Sunday, November 06, 2011

അര്‍ത്ഥം തേടുന്ന പ്രയാണം - 3

തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ കട്ടപ്പന ടൗണിലെ ഇടശ്ശേരി ജങ്ങ്‌ഷനില്‍ നിന്ന്‌ ഇടത്തേക്കു തിരിയുന്ന വഴി. ഇടശ്ശേരി കോവിലകം എന്നു കുറേ വര്‍ഷം മുന്‍പു വരെ ഞങ്ങളുടെ സൗഹൃദക്കൂട്ടം പരാമര്‍ശിച്ചിരുന്ന ഇടശ്ശേരി റിസോര്‍ട്‌സ്‌ എന്ന ബാര്‍ ഹോട്ടലാണ്‌ ഈ കവലയുടെ പേരിനു നിദാനം. അവിടെ നിന്നും ഇരുനൂറു മീറ്റര്‍ മാറിയാല്‍ കയറ്റം തുടങ്ങുന്നിടത്ത്‌ സാഗരാ തീയേറ്റര്‍. ഈ കയറ്റത്തിന്റെ ഉച്ചിയില്‍ കയറിയെത്തുപോള്‍ നീ കണ്ടതൊന്നും കയറ്റമല്ല കുഞ്ഞേ എന്നു നമ്മളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ കരിമ്പാറ നിറത്തില്‍ വലതുവശത്ത്‌ കട്ടപ്പന കുരിശുമല.

പിന്നെ ഒരു കുഞ്ഞിറക്കം. വലതു ഭാഗത്ത്‌ കൃപാലയ എന്നറിയപ്പെടുന്ന പള്ളി. വടക്കു പടിഞ്ഞാറു ദിശയിലേക്കു തുറക്കുന്ന വിശാലമായ ആകാശം. കുരിശുമലയുടെ മറവില്‍ നിന്നും ആനകുത്തി മേട്‌ ആരംഭിക്കുന്നു, അതു ദൈവം കെട്ടിയകോട്ട പോലെ കിഴക്കോട്ടു വളഞ്ഞ്‌, 'പൂവേഴ്‌സ്‌ മൗണ്ട്‌'(Poor's Mount) എന്നറിയപ്പെടുന്ന പ്രദേശമായി പടിഞ്ഞാറേക്കൊടിഞ്ഞ്‌ വലിയതോവാള-മന്നാക്കുടി ഭാഗത്തേക്കിറങ്ങി നില്‍ക്കുന്നു. അവിടെ നിന്നു നോക്കിയാല്‍ മലമുകളിലെ അമ്പലത്തിന്റെ ഒരു ഭാഗം കാണാം. വൃശ്ചികരാവുകളില്‍ താഴ്‌വരയിലേക്കും ഇക്കരെ മലകളിലേക്കും ഭജനഗീതങ്ങളും ശരണംവിളികളും കുളിരുള്ള കാറ്റിനൊപ്പം ഇങ്ങു പറന്നുവരും. ഇപ്പുറം നമ്മള്‍ നില്‍ക്കുന്നിടത്തു തുടങ്ങുന്ന ശൃംഗം എതാണ്ടു പടിഞ്ഞാറുദിശയിലേക്ക്‌ അതേ ഉയരത്തില്‍ നീണ്ട്‌ വലിയപാറ, പുഞ്ചിരിക്കവല എന്നൊക്കെ അറിയപ്പെട്ട്‌ കൊച്ചുതോവാള ഗ്രാമത്തിന്റെ വടക്കേപ്പുറത്ത്‌ അലിഞ്ഞു തീരുന്നു. തെക്കുനിന്നു പുറപ്പെട്ട്‌ കിഴക്കു ചുറ്റി വടക്കുപടിഞ്ഞാറു തീരുന്ന ആദ്യത്തെ മലനിരയും പിന്നെ ഇതും ചേരുമ്പോള്‍ താഴ്‌വര, കൊച്ചുതോവാള ഗ്രാമം പ്ലാവില കോട്ടിവെച്ചതു പോലെ ഒരു പ്രദേശമാകുന്നു. റോഡ്‌ എസ്‌.എന്‍. കവലയിലെത്തുന്നു. ഗുരുദേവക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. വലത്തേക്കു തുടരുന്ന പ്രധാനറോഡിലൂടെ ഇറക്കവും നീളുന്നു. പിന്നീടുള്ള കാല്‍ കി.മീ. ദൂരം നിരപ്പ്‌. അടുത്തു കാണുന്ന കവലയ്‌ക്ക്‌ അതിനാല്‍ നിരപ്പേല്‍കട എന്നു പേര്‌.

