Friday, December 30, 2011

വൈകിയെത്തിയ വണ്ടി - 8

'ഇതെങ്കിലും വന്നല്ലോ, ഒള്ളതാട്ടെ' എന്നു വിചാരിച്ചു ബസ്സില്‍ക്കയറി. രണ്ടുക്ക്‌ രണ്ട്‌ രീതിയിലുള്ള സീറ്റുകളാണ്‌ ഗരുഡയിലെങ്കില്‍ മൂന്നുക്ക്‌ രണ്ട്‌ എന്നതാണ്‌ സൂപ്പര്‍ എക്സ്‌പ്രസ്സിലെ ക്രമം. അതിനാല്‍ സീറ്റുകള്‍ എനിക്കിരിക്കാനുള്ള സീറ്റില്‍ വേറൊരാള്‍ ഇരിക്കുന്നു. ഒഴിഞ്ഞു കിടന്ന മറ്റൊരു സീറ്റില്‍ ഞാനിരുന്നു.

കായംകുളത്തുനിന്നും ബസ്‌ പുറപ്പെട്ടപ്പോള്‍ സമയം എട്ടാകാറായി. യാത്ര പുറപ്പെട്ടുകഴിഞ്ഞാണ്‌ സംഗതികളുടെ യഥാര്‍ത്ഥചിത്രം എനിക്കു കിട്ടുന്നത്‌. വോള്‍വോയുടെ എ.സി. കേടായി. കൊല്ലത്തുവന്ന്‌ നന്നാക്കാന്‍ ശ്രമിച്കെന്നോ ഇല്ലെന്നോ... അവസാനം യാത്രക്കാരെല്ലാംകൂടി ബഹളംവെച്ചും അധികാരികളെ അലോസരപ്പെടുത്തിയും തിരുവനന്തപുരത്തുനിന്നും പകരം ഇപ്പോ വന്ന സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ വരുത്തുകയയിരുന്നു. ഞായറാഴ്‌ചയായതുകൊണ്ട്‌ വണ്ടി മുക്കാലും നിറഞ്ഞിരുന്നു. ഹരിപ്പാട്‌, ആലപ്പുഴ, വൈറ്റില, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നും ആള്‍ക്കാര്‍ കയറാനുമുണ്ടാവും.

അതിനിടെ കണ്ടക്‌ടര്‍ പറഞ്ഞു, ഈ ബസ്സിന്‌ ഇന്റര്‍സ്റ്റേറ്റ്‌ പെര്‍മിറ്റില്ല. അതിനാല്‍ തൃശൂര്‍ വരെ ഈ ബസ്സിലും തുടര്‍ന്ന് ബാംഗ്ലൂരിന്‌ വേറൊരു സൂപ്പര്‍ എക്‌സ്‌പ്രസ്സ്‌ ബസ്സിലും യാത്ര തുടരാം എന്നുമറിയിച്ചു.

