Thursday, July 07, 2011

എഗെയ്‌ന്‍ വെന്റ്‌ ഹോം - 6

മൂന്നേകാലോടെ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. സിറ്റിയില്‍ ചെന്നപ്പോള്‍ ഒറ്റ ഓട്ടോ ഇല്ല. പള്ളിവികാരിയുടെ അച്ഛന്റെ മരിച്ചടക്കിനു പോയിരിക്കുക്കയാണ്‌ എല്ലാവരും തന്നെ. നടന്നെത്താന്‍ സമയമുണ്ടായിരുന്നതു കൊണ്ടും, വണ്ടി നോക്കി നിന്നു നേരം കളയാന്‍ വയ്യാത്തതു കൊണ്ടും ഞാന്‍ നടക്കാന്‍ തുടങ്ങി. ആവശ്യനേരത്തിറങ്ങുമ്പോള്‍ വണ്ടി കിട്ടാറില്ല എന്നതാണു സാധാരണ അനുഭവം. അതു ബാംഗ്ലൂരായാലും കേരളമായാലും. ഇതിന്റെ സൈഡ്‌ സ്റ്റോറികള്‍ സഹിതം മറ്റൊരിക്കല്‍ പറയാം. ഏതായാലും ഒരു കിലോമീറ്ററോളം നടന്നു. വഴിയില്‍ ഒരു പരിചയക്കാരനോട്‌ കുശലം പറഞ്ഞു. നേഴ്‌സറി മുതല്‍ മൂന്നാം ക്ലാസ്സു വരെ ഒപ്പം പഠിച്ച ഇരട്ടകളായ അനൂപ്‌ ശശി, അനീഷ്‌ ശശി എന്നിവരില്‍ ഒരാളെ കണ്ടു. സത്യം പറയാമല്ലോ ഇന്നും എനിക്ക്‌ ഇവനെ കണ്ടാല്‍ അങ്കലാപ്പാണ്‌. ഇവന്റെ പേരെന്താണ്‌, അനൂപോ അതോ അനീഷോ? ഈ കണ്‍ഫ്‌യൂഷന്‍ ഉള്ളതുകൊണ്ട്‌ അവനെ ഞാന്‍ പേരുവിളിക്കാറില്ല! (അനീഷാണെന്നാണ്‌ എന്റെ ബലമായ സംശയം!) കുശലം പറഞ്ഞു അല്‍പനേരം നിന്നു. വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ ഓട്ടോ വന്നു. കയറി.

നിരപ്പേല്‍ക്കട എത്തിയപ്പോള്‍ വന്നവഴിക്ക്‌ കണ്ടുമുട്ടിയ ജോസ്‌ ചേട്ടന്‍ ഓട്ടോയില്‍ കയറി. ഡ്രൈവര്‍ക്കൊപ്പമാണ്‌ ജോസ്‌ ചേട്ടന്‍ ഇരുന്നത്‌. കയറിയപാടെ പിന്നിലേക്കു നോക്കിയപ്പോള്‍ മൂപ്പരു കണ്ടത്‌ എന്റെ വലതു ഭാഗത്തിരുന്ന ഷാജിച്ചേട്ടനെ. അവരു തമ്മില്‍ ഓരോ കാര്യം പറഞ്ഞിരുന്നു. രണ്ടു മിനിറ്റു കൊണ്ട്‌ ടൗണിലെത്തി. ഇറങ്ങുന്ന വഴിക്കാണ്‌ ജോസ്‌ ചേട്ടന്‍ എന്നെ കണ്ടത്‌. പുള്ളീടെ മുഖത്തു വിസ്മയം.

"ആ, നീയിതിനകത്തുണ്ടായിരുന്നോ? എന്നിട്ടെന്നാ മിണ്ടാഞ്ഞെ?"

"നിങ്ങളു വെല്യ വര്‍ത്താനമല്ലാരുന്നോ. അതാ പിന്നെ ഞാന്‍ ഇടയ്‌ക്കു കയറാഞ്ഞെ!"

"ആ, ഞാനേ, അവനെയേ(ഷാജി) ശ്രദ്ധിച്ചുള്ളൂ.. അതാ"

"കണ്ടില്ലാരുന്നു എന്നെനിക്കു മനസ്സിലായി."

"ഇതെങ്ങോട്ടാ, തിരിച്ചു പോവാന്നോ?"

"അതെ."

"അതു ശരി. അതെന്നാ ഇത്രേം പെട്ടെന്ന്‌?"

"ഇങ്ങനൊക്കെയേ പറ്റൂ!" ഞാന്‍ ചിരിച്ചു.