ഇവിടം കഴിഞ്ഞാല്‍ കുപ്രസിദ്ധമായ കൊച്ചുതോവാള ഇറക്കം(കയറ്റം) ആരംഭിക്കുന്നു. ഒരു കിലോമീറ്ററിലധികം നീളുന്ന ഈ ഭാഗത്ത്‌ മുക്കാലും കുത്തനെയുള്ള ചെരിവാണ്‌. നാട്ടുകാര്‍ ഒരുപാട്‌ മുറവിളി കൂട്ടിയിട്ടും പണ്ടുകാലങ്ങളില്‍ കരുത്തിന്റെ ഗര്‍ജ്ജനം മുഴക്കിയ ലെയ്‌ലാന്‍ഡ്‌ ബസ്സുകള്‍ ഈ കയറ്റത്തെ വല്ലാതെ ഭയപ്പെട്ടിരുന്നതിനാല്‍ ഈ റൂട്ടില്‍ ബസ്‌ സര്‍വ്വീസുകള്‍ അല്‍പായുസ്സുകളായി. 99-2000 കാലയളവില്‍ റോഡ്‌ വീതികൂട്ടി വികസിപ്പിച്ചതിന്റെ ഭാഗമായി കയറ്റം തുടങ്ങുന്ന ഭാഗം മണ്ണിട്ടുയര്‍ത്തി കുത്തനെയുള്ള തുടക്കം പരമാവധി ചെരിച്ചെടുത്തു. ഇപ്പോള്‍ കയറ്റം തുടങ്ങുമ്പോഴത്തെ പഴയ ആ ചക്രശ്വാസം വലി ഇല്ല. അതുകൊണ്ടു തന്നെ അത്യാവശ്യം ബസ്സുകളും ഉണ്ട്‌.

പിന്നെയും അത്ര വലുതല്ലെങ്കിലും ഇറക്കം തന്നെ. അങ്ങനെ വരുമ്പോഴുള്ള അടുത്ത സ്റ്റോപ്പാണ്‌ അത്തിക്കയം. റോഡ്‌ വീതികൂട്ടിപ്പണിയുന്നതിനു മുന്‍പ്‌ ഭയങ്കരന്‍ ഒരു അത്തിമരം അവിടെ ഉണ്ടായിരുന്നു. പലപ്പോഴും നിറയെ കുലകുലയായി കായ്ച്ചു കിടക്കുന്ന ആ പഴങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്‌. വികസനത്തിന്റെ മഴു വീണ്‌ ആ മരം ഓര്‍മ്മയായി. ഒരു കട പോലും ഇല്ലാത്ത ആ സ്റ്റോപ്പിന്‌ അത്തിക്കയം എന്നു പേരു വീണെങ്കിലും ഇപ്പോളാരെങ്കിലും ആ പേര്‌ ഉപയോഗിക്കുന്നുണ്ടോ എന്നറിഞ്ഞുകൂടാ.

പിന്നെ ഒരു പത്തു മിനിറ്റു നടക്കാനുള്ള ദൂരം കൂടി. കൊച്ചുതോവാള 'സിറ്റി' ആയി. സ്ഥലനാമങ്ങളെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ തോവാള എന്നാല്‍ മലകള്‍ക്കിടയിലുള്ള പ്രദേശം എന്നര്‍ഥം കണ്ടു. അക്ഷരംപ്രതി ശരിയാണ്‌ കൊച്ചുതോവാളയും പിന്നെ വലിയതോവാളയും. പൂക്കള്‍ക്കു പ്രസിദ്ധമായ കന്യാകുമാരിയിലെ തോവാള കഴിഞ്ഞാല്‍ പിന്നെ ഇതാണ്‌ കേട്ടിട്ടുള്ള തോവാളകള്‍. അവിടെവന്ന് തോവാള എന്നു മാത്രം പറഞ്ഞാല്‍ വലിയതോവാള എന്നര്‍ഥം. കൊച്ചുതോവാളയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ മുഴുവനും പറയണം. ആദ്യം കാണുന്നതു പള്ളിയാണ്‌, വലതു വശത്ത്‌ പടിഞ്ഞാറു ദര്‍ശനമായി യൗസേപ്പിതാവിന്റെ പേരിലുള്ള പള്ളി. പിന്നെ ചായക്കടകളും പലചരക്കുകടയും റേഷന്‍ കടയും തപാലാപ്പീസും വായനശാലയുമൊക്കെയുള്ള സിറ്റി. പ്രമാണങ്ങളില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ കട്ടപ്പന വില്ലേജില്‍(പഞ്ചായത്തും അതു തന്നെ) കൊച്ചുതോവാള കര എന്നും എഴുത്തുകുത്തുകളില്‍ 685510 എന്ന ബ്രാഞ്ച്‌ ഓഫീസ്‌ പിന്‍ നമ്പരാലും എഴുതപ്പെടുന്നയിടം. വലത്തേക്കു റോഡിന്റെ ഒരു കൈവഴി തിരിഞ്ഞ്‌ സ്‌കൂളിന്റെ ഓരത്തുകൂടി പലവഴി പിരിയുന്നു. ഞാന്‍ ആ വഴിക്കു തിരിയുന്നു. ടൗണില്‍ നിന്നും കറങ്ങിത്തുടങ്ങിയ ഓഡോമീറ്റര്‍ നാലു കി.മീ. കുറിക്കുന്നതിനു മുന്‍പേ.

