Saturday, July 30, 2011

മദര്‍ തെരേസയും ഉലഹന്നാന്‍ സാറും

ന്നും ഇന്നും കൊച്ചുതോവാള സെന്റ്‌ ജോസഫ്‌സ്‌ സ്കൂള്‍ ഒരുപോലെയാണ്‌. എല്‍.പി. സ്കൂളും യു.പി. സ്കൂളുമായി ഒരു മുറ്റത്തിനിരുവശവുമുള്ള രണ്ട്‌ കെട്ടിടങ്ങള്‍. ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ പരമാവധി രണ്ടു ഡിവിഷന്‍ വീതം. മുപ്പതു വയസ്സോളം പ്രായമുള്ള ആ സ്കൂളാണ്‌ ആ ഗ്രാമത്തിലെ ഇന്നത്തെ എഞ്ജിനീയറുടെയും ബിസിനസ്സുകാരന്റെയും നേഴ്സിന്റെയും ഡ്രൈവറുടെയും ചെത്തുകാരന്റെയും ചുമട്ടുതൊഴിലാളിയുടെയുമൊക്കെ മാതൃവിദ്യാലയം. ഇന്നാകട്ടെ ഓരോ കുടുംബത്തിലെയും കുട്ടികള്‍ അവനവന്റെ താല്‍പര്യങ്ങള്‍ക്കും സ്ഥിതിക്കും അനുസരിച്ച്‌ ചുരുക്കമായി ഇതേ സ്കൂളിലോ അതല്ലെങ്കില്‍ ടൗണിലോ അതിനുമകലെയോ ഉള്ള വിദ്യാലയങ്ങളിലാണു പഠിക്കുന്നത്‌. പണ്ടത്തെ അദ്ധ്യാപകരും വിദ്യാര്‍ഥികളും മാറി. പത്തുപതിനാറു വര്‍ഷം മുന്‍പ്‌ അവിടത്തെ വിദ്യാര്‍ത്ഥി ആയിരുന്ന ഞാനേറെ മാറി. ഇപ്പോഴും സ്വന്തം ഗ്രാമത്തില്‍ വണ്ടിയിറങ്ങി വീട്ടിലേക്കു നടക്കുമ്പോഴെല്ലാം അരികില്‍ ഈ സ്കൂള്‍ കാണുമ്പോള്‍ ദീപ്തമായ കുറെ സ്മരണകളുടെ സുഖമറിയാം.

