരു ബഹളം. ആരോ അലറുന്നോ, കരയുന്നോ.. ആകെ ബഹളം. ബസ്‌ ഓരം ചേര്‍ത്തു നിര്‍ത്തി. എന്താ കാര്യമെന്നു വെച്ചാല്‍ ഒരു സ്ത്രീ ഛര്‍ദ്ദിച്ചതാണ്‌. അതാരുടെയൊക്കെയോ ദേഹത്തു വീണത്രേ. പിന്നാലെ അവര്‍ കുഴഞ്ഞു വീഴുകയും ചെയ്‌തു. അവരെ കുറെ ചേച്ചിമാര്‍ കൂടി താങ്ങിയെഴുന്നേല്‍പ്പിച്ചു. ആരോ വെള്ളം നല്‍കി. ഇതിനിടെ 'ബസ്‌ തിരിച്ച്‌ ആശുപത്രീലോട്ടു വിട്‌' എന്നാരോ പറഞ്ഞു. "ഉവ്വ, നല്ല കളിയായി!" അസാധ്യമായ ഒരു കാര്യം കേട്ടപോലെ ആരുടെയോ പ്രതികരണം. രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് ആ ചേച്ചിയെ ബസ്സില്‍ നിന്നിറക്കി. വഴിയരികിലെ വീട്ടുകാര്‍ വരാന്തയില്‍ ഒരു കസേര കൊണ്ടുവന്നിട്ടു. അവരെ അതില്‍ ഇരുത്തി. ഒരു ചേട്ടന്‍ ഫോണില്‍ ഓട്ടോ വിളിച്ചു. ഒന്നുരണ്ടുപേര്‍ ആ സ്ത്രീയുടെ ഒപ്പം നിന്നു. മറ്റുയാത്രക്കാരുമായി വണ്ടി മുന്നോട്ടു നീങ്ങി. അപ്പോള്‍ വീണ്ടും അവര്‍ അവിടെ നിന്നു ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നു. "ഇല്ലാത്ത അസുഖങ്ങളൊന്നും കാണില്ലെന്നേ. പ്രഷറും ഷുഗറും കൊളസ്‌ട്രോളും.." ചില നാടന്‍ ആത്മഗതങ്ങള്‍ ഉയര്‍ന്നു കേട്ടു.

പുളിയന്മലയിലേക്കുള്ള വളഞ്ഞു പുളഞ്ഞ കയറ്റം. മാമ്മൂട്‌ എന്ന സ്റ്റോപ്പ്‌ (ചങ്ങനാശേരിക്കടുത്ത്‌ മാമ്മൂട്‌ എന്നു പേരുള്ള മറ്റൊരു സ്ഥലമുണ്ട്‌) കഴിഞ്ഞ്‌ കുത്തനെയുള്ള കയറ്റത്തില്‍ ഫസ്റ്റ്‌ഗിയറിട്ടു വണ്ടി ഇഴഞ്ഞു കയറി. ടൈമിംഗ്‌ ഒന്നു തെറ്റിയാല്‍ പിന്നാക്കം പോയി ഒന്നേന്നു തുടങ്ങേണ്ടിവരും ഈ കയറ്റം കയറിക്കിട്ടാന്‍. മഴ നിന്നു. കുറെക്കൂടി കഴിഞ്ഞ്‌, 'ട' തിരിച്ചിട്ട മാതിരി ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും ഹെയര്‍പിന്‍ വളവുള്ള ഒരു കയറ്റമുണ്ട്‌. ഏന്തിവലിഞ്ഞ്‌ രണ്ടാമത്തെ വളവു തിരിഞ്ഞു കയറുമ്പോള്‍ ദാ മുന്നിലൊരു ഒമ്‌നി. അവനവിടെ നിന്നു പോയി; വളവുമുക്കാലും തിരിഞ്ഞ്‌ കയറ്റപ്പുറത്ത്‌ ബസും നിര്‍ത്തേണ്ടിവന്നു. തെറി ഇപ്പോ വീഴുമെന്നു ഞാന്‍ ഓര്‍ത്തു. ഭാഗ്യം ഒന്നും ഉണ്ടായില്ല. ഒമ്‌നിയുടെ ഡ്രൈവറെ ബസുകാരന്‍ ചോദ്യരൂപത്തില്‍ കൈ മലര്‍ത്തി "എന്നതാടാ ഉവ്വേ?" എന്നെങ്കിലും ചോദിച്ചു കാണണം. ഒമ്‌നി റിവേഴ്‌സെടുത്ത്‌ റോഡിനു പുറത്തേക്കിറക്കി നിര്‍ത്തി. ബസ്സു നിന്ന നില്‍പ്പില്‍ ഫസ്റ്റിട്ട്‌ അല്‍പം ആയാസപ്പെട്ടാണെങ്കിലും കയറിപ്പോയി. താഴേന്നൊരു വണ്ടിവരുമെന്നു പ്രതീക്ഷിക്കാതെ വന്നതാവണം ഒമ്‌നിക്കാരന്‍, എന്തായാലും ദുഷ്‌കരമായ ഡ്രൈവിങ്ങ്‌ സാഹചര്യങ്ങളില്‍ ഉണ്ടാവേണ്ട ഒരു പരസ്‌പരധാരണ അവിടെ ലംഘിക്കപ്പെട്ടു.

