Wednesday, August 17, 2011

ഗുരുത്വം എന്ന ശരിയുത്തരം - 2

ക്വിസ്‌ മല്‍സരങ്ങള്‍ തുടര്‍ക്കഥയായി. എന്നുംകൊണ്ട്‌ ഒരുപാടൊന്നുമില്ല. കൂടിയാലൊരഞ്ചെട്ടെണ്ണം. മല്‍സരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാം എന്നതാണു സ്ഥിതി. ഒരിക്കല്‍ രാവിലെ സ്‌കൂളില്‍ ചെന്നപ്പോളാണ്‌ അന്നു ക്വിസ്‌ മല്‍സരമുണ്ടെന്ന്‌ അറിയുന്നത്‌. മല്‍സരത്തിനു പോകാന്‍ തുണയ്‌ക്ക്‌ പ്യൂണ്‍ തങ്കച്ചന്‍ ചേട്ടനെ ആണ്‌ ഏര്‍പ്പാടാക്കിയിരുന്നത്‌.

അങ്ങനെ, സ്‌കൂളില്‍ പഠിക്കാനെത്തിയ ഞാന്‍ ബാഗ്‌ ക്ലാസിലുപേക്ഷിച്ച്‌ ഹെഡ്‌മാസ്റ്റര്‍ ഉലഹന്നാന്‍ സാറിന്റെ നിര്‍ദ്ദേശപ്രകാരം തങ്കച്ചന്‍ ചേട്ടനുമൊത്ത്‌ കട്ടപ്പനയ്‌ക്കു വെച്ചു പിടിച്ചു. ടിയാന്‍ ഏറെക്കാലം അവിടത്തെ പ്യൂണായിരുന്നു. വെറ്റില മുറുക്കുന്ന, എന്നും പോളിയെസ്റ്റര്‍ ഡബിള്‍ മുണ്ട്‌ ഉടുക്കുന്ന, ചുരുണ്ട മുടിയുള്ള വെളുത്തുയരമുള്ള തങ്കച്ചന്‍ ചേട്ടന്‍.

തങ്കച്ചന്‍ ചേട്ടന്റെ അഭാവത്തില്‍ അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം കുട്ടികളാവും സ്‌കൂളില്‍ മണി അടിക്കുക. ഞങ്ങളുടെ ഏഴ്‌ എ ഡിവിഷന്റെ വാതിലിനു നേരേയാണ്‌ മണി തൂക്കിയിട്ടിരിക്കുന്നത്‌. കൂട്ടമണി മുഴക്കേണ്ട ഫസ്റ്റ്‌ ബെല്‍ നീളം കൂട്ടാന്‍ ടിണ്ടിണ്ടിണ്ടിണ്ടി.. എന്നടിച്ച്‌, ഓണ്‍ ദ ഗോ രണ്ടാമതൊരുത്തന്‌ കൊട്ടുവടി കൈമാറ്റം ചെയ്‌ത്‌ ഇടമുറിക്കാതെ ദീര്‍ഘനേരം മുഴക്കുന്ന സൂത്രങ്ങളൊക്കെ ഉണ്ടായിരുന്നു! മണി അടിക്കാനുള്ള അവസരത്തിനായി കാലേകൂട്ടി കൊട്ടുവടി എടുത്തുപിടിച്ചു നില്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു ഞങ്ങള്‍. ഇനി സ്‌കൂളില്‍ തങ്കച്ചന്‍ ചേട്ടനുള്ളപ്പോഴാണെങ്കിലും കുട്ടികള്‍ക്കായി ആ സുവര്‍ണ്ണാവസരം അങ്ങേര്‍ വിട്ടു കൊടുക്കാറുമുണ്ട്‌. ഞാനും ഇങ്ങനെ എത്ര 'മണിയടിച്ചിരിക്കുന്നു'!