ടിക്കറ്റിന്റെ കാര്യത്തിലാണ്‌ അടുത്ത കണ്‍ഫ്യൂഷന്‍. മിക്കവരും ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്‌തവരാണ്‌. (ഇനി വേറെ ടിക്കറ്റെടുക്കേണ്ടിവന്നാല്‍ എന്റെ കയ്യിലുള്ള പണം തികയുമെന്നും തോന്നുന്നില്ല. എ.ടി.എം.ഇല്‍ വണ്ടി നിര്‍ത്തിച്ചു കാശെടുക്കേണ്ടതായി വരും. അതു നമുക്കു പുതുമയുള്ള കാര്യവുമല്ലല്ലോ.) കണ്ടക്‌ടര്‍ അതിനും മാര്‍ഗ്ഗമുണ്ടാക്കി. കൊല്ലം മുതല്‍ ബാംഗ്ലൂര്‍ വരെയുള്ള ദൂരത്തിനു സൂപ്പര്‍ എക്സ്പ്രസ്സ്‌ നിരക്കില്‍ യാത്രക്കൂലി ഈടാക്കിയശേഷം മിച്ചമുള്ള തുക മടക്കിത്തരും. ന്ന്വച്ചാ, കാശിങ്ങോട്ടു കിട്ടും ന്ന്‌. അതു കൊള്ളാം, അല്ലേ? അതിനു കണ്ടക്‌ടര്‍ക്കല്‍പം പണിയുണ്ടായിരുന്നു. ഈ ബസ്‌ തൃശൂരില്‍ ഏല്‍പ്പിക്കണം, ഞങ്ങളുടെ യാത്രക്കൂലി കഴിഞ്ഞുള്ള മിച്ചം തുക തിരികെത്തരാന്‍ കണക്കുകൊടുത്ത്‌ ഡിപ്പോയില്‍നിന്നു കാശുവാങ്ങണം. എ.സി. വോള്‍വോയുടെ ആഡംബരയാത്ര പ്രതീക്ഷിച്ചു വന്നിട്ട്‌ ഇപ്പോ ഒരു സാദാ സൂപ്പര്‍ ഫാസ്റ്റില്‍ പോകുന്നപോലത്തെ അവസ്ഥയായി. ഇപ്പോ യാത്ര പുറപ്പെട്ടതേയുള്ളൂ എന്ന വിവരം വീട്ടില്‍ വിളിച്ചറിയിച്ചു. ഒപ്പം നാളെ താമസിച്ചേ ബാംഗ്ലൂര്‍ ചെല്ലാന്‍ പറ്റൂ എന്ന ആശങ്കയും അറിയിച്ചു. ചങ്ങനാശ്ശേരിയില്‍ ട്രെയിന്‍ കാത്തു നിന്നപ്പോള്‍ എനിക്കുണ്ടായ വെപ്രാളവും, കായംകുളത്ത്‌ ഇറങ്ങി വീട്ടിലേക്കു പാഞ്ഞ്‌, ഒന്നു രണ്ടു മിനിറ്റിനുള്ളില്‍ തയ്യാറായി, മോള്‍ടെ ഒരുമ്മയും വാങ്ങി, നടന്നായാലും അഞ്ചേമുക്കാല്‍ കഴിയുമ്പോഴേക്കും ടൗണിലെത്തും എന്നുറപ്പിച്ചുള്ള വരവും ഒക്കെ എന്തിനായിരുന്നു? ഒക്കെയൊന്നോര്‍ത്തപ്പോള്‍ ഭൂതകാലം നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നതെങ്ങനെയാണെന്ന് ഒന്നുകൂടിയറിഞ്ഞു.

ബസ്‌ ആലപ്പുഴ കഴിഞ്ഞു. രണ്ടുമൂന്നു പേര്‍ അവിടെനിന്നു കയറാനുണ്ട്‌. അവരെയും കയറ്റി വണ്ടി പറപറന്നു. എന്തു പ്രയോജനം? ഇത്രയും വൈകിയ സ്ഥിതിക്ക്‌ ഒരു ലെയ്‌ലാന്‍ഡ്‌ ബസ്സിന്റെ നിലവാരം വെച്ച്‌ എത്ര പറന്നിട്ടും കാര്യമില്ല. വൈറ്റില കഴിഞ്ഞപ്പോള്‍ മുന്‍വശത്തെ വാതിലിന്റെ പിന്നിലെ സീറ്റില്‍ ചെമന്ന ടീഷര്‍ട്ടിട്ട ഒരാളെ കണ്ടു. ഇതവനാണോ? ആര്‌? മഹേഷ്‌ ഗോപന്‍. ചങ്ങനാശ്ശേരിക്കാരന്‍. ഗരുഡ ബസ്സിലെ പതിവു യാത്രക്കാരന്‍. ആലപ്പുഴ വഴിയാണ്‌ ഇഷ്‌ടന്റെ യാത്ര. തുടരെയുള്ള ബസുയാത്രകള്‍ എനിക്കു തന്ന ഒരു കൂട്ടുകാരന്‍. അതിന്റെ ഫ്ലാഷ്‌ ബാക്കിലേക്ക്‌.

