Friday, August 19, 2011

ഗുരുത്വം എന്ന ശരിയുത്തരം - 4

വിടെയാണ്‌ ഉലഹന്നാന്‍ സാറിന്റെ വീട്‌ എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരമില്ലാതെയാണ്‌ മഴ കുളിര്‍പ്പിച്ച ഒരു സായാഹ്നത്തില്‍ ഞാനും അച്ഛനും വീട്ടില്‍ നിന്നിറങ്ങിയത്‌. പേഴുംകവലയുടെ താഴ്‌വരയില്‍ എവിടെയോ ആണെന്നറിയാമായിരുന്നു. കട്ടപ്പനയ്‌ക്കുള്ളിലും ചുറ്റുമായി ഒരുപാട്‌ കവലകളുണ്ട്‌ കെട്ടോ എസ്‌.എന്‍. കവല, പള്ളിക്കവല, സ്‌കൂള്‍ കവല, ഇടുക്കിക്കവല, വെട്ടിക്കുഴക്കവല, അശോകക്കവല എന്നിങ്ങനെ.

പേഴുംകവലയ്‌ക്കു നടക്കവേ വഴിയിലെ ഒരു കടക്കാരനോട്‌ സാറിന്റെ വീട്‌ അന്വേഷിച്ചു. അയാള്‍ ഒരേകദേശരൂപം തന്നു. പറഞ്ഞയിടത്തു ചെന്ന്‌ ആദ്യം കണ്ട വീട്ടില്‍ തിരക്കി. അവിടുന്നൊരാള്‍ പാതിവഴിവരെ ഒപ്പം വന്നു. ഇരട്ടയാര്‍ റോഡില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്‌ ഓരത്തുകൂടെ ഇറക്കമിറങ്ങിപ്പോകുന്ന നടപ്പുവഴി. മഴയില്‍ കുതിര്‍ന്നതിനാലും അപരിചിതത്വം മൂലവും അല്‍പം പ്രയാസപ്പെട്ടാണിറങ്ങിയത്‌. ഇറക്കം തീര്‍ന്നപ്പോള്‍ വലതുവശത്ത്‌ ഒരു കുളം കണ്ടു. വഴിയില്‍ ഒന്നുരണ്ടിടത്ത്‌ ചക്കപ്പഴം പൊഴിഞ്ഞു വീണ്‌ ഈച്ചയാര്‍ത്തു കിടന്നിരുന്നു. പുതുതായി നട്ട ഏലച്ചെടിയുടെ ഒറ്റത്തണ്ട്‌ താങ്ങുകുറ്റിയില്‍ നടുചേര്‍ത്തുനിന്നു ഞങ്ങളെ നോക്കി. നേരമിരുട്ടിയില്ല, എന്നാലും മരങ്ങളുടെ ചൂടല്‍ കാരണം അവിടെ അല്‍പം ഇരുട്ടുപോലെ; തണുപ്പും. ചെറിയ ഒരു തോടിനു കുറുകെ ഒരു കോണ്‍ക്രീറ്റ്‌ സ്‌ളാബ്‌. താഴെ തെളിനീരില്‍ പരല്‍മീനുകള്‍. മുന്നില്‍ അല്‍പമുയരെ സറിന്റെ വീട്‌.

അച്ഛന്‍ മുന്നേ നടന്നു. സറിന്റെ കാവല്‍നായ വമ്പന്‍ ബഹളമുണ്ടാക്കി. ഇറങ്ങിവന്ന സറിന്‌ ആളെ പിടികിട്ടിയില്ല. പക്ഷേ ആ മുഖത്ത്‌ പരിചയഭാവം.

"സറിനു മനസ്സിലായില്ലേ? ഞാന്‍ കൊച്ചുതോവാള സ്‌കൂളില്‍ സറിന്റെ സ്റ്റുഡന്റ്‌ ആയിരുന്നു. രാജ്‌മോന്‍!"

