Tuesday, November 05, 2013

ഞങ്ങളുടെ ഡെൽനമോൾക്കുവേണ്ടി...

ടുക്കി ജില്ലയിലെ കീരിത്തോട്, പുന്നയാർ, കാവുങ്കൽ വീട്ടിൽ ശ്രീ.ബിനോയിയുടെ മകൾ ആറുവയസ്സുകാരി ഡെൽനമോളുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും അതിനായുള്ള പണം സ്വരൂപിക്കലും ഒരു നാടിന്റെയും നാട്ടുകാരുടെയും അനേകായിരം സുമനസ്സുകളുടെയും ത്യാഗോജ്വലമായ സഹകരണത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി. ഇത്രയും വാർത്ത. ഇനി ഇടുക്കിയുടെ മണ്ണിൽ നിന്നും നേരിട്ടുള്ള അനുഭവസാക്ഷ്യം.

ഒരു കൊച്ചുകുടുംബത്തിന്റെ മേൽ പൊടുന്നനെ പതിച്ച ഒരാഘാതമായിരുന്നു ഡെൽനമോളുടെ പനിയും തുടർന്നു കണ്ടുപിടിക്കപ്പെട്ട കരൾരോഗവും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗം കണ്ടുപിടിക്കപ്പെടുകയും കുട്ടിയെ വെന്റിലേറ്ററിലാക്കുകയും സ്ഥിതി അത്യന്തം വഷളായതിനെത്തുടർന്ന് കരൾ മാറ്റിവെയ്ക്കുകയുമായിരുന്നു. അതിനായി കരൾ പകുത്തു നല്കിയത് ഡെൽനമോളുടെ അച്ഛൻ തന്നെ. ഡെൽനയുടെ ആറുമാസം പ്രായമുള്ള അനുജനും രോഗിയാണ്‌. വിധിയുടെ ക്രൂരതയിൽ പകച്ചുപോയ ഈ കുടുംബത്തിനു നേർക്ക് നീണ്ടുവന്ന കരുണയുടെ ചില കരങ്ങളെ നമുക്ക് അറിയാൻ ശ്രമിക്കാം.

കഞ്ഞിക്കുഴി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസം ജനം ഇളകിമറിയുകയായിരുന്നു. ജാതിമതങ്ങളുടെ വേലിക്കെട്ടുകളില്ലാതെ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ തന്നാലാവുന്നതു നല്കാൻ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. പഞ്ചായത്ത് അധികൃതരും ഡ്രൈവർമാരും തൊഴിലാളികളും ഉദ്യോഗസ്ഥരും സ്വയം സഹായ സംഘങ്ങളും കയ്യയച്ചു സംഭാവൻ ചെയ്യുന്ന കാഴ്ചയാണു പിന്നീടുകണ്ടത്.


സ്ഥലവാസിയായ സഹപ്രവർത്തകൻ രാജേഷ് സാറിന്റെ ഫോൺകോൾ ഞായറാഴ്ച വൈകിട്ടാണ്‌ എനിക്കു കിട്ടുന്നത്. ചികിൽസാധന സഹായം ലഭിക്കാൻ മുഖ്യമന്ത്രിക്കു സമർപ്പിക്കേണ്ടുന്ന റിപ്പോർട്ട് തയ്യാറാക്കി നല്കണം എന്ന ആവശ്യമായിരുന്നു അതിൽ. ഞാൻ തിങ്കളാഴ്ച(ഇന്നലെ) ഓഫീസിലെത്തുമെന്നും താലൂക്ക് ആഫീസിൽ നിന്നുള്ള റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ റിപ്പോർട്ട് തയ്യാറാക്കി നല്കാമെന്നും ഞാനേറ്റു.

നീണ്ട യാത്രയ്ക്കു ശേഷം തിങ്കളാഴ്ച ഓഫീസിലെത്തിയതു വൈകിയാണ്‌. റിപ്പോർട്ടിന്റെ കാര്യം ഏല്പ്പിച്ച രാജേഷ് സർ വന്നിട്ടില്ല. നേരം വൈകിയും താലൂക്കിൽ നിന്നുള്ള റിപ്പോർട്ട് എത്തിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ആഫീസിൽ അപേക്ഷ വെച്ച് അവിടെ നിന്നുള്ള റിപ്പോർട്ട് താലൂക്ക് ആഫീസിൽ എത്തിച്ച്, തഹസിൽദാരുടെ ശുപാർശ സഹിതം കളക്ട്രേറ്റിൽ എത്തിപ്പെടാൻ സാധിക്കില്ല എന്നു ഞാനുറച്ചു. എന്നാൽ, അന്നു രാവിലെ ഒൻപതേകാലിന്‌ വില്ലേജ് ആഫീസറെക്കൊണ്ട് റിപ്പോർട്ടെഴുതിച്ച് ശ്രീ.ജോസ് ഊരക്കാട്ടിൽ തൊടുപുഴ താലൂക്ക് ആഫീസിലേക്ക് കുതിച്ചു പാഞ്ഞു. തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനമായിരുന്നു അന്ന്‌. മൂന്നു മന്ത്രിമാർ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ചടങ്ങിന്റെ തിരക്കിനിടയിലും തഹസിൽദാരുടെ റിപ്പോർട്ടു തരപ്പെടുത്തി ജോസ് ജില്ലാ ആസ്ഥാനത്തേക്ക് വണ്ടി പായിച്ചു, ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന്റെ ബലത്തിൽ.

വഴിക്കണ്ണുമായി നോക്കിയിരുന്ന ഞാൻ ഓഫീസ് വിട്ടേക്കാം എന്ന് കരുതി രാജേഷ് സാറിനെ ഒന്നു കൂടി വിളിച്ചു നോക്കി. അതേസമയത്ത് റിപ്പോർട്ട് കളക്ട്രേറ്റിൽ എത്തിയിരുന്നു. നടപടിക്രമങ്ങളുടെ കെട്ടുപാടുകളൊന്നുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ റിപ്പോർട്ടു തയ്യാറാക്കി. മേലാഫീസർമാരെല്ലാവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന ആ വൈകിയ വേളയിൽ, ഉണ്ടായിരുന്ന ഓഫീസറെക്കൊണ്ട് ഗവ.സെക്രട്ടറിക്കുള്ള കത്ത് ഒപ്പിടുവിച്ച് ദൂതനെ യാത്രയാക്കുമ്പോൾ ബുധനാഴ്ചത്തെ കാബിനറ്റിൽ ധനസഹായത്തിനുള്ള ഉത്തരവു പാസാവുമല്ലോ എന്ന സംതൃപ്തിയായിരുന്നു എന്റെ മനസ്സിൽ.

ജില്ലാ ആസ്ഥാനത്തെ ഒരോഫീസിൽ നിന്നും എല്ലാ ജീവനക്കാരും 500 രൂപ വീതം സംഭാവന നല്കിയപ്പോൾ അതൊരു വലിയ തുകയായി. മുൻപിൻ നോക്കാതെ അപ്പോൾ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറോ ആയിരമോ എന്നു നോക്കാതെ എടുത്തു നീട്ടിയ സാധാരണക്കാരാണ്‌ സഹായിച്ചവരിൽ അധികം പേരും. കീരിത്തോട് കഞ്ഞിക്കുഴി പ്രദേശങ്ങളിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്ത സകല വാഹനങ്ങളിൽ നിന്നും ഉദാരമായ സംഭാവനകൾ ലഭിച്ചു എന്നത് നിസ്വാർഥമായ മനുഷ്യസ്നേഹത്തിന്റെ നേർസാക്ഷ്യം തന്നെ. ധനസമാഹരണത്തിനായി ജോലിയും കൂലിയും മാറ്റിവെച്ച് ഇറങ്ങിത്തിരിച്ച നാട്ടുകാർക്കും പറയാൻ കഥകളുണ്ട്. ഒരു ലക്ഷം രൂപ വച്ചു നീട്ടിയ മനുഷ്യസ്നേഹിയായ ആ വ്യവസായിയെ നിങ്ങൾക്കറിയാം. അടിയന്തര ശസ്ത്രക്രിയയ്ക്കായി കെട്ടിവെയ്ക്കാനുള്ള പണത്തിനായി പലവാതിലുകൾ മുട്ടിയലഞ്ഞ പള്ളീലച്ചൻ.

മറുവശത്ത്, ഇങ്ങനെ സഹായം ചോദിച്ച് സ്ഥിരം ആളുകൾ വരുമെന്നതിനാൽ പണമായി ആയിരം രൂപയേ തരാനൊക്കൂ എന്നു പറഞ്ഞു ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്. പക്ഷേ മരുന്നിന്റെ ചെലവ് ഞങ്ങൾ വഹിച്ചോളാം എന്നു പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായിത്തോന്നി. മർക്കടമുഷ്ടി അവിടെയും തുടർന്നു- ‘മരുന്ന് ഞങ്ങൾ വാങ്ങിത്തരാം’ എന്നായിരുന്നു വാഗ്ദാനം. ‘മരുന്ന് ആശുപത്രിയിലുണ്ട്, അതിന്റെ പണം അടച്ചാൽ മതി’യെന്ന് അറിയിച്ചപ്പോൾ അവർ തന്നെ വാങ്ങിത്തരുന്ന മരുന്നിനേ അവർ പണം മുടക്കൂ എന്നായി. അതായത് ആശുപത്രിയിൽ മരുന്നു ലഭ്യമാണെന്നിരിക്കേ പുറത്തു നിന്നും മരുന്നു വാങ്ങിത്തരുന്ന നടപ്പില്ലാത്ത ഒരിടപാടാണ്‌ അവരുടേത് എന്നു മനസ്സിലാക്കിയിട്ട് “സർ, അബദ്ധത്തിൽ സഹായം ചോദിച്ചു വന്നതാണ്‌, ബുദ്ധിമുട്ടിച്ചതിൽ സോറി“ എന്നു പറഞ്ഞേച്ച് സ്വർണ്ണം വിറ്റതിന്റെ പകിട്ടുള്ള പണത്തിനു കാക്കാതെ അവർ പോന്നു. മറ്റൊരു ഓഫീസിൽ സഹായധനം സ്വരൂപിക്കാനുള്ള ആശയം ‘അങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിക്കേണ്ടതില്ല’ എന്ന നിഷ്ഠൂരമായ അഭിപ്രായത്തോടെ തള്ളപ്പെട്ടു.

ഒരു സാധാരണ അമ്പലക്കമ്മിറ്റി/തിരുരൂപപ്രതിഷ്ഠ/പാർട്ടിപ്പിരിവ് എന്നൊക്കെ തോന്നുന്നവിധം വഴിപ്പിരിവു നടത്തുന്നതു ബോധിക്കാതെ ദേഷ്യത്തോടെ അൻപതു രൂപയെടുത്തു നീട്ടി, ഒരു കാർ യാത്രികൻ. പക്ഷേ, കാര്യമറിഞ്ഞപ്പോൾ ക്ഷമാപണത്തോടെ അയാൾ ആ അൻപതു രൂപ തിരികെ വാങ്ങി. ഉത്തരവാദിത്വപ്പെട്ട ഒരാളുടെ ഫോൺ നമ്പരും വാങ്ങി അയാൾ വണ്ടിയോടിച്ചു പോയി.

വളരെക്കഴിഞ്ഞ് ഒരു ഫോൺകോൾ വരുന്നു."അല്പം പണമയയ്ക്കാൻ വേണ്ടിയാണ്‌; ആ അക്കൗണ്ട് നമ്പരും വിശദാംശങ്ങളും വേണം."

വിവരങ്ങൾ നല്കി. അല്പസമയത്തിനകം അയാൾ വീണ്ടും വിളിച്ചു. "പണം വന്നിട്ടുണ്ടോന്നു നോക്കൂ.."

അക്കൗണ്ടിൽ 25000/- രൂപ വരവുവച്ചിരുന്നു. ഊരും പേരും അറിയാത്ത ആ കാർ യാത്രക്കാരന്റെ നല്ല മനസ്സിന്‌ ഇവിടുത്തെ പ്രാർഥനാനിരതരായ ആയിരങ്ങളുടെ പേരിൽ ഞാൻ നന്ദി പറയുന്നു!

അങ്ങനെ ചെറുതും വലുതുമായി പണം വന്നു, പുത്തൻ മണം മാറാത്ത നോട്ടുകളും വിയർപ്പിൽ കുതിർന്ന് മുഷിഞ്ഞു നാറിയ പണവും. ഇന്ന്, ഉച്ചയോടെ അക്കൗണ്ടിൽ 35 ലക്ഷം രൂപ ആയെന്ന് അറിഞ്ഞു. ഇപ്രകാരം, അനേകരുടെ സന്മനസ്സും പ്രാർഥനയും കൂടെയുള്ളപ്പോൾ ഈശ്വരൻ കനിവു കാട്ടാതിരിക്കുമോ? ഇടുക്കിയുടെ മേൽ മാലാഖമാർക്ക് അനുഗ്രഹം ചൊരിയാതിരിക്കാനാവുമോ? ഈ നാടിന്റെ നന്മ സഫലമാവാതിരിക്കുമോ?

Sunday, September 15, 2013

ഓണം - 2013

വണ്ടർലായിക്കു പോകണം, കുള-
ത്തിരയിൽ നീന്തിത്തിമിർക്കണം, ചെറു-
ടൂറുമൊന്നു നടത്തണം, ഫിലിം
ഫാമിലിയൊത്തു കാണണം.

ലുലുവിലും ഒന്നു കേറണം, പല
നിലയിലൂടെയും നീങ്ങണം, വൃഥാ
വില തിരക്കിയും നോക്കണം, കരം
തലയിൽ വെച്ചിങ്ങു പോരണം.

ടി.വി‘പ്പെട്ടി’ ‘പലക’യാക്കണം, പഴേ
ഫ്രിഡ്ജു മാറ്റിയെടുക്കണം, രഥം
പുതിയതൊന്നിനെ നോക്കണം, പണം
അലകളായിട്ടൊഴുക്കണം.

ജൗളിയാണെന്റെ സോദരാ, ധനം
തിന്നിടും കൊടും രാക്ഷസൻ, തുണി
വാങ്ങുകില്ലെന്നു വെയ്ക്കിലോ, പറ
ഓണമെന്തോന്നൊരോണമാ?

ബീവറേജു കടയിലെ പെരും
നീളമുള്ളോരു ക്യൂവിലും, ക്ഷമാ-
ശീലമോടങ്ങു നില്ക്കണം, മധു
ഗാന്ധിയെ വിറ്റുവാങ്ങണം.

“കനവുകണ്ടങ്ങിരിക്കയോ? ദ്രുതം
സഞ്ചി പേറുകെൻ കശ്മലാ! അരി-
സ്സാധനങ്ങളും കനികളും കട
പൂട്ടിടും മുൻപു വാങ്ങി വാ!”

കയ്യിലെണ്ണിത്തരികിലും, പണം
ഏറ്റിയെമ്മിൽ വരുകിലും, വില-
യേറ്റമേറുന്ന നാളിതിൽ, പെരു-
ത്തോണമുണ്ണുവാൻ വയ്യ സാർ!

Thursday, August 15, 2013

"ജയ് ഹിന്ദ്"

ഴുതി പാതിയിൽ നിർത്തിയ ഒരു യാത്രാവിവരണവും ചെറുകഥയും കയ്യിൽത്തടഞ്ഞത് 67-ആം സ്വാതന്ത്ര്യദിനം കൊടിയിറങ്ങിയ ഈ രാത്രിയിലാണ്‌; അതും പഴയ ചില കടലാസുകൾ തിരഞ്ഞപ്പോൾ. ഒപ്പം കിട്ടിയത് മറ്റൊരു യാത്രയുടെ ബാക്കിപത്രമാണ്‌. 19-12-2011-ൽ എറണാകുളത്തു നിന്നും ബാംഗ്ലൂരേക്കു നടത്തിയ ട്രെയിൻ യാത്രയുടെ ടിക്കറ്റ്. ഓർമ്മയുടെ താളുകളിലേക്ക് ചൂളം വിളിച്ചുപോയ ഒരു യാത്രയുടെ, മംഗലാപുരത്തെ സുഹൃത്തുക്കൾ ഇടുക്കി കാണാൻ വന്നതിന്റെ തിരുശേഷിപ്പ്. ഞാൻ ബാംഗ്ലൂരേക്ക് നടത്തിയിട്ടുള്ള ഏക ട്രെയിൻ യാത്രയും. ആ ടിക്കറ്റിൽ ടി.ടി.ഇ. ചെമന്ന മഷി കൊണ്ട് ഇനിഷ്യൽ ചെയ്തിരുന്നു. ആ മുറിപ്പാടാണ്‌ ഈ രാത്രിയിൽ എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്.

ഹ്രസ്വമായ മറ്റൊരു ട്രെയിൻ യാത്രയിലാണ്‌ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്. ഒരു പക്ഷേ നാം എടുത്തണിയാൻ ശ്രമിക്കുന്ന ചില രൂപഭാവങ്ങൾ ഉള്ളയാളുകളെ കാണുമ്പോൾ നമുക്ക് ഒരാകർഷണം തോന്നാറില്ലേ? അതുപോലൊന്ന് എനിക്ക് അദ്ദേഹത്തോടും തോന്നി. ഒട്ടും തിരക്കില്ലാത്ത ആ പാസഞ്ചർ ട്രെയിനിന്റെ ജനാലയ്ക്കരികിൽ അഭിമുഖമായാണ്‌ ഞങ്ങൾ ഇരുന്നത്. വെറുതേ അകലേക്കു കണ്ണോടിച്ചിരുന്ന അദ്ദേഹത്തെ ഞാൻ കുറെ നേരമായി ശ്രദ്ധിക്കുകയായിരുന്നു. ഏതാണ്ട് എന്റെയൊപ്പം തന്നെ പ്രായം കാണും. വൃത്തിയായി പറ്റെ വെട്ടിയ മുടിയും നിവർന്നുള്ള ഇരിപ്പും കൈകളിൽ ദൃശ്യമായ ദൃഢമായ പേശികളും അയാളൊരു പട്ടാളക്കാരനാണെന്ന് തോന്നിപ്പിച്ചു.

ചിലപ്പോൾ നാം അങ്ങനെയാണ്‌, വെറുതേ കയറിയങ്ങ് ഇടപെട്ടുകളയും. അപ്പോൾ ഞാൻ ചോദിച്ചത് ഇങ്ങനെയാണ്‌-

“ആർ യു ഇൻ ആർമി, സർ?”

അയാൾ അതെയെന്ന അർഥത്തിൽ ചിരിച്ചു. തുടർന്നു ഞങ്ങൾ പരിചയപ്പെട്ടു. നമ്മുടെ (താരതമ്യേന!) സ്വച്ഛസുന്ദരമായ കേരളത്തിൽ നിന്നും വളരെയകലെ, സമരം നേരിടാൻ പട്ടാളം വരുന്നു എന്നത് പത്രക്കാരൻ വന്നു പത്രം എറിഞ്ഞേച്ചു പോയി എന്നു കേൾക്കുന്നത്ര ലാഘവത്തിൽ പട്ടാളക്കാർ ജനജീവിതത്തിന്റെ ഭാഗമായ ഒരു നാട്ടിലാണ്‌ ഇദ്ദേഹം സേവനം ചെയ്യുന്നത്. വളർന്നതും പഠിച്ചതുമെല്ലാം കേരളത്തിനു പുറത്തായിരുന്നു; എന്നാൽ വിവാഹം കഴിച്ചിരിക്കുന്നത് മദ്ധ്യകേരളത്തിൽ നിന്നും.

ആ പരിചയപ്പെടൽ കഴിഞ്ഞ് പ്രത്യേകിച്ച് എന്തു ചോദിക്കണമെന്നും പറയണമെന്നും അറിയാതെ ഇരുന്നപ്പോൾ, കലാപങ്ങളും ഏറ്റുമുട്ടലുകളും കുറവല്ലാത്ത ഒരു പ്രദേശത്ത് സേവനത്തിലിരിക്കുന്ന ആ പട്ടാളക്കാരനോട് ഞാൻ ചോദിച്ചു-

“ഇത്തരം കലാപങ്ങളിലും ആക്രമണങ്ങളിലും പെട്ട് പരിക്കേറ്റും മരിച്ചും കിടക്കുന്ന പൊതുജനത്തെ കാണുമ്പോൾ സങ്കടം തോന്നാറില്ലേ? അത്തരം സാഹചര്യങ്ങളിൽ ഓപ്പറേഷനുകളിൽ പങ്കെടുക്കുമ്പോൾ ഇങ്ങനെയൊക്കെ ഇരകളാക്കപ്പെടുന്ന ജനങ്ങളാണോ അതിനും മേലേ രാജ്യത്തോടുള്ള സ്നേഹമാണോ മനസ്സിൽ ഉയർന്നു നില്ക്കുക?”

