കമ്പത്തു നിന്നും നെടുംകണ്ടത്തിനുള്ള ബസ്സില്‍ കയറിയിരിക്കുകയാണല്ലോ ഞാന്‍. അല്‍പം നേരത്തെ എത്തിയത് ഉറക്കച്ചടവായി എന്നെ അലോസരപ്പെടുത്തുന്നുണ്ട്. എങ്കിലും ഇങ്ങനെ ഒരു ചിന്ത പോയി, കമ്പംമെട്ട് തൂക്കുപാലം വഴിയാണല്ലോ ബസ് നെടുംകണ്ടത്തിനു പോകുക. മുന്‍പൊക്കെ മെട്ടിലിറങ്ങിയാല്‍ ആറേമുക്കാലിനുള്ള കട്ടപ്പന ബസ്സിനാണു പോകാറ്. ആ ബസ് കട്ടപ്പനയില്‍ ചെല്ലുമ്പോള്‍ ഏഴര കഴിയും. ഇന്നു ഞാന്‍ ആറുമണിക്കു മുന്‍പ് മെട്ടില്‍ ചെല്ലുമെന്നുറപ്പ്. പിന്നെ മുക്കാല്‍ മണിക്കൂര്‍ ബസ് കാത്തു നില്‍ക്കുന്നതു ഒരു സുഖമില്ലാത്ത പരിപാടി ആണല്ലോ. ആറിനും ആറേമുക്കാലിനും ഇടയ്ക്ക് ബസുണ്ടോ എന്നറിയില്ല. എങ്കില്‍ ഒരു കാര്യം ചെയ്യാം, നേരെ ബാലഗ്രാമിനു ടിക്കറ്റെടുക്കാം, അവിടെ നിന്നാല്‍ നെടുംകണ്ടത്തു നിന്നും കട്ടപ്പനയ്ക്കു വരുന്ന ബസുകള്‍ എപ്പോഴും ഉണ്ട്. അപ്പോളങ്ങനെ തന്നെ എന്നുറച്ച് ബാലഗ്രാമിനു ടിക്കറ്റെടുത്തു. പതിനൊന്നു രൂപ! കമ്പംമെട്ടിനുള്ളതിന്റെ ഇരട്ടി ചാര്‍ജ്ജോ? അപ്പോ ദൂരവും ഇരട്ടിയായിരിക്കുമോ? എന്തായാലും എടുത്തത് അങ്ങനെ തന്നെ. ഇന്നു ബാലഗ്രാം വഴി തന്നെ യാത്ര എന്നുറപ്പിച്ചു. ഒരു കുഞ്ഞു മയക്കത്തിനു കൂടി തയ്യാറെടുത്തു.
തമിഴ്‌നാട്ടിലെ വഴികളില്‍ സേലത്തിനു മുന്‍പ് അല്‍പം ചാറിയതല്ലാതെ മഴ തീരെ ഉണ്ടായിരുന്നില്ല. ഇരുട്ടിന്റെ കരിമ്പടം പുതച്ച് പടിഞ്ഞാറുറങ്ങുന്ന സഹ്യനിരകള്‍ക്കപ്പുറം കേരളത്തില്‍ തിമിര്‍ത്തു പെയ്യുകയാവും മഴയിപ്പോള്‍. കേരളത്തിലെ എസ്റ്റേറ്റുകളില്‍ പണിയെടുക്കാന്‍ പോകുന്ന തൊഴിലാളികളാണ് ബസിലെ യാത്രക്കാരില്‍ അധികവും. പ്ലാസ്റ്റിക് വള്ളികള്‍ കൊണ്ട് നെയ്‌തെടുത്ത സഞ്ചികളില്‍ കഴിക്കാനുള്ള ആഹാരവുമായാണ് യാത്ര. എക്കാലവും ഈ സമയത്തു തമിഴ്‌നാട്ടിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നും ഇടുക്കിജില്ലയിലേക്കു യാത്ര ചെയ്യുമ്പോള്‍ അസംഖ്യം ജീപ്പുകള്‍ ഇങ്ങനെ തൊഴിലാളികളെയും കൊണ്ട് കേരളം നോക്കി കുതിക്കുന്നതു കാണാം. വിജനമായ അതിര്‍ത്തിക്കാട്ടിലൂടെ വളഞ്ഞു പുളഞ്ഞു കയറുന്ന ഇടുങ്ങിയ സുന്ദരന്‍ റോഡിലൂടെ ബസ് സെക്കന്‍ഡ് ഗിയറില്‍ കിതച്ചു കയറുമ്പോള്‍ ഉണ്ടക്കണ്ണുകളുള്ള മഹീന്ദ്രാ ജീപ്പുകള്‍ ഉശിരോടെ കുതിച്ചുകയറിവരുന്നതു ഞാന്‍ കൗതുകപൂര്‍വ്വം നോക്കിയിരിക്കാറുണ്ട്. ഹൈറേഞ്ചിന് ഇത്രയും പോന്ന മറ്റൊരുവാഹനം ഇനി ജനിക്കേണ്ടിയിരിക്കുന്നു. കൗമാരത്തിന്റെ ആദ്യകാലത്ത് എനിക്കും ഇതുപോലെ ഒരു ജീപ്പുഡ്രൈവറാകണം എന്നു കൊതിച്ചുപോയതില്‍ അത്ഭുതമില്ല. 'ജീപ്പേല്‍ പഠിച്ചാല്‍ ഏതു വണ്ടീം ഓടിക്കാം' എന്നൊരു തത്വം തന്നെയുണ്ട്. ഇന്നും ജീപ്പില്‍ത്തന്നെ പഠിക്കണം എന്നാവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂളുകാരെ സമീപിക്കുന്നവരും ഉണ്ട്.