"ഓ.. രാജ്‌മോന്‍... എന്റെ മോനേ, ഞാന്‍ പേരങ്ങു മറന്നുപോയെടാ!" മൂന്നുവര്‍ഷത്തെ അകല്‍ച്ച ഒരു നിമിഷം കൊണ്ട്‌ ഇല്ലാതായി.

ടീച്ചറിനെയും മക്കളെയുമൊക്കെ പരിചയപ്പെടുത്തി. സര്‍ ചോദിച്ചു. "പിന്നെ എന്തൊക്കെയുണ്ട്‌ വാര്‍ത്തകള്‍?"

മുഖത്തൊരു പ്രസാദം നിറഞ്ഞ ചിരിയോടെ അച്ഛന്‍ പറഞ്ഞു തുടങ്ങി.
"സാറു പണ്ടേ.. ഇവനേഴാം ക്ലാസ്സീന്നു ടി.സി. വാങ്ങിച്ച്‌ ഇരട്ടയാര്‍ സ്‌കൂളിലേക്കു പോകുന്ന നേരത്ത്‌ ഇവനോടൊരു കാര്യം പറഞ്ഞാരുന്നു. പത്താം ക്ലാസ്‌ ഡിസ്റ്റിങ്ങ്‌ഷനോടെ പാസ്സാവണം, എന്നിട്ടു വന്ന്‌ സാറിനെ കാണണംന്ന്‌. ഡിസ്റ്റിങ്ങ്‌ഷനൊന്നും കിട്ടിയില്ല, എന്നാലും അന്നു സാറു പറഞ്ഞകൊണ്ട്‌ എസ്‌.എസ്‌.എല്‍.സി. ബുക്കു കിട്ടിക്കഴിഞ്ഞപ്പോള്‍ അതുംകൊണ്ട്‌ സാറിനെ ഒന്നു കാണാന്‍ വന്നതാ."

ഈ നേരമത്രയും ശ്രദ്ധാപൂര്‍വ്വം അച്ഛന്റെ വാക്കുകള്‍ കേള്‍ക്കുന്ന സറിനെ ഞാന്‍ ഇമയനക്കാതെ നോക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പണ്ടത്തെ ഒരു വാക്കനുസരിക്കാന്‍ വന്ന ശിഷ്യനെക്കണ്ട അദ്ഭുതവും നിറവുമായിരുന്നു ആ മുഖത്ത്‌. ഞാന്‍ സര്‍ട്ടിഫിക്കറ്റ്‌ അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു. ടീച്ചറും മക്കളുമൊക്കെ അതു വാങ്ങി നോക്കി. സര്‍ സംസാരിച്ചു.

"എനിക്ക്‌ അന്നേ വെലിയ പ്രതീക്ഷ ഉണ്ടായിരുന്ന പയ്യനാ ഇവന്‍. (എന്നെ നോക്കിയിട്ട്‌) എന്തായാലും നീ വന്നല്ലോ. എനിക്ക്‌ ഒത്തിരി സന്തോഷമായി. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രേം കാലത്തിനു ശേഷം ഇങ്ങനെയൊരു സ്റ്റുഡന്റ്‌ എന്നെക്കാണാന്‍ വരുമെന്ന്‌."

തുടര്‍ന്ന്‌ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം വിവരിച്ചു- പത്തുമുപ്പത്തഞ്ചുകൊല്ലം പഠിപ്പിച്ചിട്ടുണ്ട്‌; പലയിടങ്ങളിലായി. ആദ്യകാലത്ത്‌ പഠിപ്പിച്ചിരുന്നവരൊക്കെ ഇപ്പോള്‍ ഒരുപാടു മുതിര്‍ന്നവരായി. ഇക്കാലത്തൊന്നും കിട്ടാതിരുന്ന ഒരു അനുഭവമാണ്‌ ഇന്നു നീ തന്നത്‌ - എന്നൊക്കെ പറഞ്ഞു. ടീച്ചറും മക്കളും ഞങ്ങളും കേട്ടുകൊണ്ട്‌ നിന്നു.

നേരമിരുട്ടിത്തുടങ്ങിയിരുന്നു. പുറത്തു ചീവീടുകള്‍ ആര്‍ത്തലച്ചുകരഞ്ഞു.