അസ്വാഭാവികമായ ഒരു ചോദ്യം കേട്ടതുപോലെ സർ എന്നെ നോക്കി. ഞാൻ ഗൗരവമായിത്തന്നെയാണെന്ന് മനസ്സിലായപ്പോൾ അദ്ദേഹം പറഞ്ഞു-

“ഐ വിൽ ടെൽ യു. ബട് ബിഫോർ ദാറ്റ്, ലെറ്റ്മി ആസ്ക് യു വൺ തിങ്ങ്...”

തിരിച്ചു കിട്ടുന്ന ചോദ്യത്തിനായി ഞാൻ കാതു കൂർപ്പിച്ചു.

“.. എന്നാണു രാജ്, നിങ്ങൾ ഈ ഇന്ത്യാ മഹാരാജ്യത്ത് അവസാനമായി ഒരു ടെററിസ്റ്റ് അറ്റാക് ഉണ്ടായതായി കേട്ടത്, അല്ലെങ്കിൽ വായിച്ചത്?”

ഞാൻ ഓർമ്മയിൽ പരതി. ഒരു മാസത്തെ പത്രവായനയിൽ ചെറിയ തോതിലുള്ള ഒരു ഭീകരാക്രമണത്തെക്കുറിച്ചുപോലും വായിച്ചതായി ഓർക്കുന്നില്ല. ഇനി അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ശ്രദ്ധിച്ചുംകാണില്ല. ഞാനത് തുറന്നു പറഞ്ഞു.

അദ്ദേഹമാകട്ടെ, ഭാവവ്യത്യാസമില്ലാതെ പറഞ്ഞു -

“ഒരുപാടുണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്.”

ഞാൻ കണ്ണുമിഴിച്ചു - “എവിടെ?”

“ദാറ്റ് ഡസ്ന്റ് മാറ്റർ മാൻ.ആൻ അറ്റാക് - ഇറ്റ് മേൿസ് ദറ്റ് പ്ലേസ് എ വാർഫ്രണ്ട്; ഇറെസ്പെക്റ്റീവ് ഒഫ് ദ് നേം ഒഫ് ദ് ലാൻഡ്.”

ഒരു മഹദ്‌വചനം പോലെ തോന്നി എനിക്ക്. ഏതൊരാക്രമണവും സൃഷ്ടിക്കുന്നത് ഒരു പോർക്കളം മാത്രമാണ്‌, അതെവിടെയായാലും. ചോരകൊണ്ട് കണക്കുപറയുന്ന ഒരു കളിക്കളം.

“അങ്ങനെയൊരു വാർഫ്രണ്ടിൽ ഞാനുണ്ടായിരുന്നു. കൃത്യം ഒരു മാസം മുൻപ്. അല്പം ഐസോലേറ്റഡ് ആയിട്ടുള്ള ഒരു ഗ്രാമമാണ്‌. ഇനാൿസസബിളും. ഫോറസ്റ്റൊക്കെയുള്ള നല്ല ഹില്ലി ഏരിയയാണ്‌. അവിടമൊക്കെ ഇൻക്ലൂഡ് ചെയ്യുന്ന രീതിയിൽ ഒരു ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ കണക്കുകൂട്ടലിൽ ഈ ഗ്രാമം ഒരു ഹോട്സ്പോട്ടേ അല്ലായിരുന്നു.”

പറയുന്ന കഥയുടെ മുറുക്കം അദ്ദേഹത്തിന്റെ കണ്ണുകളിൽ നിഴലിച്ചുവന്നു. കഥ തുടർന്നു-

“അങ്ങനെയിരിക്കേ ഒരു ദിവസം, രാത്രിയാണ്‌ ഞങ്ങൾക്ക് ഇൻഫർമേഷൻ കിട്ടുന്നത്, ഈ വില്ലേജിൽ അറ്റാക് ഉണ്ടായി എന്ന്‌. ഞങ്ങൾ ഉറങ്ങാൻ തയ്യാറെടുക്കുന്ന സമയത്തായിരുന്നു അത്. ഉടൻ തന്നെ ഞങ്ങൾ മൂവ് ചെയ്തു. വളരെ ദുർഘടം പിടിച്ച വഴിയും എല്ലാമായിട്ട് മൂന്നുമണിക്കൂർ കൊണ്ടാണ്‌ ഞങ്ങളവിടെ എത്തിയത്.“

”അന്യരെ ഗ്രാമത്തിൽ കണ്ടിട്ട് അവരെ ചില വില്ലേജേഴ്സ് ചോദ്യം ചെയതത് ഇൻട്രൂഡേഴ്സിനെ പ്രൊവോക് ചെയ്യുകയായിരുന്നു. അവരെ ഫേവർ ചെയ്യുന്ന ലോക്കൽ ആയിട്ടുള്ള ഗ്രൂപ് കൂടിച്ചേർന്ന് ഈ വില്ലേജേഴ്സിനെ അറ്റാക് ചെയ്തു. എന്നിട്ട് ഫോറസ്റ്റിലേക്ക് കടന്നു എന്നായിരുന്നു ഞങ്ങൾക്കു കിട്ടിയ മെസ്സേജ്."


Courtesy : indianexpress.com

സറിന്റെ കണ്ണുകളിലെ ഭാവം മാറിയിട്ട് വിജയത്തിന്റേതായ ഒരു തിളക്കം മിന്നി-

”യു നോ രാജ്, ഉച്ചയ്ക്കു 12 മണിക്കു മുൻപ് ആ ഡെൻസ് ഫോറസ്റ്റിൽ നിന്നും 8 മിലിട്ടന്റ്സിനെ ഷൂട്ട് ചെയ്തു വീഴ്ത്തി. ബട്, പറഞ്ഞു വന്നത് അതല്ല, അതിനു ശേഷം ആ വില്ലേജ് മുഴുവൻ സെർച്ച് ചെയ്തു. അത് പതിവുള്ളതാണ്‌. എവിഡൻസിനും അവരുടെ ലോക്കൽ സപ്പോർട്ടിന്റെ സോഴ്സ് ഒക്കെ മനസ്സിലാക്കുന്നതിനും വേണ്ടീട്ടുകൂടെയാണത്...“

”... അവിടെ ഞങ്ങൾ ഒരു കാഴ്ച കണ്ടു. ഒരു ഫാമിലിയെ അവർ കൊന്നുതള്ളിയിരിക്കുന്ന കാഴ്ച. ആ വീട്ടിലെ അച്ഛനെയും അമ്മയെയും പിന്നെ ഒരു കുഞ്ഞിനെയും ഷൂട്ട് ചെയ്തു കൊന്നിരിക്കുകയാണ്‌. ബട്, അതിലുമുപരി, അവരുടെ ഇളയകുഞ്ഞ്, ന്യൂ ബോൺ ബേബി ആണ്‌, ഒരു രണ്ടാഴ്ച പ്രായം വരും, ഒരു പെൺകുഞ്ഞ്, അതും മരിച്ചു കിടക്കുകയാണ്‌. വിത് നോ എക്സ്ടേണലി വിസിബിൾ ഇൻജുറി. ആ കുഞ്ഞ് കിടക്കുന്നത് അതിന്റെ അമ്മയുടെ ദേഹത്തോട് ചേർന്ന് ചൂടുപറ്റി അമ്മയെ ആവത് കെട്ടിപ്പിടിച്ചുകൊണ്ടാണ്‌. ചിന്തിക്കാൻ പറ്റുമോ, ആ രാത്രിയിൽ, ആ കുഞ്ഞ് തണുത്ത് വിറച്ച്, ചുറ്റും മരണം മാത്രമുള്ള ടെറിഫിക്കായ ഏകാന്തതയിൽ കിടന്ന്, വിശന്നു കരഞ്ഞ് ശ്വാസം മുട്ടി നരകിച്ച്....!!! ഈ ലോകത്തേക്കു വന്നിട്ട് രണ്ടാഴ്ച പോലുമാകാത്ത ഒരു കുഞ്ഞിന്റെ മണിക്കൂറുകൾ നീണ്ട ഡെത്ത്!!!“

ഞങ്ങൾ രണ്ടും കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അവസാനം സർ തന്നെ ചോദിച്ചു-

”വാട്ട് ഡു യു തിങ്ക് രാജ്, വാട്ട് ഡു വി സീ ഇൻ ദ് വിക്റ്റിംസ് ഇൻ സച് എ സിറ്റുവേഷൻ ?“

എനിക്കുത്തരമില്ലായിരുന്നു. ”എനിക്കറിയില്ല സർ. ഐ കാന്റ് ഈവൻ ഇമാജിൻ ഇറ്റ്!

“യു നോ രാജ്, ഞാൻ ഇപ്പോൾ നാട്ടിൽ വന്നിട്ടുള്ളത് എന്റെ വാവയുടെ പേരിടീൽ ചടങ്ങിനാണ്‌. ഇപ്പോ, ഐ തിങ്ക്, അവളുടെമുഖം എന്റെ കണ്മുന്നിൽ അന്നു മരിച്ചുകിടന്നിരുന്ന ആ കുഞ്ഞിന്റെ തന്നെയാണെന്ന്.”

ഇതു പറഞ്ഞപ്പോൾ വാത്സല്യമോ ഭീതിദമായ ഒരോർമ്മയോ നിമിത്തം അദ്ദേഹത്തിന്റെ കണ്ണിൽ നേരിയ ഒരു നനവു പടരുന്നതു ഞാൻ കണ്ടു. പിന്നീടു ഞാൻ ഒന്നും തന്നെ അദ്ദേഹത്തോടു ചോദിച്ചില്ല. ആ സംഭവം എന്നെ അത്രകണ്ട് അടിച്ചിരുത്തിക്കളഞ്ഞിരുന്നു. പെട്ടെന്നുതന്നെ അദ്ദേഹത്തിനിറങ്ങാനുള്ള സ്റ്റേഷനുമായി. അദ്ദേഹം സീറ്റിൽ നിന്നെണീറ്റപ്പോൾ ഞാനും ഒപ്പം എണീറ്റുനിന്നു. ആ ധീരയോദ്ധാവിന്റെ ചഞ്ചലപ്പെടാത്തതും കരുണ വറ്റാത്തതുമായ കണ്ണുകളിൽ നോക്കി അറ്റൻഷനായി നിന്നു കൊണ്ട് ഞാൻ പറഞ്ഞു-

“ജയ് ഹിന്ദ്, സർ!”

Wednesday, June 19, 2013

അവധികൾ നല്കുന്ന പുതുജീവൻ

മെയ് മാസം മുഴുവൻ ജോലിയുടെ ഭാഗമായുള്ള ഒരു ട്രെയിനിങ്ങിനായി തിരുവനന്തപുരത്തായിരുന്നു ഞാൻ. തലസ്ഥാനത്ത് ആണെങ്കിലും നഗരത്തിന്റെ തിരക്കുകളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും പൂർണ്ണമായും അകന്ന്, തികച്ചും ഒരു വിദ്യാർഥിയെപ്പോലെ തന്നെ പഠനത്തിന്റേതായ സകല പിരിമുറുക്കങ്ങളും അനുഭവിച്ച് ഒരു മാസം. ശീർഷകത്തിൽ പറഞ്ഞിരിക്കുന്നതു പോലെ ഇതൊരു അവധിക്കാലമായിരുന്നു - പതിവായി പഴകിപ്പോയ ചര്യകളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമുള്ള ഒരവധി.

കൊടും വേനലിന്റെ മൂർദ്ധന്യത്തിലാണ്‌ ഞാൻ വീടു വിട്ടത്. തിരികെ വരുമ്പോഴേക്കും മഴക്കാലമാവും എന്നുറപ്പുണ്ടായിരുന്നു. അതിനാൽ കുടയും കയ്യിൽ കരുതി. നഷ്ടബോധം തോന്നിയത് ആകെ ഒരു കാര്യത്തെ പറ്റിയാണ്‌. വീടും ഈ ചെറിയ പട്ടണവും ഈ ഋതുസംക്രമവേളയിലൂടെ കടന്നു പോകുന്നത് നോക്കിനില്ക്കുക കൗതുകകരമാണ്‌. ആ രസക്കാഴ്ചയ്ക്കു നേർസാക്ഷ്യം വഹിക്കാനൊക്കില്ലല്ലോ എന്നൊരു നഷ്ടബോധം. ജലക്ഷാമത്തിന്റെ കയ്പ്പുനീർ തേകിയ ഈ വേനൽ ജലവറുതികളും കൊണ്ടു വരുന്ന ഇടവപ്പാതിയിലേക്ക് ചുവടുമാറുന്നതു കണ്ടിരിക്കാൻ പറ്റിയില്ല. ഒരു മാസത്തിനു ശേഷം തിരികെ വ്യത്യസ്തമായ ഭൂമികയിലേക്കുള്ള മടങ്ങി വരവ്. എത്ര തന്നെ കണ്ടിട്ടുള്ളതെങ്കിലും ഞാൻ പടിയിറങ്ങിപ്പോയ മണ്ണിലേക്കല്ല ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത് എന്ന ബോധ്യം - അതു തരുന്ന അല്പനേരത്തെ അപരിചിതത്വം. പൊരുത്തപ്പെടുമോ എന്നറിയാതെ ഒരു കൂടിച്ചേരലിനായുള്ള യാത്ര പോലെ.. അറിഞ്ഞുകൊണ്ട് നേരിടേണ്ടിവരുന്ന ആ അനിശ്ചിതത്വത്തിലേക്കുള്ള മടക്കം!

ആ യാത്രയുടെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമുള്ള വൈരുദ്ധ്യങ്ങൾ പറയാം. പോയപോക്കിന്‌ കയ്യിൽ കുടിവെള്ളം കരുതാഞ്ഞതിൽ വിഷമിച്ചെങ്കിൽ തിരിച്ചിങ്ങോട്ട് ആർത്തു പെയ്യുന്ന മഴയുടെ മുഴക്കത്തിൽ മുഴുകാൻ വെമ്പിയിരിക്കുകയായിരുന്നു ഞാൻ. പക്ഷേ, അത്രയൊന്നും ഉണ്ടായില്ല. ഇടവിട്ടു മാത്രം ഘോരഘോരം പെയ്ത പെരുമഴയൊഴികെ. പോകും വഴി ഞൻ കണ്ടത്, വീണുകിട്ടിയ വേനൽമഴയിൽ നിന്നും ഉയിർകൊണ്ട് പച്ചപ്പിന്റെ നേരിയ കതിരുകൾ ചൂടി റോഡരികിലെ പാറക്കെട്ടുകളിലും കയ്യാലകളിലും നില്ക്കുന്ന പുൽനാമ്പുകളാണ്‌. അവയെല്ലാം വള്ളിപ്പടർപ്പുകൾ ഭൂരിപക്ഷം നേടിയ ഹരിത കംബളം കൊണ്ട് ഇക്കാലത്തിനിടെ മൂടപ്പെട്ടിരുന്നു. ഉണങ്ങിയ പുല്ലുകളുടെ മഞ്ഞ നിറം കൊണ്ട് വേനലിൽ പ്രാണൻ കെട്ടുപോയ മലഞ്ചെരിവുകളിൽ ജീവൻ തളിർത്തിരുന്നു. പാറക്കെട്ടുകളിലൂടെ, കുന്നിന്റെ കവിളിണകളിലൂടെ ആനന്ദാശ്രുക്കൾ വെള്ളിനൂലുകളായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇവയെല്ലാം മറച്ചുകൊണ്ട് തലനീട്ടിപ്പിടിക്കുന്ന കോടമഞ്ഞ് ഓരോ പെയ്ത്തിനു ശേഷവും രൂപം പറയാനാവാത്ത വെൺചിത്രങ്ങൾ ആകാശത്തിനു കീഴിൽ വരച്ചിട്ടു. മഞ്ഞിനും മഴയ്ക്കും അതിരിടുന്ന കാറ്റ് ആ ചിത്രങ്ങൾ മായ്ച്ചു കളഞ്ഞു. കരയാൻ വെമ്പുന്ന ബാലികയുടെ മുഖം പോലെ പ്രകൃതിയുടെ ഓമനമുഖം തെല്ലിട വാടി നിന്നു. പിന്നെ ഒരു നീണ്ട ഇരമ്പമായി വന്നു പെയ്തൊഴിഞ്ഞു.

ഇടവപ്പാതിയുടെ വരവറിയിച്ചുകൊണ്ട് പെയ്ത ആദ്യമഴയ്ക്കു ശേഷം ഈയാംപാറ്റകൾ, ആയിരക്കണക്കിന്‌, നനഞ്ഞ ഭൂമിയുടെ വിയർപ്പുരന്ധ്രങ്ങളിലൂടെ പുറത്തേക്കുവന്നു. ആകാശം കാണെ ഒരു ഞൊടി പകച്ചു നിന്നശേഷം ചിറകുകൾ വീശിയാട്ടി പറന്നുയർന്നു... സ്വാതന്ത്ര്യത്തിന്റെ പുത്തൻ ലോകത്തേക്ക്. അറിയാതെയെങ്ങാനും ഒരു മഴത്തുള്ളിയോ ഇലത്തുമ്പിൽ നിന്നും ഉതിർന്നു വീണ ഒരു പെരുംതുള്ളിയോ ആ ചിറകിൽ പതിച്ചാൽ മേനി തളർന്നു നേരേ ഭൂമിയിൽ. ദുർബ്ബലമായ ചിറകുകൾ അടർന്ന് വെറും പുഴുക്കളെപ്പോലെ മണ്ണിൽ അരിച്ചു നടക്കും ചിലവ. പിന്നെയും പറക്കാൻ ഭാഗ്യമുള്ളവർ ഉയരെ കത്തി നില്ക്കുന്ന വഴിവിളക്കിന്റെ പുറംചില്ലിൽ വെളിച്ചത്തെ അന്ധമായി പ്രണയിച്ച് തലതല്ലി മരിക്കുന്നു. ഞാനിരിക്കുന്ന മുറിയുടെ ജനാലച്ചില്ലിൽ നൂറുകണക്കിനു ഈയാംപാറ്റകൾ വന്ന് എന്റെ മുറിയിലെ സി.എഫ്.എൽ. വെളിച്ചത്തിനായി മുട്ടിവിളിക്കുന്നു. അതു കേൾക്കാൻ കൂട്ടാക്കാതെ ഞാൻ നാളത്തേക്കു തയ്യാറാക്കേണ്ട റിക്കാർഡുകളിൽ തല പൂഴ്ത്തുന്നു. രാവിലെ നോക്കുമ്പോൾ ജനാലച്ചില്ലിലും ഭിത്തിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ചിലന്തിവലകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചിറകുകൾ കാണാം. താഴെ ചിറകുകൊഴിഞ്ഞും ജീവനൊടുങ്ങിയും കിടക്കുന്ന ഈയാംപാറ്റകളുടെ കൂമ്പാരം. ഇന്നലെ അവർക്കായി തുറന്നു കിടന്ന സ്വാതന്ത്ര്യത്തിന്റെ കവാടങ്ങൾ രാത്രിയിലെ മഴയിൽ അടഞ്ഞുപോയിരിക്കാം, അല്ലെങ്കിൽ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ നിശ്ചേതനമായിരിക്കാം.

വേരോടടുത്ത്, മണ്ണിൽ കാലുറപ്പിച്ച് പ്ലാവിന്റെ ചുവട്ടിൽ ചാരിയിരിക്കുകയാണ്‌ ചക്കകൾ. അതിലൊന്നു പഴുത്തതാണ്‌. സമീപത്തു കൂടി പോകുമ്പോൾ മണം കിട്ടുന്നുണ്ട്. എലിയോ മറ്റോ ആവണം അതിന്നലെ തുരന്നു വച്ചിട്ടുണ്ട്. തുറന്നു വെച്ച മധുപാത്രത്തിൽ നിന്നും അമൃതുനുകരുന്ന ഈച്ചകളും മറ്റ് ഷഡ്പദങ്ങളും. എവിടെ നിന്നോ ഇറങ്ങിവന്ന ഒരണ്ണാൻ അവയെ ആട്ടിയകറ്റി വിരുന്നുണ്ടുതുടങ്ങി.

പുറത്തേക്കൊന്നിറങ്ങി തെല്ലിട വെറുതെ നിന്നാൽ മൂളിപ്പാട്ടും പാടിപ്പൊതിയുന്ന കൊതുകുകൾ. ഓരോ കൊതുകുകടിയും വരാൻ പോകുന്ന അസംഖ്യം അസുഖങ്ങളുടെ നാന്ദിയാണെന്ന തിരിച്ചറിവിൽ സ്വന്തം ശരീരത്തിലേക്ക് കാലെന്നും കരണമെന്നും നോക്കാതെ പതിയുന്ന കൈത്തലം. ചിതറിപ്പതിഞ്ഞ ഒരു ചോരത്തുള്ളിയുടെ നടുവിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊതുക് - രക്തസാക്ഷി. ഇതു കണ്ടിട്ട് എന്നെ കുത്താനുള്ള ഉദ്യമം മതിയാക്കി തൊട്ടടുത്ത് കാണുന്ന ഒരു തുടം വെള്ളത്തിൽ ആയിരം മുട്ടയിടുന്ന മറ്റൊരു കൊതുക് - പോരാളി. പകർച്ചവ്യാധികളെപ്പറ്റിയുള്ള വാർത്ത കേട്ടാൽ വിറയ്ക്കുന്ന നാട്.

