അങ്ങനെയിരിക്കേ ഒരു ദിവസം ഏഴാം ക്ലാസ്സിലെ ബായ്‌ക്ക്ബെഞ്ചുകാരെ ഒഴിവാക്കിയിട്ട് പഠനത്തിന്റെ കാര്യത്തില്‍ ഇടത്തരക്കാരും മേല്‍ത്തരക്കാരുമായ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചിട്ട് ഒരു ക്വിസ് മല്‍സരം നടത്തി. എന്തിനാ ഇപ്പോഴിങ്ങനെയൊരു ക്വിസ് മല്‍സരം എന്നു ഞങ്ങളൊക്കെ സംശയിച്ചു. നമുക്കു വേണ്ടീട്ടല്ല, പിന്നെ സാറുമ്മാരു പറഞ്ഞതിന്‍ പ്രകാരം കേറി ഞാനും അറ്റന്‍ഡ് ചെയ്യുകേം ചെയ്‌തു.
തുടരുന്നതിനു മുന്നേ അല്‍പം പശ്ചാത്തലം കൂടി പറയേണ്ടി വരും. മാന്യവായനക്കാര്‍ക്ക് എവിടെയെങ്കിലും ഞാന്‍ വീരസ്യം വിളമ്പുന്നു എന്നു തോന്നിയാല്‍ ഇനി വരുന്ന രണ്ടു ഖണ്ഡിക ഒഴിവാക്കി തുടര്‍ന്നു വായിക്കാവുന്നതാണ്. ഈ പഠനത്തിന്റെ കാര്യത്തില്‍ എന്റെ ഒരു ബാലാരിഷ്‌ടത മാറുന്നത് ഏതാണ്ട് നാലാം ക്ലാസ്സില്‍ എത്തിയതോടെയാണ്. രണ്ടാം ക്ലാസ്സില്‍ പരീക്ഷയ്‌ക്കു വന്ന കണക്കു ചെയ്‌തു മുഴുമിക്കാന്‍ വയ്യാതെ ടീച്ചര്‍ ഇടപെടുകയും ആ ദുര്യോഗം നിറഞ്ഞ സന്ദര്‍ഭത്തില്‍ വിഷമിച്ചുപോയ എന്റെ കണ്ണീര്‍ വീണ് പരീക്ഷക്കടലാസ് നനയുകയും ചെയ്‌ത അനുഭവം ഉണ്ടായിട്ടുണ്ട്! നാലാം ക്ലാസ്സില്‍ എത്തുമ്പോഴേക്കും ഫിലോമിന എന്നു പേരുള്ള ഒരു ടീച്ചറുടെ സത്വരശ്രദ്ധ എന്നില്‍ പതിയുകയുണ്ടായി. ആ ക്ലാസ്സിലാണു സാദാ സിലബസ്സില്‍ ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നത്. അപ്പോള്‍ ഏബീസീഡീ അറിയാമായിരുന്നു എന്നതാണ് എന്നെ ശ്രദ്ധിക്കാന്‍ കാരണം. അങ്ങനെ ഞാന്‍ മുഖ്യധാരയിലേക്കു വരുകയും തുടര്‍ന്ന് ക്ലാസ്സിലെ ഒരു സ്റ്റാര്‍ പെര്‍ഫോമര്‍ ആവുകയും ചെയ്‌തു. അഞ്ചാം ക്ലാസ്സ് അട്ടര്‍ ഫ്ലോപ്പ്! അഗസ്റ്റിന്‍ എന്നു പേരുള്ള ഒരു കണക്കുസാര്‍. കുട്ടികള്‍ ഒരു അദ്ധ്യാപകനെതിരേ മാനേജ്‌മെന്റിനു പരാതി കൊടുത്ത സ്‌കൂള്‍ ചരിത്രത്തിലെ അത്യപൂര്‍വ്വസംഭവം ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍(ആ ചെറുപ്രായത്തില്‍പ്പോലും ഇതിനുള്ള ഐഡിയാ ഞങ്ങള്‍ക്കെവിടുന്നു കിട്ടി എന്നറിഞ്ഞൂടാ). ഭിന്നസംഖ്യകള്‍ കൊണ്ടുള്ള ക്രിയകള്‍ യക്ഷിക്കഥകളെക്കാള്‍ പേടിപ്പെടുത്തുന്ന സംഗതിയാക്കിത്തന്നതിനു കടപ്പാട് ഈ സാറിനോട്. നാലാം ക്ലാസ്സില്‍ നിന്നും എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ് ഉള്‍പ്പടെ പഠനമികവിനുള്ള നിരവധി സമ്മാനങ്ങള്‍ വാങ്ങി വന്ന ഞാന്‍ സന്മാര്‍ഗ്ഗപാഠം എന്ന ഡൂക്കിലി വിഷയത്തിനു അന്‍പതില്‍ പതിനേഴു മാര്‍ക്കുവാങ്ങി തോറ്റു! ഇതറിഞ്ഞ ഫിലോമിന ടീച്ചര്‍ വിഷമത്തോടെ എന്നെ സ്‌നേഹബുദ്ധ്യാ ഉപദേശിച്ചു. അച്ഛനെക്കണ്ടു സ്ഥിതിയുടെ ഗൗരവം ബോദ്ധ്യപ്പെടുത്തി. ഇംഗ്ലീഷിലെ തറ-പറ തറവായിരുന്നതു കൊണ്ട് ശൗര്യാര്‍ സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ കേമനായി. സുരേഷ്‌കുമാര്‍ രാഘവന്‍ എന്നെ നോക്കി കോപ്പിയടിച്ച് My name is Rajmon എന്നെഴുതിയത് അക്കാലത്താണ്. വെല്യ അപകടങ്ങള്‍ ഒന്നുമില്ലാതെ എന്നാല്‍ എടുത്തു പറയത്തക്കനേട്ടങ്ങളുമില്ലാതെ അഞ്ചാം ക്ലാസ് കടന്നു കൂടി. ആ വര്‍ഷം അഗസ്റ്റിന്‍ സാറും അവിടുന്നു കെട്ടുകെട്ടി. ആറാംക്ലാസ്സ് ഞാന്‍ ഓര്‍ക്കുന്നത് സാമൂഹ്യപാഠത്തിനു അനന്തമായി എഴുതിക്കൂട്ടിയ ഇമ്പോസിഷനുകളുടെ പേരിലാണ്. ജാന്‍സി മരിയ ടീച്ചര്‍ക്കു നന്ദി. വി-ഗൈഡിലെ വിശകലനങ്ങളും അര്‍ഥങ്ങളും വള്ളിപുള്ളി തെറ്റാതെ പഠിപ്പിച്ച എല്‍സമ്മ ടീച്ചര്‍ വേറൊരോര്‍മ്മ. പ്രസന്റ്-പാസ്റ്റ്-പാസ്റ്റ് പാര്‍ട്ടിസിപ്പിള്‍ എന്നിങ്ങനെ മൂന്നു സംഗതി ഉണ്ടെന്ന് അറിഞ്ഞത് ആ പ്രായത്തില്‍. അവയില്‍ പാസ്റ്റ് പാര്‍ട്ടിസിപ്പിള്‍ ആയി വരുന്ന പദത്തിന്റെ തനതു മലയാള അര്‍ഥം എന്റെ ഉള്ളില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു.
