Thursday, August 18, 2011

ഗുരുത്വം എന്ന ശരിയുത്തരം - 3

സ്‌കോളര്‍ഷിപ്പ്‌ പരീക്ഷകളായിരുന്നു സെയ്ന്റ്‌ ജോര്‍ജ്ജ്‌ സ്‌കൂളിലേക്കു നയിച്ചിരുന്ന മറ്റൊരു സംഭവം. എല്‍.പി.സ്‌കൂളില്‍ എല്‍.എസ്‌.എസ്‌. എന്നും യു.പി. സ്‌കൂളില്‍ യു.എസ്‌.എസ്‌. എന്നുമാണ്‌ പരീക്ഷ അറിയപ്പെട്ടിരുന്നത്‌. ഈ പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനവും തന്നിരുന്നു. എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതുന്നവര്‍ക്കിടയിലിരുന്നാണ്‌ ഈ പരീക്ഷകള്‍ എഴുതുക. അങ്ങനെ ഇളംപ്രായത്തിലേ എസ്‌.എസ്‌.എല്‍.സി. പരീക്ഷയുടെ കര്‍ക്കശാന്തരീക്ഷം നല്ല പരിചയമാണ്‌. ഒരിക്കല്‍ അടുത്തിരുന്ന പത്താം ക്ലാസ്സുകാരിചേച്ചി എനിക്ക്‌ ഒരു ചോദ്യത്തിന്റെ ശരിയുത്തരം പറഞ്ഞു തന്നിട്ടുണ്ട്‌. ഏതോ ഒറ്റവാക്ക്‌. സ്‌കോളര്‍ഷിപ്പ്‌ പരീക്ഷകളെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ രസകരമായ മറ്റൊരു കാരണമുണ്ട്‌. പേപ്പര്‍ നോക്കുന്ന സാറന്മാര്‍ നമ്മളെ അറിയുന്നവരല്ലല്ലോ. അതുകൊണ്ട്‌ ഉത്തരം തെറ്റിയാലും ഒന്നും പേടിക്കേണ്ട. തരാതരം പോലെ മനോധര്‍മ്മം ആടാം.

നാലാം ക്ലാസ്സിലെ സ്‌കോളര്‍ഷിപ്പ്‌ പരീക്ഷയില്‍ കാണിക്കാന്‍ മുതിര്‍ന്ന ഒരു മണ്ടത്തരം എഴുതാതെ പോകാന്‍ തോന്നുന്നില്ല. മലയാളം പരീക്ഷയില്‍ പാല്‍ എന്നതിന്റെ പര്യായപദം എഴുതാനാണ്‌ ചോദ്യം. ഒന്നറിയാം- ക്ഷീരം. പാല്‍ സൊസൈറ്റിയുടെ മുന്നില്‍ 'ക്ഷീരോല്‍പാദക സഹകരണ സംഘം' എന്ന് എഴുതിവെച്ചിരിക്കുന്നതു മനസ്സില്‍ പതിഞ്ഞിട്ടുണ്ടല്ലോ. ഒരു പദം കൂടി ഉണ്ടെങ്കിലേ മുഴുവന്‍ മാര്‍ക്കും കിട്ടൂ. മില്‍ക്‌ എന്നെഴുതിയാലോ എന്നു ചിന്ത പോയി. അര്‍ഥം പാല്‍ എന്നു തന്നെയല്ലേ? ഒടുക്കം അറിയാവുന്ന ക്ഷീരം എന്നു മാത്രം എഴുതിയിട്ട്‌ അക്ഷമനായി വന്ന്‌ അധികപദം തിരഞ്ഞിട്ടുണ്ട്‌. പിന്നീടിങ്ങോട്ട്‌ മറന്നിട്ടുമില്ല. പറഞ്ഞപോലെ വായനക്കാരാ/രീ, പറയാമോ പാലിന്റെ മറ്റൊരു പര്യായം?