Rain season

മഴ തിമിർത്തു പെയ്യാതെ ജൂൺ 3. സ്കൂൾ തുറന്ന ദിവസം. ട്രെയിനിങ്ങിനു ശേഷം ആദ്യമായി ഓഫീസിലേക്കുള്ള യാത്ര. ചാറ്റൽ മഴയുടെ കുളിരിൽ ബസ്സിലിരുന്ന് ബാക്കി നില്ക്കുന്ന ഉറക്കത്തിനായി നീക്കിവെച്ച ഒരു മണിക്കൂറിലേക്ക് പല ബസ് സ്റ്റോപ്പുകളിൽ നിന്നും പറന്നു വന്ന കരച്ചിലുകൾ. സ്കൂളിലേക്കുള്ള ആദ്യയാത്രയുടെ നൊമ്പരങ്ങൾ. വാശികൾ. പുത്തൻ കുടയും ചെരിപ്പും. ഇനിയും തയ്ച്ചു കിട്ടിയിട്ടില്ലാത്ത യൂണിഫോം. ആദ്യദിനം പുത്തൻ മണം വമിക്കുന്ന പുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും വലയ്ക്കുന്ന ഭാരമില്ല. സ്കൂൾ വരാന്തയിൽ എത്തിവലിഞ്ഞു നിന്ന് ഓടിന്റെ ചാലില്ക്കൂടി ഊർന്നുവീഴുന്ന മഴവെള്ളത്തിൽ കൈ നനച്ചിട്ട് ചോറ്റുപാത്രം തുറക്കുമ്പോൾ പരന്നൊഴുക്കുന്ന മണം. കല്ലിലരച്ച പുളിചേർത്ത ചമ്മന്തിയുടെ നവസുഗന്ധം.

ഓർമ്മകളിലൂടെ നാം അവധിയെടുക്കുകയാണ്‌. ഗൃഹാതുരതയുടെ ഋതുസംക്രമങ്ങളിലേക്ക്, ഒരു മഴവിൽത്തോണിയേറിപ്പോകുവാൻ!

Monday, April 29, 2013

ദി കാർ

കാർ എന്നും ഒരു പട്ടണത്തിൽ നിന്നു മറ്റൊന്നിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു. മിക്കവാറും തന്നെ അതിൽ നാലു പേർ ഉണ്ടാവുമായിരുന്നു. അവരിൽ കാറിന്റെ ഉടമസ്ഥൻ തന്നെയായിരുന്നു വണ്ടി ഓടിച്ചിരുന്നത്.

കാർ സുന്ദരിയായിരുന്നു. അവൾ വൃത്തിയും വെടിപ്പും ഉള്ളവളായിരുന്നു. വെയിലായാലും മഴയായാലും അധികം അഴുക്കും പൊടിയുമില്ലാതെ ചന്തത്തോടെയിരിക്കാൻ അവളുടെ ഉടമസ്ഥൻ ശ്രദ്ധിച്ചുപോന്നിരുന്നു. എന്നും അവൾ യാത്ര പോയിരുന്നത് ഉടമസ്ഥന്റെ ഓഫീസിലേക്കായിരുന്നു. ആ യാത്രകൾ ക്രമേണ കാറും ഇഷ്ടപ്പെട്ടുതുടങ്ങി. ഉടമയുടെ സുഹൃത്തുക്കളായ സഹപ്രവർത്തകരായിരുന്നു കാറിലെ മറ്റു യാത്രക്കാർ. ഓഫീസിലേക്കു പോകുന്ന വഴി ഓരോരുത്തരെയും കയറ്റിക്കൊണ്ടാണു പോവുക. യാത്രയുടെ ഉണർവ്വിലേക്ക് പൂർണ്ണമായും കാർ എത്തുന്നത് ഇവരെല്ലാവരും വന്നതിനു ശേഷമാണ്‌. അപ്പോഴേക്കും കാർ വീതി കുറഞ്ഞ ചെറിയ റോഡിൽ നിന്നും പ്രധാന റോഡിലേക്കു കയറും. അല്പദൂരം അല്പദൂരം പുത്തൻ വഴിയാണ്‌. അല്ലലില്ലാത്ത ആ വഴിയിലൂടെ ഒരു മിനിറ്റു നേരം പോലും സഞ്ചരിക്കും മുൻപേ അത്രയ്ക്കു നല്ലതല്ലാത്ത റോഡായി. എന്നും കാർ ഓർക്കും, ഓടുന്ന വഴി മുഴുവനും ഇതുപോലെ മിനിമിനുത്തതായിരുന്നെങ്കിലോ എന്ന്. എങ്കിലും ഒരു പരാതിയും കാട്ടാതെ അതിന്റെ യാത്ര തുടരും. താണ്ടാനുള്ള വഴികൾ പല നിലവാരത്തിലായിരിക്കുമെന്ന് അറിയാമെങ്കിലും വെറുതേ ഈ മോഹഭംഗം പതിവുയാത്രകളുടെ ഭാഗമായി മാറിയിരിക്കുകയാണ്‌.

പ്രധാന റോഡ് - സ്റ്റേറ്റ് ഹൈവേയിലേക്കു കയറിക്കഴിഞ്ഞാൽ പിന്നെ വാഹനങ്ങളുടെ ഒരു പ്രവാഹമാണ്‌. എന്നുംകൊണ്ട് ഇടമുറിയാതെ വാഹനങ്ങളുണ്ട് എന്നല്ല, ഇതിലേ പോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രമമായ വളർച്ച കാറും കാണുന്നതാണ്‌. ഒരേ സമയത്ത് പതിവുള്ള യാത്രയായതുകൊണ്ട് സ്ഥിരം കാണുന്ന ബസ്സുകളും മറ്റു വാഹനങ്ങളും പരിചയക്കാരേപ്പോലെ ആയിക്കഴിഞ്ഞിരിക്കുന്നു. ബസ്സുകളാകട്ടെ, സ്ഥിരമായി കടന്നുപോകുന്നത് ഒരേ സ്ഥലത്തുവെച്ചായിരിക്കും. അപ്പോഴെല്ലാം കാർ ഓർക്കുന്നത് ഇന്നലെയും ഈ ബസ്സു കണ്ടത് ഇതേ സ്ഥലത്തുവെച്ചായിരുന്നല്ലോ എന്നാണ്‌. ഇനി ഏതെങ്കിലും ദിവസം യാത്ര അല്പം വൈകുകയോ നേരത്തെയാവുകയോ ചെയ്താൽ ചിന്ത നേരെ മറിച്ചുമാകും.

ഈ പതിവു സഹയാത്രികർ പരിചയക്കാരെപ്പോലെ ആണെങ്കിലും ഒരേ റോഡിലൂടെ സഞ്ചരിക്കുന്നവർ എന്നല്ലാതെ കാണുമ്പോൾ ആ പരിചയം പ്രകടിപ്പിക്കുകയൊന്നും ചെയ്യില്ല. ഞാനും അവരും താന്താങ്ങളുടെ കാര്യം നോക്കി പരസ്പരം ഒരു ശല്യമോ ഒരു വിഷയം പോലുമോ ആവാതെ അങ്ങനെയങ്ങു പോകും. എന്നാൽ വലിയ സുന്ദരനും മസിൽമാനുമാണെന്ന ഭാവത്തിൽ പോകുന്ന ഒരു വിദ്വാനുണ്ട്- നീലനിറമുള്ള ഒരു ടാങ്കർ ലോറി. അവന്‌ എന്തിന്റെ അഹങ്കാരമാണെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ, അവൻ ആർത്തലച്ച് എതിരേ വരുന്നതുകാണുമ്പോൾ എനിക്കുള്ളിൽ ഭയമാണ്‌. ഒരിക്കൽ ഇവൻ ഒരു ജീപ്പിനെ ഇടിച്ചു തകർത്തിട്ട് അതിലെ യാത്രക്കാർക്ക് സാരമായ പരിക്കുകൾ പറ്റിയതായി ഞാൻ കേട്ടിട്ടുണ്ട്. ദുഷ്ടനാണവൻ. ഞാൻ എന്നും കാണുന്ന മുഖങ്ങളിൽ മറ്റാരെക്കുറിച്ചും എനിക്കൊരു പരാതിയുമില്ല കേട്ടോ.

പിന്നെ, പതിവുയാത്രക്കാരല്ലാത്ത, ദൂരദേശങ്ങളിൽ നിന്നു വരുന്ന ചിലർ എതിരേ പാഞ്ഞടുത്ത് എനിക്കു പോകാനുള്ള വഴിയിൽ കടന്നുകയറി വരാറുണ്ട്. അതും എനിക്കു ഭയമാണ്‌. പരിചയമില്ലാത്ത വഴികളിലൂടെ അത്രയും സാഹസം കാണിക്കരുതെന്ന് അവരോടു പറയാൻ എനിക്കു തോന്നാറുണ്ട്. എങ്ങനെ പറയാനാണ്‌? ധൃതി പിടിച്ചുള്ള ഓട്ടമല്ലേ. കൊടും വളവുകൾ നിറഞ്ഞ എന്റെ സഞ്ചാരപഥത്തിൽ ഇങ്ങനെ പായുന്നത് എത്ര അപകടം പിടിച്ചതാണെന്ന് അവർക്ക് അറിവില്ലാഞ്ഞിട്ടാകുമോ? അല്ല. പലപ്പോഴും എന്റെ വശത്ത് തട്ടാതെയും കൂട്ടിമുട്ടാതെയും ഞാൻ രക്ഷപ്പെട്ടുപോരുന്നത് ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ്‌. അപ്പോഴെല്ലാം എന്റെയുള്ളിൽ ഉണ്ടാവുന്ന കാളൽ നിങ്ങൾക്കാർക്കും മനസ്സിലാവില്ല. കാരണം ഞാൻ സുരക്ഷിതയായി നിന്നാൽ മാത്രമേ എന്റെയുള്ളിലെ യാത്രികരും സുരക്ഷിതരായിക്കൂ.

എപ്പോഴും തമാശകളും പൊട്ടിച്ചിരികളും കാര്യമായ ചർച്ചകളും കൊണ്ടു നിറഞ്ഞതാണ്‌ എന്റെ യാത്രകൾ. എന്റെ മ്യൂസിക് സിസ്റ്റത്തിന്റെ കാര്യവും രസമാണ്‌. സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കാറിന്റെ പോലെ, അത്ര പഴക്കമൊന്നുമില്ലാത്ത പാട്ടുപെട്ടി ആണെങ്കിലും അപ്രതീക്ഷിതമായി ഓണാവുകയും ഓഫാവുകയും ചെയ്യുന്നത് അതിനെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്‌. ചികിൽസയൊന്നും തുടങ്ങിയിട്ടുമില്ല.

പതിവുയാത്രകളിൽ പ്രധാനപ്പെട്ട ഒരു സംഭവമാണ്‌ ഇന്ധനം നിറയ്ക്കൽ. കൃത്യമായ ഇടവേളകളിൽ ഊഴം വെച്ചാണ്‌ അവർ എന്റെ വയറുനിറയ്ക്കുന്നത്. രസകരമായ മറ്റൊന്നു കൂടിയുണ്ട് - എന്റെ ഉടമയ്ക്ക് കൂടെക്കൂടെ എന്റെ ടയറുകളിലെ കാറ്റ് പരിശോധിച്ചു ബോധ്യപ്പെടണം. ഈയിടെ ടയർ ഒരെണ്ണം മാറ്റിയിട്ടിരുന്നു. അതിന്റെ കാര്യമായാലും ഇതു തന്നെ ഗതി. എന്തുകൊണ്ടാണ്‌ ഇതിങ്ങനെ എന്നറിയില്ല. വല്ല OCDയും ആയിരിക്കും.


നിറയെ മഞ്ഞപ്പൂക്കളുള്ള പേരില്ലാത്ത ആ മരം...

ഓഫീസിൽ പോകുന്നതിന്റെ സുഖമുള്ള ഭാഗം കാട്ടിലൂടെയുള്ള യാത്രയാണ്‌. മഴയാണെങ്കിലും വെയിലാണെങ്കിലും കാട്ടിലൂടെയുള്ള സഞ്ചാരം മനോഹരമാണ്‌. വേനലിൽ വരണ്ടുണങ്ങിയും ഇലകൾ കൊഴിഞ്ഞും നില്ക്കുമ്പോൾ കാടിന്റെ അസ്ഥിപഞ്ജരം ദൃശ്യമാകുന്നു. എന്നാൽ ഈയിടെ ലഭിച്ച വേനൽമഴയ്ക്കു ശേഷം കാടിന്‌ പുതുജീവൻ കൈവന്നിട്ടുണ്ട്. പാതയോരത്തുള്ള ഗുല്മോഹർ മരങ്ങൾ മനോഹരമായി പൂത്തുലഞ്ഞ് ചെങ്കുട ചൂടി നില്ക്കുന്നുണ്ട്. ഒരിക്കൽ കാട്ടിലൂടെ പോന്നുകൊണ്ടിരുന്നപ്പോൾ രാവിലത്തെ ഇളം കാറ്റിൽ ഉലഞ്ഞ നിറയെ മഞ്ഞപ്പൂക്കളുള്ള പേരില്ലാത്ത ആ മരം ഒരു കുടന്നപ്പൂക്കൾ എന്റെ മേലെ ചൊരിഞ്ഞത്. അവയെല്ലാം വിൻഡ് സ്ക്രീനിനു മേലെ വീണ്‌ പലഭാഗങ്ങളിലേക്ക് ചിതറിപ്പോയി. എന്നോട് ഇഷ്ടമുള്ള, എന്നെ എന്നും കാണാനാഗ്രഹിക്കുന്ന ആരോ ഒരാൾ കയ്യില്ക്കരുതിയിരുന്ന പൂക്കൾ വെറുതെ എന്തോ കളിപറഞ്ഞ് എന്റെ നേരെ എറിഞ്ഞിട്ടതു പോലെ. ആ നേരം സ്വയമറിയാതെ, നാണത്തിൽ കുതിർന്ന ഒരു പുളകം എന്നിൽ വിടർന്നെന്നും ആ സുഖം എനിക്കിഷ്ടമാണെന്നും ഞാൻ പറയേണ്ടതുണ്ടോ?

Tuesday, April 23, 2013

സുബ്രഹ്മണ്യനു കിട്ടിയ ശാസനം

നി അച്ചായൻ സ്റ്റൈലിലും നല്ല ഉച്ചത്തിലും സംസാരിക്കുന്ന മഹാരസികനായ ഒരു ജൂനിയർ സൂപ്രണ്ട് ആണ്‌ ഈ കഥ പറഞ്ഞത്. വളരെവളരെ വർഷങ്ങൾക്കു മുൻപ് ഒരു താലൂക്ക് ഓഫീസാണ്‌ രംഗം.

സ്വസ്ഥമനോജ്ഞമായ ആ താലൂക്ക് ഓഫീസിന്റെ അധിപൻ നമ്മുടെ കഥാനായകനായ തഹസിൽദാർ ആകുന്നു. ഒരുനാൾ സുബ്രഹ്മണ്യൻ എന്നു പേരായ ഒരു പാവം നിഷ്കളങ്കൻ സെക്‌ഷൻ ക്ലർക്ക് ഏതോ ഒരു ഫയൽ സംബന്ധിച്ച് സംശയമോ മറ്റോ ചോദിക്കാനായി ബഹു. തഹസിൽദാരുടെ റൂമിലേക്കു ചെല്ലുകയാണ്‌. വാതില്ക്കലെ ഹാഫ് ഡോർ തുറന്ന് മുറിയിലേക്കു കയറാനൊരുമ്പെട്ട സുബ്രഹ്മണ്യൻ അകത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു നിന്നു.

മദ്ധ്യവയസ്കനായ തഹസിൽദാരുടെ മാറിൽ തല ചായ്ച്ച് അർദ്ധനിമീലിത മിഴികളുമായി സ്വയം മറന്ന് പരിരംഭണത്തിൽ പൂണ്ടു നില്ക്കുന്നു യുവതിയും സുന്ദരിയുമായ ടൈപ്പിസ്റ്റ്!! അന്ധാളിച്ചു വാ പൊളിച്ചുനിന്ന സുബ്രഹ്മണ്യൻ ഒരു നിമിഷം കൊണ്ട് സമനില വീണ്ടെടുത്തു. പക്ഷേ സുബ്രഹ്മണ്യന്റെ സാമീപ്യം തിരിച്ചറിഞ്ഞ ആലിംഗനബദ്ധർ പെട്ടെന്നുതന്നെ കുതറിയകന്നു. രംഗം പന്തിയല്ലെന്നു തിരിച്ചറിഞ്ഞ സുബ്രഹ്മണ്യൻ ‘ഞനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടിൽ മറ്റു ക്ലർക്കുമാരുടെ ഇരിപ്പിടങ്ങൾക്കരികിലൂടെ സ്വന്തം സ്ഥാനത്തേക്കു നടന്നു. ലാവണ്യവതി ടൈപ്പിസ്റ്റ് കുണുങ്ങിക്കുണുങ്ങി പമ്പ കടന്നു. സംഭവത്തിന്റെ വരും വരാഴിക ഞൊടിയിൽ തിരിച്ചറിഞ്ഞ തഹസിൽദാർ പൊടുന്നനെ തന്റെ റൂമിന്റെ വാതില്ക്കലെത്തി. ഒരു കൈ കൊണ്ട് ഹാഫ് ഡോർ തള്ളിപ്പിടിച്ച് പുറത്തേക്കു നോക്കിയപ്പോൾ സുബ്രഹ്മണ്യൻ സീറ്റിലേക്ക് എത്തുന്നതേയുള്ളു. അതേ നില്പിൽ നിന്നുകൊണ്ട് തഹസിൽദാർ മറ്റേ കൈ ചൂണ്ടി വിളിച്ചു: “സുബ്രഹ്മണ്യാ..”

സുബ്രഹ്മണ്യൻ തിരിഞ്ഞു നോക്കി.

“...ദേ, റവന്യൂ വകുപ്പിന്‌ ആവശ്യത്തിനു ദുഷ്‌പേര്‌ ഇപ്പത്തന്നെയുണ്ട്. ഇനി ‘നീയായിട്ട്’ അതു കൂട്ടരുത്!”

ആഫീസ് കഥകൾക്ക് ഒരാമുഖം

ജോലിസ്ഥലങ്ങളിൽ തമാശകളും കഥകളും ഏറെ അരങ്ങേറുന്ന നാടാണു കേരളം. ഓരോ തൊഴിൽ രംഗങ്ങളിലും അതാതു മേഖലയുമായി ബന്ധപ്പെട്ടതും രസകരവുമായ നിരവധി സംഭവങ്ങൾ ഉണ്ടെങ്കിലും അവയ്ക്കെല്ലാം അതാത് ഓഫീസുകളിൽ ജനിച്ചു മരിക്കാനാണു വിധി. സർക്കാർ ഓഫീസുകളിലെ നർമ്മരംഗങ്ങൾ പലതും മിക്കവാറും അതാത് ഓഫീസുകളുടെ ചുവരുകൾ വിട്ടു പോകാറില്ല. സർക്കാർ ഓഫീസ് പശ്ചാത്തലമായ രസകരസംഭവങ്ങളുടെ സാദ്ധ്യത നമ്മെ ബോദ്ധ്യപ്പെടുത്തിയത് ‘അയാൾ കഥയെഴുതുകയാണ്‌’ എന്ന സിനിമയിലെ കഥാപാത്രം ‘സാഗർ കോട്ടപ്പുറം’ ആണ്‌. സർവീസ് സ്റ്റോറി എഴുതാൻ ഒരു സർക്കാർ ഓഫീസിലേക്കു വരുന്ന അയാളുടെ പ്രതീക്ഷകളിൽ അങ്ങനെ ഒരോഫീസിൽ നിന്നു ലഭിക്കാവുന്ന വിഷയങ്ങളുടെ പട്ടിക നിരന്നു കാണാം.

