Sunday, November 06, 2011

അര്‍ത്ഥം തേടുന്ന പ്രയാണം - 1

ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോളത്തെ ഒരു അവധിക്കാലത്താണ്‌ റോഡിന്നരികിലെ സ്ഥലത്ത്‌ ആ കുളം കുത്തിയത്‌. നാലഞ്ചു പണിക്കാരുണ്ട്‌ അതിന്‌. ഒപ്പം അച്ഛനും ഞാനും.

കുഴിച്ചുകൊണ്ടിരുന്നപ്പോളാണ്‌ എറ്റവും മികച്ച റോള്‍ എനിക്കുണ്ടായിരുന്നത്‌. റബ്ബര്‍കുട്ട കയറില്‍ കെട്ടി താഴേക്കിറക്കി കൊടുക്കും. കുഴിക്കുന്നവര്‍ അതില്‍ മണ്ണു നിറയ്‌ക്കും. കുട്ട നിറഞ്ഞുകഴിയുമ്പോള്‍ കപ്പിവഴി വലിച്ചു കയറ്റും. മണ്ണും കല്ലും ചെളിയും കലര്‍ന്ന മിശ്രിതം നിറച്ച കുട്ടയ്‌ക്ക്‌ നല്ല ഭാരമാണ്‌. കുട്ട താഴേക്കിറക്കിക്കഴിഞ്ഞാല്‍ നിറയ്‌ക്കുന്നതു വരെയുള്ള സമയം വിശ്രമിക്കാം. അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു വേണം പിന്നത്തെ വലി. കുടിക്കാന്‍ കരിങ്ങാലി വെള്ളവും ഉപ്പിട്ട കഞ്ഞിവെള്ളവും. രാവിലെ മുതല്‍ വൈകിട്ടുവരെ ഇതു തന്നെ പണി, വലിയെടാ വലി.

നാലരയാകുമ്പോള്‍ പണി തീരും. കയര്‍ വലിച്ചു വലിച്ച്‌ ആദ്യ ദിവസങ്ങളില്‍ ഉള്ളംകൈ കുമിളച്ചു പൊന്തി. രണ്ടുമൂന്നു ദിവസങ്ങള്‍ കൊണ്ട്‌ അതു മാറി. അവിടത്തെ തൊലിക്കു കട്ടി കൂടി തഴമ്പിച്ചു.ദേഹം മുഴുവന്‍ മണ്ണും ചെളിയും പുരണ്ടിരിക്കും. കൈകളില്‍, കാലില്‍, പുരത്തെ പേശികള്‍ക്ക്‌ അസഹ്യമായ വേദന. രണ്ടുമൂന്നു ദിവസം കൊണ്ട്‌ അതും മാഞ്ഞു. ദിവസേന കുളത്തിന്റെ ആഴം കൂടി. പണിക്കാര്‍ പറയുന്ന നാട്ടുവര്‍ത്തമാനങ്ങള്‍ക്കു ഞാനും കാതോര്‍ത്തു. അവരുടെ തമാശകളില്‍ മുങ്ങി.

കുഴിച്ചു ചെല്ലവേ മണ്ണില്‍ നിന്നും കുറെ തെള്ളി കിട്ടി. അതു കഴുകിയെടുത്ത്‌ ഉണക്കി. സന്ധ്യകളില്‍ പുകച്ചു.

പതിയെ ഭൂമിയുടെ മാറു ചുരന്നു. ചെളിമണം ഉയര്‍ത്തി തണുപ്പുള്ള വെള്ളം മണ്ണിന്റെ സിരകളില്‍ നിന്നും അല്‍പാല്‍പം ഊറി വന്നു. ഒരു ദിവസം രാവിലെ നോക്കുമ്പോള്‍ കുളത്തിന്റെ വശം കുറെ ഇടിഞ്ഞുവീണിരിക്കുന്നു. അതു കോരി മാറ്റലായി അന്നത്തെ ജോലി. പിന്നെ അടിയില്‍ പാറ കണ്ടു. പാറ തുരന്നു വെടി വെച്ചു കല്ലു പൊട്ടിച്ചു മാറ്റി. ഉറവ ശക്തിപൂണ്ടു. പ്രകൃതിയുടെ കനിവു തുള്ളിക്കുതിച്ചൊഴുകിയെത്തി. മണ്ണുകലര്‍ന്ന ആ വെള്ളം കൊണ്ട്‌ കയ്യും മുഖവും കഴുകി. ദേഹത്തും മനസ്സിലും ആ ജലത്തിന്റെ തണുപ്പു പടര്‍ന്നു.

