ഇടിവെട്ടിയവനെ കടിക്കാന്‍ പാമ്പു പത്തിവിരിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞതു പോലെയാണു കേരളത്തിലെ ഭരണ മുന്നണിയിലെ അവസ്ഥ. കടിക്കുമോ, കടിച്ചാല്‍ വിഷം കേറുമോ, കേറിയാല്‍ ആളു തീരുമോ എന്നതൊക്കെ പിന്നത്തെ കാര്യം. ആര്‍ക്കും തെറ്റു പറയാനില്ലാതിരുന്ന പ്രഗല്‍ഭനായ ഒരു നേതാവാണ് നിനച്ചിരിക്കാതെ രംഗമൊഴിഞ്ഞത്. പറയാനിത്തിരി ഭൂരിപക്ഷവും പാളയത്തില്‍ത്തന്നെ പന്തം കൊളുത്തിപ്പടയുമുള്ള യു.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോഴേ ഒരു മുഴം മുന്‍പേയെറിയാന്‍ പാങ്ങുള്ള നാട്ടുകാരും പിന്നെ ചില ദോഷൈകദൃക്കുകളും അന്നേ പറഞ്ഞു, യെവനെങ്കിലും ഒരുത്തന്‍ അലമ്പിയാല്‍ ഈ കബഡി കളി കൈവിട്ടു പോകുമെന്ന്. സംഭവിച്ചതു വിധിയുടെ വിളയാട്ടമാണെങ്കിലും 'ഭരണത്തിലാ' എന്നു നെഗളിക്കുന്ന സകല മലയാളിമക്കളുടേം നട്ടെല്ലിലൂടെ മുകളിലേക്ക് അല്‍പാല്‍പമായി ഒരു തരിപ്പ് ഇപ്പോ കേറുന്നുണ്ട്.
Count the chicken before they hatch
പണ്ടൊരു ഉപതെരുഞ്ഞെടുപ്പിനു മുന്നേ ഒരാളെ വൈദ്യുതിമന്ത്രിയാക്കി വാഴിച്ചു. കയ്യിലിരിപ്പും തലേവരയും നന്നായിരുന്നെകില്‍ ചെറുപ്രായത്തിലേ മുഖ്യമന്ത്രി ആകേണ്ടവനായിരുന്നു. ഇതെഴുതുന്ന ഞമ്മള് മന്ത്രീം നേതാവും ഒന്നും ആയിട്ടില്ല, അങ്ങനെ പലരും ആയതായി കേട്ടിട്ടുണ്ട്. കാരണം ഭഗവാന്‍ കഴിഞ്ഞാല്‍ പിന്നെയുള്ള ആശ്രിതവല്‍സലന്‍ ആയിരുന്നു തലയ്‌ക്കല്‍. ഉപതെരഞ്ഞെടുപ്പില്‍ പൊട്ടി, മന്ത്രി ത്രിവര്‍ണ്ണബോര്‍ഡര്‍ ഉള്ള ടവ്വല്‍ വിരിച്ച കസേരയില്‍ നിന്നെഴുന്നേറ്റ് ഇടത്തോട്ടും വലത്തോട്ടും ഒന്നു നോക്കി ആസനത്തിലെ പൊടീം തട്ടി എനിക്കൊന്നും പറ്റീല്ലേയ് എന്നും പറഞ്ഞൊരു പോക്കും പോയി.
ഇപ്പോ ലവരും ലതാ പറയുന്നത്. എം.എല്‍.എ. ആകുമോ ഇല്ലയോ.. ഏഹേ! അതൊക്കെ പിന്നത്തെ കാര്യം, ദേ, ഈ നിക്കുന്ന പയ്യനെ ആദ്യമങ്ങു മന്ത്രിയാക്കു മാഷമ്മാരേ! ഇരുത്തം വന്ന ചില കാരണവന്മാരു പറഞ്ഞു, അതങ്ങു പള്ളീപ്പോയി പറഞ്ഞാ മതി, ആദ്യം അങ്കം ജയിച്ചു വാ. എന്നിട്ടാകാം മന്ത്രിപ്പണി എന്ന്. നിലവില്‍ പൂവന്‍ കൊത്തിയ മുട്ട റെഡി. ഇനി അടവെച്ചു വിരിയിക്കണം. എന്നിട്ടാവാം കോയിക്കുഞ്ഞുങ്ങളെ എണ്ണുന്നതും ബിരിയാണി ബെയ്‌ക്കുന്നതും.