ബസ്‌ പുളിയന്മലയിലെത്തി. നാലു പ്രധാന റോഡുകള്‍ സംഗമിക്കുന്ന സ്ഥലം. കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലേക്ക്‌ പടിഞ്ഞാറ്‌ കട്ടപ്പനയില്‍ ഇന്നു വരുന്ന റോഡും കിഴക്ക്‌ തൂക്കുപാലം ഭാഗത്തു നിന്നും വരുന്ന റോഡും(ഞാന്‍ വന്ന വഴി) സംഗമിക്കുന്നു. ആ ദിശയില്‍ വരുമ്പോള്‍ വലത്തേക്കു വട്ടം തിരിഞ്ഞാല്‍, ഞാന്‍ വന്ന വഴിക്കു സമാന്തരമായി കുമളി-മൂന്നാര്‍ റോഡ്‌ പമ്പാടുംപാറ-നെടുംകണ്ടം റൂട്ടില്‍ നീളുന്നു. നേരെ മുന്നിലേക്ക്‌ കുമളി. റോഡ്‌ കട്ട്‌ ചെയ്‌തു കയറിയാല്‍ കട്ടപ്പനയ്‌ക്ക്‌. സീറ്റ്‌ അപ്പോഴും കിട്ടിയില്ല. നില്‍ക്കാന്‍ തീരെ ബുദ്ധിമുട്ട്‌ തോന്നിയുമില്ല.