ക്ലാസ് ഏഴ്. അഞ്ചിലും ആറിലും കുസൃതിത്തരങ്ങള്‍ക്കു ഇടയ്ക്കിടെ കിട്ടാറുണ്ടായിരുന്ന ചൂരല്‍ക്കഷായം ശകാരത്തിന്റെ മേമ്പൊടി ചേര്‍ത്ത് അപ്പോഴും ലഭിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും ഞാന്‍ ഒരു ക്രിമിനലായി വിലയിരുത്തപ്പെട്ടില്ല എന്നത് എന്റെ ഭാഗ്യം. ഒത്തിരിക്കാലം കൂടി ആ വര്‍ഷം കണക്കിനു അന്‍പതില്‍ അന്‍പതു വാങ്ങിയതു ശ്രദ്ധേയം. ആ റിസള്‍ട്ട് ജാന്‍സി മരിയ സിസ്റ്ററുടെ മഠത്തിലെ ടേബിളില്‍ നിന്നും വിശ്വസനീയവൃത്തങ്ങള്‍ വഴി ചോര്‍ന്നു ക്ലാസ്സില്‍ വാര്‍ത്തയായി. പിന്നീടിങ്ങോട്ട് വന്ന കണക്കു പരീക്ഷകളെല്ലാം കണക്കായിരുന്നു. അങ്ങനെ പഠിച്ചും വികൃതിത്തരങ്ങള്‍ക്കു തല്ലുകൊണ്ടും കൂട്ടുകാര്‍ക്ക് ഒരു കമ്പനിക്കായി ക്ലാസ്സില്‍ ഉഴപ്പിയും എന്നാല്‍ പരീക്ഷയ്‌ക്കു തെറ്റില്ലാതെ മാര്‍ക്ക് വാങ്ങിയും ഞാന്‍ നീങ്ങുകയാണ്. സൈക്കിളില്‍ ലോകം ചുറ്റുന്ന പരിപാടി വാരാന്ത്യങ്ങളില്‍. ഇംഗ്ലീഷിന്റെ ചോദ്യത്തിനു ഉത്തരം തെറ്റിക്കുമ്പോള്‍ അടിയുടെ ഒപ്പം ഈ വിനോദത്തെ ജയിംസ് സാര്‍ കുറ്റപ്പെടുത്തിയിരുന്നു. "മുഴുവന്‍ സമയോം സൈക്കിളിന്റെ പൊറത്തു കേറി നടന്നോ കെട്ടോടാ!" റ്റക്ക്! റ്റക്ക്! വലത്തെ ഉള്ളംകൈയ്യുടെ തോല്‍ പൊള്ളി.
ആദ്യം പറഞ്ഞ ക്വിസ് മല്‍സരത്തിലേക്ക്. ഞങ്ങള്‍ പത്തിരുപതു പേര്‍ ഉണ്ട് ക്വിസ്സിന്. വര്‍ഷാവര്‍ഷം നടക്കാറുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷകളുടെയൊക്കെ ഒരു അധിക ബലം എനിക്കുണ്ട് എന്നതു അനുകൂലഘടകം ആയിരിക്കണം. അന്നു ഫലം വന്നപ്പോള്‍ ഞാനായി മുന്‍പന്‍! ഒരു നിമിഷമാണത്, പിന്നീടിങ്ങോട്ട് പല കാര്യങ്ങള്‍ക്കും അടിസ്ഥാനശിലയായ ഒരു സംഭവം.