എല്ലാ ഓഫീസുകളിലും ഏറിയും കുറഞ്ഞും ഇത്തരം എക്സ്ട്രാ കരിക്കുലർ മാറ്റേഴ്സ് ഉണ്ടെന്നതും നമുക്കറിയാം. ഓഫീസുകളിൽ മാത്രമല്ല വ്യാപാരസ്ഥാപങ്ങളിൽ, തൊഴിൽ ശാലകളിൽ, ടാക്സി സ്റ്റാൻഡുകളിൽ... അങ്ങനെയങ്ങനെ. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായി ഇത്തരം കഥകൾ പലതു പരന്നു, പരക്കുന്നു. അവയിൽ ചിലതാണ്‌ ആഫീസ്_കഥകൾ എന്ന ടാഗിൽ ഇവിടെയും. ഈ കഥകളിൽ നേരമ്പോക്കിനായി പടച്ചുണ്ടാക്കിയ കഥകളും മിത്തുകളും പാരവെയ്ക്കാൻ മെനഞ്ഞ പണികളും ഒക്കെയുണ്ട്. പറഞ്ഞത് ഇത്രയേയുള്ളൂ, ഇവയിലെ യാഥാർഥ്യം തിരയാൻ ദയവായി മെനക്കെടരുത്. അതെ, ആഫീസ്_കഥകൾ എന്ന ലേബലിൽ വരുന്ന കുറിപ്പുകളിലെ കഥയും കഥാപാത്രങ്ങളും പേരുകളും സാഹചര്യങ്ങളും തികച്ചും സാങ്കല്പികം മാത്രം!

യൂ ഗോട്ടിറ്റ്, ഹ്?

ആദ്യത്തെ കഥ ഇവിടെ.

Sunday, April 14, 2013

വേനലിനു പറയുവാനുള്ളത്

ഴി കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെ ആയതാണു ഞാൻ. വെയിൽ. ചൂട്. പൊള്ളൽ. ഞാൻ പോലും വെന്തുരുകുകയാണെന്ന് അറിയുന്നില്ല ഇവർ. വേനലിനെ ഉള്ളുപൊള്ളുന്നതു കാണാത്തവർ, അവർ കണ്ണീരിന്റെ ഉപ്പ് എന്തെന്നറിയാത്തവരാണ്‌. കാര്യമറിയാതെ, തേങ്ങുന്ന കുട്ടിയുടെ കണ്ണീരിനെ ശപിക്കുന്നവർ. അല്ലെങ്കിൽ തെറ്റെന്നറിഞ്ഞും ആ കണ്ണീരിനു മറ പിടിക്കുന്നവർ. അതറിയുമ്പോൾ എന്റെയുള്ളു വീണ്ടും പൊള്ളുകയാണ്‌.


Image Courtesy : ourdotcom.com

ഏതാനും വർഷങ്ങൾക്കപ്പുറത്ത്, പച്ചനിറം വാടാത്ത എന്റെ തന്നെ ഓർമ്മകളിൽ എന്റെ വെയിലിനു തീക്ഷ്ണവും വന്യവുമായ ഒരു സൗന്ദര്യമുണ്ടായിരുന്നു. പൊരുതാൻ പ്രേരിപ്പിക്കുന്ന മൽസരബുദ്ധിയുണ്ടായിരുന്നു. എന്നാൽ ഇന്നു ഞാൻ എല്ലാവരുടെയും ബദ്ധശത്രുവായി മാറിയിരിക്കുന്നു. എന്നെ ശത്രുക്കളെന്നു മുദ്രകുത്തുന്നവർ ആരും അറിയുന്നില്ല, ഒരിക്കലും ഞാൻ അവരുടെ ശത്രുവല്ലെന്ന്. അടങ്ങാതെ വാശിപിടിച്ചു കരഞ്ഞുകൊണ്ടേയിരുന്ന കുഞ്ഞിന്റെ വേദനയിലേക്കുള്ള, വാക്കുകളുപയോഗിക്കാത്ത ശ്രദ്ധ ക്ഷണിക്കലുകളായിരുന്നു എന്റെ ഇന്നത്തെ വീര്യത്തിനു മുന്നിൽ നിഷ്‌പ്രഭമായിപ്പോയ പണ്ടത്തെ ചെറുമുള്ളുകൾ എന്ന്. നിരന്തരമായ അവഗണനയുടെ വക്കിൽ നിന്നും നിത്യവറുതിയുടെ അതിരില്ലാമരുഭൂമിയിലേക്ക് അവരും അവരുടെ ലോകവും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന്. എന്റെ വിലാപങ്ങൾക്ക് പനിച്ചൂടിലുരുകുന്ന ഇളം മനസ്സിന്റെ കുളിരുതേടുന്ന തേങ്ങലുണ്ടെന്ന്. എനിക്കും ആറിത്തണുത്തൊന്നുറങ്ങാൻ കൊതിയുണ്ടെന്നും.

ഓരോ ഇലയും വാടിക്കരിഞ്ഞുവീഴുമ്പോൾ അവയെല്ലാം ഓരോ മുന്നറിയിപ്പായിരുന്നെന്ന് ആരും തിരിച്ചറിയാഞ്ഞതെന്തേ? ഓരോ മരത്തിന്റെ കടയിലും മഴു പതിച്ചപ്പോൾ ഊറിയതു മണ്ണിന്റെ ഹൃദയരക്തമായിരുന്നെന്ന് ആരും ശ്രദ്ധിക്കാഞ്ഞതെന്തേ? കരിമ്പായ നീർത്തിയപോലെ വിശാലമായ് പാതയിൽ ഒറ്റയ്ക്കു നടന്നുപോയപ്പോൾ സ്വന്തം നിഴലിനു കുടപിടിക്കുന്ന മരതകഛായകൾ ഇല്ലെന്നതും നീ അറിഞ്ഞുകാണില്ല. എന്നെപ്പിന്നെയും നോവിച്ചുകൊണ്ട് എന്റെ വിയർപ്പുഗ്രന്ഥികൾക്കുമേൽ ഉറപ്പുള്ള കോൺക്രീറ്റിന്റെ കട്ടിയുള്ള പുതപ്പിട്ടു മൂടി. എന്റെ നെഞ്ചിന്റെ ചുടുനിശ്വാസവും നിന്നെ അലോസരപ്പെടുത്തിയപ്പോൾ നീ കൃത്രിമക്കുളിരിന്റെ തടവറകൾ തീർത്തു. ഒരു നിമിഷത്തേക്കെങ്കിലും നീ ആ ചുവരുകൾക്കുള്ളിൽ നിന്നും ഇറങ്ങിവന്ന് ഇത്തിരിത്തണലുള്ള ഒറ്റമരത്തിന്റെ ചോട്ടിലെ തറയിൽ ഒന്നിരുന്നെങ്കിൽ... ഒടുവിൽ സ്വയം മറന്ന് അവിടെ ചാഞ്ഞുറങ്ങിയിരുന്നെങ്കിൽ... ഞാൻ പറഞ്ഞേനെ, എന്റെ ആത്മനൊമ്പരങ്ങളുടെ കഥ. ഇത്രയും നാളും ആരും കേൾക്കാതെപോയ എന്റെ പനിച്ചൂടിന്റെ കഥ.

പക്ഷേ ആരും വന്നില്ല, ആരെയും കണ്ടില്ല. ഒരു ശിശുവിൽ നിന്നും അനുദിനം ഞാൻ മുതിർന്നു വന്നപ്പോൾ ആരും ഒന്നും ചെവിക്കൊണ്ടില്ല. അവഗണന തിന്നു തിന്ന് കണ്ണീരുതോർന്ന എന്റെയുള്ളിലെ ശേഷിച്ച ഈർപ്പവും വറ്റി. എന്റെ ഹൃദയത്തിലേക്ക് ആയിരം സൂചിക്കുത്തുകൾ ആഴ്ത്തിയിറക്കി ഉള്ള ചുടുചോരയും ഊറ്റിയെടുത്തപ്പോൾ നിങ്ങളറിയാതെ ഞാൻ വളരുകയായിരുന്നു. എല്ലാവരും വെറുക്കുന്ന ഒരു വേനലിലേക്ക് വളരുക മാത്രം!

സൂര്യപ്രഭയുടെ മുള്ളുകൾ ഏല്പ്പിക്കുന്ന മുറിവുകൾക്ക് നിങ്ങൾ കാത്തുവെച്ചിരിക്കുന്ന മരുന്നുകൾക്കിന്നു ശക്തിപോരാ. തൊടിയിലെ മാവിൽനിന്നൂർന്നുവീഴുന്ന ചക്കരമാമ്പഴത്തിന്റെ മധുരം കൊതിക്കുന്ന കുട്ടികൾ ഇപ്പോൾ കമ്പ്യൂട്ടർ ക്ലാസ്സിൽ പോയിരിക്കുകയാണ്‌. പുതുതായി വാങ്ങാൻ പോകുന്ന കാറിനു ശയിക്കാൻ ഒരിടമുണ്ടാക്കാൻ ആ മാവിനു ചിലപ്പോൾ ഉടൻ മരണം വരിക്കേണ്ടി വന്നേക്കാം. അപ്പോഴും ഒന്നറിയുക, ഇത്രയും നാളും ഞാൻ പറയാതെ പറഞ്ഞത് - ഞാൻ വളരുകതന്നെയാണ്‌.

-നിങ്ങളുടെ സ്വന്തം വേനൽ.

Thursday, February 21, 2013

വീട്ടിലേക്കുള്ള വഴി

യാത്ര ചെയ്യുമ്പോൾ സായം സന്ധ്യകൾ എത്ര മനോഹരങ്ങളാണ്‌? കാഴ്ചകളുടെ ത്വരിതമായ ഒരു സ്വഭാവമാറ്റം വരുന്ന നേരമാണ്‌ അസ്തമയവേളകൾ. പകൽവെളിച്ചത്തിന്റെ ധാരാളിത്തത്തിൽ നിന്നും ആദിത്യൻ എളിമയോടെ തലതാഴ്ത്തുന്നതും തുടർന്ന് ചാഞ്ഞു ചിതറിവീഴുന്ന പോക്കുവെയിലും സന്ധ്യാദീപ്തിയും പിന്നീട് ഇരുളും ചിലപ്പോൾ നിലാവും ഒന്നൊന്നായി വരുന്ന ഒന്നുരണ്ടു മണിക്കൂറുകൾ.

ഒരു പക്ഷേ, പകൽ മുഴുവൻ നാം ശീലിച്ച വെളിച്ചവും പ്രവർത്തനോന്മുഖതയും സായംകാലത്തിന്റെ ഈ മാറ്റത്തെ വളരെ ശ്രദ്ധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ടാവാം. ഒരുദിവസം കൂടി എരിഞ്ഞുതീരുകയായി എന്ന ബോദ്ധ്യം കുറെക്കൂടി നമ്മെ ആ നേരങ്ങളിൽ തിരക്കിട്ടോടാനും നിർബന്ധിക്കുന്നുണ്ടാവാം. ചേക്കേറാൻ കിളികൾ കൂടുന്ന കലപില വീടണയാനുള്ള ത്വരയായി മനുഷ്യനിൽ പരിണാമപ്പെടുന്നുണ്ടാവാം. അങ്ങനെയാവുമ്പോൾ സായാഹ്നങ്ങൾ ഗൃഹാതുരത്വത്തിന്റെ വിളഭൂമികളായും മാറുന്നു.

‘ഹോം സിൿനസ്’ ഞാൻ ആദ്യമായി അനുഭവിക്കുന്നത് എന്റെ ബാല്യത്തിൽ ഞാൻ ആസ്വദിച്ച അതിമനോഹരമായ ഒരു സൂര്യാസ്തമയവേളയിലാണ്‌. വിശാലമായ ഒരു കാൻവാസിൽ വരച്ചിട്ട ഒരു ജലച്ഛായാചിത്രം പോലെ ഒട്ടും ശോഭ ചോരാതെ ആ അസ്തമയക്കാഴ്ച എന്റെ മനസ്സിലുണ്ട്. ആ ദൃശ്യത്തിൽ കണ്ണീരുപോലെ തെളിഞ്ഞൊഴുകുന്ന ഒരു കൈത്തോടിനു കുറുകെ കെട്ടിയ ഒരു കലുങ്കിലാണ്‌ ഞാൻ ഇരിക്കുന്നത്. കപ്പയും പച്ചക്കറികളും വിളയുന്ന തോട്ടങ്ങൾ മുന്നിൽ. അതിനു വലതുവശത്ത് നെല്പാടം. അതിനുമപ്പുറം റബ്ബർത്തോട്ടങ്ങൾ. വിജനമായ റോഡിന്റെ ഭാഗമാണ്‌ ഈ കലുങ്ക്. വല്ലപ്പോഴും മാത്രം കടന്നുപോകുന്ന വാഹനങ്ങൾ. അവയിൽ യാത്ര ചെയ്യുന്നവർ ഏകനായി കലുങ്കിലിരിക്കുന്ന എന്നെ സംശയപൂർവ്വം നോക്കുന്നുണ്ട്.


എന്റെ പിന്നിൽ മുൻപു പറഞ്ഞ പാടത്തിന്റെ ബാക്കി. തോടിന്റെ ഒരു കരയോടു ചേർന്ന് നോക്കെത്താദൂരത്തോളം നീളത്തിൽ അതു പരന്നുകിടക്കുകയാണ്‌. എന്നാൽ, നേർത്ത ആ പാടശേഖരത്തിന്റെ ഇരുവശങ്ങളിലും റബ്ബറും തെങ്ങുമെല്ലാം വളരുന്ന തോട്ടങ്ങളാണ്‌. പാടവരമ്പത്ത് തലനീട്ടി നില്ക്കുന്ന തെങ്ങുകളുടെ ഓലകൾ പോക്കുവെയിലിൽ വാൾത്തല പോലെ വെട്ടിത്തിളങ്ങുന്നതു കാണാം. സ്വർണ്ണപ്പൊടി വാരിയെറിയുന്നതു പോലെയുള്ള വെയിലിൽ നെൽനാമ്പുകളുടെ ഹരിതാഭയ്ക്കു തിളക്കം കൂടിയിട്ടുണ്ട്. സുഖമുള്ള കാറ്റ് പാടത്തിനക്കരെനിന്നും പ്രത്യേകിച്ച് യാതൊരു ഗന്ധവുമില്ലാതെ എന്നെത്തലോടാൻ മാത്രം ഇതിലേ വന്നുപോകുന്നുണ്ട്. ഇടയ്ക്കെല്ലാം കടന്നുപോകുന്ന വാഹനങ്ങൾ പരത്തുന്ന പുക ‘യാത്ര’യുടെ മണമാണ്‌ എന്നിൽ നിറയ്ക്കുന്നത്.

അപ്പോഴേക്കും വെയിൽ നന്നായി ചാഞ്ഞുകഴിഞ്ഞിരുന്നു. പോക്കുവെയിലിന്റെ ശോണിമ കൂടിക്കൂടിവന്നു. ദൂരെ ഒരു നേർത്ത നീലാനിറം കൊണ്ടു വരച്ചിട്ടപോലെ കാണുന്ന മലകൾക്കുമേൽ സൂര്യൻ ഒരു സിന്ദൂരച്ചെപ്പു പോലെ, കടും കുങ്കുമനിറമാർന്ന്, വട്ടത്തിൽ... ഹോ! ഞാൻ ആദ്യമായി കാണുകയായിരുന്നു അങ്ങനെയൊരു അസ്തമയസൂര്യനെ. അന്ന്, ആ നിമിഷം, അകലെയുള്ള വീട്ടിലേക്ക് എന്റെ മനസ്സുപാഞ്ഞു. മണിക്കൂറുകളോളം യാത്ര ചെയ്താൽ മാത്രം ചെന്നെത്താനാവുമായിരുന്ന വീട്ടിലേക്ക് ഒരു നിമിഷം കൊണ്ട് ഞാൻ പറന്നുചെന്നു. അവിടെയുള്ളവർ ഇപ്പോൾ എന്തുചെയ്യുകയാണെന്നും അവരെന്താണു കഴിച്ചതെന്നും എന്നെക്കുറിച്ച് അവർ ഓർക്കുന്നുണ്ടോയെന്നും തിരക്കിവന്നു. പിന്നെയും വളർന്നപ്പോൾ ഞാനറിഞ്ഞു, അന്ന് അനുഭവിച്ച ആ വികാരമായിരുന്നു ഗൃഹാതുരത്വമെന്ന്.

ഇന്നും യാത്രാവേളകളിൽ, സായംസന്ധ്യകളിൽ ഓടുന്ന വാഹനത്തിന്റെ ജാലകത്തിനപ്പുറത്ത് പിന്നോട്ടു പായുന്ന ഇരുൾ ഗ്രസിച്ചു തുടങ്ങിയ ചില കാഴ്ചകൾ അതിശക്തമായൊരു കാന്തം പോലെ വീട്ടിലേക്കു വലിച്ചടുപ്പിക്കാറുണ്ട്. റോഡരികിലെ ചെറിയ വേലിക്കപ്പുറത്തെ മരത്തിന്റെ അഴികളുള്ള ജനലുള്ള വീടിന്റെ ഉമ്മറത്ത് എരിയുന്ന സന്ധ്യാദീപം. വണ്ടിയുടെ വേഗത്തെ തോല്പ്പിച്ച് കാതിലെത്തുന്ന ഒരു പശുവിന്റെ കരച്ചിൽ. ഏതോ അടുക്കളയിൽ നിന്നുയരുന്ന പുകയിൽ കലർന്നുപരക്കുന്ന ഇഴപിരിച്ചെടുക്കാൻ വയ്യാത്ത ചില മിശ്രഗന്ധങ്ങൾ. എല്ലാത്തിനും മീതെ, ലോകത്തിനുമേലേ ഇരുൾ പരക്കുമ്പോൾ എനിക്കു തല ചായ്ക്കാനെന്നു കണ്ടിരിക്കുന്ന, ശീലിച്ചിരിക്കുന്ന എന്റെ വീടിന്റെ തണൽ. അതു തരുന്ന സുരക്ഷിതത്വം, അതു നല്കുന്ന സ്വസ്ഥത, അവയുടെ ഓർമ്മ. അവിടേക്കു വേഗം ഓടിയെത്താനുള്ള വെമ്പൽ. കൂടണയാനുള്ള കിളിയുടെ തിരക്കിട്ട പ്രയാണം. ഏതിരുട്ടിലും പിശകാതിരിക്കാൻ ഊട്ടിയുറപ്പിച്ച മനസ്സിലെ ലക്ഷ്യം. ഇങ്ങനെയെല്ലാം പ്രകൃതി നിന്റെ ഭവനത്തെ നിന്റെ ആത്മാവിനോട് വിളക്കിച്ചേർത്തു വെച്ചിരിക്കുകയാണ്‌. അറുത്തിടാൻ നോക്കിയാൽ ചോരചീറ്റുന്ന ഒരു ചേർപ്പ്.

Wednesday, February 20, 2013

വേനൽമഴ

ന്നലെയാണ്‌ ആ മഴ പെയ്തത്. വരണ്ടുണങ്ങിയ മണ്ണിനു മേലെ വീണുമരിച്ച ഇലകളെ ഒരു നേർത്ത കാറ്റു പോലും കരയിക്കുന്ന നേരത്ത്. കാത്തു കാത്തിരുന്ന ഒരു മുഹൂർത്തം പോലെ അന്നു മേഘങ്ങൾ കഥ പറയാൻ മാനത്ത് ഒത്തുകൂടി. ഇന്നെങ്കിലും ഒരു മഴ പെയ്തേക്കുമെന്ന് ഇങ്ങു താഴെയിരുന്ന് വേകുന്ന മനസ്സുകൾ കിനാവുകണ്ടു. ഉച്ചച്ചൂടിൽ പൊള്ളിയ മണ്ണിലേക്കാണ്‌ കുളിരായി മഴ പെയ്യുന്നത്. മുന്നോടിയായി കരിയിലകളെ പറത്തിമാറ്റിക്കൊണ്ട് തണുപ്പുള്ള കാറ്റിന്റെ നിലമൊരുക്കലുണ്ട്. ആ കാറ്റിന്റെ സ്വഭാവം നോക്കിയാൽ വരാൻ പോകുന്ന മഴ എത്ര ശക്തമാണെന്ന് ഗണിക്കാൻ കഴിയും.

മെയ് മാസത്തിന്റെ രണ്ടാം പകുതിയിലാണ്‌ ഇങ്ങനെയൊരു കാറ്റുണ്ടാകുന്നതെങ്കിൽ, വിളഞ്ഞു പഴുത്ത മാങ്ങകൾ ആ കാറ്റിൽ ‘ധപ്പ് ധപ്പ്’ ശബ്ദത്തോടെ പൊഴിഞ്ഞു വീഴുന്നതു കേൾക്കാം. മഴ ഉടൻ വരില്ലെങ്കിൽ ധൈര്യപൂർവ്വം മാവിൻചുവട്ടിലേക്ക് ഓടാം. കയ്യിലൊതുങ്ങുന്നത്ര മാങ്ങയും പെറുക്കി വരുമ്പോഴേക്കും അക്കരെ മലയിൽ നിന്നും മഴ ആർത്തലച്ചു വരുന്നതു കാണാം. ഒന്നാമത്തെ തുള്ളി മുറ്റത്തു വീഴുന്നതിനു മുൻപേ പെരയ്ക്കകത്തു കയറാം. അല്ലെങ്കിലും മഴയെ ഓടിത്തോല്പ്പിക്കുന്നതിനു രസം വേറെയാണ്‌. വേനൽമഴ നനയാൻ അനുവാദമുണ്ടാവില്ല. പനി പിടിക്കുമത്രേ. അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന രോഗാണുക്കളത്രയും വേനൽമഴയോടൊപ്പം മണ്ണിലേക്കും പെയ്തിറങ്ങുമത്രേ. അതെന്തായാലും കാറ്റ് പൊടിയൊഴിഞ്ഞും ഇലകൾ കുളിച്ചുതോർത്തി പച്ചപ്പ് തിരിച്ചു പിടിച്ചും ഒരു നവചൈതന്യം പൂണ്ടുനില്ക്കുന്നു, വേനൽമഴയ്ക്കു ശേഷം.

