Tuesday, November 05, 2013

ഞങ്ങളുടെ ഡെൽനമോൾക്കുവേണ്ടി...

ടുക്കി ജില്ലയിലെ കീരിത്തോട്, പുന്നയാർ, കാവുങ്കൽ വീട്ടിൽ ശ്രീ.ബിനോയിയുടെ മകൾ ആറുവയസ്സുകാരി ഡെൽനമോളുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും അതിനായുള്ള പണം സ്വരൂപിക്കലും ഒരു നാടിന്റെയും നാട്ടുകാരുടെയും അനേകായിരം സുമനസ്സുകളുടെയും ത്യാഗോജ്വലമായ സഹകരണത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി. ഇത്രയും വാർത്ത. ഇനി ഇടുക്കിയുടെ മണ്ണിൽ നിന്നും നേരിട്ടുള്ള അനുഭവസാക്ഷ്യം.

ഒരു കൊച്ചുകുടുംബത്തിന്റെ മേൽ പൊടുന്നനെ പതിച്ച ഒരാഘാതമായിരുന്നു ഡെൽനമോളുടെ പനിയും തുടർന്നു കണ്ടുപിടിക്കപ്പെട്ട കരൾരോഗവും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രോഗം കണ്ടുപിടിക്കപ്പെടുകയും കുട്ടിയെ വെന്റിലേറ്ററിലാക്കുകയും സ്ഥിതി അത്യന്തം വഷളായതിനെത്തുടർന്ന് കരൾ മാറ്റിവെയ്ക്കുകയുമായിരുന്നു. അതിനായി കരൾ പകുത്തു നല്കിയത് ഡെൽനമോളുടെ അച്ഛൻ തന്നെ. ഡെൽനയുടെ ആറുമാസം പ്രായമുള്ള അനുജനും രോഗിയാണ്‌. വിധിയുടെ ക്രൂരതയിൽ പകച്ചുപോയ ഈ കുടുംബത്തിനു നേർക്ക് നീണ്ടുവന്ന കരുണയുടെ ചില കരങ്ങളെ നമുക്ക് അറിയാൻ ശ്രമിക്കാം.

കഞ്ഞിക്കുഴി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടുമൂന്നു ദിവസം ജനം ഇളകിമറിയുകയായിരുന്നു. ജാതിമതങ്ങളുടെ വേലിക്കെട്ടുകളില്ലാതെ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ തന്നാലാവുന്നതു നല്കാൻ നാട്ടുകാർ രംഗത്തിറങ്ങുകയായിരുന്നു. പഞ്ചായത്ത് അധികൃതരും ഡ്രൈവർമാരും തൊഴിലാളികളും ഉദ്യോഗസ്ഥരും സ്വയം സഹായ സംഘങ്ങളും കയ്യയച്ചു സംഭാവൻ ചെയ്യുന്ന കാഴ്ചയാണു പിന്നീടുകണ്ടത്.


സ്ഥലവാസിയായ സഹപ്രവർത്തകൻ രാജേഷ് സാറിന്റെ ഫോൺകോൾ ഞായറാഴ്ച വൈകിട്ടാണ്‌ എനിക്കു കിട്ടുന്നത്. ചികിൽസാധന സഹായം ലഭിക്കാൻ മുഖ്യമന്ത്രിക്കു സമർപ്പിക്കേണ്ടുന്ന റിപ്പോർട്ട് തയ്യാറാക്കി നല്കണം എന്ന ആവശ്യമായിരുന്നു അതിൽ. ഞാൻ തിങ്കളാഴ്ച(ഇന്നലെ) ഓഫീസിലെത്തുമെന്നും താലൂക്ക് ആഫീസിൽ നിന്നുള്ള റിപ്പോർട്ട് കിട്ടിയാലുടനെ തന്നെ റിപ്പോർട്ട് തയ്യാറാക്കി നല്കാമെന്നും ഞാനേറ്റു.