ഒരു മണിക്കൂറോളമെടുക്കും അവിടെ നിന്നും നടന്ന്‌ കട്ടപ്പന സ്‌കൂളിലെത്താന്‍. നടക്കാന്‍ നാട്ടുകാരാരും നാണിക്കാത്ത കാലമാണ്‌. വല്ല ഓട്ടോയോ ജീപ്പോ കിട്ടാനുള്ള പ്രയാസം തന്നെ കാരണം. ഞങ്ങളുടെ നടപ്പു തുടങ്ങി. തങ്കച്ചന്‍ ചേട്ടന്‍ തന്റെ നീളമുള്ള കാലുകള്‍ നീട്ടി വലിച്ച്‌ നടക്കുന്നതു കൊണ്ട്‌ പയ്യനായ ഞാന്‍ പിന്നിലായിപ്പോകും. തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ നടപ്പല്ല, എന്നാലോട്ടവുമല്ല എന്ന പരുവത്തില്‍ ഞാനും. ഇടയ്‌ക്ക്‌ മൂപ്പര്‍ നടപ്പിന്റെ വേഗം കുറച്ചിട്ട്‌ എന്നോട്‌ ചോദിക്കും- "മടുത്തോടാ?". 'ഇല്ല' എന്നു പറഞ്ഞ്‌ വീണ്ടും ഞാന്‍ പിന്നാലെ. ചെങ്കരിക്കിന്റെ നിറമുള്ള കവറിലിട്ട ഓതറൈസേഷന്‍ ലെറ്റര്‍ ക്വിസ്‌ നടത്തിപ്പുകാരെ അന്നു തങ്കച്ചന്‍ ചേട്ടന്‍ ഏല്‍പ്പിച്ചു. (ഇദ്ദേഹം കഴിഞ്ഞ വര്‍ഷം മരിച്ചുപോയി.)

മറ്റൊരിക്കല്‍ മല്‍സരത്തിനു ഞാന്‍ തനിയെ പോയി. കട്ടപ്പന ടി.ബി. ജംക്‌ഷന്‍ കഴിഞ്ഞ്‌ ശവപ്പെട്ടിക്കടയുടെ സമീപത്തെ എയ്‌ഡഡ്‌ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഓഫീസില്‍ ഞാന്‍ ആദ്യം കയറിയത്‌ അന്നാണ്‌. ഉലഹന്നാന്‍ സാറിന്‌ അവിടെ പോകേണ്ട എന്തോ ആവശ്യമുണ്ടെന്ന്‌ തലേന്ന്‌ എന്നോട്‌ പറഞ്ഞതിന്‍പ്രകാരമാണ്‌ ഞാന്‍ അവിടെ എത്തിയത്‌. അദ്ദേഹം വേണം എന്നെ മല്‍സരസ്ഥലത്തേക്കു കൊണ്ടുപോകാന്‍. പറഞ്ഞുപിടിച്ചുവന്നപ്പോഴാണ്‌ സ്‌കൂളില്‍ നിന്നുള്ള കത്ത്‌ എന്റെ കൈവശമില്ല എന്നു സാര്‍ മനസ്സിലാക്കിയത്‌. തലേന്ന്‌ അതു തയ്യാറാക്കാനോ ഏല്‍പിക്കാനോ സര്‍ മറന്നു പോയിരുന്നു. ഭാഗ്യവശാല്‍ സ്‌കൂള്‍ സീല്‍ സറിന്റെ ഹാന്‍ഡ്‌ബാഗില്‍ ഉണ്ടായിരുന്നതു കൊണ്ട്‌ അവിടെവച്ചു തന്നെ കത്തു തയ്യാറാക്കിത്തരികയും അങ്ങനെ അന്ന്‌ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയും ചെയ്‌തു.

എഴുത്തു രീതിയായിരുന്നു ഞാന്‍ പങ്കെടുത്ത മിക്കവാറും മല്‍സരങ്ങളും. മല്‍സരങ്ങള്‍ ഏറിയതോടെ സ്ഥാനപ്പട്ടികയിലും എനിക്കു കയറ്റം കിട്ടിക്കൊണ്ടിരുന്നു. പത്തില്‍ തുടങ്ങിയ ഞാന്‍ ഏഴ്‌-എട്ട്‌-ആറ്‌ എന്നിങ്ങനെ തിരിഞ്ഞുകളിക്കുന്ന സമയം. വീണ്ടുമൊരു മല്‍സരം. പതിവുപോലെ നടന്ന്‌ സെയ്ന്റ്‌ ജോര്‍ജ്ജ്‌ ഹൈസ്‌കൂളിന്റെ ഓഫീസിലെത്തി. അവിടെ കണ്ടേക്കാം എന്നാണ്‌ ഉലഹന്നാന്‍ സര്‍ ഏറ്റിരിക്കുന്നത്‌. അദ്ദേഹത്തെ കണ്ടുപിടിച്ചു ലെറ്ററൊക്കെ വാങ്ങി. ഇന്നത്തെ +2 കെട്ടിടം നില്‍ക്കുന്ന സ്ഥലത്തു പണ്ടുണ്ടായിരുന്ന കെട്ടിടത്തിലാണ്‌ മല്‍സരം. എന്നെ ഹാളില്‍ കയറ്റി വിടാന്‍ നേരം സര്‍ പറഞ്ഞു: "ഞാനിവിടെത്തന്നെയുണ്ടാവും, എന്നെ കണ്ടിട്ടേ മടങ്ങിപ്പോകാവൂ."