ഒരു കുസൃതിത്തരത്തില്‍ നിന്നു തുടങ്ങാം. പ്രതിഭാധനനായ അദ്ധ്യാപകന്‍ ശ്രീ. കെ.ഓ. ഉലഹന്നാന്‍ സര്‍ പ്രഥമാദ്ധ്യാപകനായിരിക്കുന്ന കാലം. ഉച്ചയൂണു കഴിഞ്ഞുള്ള ഒഴിവുവേളയിലെ കള്ളനും പോലീസും കളി. ഓടിയൊളിക്കാനുള്ള സമയത്ത്‌ സ്കൂള്‍വളപ്പിനു പുറത്തുള്ള റോഡിലൂടെ കളിസംഘം വെച്ചുപിടിച്ചു. അവിടെ റോഡ്‌ രണ്ടായിപ്പിരിയുന്നിടത്ത്‌ കുറെ ആളുകള്‍ നില്‍ക്കുന്നു. സംഗതി നോക്കിയപ്പോള്‍ കട്ടപ്പന കെ.എസ്‌.ഇ.ബി. സെക്‌ഷനിലെ ലൈന്‍മാന്‍ രാജു അടക്കം കുറെ പേര്‍. അവിടെയിട്ടിരുന്ന തടി കൊണ്ടുള്ള പോസ്റ്റ്‌ ദ്രവിച്ചുപോയതിനാല്‍ അതുമാറ്റി പുതിയ കോണ്‍ക്രീറ്റ്‌ പോസ്റ്റ്‌ ഇടാനുള്ള ഒരുക്കത്തിലാണ്‌. മൂന്നാലടി താഴ്ചയില്‍ കുഴിയെടുത്ത്‌ കോണ്‍ക്രീറ്റ്‌ പോസ്റ്റിന്റെ മൂട്‌ അതിലേക്കിറക്കി വെച്ചിരിക്കുകയാണ്‌. ഇനി അതുയര്‍ത്തി വെച്ച്‌ കടഭാഗം കല്ലും മണ്ണുമിട്ട്‌ ഉറപ്പിച്ച്‌ നിര്‍ത്തുകയേ വേണ്ടൂ. ആ സമയം അതുവഴി കടന്നുപോയ ഏതാനും നാട്ടുകാരെയും സമീപത്തുണ്ടായിരുന്ന ഒന്നു രണ്ട്‌ ചേട്ടന്മാരെയുമൊക്കെ 'ഒരു കൈ' സഹായിക്കാന്‍ വിളിച്ചു നിര്‍ത്തിയിട്ടുണ്ട്‌. പോസ്റ്റിന്റെ തലയ്ക്കല്‍ നീളമുള്ള ഒരു കയര്‍ കെട്ടിയിട്ടുണ്ട്‌. ഈ കയര്‍ സമീപത്തുള്ള ഒരു മരത്തില്‍ കെട്ടിയ കപ്പിയിലൂടെ കടത്തി പോസ്റ്റ്‌ നിവര്‍ത്തേണ്ട ദിശയിലേക്കു നീട്ടി ഇട്ടിരിക്കുന്നു. പോസ്റ്റിന്റെ നീളത്തിനെക്കാള്‍ ഉയരത്തിലാണ്‌ കപ്പി ഉറപ്പിച്ചിരിക്കുന്നത്‌ എന്നതിനാല്‍ പോസ്റ്റിലേക്ക്‌ വലി വരുന്നത്‌ മേലെ നിന്നാണ്‌. തലയ്ക്കല്‍ നില്‍ക്കുന്ന ആള്‍ക്കാര്‍ ചേര്‍ന്ന്‌ ഉയര്‍ത്തുന പോസ്റ്റിനെ ഈ കയറില്‍പ്പിടിച്ച്‌ വലിച്ചുയര്‍ത്തി നിര്‍ത്തണം. ഒപ്പം പോസ്റ്റിന്റെ ചുവട്‌ കുഴിയിലേക്കിറക്കി വെയ്ക്കുകയും വേണം.

ഞങ്ങള്‍ നാലഞ്ച്‌ വിദ്യാര്‍ഥികള്‍ കളി മറന്ന്‌ ഇതൊക്കെ കണ്ട്‌ നില്‍കുകയാണ്‌. അപ്പോള്‍ പോസ്റ്റ്‌ ഉയര്‍ത്താനുള്ള നടപടിയായി. എന്റെ വീട്ടിലേക്കും കരണ്ട്‌ ചെല്ലുന്നത്‌ ഈ ലൈനില്‍ നിന്നായതിനാല്‍ സംഭവത്തില്‍ എനിക്കും താല്‍പര്യമുണ്ടായിരുന്നെന്നു പറയാതെ വയ്യ.

"ഏലേലൈസാ ഐലസാ...
ഒത്തുപിടിച്ചോ ഐലസാ..."

പത്തുനാനൂറു കിലോ ഭാരമുള്ള പോസ്റ്റാണ്‌. "നിങ്ങളും കൂടി വരിനെടാ പിള്ളാരെ!" ലൈന്‍മാന്‍ രാജു ആഹ്വാനം ചെയ്തു. ഞങ്ങള്‍ ഒന്നു സംശയിച്ചു നിന്നു. ചേതമില്ലാത്ത ഉപകാരമല്ലേ. ഒരു ഓളത്തിനങ്ങു നിന്നാ മതിയല്ലോ എന്നോര്‍ത്ത്‌ 'വാടാ നമുക്കും വലിക്കാന്‍ കൂടാം' എന്നു ഞാന്‍ പറഞ്ഞു. എന്റെ വീട്ടിലും സപ്ലൈ തന്ന ആലാണു ടി രാജു. അങ്ങേരു ചോദിക്കുമ്പോള്‍ എങ്ങനെയാ അവഗണിക്കുക?!

