നവംബര്‍ 11 ആം തീയതി വൈകിട്ട് അഞ്ചേമുക്കാലിനു ബാംഗ്ലൂര്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നു വണ്ടി കയറി. ആറേകാല്‍ കഴിഞ്ഞപ്പോള്‍ ഹൊസൂര്‍ ബസ്‌സ്റ്റാന്‍ഡിലെത്തി. നമ്മുടെ സ്ഥിരം വാഹനം മധുര ബസ് അവിടെയുണ്ട്. കയറി സ്വസ്ഥമായിരുന്നു. ഏഴിനു മുന്‍പേ വണ്ടി പുറപ്പെടുമ്പോള്‍ ഡിണ്ടിഗലെത്താന്‍ പുലര്‍ച്ചെ രണ്ടരയെങ്കിലും ആവുമെന്നു കണക്കുകൂട്ടി.
ബസില്‍ ടി.വി. ഇല്ല എന്നത് ഒരളവുവരെ സന്തോഷിപ്പിച്ചെങ്കിലും യാത്ര അല്‍പനേരം കഴിഞ്ഞപ്പോഴേക്കും വിരസമായി. ഒരിക്കലും ബോറടി ഇല്ലാത്ത യാത്രകള്‍ എന്ന സ്വന്തം വാചകം തിരിഞ്ഞു കൊത്തുകയാണോ എന്നു ഭയന്നു. നാലു വര്‍ഷം പ്രായമായ ഫോണിന്റെ ബാറ്ററി പണ്ടേ പോലെ അത്ര സ്ട്രോങ്ങല്ല. പോരാഞ്ഞ് ഇയര്‍ഫോണ്‍ ഒന്നേ കേള്‍ക്കൂ എന്നതിനാല്‍ കുറേനാള്‍ മുന്‍പ് അതുമുപേക്ഷിച്ചു. എട്ടുമണിക്കൂര്‍ വരെ ഒരു മടുപ്പുമില്ലാതെ ആശാന്‍ ഒരു കാലത്ത് തുടര്‍ച്ചയായി എനിക്കു വേണ്ടി പാടിയിട്ടുള്ളതാണ്. പ്രോസസ്സിങ്ങിന് ഇന്നും യുവത്വമാണെങ്കിലും ജരാനരകള്‍ അതിനെയും വല്ലാതെ പിടികൂടിയിരിക്കുന്നു.
ഈ മാസം തന്നെ ഒരു എം.പി.3 പ്ലേയര്‍ വാങ്ങണം. മനസ്സിലുള്ള വിഷ് ലിസ്റ്റില്‍ നിന്നും സാംസങ്ങ് ടച്ച് സ്ക്രീന്‍ ഫോണിനെ താഴോട്ടിറക്കിയിട്ട് അവിടെ സോണി വാക്‌മാനെ കുടിയിരുത്തി. ഒന്നൊന്നര മണിക്കൂര്‍ ഉറങ്ങി. ബാക്കി നേരമത്രയും മുന്നിലെ റോഡിലേക്ക് എത്തി നോക്കിക്കൊണ്ടിരുന്നു.
തൊപ്പൂരില്‍ ബസ് നിര്‍ത്തിയപ്പോള്‍ ബ്രെഡ് കഴിച്ചു. ഒപ്പം കരുതിയിരുന്ന ചിക്കന്‍ പഫ്‌സ് ഹൊസൂരില്‍ വെച്ചു തന്നെ അകത്താക്കിയിരുന്നു. ആവശ്യത്തിനു മാത്രം വെള്ളം മോന്തി. ഇടവേളയ്‌ക്കു ശേഷം പിന്നെയും യാത്ര. സേലം ബൈപാസ് കഴിയുന്നതു വരെ പിന്നെയും റോഡിലേക്കു തന്നെ നോക്കിയിരുന്നു. സൈഡു തരാത്ത ലോറിക്കാരന്മാരെയെല്ലാം ഞാന്‍ മനസ്സില്‍ ചീത്ത പറഞ്ഞു. കിട്ടുന്ന സൈഡിലൂടെ കുതിച്ചുകയറിപ്പായുന്ന ഇന്നൊവകളെയും സ്വിഫ്റ്റുകളെയും വല്ലപ്പോഴും മാത്രം കാണുന്ന മുന്തിയ എസ്.യു.വി.കളെയും അസൂയയോടെ നോക്കിയിരുന്നു. സേലം ബൈപാസ് കടന്ന് ഏറെ നീരമായി. എപ്പോഴോ അറിയാതെ ഒരുറക്കം വന്നെന്റെ കണ്ണുകളില്‍ നിഴല്‍ വീഴ്‌ത്തി. തലയ്‌ക്കു മുകളില്‍ കത്തി നില്‍ക്കുന്ന ബസ്സിലെ ഏക സി.എഫ്.എല്‍. ലൈറ്റിനെ വെല്ലുവിളിച്ചു ഞാനുറങ്ങി.
