ചിലരൊക്കെ പറഞ്ഞുതുടങ്ങി. ഇവനെന്നും ഈ കട്ടപ്പന യാത്രകളുടെ പുരാണം മാത്രമേ പറയാനുള്ളോ എന്ന്. എഴുതുന്ന എനിക്കു ബോറടിച്ചില്ലെങ്കിലും വായിക്കുന്നവര്‍ക്കു ബോറടിക്കുമെന്നു ചിന്തിക്കാമായിരുന്നില്ലേ? എന്നും തമിഴ്‌നാടുവഴി കട്ടപ്പനയ്‌ക്കൊരു പോക്ക്, വണ്ടിക്കൂലിയുടെ കണക്ക്, തണുപ്പ്, ചായകുടി, മൂത്രമൊഴിക്കല്‍, കപ്പ, മീന്‍ കറി, തീറ്റ, കുടി ഇതൊക്കെയല്ലാതെ ഒന്നുമില്ലേ രാജേ??
തെളിച്ച വഴിയേ അല്ലേ ഓടാന്‍ പറ്റൂ സുഹൃത്തേ!
ഒരു ഓഫ്‌ടോപിക്കില്‍ നമുക്ക് തുടങ്ങിയിട്ട് കഴിഞ്ഞ ഭാഗത്തു നിര്‍ത്തിയിടത്തേക്കു വരാം. ഒരു പെണ്ണിനോട് ഇഷ്‌ടം തോന്നിയാല്‍ ഒരാണിന്റെ മനസ്സാക്ഷിയുടെ പാതി പണയം വെച്ചെന്നാണ് അര്‍ഥം. അവളുടെ മുഖം മനസ്സിലുടക്കിയപ്പോളും അതു തന്നെയാണ് ഒരു പരിധി വരെയെങ്കിലും എനിക്കു സംഭവിച്ചത്. ആ പ്രസന്നമായ മുഖഭാവം, അതു ചൊരിയുന്ന ഒരു പോസിറ്റീവ് എനര്‍ജ്ജി ഒക്കെയാണ് എനിക്കു പിടിച്ചുപോയത്. എത്താന്‍ പറ്റാത്ത ഉയരങ്ങളില്‍ നിന്നെന്നെ അവള്‍ കൊതിപ്പിച്ചു. സല്‍മാന്‍ ഖാനും വിവേക് ഓബ്‌റോയിയും ഒക്കെ അവളുമായി കമ്പനി കൂടിയപ്പോഴും പരാതികളൊന്നുമില്ലാതെ ആ സൗന്ദര്യത്തെ മനസ്സാ ആരാധിച്ചു പോന്നതാണ്. പറഞ്ഞുവന്നത് ആരെപ്പറ്റിയാണെന്നു മനസ്സിലായല്ലോ? ഒക്കെക്കഴിഞ്ഞ് കൊച്ചു ബച്ചനെ കെട്ടിയപ്പോഴും 'അളിയാ എന്നാലും അവളങ്ങനെ ചെയ്‌തു കളഞ്ഞല്ലോ' എന്നൊന്നു പരിതപിച്ച് 'ഇനി ബസ്സു വരില്ല' എന്നുറപ്പിച്ചു യാത്ര മുടങ്ങിയ ആള്‍ തിരികെപ്പോണമാതിരി നമ്മളു സ്റ്റാന്‍ഡ് വിട്ടു. കുഴിച്ചുമൂടിയാലും ആ ഇഷ്‌ടത്തിന്റെ അല്‍പം പൊട്ടും പൊടിയും എവിടൊക്കെയോ കിടന്നിരിക്കണം. അവള്‍ അമ്മയാവാന്‍ പോകുന്നു എന്നറിഞ്ഞതും എല്ലാത്തിനും ഫുള്‍സ്റ്റോപ്പിട്ട് അതൊരു അടഞ്ഞ അധ്യായമായി, എനിക്കും എന്നെപ്പോലെ മറ്റു പലര്‍ക്കും. ഇനി അവളായി, അവള്‍ടെ പുള്ളാരായി, കുടുമ്മമായി! അല്ലാതെ 'ഇതൊരു വെല്യ വാര്‍ത്തയാക്കി ആഘോഷിക്കരുതെ'ന്ന് ബിഗ് ബി പറഞ്ഞതുകൊണ്ടൊന്നുമല്ല എനിക്ക് ആഷിന്റെ പ്രസവം ഒരു വിഷയമേ അല്ലാതെ പോയത് എന്നു മനസ്സിലായില്ലേ?