"ഹേലേലൈസാ ഐലസാ...
ഒത്തു പിടിച്ചോ ഐലസാ..."

താളത്തില്‍ ചേര്‍ന്നുയര്‍ത്തിയും വലിച്ചും ക്രമമായി ആ പോസ്റ്റ്‌ കുഴിയിലിറക്കി കുത്തനെ നിര്‍ത്തി. അങ്ങനെ നില്‍ക്കെത്തന്നെ രണ്ടുപേര്‍ ചുവട്‌ കല്ലും മണ്ണുമിട്ട്‌ ഇടിച്ചുറപ്പിച്ചു. ഞങ്ങളുടെ കൂടി ശ്രമഫലമായി തലയുയര്‍ത്തിയ പോസ്റ്റിനെ അഭിമാനപൂര്‍വ്വം ഒന്നു വീക്ഷിച്ചിട്ട്‌ തിരികെപ്പോയി സ്കൂളിന്റെ പടി കയറുമ്പോള്‍ ഞങ്ങളെക്കാത്ത്‌ ഹെഡ്‌മാസ്റ്റര്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു.

'ഞങ്ങളു നല്ല പിള്ളേരല്ലേ' എന്ന ഭാവേന ആ അരികില്‍ക്കൂടി അങ്ങു പോകാന്‍ ഭാവിക്കുമ്പോളാണ്‌ 'നിക്കടാ അവിടെ!' എന്നൊരു ആജ്ഞ കേട്ടത്‌.

"എവടെപ്പോയതാരുന്നെടാ??"

"ഞങ്ങളു കളിക്കാന്‍ പോയതാരുന്നു സാറെ."

"ആരടാ പിന്നെ പോസ്റ്റ്‌ പൊക്കാന്‍ പോയത്‌?"

കുടുങ്ങി! മൂല്യമുള്ള വിദ്യാഭ്യാസം കിട്ടിയതുകൊണ്ടായിരിക്കും ഇത്തരം ചോദ്യങ്ങള്‍ കേട്ടാല്‍ എനിക്ക്‌ മഹാത്മാഗാന്ധീടെ ഉപദ്രവം ഉണ്ടാവുക പതിവാണ്‌. 'പിന്നെ, അതീ ഞങ്ങളല്ലേ' എന്ന മട്ടിലായിരുന്നു എന്റെ മറുപടി.

"ഇങ്ങോഫീസിലേക്കു വാ എല്ലാവന്മാരും!"

സാര്‍ പോയി കസേരയിലിരുന്നു. ഉപകാരം ചെയ്യാന്‍ പോയതു ഗുരുതരമായ പൊല്ലാപ്പായെന്നു മനസ്സിലാക്കാന്‍ ആര്‍ക്കും പരസ്പരം മുഖത്തേക്കു നോക്കേണ്ടതായിപ്പോലും വന്നില്ല. പിന്നെ വന്നത്‌ ഒരു നിര ചോദ്യങ്ങളായിരുന്നു.