ബാംഗ്ലൂര്‍ ഇലക്‌ട്രോണിക്‌ സിറ്റി ബോര്‍ഡിംഗ്‌ പോയിന്റാക്കി ഈ ഗരുഡയില്‍ ടിക്കറ്റു ബുക്കു ചെയ്‌തവര്‍ക്ക്‌ അറിയാമായിരിക്കും, സില്‍ക്‌ ബോര്‍ഡില്‍ നിന്നും ഇലക്‌ട്രോണിക്‌ സിറ്റിയിലേക്കുള്ള ഫ്ലൈ ഓവര്‍ വഴിയാണ്‌ അതു മിക്കവാറും സഞ്ചരിക്കുന്നത്‌. അതിനാല്‍ ഈ ബോര്‍ഡിംഗ്‌ പോയിന്റ്‌ വച്ചവരോട്‌ ടോള്‍ ഗേറ്റിനു സമീപം വന്നു നില്‍ക്കാന്‍ അവര്‍ ആവശ്യപ്പെടാറു പതിവാണ്‌. അന്നൊരിക്കല്‍ ഇലക്‌ട്രോണിക്‌ സിറ്റിയില്‍ നിന്ന ആരെയോ കണ്ടക്‌ടര്‍ കാലേകൂട്ടി അറിയിച്ചിട്ടും ബസ്‌ വന്ന നേരത്ത്‌ ആളെ കാണാഞ്ഞു വീണ്ടും വിളിക്കുകയും തുടര്‍ന്നു ബസ്‌ അവിടെ നിര്‍ത്തിയിട്ടിട്ട്‌ ടിയാനെ കാത്തിരിക്കുകയുമാണ്‌. ജീവനക്കാര്‍ക്കൊപ്പം ചില യാത്രക്കാരും പുറത്തിറങ്ങിയതു കൊണ്ട്‌ ഞാനും ഇറങ്ങി നില്‍പാണ്‌. അപ്പോഴാണ്‌ ഒരാളെ അവിടെ ശ്രദ്ധിച്ചത്‌. മുന്‍പും ഇതേ ബസ്സിലെ യാത്രക്കാരനായി അയാളെ ഞാന്‍ കണ്ടിട്ടുണ്ട്‌. പൊടിക്കു വണ്ണമുള്ള, നെറ്റി ഉച്ചിയിലേക്കു കയ്യേറ്റം നടത്തിത്തുടങ്ങിയ ഒരു ഐ.ടി.ജീവനക്കാരനെന്നു പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന, ചെമന്ന ടീഷര്‍ട്ടിട്ട വെളുത്ത ഒരാള്‍. ടോള്‍ ഗേറ്റെന്നു സ്ഥലമൊക്കെ പ്രത്യേകം പറഞ്ഞുകൊടുത്തിട്ടും വരേണ്ട സമയത്തിനു ശേഷവും ആളെകാണാഞ്ഞു വീണ്ടും കണ്ട്രാവി വിളിച്ചു. അഞ്ചിമിനിറ്റു നടക്കാനുള്ള ദൂരമേ ഉള്ളെങ്കിലും പെട്ടെന്നങ്ങെത്താന്‍ ഒരു ഓട്ടോ പിടിക്കാന്‍ നിന്നതാണ്‌ ആ വരവ്‌ ഇത്ര വൈകിക്കുന്നത്‌. ഒടുക്കം ഒരോട്ടോയില്‍ റോഡിനപ്പുറം വന്നിറങ്ങിയ ഒരാള്‍ ഭാരമുള്ള ബാഗും തൂക്കിപ്പിടിച്ച്‌ 'എന്നെക്കൂടി കൊണ്ടുപോണേ' എന്ന ദൈന്യഭാവത്തില്‍ അങ്ങോട്ടുവരുന്നതു കണ്ട്‌, സൂപ്പര്‍ സ്റ്റാര്‍ സിനിമയില്‍ നായകന്റെ ഇന്റ്രൊഡക്‌ഷന്‍ കാത്തിരുന്ന പ്രേക്ഷകരുടെ സന്തോഷമായിരുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും. 'ഇതു തന്നെ കക്ഷി' എന്നുറപ്പിച്ച്‌ അവിടെ വീണ കമന്റിനു പിന്നാലെ ഉയര്‍ന്ന ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു. അക്ഷമരായി കാത്തിരുന്ന ബസ്‌ ജീവനക്കാര്‍ക്കു പക്ഷേ ദേഷ്യം കാണാനില്ലായിരുന്നു. ഫ്ലൈ ഓവര്‍ വഴി വന്നപ്പോള്‍ ലാഭിച്ച സമയവും കാത്തു നില്‍പ്പില്‍ നഷ്‌ടപ്പെട്ടതിലെ നിരാശയും ഗതികേടും കണ്ടക്‌ടര്‍ തമാശരൂപേണ പറഞ്ഞപ്പോള്‍ ഞാനും ഏറ്റുപിടിച്ചു. പെട്ടെന്നു രൂപപ്പെട്ട ആ അയഞ്ഞ അന്തരീക്ഷത്തില്‍ ചെമന്ന ടീഷര്‍ട്ടിട്ട അയാളെ പരിചയപ്പെട്ടു. പരസ്പരം കൈ കൊടുത്തു, മഹേഷ്‌ എന്നാണയാളുടെ പേര്‌. ഞങ്ങള്‍ നില്‍ക്കുന്നതിനു തൊട്ടെതിര്‍വശത്തുള്ള എച്ച്‌.സി.എല്‍. എന്ന സ്ഥാപനത്തിലാണു ജോലി. ഞങ്ങള്‍ക്കിടയില്‍ ഒരു പരിചയം ഉടലെടുക്കുന്നത്‌ അന്നാണ്‌. പതിവുള്ള യാത്രകളെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഒരു കാര്യം കൂടി വെളിപ്പെട്ടു, മഹേഷിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്‌. ഈ വസ്‌തുത വെച്ചു പറഞ്ഞാല്‍ ഇതു നടന്നത്‌ 2011 ആഗസ്റ്റ്‌ മാസം ആദ്യമോ അതിനു മുന്‍പോ ആയിരുന്നു.