11/11/11 കടന്നു പോയിടത്താണല്ലോ നാം നിര്‍ത്തിയിരുന്നത്. പിറ്റേന്നു വൈകിട്ടാണ് അവള്‍ക്ക് എന്തെല്ലാമോ ഏനക്കേടുകള്‍ തുടങ്ങുന്നപോലെ തോന്നിയത്. ഉച്ചയുറക്കവും നേരംതെറ്റിയ ഊണും കഴിഞ്ഞുള്ള അങ്കലാപ്പ് ഒന്നു മാറാന്‍ ഞാന്‍ ഒരു കുളി പാസാക്കാന്‍ പോയി. ആറുമണിയായിക്കാണും. തിരികെ വന്നപ്പോള്‍ എതാണ്ട് ആറേകാല്‍. എല്ലാം അതിനോടകം നടന്നു കഴിഞ്ഞു. അതെ, വീട്ടിലെ പശു പ്രസവിച്ചു. ദിവസങ്ങള്‍ നീണ്ട കണ്‍ഫ്യൂഷനു വിരാമമിട്ടുകൊണ്ട് കൂടുതലും വെളുത്ത് ഇടയ്‌ക്കെല്ലാം കറുത്ത പാണ്ടുകളോടെയുള്ള ഒരു മൂരിക്കുട്ടന്‍ ഇതാ പിറന്നു വീണിരിക്കുന്നു!
പുതുലോകം കണ്ട അന്ധാളിപ്പില്‍ തല്‍ക്കാലം ഒന്നിനുമാകാതെ അവന്‍ ചാക്കുവിരിച്ച തറയില്‍ അങ്ങനെ കിടപ്പാണ്. അവന്റെ അമ്മ പ്രസവത്തിന്റെ ക്ഷീണമേതും കാട്ടാതെ അവനെ ആകെ നക്കിത്തുടയ്‌ക്കുന്നു. കന്നാലിക്കൂടിന്റെ വാതിലും ചാണകം തള്ളിവിടുന്ന പൊത്തുകളും പലകകൊണ്ട് അടച്ചു വെച്ചു. അല്‍പനേരം കഴിഞ്ഞപ്പോള്‍ അവന്‍ എഴുന്നേറ്റു നില്‍ക്കാനൊക്കെ ശ്രമം തുടങ്ങി. വഴുക്കലുള്ള തറയും ബലം വെയ്‌ക്കാത്ത കാലുകളിലെ ഉറപ്പില്ലാത്ത കുളമ്പുകളും കാരണം ഓരോ തവണയും അവന്‍ വഴുതി വീണുകൊണ്ടിരുന്നു. അവസാനം മടുത്ത് തണുപ്പുള്ള തറയില്‍ വിരിച്ച ചാക്കില്‍ത്തന്നെ ചുരുണ്ടുകൂടിക്കിടന്നു.