പുളിയന്മലയില്‍ നിന്നു കട്ടപ്പനയ്‌ക്ക്‌ ആറു കി.മീ. ആണു ദൂരം. ഹില്‍ടോപ്പും താണ്ടി ഹെയര്‍പിന്‍ വളവുകള്‍ ഒന്നൊന്നായി പിന്നിട്ട്‌ ബസ്‌ മലയിറങ്ങുന്നു. പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ക്കേ ഇവ ഒറ്റയടിക്കു വളച്ചെടുക്കാനാവൂ. രണ്ടു വളവുകളില്‍ വെച്ച്‌ കട്ടപ്പന പട്ടണത്തിന്റെ വിദൂരദൃശ്യം ഒരാകാശക്കാഴ്‌ചയിലെന്നപോലെ ലഭിക്കും. 'എത്തിപ്പോയെടാ' എന്നു മനസ്സുപറയും. പച്ചച്ചു മെഴുത്ത ഏലച്ചെടികളെ തഴുകിവരുന്ന മഴ നനഞ്ഞ മഞ്ഞ്‌ ദേഹവും മനസ്സും ഒരു പോലെ കുളിര്‍പ്പിച്ചു. എന്റെ നാട്‌. അവിടത്തെ ആ കാറ്റ്‌! കമ്പംമെട്ട്‌ മുതല്‍ ഇങ്ങുവരെയുള്ള യാത്ര ഒരു ജലദോഷച്ചുവ തന്നെങ്കിലും ഞാന്‍ ആ തണുപ്പാസ്വദിച്ചു. ആ ശ്വാസം ആഞ്ഞു നുകര്‍ന്നു. പാറക്കടവ്‌ സ്റ്റോപ്പില്‍ ബസിന്റെ മലയിറക്കം തീര്‍ന്നു. വീടെത്താനുള്ള എന്റെ വെമ്പലറിഞ്ഞതുപോലെ താഴ്‌വരയിലൂടെ ബസ്‌ ശീഘ്രം പാഞ്ഞു. പാലം ബസ്‌ സ്റ്റോപ്പില്‍ വണ്ടി നിന്നു. അവിടെ നിന്നു വലത്തേക്കു തിരിയുന്ന വഴി സാഗരാ തീയേറ്ററിനു മുന്നിലൂടെ എസ്‌.എന്‍.കവലയും താണ്ടി എന്റെ ഗ്രാമത്തിലേക്കു നീളുന്നു. തൊട്ടടുത്ത ഇടശ്ശേരി ബാറിനു സമീപം ഞങ്ങളുടെ ഭാഗത്തേക്കുള്ള ഓട്ടോ സ്റ്റാന്‍ഡ്‌. അടുത്ത സ്റ്റോപ്പായ അശോകാ ജംക്‌ഷനില്‍ ഇറങ്ങാമെന്നു ഞാന്‍ കരുതി. ചന്തയില്‍ പോകണം, നോണ്‍ ഐറ്റം എന്തെങ്കിലും വാങ്ങണം. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ ബസ്‌ ഇടത്തേക്കു തിരിഞ്ഞു. അതെ! പുതിയ ബസ്‌ സ്റ്റാന്‍ഡിലേക്ക്‌! ഇതു പ്രവര്‍ത്തനം തുടങ്ങിയോ? കൊള്ളാല്ലോ! അവിടെ സ്റ്റാന്‍ഡ്‌മാഷ്‌ ബെന്നി കളപ്പുരയ്‌ക്കലിന്റെ പരിചിതശബ്‌ദം മുഴങ്ങുന്നു. കട്ടപ്പന സ്റ്റാന്‍ഡിന്റെ ജിഹ്വ! നേരം ഏഴ്‌ ഇരുപത്‌. മുക്കാല്‍ പണിക്കൂര്‍ നേരത്തെ കമ്പത്തെത്തിയ ഞാന്‍ കട്ടപ്പനയിലെത്തിയപ്പോള്‍ മുന്നേറ്റം ഇരുപതുമിനിറ്റായി ചുരുങ്ങി.

ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു തിരികെ നടന്നു ഇടശ്ശേരി ജംക്‌ഷനിലെത്തി. സ്റ്റാന്‍ഡില്‍ ഓട്ടോ ഒന്നും ഇല്ല ഇത്ര രാവിലെ. സുഹൃത്തായ മിഥുന്‍ കൃഷ്ണനെ വിളിച്ചു. വെറുതെ നാട്ടിലെത്തിയ ഒരു സന്തോഷം പങ്കിടാന്‍. ആശാന്‍ രാവിലെ സവാള വാങ്ങാന്‍ കടയില്‍ പോയതാണ്‌. കാള്‍ പുരോഗമിക്കവേ ഇറച്ചിക്കടയിലേക്കു നടന്നു. "ഒന്നരക്കിലോ, നെയ്യില്ലാതെ!" എന്തോ, ഭാഗ്യവശാല്‍ ഞാന്‍ എന്നു ചെന്നാലും നല്ല ഇറച്ചി തന്നെ കിട്ടും. മിക്കവാറും ഒറ്റപ്പീസ്‌. ഇരുനൂറു രൂപ നീട്ടി. "മുപ്പതും കൂടെ" കടക്കാരന്‍ പറഞ്ഞു. ഒന്നരക്കിലോ ബീഫിന്‌ ഇരുനൂറ്റിമുപ്പതു രൂപയോ! എന്നുവെച്ചാ ഒരു കിലോയ്ക്ക്‌ നൂറ്റന്‍പത്‌! ഉം, കൊള്ളാം. ക്ഷീണമൊന്നും തോന്നിയില്ല, അതിനാല്‍ മൂന്നാലു കി.മീ. നടക്കാമെന്നു വെച്ചു. രണ്ടുമാസമായി ഇവിടെ വന്നിട്ട്‌, ഇതിലേ നടന്നിട്ട്‌ അതിലുമേറെയായി. സാഗരാ തീയേറ്ററിനു സമീപമുള്ള കുറുക്കുവഴിയിലൂടെ ഞങ്ങളുടെ റോഡിലെത്തി. വെയില്‍ വീണു തുടങ്ങിയില്ല. കാറുമൂടിയ ആകാശം. മഴയൊഴിഞ്ഞ അന്താരീക്ഷവും നേരിയ തണുപ്പും നടപ്പ്‌ സുഖമാക്കി. എസ്‌.എന്‍. കവല കഴിഞ്ഞപ്പോള്‍ കട്ടപ്പനയിലെ ആദ്യകാല ഓട്ടോ ഡ്രൈവര്‍മാരിലൊരാളായ 'പ്രതീകം' ജോസ്‌ ചേട്ടന്‍ വരുന്നു. ഞാന്‍ കൊച്ചുകുട്ടിയായിരിക്കുന്ന കാലത്തു തന്നെ അദ്ദേഹത്തിന്റെ കസ്റ്റമറാണ്‌. അല്‍പനേരം നിന്ന്‌ ഒരു സൗഹൃദ സംഭാഷണം.

"ഒരോട്ടോ ഒക്കെ വിളിച്ചു പോകാന്‍ മേലാരുന്നോ?"

"നടക്കാമെന്നു വെച്ചു. കുറെ ഇരുന്നു വന്നതല്ലേ, ഒന്നുണരട്ടെ!" ഞാന്‍ കളി പറഞ്ഞു. മൂപ്പര്‍ ഇപ്പോള്‍ പെയിന്റിംഗ്‌ ജോലിയാണ്‌. പണിക്കുപോകുന്ന വഴിയാണ്‌.

നിരപ്പേല്‍ക്കട കഴിഞ്ഞു കുത്തനെയുള്ള ഇറക്കമിറങ്ങി. താഴെയെത്തിയപ്പോള്‍ നമ്മുടെ സുത്തിയെ വിളിക്കാനൊരാഗ്രഹം. ശനിയാഴ്ചയല്ലേ, വീട്ടില്‍ കാണുമെന്നു കണക്കുകൂട്ടി. ആളെ ഫോണില്‍ കിട്ടുന്നതിനു മുന്നേ ഒരു ഓട്ടോ വന്നു. സ്കൂളില്‍ ജൂനിയര്‍ ആയിരുന്ന സുനിലാണ്‌ ഓടിക്കുന്നത്‌, അവന്‍ നിര്‍ത്തി. കാള്‍ നിര്‍ത്തി ഓട്ടോയില്‍ കയറിയപ്പോള്‍ ഉള്ളില്‍ മൂന്നുകന്നാസുകള്‍ നിറന്നിരിക്കുന്നു, വക്കില്‍ എണ്ണ പുരണ്ടിരിക്കുന്നു.

"നീ അങ്ങൂന്നു വരുന്ന വഴിയാണോ?"