നാട്ടില്‍ നിന്നും ചില പലചരക്കു സാധനങ്ങളും വാങ്ങി ഇടശ്ശേരി ജംഗ്ഷന്‍ കഴിഞ്ഞുള്ള അഞ്ചന ഹോസ്‌പിറ്റലിനടുത്തെത്തി. ബസ്‌ പോകാന്‍ തയ്യറായി അവിടെയുണ്ടായിരുന്നു. സോണിച്ചേട്ടന്റെ കയ്യില്‍ പൈസ കൊടുത്ത്‌ വഴിയില്‍ വെച്ചു തന്നെ ടിക്കറ്റ്‌ വാങ്ങി. സീറ്റ്‌ നമ്പര്‍ കണ്ടപ്പോള്‍ അല്‍പം നിരാശ തോന്നി. ഇരുപത്തെട്ട്‌. എന്നുവെച്ചാല്‍ ഏറ്റവും പിന്നില്‍ ഇടനാഴിയുടെ നേര്‍ക്കുള്ള നടുക്കത്തെ സീറ്റ്‌. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്‌ മാത്രം പറഞ്ഞ ടിക്കറ്റായതിനാലാവും. മിണ്ടാത്തേലും ഭേദമാണല്ലൊ കൊഞ്ഞപ്പ്‌ എന്നോര്‍ത്ത്‌ കയറി. തല്‍ക്കാലം മുന്നിലുള്ള ഒരു സീറ്റിലിരുന്നു. കുമളിക്കുള്ള വഴിക്കും പിന്നെ കുമളി, കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നെല്ലാം പിക്കപ്‌ ഉണ്ട്‌. കുമളിയിലെത്തുമ്പോള്‍ സ്വന്തം സീറ്റിലേക്കു മാറാമെന്നു കരുതി അവിടിരുന്നു.

ആറുമണിയോടെ കുമളിയിലെത്തി. ടിക്കറ്റ്‌ ചെക്കര്‍ വന്നു പരിശോധനയ്‌ക്ക്‌. അപ്പോളേക്കും പിന്നില്‍ പോയിരുന്നു. എന്റെ ഇടതുവശത്ത്‌ വിന്‍ഡോ സീറ്റില്‍ ഒരു ചേട്ടന്‍. തോപ്രാംകുടിക്കാരന്‍ ജയിംസ്‌. ഞങ്ങള്‍ ഓരോ നാട്ടു വര്‍ത്താനമൊക്കെ പറഞ്ഞിരുന്നു. ഇരുള്‍ വീണ തോട്ടങ്ങള്‍ക്കിടയിലൂടെ ബസ്‌ തമിഴകത്തിന്റെ നിരപ്പത്തു കൂടി പാഞ്ഞു. ജയിംസ്‌ ചേട്ടന്റെ മക്കള്‍ രണ്ടുപേരും ബാംഗ്ലൂരില്‍ ടി.സി.എസ്‌.ല്‍ ജോലി ചെയ്യുന്നു. അദ്ദേഹം ഇടയ്‌ക്കൊക്കെ ഇവിടെ വന്നു പോകാറുണ്ടത്രേ. പേരക്കുട്ടിയ കാണാനും കൂടിയാണ്‌ ഈ യാത്ര. ഈ റൂട്ടിലെ യാത്രയെപ്പറ്റിയും റോഡിനെപ്പറ്റിയും വഴിയില്‍ കിട്ടുന്ന ഭക്ഷണത്തെപ്പറ്റിയും ഒക്കെയായിരുന്നു ചര്‍ച്ച. മൂപ്പര്‍ ബാംഗ്ലൂരില്‍ എന്റെ താമസസ്ഥലവും ഇറങ്ങുന്ന സ്ഥലവും ഒക്കെ ചോദിച്ചു.

