Thursday, June 30, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 5

ഒരേഴര ആയിക്കാണും ഉറക്കം ഉണര്‍ന്നപ്പോള്‍. പല്ലുതേച്ചു ഒരു കട്ടനടിച്ചു. വാവ അപ്പോഴും മൂടിപ്പുതച്ചു കിടന്നുറങ്ങുന്നു. പോയി അവന്റെ കൂടെ കുറെ നേരം കിടന്നു. പിന്നെ അവന്‌ എണീക്കാന്‍ ഭാവമില്ല എന്നു കണ്ടപ്പോള്‍ ചവിട്ടിക്കുത്തി എണീപ്പിച്ചു. ഏത്തയ്‌ക്ക ഉപ്പേരിക്കൊപ്പം ചായകുടി ഒക്കെ കഴിഞ്ഞു.

ഇന്നു സ്വസ്ഥമായി പറമ്പിലൊന്നു കറങ്ങണം, ഒപ്പം വാവയെയും കൂട്ടി. ഒരുപാടു നാളായി. കുടുംബവീട്‌ അടച്ചിട്ടിരിക്കുകയാണ്‌. പുതിയ വാടക്കക്കാര്‍ ഉടന്‍ വരുമെന്നു പറഞ്ഞിട്ടുണ്ട്‌. ആളും അനക്കവും ഇല്ലാതെ അതിങ്ങനെ കിടക്കുന്നതു കാണുമ്പോള്‍ ഒരു മന:പ്രയാസം. കഴിഞ്ഞ മാസം വരെ ഒരു കുടുംബം അവിടെ താമസം ഉണ്ടായിരുന്നു. ഒരു ചേട്ടനും ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന്‌ ആണ്മക്കളും. എന്റെ വീട്ടില്‍ നിന്നാല്‍ കേള്‍ക്കാം അവരുടെ ബഹളം. കളിയും ചിരിയും ഒച്ചപ്പാടും ഇടയ്‌ക്കെല്ലാം വഴക്കും കരച്ചിലും. ഒരിക്കല്‍ മാത്രമേ ആ വികൃതിരാമന്മാരുമായി ഞാന്‍ ഇടപെട്ടിട്ടുള്ളൂ. കുരങ്ങന്റെ സ്വഭാവമുള്ള അവന്മാര്‍ക്ക്‌ പറ്റിയ സ്ഥലം ആയിരുന്നു ആ വീടും പരിസരവും. ഇനി വരുന്നത്‌ എത്തരക്കാരാണോ ആവോ!

വീടിന്റെ പടിഞ്ഞാറുവശത്ത്‌ നിന്നിരുന്ന മരങ്ങളൊക്കെ കോതിയൊതുക്കി തെളിച്ചു കപ്പ നട്ടു. മഴയുടെ ഉശിരില്‍ കരിമ്പച്ച നിറമുള്ള തലപ്പുകളാട്ടി അരയൊപ്പം പൊക്കത്തില്‍ കിളിര്‍ത്തു കയറി നില്‍ക്കുന്നു. മൂവാണ്ടന്‍ മാവില്‍ നിറയെ മാങ്ങാ. ഇക്കൊല്ലം ആ മാവില്‍ മാത്രമേ കാര്യമായി മാങ്ങയുള്ളൂ. മൂന്നു നാലെണ്ണമേ കിട്ടിയുള്ളൂ. ഹൈറേഞ്ചില്‍ ജൂണിലേ മാങ്ങ നന്നായി പഴുക്കൂ. അടമഴ പിടിച്ചാല്‍ വെള്ളം കയറി മാങ്ങയുടെ രുചി കുറയും, മഴത്തണുപ്പില്‍ മാങ്ങ തിന്നാന്‍ രസവും പോരാ. ജീവിതത്തിലാദ്യമായി കാശുകൊടുത്തു ഞാന്‍ മാങ്ങാ വാങ്ങിച്ച(ബാംഗ്ലൂരില്‍ വെച്ച്‌) വര്‍ഷമാണിത്‌. അതിന്റെ ചൊരുക്ക്‌ ഉണ്ടായിരുന്നതിനാല്‍ കിട്ടിയ മാങ്ങ പോരാ എന്നു തോന്നി.