ആദ്യത്തെത്തുള്ളികൾ വീഴുന്ന നിമിഷം മുതൽ മണ്ണു പൂർണ്ണമായും നനയുന്നിടം വരെയാണ്‌ വേനൽമഴ ഏറ്റവും സുഖദമായ അനുഭൂതി കാത്തുവെച്ചിരിക്കുന്നത് - പുതുമണ്ണിന്റെ ഗന്ധവും പുതുമഴയുടെ താളവും. നമ്മുടെ മണ്ണിനുമാത്രം തരാൻ കഴിയുന്ന ഒന്നായി ദൈവം കരുതിവെച്ച ഒരു അപൂർവ്വാനുഭവമാണ്‌ ഇത്.

ഇനി മഴ പെയ്തു തീന്നാലോ, അന്യാദൃശമായ, സംഗീതാത്മകമായ ശാന്തത കാണാം. സംഗീതമെന്നത് ഇലത്തുമ്പുകളിൽ നിന്നുമൂർന്ന് താളം പിടിക്കുന്ന മഴത്തുള്ളികളുടെ സംഗീതം. പ്ലാവിലയിൽ വീഴുമ്പോൾ ഒരു നാദം. മണ്ണിലേക്കു പതിക്കുമ്പോൾ വേറൊന്ന്. വെള്ളത്തിലേക്കു വീഴുമ്പോൾ മറ്റൊന്ന്. മൗനമായിരുന്ന് മഴകൊണ്ട ശേഷം തൂവൽച്ചിറകുകൾ കുടഞ്ഞുതോർത്തുന്ന കിളികളുടെ പരിഭവങ്ങൾ. തെങ്ങിൻ മുകളിലെ കൂട്ടിൽ നിന്നും ആകാംക്ഷയോടെ താഴെയിറങ്ങി വന്ന് ഇവിടെന്തെല്ലാമാണ്‌ സംഭവിച്ചതെന്നു തിരക്കുന്ന അണ്ണാറക്കണ്ണൻ. ഞെട്ടറ്റുവീണതിന്റെ കണ്ണീരുണങ്ങാത്ത ഉണ്ടാപ്രികൾ - മൂവാണ്ടൻ മാങ്ങകൾ.

ഒരു നിമിഷം! ഞാൻ സ്വപ്നലോകത്തു നിന്നും തിരികെപ്പോരട്ടെ. എന്റെ ഇടതു വശത്തെ വലിയ ജനാലയ്ക്കപ്പുറം കരിനിഴൽ വീഴ്ത്തിക്കൊണ്ട് മേഘങ്ങൾ ഉരുണ്ടുകൂടിയിട്ടുണ്ട്. വീശിയടിക്കുന്ന കാറ്റിൽ ഓഫീസിലെ തിരശ്ശീലകൾ പാറിയുലയുന്നുണ്ട്. എവിടൊക്കെയോ തട്ടിത്തടഞ്ഞ് തണുപ്പിന്റെ മുനയൊടിഞ്ഞ കാറ്റിന്റെ കഷണങ്ങൾ എന്നെയും വന്നു മുട്ടുന്നുണ്ട്. ഉയർന്നു നില്ക്കുന്ന സിൽവർ ഓക്ക് മരങ്ങൾക്കപ്പുറം പുൽമേട്ടിൽ തെരുവപ്പുല്ലുകൾ മുടിയഴിച്ചാടുന്നത് അവ്യക്തമായിട്ടാണെങ്കിലും എനിക്കു കാണാം. എന്നാൽ കാറ്റിന്റെ മൂളൽ കേൾക്കാനില്ല. ഒന്നിരിക്കാനുള്ള ഇടം തേടി കലപില കൂട്ടുന്ന കിളികളുടെ ചിലപ്പും കേൾക്കാനില്ല. ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ ശബ്ദമില്ലാത്ത ചലച്ചിത്രം കാണുന്ന പ്രതീതി. അഥവാ, പ്രായമോ ജോലിയോ ഒക്കെ അവിടെ നമ്മെ തടവിലാക്കിയിരിക്കുന്നു, ബധിരനാക്കിയിരിക്കുന്നു, പ്രകൃതിയെ അറിയാനുള്ള ചില ഇന്ദ്രിയങ്ങളെ പൂട്ടി അടച്ചു വച്ചിരിക്കുന്നു.

ഞാനറിയാതെ എപ്പോഴോ മഴ പെയ്തുതീർന്നു. അപ്പോൾ, നനഞ്ഞു തുടങ്ങിയ ചിറകുകൾ കുടഞ്ഞ് കാട്ടുമഞ്ഞളരച്ച് കണ്ണെഴുതിയ മൈനകൾ പാടിയാർത്തിരിക്കാം. പുറത്തു വാരിവിതറിയ പൂഴിമേൽ നനവു പടരുന്ന സുഖത്തിൽ മതിമറന്നു കാട്ടാനകൾ ശാന്തം നിന്നിരിക്കാം. ആരറിയുന്നു?

ജോലികഴിഞ്ഞു പുറത്തിറങ്ങുമ്പോൾ, മണ്ണിന്റെ ചൂടിലേക്കു പെയ്തിറങ്ങിയ മഴ നീരാവിയായി ഉയിർത്തെഴുന്നേൽക്കുന്നുണ്ടായിരുന്നു. സിൽവർ ഓക്ക് മരങ്ങൾക്കപ്പുറം പുൽമേട്ടിലെ കാഴ്ചകൾ മറച്ചുകൊണ്ട് കോടമഞ്ഞ് ഒരു വലിയ പന്തലിട്ടിട്ടുണ്ടായിരുന്നു. പൈൻ മരത്തിന്റെ നൂലുപോലത്തെ ഉണക്കിലകൾ വാഹനങ്ങളുടെ ചില്ലിൽ വീണ്‌ മഴവെള്ളത്തെപ്പുണർന്നു കിടക്കുന്നുണ്ടായിരുന്നു. ഉറുമ്പുകളുടെ കൊട്ടാരങ്ങൾ ഇടിഞ്ഞുതാണിരുന്നു. മാളങ്ങൾ മഴവെള്ളത്തിൽ ഒലിച്ചുവന്ന മണ്ണുകൊണ്ട് നിറഞ്ഞിരുന്നു. മഴ മണ്ണിലെ വിണ്ടുകീറലുകൾ സ്നേഹം നിറച്ച് അടച്ചിരുന്നു. ഈ പുതുഭൂമികയിലേക്ക് ഓരോ ആത്മാവിനെയും വരവേല്ക്കാനെന്നവണ്ണം വഴികൾ വൃത്തിയായിക്കിടന്നിരുന്നു. വെള്ളമൊഴുകിയ പാടുകളാവട്ടെ, ഭൂമിയുടെ മാറിൽ നാളെ മാഞ്ഞേക്കാവുന്ന ചില നഖചിത്രങ്ങൾ കോറിയിട്ടിരുന്നു. കാപ്പിപ്പൂക്കളിൽ പരാഗരേണുക്കൾ വിയർപ്പാറ്റി മയങ്ങിക്കിടന്നിരുന്നു.

അന്നത്തെ സന്ധ്യയ്ക്ക് പതിവുവിട്ട ഒരു സുഖമുണ്ടായിരുന്നു. കാണുന്ന മുഖങ്ങളിലെല്ലാം സന്തോഷമുണ്ടായിരുന്നു. നഗരവീഥികളിൽ തിരക്കു കുറഞ്ഞു കാണപ്പെട്ടു. ചെങ്കിരണങ്ങൾ വിതറാതെയും യാത്ര ചോദിക്കാതെയും മൗനമായി സൂര്യൻ പടിഞ്ഞാറു ചാഞ്ഞു. ആ സായാഹ്നത്തിൽ സുന്ദരമായതെല്ലാറ്റിനെയും പറ്റി സംസാരിച്ചുകൊണ്ട് ആ നേരമത്രയും മനോജ് സാർ എന്നോടൊപ്പമുണ്ടായിരുന്നു- മഴകൊണ്ടുമാത്രം മുളയ്ക്കുന്ന സർഗ്ഗാത്മകതയുടെ ചില വിത്തുകൾക്ക് വെള്ളം തേകിയും ബൈക്കിന്റെ സീറ്റിൽ ഈറൻ കോരിയിടാൻ പോന്ന മഞ്ഞിന്റെ കാഠിന്യത്തെ മനഃപൂർവ്വം മറന്നും. സുന്ദരമായ ഒരു വേനൽമഴ നമുക്കെന്തെല്ലാമാണ്‌ കൊണ്ടുതരുന്നത് എന്ന് നിങ്ങളും ഒന്നാലോചിച്ചു നോക്കൂ. മണ്ണിന്റെയും മനുഷ്യന്റെയും ആത്മാവിൽ മഴ പെയ്യട്ടെ! വേനലിൽ വരണ്ടുണങ്ങിയ മനസ്സിന്റെ വിള്ളലുകളിലേക്ക് സ്നേഹം ഒഴുകി മുറിവുകളെ മായ്ക്കട്ടെ! ലോകം തളിർത്തു കയറട്ടെ!!

Thursday, February 14, 2013

എന്റെ പ്രിയപ്പെട്ട മനുവിന്‌...

(BASED ON A TRUE INCIDENT)

ഞാൻ കുറെ നാളായി ആലോചിക്കുകയായിരുന്നു, ബർത്‌ഡേയ്ക്ക് മനുവിന്‌ എന്തു സമ്മാനം കൊടുക്കണമെന്ന്‌. ഏതായാലും അതൊരു സർപ്രൈസ്‌ ഗിഫ്റ്റ് ആയേ തീരൂ. മനു ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്‌. അങ്ങനെ, ഞാൻ വളരെക്കാലം നീണ്ട ആലോചനകൾക്കു ശേഷമാണ്‌ ഒരു സൺഗ്ലാസ് വാങ്ങാമെന്ന് തീരുമാനിച്ചത്.

മനു എന്റെ ലവർ ആണെന്നു കരുതിയോ. എന്നാൽ ആണ്‌. പോരാഞ്ഞ്, എന്റെ ഭർത്താവും ഞങ്ങളുടെ കുഞ്ഞുവാവ ധ്രുവിന്റെ കുറുമ്പനായ അച്ഛനും ആണ്‌. അടുത്ത ആഴ്ചയാണു കേട്ടോ മനുവിന്റെ ബർത്‌ഡേ. എന്തായാലും ഞാൻ ഇങ്ങനെയൊരു ഗിഫ്റ്റ് കൊടുക്കുന്നുണ്ടെന്ന്‌ മനുവിനു യാതൊരു ക്ലൂവും കിട്ടരുത്. 2000 രൂപയാണ്‌ എന്റെ ബഡ്ജറ്റ്. ഗിഫ്റ്റ് വാങ്ങുന്നതും മനു അറിയാതെ വേണം. അതുകൊണ്ട് ആ ആഴ്ച്ചത്തെ വീക്കെന്റ് ഷോപ്പിങ്ങിൽ പോലും ഞാൻ ആ പർചേസ് വേണ്ടെന്നു വെച്ചു. പക്ഷേ ഷോപ്പിങ്ങ് മാളിലെ സൺഗ്ലാസ്സുകൾ നിരത്തി വച്ചിരിക്കുന്ന ഭാഗത്തു ചെന്നപ്പോൾ ഞാനല്പം ചുറ്റിപ്പറ്റി നിന്നത് മനു ശ്രദ്ധിച്ചിട്ടുണ്ടാവുമോ ആവോ?

ഓഫീസിൽ ഫ്രീടൈം തീരെക്കുറവാണിപ്പോൾ. എങ്കിലും ഇല്ലാത്ത സമയം ഉണ്ടാക്കി ഫാസ്ട്രാക്കിന്റെ ചില മോഡലുകളൊക്കെ നോക്കി വെച്ചു. ഏത് ആകൃതിയിലുള്ള ഗ്ലാസ് വേണം, ഏതു നിറത്തിലുള്ള ഗ്ലാസ് വേണം, വാങ്ങിക്കൊടുക്കുന്നതു മനുവിന്‌ ഇഷ്ടപ്പെടുമോ എന്നുതുടങ്ങി പിന്നെയും ചിന്തകൾ എന്നിൽ വന്നു നിറഞ്ഞുകൊണ്ടിരുന്നു. ദിവസം ഇങ്ങടുക്കും തോറും അതു വാങ്ങാൻ പറ്റാത്തതിലുള്ള ആധിയും എന്നെ പൊതിയുന്നുണ്ടായിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ ഈ മൂന്നു ദിവസങ്ങളുണ്ട് ഇനി. വ്യാഴാഴ്ച രാവിലെ തന്നെ അതു നല്കുകയും വേണം.

ഐ.ടി.ലോകത്തിന്റെ തിരക്കുകളെ ഞാൻ അത്രയധികം ശപിച്ചുപോയത് തിങ്കളഴ്ചയായിരുന്നു. മൂന്നു മണിക്കെങ്കിലും പണി തീർത്ത് ഇറങ്ങി കോറമംഗലയിൽ പോയി സാധനം വാങ്ങി പതിവു സമയത്ത് വീട്ടിലെത്താമായിരുന്നു, മനുവിന്‌ ഒരു സംശയത്തിനും ഇട നല്കാതെ. അവിചാരിതമായി വന്ന തിരക്കുകൾ കാരണം അന്നു നേരത്തെ ഓഫീസ് വിടാൻ സാധിച്ചില്ല. ഞാൻ അന്ന് വളരെ ഗ്ലൂമിയായിരുന്നെന്ന് മനുവിനു തോന്നിയോ എന്തോ!

ശരിക്കും പറഞ്ഞാൽ ഗിഫ്റ്റ് സെലക്ടു ചെയ്യാൻ പോകുമ്പോൾ ആരെയെങ്കിലും ഒപ്പം കൂട്ടാനും ഞാൻ ആലോചിച്ചു. സജിനിക്ക് നേരത്തെ ഇറങ്ങാൻ പറ്റില്ല. സജിത്തിനും അതു തന്നെയാണു സ്ഥിതി. അവനാണെങ്കിൽ ബ്രാൻഡിനെപ്പറ്റിയൊക്കെ നല്ല വിവരമുണ്ട്‌. ഇവർ രണ്ടുപേരുമല്ലാതെ കോറമംഗല വരെ എന്റെ ഒപ്പം വരാൻ പറ്റുന്ന മറ്റാരും ജ്യൂസ് ടീമിലില്ല(ലഞ്ച് ടീമാണെങ്കിലും ലഞ്ചിനു ശേഷം പതിവായി കുടിക്കുന്ന ജ്യൂസാണു ഞങ്ങളുടെ ഫ്രണ്ട്സ് സർക്കിളിനെ വിളിക്കാൻ ഞങ്ങൾ യൂസ് ചെയ്യുന്നത്). ശരിക്കും പറഞ്ഞാൽ ജ്യൂസ് ടീമിൽ ഇതൊരു ചർച്ചയൊന്നും ആയില്ല. ഷിജോയും രാജും ഇടയ്ക്കിടെ ‘വാങ്ങിച്ചോ, വാങ്ങിച്ചോ’ എന്ന്‌ അന്വേഷിച്ചുകൊണ്ടിരുന്നു. ഞാനാണെങ്കിൽ ഇതിനെപ്പറ്റി അത്ര എക്സൈറ്റഡ് ആണെന്ന് ഭാവിച്ചുമില്ല. എങ്ങാനും അങ്ങനെയൊക്കെ രാജിനു തോന്നിയാൽ ഇല്ലാത്തതൊക്കെ പറഞ്ഞ് കളിയാക്കിക്കൊല്ലും. ആക്ച്വലി, ഓഫീസ് കമ്പ്യൂട്ടറിൽ മനുവിന്റെ പലതരം ഫോട്ടോയെടുത്തുവെച്ച് ഏതു തരം ഗ്ലാസാണ്‌ മൂപ്പർക്കു യോജിക്കുക എന്നെല്ലാം സ്സങ്കല്പ്പിച്ചു നോക്കി. ശരിക്കും മനു ഡ്രൈവ് ചെയ്യുമ്പം അതു വെച്ചാലാവും സ്റ്റൈൽ.

തിടുക്കം സഹിക്കവയ്യാഞ്ഞ്, വല്ലവിധേനയും വർക്ക് തീർത്ത് മൂന്നു മണിക്ക് ഓഫീസിൽ നിന്നും ഇറങ്ങി. ഷോപ്പേഴ്സ് സ്റ്റോപ്പിൽ പോയി. മുക്കാൽ മണിക്കൂർ തപ്പിയിട്ടാണ്‌ മനസ്സിനു പിടിച്ച ഒരെണ്ണം കണ്ടുപിടിച്ചത്. എന്നിട്ടും ചില കൺഫ്യൂഷനുകൾ. അവസാനം ഒരെണ്ണം ഉറപ്പിച്ച് ബില്ലാക്കി ഇറങ്ങിയപ്പോൾ സന്ധ്യയായി എന്നു പറഞ്ഞാൽ മതിയല്ലോ!

വീട്ടിൽ ചെന്ന പാടെ സംഗതി ഹാൻഡ് ബാഗിൽ നിന്നും എടുത്ത് വാർഡ്രോബിന്റെ മൂലയ്ക്ക് ഒളിപ്പിച്ചു. മടിയൻ മനു അതിലൊന്നും നോക്കില്ല, എങ്കിലും ഒരു സസ്പെൻസ് സംരക്ഷിക്കാൻ എന്തും ചെയ്യണമല്ലോ.

അവസാനം ബുധനാഴ്ച രാത്രിയായി. നാളെ രാവിലെ സംഭവം പൊട്ടിക്കണം. മനുവിനെ ഞെട്ടിക്കണം. മനുവിനെ കൂളിങ്ങ് ഗ്ലാസ് അണിയിച്ചു കൂളാക്കുന്ന പ്രഭാതം സ്വപ്നം കണ്ടുറങ്ങി. ശരിക്കും തലപൊട്ടുന്ന തിരക്കാണു മനുവിന്‌. അതുകൊണ്ട് പാതിരാത്രി വരെ ഉറങ്ങാതെ കാത്തിരുന്ന് ‘ഹാപ്പി ബർത്‌ഡേ’ പറയുന്ന പരിപാടിയൊന്നും ഉണ്ടായില്ല. പക്ഷേ, രാവിലെ ഉണർന്ന പാടെ ‘സ്നേഹപൂർവ്വം’ ആ കർമ്മമങ്ങു നടത്തി.

അന്നിടാൻ കാത്തുവെച്ചിരുന്ന ടീ ഷർട്ടും ജീൻസും അണിഞ്ഞ് കണ്ണാടിക്കു മുന്നിൽ മുന്നിൽ ഗ്ലാമർ സെറ്റു ചെയ്തു കൊണ്ടു നിന്നപ്പോൾ നമ്മുടെ ബ്രഹ്മാസ്ത്രം ‘ടണ്ടടേം.....’ എന്നൊരു മ്യൂസിക്കിന്റെ അകമ്പടിയോടെ ഞാൻ എടുത്ത് അവതരിപ്പിച്ചു. അത്ഭുതസ്തബ്ധനായി മനു നില്ക്കെ ഞാൻ പ്ലാൻ ചെയ്ത പടി മനുവിനെ അതണിയിച്ചു. ഞെട്ടൽ മാറാതെ, മനു അത് മുഖത്തു നിന്നും എടുത്ത് തിരിച്ചും മറിച്ചും നോക്കി.

“നോക്കണ്ട മനൂ, അത് ഒറിജിനലു തന്നെയാ...” എനിക്കങ്ങു ശുണ്ഠി വന്നു.

“ഇഷ്ടായോ....??”

“ഉം.... ഇഷ്ടമാകാതെ... ഇതേ പോലൊരെണ്ണം വാങ്ങണമെന്നു തന്നെ ഞാൻ കരുതിയിരിക്കുവാരുന്നു. ”

മനു അതു ധരിച്ചു കണ്ണാടിയിൽ നോക്കി. അതെടുത്തു മാറ്റിയിട്ടു നോക്കി. പിന്നെ എന്നെയൊന്നു നോക്കി. പിന്നെയും കണ്ണാടിയിൽ നോക്കി. എനിക്കെന്തോ ഒരിത്...!!!

“എന്നാ നോക്കുന്നെ?”