പിന്നെയൊരിക്കല്‍ തിരികെ ബാംഗ്ലൂരിനുള്ള വരവില്‍, കറുകുറ്റിയിലെ ഭക്ഷണശാലയ്‌ക്കല്‍ ബസ്സു നിര്‍ത്തിയപ്പോള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോറ്‌ ഒരുവറ്റു വിടാതെ വിഴുങ്ങിയ ശേഷം 'പരിസരവീക്ഷണം' നടത്തി നില്‍ക്കുന്ന വേളയില്‍ പഴയ ആ ചെമപ്പു ടീഷര്‍ട്ടുകാരനെ കാണ്ടു. നേരേ കേറി ഹെഡ്‌ ചെയ്‌തു, "മഹേഷ്‌ അല്ലേ?"

മൂപ്പരു ഞെട്ടിപ്പോയി. "ഓര്‍ക്കുന്നുണ്ടോ? ഇലക്ട്രോണിക്‌ സിറ്റി... കെ.എസ്‌.ആര്‍.ടി.സി. ??" ഞാന്‍ വീണ്ടും ചോദിച്ചു. അപ്പോള്‍ പുള്ളിക്കു കത്തി.

"ഓ! രാ.. രാജ്‌മോന്‍!" വണ്ടറടിച്ചു പോയി. ഒന്ന്‌, പെട്ടെന്നു പരിചയപ്പെടുന്ന ഒരാളുടെ മുഖം മിക്കവാറും ഓര്‍ത്തിരിക്കുമെങ്കിലും പേരു ഞാന്‍ പെട്ടെന്നങ്ങു മറക്കും. ഇവിടെ അങ്ങനെ ഒരു പ്രശ്‌നമേ ഉണ്ടായില്ല. മാത്രവുമല്ല, പുള്ളിയാകട്ടെ എന്റെ പേരും മറന്നിട്ടില്ല. ഞങ്ങളുടെ പരിചയപ്പെടല്‍ കഴിഞ്ഞിട്ട്‌ അപ്പോള്‍ ഏതാനും മാസങ്ങള്‍ കടന്നിരുന്നു. അയാളുടെ ഭാര്യയ്‌ക്കും എന്റേതു പോലെ നാട്ടിലാണു ജോലി! അന്നും മൂപ്പര്‌ വോള്‍വോയുടെ ആദ്യ നിരയിലാണ്‌ ഇരിപ്പ്‌. കാല്‍ നീട്ടിവെയ്‌ക്കാനുള്ള സൗകര്യത്തിനാണെന്ന ഗുട്ടന്‍സും പുള്ളി പറഞ്ഞു. അതിനൊപ്പം ബസുകാരുമായുണ്ടായ സൗഹൃദത്തെക്കുറിച്ചും. ആ യാത്ര അങ്ങനെ തുടര്‍ന്നു, പിറ്റേന്ന് ഞങ്ങള്‍ ഇരുവരും ഇ-സിറ്റിയില്‍ ഇറങ്ങി യാത്ര പറഞ്ഞു പിരിഞ്ഞു.