പിന്നെ കല്ലുപയോഗിച്ച്‌ കുളത്തിന്റെ ഭിത്തി കെട്ടി. അപ്പോഴെല്ലാം പമ്പുപയോഗിച്ച്‌ വെള്ളം തേകിക്കളഞ്ഞു. വശം ഇടിഞ്ഞതിനാല്‍ ചില ഭാഗത്ത്‌ നാലടി വരെ കെട്ടിനു വീതി വന്നു. അത്രേം കൂടി വെള്ളം നിന്നോളും എന്നൊരു ഗുണം കണ്ടു. ഒടുക്കം തറനിരപ്പില്‍ കല്‍ക്കെട്ടു നിര്‍ത്തി ഏതാണ്ടു തീര്‍പ്പാക്കി. പിന്നെ ആഘോഷമായി കുളം തേകിവൃത്തിയാക്കി.

*****

ആ ഓരോ നാളുകളിലും എന്തൊരു സുഖമായിരുന്നു ഉറങ്ങാന്‍? നാളെയെക്കുറിച്ചുള്ള അല്ലലില്ലാതെ, ഇന്നു ചെയ്‌ത ജോലിയുടെ തൃപ്‌തിയില്‍ മുഴുകി, അതിന്റെ ക്ഷീണം തരുന്ന ആലസ്യത്തില്‍ ഒരുറക്കം. പേക്കിനാവുകളും നിദ്രാഭംഗവുമില്ലാതെ ഓരോ രാത്രികളും. ഒരു പക്ഷേ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ നീലവിരിയുള്ള ജനാലയ്‌ക്കപ്പുറത്തുനിന്ന് കുളിരുള്ള നിലാവൊന്നെത്തി നോക്കിയേക്കാം, മോഹിപ്പിക്കുന്ന ഒരു പ്രണയിനിയെപ്പോലെ. 'ഇനി ഞാനുറങ്ങട്ടെ' എന്ന് അവളെ നിരാശപ്പെടുത്തി ഇമപൂട്ടുമ്പോള്‍ ശാന്തിയുടെ താഴ്‌വരയിലേക്ക്‌ പറന്നിറങ്ങുന്ന ഒരപ്പൂപ്പന്‍ താടിയായി, ബഷീര്‍ വാഴ്‌ത്തിയ ആ ചെറുമരണത്തിനു വേഗം കീഴ്‌പ്പെട്ടു ഞാനും. ആ വേഗത്തിനാക്കം കൂട്ടാന്‍ ചിലപ്പോള്‍ യേശുദാസിന്റെയും ചിത്രയുടെയും സുജാതയുടെയും മായികമന്ത്രങ്ങളും.