മലയുടെ താഴ്‌വാരത്തെ തമിഴ് ചെക്ക്‌പോസ്റ്റില്‍ ബസ് നിന്നു. ബസ് നിര്‍ത്തി പരിശോധന ഞാന്‍ ആദ്യം കാണുകയാണ്. സ്റ്റാന്‍ഡില്‍ നിന്നു ബസ് എടുക്കുന്നതിനു മുന്‍പെ കണ്ടക്‌ടര്‍ എല്ലാവരുടെയും സഞ്ചികള്‍ പരിശോധിക്കും. അരി ഉണ്ടോ എന്നറിയാനാണ്. ചിലര്‍ നാലഞ്ച് കിലോ അരി സഞ്ചിയിലാക്കി രാവിലെ വണ്ടികേറി കേരളത്തിലേക്കു പണിക്ക് പോകും. ഒപ്പം ഈ അരി അവിടെ വില്‍ക്കും (കുറഞ്ഞ നിരക്കില്‍ തമിഴ്‌നാട്ടില്‍ കിട്ടുന്ന അരിയാവാം ഇത്). അരിയുമായി യാത്ര ചെയ്യുന്നവരെ ബസില്‍ നിന്നിറക്കി വിട്ടിട്ടേ വണ്ടി പുറപ്പെടൂ. അന്നു പക്ഷേ സ്റ്റാന്‍ഡില്‍ പരിശോധന കണ്ടില്ല. എന്നാല്‍ ചെക്ക്‌പോസ്റ്റില്‍ വണ്ടി നിര്‍ത്തിച്ചു. ഒരു ഗാര്‍ഡ് ഉള്ളില്‍ കയറി വന്നിട്ട് അങ്ങുമിങ്ങുമെല്ലാം എത്തിനോക്കിയിട്ടു പോയി. ഞാന്‍ സാവധാനം ഉറക്കത്തിലേക്കു വീണു. പിന്നീടുണര്‍ന്നപ്പോള്‍ വണ്ടി മെട്ട് അടുക്കാറായിരുന്നു. പകുതിയോളം യാത്രക്കാര്‍ അവിടെ ഇറങ്ങി. ചിലര്‍ പള്ള വീര്‍ത്ത സഞ്ചികളുമായി പോകുന്നതു കണ്ടു. പേരിനു നടത്തിയ പരിശോധനയില്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ടവര്‍!
കമ്പംമെട്ട് അതിര്‍ത്തി കടന്ന് ബസ് വലത്തേക്കു തിരിഞ്ഞു. മലനാടിന്റെ നിറുകയിലൂടെ ബസ് ഇരമ്പി നീങ്ങി. വലതു വശം പച്ചപ്പു പുതച്ച കാട്, കുന്നുകള്‍, അതിനപ്പുറം തമിഴ് താഴ്‌വര. ഇടതുവശം ചെറിയ കൃഷിയിടങ്ങള്‍, വീടുകള്‍ - കേരളം. മഞ്ഞിന്റെയോ അതോ മഴയുടെയോ ഈറന്‍ ചൂടി നില്‍ക്കുന്ന കയ്പ്പനും കൊങ്ങിണിപ്പടര്‍പ്പും റോഡിലേക്കെത്തി നോക്കുന്നു. ഇടയ്ക്കിടെ പുതുപുത്തന്‍ വീടുകള്‍. മുന്നില്‍ കാറും പൂന്തോട്ടവുമൊക്കെയായി. നനഞ്ഞു നില്‍ക്കുന്ന കുരുമുളകും ഏലച്ചെടികളും. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പതാകകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചെറുകവലകള്‍. ഞാന്‍ ആദ്യമായിട്ടാണ് മെട്ട്-ബാലഗ്രാം റൂട്ടില്‍ യാത്ര ചെയ്യുന്നത്. ഒരു ഗ്രാമത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കച്ചവട സ്ഥാപനങ്ങളുള്ള കവലയെ ഹൈറേഞ്ചില്‍ സിറ്റി എന്നാണു പറയുക. അങ്ങനെ കണ്ട അടുത്ത സിറ്റി ആണു കരുണാപുരം. സ്കൂളും പള്ളിയും അമ്പലവുമെല്ലാമായി കിഴക്കേയറ്റത്തുള്ള ഗ്രാമം. കവലകളില്‍ ആളനക്കം ആയിത്തുടങ്ങിയിട്ടില്ല.