“എടീ മണ്ടൂസേ, എന്റെ കണ്ണിനു പവർ ഉണ്ടെന്നും ഞാൻ സ്പെക്ട്സ് ഉപയോഗിക്കുന്നതാണെന്നും നീ ഒട്ടും ഓർത്തില്ല അല്ലേ?”

_________________________
വാല്ക്കഷണം : പിന്നീട്, ജ്യൂസ് ടീം ആ കണ്ണട ലേലം വിളിച്ചു. അൻപതിൽ വിളി തുടങ്ങി. മൽസരിച്ച് ഇരുനൂറ്റൻപത് രൂപ വരെ മോഹവില പറഞ്ഞെങ്കിലും നമ്മുടെ നായിക ശക്തിയുക്തം പ്രഖ്യാപിച്ചു: “ഞാനതു വില്ക്കുന്നില്ലാ..!!”

അന്നു മനു ഭാര്യയ്ക്ക് അബദ്ധം മനസ്സിലാക്കി കൊടുത്തനേരത്ത്, ‘പറ്റിയല്ലോ അക്കിടി’ എന്ന ഭാവത്തിൽ അവൾ നിന്ന ആ നിമിഷമുണ്ടല്ലോ; ആ നിമിഷത്തിനപ്പുറം ഏതു ഗിഫ്റ്റിനാണു വില??

Friday, February 01, 2013

തിരിച്ചറിവുകൾ

കരിച്ചായം മേലെ ഉരുണ്ടുകൂടിയ
ഒഴുക്കില്ലാത്ത നദിയാണു റോഡ്.

കുഴിയിൽ നിന്നും കരേറാൻ വെമ്പി വെമ്പിത്തോറ്റ്
ഇന്നും മരിക്കാതെ കഴിയുന്നവളാണ്‌ കടൽ.

ഓരോ നെന്മണിയുടെയും വിധിയാണ്‌ ഓരോ ബ്രോയ്‌ലർ കോഴിക്കും.

മരിച്ചുകിടക്കുന്ന മനുഷ്യൻ
പൂജാബിംബത്തെക്കാൾ കൂടുതൽ പട്ടു പുതയ്ക്കുമ്പോൾ മാത്രം
മാനവികത ദൈവികതയെ മറികടക്കുന്നു.

മനസ്സിന്റെ മഴത്തുള്ളിയാണു കണ്ണുനീർ.

ഹൃദയത്തിന്റെ വിളിക്കു പുറം തിരിഞ്ഞു നിന്ന്‌
ഭൗതികതയിലേക് ആണ്ടിറങ്ങി
പില്ക്കാലം പരിതപിക്കുന്നവൻ
പ്രത്യേകിച്ച് ആത്മഹത്യ ചെയ്യേണ്ടതില്ല.

നൂറു നന്മകളുടെ പെരുക്കപ്പട്ടികയെക്കാൾ ഉപയോഗിക്കപ്പെടുന്നത്
കുറ്റത്തിന്റെ ഒരു സമവാക്യമാണ്‌.

തലച്ചോറും ഹൃദയവും പോരടിക്കുന്ന കളത്തിലെ
സ്കോർബോർഡിന്റെ പേരാണു ജീവിതം.

കാറ്റ് നാസാരന്ധ്രങ്ങളിലൂടെ ഒരു കുരുക്കിട്ട് നിന്നെ
അന്തരീക്ഷത്തോടു കെട്ടി നിർത്തിയിരിക്കയാണ്‌.

Tuesday, January 22, 2013

മലപ്പുറം ബാക്കി വെയ്ക്കുന്നത്...

മാധ്യമങ്ങളിലെല്ലാം അശുഭകരമായ വാർത്തകൾ നിറയെ കാണുന്നതിനിടയ്ക്ക് ഇങ്ങനെയൊരു ബോക്സ് സ്റ്റോറി കണ്ടപ്പോൾ ഇവിടെയും അതു പങ്കുവെയ്ക്കുവാൻ തോന്നി.

2013 ജനുവരി 21 തിങ്കളാഴ്ചയിലെ മാതൃഭൂമി പത്രത്തിൽ എം.കെ.രാജശേഖരൻ എഴുതിയത് ഇവിടെ പകർത്തുന്നു.


മലപ്പുറം ബാക്കി വെയ്ക്കുന്നത്...

സർഗ്ഗശേഷിയുടെ മാമാങ്കം കഴിഞ്ഞു. സാമൂതിരിയുടെ നാട്ടുകാർ ശക്തന്റെ പ്രജകളെ പിന്തള്ളി കിരീടം നേടി. വള്ളുവക്കോനാതിരിയുടെ തട്ടകക്കാരായ ആതിഥേയരും മോശമാക്കിയില്ല, മൂന്നാം സ്ഥാനം നിലനിർത്തി. കണക്കുകൾ കഥയെന്തു പറഞ്ഞാലും പങ്കാളികൾ ആരും തോല്ക്കുന്നില്ലായെന്ന സത്യത്തിന്‌ ഈ ഉൽസവവും അടിവരയിടുന്നു. ഇത് കലോൽസവങ്ങൾ മുന്നോട്ടുവെക്കുന്ന പരമമായ ആശയം. എന്നാൽ അതിനും മേലെ ചിലതു കൂടി ബാക്കി വെക്കുന്നുണ്ട് മലപ്പുറത്തെ കലോൽസവം.


ആദ്യറാങ്ക് മലപ്പുറത്തെ കാണികൾക്കാണ്‌. അച്ചടക്കവും സൗഹാർദ്ദവും സൗമനസ്യവും നിറഞ്ഞ പങ്കാളിത്തം കൊണ്ട് അവർ അത് തെളിയിച്ചു. വെറും ആൾക്കൂട്ടമാവാതിരിക്കാനും അവർക്കു കഴിഞ്ഞു. കൂടിയാട്ടം പോലെയുള്ള വേദികളിലേക്കും ഭേദപ്പെട്ട ഒഴുക്കായിരുന്നു. അവതരണത്തിന്റെ മർമം അറിയാവുന്നവരോട് ചോദിച്ചറിഞ്ഞ് ആസ്വദിക്കാനുള്ള സന്മനസ്സും ചിലർ കാട്ടിയെന്ന് കലാകാരന്മാർതന്നെ സാക്ഷ്യപ്പെടുത്തി. പിറ്റേദിവസം പുലർച്ചവരെ നീണ്ട മൽസരവേദികളിലും കൈക്കുഞ്ഞുങ്ങളുമായിപ്പോലും എത്തിയവരെ എവിടെയാണ്‌ കാണാനാകുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളിൽനിന്ന് മേളയിൽ പങ്കെടുക്കാനെത്തിയ അനൂപ് ആർ. കാരണവർ എന്ന അയ്യപ്പനെ പ്രോത്സാഹിപ്പിക്കാനും സ്വീകരിക്കാനും എന്തൊരു മത്സരമായിരുന്നു. സമാപനവേദിയിലേക്ക് ജനമെത്തിയത് ഇരമ്പിയാർത്താണ്‌. സ്തെ, മലപ്പുറം തിരുത്തുകയാണ്‌ മലയാളികളുടെ ആസ്വാദനരീതികളെയും.

***

സംഘാടനം, ഇടയ്ക്ക് അതൊരാശങ്കയായിരുന്നു, പ്രത്യേകിച്ച് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ. ആശങ്കകളകന്നപ്പോൾ പൂത്ത സൗഹൃദത്തിനും സഹവർത്തിത്വത്തിനും എന്തൊരു ചേലായിരുന്നു.
കനത്ത ചൂടിനും ഒഴുകിയെത്തിയ കാണികളുടെ തിരക്കിനും ഉയർന്നുപാറിയ പൊടിമണ്ണിനുമൊന്നും ആ മികവിനെ തൊടാനായില്ല. വിദ്യാഭ്യാസ മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അധ്യാപകരുമടങ്ങിയ സംഘാടകസമിതി പ്രവർത്തിച്ചത് ചലിക്കുന്ന യന്ത്രത്തെപ്പോലെ തന്നെയായിരുന്നു. സംഘാടനത്തിൽ പിഴവുണ്ടോയെന്ന് മാധ്യമപ്രവർത്തരോടും മറ്റും അന്വേഷിക്കുന്ന സംഘാടകരും മലപ്പുറത്തിന്റെ പ്രത്യേകതയായി.

നിരീക്ഷണകാമറകളെയും തോല്പ്പിച്ച മാന്യത

വിദ്യാർഥിനികളടക്കമുള്ള അനേകായിരങ്ങൾ ഒഴുകിയെത്തുന്ന കലോത്സവവേദികളിൽ അരുതാത്ത പ്രവൃത്തികൾ കണ്ടെത്താനായി പോലീസ് സ്ഥാപിച്ച നിരീക്ഷണ കാമറകൾ നാണിച്ചിട്ടുണ്ടാകും... ഒരാളെപ്പോലും ഇത്തരത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതെ മലപ്പുറത്തിന്റെ മാന്യത അതിരില്ലാത്തതായി.


വിമർശങ്ങൾ കുറവായിരുന്നു എന്നത് മേളയുടെ വലിയ വിജയമാണ്‌. ഇത് പാലക്കാടിനുള്ള വലിയ വെല്ലുവിളിയാണ്‌. അതെ, ഭാവിയിലേക്കുള്ള എല്ലാ കലോത്സവങ്ങൾക്കും ഒരു നല്ല മാതൃകയുമായിരുന്നു മലപ്പുറം. സലാം മലപ്പുറം.


പത്രത്തിൽ നിന്നും ഇത് പകർത്തിയെഴുതാൻ എന്നെ പ്രേരിപ്പിച്ചത് എന്നിലെ എന്നെ തിരിച്ചറിയിച്ചു തന്ന, ഇന്നും ഓർമ്മയിൽ ദീപ്തമായി നില്ക്കുന്ന ചില കലോത്സവങ്ങളും പിന്നെ, പിന്നെ.. പണ്ടൊരു കലോത്സവവേളയിൽ കണ്ടു മുട്ടിയ, ലോകത്തിലേറ്റവും സുന്ദരമായവയിൽ ഒന്ന് എന്നു ഞാൻ വിശ്വസിക്കുന്ന ഒരു മുഖത്തിന്റെ മങ്ങിയ ഛായയുമാണ്‌.

Sunday, January 20, 2013

സാമ്പാറിന്റെ ബാക്കി...

സാമ്പാർ എന്താ‍ണ്? ഇവിടെ ക്ലിക്ക് ചെയ്യുക.

മനസ്സിൽ തോന്നിയ അടുക്കില്ലാത്ത ചില അമർഷങ്ങൾ ഇവിടെ കുറിക്കുന്നു. ഒരു സുഹൃത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വന്ന ചർച്ചയുടെ ഫലമായി തോന്നിയത്...

നായ്ക്കുരണപ്പൊടി വിതറിയും കരി ഓയിൽ ഒഴിച്ചും സ്ത്രീകളുടെ ഉടുതുണി വലിച്ചു കീറിയും സ്ത്രീ ജീവനക്കാരെ കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞും(എന്റെ പ്രദേശത്തുള്ള ഒരോഫീസിൽ ആണിത്, ഡൽഹിയിലെ പെൺകുട്ടിക്ക് സംഭവിച്ച ദുരന്തത്തിൽ ലജ്ജിക്കാൻ ഉദ്ബോധനം ചെയ്യുന്ന ഇടതന്മാരുടെ ഫ്ലക്സ് ബോർഡിൽ നിന്നും ഏതാനും മീറ്റർ അകലെയാണീ തെറിവിളി നടന്നത്) മറ്റും കേവലം രാഷ്ട്രീയലാഭങ്ങൾക്കായി പണിമുടക്കിലേക്കു ജീവനക്കാരെ തള്ളിവിടുകയും പണിമുടക്കിയവരെ കൊഞ്ഞനം കുത്തുന്ന മാതിരി ഒരു ഒത്തുതീർപ്പു ചർച്ചയും നടത്തി പണിമുടക്കും പിൻ‌വലിച്ച് ഇങ്ങു പോന്നു. പങ്കാളിത്ത പെൻഷൻ കൂടാതെ മറ്റു ചില അജൻഡകളും ഉണ്ടാ‍ായിരുന്നു പണിമുടക്കിന്. ഒന്നും മിണ്ടിക്കേട്ടില്ല!! വിജയകരമെന്ന് അവകാശപ്പെട്ട(എല്ലാ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിൽ ഉറച്ചു നിന്നിരുന്നെങ്കിൽ പണിമുടക്കിന്റെ ലക്ഷ്യം നേടാൻ സാധിക്കുമായിരുന്നു എന്ന് ഏറ്റു പറയുകയും ചെയ്ത) നോട്ടീസിലും അവയെപ്പറ്റി ഒരക്ഷരമില്ല. ചുമ്മാ അങ്ങ് എതിർക്കുക. ഗുണം വരുത്താൻ വേണ്ടി എതിർക്കുന്നത് കണ്ടാൽ അറിഞ്ഞൂടേ.ഇപ്പോ സമരം ചെയ്തവർക്ക് ആ ദിവസത്തെ ശമ്പളം കൂടി ഇല്ലാണ്ടായി. നിക്ഷേപത്തെക്കുറിച്ചൊന്നും ക്രിയാത്മകമായ ഒരു നിർദ്ദേശവും കൊടുത്തില്ല ഇന്നു വരെ(ട്രഷറിയിൽ പൂട്ടി വെച്ചേക്കാൻ പറഞ്ഞത് ആ ഗണത്തിൽ ഞാൻ പെടുത്തുന്നുമില്ല). സംയുക്ത സമര സമിതി ഒത്തു തീർപ്പു ചർച്ചയുടെ വെളിച്ചത്തിൽ ഒരു പത്തു നിർദ്ദേശങ്ങൾ എങ്കിലുമുള്ള ഒരു മെമ്മോറാണ്ടമെങ്കിലും ഗവ.ന് സമർപ്പിച്ചിരുന്നുവെങ്കിൽ ഞാൻ ഈ കമന്റ് ഇവിടെ ഇടില്ലായിരുന്നു. സമരം പൊളിഞ്ഞതോടെ സമരത്തിൽ പങ്കെടുത്ത ജീവനക്കാരോടുള്ള ധാർമ്മിക ഉത്തരവാദിത്വം വരെ സമരസമിതി മറന്നു. പിന്നെ പണിമുടക്കാത്തവരെ കുറ്റപ്പെടുത്താനാണു വ്യഗ്രത. ആര് ഊമ്പിയെന്നു സ്വയം ആലോചിച്ചോളുക.

************

പങ്കാളിത്ത പെൻഷൻ എന്നത് കേരളത്തിൽ മാത്രം സംഭവിക്കുന്ന ഒരു ‘ദുരന്തം’ ഒന്നുമല്ല. രാജ്യവ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണു കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിൽനിന്നും പിന്നോട്ടില്ല എന്ന് സംസ്ഥാന ഗവ. ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. കേന്ദ്ര ഗവ. പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾക്കു വിധേയമായിട്ടാണ്‌ കേരളത്തിലും പങ്കാളിത്തപെൻഷൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ്‌ പിരിച്ചെടുക്കുന്ന തുക ട്രഷറിയിൽ നിക്ഷേപിക്കണം എന്ന ശുപാർശ കേന്ദ്രത്തിനു മുന്നിൽ സംസ്ഥാന ഗവ. അവതരിപ്പിക്കേണ്ടതായിട്ടു വരുന്നത്. 2004 മുതൽ കേന്ദ്ര ഗവ. ജീവനക്കാർക്ക് നിലവിലുള്ള പെൻഷൻ സമ്പ്രദായം എങ്ങനെയാണെന്ന് ഇപ്പോൾ അവകാശപ്രഖ്യാപനങ്ങളുമായി രംഗത്തെത്തുന്നവർ പരിശോധിക്കുന്നതു നന്നായിരിക്കും. എന്റെ അറിവില്ലായ്മ മൂലമാണോ എന്തോ അന്ന് അവിടെ പരിഷ്കരണം വന്നപ്പോൾ ഈ സമരമോ മുറവിളിയോ ഉണ്ടായതായി കേട്ടിട്ടില്ല. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരായതു കൊണ്ടാണോ ഗവ.ന്റെ(പ്രത്യേകിച്ച് കേന്ദ്രം) സാമ്പത്തിക നയങ്ങൾ എതിർക്കപ്പെടേണ്ടതാണ്‌ എന്നതിനാലാണോ കേരളത്തിൽ മാത്രം ഇതൊരു വലിയ ചർച്ചയാവുകയും സഹ്യനപ്പുറത്തേക്ക് ഇതിനെപ്പറ്റി ആരെങ്കിലും മിണ്ടുന്നത് വാർത്തയാകാതിരിക്കുക്കയും ചെയ്യുന്നു. എത്ര തന്നെ മുറവിളി കൂട്ടിയാലും ഇന്ത്യാമഹാരാജ്യത്ത് കേരളത്തിനു മാത്രമായി വേറിട്ട ഒരു പെൻഷൻ സമ്പ്രദായം നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കുകയില്ല എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.

സംഘടിതരും വിദ്യ നേടിയവരുമായ രാഷ്ട്രീയ ബോധമുള്ള ഒരു വിഭാഗമാണ്‌ ഗവ. ജീവനക്കാർ; മാത്രവുമല്ല മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വലിയൊരളവിൽ താങ്ങി നിർത്താൻ സർവീസ് സംഘടനാ പ്രസ്ഥാനങ്ങൾക്കു കഴിയുന്നുമുണ്ട്. ആകയാൽ രാഷ്ട്രീയമായ വിരുദ്ധാഭിപ്രായങ്ങളും വാശികളും പാർലമെന്റിൽ നിന്നും നിയമസഭയിൽ നിന്നും ഇങ്ങ് വില്ലേജാഫീസിലെ ക്ലാർക്കിന്റെ മേശപ്പുറം വരെ എത്തുന്നുണ്ട്. സ്റ്റാറ്റ്യൂട്ടറി പെൻഷനെ സംരക്ഷിക്കണമെന്നു ശഠിക്കുന്നവർ ആരും തന്നെ ‘ഞങ്ങൾക്കിനി ഭരണം കിട്ടുന്ന നേരത്ത് ഈ പങ്കാളിത്ത പെൻഷൻ സമ്പ്രദായത്തെ റദ്ദ് ചെയ്ത് പരമ്പരാഗതപെൻഷനെ പുനഃസ്ഥാപിക്കും’ എന്ന ഒരു ആശ കൊടുക്കാൻ പോലും ശ്രമിച്ചിട്ടില്ല. എന്റെ ലേഖനത്തിലെ ഒരു കാര്യം ഞാൻ വീണ്ടുമവതരിപ്പിക്കുന്നു, ഇതിന്റെ പത്തിലൊന്നു നിയമക്കുരുക്കില്ലാഞ്ഞ 2002-ലെ സമരത്തിന്റെ തിക്തഫലം - ഡയസ്നോൺ മൂലം നഷ്ടമായ ഒരു മാസത്തെയധികം ശമ്പളം ജീവനക്കാർക്കു തിരിച്ചു കൊടുക്കാൻ - അധികാരം കിട്ടിയ നേരത്ത് ഈ 'മുള്ള്' എടുക്കാതിരുന്നവർ പങ്കാളിത്ത പെൻഷൻ എന്ന 'വെടിയുണ്ട' നീക്കം ചെയ്യാൻ ശ്രമിക്കില്ല. ശ്രമിക്കുമെന്നു പറഞ്ഞാലും അതൊരു തമാശയായിട്ടേ ജനം/ജീവനക്കാർ കരുതൂ. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ബില്ലുകൾ വോട്ടിനിട്ടു പാസാക്കുന്ന നാട്ടിൽ പങ്കാളിത്ത പെൻഷനെ റദ്ദു ചെയ്യാൻ അപ്രകാരം വല്ല വഴികളുമുണ്ടോ എന്ന് ഇന്നത്തെ പ്രതിപക്ഷം ഒന്നാലോചിച്ചു വെയ്ക്കുന്നതു നന്ന്.