പ്രധാനവഴി ഉപ്പുകണ്ടം വഴി ഇരട്ടയാറിനും വലിയതോവാള, എഴുകുംവയല്‍, കവുന്തി, ചേമ്പളം, കല്ലാര്‍ വഴി നെടുംകണ്ടത്തിനും നീളുന്നു.

*****

തിരികെ വിളിക്കുന്നുണ്ടവള്‍. എന്നും എപ്പോഴും പരിഭവമാണ്‌. എനിക്കതറിയാം. ഞാന്‍ അവളുടെ അരികിലേക്കു ചെല്ലണം പോലും. എപ്പോളെന്നു ചോദിച്ചാല്‍ കുപ്പിവളകളണിഞ്ഞ കൈകള്‍ നീട്ടി ഇപ്പോ എന്നു പറഞ്ഞുകളയും കുസൃതിക്കാരി. പരാതി ഒന്നും പറയാറില്ലെങ്കിലും എനിക്കറിയാം ആ മനസ്സ്‌. എന്നെ എത്ര മാത്രം കൊതിക്കുന്നുണ്ടെന്ന്‌. അവള്‍ക്കുമറിയാം, എനിക്കവളെ പിരിയാനാവില്ലെന്ന്‌. എന്റെ മനസ്സെപ്പോഴും അവളോട്‌ ചേര്‍ന്നാണിരിക്കുന്നതെന്ന്‌. ഒരു പക്ഷേ, അവള്‍ പരാതി പറയാത്തതിന്റെ കാരണവും അതാവാം. എവിടെപ്പോകാന്‍, എന്നായാലും ഇങ്ങോട്ടു തന്നെ വരാനുള്ളതല്ലേ എന്നൊരു കുഞ്ഞഹങ്കാരം. പിരിഞ്ഞു കഴിഞ്ഞപ്പോള്‍, കാലം കുറെ കടന്നപ്പോഴാണ്‌ ആ ഇഴയടുപ്പം തെളിഞ്ഞത്‌. എന്റെ സന്തോഷത്തിലും സങ്കടത്തിലും അഭിമാനത്തിലും ജാള്യതകളിലുമെല്ലാം മൂകസാക്ഷിയായവള്‍. ആടിയും പാടിയും കൂട്ടുചേര്‍ന്നു കളിച്ചും അമ്മയും തോഴിയുമായവള്‍, ചിലപ്പോഴെല്ലാം എന്നെ വേദനിപ്പിച്ചവള്‍. എന്റെ ഗ്രാമമേ, നിന്നെ ഞാന്‍ എങ്ങനെ സ്നേഹിക്കാതിരിക്കും?

വിടുവായന്‍ തവളകള്‍ കരയാന്‍ നടവരമ്പില്ലാത്ത, പാടവും പുഴയുമില്ലാത്ത, അമ്പലവും അരയാല്‍ത്തറയുമില്ലാത്ത ഒരു ഗ്രാമം. അവിടെ ഞങ്ങള്‍ ഉള്ളവയെ ഇല്ലാത്തതിനു പകരം വെച്ചു. ഏതു വേണമെന്നു പറഞ്ഞാല്‍ അതു വിളയിച്ചു തരുന്ന സുഗന്ധവിളത്തോട്ടങ്ങളുണ്ടാക്കി. സ്വന്തം പുരയിടത്തിലെ കാപ്പിക്കുരു കൊണ്ട്‌ കട്ടനുണ്ടാക്കി കുടിക്കുന്നു. കാഡ്ബറി കമ്പനിക്ക്‌ ക്വിന്റലുകണക്കിനു കൊക്കോ വാരാന്ത്യങ്ങളില്‍ നല്‍കി. മാലോകര്‍ക്കു മുറുക്കാന്‍ അടയ്‌ക്കാ(പാക്ക്‌) ചാക്കുകണക്കിന്‌. കൊല - നല്ലൊന്നാന്തരം വാഴക്കുല, നാനാവിധം. പനകളില്‍ നിന്നു നുരയുന്ന കള്ള്‌. ഇവിടെ തീരെ കൃഷി ചെയ്യാത്തത്‌ നെല്ല്‌. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ നെല്ലു വിളഞ്ഞിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ വിളയുന്നതു വാഴയും കപ്പയും ഏലവും. പച്ചക്കറി കൃഷിയാകട്ടെ ചില അടുക്കളത്തോട്ടങ്ങളില്‍ ഒതുങ്ങുന്നു.