ഇടയ്‌ക്കുണര്‍ന്നോ എന്നു പോലും ഓര്‍മ്മയില്ല. ഒരു ബഹളത്തില്‍ ഞാനുണര്‍ന്നു. ഡിണ്ടിഗല്‍ ബസ്‌സ്റ്റാന്‍ഡിലാണു വണ്ടി ഇപ്പോള്‍. ബാഗുമെടുത്ത് ഞാനുമിറങ്ങി. സമയം പുലര്‍ച്ചെ 1:40. കമ്പത്തിനുള്ള ഒരു എസ്.ഇ.ടി.സി. പോകാന്‍ തയ്യാറായി കിടക്കുന്നു. പോകരുത് എന്നു ഡ്രൈവറോട് ആംഗ്യം കാണിച്ച് ബസ്സിനു നേര്‍ക്കു നീങ്ങി. മൂട്ടയുണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ ഒരു സീറ്റിലിരുന്നു. ചെന്നൈയില്‍ നിന്നുള്ള ബസാണ്. ടിക്കറ്റെടുത്തു - 65 രൂപ. അല്‍പം കൂടിയോ എന്നൊരു സംശയം. ഇടയ്‌ക്കെല്ലാം അര്‍ദ്ധബോധത്തിലുണര്‍ന്ന ഒരുറക്കം കൂടി. തേനി എത്തിയപ്പോഴേക്കും തണുപ്പു തോന്നി. ബാഗില്‍ നിന്നും ജാക്കറ്റെടുത്തു ധരിച്ചു. ആ ഉറക്കത്തിനവസാനം കമ്പത്ത് ഇറങ്ങുമ്പോള്‍ സമയം നാലേകാല്‍.
എന്റെ ഒപ്പം ബസിറങ്ങിയവരില്‍ കാഞ്ഞിരപ്പള്ളിക്കുപോകേണ്ട ഒരു അച്ചായനും ഉണ്ടായിരുന്നു. ഇനി കുമളിക്കെപ്പോളാ ബസെന്ന് അയാള്‍ അവിടെ നിന്നവരോടു ചോദിച്ചു. 'എവിടെപ്പോകാനാ?' എന്നു കേട്ടയാളുടെ മറുചോദ്യം. 'കാഞ്ഞിരപ്പള്ളി' എന്നു അച്ചായന്‍(അങ്ങനെയാണു ഞാനും അതറിഞ്ഞത്). 'ചങ്ങനാശേരിക്കുള്ള ബസ്സൊരെണ്ണം ഇപ്പോ പോയതേയുള്ളൂ' എന്നയാള്‍. കുമളി വണ്ടി ഇപ്പോ വരും എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. കമ്പംമെട്ട് വഴി ആദ്യ ബസ് ആറുമണിക്കായതു കൊണ്ട് ഞാനും കുമളി ബസിനു കാത്തു. വണ്ടി വന്നു. തണുപ്പൊഴിവാക്കന്‍ ആദ്യനിര സീറ്റിലിരുന്നു. 23 കി.മീ. നീളുന്ന ആ യാത്രയ്‌ക്ക് ടി.എന്‍.എസ്.ടി.സി. വാങ്ങിയത് 8 രൂപ.