************

ഇന്നത്തെ നിലയിൽ പങ്കാളിത്ത പെൻഷൻ ബാധകമല്ലാത്ത ജീവനക്കാരനാണു ഞാൻ. ഇനിയൊരു നാൾ എനിക്കും പങ്കാളിത്ത പെൻഷൻ ബാധകമായേക്കാം എന്ന ഉത്തമബോധ്യത്തോടെയാണ്‌ ഇതു കുറിക്കുന്നതും. പങ്കാളിത്ത പെൻഷൻ രണ്ടുതരം ജീവനക്കാരെ സൃഷ്ടിക്കും എന്നതൊക്കെ മാനസികമായ ആധിപത്യം നേടാനുള്ള, ജീവനക്കാരുടെ കോമ്പ്ലക്സിനെ ചൂഷണം ചെയ്യാനുള്ള വാചകക്കസർത്താണ്‌. ഒരേ ജോലിക്ക രണ്ടുതരം ശമ്പളവിന്യാസം ഉണ്ടാകും എന്നതാണു ശരിയായ കാര്യം. സിവിൽ സർവീസ് തകരും എന്നത് മറ്റൊരു പ്രചാരണം. സിവിൽ സർവ്വീസിലേക്ക് ആളുകൾ സ്വയം കടന്നു വരുന്നതാണ്‌, പങ്കാളിത്ത പെൻഷൻ പദ്ധതി വന്നു എന്നതുകൊണ്ട് ‘എന്നാലെനിക്കിനി സർക്കർ ജോലി വേണ്ട’ എന്ന് കേരളത്തിലെ ലക്ഷക്കണക്കിന്‌ ഗവ.ഉദ്യോഗാർത്ഥികൾ ചിന്തിച്ച് പിന്മാറിക്കളയും എന്ന് കരുതാൻ വയ്യ. ഒരു നീരസം വരും, പക്ഷേ ആത്യന്തികമായി സർവ്വീസ് മേഖലയെ ഇല്ലായ്മ ചെയ്യും എന്നതൊക്കെ ഊതിപ്പെരുപ്പിച്ച വാചകങ്ങളാണ്‌. പങ്കാളിത്ത പെൻഷൻ പോയിട്ട് യാതൊരു സെക്യൂരിറ്റിയുമില്ലാത്ത ഗ്ലാമറസ് തൊഴിലുകളിൽ ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന അസംഘടിത മേഖലകളുണ്ട്. അത്തരം രംഗങ്ങളിലേക്ക് ആളുകൾ താല്പര്യപൂർവ്വം ചെല്ലുന്നുണ്ട്, ഇനിയും ചെല്ലുക തന്നെ ചെയ്യും. സർക്കാർ ജോലിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമാകില്ല. എന്നിരുന്നാലും, ഇനിയൊരു കാലത്ത് പെൻഷൻ തന്നെ ഇല്ലാതായേക്കാം. ഇന്നു ഗവ. ജീവനക്കാർ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളും ആനുകൂല്യങ്ങളും പലതും അഞ്ചോ പത്തോ വർഷങ്ങൾ കഴിഞ്ഞാൽ കേട്ടുകേൾവി മാത്രമായേക്കാം. കാരണം നാടിന്റെ റവന്യൂ വരുമാനത്തിന്റെ നല്ലൊരുപങ്കും ശമ്പളം-ആനുകൂല്യങ്ങൾ-പെൻഷൻ-ഫാമിലി പെൻഷൻ ഇനങ്ങളിലേക്ക് വഴിതിരിഞ്ഞു പോകുന്നത് ഒരു പക്ഷേ നാളെയുടെ സാമ്പത്തിക ശാസ്ത്രത്തിൽ ഹിതകരമല്ലാത്ത ചെലവായി ഗണിക്കപ്പെടാം. പഴയ കാലത്തെ സൌജന്യങ്ങൾ ഒന്നൊന്നായി ഇല്ലാതാകുന്ന കാലത്ത് ആനുപാതികമായ മാറ്റങ്ങൾ എല്ലാ മേഖലകളിലും ഉണ്ടാകും, ഉണ്ടാകണം. കണ്ണുമടച്ചുള്ള ഓഫറുകൾ ഗവണ്മെന്റിന് കല്പാന്തകാലത്തോളം തുടർന്നുകൊണ്ടു പോകാൻ സാധിക്കില്ല. ഇതു തുടങ്ങി വെയ്ക്കാൻ ഇപ്പോഴുള്ളവർ കാണിച്ച ധൈര്യം ഇതു വേണ്ടാ എന്നു പറയുന്നവർക്കുണ്ടെങ്കിൽ, ഇനി അധികാരം കിട്ടുന്ന നേരത്ത് ഡീസൽ, പാചകാവതകം, റേഷൻ തുടങ്ങിയ സമസ്തമേഖലകളിലെയും സബ്‌സിഡി സോദാരം പുനഃസ്ഥാപിക്കണം. ഇന്ധനനിയന്ത്രണത്തിലുള്ള പെട്രോളിയം കമ്പനികളുടെ അധികാരം ഗവണ്മെന്റ് തിരിച്ചെടുക്കണം. വാ കൊണ്ട് പറയുന്ന പരുവത്തിൽ ‘വിലക്കയറ്റം പിടിച്ചു നിർത്തണം’. ചെയ്യുമോ? ഏഹേ! ഇവയെ ജനദ്രോഹനയങ്ങളെന്നു മുദ്രകുത്തി എതിർക്കുന്നവർ കാലാകാലം പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ റദ്ദു ചെയ്യാതെ ഭരണം മാറുമ്പോൾ അവയോരോന്നിന്റെയും ഗുണഫലം സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ് ചെയ്തിട്ടുള്ളത്. പ്രതിപക്ഷത്തിരുന്ന് എതിർക്കുക, ഭരിക്കുമ്പോൾ അങ്ങെടുക്കുക!

************

എതിർക്കാനുള്ള വിഭാഗമാണു പ്രതിപക്ഷം എന്നത് അന്വർഥമാക്കിക്കൊണ്ട് പങ്കാളിത്ത പെൻഷനെ സോദാഹരണം കീറിമുറിച്ച് ദൂഷ്യങ്ങൾ മനസ്സിലാക്കിത്തരാൻ മൽസരിച്ചു പലരും. എന്നാൽ, ഇനി പിന്നോട്ടില്ല എന്ന ധാരണ വന്നതോടെ നേതൃത്വം പത്തി മടക്കി. ഞങ്ങൾ സാധാരണക്കാരായ ജീവനക്കാർ ഇതിന്റെ കണക്കുകളും വരും വരായ്കകളും ഇപ്പോഴും പറഞ്ഞോണ്ട് നടപ്പുണ്ടെന്ന് രാവിലെ സഭയിൽ ചെന്നിരുന്ന് ഉറങ്ങുകയും മൈക്കിനു മുന്നിൽ ഞങ്ങൾ ജീവനക്കാരുടെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ വന്ന മാലാഖമാരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവർ അറിയുന്നില്ല. കാരണം, സമരവും പ്രക്ഷോഭവും പ്രസംഗവും കഴിഞ്ഞാൽ അവരെയിതൊന്നും ഏശുന്നതേയില്ല എന്നതു തന്നെ.

************

എനിക്കിതു കൂടി കാണണം, ജീവനക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടും എന്നു പറഞ്ഞ് പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നു പറഞ്ഞ് സമരകാഹളം മുഴക്കിയവർ ഒത്തുതീർപ്പു ചർച്ചയിൽ നിന്നു മുദ്രാവാക്യവും മുഴക്കി പുറത്തു പോന്ന ശേഷം എന്തു ചെയ്തു എന്ന്. മൗനമായി പങ്കാളിത്ത പെൻഷനെ അംഗീകരിച്ചിട്ട്, ഇനി ആ മൗനം തുടരുമോ എന്ന്. സമരത്തിനു ശേഷം പുറത്തിറക്കിയ നോട്ടീസിൽ, സമരാഹ്വാനം ചെയ്ത് നാടൊട്ടുക്കു പ്രദർശിപ്പിച്ച ഫ്ലക്സ് ബോർഡുകളിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഇനങ്ങളെപ്പറ്റി ഒരു വാക്കുപോലും ഇല്ലാതിരുന്നതെന്തേ? (അതൊന്നും ചർച്ചയ്ക്കു വന്നില്ലായിരിക്കാം! സമരം ചെയ്യാൻ ഒന്നു രണ്ടു ചില്ലറ കാരണങ്ങൾ കൂടി വേണ്ടിയിരുന്നു എന്നു കണ്ടാൽ മതി!!) പ്രക്ഷോഭത്തിനും പണിമുടക്കിനും മനഃപൂർവ്വം കാരണങ്ങൾ കണ്ടെത്തി, ബലമായി ജീവനക്കാരെ സമരത്തിലേക്കും സാമ്പ്ത്തിക-സർവ്വീസ് നഷ്ടങ്ങളിലേക്കും ഉന്തിവിട്ട് അവസാനം കാമ്പില്ലാത്ത ചില ഒത്തു തീർപ്പുകൾക്കും വഴങ്ങി ഇറങ്ങിത്തിരിക്കുമ്പോൾ ഇതിനു പിന്നിലെ പൊള്ളത്തരങ്ങൾ ആരും തിരിച്ചറിയില്ല എന്നാണോ കരുതുന്നത്? സമരം പൊളിഞ്ഞതിനു പണിമുടക്കാത്ത ജീവനക്കാരെ കുറ്റപ്പെടുത്തുകയും ചെയ്തപ്പോൾ ‘സർവീസ് മേഖലയുടെ കാവല്പ്പട’യുടെ ഉത്തരവാദിത്വം പൂർത്തിയാകുകയും ചെയ്തു. നാളെയിലെ ഉദ്യോഗസ്ഥരോടുള്ള കരുതലാണത്രേ!

ആ പണിമുടക്കു തീർന്നിട്ട് ഒരാഴ്ചയാകുന്നു. കേവലം തെരുവു പ്രസംഗങ്ങളിലല്ലാതെ സാമ്പത്തികവിശാരദന്മാർക്കു പഞ്ഞമില്ലാത്ത ബുദ്ധിജീവി പ്രസ്ഥാനത്തിനോ സമര സമിതിക്കോ ഇന്നു വരെ, അവർ തല കുനിച്ചു കൊടുത്ത പങ്കാളിത്ത പെൻഷൻ പദ്ധതിയിലൂടെ തന്നെ അവർ സംരക്ഷിക്കുന്നു എന്നവകാശപ്പെടുന്ന സർവ്വീസ് മേഖലയ്ക്ക് പരമാവധി ഗുണം ചെയ്യുന്ന ക്രിയാത്മകമായ ഒരു നിർദ്ദേശമെങ്കിലും മുന്നോട്ടുവെയ്ക്കാൻ കഴിഞ്ഞോ? ഇല്ല. ഓഹരിമേഖലയ്ക്കുണ്ടാകാവുന്ന അപചയത്തിന്റെ പേരിൽ ആ നിക്ഷേപരീതിയെ എതിർക്കുന്നവരേ, പൊതു മേഖലയ്ക്കായി ശക്തിയുക്തം വാദിക്കുന്ന സോഷ്യലിസ്റ്റുകളേ, നിക്ഷേപം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിൽ നിക്ഷേപിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ? ഇല്ല. പൊതുമേഖലയാണെങ്കിലും അതു രക്ഷപ്പെടുന്ന മേഖലയല്ലെന്ന് ഏറ്റവും നന്നായി അറിയാവുന്നത് രാഷ്ട്രീയക്കാർക്കുതന്നെയാണ്‌. ആ തുക പൊതു വിനിയോഗത്തിനെടുത്താലോ? തന്റെ കാശെടുത്ത് റോഡു പണിയാനും തൊഴിലുറപ്പു നടത്താനും പാലം കെട്ടാനും അഴിമതി നടത്താനും ചെലവാക്കാൻ പാടില്ല എന്ന് എല്ലാവരും ചിന്തിക്കും. ഒരിടത്തും നിക്ഷേപിക്കാതെ കൂട്ടി വെച്ചാലോ ഒരു പ്രയോജനവുമില്ലതാനും. കുറ്റം പറയാനും ദോഷം കാട്ടിക്കൊടുക്കാനുമാണല്ലോ ഏറ്റവുമെളുപ്പം.

************

ജനാധിപത്യത്തിന്റെ തണലിൽ നിന്നുകൊണ്ട് വകയുള്ളവൻ പോലും എടുത്ത ലോണിന്റെ പലിശ ഇളവിന്‌ ഗവ.ന്റെ ഔദാര്യത്തിനു ഓച്ഛാനിച്ചു നില്ക്കുമ്പോൾ, എല്ലാം സർക്കാർ എനിക്കിങ്ങോട്ട് ഒലത്തിത്തരണം(ഉറങ്ങാൻ കൂരയും റേഷൻ വാങ്ങാൻ പോലും വരുമാനവും ഇല്ലാത്തവരുടെ കാര്യമല്ല പറയുന്നത്) എന്ന് വാശി പിടിക്കുന്നവർ പെരുകുന്നിടത്ത് അവകാശങ്ങളും ഔദാര്യങ്ങളും തമ്മിൽ വെല്യ ഭേദമൊന്നും ഇല്ല. ആ മനഃശാസ്ത്രത്തിനപ്പുറം, മേല്പ്പറഞ്ഞ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കുന്നവർക്ക് ഡീസൽ സബ്സിഡി പിൻവലിക്കലും പങ്കാളിത്ത പെൻഷൻ ആരംഭവും ഒക്കെ ഒരേ ചരടിലെ മുത്തുകൾ മാത്രമാണ്‌. ബന്ദുകൾ നിർത്തിച്ചപ്പോൾ ഹർത്താലാക്കി, പിന്നേം മുടക്കി മുടക്കി മുടിപ്പിച്ച് ഇവിടെ എന്തെല്ലാം നേടിയെടുത്തു? ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ മുടക്കിയാൽ നഷ്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിനായിരുന്നു. ജനാധിപത്യ ഇന്ത്യയിൽ മുടക്കങ്ങൾ മുടക്കുന്നത് സ്വന്തം പ്രയാണത്തെയാണെന്നു പറഞ്ഞുകൊടുക്കാൻ ഒരു സൈദ്ധാന്തികനും ഇല്ലതാനും.

Tuesday, January 15, 2013

എന്തിനോ വേണ്ടി തിളച്ച സാമ്പാർ

മരങ്ങളും പണിമുടക്കുകളും അന്യമായ നാടല്ല കേരളം. ഇക്കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരും അദ്ധ്യാപകരും ആരംഭിച്ച സംസ്ഥാന വ്യാപകമായ ഒരു അനിശ്ചിതകാല പണിമുടക്കിന്‌ കഴിഞ്ഞ ദിവസം അറുതിയായി. ഈ അവസരത്തിൽ ജനുവരി എട്ടുമുതൽ കേരളം സാക്ഷ്യം വഹിച്ച ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പണിമുടക്കിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങളെ ഞാൻ കണ്ടുകൊള്ളട്ടെ.

അനിശ്ചിതകാല പണിമുടക്കിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പരമപ്രധാനമായത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക; സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുക എന്നതായിരുന്നു. പെട്ടെന്നു മനസ്സിലാക്കാനായി, പങ്കാളിത്ത പെൻഷൻ എന്നാൽ ഓരോ ജീവനക്കാരന്റെയും പ്രതിമാസ ശമ്പളത്തിൽ നിന്നും ഒരു വിഹിതം സർക്കാർ തിരിച്ചുപിടിച്ച് അതിന്റെ കൂടി വിനിയോഗ ഫലമായി റിട്ടയർമെന്റിനു ശേഷം ആ ജീവനക്കാരനു പെൻഷൻ നല്കുക എന്നതാണ്‌. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനത്തിൽ റിട്ടയറായ ജീവനക്കാരനു പെൻഷൻ നല്കുക എന്നത് സർക്കാരിന്റെ മാത്രം ബാധ്യതയാവുന്നു; അതായത് ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നും വിഹിതം പറ്റിക്കൊണ്ടല്ല പെൻഷനുള്ള വക സർക്കാർ കണ്ടെത്തുന്നത്. ചുരുക്കത്തിൽ പങ്കാളിത്ത പെൻഷൻ ബാധകമാവുന്ന ജീവനക്കാരന്‌ പ്രതിമാസശമ്പളത്തിൽ പത്തിലൊന്നു ഭാഗം കുറവു വരും.

എൻ.ജി.ഓ. അസോസിയേഷൻ തുടങ്ങിയ വലതുപക്ഷ സർവീസ് സംഘടനകൾ മുന്നേ തന്നെ തങ്ങൾ സമരത്തിനില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഡയസ്‌നോൺ തുടങ്ങിയ പ്രതിരോധനടപടികൾസർക്കാർ പ്രഖ്യാപിക്കുകയും അവധി അനുവദിക്കുന്നതിന്‌ കർശനമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. സമരത്തിന്റെ ആദ്യ ദിനം മുതൽ വിവിധ പത്ര മാധ്യമങ്ങൾ ആഫീസ് തലത്തിലുള്ള ഹാജർ നില പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്തുകൊണ്ട് സമരത്തിന്റെ യഥാർഥ ചിത്രം ജങ്ങളിലേക്കെത്തിക്കുകയും ചെയ്തു.

അതേസമയം, ഇടതുപക്ഷ അനുകൂല സംഘടനകൾ പൊതുവായി ശക്തമായ നിലപാടുകളും മുദ്രാവാക്യങ്ങളുമായി സമരമുഖത്തു പ്രത്യക്ഷപ്പെട്ടു. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഒറ്റപ്പെടുത്താനും അത്തരക്കാർ ജോലിക്കെത്തുന്നതു തടയാനും ചിലയിടങ്ങളിൽ കായികമായി ആക്രമിക്കാനും വരെ ശ്രമങ്ങളുണ്ടായി. ഇത്തരം സംഘർഷങ്ങൾ തെരുവിലേക്കു വ്യാപിക്കുകയും ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും പരസ്യമായിത്തന്നെ ജീവനക്കാരുടെ സമരത്തിനു പിന്തുണ നല്കുകയും ചെയ്തു.

എന്നാൽ, ദിനംപ്രതി ആഫീസുകളിലെ ഹാജർ നില കൂടി വരികയും പണിമുടക്കു നടത്തുന്ന സംഘടനകളിലെ തന്നെ ജീവനക്കാർ ഒളിഞ്ഞും തെളിഞ്ഞും ജോലിക്കു ഹാജരാകുകയും ചെയ്തുകൊണ്ടിരുന്നു. സമരം ചെയ്യുന്നവർക്കെതിരേ സ്വീകരിക്കുന്ന നടപടികളിൽ യാതൊരിളവും ഉണ്ടാവില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനില്ക്കുകയും ചെയ്തതോടെ 2012 ആഗസ്റ്റ് 8-ആം തീയതിയിലെ സർക്കാർ ഉത്തരവിലൂടെ നടപ്പാകുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും പിന്നോട്ടില്ല എന്നത് അരക്കിട്ടുറപ്പിക്കപ്പെട്ടു.

പിന്നെക്കണ്ടത് സമരത്തിന്‌ ഒരു തീർപ്പു കണ്ടെത്താനുള്ള വ്യഗ്രതയോടെയുള്ള ശ്രമങ്ങളായിരുന്നു. ജനുവരി 13-ആം തീയതി ഞായറാഴ്ച എങ്ങനെയും ഒരു ഒത്തുതീർപ്പ് ഉണ്ടാകേണ്ടത് അനിവാര്യമായി എന്നു വേണം കരുതാൻ. അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കേതന്നെ ജനു. 11ന്‌ വെള്ളിയാഴ്ച ആഫീസുകളിലെ ഹാജർ നില മികച്ച രീതിയിൽ ഉയർന്നു. അതിനൊരു പ്രധാന കാരണം, അന്നേ ദിവസം പണിമുടക്കിയാൽ തുടർന്നു വരുന്ന രണ്ടാം ശനി, ഞായർ, തിങ്കളാഴ്ച പൊങ്കൽ പ്രമാണിച്ചുള്ള പ്രദേശിക അവധി എന്നിങ്ങനെ മൂന്നു ദിവസത്തെ കൂടി ശമ്പളം നഷ്ടപ്പെടുമെന്ന ലളിതമായ സാമ്പത്തിക വശം മാത്രമാണ്‌. ഫലിതം അതല്ല, ഇടതു മാധ്യമങ്ങൾ ‘ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്ത് പരിപൂർണ്ണ വിജയമാക്കിയ പണിമുടക്ക്’ എന്നൊക്കെ സമരത്തെ വിശേഷിപ്പിക്കുന്നുണ്ടായിരുന്നു. ഹാജർ നിലയുടെ കണക്ക് കെട്ടിച്ചമച്ചതാണെന്ന്‌ ഒരുളുപ്പുമില്ലാതെ തട്ടി വിടുന്നുമുണ്ടായിരുന്നു. ഹാജർ നിലയിൽ സർക്കാർ കള്ളത്തരം കാണിച്ചിട്ടുണ്ടോ എന്ന് പണിമുടക്കിയവർക്ക് ഇനിയാണെങ്കിലും വിവരാവകാശ നിയമപ്രകാരം പരിശോധിക്കാമല്ലോ. അതേ സമയം, യാഥാർഥ്യ ബോധമുള്ള മാധ്യമങ്ങളിലെല്ലാം പണിമുടക്കിനെക്കുറിച്ചുള്ള പരാമർശം തന്നെ 'ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക്' എന്നായിരുന്നു.