മഴയിലും മഞ്ഞിലും കുളിരുമ്പോള്‍ ഒരു നെരിപ്പോടു തട്ടിക്കൂട്ടി ഈ ഗ്രാമം ചൂടു കൊണ്ടു. വേനല്‍ കനത്താലും പച്ചവിരിപ്പിട്ട ഈ സഹ്യാദ്രിത്തുണ്ട്‌ ചൂടാറ്റുന്ന കാറ്റു തന്നു. മേയ്യവസാനവാരം വേനലിനെ ശകാരിച്ചു. പിറ്റേയാഴ്‌ച അടമഴയെ വെറുത്തു. ചറുപിറെ ചറുപിറെ നിലയ്‌ക്കാതെ മയത്തില്‍ പെയ്യുന്ന മഴകള്‍ക്ക്‌ ഇനം തിരിച്ചു നമ്പരിട്ടു - നാല്‍പതാം നമ്പര്‍ മഴയെന്നും മറ്റും വിളിച്ചു. വിരുന്നുകാര്‍ക്ക്‌ ഞങ്ങള്‍ വീട്ടിലെ പശുവിന്റെ പാല്‍ കൊണ്ടുണ്ടാക്കിയ ചായ നല്‍കി. പാലില്ലാത്ത അസമയങ്ങളില്‍ ചൂടന്‍ കടുംകാപ്പി നല്‍കി. ഏലക്കായും ഗ്രാമ്പൂവും കുരുമുളകും കാപ്പിക്കുരുവുമൊക്കെ പൊതിഞ്ഞേല്‍പ്പിച്ച്‌ വിരുന്നുവന്നവരോട്‌ യാത്ര ചൊല്ലി. വഴിയില്‍ കണ്ടവരോടെല്ലാം കുശലം ചൊല്ലി. പണ്ടെല്ലാം മാര്‍ച്ചുമാസത്തിലും അടുത്തിടെയായി അല്‍പം നേരത്തെയും വരുന്ന പള്ളിപ്പെരുനാള്‍ നാടിന്റെ മുഴുവന്‍ ഉത്സവമായി. കട്ടപ്പന കമ്പോളത്തിലെ മലഞ്ചരക്കു വിലയുടെ പ്രതിഫലനം നാട്ടുകാരുടെ മുഖങ്ങളില്‍ തെളിയും(ഇവിടെ ബാംഗ്ലൂര്‍ എഡിഷന്‍ പത്രത്തിലും അതുവരുന്നതുകൊണ്ട്‌ ഞാനും അപ്ഡേറ്റഡ്‌ ആണ്‌). കടത്തിണ്ണകളില്‍ സ്ട്രോങ്ങ്‌ ചായയുടെ ഉന്മേഷമുള്ള ചര്‍ച്ചകളില്‍ കമ്യൂണിസവും മാര്‍ക്‌സിസവും വലതും അതിന്റെ കഷണങ്ങളും കീറിമുറിക്കപ്പെട്ടു. ആ നാടു വിളിക്കുന്നു.

*****

ഇനി നാട്ടില്‍ പോകുമ്പോള്‍ കട്ടപ്പനയില്‍ നിന്നൊന്നു നടക്കണം വീട്ടിലേക്ക്‌. ഒരുപക്ഷേ സാഗരയിലെ ഫസ്റ്റ്‌ ഷോ കഴിഞ്ഞ്‌. ഈ വഴിയെ, കയ്‌പ്പന്‍ പടര്‍പ്പു നിറഞ്ഞ ഓരമുള്ള, പകലിന്റെ ചൂടു തിരികെ വമിപ്പിച്ചു രാത്രിയെ പുണരുന്ന, വാഹനത്തിരക്കു ശ്വാസം മുട്ടിക്കാത്ത എന്റെ വഴിയേ... നടക്കാത്ത മോഹമൊന്നുമല്ലെങ്കിലും, ആഗ്രഹിക്കാനും കൊതിച്ചതു നേടാനുമുള്ള ഒരു ഇഷ്‌ടം കൊണ്ട്‌. പിന്നെ, എനിക്ക്‌ എന്റെ ഗ്രാമത്തെയും അവിടത്തെ രാത്രികളെയും ഇഷ്‌ടമായതുകൊണ്ട്‌.