"ആരാ നിങ്ങളെക്കൊണ്ട്‌ പോസ്റ്റ്‌ വലിപ്പിച്ചത്‌?"
"അയാളെവിടുത്തുകാരനാ?"
"അയാള്‍ടെ അഡ്രസ്സെന്നതാ?"
"അയാളെന്തിനാ നിങ്ങളെ അത്രേം ഭാരമുള്ള പോസ്റ്റ്‌ പൊക്കാന്‍ വിളിച്ചേ?"
"അതെങ്ങാനും പിടിവിട്ടു പോവുകോ മറ്റോ ചെയ്താല്‍ എന്തു സംഭവിക്കുമായിരുന്നു എന്നറിയാമോ? വല്ലോം പെണഞ്ഞാരുന്നെങ്കില്‍ ആരു സമാധാനം പറയും?"
"ഇവര്‍ക്കു ചുമടെടുപ്പിക്കാനും ഭാരം പൊക്കാനുമൊക്കെയാണോ സ്കൂള്‍ പിള്ളാര്‌? എന്നാപ്പിനെ ഞാനീ പണിയൊക്കെ ഉടമ്പടിക്കെടുത്ത്‌ നിങ്ങളെക്കൊണ്ട്‌ ചെയ്യിക്കട്ടേ?"
"നിനക്കൊക്കെ എന്നാ പ്രായമുണ്ട്‌?"
"ഈ പ്രായത്തിലുള്ള പിള്ളാരെക്കൊണ്ട്‌ ഇങ്ങനത്തെ കാര്യങ്ങള്‍ ചെയ്യിച്ചാല്‍ കിട്ടുന്ന ശിക്ഷ എന്താണെന്നറിയാമോ? ആ ലൈന്‍മാന്റെ ജോലി വരെ പോകും."

ഞങ്ങല്‍ സന്നദ്ധസേവകര്‍ നാവിറങ്ങിപ്പോയപോലെ നിന്നു.

ഒടുക്കം ഉലഹന്നാന്‍ സാര്‍ സ്കൂളിന്റെ ലെറ്റര്‍ഹെഡ്‌ എടുത്തിട്ട്‌ ഇങ്ങനെ പ്രഖ്യാപിച്ചു.

"സ്കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട്‌ പോസ്റ്റ്‌ പൊക്കുന്ന പണി ചെയ്യിച്ചു എന്നും പറഞ്ഞ്‌ ആ ലൈന്‍മാനെതിരേ ഞാന്‍ പൊലീസിനു കമ്പ്ലയിന്റ്‌ ചെയ്യാന്‍ പോവാ. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. പിള്ളാരെന്നാ തൊഴിലാളികളാണെന്നാണോ അയാള്‍ടെ വിചാരം?"

'ലൈന്‍മാന്‍ രാജുവിനെ എനിക്കറിയാന്‍ പാടില്ലാരുന്നേല്‍ മതിയാരുന്നേ ദൈവമേ' എന്നായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത.

'നിങ്ങളിപ്പോ ക്ലാസ്സില്‍പ്പോയ്ക്കോ. അടുത്തദിവസം എല്ലാവനും രക്ഷകര്‍ത്താവിനെ വിളിച്ചോണ്ടുവന്നിട്ട്‌ ഇവിടെ തുടര്‍ന്നു പഠിക്കണോ എന്നു തീരുമാനിക്കാം. പിള്ളാരെ പഠിക്കാനല്ലാതെ ഇങ്ങനത്തെ പണിക്കും കൂടിയാണോ സ്കൂളില്‍ വിടുന്നതെന്നു എനിക്കൊന്നറിയണം."

"പൊന്നു സാറെ, 'വേണങ്കി' സാറു രണ്ടു തല്ലിക്കോ. ഞങ്ങളിനി ഇമ്മാതിരി പണിക്കു പോകത്തില്ല. ദൈവത്തെയോര്‍ത്ത്‌ അച്ഛനെ വിളിച്ചോണ്ടുവരാന്‍ പറയല്ലേ." എന്നായിരുന്നു മനസ്സിന്റെ തേങ്ങല്‍. അന്നു പക്ഷേ, ഇതു തുറന്നു പറയാനുള്ള ബലം വായിലെ നാക്കിനില്ലായിരുന്നല്ലോ.

ഞങ്ങള്‍ ക്ലാസ്സിലേക്കു പോയി.

കേസു കൊടുത്താല്‍ രാജു കുടുങ്ങും. നമ്മളു സാക്ഷികളാകും. പൊലീസ്‌ സ്റ്റേഷനിലും കോടതീലുമൊക്കെ പോകേണ്ടിവരും. യ്യോ!