ഇടയ്‌ക്കുനോക്കിയപ്പോള്‍ ബസ്സിലെ കാര്‍പറ്റില്‍ പുഴു പോലെ എന്തോ ഒന്ന്‌ എന്റെ ശ്രദ്ധയില്‍പ്പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ചോര കുടിക്കുന്നയിനം അട്ടയാണ്‌, തോട്ടപ്പുഴു എന്നാണു അവിടുള്ളോര്‍ പറയുക. ഞാന്‍ ജയിംസ്‌ ചേട്ടനെ കാണിച്ചു. പുള്ളി പറഞ്ഞു ചവിട്ടിക്കൊല്ലാന്‍. ഞാന്‍ ഷൂസ്‌ കൊണ്ട്‌ അതിനെ ഞെരിച്ചു. ഇരുണ്ടചെമപ്പുനിറത്തില്‍ ഒരു കട്ട രക്തം പുറത്തു ചാടി അതു ചത്തുതുലഞ്ഞു. ഒരു കഷണം കടലാസുകൂട്ടി അതിനെ ഞാന്‍ തോണ്ടിയെടുത്ത്‌ വെളിയിലെറിഞ്ഞു. അടുത്ത സീറ്റുകളില്‍ ഇരുന്നവരോടെല്ലാം കാലൊക്കെ ഒന്നു പരിശോധിക്കാന്‍ പറഞ്ഞു. കടിവായില്‍ നിന്നു ചോര വരുന്നുണ്ടാവുമല്ലോ. പക്ഷേ അവിടിരുന്നവര്‍ക്കൊന്നും കടിയേറ്റിരുന്നില്ല. സ്ലീപ്പറിലുള്ള ആര്‍ക്കെങ്കിലുമാവും പണി കിട്ടിയിട്ടുണ്ടാവുക. കുമളിയില്‍ അതിര്‍ത്തി കഴിഞ്ഞ്‌ കാടിന്റെ ഓരത്തു നിര്‍ത്തിയിട്ടപ്പോള്‍ പുറത്തിറങ്ങിയ ആരുടെയെങ്കിലും കാലില്‍ത്തൂങ്ങി വന്നതാവണം ആശാന്‍.

ഒന്‍പതേമുക്കാലായപ്പോള്‍ ഡിണ്ടിഗല്‍ ബൈപാസ്സില്‍ വണ്ടിയെത്തി. അവിടെ ഹോട്ടല്‍ അര്‍ച്ചനയുടെ മുന്നില്‍ നിര്‍ത്തി. കഴിക്കാന്‍ പതിവായി നിര്‍ത്തുന്നതിവിടെ ആണ്‌. കാശിനുകൊള്ളാത്ത ശാപ്പടാണ്‌ അവിടെ എന്നു ജയിംസ്‌ ചേട്ടന്‍ പരിതപിച്ചു.
"ഒരു ദോശയ്ക്ക്‌ ഇരുപത്തിമൂന്നു രൂപയേ! അതും മറ്റേ... പ്ലെയിന്‍!"
ഇന്നു വരെ ഞാന്‍ അവിടെ നിന്നു കഴിച്ചിട്ടില്ലെങ്കിലും ശരിവെച്ചു.

"പാഴ്‌സലുണ്ടോ?" ഞാന്‍ അന്വേഷിച്ചു.

"ഉണ്ട്‌."

എന്റെ ഇലപ്പൊതി. അച്ചാറും ഇറച്ചി ഉലര്‍ത്തിയതും ചക്കക്കുരു തോരനും വാട്ടിയ വാഴയിലയുടെ മണവും ചേര്‍ന്ന് സുഖകരമായ മണം. ഇതു കുറിക്കുമ്പോഴും എനിക്കു കൊതിപൊങ്ങുന്നു! പിന്നെ കൈകഴുകി പുറത്തൊരു അഞ്ചു മിനിറ്റ്‌ ചുറ്റിപ്പറ്റി നിന്നപ്പോഴേക്കും പുറപ്പെടാറായി. നേരം പത്തരയാകാറായിരുന്നു. ഞങ്ങള്‍ പിന്നെ അധികമൊന്നും സംസാരിച്ചില്ല.