പിറ്റേന്ന് ഒരു ചേട്ടന്‍, രതീഷിന്റെ കല്യാണനിശ്ചയം ആണ്. അതിനായിരുന്നു ഈ വരവു തന്നെ. മുടി വെട്ടണമെന്ന് ഓര്‍ത്തത് അപ്പോഴാണ്. നാളെ രാവിലത്തേക്കു മാറ്റിവെയ്‌ക്കാന്‍ പറ്റില്ലെന്നതിനാല്‍ ഉടന്‍ തന്നെ കൊച്ചുതോവാളയ്‌ക്കു പുറപ്പെട്ടു. വിനോദിന്റെ ബാര്‍ബര്‍ ഷോപ്പില്‍ നല്ല തിരക്കായിരുന്നു ശനിയാഴ്ചയായിട്ട്. ഒന്നു വായിച്ചതാണെങ്കിലും പത്രം ഒരിക്കല്‍കൂടി വിശദമായ വായനയ്‌ക്കെടുത്തു. നാലഞ്ചു പേര്‍ എനിക്കുമുന്നേ ഊഴം കാത്തിരിപ്പുണ്ടായിരുന്നു. ചില ടിപ്പിക്കല്‍ ബാര്‍ബര്‍ ഷോപ്പ് വര്‍ത്തമാനങ്ങളില്‍ ഞാനും പങ്കുകൊണ്ടു. മുപ്പത്തഞ്ച്ചു രൂപയുടെ സര്‍വ്വീസിന് എന്നോടു മുപ്പതു രൂപ മാത്രം വാങ്ങുന്നതു സ്നേഹം കൊണ്ടാവാം, അല്ലെങ്കില്‍ എന്റെ കേശസമ്പത്തില്‍ ബാര്‍ബര്‍ക്കുള്ള മതിപ്പു കൊണ്ടാവാം! ഉവ്വ! പണി എളുപ്പമാണെങ്കില്‍ കൂലി ഇളവുചെയ്യുന്നതിലെന്താ തെറ്റ്?
തിരികെയെത്തുമ്പോള്‍ മണി എട്ടാകാറായിരുന്നു. മൂരിക്കുട്ടന്‍ അപ്പോഴും എഴുന്നേല്‍ക്കാനുള്ള തത്രപ്പാടിലാണ്. പക്ഷേ നോ രക്ഷ! കൊതുകുശല്യം കുറയ്‌ക്കാന്‍ ചകിരിത്തൊണ്ടും ചിന്തേരുപൊടിയുമൊക്കെ ഒരു പഴയ അലുമിനിയം ബക്കറ്റില്‍ ഇട്ടു പുകച്ചു. തൊഴുത്തിലെ ലൈറ്റ് ആ രാത്രി കെടാതെ നിന്നു.
രാത്രി കുറെ ഏലക്ക തരം തിരിക്കാനുണ്ടായിരുന്നു. പൊടിക്കായൊക്കെ വേര്‍തിരിച്ച് കേടുള്ളതും നിറമില്ലാത്തുമൊക്കെ മാറ്റി വലുപ്പമുള്ളതും നല്ല പച്ച നിറത്തോടുകൂടിയതുമായ കായ്‌ക്കാണു മുന്തിയ വില കിട്ടുക. എങ്കിലും പത്രത്തില്‍ കൂടിയ വില എന്നു കാണുന്ന വിലയില്‍ നിന്നും കിലോയ്‌ക്ക് പത്തോ ഇരുപതോ ഒക്കെ കുറവേ കര്‍ഷകനു ലഭിക്കാറുള്ളൂ. നമ്മുടെ അപ്രൈസലിന്റെ കാര്യം പറഞ്ഞതു പോലെ ആണ്. വില്‍ക്കാന്‍ കൊണ്ടുചെല്ലുന്നത് അപ്രൈസല്‍ മീറ്റിംഗ് ആണെന്നു സങ്കല്‍പ്പിക്കുക. എത്ര നല്ല കായാണെങ്കിലും എന്തെങ്കിലും ഒക്കെ കുറ്റം കണ്ടുപിടിക്കാന്‍ നോക്കും മിക്കകടക്കാരും. ഒന്നോ രണ്ടോ ചൊറിപിടിച്ച കായെങ്ങാനും കണ്ടാല്‍ വില ഒരു