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍
നാട്ടില്‍ ബസില്‍ യാത്ര ചെയ്യുന്നതു പോലെയാ. സ്റ്റാന്‍ഡിംഗ് യാത്രക്കാര്‍ ഒത്തിരിയുള്ള ബസാണ്. എല്ലാര്‍ക്കും ഒരു സീറ്റുകിട്ടിയാല്‍ ഒന്നിരിക്കാമെന്ന ആഗ്രഹവും കലശലായുണ്ട്. ആരെങ്കിലും ഒന്നെഴുന്നേറ്റാല്‍ നാലഞ്ചു പേര്‍ ഇടിച്ചു വരും ആ സീറ്റു കയ്യടക്കാന്‍. അതിപ്പോ കണ്ടക്‌ടറുടെ സീറ്റാണോ, വികലാംഗന്റെയാണൊ, വൃദ്ധന്റെയാണോ, സ്‌ത്രീകളുടെയാണോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. എനിക്കിരിക്കണം എന്ന ത്വര ഉണ്ടെങ്കില്‍ എല്ലാത്തിനും ന്യായമായി. ഇവിടേം ചിലര്‍ മണത്തും തക്കം പാര്‍ത്തും വന്നു. അതേലിപ്പോ ആരും ഇരിക്കണ്ട എന്നു കണ്ടക്‌ടര്‍ പറഞ്ഞു, ഡ്രൈവര്‍ ഒരു വിധം വണ്ടി തള്ളിത്തള്ളി കൊണ്ടുപോകുന്നു. അതിവേഗം, ബഹുദൂരം.
പൂവാലശല്യം, വാക്കേറ്റം, കുത്തിനുപിടി ഇത്യാദി അതിക്രമങ്ങള്‍
ബസ്സില്‍ മാത്രമല്ല, സ്റ്റാന്‍ഡിലും സ്റ്റോപ്പിലും റൂട്ടിലുമെല്ലാം ഇതു തന്നെയേ കേള്‍ക്കാനുള്ളൂ. എഞ്ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ വാഴിക്കല്‍, വീഴിക്കല്‍ തുടര്‍ന്ന് പൊലീസിന്റെ തലയില്‍ കലം തല്ലിപ്പൊട്ടിക്കല്‍, കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ചില്ലിന്റെ ബലം പരീക്ഷിക്കല്‍, പി.ഡബ്ലിയു.ഡി. സ്‌പോണ്‍സേഡ് ഷോട് പുട്ട് യൂസിങ് മെറ്റല്‍ എന്നീ പതിവു കലാപരിപാടികള്‍. ഒരു കാക്കിപ്പിള്ള നാലു പടക്കം പൊട്ടിച്ചു. പിന്നെയുള്ളതു ചീറ്റിപ്പോയില്ലാരുന്നെങ്കില്‍... അടുത്ത ഇരുപത്തഞ്ചു വര്‍ഷത്തേക്കുള്ള ധീരരക്‌തസാക്ഷികള്‍ വെടിയുണ്ടയോടു കൂടിയത് നാല്. എന്നാപ്പിന്നെ കുഞ്ഞൂഞ്ഞിന് പുതുപ്പള്ളീല്‍ പോയി വല്ല റബ്ബര്‍ ഷീറ്റും ഉണക്കി വിറ്റു ജീവിക്കാമായിരുന്നു.
പിറ്റേന്ന് സഭയില്‍ ചോരപുരണ്ട മുണ്ടുകാണിക്കല്‍, ഇപ്പുറത്തൂന്നൊരാള്‍ മുണ്ടു പൊക്കിക്കാണിക്കല്‍. ഒറ്റ വാക്യത്തില്‍പ്പറഞ്ഞാല്‍ എഴുപതു പേരുടെ ഒരു കൂട്ടത്തെ വേറെ എഴുപതു പേര്‍ വാക്കുകള്‍ കൊണ്ട് പരസ്പരം ആക്രമിക്കുന്നു. ആവേശം മൂത്തു നടുത്തളത്തിലിറങ്ങുന്നു. സ്പീക്കറെ ഭയങ്കര ഇഷ്‌ടമായതു കൊണ്ട് കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ പോവ്വാരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡ് ഇടയ്‌ക്കു കേറി. ആ കൊച്ചിനതിന്റെ വല്ല കാര്യോമൊണ്ടോ? കാണാവതല്ലിത്തൊഴിലെന്നകാണ്ഡേ.... ക്യാമറ കണ്‍ ചിമ്മി. കൊച്ച് ആദ്യം പിടിച്ചു നിന്നു, പിന്നെ സംഭവത്തിന്റെ രാഷ്‌ട്രീയമാനം കണ്ടിട്ടോ എന്തോ പെട്ടെന്നങ്ങവശയായി. രഹസ്യമായും പരസ്യമായും ടേപ്പ് തിരിച്ചും മറിച്ചും നോക്കിയിട്ടും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വീഡിയോയില്‍ തെളിഞ്ഞില്ല. പുറത്തു നിന്നാരോ മുദ്രാവാക്യം വിളിച്ചു: അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍... പതറാത്ത ആ പാരമ്പര്യം ചാനല്‍ ക്യാമറകളുടെ മുന്നില്‍ വലിയവായില്‍ കരഞ്ഞുകൂവി.