അപ്പനേം വിളിച്ചോണ്ടു വരുന്നതാ അതിലും അപകടം. വേറൊരുത്തന്റെ അനാലിസിസ്‌. ഉച്ചകഴിഞ്ഞത്തെ ഇന്റര്‍വെല്ലില്‍ ചര്‍ച്ച പലവഴിക്ക്‌ നീങ്ങി. എങ്ങനെയെങ്കിലും ഈ അപകടം ഒഴിവാക്കണമെന്നു നിശ്ചയിച്ച്‌ ഞങ്ങള്‍ യോഗം പിരിഞ്ഞു.

സ്കൂള്‍ നാലുമണി വിട്ടു. എന്നും ആരാദ്യം റോഡിലെത്തും എന്നമട്ടില്‍ ഓടുന്ന ഞങ്ങള്‍ അന്നു 'സാ' മട്ടില്‍ ക്ലാസ്സില്‍ നിന്നു. സാറുപോകാനിറങ്ങുന്നേനു മുന്നേ കണ്ടു ക്ഷമ പറയാം. ഇനി ആവര്‍ത്തിക്കില്ലെന്നു വാക്കുപറയാം. കേസുകൊടുക്കരുതെന്നും അച്ഛനെ വിളിക്കല്‍ ഒഴിവാക്കണമെന്നും അപേക്ഷിക്കാം. ഇതാണു പ്ലാന്‍. എന്നിട്ടു ഞങ്ങള്‍ വരാന്തയില്‍ത്തന്നെ ചുറ്റിപ്പറ്റി നിന്നു. നേരം നാലേകാല്‍ ആയിക്കാണും.

'നീ പോ.'
'അല്ല നീ പോ.'
'വേണ്ട. ഇവന്‍ പോട്ടെ. ഇവനാണെങ്കി സാറു സമ്മതിക്കും.'
'അല്ലേ വേണ്ട, എല്ലാരും കൂടെ പോകാം.'
എന്നൊക്കെ ആലോചിച്ചു നില്‍ക്കുമ്പോളാണ്‌ ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്ന സിസ്റ്റര്‍ ജോമേരി യു.പി.കെട്ടിടത്തിന്റെ പടികയറി വന്നത്‌. നല്ല പൊക്കമുണ്ട്‌ ജോമേരി ടീച്ചറിന്‌. കുട്ടികളോടൊക്കെ നല്ല വാല്‍സല്യമാണ്‌. കലാപ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായതിനാല്‍ മിമിക്രിക്കാരായ ഞങ്ങളെ കൂടുതല്‍ പരിചയവുമുണ്ട്‌. മാത്രവുമല്ല മഠത്തിലേക്കു പോകുന്ന വഴിക്കാണ്‌ കൂടെയുള്ള ഒരു വിദ്വാന്റെ വീട്‌. ക്ലാസ്സിലിരുന്നു തുമ്മുന്നതു വരെ വീട്ടിലറിയുന്നതരത്തിലാണ്‌ അവന്റെ വീട്ടുകാരും ടീച്ചര്‍മാര്‍-മഠം സഖ്യവുമായുള്ള സെറ്റപ്പ്‌.

"എന്നാ മക്കളെ നിങ്ങളു പോകാത്തെ?"

അതുകേട്ടപാടെ ഞങ്ങളുടെ മുഖങ്ങളില്‍ മുന്‍കൂട്ടി തീരുമാനിക്കാതെ തന്നെ ഒരു ദൈന്യഭാവം വിടര്‍ന്നു. കാര്യങ്ങളെല്ലാം ഞങ്ങള്‍ നിറകണ്ണുകളോടെ ടീച്ചറിന്റെ അടുക്കല്‍ പറഞ്ഞു. ഒപ്പം അതിശക്തമായി യോഗതീരുമാനം അഥവാ അപേക്ഷയും. എല്ലാം കേട്ട്‌ ടീച്ചര്‍ ഓഫീസിനകത്തേക്കു പോയി.

