വെയില്‍, അലച്ചില്‍, സദ്യ - ക്ഷീണത്തിനു കാരണം വേറെ തപ്പണ്ട. തെങ്ങണ മഹാദേവക്ഷേത്രത്തിലെ നമസ്‌കാരമണ്ഡപത്തിന്റെ അരമതിലില്‍ ഞങ്ങളിരുന്നു. വീട്ടില്‍ നിന്നും അമ്മ മാത്രമേ വിവാഹത്തില്‍ സംബന്ധിച്ചുള്ളൂ. വീടുനോട്ടം ഇന്നത്തേക്ക് അച്ഛന്റെ തലയില്‍. പശു പ്രസവിച്ച കാര്യം മുന്‍പത്തെ ഒരു പരമ്പരയില്‍ സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുമല്ലോ. കറവയാണ് മുടക്കാന്‍ പറ്റാത്ത പ്രധാന ഇടപാട്. ആടും പശുവും ഒക്കെയുള്ളതിനാല്‍ എപ്പോഴും ആരെങ്കിലും വീട്ടില്‍ ഉണ്ടായേ പറ്റൂ. അന്‍വിക്കു കുറുക്കുണ്ടാക്കാന്‍ ഏത്തയ്‌ക്കാ ഉണക്കിയതു കൊണ്ടുവന്നിരുന്നു അമ്മ. ഒപ്പം കുരുമുളകും. വീട്ടിലെ വാഴകളെല്ലാം തീര്‍ന്നു. അതിനാല്‍ കാ കടയില്‍ നിന്നു വാങ്ങേണ്ടിവന്നു. മഴ കാരണം അരിഞ്ഞു വെയിലത്തിട്ട് ഉണക്കാന്‍ സാധിച്ചില്ല. പകരം ഏലക്കാ ഉണങ്ങുന്ന സ്റ്റോറില്‍ കൊടുത്ത് ഉണക്കിയെടുത്തു.
രണ്ടേകാല്‍ കഴിഞ്ഞപ്പോള്‍ കല്യാണപ്പാര്‍ട്ടി കട്ടപ്പനയ്‌ക്കു പുറപ്പെട്ടു. പുതിയ ബന്ധുക്കളില്‍ അറിയാവുന്നവരോടൊക്കെ യാത്രപറഞ്ഞ് ഞങ്ങളും കളം വിട്ടു. മൂന്നുമണിക്കു ചങ്ങനാശ്ശേരിയില്‍ നിന്നും കായംകുളത്തേക്ക് പരശുറാമിനു പോകാനാണു പ്ലാന്‍. രണ്ടരയോടെ അവിടെത്തി ടിക്കറ്റൊക്കെ എടുത്തു സ്വസ്ഥമായി നിന്നു. 'പ്രതീക്ഷാ നിലയ'ത്തില്‍ കയറി ഫാനിനു കീഴെ സ്വസ്ഥമായി ഇരുന്നു. മോള്‍ ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ രേവതി അവളെ പാലൂട്ടി. മണി മൂന്നായി, മൂന്നേകാലായി, മൂന്നരയായി.. വണ്ടി മാത്രം വന്നില്ല. ഒരു ഓര്‍ഡിനറി ബസ്സിനു പോയാലും പരമാവധി രണ്ടു മണിക്കൂര്‍ കൊണ്ട് എത്താമെന്നിരിക്കേ ഒരു മണിക്കൂറില്‍ത്താഴെ വേണ്ടുന്ന ട്രെയിന്‍ യാത്രയ്‌ക്ക് അത്ര തന്നെ നേരം കാത്തിരിക്കുന്നത് അസഹ്യമായിത്തോന്നി. എല്ലാം ട്രെയിന്‍ യാത്രയുടെ 'കംഫര്‍ട്ടിനു' വേണ്ടി. ഇനി ഒക്കെക്കഴിഞ്ഞ് കംഫര്‍ട്ടും മോഹിച്ചു ചെല്ലുമ്പോള്‍ രാവിലത്തെ അവസ്ഥയെങ്ങാനും ആണെങ്കില്‍... ഹോ അചിന്ത്യം.