യു.പി. സ്‌കൂളിലെ മറ്റൊരു വിശേഷം വെള്ളിയാഴ്‌ചകളില്‍ സാഹിത്യ സമാജം മീറ്റിങ്ങുകളിലെ കലാപരിപാടികളാണ്‌. മിമിക്‌സ്‌ പരേഡാണ്‌ അക്കാലത്തെ ഗ്ലാമര്‍ ഐറ്റം. വിരലുകള്‍ക്കിടയിലൂടെ 'വുശുവുശു..' എന്നൂതിയും കുഞ്ഞിത്തൊണ്ടയില്‍ നിന്നും 'ബുഡുക്ക്‌ ബുഡുക്ക്‌' എന്നു റിഥം പകര്‍ന്നും ഒരു അവതരണ ഗാനം, സമാന രീതിയില്‍ സമാപനഗാനം(മിക്കവാറും സാരേ ജഹാം സെ അഛാ!). ഇവയ്‌ക്കിടെ കുഞ്ഞിക്കുഞ്ഞി സ്‌കിറ്റുകള്‍. ഒരാള്‍ അവതാരകന്‍. ഓരോ തവണയും സംഘം നിരക്കുമ്പോള്‍ മധ്യത്തില്‍ നില്‍ക്കുന്നതും സ്‌കിറ്റുകളുടെ പശ്ചാത്തലം തുടക്കത്തില്‍ വിവരിക്കുന്നതും ഈ ടീം ലീഡര്‍ ആയിരിക്കും. ആകയാല്‍ അയാളുടെ പേരിലാണ്‌ പരിപാടി അവതരിപ്പിക്കപ്പെടുക. മീറ്റിങ്ങില്‍ പരിപാടികളുടെ ലിസ്റ്റ്‌ വായിക്കുന്ന ആള്‍ (അധ്യക്ഷന്‍), 'അടുത്തതായി മിമിക്‌സ്‌ പരേഡ്‌, [യേതേലും ഒരുത്തന്റെ പേര്‌] ആന്‍ഡ്‌ പാര്‍ട്ടി' എന്നു പറയുന്നതു കേള്‍ക്കാന്‍ സദസ്സ്‌ കാത്തിരിക്കുമായിരുന്നു.

ഓരോ ആഴ്‌ചയും ഓരോ ഗ്രൂപ്പിന്റേതാണു പരിപാടി. പക്ഷേ ഞങ്ങള്‍ കുറേപ്പേര്‍, ഷിബു ഡാനിയേലും ഷെബിന്‍ ആന്റണിയും ഉല്ലാസ്‌ തോമസും പിന്നെ വന്നും പോയുമിരിക്കുന്ന വേറേ ചിലരും ചേര്‍ന്നവതരിപ്പിക്കുന്ന ഈ കോപ്രായമില്ലാതിരുന്ന മീറ്റിങ്ങുകള്‍ കുറവാണ്‌. സംഘം എല്ലാ ആഴ്‌ചയും ഏതാണ്ടൊന്നു തന്നെ. എന്നാല്‍ ലീഡറുടെ പേരുമാറിമാറി വരും. എവിടെങ്കിലുമൊക്കെ വായിക്കുന്ന ഫലിതങ്ങളില്‍ ഞങ്ങളുടേതായ മസാല ചേര്‍ത്ത്‌ രംഗാവിഷ്‌കാരം ചെയ്‌തും ചിലപ്പോഴെല്ലാം സഹപാഠികള്‍ക്കിട്ട്‌ ഓരോ 'താങ്ങ്‌' കൊടുത്തുമൊക്കെ ഇതു നീങ്ങി.

സോളോ പെര്‍ഫോമന്‍സുകളില്‍ ക്വിസ്സ്സിന്റെ അത്ര ഒന്നുംതന്നെയില്ല. സേഫ്‌ ആയ കളികള്‍ മാത്രമേ കളിച്ചിട്ടുമുള്ളൂ. അക്കഥ ഇങ്ങനെ. ആറില്‍ വെച്ചാണ്‌. സ്‌കൂളിലെ നമ്പര്‍ വണ്‍ ഗായകന്‍ (പേരു മറന്നു) തകര്‍ക്കുമെന്നുറപ്പുള്ള ഐറ്റം ലളിതഗാനത്തിന്‌ ഞാന്‍ പേരുകൊടുത്തത്‌ രണ്ടാം സ്ഥാനം നിസ്സംശയം ഉറപ്പിച്ചിട്ടാണ്‌. അക്കാലത്ത്‌ റേഡിയോയിലെ ലളിതസംഗീതപാഠത്തില്‍ നിന്നും പഠിച്ച ഒരു ഗാനം (ഇന്നു പൊന്നോണമാണെന്‍..)ചരണം മറന്നു മുഴുമിക്കാനാവാതെ ഫൗളാക്കി നാണക്കേടായി. പിന്നെ മല്‍സരത്തിനൊന്നും നിക്കാതെ മീറ്റിങ്ങുകളിലെ പാരഡിഗാനവും സിനിമാപ്പാട്ടുകളുമൊക്കെയായി ഞാന്‍ ഒതുങ്ങി.

