Sunday, November 06, 2011

അര്‍ത്ഥം തേടുന്ന പ്രയാണം - 2

"അങ്ങൂന്നു വരുന്ന വഴിയാണോ?"

"അതെ"

"കുറെ നാള്‍ ലീവൊണ്ടോ?"

"ഏയ്‌.. ഇല്ല, മറ്റന്നാളു പോകും."

ഇത്രേം പറഞ്ഞു കഴിയുമ്പോള്‍ ഞങ്ങള്‍ പരസ്‌പരം കടന്നുപോയ്‌ക്കഴിയും. ഇനി പിന്നെയും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയാതെ സംഭവിക്കുന്ന ഒരണ്ടര്‍സ്റ്റാന്റിംഗ്‌ നിമിത്തം ഒപ്പത്തിനൊപ്പം എത്തുമ്പോള്‍ ഇരുവരും അഭിമുഖമായി നില്‍ക്കും. അല്ലെങ്കില്‍,

"എങ്ങോട്ടാ കടയ്‌ക്കലേക്കാ?" (സിറ്റിക്കാണോ എന്നര്‍ഥം)

"ആ... വെറുതേ.."

പ്രത്യേകിച്ച്‌ ഒരര്‍ഥവുമില്ലാത്ത ഇത്തരം സംഭാഷണങ്ങള്‍ക്ക്‌ ഗ്രാമ്യജീവിതത്തിന്റെ ഇടവഴികളിലെ പരിചയങ്ങളും സ്‌നേഹബന്ധങ്ങളും ടോപ്‌-അപ്‌ ചെയ്യുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്‌. ഞാന്‍ നടപ്പു തുടര്‍ന്നു. എട്ടുമണിയുടെ ഇളവെയില്‍ കൊച്ചുതോവാളയുടെ മേല്‍ വെള്ളിനിറം വീശി.

സ്‌കൂളിന്റെ ഓരത്തു കൂടിയുള്ള വഴി ടാറിട്ടിരിക്കുന്നു. ബാക്കിയെല്ലാം പണ്ടത്തേതു പോലെ. അടപ്പുള്ള തൂക്കുപാത്രങ്ങളില്‍ പാലുമായി മില്‍മ(സൊസൈറ്റി)യിലേക്കു പോകുന്നവര്‍. ടൗണില്‍ ജോലിക്കു പോകുന്നവര്‍. സ്‌കൂള്‍ ബസിനു വൈകുമെന്ന ഭയത്താല്‍ വലിയ ബാഗേന്തി തിരക്കിട്ടോടുന്ന കുട്ടികള്‍. ഘഡ്‌ ഘഡ്‌ ശബ്ദം മുഴക്കി ഓടുന്ന ആപേ ഡീസല്‍ ഓട്ടോകള്‍.

വളത്തിന്റെ, ചാണകത്തിന്റെ, മണ്ണിന്റെ, പരശതം മരങ്ങളുടെ, കീടനാശിനിയുടെ, പുകയുടെ, ഭക്ഷണം വേകുന്നതിന്റെ എല്ലാം മണം കലര്‍ന്ന കാറ്റ്‌. ഒരിക്കലും മുഷിപ്പിക്കാത്ത അലോസരപ്പെടുത്താത്ത കാറ്റ്‌. പൊങ്ങിവളര്‍ന്ന കവുങ്ങിന്‍ തലപ്പുകള്‍ ആ കാറ്റില്‍ ആസ്വദിച്ചു തലയാട്ടുന്നു. ഏതോ പറമ്പില്‍ നിന്നും ആരോ ഉച്ചത്തില്‍ സംസാരിക്കുന്നു. മണ്ണിലൂര്‍ന്നുവീഴുന്ന വിയര്‍പ്പുതുള്ളികളെ കണ്ടില്ലെന്നു നടിക്കാന്‍ നാട്യമറിയാത്ത പണിയാളന്റെ വര്‍ത്തമാനം.

*****

"ണിം...ണിം...ണിം...ണിം...ണിം...ണിം...ണിം...... ണിം!"

ഫസ്റ്റ്‌ ബെല്‍. നേരമെത്രയായെന്നറിയാന്‍ സ്‌കൂളിലെ ഈ മണിമുഴക്കം മതിയായിരുന്നു ഒരു കാലത്ത്‌. ഒന്‍പതേ മുക്കാല്‍. ഇപ്പോള്‍ സ്‌കൂള്‍ സമയം മാറി. എന്റെ മാതൃവിദ്യാലയത്തിലെ മണിയൊച്ച കേട്ടാല്‍ സമയമെത്രയെന്നു പറയാനുള്ള അറിവുപോലും എനിക്കില്ലാതെയായി. നാലുമണിക്ക്‌ മുഴങ്ങുന്ന നാലു മണികള്‍. ഒരു ദിവസത്തെ പഠനവും കളിയും ശകാരവും ശിക്ഷയും കഴിഞ്ഞു മുഴങ്ങുന്ന സ്വാതന്ത്ര്യത്തിന്റെ ചിലമ്പൊലി.