ഇച്ചിരെ കഴിഞ്ഞപ്പോള്‍ എം.എല്‍.എ.യുടെ കാറിനു കൈ കാണിച്ചാല്‍, ആ നമ്പരൊന്നു കുറിച്ചെടുത്താല്‍ എന്താവും ഗതിയെന്നു ചില പൊലീസുകാര്‍ക്കും മനസ്സിലായി.
വാളകത്തുനിന്നൊരു ഇടിവാള്‍
വാളകത്ത് ഒരു കക്ഷി വാളുവെച്ചു കിടക്കുന്നു എന്നാണ് ആദ്യം കേട്ടത്. അല്ലെന്നു മനസ്സിലായത് അടുത്തു ചെന്നു നോക്കിയപ്പളാ. പ്രദേശത്തെ മാടമ്പിയുടെ കുടിയാനാണു കക്ഷി എന്നും ലവരു തമ്മില്‍ അത്ര രസത്തിലല്ലെന്നും അറിഞ്ഞതോടെ കക്ഷീടെ ചോര ചെങ്കൊടിയുടെ നിറത്തോടു സാഹോദര്യം പൂകി. മനുഷ്യശരീരത്തിലെ വളരെ ഗോപ്യമായ ഭാഗങ്ങള്‍ വരെ മെഡിക്കല്‍ സയന്‍സിനെ വെല്ലുവിളിക്കുന്ന വിധം ജഗപൊകയായി എന്നു കേട്ടു. ആരാ, എന്തിനാ, എപ്പോഴാ ചെയ്‌തെ എന്നതിന് നാലു സെറ്റോളം കഥകള്‍ നമ്മുടെ ഇര പറഞ്ഞു. പെണ്‍പിള്ളേര്‍ അക്കുകളിക്കുന്നതു പോലെ ഇര കളം മാറിച്ചാടുന്നതു കണ്ട പ്രതിപക്ഷം ഇരയെ കൈവിട്ടു. പകരം അതിലെ ക്രൈമില്‍ മാത്രം താല്‍പര്യപ്പെട്ടു. പ്ലേ സേഫ്. അന്നാട്ടില്‍ വെള്ള ആള്‍ടോ കാര്‍ ഉള്ളവന്മാരെല്ലാം വിവരമറിഞ്ഞു. ഇനിയൊരിക്കല്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ അങ്ങേര് 'എനിക്കു പരാതി ഇല്ല' എന്നു പറഞ്ഞാലും 'സംഭവം ഒതുക്കി' എന്നു പറയാന്‍ പ്രതിപക്ഷത്തിനു സ്കോപ് ഉണ്ട്. മിക്കവാറും അതു തന്നെ സംഭവിക്കും എന്നാണ് ഈയുള്ളവനു തോന്നുന്നത്. പാതിരാത്രീല്‍ എവിടെപ്പോയതാ സാറേ എന്ന ചോദ്യത്തിനു കൊള്ളാവുന്ന ഒരുത്തരം ഇപ്പോഴും സാറു തപ്പുന്നുണ്ടെന്നാ കേട്ടത്.
പിള്ളാച്ചനും തടവും മൊബൈലും
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സ്വാറി, ഹോസ്പിറ്റലില്‍ കിടപ്പ്. തടവെന്നാണു പറച്ചില്‍. മൊബൈലില്‍ ആരാന്നറിയാതെ വന്ന ഒരു കാള്‍ എടുത്തു പോയി. മറുപടി പറഞ്ഞാല്‍ ശരിയാകില്ലെന്നു പറഞ്ഞും പോയി. ‘പ്രതികരിക്കുന്നില്ല’ എന്നതാണ് ഏറ്റവും നല്ല പ്രതികരണം എന്നു കണ്ട റിപ്പോര്‍ട്ടര്‍ അതു വാര്‍ത്ത, വീണ്ടും സ്വാറി, വിവാദം ആക്കി. മറ്റു ചില ജയിലുകളില്‍ തടവുകാരുടെ അടിവസ്‌ത്രത്തിനകത്തു നിന്നും സിം കാര്‍ഡും, ചാര്‍ജ്ജറും, ബാറ്ററീം ഒക്കെ പൊക്കിയതും ഈ നാട്ടില്‍ത്തന്നെ. ഇനി ജയിലിലെ ജാമര്‍ തകര്‍ത്തതും പിള്ളേച്ചനാണെന്നു വരുമോ? എന്തായാലും കേരളപ്പിറവിക്കു "കേരളം കേരളം" എന്ന പാട്ടും പാടി പിള്ള എറങ്ങി ഒരു പോക്കങ്ങു പോയി. അച്ചുമാമനു വീണ്ടും തലവേദന.