ST. JOSEPH'S U.P. SCHOOL, KOCHUTHOVALA
എന്റെ മാതൃവിദ്യാലയം

ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ബേബിച്ചന്‍ സര്‍ മുന്‍കയ്യെടുത്ത്‌ ഒരു നാടകം പഠിപ്പിച്ച്‌ കലോല്‍സവത്തില്‍ മല്‍സരിക്കാന്‍ കൊണ്ടു പോയത്‌ ഒരു സംഭവമായിരുന്നു. അത്‌ ഏഴില്‍ വെച്ച്‌; മല്‍സരം കട്ടപ്പന സെയ്ന്റ്‌ ജോര്‍ജ്ജില്‍ തന്നെ. അന്ന്‌ സ്റ്റേജില്‍ അവതരണം കഴിയാറായപ്പോഴാണ്‌ കളി തുടങ്ങുന്നതിനു മുന്‍പ്‌ നാടകത്തിന്റെ പേരുപറയാന്‍ മറന്നുപോയെന്നു മനസ്സിലായത്‌. എന്നിട്ട്‌ ഒടുക്കം, 'കാലാള്‍പ്പട എന്ന നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു' എന്ന്‌ പറഞ്ഞുതടിതപ്പി. കനത്ത ഒരു 'സി' ഗ്രേഡുംകൊണ്ടാണ്‌ ഞങ്ങള്‍ അന്നു മടങ്ങിയെത്തിയത്‌. അക്കൊല്ലം സ്‌കൂള്‍ വാര്‍ഷികത്തിനും ഞങ്ങള്‍ ഇതേ നാടകം അവതരിപ്പിച്ചിരുന്നു. മുഖം മുഴുവന്‍ റോസ്‌ പൗഡറും കോപ്പയില്‍ നിന്നും ചോരമൊത്തിക്കുടിച്ച പരുവത്തില്‍ ലിപ്‌സ്റ്റിക്കും ഒക്കെ ചാര്‍ത്തി കൈകള്‍ കോര്‍ത്ത്‌ നടന്മാരെല്ലാം ചേര്‍ന്ന് പൂവിന്റെ ആകൃതിയില്‍ വട്ടത്തില്‍ ഞെളിഞ്ഞു നില്‍ക്കുന്ന ഒരു ചിത്രം വീട്ടിലെ ആല്‍ബത്തില്‍ ഇന്നും കാണാം. ഓര്‍ക്കുമ്പോ ചിരിവരും. പിന്നെ ഒരു കിച്ചന്‍ മ്യൂസിക്‌. അടുക്കള ഉപകരണങ്ങള്‍ സംഗീതോപകരണങ്ങളായി സങ്കല്‍പ്പിച്ച്‌ റിക്കാര്‍ഡുവെച്ച്‌ ഗാനമേള അഭിനയിക്കുന്ന പരിപാടി. അടുപ്പിലൂതുന്ന കുഴല്‍ പുല്ലാങ്കുഴലാക്കിയ കലാകാരനായിരുന്നു ഞാന്‍ അതില്‍. 'ശിങ്കാരപ്പേടമാനെ ഒന്നു നില്ല്‌' എന്നതായിരുന്നു ഗാനം. ഗായകന്റെ സ്ഥാനത്ത്‌ സിജോമോന്‍ ജോസും ഗായികയായി ഷെബിന്‍ ആന്റണിയും തകര്‍ത്തു. പുല്ലാങ്കുഴല്‍ 'ഐഡില്‍' ആയിരിക്കുന്ന വേളയില്‍ സദസ്സിലിരുന്ന്‌ കുടുംബാംഗങ്ങള്‍ ചിരിച്ചുമറിയുന്നതു ഞാന്‍ കണ്ടു.