പരിസരത്തു തന്നെ കിടന്ന കല്ലും കമ്പും ഒക്കെ ശേഖരിച്ച്‌ ഏറുതുടങ്ങി. വാവയും കടുത്ത മല്‍സരം ഉയര്‍ത്തി. കുത്തനെ ഉയര്‍ന്നു വളര്‍ന്ന മാവ്‌ ആയതിനാല്‍ കേറാന്‍ പറ്റില്ല, തോട്ടിയും എത്തില്ല. അപ്പോള്‍ പിന്നെ ഏറുതന്നെ ശരണം. പടുപടാന്നു മാങ്ങാ വീണു. വീഴുന്ന ഓരോന്നും എടുത്തു ഞെക്കി നോക്കും, ഞെക്കു കൊണ്ടില്ലെങ്കില്‍ കടിച്ചു നോക്കും. പഴുക്കാത്ത ചെനച്ചു മഞ്ഞച്ച മാങ്ങയുടെ പുളിപ്പിന്റെ ലഹരിയില്‍ ആ മാങ്ങ കൊണ്ടു തന്നെ വീണ്ടും എറിയും. ഒരുവേള എറിഞ്ഞ കമ്പ്‌ മാവില്‍ തൊടുകപോലും ചെയ്യതെ കപ്പക്കാലായിലേക്കു പറപറന്നു. നല്ല കമ്പായിരുന്നതിനാല്‍ അതെടുക്കന്‍ ചെന്നപ്പോളാണ്‌ കിളിര്‍ത്തു നിന്ന ഒരു മൂട്‌ കപ്പയുടെ ഒരു തലപ്പ്‌ ഒടിച്ചും കൊണ്ടാണ്‌ ആ കൊഴി ലാന്‍ഡ്‌ ചെയ്‌തതെന്ന കയ്‌ക്കുന്ന യാഥാര്‍ഥ്യം മനസ്സിലായത്‌. അതും വഴിയരികില്‍ നില്‍ക്കുന്ന മൂട്‌. സൂത്രത്തില്‍ ഒടിഞ്ഞ ആ തലപ്പെടുത്ത്‌ ആരും കാണാതിരിക്കന്‍ താഴേക്ക്‌ എറിഞ്ഞു കളഞ്ഞു. ഭാഗ്യത്തിനു വേറൊരു തലപ്പ്‌ കുഴപ്പമൊന്നുമില്ലാതെ നില്‍പ്പുണ്ട്‌. 'നീ അതുകൊണ്ട്‌ ജീവിച്ചാ മതി' എന്നു കപ്പയോട്‌ പറഞ്ഞിട്ട്‌ കമ്പുമെടുത്ത്‌ സ്‌കൂട്ടായി. കുറേ എറിഞ്ഞിട്ടും പഴമൊന്നും കിട്ടാഞ്ഞതിനാല്‍ കിട്ടിയ മാങ്ങകള്‍ കയ്യിലെടുത്ത്‌ ഞങ്ങള്‍ തിരികെ നടന്നു.