ഇക്കുറി സംഗതി അല്‍പം പിശകായിരുന്നു. കാരണം, അകത്തുകടന്നപ്പോഴാണ്‌ മനസ്സിലായത്‌ ഓരോ സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികള്‍ വീതമുള്ള ഒരു ടീമാണ്‌ മല്‍സരിക്കുന്നത്‌. ഞാന്‍ മാത്രം ഒറ്റ! എന്തായാലും ഞാന്‍ അവിടെത്തന്നെയിരുന്നു. മല്‍സരം മുന്നേറി. എഴുത്തുരീതി തന്നെയാണ്‌ ഇതിനും. ഓരോ ചോദ്യത്തിനും ഉടനടി വാല്യുവേഷനാണ്‌. ഇടയ്‌ക്കെല്ലാം ക്വിസ്‌ മാസ്റ്ററും സ്‌കോര്‍ ചെയ്‌തുകൊണ്ടിരുന്നു.

മല്‍സരം തീര്‍ന്നു. മാര്‍ക്ക്‌ കൂട്ടിനോക്കി വിജയികളെ പ്രഖ്യാപിക്കയായി. ഒന്നാം സമ്മാനം. ആര്‍ക്കോ. സമ്മാനം കൊടുക്കുന്നു. കയ്യടി മുഴങ്ങുന്നു. രണ്ടാം സ്ഥാനം. മറ്റാര്‍ക്കോ. സമ്മാനം നല്‍കുന്നു. കയ്യടി ഉയരുന്നു.

ക്വിസ്‌ മാസ്റ്റര്‍: "മൂന്നാം സ്ഥാനം ആര്‍ക്കാന്നു കൂടെ നോക്കാം. സമ്മാനമില്ല, എന്നാലും!"

മൂന്നാം സ്ഥാനം ആര്‍ക്കാണെന്ന്‌ എനിക്കറിയാമായിരുന്നു. എഴുതി ഫലിപ്പിക്കാനാവാത്ത ഒരു ആകാംക്ഷാഘട്ടത്തില്‍ ഇരുന്ന എന്റെ കാതിലേക്ക്‌ സ്വന്തം സ്‌കൂളിന്റെ പേര്‍ വന്നു വീണു.

"സെയ്ന്റ്‌. ജോസഫ്‌സ്‌ കൊച്ചുതോവാള!! എവിടെ?"

ഞാന്‍ ബെഞ്ചില്‍ നിന്നെഴുന്നേറ്റു. ക്വിസ്‌ മാസ്റ്ററുടെ മുഖത്തു മിന്നിയ അദ്ഭുതം മുഴുവന്‍ എന്റെ നേരെ കൈ ചൂണ്ടി ഉറക്കെപ്പറഞ്ഞ ഈ ഒറ്റവാക്കില്‍ നിറഞ്ഞത്‌ ഇന്നുമോര്‍ക്കുന്നു.

"ദേ.. ഒറ്റയ്‌ക്ക്‌!!"

എനിക്കും കിട്ടി കയ്യടി. മനസ്സു നിറഞ്ഞു.

പുറത്തിറങ്ങി. സറിനെ സ്‌കൂള്‍മുറ്റത്തുവെച്ചുതന്നെ കണ്ടുമുട്ടി.

"മൂന്നാം സ്ഥാനം കിട്ടി സാറെ! പക്ഷേ രണ്ടാം സ്ഥാനം വരെയേ സമ്മാനമുള്ളൂ."

"ആ, കലക്കിയല്ലോ. മിടുക്കന്‍! സമ്മാനം കിട്ടാഞ്ഞതു പോട്ടെ!" സര്‍ തോളില്‍ത്തട്ടി അഭിനന്ദിച്ചു.

സറിന്റെ അടുക്കല്‍ വന്നാരോ സംസാരിച്ചു. ക്വിസ്‌ മാസ്റ്റര്‍. ഒപ്പം നിന്ന എന്നെക്കണ്ട്‌ ആ സര്‍ അന്വേഷിച്ചു. "സറിന്റെ സ്റ്റുഡന്റാണോ?"

"അതെ.."

"ഒറ്റയ്‌ക്ക്‌ മൂന്നാം സ്ഥാനം മേടിച്ച ആള്‍. അല്ലേ?"

ഞാന്‍ തലകുലുക്കി. ഈ മൂന്നാം സ്ഥാനം എനിക്ക്‌ ഒന്നാം സ്ഥാനം തന്നെയായിരുന്നു. കാരണം ഞാന്‍ ഒറ്റയ്‌ക്കാണല്ലോ മല്‍സരിച്ചത്‌! ഉള്ളിലെ സന്തോഷവും അഭിമാനവും ഉച്ചസൂര്യനെക്കാള്‍ ജ്വലിച്ചുനിന്നു.