വിജയി കട്ടപ്പന സെന്റ് ജോര്‍ജ്ജ് സ്കൂളില്‍ വെച്ചു നടക്കുന്ന ഉപജില്ലാതല(അതോ ജില്ലയോ? ഓര്‍മ്മയില്ല) ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കണം. സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ എഴുതാന്‍ പോയി പരിചയം ഉണ്ട്. ഇതു അതു പോലെ അല്ലല്ലോ. ക്വിസ് മല്‍സരം അല്ലേ? ഒരു ഉല്‍ക്കണ്‌ഠ. പിറ്റേന്ന് അമ്മയെയും കൂട്ടി മല്‍സരസമയത്തിനു മുന്നേ കട്ടപ്പന സ്‌കൂളില്‍ ചെന്നു. ഉലഹന്നാന്‍ സര്‍ അവിടെ കാത്തു നില്‍ക്കുമെന്നാണു പറഞ്ഞിരികുന്നത്. ഇതേ സറിന്റെ ഭാര്യയുടെ വിദ്യാര്‍ഥിനി ആണ് എന്റെ അമ്മ! അതുകൊണ്ട് അമ്മയ്‌ക്ക് സ്വന്തം അദ്ധ്യാപകനോടെന്നപോലെ ഭവ്യതയാണു സറിന്റെ അടുത്തും. എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിലാണു മല്‍സരം. അവിടെ വെച്ച് സറിനെ കണ്ടുമുട്ടി. തന്റെ ബാഗില്‍ നിന്നും സര്‍ റെഫറന്‍സ് ലെറ്റര്‍ എടുത്തു. സംഘാടകരെ ഏല്‍പ്പിച്ചു രജിസ്ട്രേഷന്‍ നടത്തി. എന്റെ നമ്പര്‍ കുറിച്ചിട്ടിരുന്ന സ്ഥാനത്തേക്കു ഞാന്‍ നീങ്ങിയപ്പോള്‍ എന്നെക്കാള്‍ ഉല്‍ക്കണ്‌ഠ നിറഞ്ഞ മുഖത്തോടെ വാതില്‍ക്കല്‍ അകത്തേക്കു ശ്രദ്ധിച്ച് അമ്മ നിന്നിരുന്നതു ഞാന്‍ കണ്ടില്ല. സര്‍ മറ്റെന്തോ ഔദ്യോഗികാവശ്യത്തിനായി നീങ്ങി.
മല്‍സരം തുടങ്ങി. ഏതാണ്ട് മുപ്പതു പേരാണു മല്‍സരാര്‍ഥികള്‍. കടുകട്ടി ചോദ്യങ്ങള്‍. പലപ്പോഴും ഉത്തരമില്ലാതിരുന്നു. എന്നാല്‍ ഇടയ്‌ക്കൊക്കെ ചിലതെല്ലാം ശരിയായപ്പോള്‍ സന്തോഷം പൂക്കുറ്റി പോലെ പൊങ്ങി. നമ്മടെ ഒരു ലെവലുവെച്ച് സ്‌കോറുചെയ്യുന്നതെല്ലാം ലാഭം ആണ്. മലകളെ സംബന്ധിച്ച ഒരു ചോദ്യത്തിന് ഉത്തരം ഞാന്‍ തെറ്റിക്കുകയും ശരിയുത്തരം കാഞ്ചന്‍ജംഗ ആണെന്നു പഠിക്കുകയും ചെയ്‌തത് അന്നാണ്. പിന്നീട് പല മല്‍സരങ്ങളിലും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഈ ആദ്യപിഴവിനെ ഞാന്‍ നന്ദിയോടെ ഓര്‍ത്തു.
ഒരു പഠിപ്പിസ്റ്റ് പയ്യന്‍, കണ്ടാലേ അറിയാം, ക്വിസ് അങ്കം വെട്ടി പറന്നു കേറുന്നു. തെറ്റുന്ന ഉത്തരങ്ങള്‍ നന്നേ കുറവ്. ഒരുത്തരം തെറ്റിയാല്‍ അവന്‍ നിരാശനാവും. ഉത്സാഹത്തോടെ പങ്കെടുത്ത ചുറുചുറുക്കുള്ള ആ പയ്യനെ അവിടെ എല്ലാവരും ശ്രദ്ധിച്ചു. മല്‍സരം നടക്കെത്തന്നെ ഉറപ്പായിരുന്നു അവന്‍ തന്നെ വിജയി എന്ന്. ശരിയായിരുന്നു. വന്‍ മാര്‍ജ്ജിനോടെ അവന്‍ വിജയി ആയി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനം വിതരണം ചെയ്യവേ കൈകൊട്ടാന്‍ സ്‌പോര്‍ട്‌സ്‌മാന്‍സ്‌പിരിറ്റോടെ ഞാനും ചേര്‍ന്നു. എന്റെ സ്‌കോറും എന്റെ മുന്നിലുള്ളവരെയും ഞാന്‍ എണ്ണി. എനിക്ക് പത്താം സ്ഥാനം! വൗ!