പങ്കാളിത്ത പെൻഷൻ പദ്ധതി ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ അതിൽ ഒതുങ്ങി നിന്നുകൊണ്ടു തന്നെ ജീവനക്കാർക്ക് പറ്റുന്നത്ര ആനുകൂല്യങ്ങൾ നിലനിർത്താൻ കൂട്ടായ ശ്രമങ്ങൾ ഉണ്ടായിരുന്നതാണ്‌. മിനിമം പെൻഷൻ ഉറപ്പാക്കും എന്ന് സമരം ആരംഭിക്കുന്നതിനു മുൻപേ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പങ്കാളിത്ത പെൻഷൻ പിൻവലിപ്പിക്കും എന്ന ‘നടക്കാത്ത ഒരു സ്വപ്ന’ത്തിനായിട്ടാണ്‌ ജീവനക്കാരെ സമരമുഖത്തേക്ക് ഇടതു സംഘടനകൾ തള്ളിവിട്ടത്. കാര്യങ്ങൾ ഇങ്ങനെ പോകെ, ദിനം പ്രതി ഹാജർ നില കൂടി വന്നതും സർക്കാരിന്റെ കർശനമായ അച്ചടക്ക നടപടികളും സമരത്തെ ദുർബ്ബലമാക്കി. അതോടൊപ്പം സോഷ്യൽ മീഡിയയിൽ തൊഴിൽ രഹിതരുടെയും യുവാക്കളുടെയും സർക്കാരിതര മേഖലകളിലെ ജീവനക്കാരുടെയും വികാരം സമരത്തിനെതിരേ തിരിഞ്ഞതും വിസ്മരിക്കാനാവില്ല. ‘തിന്ന് എല്ലിനിടയിൽ കയറിയതിന്റെ അഹങ്കാരത്തിൽ കാട്ടിക്കൂട്ടുന്നത്’ എന്നാണ്‌ ഫേസ്‌ബുക്കിൽ സമരത്തെക്കുറിച്ച് വന്ന ഒരുകമന്റ്. ‘ഇപ്പോഴുള്ളതിന്റെ പാതി ശമ്പളവും ആനുകൂല്യങ്ങളും മതി, ഇവർക്കു പകരം ഞങ്ങൾ ജോലി ചെയ്യാം’ എന്നു വരെ പ്രഖ്യാപിച്ചുകൊണ്ട് ഓൺലൈൻ ജനത മുന്നോട്ടുവന്നു. സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ തയ്യാറെടുപ്പുകളും നടത്തിപ്പും സമരാനുകൂലികളായ അദ്ധ്യാപകരുടെ നിലപാടുമൂലം താളം തെറ്റുമെന്നായപ്പോൾ സമരം തികച്ചും ജനവിരുദ്ധമായി. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലെ വികസനപദ്ധതികളുടെ പ്രവൃത്തികളും പുരോഗമിക്കവേ സമരം വന്നത് ബന്ധപ്പെട്ട മേഖലകളിൽ നിന്ന് എതിർപ്പ് ഉയരുന്നതിനു കാരണമായി. ചുരുക്കത്തിൽ അനുകൂലവികാരം ഉണ്ടാവുന്നതിനു പകരം പൊതുജനങ്ങളുടെ എതിർപ്പ് വാങ്ങിയെന്നതാണ്‌ സമരം ഉണ്ടാക്കിയ നേട്ടം.

ഒത്തുതീർപ്പുചർച്ചയ്ക്കുള്ള സാദ്ധ്യതകൾ സൂര്യനെപ്പോലെ ജ്വലിക്കുകയായി പിന്നീട്. സമരാനുകൂലികളെ ചർച്ചയ്ക്കു വിളിച്ച് ഇനിയും അപഹാസ്യനാകാൻ വയ്യ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. സമരക്കാർ ഒടുക്കം പണിമുടക്ക് ഏകപക്ഷീയമായി പിൻ‌വലിക്കുമോ എന്ന സംശയമേകി. ചർച്ചയ്ക്ക് അവസരമുണ്ട് എന്ന് സമയം പ്രഖ്യാപിച്ചുകൊണ്ട് ധനമന്ത്രി വാതിൽ തുറന്നിട്ടു. മുൻപേ പ്രതിരോധത്തിലായിരുന്ന സമരസമിതി നേതാക്കൾക്ക് ആ അവസരം വിനിയോഗിക്കാതെ തരമുണ്ടായിരുന്നില്ല.

ഒടുക്കം ഏറെക്കുറെ അപ്രായോഗികമോ യാതൊരു പുതുമയും ഇല്ലാത്തതോ ആയ ചില വ്യവസ്ഥകൾക്കു സമ്മതിച്ച് അനിശ്ചിതകാല പണിമുടക്ക് നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കപ്പെട്ടില്ല. ഒത്തുതീർപ്പു ചർച്ചയിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയെ സമരസമിതി നേതാക്കൾക്ക് അംഗീകരിക്കേണ്ടതായിത്തന്നെ വന്നു. നിലവിലുള്ള ജീവനക്കാരെ പങ്കാളിത്ത പെൻഷൻ പദ്ധതി ഒരുതരത്തിലും ബാധിക്കില്ലെന്ന ഉത്തരവു വേണമെന്ന ആവശ്യം മുഖ്യമാന്ത്രി അംഗീകരിച്ചു. അതിൽ പുതുതായൊന്നും അംഗീകരിക്കാനില്ല തന്നെ. 2013 മാർച്ച് 31 നു ശേഷം സർവീസിൽ പ്രവേശിക്കുന്ന ജീവനക്കാർക്കു മാത്രമേ ഇതു ബാധകമാവൂ എന്നത് വ്യക്തമാണല്ലോ.

മിനിമം പെൻഷൻ ഉറപ്പാക്കും എന്ന്‌ കൊട്ടിഘോഷിക്കുന്നത് പണ്ടും പറഞ്ഞിട്ടുള്ളതാണെന്നതിനു പുറമേ നിലവിലെ ഇ.പി.എഫ്. പെൻഷൻ തുക എന്നത് വളരെ കുറഞ്ഞ ഒരു തുക ആണെന്നതിനാൽ അത്ര കാര്യമായ നേട്ടമായി അവതരിപ്പിക്കാവുന്നതല്ല. പെൻഷൻ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കുമെന്ന ആവശ്യം കേന്ദ്രത്തിൽ ഉന്നയിക്കുമെന്ന ഉറപ്പാണു സർക്കാർ നല്കിയിട്ടുള്ളത്. നിക്ഷേപിക്കും എന്നു തീർത്തു പറഞ്ഞിട്ടില്ല എന്നതു കൂടാതെ, ഈ നിർദ്ദേശം അംഗീകരിക്കാൻ സാധ്യത തുലോം കുറവാണെന്നു പെട്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ സ്വീകരിച്ച ശിക്ഷാനടപടികൾ പിൻവലിക്കുമെന്ന് സമരസമിതി അവകാശപ്പെടുമ്പോൾ സമരദിവസങ്ങളോട് ചേർന്നു വന്ന അവധി ദിനങ്ങളിലും ഡയസ്‌നോൺ ബാധകമായിരിക്കും, അതു പിൻവലിക്കില്ല എന്നു ധനമന്ത്രി പറഞ്ഞുകഴിഞ്ഞു. ഐതിഹാസികമെന്നും തങ്കലിപികളിൽ എഴുതപ്പെട്ടതെന്നും വിശേഷിപ്പിക്കപ്പെട്ട 2002-ലെ പണിമുടക്കിൽ 32 ദിവസത്തെ ശമ്പളം ഭൂരിഭാഗം ജീവനക്കാർക്കും ഡയസ്‌നോണിലൂടെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അധികാരം തിരികെ കിട്ടിയപ്പോൾ ആ ഡയസ്നോൺ റദ്ദാക്കാൻ കഴിയാതിരുന്ന ഇടതന്മാർക്ക് ഇപ്പറഞ്ഞിടത്തു നാവു പൊന്തില്ല എന്നുറപ്പ്. അഞ്ചു വർഷത്തിൽ ഒരിക്കൽ ശമ്പള പരിഷ്കരണം ഉറപ്പാക്കാനായതും എൽ.ടി.സി. അനുവദിച്ചതും ഈ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി നടന്ന ചർച്ചയിലൂടെയാണ്‌ എന്നിപ്പോൾ പറയുന്നതു മുൻതീരുമാനങ്ങളെ പണിമുടക്കിന്റെ അനന്തരഫലമായി ചിത്രീകരിക്കാനുള്ള നാണംകെട്ട രാഷ്ട്രീയനീക്കം മാത്രമാണ്‌.

അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി 14/01/2013-ൽ പുറത്തിറക്കിയ നോട്ടീസിൽ പറയുന്ന ഒരേയൊരു വാചകം മതി- ‘2002-ലെതുപോലെ എല്ലാ സംഘടനകളും യോജിച്ച പ്രക്ഷോഭത്തിൽ ഉറച്ചു നിന്നിരുന്നെങ്കിൽ സിവിൽസർവ്വീസിന്റെ ഹൃദയമായ പെൻഷൻ സംരക്ഷിക്കുവാൻ സാധിക്കുമായിരുന്നു’ - സമര പങ്കാളിത്തം കുറവായിരുന്നു എന്ന ഏറ്റുപറച്ചിലും സമരലക്ഷ്യം നേടാനാവാത്തതിന്റെ ഭാരം പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ മേൽ കെട്ടിവെയ്ക്കാനുള്ള ശ്രമവും ഇതിൽ വ്യക്തമായി കാണാം. ഒപ്പം, ഭാവിയിൽ പങ്കാളിത്ത പെൻഷൻ പ്രാവർത്തികമാവുമ്പോൾ 2013-ൽ പണിമുടക്കിൽ പങ്കെടുക്കാതെ സമരം പരാജയപ്പെടുത്തിയവരെയും ഇതു കൊണ്ടുവന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പഴിപറഞ്ഞ് തലയൂരുകയും ചെയ്യാം(ഈ പണിമുടക്കിന്റെ ഏറ്റവും വലിയ രാഷ്ട്രീയനേട്ടം ഭാവിയിലേക്ക് കാത്തുവെച്ചിരിക്കുന്ന ഈ പഴുതു തന്നെ!). കൂടുതൽ വിപുലമായ പോരാട്ടങ്ങൾക്കായി അനിശ്ചിതകാല പണിമുടക്ക് നിർത്തി വെച്ചിരിക്കുന്നു എന്ന് പറയുമ്പോൾ കേരളത്തിലെ സർവ്വീസ് സംഘടനകളും രാഷ്ട്രീയ പാർട്ടികളും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്, ഈ പേരിൽ ഇനി മറ്റൊരു പണിമുടക്കിന്‌ ആഹ്വാനം ഉണ്ടായാൽ അതൊരു വനരോദനമായി അവസാനിക്കും എന്ന യാഥാർഥ്യം. പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് കേവലം സാമ്പത്തിക-സർവീസ് നഷ്ടങ്ങൾക്കുപരിയായി യാതൊന്നും സമ്മാനിക്കാൻ കഴിയാതെയാണ്‌ ഈ സമരകാലം അവസാനിച്ചത്. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനും കേവലം രാഷ്ട്രീയക്കളികളിലെ കരുക്കളായി തുടരാതിരിക്കാനും നാം കരുതലോടെ നീങ്ങുക തന്നെ വേണം.


വാല്ക്കഷണം (1) : മുടക്കുന്ന സമരങ്ങൾ കൊണ്ട് കേരള ജനതയ്ക്ക് ഇനിയെന്തൊക്കെ നേടാമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നമുക്ക് മുടക്കുന്ന സമരങ്ങൾ കളഞ്ഞിട്ട് വല്ലതും ‘നടത്തുന്ന’ സമരങ്ങളിലേക്ക് നീങ്ങരുതോ? ഒന്നുമല്ലെങ്കിലും ഈ ‘കടിച്ചതുമില്ല, പിടിച്ചതുമില്ല’ എന്ന അവസ്ഥയിലും ഭേദമല്ലേ അങ്ങനെയൊന്ന്‌?


(2) ഭൂമി പിടിച്ചെടുക്കൽ സമരം - ആയിരക്കണക്കിനാളുകൾക്ക് പട്ടയം നല്കുകയും ആദിവാസികൾക്ക് വനാവകാശരേഖകൾ നല്കുകയും പ്രഖ്യാപിത ലക്ഷ്യവും കടന്ന് നടപടികൾ മുന്നേറുകയും ഭൂരഹിതർക്കു സ്ഥലം നല്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന നേരത്തുവന്ന ഈ നവതരംഗസമരത്തെ സർക്കാർ തണുപ്പൻ മട്ടിൽ വീക്ഷിക്കുന്നു. ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടിയ ചിലയിടങ്ങളിൽ മരുന്നിനു പോലും പൊലീസില്ല. ഒരു ജലപീരങ്കി പ്രയോഗമോ ലാത്തിച്ചാർജ്ജോ അറ്റ് ലീസ്റ്റ് ഒരു ബലപ്രയോഗമോ പോലും ഇല്ലാതെ സമരം ചെയ്യാൻ ഒരു ത്രില്ലില്ല എന്ന് ചില സഖാക്കൾ അടക്കം പറയുന്നു! "എന്നെ അറസ്റ്റ് ചെയ്യൂ" എന്ന് സരോജ്കുമാർ പറയുന്നത് ഓർമ്മവന്നു.

Friday, January 04, 2013

ബ്ലാക്ക്മാൻ ഇടുക്കിയെ വിറപ്പിക്കുന്നു!

ബ്ലാക്ക്മാൻ എന്ന അജ്ഞാത ഭീകരനെക്കുറിച്ച് ഇടുക്കി ജില്ലയിലെ പലയിടങ്ങളിലും നിറം പിടിപ്പിച്ചതും അവിശ്വസനീയവുമായ കഥകൾ പരക്കുകയാണ്‌. വർഷങ്ങൾക്കു മുൻപു ഭീതിയോടെ നാം കേട്ട റിപ്പർ എന്ന പദത്തിനു ശേഷം തെല്ലെങ്കിലും പേടിയോടെ ജനം കാതുകൂർപ്പിക്കുന്ന വാക്കായി ഇന്ന് ബ്ലാക്ക്മാൻ മാറിയിരിക്കുന്നു. പൊലീസിന്‌ ഉറക്കമൊഴിഞ്ഞ രാത്രികൾ. ബ്ലാക്ക്മാനെക്കുറിച്ചു പ്രചരിക്കുന്ന കെട്ടുകഥകൾ ഇവയൊക്കെ - അസാമാന്യ പൊക്കമാണു ബ്ലാക്ക് മാന്‌. എട്ടടി ഉണ്ടെന്നൊക്കെയാണ്‌ ജനം വെച്ചു കീച്ചുന്നത്. കറുത്ത നീളൻ കോട്ടിട്ടാണ്‌ കക്ഷി നടക്കുന്നത്. വികൃതമായ മുഖമാണത്രേ! എയ്ഡ്സ് രോഗിയാണെന്നതാണ്‌ ബ്ലാക്ക്മാനെപ്പറ്റിയുള്ള ഏറ്റവും അപകടകരമെന്നു വിശേഷിപ്പിക്കപ്പെടുന്ന സംഗതി. കയ്യിൽ സിറിഞ്ചുമായിട്ടാണത്രേ നടപ്പ്! എന്നാത്തിനാ? കുത്തിവെച്ച് ബാക്കിയുള്ളോർക്ക് രോഗബാധയുണ്ടാക്കാൻ..! മൂപ്പരെവിടെയാ പകൽ മുഴുവൻ കഴിയുന്നതെന്ന് ആർക്കും ഒരു പിടിയുമില്ല. രാത്രി വാതിലിൽ തട്ടി വിളിച്ചു ആൾക്കാരെ ഭയപ്പെടുത്തുകയാണ്‌ മൂപ്പിലാന്റെ ഹോബി. അങ്ങനെ പോകുന്നു ബ്ലാക്ക് മാനെപ്പറ്റിയുള്ള കഥകൾ. ഇന്നിപ്പൊ ദേ, കോമഡി സ്റ്റാർസിൽ വരെ ബ്ലാക്ക് മാൻ പരാമർശിക്കപ്പെട്ടു!

അതിനിടെ, കറുത്തവേഷം ധരിച്ച ഒരാൾ പമ്മിപ്പമ്മി നടന്നു പോകുന്നത് ഇവിടൊരു പ്രദേശത്ത് ആരോ കണ്ടു. ഇവൻ തന്നെ ബ്ലാക്ക്മാൻ ! പിടിയെടാ അവനെ! നാട്ടുകാർ ഓടിക്കൂടി. ബ്ലാക്ക്മാനെ കണ്ടുപിടിച്ചേ. ആളെക്കണ്ടപ്പോൾ അക്കിടി മനസ്സിലായി. തീർഥയാത്രയ്ക്കിടെ ഒന്നു മനസ്സമാധാനമായിട്ട് തൂറാൻ റോഡരികിലെ പറമ്പിലേക്കു കയറിയ അന്യസംസ്ഥാനക്കരൻ അയ്യപ്പഭക്തനെയാണ്‌ നാട്ടുകാർ ബ്ലാക്ക്മാൻ എന്നു കരുതി വളഞ്ഞത്!!

ബ്ലാക്ക്മാനെ നേരാംവണ്ണം കണ്ടവർ ആരുമില്ല. വിശ്വസനീയമായ യാതൊരു തുമ്പും ആർക്കും ഇതുവരെ കിട്ടിയിട്ടുമില്ല. പകലൊക്കെ ടിയാൻ എവിടെപ്പോയൊളിക്കുന്നു എന്നും ആർക്കുമറിയില്ല. ബ്ലാക്ക് മാനെ കണ്ടു എന്നവകാശപ്പെടുന്നവരുടെ വിവരണങ്ങൾ പല ചെവിയും വായും കടന്നു വരുമ്പോൾ പണ്ടു കേട്ട ഒരു കഥയിലെ കാര്യം പോലെ ആയിപ്പോകും...

പണ്ട്, അഞ്ചുരുളി വനത്തിൽ ഒരുത്തൻ വെടി വെയ്ക്കാൻ, ഐ മീൻ, നായാട്ടിനു പോയി. വെടി വെയ്ക്കാൻ പോയിട്ട് വെറും കയ്യോടെ തിരിച്ചുവന്ന കക്ഷിയോട് കൂട്ടുകാർ കാര്യം തിരക്കി. ആൾ പേടിച്ചു പോന്നതാണത്രേ. എന്തു കണ്ടിട്ട്? പുലി... നല്ലൊന്നാന്തരം പുലി! അതും ഒന്നോ രണ്ടോ അല്ല, ഒരു ഫാമിലി! അഞ്ചെണ്ണം.. പുലിക്കൂട്ടം!! ചോദിച്ചു പിടിച്ചു വന്നപ്പോൾ മാട്ടുകച്ചവടക്കാരൻ പറയുന്ന വില താഴുന്നതു പോലെ പുലീടെ എണ്ണം കുറയാൻ തുടങ്ങി. രണ്ടെണ്ണത്തിനെ ഉറപ്പായും കണ്ടു, മറ്റേതിന്റെയൊക്കെ വാലു മാത്രമേ കണ്ടൊള്ളൂ, മരത്തിന്റെ മറവാരുന്നു എന്നൊക്കെയായി. ഇത്രേം താന്നതല്ലേ, ഇനീം താന്നെങ്കിലോ എന്നോർത്ത് നീ ശെരിക്കും പുലിയെ കണ്ടോ എന്നായിചോദ്യം. പിന്നെ... കണ്ടോന്നോ, എടാ, ഹെഡ്ലൈറ്റങ്ങ് ഇട്ടപ്പൊ, തെളങ്ങുവാണ്‌ പച്ച നെറത്തിൽ കണ്ണ്‌. ഒരുപുലി, അതുറപ്പായും ഞാൻ കണ്ടതാ. ബാക്കി ചെലപ്പോ...

അഞ്ചേന്നു പിടിച്ച് ഇപ്പോ ബഡായി ഒരു പുലിയിലെത്തി നില്ക്കുന്നു. ഒരു ബഡായിക്കാരന്റെ ഏറ്റവും വലിയ പരാജയം അവന്റെ വാക്കുകൾക്ക് ശ്രോതാക്കൾ ഇല്ലാതെ പോകുന്നതാണ്‌. ആ ദുരന്തം ഒഴിവാക്കാൻ അയാൾ ഏതു കോമ്പ്രമൈസിനും തയ്യാറാവും. പറഞ്ഞു പറഞ്ഞ്, ഒടുക്കം നമ്മടെ വെടിക്കാരൻ ഇപ്രകാരം തീർച്ചപ്പെടുത്തി - “ആ.. പുലിയാണോ എലിയാണോന്നറിയില്ല, പള്ള(പൊന്തക്കാട്‌) അനങ്ങുന്നതു കണ്ടാരുന്നു!”

എന്നു പറഞ്ഞപോലെയാണു ബ്ലാക്ക് മാന്റെ കാര്യം. ഡേ, ആരോ കതകിൽ മുട്ടുന്നു. നോക്കിയേച്ചു വരാമേ..!