തിരികെ 'വൈകിവന്ന വണ്ടി'യിലേക്ക്‌. ഒന്നു നോക്കിക്കളയാം എന്നുറച്ച്‌ ചെന്നു നോക്കുമ്പോളുണ്ട്‌ മഹേഷ്‌ തന്നെ. പിന്നെ മൂപ്പര്‍ക്കൊപ്പം, അന്നത്തെ കാത്തു നില്‍പ്പിന്റെ പരിവേദനങ്ങളും പകലത്തെ തിരക്കിന്റെയും ഓട്ടത്തിന്റെയും കഥകളും പങ്കുവെച്ചിരുന്നു. അന്നാണു ഞങ്ങള്‍ ഫോണ്‍ നമ്പര്‍ കൈമാറുന്നത്‌. പൊതുവില്‍ പറയാനും പങ്കുവെയ്‌ക്കാനുമായി ഒരുപാടു വിഷയങ്ങള്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍, റോഡ്‌, ട്രാഫിക്‌, ബാംഗ്ലൂര്‍ യാത്രകള്‍, സിനിമ, ബാംഗ്ലൂര്‍ ജീവിതം, വിവാഹചരിത്രം(എങ്ങനെ ചെന്നുചാടി എന്നതുതന്നെ!). മഹേഷിനു ഹൈറേഞ്ചില്‍ നിന്നു കിട്ടിയ ആദ്യ സുഹൃത്തായി ഞാന്‍. ഒരുപാടു കൂടിക്കാഴ്‌ചകളൊന്നുമില്ലെങ്കിലും ആ സൗഹൃദത്തെക്കുറിച്ച്‌ പിന്നീടൊരിക്കല്‍ വിശദമായി എഴുതാന്‍ ശ്രമിക്കാം. എന്തായാലും അന്നത്തെയാ വിരസമായ യാത്രയില്‍ വീണുകിട്ടിയ പിടിവള്ളിയായിരുന്നു മഹേഷ്‌ എന്നു പറയേണ്ടതില്ലല്ലോ!

കറുകുറ്റിയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്താറുള്ളതാണ്‌. നേരം വൈകിയിട്ടോ, അതോ ഇന്നിനി അത്താഴമില്ല എന്നുറപ്പിച്ചിട്ടോ എന്തോ, വണ്ടി നില്‍ക്കാതെയങ്ങു പോയി. ബാഗിനകത്തു ചോറുണ്ട്‌, ചോറുണ്ട്‌ എന്ന്‌ വയറെന്നെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പതിനൊന്നാകാറായി തൃശൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍. മാത്രവുമല്ല ആ റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ തൃശൂര്‍ ടൗണില്‍ കയറിയാല്‍ കുറഞ്ഞത്‌ അര മണിക്കൂര്‍ നഷ്‌ടമാണ്‌. സാധാരണ വോള്‍വോ തൃശൂര്‍ സ്റ്റാന്‍ഡില്‍ കയറാറില്ല. ഇന്നതും സഹിച്ചേ പറ്റൂ. വണ്ടി മാറണമല്ലോ.