ലെവല്‍ താഴുമെന്ന് ഉറപ്പാണ്. അപ്പോള്‍ പിന്നെ അതിനിടവരുത്താതിരിക്കാന്‍ ശ്രമിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അന്നത്തെ ഉയര്‍ന്ന വിലയായ കിലോയ്‌ക്ക് 600 രൂപയോളം തന്നെ ഈ കായ്‌ക്കും കിട്ടുമെന്നാണു പ്രതീക്ഷ. പേറ്റലും പെറുക്കലും കഴിഞ്ഞ് ആ പ്രതീക്ഷകളെയെല്ലാം ഈര്‍പ്പം തട്ടാത്ത ചാക്കുകളില്‍ ഭദ്രമായി ഞങ്ങള്‍ കെട്ടിവെച്ചു. നാളെ ധരിക്കാനുള്ള ഷര്‍ട്ടും മുണ്ടും തേച്ചിട്ടിട്ട് കാലേകൂട്ടി നിശ്ചയത്തിനു പോകണമെന്നെല്ലാം കണക്കുകൂട്ടി കിടക്കുമ്പോള്‍ നേരം പതിനൊന്നര കഴിഞ്ഞിരുന്നു.
പിറ്റേന്നു രാവിലെ മുതല്‍ തിരക്ക്. കല്യാണനിശ്ചയമൊക്കെ ഭംഗിയായി നടന്നു. ചെറുക്കനും പെണ്ണും ഇല്ലാതെ വരന്റെ വീട്ടിലായിരുന്നു ചടങ്ങ്. മണവാളന്‍ കുവൈറ്റില്‍ നിന്നും ഇടയ്‌ക്കിടെ ഫോണില്‍ വിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. അപ്പോഴെല്ലാം എത്രയും വേഗം ഫോട്ടോയൊക്കെ മെയില്‍ ചെയ്യണമെന്ന് എന്നെ ഓര്‍മ്മിപ്പിക്കാനും മറന്നില്ല. വിളമ്പലും, കലവറയില്‍ നിന്നു സാധനങ്ങള്‍ എടുക്കലും, ആള്‍ക്കാരെ പരിചയപ്പെടലും, ,ഉന്‍പ് കണ്ടിട്ടുള്ളവരുമായി പരിചയം പുതുക്കലും ഒക്കെയായി ആകെ ജകപൊകയായിരുന്നു.
തിരികെ വീട്ടിലേക്കു പോകുമ്പോള്‍ കട്ടപ്പനയില്‍ വെച്ച് പ്രിയ സുഹൃത്ത് ഷിജുമോനെ കണ്ടു.
ഇദ്ദേഹം കഥകളുടെ ഒരു കലവറയാണ്. കഥകള്‍ അവതരിപ്പിക്കാന്‍ ഞാന്‍ മിടുക്കനാണെന്നറിഞ്ഞ് ഒരുപാടു പ്രോത്സാഹനം നല്‍കുന്ന ഇവ്വന്‍ പക്ഷേ ഇന്നുവരെ ഞാനെഴുതിയ ഒരു ബ്ലോഗ്‌പോസ്റ്റ് വായിച്ചിട്ടില്ലെന്നത് കൌതുകമായിരിക്കും. പക്ഷേ ഇവന്‍ നല്‍കുന്ന പിന്തുണ എന്നും എന്റെയൊപ്പമുണ്ട്, ഒരു പാര്‍ക്കര്‍ പേനയുടെ രൂപത്തില്‍. എല്ലാത്തവണയും ഇവനിലേക്ക് എന്റെ പോസ്റ്റുകള്‍ എത്തിക്കണമെന്ന് ആഗ്രഹിക്കുമെങ്കിലും സമയമാകുമ്പോള്‍ നടക്കില്ല. ആശാന്‍ നല്ല ഒരു ഗായകനാണെന്നും അറിയുക. ഷിജുവിന്റെ കഥകള്‍ എന്ന ലേബലില്‍ ചിലതു(ചിലതുമാത്രം!) പിന്നീടു പോസ്റ്റുചെയ്യാം.