വീടിന്റെ അരികില്‍ മാങ്ങകള്‍ വെച്ചിട്ട്‌ വീണ്ടും പറമ്പിലേക്കു പോയി. തെക്കേഭാഗത്ത്‌ ചാച്ചനും വെല്യമ്മച്ചിയും ഉറങ്ങുന്ന മണ്ണ്‌. ഒരു നിമിഷം കൊണ്ട്‌ ഒരുപാട്‌ ഓര്‍മ്മച്ചിത്രങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. വഴിമുടക്കി തലനീട്ടി നില്‍ക്കുന്ന കൊക്കോച്ചെടികള്‍ക്കും കാപ്പിച്ചെടികള്‍ക്കുമിടയിലൂടെ ഞങ്ങള്‍ പ്ലാവിന്‍ ചുവട്ടിലേക്കു നടന്നു. രണ്ട്‌ വ്യത്യസ്‌ത വരിക്ക പ്ലാവുകള്‍ ഉണ്ടവിടെ. ഒരെണ്ണം, വരിക്കപ്ലാവെന്നു ഞങ്ങള്‍ വിളിക്കുന്നത്‌, തവിട്ടുകലര്‍ന്ന മഞ്ഞ നിറമുള്ള ചക്കയും ഉള്ളില്‍ വെളുത്ത ചുളയും ഉള്ളത്‌. അതിന്റെ താഴത്തെ ഞെടുപ്പില്‍ മുഴുത്ത ഒരു ചക്ക പഴുത്തു ചീഞ്ഞുപോയി. അഴുകി പൊഴിഞ്ഞു വീണ ഒരെണ്ണം ഈച്ചയാര്‍ത്ത്‌ ചുവട്ടില്‍ കിടക്കുന്നു. മേലോട്ടു നോക്കി. കായ്‌ ഇഷ്‌ടം പോലെ ഉണ്ട്‌. ഒക്കെയും ഒത്തിരി പൊക്കത്തിലാ. ഇടയ്‌ക്കു കണ്ട ഒരെണ്ണം വിളഞ്ഞതാണെന്നു തോന്നി. അതും തോട്ടി പോലും എത്താത വിധം പൊക്കത്തിലാ. പിന്നെ അടുത്ത പ്ലാവ്‌. ഉരുണ്ട ചക്ക ഉണ്ടാവുന്നതിനാല്‍ ഉണ്ടപ്ലാവ്‌ എന്നാണ്‌ അതിന്റെ പേര്‌. നീണ്ട്‌ ഇളം മഞ്ഞ ചുളയാണതില്‍. പഴുത്ത ചുളയ്‌ക്കുള്ളിലെ തേനിന്‌ ഒരു വിശേഷപ്പെട്ട മധുരമാണ്‌. അതിലും പാകമൊത്ത ചക്ക ഒന്നും കണ്ടില്ല.

പണ്ടൊരിക്കല്‍ ഈ പ്ലാവില്‍ ചക്കയിടാന്‍ കയറി ഒരു പണി കിട്ടിയ അനുഭവം ഉണ്ടെനിക്ക്‌. ഏഴെട്ട്‌ വര്‍ഷം മുന്‍പാണ്‌. ഒരു ഒന്നരയാള്‍ പൊക്കത്തില്‍ തായ്‌ത്തടി കവരം (Y ആകൃതി) ആകുന്നു ഈ പ്ലാവില്‍. ആ കവരയില്‍ കയറിയാല്‍ കയ്യെത്തിച്ചു പറിക്കാന്‍ പാകത്തില്‍ ചക്ക ഉണ്ടായിരുന്നു അന്ന്‌. കയറി, ചക്കയിട്ടു, കത്തി താഴേക്കിട്ടു. ഇറങ്ങുകയാണ്‌. പിടിച്ചിറങ്ങാനുള്ള 'ഗ്രിപ്‌' ഒന്നും ഇല്ലാത്തതിനാല്‍ പാതി വരെ ഊര്‍ന്നിറങ്ങി അവിടുന്ന്‌ ചാടാമെന്നാണ്‌ എന്റെ കണക്കുകൂട്ടല്‍. പാതി ഇറങ്ങി, താഴേക്കു നോക്കി, അവിടെ കിടക്കുന്ന ചെരിപ്പില്‍ തന്നെ കാല്‍ വെയ്‌ക്കണം എന്നു വിചാരിച്ചു. പക്ഷേ സ്വന്തം ഭാരം കയ്യില്‍ നിന്നു പോകും എന്നു തോന്നിയപ്പോള്‍ അല്‍പം തിടുക്കത്തില്‍ ചാടി. ലക്ഷ്യം പിഴച്ചു. കാല്‍ കുത്തിയത്‌ ചെരിപ്പിലല്ല, വലത്തെ കാലിന്റെ ഉപ്പൂറ്റി അമര്‍ന്നത്‌ വെട്ടിക്കളഞ്ഞിട്ട്‌ മണ്ണില്‍ നിന്നും രണ്ടിഞ്ച്‌ പൊക്കത്തില്‍ പൊങ്ങി നിന്നിരുന്ന ഒരു കാപ്പിത്തൈയ്യുടെ കുറ്റിയില്‍! കുന്തമുന പോലെ അതു തുളഞ്ഞു കയറി, ഒപ്പം അഴുകി കമ്പോസ്റ്റ്‌ പരുവത്തില്‍ കിടക്കുന്ന കരിയിലത്തരികളും! പിന്നെ ഒരു വിധം ഞൊണ്ടിയും ചാടിയും വീട്ടില്‍ ചെന്നു, കാല്‍ കഴുകി നോക്കിയപ്പോള്‍ ഉള്ളിലേക്കുണ്ട്‌ മുറിവ്‌. പിന്നെ ആശുപത്രിയില്‍ പോയി. അടര്‍ന്നിരുന്ന തൊലി മുറിച്ചു കളഞ്ഞ നേഴ്‌സ്‌ പോലും "ശ്‌..ശ്‌.." എന്നു വെച്ചു. പല്ലുകടിച്ച്‌ ഞാനിരുന്നു. ഭാഗ്യത്തിനു മുറിവല്ലാതെ മറ്റുകേടൊന്നും ഉണ്ടായില്ല. ഒരാഴ്ച ഞണ്ടി നടന്നു. അടുത്ത ദിവസം തന്നെ പ്ലാവിന്‍ ചുവട്ടില്‍പ്പോയി ആ കാപ്പിക്കുറ്റി മൃഗീയവും പൈശാചികവുമായ രീതിയില്‍ പിഴുതുകളഞ്ഞ്‌ ഞാന്‍ പ്രതികാരം ചെയ്‌തു. ഇന്നും ആ പ്ലാവിനെ കുറിച്ചു പറയുമ്പോള്‍ അമ്മയും വാവയുടെ അമ്മയുമൊക്കെ കാപ്പിക്കുറ്റിയിലേക്കു ഞാന്‍ ചാടിയ സംഭവം പരാമര്‍ശിക്കാറുണ്ട്‌!