സ്റ്റാന്‍ഡില്‍ ബസ്‌ ഒതുക്കിയിട്ടു. 'എപ്പഴത്തേക്കെത്തും സാറേ?' നീരസം കലര്‍ന്ന ഒരു ചോദ്യം, ഏതോ യാത്രക്കാരന്റെ വക. അതേതരം വണ്ടി ഒരെണ്ണം അടുത്തു തന്നെ ആളില്ലാതെ കിടക്കുന്നുണ്ട്‌. കാര്യങ്ങള്‍ തീരുമാനമാകാന്‍ വൈകുമെന്നതിനാല്‍ ആ ഗ്യാപ്പില്‍ ഞാന്‍ ബസ്സിലിരുന്നു പൊതിച്ചോറു കഴിച്ചു. എന്തായാലും അന്നത്തെ മീന്‍ വറുത്തതിനു മുടിഞ്ഞരുചിയായിരുന്നു!

ശാപ്പാടുകഴിഞ്ഞ്‌ പണ്ട്‌ ഏത്തപ്പഴം റോസ്റ്റ്‌ വാങ്ങിയ കടയില്‍ കയറി കയ്യൊക്കെ കഴുകി, കംഫര്‍ട്ട്‌ സ്റ്റേഷന്‍ ഒന്നുപയോഗിച്ച്‌, തിരിച്ചു വന്ന്‌ പിന്നേം ഒരു പത്തു മിനിട്ട്‌ നിന്നപ്പോഴേക്കും കണ്ടക്‌ടര്‍ എത്തി. അടുത്തുകിടക്കുന്ന വണ്ടി തിരിക്കുന്നുണ്ട്‌, അതില്‍ കയറിക്കോളാന്‍ പറഞ്ഞു. എന്തായാലും അതില്‍ കയറിയപ്പോള്‍ എല്ലാവരും ബുക്കിങ്ങിന്‌ അനുസരിച്ചുള്ള സീറ്റിലിരുന്നു. സ്വാഭാവികമായും മഹേഷ്‌ മുന്‍നിരയിലും ഞാന്‍ എതാണ്ടു മധ്യഭാഗത്തായുള്ള എന്റെ സീറ്റിലും. ഇരുന്നു കഴിഞ്ഞപ്പോള്‍ എല്ലാം ഭദ്രമാണോ എന്നറിയാന്‍ മഹേഷിന്റെ ഒരു നോട്ടം എന്നെത്തേടി വന്നു.

മുന്നൂറ്റിചില്വാനം രൂപാ മടക്കിക്കിട്ടി. എയര്‍ സസ്‌പെന്‍ഷന്‍ എന്നു പുറത്ത്‌ എഴുതിവെച്ചിട്ടുണ്ടെങ്കിലും അത്രയ്‌ക്കങ്ങു പോരല്ലോ എന്നു തോന്നിപ്പിച്ചു, കുതിരാനിലെ കുഴികളിലൂടെ ബസ്‌ നീങ്ങുമ്പോള്‍. അതൊന്നും മോഹിക്കാന്‍ പാടില്ലാത്തതാണ്‌. ഒന്നാമത്‌, ഇന്നത്തെ അവസ്ഥ, പിന്നെ ബാംഗ്ലൂരു നിന്നും സാദാ പ്ലേറ്റിന്റെ സസ്‌പെന്‍ഷനുള്ള സൂപ്പര്‍ എക്‌സ്പ്രസ്സിന്‌ എറണാകുളത്തിനു പോകുന്നയാളല്ലേ ഞാന്‍. അലച്ചില്‍ മൂലമുള്ള ക്ഷീണം ആലത്തൂര്‍ വരെപ്പോലും ഉണര്‍ന്നിരിക്കാന്‍ എന്നെ അനുവദിച്ചില്ല. സമയം അപ്പോള്‍ പാതിരാവിന്‌ ഏതാനും മിനിറ്റുകള്‍ മാത്രമകലെ.