നേരം നാലിനോടടുക്കുന്നു. നാലരയ്‌ക്കാണു കല്ലട പുറപ്പെടുന്നത്. തിടുക്കത്തില്‍ ഓട്ടോവിളിച്ച് കൊച്ചുതോവാളയിലെത്തി, നടക്കുകയുമല്ല ഓടുകയുമല്ല എന്നെ പരുവത്തില്‍ വീട്ടിലും. അപ്പോഴേക്കും നേരം നാലേകാലയി. കല്ലട ഓഫീസില്‍ നിന്നു അതിനോടകം തന്നെ വിളി വന്നിരുന്നു. തിരികെ വിളിച്ച് നാലരയ്‌ക്കു തന്നെയാണല്ലോ ബസ്സു പോകുന്നതെന്നുറപ്പുവരുത്തി. ആളു വരുന്നുണ്ടെന്നു പറഞ്ഞാല്‍ അവര്‍ അല്‍പമൊക്കെ കാത്തു നിന്നോളും! ഉടുമുണ്ട് ഊരിയെറിഞ്ഞ് പഠേന്നു ജീന്‍സ് ധരിച്ചു. രാത്രിയില്‍ കഴിക്കാനുള്ള ചോറും വെള്ളവും ബാഗിലുണ്ട്. പിന്നെ ഒരുപൊതി ഏലക്കായും കുറച്ചു കാപ്പിപ്പൊടിയും. വേണ്ടുന്ന ഡ്രസ്സും അനുസാരികളുമെല്ലാം എടുത്തിട്ടപ്പോഴേക്കും നല്ല ഭാരം. പേഴ്‌സിലുണ്ടായിരുന്ന വലിയ നോട്ടുകള്‍ അമ്മയുടെ കയ്യിലേല്‍പ്പിച്ച് ഇങ്ങനെ പറഞ്ഞു: "ഇതു നാലായിരമുണ്ട്. പോരാത്തതും കൂടി ഇട്ട് എല്‍.ഐ.സി. പ്രീമിയം എത്രയും വേഗന്ന് ഒന്നടച്ചേക്കണം. ഒക്‌ടോബറില്‍ അടയ്‌ക്കേണ്ടതാരുന്നു, ഇച്ചിരെ പലിശകൂടി വരും!!" തിരക്കിട്ട് ബാഗെടുത്ത് ഒറ്റവാക്കില്‍ യാത്ര പറഞ്ഞ് സിറ്റിയിലേക്ക് ഓടി.