"അതെ"

"ലീവുണ്ടോ?"

"ഓ ഇല്ല, നാളെത്തന്നെ ഞാന്‍ പോകും."

"ഇതെന്നാ ഡീസലാണോടാ?"

"ആ, തോപ്രാംകുടീലോട്ടാ. മൊബൈല്‍ ടവറിന്‌"

കൂട്ടുകാരന്റെ ലിഫ്റ്റിനു നന്ദിസൂചകമായി യാത്ര പറഞ്ഞ്‌ കൊച്ചുതോവാള സിറ്റിയിലിറങ്ങി. സുത്തിയെ രണ്ടാമതും വിളിച്ചു. ഉറക്കമൊക്കെ കഴിഞ്ഞ്‌ മൂപ്പര്‍ ചുമ്മാ കിടക്കുവാണ്‌.

"പെണ്ണുമ്പിള്ള എന്തിയേടാ?"

"അവളു താഴെയുണ്ട്‌!"

"നിനക്കെഴുന്നേക്കാറായില്ലേ?"

"ഉം, എണീക്കാന്‍ തുടങ്ങുവാരുന്നു. ചായ കുടിക്കാന്‍ വിളി തുടങ്ങി."

"ബെഡ്‌ കോഫീ ഒന്നുമില്ലേ?"

"അങ്ങനൊരു പരിപാടി പണ്ടേയില്ല."

പശ്ചാത്തലത്തില്‍ ദേവദൂതനിലെ ഗാനം.
"നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ.."

"ഇനിയിപ്പോ യാത്രയൊക്കെ അറിയിച്ചു മാത്രമേ നടത്താവൂട്ടോ!"

"എന്തോന്നാ..??!!"

"അല്ല, പാട്ടു കേട്ടില്ലേ, നീയറിയാ യാത്രയുണ്ടോന്ന്‌!!"

"ഓ അത്‌!! എഫ്‌ഫെമ്മാ." :)

"എറണാകുളത്തൂന്നുള്ളതാ?"

"ആ.. മൂന്നാലെണ്ണം കിട്ടും."

"ഓഫീസില്‍ വെച്ചു വിളിച്ചാലും പിങ്ങ്‌ ചെയ്‌താലുമൊന്നും നിന്നെ കിട്ടില്ല. അതാ വീട്ടിലാരിക്കുന്ന നേരത്ത്‌ വിളിച്ചെ."

"അതു നന്നായി."

"എന്നാ ശരി. നീ പോയി ചായ കുടി. സ്നേഹം കൊണ്ട്‌ വിളിച്ചതാ!"

"ഓ...! ശരീടാ." ചിരിച്ചുകൊണ്ട്‌ അവന്‍ കട്ട്‌ ചെയ്തു.

ആറു മിനിറ്റോളം നീണ്ട ഈ സംഭാഷണം തീരുമ്പോള്‍ ഞാന്‍ വീട്ടിലേക്കുള്ള കയറ്റം കയറുകയായിരുന്നു. രണ്ടു മിനിറ്റുകൂടി. ഞാന്‍ വീട്ടിലെത്തി. അച്ഛന്‍ പത്രം വായിച്ചിരിക്കുന്നു. അമ്മ രാവിലത്തെ പണികളില്‍. (നല്ലപാതിയും മോളും ഭാര്യവീട്ടിലാണ്‌).

ഫോണിനും പഴ്‌സിനുമൊപ്പം പോക്കറ്റില്‍ കിടന്ന ടിക്കറ്റുകളെല്ലാം എടുത്തു മേശപ്പുറത്തു വെച്ചു. ബാംഗ്ലൂര്‍ ടു കട്ടപ്പന 23+112+45+11+9=200. പതിമൂന്നര മണിക്കൂര്‍. ഒന്നു കുളിക്കാന്‍ വട്ടം കൂട്ടി.

1 comment:

Cibin Sam said...

Nostalgia!!!!Its reminding me my regular trips to home:)