നീണ്ട യാത്രയ്ക്കു ശേഷം തിങ്കളാഴ്ച ഓഫീസിലെത്തിയതു വൈകിയാണ്‌. റിപ്പോർട്ടിന്റെ കാര്യം ഏല്പ്പിച്ച രാജേഷ് സർ വന്നിട്ടില്ല. നേരം വൈകിയും താലൂക്കിൽ നിന്നുള്ള റിപ്പോർട്ട് എത്തിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം വില്ലേജ് ആഫീസിൽ അപേക്ഷ വെച്ച് അവിടെ നിന്നുള്ള റിപ്പോർട്ട് താലൂക്ക് ആഫീസിൽ എത്തിച്ച്, തഹസിൽദാരുടെ ശുപാർശ സഹിതം കളക്ട്രേറ്റിൽ എത്തിപ്പെടാൻ സാധിക്കില്ല എന്നു ഞാനുറച്ചു. എന്നാൽ, അന്നു രാവിലെ ഒൻപതേകാലിന്‌ വില്ലേജ് ആഫീസറെക്കൊണ്ട് റിപ്പോർട്ടെഴുതിച്ച് ശ്രീ.ജോസ് ഊരക്കാട്ടിൽ തൊടുപുഴ താലൂക്ക് ആഫീസിലേക്ക് കുതിച്ചു പാഞ്ഞു. തൊടുപുഴ മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനമായിരുന്നു അന്ന്‌. മൂന്നു മന്ത്രിമാർ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ചടങ്ങിന്റെ തിരക്കിനിടയിലും തഹസിൽദാരുടെ റിപ്പോർട്ടു തരപ്പെടുത്തി ജോസ് ജില്ലാ ആസ്ഥാനത്തേക്ക് വണ്ടി പായിച്ചു, ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന്റെ ബലത്തിൽ.

വഴിക്കണ്ണുമായി നോക്കിയിരുന്ന ഞാൻ ഓഫീസ് വിട്ടേക്കാം എന്ന് കരുതി രാജേഷ് സാറിനെ ഒന്നു കൂടി വിളിച്ചു നോക്കി. അതേസമയത്ത് റിപ്പോർട്ട് കളക്ട്രേറ്റിൽ എത്തിയിരുന്നു. നടപടിക്രമങ്ങളുടെ കെട്ടുപാടുകളൊന്നുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ റിപ്പോർട്ടു തയ്യാറാക്കി. മേലാഫീസർമാരെല്ലാവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന ആ വൈകിയ വേളയിൽ, ഉണ്ടായിരുന്ന ഓഫീസറെക്കൊണ്ട് ഗവ.സെക്രട്ടറിക്കുള്ള കത്ത് ഒപ്പിടുവിച്ച് ദൂതനെ യാത്രയാക്കുമ്പോൾ ബുധനാഴ്ചത്തെ കാബിനറ്റിൽ ധനസഹായത്തിനുള്ള ഉത്തരവു പാസാവുമല്ലോ എന്ന സംതൃപ്തിയായിരുന്നു എന്റെ മനസ്സിൽ.