ചക്ക കിട്ടില്ലെന്നറിഞ്ഞ്‌ മുന്തിരിക്കുലയ്‌ക്കു കൊതിച്ച കുറുക്കനെപ്പോലെ ഞാനും വാവയും തിരികെ നടന്നു. അപ്പോളതാ ഒരു കവുങ്ങിന്റെ ചോട്ടില്‍ പഴുക്കാ വീണു കിടക്കുന്നു. അവിടെ കിടന്ന ഒരു പാള എടുത്ത്‌ പഴുക്ക ഒന്നൊന്നായി പെറുക്കിക്കൂട്ടി. അതും കൊണ്ട്‌ വീട്ടില്‍ വന്ന്‌ മാങ്ങയും എടുത്ത്‌ തിരികെ എന്റെ വീട്ടിലേക്ക്‌. ആ പോക്കിലും രണ്ട്‌ കവുങ്ങിന്റെ ചോട്ടില്‍ നിന്നും പഴുക്കാ കിട്ടി. ആകെ ഇരുന്നൂറെണ്ണമെങ്കിലും കിട്ടിക്കാണും, മഴ നനഞ്ഞ്‌ എല്ലാത്തിന്റെയും തൊണ്ട്‌ ചീയാറായിരുന്നു. വെയിലുണ്ടായിരുന്നതു കൊണ്ട്‌ വീട്ടില്‍ വന്നപ്പോള്‍ ഒരു പ്ലാസ്റ്റിക്‌ ചാക്ക്‌ മുറ്റത്തു വിരിച്ച്‌ പാക്ക്‌ അതില്‍ തോരാനിട്ടു.

വൈകിട്ട്‌ വാവയ്‌ക്ക്‌ ട്യൂഷന്‍ ഉണ്ട്‌. ഉച്ച കഴിഞ്ഞപ്പോള്‍ ഊണും കഴിച്ചിട്ട്‌ അവന്‍ പോയി. മുത്ത്‌ തങ്ങി. നാലരയ്‌ക്കാണ്‌ കട്ടപ്പനയില്‍ നിന്നും കല്ലട ബാംഗ്ലൂരിനു പുറപ്പെടുന്നത്‌. ഇനി പോകാനുള്ള തയ്യാറെടുപ്പ്‌. അത്താഴം ഇലപ്പൊതി കെട്ടാന്‍ വാഴയില മുറിച്ചു വെച്ചു.

No comments:

Post a Comment

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'