പക്ഷേ അപ്പോഴും, ഇരുട്ടില്‍ നിന്നുയരുന്ന നെടുവീര്‍പ്പ്‌ ഒരിളം കാറ്റിന്റെ സീല്‍ക്കാരത്തില്‍ മറച്ച്‌, കയ്യിലെ കുപ്പിവളകള്‍ കലപില കൂട്ടാതെ എന്നെ അവളുടെ മാറില്‍ നിന്നുയരുന്ന ചൂടു പകര്‍ത്തി, നിഷേധിക്കാനാവാത്ത ഒരാലിംഗനത്തില്‍ എന്നെക്കുരുക്കി അവള്‍ ചോദിക്കും: "ഈ ഓട്ടമൊക്കെ തീര്‍ത്ത്‌, എന്നാണ്‌ എന്നും എന്റേതാകാനുള്ള വരവ്‌?"

ശരീരം ഈ ചോദ്യം കേട്ടില്ലെന്നു നടിച്ചുകൊണ്ട്‌ ഗ്രാമപ്പെണ്ണിന്റെ പ്രണയച്ചൂടിലും കുളിരണിയും. മനസ്സിന്റെ കര്‍ണ്ണനാളത്തില്‍ മാത്രം ഈ ചോദ്യം നിര്‍ത്താതെ അലയടിക്കും. എന്നും ജീവിതം തന്നിട്ടുള്ള ഓപ്ഷന്‍സ്‌. എന്റെ കാഴ്ചപ്പാടില്‍ ധര്‍മ്മസങ്കടം. എന്തു ജയിക്കും? എന്നും ഉള്ളിലൊരു വിങ്ങലായി, ഇതു വായിക്കുന്ന ഓരോരുത്തരിലും എന്റെ ഗ്രാമത്തിന്റെ ചിത്രമായി വിരിയുന്ന എന്റെ ഗൃഹാതുരത്വമോ അതോ ഒരിടത്തരക്കാരന്റെ കിതപ്പുയരുന്ന ഈ ഓട്ടമോ? ഉത്തരം പറയാന്‍ കാലത്തിന്‌ ഈ ചോദ്യമെറിഞ്ഞ്‌, ഈ കുറിപ്പിവിടെ തീര്‍ത്ത്‌ ഞാന്‍ പ്രയാണം തുടരുന്നു.

4 comments:

rameez said...

ഇവിടെ സ്വസ്ഥമായി തേങ്ങാ ഉടക്കാം എന്ന് തോന്നുന്നു.
((((((((O))))))))))
ഗ്രാമത്തിന്റെ വര്‍ണ്ണന മനോഹരമായിരിക്കുന്നു.
ഗൃഹാതുരത്വം നിറഞ്ഞു തുളുമ്പുന്ന പോസ്റ്റ്‌.
(ഇപ്പൊ മനസ്സിലാവുന്നുണ്ട് ബംഗലൂരുവിലെ ജീവിതവുമായിട്ടു എന്ത് കൊണ്ടാണ് എം.എസ്.രാജിന് ഒത്തു പോകാന്‍ കഴിയാത്തതെന്ന്. :)

Nayam said...

ee othu theerppinte peraanu jeevitham raaje.... Nannayi series....

jyothi mohanan said...

entho vallatha oru nombaram manasinu,gramame nee enikkum nalkiyath pranayavam thanneyayirunnille? pinnidu vallapozhum orathithiyayi njan vannupokumbozhum kaatil ulayunna chembarathi chedikal kond neeyenne thalodi,muttathe rasachediyil pookal viriyichenne santhoshipichu, ennitum ninne vendennu vechavaril oralayi njanum...

എം.എസ്. രാജ്‌ said...

റമീസ്, തേങ്ങായ്ക്കു നന്ദി :)

Nayam, അതെ. മന:സാക്ഷിക്കു നിരക്കാത്ത ചില ഒത്തുതീര്‍പ്പുകള്‍!

ജ്യോതി, ഇങ്ങനെ ചില വേണ്ടെന്നുവെയ്ക്കലുകള്‍ ജീവിതത്തില്‍ അനിവാര്യമാകുമ്പോഴാണ്‌ നന്മയുടെ വില നാം മനസ്സിലാക്കുന്നത്. :)

കമന്റിയ മൂവര്‍ക്കും ഒറ്റവാക്കില്‍ നന്ദി!