ജില്ലാ ആസ്ഥാനത്തെ ഒരോഫീസിൽ നിന്നും എല്ലാ ജീവനക്കാരും 500 രൂപ വീതം സംഭാവന നല്കിയപ്പോൾ അതൊരു വലിയ തുകയായി. മുൻപിൻ നോക്കാതെ അപ്പോൾ കയ്യിലുണ്ടായിരുന്നത് അഞ്ഞൂറോ ആയിരമോ എന്നു നോക്കാതെ എടുത്തു നീട്ടിയ സാധാരണക്കാരാണ്‌ സഹായിച്ചവരിൽ അധികം പേരും. കീരിത്തോട് കഞ്ഞിക്കുഴി പ്രദേശങ്ങളിലൂടെ കഴിഞ്ഞ ദിവസം യാത്ര ചെയ്ത സകല വാഹനങ്ങളിൽ നിന്നും ഉദാരമായ സംഭാവനകൾ ലഭിച്ചു എന്നത് നിസ്വാർഥമായ മനുഷ്യസ്നേഹത്തിന്റെ നേർസാക്ഷ്യം തന്നെ. ധനസമാഹരണത്തിനായി ജോലിയും കൂലിയും മാറ്റിവെച്ച് ഇറങ്ങിത്തിരിച്ച നാട്ടുകാർക്കും പറയാൻ കഥകളുണ്ട്. ഒരു ലക്ഷം രൂപ വച്ചു നീട്ടിയ മനുഷ്യസ്നേഹിയായ ആ വ്യവസായിയെ നിങ്ങൾക്കറിയാം. അടിയന്തര ശസ്ത്രക്രിയയ്ക്കായി കെട്ടിവെയ്ക്കാനുള്ള പണത്തിനായി പലവാതിലുകൾ മുട്ടിയലഞ്ഞ പള്ളീലച്ചൻ.

മറുവശത്ത്, ഇങ്ങനെ സഹായം ചോദിച്ച് സ്ഥിരം ആളുകൾ വരുമെന്നതിനാൽ പണമായി ആയിരം രൂപയേ തരാനൊക്കൂ എന്നു പറഞ്ഞു ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്. പക്ഷേ മരുന്നിന്റെ ചെലവ് ഞങ്ങൾ വഹിച്ചോളാം എന്നു പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായിത്തോന്നി. മർക്കടമുഷ്ടി അവിടെയും തുടർന്നു- ‘മരുന്ന് ഞങ്ങൾ വാങ്ങിത്തരാം’ എന്നായിരുന്നു വാഗ്ദാനം. ‘മരുന്ന് ആശുപത്രിയിലുണ്ട്, അതിന്റെ പണം അടച്ചാൽ മതി’യെന്ന് അറിയിച്ചപ്പോൾ അവർ തന്നെ വാങ്ങിത്തരുന്ന മരുന്നിനേ അവർ പണം മുടക്കൂ എന്നായി. അതായത് ആശുപത്രിയിൽ മരുന്നു ലഭ്യമാണെന്നിരിക്കേ പുറത്തു നിന്നും മരുന്നു വാങ്ങിത്തരുന്ന നടപ്പില്ലാത്ത ഒരിടപാടാണ്‌ അവരുടേത് എന്നു മനസ്സിലാക്കിയിട്ട് “സർ, അബദ്ധത്തിൽ സഹായം ചോദിച്ചു വന്നതാണ്‌, ബുദ്ധിമുട്ടിച്ചതിൽ സോറി“ എന്നു പറഞ്ഞേച്ച് സ്വർണ്ണം വിറ്റതിന്റെ പകിട്ടുള്ള പണത്തിനു കാക്കാതെ അവർ പോന്നു. മറ്റൊരു ഓഫീസിൽ സഹായധനം സ്വരൂപിക്കാനുള്ള ആശയം ‘അങ്ങനെയൊരു കീഴ്വഴക്കം സൃഷ്ടിക്കേണ്ടതില്ല’ എന്ന നിഷ്ഠൂരമായ അഭിപ്രായത്തോടെ തള്ളപ്പെട്ടു.

ഒരു സാധാരണ അമ്പലക്കമ്മിറ്റി/തിരുരൂപപ്രതിഷ്ഠ/പാർട്ടിപ്പിരിവ് എന്നൊക്കെ തോന്നുന്നവിധം വഴിപ്പിരിവു നടത്തുന്നതു ബോധിക്കാതെ ദേഷ്യത്തോടെ അൻപതു രൂപയെടുത്തു നീട്ടി, ഒരു കാർ യാത്രികൻ. പക്ഷേ, കാര്യമറിഞ്ഞപ്പോൾ ക്ഷമാപണത്തോടെ അയാൾ ആ അൻപതു രൂപ തിരികെ വാങ്ങി. ഉത്തരവാദിത്വപ്പെട്ട ഒരാളുടെ ഫോൺ നമ്പരും വാങ്ങി അയാൾ വണ്ടിയോടിച്ചു പോയി.

