Monday, November 28, 2011

ക്ഷേമാന്വേഷണം

"മാഷേ നിങ്ങള്‍ എവിടത്തുകാരനാ?" ഒന്നു നിര്‍ത്തിയിട്ട്‌, "... അല്ല, നേരത്തേ ചോദിച്ചിട്ടുണ്ടോ എന്നറിയില്ല, എന്നാലും?"

"പെരുമ്പാവൂര്‍."

"ആ, അപ്പോ നമ്മടെ അടുത്തൊക്കെ തന്നെ! ജയറാമിനെ ഒക്കെ അറിയുമോ? എന്നു വെച്ചാ നേരിട്ടു പരിചയം ഉണ്ടോ?"

"ജയറാമിനെ... നേരിട്ടു പരിചയം ഇല്ല. പുള്ളീടെ വീടു കണ്ടിട്ടുണ്ട്‌."

"ഓ, അതു ശരി."

"അനന്യയെ അറിയാം! പിന്നെ മിത്ര എന്റെ സിസ്‌റ്ററിന്റെ സ്‌കൂള്‍ മേറ്റ്‌ ആയിരുന്നു."

"ഓഹോ! അനന്യയും ആയി എങ്ങനെ?"

"അത്ര നല്ല റിലേഷന്‍ അല്ല!"

"ഒരുപാട്‌ അടുക്കാന്‍ പോകാത്തതാ നല്ലത്‌. ഞാന്‍ ഇവരൊക്കെയായി ഒരു ഡിസ്‌റ്റന്‍സ്‌ ഇട്ടു നിക്കുന്നത്‌ അതുകൊണ്ടാ!"

"സത്യം, പിന്നല്ലാതെ!"

"ഈ നയന്‍താരയുമായി ഫ്രണ്ട്ഷിപ്പിനു ഒരു പരിധി വെച്ചത്‌ ഇപ്പോ മറ്റേ ഇഷ്യു ഒക്കെ വന്നപ്പോള്‍ എത്ര നന്നായി എന്നു മനസ്സിലായി. അല്ലെങ്കില്‍ കാണുന്നോരെല്ലാം നമ്മളോട്‌ ചോദിക്കില്ലേ?"

"പിന്നല്ലാതെ.."

"വെറുതെ എന്തിനാ നമ്മള്‍ അവരുടെ പ്രൈവറ്റ്‌ ലൈഫിനെ കുറിച്ച്‌ അഭിപ്രായം പറയുന്നേ!"

"അനന്യ ഫീല്‍ഡില്‍ വരുന്നേനു മുന്നേ എന്റ്‌ ഫ്രണ്ടാരുന്നു."

"അതെയോ?"

"ഇപ്പോ വന്‍ ജാഡയാ. സിസ്‌റ്ററിന്റെ കല്യാണത്തിനൊക്കെ വന്നിട്ടുണ്ട്‌. ഇപ്പോ തീരെ ടച്ചില്ല."

"എന്നെ പിന്നെ മിക്കവരും വല്ലപ്പോഴുമൊക്കെ വിളിക്കും."

"അതു ശരി! ആരൊക്കെ?"

"ലാലൊന്നും ഇപ്പോ വിളിക്കില്ല. ചാക്കോച്ചന്‍, ജയസൂര്യ, സുരാജ്‌ ഒക്കെ ആഴ്‌ചയില്‍ ഒന്നെങ്കിലും വിളിക്കും. കല്‍പനച്ചേച്ചിയെ ഓണത്തിന്റെ സമയത്തു നേരിട്ടു കണ്ടിരുന്നു. അമ്പിളിച്ചേട്ടന്‍ ഇനി ആ വഴിക്കു വരുമ്പോള്‍ വീട്ടില്‍ കേറാമെന്നാ പറഞ്ഞേക്കുന്നേ. പുള്ളി പഴമ്പുരാണം പറയാന്‍ തുടങ്ങിയാല്‍ നമ്മളിരുന്നുപോകും കെട്ടോ!"

"തന്നേ?"

"ആന്നെന്നേ! എല്ലാരും ഒരുപാടു തിരക്കൊക്കെ ഉള്ളവരായതുകൊണ്ട്‌ ഞാന്‍ അങ്ങോട്ട്‌ കേറി വിളിക്കാനും മറ്റും പോകില്ല. എന്നാലെന്നാ, എല്ലാരും തന്നെ നല്ല സ്‌നേഹമുള്ള കൂട്ടത്തിലാ കേട്ടോ! നല്ല കെയര്‍ ആണ്‌! ആര്‌ എന്നു വിളിച്ചാലും ആദ്യം ചോദിക്കുന്നത്‌ ഒരേ കാര്യമാ.."

"അതെന്തോന്ന്‌?"

"അസുഖം ഒക്കെ ഇപ്പോള്‍ കുറവുണ്ടോന്ന്‌!"

2 comments:

  1. "ആ, അപ്പോ നമ്മടെ അടുത്തൊക്കെ തന്നെ! ജയറാമിനെ ഒക്കെ അറിയുമോ? എന്നു വെച്ചാ നേരിട്ടു പരിചയം ഉണ്ടോ?"

    "ജയറാമിനെ... നേരിട്ടു പരിചയം ഇല്ല. പുള്ളീടെ വീടു കണ്ടിട്ടുണ്ട്‌."

    ReplyDelete
  2. Sukhichilla.....
    Chirippikaan aayi ezhuthiya pole...

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'