മുന്നോട്ടു പോയപ്പോള്‍ ലേശം വിഷമം പിടിച്ച ഒരു 'ട' വളവു കണ്ടു. പിന്നെ സെക്കന്‍ഡ് ഗിയറില്‍ ഇറങ്ങാന്‍ പാകത്തിനുള്ള ഒരു ഇറക്കവും. അതു ചെന്നവസാനിക്കുന്നതു കൂട്ടാര്‍ എന്ന സിറ്റിയിലാണ്. അവിടെ നിന്നും വലത്തേക്കു തിരിഞ്ഞ് ബസ് നീങ്ങി. അടുത്ത സ്ഥലത്തിന്റെ പേര് തേര്‍ഡ് ക്യാമ്പ് എന്നാണ്. എന്തൊരു സ്ഥലപ്പേര് അല്ലേ? 2004-ല്‍ ഇവിടെ ഒരു തവണ ഞാന്‍ വന്നിട്ടുണ്ട്. 'ബാലന്‍ പിള്ള സിറ്റി' എന്നൊരു സ്ഥലം ഉള്ളത് ഇതിനടുത്തു തന്നെയാണ്. 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന സിനിമയില്‍ പറയുന്നതുപോലെ തന്നെ ബാലന്‍പിള്ള എന്നൊരാളുടെ കട സ്ഥിതി ചെയ്ത സ്ഥലംതന്നെയാണ് ആ പേരില്‍ അറിയപ്പെട്ടത്. നേരം ആറേകാല്‍ കഴിഞ്ഞു. മാനം കാറുമൂടിക്കിടന്നു. റോഡരികിലെല്ലാം മഴയുടെ ഊര്‍ജ്ജം കൊണ്ട പുല്‍ക്കൊടികളും പൊന്തയും വളര്‍ന്നു തലനീട്ടി നിന്നു. അരികിലെ തിട്ടകളില്‍ നിന്നും മണ്ണുകലര്‍ന്ന വെള്ളം റോഡിലേക്കിറങ്ങിയൊഴുകി. എന്താ ബാലഗ്രാമാകാത്തെ? ഞാന്‍ ആശങ്കപ്പെട്ടു. ഒരു ചെറിയ ഇറക്കമിറങ്ങുമ്പോള്‍ അടുത്തിരുന്ന ചേട്ടന്‍ എണീക്കാന്‍ വട്ടം കൂട്ടി. മുന്നില്‍ ഒരു സിറ്റിയുടെ ലക്ഷണങ്ങള്‍ കണ്ടു. അടുത്തിരുന്നയാള്‍ ബാലഗ്രാമിനാണു ടിക്കറ്റെടുത്തത് എന്ന ഓര്‍മ്മയില്‍ ഞാനും എണീക്കാന്‍ തയ്യാറായി. "ബാലഗ്രാം" കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.
