ഒരു യാത്രയും കുറെ സംഭവങ്ങളും : ഭാഗം അഞ്ച്
തൃശൂര്‍ ബസ്സ്റ്റാന്ഡില്‍ നിന്നും ഞാന്‍ കഴിച്ച ആ വെടിച്ചില്ലന്‍ ഏത്തപ്പഴം റോസ്റ്റിന്റെ സോഴ്സ് കോഡ് താഴെ പ്രസിദ്ധപ്പെടുത്തുന്നു...
വിളഞ്ഞു പഴുത്ത ഏത്തക്കായ് - അഞ്ച് എണ്ണം
മൈദ - 200 ഗ്രാം
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
പഞ്ചസാര - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - അര ലിറ്റര്‍
എള്ള് - അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍ (എള്ളും ജീരകവും ഇട്ടില്ലെങ്കിലും ആരും ഒരു കുറ്റോം പറയൂല)
അവല്‍ കുതിര്‍ത്തത് - ഒരു കപ്പ്
തേങ്ങ - കാല്‍ കപ്പ്
ശര്‍ക്കര ചീകിയത് - ഇല്ലോളം മതി (അഞ്ച് സ്പൂണ്‍ ഇരുന്നോട്ടെ, മിച്ചം വന്നാല്‍ തിന്നാം)
അവസാനം പറഞ്ഞ മൂന്ന് ഐറ്റംസും ആദ്യം തന്നെ നന്നായി മിക്സ് ചെയ്ത് കുട്ടികള്‍ക്ക് എത്താത്ത വിധം മൂടി വെയ്ക്കുക. ഇതിനെ നമ്മള്‍ 'മിഡില്‍ ടിയര്‍' എന്നു പറയും.
പിന്നീട് മാവു പഞ്ചാരയും, മഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്‍ത്തു നന്നായി ഇളക്കുക. തുടക്കത്തില്‍ കുഴഞ്ഞു വരാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടാവും. നിങ്ങള്‍ ഐ.ടി. രംഗത്തുള്ള ആളാണെങ്കില്‍ കഴിഞ്ഞ അപ്രൈസലില്‍ നല്ല റേറ്റിംഗ് തരാതെ പാരവെച്ച / എന്നും ദുര്‍മ്മുഖം കാട്ടുന്ന ഒരു സീനിയറിനെ സ്മരിക്കുന്നത് മാവു നന്നായി കുഴഞ്ഞു വരാന്‍ സഹായിക്കും. ഇടയ്ക്ക് എള്ളും ജീരകവും കൂടി ഇട്ടേക്കണം. അല്ലെങ്കില്‍ പിന്നെ അവറ്റകളുടെ കാര്യം ആരു നോക്കും? ഇത് അല്‍പം കുറുകി ഇരിക്കണം. ഇപ്പോള്‍ 'ഫ്രണ്ട് എന്‍ഡ്' പേസ്റ്റ് തയ്യാറായിക്കഴിഞ്ഞു.
ചീനച്ചട്ടി വിമ്മിട്ട് നന്നായി കഴുകി വൃത്തിയാക്കി അടുപ്പത്തു വെച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. ഇതാണ് ഡെവലപ്പ്മെന്റ് ഏരിയ. പെട്ടെന്നു വറ്റിപ്പോകുമെങ്കിലും വെളിച്ചെണ്ണയാണു ബെസ്റ്റ് - മണത്തിനും തനതു രുചിക്കും. ഇനിയിപ്പൊ നിങ്ങള്‍ക്കത്ര ഇന്‍ട്രസ്റ്റില്ലെങ്കില്‍ പാമോയിലോ സൂര്യകാന്തിയെണ്ണയോ ഒഴിക്കാം. പാമോയില്‍ ഒഴിക്കുന്നതിനു മുന്‍പ് 'ഓം കരുണാകരായ നമ' എന്ന മന്ത്രം മൂന്നു തവണ ഉരുവിടുക. പാമോയില്‍ കാരണം ഉണ്ടാവാന്‍ സാധ്യതയുള്ള പൊള്ളുന്ന അനുഭവങ്ങള്‍ മാറിപ്പോകാനും തൊലിക്കട്ടിക്കും അതു നല്ലതാണ്. പ്രത്യേകം ശ്രദ്ധിക്കുക, ഈ വിഭവത്തിനു 'ബായ്ക്ക് എന്‍ഡ്' എന്നൊരു കമ്പോണെന്റ് ഇല്ല.