മുണ്ടിന്റെ മടിക്കുത്തില്‍ നിന്നും അച്ചന്‍ ഒരു പൊതി എടുത്തു. ഒരു വെറ്റില, ചെമ്പഴുക്ക, ഒരു നോട്ട്‌, ഒരു ഒറ്റരൂപാ നാണയം. എന്റെ കയ്യില്‍ വെച്ചുതന്നു. ഞാന്‍ എഴുന്നേറ്റു സറിന്റെ മുന്നില്‍ ചെന്നു. 'എന്നെ അനുഗ്രഹിക്കണം' എന്നു പറഞ്ഞുകൊണ്ട്‌ ആ കൈകളില്‍ ദക്ഷിണ നല്‍കി. പ്രിയപ്പെട്ട ഗുരുനാഥന്റെ പാദം തൊട്ടു കണ്ണില്‍ വെച്ചു. അദ്ദേഹം എന്റെ തലയില്‍ കൈവെച്ചു. 'നന്നായി വരും' എന്നു പറഞ്ഞു. ഇരുകൈകളും കൊണ്ട്‌ സ്വശരീരത്തോടു ചേര്‍ത്തണച്ചു.

"സന്തോഷമായെടാ എനിക്ക്‌. നീ ഓര്‍ത്തുവന്നെന്നെ കണ്ടല്ലോ!" ആ മനസ്സു നിറയുന്നതു ഞാനറിഞ്ഞു. അച്ഛന്റെയും അദ്ധ്യാപകന്റെയും ആത്മഹര്‍ഷമറിഞ്ഞു.

തിരികെ നടക്കുമ്പോള്‍ വഴിയില്‍ ഇരുട്ടു വീണിരുന്നു. കാനയിലെ പരല്‍മീനുകളെ കാണാനാവുമായിരുന്നില്ല. കണ്ണിന്റെ കോണില്‍ മിന്നിനിന്നിരുന്ന ഒരു നക്ഷത്രം ദീപം തെളിച്ചു തന്നു.

(അവസാനിച്ചു)
==========================
പിന്‍‌കുറിപ്പ്:
1) ശീര്‍ഷകത്തില്‍ എത്തി എന്നു തോന്നുന്നു.

2) പിന്നീടും പലതവണ അദ്ദേഹത്തെ കാണാനായി പോയിട്ടുണ്ട്‌. ഈ ജോലി കിട്ടുന്നതിനു മുന്‍പും വിവാഹം ക്ഷണിക്കാനുമൊക്കെയായി. അന്നും ഇന്നും ഒരേ സ്‌നേഹവും കരുതലും തന്നെ; അതാണെന്റെ ഭാഗ്യവും.

3 comments:

  1. പുതുതായി നട്ട ഏലച്ചെടിയുടെ ഒറ്റത്തണ്ട്‌ താങ്ങുകുറ്റിയില്‍ നടുചേര്‍ത്തുനിന്നു ഞങ്ങളെ നോക്കി. നേരമിരുട്ടിയില്ല, എന്നാലും മരങ്ങളുടെ ചൂടല്‍ കാരണം അവിടെ അല്‍പം ഇരുട്ടുപോലെ; തണുപ്പും. ചെറിയ ഒരു തോടിനു കുറുകെ ഒരു കോണ്‍ക്രീറ്റ്‌ സ്‌ളാബ്‌. താഴെ തെളിനീരില്‍ പരല്‍മീനുകള്‍.

    ReplyDelete
  2. Nalla Series...Ishtaayi...
    Pinne why do you put one comment of your own.....
    Puthye valla technicum aanenkil paranju thaayo..Njanum pareekshikkam :D

    ReplyDelete
  3. നന്ദി ഡിസി‌എന്‍.

    പിന്നെ കമന്റിടുന്നത് എന്തിനെന്നല്ലേ... സ്വന്തം ആണെങ്കില്‍ കൂടി ഒരു കമന്റേലും ഇരിക്കട്ടെ എന്നു വെച്ച്..

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'