ഏതു നേരത്താണാവോ ഇങ്ങനെയൊരു തോന്നലു തോന്നീത്. ഞാന്‍ സ്വയം പഴിച്ചു. മൂന്നിനു പുറപ്പെട്ട് നാലിനു മുന്നേ കായംകുളത്തെത്തി, വീടു പറ്റി, ഒന്നു റിലാക്‌സായിട്ടു വേണം വൈകിട്ട് അഞ്ചേമുക്കാലോടെ ബാംഗ്ലൂരിനു ബസ്സുകയറാന്‍. അപ്പോളാണ് മൂന്നിനു വരുമെന്നു പറഞ്ഞ ട്രെയിന്‍ മൂന്നേമുക്കാലായിട്ടും എന്നെയിങ്ങനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ആ കാത്തുനില്‍പ് കടന്നു പോകുന്ന ഓരോ മിനിറ്റിലും എന്നെ അസ്വസ്‌ഥനാക്കിക്കൊണ്ടിരുന്നു. രണ്ടര മുതല്‍ അഞ്ചേമുക്കാല്‍ വരെയുള്ള മൂന്നേകാല്‍ മണിക്കൂര്‍. അതില്‍ നിന്നും നല്ലൊരു ഭാഗം പാഴായിപ്പോകുന്നത് എന്നെ കുറച്ചൊന്നുമല്ല വിഷമത്തിലാഴ്‌ത്തിയത്. വണ്ടി വരുന്നില്ലല്ലോ, ബസ്സിനു പോകാമായിരുന്നു, മുക്കാല്‍ മണിക്കൂറായി, ഒരു മണിക്കൂറായി എന്നിങ്ങനെയുള്ള എന്റെ പിരിമുറുക്കം നിറഞ്ഞ വാക്കുകള്‍ രേവതിയെ അധികം സ്‌പര്‍ശിച്ചതായിത്തോന്നിയില്ല. ഉടന്‍ വണ്ടി വരുമെന്നു കേട്ടതോടെ അടുത്ത അങ്കലാപ്പു തലയില്‍ക്കേറി. രാവിലത്തെപ്പോലെ ഇതിലും തിരക്കാണെങ്കില്‍?
വണ്ടി വന്നു, ഭാഗ്യവശാല്‍ തിരക്കില്ല. സ്വസ്ഥമായി ഇരിക്കാന്‍ സീറ്റു കിട്ടി. മൂന്ന് അന്‍പത്തഞ്ചിനു വണ്ടി സ്റ്റേഷന്‍ വിട്ടു. അഞ്ചു മണിക്ക് കായംകുളത്തെത്തിയാലും പിന്നെയും ഒരോട്ടം നടത്തിയാലേ അഞ്ചേമുക്കാലിനു ബസ്സുപിടിക്കാന്‍ സാധിക്കൂ. തുടക്കത്തില്‍ തീവണ്ടിക്കു വേഗം പോരെന്നു തോന്നിയെങ്കിലും പിന്നെ ആ ധാരണ മാറി.
അന്‍വിക്ക് ചിണുക്കം. അടങ്ങിയിരിക്കാന്‍ വയ്യ. മൂന്നുപേര്‍ വീതം മുഖാമുഖം ഇരിക്കുന്ന സീറ്റുകളില്‍ ഞങ്ങള്‍ക്കെതിര്‍വശത്ത് ജനാലയ്‌ക്കരികിലായി മദ്ധ്യവയസ്സിനോടടുത്തു പ്രായമുള്ള ഒരാളും നടുവില്‍ തല നരച്ചു തുടങ്ങിയ ഒരു സ്ത്രീയും ഇങ്ങേയറ്റത്ത് വിദ്യാര്‍ഥിയെന്നു തോന്നിക്കുന്ന ഒരു പയ്യനുമാണ് ഇരുന്നത്. പാതിയുറക്കത്തില്‍ കുറെ നേരം അമ്മയുടെ മടിയിലും പിന്നെ എന്റെ മടിയിലും സീറ്റിലുമെല്ലാം അന്‍വി കിടന്നെങ്കിലും ആ വിശ്രമമമെല്ലാം അല്‍പനേരമേ നീണ്ടുള്ളൂ.
