Wednesday, January 08, 2020

ഡെസ്റ്റിനി

രാത്രി വൈകിയപ്പോഴേക്കും തീരം തീർത്തും വിജനമായി. ബീച്ചിന്റെ ഇങ്ങേയറ്റത്തെ നേർത്ത മണൽത്തിട്ടയ്ക്കിപ്പുറം നാട്ടിയ അനേകം കനത്ത തൂണുകൾ പോലെ തെങ്ങുകൾ വരിയായി നിന്നു. അവയുടെ തലപ്പുകൾക്കിടയിലൂടെ തെളിഞ്ഞ ആകാശം ചോർന്നുവീണു. ഒപ്പം കുറെ നക്ഷത്രങ്ങളും. തണുപ്പുള്ള കാറ്റ് ഓലകളെ തൊടാതെ നിലംപറ്റിയൊഴുകി. അവൻ ആകാശത്തേക്കു തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. "ഈ.. ആശയറ്റവര്.. ചിലപ്പോ ഒരു നക്ഷത്രത്തെ നോക്കി പറയില്ലേ, സ്റ്റാർ ഓഫ് ഹോപ് എന്നൊക്കെ.. പ്രത്യാശയുടെ താരകം? നമ്മൾ ദുഃഖത്തിലാകുമ്പോൾ നമ്മെ നോക്കി സാന്ത്വനിപ്പിക്കുന്നുവെന്നും കണ്ണു ചിമ്മുന്നെന്നുമൊക്കെ..?"

"ഉം.. അതിനു്?"

"അതൊക്കെ ചുമ്മാ.. കളിപ്പിക്കാൻ വെറുതെ പറയുന്നതാ!"

"സില്ലി. ഓർക്കാൻ തന്നെ രസമുള്ള കല്പനയല്ലേ അതൊക്കെ? ദൂരെ.. അങ്ങ് ദൂരെ നിന്നും പ്രത്യാശയുടെ ഒരു കിരണം വരുന്നു!"

"നമ്മെ നോക്കി ചിരിക്കുന്നതൊന്നുമല്ല മാഷേ. മറ്റാരെയോ നോക്കി ചിരിച്ചു. പ്രകാശവർഷങ്ങൾ താണ്ടി ഈ ദുനിയാവിലെത്തിയപ്പോ ആകാശോം നോക്കി, ഡെസ്പായി വായും പൊളിച്ചു നിന്നതു സാഹചര്യവശാൽ നമ്മളായിപ്പോയി എന്നല്ലേയുള്ളൂ? ന്നിട്ടാ നമ്മള് പറയുന്നെ റേ ഓഫ് കോപ്പെന്ന്!"


image courtesy : motaen.com

"ഹെയ് പെസ്സിമിസ്റ്റ് പുലീ.. എല്ലാം പാസ്റ്റിൽ നിന്നും വരുന്നതാണ്. ആ നക്ഷത്രം നിനക്കായി മിന്നിയതാണെന്ന് ഉറപ്പുണ്ടെങ്കിൽ, നീയറിയുന്നതിനു മുൻപ് ഈ റേ ഓഫ് ഹോപ് പണ്ടേ യാത്ര പുറപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണു വിചാരിക്കേണ്ടത്. നീയിപ്പോൾ കേട്ട എന്റെ ശബ്ദം പോലും ഞാൻ പറഞ്ഞു കഴിഞ്ഞ് നിന്റെ ചെവിയിലെത്താൻ കുറെ മില്ലിസെക്കന്റ് എങ്കിലും എടുത്തിട്ടുണ്ടാവില്ലേ? നിന്റെ കാലിനെ തൊട്ട തിരയും, നിന്റെ വിയർപ്പാറ്റിയ കാറ്റും നിനക്കു പോകാൻ സ്റ്റോപ്പിലെത്തുന്ന ബസ്സും ഒക്കെ അങ്ങനെയാണ്. എവ്‌രിതിങ് ഇസ് അൻ എക്സ്റ്റെൻഷൻ ഓഫ്... ഓർ കണ്ടിന്യുവേഷൻ ഓഫ് ദി പാസ്റ്റ്. വി ആൾ ജസ്റ്റ് ഹാപ്പൻ ടു ബീ അ പാർട്ട് ഒഫ് ദെം. ഇന്നു നിന്നെ കാണുക, അറിയുക എന്നതൊക്കെ എന്റെ നിയോഗമായിരിക്കാം. ദാറ്റ്സ് വാട്ട് വീ കാൾ ഡെസ്റ്റിനി."