ഞാന്‍ പുറത്തു വന്നു. അമ്മയോടൊപ്പം തിരികെ നടന്നു. പോരുന്ന വഴിക്ക് മല്‍സരത്തെക്കുറിച്ചു മാത്രം സംസാരിച്ചു. ജയിച്ചവന്റെ സ്‌മാര്‍ട്ട്‌നെസ്സിനെക്കുറിച്ചും.
"അവന്‍ എഴുതുന്ന ഉത്തരങ്ങള്‍ എല്ലാം ശരിയാ, ല്ലേ?" ഞാന്‍ അല്‍ഭുതപ്പെട്ടു.
"ഉം." അമ്മ ശരിവെച്ചു.
ഉച്ചയാകാറായപ്പോഴേക്കും ഞങ്ങള്‍ സ്‌കൂളിലെത്തി. ഫലമറിയാന്‍ ഉലഹന്നാന്‍ സര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
"പത്താം സ്ഥാനമേ കിട്ടിയുള്ളൂ സാറെ!" അമ്മയുടെ സ്വരത്തില്‍ ഒരു തോല്‌വിയുടെ ചുവ തിങ്ങി നിന്നിരുന്നു.
"ആദ്യത്തെ മല്‍സരമല്ലേ? അതു നല്ല സ്ഥാനം തന്നെ." ആ മറുപടി ഒരഭിനന്ദനം ആണെന്നു മനസ്സിലാക്കാന്‍ സറിന്റെ ഇടതുകരം എന്റെ തോളില്‍ തട്ടേണ്ട കാര്യമുണ്ടായിരുന്നില്ല. ഈ പത്തും ഒരു ജയം തന്നെ എന്നു ഞാനും കരുതി. ഒരുപക്ഷേ, സ്‌കൂളിലെ മറ്റാരെയുംകാള്‍ ഞാന്‍ നന്നായി സ്‌കോര്‍ ചെയ്‌തു എന്നു സര്‍ കരുതിക്കാണണം.
വീണ്ടും വന്നു മല്‍സരങ്ങള്‍. പിന്നെയും അമ്മ കൂട്ടു വന്നു. ഒരിക്കല്‍ ആ മിടുക്കന്‍ പയ്യന്റെ അമ്മയെ അമ്മ പരിചയപ്പെട്ടു. ഒരു ടീച്ചറാണവര്‍. ഉപ്പുതറ ആണോ മാട്ടുക്കട്ട ആണോ സ്ഥലം, കൃത്യമായി ഓര്‍ക്കുന്നില്ല. സെന്റ് ജോര്‍ജ്ജ് സ്‌കൂളിന്റെ ആ മുറ്റത്തു വെച്ച് ഞാന്‍ അവന്റെ ഒപ്പം നടന്നു, അമ്മ ആ ടീച്ചറിനൊപ്പവും. സമ്മാനിതനായ അവന്റെ ഒപ്പം പിന്നാക്കക്കാരനായ ഞാന്‍. ടീച്ചറായ അവരുടെ ഒപ്പം ഒരു സാധാരണ വീട്ടമ്മയായ എന്റെ അമ്മ. ഒരു അപകര്‍ഷതാബോധം എനിക്കുണ്ടെന്നു വായനക്കാര്‍ കരുതിയാല്‍ തെറ്റി. ഇല്ലായിരുന്നു. കാരണം അത്യന്തം സ്‌നേഹത്തോടെ ആ 'ടീച്ചറമ്മ' എന്റെ സ്‌കോര്‍ തിരക്കി. സ്‌കൂളിലെ വിശേഷങ്ങള്‍ ചോദിച്ചു. അമ്മയോട് മറ്റൊരമ്മ അന്വേഷിക്കുന്ന കാര്യങ്ങള്‍ ചോദിച്ചു. ഞാനും ജയിക്കുമെന്നു ആശംസിച്ചു. ആ മിടുക്കന്‍ പയ്യന്‍ ഒരു സഹപാഠിയെപ്പോലെ എന്റെ ഒപ്പം സെന്റ് ജോര്‍ജ്ജ് സ്‌കൂളിന്റെ മുറ്റത്തെ ചെമന്ന മണ്ണിലൂടെ നടന്നു. വിജയിച്ചവനെന്ന ഭാവമില്ലാതെ, തോറ്റവനെന്ന് എന്നെ തരംതിരിക്കാതെ! കാലം ഇപ്പോള്‍ മായ്ച്ചുകൊണ്ടിരിക്കുന്ന, മാല്‍സര്യമില്ലാത്ത ബാല്യത്തിന്റെ നന്മ! പിന്നീടധികം നാള്‍ അവനെ കാണാന്‍ പറ്റിയില്ല. ഭൂമി പിന്നെയും ഒരുപാടു കറങ്ങിയതുകൊണ്ട് ആ മിടുക്കന്‍ പയ്യന്റെ പേരു ഞാന്‍ മറന്നു. ഇന്നിതെഴുതുമ്പോള്‍ ആ പേരെങ്കിലും ഓര്‍ത്തുവെയ്‌ക്കാമായിരുന്നു എന്ന് മന:സാക്ഷി എന്നെ കുറ്റപ്പെടുത്തുന്നു...
(തുടരുമെന്നു പറയേണ്ടതില്ലല്ലോ.)
എന്തിനാ ഇപ്പോഴിങ്ങനെയൊരു ക്വിസ് മല്‍സരം ???
ReplyDeleteഎല്ലാം ഇങ്ങ് പോരട്ടെ.
ReplyDeleteഓഫ്ഫ്:
പണ്ടത്തെ കൊച്ചു കുട്ടിയുടെ ചിത്രം എന്നാണ് വലിയ കുട്ടിയായത്. ഇന്നാണ് ശ്രദ്ധിക്കുന്നത്.
അനില്‍ @ ബ്ലോഗ് , നന്ദി.
ReplyDeleteഫേസ് ബുക്ക് , ഗൂഗിള്‍ പ്ലസ് എന്നിങ്ങനെ എല്ലായിടത്തും ഒരേ മുഖം കാണിക്കാം എന്ന ഉദ്ദേശത്തില്‍ ഈയടുത്ത കാലത്താ മാറ്റിയത്.
Nannayirikkunnu.... Straight from heart. Sahithyathinte aalankaarikatha ottumillatha shaili...Kollam
ReplyDeletethanks DCN!
ReplyDelete@ അനില്‍@ബ്ലോഗ് // anil,
ReplyDeletepls see comment by Deepak Raj on Facebook:
"അനില്‍ @ ബ്ലോഗ് .. ഓലപ്പീപ്പിയില്‍ കമന്റ് ഇട്ടതു കണ്ടു.. പണ്ടത്തെ ചെറിയ കുട്ടി എപ്പോഴാണ് വലിയ കുട്ടി ആയതെന്നു... മോനെ .. കുഞ്ഞുണ്ടായ കാര്യം പോസ്റ്റില്‍ ഇട്ടു അറിയിക്കണ്ട നേരം കഴിഞ്ഞു.."
So, for your information :
[പിതൃപര്‍വ്വം] http://olapeeppi.blogspot.com/2010/09/blog-post.html
[പിറവി തന്ന നിറനിമിഷം!] http://olapeeppi.blogspot.com/2010/10/blog-post_2136.html