ഇടയ്‌ക്കു സീറ്റുകള്‍ക്കിടയില്‍ നിലത്തു നിര്‍ത്തിയപ്പോള്‍ മുന്നിലെ ആന്റിയുടെ പക്കലുണ്ടായിരുന്ന ഹാന്‍ഡ്‌ബാഗിന്റെ വള്ളിയിലും സിപ്പിലുമെല്ലാം തൊട്ടും പിടിച്ചും ഒപ്പം അവര്‍ക്കിതിഷ്‌ടപ്പെടുന്നുണ്ടോ എന്നറിയാനെന്നോണം അവരുടെ മുഖത്തേക്കു കൂടെക്കൂടെ നോക്കിയും സമയം പോക്കി. അതിനു ശേഷം ജനാലയ്‌ക്കല്‍ ഇരുന്ന ചേട്ടന്റെ നേരെ നീങ്ങി. ഒരു പൊലീസുദ്യോഗസ്ഥന്റെയോ മുരടനായ സര്‍ക്കാരുദ്യോഗസ്ഥന്റെയോ ഭാവമായിരുന്നു അയാള്‍ക്ക്. അന്‍വിയുടെ ശ്രദ്ധ ഉടക്കിയത് തടിച്ച വിരലുകളിലൊന്നില്‍ അയാളണിഞ്ഞിരുന്ന മോതിരത്തിലാണ്. മുഷ്‌ടി ചുരുട്ടി മോതിരം കാണാന്‍ പാകത്തില്‍ അയാള്‍ കൈ നീട്ടിപ്പിടിച്ചു. സാകൂതം അയാളുടെ വിരലുകള്‍ പരിശോധിക്കുകയായി അവള്‍; കൈ മലര്‍ത്തിവെച്ച് അയാളുടെ വിരലുകള്‍ ഒന്നൊന്നായി നിവര്‍ത്തിക്കൊണ്ട്. മോതിരവിരലിന്റെ കടഭാഗത്ത് ഉണ്ടായിരുന്ന കട്ടിത്തഴമ്പില്‍ അവള്‍ വിരലമര്‍ത്തി പരിശോധിച്ചു. അപ്പോഴയാള്‍ കൈ ചുരുട്ടിക്കളഞ്ഞു. അന്‍വിയാകട്ടെ ആദ്യം മുതല്‍ വിരലുകള്‍ ഒന്നൊന്നായി വിടര്‍ത്താന്‍ തുടങ്ങി. അഞ്ചാമതായി ചെറുവിരലും നിവര്‍ത്തിക്കഴിയുമ്പോഴേക്കും അയാള്‍ വീണ്ടും മുഷ്‌ടിചുരുട്ടി അവളെ നിരാശപ്പെടുത്തും. കുറെ പ്രാവശ്യം ഈ കളി തുടര്‍ന്നപ്പോള്‍ താല്‍പര്യം നശിച്ച് അവള്‍ വീണ്ടും ഞങ്ങളിലേക്കു തന്നെ തിരികെവന്നു. പരുക്കന്‍ ദേഹപ്രകൃതിയും ഭാവവുമുള്ള അയാള്‍ക്കുനേരെ ആ യാത്രയ്‌ക്കിടയില്‍ ഞാന്‍ ഒന്നു പുഞ്ചിരിച്ചുകൂടിയില്ല. എന്നാല്‍ സ്‌നേഹമുള്ള ഒരമ്മയെപ്പോലെ തോന്നിച്ച ആ ആന്റിക്കും എനിക്കും പരസ്പരം നോക്കിച്ചിരിക്കാവുന്ന ചെയ്‌തികളാണ് അവള്‍ ചെയ്‌തുകൊണ്ടിരുന്നതും. പുറമേയുള്ള പ്രകൃതം തന്ന ധാരണകൊണ്ട് ഒരു സഹയാത്രികനെ ഞാന്‍ അവഗണനയുടെ മൂലയ്‌ക്കു തള്ളിയപ്പോള്‍ എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞിന് 'ലുക്‌സ്' ഒരു പ്രശ്‌നമേ അല്ല. മുതിരുന്നു എന്നു നാം ഭാവിക്കുമ്പോള്‍ അതിനൊപ്പം പടച്ചുണ്ടാക്കുന്ന ചില വേലിക്കെട്ടുകളെക്കുറിച്ച് അന്‍വി അപ്പോഴെന്നെ ചിന്തിപ്പിച്ചു.