കലാപരിപാടികള്‍ തീര്‍ന്നുകഴിഞ്ഞാലത്തെ പ്രധാനപ്പെട്ട ഏകപരിപാടി സമ്മാനദാനം ആണ്‌. ഒന്നാം ക്ലാസ്സില്‍ 50 മീ. ഓട്ടത്തിനു സെക്കന്റ്‌ കിട്ടിയതിനു ശേഷം സ്‌പോര്‍ട്‌സില്‍ കനമുള്ളതൊന്നും ചെയ്യാഞ്ഞതിനാല്‍ ആ വിഭാഗം അന്യമായിരുന്നു. കലാമല്‍സരങ്ങളില്‍ നിന്നു സ്വയം ഒഴിഞ്ഞു നില്‍ക്കുകയുമായിരുന്നല്ലോ. പിന്നെ എനിക്കെന്തെങ്കിലും സമ്മാനം കിട്ടാന്‍ വകുപ്പുണ്ടെങ്കില്‍ അതു പഠനമികവിനുള്ള സമ്മാനമാണ്‌ - സ്‌കോളര്‍ഷിപ്പ്‌. അതു ഞാന്‍ പുലിയായിരുന്നതു കൊണ്ടല്ല. തമ്മില്‍ ഭേദം തൊമ്മന്‍ ആയിരുന്നതു കൊണ്ടാണ്‌.(എല്ലാവിഷയത്തിനും അന്‍പതില്‍ നാല്‍പത്തഞ്ചില്‍ കൂടുതലെങ്കിലും മാര്‍ക്ക്‌ വാങ്ങിക്കുന്നവനായിരുന്നങ്കില്‍ ഞാനാരായേനെ!) സ്‌കോളര്‍ഷിപ്പെന്നു പറഞ്ഞാല്‍ (ഏതൊക്കെയോ മെത്രാന്മാരുടെയും മറ്റും പേരില്‍) കവറിലിട്ടുകിട്ടുന്ന ഏറിയാല്‍ മുപ്പതോ നാല്‍പതോ രൂപയാണ്‌. കിട്ടാവുന്നതില്‍ വെച്ച്‌ ഏറ്റവും മുന്തിയ സമ്മാനം. കത്തോലിക്കര്‍ വേദപാഠവും ഇതരമതക്കാര്‍ സന്മാര്‍ഗ്ഗപാഠവും പഠിക്കുന്നിടത്ത്‌ എനിക്കു സന്മാര്‍ഗ്ഗപാഠം ആയിരുന്നു പ്രതീക്ഷ ഉള്ള ഏക സംഗതി. അത്ര സന്മാര്‍ഗ്ഗിയൊന്നുമല്ലെങ്കിലും പരീക്ഷയ്‌ക്കു മാര്‍ക്കുണ്ടായിരുന്നേ. പഠനമികവിനുള്ള സ്‌കോളര്‍ഷിപ്പ്‌ ഭയങ്കര ടൈറ്റ്‌ മല്‍സരമുള്ള സംഭവമാണ്‌. രണ്ടു ഡിവിഷനിലെയും ആള്‍ക്കാരെ ഒക്കെയെടുത്ത്‌ അവരുടെ രണ്ടു ടേമിലെയും മാര്‍ക്കൊക്കെ നോക്കി എടുക്കുന്ന സാധനമായതു കൊണ്ട്‌ ആര്‍ക്കാ എന്താ എന്നൊന്നും പറയാന്‍ വയ്യ. ഭാഗ്യമെന്നു പറയട്ടെ, രണ്ടും ഇങ്ങോട്ടു തന്നെ പോന്നു! അക്കാലത്തെ ഏഴാംക്ലാസ്‌ വിദ്യാര്‍ഥിയുടെ നിലവാരംവെച്ച്‌ ഈ ഭീമമായ തുക നേരേ പോകുന്നത്‌ പോസ്റ്റ്‌ ഓഫീസ്‌ സേവിങ്ങ്‌സ്‌ ബാങ്കിലേക്കാണ്‌.

സന്തോഷസൂചകമായ്‌ തന്നതെല്ലാം സ്വീകരിച്ച്‌ മടങ്ങാനൊരുങ്ങുമ്പോഴാണ്‌ ദേ വരുന്നു അടുത്ത അനൗണ്‍സ്‌മെന്റ്‌ - 'ഇക്കൊല്ലത്തെ... ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്കുള്ള സമ്മാനം ഇനി പ്രഖ്യാപിക്കുന്നു.. ബെസ്റ്റ്‌ സ്റ്റുഡന്റ്‌ അവാര്‍ഡ്‌ .....‌.' മൈക്കിലൂടെ പുറത്തേക്കുപടര്‍ന്ന ആ വാചകം ആനകുത്തിമലയില്‍ തട്ടി തിരിച്ചു വന്നപ്പോഴേക്കും സമ്മാനം വാങ്ങാന്‍ ഞാന്‍ സ്റ്റേജില്‍ റെഡി. നാടകത്തിന്റെ ചെഞ്ചായമൊഞ്ചണിഞ്ഞ മുഖത്തോടെ!

വാല്‍:
ഉലഹന്നാന്‍ സാറിനു റോളില്ല അല്ലേ? ഈ സമ്മാനമൊക്കെ പിന്നെ ആരു തീരുമാനിച്ചതാവുംന്നാ കരുതിയെ? എന്നിട്ടും പരാതിയാണെങ്കില്‍ അടുത്ത ഭാഗത്തിലാവട്ടെ.

1 comment:

  1. അക്കൊല്ലം സ്‌കൂള്‍ വാര്‍ഷികത്തിനും ഞങ്ങള്‍ ഇതേ നാടകം അവതരിപ്പിച്ചിരുന്നു. മുഖം മുഴുവന്‍ റോസ്‌ പൗഡറും കോപ്പയില്‍ നിന്നും ചോരമൊത്തിക്കുടിച്ച പരുവത്തില്‍ ലിപ്‌സ്റ്റിക്കും ഒക്കെ ചാര്‍ത്തി കൈകള്‍ കോര്‍ത്ത്‌ നടന്മാരെല്ലാം ചേര്‍ന്ന് പൂവിന്റെ ആകൃതിയില്‍ വട്ടത്തില്‍ ഞെളിഞ്ഞു നില്‍ക്കുന്ന ഒരു ചിത്രം വീട്ടിലെ ആല്‍ബത്തില്‍ ഇന്നും കാണാം.

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'