ടീച്ചറിന്റെ സമാധാന ദൗത്യം വിജയിക്കുമോ? പൊലീസ്‌, കോടതി, വീട്ടുകാരുടെ ശിക്ഷ ഇവയില്‍ നിന്നെല്ലാം ഞങ്ങള്‍ ഒഴിവാകുമോ? സീരിയലായിരുന്നെങ്കില്‍ ഇവിടം കൊണ്ട്‌ നിര്‍ത്താമായിരുന്നു. സകല ദൈവങ്ങളെയും വിളിച്ച്‌ ഞങ്ങള്‍ വരാന്തയില്‍ത്തന്നെ നിന്നു. അകത്ത്‌ ടീച്ചര്‍ സാറിനോട്‌ സംസാരിക്കുന്നു.

അഞ്ചുമിനിട്ട്‌ കഴിഞ്ഞ്‌ സര്‍ പുരത്തേക്ക്‌ വന്നു. ബാഗൊക്കെയെടുത്ത്‌ വീട്ടിലേക്കു പോകാനുള്ള വരവല്ല. വെറും കൈയ്യോടെയാണു വരവ്‌.

"എന്താടാ ഇവിടെ നിക്കുന്നേ? വീട്ടില്‍ പോകുന്നില്ലേ?"

ഒരാള്‍ നിലത്തേക്കു നോക്കി. ഒരുവന്‍ തലചൊറിഞ്ഞു. ഒരുത്തന്‍ ഒരു ഗദ്ഗദം വിഴുങ്ങി അങ്ങനെ പല ഭാവങ്ങള്‍.

"നിങ്ങളെന്നാ അപകടം പിടിച്ച പണിക്കാ കൂട്ടു നിന്നേന്നു അറിയാവോ?"

"അറിയാം സാര്‍!"

"ഇനി അങ്ങനത്തെ പണിക്കുപോകുമോ?"

ഹാ! കാതില്‍ തേന്മഴപോലെയാണ്‌ ആ ചോദ്യം ഞങ്ങള്‍ക്ക്‌ അനുഭവപ്പെട്ടത്‌. ശുഭലക്ഷണം!

"ഇനി ചെയ്യില്ല സാര്‍!"

"നിങ്ങള്‍ടെ നന്മയ്ക്കു വേണ്ടീട്ടാ ഓരോ കാര്യങ്ങളൊക്കെ പറയുന്നത്‌. പള്ളിക്കൂടത്തീ വരുന്നതു പഠിക്കാന്‍ വേണ്ടീട്ടാ. അല്ലാതെ കുരുത്തക്കേടൊപ്പിക്കാന്‍ വേണ്ടീട്ടല്ല. തല്‍ക്കാലം പൊയ്ക്കോ എല്ലാനും!!"

"താങ്ക്യൂ.... സാര്‍!!"

നീട്ടിയൊരു താങ്ക്‌സടിച്ച്‌ സന്തോഷം തുളുമ്പുന്നമനസ്സുമായി ഞങ്ങള്‍ നടന്നു തുടങ്ങുമ്പോള്‍ ഞങ്ങളെ നോക്കിച്ചിരിച്ചുകൊണ്ട്‌ ഓഫീസിന്റെ വാതില്‍ക്കല്‍ ജോമേരിടീച്ചര്‍ നില്‍പ്പുണ്ടായിരുന്നു. ഞങ്ങളുടെ മദര്‍ തെരേസയായിട്ട്‌!


വാല്‍: ഉലഹന്നാന്‍ സര്‍ പിന്നെയും എന്റെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. കുസൃതിത്തരത്തിന്റെ ടെന്‍ഷനില്ലാത്ത മറ്റുചില ധന്യരംഗങ്ങളില്‍. അക്കഥകള്‍ പിന്നീട്‌.

2 comments:

എം.എസ്. രാജ്‌ said...

ഒരു പോസ്റ്റ്‌ നാട്ടിയ കഥ

Nayam said...

mother evideya keri varunne ennaarnnu avasanam vare ente nottam...Kollam. Normal Raj story.... :)