അഞ്ചുമണിക്ക് കായംകുളം സ്റ്റേഷനിലിറങ്ങി. സ്‌കൂട്ടര്‍ പാര്‍ക്കുചെയ്‌തിരിക്കുന്ന ഭാഗം ലക്ഷ്യമാക്കി നടക്കുമ്പോള്‍ പ്ലാറ്റ്‌ഫോമിന്റെ നീളം അസഹ്യമായിത്തോന്നി. അഞ്ചേകാല്‍ കഴിഞ്ഞപ്പോള്‍ വീടുപറ്റി. രാത്രിയിലുണ്ണാനുള്ള ചോറ് പൊതിഞ്ഞുവെയ്‌ക്കാന്‍ വിളിച്ചു പറഞ്ഞിരുന്നു. വേഗം ഡ്രസ്സുമാറി, ബാഗു തയ്യാറാക്കി പുറപ്പെടാനൊരുങ്ങി. ഭാര്യയുടെ സഹോദരി ഭര്‍തൃസമേതം വീട്ടിലുണ്ട്. മൂപ്പര്(സജി) നല്ല ഉറക്കം. രേവതിക്കാകട്ടെ കടുത്ത യാത്രാക്ഷീണം. നേരം വൈകിയവേളയാണെങ്കിലും ഹൈവേ വരെ എന്നെ കൊണ്ടുവിടാന്‍ ഇവരോടാരോടും ചോദിക്കാന്‍ എനിക്കു തോന്നിയില്ല.
നടക്കാം, ആഞ്ഞൊന്നു നടന്നാല്‍ എത്താവുന്നതേയുള്ളൂ. ഓട്ടോ വല്ലതും കിട്ടിയാല്‍ അതിനു പോകാം, അതല്ലെങ്കില്‍ വല്ല ബൈക്ക് യാത്രികരോടും ലിഫ്റ്റ് ചോദിക്കാം. ഇപ്പോള്‍ അഞ്ച് ഇരുപത്, നടന്നായാലും അഞ്ചുനാല്‍പതിനു ഹൈവേയിലെത്താം. പെട്ടെന്നു വണ്ടികിട്ടിയാല്‍ അഞ്ചു പത്തു മിനിറ്റിനകം സ്റ്റാന്‍ഡിലുമെത്താം. തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടിലോടുന്ന കേരളാ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഗരുഡ(വോള്‍വോ) ആണെന്റെ ലക്ഷ്യം. അതു സാധാരണഗതിയില്‍ ആറുമണിയാകുമ്പോഴാണ് കായംകുളം സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെടുക.
ആവശ്യപ്പെട്ടിറങ്ങിയാല്‍ ഒരു വണ്ടീം കാണാറില്ലെന്ന പതിവു ദുര്‍വ്വിധിയെ വെല്ലുവിളിച്ചു നടപ്പ് ഓവര്‍ഡ്രൈവിലേക്കു മാറ്റുന്ന നേരത്താണ് ഒരു ബൈക്ക് അരികില്‍ വന്നു നിന്നത്. 'നടന്നങ്ങു പോവാണോ' എന്ന ചോദ്യവുമായി സജി. ചാടിക്കയറി; പത്തു മിനിറ്റു കൊണ്ട് കായംകുളത്തെത്തി. ഒരു ചായയൊക്കെകുടിച്ച് ബസ്സുകാത്തു നിന്നു.
'ഏതു വണ്ടിയാ?'
'വോള്‍വോ. വെള്ള ബസ്.'
പഴനിക്കുള്ള സൂപ്പര്‍ എക്‌സ്‌പ്രസ് വരുന്നതു കണ്ടിട്ടാണു സജി അങ്ങനെ ചോദിച്ചത്. എന്റെ മറുപടികേട്ടപ്പോള്‍ 'ചെലപ്പോ അവന്മാരു വണ്ടി മാറ്റി വിടാറൊക്കെയുണ്ട്. കെ.എസ്.ആര്‍.ടി.സി.യുടെ കാര്യമാ. ഒന്നും പറയാന്‍ പറ്റില്ല.' എന്നു സജി കൂട്ടിച്ചേര്‍ത്തു.
