Saturday, November 05, 2011

വിധിയെഴുതുന്നതാര്‌?

മഷിപുരളാത്തെ നിയതിയുടെ താളുകള്‍
ലഭിക്കുന്ന സ്ഥലം തേടി ഞാന്‍ അലഞ്ഞു.
അങ്ങനെയൊന്നു കിട്ടില്ലെന്നു പലരും പറഞ്ഞു.
എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ അത്‌
അച്ചടിച്ചു മാത്രം വില്‍ക്കുന്നതാണെന്നു മറുപടി.
മറ്റുചിലര്‍ പറഞ്ഞു - അതിലെഴുതാന്‍
ദൈവത്തിനു മാത്രമേ കഴിയൂ!
ഇവ ഞാന്‍ വിശ്വസിച്ചില്ല.
കാവിധരിച്ചവനെ കാട്ടിത്തന്നിട്ട്‌ ഒരുവന്‍ പറഞ്ഞു
ഇയാളുടെ പക്കല്‍ ഒരുപക്ഷേ ആ വെള്ളക്കടലാസ്‌ കണ്ടേക്കാം.
ചിലര്‍ നീളന്‍ വെള്ളക്കുപ്പായക്കാരെയും താടിവളര്‍ത്തി
തൊപ്പി ധരിച്ചവരെയും കാട്ടിത്തന്നു.
ഞാന്‍ ചോദിച്ചു, എന്റെ നിയതി സ്വയമെഴുതാന്‍
നിങ്ങളുടെ പക്കല്‍ കടലാസുണ്ടോ?
അച്ചടിച്ച താളുകളില്‍ നിന്നാണത്രേ
അവരും വായിക്കുന്നത്‌.
ഇതുപറഞ്ഞിട്ടവര്‍ അധികാരത്തിലേക്കുള്ള വഴി തേടി;
അധികാരികളെ വിരല്‍ത്തുമ്പുകൊണ്ട്‌ പന്താടിക്കൊണ്ട്‌.
എങ്കിലധികാരികളെക്കാണാമെന്നു ഞാന്‍ കരുതി.
"അധികാരീ, നിനക്കു ശക്തിയുണ്ടല്ലോ അല്ലേ?"
സാഭിമാനം അയാള്‍ പറഞ്ഞു - "ഉണ്ട്‌."
"ഈശ്വരന്റെ സ്വത്ത്‌ ആരെടുക്കും എന്നു
തീരുമാനിക്കുന്നത്‌ നീയല്ലേ?
ആ നീ ഈശ്വരനേക്കാള്‍ വലിയവനാണോ?"
"അതു തീരുമാനിക്കുന്നതു ഞാനല്ല, നിയമമാണ്‌."
"നിയമമുണ്ടാക്കുന്നത്‌ ആരാണ്‌?"
"അതു ഞാന്‍ തന്നെയാണ്‌."
"അതിനു നിനക്കവകാശവും ചുമതലയും
തന്നയൊരാളില്ലേ? അയാളാവില്ലേ പരമാധികാരി?
അയാളാരെന്നു പറയൂ?"
അധികാരി എന്റെ നേരെ വിരല്‍ ചൂണ്ടി.
"അത്‌ നീയാകുന്നു."
തത്ത്വമസി.

1 comment:

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'