*****

വൈകുന്നേരങ്ങളില്‍, നല്ല ഫ്രഷ്‌ ചാണകം ബക്കറ്റില്‍ കോരി ബയോഗ്യാസ്‌ പ്ലാന്റിന്റെ മിക്‌സറില്‍ ഇട്ടിട്ട്‌, തൊഴുത്തിന്റെ പിന്നിലെ ടാങ്കില്‍ നിറഞ്ഞു കിടക്കുന്ന ഗോമൂത്രം രണ്ടു ബക്കറ്റ്‌ കോരി അതിലൊഴിക്കും. പരമാവധി ദേഹത്തു വീഴാതെ നോക്കണം, മൂത്രം കോരുമ്പോള്‍. എളുപ്പമൊന്നും ദേഹത്തു നിന്നും ദുര്‍ഗ്ഗന്ധം മാറില്ല, പ്രത്യേകിച്ചും അത്‌ ദേഹത്തുവീണു വലിഞ്ഞു തീര്‍ന്നാല്‍(ഉണങ്ങിപ്പോയാല്‍). തുടക്കത്തില്‍ മിക്‌സറിലെ റോട്ടര്‍ കറക്കാന്‍ വലിയ പ്രയാസമാണ്‌. ബലം പിടിച്ചൊന്നു തിരിച്ച്‌ ഒരു വട്ടം കറങ്ങുമ്പോളേക്കും കട്ടപിടിച്ചുകിടന്ന ചാണകത്തിന്റെ വാശി ഒന്നയയും. പിന്നെ അവതമ്മില്‍ കലര്‍ന്ന്‌ കറങ്ങും. മിക്‌സറിന്റെ ഒരു വശത്തുകൂടി ടാങ്കിലേക്കുള്ള കുഴല്‍, അവിടെ ഒരു പലക കൊണ്ട്‌ ഷട്ടര്‍. ഷട്ടറിന്റെ കവാടത്തില്‍ ഒരു വല. നന്നായി കലങ്ങിക്കഴിയുമ്പോള്‍ പലക ഷട്ടര്‍ പൊക്കും. തുള്ളിക്കുതിച്ച്‌ മിശ്രിതം ടാങ്കിലേക്ക്‌. ഇടയ്‌ക്കൊക്കെ ഉടയാതെ ചില ചാണകക്കട്ടകള്‍ വലയില്‍ തങ്ങി അവിടെക്കിടക്കും. കമ്പു കൊണ്ടോമറ്റോ ഇടിച്ചു പൊടിച്ച്‌ അല്‍പം വെള്ളവും കലര്‍ത്തി അവരെയും ടാങ്കിലേക്ക്‌ അയയ്‌ക്കും. പിറ്റേന്ന് നീലനിറത്തില്‍ ആളുന്ന ജ്വാലയായി അവര്‍ അടുക്കളയിലെത്തും.

*****

വിശപ്പറിഞ്ഞിട്ട്‌ ചോറുണ്ട നാളുകള്‍. ക്ഷീണമറിഞ്ഞിട്ടു വിശ്രമിച്ച വേളകള്‍. വിയര്‍ത്തു തോര്‍ന്നിട്ടു കുളിച്ചുതോര്‍ത്തിയ സന്ധ്യകള്‍.

(ജീവിതം - തുടരും)

4 comments:

  1. nice... esp liked some comparisons :D :D

    ReplyDelete
  2. കുഴിച്ചു ചെല്ലവേ മണ്ണില്‍ നിന്നും കുറെ തെള്ളി കിട്ടി. അതു കഴുകിയെടുത്ത്‌ ഉണക്കി. സന്ധ്യകളില്‍ പുകച്ചു.
    " തെള്ളി " manasilayilla????????????????????????????

    ReplyDelete
  3. തെള്ളി എന്നു പറയുന്നത് ഒരു സുഗന്ധദ്രവ്യം ആണ്‌. സിനിമയിലും മറ്റും മന്ത്രവാദസീനുകളില്‍ ഒരു പൊടി എറിഞ്ഞു തീ ആളിക്കുന്നതു കണ്ടിട്ടില്ലേ. അതു തെള്ളിപ്പൊടി ആണെന്നാണു വെപ്പ്. ഇതു പുകച്ചാല്‍ കുന്തിരിക്കം പോലെ സുഗന്ധം ഉണ്ടാകും. കറുത്ത നിറത്തില്‍ കല്ലുപോലെ തോന്നിപ്പിക്കും വിധം കാണപ്പെടുന്നു. പക്ഷേ കല്ലിന്റത്ര ഭാരവും കാഠിന്യവും ഇല്ല. :)

    ReplyDelete

'അതേയ്‌... ഒരു വാക്കു പറഞ്ഞേച്ച്‌...'