ഒരു മാപ്പു പറച്ചില്‍ മല്‍സരം കൂടി നടന്നു ഇതിനിടെ. ഖേദപ്രകടനവും വിഷമമുണ്ടാവലും തമ്മില്‍ എന്തു വ്യത്യാസമെന്നു കഴിഞ്ഞ നിയമസഭാസമ്മേളനം പഠിപ്പിച്ചു തന്നു. നടന്‍മന്ത്രി വിളിച്ച വിശേഷണം കേട്ട അച്ചുമാമന്റെ വരെ ചെവി പുളിച്ചുകാണണം. ലവനും മാപ്പുപറഞ്ഞു. പി.സി. ജോര്‍ജ്ജിനു മാപ്പ് പറയാന്‍ കാരണം എത്രവേണം?
പലവക
പറയാനാണെങ്കില്‍ ഒരു പാടുണ്ട്. പോക്കറ്റടിച്ചെന്നും പറഞ്ഞ് ഒരുത്തന്നെ പൊലീസുകാരന്‍ തന്നെ തല്ലിക്കൊന്നു. ചെലവു കാശു തരാമെന്നു പറഞ്ഞാലും അപകടത്തില്‍ പെട്ടു കിടക്കുന്നവന്റെ പടമെടുക്കനല്ലാതെ മലയാളി അവനെ ആസ്‌പത്രീലോട്ടെടുക്കില്ല. ഓരോ താലൂക്കിലും പെണ്‍വാണിഭവും പീഡനവും. 'ഉരുപ്പടി ഏതാ?' എന്നു ചോദിച്ചാല്‍ 'എന്റെ മകളാ' എന്ന മറുപടികേട്ടു ഞെട്ടുന്ന കേരളം. ആദ്യം ഞാന്‍ സെഞ്ചുറി അടിക്കും എന്ന വിഷയത്തില്‍ ഇന്ധനവിലയും സച്ചിനും മല്‍സരം(സച്ചിന്‍ പ്രതീക്ഷ കൈവിട്ടു). അന്‍പതു രൂപയ്ക്കു പച്ചക്കറി വാങ്ങിച്ചാല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഇട്ടോണ്ട് പോകാം എന്നൊരു സൗകര്യമായി. നഗരങ്ങള്‍ മാലിന്യത്താല്‍ വീര്‍പ്പു മുട്ടുന്നു. ശബരിമല സീസണ്‍ തുടങ്ങാറായിട്ടും പുതുതായി ഇറക്കുമെന്നു കേട്ട 500 ബസുകള്‍ ഇങ്ങു കണ്ടില്ല. പി.സി. ജോര്‍ജ്ജിനിട്ട് വിപ്പ് പ്രയോഗിച്ച് സഭേലെ കസേരയില്‍ കൊണ്ടെയിരുത്താന്‍ ആരുമില്ല.
അച്ചുമാമനും കൂട്ടരും അര്‍മ്മാദിക്കൂ, അടിച്ചു കസറൂ.
എനിക്കിനി പ്രതീക്ഷ ഇടതിലും വലതിലുമല്ല. കാവിയിലുമല്ല. ഇനി കേരളത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പാതയില്‍ നടത്താന്‍ ഒരാള്‍ക്കേ കഴിയൂ... അവന്‍ വരുന്നു, വന്നു... ഇതാ.... സന്തോഷ് പണ്ഡിറ്റ്.... ഡും..ഡും..ഡുണ്ടുഡുണ്ടുഡുണ്ടു...ഡും!!
ഓരോ താലൂക്കിലും പെണ്‍വാണിഭവും പീഡനവും. 'ഉരുപ്പടി ഏതാ?' എന്നു ചോദിച്ചാല്‍ 'എന്റെ മകളാ' എന്ന മറുപടികേട്ടു ഞെട്ടുന്ന കേരളം.
ReplyDeleteottere kaaryangal...oru kunju post.....athinte oru prashnamund..Kalika prasaktham ennu parayaathe vayya
ReplyDelete