Thursday, November 24, 2011

ഒരു യാത്ര കൂടി - രണ്ടാം ഭാഗം

നേരത്തെ നാട്ടിലെത്തി എന്നത്‌ അതിരറ്റ സന്തോഷമാണു തന്നത്‌. സ്‌കൂളിനു മുന്നിലെ വഴിയിലൂടെ നടക്കുമ്പോള്‍ എന്നെ ശകതമായി ചുമയ്‌ക്കുന്നുണ്ടായിരുന്നു. മഞ്ഞും തണുപ്പും കാരണം പുലിവാലായോ എന്നു പേടിച്ചു. അധികമാരെയും വഴിയില്‍ കണ്ടില്ല. വഴിയരികില്‍ നിര്‍ത്തിയിട്ട്‌ ഓട്ടോ കഴുകുന്ന ഒരാളെയല്ലാതെ. ബാംഗ്ലൂരു നിന്നുള്ള വരവാണോ എന്ന ചോദ്യം ചോദിക്കാന്‍ അയാളെ വിധി അവിടെ കൊണ്ടു നിര്‍ത്തിയതാവാനേ തരമുള്ളൂ!

ഇതെന്താപ്പാ ഇത്ര മഞ്ഞ്‌ എന്നു വിചാരിച്ചു നടക്കവേ അന്നും പിറ്റേന്നും ചെയ്യാനുള്ള കാര്യങ്ങള്‍ ഒന്നുകൂടി ഞാന്‍ മനസ്സിലിട്ടുരുട്ടി. സ്‌കൂളിനു മുന്നിലെ ടാറിട്ട വഴിയും കഴിഞ്ഞും ഞാന്‍ മുന്നോട്ടു നടന്നു. ഏതാനും വര്‍ഷം മുന്‍പു സോളിങ്ങ്‌ നടത്തിയ റോഡില്‍ ഇപ്പോ അല്‍പമൊക്കെയേ ആ ഗുണം ശേഷിക്കുന്നുള്ളൂ. സ്ഥിരമായി ആപേകള്‍ ഓടുന്നതിന്റെ മൂന്നു ചാലുകള്‍ വഴിയില്‍ തെളിഞ്ഞു നിന്നു. അവ്യക്തമായ വരുംകാലം പോലെ മുന്നിലെ വഴിയും അല്‍പം മാത്രം തെളിഞ്ഞു നിന്ന്‌ ദൂരെയുള്ള കാഴ്‌ചകളെ മറച്ചു.പറമ്പിനോടു ചേര്‍ന്നുള്ള കശാപ്പുശാലയില്‍ വെട്ടലും മുറിക്കലും തകൃതി. ഇന്നു ശനിയാഴ്‌ചയാണല്ലോ, പിന്നെന്താ ഇന്നു വെട്ട്‌? നാളെ വല്ല വിശേഷദിവസവുമാണോ അല്ലല്ലോ? സംശയത്തെ ഉള്ളിലൊതുക്കി ഞാന്‍ ഞാന്‍ വലത്തേക്കുള്ള വഴി തിരിഞ്ഞ്‌ എന്റെ സ്വന്തം മണ്ണിലേക്കു നടന്നു. അപ്പോള്‍ പ്ലാസ്റ്റിക്‌ കവറുകള്‍ തൂക്കിയിട്ട ആ കൊടിയില്‍(കുരുമുളകു ചെടി) പത്രം ഇരിക്കുന്നു. ഒന്നല്ല രണ്ടെണ്ണം. ഒന്നു വീട്ടിലേക്കുള്ളതായിരിക്കുമെന്നു കരുതി എടുത്തു.

വീട്ടിലേക്കുള്ള വഴിയില്‍ ഒരിടത്തു മണ്ണിടിഞ്ഞു വീണു കിടന്നിരുന്നു. അതു കോരി മാറ്റാഞ്ഞതിനാല്‍ ആ കൂനയ്‌ക്കു മീതെ പുല്ലു വളര്‍ന്നു. വഴിയുടെ വിശാലതയിലേക്ക്‌ ഏലത്തലപ്പുകള്‍ തലനീട്ടി ചാഞ്ഞു നിന്നു. മരവിപ്പിക്കുന്ന തണുപ്പുള്ള മഞ്ഞിന്‍കണങ്ങള്‍ അവയെ പൊതിഞ്ഞു നിന്നു. ജീന്‍സിന്റെ പോക്കറ്റില്‍ രക്ഷതേടിയിരുന്ന കൈത്തലം അറിയാതെ വന്ന്‌ അവയെ തൊട്ടു. അസുഖകരമായ തണുപ്പ്‌ വിരലുകളെ തുളച്ചുകയറുമ്പോഴും പിറന്നമണ്ണിന്റെ ചൂടുള്ള വാല്‍സല്യം മനസ്സില്‍ നിറഞ്ഞു.ഇലകള്‍ കൊഴിഞ്ഞ കുരങ്ങാട്ടി മരം തലയുയര്‍ത്തി കിഴക്കുനിന്നെങ്ങാനും ഇളംചൂടുള്ള ഒരു സൂര്യകിരണം വരുമെന്നു കാത്തു വിറച്ചു നിന്നു.