എണ്ണ നല്ല 'ബളുബള' ശബ്ദത്തോടെ തിളച്ചുവരുമ്പോള്‍, പൊളിച്ചു വെച്ച ഏത്തപ്പഴം(പൊളിച്ചു വെക്കണമായിരുന്നു നേരത്തേതന്നെ, ഹല്ല പിന്നെ) ഒരെണ്ണം എടുത്ത് അതിന്റെ ഉള്ളില്‍ ഒരു സ്വര്‍ണ്ണ നാണയം ഉണ്ടെന്ന് സങ്കല്‍പ്പിച്ച് നെടുകെ കീറുക. ഈ രണ്ടു കഷണങ്ങളില്‍ ഒന്നിന്റെ പരന്ന ഭാഗത്ത് അവല്‍ മിശ്രിതം അഥവാ മിഡില്‍ ടിയര്‍ നിരപ്പായി കാലിഞ്ചു കട്ടിയില്‍ വിതറുക. എന്നിട്ട് മറ്റേ കഷണം അതിനു മുകളില്‍ ശ്രദ്ധാപൂര്‍വ്വം വെയ്ക്കുക. അവ രണ്ടും ചേര്‍ത്തു പിടിച്ച് ഫ്രണ്ട് എന്‍ഡ് മിശ്രിതത്തില്‍ മുക്കുക. പഴത്തിന്റെ എല്ലാ വശത്തും പേസ്റ്റ് നന്നായി പൊതിയത്തക്ക വിധം ഇതു ചെയ്യണം. എന്നിട്ട് ഡെവലപ്പറെ ഓണ്‍സൈറ്റിലേക്കു മാനേജര്‍ തള്ളി വിടുന്നതുപോലെ സാവധാനം തിളയ്കുന്ന എണ്ണയിലേക്ക് പകരുക. തല്‍സമയം കഷണങ്ങള്‍ വേര്‍പെട്ടാല്‍ തങ്കളുടെ പ്രൊജക്റ്റ് മാനേജ്‌മന്റ് മോശമായി എന്നര്‍ഥം, ആ റിസോഴ്സ് എന്നെന്നേക്കുമായി കോഡും അടിച്ചോണ്ട് പോയി എന്നു കരുതാം. ഇങ്ങനെ ഓരോന്നും പൊരിച്ചെടുക്കുക. പാകത്തില്‍ മൊരിയുമ്പോള്‍ കോരി വല്ല പേപ്പറിന്റേം പുറത്തിട്ട് എണ്ണ വാര്‍ന്നുപോകാന്‍ (ക്ഷമയുണ്ടെങ്കില്‍) വെയ്ക്കാം.
മിതമായി ആറുമ്പോള്‍ ഒരു പീസെടുത്ത് നടുവേ തുറന്നു നോക്കുക. വെന്ത പഴത്തിന്റെയും അവലിന്റെയും സമ്മിശ്രഗന്ധം വായില്‍ വെള്ളമൂറിക്കുന്നെങ്കില്‍ നിങ്ങള്‍ വിജയിച്ചിരിക്കുന്നു. ധൈര്യമായി തട്ടിക്കോളുക.
പിന്‍കുറിപ്പ്: ചൂടു നല്ലവണ്ണം ആറിയ ശേഷം മാത്രം തിന്നുക, അല്ലെങ്കില്‍ പിറ്റേദിവസം പല്ലുതേച്ചു കഴിയുമ്പോള്‍ അണ്ണാക്കിലെ തൊലി ഇളകി വരും.
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'