അങ്ങനെ ബാലഗ്രാമിന്റെ മലയാളമണ്ണില്‍ ഞാന്‍ കാലുകുത്തി. ഒരു ചായക്കട ഇപ്പോള്‍ തുറന്നതേയുള്ളൂ. മുന്നിലെ റോഡ് വലത്തോട്ടുള്ളത് തൂക്കുപാലം വഴി നെടുംകണ്ടത്തിനും ഇടത്തോട്ടുള്ളത് പുളിയന്മലയ്‌ക്കും. ഒന്നു രണ്ട് ആപേ ഓട്ടോകള്‍ പാഞ്ഞു പോയി. ഹൈറേഞ്ചിലെ സര്‍വ്വവ്യാപിയായ ടാക്‌സി ആണ് ആപേ ഓട്ടോകള്‍. തൊഴിലാളികളെയും കൊണ്ട് എതാനും ജീപ്പുകളും കടന്നു പോയി. അവിടെ ബസിറങ്ങിയ ഞങ്ങള്‍ രണ്ടുപേരും പിന്നെ അവിടെ നിന്നിരുന്ന നാലുപേരും. ചെറിയ ചാറ്റല്‍ മഴയുണ്ട്. തോടിനുകുറുകെയുള്ള പലത്തിനപ്പുറം ചെന്ന് രാവിലത്തെ 'ശങ്ക' തീര്‍ത്തു. തിരികെ വന്ന് കോണ്‍ഗ്രസ്സിന്റെയും സി.പി.എം.ന്റെയും ബി.ജെ.പി.യുടെയും കൊടിമരങ്ങള്‍ക്കരികെ ഞാന്‍ നിന്നപ്പോള്‍ മറ്റേ മൂവര്‍ സംഘം ഒരു രാഷ്ട്രീയ ചര്‍ച്ച ആരംഭിച്ചിരുന്നു. ഒരു മൂപ്പിലാന്‍ തന്റെ ചെറുപ്പത്തിലെ സാമൂഹ്യസ്ഥിതി വിവരിക്കുകയാണ്. "എനിക്കേ, എഴുപത്തഞ്ചു വയസ്സായി. എന്റെ ചെറുപ്പത്തില്‍ പണി ചെയ്‌താല്‍ കൂലി ചോദിക്കാന്‍ പാടില്ല. കിട്ടുന്നതു മേടിച്ചോണം. ഇന്നങ്ങനെ വല്ലോമാണോ? അന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികളെയൊക്കെ ബോധവല്‍ക്കരിക്കുന്ന കാലമാ. പണിയാന്‍ വരുന്നവന്‍ ചൊമന്ന അണ്ടര്‍വെയറിടും. ഇത് കാണുന്ന മുതലാളിമാര്‍ക്കു പിടിക്കുവേല. ആണുങ്ങള്‍ മീശ വെയ്ക്കാന്‍ പാടില്ലെന്നാ അന്നത്തെ ഒരു വെപ്പ്. ഞാന്‍ കണ്ടിട്ടുണ്ട് പൊലീസുകാര്‍ മീശ പറിച്ചെടുക്കുന്നത്! എസ്.ഐ. വന്നു മീശയിലിങ്ങനെ തിരുമ്മിക്കോണ്ട് നിക്കും. ആഹാ, നിന്റെ മീശ കൊള്ളാല്ലോടാ എന്നൊക്കെ പറഞ്ഞുംകൊണ്ട്. അതിനിടെ ഒരു പൊലീസുകാരന്‍ വന്ന് ആ.. വിട് സാറേ എന്നും പറഞ്ഞ് ഒരൊറ്റ തട്ടാ. എസ്.ഐ.യുടെ പിടി നല്ല ബലത്തിനായിരിക്കുവേ. തട്ടുന്ന തട്ടിന് മീശ പച്ചയ്‌ക്കു പറിഞ്ഞുപോകും.. ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാ. പിന്നെ, ജാതീ താണവന് അമ്പലത്തില്‍ കേറാന്‍ ഒക്കുകേല. പെണ്ണുങ്ങള്‍ക്ക് മാറു മറയ്‌ക്കാന്‍ പറ്റത്തില്ലാരുന്നല്ലോ പണ്ട്!..." കാര്‍ന്നോര്‍ അങ്ങനെ വിവരിച്ച് ശ്രീ നാരായണഗുരുവിന്റെ പ്രതിഷ്‌ഠാകര്‍മ്മവുമൊക്കെയായി മുന്നേറി.
'ആറേകാലിന്റെ ബസ് പോയി. അതിനൊരു സ്ഥിരതയില്ല, ചെലപ്പോ നേരത്തെ വരും, ചെലപ്പോ താമസിക്കും.' ആരുടെയോ ആത്മഗതം. എന്തായാലും നേരിയ വ്യത്യാസത്തില്‍ ഒരു ബസ് കിട്ടാതെ പോയി എന്നെനിക്കു മനസ്സിലായി. കാത്തു നില്‍പ്പ് തുടരവേ ബാലഗ്രാം റൂട്ട് തെരഞ്ഞെടുത്തത് വിനയായോ എന്നൊരു ശങ്ക മനസ്സില്‍ പൊങ്ങിവന്നു. എന്തായാലും അഞ്ചു മിനിറ്റു കഴിഞ്ഞില്ല കട്ടപ്പനയ്ക്കുള്ള സെന്റ്. ജോസഫ് ട്രാവല്‍സ് ഹോണടിച്ചെത്തി.
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'