മയക്കത്തിനും ഉണര്‍വ്വിനും ഇടയിലുള്ള ഒരവസ്ഥയിലാണ്‌ എന്നെ ജയിംസ്‌ ചേട്ടന്‍ തട്ടി വിളിച്ചത്‌. എന്നെ ഞെട്ടിച്ചു കൊണ്ട്‌ 'ഇലക്‌ട്രോണിക്‌ സിറ്റിയെത്തി' എന്നു പറഞ്ഞു. വാച്ചില്‍ നോക്കി നേരം അഞ്ച്‌ നാല്‍പത്‌. പുറത്തേക്കു നോക്കുമ്പോള്‍ ബസ്‌ ഇലക്‌ട്രോണിക്‌ സിറ്റി ടോള്‍ ഗേറ്റു കടക്കുകയാണ്‌. ശഠേന്നു ഷൂസിന്റെ ലേസൊക്കെ വലിച്ചു കെട്ടി ചെന്നപ്പോള്‍ വണ്ടി അല്‍പം കൂടി കൂടി നീങ്ങി. 'ഇനി താഴെ നിര്‍ത്താം' എന്നു ഔദാര്യപൂര്‍വ്വം ഡ്രൈവര്‍ പറഞ്ഞു. ഞാന്‍ തിരികെ വന്ന്‌ ബാഗും സാധനം വാങ്ങിയ പ്ലാസ്റ്റിക്‌ കൂടും എടുത്തു. ജയിംസ്‌ ചേട്ടനോട്‌ യാത്ര പറഞ്ഞു. കൊനപ്പന അഗ്രഹാരയില്‍ ബസിറങ്ങി. ഒരൊറ്റ ബസ്സുകാണുന്നില ഇലക്‌ട്രോണിക്‌ സിറ്റിയിലേക്ക്‌. ഉണ്ടായിരുന്നെങ്കില്‍ ഒരു സ്റ്റോപ്പ്‌ ദൂരത്തെ നടപ്പ്‌ ഒഴിവാക്കാമായിരുന്നു. ഓട്ടോ വിളിച്ചാല്‍ പഹയന്മാര്‍ കൊല്ലുന്ന കൂലി വാങ്ങുമെന്നുറപ്പ്‌. പതിനഞ്ച്‌ രൂപയുടെ ഓട്ടമില്ലാത്ത എന്റെ താമസസ്ഥലത്തേക്ക്‌ ഈ ___കള്‍ നാല്‍പതും അന്‍പതും ഒക്കെയാണു വാങ്ങുക. ഇന്ധനവില കൂടിയതിനു ശേഷം എത്രയാണോ ആവോ! ഇനി ഇവിടുന്നാവുമ്പോ അവന്മാര്‍ ചോദിക്കുന്ന കൂലി കേട്ട്‌ നല്ലോരു പ്രഭാതത്തിന്റെ മൂഡ്‌ പോകാനും മതി. നടക്കാമെന്നുറച്ച്‌ ഞാന്‍ റോഡ്‌ മുറിച്ചു കടന്നു. നേരിയ തണുപ്പുണ്ട്‌. ചെവി മൂടുന്ന തൊപ്പി ധരിച്ചു. പയ്യെ നടന്നു. വലതു കയ്യുടെ ഒരത്തിന്‌ ഒരു വേദന പോലെ. ഇതെന്തു പറ്റി? തലേന്നത്തെ മാവേലേറ്‌ മഹാമഹം ഓര്‍മ്മ വന്നു!

ആറായപ്പോള്‍ മുറിയിലെത്തി. ഒരുറക്കം കഴിഞ്ഞപ്പോള്‍ മണി ഒന്‍പത്‌. കുളി പല്ലുതേപ്പൊക്കെ കഴിഞ്ഞു. വീട്ടില്‍ നിന്നു കൊണ്ടുവന്ന ഏത്തപ്പഴം ഒരെണ്ണം പുഴുങ്ങി അടിച്ചു. ഞാലിപ്പൂവന്‍ പടല ബാഗിലിരുന്ന്‌ ബാക്കി കൂടി പഴുത്തു ഞെരുങ്ങി അങ്ങിങ്ങ്‌ ചതഞ്ഞും മൃതപ്രായമായിരുന്നു. അതും രണ്ടുമൂന്നെണ്ണം തിന്നു. ഒരു കട്ടന്‍ കാപ്പിയും ഇട്ടു കുടിച്ച്‌ ഒരുങ്ങിയിറങ്ങി. പതിനൊന്നേകാലായപ്പോള്‍ ഓഫീസിലെത്തി. ബസില്‍ പിന്നിലെ സീറ്റിലിരുന്നു കുലുങ്ങി വന്നതിന്റെയാവണം വയറ്റത്തെ മസിലുകള്‍ക്കു നല്ല വേദന. ഏതോ തമാശ കേട്ടു ചിരിച്ചപ്പോളാണ്‌ അതു മനസ്സിലായത്‌! ഒപ്പം കയ്യുടെ ആ കുഞ്ഞു വേദനയും. ആ ചെറുതരി സുഖമുള്ള നോവിനെ സ്നേഹിച്ചും 'കോപ്പിലെ ഒരു തിങ്കളാഴ്ച' എന്നു പിറുപിറുത്തും പാസ്‌വേഡ്‌ ടൈപ്പ്‌ ചെയ്‌തു. വിരസമായ മറ്റൊരു വാരത്തിലേക്ക്‌.

(അവസാനിച്ചു)

2 comments:

  1. താങ്ക്യു കല്യാണിക്കുട്ടീ..!
    നിങ്ങള്‍ക്കെങ്കിലും ഒരു കമന്റ്‌ ഇടാന്‍ തോന്നിയല്ലോ! :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'