കേരള വോള്‍വോയിലെ പതിവുകാരനായ എന്റെ അനുഭവത്തില്‍ അന്നുവരെ ഞാന്‍ നേരിട്ടിട്ടില്ലാത്തതും ഇത്രയേറെ മനുഷ്യപ്പറ്റുള്ള വണ്ടിക്കാരന്മാരെ അത്രയധികം കണ്ടിട്ടില്ലാത്തതിനാലും ആ പരാമര്‍ശം എന്നെ വല്ലാണ്ടാക്കി. അങ്ങനെയൊന്നും വരാറില്ലെന്നു പറഞ്ഞു ഞാനതിനു തടയിടുകയും ചെയ്‌തു. അല്‍പം കഴിഞ്ഞ് സജി പോയി. മണി ആറും ആറേകാലും കടന്നു. ബാംഗ്ലൂര്‍ യാത്രികര്‍ എന്ന മട്ടും ഭാവവും ഉള്ള ആരെയും അവിടെ കണ്ടതുമില്ല. ഇനി ഇന്നു നേരത്തെയെങ്ങാനും വണ്ടി കടന്നു പോയോ? ഉള്ളില്‍ ഒരാന്തലുയര്‍ന്നു. എന്തെങ്കിലും വ്യത്യാസമോ മറ്റോ ഷെഡ്യൂളിലുണ്ടായാല്‍ ടിക്കറ്റ് ബുക്കുചെയതയാളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന നമ്പരില്‍ ഇവര്‍ വിളിക്കുക പതിവാണ്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ അറിയാനായി ഉടന്‍ തന്നെ ഞാന്‍ ഫോണില്‍ കര്‍ണാടക സിം എടുത്തിട്ടു. കാത്തിരിപ്പു തുടരുന്നതല്ലാതെ വണ്ടി വരുന്നില്ല. ഓഫീസില്‍ ചോദിക്കാമെന്നു വച്ചു. അവിടെയാകട്ടെ, ഈ ബസ്സിന്റെ ടൈം കീപ്പുചെയ്യാറില്ല എന്ന മറുപടിയാണ് എനിക്കു കിട്ടിയത്. എന്നാലും ബസ്സില്‍ ഉണ്ടാകാറുള്ള ഫോണ്‍ നമ്പര്‍ കിട്ടി. ഉദ്വേഗപൂര്‍വ്വം അതില്‍ വിളിച്ചു, എവിടെയെത്തിയെന്നറിയാന്‍. നേരം ആറേമുക്കാലായപ്പോഴും 'വണ്ടി കൊല്ലത്താണ്, കായംകുളം സ്റ്റാന്‍ഡില്‍ തന്നെ നിന്നോളൂ' എന്നെനിക്കു മറുപടി കിട്ടി.
മമ്‌താ മോഹന്‍ദാസിന്റെ വിവാഹനിശ്ചയം കവര്‍ ചെയ്‌തിരിക്കുന്ന ചിത്രഭൂമി വാങ്ങി ഒന്നു മറിച്ചു നോക്കി അവിടിരുന്നു. ഒരുമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ 'BANGALORE' എന്നു മത്തങ്ങാമുഴുപ്പില്‍ ബോര്‍ഡുവെച്ച ഒരു സൂപ്പര്‍ എക്‌സ്‌പ്രസ്സ് ബസ് സ്റ്റാന്‍ഡിലേക്കു പ്രവേശിച്ചു. വോള്‍വോയില്‍ വെയ്‌ക്കാറുള്ള അതേ ബോര്‍ഡ്. ആരൊക്കെയോ ബസില്‍ നിന്നിറങ്ങുന്നു. അവരുടെ അടുത്തു ചെന്ന് 'ഇത് വോള്‍വോയ്‌ക്കു പകരം വന്ന ബസ്സാണോ' എന്നു ചോദിച്ചു. അതെയെന്ന മറുപടികേട്ടു ഞാന്‍ ഞെട്ടി. ഇപ്പോള്‍ത്തന്നെ രണ്ടുമണിക്കൂര്‍ വൈകി. ഇനി ഈ വണ്ടിയില്‍ നാളെ ബാംഗ്ലൂരെത്തുമ്പോള്‍ ഉച്ചയാകുമോ?
No comments:
Post a Comment
'അതേയ്... ഒരു വാക്കു പറഞ്ഞേച്ച്...'