ബിന്‍ഗോ! ഒരൊറ്റ വണ്ടിയില്ല!! അധികം നില്‍ക്കേണ്ടി വന്നില്ല. പണ്ടും ഈ ബ്ലോഗിലൂടെ ഓട്ടോയോടിച്ചിട്ടുള്ള സുനിലിന്റെ വണ്ടി വന്നു. ഇടശ്ശേരിക്കവലയിലിറങ്ങുമ്പോള്‍ സമയം 4:35. കാശുകൊടുക്കാന്‍ പേഴ്‌സെടുത്തപ്പോഴാണ് അടുത്ത അക്കിടി മനസ്സിലായത്. കയ്യിലാകെ ഇരുനൂറ്റി ചില്വാനം രൂപയേ ഉള്ളൂ. ബസ് കാത്തു കിടപ്പുണ്ട്. സമീപത്തു തന്നെ സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എം. ഉണ്ട്. അങ്ങോട്ടു പാഞ്ഞു. കഷ്‌ടകാലം പിടിച്ചവന്‍ തലമൊട്ടയടിച്ചപ്പോ കല്ലുമഴ പെയ്‌തൂന്നു പറഞ്ഞപോലെ... ആ എ.ടി.എം.ഇല്‍ ട്രാന്‍സാക്‌ഷന്‍ 'ടൈം ഔട്ട്' ആകുന്നു. വണ്ടിയുടെ ഓഫീസിലെ സോണിച്ചേട്ടന്‍ വിളിക്കുന്നു. റോഡ് കുറുകെ കടന്നു പുള്ളീടെ അടുത്തു ചെന്നു കാര്യം പറഞ്ഞു. കുമളിയില്‍ ചെല്ലുമ്പോള്‍ കാശ് എ.ടി.എം.ഇല്‍ നിന്നെടുത്ത് കണ്ടക്‌ടറെ ഏല്‍പ്പിച്ചേക്കാം എന്നു പറഞ്ഞു. അവിടെയുള്ള എല്ലാ എ.ടി.എം.കളും തകരാറിലായാല്‍ തെണ്ടിപ്പോകുമല്ലോ എന്നു ഭയന്നു. എന്തായാലും ടിക്കറ്റുകാശു കടം പറഞ്ഞ് യാത്ര പുറപ്പെട്ടു. പുറ്റടി ഫെഡറല്‍ ബാങ്കിന്റെ മുന്നില്‍ ബസ് എനിക്കായി നിന്നു. പുറത്തിറങ്ങുന്ന എന്നെ മറ്റു യാത്രക്കാര്‍ ഇവനിതെവിടെപ്പോകുന്നെടാ എന്ന ഭാവത്തില്‍ നോക്കി. രൂപ 540 എണ്ണിക്കൊടുത്ത ശേഷമാണ് ടിക്കറ്റ് കയ്യില്‍ക്കിട്ടിയത്!
വെകിളിയെടുത്ത് തുടങ്ങിയ ആ യാത്രയ്‌ക്കൊടുവില്‍ നവം. 14 തിങ്കളാഴ്‌ച രാവിലെ അഞ്ചേകാലിന് ബാംഗ്ലൂര്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ ബസ്സിറങ്ങി.
വാലുകള്‍:
- അടുത്തതവണ വീട്ടില്‍ ചെല്ലുമ്പോള്‍ മില്‍മ പാലിന്റെ കവര്‍ കാണേണ്ടി വരില്ല. ബക്കറ്റിലേക്കു പാല്‍ ചീറ്റി വീഴുന്ന ഒച്ച കേള്‍ക്കുമ്പോള്‍ വയറിനോടു പറയാം 'ചായ കുടിക്കാറായി വരുന്നു' എന്ന്!
- 'സന്തോഷമായെടാ എനിക്ക്.' തിങ്കളാഴ്‌ച കുവൈറ്റില്‍ നിന്നും രതീഷിന്റെ ഇ-മെയിലിലെ ഈ ഒരൊറ്റ വാചകം മതിയായിരുന്നു ഈ യാത്രയെ സഫലമാക്കാന്‍.
(അവസാനിച്ചു)
കുഴിച്ചുമൂടിയാലും ആ ഇഷ്‌ടത്തിന്റെ അല്‍പം പൊട്ടും പൊടിയും എവിടൊക്കെയോ കിടന്നിരിക്കണം. അവള്‍ അമ്മയാവാന്‍ പോകുന്നു എന്നറിഞ്ഞതും എല്ലാത്തിനും ഫുള്‍സ്റ്റോപ്പിട്ട് അതൊരു അടഞ്ഞ അധ്യായമായി, എനിക്കും എന്നെപ്പോലെ മറ്റു പലര്‍ക്കും. ഇനി അവളായി, അവള്‍ടെ പുള്ളാരായി, കുടുമ്മമായി!
ReplyDeletehmmm...Pothuvil nannayi...
ReplyDeleteThanks Nayam.
ReplyDelete