വളരെക്കഴിഞ്ഞ് ഒരു ഫോൺകോൾ വരുന്നു."അല്പം പണമയയ്ക്കാൻ വേണ്ടിയാണ്‌; ആ അക്കൗണ്ട് നമ്പരും വിശദാംശങ്ങളും വേണം."

വിവരങ്ങൾ നല്കി. അല്പസമയത്തിനകം അയാൾ വീണ്ടും വിളിച്ചു. "പണം വന്നിട്ടുണ്ടോന്നു നോക്കൂ.."

അക്കൗണ്ടിൽ 25000/- രൂപ വരവുവച്ചിരുന്നു. ഊരും പേരും അറിയാത്ത ആ കാർ യാത്രക്കാരന്റെ നല്ല മനസ്സിന്‌ ഇവിടുത്തെ പ്രാർഥനാനിരതരായ ആയിരങ്ങളുടെ പേരിൽ ഞാൻ നന്ദി പറയുന്നു!

അങ്ങനെ ചെറുതും വലുതുമായി പണം വന്നു, പുത്തൻ മണം മാറാത്ത നോട്ടുകളും വിയർപ്പിൽ കുതിർന്ന് മുഷിഞ്ഞു നാറിയ പണവും. ഇന്ന്, ഉച്ചയോടെ അക്കൗണ്ടിൽ 35 ലക്ഷം രൂപ ആയെന്ന് അറിഞ്ഞു. ഇപ്രകാരം, അനേകരുടെ സന്മനസ്സും പ്രാർഥനയും കൂടെയുള്ളപ്പോൾ ഈശ്വരൻ കനിവു കാട്ടാതിരിക്കുമോ? ഇടുക്കിയുടെ മേൽ മാലാഖമാർക്ക് അനുഗ്രഹം ചൊരിയാതിരിക്കാനാവുമോ? ഈ നാടിന്റെ നന്മ സഫലമാവാതിരിക്കുമോ?

2 comments:

എം.എസ്. രാജ്‌ | M S Raj said...

ഇടുക്കി ജില്ലയിലെ കീരിത്തോട്, പുന്നയാർ, കാവുങ്കൽ വീട്ടിൽ ശ്രീ.ബിനോയിയുടെ മകൾ ആറുവയസ്സുകാരി ഡെൽനമോളുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും അതിനായുള്ള പണം സ്വരൂപിക്കലും ഒരു നാടിന്റെയും നാട്ടുകാരുടെയും അനേകായിരം സുമനസ്സുകളുടെയും ത്യാഗോജ്വലമായ സഹകരണത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി. ഇത്രയും വാർത്ത. ഇനി ഇടുക്കിയുടെ മണ്ണിൽ നിന്നും നേരിട്ടുള്ള അനുഭവസാക്ഷ്യം.

എം.എസ്. രാജ്‌ | M S Raj said...

ഡെൽനയുടെ കുടുംബത്തെ സഹായിക്കാനായി ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമായി വന്ന സംഭാവനകൾ ചേർന്ന് ആകെ 66 ലക്ഷം രൂപ കവിഞ്ഞു. തുടർന്നും പണം വരുന്നതു തടയാൻ അക്കൌണ്ട് തൽക്കാലത്തേക്കു മരവിപ്പിക്കാൻ ഡെൽനയുടെ പിതാവ് ബിനോയിയുടെ അസാന്നിദ്ധ്യം മൂലം കഴിഞ്ഞില്ല. അതിനിടെ, ഓപ്പറേഷനെത്തുടർന്നുള്ള നീണ്ട മയക്കം വിട്ടുണർന്ന ഡെൽന വെള്ളം കുടിക്കുകയും ചോക്കലേറ്റ് കഴിക്കുകയും ചെയ്തു. കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും സഫലമായ കഥകൾ ഇനിയും വരട്ടെ!