അവനെ വിശ്വസിപ്പിക്കാൻ പ്രയാസമാണ് എന്നെനിക്കറിയാമെങ്കിലും അതാണ് സത്യം. ഇന്നവനെ കണ്ടുമുട്ടാൻ എത്രയോ വർഷങ്ങൾക്കു മുൻപേ പുറപ്പെട്ടുപോന്ന ഒരു കിരണമല്ലേ ഞാനും?

15 comments:

  1. "നിന്റെ കാലിനെ തൊട്ട തിരയും, നിന്റെ വിയർപ്പാറ്റിയ കാറ്റും നിനക്കു പോകാൻ സ്റ്റോപ്പിലെത്തുന്ന ബസ്സും ഒക്കെ അങ്ങനെയാണ്. എവ്‌രിതിങ് ഇസ് അൻ എക്സ്റ്റെൻഷൻ ഓഫ്... ഓർ കണ്ടിന്യുവേഷൻ ഓഫ് ദി പാസ്റ്റ്. വി ആൾ ജസ്റ്റ് ഹാപ്പൻ ടു ബീ അ പാർട്ട് ഒഫ് ദെം." What a wonderful piece of write up. Loved it!

    ReplyDelete
    Replies
    1. വളരെ നന്ദി കൊച്ചു ഗോവിന്ദൻ!

      Delete
    2. കൊച്ചുഗോവിന്ദൻ പറഞ്ഞതാണ് കാതൽ.
      ആ ഒരു കഷ്ണത്തിൽ ആണ് ഈ പോസ്റ്റിന്റെ കോർ ഇരിക്കുന്നത്.
      സലാം രാജ്.
      എഴുത്തിന്റെ പരിസരങ്ങളിൽ
      അധികം പരിചിതമല്ലാത്ത ഒരു ആശയത്തിന്റെ ഭംഗിയായ അവതരണം

      Delete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. മനോഹരം... പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി എത്രയോ രാവുകളിൽ ഉറക്കമില്ലാതെ ഞാൻ ചിന്തിച്ചിട്ടുണ്ട്... കൂടുതൽ ആഴത്തിൽ തിരയുമ്പോൾ ഏതൊരു ശാസ്ത്രാന്വേഷകനും അറിയുന്നൊരു കാര്യമുണ്ട്.. ഒന്നും ഒറ്റയല്ല... ഒന്ന് മറ്റൊന്നിന്റെ തുടർച്ച മാത്രം... താളാത്മകമായി ചലിക്കുന്ന പ്രപഞ്ചം.. അത് തന്നെ ഈ അപൂർവസുന്ദര ചിന്താസകലവും...

    ReplyDelete
  4. അക്ഷര പിശാച്... ചിന്താശകലം എന്നു വായിക്കണേ...

    ReplyDelete
    Replies
    1. പ്രപഞ്ചമൊക്കെ എത്ര വിശാലം. ഇതു രണ്ടു കുഞ്ഞു മനുഷ്യർ...

      കമന്റിനു നന്ദി

      Delete
  5. കുഞ്ഞുമനുഷ്യർ കുഞ്ഞുവാക്കുകളിൽ പറഞ്ഞ കുഞ്ഞുകഥ വലിയ ഇഷ്ടമായി.. <3

    ReplyDelete
    Replies
    1. ഇതൊരു വലിയ കഥയുടെ ഭാഗമാണ് . ആരോടും മിണ്ടണ്ട. താങ്ക്സ്

      Delete
  6. നല്ല ചിന്തകൾ നല്ല ഭംഗിയായി പറഞ്ഞിരിക്കുന്നു.

    ReplyDelete
  7. ചിന്തനീയമായ കുറിപ്പുകൾ ...

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'