കൃത്യം 4.55 നു കുമളിയിലെത്തി. ചെക്ക് പോസ്റ്റിനിപ്പുറം നിന്ന് രാവിലത്തെ ടെന്‍ഷനെല്ലാം ഒന്നൊഴുക്കി വിട്ടിട്ട് സ്റ്റാന്‍ഡിലേക്കു നടന്നു. കോട്ടയത്തിനുള്ള ഒരു ആനവണ്ടി സ്റ്റാന്‍ഡില്‍ നിന്നിറങ്ങുന്നു. അനവധി കടകള്‍ സജീവം. ഒരു സ്ട്രോങ്ങ് ചായക്ക് ഓര്‍ഡര്‍ കൊടുത്തപ്പോള്‍ ബാങ്കുവിളി മുഴങ്ങി. കനത്ത മഞ്ഞും കുളിരും. ചെവി മൂടുന്ന ഒരു തൊപ്പിയുണ്ടായിരുന്നെകില്‍ ജോറായേനെ. മേശമേല്‍ നിരത്തി വെച്ചിരിക്കുന്ന ലോട്ടറികള്‍. ശനിയാഴ്‌ച നറുക്കെടുക്കുന്ന 50 രൂ. വിലയുള്ള ഒന്നില്‍ എന്റെ കണ്ണുടക്കി. എങ്ങാനും ലോട്ടറി അടിച്ചില്ലെങ്കിലോ എന്നു ഭയന്ന് ഉള്ളം കയ്യില്‍ ചൂടു പകര്‍ന്ന് ചായ കുടിച്ചു തീര്‍ത്ത് കാശും കൊടുത്തു സ്റ്റാന്‍ഡിനുള്ളിലേക്കു കയറി. കട്ടപ്പന ബോര്‍ഡുവെച്ച മൂന്നു ബസുകള്‍ മൂലയ്‌ക്കു കിടക്കുന്നു.
ആദ്യം പോകുന്ന 'കളിത്തോഴ'നു കയറി. അഞ്ചേകാലിനു ബസ് പുറപ്പെട്ടു. ഇരുപത്താറു രൂപ കട്ടപ്പനയ്‌ക്കു ചാര്‍ജ്ജ്. ജാക്കറ്റിനുള്ളിലേക്കു നൂണ്ടിറങ്ങി സീറ്റില്‍ ചുരുണ്ടു കൂടിയിരുന്നു ഞാനുറങ്ങി. മൂന്നു പേര്‍ക്കിരിക്കാവുന്ന സീറ്റ് പൂര്‍ണ്ണമായും എന്റേതാക്കിക്കൊണ്ട്. ആറേകാല്‍ കഴിഞ്ഞപ്പോള്‍ കട്ടപ്പന സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി. തണുപ്പും മഞ്ഞും ഒട്ടും കുറയാതെ ഇവിടെയും.
അല്‍പം കാത്തു നിന്ന് ഒരോട്ടോ വിളിച്ച് കൊച്ചുതോവാളയിലിറങ്ങി. താഴ്‌വരയാകെ കോടമഞ്ഞ്.
ഇന്നു ഞാന്‍ വളരെ നേരത്തെ വന്നു!! പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂര്‍ നേരത്തെ. ബസ്സു കൂലി 236 രൂപ, ഓട്ടോക്കൂലി 40 ഉം. പിന്നെയാണു 35 ആണു നിരക്കെന്നറിഞ്ഞത്. സ്വാഗതം രാജേ! സ്കൂളിന്റെ മുന്നിലേക്കു നീണ്ടു കിടക്കുന്ന വഴിയില്‍ ഉറക്കം നടിച്ചു കിടന്ന മഞ്ഞു പറഞ്ഞു. ആ മഞ്ഞിലേക്ക് ഇലക്ട്രിക് ലൈനുകള്‍ അലിഞ്ഞു നിന്നു.
സ്കൂളിന്റെ മുന്നിലേക്കു നീണ്ടു കിടക്കുന്ന വഴി
കയ്‌പന്‍ പൂക്കള്‍
ഓരത്ത് കയ്‌പന്‍ പൂക്കള്‍ ഹിമകണം ചൂടി കുളിര്‍ന്നു നിന്നു.
(ഒരെപ്പിസോഡ് കൂടി ഉണ്ട്)
ഒരുപാടു വിവരിച്ച എന്റെ കട്ടപ്പനയാത്രകളുടെ പട്ടികയിലേക്ക് ഒന്നു കൂടി.
ReplyDeletehmmm... Orupadu kettathondaavaam oru puthuma thonniyila..Pakshe pics ullathond oru cinema feel kitti...Kurachu koodi pics aadd cheythu ee reethiyil thudaraan sramikkoo
ReplyDeleteകൊള്ളാം മാഷേ..
ReplyDeleteNayam, നന്ദി. പടം ഇനിയും വരാനുണ്ട്. പോസ്റ്റ് ചെയ്യാനുള്ള സാവകാശം കിട്ടിയില്ല.
ReplyDeleteKodampuli, നന്ദി