വീട്ടിലെത്തിയപ്പോള്‍ പത്രം നേരത്തെ തന്നെ എടുത്തു കൊണ്ടു വന്നിട്ടുണ്ട്‌. അച്ഛന്‍ താഴേക്കു പോയപ്പോള്‍ ഞാന്‍ കൊണ്ടുവന്നതു തിരികെ കൊടുത്തു വിട്ടു. നേരത്തെ വീട്ടിലെത്തിയതിന്റെ മറുവശം എന്ന നിലയില്‍ തെറ്റിയ ടൈംടേബിളിന്റെ അസ്വാരസ്യം എന്നെ ചൂഴ്‌ന്നു നിന്നു. ഭാഗ്യവശാല്‍ വന്നിറങ്ങിയപ്പോഴത്തെ ചുമ എങ്ങോട്ടെന്നില്ലാതെ പോയ്‌മറഞ്ഞു. പല്ലുതേച്ചു, ഒരു കട്ടന്‍കാപ്പി കുടിച്ചു. സാധാരണ വന്നാലുടനെ കുളി പതിവുള്ളതാണ്‌. ഇന്നതു തോന്നിയില്ല. പത്രം ഒന്നോടിച്ചു നോക്കി. ടി.വി.യില്‍ ഭക്തിഗാനങ്ങള്‍. അല്‍പനേരം ന്യൂസ്‌ ചാനലുകളിലും ഒരോട്ടപ്രദക്ഷിണം നടത്തി. വാര്‍ത്തകളെക്കാള്‍ ചാനലുകളില്‍ നിറയുന്നതു വര്‍ത്തമാനങ്ങളെന്നു കണ്ട്‌ അതും വിട്ടു. കട്ടിലില്‍ പോയി അല്‍പനേരം വെറുതേ കിടന്നു.

ഉറക്കം പോകുകേം ചെയ്‌തു, ഒപ്പം നല്ല ക്ഷീണവും. അടുക്കളയിലൊന്നു കറങ്ങി. അപ്പം വേകുന്നു. ചൂടു പാറുന്ന അപ്പം ഒന്നൊന്നായി പാത്രത്തിലേക്കു വീഴുന്നു. മൂന്നെണ്ണം പഞ്ചസാര കൂട്ടിത്തിന്നു. അപ്പത്തിന്‌ ഉദ്ദേശിച്ചത്ര മയം ഇല്ല. പിന്നെ വിശക്കുമ്പോള്‍ ഇതിനൊക്കെ എവിടെ സ്ഥാനം? ഒരു സിനിമയും ഇല്ലാത്തപ്പോള്‍ നിലവാരമില്ലാത്ത പടവും സൂപ്പര്‍ഹിറ്റാകുമല്ലോ! മില്‍മയുടെ കവര്‍ പാല്‍ അച്ഛന്‍ കൊണ്ടു വന്നിരുന്നു. ചായയും കുടിച്ചു. തലേന്നത്തെ വിശപ്പു പിന്നെയും ബാക്കി നില്‍ക്കുന്നു. ഇറച്ചി കഷണങ്ങളാകുന്നതേയുള്ളൂ. ഇടക്കാലാശ്വാസം മാത്രം ഇപ്പോള്‍. കുടിശ്ശിഖ തീര്‍ക്കുന്നതു കറി വെന്തിട്ടാവാം എന്നു കരുതി.മുറ്റത്തിന്റെ ഓരത്ത്‌ ബെന്തി എന്നു വിളിക്കുന്ന പൂക്കള്‍ നിരനിരയായി വിരിഞ്ഞു നില്‍ക്കുന്നു. ഉയരത്തില്‍ കുടചൂടി നില്‍ക്കുന്ന ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഓരോ പ്രകാശദണ്ഡുകള്‍ മുറ്റത്തേക്കും ഏലച്ചെടികള്‍ക്കിടയിലേക്കും ചാഞ്ഞു വീണു.

ബ്രേക്‌ക്‍ഫാസ്റ്റു കൂടാതെ പന്ത്രണ്ടു മണിയോടെ രണ്ടാംബ്രേക്ക്‌ ഫാസ്റ്റും ആഘോഷമായിത്തന്നെ നടത്തി. ഉച്ചയ്‌ക്ക്‌ സുഖമായൊന്നു കിടന്നുറങ്ങി. ഒരു പകലുറക്കം തന്ന എല്ലാ കണ്‍ഫ്യൂഷനുകളുമായി നാലര കഴിഞ്ഞപ്പോള്‍ പതുക്കെ ഉണര്‍ന്നു. വിശന്നു, നന്നായിട്ട്‌. നേരം തെറ്റിയ ഒരൂണ്‌. ആകെ ഒരു പ്രസരിപ്പില്ലായ്‌മ. കട്ടപ്പനയ്‌ക്കു പോകണമായിരുന്നെന്നും എല്‍.ഐ.സി. പ്രീമിയം അടയ്‌ക്കണമായിരുന്നെന്നും അപ്പോഴാണ്‌ ഓര്‍ത്തത്‌. നാളെ ഞായറാഴ്‌ച - ഒന്നും നടക്കില്ല. എന്നാലും ഉറക്കത്തെ പഴിചാരാന്‍ തോന്നിയില്ല.

അപ്പോഴേക്കും 11/11/11 എന്ന അപൂര്‍വ്വ ദിനം ചരിത്രമായി മണിക്കൂറുകള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ലോകം മുഴുവന്‍ ഐശ്വര്യാ റായിയുടെ പ്രസവവാര്‍ത്ത കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു. പക്ഷേ ഞങ്ങളും ഇതുപോലെ ഒരു സദ്‌വാര്‍ത്തയ്‌ക്കായി കാത്തിരിക്കുകയാണ്‌. ഓരോ ദിവസം പോകുന്തോറും ആശങ്കയുയരുന്ന മനസ്സോടെ!!

(തുടരും)

3 comments:

darkblue said...

Pachilachaarthiya blog template valare adikam ishttapettu

Typist | എഴുത്തുകാരി said...

യാത്രയുടെ വിശേഷങ്ങളും പടങ്ങളുമെല്ലാം ഇഷ്ടായി.

എം.എസ്. രാജ്‌ | M S Raj said...

darkblue,
Typist | എഴുത്തുകാരി,

ഇരുവര്‍ക്കും നന്ദി..