ഏതോ ഒരു ഹമ്പിലൂടെയുള്ള ബസ്സിന്റെ മൃദുലമായ കയറിയിറക്കമാണ്‌ എന്നെ ഉണര്‍ത്തിയത്‌. വെട്ടം വീണിരുന്നു. ഉറക്കച്ചടവുകാരണം സ്ഥലം പരിചയമായി വരാന്‍ അല്‍പം സമയമെടുത്തു, കൃഷ്‌ണഗിരി ടോള്‍ ഗേറ്റാണെന്നു കരുതി. ഉടനെ തന്നെ മനസ്സിലായി അല്ലായിരുന്നെന്ന്‌; തൊപ്പൂര്‍ ആയിരുന്നു. പിന്നെ, ഉറങ്ങാനൊത്തില്ല, എത്രയും വേഗം ബാംഗ്ലൂരെത്താനുള്ള ഒരു കാത്തിരിപ്പ്‌. ഭാഗ്യവശാല്‍ വണ്ടിക്ക്‌ സാമാന്യം വേഗമുണ്ട്‌. എന്നാലും പോരാ പോരെന്നു മനസ്സു പറയുന്നതു പോലെ. ഹൈവേയുടെ ഓരങ്ങളില്‍ രാവെളിച്ചത്തില്‍ മാത്രം കണ്ടിട്ടുള്ള പലതും അന്നൊരിക്കല്‍ കൂടി പകല്‍ വെളിച്ചത്തില്‍ കണ്ടു. പാടങ്ങളും തോപ്പുകളും ആ റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ പത്തിലൊന്നു വേഗമില്ലാത്ത അനേകം ഗ്രാമ്യജീവിതങ്ങളും.

എന്തുപറയാന്‍, ഒരുപ്രകാരത്തില്‍ രാവിലെ ഒന്‍പതരയായപ്പോള്‍ ഇങ്ങെത്തി. മഹേഷാണെങ്കില്‍ ഷിഫ്റ്റിനു കയറാനുള്ള സമയം ഒന്‍പതിനു കഴിഞ്ഞതിന്റെ അങ്കലാപ്പിലും സ്വതവേ താമസിച്ചുമാത്രം ഓഫീസിലെത്താറുള്ള ഞാന്‍ ഇന്നിനിയെന്താകുമെന്നു സങ്കല്‍പിക്കാനാവാതെയും ഇലക്‌ട്രോണിക്‌ സിറ്റിയില്‍ വണ്ടിയിറങ്ങി. 'നമുക്കെന്നാല്‍ ഇനിയും കാണാം' എന്നു വാക്കു നല്‍കിക്കൊണ്ട്‌ പിരിഞ്ഞു. ഓരോ യാത്രയും ചെന്നവസാനിക്കുന്നത്‌ മറ്റൊരു തുടക്കത്തിലാണെന്ന്‌ ഒരിക്കല്‍ക്കൂടി എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌!

(അവസാനിച്ചു.)

പിന്‍കുറിപ്പ്‌:
1) 2011 ഡിസംബര്‍ 24 ശനിയാഴ്ച. അവസാനം പറഞ്ഞ ആ ദിവസം അന്നായിരുന്നു. മഹേഷിനൊപ്പം ഒരു പകല്‍, ബാംഗ്ലൂരിന്റെ വീഥികളില്‍. യാത്ര പൊതു വാഹനത്തില്‍; ഇത്തവണ ബി.എം.ടി.സി. ആയിരുന്നെന്നു മാത്രം.
2) 2011 ഡിസംബര്‍ 12 തിങ്കളാഴ്ച ഓഫീസില്‍ വന്നപ്പോള്‍ 11:20. രാവിലത്തെ പത്രം വായന അങ്ങൊഴിവാക്കി. ചെന്നപാടെ കുളിച്ചൊരുങ്ങി ഇങ്ങുപോന്നു. ഓഫീസിലിരുന്നപ്പോള്‍ ദേഹമാകെ വേദന. തലേന്നത്തെ ഓട്ടത്തിന്റെ പലിശ!
3) അണിയറയിലപ്പോള്‍ അടുത്ത വാരാന്ത്യത്തില്‍ ഇതിലും വിശേഷപ്പെട്ട മറ്റൊരു യാത്രയ്‌ക്ക്‌ കളമൊരുങ്ങുകയായിരുന്നു. ഇന്നുവരെ നടത്തിയ യാത്രകളില്‍ നിന്നെല്ലാം വ്യത്യസ്‌തമായ ഒരു യാത്രാനുഭവം.