സറിനൊപ്പം പുറത്തേക്കു നടന്നു. പള്ളിക്കവല.

"നീ ഇനിയെങ്ങനെയാ പോവുക?"

"നടക്കും." എന്റെ മറുപടി.

"എന്നാ വാ. വല്ലതും കഴിച്ചിട്ടു പോകാം." ഞങ്ങളപ്പോള്‍ ഹോട്ടല്‍ സംഗീതയുടെ മുന്നിലായിരുന്നു.

"വേണ്ട സര്‍. സ്‌കൂളിലെന്റെ ചോറിരിപ്പുണ്ട്‌. ഞാന്‍ അവിടെ ചെന്നിട്ട്‌ കഴിച്ചോളാം."

മല്‍സരഫലം നല്‍കിയ ആവേശമല്ലാതെ വിശപ്പൊന്നുമില്ലായിരുന്നു. മാത്രവുമല്ല ഹെഡ്‌മാസ്റ്ററുടെ ഒപ്പമിരുന്ന് ആഹാരം കഴിക്കുകാന്നൊക്കെ പറഞ്ഞാല്‍...

ഒഴിവുകഴിവുകള്‍ വിലപ്പോയില്ല. സര്‍ നിര്‍ബന്ധിച്ചു ഹോട്ടലില്‍ കയറ്റി.

"നിനക്കെന്താ വേണ്ടേ ?"

"എന്തായാലും കുഴപ്പമില്ല." (ഹാ..ഹാ.. എത്ര മനോഹരമായ ഉത്തരം. ഇന്ന്‌ അരുടെയെങ്കിലും കൂടെ ഹോട്ടലില്‍ കയറുമ്പോള്‍ എനിക്കീ മറുപടികേട്ടാല്‍ ചൊറിഞ്ഞുവരും.)

"നീ ഇറച്ചി കഴിക്കുമോ?"

"ഉം."

പൊറോട്ടയും ബീഫ്‌കറിയും മുന്നില്‍ നിരന്നു. സറും കഴിച്ചു. വയര്‍ നിറഞ്ഞു. മനസ്സ്‌ അതിലേറേ നിറഞ്ഞു.

തിരികെ നടന്നു സ്‌കൂളില്‍ എത്തി. സന്തോഷപൂര്‍വ്വം കൂട്ടുകാരോടും അദ്ധ്യാപകരോടുമൊക്കെ മല്‍സരത്തിലെ തിളക്കമാര്‍ന്ന പ്രകടനത്തെക്കുറിച്ചു പറഞ്ഞു. വൈകിട്ട്‌ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാരോട്‌ മൂന്നാം സ്ഥാനത്തെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചു. ഒന്നാം സമ്മാനത്തെക്കാള്‍ വിലപ്പെട്ടതായി എനിക്കു കിട്ടിയ സ്നേഹസമ്മാനത്തെക്കുറിച്ചും. വര്‍ഷങ്ങളെത്ര കഴിഞ്ഞു, ഇന്നു വിലപ്പെട്ടതായി ഉള്ളിലുള്ളത് ഇങ്ങനെ ചില സമ്മാനങ്ങള്‍ മാത്രം; ഇനിയെന്നത്തേക്കും.

പിന്‍‌കുറിപ്പ് :
1) നാടന്‍ മനുഷ്യര്‍ നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളെയും പ്രാധാന്യത്തോടെ കാണുന്നവരാണ്‌. ഏറെക്കാലം എന്റെ കുടുംബവൃത്തങ്ങളില്‍ ഉലഹന്നാന്‍ സറിനുണ്ടായിരുന്ന വിശേഷണം 'പൊറോട്ടയും ഇറച്ചിക്കറിയും വാങ്ങിത്തന്ന സര്‍' എന്നാണ്‌.

2) ക്വിസ്‌ മല്‍സരങ്ങള്‍ ഇതോടെ തീര്‍ന്നു. പിന്നൊന്നില്‍ പങ്കെടുത്തത്‌ +2-ല്‌ പഠിക്കുമ്പോള്‍. പറയാന്‍ മാത്രം കേമമൊന്നുമില്ല.

3) ഉലഹന്നാന്‍ സറിന്റെ കഥ പക്ഷേ, തുടരും.

2 comments:

എം.എസ്. രാജ്‌ said...

സറിന്റെ അടുക്കല്‍ വന്നാരോ സംസാരിച്ചു. ക്വിസ്‌ മാസ്റ്റര്‍. ഒപ്പം നിന്ന എന്നെക്കണ്ട്‌ ആ സര്‍ അന്വേഷിച്ചു. "സറിന്റെ സ്റ്റുഡന്റാണോ?"

Nayam said...

Kollaam... Ee adhyayam kooduthal ishtappettu....