ആ നാലുമണികള്‍ ഒരു ദിവസം അല്‍പം നേരത്തെ കേട്ടാല്‍ 'ഇന്നു നേരത്തെ നാലുമണി വിട്ടോ?' എന്നു സംശയിച്ചിരുന്നവര്‍. എന്തിനെന്നില്ലാതെ തിരക്കിട്ടു പോകുന്ന കുട്ടികളെ നോക്കി ആരോടെന്നില്ലാതെ ഒരു ചോദ്യമെറിയുന്ന തല നരച്ച ഒരാള്‍.

"എന്നാ പിള്ളാരേ ഇന്നു നേരത്തെ പള്ളിക്കൂടം വിട്ടത്‌?"

"ഇന്നു മീറ്റിങ്ങാരുന്നു.." എന്നു മാത്രം വിളിച്ചു പറങ്ങു സ്വന്തം കൂട്ടത്തിന്റെ ബഹളങ്ങളിലേക്കു മടങ്ങുന്ന കുട്ടി. ഇന്ന്‌ അവന്റെ നെഞ്ചില്‍ നിന്ന്‌ പേരുവിവരങ്ങളടങ്ങിയ ഐ.ഡി. കാര്‍ഡ്‌ തൂങ്ങുന്നു. ഞാന്‍ പഠിച്ചപ്പോള്‍ എന്തായിരുന്നു ഞങ്ങളുടെയൊക്കെ ഐഡന്റിറ്റി? ഉണ്ടായിരുന്നോ ഞങ്ങള്‍ക്ക്‌ അങ്ങനെയൊന്ന്‌?

എന്തോന്നു മീറ്റിങ്ങെന്ന്‌ ആലോചിച്ചു തല പുണ്ണാക്കാതെ നടപ്പു തുടരുന്നു മുടി നരച്ചയാള്‍. അയാളുടെ പേരക്കുട്ടി ഒരു പക്ഷേ പട്ടണത്തില്‍ നിന്നു നാലര കഴിഞ്ഞു വരുന്ന സ്‌കൂള്‍ ബസ്സിലാവും വന്നിറങ്ങുക.

*****

ഇന്നലെകളുടെ പിന്നാലെയോടാന്‍ നാളെകള്‍ കാത്തു നില്‍ക്കുന്നു. വിടരാന്‍ നില്‍ക്കുന്ന പൂവു പോലെ, അമ്മയുടെ ഹൃദയതാളം ഏറ്റുപിടിക്കുന്ന ഗര്‍ഭസ്ഥശിശുവിനെപ്പോലെ. ഇന്നുകള്‍ മാത്രമാണു നമുക്കു ജീവിക്കാനുള്ളത്‌. ഇന്നലെകള്‍ പോയ്‌മറഞ്ഞുകഴിഞ്ഞു. നിനക്കോടിയെത്താന്‍ പറ്റാത്തത്ര ദൂരം. കവലയില്‍ നിന്നും കിഴക്കോട്ട്‌ പള്ളിക്കും പള്ളിക്കൂടത്തിനുമിടയിലൂടെ നീണ്ടുകിടക്കുന്ന വഴിയേ ഉച്ചവെയിലില്‍ ആരോ ഓടുന്നു.

ചങ്ങനാശ്ശേരിക്കു പോകുന്ന കൊണ്ടോടി ബസ്സിലെ പിന്നിലെ സീറ്റിലിരുന്ന്‌ ഒരാള്‍ വിളിച്ചു പറയുന്നു: "ആളോട്ടത്തില്‍.."

മുരണ്ടുതുടങ്ങിയ ബസ്‌ ഒരു മണിയൊച്ച കേട്ടു കാത്തു നില്‍ക്കുന്നു. ഒരു നന്ദിവാക്കു പോലും കേള്‍ക്കാനാശിക്കാതെ പിന്‍സീറ്റിലെ ആ യാത്രക്കാരനും. മര്യാദയ്‌ക്ക്‌ ഔപചാരികതയുടെ മുഖംമൂടിയില്ലാത്ത ലോകം. ഇവിടെ മണിയൊച്ചകളില്ല. ആരും ആരെയും കാത്തിരിക്കുന്നുമില്ല. നാം കൊതിക്കാതെതന്നെ റിങ്ങ്‌ടോണുകളും അലര്‍ട്ടുകളും റിമൈന്‍ഡറുകളും നമ്മേ വഴി നടത്തുന്നു. പള്ളിയുടെ പടിക്കെട്ടുകള്‍ക്കു നടുവിലെ ചില്ലുകൂട്ടില്‍ കരുണാമയിയായ ദൈവമാതാവ്‌ വലതുകയ്യുയര്‍ത്തി അനുഗ്രഹിക്കുന്നു. ഒരു പിടി എനിക്കും, അതില്‍ പാതി നിനക്കും.

"ഏറെ ദൂരം പോക, സുരക്ഷിതനായിരിക്ക, നാളെ തിരിച്ചു വരിക!"

ഇന്നത്തെ ഓട്ടമവസാനിപ്പിക്കാന്‍ കൊണ്ടോടിക്ക്‌ 120-ല്‍പ്പരം കിലോമീറ്ററുകള്‍ താണ്ടണം. എന്റെയും ഓഡോമീറ്ററില്‍ അക്കങ്ങള്‍ മാറി വരുന്നു.

(തുടരും)

2 comments:

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'